Featured Post

Wednesday, September 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 31



നിത്യജീവിതത്തിലെ നിശബ്‌ദ വിപ്ലവം


'Better than the best' എന്നത് പലപ്പോഴും കേട്ടുപോരാറുള്ള ഒരു പരസ്യവാചകമാണ്. എന്നാൽ ആത്മ സംബന്ധിയായ വിഷയങ്ങളെ വെച്ചുകൊണ്ട് പറഞ്ഞാൽ, 'better is best' എന്ന് പറയേണ്ടി വരും. എന്തുകൊണ്ടെന്നാൽ 'best' എന്ന അവസ്ഥ  എല്ലാ തരത്തിലുമുള്ള വളർച്ചകളും മാറ്റങ്ങളും നിലച്ചുപോയ ഒന്നാണ്, ജീവിതമാകട്ടെ എല്ലായ്പോഴും പുതിയ വെല്ലുവിളികളുമായി വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ  ‘best' തീർത്തും അപ്രസക്തമായ ഒരു ആശയമായി, കാലാവധി കഴിഞ്ഞ ഒരു ഗുളികച്ചെപ്പുപോലെ,  പിന്നാമ്പുറത്തേക്ക് തള്ളപ്പെടും, അധികം വൈകാതെ. മനുഷ്യന്റെ ആന്തരികമായ / അവബോധപരമായ പരിണാമത്തെ കണക്കിലെടുത്താൽ, 'why can’t be better?' എന്ന് മാത്രമേ ചോദിക്കാനാവൂ. perfect / best ആവുക എന്നത് ഈ നിമിഷത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഓടിയൊളിക്കലായിത്തീരും; അങ്ങ് ദൂരെയുള്ള ഒരു ലക്ഷ്യത്തിലേക്ക് കണ്ണുനട്ടുകൊണ്ട് എന്ന വ്യാജേന.

ആയിരം മൈലുകളുള്ള യാത്ര തുടങ്ങുന്നത് ഒരൊറ്റ ചുവട് വെച്ചുകൊണ്ടാണ്, റോമാ സാമ്രാജ്യം പടുത്തുയർത്തപ്പെട്ടത് ഒരൊറ്റ ദിവസം കൊണ്ടല്ല, പലതുള്ളി പെരുവെള്ളം, slow and steady wins the race തുടങ്ങി ധാരാളം ചൊല്ലുകളും വാക്യങ്ങളുമുണ്ട്, ലക്ഷ്യപ്രാപ്തിയിലേക്ക് മനുഷ്യനെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനുമായി. ഭൗതികമായ നേട്ടങ്ങൾ കൈവരിക്കുന്ന കാര്യത്തിൽ വിദൂര ലക്ഷ്യങ്ങൾ അനിവാര്യമാകാം, എന്നാൽ വ്യക്തിപരമായ ബോധ പരിണാമങ്ങളിൽ, സ്വയം ഒന്ന് മാറ്റിയെടുക്കുന്നതിൽ, നിരവധി വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ശീലങ്ങളേയും അഡിക്ഷനുകളേയും മാറ്റിയെടുക്കുന്നതിൽ, ഭൂതകാലത്തിന്റെ വിചാര മാറാലകളിൽ നിന്നും പുറത്തുകടക്കുന്ന കാര്യത്തിൽ, അത്തരം ലക്ഷ്യങ്ങൾ- പെർഫെക്ടാവുക/ ഏറ്റവും നല്ലതാവുക എന്നീ ലക്ഷ്യങ്ങൾ - സംഗതികളെ സങ്കീർണ്ണമാക്കുകയേയുള്ളൂ. 


നമുക്ക് പരിചയമുള്ള സാധാരണ വ്യക്തിബന്ധങ്ങളിൽ, പൊതുവെ കാര്യങ്ങൾ സങ്കീർണ്ണമാകുന്നത് നാം മറ്റുള്ളവരിൽ നിന്നും (അത് സ്വന്തം ഭർത്താവോ ഭാര്യയോ മകനോ മകളോ ആരുമാകട്ടെ) ആവശ്യത്തിൽ കൂടുതൽ പ്രതീക്ഷിക്കുമ്പോഴാണ്. എന്നാൽ കൂടുതൽ അർത്ഥപൂർണ്ണമായ ഒരു ജീവിതം നാം കാംക്ഷിക്കുന്നെങ്കിൽ, സംഗതികൾ സങ്കീർണ്ണമാവുന്നത് നാം നമ്മിൽനിന്ന് ഉള്ളതിലധികം പ്രതീക്ഷിക്കുമ്പോഴും, ഉള്ളതിനേക്കാൾ തീരെ കുറച്ചു മാത്രം പ്രതീക്ഷിക്കുമ്പോഴുമാണ്.  ഉള്ളതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കുകയെന്നാൽ, perfection നോടുള്ള ത്വര. അല്ലെങ്കിൽ അറിയാവുന്നതിലേക്കും വെച്ച് ഏറ്റവും നല്ലതാവണമെന്നുള്ള പിടിവാശി എന്നർത്ഥം.  പിന്നിൽ മറ്റുള്ളവരുടെ അംഗീകാരം ഒരു ഇരുണ്ട നിഴലായി വർത്തിക്കുന്നുണ്ട്, എപ്പോഴും. സാധ്യമായതിനേക്കാൾ തീരെ കുറച്ചു മാത്രം പ്രതീക്ഷിക്കുകയെന്നാൽ, ഏതു തരം മാറ്റങ്ങളിൽ നിന്നും മുഖം തിരിക്കുക എന്നാണ്. ഒഴിഞ്ഞുമാറാനുള്ള ഒരു കാരണം കണ്ടെത്തലാണ്, 'അതിനുള്ള കഴിവ് തനിക്കില്ല, മറ്റുള്ളവർക്ക് അതൊക്കെ സാധിക്കും, എന്നാൽ തന്റെ കാര്യം അങ്ങനെയല്ല' എന്നിങ്ങനെയുള്ള ഒഴികഴിവുകൾ.

ഇതുരണ്ടുമല്ലാതെ മറ്റൊരു സമീപനം സാധ്യമാണ്. തന്നിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ, ചെയ്യാനുള്ള സംഗതികളുടെ വ്യാപ്തമോ കണക്കെടുപ്പോ കൂടാതെ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്തുകയോ അതിന്റെ ഭാഗമായി ഒരു വിധത്തിലുമുള്ള സമ്മർദ്ദങ്ങൾക്ക് വശപ്പെടുകയോ ചെയ്യാതെ, കൂടിയതോ കുറഞ്ഞതോ ആയ യാതൊരു പ്രതീക്ഷയും കൂടാതെ, ചെയ്തികളിലേക്ക് നേരിട്ട് ഇറങ്ങുക എന്നതാണത് - തീരെ കുറഞ്ഞ അളവിൽ. 

തീർത്തും പുതിയതെന്നു പറയാവുന്ന ഒന്നല്ല ഈ സമീപനം, മാത്രവുമല്ല ബോധപൂർവ്വമല്ലെങ്കിലും ജീവിതത്തെ ഈ രീതിയിൽ സമീപിച്ചു പോരുന്ന പലരും നമ്മുടെ ഇടയിലുണ്ടാകാം. എന്നാൽ ഇത് ഒരു സവിശേഷ സമീപനമായി ലോകമെങ്ങും അംഗീകരിക്കപ്പെട്ടത് 'kaizen' എന്ന പേരിലുള്ള ഒരു ജാപ്പനീസ് ഫിലോസഫി എന്ന നിലയിലാണ്.


ജപ്പാനിലെ കാർ നിർമ്മാതാക്കളായ ടൊയോട്ട കമ്പനി, ആദ്യം നിർമ്മിച്ചുകൊണ്ടിരുന്നത് തുണിയായിരുന്നുവത്രേ. കുറേ കാരണങ്ങൾ കൊണ്ട്, കാർ നിർമ്മാണത്തിലേക്ക് ചുവടു മാറ്റണം എന്ന് തോന്നിയപ്പോൾ, അവർ ചെയ്തത് തങ്ങളുടെ ഫാക്ടറിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കൊണ്ടുവരിക എന്നതായിരുന്നു. യാതൊരു പ്രഖ്യാപിത ലക്ഷ്യങ്ങളോ ബഹളമോ കൂടാതെ ഒരു ചെറിയ മാറ്റം, അതോടെ തീർന്നു എന്ന മട്ട്. പിന്നെ മറ്റൊരു ഭാഗത്ത് വേറൊരു മാറ്റം. അത്രയേ ഉദ്ദേശിച്ചുള്ളൂ എന്നതുപോലെ. കുറേ നാളുകൾ കഴിഞ്ഞപ്പോൾ തുണി നിർമ്മാണ ശാലയുടെ സ്ഥാനത്ത് ഒരു കാർ നിർമ്മാണ ഫാക്ടറി  സംഭവിച്ചിരിക്കുന്നു! യാതൊരു കോലാഹലവുമില്ലാതെ സംഭവിച്ച സമൂലമായ ഒരു മാറ്റം. 'kaizen' എന്ന പദം ഇൻഡസ്ട്രിയുടെയുടേയും കൂടുതൽ നൈപുണ്യമാർന്ന മാനേജ്മെന്റ് പ്രവർത്തനങ്ങളുടേയും  ലോകത്തു നിന്നും ഒരു ആത്മീയ - ധ്യാന - സങ്കേതം എന്ന രീതിയിൽത്തന്നെ സ്വീകരിക്കപ്പെടുകയായിരുന്നു പിന്നീട്.


ഒരാളുടെ നിത്യജീവിതത്തിലേക്ക് kaizen എന്ന സമീപനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നൊന്ന് പരിശോധിച്ച് നോക്കാം.




കുറേ നാളുകളായി വീട് ആകെ അലങ്കോലപ്പെട്ടു കിടക്കുകയാണെന്ന് വെക്കുക. അടുക്കള അടുക്കും ചിട്ടയും തെറ്റിയിട്ട് മൂന്നാഴ്ചയായി. എന്നും വിചാരിക്കും അടുത്ത ശനിയാഴ്ചയാകട്ടെ എന്ന്. ശനിയാഴ്ച പക്ഷേ, തിരിച്ചെത്തുമ്പോൾ വൈകും. ഞായറാഴ്ചയാണെങ്കിൽ എണീക്കുമ്പോൾ വൈകും. അങ്ങനെ ആ ആഴ്ച പോയിക്കിട്ടും. വാർഡ്രോബിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. വാഷ്‌റൂമുകളുടെ കാര്യമാണ് അതിലും കഷ്ടം. പണിക്കാരി ഒരാഴ്ചക്ക് ലീവിന് പോയതാണ്. ഇന്നേക്ക് ഇരുപതു ദിവസമായി. അപ്പോഴേ അറിയാമായിരുന്നു, പറഞ്ഞ ദിവസമൊന്നും വരില്ലെന്ന്. ഇനിയിപ്പോൾ ക്ലീനിങ്ങിനെപ്പറ്റി ആലോചിക്കുമ്പോഴേ തല ചുറ്റും. എല്ലാം കൂടി ഒറ്റക്ക് ചെയ്തു തീരുമ്പോഴേക്കും വയ്യാതാവും. മാത്രവുമല്ല, ഒറ്റയടിക്ക് അഞ്ചു മണിക്കൂർ നീക്കി വെക്കാൻ പറ്റുന്നുമില്ല.

സർവ്വസാധാരണമായ ഒരു സന്ദർഭമാണ് മേൽ പറഞ്ഞത്, ഇടക്കെപ്പോഴെങ്കിലും ഇതുപോലുള്ള ഒരു അവസ്ഥയിലൂടെ കടന്നുപോകാത്തവരില്ല. യഥാർത്ഥ സന്ദർഭം ഇതിനേക്കാൾ സങ്കീർണ്ണമായിരിക്കും, കുട്ടികളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരിക്കുമ്പോൾ. ആരോഗ്യപ്രശ്നങ്ങളും മറ്റും കൂടെയുണ്ടായാൽ സ്ഥിതി കഷ്ടം തന്നെ.

ഇവിടെ ക്ലീനിങ്ങിലേക്കു കടക്കാനുള്ള പ്രധാന കടമ്പയായി മുന്നിൽ നില്ക്കുന്നത്, എല്ലാം കഴിഞ്ഞ് സുന്ദരമായി നില്കുന്ന ഒരു വീടെന്ന ആത്യന്തിക ലക്ഷ്യമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ആ ലക്‌ഷ്യം കൈവരിക്കാൻ വേണ്ടിവരുന്ന പ്രയത്നം ഈ വ്യക്തിയെ ഭയപ്പെടുത്തുന്നു, പിന്നോട്ട് വലിക്കുന്നു.

അതിനു പകരം, ഇങ്ങനെ തീരുമാനിക്കുക: ഇന്ന് ഒരു കൊച്ചു മുറി മാത്രം വൃത്തിയാക്കാം എന്ന് വെക്കുക, കുളിമുറി തന്നെയാകട്ടെ . മൊത്തം വീട് അലങ്കോലപ്പെട്ടു കിടക്കുകയാണെന്നോ, ഇത് മാത്രം വൃത്തിയാക്കിയതുകൊണ്ട് പ്രയോജനമില്ലെന്നോ ഒന്നും വിചാരിക്കേണ്ടതില്ല. ഈ വീട്ടിൽ ഒരൊറ്റ കുളിമുറി മാത്രമേയുള്ളൂ എന്ന മട്ടിൽ കുളിമുറിയെ ഒന്ന് കുളിപ്പിച്ചെടുക്കുക. ആദ്യം കുളിമുറി മാത്രം എന്ന് വിചാരിച്ചതിനു ശേഷം എന്നാലിനി അടുക്കള കൂടി വൃത്തിയാക്കിയാലോ എന്ന് വിചാരിക്കരുത്. അത് മനസ്സുമായുള്ള സൗഹൃദത്തെ മോശമായി ബാധിക്കും. വൃത്തിയാക്കിയ കുളിമുറി പിന്നീട് വൃത്തിയായിത്തന്നെ കൊണ്ട് നടക്കണം. 

പിന്നീടൊരു ദിവസം പൊടുന്നനെ അടുക്കള വൃത്തിയാക്കാം എന്ന് ഊർജ്ജസ്വലമായ

ഒരു തോന്നലുണ്ടാകും. അപ്പോൾ അടുക്കളയിലേക്കു കടക്കുക. അതിസുന്ദരമായ കിടക്കുന്ന അടുക്കളയുടെ തൊട്ടു മുന്നിലുള്ള ഭാഗം വൃത്തികേടായി കിടക്കുന്നത് നിങ്ങളെ തെല്ലും അലോസരപ്പെടുത്താതിരിക്കട്ടെ. അടുക്കള മാത്രമേ ഈ വീട്ടിൽ ഉണ്ടായിരിക്കുന്നുള്ളൂ! അങ്ങനെയങ്ങനെ ഒരു ദിവസം കാണാനാകും വീട് മുഴുവനും വൃത്തിയായി, സ്വച്ഛമായി കിടക്കുന്നത്.

ഇതാണ് kaizen approach. ഇത് കേവലം വൃത്തിയാക്കൽ, പൂന്തോട്ടമൊരുക്കൽ തുടങ്ങിയ സംഗതികളിൽ ഒതുക്കി നിർത്താതെ, നമ്മുടെ ശീലങ്ങളേയും ഒബ്സെഷനുകളേയും വ്യക്തിത്വപരമായ 're-orientation'കളേയും സഹായിക്കുന്ന വിധത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. 


ആയിരം മൈലുകളുള്ള ഒരു യാത്ര പൂർത്തിയാക്കുക എന്ന വലിയ ലക്ഷ്യത്തെ പ്രതീക്ഷിച്ചുകൊണ്ട് സ്വയം തളർത്താതിരിക്കുക. ഒരു ചുവടുപോലും വെക്കാനാവാത്തയാളാണ് താനെന്ന നുണയിൽ വീണുപോകാതിരിക്കുക. ജീവനുണ്ട് എന്നതിനർത്ഥം ഒരു ചുവട് മുന്നോട്ടുവെക്കാം എന്ന് തന്നെയാണ്. അത് ഇപ്പോൾത്തന്നെയാകട്ടെ. അത് മാത്രം. അടുത്ത ചുവടു വെക്കാൻ നേരം ആ ചുവടു മാത്രമാകട്ടെ. യഥാർത്ഥത്തിൽ ഈ സമീപനത്തിലാണ് 'ആയിരം മൈലുകളുള്ള യാത്ര തുടങ്ങുന്നത് ഒരൊറ്റ ചുവടു വെച്ചുകൊണ്ടാണ്' എന്ന ലാവോ-ത്സു വാക്യം സാർത്ഥകമാവുന്നത്. ഫോക്കസിംഗ് സംഭവിക്കേണ്ടത് നാം മുന്നോട്ടു വെക്കുന്ന ഓരോ ചുവടിലുമാണ്; എങ്ങോ കിടക്കുന്ന ലക്ഷ്യത്തിലല്ല. ദിശ നിശ്ചയിക്കുക മാത്രമാണ് ലക്‌ഷ്യം നിർവ്വഹിക്കുന്നത്. ഓരോ ചുവടിലും നല്കിപ്പോരുന്ന പൂർണ്ണ സമർപ്പണമാണ്, ആയിരം മൈലിനേയും നിർവൃതിദായകമായ ഒരു യാത്രയാക്കി മാറ്റുന്നത്.

   




                                                                 








14 comments: