credit: pexels, pic by Dmyt kopl
യുദ്ധവും സമാധാനവും
യുദ്ധവും സമാധാനവും മാനവ ചരിത്രത്തിലെ ഏറ്റവും മുഷിപ്പൻ ക്ളീഷെയായി മാറിക്കൊണ്ടിരിക്കുന്നു. മൂവായിരം വർഷത്തെ ചരിത്രത്തിനിടയിൽ പതിനയ്യായിരം യുദ്ധങ്ങൾ സംഭവിച്ചുവെന്ന് മനസ്സിലാക്കുമ്പോൾ, യുദ്ധം മടുത്തിട്ടില്ലെങ്കിലും 'യുദ്ധവും സമാധാനവും' എന്ന പ്രയോഗമെങ്കിലും മനുഷ്യന് മടുക്കേണ്ടതായിട്ടുണ്ട്. ഗൂഗ്ൾ പറയുന്നത് ലോകമെങ്ങും ഇപ്പോൾ നൂറ്റിപ്പത്തോളം രാഷ്ടാന്തര കലഹങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ്. അവയിൽത്തന്നെ അമ്പത്തിയാറെണ്ണം കാര്യപ്പെട്ട സായുധകലാപങ്ങളത്രേ. അമ്പതിലധികം യുദ്ധസമാനമായ കലഹങ്ങൾ നടന്നുകൊണ്ടിരിക്കേ, വെറും മൂന്നോ നാലോ മാത്രമേ നമ്മുടെ 'നർമ്മ സംഭാഷണങ്ങളിൽ' എത്തുന്നുള്ളൂ എന്നത് ( ഇസ്രായേൽ - ഗാസ, റഷ്യ - യുക്രെയ്ൻ, ഇന്ത്യ- പാകിസ്ഥാൻ, അമേരിക്ക - ഇറാൻ എന്നിങ്ങനെ ), ദുരിതങ്ങളോ യുദ്ധക്കെടുതികളോ നമ്മെ സംബന്ധിച്ച് അത്രയൊന്നും പ്രധാനമല്ല, കലഹ പശ്ചാത്തലത്തിലെ രാഷ്ട്രീയ - മത ചേരുവകളാണ് നമുക്ക് പഥ്യം എന്നതിന്റെ നഗ്‌നമായ തെളിവാണ്.
നമുക്ക് ഇനിയും നുണ പറയാതിരിക്കാനെങ്കിലും ത്രാണിയുണ്ടാവേണ്ടതല്ലേ? നമുക്കിഷ്ടം യുദ്ധമാണ്. ഒരുപക്ഷേ ജീവന്റെ ആവിർഭാവം മുതൽ അതങ്ങനെയാണ്. കൃത്യമായ ഭാഷയുടെ ആവിർഭാവത്തോടെയാകണം നാം നുണ പറയാനുള്ള ആർജ്ജവവും പ്രാപ്തിയും നേടിയത്. ഭാഷയുടെ ആവിർഭാവമാണ് യുദ്ധങ്ങൾക്ക് വഴിവെച്ചതെന്ന് കരുതുന്ന ഭാഷാശാസ്ത്രജ്ഞരുണ്ട്. അവരുടെ വാദമുഖങ്ങൾ അത്ര ബോധ്യം തരുന്നതല്ല. എന്നാൽ അവർ കരുതുന്നതിനപ്പുറത്ത് ഭാഷ ഒരു കാരണമാകുന്നുണ്ട് - നാം സമാധാനം എന്ന നുണ പ്രയോഗിക്കാൻ തുടങ്ങിയതുമുതലാണ് യുദ്ധം യുദ്ധമായി മാറിയത്. അതുവരേക്കും കൃത്യമായ ഏതെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കൊട്ടിക്കലാശങ്ങളായിരുന്നു അവ. അത് നേടിക്കഴിഞ്ഞാൽ അതിന് അറുതി വരികയായി. എന്നാൽ സമാധാനം എന്ന നുണ ചേർത്തുവെക്കപ്പെട്ടതോടെ യുദ്ധം ഒരിക്കലും അവസാനിച്ചിട്ടില്ല, അവസാനിക്കുകയുമില്ല.
നാം ആഗ്രഹിക്കുന്നത് സമാധാനമാണ് എന്ന് പറയുമ്പോൾ, അത് നുണയാകുന്നതും, ആത്യന്തികമായി യുദ്ധകാരണമായിത്തീരുന്നതും അതിസൂക്ഷ്മമായാണ്. ഒന്നാമതായി നാം സമാധാനമല്ല ആഗ്രഹിക്കുന്നത്. നാം ശരിക്കും ആഗ്രഹിക്കുന്നത്, എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ, എന്റെ ഇഷ്ടങ്ങൾക്കു കോട്ടം വരരുതേ എന്ന് മാത്രമാണ്. നിരപരാധികളായവർ (അങ്ങനെയാരുമില്ലെന്നത് മറ്റൊരു വാസ്തവം!) ചത്താലും നിലവിളിച്ചാലും, എന്റെ വിശ്വാസങ്ങൾക്കും, എന്റെ പ്രതിച്ഛായക്കും വെല്ലുവിളികൾ ഉണ്ടാവാതിരുന്നാൽ എനിക്ക് സമാധാനമായി. രണ്ടാമത്, സമാധാനം എന്ന് ഉച്ചരിക്കുന്നതോടെ ഒരുവൻ യുദ്ധത്തിന്റെ കാരണത്തിൽ തനിക്കുള്ള ഉത്തരവാദിത്തത്തിൽ നിന്നും, ഇളിഭ്യച്ചിരി ചിരിച്ചുകൊണ്ട് കൈ കഴുകുകയാണ്. അയാൾ കണ്ണ് തെറ്റിയാൽ ദുരിതം പേറുന്നവരെയോർത്ത് കണ്ണീർ വാർക്കുകയും, സ്നേഹം സാഹോദര്യം കാരുണ്യം ചേർത്തുപിടി എന്നീ വാക്കുകൾ വലിച്ചെറിഞ്ഞുകൊണ്ട് സത്യസന്ധമായ സാമൂഹ്യാവസ്ഥയെ മലീമസമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. peace puzzle
തന്റെ പ്രതിച്ഛായയെ പ്രതി അയാൾ ആരോടും കാര്യങ്ങൾ മുഖത്തുനോക്കി പറയില്ല. പകരം, എല്ലാ കാരണങ്ങൾക്കും ബദലുകൾ കണ്ടെത്തിക്കൊണ്ട് ആരെയും വേദനിപ്പിക്കാത്ത വിധം അഴകൊഴമ്പൻ കുശിനിക്കാരനാകും. അങ്ങനെയാണ് നാം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് കേവലം അതിർത്തിത്തർക്കമാണെന്ന് വരുത്തിത്തീർക്കുന്നത്; ഇസ്രയേലും പലസ്തീനും തമ്മിലുള്ളത് ഭൂമിശാസ്ത്രസംബന്ധിയാണെന്ന് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്.
യുദ്ധം സംഭവിക്കുന്നതിൽ തനിക്കും ഗണ്യമായ പങ്കുണ്ട്, മറ്റെല്ലാവരെയും
പോലെത്തന്നെ, എന്ന് സമ്മതിക്കാത്തേടത്തോളം നാം യുദ്ധത്തിനുള്ള ആവേഗങ്ങൾ കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. യുദ്ധസന്ദർഭങ്ങളിൽ മാത്രം സമാധാനത്തിൽ ആകൃഷ്ടരാവുന്നവർ, നിരപരാധികളായ പാവം ഗുരുക്കന്മാരുടെ വാക്കുകളും ശ്ലോകങ്ങളും മൊഴിഞ്ഞുകൊണ്ട്, ഇതൊക്കെ നിങ്ങൾ എല്ലാവരുടേയും കുറ്റമാണ് എന്ന് വിരൽചൂണ്ടാൻ വെമ്പുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന സർക്കാർ ഉപദേശം പോലെ ആർക്കും വേണ്ടാത്ത ഒരുപദേശവുമായി ഇത്തരക്കാർ ഓക്കാനം വരുത്തും - യുദ്ധം ഒന്നിനും പരിഹാരമല്ല. പരിഹാരം ആർക്കു വേണം? നമുക്ക് വേണ്ടത് യുദ്ധമാണ് എന്ന് നമുക്ക് പരസ്പരം അറിയാവുന്നതാണ്. എങ്കിലേ ജന്മങ്ങളായി നമ്മിൽ നിക്ഷിപ്തമായിട്ടുള്ള അക്രമവാസനകൾക്ക് ഒരു തുറവു കിട്ടുന്നുള്ളൂ.
മാത്രവുമല്ല, യുദ്ധ സാധ്യതയെന്നത് ഒരു വശത്തു മാത്രം നിക്ഷിപ്തമായ ഒന്നല്ല. ഒരാൾ എത്ര ശ്രദ്ധിച്ചു വാഹനമോടിച്ചാലും, മറ്റുള്ളവരെപ്രതി അപകടം സംഭവിക്കാനുള്ള സാധ്യതക്കു കുറവില്ല എന്നതുപോലെയാണ് യുദ്ധവും. സമൂഹമെന്ന എക്സ്പ്രസ്സ് ഹൈവേയിൽ കയറിക്കഴിഞ്ഞാൽ യുദ്ധമെന്ന അപകടം എല്ലായ്പ്പോഴും പതിയിരിക്കുന്നു.
അതിനിടയിലൂടെ മറ്റൊരു തരം രോഗികളുടെ വരവായി - സെലിബ്രിറ്റി രോഗത്തിന്റെ ഒരു ജീർണിച്ച പതിപ്പ്. യുദ്ധകാലങ്ങളാണ് അവരുടെ വിളവെടുപ്പ്. ജീവിതത്തിൽ ഒരിക്കലും ഒരാളോട് പോലും ക്ഷമിച്ചിട്ടില്ലാത്തവർ അക്രമം വിതച്ചവരോട് ക്ഷമിക്കേണ്ടതിന്റെ സുവിശേഷങ്ങളുമായി ദുർഗന്ധം വമിപ്പിക്കു കയായി. വെടിയേറ്റു മരിച്ച പാവത്തിന്റെ മൃതദേഹത്തിന് പോലുമില്ലാത്ത മനുഷ്യാവകാശം, പക്ഷേ തീവ്രവാദികൾക്ക് കിട്ടാതെ പോകരുതെന്ന് നിർബന്ധമുള്ളവർ. ഹിംസയിൽ മാത്രം മുങ്ങിക്കഴിയുന്ന രാഷ്ട്രീയക്കാരെല്ലാം ജീൻ വാൽജീൻ കുപ്പായമിട്ട് ഫാഷൻ പരേഡ് നടത്താനിറങ്ങും യുദ്ധകാലങ്ങളിൽ.
സാമൂഹികതയിൽ തീർത്തും അനിവാര്യമായ ഒന്നാണ് യുദ്ധം എന്ന് മനസ്സിലാക്കാൻ ജ്ഞാനപീഠം വരെ പോകേണ്ടതില്ലല്ലോ. സമൂഹമെന്ന പ്രതിഭാസത്തിന്റെ O S (operating system) യുദ്ധമാണ്. അപൂർവ്വം സന്ദർഭങ്ങളിൽ അത് ആയുധങ്ങളുമേന്തി കയ്യും കലാശവും കാട്ടുന്നുവെന്നേയുള്ളൂ. നമ്മുടെ (ലോകത്തിന്റെ) സാമ്പത്തിക ശാസ്ത്രത്തിന്റെ ജീവരേഖ തന്നെ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്. നമ്മുടെ നിത്യജീവിതം യുദ്ധഭരിതമാണ്; നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധം പോലെ അത് ഇടതടവില്ലാതെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. വല്ലപ്പോഴും രോഗം ബാധിക്കുമ്പോൾ മാത്രമേ നാം അതറിയുന്നുള്ളൂവെന്നു മാത്രം. യുദ്ധമില്ലെങ്കിൽ, പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള കാശുമുഴുവനുമെടുത്ത് പാവങ്ങൾക്ക് കൊടുത്തുകൂടേ എന്ന് ചോദിക്കുന്നവർ നിഷ്ക്കളങ്കരല്ല, അജ്ഞരാണ്; അവരെ ആർക്കും തിരുത്താനാവുമെന്നു തോന്നുന്നില്ല.
സംസ്കാര സമ്പന്നമായ ഒരു സമൂഹം യുദ്ധമില്ലാത്ത ഒന്നായിരിക്കില്ല. കുറേക്കൂടി സംസ്കാര സമ്പന്നമായ രീതിയിൽ യുദ്ധം ചെയ്തു പോരുന്ന ഒന്നായിരിക്കും. പട്ടിണിയും പാടും കൊള്ളയും കൊലയും ദുരിതങ്ങളുമില്ലാത്ത സർഗ്ഗാത്മകമായ യുദ്ധം. അങ്ങനെയെങ്ങാനും എന്നെങ്കിലും സംഭവിക്കുമെങ്കിൽ അതിനെ സമൂഹമെന്ന് വിളിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. തീർത്തും വ്യത്യസ്‍തരായ ഒരു തരം വ്യക്തി (individual) കളുടെ വെറുമൊരു കൂട്ടമായിരിക്കുമത്. അടുത്തു വായിച്ച 'ഇദം പാരമിതം' എന്ന നോവലിൽ കണ്ടതുപോലെ, ഒരുപക്ഷേ, ആർത്തുല്ലസിക്കുന്ന ചിരികളായിരിക്കാം അപ്പോഴത്തെ യുദ്ധകാഹളങ്ങൾ.
നാം പറയുന്ന ഈ സമാധാനം, യുദ്ധത്തെ പ്രതി നാം തെരഞ്ഞെടുക്കുന്ന മറ്റൊരു പ്രയോഗം മാത്രമാണ്. അല്ലെങ്കിൽ, യുദ്ധത്തെ ആശ്രയിച്ചു മാത്രം നിലകൊള്ളുന്ന മറ്റൊരു കാലാവസ്ഥ. ‘To be prepared for war is one of the most effective means of preserving peace’ എന്ന് ജോർജ് വാഷിങ്ടൺ പറഞ്ഞത് അതുകൊണ്ടാണ്. ഒരു ധ്രുവത്തിൽ നിന്നും മറ്റൊരു ധ്രുവത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന പെന്ഡുലത്തിന്റേതുപോലെയാണ് യുദ്ധവും സമാധാനവും. ഓർക്കുക, നാം സമാധാനം തെരഞ്ഞെടുക്കുമ്പോൾ, വിപരീത ധ്രുവത്തിലേക്കുള്ള ആക്കം കൂട്ടുക മാത്രമാണ് സംഭവിക്കുന്നത്. നമ്മുടെ സമാധാന ദൂതന്മാരെല്ലാം യുദ്ധത്തിലേക്കുള്ള പോക്കിന് വേഗം പകരുക മാത്രമാണ് ചെയ്യുന്നത്. സ്വാഭാവികമായി നമുക്ക് ചോദിക്കാൻ തോന്നും, നമുക്കപ്പോൾ എന്താണ് ചെയ്യാനാവുക? യുദ്ധത്തെ കാംക്ഷിക്കണോ?
ഒന്നു മാത്രം ചെയ്യാം, ഒന്നിനെപ്രതി മറ്റൊന്ന് തെരഞ്ഞെടുക്കാതിരിക്കുക. വിശേഷിച്ചും, യുദ്ധത്തെ പ്രതി സമാധാനം. തെരഞ്ഞെടുക്കാനുള്ള പ്രവണത മനസ്സിന്റെ ഒരു അഡിക്ഷൻ ആണ്. അതിനെ മനസ്സിലാക്കുക മാത്രം ചെയ്യുക. യുദ്ധങ്ങളും സാമൂഹികമായ മറ്റു സംഭവങ്ങളുമെല്ലാം ആത്യന്തികമായി നോക്കിയാൽ, നമ്മുടെ സാധാരണ ഗ്രാഹ്യങ്ങൾക്കപ്പുറത്തുള്ളവയാണ്. അതുകൊണ്ടാണ് മെഴ്സിഡസ് ഡി അകോസ്ത എന്ന കലാകാരിയുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ രമണ മഹർഷി പറഞ്ഞത്, 'ലോകത്തെ മുഴുവനും സ്പർശിച്ചുകൊണ്ടു കടന്നുപോകുന്ന ഒരു വലിയ സംഭവം നടക്കാൻ പോകുന്നു, ആളുകൾ അതിനെ യുദ്ധം എന്നൊക്കെ വിളിക്കും' എന്ന്.
തെരഞ്ഞെടുക്കുക എന്ന പ്രവണതക്കതീതമായി നില കൊള്ളുക. തന്നിലെ വികാരസ്‌പന്ദനങ്ങളെ സത്യസന്ധമായി അറിയാൻ ശ്രമിക്കുക. അപ്പോൾ യുദ്ധവും സമാധാനവും ഉണർവിലേക്കുള്ള രണ്ടു പടവുകളായി മാറും. അപ്പോഴാണ് അറിയാനാവുക, സമാധാനമല്ല ശാന്തിയെന്ന്. സമാധാനം യുദ്ധങ്ങൾക്കിടയിലെ ഇടവേളയാകുമ്പോൾ, ശാന്തിയെന്നത് യുദ്ധത്തെയും സമാധാനത്തേയും ഒരേപോലെ നോക്കിക്കാണാൻ സാധിക്കുന്ന വ്യക്തതയാണെന്ന് -
A deep clarity of understanding.