Featured Post

Saturday, July 30, 2022

ഉണർവിലേക്കുള്ള പടവുകൾ - 29




ഒരു നിമിഷത്തെ ധ്യാനം

നമ്മുടെ ശരീരത്തിന്റെ അതിരുകൾ നമ്മുടെ വസ്ത്രങ്ങൾ നിശ്ചയിക്കുന്നതല്ല. അതിനുമപ്പുറത്തേക്ക് അദൃശ്യമായ രീതിയിൽ നമ്മുടെ ശരീരം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ മറ്റൊരു വ്യക്തിയോട് ചേർന്ന് നില്‌ക്കേണ്ടി വരുമ്പോഴും മിക്കപ്പോഴും ചില അകലങ്ങൾ നാം പാലിച്ചുപോരുന്നത്. ഒരു പരിധി കഴിഞ്ഞാൽ മറ്റെയാൾ നമ്മുടെ ശരീരപരിധി ലംഘിച്ചുവെന്ന് നമുക്ക് തോന്നാറുണ്ട് (ന്യൂറോളജിക്കാർ ഇത്തരം അകലങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്). അതുകൊണ്ടാണ് ശരീരം കൊണ്ട് പരസ്പരം തൊട്ടുരുമ്മി നില്ക്കുകയല്ലേലും രണ്ടു വ്യക്തികൾ തമ്മിൽ വല്ലാത്ത അടുപ്പം സംഭവിക്കുന്നത്. പ്രത്യക്ഷത്തിൽ ഒരു കാരണമില്ലാഞ്ഞിട്ടും മറ്റൊരു വ്യക്തിയോട് അകൽച്ച തോന്നുന്നതും അവ്വിധം തന്നെ. നേരിട്ട് കാണാതെത്തന്നെ എത്രയോ ദൂരെയിരിക്കുന്ന വ്യക്തിയോട് പോലും വൈകാരികമായ വിനിമയങ്ങൾ നമ്മിൽ സംഭവിക്കാറുണ്ട്; ഒരുപക്ഷേ, തൊട്ടടുത്ത് ഇരിക്കുന്ന വ്യക്തിയേക്കാളും അടുപ്പം. സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാവുന്നത്, തൊട്ടുനോക്കാവുന്ന ഈ ശരീരം കൊണ്ട് ചെയ്യുന്ന ഓട്ടം ചാട്ടം സ്പർശനം തുടങ്ങിയ ഏതു പ്രവൃത്തികളേക്കാളും പ്രാധാന്യമർഹിക്കുന്ന പ്രവൃത്തികളെല്ലാം സാധ്യമാവുന്നത് നമ്മുടെ അദൃശ്യ ശരീരം കൊണ്ടാണ്. നമ്മുടെ ചിന്തകൾ, വികാരങ്ങൾ, കണക്കുകൂട്ടലുകൾ, ഭാവനകൾ എന്നിങ്ങനെ. നാം പക്ഷേ ഈ അദൃശ്യ ശരീരത്തെ ശരീരമെന്നറിയാറില്ലന്നേയുള്ളൂ. അദൃശ്യമായ ശാരീരിക പ്രവൃത്തികളെയെല്ലാം കൂടി പൊതുവേ നാം മനസ്സെന്ന പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. 

അതെന്തുമാകട്ടെ, 'നാം' പക്ഷേ ദൃശ്യമായ ഈ ശരീരത്തിലും ദൃശ്യമല്ലാത്ത മനസ്സിലും കൂടിക്കലർന്ന് വിശേഷിച്ചൊരു ആകൃതിയുമില്ലാത്തതുപോലെയാണ് സ്ഥിതി ചെയ്യുന്നത്. ഏതുനിമിഷവും രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഘത്തെപ്പോലെയോ, അനങ്ങിക്കൊണ്ടിരിക്കുന്ന ചേമ്പിലയിലെ ജലശേഖരത്തെപ്പോലെയോ നാം എന്ന 'ഉണ്മ' (entity) അതിന്റെ രൂപഭാവങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു. ജീവിതവൃത്തികൾക്കനുസരിച്ച്, വീണുടഞ്ഞുപോകാവുന്ന 'നാം' എന്ന ജലകണത്തെ എങ്ങനെയൊക്കെയോ കാത്തുപോരികയാണ് നാം. ആ ജലപാളിയുടെ അരികുകൾ തുള്ളിത്തുളുമ്പി നില്ക്കുകയാണ് മിക്കപ്പോഴും. ഒഴുകിക്കൊണ്ടിരിക്കുന്ന ആ മേഘത്തിന്റെ അരികുകൾ എല്ലായ്‌പ്പോഴും മാഞ്ഞുമറിയുന്നു. നമ്മുടെ ആവശ്യങ്ങളും വെല്ലുവിളികളും അത്രക്കും വൈവിധ്യം നിറഞ്ഞതും വിരുദ്ധങ്ങളുമാണ്. 



ഒരേസമയം ഒരുപാട് തലത്തിലുള്ള ആവശ്യങ്ങൾ. ജോലിയുടെ ഉത്തരവാദിത്തങ്ങൾ, ബന്ധങ്ങളിൽ പാലിക്കേണ്ടിവരുന്ന ജാഗ്രതകളും ഊഷ്മളതകളും, സാമ്പത്തികമായ വെല്ലുവിളികൾ, ആരോഗ്യപ്രശ്നങ്ങൾ, സർഗ്ഗാത്മകമായ നമ്മുടെ താല്പര്യങ്ങളും അവയിൽ വ്യാപാരിക്കാനാവാതെ വരുമ്പോഴുണ്ടാകുന്ന മുറുമുറുപ്പുകളും, ശാരീരികമായ തൃഷ്ണകളും അലോസരങ്ങളും അവശതകളും ഒരു വശത്ത്, അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുര്യോഗങ്ങൾ....എന്നിങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങളുടെ മങ്ങിയ നിഴലുകളെങ്കിലും ഒരേ നിമിഷം നാം ഓരോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. എന്നുവച്ചാൽ 'നാം' എന്ന സ്വത്വത്തെ  ഇണക്കിനിർത്താൻ സദാ ജാഗ്രപ്പെടുന്നുണ്ട് നാം. 'ജീവിച്ചുപോകാൻ വലിയ ബുദ്ധിമുട്ടാണ്' എന്ന് തമാശ രൂപേണ പറയുമ്പോൾ പോലും, നാം ഓർക്കുന്നത് ഈ ജാഗ്രതയെയാണ്. ഏതുനിമിഷവും തെന്നിപ്പോകാവുന്ന 'നാം'-ന്റെ അതിരുകൾ പരിപരിപാലിക്കുന്നതിൽ നാം ക്ഷീണിച്ചുപോകുന്നുണ്ടോ? അതിൽ ഇടക്കെങ്കിലും പരാജയപ്പെടുന്നുണ്ടോ? (പരിപാലനത്തിന്റെ പേരും പറഞ്ഞ്, അനാവശ്യമായേടത്തെല്ലാം അതിനെ പിടിച്ചുവെക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നമാവുന്നത്). മിക്കവരുടേയും ഉത്തരം 'ഉവ്വ്' എന്നാവാനാണ് സാധ്യത. 

അങ്ങനെയുമിങ്ങനെയും ഉഴപ്പിക്കിടക്കുന്ന നമ്മെ സ്വയം ഒന്ന് സ്വരൂപിച്ചെടുക്കുക, ഒന്ന് സമാഹരിച്ചെടുക്കുക എന്നത് മനുഷ്യൻ എക്കാലത്തും നടത്തിപ്പോന്നിട്ടുള്ള ശ്രമമാണ്. ആത്മീയത എന്ന പേരിൽ അറിയപ്പെടുന്ന വിശാലമായ ഒരു അന്വേഷണ ലോകം ഈ ശ്രമത്തിന്റെ ഭാഗമായി വ്യാപരിച്ചുവന്നിട്ടുള്ളതാണ്. അതിന്റെ ഫലമായി നാനാ തരത്തിലുള്ള സങ്കേതങ്ങളും പലപ്പോഴായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സങ്കേതങ്ങളുടെയെല്ലാം കാതലായിരിക്കുന്ന ഉൾക്കാഴ്ച, 'നാം’ എന്ന സ്വത്വത്തെ (entity), ഒരു നിമിഷത്തേക്കെങ്കിലും വെറുതെവിട്ടാൽ അത് സ്വയം സ്വരൂപിക്കപ്പെടും (integration) എന്നുള്ളതാണ്. ആ 'ഒരു നിമിഷ'ത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് മണിക്കൂറുകളോ ദിവസങ്ങളോ വർഷങ്ങളോ നീണ്ടുനില്ക്കുന്ന ആത്മീയ ചര്യകൾ. (അതിന്റെ ഫലസിദ്ധിയോ ആ സമീപനത്തിലെ ശരിതെറ്റുകളോ വ്യത്യസ്തമായ ഒരു വിഷയമാണ്. അതല്ല ഇവിടെ പരിശോധിക്കപ്പെടുന്നത്).

എന്നാൽ, രസകരമായ ഒരു വസ്തുത, യാതൊരു തയ്യാറെടുപ്പുകളും കൂടാതെത്തന്നെ ആ ഒരു നിമിഷത്തെ നമുക്ക് ഇപ്പോൾത്തന്നെ സ്വായത്തമാക്കാൻ പറ്റുമെന്നതാണ്. ഇതൊരു പുതിയ വെളിപാടൊന്നുമല്ല. നാം മിക്കവരും ഇടക്കൊക്കെ കടന്നുപോകുന്നതാണ് ഇത്തരം നിമിഷങ്ങളിലൂടെ. അതേപ്പറ്റി പക്ഷേ ഓർക്കാറില്ലെന്നുമാത്രം.


ഉദാഹരണത്തിന്, രാവിലെ അഞ്ചുമണിക്ക് അലാറം സെറ്റ് ചെയ്തിട്ടാണ് നാം ഉറങ്ങാൻ കിടന്നതെന്നു വെക്കുക. ഒരുപാട് ടെൻഷനുകളെ ഒരു വിധം മെരുക്കിയിട്ടാണ് കിടന്നതു തന്നെ. മാത്രവുമല്ല നാളത്തെ പ്രശ്നങ്ങളെപ്പറ്റി ചില ആശങ്കകളുമുണ്ട്. അതുകൊണ്ടുതന്നെ, അലാറം ശബ്‌ദിക്കുന്നതിനു തൊട്ടു മുൻപേ നാം കണ്ണ് തുറന്നു. സമയം നോക്കിയപ്പോൾ എണീക്കാൻ ഇനിയും മൂന്നു നാല് മിനിറ്റുകളുണ്ട്. മിക്കപ്പോഴും നാം പുതപ്പ് ഒന്നുകൂടെ വലിച്ചിട്ട് ഒരിത്തിരി കൂടി ഉറങ്ങാൻ നോക്കുകയാണ് പതിവ്. പിന്നെ അലാറം ശബ്ധിക്കും. കണ്ണ് തുറക്കാതെത്തന്നെ അത് ഓഫ് ചെയ്യും. പിന്നെ കുറേ കഴിഞ്ഞു നോക്കുമ്പോൾ പതിനഞ്ചു മിനിട്ടു കഴിഞ്ഞിരിക്കുന്നു! നേരം വൈകി. ബാക്കിയുള്ള കാര്യങ്ങളിലേക്കെല്ലാം തിരക്ക് വ്യാപിക്കുകയായി. 


അതിനു പകരം ഇങ്ങനെ ശ്രമിച്ചു നോക്കുക: അലാറം ശബ്‌ദിക്കുന്നതുവരെ തീർത്തും നിശ്ചലമായി കിടക്കുക. പൂർണ്ണമായ ഉണർവോടെ. പുതപ്പു നേരെയാക്കാനോ, നീണ്ടു നിവർന്നു കിടക്കാനോ ശ്രമിക്കേണ്ടതില്ല. പൊടുന്നനെ സർവ്വസ്വതന്ത്രനായതുപോലെ. പൊടുന്നനെ ഇതുവരേക്കുമുള്ള നമ്മുടെ ബാഹ്യലോകത്തെ ഛേദിച്ചുകളഞ്ഞതുപോലെ. ഏറിയാൽ നമ്മുടെ ശ്വാസത്തെ അറിഞ്ഞെങ്കിലായി. അല്ലെങ്കിൽ കാലിൽ ഒരു കൊതുക് വന്നിരുന്ന് കുത്തിയത് അറിയുന്നു. കുറച്ചു സെക്കന്റുകൾക്കു ശേഷം ഒരു പക്ഷേ നമ്മുടെത്തന്നെ മനസ്സ് അതിന്റെ പതിവ് വേലത്തരങ്ങൾ കൊണ്ടുവരുന്നത് അറിയുന്നു; അക്ഷമയും ആശങ്കയും മറ്റും. നാം പക്ഷേ പ്രതികരിക്കുന്നില്ല. അയയിൽ നിന്നും ഊർന്നുവീണ ഒരു തുണിക്കഷ്ണം പോലെ നമ്മുടെ ദേഹം അതാ കിടക്കയിൽ ചുരുണ്ടികൂടി കിടക്കുന്നത് നാം തന്നെ കാണുന്നു. അത്ര തന്നെ. വിചാരങ്ങളില്ല. പ്രാർത്ഥനയില്ല. ആശങ്കയില്ല. പിറുപിറുപ്പുകളില്ല. ആ മൂന്ന് മിനിറ്റുകൾക്ക് ദൈർഘ്യമേറെയുണ്ടാവും. ആ മൂന്നുമിനിറ്റുകൾക്ക് അസാധാരണമായ ഉണർവ്വുണ്ടാകും. ആ മൂന്ന് മിനിറ്റുകൾ നമ്മെ പുനഃപ്രതിഷ്ഠിക്കും; നമ്മുടെ സ്വതഃസിദ്ധമായ പ്രസന്നതയിലേക്ക്. പതിവുപോലെ അലാറം അടിക്കുന്നു. സ്നേഹത്തോടെ, പുതുമകളോടെ നാം ഉണരുന്നു. നമ്മുടെ കാര്യങ്ങളിലേക്ക് കടക്കുന്നു.


ലാപ്ടോപ്പിൽ നാം ഇടയ്ക്കു refresh ബട്ടൺ അമർത്തുന്നതുപോലെയാണിത്. സ്വയം ഒന്ന് റിഫ്രഷ് ആവുക. ചായ കുടിച്ചോ, സിഗരറ്റു വലിച്ചോ ശ്രദ്ധമാറ്റുന്നതുപോലെയല്ല ഇത്. പരിപൂർണ്ണമായ ശ്രദ്ധയെ തിരിച്ചുകൊണ്ടുവന്ന് പൂർണ്ണമായി പരിഷ്‌ക്കരിക്കപ്പെടുന്നതാണ് ഇത്; ഒന്ന് തളിരിട്ടതുപോലെ. ദിവസത്തിലെ ധാരാളം സന്ദർഭങ്ങളിൽ ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്. തിരക്കിട്ട ഓഫീസ് ജോലികൾക്കിടയിൽ ഒരു നിമിഷം കണ്ടെത്തുക. ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോൾ പൊടുന്നനെ ഒരു നിമിഷം കണ്ടെത്തുക. ഷോപ്പിംഗ് മാളിലെ തിരക്കിൽ അമർന്നുപോകുന്നതിനിടയിൽ പൊടുന്നനെ ഒരു നിമിഷം തനിക്കുവേണ്ടി മാറിനിൽക്കുക. അടുക്കളയിൽ, സോഷ്യൽ മീഡിയകളിൽ വ്യാപാരിക്കുന്നതിനിടയിൽ... എന്നിങ്ങനെ ധാരാളം അവസരങ്ങളുണ്ട് തന്നെത്തന്നെ പരിചരിക്കുന്നതിനായി.



ഇത്തരം നിമിഷങ്ങൾ എങ്ങനെ ധ്യാനത്തിന്റേതായി മാറ്റാം എന്നതിനെപ്പറ്റി, അതിന്റെ പ്രായോഗിക വശങ്ങളെപ്പറ്റി മാർട്ടിൻ ബൊറോസൺ (Martin Boroson) എന്നൊരാൾ ഒരു കാർട്ടൂൺ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട് - One-Moment Meditation എന്നപേരിൽ. നിർദ്ദേശങ്ങളോടൊപ്പം ഒരുനിമിഷത്തേക്കുവേണ്ടിയുള്ള ടൈം സെറ്റിങ്ങുമുണ്ട് അതിൽ. താല്പര്യമുള്ളവർക്ക് പ്രയോഗിച്ചുനോക്കാൻ ഏറെ എളുപ്പമായിരിക്കും.

click for one - moment meditation


ഒരൊറ്റ നിമിഷത്തെ ധ്യാനം.

ധ്യാനത്തെ നാം ഒരുപാടു നിമിഷങ്ങളിലേക്കു പടർത്തുകയല്ല.

അതിനു സാധ്യവുമല്ല.

ധ്യാനത്തിന്റെ ആ ഒറ്റ നിമിഷം വിടർന്നു പരിലസിക്കുക മാത്രമാണ്,

നാം എന്ന അദൃശ്യമേഘത്തിലേക്ക്. 



                                         




























Sunday, July 3, 2022

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 4

                                               click for english google translation



ജീവിതത്തിലെ മൂല്യവത്തായിട്ടുള്ള സകലതും - സത്യം, സ്നേഹം, ആനന്ദം, സൗന്ദര്യം എന്നിങ്ങനെ - അനിർവ്വചനീയതയുടെ (inexplicability) ഓരോരോ ഇതളുകളാണ്. ഓരോ ഇതളിനെ തൊടുമ്പോഴും അറിയുമ്പോഴും തോന്നിപ്പോവുക, ആ ഇതൾതന്നെയാണ് മുഴുവൻ പുഷ്പവുമെന്നാണ്. അതുകൊണ്ടാണ് പലപ്പോഴും നമുക്ക് പറയേണ്ടി വരുന്നത് സത്യമെന്നത് ജീവിതം തന്നെയാണ്, ജീവിതം സ്നേഹമാകുന്നു, ജീവിതത്തിന്റെ മറ്റൊരു പേരാണ് ആനന്ദം, ജീവിതമെന്നത് സൗന്ദര്യാനുഭൂതിയുടെ അപാരതയാണ് എന്നൊക്കെ. 

ജീവിതമെന്ന പുഷ്പത്തിന്റെ ഒരുപക്ഷേ ഏറ്റവും സമഗ്രമായ ഇതളാണ് trust എന്നത്. 'trust' ന് തുല്യമായ ഒരു മലയാള പദം കണ്ടെത്താനാവാത്തതിൽ ക്ഷമിക്കുക. വിശ്വാസ്യത, വിശ്വസ്തത എന്നെല്ലാം മാറ്റിയും മറിച്ചും ഉപയോഗിച്ചുപോരാറുണ്ടെങ്കിലും വ്യക്തിപരമായി തൃപ്തി വരാത്തതിനാൽ, 'trust' എന്ന് തന്നെ പ്രയോഗിക്കുകയാണ്. കുറച്ചെങ്കിലും അർത്ഥവത്തായ പരിഭാഷയെന്നു തോന്നിയിട്ടുള്ളത് 'ശ്രദ്ധ' എന്ന ഹിന്ദി വാക്കാണ്. മലയാളത്തിൽ ഒരല്പം വ്യത്യസ്ത അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിച്ചു പോരുന്നതെങ്കിലും അടിത്തട്ടിൽ അർത്ഥസാക്ഷാത്ക്കാരം സംഭവിക്കുന്നുണ്ടെന്നു പറയാം. 

അവബോധം (awareness) തന്നെയാണ് trust. trust ഉണ്ടായിരിക്കുമ്പോൾ അവബോധമില്ലാതിരിക്കുന്നതെങ്ങനെ? 'awareness' അതിന്റെ ശൃംഗത്തെ പ്രാപിക്കുമ്പോൾ 'let-go' സംഭവിക്കാതിരിക്കുന്നതെങ്ങനെ? 'awareness' ഉം 'let-go' യും ഒരു ജീവിതാനുഭവത്തെ, ദൈനം ദിന ജീവിതത്തിലെ ഏറ്റവും നിസ്സാരമായ അനുഭവത്തെത്തന്നെ, ചൂഴ്ന്നു നില്ക്കുമ്പോൾ, ഒരു പുഷ്പത്തിൽ നിന്നുയരുന്ന സൗരഭ്യമെന്നോണം സംഭവിക്കുന്നതാണ് 'സാക്ഷിയാവൽ’ - witnessing. ഫലത്തിൽ, trust തന്നെയാണ് സാക്ഷിയാവൽ എന്നു പറയേണ്ടി വരും, അറിയേണ്ടി വരും.

ഇവിടെ, സ്വാത്മികം എന്ന പദത്തെ 'trust' ലേക്ക് ആനയിക്കുകയാണ്; നന്ദിപൂർവ്വം. സ്വാത്മികം സത്യമാണ്, സ്വാത്മികം അറിവാണ്, ആനന്ദമാണ്. സ്വാത്മികം സ്നേഹമാണ്, സൗന്ദര്യമാണ്. സ്വാത്മികം ശ്രദ്ധയാണ് - trust.

തീർത്തും അപ്രതീക്ഷിതമായി ശ്രദ്ധയുടെ മറ്റൊരു ഇതൾ വിടർന്നതുകൊണ്ടാണ്, 'എന്നെ സ്നേഹിച്ച പുസ്തകങ്ങളിൽ' മോജുദ് കടന്നുവന്നത്, വരി തെറ്റിച്ചുകൊണ്ടെന്നോണം. പക്ഷേ, ഒരിതൾ പോലും ഒരിക്കലും അസ്ഥാനത്താവുന്നില്ലല്ലോ. അതൊരിക്കലും സമയം തെറ്റിച്ചുകൊണ്ട് മിഴിതുറക്കുന്നില്ല. അങ്ങനെ തോന്നിപ്പോകുന്നെങ്കിൽ...വെറും ശീലമാണത്. കാലങ്ങളായി നാം ശീലിച്ചെടുത്ത ധൃതിയും അക്ഷമയും കൊണ്ട് മാത്രം തോന്നിപ്പോകുന്നത്.

'വിവരണാതീത ജീവിതവുമായി ഒരു മനുഷ്യൻ' എന്ന പേരിൽ ഓഷോ പങ്കുവെച്ച ഒരു സൂഫി കഥ (WISDOM OF SANDS); ഒരിക്കലും മറക്കാനാവാത്തത്. സ്വാമി ആനന്ദ് ഉത്സവ് (മുംബൈ) ആയിരുന്നു ഈ കഥ ഒരു സ്‌പെഷ്യൽ പതിപ്പായി ഇറങ്ങിയിട്ടുള്ള വിവരം ധരിപ്പിച്ചത്. വൈകാതെത്തന്നെ അത് കൈവശം വന്നു ചേരുകയും ചെയ്തു. വർഷങ്ങൾ കുറേയായിട്ടും ആ പഴയ പുസ്തകം ഇന്നും പുതുമ മങ്ങാതെ മന്ദഹസിച്ചുകൊണ്ടിരിക്കുന്നു.


                                     *                          *                            *

ഒരിക്കൽ ഒരിടത്ത് മോജുദ്‌ എന്ന് പേരായ ഒരാളുണ്ടായിരുന്നു. പട്ടണത്തിലെ ഒരു കാര്യാലയത്തിൽ ചെറിയ ഒരു ജോലിയുമായി അയാൾ ജീവിച്ചുപോന്നു. അളവുതൂക്കങ്ങളുടെ പരിശോധകനായാണ് അയാൾ മിക്ക ദിവസവും തന്റെ ജോലി അവസാനിപ്പിച്ചിരുന്നത്. ഒരു ദിവസം തന്റെ വീടിനടുത്തുള്ള തോട്ടത്തിലൂടെ നടന്നുകൊണ്ടിരിക്കെ, മിന്നിത്തിളങ്ങുന്ന പച്ചപ്പട്ടു വസ്ത്രത്തിൽ സൂഫികളുടെ ദിവ്യപ്രവാചകനായ ഖിദ്ർ അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഖിദ്ർ പറഞ്ഞു, "അനുഗൃഹീതനായവനേ, നീ നിന്റെ ജോലി ഉപേക്ഷിക്കുക. മൂന്നു ദിവസത്തിനുള്ളിൽ നദീ തീരത്ത്‌ വന്ന് എന്നെ കാണുക." എന്നിട്ട് ഖിദ്ർ അപ്രത്യക്ഷനായി.

മോജുദ് ശങ്കിച്ചു വിറച്ചുകൊണ്ട് തന്റെ മേലുദ്യോഗസ്ഥനെ ചെന്നു കണ്ട് താൻ ജോലി ഉപേക്ഷിക്കുകയാണെന്നു പറഞ്ഞു. പട്ടണത്തിലെ എല്ലാവരും ഇതേപ്പറ്റി കേൾക്കുകയും 'പാവം മോജുദ്! അവനു വട്ടായി!' എന്ന് പരിതപിക്കുകയും ചെയ്തു. എന്നാൽ, അവന്റെ ജോലിക്കുവേണ്ടി മറ്റു ധാരാളം പേർ കാത്തു നിന്നിരുന്നതിനാൽ, വൈകാതെത്തന്നെ അവർ അയാളെ മറന്നുകളഞ്ഞു.

പറഞ്ഞ ദിവസം തന്നെ മോജുദ് ഖിദ്‌റിനെ നദീ തീരത്ത് പോയി കണ്ടു. ഖിദ്ർ അയാളോട് പറഞ്ഞു," നീ നിന്റെ വസ്ത്രങ്ങൾ പറിച്ചുകളഞ്ഞ് നദിയിലേക്കു ചാടുക. ആരെങ്കിലും നിന്നെ രക്ഷിച്ചേക്കാം." തനിക്കു ഭ്രാന്താണോ എന്ന് സംശയം തോന്നിയെങ്കിലും മോജുദ് ആജ്ഞ പോലെ പ്രവർത്തിച്ചു.

നീന്താൻ അറിയാമായിരുന്നതുകൊണ്ട് അയാൾ മുങ്ങിപ്പോയില്ല. എന്നാൽ ഒരുപാട് ദൂരം അയാൾ ഒരു പൊങ്ങുതടിപോലെ ഒഴുകിപ്പോയി. അതിനിടയിൽ ഒരു മുക്കുവൻ അയാളെ തന്റെ വഞ്ചിയിലേക്കു വലിച്ചുകയറ്റി. മുക്കുവൻ പറഞ്ഞു,"വിഡ്ഡീ! ഒഴുക്ക് അതിശക്തമാണ്. ഇതിനിടയിൽ നീയിവിടെ എന്തെടുക്കുവാണ്?"

മോജുദ് പറഞ്ഞു, "സത്യത്തിൽ എനിക്കറിയില്ല."

"നിങ്ങൾക്ക് വട്ടാണ്", മുക്കുവൻ പറഞ്ഞു," എന്നാലും ഞാൻ നിങ്ങളെ നദിക്കക്കരെയുള്ള എന്റെ പുല്ലുമേഞ്ഞ കുടിലിലേക്ക് കൊണ്ടുപോകാം. നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്കാം."

മോജുദ് വിദ്യാഭ്യാസമുള്ളവനാണെന്നു കണ്ടെത്തിയപ്പോൾ മുക്കുവൻ അയാളിൽ നിന്നും എഴുത്തും വായനയും അഭ്യസിച്ചു. പകരമായി അയാൾ മോജുദിന് ഭക്ഷണം നല്കി. മോജുദാകട്ടെ മുക്കുവനെ അയാളുടെ പണികളിൽ സഹായിക്കുകയും ചെയ്തു.

കുറച്ചു മാസങ്ങൾക്കു ശേഷം, ഖിദ്ർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ പ്രത്യക്ഷപ്പെട്ടത് മോജുദിന്റെ മെത്തക്കരികിലാണ്. ഖിദ്ർ പറഞ്ഞു, "എഴുന്നേറ്റ് ഇപ്പോൾത്തന്നെ മുക്കുവനെ വിട്ടു പോവുക. അത് വെറുതെയാവില്ല."

മോജുദ് പെട്ടെന്നുതന്നെ എണീറ്റ് മുക്കവനെപ്പോലെ വേഷം ധരിച്ച്, നടന്നു നടന്ന് പ്രധാന വീഥിയിലെത്തി.

നേരം വെളുത്തുവരുംനേരം ഒരു കൃഷിക്കാരൻ തന്റെ കഴുതപ്പുറത്ത് ചന്തയിലേക്കു പോകുന്നത് കണ്ടു.

"നിങ്ങൾ പണി അന്വേഷിക്കുകയാണോ?" കൃഷിക്കാരൻ ചോദിച്ചു," എന്തുകൊണ്ടെന്നാൽ, സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാനും മറ്റും എനിക്കൊരാളെ ആവശ്യമുണ്ടായിരുന്നു."

 

മോജുദ് അയാളെ പിന്തുടർന്നു. ഏകദേശം രണ്ടുവർഷത്തോളം അയാൾ കൃഷിക്കാരന് വേണ്ടി പണിയെടുത്തു. ഇക്കാലയളവിൽ അയാൾ കൃഷിയെപ്പറ്റിയല്ലാതെ മറ്റൊന്നിനെപ്പറ്റിയും പഠിച്ചില്ല.

ഒരു ദിവസം മോജുദ് പഞ്ഞി കടഞ്ഞുകൊണ്ടിരിക്കുമ്പോൾ ഖിദ്ർ പ്രത്യക്ഷപ്പെട്ടു. ഖിദ്ർ പറഞ്ഞു," ഈ ജോലിവിട്ട് മൊസൂൾ പട്ടണത്തിലേക്കു പോവുകയും സമ്പാദ്യം ഒരു തുകൽ കച്ചവടക്കാരാനാവാൻ ഉപയോഗിക്കുകയും ചെയ്യുക."


മോജുദ് അതനുസരിച്ചു. 


മൊസൂളിൽ മോജുദ് ഒരു തുകൽ കച്ചവടക്കാരനായി അറിയപ്പെട്ടു. അടുത്ത മൂന്നു വർഷത്തേക്ക് അയാൾ തന്റെ വ്യാപാരത്തെ അടിക്കടി മെച്ചപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ, ഖിദ്ർ ഒരിക്കലും പ്രത്യക്ഷപ്പെടുകയുണ്ടായില്ല.

അയാൾ ഒരുപാട് പണം സമ്പാദിച്ചുകൂട്ടിയിരുന്നു. ആ പണം കൊണ്ട് അയാൾ വലിയ ഒരു വീട് വാങ്ങണമെന്ന് ആഗ്രഹിച്ചു. ആ നിമിഷം അയാൾക്ക് മുന്നിൽ ഖിദ്ർ പ്രത്യക്ഷപ്പെട്ടു. ഖിദ്ർ പറഞ്ഞു, "നിങ്ങളുടെ പണം മുഴുവനും എനിക്ക് തരിക. ഈ പട്ടണം വിട്ട് അങ്ങ് ദൂരെ സമർഖണ്ഡിലേക്കു പോവുക. അവിടെ നിങ്ങൾ ഒരു പലചരക്കു വ്യാപാരിയോടൊപ്പം പണിയെടുക്കുക."

മോജുദ് അപ്രകാരം പ്രവർത്തിച്ചു. 

ഇപ്പോൾ അയാൾ യാതൊരു ശങ്കക്കും ഇട നല്കാത്ത വിധം അതീന്ദ്രിയമായ കഴിവുകൾ പ്രകാശിപ്പിക്കുവാൻ തുടങ്ങി. അയാൾ രോഗികളുടെ അസുഖം ഭേദമാക്കി. ഒഴിവു സമയങ്ങളിലെല്ലാം അയാൾ കടയിൽ തന്റെ കൂടെയുള്ളവരെ സഹായിച്ചു. അജ്ഞേയമായവയെപ്പറ്റിയുള്ള അയാളുടെ അറിവുകൾക്ക് ആഴമേറിവന്നു.


പുരോഹിതരും തത്വജ്ഞാനികളുമെല്ലാം അയാളെ സന്ദർശിച്ചുകൊണ്ടിരുന്നു. അവർ ചോദിച്ചു, "ആരിൽ നിന്നുമാണ് നിങ്ങൾ ഇതെല്ലാം പഠിച്ചെടുത്തത്?"

"അത് പറയാൻ ബുദ്ധിമുട്ടാണ്", മോജുദ് പറഞ്ഞു.

അയാളുടെ ശിഷ്യന്മാർ ചോദിച്ചു, "അങ്ങ് അങ്ങയുടെ ജോലി തുടങ്ങിയത് എങ്ങനെയാണ്?"

മോജുദ് പറഞ്ഞു, "ഒരു ചെറിയ ഓഫീസ് ശിപായിയായി."

"അങ്ങ് കടുത്ത ആത്മീയ സാധനകൾക്കായി സ്വയം വിട്ടുകൊടുക്കുകയായിരുന്നോ?"

"അല്ല, ഞാൻ സ്വയം വിട്ടു കൊടുക്കുക മാത്രമായിരുന്നു."


അവർക്ക് അയാളെ മനസ്സിലായില്ല.


ആളുകൾ അയാളെ അയാളുടെ ജീവിത കഥ എഴുതുവാനായി സമീപിച്ചു.

"നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?" അവർ ചോദിച്ചു.


"ഞാൻ നദിയിലേക്കു ചാടി. ഒരു മുക്കുവനായിത്തീർന്നു. ഒരു ദിവസം പാതിരാത്രിയിൽ, അയാളുടെ പുൽക്കുടിലിൽ നിന്നും ഇറങ്ങിപ്പോന്നു. അതിനുശേഷം ഞാനൊരു കൃഷിക്കാരന്റെ കയ്യാളായി. പഞ്ഞി കടഞ്ഞു 

കൊണ്ടിരിക്കെ ഞാൻ വേഷം മാറി മൊസൂളിലേക്കു പോയി. അവിടെ ഞാനൊരു തുകൽ കച്ചവടക്കാരനായി. അവിടെ നിന്നും ഞാൻ കുറച്ചു പണം സമ്പാദിച്ചിരുന്നു. ഞാൻ പക്ഷേ അതെല്ലാം ദാനം ചെയ്തു. എന്നിട്ടു ഞാൻ സമർഖണ്ഡിലേക്കു പോയി. അവിടെ ഞാൻ ഒരു പലചരക്കു വ്യാപാരിക്കൊപ്പം പണിയെടുത്തു. അങ്ങനെ ഞാനിതാ, ഇപ്പോൾ, ഇവിടെ."


"എന്നാൽ വിവരിക്കാനാവാത്ത ഈ പെരുമാറ്റങ്ങളൊന്നും നിങ്ങൾക്ക് കിട്ടിയിട്ടുള്ള അസാധാരണവും അതിശയിപ്പിക്കുന്നതുമായ പാരിതോഷികങ്ങളെപ്പറ്റി യാതൊന്നും പറയുന്നില്ലല്ലോ", അവർ ചോദിച്ചു.


"അതങ്ങനെയാണ്", മോജുദ് പറഞ്ഞു. 


  *                                   *                                   *                                  *


കഥകൾ കഥകളാകുന്നത് അവ ജീവിക്കപ്പെടുമ്പോഴാണ്; കഥകളിലെ വിസ്മയങ്ങളും അവിശ്വസനീയതകളും ജീവിതത്തിന്റെ സ്ഥായീഭാവങ്ങളാണെന്ന് ബോധ്യപ്പെടുമ്പോൾ. തിരിച്ചും പറയാം - കഥകൾ വെറും കഥകളല്ലാതാവുന്നത് അവ ജീവിക്കപ്പെടുമ്പോഴാണ്. ആകസ്മികതകൾ  കേവലം ആകസ്മികതകളല്ലെന്നറിയുമ്പോൾ...അവയ്ക്കിടയിലെ നൈരന്തര്യതകൾ നമുക്ക് പിൻപറ്റാനാവാതെ വരുമ്പോൾ നാം അവയെ ഒറ്റക്കും തെറ്റക്കുമുള്ള സംഭവങ്ങളായി എണ്ണുന്നുവെന്നു മാത്രം. 

മോജുദ് മനുഷ്യജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഓഷോ ഓർമ്മപ്പെടുത്തുമ്പോൾ, കഥയായും കഥയല്ലാതായും മാറിമാറി വേഷമിടുന്ന ബോധമണ്ഡലം, ഒരൊറ്റ ടേക്കിൽ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഏതൊരു ജീവിതവും സിംഗിൾ ടേക്കിലാണ് അവതരിപ്പിക്കപ്പെടുന്നത്; നമ്മുടേതടക്കം. എന്നാലും ഇടയ്ക്കുള്ള ചെറിയ ഒരു സീൻ മാത്രമേ നാം കണ്ടുപോകാറുള്ളൂ. അതിന്റെയാകട്ടെ തുടക്കവും ഒടുക്കവും നമുക്ക് അറിയുകയേയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടോ എന്നുപോലും നമുക്കറിയില്ല. എന്നിട്ടും നാം, ഇടയിൽ കടന്നുപോകുന്ന സന്ദർഭങ്ങളോടും ഇടപെടേണ്ടിവരുന്ന വസ്തുവകകളോടും വ്യക്തികളോടുമെല്ലാം ആത്യന്തികമെന്നോ വാസ്തവമെന്നോ ഉള്ള ഭാവത്തിൽ പെരുമാറിപ്പോരുന്നു. വാസ്തവികതയിൽ അഭിരമിച്ചുകൊണ്ടുള്ള നമ്മുടെ ഈ സമീപനം നമ്മുടെ സകല ധാരണകളേയും വികലമാക്കിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തെ അതിന്റെ സമഗ്രതയിൽ, അതിന്റെ സഹജതയിൽ അനുഭവിച്ചുകൊണ്ടേയിരിക്കാനുള്ള സാധ്യതകളെല്ലാം അതുകൊണ്ടുതന്നെ ഊർന്നുപോകുന്നു.


                        *                          *                          *


ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്ന് ബെർട്ടോലുചിയുടെ (Bernardo Bertolucci) THE LAST EMPEROR ആണ്. ആ സിനിമയിലെ ഏറ്റവും അവസാന രംഗം അനുവാചകനെ അസാധാരണമാം വിധം പിടിച്ചു കുലുക്കുന്നുണ്ട്; ഒരു പക്ഷേ,  താൻ കണ്ടുകൊണ്ടിരിക്കുന്ന സിനിമയിൽ നിന്നു തന്നെ. വിലക്കപ്പെട്ട നഗരത്തിലെ - forbidden city - ആ അവസാന ചക്രവർത്തി, തടവറയിൽ നിന്നും മോചിതനായതിനു ശേഷം ഒരു വിനോദയാത്രികനായി, ഒരു വഴിപോക്കനെപ്പോലെ വീണ്ടും കൊട്ടാരം സന്ദർശിക്കാനായി എത്തുന്നു. ടൂറിസ്റ്റുകളായ മറ്റുള്ളവരോടൊപ്പം അയാളും (Pu Yi) അവസാന ചക്രവർത്തിയെപ്പറ്റിയുള്ള ടൂറിസ്റ്റു ഗൈഡിന്റെ വാക്കുകൾ നിസംഗം ശ്രവിക്കുന്നുണ്ട്:

 'അധികാരമേൽക്കുമ്പോൾ അയാൾക്ക് മൂന്നു വയസ്സ് മാത്രമായിരുന്നു പ്രായം.1967-ൽ അയാൾ മരണപ്പെട്ടു.'

അറുപതു വർഷത്തെ സംഭവബഹുലമായ തന്റെ ജീവിതത്തെ - ഒരുപക്ഷേ ആ കാലയളവിലെ ലോകത്തെ മൊത്തമായെടുത്താലും പ്രധാന സംഭവങ്ങളിലൊന്ന് തന്റെ ജീവിതമാവും എന്നാണ് അയാൾ ധരിച്ചുവെച്ചിരുന്നത്, മറ്റെല്ലാവരേയും പോലെ - എത്ര അനായാസമാണ് വെറും രണ്ടു വാചകങ്ങളിൽ സംഗ്രഹിച്ചത്! 

ബാഹ്യജീവിതം എല്ലായ്‌പ്പോഴും അങ്ങനെയാണ്. എത്ര തന്നെ സംഭവബഹുലമായതിനേയും സംഗ്രഹിച്ചുവരുമ്പോൾ രണ്ടോ മൂന്നോ വാക്യങ്ങളേ കാണൂ. ജനിച്ചതെപ്പോഴെന്നും മരണപ്പെട്ടതെപ്പോഴെന്നും. ഇവയ്ക്കിടയിൽ സംഭവിച്ച എന്തിനെപ്പറ്റിയെങ്കിലും വെറുതെ എന്തെങ്കിലും പറയാം എന്നു മാത്രം. അതേ സമയം ആന്തരിക ജീവിതം അങ്ങനെയല്ല. ഒരിടത്ത് അനങ്ങാതെ കുത്തിയിരുന്നാലും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ അതിന്റെ സൂചനകൾ യാതൊന്നുമില്ലാതിരുന്നാലും. എന്നിട്ടും പക്ഷേ, എന്താണ് സംഭവിച്ചതെന്ന് പറയാനേ സാധിക്കില്ല.

കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, അനങ്ങാതിരിക്കുകയാണേൽ സംഭവ്യതകളുടെ സാധ്യതകൾ കൂടുതലാണ്. എന്തുകൊണ്ടെന്നാൽ മാനസിക തലത്തിലുള്ള ഏതൊരു ചലനവും ഒരുതരം ദിശാഭ്രമമത്രേ ! 


2500 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു കൊട്ടാരസന്ദർശനമുണ്ടായിട്ടുണ്ട്. രാജകുമാരനായിരുന്ന സിദ്ധാർത്ഥൻ ആറോ എട്ടോ വർഷങ്ങൾക്കു ശേഷം തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്ക് ഒരു ഭിക്ഷാം ദേഹിയായി നടന്നു വന്നു. ഭാര്യയായിരുന്ന യശോധര തന്റെ പ്രിയതമനായിരുന്നവനോട് ഒരു ചോദ്യം ചോദിച്ചു: ’അങ്ങ് ഞങ്ങളെയെല്ലാം വിട്ടുപോയതുകൊണ്ട് എന്താണ് നേടിയെടുത്തത്? നേടിയതെന്തുമാകട്ടെ, ഇവിടെ ഈ കൊട്ടാരത്തിലിരുന്നുകൊണ്ട് അത് നേടിയെടുക്കുക സാധ്യമല്ലായിരുന്നോ?' ബുദ്ധ സംഹിതകളിൽ യശോധരയെപ്പറ്റി അത്രയൊന്നും പരാമർശങ്ങളില്ലാത്തതിനാൽ ആ സംഭാഷണത്തിന്റെ കാര്യമായ വിശദാംശങ്ങൾ ലഭ്യമല്ല. എന്നിട്ടും പക്ഷേ, ആ ചോദ്യത്തിന് മുൻപിൽ ബുദ്ധൻ സമർപ്പിച്ച മൗനം മനുഷ്യന്റെ പ്രജ്ഞാപദങ്ങളിൽ ഇന്നും പ്രകാശം പൊഴിച്ച് നില്പുണ്ട്; ഒരു ദീപസ്തംഭമായി. അതിനുശേഷം ഭിക്ഷുണിയായി ജീവിച്ച യശോധരയിൽ നിന്നും ആ ചോദ്യം എത്രയും വേഗം അപ്രത്യക്ഷമായിക്കാണും; ഉത്തരത്തിനായി അലയുന്നതിനു പകരം. തെളിമയുടെ നനുത്ത മഞ്ഞുവീഴ്ചകളിൽ ആ ചോദ്യം സ്‌നേഹപൂർവം അലിഞ്ഞുപോയിക്കാണും.

ജീവിതത്തെ വിശ്വരേഖകൾ - WORLD LINES - എന്ന ഒരു പദ്ധതിയിലൂടെ സമീപിച്ചത് ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു. ഈ പ്രപഞ്ചം ഊർജ്ജ നാരുകൾ കൊണ്ട് നെയ്തുണ്ടാക്കിയതാണെന്ന (സ്ട്രിംഗ് തിയറി) സങ്കല്പത്തേക്കാളും എന്തുകൊണ്ടും ഊഷ്മളമായിരിക്കുന്നു ഐൻസ്റ്റീനിന്റെ വിശ്വരേഖാപ്രയോഗം. (ഐൻസ്റ്റീനോടുള്ള ഇഷ്ടം കൊണ്ടാണത്രേ ജോർജ് ഗാമോവ് അദ്ദേഹത്തിന്റെ ആത്മകഥക്ക്‌ 'my world line' എന്ന് പേരിട്ടത്. പക്ഷേ പേരിൽ മാത്രമേ ആ ഗഹനതയുള്ളൂ, രചനയിലില്ല എന്നാണ് വായിച്ചുനോക്കിയപ്പോൾ തോന്നിയിട്ടുള്ളത്.) ആരുടേയും ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഓരോ തന്മാത്രയും ഓരോ ആറ്റവും മറ്റു രൂപ-ഭാവങ്ങളിലൂടെ തങ്ങളുടെ പ്രയാണം തുടരുന്നുണ്ടത്രേ. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ വേൾഡ് ലൈൻ (multidimensional) വരച്ചെടുക്കുകയാണെങ്കിൽ, തിരശ്ചീന രേഖകളേക്കാളും പ്രസക്തമായി നിലകൊള്ളുക ലംബീയ (വെർട്ടിക്കൽ) രേഖകളാവും. അങ്ങനെ വരുമ്പോൾ, വെറുതെ ഒരിടത്ത് കുത്തിയിരുന്ന് ജീവിച്ച ഒരാളുടെ വേൾഡ് ലൈൻ ഗ്രാഫ് ഒരുപക്ഷേ ലോകസഞ്ചാരിയായ ഒരുവന്റേതിനേക്കാളും സമ്പന്നമാവാം.  


തിരശ്ചീന തലത്തിൽ കറങ്ങിത്തിരിഞ്ഞുനടക്കുന്ന ഒരാൾ വശം കെടുന്നത്, അയാളുടെ ചലനങ്ങൾ നിഷ്കളങ്കമല്ലാത്തതിനാലാണ്. നിരവധി ലക്ഷ്യങ്ങളുടേയും അഭിലാഷങ്ങളുടേയും ഗൂഢമായ നീലഛവികൾ അയാളുടെ കാല്പ്പാടുകളിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്. ഓഷോ പ്രയോഗിക്കുന്നത് 'becoming' എന്നാണ്. എല്ലായ്‌പ്പോഴും എന്തൊക്കെയോ ആയിത്തീരാനുള്ള ത്വര. അയാൾ തേടുന്നത് 'importance' ആണ്. താൻ impotent അല്ലെന്ന് ഉറപ്പുവരുത്താനുള്ള ജൈവികമായ തിടുക്കം പോലെ, തന്റെ ഗോത്രത്തിൽ, തന്റെ സഹവാസങ്ങളിൽ താൻ ഒഴിച്ചുകൂടാനാവാത്ത ഒരാളാണ് എന്ന് വരുത്തിത്തീർക്കാനുള്ള - എങ്കിൽ മാത്രമേ തനിക്കും തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും അവശ്യമായിട്ടുള്ള സംരക്ഷണം ഉറപ്പാവുകയുള്ളൂ - ഗാഢമായ ശീലങ്ങളുടെ നീൾച്ചയാകാം, അയാൾ 'ആയിത്തീരാൻ' കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിലെ വാസ്തവമെന്തെന്നാൽ, അയാൾ അതിനുവേണ്ടി ബാഹ്യമായി, അക്ഷരാർത്ഥത്തിൽ ശ്രമിക്കുകയാണെങ്കിൽ, ആ ശ്രമത്തിലെ വ്യർത്ഥതകൾ അയാൾക്ക് വെളിവാകാനുള്ള സാധ്യതകൾ ഏറെയാണ്; സ്വപ്നത്തിൽ നിന്നും ഉണർന്നെണീക്കാനാണെങ്കിൽ, പേടിസ്വപ്നമാണ് അതിന് കൂടുതൽ സാധ്യതയൊരുക്കുന്നത് എന്നതുപോലെ. അതേസമയം, ബാഹ്യമായ ശ്രമങ്ങൾ കൂടാതെ, മനോവ്യാപാരങ്ങളിൽ മാത്രം അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, a kind of virtual living, അയാൾ ആ അബോധയത്നം തുടർന്നുകൊണ്ടേയിരിക്കും, എത്ര ജന്മങ്ങൾ വേണമെങ്കിലും. മതങ്ങൾ, അതുപോലെത്തന്നെ പ്രത്യയശാസ്ത്ര യുക്തി ശാഠ്യക്കാരും, വാഗ്‌ദാനം ചെയ്യുന്നത് ഇപ്പറഞ്ഞ virtual ജീവിതമാണ്. പൊള്ളയായ ഒരു വ്യാജ നിർമ്മിതി.


അതേസമയം, ഒരാൾ വിശ്വരേഖാ ഗ്രാഫിലെ വെർട്ടിക്കൽ ആക്സിസിനോട് ചേർന്നുപോവുകയാണെങ്കിൽ, അതായത് അയാൾ ജീവിക്കുന്നത് തന്റെ സ്വതസിദ്ധമായ ഗ്രാഹ്യത്തിൽ നിന്നും വ്യതിചലിക്കാതെയാണെങ്കിൽ, തന്നോടുതന്നെ സത്യസന്ധമായിട്ടാണെങ്കിൽ, അയാളിൽ സമയത്തിന്റെ ലാഞ്ചനകൾ (lingering time) തീരെ കുറവാണെങ്കിൽ, അയാളുടെ ജീവിതത്തെ 'ഉണ്മ' എന്ന് അറിയാവുന്നതാണ്. അത് 'ആയിരിക്കുക' എന്ന ഇടവിടാതുള്ള അനുഭവമാണ് - Being. അതിനർത്ഥം സ്ഥല-കാലങ്ങളിൽ അയാൾ ഒരൊറ്റ ബിന്ദുവിൽ തുടരേണ്ടതുണ്ട് എന്നല്ല. ബാഹ്യമായ സഞ്ചാരങ്ങൾ, ജീവിതത്തെ പ്രതി പറയുകയാണെങ്കിൽ, കായികവും മാനസികവും വൈകാരികവുമായ ഏതൊരു സഹവർത്തിത്വവും, എത്രതന്നെ വിശാലമാവട്ടെ, എത്രതന്നെ വൈവിധ്യമാർന്നതാവട്ടെ, അസ്തിത്വപരമായി അയാളുടെ നിലനിൽപ്പ് ഒരൊറ്റ ബിന്ദുവിലെന്നപോലെയാവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അയാളുടെ വിശ്വരേഖാ അക്ഷങ്ങൾ അയാളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ അസ്തിത്വത്തെ ഏതു നിമിഷം അടയാളപ്പെടുത്തിയാലും അത് വെർട്ടിക്കൽ ആക്സിസിനോട് ഒന്നുചേർന്ന് പോകുന്നതായിരിക്കും. പല സന്ദർഭങ്ങളിലും ഓഷോ vertical living എന്ന് തന്നെ (HARI OM TAT SAT) പരാമർശിച്ചിട്ടുണ്ട്. 

Becoming- ൽ ഒരാൾ തനിക്കില്ലാത്ത importance (ഇത്രയും വലിയ ഈ കാണാപ്രപഞ്ചത്തിൽ ഒരു ജീവിക്ക്, ഒരു മനുഷ്യന് എന്ത് പ്രാധാന്യമുണ്ടാവാനാണ്? ഇക്കാണുന്നതൊക്കെയും നിനക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്ന ബിബ്ലിക്കൽ വിഡ്ഢിത്തം ഒരുപക്ഷേ മനുഷ്യന്റെ അടിസ്ഥാനപരമായ അപഭ്രംശമാകാം; the basic knowledge aberration) കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, Being- ൽ അയാൾ തൻ്റെ ഉണ്മയുടെ significance അറിഞ്ഞുകൊണ്ടേയിരിക്കുകയാണ്. അയാൾ കൂടുതൽ കൂടുതൽ വിശ്രാന്തിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. His world line is getting enriched and enriched.

പ്രപഞ്ചത്തിലെ സകലതും significant ആണ്. 

യാതൊന്നും important അല്ല താനും.


ആളുകൾ അയാളെ അയാളുടെ ജീവിത കഥ എഴുതുവാനായി സമീപിച്ചു.

"നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?" അവർ ചോദിച്ചു.


"ഞാൻ നദിയിലേക്കു ചാടി. ഒരു മുക്കുവനായിത്തീർന്നു. ഒരു ദിവസം പാതിരാത്രിയിൽ, അയാളുടെ പുൽക്കുടിലിൽ നിന്നും ഇറങ്ങിപ്പോന്നു. അതിനുശേഷം ഞാനൊരു കൃഷിക്കാരന്റെ കയ്യാളായി. പഞ്ഞി കടഞ്ഞുകൊണ്ടിരിക്കെ ഞാൻ വേഷം മാറി മൊസൂളിലേക്കു പോയി. അവിടെ ഞാനൊരു തുകൽ കച്ചവടക്കാരനായി. അവിടെ നിന്നും ഞാൻ കുറച്ചു പണം സമ്പാദിച്ചിരുന്നു. ഞാൻ പക്ഷേ അതെല്ലാം ദാനം ചെയ്തു. എന്നിട്ടു ഞാൻ സമർഖണ്ഡിലേക്കു പോയി. അവിടെ ഞാൻ ഒരു പലചരക്കു വ്യാപാരിക്കൊപ്പം പണിയെടുത്തു. അങ്ങനെ ഞാനിതാ, ഇപ്പോൾ, ഇവിടെ."


മോജുദിന്റെ വിശ്വരേഖാപദങ്ങൾ പരിശോദിച്ചാൽ, തിരശ്ചീന ജീവിതം എത്രയോ ശുഷ്കമാണ്. നാലും മൂന്ന് ഏഴുവരികൾ. മിഷിയോ കാക്കു എന്ന ശാസ്ത്രകാരൻ വിശദീകരിക്കുന്നതിനനുസരിച്ച് (HYPERSPACE), തിരശ്ചീന തലത്തിൽ പോലും അതിന് പരിമിതികളുണ്ട്. ചില ബഫർ സോണുകളുണ്ട്. ആ മേഖലയിലേക്ക് നമുക്ക് സഞ്ചരിക്കാനാവില്ല. അതേസമയം അയാളുടെ (മോജുദ്) വെർട്ടിക്കൽ ലിവിങ് പരിധികളില്ലാത്തതാണ്. Existentially boundless. ആ പരിധിയില്ലായ്മയിൽ എവിടെ വെച്ചും അയാൾ അനുഭവിക്കുന്നത് 'ഇപ്പോൾ, ഇവിടെ'യാണ്. 'trust' എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഏതു നിമിഷത്തിലും ഉദ്‌ഘോഷിക്കാവുന്ന 'ഇപ്പോൾ, ഇവിടെ' യാണ്; പുറമേക്കുള്ള ഉദ്‌ഘോഷം അതിന്റെ പ്രകൃതമല്ലെങ്കിലും. 'ഇപ്പോൾ, ഇവിടെ' എന്ന അവസ്ഥ സ്വയം ഉദ്ഘോഷിച്ചുകൊണ്ടിരിക്കും, സൗരഭ്യം നിറഞ്ഞ പരാഗരേണുക്കൾ പോലെ സൂക്ഷ്മമായ ഊർജ്ജപ്രസരണങ്ങൾ. ആ അവസ്ഥയുടെ നിശബ്ദത പോലും ആഘോഷത്തിന്റെ ധ്വനികൾ പരത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ചുറ്റുമുള്ളവർ മോജുദിനോട് ഇങ്ങനെ ചോദിക്കാൻ ഉത്സുകരാവുന്നത്,"നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?"


'അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ' എന്ന ലേഖനങ്ങളിൽ (http://dhyantarpan.blogspot.com/2018/12/1.html) പരാമർശിക്കപ്പെട്ടിട്ടുള്ള ചില വ്യക്തിത്വങ്ങൾ, ലാൽചന്ദും ദേവ ഹംസയും മറ്റും, തിരശ്ചീനവും ലംബീയവുമായ ജീവിതങ്ങളിൽ സമ്പന്നരാണ്; ഒരു പക്ഷേ മോജുദിനെപ്പോലെത്തന്നെ. അല്ലെങ്കിൽ, നമ്മുടെയെല്ലാം ജീവിതങ്ങൾക്ക് എവിടെയാണ് കുറവുള്ളത്? കുറവുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തിരശ്ചീന പെരുമാറ്റങ്ങളുടെ കുറവല്ല. അത് സംഭവ വികാസങ്ങളുടെ കുറവല്ല. അത് മറ്റുപലരുടേയും ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ തോന്നുന്ന 'താരതമ്യേന'യുള്ള കുറവല്ല. അത് അവബോധപരമായ അനുസ്യൂതതയുടെ, continuum, കുറവാണ്. 

ചിന്നിച്ചിതറിക്കിടക്കുന്ന വിവര ശകലങ്ങൾ… ഏതോ കലാപ ഭൂമിയുടെ ദൂരക്കാഴ്ചയിലേതുപോലെ… അലകും പിടിയും വേർപെട്ട് ചോര വറ്റിയ ഭൂതകാല ദൃശ്യങ്ങൾ….എത്തും പിടിയും കിട്ടാത്ത മോഹഭംഗങ്ങൾ … 

നമ്മുടെ ബോധമണ്ഡലം ഒരു കലാപഭൂമികയാണ്, ആനുഭൂതികമായ നൈരന്തര്യതയില്ലാതെ വരുമ്പോൾ. 

നമ്മുടെ ബോധമണ്ഡലം മൃതമായ ഒരു ഡേറ്റാ ശേഖരമാണ്; സമ്യക്കായ സാമഞ്ജസ്യമില്ലാതെ വരുമ്പോൾ. 

ഇതിനേക്കാളൊക്കെ കൃത്യമായും സർവ്വസമഗ്രമായും ഇങ്ങനെ പറയാം: നമ്മുടെ ബോധമണ്ഡലം ഓർമ്മകൾക്കും ഭാവനകൾക്കുമിടയിൽ ഭ്രാന്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന വികലമായ ഏതോ ഒരു വ്യവസ്ഥാഭ്രമമാണ്; യുക്തിയുടെ കഠിനമായ പുറം തോട് പൊട്ടിച്ചുകൊണ്ട് trust എന്ന ഒരു അങ്കുരം സംഭവിക്കുന്നില്ലായെങ്കിൽ. 

ജീവൻ എന്ന പ്രതിഭാസത്തിൽ, അവബോധം എന്ന പ്രതിഭാസത്തിൽ, അങ്ങനെയൊരു നാമ്പ് കിളിർത്തുവരാതെ വയ്യ. എന്നിട്ടും പക്ഷേ എങ്ങനെയാണ് നമ്മിൽ അത് സംഭവിക്കാതെ പോകുന്നത്? ഏതായാലും ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല അതിനുള്ള ഉത്തരം. സഹജതയെ ഹനിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിൽ trust ന് മുളയെടുക്കാൻ നന്നേ ബുദ്ധിമുട്ടാണ്. പൂർണ്ണപ്രാപ്തമല്ലാത്ത ഒരു പ്രവൃത്തിയിൽ (in the abscence of action of totality) അതിന്റെ അങ്കുരങ്ങൾക്ക് ശക്തി പോരാതെ വരുന്നു. തുടക്കത്തിൽ trust വെറുമൊരു തോന്നലാണത്രേ, just a feeling. അത് തന്റെ ഉണ്മയായി- being - മാറുന്നതിന് ചില കാലാവസ്ഥാ ഘടകങ്ങൾ അനിവാര്യമാണ് - സത്യസന്ധത, സ്വീകാര്യത, തെളിമ എന്നിങ്ങനെ. അല്ലാത്തപക്ഷം ഏറെ സാധ്യതയുള്ളത് trust എന്നത് വെറും വിശ്വാസം (belief) എന്ന നിലയിലേക്ക് കുരുടിച്ചുപോകാനാണ്. ഒരുപക്ഷേ, ഈ ഘടകങ്ങളെയെല്ലാം ചേർത്ത് 'സ്വാതന്ത്ര്യം' എന്ന ഒരൊറ്റ മൂല്യമായും മനസ്സിലാക്കാവുന്നതാണ്. ആ സ്വാതന്ത്ര്യം പക്ഷേ ഒരാൾ സ്വയമേവ എടുത്തു പ്രയോഗിക്കേണ്ടതാണെന്നു മാത്രം.

  

                                                *                      *                     *


മോജുദിന് മുന്നിൽ (മോജുദ് എന്ന പേരിന് 'സ്വയം  സന്നിഹിതനായിരിക്കുന്നവൻ' എന്നാണർത്ഥം) ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന 'ഖിദ്ർ', നാം എല്ലാവരിലും ഉണർന്നിരിക്കുന്ന വഴികാട്ടിയാണ്. ഉപമകളും പ്രതീകപ്രയോഗങ്ങളും ദഹിക്കാത്തവരുണ്ടെങ്കിൽ, സ്വയം പ്രഭാവിതമായിരിക്കുന്ന ഒരു ഊർജ്ജസംവിധാനത്തിന്റെ ചലനോന്മുഖത എന്ന് മനസ്സിലാക്കുക, the very intrinsic longing. അത്യാവശ്യമായിട്ടുള്ള ഘട്ടങ്ങളിൽ അത് നമുക്ക് അനുഭവവേദ്യമാവുക അത്രക്കും പ്രത്യക്ഷഭാവത്തിലാണ്; പുറത്തുനിന്നും ഏതോ ഒരാൾ നമ്മുടെ മുന്നിൽ വന്നുനിന്നതുപോലെ. 


ആ വഴികാട്ടിയുടെ നിർദ്ദേശങ്ങൾക്ക് നമ്മുടെ കൈകാലുകൾ തടസ്സമാകാതിരിക്കട്ടെ. ഒരുപക്ഷേ, അത്രമാത്രമേ ഈ ജീവിതത്തിൽ നമുക്ക് ശ്രദ്ധിക്കേണ്ടതായുള്ളൂ. ആ വഴികാട്ടി നമ്മെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഇടയ്ക്കിടെ പറിച്ചെറിഞ്ഞുകൊണ്ടിരിക്കും. ഒരിടത്തും പൊറുതി തുടങ്ങാൻ ആ ഊർജ്ജം നമ്മെ അനുവദിച്ചേക്കില്ല. ഒരുവേള, ആന്തരികമായെങ്കിലും അങ്ങനെയാണ്. മനസ്സിന്റെ ജഡത്വമാണ് ഏതൊരു നിമിഷത്തേയും 'കഴിയാതിരുന്നെങ്കിൽ!, അല്ലെങ്കിൽ, ഒന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കിൽ!' എന്ന് നമ്മെക്കൊണ്ട് ആശിപ്പിക്കുന്നത്. ചലനാത്മകത എന്നത് ജീവൻ എന്ന പ്രതിഭാസത്തിന്റെ പ്രഥമ ഭാവമായിരിക്കേ, നാം ശാന്തമായി അനുചരിക്കുക മാത്രമേ വേണ്ടതുള്ളൂ; 'ചരൈവേതി ചരൈവേതി' എന്ന ബുദ്ധസൂക്തം പോലെ. 

ഓഷോയുടെ വാക്കുകൾ ഇങ്ങനെയാണ്:

“Whenever you are settling the inner guide will unsettle you again. Whenever you are settling the Master will unsettle you again. Because you are not to be allowed to settle anywhere before God, hence constant unsettling. All are stations on the Way. You can have an overnight stay but by the morning you have to leave.

With a Master you can never settle forever in anything. The Master has to go on changing you. The moment you feel now your roots are getting deep into the soil, you will be uprooted. The moment you feel,”Now I have learnt this work and I am doing it efficiently”,your work will be changed - because that is not the purpose when you live in a Buddhafield. The purpose is to constantly keep you insecure so one day you learn the beauty of uncertainty, so one day you forget about settling and the very pilgrimage becomes your goal. When the journey itself is the goal, then your life is the life of a sannyasin.”

OSHO, The Wisdom of the Sands vol 2 # 1


Yes, the beauty of uncertainty. സുനിശ്ചിതമായതെല്ലാം മൃതസൗന്ദര്യമാണ്. അനിശ്ചിതത്വത്തിന്റെ പ്രസന്നത. അനിശ്ചിതത്വത്തിൽ പ്രസാദവാനായി നിലകൊള്ളുക. പരിശീലനത്തിലൂടെയല്ലാതെ, പരിപക്വതയിലൂടെ മാത്രം സ്വായത്തമായേക്കാവുന്ന ഒന്ന്.


                                                    *                      *                        *


ഈ കഥയെ അധികരിച്ചു സംസാരിക്കുന്നതിനിടയിൽ ഓഷോ പങ്കു വെക്കുന്ന മറ്റൊരു ഫലിതമുണ്ട്:

നിരീശ്വര വാദിയായ ഒരാൾ ഒരിക്കൽ ഒരു പാറമുനമ്പിലൂടെ നടന്നുകൊണ്ടിരിക്കേ താഴേക്കു വഴുതി വീണു. താഴേക്കു താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കേ, ഒരു കൂർത്ത പാറയിലെ വിളുമ്പിൽ അയാൾക്ക് കഷ്ടിച്ച് പിടിത്തം കിട്ടി. പാറയിടുക്കിൽ അള്ളിപ്പിടിച്ചു ഞാന്ന് കിടന്നാടുമ്പോൾ, അയാൾ തിരിച്ചറിഞ്ഞു, താൻ എത്ര ദുർഘടം പിടിച്ച ഒരവസ്ഥയിലാണെന്ന്. താഴേക്കു നോക്കിയപ്പോൾ കൂർത്തുമൂർത്ത പരുക്കൻ പാറകൾ..കണ്ണെത്താത്തേടത്തോളം. പോരാത്തതിന് കടുത്ത തണുപ്പും. എങ്ങനെയെങ്കിലുമൊക്കെ കയറിവരാം എന്ന യാതൊരു പ്രതീക്ഷയും കാണുന്നില്ല. പാറവിളുമ്പിലെ അയാളുടെ പിടി അയഞ്ഞു തുടങ്ങുകയാണ്.


"എന്നാൽ പിന്നെ ," അയാൾ വിചാരിച്ചു," ഇനി ദൈവത്തിനു മാത്രമേ എന്നെ രക്ഷിക്കാനാവൂ. ഞാൻ ഒരിക്കലും ദൈവത്തിൽ വിശ്വസിച്ചിട്ടില്ല. ഒരു പക്ഷേ എന്റെ ധാരണ തെറ്റാണെങ്കിലോ! എനിക്കിനി നഷ്ടപ്പെടാൻ എന്തുണ്ട്?" അയാൾ ഉറക്കെ വിളിച്ചു,"ദൈവമേ! നിങ്ങൾ ഉണ്ടായിരിക്കുന്നുണ്ടെങ്കിൽ, എന്നെ രക്ഷിക്കുക. ഞാൻ നിങ്ങളിൽ വിശ്വസിച്ചോളാം." എങ്ങു നിന്നും യാതൊരു ഉത്തരവും വന്നില്ല. അയാൾ വീണ്ടും അലറി വിളിച്ചു," ദൈവമേ പ്ലീസ്. നിങ്ങൾ രക്ഷിക്കുകയാണെങ്കിൽ ഇനി മുതൽ ഞാൻ നിങ്ങളിൽ വിശ്വസിച്ചോളാം."


പെട്ടെന്ന് മേഘങ്ങൾക്കിടയിൽ നിന്ന് ഒരു അശരീരി കേട്ടു." ഓ, നീയൊന്നും വിശ്വസിക്കാൻ പോകുന്നില്ല. എനിക്കറിയാം നിന്നെയൊക്കെ."

അയാൾക്ക് അതിശയമായി. ആ അമ്പരപ്പിൽ പാറയറ്റത്തെ പിടിത്തം വിട്ടുപോകുമായിരുന്നു. " ദൈവമേ പ്ലീസ്. ഞാൻ ഉറപ്പായിട്ടു പറയുന്നു, നിങ്ങൾക്ക് തെറ്റി. ഞാൻ വിശ്വസിക്കുക തന്നെ ചെയ്യും !"


"ഇല്ലേയില്ല. നീ വിശ്വസിക്കാനൊന്നും പോകുന്നില്ല. എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് പറയാറ്.”


അയാൾ വീണ്ടും വീണ്ടും ദൈവത്തോട് അപേക്ഷിച്ചു.


അവസാനം ദൈവം പറഞ്ഞു,"എന്നാൽ ശരി, ഞാൻ നിന്നെ രക്ഷിക്കാം....നിന്റെ പിടിത്തം വിട്ടോളൂ."


"പിടിത്തം വിടാനോ?", അയാൾ ആക്രോശിച്ചു,"നിങ്ങൾ വിചാരിക്കുന്നത് എനിക്ക് വട്ടാണെന്നാണോ?"


'പിടിത്തം വിടുക' എന്നത് നാം മിക്കവർക്കും സാധ്യമേയല്ലാത്ത

ഒന്നാണ്. ദൈനം ദിന യുക്തികളുടെ കാണാച്ചരടുകൾകൊണ്ട് നാം നമ്മെത്തന്നെ നിത്യവും ഭദ്രമാക്കി കെട്ടിവെച്ചുകൊണ്ടിരിക്കും. യുക്തികളുടെ ചതുർബലങ്ങളെക്കൊണ്ട് - ഭൗതികത്തിലെ അതേ ബലങ്ങൾ - നിർമ്മിതമായിരിക്കുന്ന മനോ-ശരീര വ്യവസ്ഥയിൽ നിന്നും മറ്റൊരു സമീപനം പ്രതീക്ഷിക്കാനാവില്ല. എന്തുതന്നെ സംഭവിച്ചാലും നാം മാറ്റി പിടിക്കുക  മാത്രമേ ചെയ്യൂ; ഒരു കയ്യിൽ നിന്നും മറ്റേ കയ്യിലേക്ക്; ഒരു യുക്തിയിൽ നിന്നും മറ്റൊരു യുക്തിയിലേക്ക്; ഒരു നിലപാടിൽ നിന്ന് മറ്റൊരു നിലപാടിലേക്ക്....സുരക്ഷിതത്വം എല്ലായ്‌പ്പോഴും നാം ഉറപ്പാക്കിക്കൊണ്ടിരിക്കും. പക്ഷേ നാം ഓർക്കാതെ പോകുന്നത്, ഓർക്കാൻ ഇഷ്ടപ്പെടാത്തത്, നാം അള്ളിപ്പിടിച്ചിരിക്കുന്ന ഈ യുക്തികളൊക്കെയും ഒരു വലിയ അയുക്തിയുടെ പാറ വിളുമ്പുകൾ മാത്രമാണെന്നതാണ്. നാം ആർജ്ജിച്ചുകൂട്ടുന്ന അറിവുകളൊക്കെയും - knowledge, informations - നമ്മുടെ തെറ്റിദ്ധാരണകളെ ശക്തിപ്പെടുത്താനുള്ള കോൺക്രീറ്റുചേരുവകൾ മാത്രമാണ്. നമ്മുടെ പാദുകപൂജകളും വിശുദ്ധഗ്രന്ഥ ജപങ്ങളുമെല്ലാം എങ്ങനെയെങ്കിലും 'പിടിത്തം' വിടാതിരിക്കാനുള്ള ഹിപ്നോട്ടിക് ഉപായങ്ങൾ മാത്രമാണ്. 

"അങ്ങ് കടുത്ത ആത്മീയ സാധനകൾക്കായി സ്വയം വിട്ടുകൊടുക്കുകയായിരുന്നോ?"

"അല്ല, ഞാൻ സ്വയം വിട്ടു കൊടുക്കുക മാത്രമായിരുന്നു."

അവർക്ക് അയാളെ മനസ്സിലായില്ല.




ആളുകൾക്ക് എങ്ങനെ മനസ്സിലാവാനാണ്. അവർക്ക് / നമുക്ക്, ഏറിവന്നാൽ മനസ്സിലാവുക എന്തിനെങ്കിലും വേണ്ടി വിട്ടുകൊടുക്കുക എന്നതാണ്. ഒന്നിനും വേണ്ടിയല്ലാതെയുള്ള യാതൊന്നും ഈ ജീവിതത്തിൽ പൊതുവേ നമുക്കറിവുള്ളതല്ല. എത്ര തന്നെ പരോക്ഷമായതാണെങ്കിലും, പ്രതിഫലം, ലക്‌ഷ്യം, ഉദ്ദേശ്യം, എന്നിവയെക്കൂടാതെ നമ്മുടെ മനോ-ശരീര  വ്യവസ്ഥ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എത്രയോ പഴയ വേർഷൻ ആണ്. പുതിയ വിൻഡോസ് അപ്‌ഡേഷൻ നാം ബോധപൂർവ്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഈ അപ്‌ഡേഷൻ സംഭവിക്കുന്നത് trust എന്ന അദൃശ്യ വേദികയിലാണ്. ആ വേദികയിലാണ് സ്വാതന്ത്ര്യം എന്ന മൂല്യം ആഘോഷിക്കപ്പെടുന്നത്. അല്ലെങ്കിൽ, ഈ അപ്ഡേഷൻ സംഭവിക്കുന്നത് സ്വാതന്ത്ര്യം എന്ന വേദികയിലാണ്. trust എന്ന സൗരഭ്യമാണ് വേദിയിലെമ്പാടും ആഘോഷിച്ചു തിമിർക്കുന്നത്.


'Life Never Goes Wrong' എന്നത് പകർത്തുവാൻ പറ്റിയ ഒരു ഉദ്ധരണിയോ പ്രസ്താവമോ അല്ല. തീർത്തും സ്വകാര്യമായ ഒരു ഗ്രാഹ്യമാണത്, തികച്ചും വൈയക്തികമായ - individual- ഒരു ബോധ്യം. വാക്കുകളുടെ മൂശയിലേക്കൊഴിച്ചു അർത്ഥ സ്വരൂപങ്ങൾ മെനഞ്ഞെടുക്കുക അസാധ്യമാണ് മിക്കപ്പോഴും, ബോധ്യങ്ങളുടെ കാര്യത്തിൽ. മറ്റുള്ളവരോട് വിനിമയം ചെയ്യുക എന്നത് പോകട്ടെ, താൻ തന്നെ ശീലിച്ചു വശായിട്ടുള്ള യുക്തിഭദ്രതകളോട് ചേർന്നുപോവുകപോലുമില്ല അവ. താൻ തന്നെ അതുവരേക്കും കെട്ടിയുണ്ടാക്കിയ പാഠങ്ങളുടേയും അനുഭവങ്ങളുടേയുമെല്ലാം കോട്ടമതിലുകൾ ഒരു കാർട്ടൂൺ ചിത്രത്തിലെന്നോണം നിശബ്ദം ചിതറിയുടയുന്നത് തനിക്കു തന്നെ കാണാനാകും. ഉദാഹരണസഹിതമുള്ള നൂറു നൂറു ചോദ്യങ്ങൾ നമ്മുടെ മുന്നിൽ തലയുയർത്തി നില്ക്കും. അവക്ക് മുന്നിൽ നിശ്ശബ്ദനാവുകയേ വഴിയുള്ളൂ. അപ്പോഴും പക്ഷേ, സൗമ്യമായ ഒരു ജ്വാല, ശോഭയോടെ തെളിഞ്ഞുനില്ക്കുന്നത് അവനവനു മാത്രം അറിയാൻ പറ്റിയാലായി. അറിഞ്ഞില്ലെങ്കിലും ആ ദീപനാളം അങ്ങനെത്തന്നെ എരിയുന്നുണ്ടാകും. അതനുഭവിക്കാതിരിക്കുമ്പോഴത്തെ അവസ്ഥയെയാണ് നാം ദുരിതമെന്നറിയുന്നത് - suffering. അതറിയാതിരിക്കുക എന്നത് ചെയ്യാൻ പാടില്ലാത്തതായ ഒരു തെറ്റോ പാപമോ അല്ല. നമ്മുടെ പ്രകൃതത്തിൽ നാം ആർജ്ജിച്ചെടുത്ത ധൃതിയും ആർത്തികളും മറ്റുമായി സ്വാഭാവികമായി സംഭവിച്ചു പോകുന്ന ഒരു ‘വിഡ്ഢിത്തം’ എന്ന് മാത്രമേ അതേപ്പറ്റി പറയാനാവൂ. ദീപം തെളിഞ്ഞുകൊണ്ടിരിക്കുമ്പോഴും, കണ്ണുകളടച്ചുപിടിച്ചതുകൊണ്ടുമാത്രം താൻ അന്ധനാണെന്നു വിചാരിക്കുകയും, നടക്കുമ്പോൾ എവിടെയെങ്കിലുമൊക്കെ മൂക്കിടിക്കുകയും തടഞ്ഞുവീഴുകയും ചെയ്യു ന്നതുപോലുള്ള ബാലിശമായ അബദ്ധങ്ങൾ. 


Life Never Goes Wrong. 

ഒരുപക്ഷേ അബദ്ധങ്ങളിലൂടെയെങ്കിലും കണ്ണുകൾ തുറക്കപ്പെടുകയാണെങ്കിലോ! കാണാപ്രപഞ്ചത്തോളം വിസ്തൃതമായ ഈ ജീവിതത്തിലെ സംഭവ്യതകളും സാധ്യതകളുമെല്ലാം അങ്ങനെയാണ്. കാര്യകാരണങ്ങളും ശരിതെറ്റുകളും യുക്തായുക്ത വിചാരങ്ങളുമെല്ലാം കേവലം വ്യാവഹാരിക ലോകത്തിലെ നിഴലനക്കങ്ങൾ മാത്രം. വ്യവഹാരികതയുടെ ലോകത്താകട്ടെ യുക്തിക്കാണ് പ്രാധാന്യമേറെയും. 

നമുക്കറിയാം, 

എപ്പോഴെങ്കിലും നാം സ്വയം വിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ… 

ആ നിമിഷങ്ങളെല്ലാം അങ്ങനെയാണെന്ന്. 

Trust-ന്റെ സൗരഭ്യം പുരണ്ടിട്ടുള്ള നിമിഷങ്ങളെല്ലാം അങ്ങനെയാണ്. അവയെപ്പറ്റി എന്താണ് പറയാനാവുക?

                                        


(Illustrations
originally done by
Ma Prem Pujan)