Featured Post

Wednesday, November 20, 2024

ഉണർവിലേക്കുള്ള പടവുകൾ - 54

 

                                 

                                          ഭയം : ഇരുളും വെളിച്ചവും 


എല്ലാ ജീവിവർഗ്ഗങ്ങളിലും ഒരുപോലെ സമ്മാനിതമായിരിക്കുന്ന ഒന്നാണ് ഭയം. മനുഷ്യനിൽ പക്ഷേ, അവനു ലഭ്യമായിരിക്കുന്ന മറ്റു പാരിതോഷികങ്ങളുമായി (സ്നേഹം, ചിരി, സഹാനുഭൂതി എന്നിങ്ങനെ) താരതമ്യം ചെയ്യുമ്പോൾ, ഭയം ഒരു കുറച്ചിലായാണ് പലപ്പോഴും പരിഗണിക്കപ്പെടാറുള്ളത്; അവനിലെ ഒരു പരിമിതിയായി. അതുകൊണ്ടുതന്നെ സ്നേഹം, പ്രണയം ഇത്യാദി വികാരങ്ങളെപ്പറ്റി കൊട്ടിഘോഷിക്കാറുള്ളതുപോലെ, ഭയത്തെ സാധാരണയായി ആരും പരാമർശിക്കാറില്ല; മനഃശാസ്ത്രജ്ഞരോ ആ മേഖലയിൽ പ്രവർത്തിക്കുന്നവരോ ഒഴികെ. 


ജീവന്റെ പരിണാമ ഘട്ടങ്ങളിൽ ഒരു അടിസ്ഥാന ജീവൻ രക്ഷാ ഉപാധിയായി
വികസിച്ചുവന്ന ഭയം, അവബോധത്തിന്റെ പിന്നീടുണ്ടായ വളർച്ചയിൽ, കേവലം ശാരീരികമായ പ്രതികരണം എന്നതിലുപരി മാനസികമോ വൈകാരികമോ ആയ പ്രതിപ്രവർത്തനം എന്ന നിലയിലേക്ക് ആർജ്ജിതമായിട്ടുണ്ട്, മനുഷ്യനിൽ വിശേഷിച്ചും. ഉയർന്ന ബോധാവസ്ഥയിലുള്ള ഒരു ജീവിയെ സംബന്ധിച്ച്, ശാരീരിക സുരക്ഷയോളം തന്നെ, അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യം അവന്റെ വൈകാരിക ജീവിതത്തിനുണ്ട് എന്ന് അസ്തിത്വപരമായി ബോധ്യപ്പെട്ടതുകൊണ്ടാകാം, മനുഷ്യനിലെ ഭയങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണ്ണങ്ങളായിത്തീർന്നത്.


എന്താണ് ഭയം? എന്ന ചോദ്യത്തിന് നാരായണ ഗുരു നല്കിയ ഉത്തരം ഏറെ മൂർച്ചയുള്ളതാണ് - 'തന്നിൽ നിന്നും അന്യമായിട്ടുള്ള മറ്റെന്തോ ഉണ്ടായിരിക്കുന്നുണ്ട് എന്ന് തോന്നുന്നിടത്താണ് ഭയം ജനിക്കുന്നത്.' ഏകദേശം സമകാലീനനായിരുന്ന ഹെർമൻ മെൽവിൽ ('മോബിഡിക്' എഴുതിയ അമേരിക്കൻ നോവലിസ്റ്റ്) ഇതുപോലുള്ള ഒരു വാക്യം ഉച്ചരിച്ചിട്ടുണ്ടെന്നുള്ളത് സന്തോഷം പകരുന്നു - 'Ignorance is the parent of fear'.


നമ്മുടെ ഭയത്തിന്റെ പ്രകൃതങ്ങൾ അവിശ്വസനീയമാം വിധം വൈവിധ്യമാർന്നതാണ്. ഇരുട്ടിനോടുള്ള ഭയം, പ്രകാശത്തിനോടുള്ള ഭയം, ഉയരത്തിനോടുള്ള ഭയം, തനിച്ചാവുന്നതിലുള്ള ഭയം, എതിർ ലിംഗത്തിലുള്ള വ്യക്തികളോടുള്ള ഭയം, ആൾക്കൂട്ടത്തിനോടുള്ള ഭയം, മറ്റു ജീവിവർഗങ്ങളോട് ഇടപഴകുന്നതിലുള്ള ഭയം, അതിൽത്തന്നെ പാമ്പ് തുടങ്ങിയ ഇഴജന്തുക്കളോടുള്ള ഭയം, ഫോബിയ എന്ന് വിളിക്കാവുന്ന തരത്തിൽ അകാരണമായവയാകാം ഇവയിൽ മിക്കവയും.

 

എന്നാൽ കൂടുതൽ സങ്കീർണ്ണങ്ങളായ മറ്റു ചില ഭയങ്ങളുണ്ട്, ഒരുപക്ഷേ anxiety disorder എന്ന് പറയാവുന്നവ: ചിരിക്കാനുള്ള ഭയം, കരയാനുള്ള ഭയം (അവർക്കുപോലും മനസ്സിലാവാത്ത വിധം അവരിൽ കരച്ചിൽ തടയപ്പെടുന്നു!), സ്നേഹത്തോടുള്ള ഭയം, മറ്റുള്ളവരോട് അടുക്കാനുള്ള (intimacy) ഭയം, ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ഭയം എന്നിങ്ങനെ. നിരസിക്കപ്പെടുമോ എന്നുള്ള ഭയം, തെറ്റുപറ്റിപ്പോകുമോ എന്നുള്ള ഭയം, സമൂഹം എന്ത് വിചാരിക്കും എന്ന ഭയം, commitment-നോടുള്ള ഭയം, തോൽവിയോടുള്ള ഭയം എന്നിങ്ങനെ മനുഷ്യന് പൊതുവായുള്ള ഭയങ്ങൾക്കു പുറമെയാണിത്. ആത്യന്തികമായി ഈ ഭയങ്ങളെല്ലാം ചെന്നെത്തി നില്ക്കുന്നത് മരണത്തിനോടുള്ള ഭയത്തിലാണെന്നു പറയപ്പെടുന്നു.


ഭയത്തിന്റെ മറ്റൊരു സ്വഭാവമാണ്, ഭയം ജനിപ്പിക്കുന്ന സന്തോഷം. അത്യധികമായ അളവിൽ അഡ്രിനാലിൻ ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാകാം, യഥാർത്ഥത്തിൽ ഭീഷണിയുണ്ടായിരിക്കുന്നില്ല എന്ന ബോധ്യത്തിൽ, ഭയപ്പെടുന്നതിൽ നാം സന്തോഷം കണ്ടെത്തുന്നത്. ഹൊറർ സിനിമകളുടേയും മറ്റും പിന്നിലുള്ള ആകർഷണം അതായിരിക്കണം. കൂടുതൽ ഇന്ദ്രിയാനുഭൂതികൾ ആഗ്രഹിക്കുന്നവർക്ക് terror visuals -ഉം ഭയാനകമായ മറ്റു വർത്തകളും പരോക്ഷമായി ആനന്ദം നല്കുന്നുണ്ടാകും.

മറ്റൊരു ഭയമുണ്ട്, ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്നത് അതാകണം, സ്വൈര ജീവിതത്തിനു ഏറ്റവും തടസമായിരിക്കുന്നതും - ഭയത്തിനോടുള്ള ഭയം (Phobophobia). യാതൊരു കാരണവുമില്ലാതെ ഭയത്തെ ഭയക്കൽ; ഒരു തരം ശാഠ്യം പോലെ. ഭയത്തിനോടുള്ള മനുഷ്യന്റെ സമീപനത്തിൽ ഏറ്റവും പരിതാപകരമായിരിക്കുന്നത് ഈ ഭയമാകണം; വിഡ്ഢിത്തം നിറഞ്ഞതും. എന്തെന്നാൽ മറ്റെല്ലാ തരം ഭയങ്ങളേയും ഫോബിയകളേയും അഭിമുഖീകരിക്കുന്നതിൽ നിന്നും അവനെ പിടിച്ചുമാറ്റുന്നത് ഈയൊരൊറ്റ ഭയമാണ്. 


ഭയമെന്ന വികാരത്തെ (ഭയത്തെ വികാരമെന്ന് വിളിക്കുന്നത് എത്രത്തോളം ശരിയാകുമെന്നറിയില്ല) മനസ്സിലാക്കുന്നതിൽ ഏറ്റവും തടസ്സമായി നില്ക്കുന്നത് അതിനോടുള്ള എതിർപ്പാണ്. ഭയത്തെ അടുത്തറിയുന്നതിലൂടെ മാത്രമേ അതിനെ മറികടന്നു നിലകൊള്ളാനാവുകയുള്ളൂ; അതിനെ എതിർത്ത്, അടിച്ചമർത്തിക്കൊണ്ട്, അതിനെതിരെ വിജയം വരിച്ചുകൊണ്ടല്ല. ഇവിടെയാണ് 'എന്നിൽ ഭയമുണ്ട്, ഞാനെന്തു ചെയ്യണം?'എന്ന് ചോദിച്ചയാളോട് 'ഭയമുണ്ടെങ്കിൽ പേടിച്ചു വിറക്കൂ' എന്ന് ഓഷോ നല്കിയ ഉത്തരം ഏറെ പ്രസക്തമാകുന്നത്.


സ്വന്തം ജീവിതത്തെ എല്ലാത്തരം സന്ദർഭങ്ങൾക്കും സ്വാഭാവികമായി വിട്ടുകൊടുക്കാനുള്ള സത്യസന്ധത കാണിക്കുന്ന ഒരു വ്യക്തി, തന്നിലെ ന്യൂറോ ജാഗ്രതകൾക്ക് എതിര് നില്ക്കാതെ അവക്ക് ഭീതിയുടേതായിട്ടുള്ള ധാരാളം സന്ദർഭങ്ങൾ കൂടി അനുവദിച്ചുകൊടുക്കുന്നു. മനഃശാസ്ത്രജ്ഞർ 'flooding' എന്ന് വിളിക്കുന്ന ഈയൊരു സമീപനം, ഒരുപക്ഷേ മസ്തിഷ്ക്കത്തിലെ ഒരുപാട് 'amygdala hijack' -കൾ ഒഴിവാക്കാൻ ഉപകാരപ്പെടുമായിരിക്കും. അവിടെ അമിഗ്ദലയിലെ രാസാഗ്നികളുടെ അളവുകൾ എങ്ങനെയെങ്കിലും കുറച്ചുവെക്കലാണ് സംഭവിക്കുന്നത്. 


എന്നാലും, ഭയത്തെ ബോധപൂർവ്വം സമീപിക്കുക എന്ന സമീപനം തന്നെയാണ് പ്രധാനം. എങ്ങനെയെങ്കിലും' എന്നതിന് പകരമായി ബോധപൂർവ്വം ചില മനസ്സിലാക്കലുകൾ നടന്നാൽ, അമിഗ്ദലയിലും അതുമായി ബന്ധപ്പെട്ട ഭയത്തിന്റെ നാഡീജാലങ്ങളിലുമെല്ലാം സഹജമായി സംഭവിച്ചേക്കാവുന്ന ചില രാസമാറ്റങ്ങളുണ്ട്, deeply transformative. അതിനെയാകണം 'ധീ'എന്ന ധാതുവിൽ നിന്നും ഉത്ഭവിച്ചുവരുന്ന 'ധൈര്യം' എന്ന വാക്കുകൊണ്ട് അർത്ഥമാക്കേണ്ടത്. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാൽ, നാം അഭിമുഖീകരിക്കാൻ പോകുന്ന സന്ദർഭത്തെ ഏതുവിധേനയും അഭിമുഖീകരിക്കുകയോ മറികടക്കുകയോ ചെയ്യുക എന്നതല്ല ധൈര്യത്തിന്റെ ലക്ഷണം; ആ സന്ദർഭത്തെ പ്രതി നമ്മിലെ ഭയത്തെയും മറ്റ് ആശങ്കകളേയും സ്നേഹപൂർവ്വം നോക്കിക്കാണാനും സ്വീകരിക്കാനുമുള്ള ആർജ്ജവത്തെയാകണം ധൈര്യം എന്നതുകൊണ്ട് ഉദേശിക്കേണ്ടത്. 


ഇരുൾ എന്ന് നാം പരാതികൊള്ളുന്ന അതേ ഭയം, തന്നിലേക്ക് തന്നെ നോക്കാനുള്ള ഒരു പ്രേരണയും സന്ദർഭവുമായി മാറുമ്പോൾ, അതിനെ (ഭയത്തെ) കൗതുകപൂർവ്വം സ്വാഗതം ചെയ്യുക. ഇരുട്ടടച്ച അതേ തുരങ്കങ്ങൾ തന്നെയാണ് വെളിച്ചത്തിന്റെ തുറവുകളായി മാറുന്നത്, നമ്മുടെ ഒരു സ്വാഗതം മാത്രമേ ആവശ്യമുള്ളൂ.


മസ്തിഷ്കതലത്തിലാവട്ടെ, ബോധതലത്തിലാവട്ടെ, ഒരു രാസമാറ്റമായി സംഭവിക്കുന്നതെന്തും തുറന്നിടുന്ന വലിയ ഒരു ആകാശമുണ്ട്; സ്വാതന്ത്ര്യത്തിന്റെ, പരിധിയില്ലാത്ത വിശാലത. ഒരുപക്ഷേ, ആത്യന്തികമായി നാം ഭയപ്പെടുന്നത്, സ്വാതന്ത്ര്യത്തെയാണോ, മരണത്തേക്കാളേറെ? മരണത്തിനോടുള്ള ഭയം പോലും സ്വാതന്ത്ര്യത്തോടുള്ള ഭയത്തിന്റെ വിദൂര പ്രതിഫലനമാകുമോ? 


സ്വാതന്ത്ര്യത്തോടു ഭയമുള്ളതുകൊണ്ടാണ് അധികം പേരും ആഘോഷങ്ങളെ - celebration- ഭയക്കുന്നത്. നാം ചുറ്റിലും കാണുന്ന ഉത്സവാഘോഷങ്ങളൊക്കെയും ശരിക്കും ആഘോഷങ്ങളെന്നു പറയാൻ വയ്യ; അവയെല്ലാം മിക്കപ്പോഴും മറക്കാനും മത്സരിക്കാനും വേണ്ടിയുള്ളതാണ്. ഒരു വ്യക്തിയിൽ ശരിക്കും ഉണ്ടായി വരുന്ന ഒരാഘോഷമുണ്ട്, അവൻ ഉണർവിലേക്കുള്ള പടവുകളിൽ കാലെടുത്തു വെക്കുമ്പോൾ, അവനിൽ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുമ്പോൾ. അവനിൽ ഭയങ്ങളൊക്കെയും സ്വാതന്ത്ര്യത്തിലേക്കു പരിണമിക്കുമ്പോൾ. 


അപ്പോഴായിരിക്കണം, ആന്തരികമായി ഒരാൾ സ്വതന്ത്രനാവുമ്പോൾ, ചുറ്റുമുള്ളവരിൽ അവനെപ്രതി ഭയം ജനിക്കുന്നത്! സ്വാതന്ത്ര്യത്തെ ഭയക്കാത്ത ഏതു സമൂഹമുണ്ട്?
















13 comments: