Featured Post

Friday, October 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 42

The Eye by Rene Magritte via Art Institute Chicago

അപരജീവിതം

The other is hell - അപരൻ നരകമാണ് - എന്ന് പറഞ്ഞത് സാർത്ര് ആയിരുന്നത്രെ. മറ്റുള്ള ഏതു തത്വചിന്താ പ്രസ്താവവും അത്രക്കങ്ങ് പിടികിട്ടീല എന്ന് തോന്നിപ്പിച്ചാലും ഈ

വാക്യം അങ്ങനെയല്ല. മിക്കവരും പെട്ടെന്ന് തന്നെ അതെയെന്ന് തലകുലുക്കിപ്പോകും. എന്തെന്നാൽ തന്റെ ഏറ്റവും പ്രിയപ്പെട്ടവരെപ്പറ്റി പോലും 'ഇതൊരു നരകമാണല്ലോ' എന്ന് ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടാകില്ല. 

അപരനെപ്രതിയാണ് നമ്മുടെ ജീവിതം ദുരിതമയമായിത്തീർന്നതെന്നോ നരകമായി മാറിയതെന്നോ തോന്നുമെങ്കിലും അപരനല്ല നമ്മുടെ നരകജീവിതത്തിലെ പ്രതി എന്ന് മനസ്സിലാക്കാൻ വളരെ വലിയ ആത്മാർത്ഥത ആവശ്യമുണ്ട്. അതങ്ങനെയാണെന്ന് പെട്ടെന്ന് മനസ്സിലാകാതിരിക്കാനുള്ള ഒരു കാരണം, അപരനെത്തന്നെയാണ് നാം നമ്മുടെ സന്തോഷത്തിന്റെയും സുഖജീവിതത്തിന്റെയുമെല്ലാം കാരണക്കാരനാക്കി നിയോഗിച്ചിട്ടുള്ളത് എന്നതാണ്. അപരന്റെ അഭിപ്രായത്തിലാണ് നമ്മുടെ ആനന്ദത്തിന്റെ താക്കോൽ നാം തിരുകിവെച്ചിരിക്കുന്നത്. അപരനാണ് നമ്മുടെ നിത്യജീവിതത്തിലെ നിസ്സാര സംഗതികൾക്കു പോലും അനുവാദം തരുന്നതും അനുമതി നിഷേധിക്കുന്നതും. നാം കണ്ണാടിയിൽ വെറുതെയൊന്ന് മുഖം നോക്കുമ്പോൾ പോലും ഉറപ്പുവരുത്തുന്നത് അപരന്റെ കാഴ്ചപ്പാടിൽ വലിയ കുഴപ്പങ്ങളൊന്നുമില്ലല്ലോ, അപരന്റെ കണ്ണുകളിൽ തന്റെ മുഖം അത്ര മോശമൊന്നുമല്ലല്ലോ എന്നാണ്.

ഈ അപരന് ഒരുപാട് തലങ്ങളുണ്ട്. കേവലം നമ്മുടെ മുന്നിൽ വന്നുപെടുന്ന പരിചയക്കാരോ വഴിപോക്കരോ, പരിചയമില്ലെങ്കിലും നാം നേരിടുന്ന സമൂഹമോ മാത്രമല്ല, നാം വളർന്നുവന്ന വീട്ടുപരിസരം മുതൽ, നമ്മുടെ അദ്ധ്യാപകരും നമ്മുടെ പ്രവൃത്തി മണ്ഡലവും, മതവും മതമില്ലായ്കയും രാഷ്ട്രീയ നിലപാടുകളും, നമ്മുടെ ഇച്ഛയും ഇച്ഛാഭംഗങ്ങളും തുടങ്ങി ഒട്ടു വളരെ വലിയ ഒരു നിരതന്നെ അപരന്മാരായി നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നുണ്ട്. കാണുന്നതും കേൾക്കുന്നതുമെല്ലാം അപരന് പ്രാധാന്യം കൊടുത്തുകൊണ്ട് നാം തലതിരിച്ചിടുന്നു, മിക്കപ്പോഴും. അങ്ങനെയാണ് 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവാക്യത്തെ 'അപരന് സുഖമാവുന്നതാണ് ആത്മസുഖമെന്ന്' നാം വിലകുറഞ്ഞ സന്മാർഗ്ഗ പാഠമാക്കി ഗ്രഹിച്ചുപോരുന്നത്. എല്ലാ മതങ്ങളും പരിശീലിപ്പിക്കുന്നത് 'അപരപാഠങ്ങളാണ്' - അങ്ങനെയാണ് സർവ്വശക്തനും സർവ്വവ്യാപിയുമായ ഒരു ദൈവത്തെ നാം നമ്മുടെ നിതാന്ത അപരനായി തൂണിലും തുരുമ്പിലും വാഴിക്കുന്നത്. 

അപരന്റെ അഭിപ്രായവും കൂടെയുള്ള ഗുഹാ വാസികളുടെ അംഗീകാരവും ഒരു ജീവന്മരണ പ്രശ്നമായി നിലനിന്നിരുന്ന ആയിരക്കണക്കിന് വർഷങ്ങളുടെ തലക്കനങ്ങൾ, അതൊരു സഹജപ്രകൃതമാണെന്ന സഹതാപത്തിലേക്ക് നമ്മെ തള്ളിയിടുന്നു. ന്യൂറോളജിസ്റ്റുകളും സമൂഹ ശാസ്ത്രജ്ഞരും മറ്റും ഇതിനെ വിളിക്കുന്നത് 'CAVEMAN EFFECT’ എന്നാണ്. ചുറ്റുപാടുകളുടെ അംഗീകാരത്തിന് ഇത്രയും പ്രാധാന്യം വന്നുപോയത് ഏറെ പഴയ ഒരു HANGOVER- ന്റെ  ഭാഗമായിട്ടാകാം.

ഗുഹാവാസം അവസാനിച്ചിട്ടും, മറ്റുള്ളവരുടെ അംഗീകാരം നിലനില്പിന് അത്യന്താപേക്ഷിതമല്ലാതായി മാറിയിട്ടും, ഉറക്കപിച്ചിലെന്നോണം നാം ആ ഹാങ്ങോവറിനെ പെരുപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഇപ്പോഴും. നാം സന്തോഷവാനാണോ, സംതൃപ്തനാണോ എന്നൊന്നും സ്വയം അറിയാനാവാത്ത സ്ഥിതിയായി. നമ്മുടെ വൈകാരിക ചാർട്ടുകളെല്ലാം പുറമെ നിന്ന് ആരെങ്കിലും വന്ന് ടിക് മാർക്ക് ചെയ്യാൻ കാത്തിരിക്കുകയാണ് നാം. ആരും വരുന്നില്ലെങ്കിൽ അവരെ ആകർഷിക്കാനുള്ള പെടാപാടുകളായി. ആരും വന്നില്ലെങ്കിൽ നിരാശയായി. തമാശയെന്തെന്നാൽ, എല്ലാവരും ഇതേ തിരക്കിൽ നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്. ഇടക്കെപ്പോഴെങ്കിലും ഇതേ ആവശ്യമുള്ള രണ്ടാളുകൾ തമ്മിൽ പരോക്ഷമായ ഒരു കരാറിലെത്തുന്നു, പരസ്പരം അംഗീകരിച്ചുകൊള്ളാമെന്ന്, പരസ്പരം പുകഴ്ത്തിക്കൊള്ളാമെന്ന്. നാം അതിനെ വലിയ സ്നേഹമെന്നും സൗഹൃദമെന്നുമൊക്കെ വിളിച്ചുകൂവി നടക്കുന്നു.


എങ്ങനെ കൂടുതൽ സമൂഹപ്രീതി സമ്പാദിക്കാം എന്ന ചിന്തയുടെ ഭാഗമായാണ് നാം വാഴ്ത്തുന്ന മിക്ക സർഗ്ഗസൃഷ്ടികളും കലകളുമെല്ലാം പിറന്നുവീണത്, ചുരുങ്ങിയ പക്ഷം അവ പ്രചരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും അങ്ങനെയാണ്. വൈയക്തികത - INDIVIDUALITY - യിൽ ഊന്നിക്കൊണ്ടുള്ള ഏതൊരു ചുവടുവെപ്പും നിരുത്സാഹപ്പെടുകയോ എതിർക്കപ്പെടുകയോ ചെയ്യപ്പെട്ടു. ഒരാൾ സ്വസ്ഥമായി ഒരിടത്ത് മിണ്ടാതിരുന്നാൽ, അയാൾ ആരെയും ഗൗനിക്കാതെയും ആരെയും ഉപദ്രവിക്കാതേയും തന്റെ പാട്ടിന് ജീവിക്കാൻ തുടങ്ങിയാൽ, അയാൾ പിന്നെ സംശയ നിഴലിലായി, അയാൾ അഹങ്കാരിയായി, അയാൾ ഒന്നിനും കൊള്ളാത്തവനായി. 

അംഗീകാരങ്ങൾക്കു വേണ്ടിയുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ നാം ഇന്ന് സോഷ്യൽ മീഡിയയിൽ എത്തിനില്ക്കുന്നു. ആരും തിരിഞ്ഞുനോക്കാത്തപ്പോൾ വെറുതെ ഒന്ന് ഓരിയിടുകയെങ്കിലും ചെയ്യാമല്ലോ. ആരും നമ്മുടെ രൂപത്തെ നോക്കുന്നില്ലെങ്കിൽ, ഒരു സെൽഫിയെടുത്ത് നാം തന്നെ അപരനായി മാറി നിന്നുകൊണ്ട്, നമ്മെത്തന്നെ 'ഹായ്, കൊള്ളാം' എന്ന് പറയുന്ന പരിപാടി. മറ്റുള്ളവരെ പ്രശംസിക്കുന്നതിലൂടെയെങ്കിലും തനിക്കിത്തിരി പ്രാധാന്യം കിട്ടിയാലായി എന്ന് വിചാരിക്കുന്നവർ. സോഷ്യൽ മീഡിയ ഇത്തരം സകല കലാപരിപാടികൾക്കും കളമൊരുക്കുന്നു എന്നതാണ് നമ്മുടെ ആശ്വാസം. ജീവിതത്തിൽ ഒരിക്കലും ക്ലാസിക്കൽ സംഗീതം ആസ്വദിച്ചിട്ടില്ലാത്തവനും ആ മേഖലയിലെ ആരെങ്കിലും മരണപ്പെട്ടാൽ ഒരു പടം വെച്ച് ആദരാഞ്ജലി അർപ്പിച്ച്, താനും നിസ്സാരക്കാരനല്ല എന്ന് കാണിക്കാൻ എളുപ്പമായി. 

കൊച്ചു കുട്ടികളെപ്പോലും നാം സെൽഫി നരകത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടിരിക്കുന്നു. അവരവരുടേതു മാത്രമായ സന്തോഷങ്ങളും വേദനകളും കുസൃതികളുമൊക്കെയായി സ്വയം മറന്നുകഴിയേണ്ട ബാല്യത്തെ നാം പഠിപ്പിക്കുന്നത് എങ്ങനെ ഒരു ‘show piece’ ആയി മാറാം എന്നാണ്. എങ്ങാനും ഏതെങ്കിലും ഒരു കുട്ടി അല്പം പാടുകയോ ആടുകയോ താളം പിടിക്കുകയോ ചെയ്‌താൽ, അവനിലെ ആ കഴിവിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാനാവും വിധം ആസ്വാദ്യതയുടെ പാഠങ്ങളല്ല നാം അവനായി ഒരുക്കിക്കൊടുക്കുന്നത്. പ്രോത്സാഹനം എന്ന പേരിൽ നാം ആ കുട്ടിയിൽ ഇൻജെക്റ്റ് ചെയ്യുന്നത് അപരോന്മുഖത്വമാണ്; വാർത്തയായും  ഇൻസ്റ്റയായും, എഫ് ബി യായും ലൈക്കുകൾ എന്ന ഉപരിപ്ലവതയിലേക്ക് ആ കുഞ്ഞിനെ ആനയിക്കുകയായി. പിന്നെ പിരിവ്, ഫ്ളക്സ് ഇത്യാദികൾ വേറെ. ഭൗതികമായ സ്വയം പര്യാപ്തതക്കൊപ്പം വൈകാരികമായ സ്വയം പര്യാപ്തത - art of contentment- നമ്മുടെ കരിക്കുലത്തിൽ ഇടം പിടിക്കുന്നില്ല. നേരെചൊവ്വേ ഒരു കഥ പോലും ആസ്വദിക്കാൻ അറിയാത്തവരാണെങ്കിലും, കുടുംബശ്രീയിൽ പോലും സിനിമാപിടിത്തം സംഘടിപ്പിക്കാനാണ് നമുക്ക് താല്പര്യം. സെലിബ്രിറ്റി മാനിയ എന്നത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരേപോലെയാണ്.

 

കലകളാകട്ടെ, സമൂഹ മാധ്യമങ്ങളാകട്ടെ, പ്രദർശനങ്ങളാകട്ടെ, പ്രശസ്തിയാകട്ടെ ഒന്നിനേയും അന്ധമായി നിഷേധിക്കാനല്ല പറഞ്ഞുവരുന്നത്. സംതൃപ്തനായ ഒരാളും ഇതുപോലെയൊക്കെത്തന്നെയായിരിക്കും സമൂഹത്തിൽ പെരുമാറിപ്പോരുന്നത്. പക്ഷേ അയാളുടെ സംതൃപ്തിയും സന്തോഷവും കാഴ്ചക്കാരുടെ കയ്യിലായിരിക്കില്ല എന്ന് മാത്രം. കൈവരുന്ന പ്രശസ്തിയിൽ അയാൾ സന്തോഷിക്കുക തന്നെ ചെയ്യും, അങ്ങനെയാണ് വേണ്ടതും. ആ പ്രശസ്തിക്ക് പക്ഷേ അയാളുടെ ജീവിതത്തിനു മേൽ യാതൊരു മേൽക്കയ്യുമുണ്ടായിരിക്കില്ല.



സ്വന്തം ജീവിതത്തെ അപരന് - ബാഹ്യമായ ജീവിതസാഹചര്യങ്ങൾക്ക് - അധീനപ്പെടുത്തുമ്പോൾ, അത് നരകമായേ പറ്റൂ; അതിന് സ്വർഗത്തിന്റേതായ മോടിയുണ്ടായാലും. അവനവനിൽ പടുക്കപ്പെടുന്ന ജീവിതം എത്രതന്നെ ദുരിതമയമായാലും, അതിന്റെ വാതിലുകൾ സ്വർഗീയതയിലേക്കാണ് - HEAVEN OF UNDERSTANDING - ആത്യന്തികമായി തുറക്കപ്പെടുന്നത്. അപരനല്ല നരകമാവുന്നത്; അപരോന്മുഖത്വമാണ്. OTHER IS JUST AN EXCUSE.


                       *                             *                           *

ആശുപത്രിജീവനക്കാരുടെ അനാസ്ഥയുടെ ഭാഗമായി, ഒരിക്കൽ മുല്ല നാസിറുദീന്റെ ഭാര്യയുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടി. ഭാര്യ അപ്പോഴേക്കും ബഹളം വെക്കാൻ തുടങ്ങി. അവർ ഡോക്ടർമാരെയും ആശുപത്രിക്കാരേയും പറ്റി വായിൽ തോന്നിയതൊക്കെ വിളിച്ചുപറയാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ മുല്ലാ നാസിറുദീൻ പറഞ്ഞു, 'നീയിങ്ങനെ വിളിച്ചുകൂവാതെ. നിന്നെപ്പോലെയല്ല ഡോക്ടർമാരും മറ്റും. വിവരോം വിദ്യാഭ്യാസോം ഉള്ളവരാണ്. അവർ പറയുന്നത് ശരിയായിരിക്കും. നീ ശരിക്കും ചത്തിട്ടുണ്ടാകും. ഇല്ലെന്നുള്ളത് നിന്റെ വെറും തോന്നലാകും.'


                                                           











16 comments:

  1. 🙏🙏🙏🙏🙏🙏❤️💚

    ReplyDelete
  2. solionrabbit@gmail.comOctober 21, 2023 at 10:27 AM

    സ്വന്തകർമ്മവശരായ് തിരിഞ്ഞിടു-
    ന്നന്തമറ്റ ബഹുജീവകോടികൾ,
    അന്തരാളഗതിതന്നിലൊന്നൊടൊ-
    ന്നന്തരാ പെടുമണുക്കളാണു നാം.

    ReplyDelete
  3. അപരജീവിതം ❤️

    ReplyDelete