Featured Post

Thursday, November 3, 2022

ഉണർവിലേക്കുള്ള പടവുകൾ - 32




                                   സംതൃപ്തിയുടെ സൂക്ഷ്മ ഭാഷ്യങ്ങൾ

ഓണവുമായി ബന്ധപ്പെട്ട ഒരുപാട് ചൊല്ലുകളിൽ പ്രധാനമായ ഒന്ന് 'ഉള്ളതുകൊണ്ട് ഓണം പോലെ' എന്നതാണ്, (ഓണത്തിന്റെ ആഘോഷദിനങ്ങളിലാണ് ഇതെഴുതപ്പെടുന്നത് എന്നത് യാദൃശ്ചികം മാത്രം). ഓണമെന്നത്, ഏതൊരു ആഘോഷവും, സംതൃപ്‍തിയുടെ ഒരു ഏകകമായാണ് പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സംതൃപ്തിയെന്നത് - contentment; not satisfaction - ഒരുപക്ഷേ ഇടയ്ക്കിടെ കൃത്യത ഉറപ്പുവരുത്തേണ്ടതായിട്ടുള്ള (calibration) ഒന്നാണെന്ന ചില അന്തഃപ്രരണകൾ മനുഷ്യന് സഹജമായി ഉണ്ടായിവന്നതുമാകാം. 

ബാഹ്യമായ പരിതഃസ്ഥിതികൾ എന്തുമാകട്ടെ, ആന്തരികമായ ഒരു പുനഃക്രമീകരണം (resetting) സാധിച്ചെടുക്കുന്നില്ലെങ്കിൽ - കാണം വിറ്റും ഓണം ഉണ്ണുക - ദൈനം ദിന ജീവിതത്തിലെ കേവലം അഭിലാഷ നിവൃത്തികൾക്കപ്പുറം (being satisfied) ഒരാഘോഷവും അർത്ഥപൂർണ്ണമാവുന്നില്ല. അതിന്റെ പിന്നിൽ എത്ര വലിയ ഐതിഹ്യമോ കഥകളോ യഥാർത്ഥ സംഭവങ്ങളുടെ ഓർമ്മകളോ അണിനിരന്നാലും, വിപണി കൊഴുക്കുക എന്നതിൽക്കവിഞ്ഞ യാതൊരു ഫലവും ആഘോഷങ്ങളെക്കൊണ്ട് സംഭവിക്കാൻ പോകുന്നില്ല. മാത്രവുമല്ല, താരതമ്യങ്ങളുടെ തിരകളിൽ അകപ്പെട്ട് ഒരുവൻ നെട്ടോട്ടമോടി അവശനാവുകയും നിരാശനാവുകയും ചെയ്യും. അതുകൊണ്ടാണ് മിക്കവാറും ആഘോഷാവസരങ്ങളൊക്കെയും തുടങ്ങിക്കഴിഞ്ഞാൽ 'എങ്ങനെയെങ്കിലുമൊന്ന് കഴിഞ്ഞുകിട്ടിയാൽ മതി' എന്ന തോന്നലുളവാക്കുന്നത്.

മനുഷ്യൻ എക്കാലവും, ആർത്തിയും അക്രമവും അസംതൃപ്തിയും നിറഞ്ഞവനായിരുന്നു, ദേശഭേദമെന്യേ. എന്നിട്ടും പക്ഷേ എല്ലാ ദേശത്തും എല്ലാ കാലത്തും പൊതുവായ പ്രവണതകളിൽ നിന്നും മാറി നടന്ന കുറച്ചുപേരുണ്ടായിട്ടുണ്ട്. അവരാണ് ഹിംസയെന്ന വൃത്തികേടുകൾക്കുനേരെയും അസംതൃപ്തിയെന്ന മഹാമാരികൾക്കുനേരെയും ജാഗ്രപ്പെട്ടു പോന്നത്. പരിതാപകരമായ അവസ്ഥയെന്തെന്നാൽ, മനുഷ്യന്റെ സ്ഥിതി ഇനിയും അത്രയൊന്നും ശുഭകരമായി പരിണമിച്ചിട്ടില്ല എന്നതാണ്. അവനിന്നും 'Dil Mange More' എന്ന് താളം പിടിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ നേടിയാൽ കൂടുതൽ സംതൃപ്തനാവും എന്ന് അവനിപ്പോഴും ആത്മഗതം നടത്തിക്കൊണ്ടിരിക്കുന്നു.

കൂടുതൽ നേടുന്നതിനനുസരിച്ച് കൂടുതൽ satisfied ആയെന്നുവരാം, കുറച്ചു നേരത്തേക്കെങ്കിലും. എന്നാൽ, സംതൃപ്തി, അത് 'കൂടുതൽ - കുറവി'ന്റെ താരതമ്യ തലത്തിൽ വരുന്ന ഒരു തോന്നലല്ല. അത് ഒരു വ്യക്തിയുടെ ഗ്രാഹ്യത്തിന്റെ / ബോധ്യത്തിന്റെ -understanding- പശ്ചാത്തലത്തിൽ സംഭവിക്കുന്ന കൃതജ്ഞതാ ഭാവമാണ്, being thankful.


സംതൃപ്തമായ ഒരു ജീവിതത്തെപ്പറ്റിയുള്ള സൂചനയെന്നോണം ഈയടുത്ത കാലത്ത് ലോകശ്രദ്ധയാകർഷിച്ച ഒരു പദമുണ്ട് - Lagom. ഒരു സ്വീഡിഷ് ആശയമാണത്, സ്വീഡൻകാരുടെയിടയിൽ പ്രചാരത്തിലിരുന്ന ഒരു ജീവിത സമീപനം. എല്ലാ കാലത്തും എല്ലാ ഭാഷകളിലും ഇതുപോലുള്ള ആശയങ്ങളും പ്രയോഗങ്ങളും കണ്ടെത്താൻ സാധിക്കുമെന്നാണ് തോന്നുന്നത്. 

Lagom എന്നതിന് 'ഇതു ധാരാളം' എന്ന് ഏകദേശം അർത്ഥം പറയാം. ഏതൊരു സന്ദർഭത്തിലും, ഏതൊരു വസ്തുവിന്റെ ലഭ്യതയിലും, ഏതൊരു വൈകാരിക മുഹൂർത്തത്തേയും ഒരാൾ തിരിച്ചറിയുന്നതാണ് 'Lagom' എന്നത്  - 'more than enough', എന്ന് അറിഞ്ഞുകൊണ്ട് അയാൾ സംതൃപ്തനാവുകയാണ്. ‘Let’s Lagom this hut’ എന്ന ഒരു സംഭാഷണമാണ് ഉദാഹരണം. ‘Let’s Lagom this meal’. സംതൃപ്തിയുടെ ഒരു ഭാഷയാണത്, സ്വന്തം നാഡീമണ്ഡലത്തെ 'acknowledge' ചെയ്യലാണത്; ഒരു സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിനുശേഷം സിസ്റ്റം ചെയ്ഞ്ചസ് 'update' ചെയ്യാൻ ടിക്ക് മാർക്ക് ക്ലിക്ക് ചെയ്യുന്നതുപോലെ. 

എല്ലാത്തിലും മിതത്വം പാലിക്കലോ, ഉള്ളതിൽ തൃപ്തനാവുകയോ അല്ല Lagom / സംതൃപ്തിയെന്നത്. ഒരു വ്യക്തിക്ക് സംതൃപ്തനാവാൻ സാധിക്കുമ്പോൾ അതാണ് മിതത്വം. ആ വ്യക്തിയെ സംബന്ധിച്ച്, സംതൃപ്തനാകാൻ സാധിക്കുമ്പോൾ അയാൾ അനുഭവിക്കുന്നതാണ് സമൃദ്ധി. അയാളിലെ അവബോധവ്യാപ്തിയുടെ മിഴിവാണത്. ഒരാൾ തന്റെ മുഴുവൻ ശരീര - മനോ വ്യവസ്ഥയേയും സംതൃപ്തിയുടെ Lagom ഭാഷകൊണ്ട് (ഒരുപക്ഷേ ഓരോ വ്യക്തിക്കും അയാളുടേത് മാത്രമായ ഭാഷയോ ചേഷ്ടയോ രീതികളോ ഉണ്ടായിരിക്കാനാണ് സാധ്യത) സംബോധന ചെയ്യുമ്പോൾ, അയാളിൽ അപൂർവ്വസുന്ദരമായ ഒരു പ്രസാദം വന്നു നിറയുന്നു. അതേസമയം കേവലം satisfied ആയിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ, ആ സ്ഥിതിയിലേക്ക്, തന്നെ ആനയിച്ച കാരണങ്ങളെ അതേപടി കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രത അയാളിൽ പരോക്ഷമായി നിലനില്ക്കുന്നുണ്ട്; അയാളിൽ അത് വർത്തിക്കുക പ്രദർശനത്വരയായോ, സ്വാർത്ഥതയുടെ നേർത്ത ലാഞ്ചനയായോ ആയിരിക്കും.

ഇന്ദ്രിയ ചോദനകളിൽ നിന്നും തീർത്തും വ്യത്യസ്‍തമായ ഒരു ഭാഷാവിനിമയമാണ് സംതൃപ്തിയെന്നത്. അത്യപൂർവ്വമായി മാത്രം നമ്മിൽ വന്നുപോകാറുള്ളത്; അവിചാരിതമായി കണ്മുന്നിൽ പ്രത്യക്ഷമാവുന്ന ഒരു മഴവില്ലിനെപ്പോലെ. സ്വാസ്ഥ്യം എന്നത് അങ്ങനെയുള്ള നിമിഷത്തിൽ മാത്രം അനുഭവവേദ്യമാവുന്ന ഒന്നാണ്; അത് ഏതെങ്കിലും ആഗ്രഹപൂർത്തിയുടെ പരിണതഫലമല്ല. ശീലങ്ങളിൽ അധിഷ്ഠിതമായ സ്വന്തം നാഡീവ്യവസ്ഥയിൽ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മാറിനിന്നുകൊണ്ട് നിശബ്ദമായി നടത്തുന്ന സംവേദനം. ന്യൂറോളജിക്കാർ ഇത് എത്ര കണ്ട് സമ്മതിച്ചുതരുമെന്നറിയില്ല. അങ്ങനെയെങ്കിൽ നമുക്ക് ഇങ്ങനെ ഉപസംഹരിക്കാം - ഒരുപക്ഷേ നമ്മുടെ പരിചിത നാഡീവ്യവസ്ഥയെ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട് അതിനെത്തന്നെ മറികടന്നുനില്ക്കുന്ന ഒരു സൂപ്പർ ന്യൂറോളജി. ജീവശാസ്ത്രപരമായി തെളിയിക്കാൻ പറ്റാത്തപ്പോൾ പോലും അങ്ങനെയൊരു ഫലസിദ്ധിയിലൂടെ നാം എല്ലാവരും എപ്പോഴെങ്കിലുമൊക്കെ കടന്നുപോകുന്നുണ്ടെന്നതാണ് സത്യം.

'കൂടുതൽ സംതൃപ്തി' എന്നത് ഒരു വിരുദ്ധോക്തിയാണ് -oxymoron . കൂടുതൽ satisfied ആകാൻ പറ്റിയെന്നു വരാം; എന്നാൽ കൂടുതൽ സംതൃപ്തനാവാൻ സാധിക്കില്ല.


’satisfaction mania’ is another word for civilization’ എന്ന് നിരീക്ഷിച്ച ഏതോ ശാസ്ത്രകാരനുണ്ട്. സ്വർണ്ണം കടത്തുകാർ മുതൽ ശൂലം കയറ്റിയും മുട്ടിലിഴഞ്ഞും ദൈവപ്രീതി നടത്തുന്നവർ വരെ, കൂടുതൽ ധ്യാനിച്ച് കൂടുതൽ നിർവൃതിക്കായി പാടുപെടുന്നവർ മുതൽ മയക്കുമരുന്നിനെ ആശ്രയിച്ച് കൂടുതൽ ആനന്ദവും കൂടുതൽ ശക്തിയും ആർജ്ജിക്കാൻ ശ്രമിക്കുന്നവർ വരെ, കൂടുതൽ അറിവുകൊണ്ട് കൂടുതൽ അംഗീകാരം നേടാൻ ശ്രമിക്കുന്നവർ മുതൽ, കൂടുതൽ അണികളെ സ്വരൂപിച്ചുകൊണ്ട് കൂടുതൽ അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ വരെ, നാമൊക്കെയും പലപ്പോഴും 'satisfaction mania'യുടെ ഇരകളാണ്.

സംതൃപ്തിയെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന ചില പ്രായോഗിക സംശയങ്ങളുണ്ട് - ഒരുവൻ തന്റെ ചുറ്റുപാടുകളിൽ സംതൃപ്തനെങ്കിൽ, പിന്നെ അവന്റെ ജീവിതത്തിൽ പുരോഗതി ഉണ്ടാവുക എങ്ങനെയാണ്? മനുഷ്യരെല്ലാവരും ഇതുപോലെ സംതൃപ്തരായിരുന്നെങ്കിൽ ലോകം ഇന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം സംഭവിക്കുമായിരുന്നോ?

തീർച്ചയായും ഇല്ല. ലോകം ഇന്ന് കാണുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമാകുമായിരുന്നു. ലോകത്ത് എണ്ണപ്പെട്ട മാറ്റങ്ങൾക്കു കാരണക്കാരായ ഏതൊരാളും, അത് ഭൗതികമായ മുന്നേറ്റമാകട്ടെ, ബൗദ്ധികമായ മുന്നേറ്റമാകട്ടെ, തന്റെ സംതൃപ്‍തിയിൽ നിന്നും പങ്കുവെച്ചിട്ടുള്ളതാണ് ആ മാറ്റങ്ങളെല്ലാം. അതിനെ പിന്തുടർന്ന് വന്നവരെല്ലാം പക്ഷേ അങ്ങനെയായിരുന്നില്ല. അതിൽ ആകൃഷ്ടരായവരും അങ്ങനെയായിരുന്നില്ല. പങ്കുവെക്കൽ, സംതൃപ്തിയുടെ പ്രതിഫലനമായിരിക്കേ, satisfaction-ന്റെ പിന്നാലെ പായുന്നവർ മുന്നോട്ടു വെക്കുക ഒരു 'deal' ആണ്, അതെത്രതന്നെ പരോക്ഷമാണെങ്കിലും. മിക്കവാറും എല്ലാവരും തങ്ങളുടെ അസംതൃപ്തികൾക്ക് അറുതി വരുത്താൻ കൂടുതൽ സൗകര്യങ്ങൾ, കൂടുതൽ എളുപ്പവഴികൾ, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ലാഭം കൈവരിക്കൽ എന്നിങ്ങനെ ശ്രമിച്ചതിന്റെ പരിണതിയാണ് നാം ഇക്കാണുന്ന അസ്വാസ്ഥ്യം നിറഞ്ഞ ഈ ലോകം. ആർക്കറിയാം, സംതൃപ്തിയിൽ നിലയുറപ്പിച്ച ഒരു സമൂഹമായിരുന്നെങ്കിൽ, ഇപ്പോഴത്തേതിനേക്കാൾ മനോഹരമായ ഒരു ലോകമായിരിക്കില്ല എന്ന് എങ്ങനെയാണ് ഉറപ്പിക്കാനാവുക? ചുരുങ്ങിയ പക്ഷം, ഇത്രക്കും ദുരിതം നിറഞ്ഞതായിരിക്കില്ല അതെന്ന് ഉറപ്പ്.


സംതൃപ്തിയുടെ 'lagom' ഭാഷകൾ സ്വന്തമായികണ്ടെത്തുക.  സംതൃപ്തിയെന്നത് ഒരാൾ തന്നിലേക്ക് സ്വയം നിറയുന്നതാണ്. രാവിലത്തെ 'ബെഡ് കോഫി' മുതൽ രാത്രിയിലെ 'goodnight' വരെ ജീവിതമെന്നത് സംതൃപ്തിയുടെ, thankfulness-ന്റെ, ഒരു പ്രയോഗശാലയാക്കി ശ്രമിച്ചുനോക്കിയാലോ? വളരെ സ്വകാര്യമായി, രഹസ്യമായി ആസ്വദിച്ചുപോരുന്ന ഒരു മൊബൈൽ ഗെയിമിനെപ്പോലെ?


ഉറങ്ങാൻ കിടക്കുമ്പോൾ 'enough for today' എന്നറിയുക, നന്ദിപൂർവ്വം.



                                  *                                  *                                     *


ഈ ലേഖനത്തിന്റെ അനുബന്ധമായി ഒരു വ്യക്തിയെ ഓർത്തെടുക്കാതെ വയ്യ: 


ഇതുവരേക്കുമുള്ള ജീവിതത്തിലെ 'golden days' എന്ന് പറയാവുന്ന
ദിനങ്ങൾ സംഭവിച്ചത് മഹാരാഷ്ട്രയിലെ 'ഗുഹാഘർ' എന്ന ഗ്രാമത്തിലെ കടൽത്തീരത്തായിരുന്നു. അവിടേക്കെത്തിച്ചേരാൻ കാരണക്കാരനായ ഒരു വ്യക്തിയുണ്ട്: മഹാരാഷ്ട്രയിൽത്തന്നെ മറ്റൊരിടത്ത് താമസിക്കുമ്പോൾ തൊട്ടുള്ള വാടകമുറിയിൽ കഴിഞ്ഞുപോന്നിരുന്ന അയൽക്കാരൻ.  ആറുമാസത്തെ വാസത്തിനിടെ രണ്ടു തവണയേ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടായിരുന്നുള്ളൂ. മറ്റുള്ളപ്പോഴൊക്കെ, അയാളുടെ മുഖത്ത് എല്ലായ്‌പ്പോഴുമുണ്ടായിരുന്ന ഒരു മന്ദസ്മിതമുണ്ട്...ഔപചാരിക സംഭാഷണങ്ങളെക്കൊണ്ട് ആ സ്മിതത്തെ അലോസരപ്പെടുത്തേണ്ടെന്ന് വെക്കും. അങ്ങനെയാണ് അയാളുടെ പേരുപോലും ചോദിക്കാതെ പോയത്.

മഹാരാഷ്ട്രയിലെത്തന്നെ ദൂരെയുള്ള ഏതോ ഒരു ഗ്രാമത്തിൽ നിന്നും തന്റെ പ്രണയിനിയുമായി ഓടിപ്പോന്നതായിരുന്നു അയാൾ. ഇപ്പോൾ മൂന്നു പെണ്മക്കളോടൊപ്പം അയാളും ഭാര്യയും സംതൃപ്‌തരായി ജീവിക്കുന്നു. ഗ്യാസ് കട്ടറുകൾ റിപ്പയർ ചെയ്തുകൊടുക്കലായിരുന്നു അയാളുടെ വരുമാന മാർഗം. ഉയരം കുറഞ്ഞ്, മെലിഞ്ഞ ശരീരം. പുറത്തേക്കു വരുമ്പോഴൊക്കെയും ഏറെ വൃത്തിയുള്ള വെള്ള നിറത്തിലുള്ള ഒരു ബനിയൻ ധരിച്ചിരിക്കും അയാൾ. അതിലുമുപരി അയാളുടെ മുഖത്തെ ആ മന്ദഹാസം, സത്യം പറയാമല്ലോ, ചിലപ്പോഴെങ്കിലും നമ്മെ അസ്വസ്ഥരാക്കും, നമ്മിലെ ധൃതിയും ആർത്തിയുമെല്ലാം നമുക്കുനേരെ തിരിഞ്ഞുനിന്ന് മുഖം കോട്ടുന്നതുപോലെ തോന്നും. അയാളുടെ പ്രകൃതത്തിൽ തിളങ്ങിനിന്നിരുന്ന സംതൃപ്തി ഒന്നു കൊണ്ടുതന്നെ, പലപ്പോഴും അയാളോട് സംസാരിക്കാതെ കടന്നുപോകാമെന്നു വെക്കാറുണ്ട്.


ഒരു വൈകുന്നേരം ഇടനാഴിയിൽ വെച്ച് കണ്ടപ്പോൾ യാതൊരു മുഖവുരയും കൂടാതെ അയാൾ പറഞ്ഞു,'നാളെ രാത്രി ഞാൻ ഒരു യാത്ര പോവുകയാണ്. ഗുഹാഘർ എന്ന സ്ഥലത്തേക്ക്. അവിടെയടുത്തുള്ള തെർമൽ പ്ലാന്റ് പ്രോജെക്റ്റിൽ കുറേകൂടി ജോലിസാധ്യതകൾ ഉണ്ടത്രേ. ഇവിടത്തെ ജോലികൾ ദിനം തോറും കുറഞ്ഞുവരികയാണ്. ഞാൻ പോയി വന്നിട്ട് പറയാം. നിങ്ങൾ അങ്ങോട്ട് വന്നേ തീരൂ. മനോഹരമായ സ്ഥലമാണത്.'

ഒരാഴ്ച കഴിഞ്ഞു കണ്ടപ്പോൾ അയാൾ ആ യാത്രയെപ്പറ്റി വിവരിച്ചു. ഒരുപക്ഷേ, സംതൃപ്തിയിലേക്കുള്ള ചുവടുവെപ്പുകളാണ് ഏതു യാത്രയും എന്ന് ഓർമ്മിപ്പിച്ചത് ആ വിവരണമായിരുന്നു. 

അയാൾ പറഞ്ഞു തുടങ്ങി: “പാതിരാത്രിയിലാണ് അവിടെ ബസിറങ്ങിയത്. ഹാവൂ, സമാധാനമായി. ആ ബസ് കിട്ടിയില്ലായിരുന്നെങ്കിൽ, പിന്നെ ഒരു ദിവസം നഷ്ടമായേനെ. ഈ രാത്രിയിൽ തങ്ങാനൊരിടം എവിടെ കിട്ടും എന്നാലോചിച്ചു നില്ക്കുമ്പോൾ, ഒരു അപരിചിതൻ വന്ന് എന്നെ കൂട്ടികൊണ്ടുപോയി. അയാൾ അയാളുടെ തൊഴുത്തിന് പിറകിലുള്ള ചാണകം മെഴുകിയ ഒരു കൊച്ചു മുറി അനുവദിച്ചു തന്നു. എനിക്കങ്ങു സന്തോഷമായി. അയാളെ കണ്ടില്ലായിരുന്നുവെങ്കിൽ രാത്രി മുഴുവനും ഞാൻ ബസ്- സ്റ്റാൻഡിൽത്തന്നെ കഴിച്ചുകൂട്ടേണ്ടി വന്നേനെ. നല്ല വിശപ്പുണ്ടായിരുന്നു. അയാൾ എനിക്ക് വലിയ ഒരു കപ്പു നിറയെ കുടിവെള്ളം കൊണ്ടുതന്നു. ഭക്ഷണം കിട്ടിയില്ലെങ്കിലെന്താ? അയാൾ സ്നേഹത്തോടെ കൊണ്ടുത്തന്ന വെള്ളം കുടിച്ചപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു. ഞാൻ സുഖമായി കിടന്നുറങ്ങി. രാവിലെ എണീറ്റ് പ്രൊജക്റ്റ് പരിസരത്തേക്ക് പോയി. അവിടെയുള്ളവരെല്ലാം നല്ലയാളുകൾ. എനിക്കുറപ്പുണ്ട് അവിടെ ചെന്നാൽ ധാരാളം പണിയുണ്ടായിരിക്കുമെന്ന്.”

അയാളുടെ വിവരണങ്ങൾ പിന്നെയും ഏറെ നീണ്ടുപോയിരുന്നു. അതു കേട്ട് കഴിഞ്ഞപ്പോഴേക്കും എനിക്കും തോന്നി അയാൾ പറഞ്ഞേടത്തേക്ക് എന്തായാലും പൊയ്ക്കളയാമെന്ന്. സ്വാസ്ഥ്യം നിറഞ്ഞ പക്ഷിക്കൂട്ടിലേക്ക് ഒരു ക്ഷണം കിട്ടിയതുപോലെ. 

അയാളുടെ വാക്കിലും നോക്കിലും തിളങ്ങി നിന്ന സംതൃപ്തിഭാഷ്യങ്ങൾ, അയാളുടേത് മാത്രമാണ് എന്ന് അറിയാമായിരുന്നെങ്കിലും, അയാൾ പരാമർശിച്ചേടത്തേക്കു താമസം മാറാൻ പ്രേരണയായത് ആ സംഭാഷണമായിരുന്നു.

ഓഷോയുടെ ലോകത്തിലേക്ക് പദം വെച്ചു തുടങ്ങിയ നാളുകളായിരുന്നു അവ.

ലക്ഷ്വറി, ലാളിത്യം എന്നീ പദങ്ങൾ അസാധാരണങ്ങളായ വെല്ലുവിളികളുയർത്തിക്കൊണ്ട് മിക്ക സന്ദർഭങ്ങളിലും മുന്നിൽവന്നുനിന്നു. സംതൃപ്തി എന്ന മിനിമം യോഗ്യത നേടാത്തപ്പോൾ തൊടുന്നതെന്തും വെറും ലക്ഷ്വറിയാണെന്നറിയാൻ തുടങ്ങി, അത് ഒരു കഴിഞ്ചു ശ്വാസമാണേലും. സംതൃപ്തിയെ ആർജ്ജിച്ചവനെങ്കിലോ, ഈ പ്രപഞ്ചമത്രയും ലളിതസുഭഗമായ ലീലാവിലാസങ്ങൾ മാത്രം. 

'I like simply the best' എന്ന ഓഷോ പ്രയോഗം ആഡംബരത്തിന്റേയും ലാളിത്യത്തിന്റേയും അതിർത്തി ശാഠ്യങ്ങളെ കലക്കിമറിച്ചു. അതീവ സങ്കീർണ്ണങ്ങളായ സാഹചര്യങ്ങൾക്കു നടുവിൽ നിന്ന് സംസാരിച്ചതിനൊടുവിൽ, മന്ദഹാസത്തോടെ 'enough for today' എന്ന് ഓഷോ തന്റെ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ, സംതൃപ്തിയെന്നതാണ് ജീവിതത്തിലെ ഒരേയൊരു 'unconditional entity' യെന്നുവരെ തോന്നിയിട്ടുണ്ട്; 'unconditional love' എന്നതൊക്കെ തീരെ ഉപരിപ്ലവമത്രേ! 










11 comments: