Featured Post

Saturday, July 30, 2022

ഉണർവിലേക്കുള്ള പടവുകൾ - 29




ഒരു നിമിഷത്തെ ധ്യാനം

നമ്മുടെ ശരീരത്തിന്റെ അതിരുകൾ നമ്മുടെ വസ്ത്രങ്ങൾ നിശ്ചയിക്കുന്നതല്ല. അതിനുമപ്പുറത്തേക്ക് അദൃശ്യമായ രീതിയിൽ നമ്മുടെ ശരീരം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ മറ്റൊരു വ്യക്തിയോട് ചേർന്ന് നില്‌ക്കേണ്ടി വരുമ്പോഴും മിക്കപ്പോഴും ചില അകലങ്ങൾ നാം പാലിച്ചുപോരുന്നത്. ഒരു പരിധി കഴിഞ്ഞാൽ മറ്റെയാൾ നമ്മുടെ ശരീരപരിധി ലംഘിച്ചുവെന്ന് നമുക്ക് തോന്നാറുണ്ട് (ന്യൂറോളജിക്കാർ ഇത്തരം അകലങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്). അതുകൊണ്ടാണ് ശരീരം കൊണ്ട് പരസ്പരം തൊട്ടുരുമ്മി നില്ക്കുകയല്ലേലും രണ്ടു വ്യക്തികൾ തമ്മിൽ വല്ലാത്ത അടുപ്പം സംഭവിക്കുന്നത്. പ്രത്യക്ഷത്തിൽ ഒരു കാരണമില്ലാഞ്ഞിട്ടും മറ്റൊരു വ്യക്തിയോട് അകൽച്ച തോന്നുന്നതും അവ്വിധം തന്നെ. നേരിട്ട് കാണാതെത്തന്നെ എത്രയോ ദൂരെയിരിക്കുന്ന വ്യക്തിയോട് പോലും വൈകാരികമായ വിനിമയങ്ങൾ നമ്മിൽ സംഭവിക്കാറുണ്ട്; ഒരുപക്ഷേ, തൊട്ടടുത്ത് ഇരിക്കുന്ന വ്യക്തിയേക്കാളും അടുപ്പം. സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാവുന്നത്, തൊട്ടുനോക്കാവുന്ന ഈ ശരീരം കൊണ്ട് ചെയ്യുന്ന ഓട്ടം ചാട്ടം സ്പർശനം തുടങ്ങിയ ഏതു പ്രവൃത്തികളേക്കാളും പ്രാധാന്യമർഹിക്കുന്ന പ്രവൃത്തികളെല്ലാം സാധ്യമാവുന്നത് നമ്മുടെ അദൃശ്യ ശരീരം കൊണ്ടാണ്. നമ്മുടെ ചിന്തകൾ, വികാരങ്ങൾ, കണക്കുകൂട്ടലുകൾ, ഭാവനകൾ എന്നിങ്ങനെ. നാം പക്ഷേ ഈ അദൃശ്യ ശരീരത്തെ ശരീരമെന്നറിയാറില്ലന്നേയുള്ളൂ. അദൃശ്യമായ ശാരീരിക പ്രവൃത്തികളെയെല്ലാം കൂടി പൊതുവേ നാം മനസ്സെന്ന പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. 

അതെന്തുമാകട്ടെ, 'നാം' പക്ഷേ ദൃശ്യമായ ഈ ശരീരത്തിലും ദൃശ്യമല്ലാത്ത മനസ്സിലും കൂടിക്കലർന്ന് വിശേഷിച്ചൊരു ആകൃതിയുമില്ലാത്തതുപോലെയാണ് സ്ഥിതി ചെയ്യുന്നത്. ഏതുനിമിഷവും രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഘത്തെപ്പോലെയോ, അനങ്ങിക്കൊണ്ടിരിക്കുന്ന ചേമ്പിലയിലെ ജലശേഖരത്തെപ്പോലെയോ നാം എന്ന 'ഉണ്മ' (entity) അതിന്റെ രൂപഭാവങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു. ജീവിതവൃത്തികൾക്കനുസരിച്ച്, വീണുടഞ്ഞുപോകാവുന്ന 'നാം' എന്ന ജലകണത്തെ എങ്ങനെയൊക്കെയോ കാത്തുപോരികയാണ് നാം. ആ ജലപാളിയുടെ അരികുകൾ തുള്ളിത്തുളുമ്പി നില്ക്കുകയാണ് മിക്കപ്പോഴും. ഒഴുകിക്കൊണ്ടിരിക്കുന്ന ആ മേഘത്തിന്റെ അരികുകൾ എല്ലായ്‌പ്പോഴും മാഞ്ഞുമറിയുന്നു. നമ്മുടെ ആവശ്യങ്ങളും വെല്ലുവിളികളും അത്രക്കും വൈവിധ്യം നിറഞ്ഞതും വിരുദ്ധങ്ങളുമാണ്. 



ഒരേസമയം ഒരുപാട് തലത്തിലുള്ള ആവശ്യങ്ങൾ. ജോലിയുടെ ഉത്തരവാദിത്തങ്ങൾ, ബന്ധങ്ങളിൽ പാലിക്കേണ്ടിവരുന്ന ജാഗ്രതകളും ഊഷ്മളതകളും, സാമ്പത്തികമായ വെല്ലുവിളികൾ, ആരോഗ്യപ്രശ്നങ്ങൾ, സർഗ്ഗാത്മകമായ നമ്മുടെ താല്പര്യങ്ങളും അവയിൽ വ്യാപാരിക്കാനാവാതെ വരുമ്പോഴുണ്ടാകുന്ന മുറുമുറുപ്പുകളും, ശാരീരികമായ തൃഷ്ണകളും അലോസരങ്ങളും അവശതകളും ഒരു വശത്ത്, അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുര്യോഗങ്ങൾ....എന്നിങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങളുടെ മങ്ങിയ നിഴലുകളെങ്കിലും ഒരേ നിമിഷം നാം ഓരോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. എന്നുവച്ചാൽ 'നാം' എന്ന സ്വത്വത്തെ  ഇണക്കിനിർത്താൻ സദാ ജാഗ്രപ്പെടുന്നുണ്ട് നാം. 'ജീവിച്ചുപോകാൻ വലിയ ബുദ്ധിമുട്ടാണ്' എന്ന് തമാശ രൂപേണ പറയുമ്പോൾ പോലും, നാം ഓർക്കുന്നത് ഈ ജാഗ്രതയെയാണ്. ഏതുനിമിഷവും തെന്നിപ്പോകാവുന്ന 'നാം'-ന്റെ അതിരുകൾ പരിപരിപാലിക്കുന്നതിൽ നാം ക്ഷീണിച്ചുപോകുന്നുണ്ടോ? അതിൽ ഇടക്കെങ്കിലും പരാജയപ്പെടുന്നുണ്ടോ? (പരിപാലനത്തിന്റെ പേരും പറഞ്ഞ്, അനാവശ്യമായേടത്തെല്ലാം അതിനെ പിടിച്ചുവെക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നമാവുന്നത്). മിക്കവരുടേയും ഉത്തരം 'ഉവ്വ്' എന്നാവാനാണ് സാധ്യത. 

അങ്ങനെയുമിങ്ങനെയും ഉഴപ്പിക്കിടക്കുന്ന നമ്മെ സ്വയം ഒന്ന് സ്വരൂപിച്ചെടുക്കുക, ഒന്ന് സമാഹരിച്ചെടുക്കുക എന്നത് മനുഷ്യൻ എക്കാലത്തും നടത്തിപ്പോന്നിട്ടുള്ള ശ്രമമാണ്. ആത്മീയത എന്ന പേരിൽ അറിയപ്പെടുന്ന വിശാലമായ ഒരു അന്വേഷണ ലോകം ഈ ശ്രമത്തിന്റെ ഭാഗമായി വ്യാപരിച്ചുവന്നിട്ടുള്ളതാണ്. അതിന്റെ ഫലമായി നാനാ തരത്തിലുള്ള സങ്കേതങ്ങളും പലപ്പോഴായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സങ്കേതങ്ങളുടെയെല്ലാം കാതലായിരിക്കുന്ന ഉൾക്കാഴ്ച, 'നാം’ എന്ന സ്വത്വത്തെ (entity), ഒരു നിമിഷത്തേക്കെങ്കിലും വെറുതെവിട്ടാൽ അത് സ്വയം സ്വരൂപിക്കപ്പെടും (integration) എന്നുള്ളതാണ്. ആ 'ഒരു നിമിഷ'ത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് മണിക്കൂറുകളോ ദിവസങ്ങളോ വർഷങ്ങളോ നീണ്ടുനില്ക്കുന്ന ആത്മീയ ചര്യകൾ. (അതിന്റെ ഫലസിദ്ധിയോ ആ സമീപനത്തിലെ ശരിതെറ്റുകളോ വ്യത്യസ്തമായ ഒരു വിഷയമാണ്. അതല്ല ഇവിടെ പരിശോധിക്കപ്പെടുന്നത്).

എന്നാൽ, രസകരമായ ഒരു വസ്തുത, യാതൊരു തയ്യാറെടുപ്പുകളും കൂടാതെത്തന്നെ ആ ഒരു നിമിഷത്തെ നമുക്ക് ഇപ്പോൾത്തന്നെ സ്വായത്തമാക്കാൻ പറ്റുമെന്നതാണ്. ഇതൊരു പുതിയ വെളിപാടൊന്നുമല്ല. നാം മിക്കവരും ഇടക്കൊക്കെ കടന്നുപോകുന്നതാണ് ഇത്തരം നിമിഷങ്ങളിലൂടെ. അതേപ്പറ്റി പക്ഷേ ഓർക്കാറില്ലെന്നുമാത്രം.


ഉദാഹരണത്തിന്, രാവിലെ അഞ്ചുമണിക്ക് അലാറം സെറ്റ് ചെയ്തിട്ടാണ് നാം ഉറങ്ങാൻ കിടന്നതെന്നു വെക്കുക. ഒരുപാട് ടെൻഷനുകളെ ഒരു വിധം മെരുക്കിയിട്ടാണ് കിടന്നതു തന്നെ. മാത്രവുമല്ല നാളത്തെ പ്രശ്നങ്ങളെപ്പറ്റി ചില ആശങ്കകളുമുണ്ട്. അതുകൊണ്ടുതന്നെ, അലാറം ശബ്‌ദിക്കുന്നതിനു തൊട്ടു മുൻപേ നാം കണ്ണ് തുറന്നു. സമയം നോക്കിയപ്പോൾ എണീക്കാൻ ഇനിയും മൂന്നു നാല് മിനിറ്റുകളുണ്ട്. മിക്കപ്പോഴും നാം പുതപ്പ് ഒന്നുകൂടെ വലിച്ചിട്ട് ഒരിത്തിരി കൂടി ഉറങ്ങാൻ നോക്കുകയാണ് പതിവ്. പിന്നെ അലാറം ശബ്ധിക്കും. കണ്ണ് തുറക്കാതെത്തന്നെ അത് ഓഫ് ചെയ്യും. പിന്നെ കുറേ കഴിഞ്ഞു നോക്കുമ്പോൾ പതിനഞ്ചു മിനിട്ടു കഴിഞ്ഞിരിക്കുന്നു! നേരം വൈകി. ബാക്കിയുള്ള കാര്യങ്ങളിലേക്കെല്ലാം തിരക്ക് വ്യാപിക്കുകയായി. 


അതിനു പകരം ഇങ്ങനെ ശ്രമിച്ചു നോക്കുക: അലാറം ശബ്‌ദിക്കുന്നതുവരെ തീർത്തും നിശ്ചലമായി കിടക്കുക. പൂർണ്ണമായ ഉണർവോടെ. പുതപ്പു നേരെയാക്കാനോ, നീണ്ടു നിവർന്നു കിടക്കാനോ ശ്രമിക്കേണ്ടതില്ല. പൊടുന്നനെ സർവ്വസ്വതന്ത്രനായതുപോലെ. പൊടുന്നനെ ഇതുവരേക്കുമുള്ള നമ്മുടെ ബാഹ്യലോകത്തെ ഛേദിച്ചുകളഞ്ഞതുപോലെ. ഏറിയാൽ നമ്മുടെ ശ്വാസത്തെ അറിഞ്ഞെങ്കിലായി. അല്ലെങ്കിൽ കാലിൽ ഒരു കൊതുക് വന്നിരുന്ന് കുത്തിയത് അറിയുന്നു. കുറച്ചു സെക്കന്റുകൾക്കു ശേഷം ഒരു പക്ഷേ നമ്മുടെത്തന്നെ മനസ്സ് അതിന്റെ പതിവ് വേലത്തരങ്ങൾ കൊണ്ടുവരുന്നത് അറിയുന്നു; അക്ഷമയും ആശങ്കയും മറ്റും. നാം പക്ഷേ പ്രതികരിക്കുന്നില്ല. അയയിൽ നിന്നും ഊർന്നുവീണ ഒരു തുണിക്കഷ്ണം പോലെ നമ്മുടെ ദേഹം അതാ കിടക്കയിൽ ചുരുണ്ടികൂടി കിടക്കുന്നത് നാം തന്നെ കാണുന്നു. അത്ര തന്നെ. വിചാരങ്ങളില്ല. പ്രാർത്ഥനയില്ല. ആശങ്കയില്ല. പിറുപിറുപ്പുകളില്ല. ആ മൂന്ന് മിനിറ്റുകൾക്ക് ദൈർഘ്യമേറെയുണ്ടാവും. ആ മൂന്നുമിനിറ്റുകൾക്ക് അസാധാരണമായ ഉണർവ്വുണ്ടാകും. ആ മൂന്ന് മിനിറ്റുകൾ നമ്മെ പുനഃപ്രതിഷ്ഠിക്കും; നമ്മുടെ സ്വതഃസിദ്ധമായ പ്രസന്നതയിലേക്ക്. പതിവുപോലെ അലാറം അടിക്കുന്നു. സ്നേഹത്തോടെ, പുതുമകളോടെ നാം ഉണരുന്നു. നമ്മുടെ കാര്യങ്ങളിലേക്ക് കടക്കുന്നു.


ലാപ്ടോപ്പിൽ നാം ഇടയ്ക്കു refresh ബട്ടൺ അമർത്തുന്നതുപോലെയാണിത്. സ്വയം ഒന്ന് റിഫ്രഷ് ആവുക. ചായ കുടിച്ചോ, സിഗരറ്റു വലിച്ചോ ശ്രദ്ധമാറ്റുന്നതുപോലെയല്ല ഇത്. പരിപൂർണ്ണമായ ശ്രദ്ധയെ തിരിച്ചുകൊണ്ടുവന്ന് പൂർണ്ണമായി പരിഷ്‌ക്കരിക്കപ്പെടുന്നതാണ് ഇത്; ഒന്ന് തളിരിട്ടതുപോലെ. ദിവസത്തിലെ ധാരാളം സന്ദർഭങ്ങളിൽ ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്. തിരക്കിട്ട ഓഫീസ് ജോലികൾക്കിടയിൽ ഒരു നിമിഷം കണ്ടെത്തുക. ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോൾ പൊടുന്നനെ ഒരു നിമിഷം കണ്ടെത്തുക. ഷോപ്പിംഗ് മാളിലെ തിരക്കിൽ അമർന്നുപോകുന്നതിനിടയിൽ പൊടുന്നനെ ഒരു നിമിഷം തനിക്കുവേണ്ടി മാറിനിൽക്കുക. അടുക്കളയിൽ, സോഷ്യൽ മീഡിയകളിൽ വ്യാപാരിക്കുന്നതിനിടയിൽ... എന്നിങ്ങനെ ധാരാളം അവസരങ്ങളുണ്ട് തന്നെത്തന്നെ പരിചരിക്കുന്നതിനായി.



ഇത്തരം നിമിഷങ്ങൾ എങ്ങനെ ധ്യാനത്തിന്റേതായി മാറ്റാം എന്നതിനെപ്പറ്റി, അതിന്റെ പ്രായോഗിക വശങ്ങളെപ്പറ്റി മാർട്ടിൻ ബൊറോസൺ (Martin Boroson) എന്നൊരാൾ ഒരു കാർട്ടൂൺ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട് - One-Moment Meditation എന്നപേരിൽ. നിർദ്ദേശങ്ങളോടൊപ്പം ഒരുനിമിഷത്തേക്കുവേണ്ടിയുള്ള ടൈം സെറ്റിങ്ങുമുണ്ട് അതിൽ. താല്പര്യമുള്ളവർക്ക് പ്രയോഗിച്ചുനോക്കാൻ ഏറെ എളുപ്പമായിരിക്കും.

click for one - moment meditation


ഒരൊറ്റ നിമിഷത്തെ ധ്യാനം.

ധ്യാനത്തെ നാം ഒരുപാടു നിമിഷങ്ങളിലേക്കു പടർത്തുകയല്ല.

അതിനു സാധ്യവുമല്ല.

ധ്യാനത്തിന്റെ ആ ഒറ്റ നിമിഷം വിടർന്നു പരിലസിക്കുക മാത്രമാണ്,

നാം എന്ന അദൃശ്യമേഘത്തിലേക്ക്. 



                                         




























10 comments: