Osho wings Osho waves

Featured Post

Thursday, July 17, 2025

പാദപ്രണാമങ്ങളിലെ ഗുരുത്വക്കേടുകൾ


credit: pexels, pic by Chit Moe

സൂഫി ഗുരുവായിരുന്ന ജുനൈദിനെപ്പറ്റി ഓഷോ പറഞ്ഞ മനോഹരമായ ഒരു കഥയുണ്ട്: മരണാസന്നനായികിടക്കുന്ന ജുനൈദിനോട് ഒരു ശിഷ്യൻ ചോദിച്ചുവത്രേ, "ഈ അവസാന നാഴികകളിലെങ്കിലും ദയവുണ്ടാകണേ, അങ്ങയുടെ ഗുരു ആരായിരുന്നുവെന്ന് വെളിപ്പെടുത്താൻ . "

ജുനൈദ് പറഞ്ഞു, ''ജീവിതം മുഴുവനും എനിക്ക് ഗുരുക്കന്മാരേ ഉണ്ടായിരുന്നിട്ടുള്ളൂ. എന്നിരുന്നാലും ഞാൻ ഏറെ കൃതാർത്ഥതയോടെ ഓർക്കുന്ന മൂന്ന് ഗുരുക്കന്മാരെപ്പറ്റി പറയാം.” 


“ഒന്നാമത്തേത് ഒരു നായയായിരുന്നു. ലോകത്തിലെ സർവ്വ സമ്പത്തും ഉപേക്ഷിച്ചു ''സർവ്വസംഗപരിത്യാഗി"യെന്ന് അഭിമാനിച്ചുനടന്നിരുന്ന എന്നെ ഒരു നായയാണ് ഓർമ്മപെടുത്തിയത്, എനിക്കിപ്പോഴും എൻ്റെ ഭിക്ഷാപാത്രത്തിനോട് വല്ലാത്ത മമതയുണ്ടെന്ന്. അതാണെങ്കിൽ സ്വർണ്ണംകൊണ്ടലങ്കരിക്കപ്പെട്ട മനോഹരമായ ഒരു പാത്രമായിരുന്നു. ഒരിക്കൽ ഒരു രാജാവ് സമ്മാനിച്ചതാണത്. ഭിക്ഷയെടുക്കാനും വെള്ളംകുടിക്കാനും മറ്റും ഞാൻ ആ പാത്രമാണ് ഉപയോഗിച്ചു പോന്നിരുന്നത്. അങ്ങനെയിരിക്കെ ഈ നായ എൻ്റെ മുന്നിൽവച്ച് നദിയിലേക്ക് ഒരു ചാട്ടം കൊടുത്തു. നദിയിൽനിന്ന് അത് മതിവരുവോളം വെള്ളം നക്കിക്കുടിച്ചു. പാത്രത്തിൻ്റെ സഹായമില്ലാതെ ഒരു നായക്ക് കുടിക്കാനാവുമെങ്കിൽ, എനിക്കെന്തുകൊണ്ട് കഴിയില്ല? ഞാൻ അന്നേരം ആ ഭിക്ഷാപാത്രം നദിയിലേക്കെറിഞ്ഞു. സ്വതന്ത്രനായ ഞാൻ ആ നായക്ക് പ്രണാമങ്ങളർപ്പിച്ചു.” 


“രണ്ടാമത്തെ ഗുരു ഒരു മോഷ്ടാവായിരുന്നു. ഒരു പാതിരാത്രിക്കായിരുന്നു ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. വിജനമായൊരു വഴിയോരത്ത്, ഇരുട്ടിൽ, കിടക്കാനൊരിടം കിട്ടാതെ വലഞ്ഞ ഒരു രാത്രിയിൽ. അദ്ദേഹത്തെ കണ്ടതും ഞാൻ ചോദിച്ചു, "ഈ ഒരൊറ്റ രാത്രി തങ്ങാൻ ഒരിടം കിട്ടുമോ?"അദ്ദേഹത്തിൻ്റെ മറുപടിയിൽ സത്യത്തിൻ്റെ തെളിച്ചമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, "നിങ്ങളുടെ വസ്ത്രധാരണത്തിൽനിന്നും ഞാൻ മനസിലാക്കുന്നു നിങ്ങളൊരു സൂഫിസന്ന്യാസിയാണെന്ന്. ഞാനൊരു മോഷ്ടാവാണു പക്ഷേ. ഈ രാത്രിയിൽ ഞാനെൻ്റെ ജോലിക്കുള്ള പുറപ്പാടിലാണ്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, എൻ്റെ വീട്ടിൽ താങ്ങാവുന്നതാണ്, എത്ര ദിവസം വേണമെങ്കിലും. "


“അദ്ദേഹം എന്നെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും പുതപ്പും തന്നു. താനൊരു മോഷ്ടാവാണ് എന്ന് അദ്ദേഹം പറയുന്നത്ര തെളിമയോടെ, 'ഞാനൊരു സന്ന്യാസിയാണ്' എന്ന് എനിക്ക് പറയാനാവുന്നില്ലെന്ന് ഞാനറിഞ്ഞു. സംശയത്തിൻ്റെ നേർത്ത നിഴലുകൾ എന്നിലിപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ദിവസം ചെല്ലുംതോറും എന്നിൽ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കൂടിക്കൂടി വന്നു. ഞാൻ വന്നതിൽപ്പിന്നെ ഒറ്റ രാത്രിപോലും അദ്ദേഹത്തിൻ്റെ മോഷണോദ്യമം വിജയിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഒറ്റ ദിവസം പോലും അദ്ദേഹത്തിൻ്റെ മുഖത്തു പരാജയത്തിൻ്റെയോ നിരാശയുടെയോ നേർത്തച്ഛായപോലും കാണുമായിരുന്നില്ല.” 

“നാളത്തെ ദിനം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിൻ്റെ മുഖത്ത്. ഞാനാകട്ടെ, മിക്കപ്പോഴും നിരാശയിലായിരുന്നു - വർഷങ്ങളായി, ഞാൻ പരിശീലിച്ചുവന്നിരുന്ന ധ്യാനമുറകളൊന്നും തന്നെ ഞാനാഗ്രഹിച്ച ഫലങ്ങൾ നല്കാത്തതിൽ. ഞാൻ തെരഞ്ഞെടുത്ത ഈ ആത്മീയപാതതന്നെ തെറ്റായിപ്പോയോ എന്ന ആശങ്കയിലായിരുന്നു ഞാൻ. ഈ മോഷ്ടാവാണ് എന്നിൽ സമർപ്പണവും വിശ്വാസവും (Trust) എന്തെന്ന് പഠിപ്പിച്ചത്. ഒരു മാസത്തിനുശേഷം അദ്ദേഹത്തെ പിരിഞ്ഞു പോരുമ്പോൾ ഞാൻ ആ മഹാഗുരുവിൻ്റെ പദം സ്പർശിച്ചിരുന്നു.“


“മൂന്നാമത്തെ ഗുരു ഗ്രാമവീഥിയിൽ കണ്ടുമുട്ടിയ ഒരു പയ്യനായിരുന്നു. കാര്യകാരണങ്ങളുടെ പിന്നാലെയുള്ള എൻ്റെ മനസിൻ്റെ വ്യഗ്രതകളെ എന്നന്നേക്കുമായി ഉടച്ചുകളഞ്ഞ ഗുരു അവനായിരുന്നു. യുക്തിയുടെ ഇത്തിരിപ്പോന്ന ചക്രവാളത്തെ എന്നന്നേക്കുമായി മറികടക്കാൻ സഹായിച്ചവൻ. “


“ഞാൻ കാണുമ്പോൾ അവൻ എവിടെനിന്നോ ഒരു വിളക്കു കൊളുത്തി വരികയായിരുന്നു. അവനെയൊന്നു ചൊടിപ്പിക്കാനായി ഞാനൊരു തമാശ തൊടുത്തു, "ഈ വെളിച്ചം എവിടെ നിന്നാണ് ഉണ്ടായിവരുന്നത്?"

അല്പം പോലും ശങ്ക കൂടാതെ അവൻ്റെ മറുപടി വന്നു, "കെടുത്തുമ്പോൾ ഈ വെളിച്ചം എവിടേക്കാണ് മറഞ്ഞുപോകുന്നതെന്ന് പറഞ്ഞാൽ, അതെവിടെ നിന്നാണ് വരുന്നതെന്ന് പറയാം. " പൊടുന്നനെ വന്ന അവൻ്റെ മറുപടി, ഉള്ളിൻ്റെയുള്ളിൽ ഞാൻ ഏറെ ഘോഷിച്ചു നടന്നിരുന്ന "ആത്മീയധൈഷണികത" യെന്ന മഹാവ്യാധിയെ ഒരൊറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കിക്കളഞ്ഞു. അതെനിക്കു സമ്മാനിച്ച ശാന്തിയും മൗനവും നിസ്സാരമല്ലായിരുന്നു. ആ നിമിഷം തന്നെ ഞാൻ ആ ഗുരുവിൻ്റെ പാദങ്ങൾ തൊട്ടു വന്ദിച്ചു.” 


credit: pexels, pic by Alka Jha

ഗുരു എന്നത് ഒരു വലിയ തുറവാണ്. - A grand opening! - വർത്തമാനനിമിഷത്തിൽ നാം എത്രത്തോളം ഉണർന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. ആ നിമിഷത്തെ ചുറ്റിപ്പറ്റിയുള്ള മറ്റെല്ലാം just excuses ആണ്. നാം പക്ഷേ ആ നിമിഷത്തിലൂടെ കടന്നുപോകുമ്പോൾ ആ ചുറ്റുപാടുകളോട് നമുക്ക് വലിയ അളവിലുള്ള നന്ദിയുണ്ടാവുക സ്വാഭാവികം മാത്രം. ഉണർവ്വിൻ്റെ ആ നിമിഷങ്ങളുടെ സാന്ദ്രതയും (Intensity) സംശുദ്ധിയുമനുസരിച്ച്, ആ കൃതാർത്ഥത നമ്മെ കൂടുതൽ ഉണർവിലേക്ക് നയിച്ചുകൊണ്ടിരിക്കും. ആ നിമിഷങ്ങൾ വ്യാജമാണെങ്കിലോ? - ബാഹ്യമായിട്ടുള്ള ചില പ്രേരണകൾ കൊണ്ട് നമ്മുടെ മനസ്സുകൊണ്ട് നാം ചെയ്തെടുത്ത ചില പ്രതീതികളാണെങ്കിൽ, അതിനെ പിൻപറ്റിവരുന്ന കൃതാർത്ഥതകളത്രയും ബന്ധനങ്ങളാവുകയേയുള്ളൂ. നാം കണ്ടുവരുന്ന ഗുരു സംബന്ധിയായ ആചാരാനുഷ്‌ഠാനങ്ങളൊക്കെയും പരിഹാസ്യമായിപോകുന്നത്, ഈ ബന്ധനങ്ങളെ കൊട്ടിഘോഷിക്കുമ്പോഴാണ്. 


സാധാരണയിൽക്കവിഞ്ഞ ഉണർവ്വും ഊർജ്ജവും ഉണ്ടായിരിക്കുന്ന ഒരു വ്യക്തി മേല്പറഞ്ഞ ചുറ്റുപാടുകളിൽ (കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, a climate of knowing) ഉൾപെട്ടിട്ടുണ്ടെങ്കിൽ, ആ നിമിഷത്തിൻ്റെ സർവ്വമാനങ്ങളെയും - dimensions- ഈയൊരൊറ്റ വ്യക്തിയിലേക്ക് വെട്ടിച്ചുരുക്കാനുള്ള പ്രവണതയാണ് നമ്മിലേറെയുള്ളത്. നിരവധി മാനങ്ങളുള്ള 'ഗുരുത്വ'മെന്ന ഒരു വലിയ കാലാവസ്ഥയെ ഗുരു എന്ന ഒരു കൊച്ചു ശരീരത്തിലേക്ക് ഒതുക്കി കയറ്റാനുള്ള ഒരു പാഴ്‌വേലയാണെന്നത് നാം തിരിച്ചറിയാതെ പോകുന്നു. 


ഗുരുത്വമാരോപിക്കപ്പെടുന്ന ഈ ശരീരവ്യക്തിത്വങ്ങൾ അതാസ്വദിക്കുക കൂടി ചെയ്യുമ്പോൾ, പിന്നെ നാം തന്നെ നമുക്കായൊരുക്കിയ കെണിയുടെ വള്ളി മുറുകുകയായി. തീർത്തും വ്യക്തിപരമായ തലത്തിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമെന്നതിൽ നിന്നുമാറി, സാമൂഹികതലത്തിൽ ഗുരുക്കന്മാർ പൊട്ടിമുളയ്കുന്നത് ഇവ്വിധമാണ്. ആരാധിക്കപ്പെടുന്നതുകൊണ്ടുമാത്രം ഗുരുക്കന്മാരാകുന്നവർ. ആരാധിക്കാനുള്ള അവസരങ്ങളുണ്ടാക്കിക്കോണ്ടേയിരിക്കുക. ആരാധകരും സംതൃപ്തരായിക്കൊള്ളും. കച്ചവടത്തിലേതുപോലുള്ള ലളിതസമവാക്യങ്ങളാണിവ. 

 

പൊതുവെ നാം ആചരിച്ചുപോരുന്ന വിശേഷങ്ങളൊക്കെയും, മാതൃദിനമായാലും അദ്ധ്യാപകദിനമായാലും ഗുരുപൗർണ്ണമികളായാലും സൗഹൃദ ദിനങ്ങളായാലും, എല്ലാം തന്നെയും കൊടുക്കൽ വാങ്ങലിൻ്റെ ഇത്തരം വാണിജ്യസൂത്രങ്ങൾ ഉറപ്പുവരുത്തുന്നവതന്നെയാണ്. പരോക്ഷമായി പിടിച്ചുവാങ്ങപ്പെടുന്ന പാദപ്രണാമങ്ങളും ഗുരുവന്ദനങ്ങളും !


പിറവികൊണ്ട നിമിഷം മുതൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് 'ഗുരു' എന്ന പദവും; സ്നേഹം, സ്വാതന്ത്ര്യം എന്നീ പദങ്ങളെപ്പോലെത്തന്നെ. വൈയക്തികതയുടെ പരമബോധ്യങ്ങളിൽ മാത്രം സംഗതമായിട്ടുള്ള ഈ പദം - ഗുരു - സമൂഹത്തിലെ ഏറ്റവും ഉന്നതമായ ശ്രേണിയിൽ പ്രതിഷ്‌ഠിക്കപ്പെട്ടതോടെ ആ വാക്കിനകത്തേക്ക് കയറിക്കൂടാനുള്ള വല്ലാത്ത പ്രലോഭനമുണ്ട് ഓരോ വ്യക്തിയിലും. 


അതുകൊണ്ടാണ് എല്ലാവരും തന്നെ തരം കിട്ടുമ്പോഴൊക്കെയും ശിഷ്യത്വത്തത്തെ bypass ചെയ്തുകൊണ്ട് ഗുരുവിൻ്റെ കുപ്പായമെടുത്തണിയാൻ തിടുക്കം കൂട്ടുന്നത്. അദ്ധ്യാപകരെന്ന ഒരു സമൂഹമൊന്നടങ്കം 'ഗുരു'പ്രമോഷനു താല്പര്യം കാണിക്കുന്നതു കാണുമ്പോൾ, ശുഭകരമല്ലാത്ത എന്തൊക്കെയോ, വിദ്യാർഥികളിലേക്ക് സംവഹനം ചെയ്യപ്പെടുന്നുവെന്നുതന്നെ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. 


ഗുരുവും അദ്ധ്യാപകനും (ധ്യാന ഗുരുക്കന്മാരും) തമ്മിലുള്ള വ്യത്യാസത്തെ ഓഷോയോളം കൃത്യമായി ആരെങ്കിലും പറഞ്ഞുവെച്ചിട്ടുണ്ടോ എന്നറിയില്ല. - ''Master opens the gate of knowing. Teacher imparts just knowledge."

സാധാരണയായി ഒരദ്ധ്യാപകൻ വിജ്ഞാനം പകർന്നുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് പറയുമ്പോൾ, അതിൽ കാര്യമായ എന്തെങ്കിലും പോരായ്മകളുണ്ടെന്ന് കരുതേണ്ടതില്ല. നിയമിക്കപ്പെടുമ്പോൾ അദ്ദേഹത്തിൽ നിന്നും അതിൽക്കവിഞ്ഞു കാര്യമായെന്തെങ്കിലും പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നു തോന്നുന്നില്ല. നിർവചിക്കപ്പെട്ടിട്ടുള്ള തൻ്റെ ജോലിക്കപ്പുറത്ത്, ഒരദ്ധ്യാപകനെന്നതിനുപരി, കുറേക്കൂടി ഉയർന്ന അവബോധത്തിലേക്കെത്തിയ ഒരു വ്യക്തിയായി ഒരാൾക്ക് വിദ്യാർത്ഥികളുമായി ഇടപഴകാൻ കഴിഞ്ഞാൽ, എപ്പോഴെങ്കിലുമൊക്കെ ഗുരു-ശിഷ്യ പാരസ്പര്യമെന്ന സ്നേഹവിഹായസ്സുകൾ തുറന്നുകിട്ടിയെന്നു വരാം. 


സമൂഹമാവശ്യപ്പെടുന്ന തരം പൗരന്മാരെ മാത്രം സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യാസപരിസരങ്ങളിൽ; പരീക്ഷയും മാർക്കും മാന്യമായ തൊഴിലും അടിസ്ഥാനമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥാപനചിട്ടവട്ടങ്ങൾക്കകത്തു നിന്നുകൊണ്ട് ഒറ്റ വിദ്യാർത്ഥിയും ഒരു ശിഷ്യനിലേക്കുയരുന്നില്ല. ഒറ്റ അദ്ധ്യാപകനും ഗുരുവായി വിടരുന്നുമില്ല. 


നമ്മുടെ ഗുരുദിനാചരണങ്ങളിൽ ചില ഗുരുത്വക്കേടുകൾ ഒളിഞ്ഞിരിക്കുകതന്നെ ചെയ്യുന്നുണ്ട്. ശാസ്ത്രവും സാങ്കേതികതയും ഇത്രയും വികസിതമായിട്ടുള്ള സന്ദർഭത്തിൽ കേവലം വിവരകൈമാറ്റ ദല്ലാളുകളായി (information carriers) വർത്തിക്കേണ്ടവരല്ല നമ്മുടെ ഈ ഗുരുഭൂതർ. ഇതിനുമപ്പുറം പോകാനാവില്ലെന്ന് വന്നാലോ, 'ഗുരുവന്ദനങ്ങൾ' കൊട്ടിഘോഷിക്കാതെയെങ്കിലുമിരുന്നുകൂടെ? അത്രയ്‌ക്കെങ്കിലും സത്യസന്ധത വിദ്യാർത്ഥികൾ തിരിച്ചറിയാതെയിരിക്കില്ല. 


ചടങ്ങുകളും ചിട്ടവട്ടങ്ങളുമായി സംസ്കാര സംരക്ഷണം ഏറ്റെടുക്കുന്നവർ അതിനുള്ള യോഗ്യത സ്വയം ചോദിച്ച് ഉറപ്പുവരുത്തട്ടെ. യോഗ്യതക്കുറവുണ്ടെന്നു തോന്നുവർ യോഗ്യതയിലേക്ക് സ്വയം ഉയർന്നുവരാൻ മാത്രം സത്യസന്ധരാകട്ടെ. ഒന്നുമില്ലേലും തന്റെ കുട്ടികൾ തൊട്ടു വന്ദിക്കാൻ പോകുന്ന പാദങ്ങൾ നേരെ ചൊവ്വേ കഴുകി, സുന്ദരമാക്കിവെക്കാനെങ്കിലുമുള്ള സ്നേഹം അദ്ധ്യാപകർ കാണിക്കട്ടെ. അപ്പോൾ സ്പർശിക്കാൻ പോകുന്ന തങ്ങളുടെ വിരലുകൾ ശുദ്ധമായിരിക്കണമെന്ന് വിദ്യാർത്ഥികൾക്ക് തോന്നാനുള്ള സാധ്യത കൂടുതലായിരിക്കും.


നമസ്തേ പോലെത്തന്നെ ഏറെ ആത്മീയ സൗന്ദര്യമുള്ള ഒരു അഭിവാദ്യമാണ്
പാദസ്പർശവും. സുജൂദും കാൽ കഴുകലുമെല്ലാം സമർപ്പണ മുദ്രകളാണ്. അത് അങ്ങനെയാണ് എന്നറിയാൻ പുണ്യപുരാണ ഗ്രന്ഥ സമാഹാരങ്ങളോ, അതിലൊന്നിലും കഥയില്ല എന്ന് ശഠിക്കാൻ പുരോഗമന മാനിഫെസ്റ്റോകളോ ആവശ്യമില്ല. ഏതെങ്കിലും ഒരാളുടെ പാദം (അതെ, ഏതെങ്കിലും ഒരാളുടെത്തന്നെ, എത്ര വൃത്തിയില്ലാത്ത പാദവുമാകട്ടെ) ഒന്ന് തൊട്ടു വന്ദിക്കാൻ ശ്രമിച്ചാൽ മതി. അപ്പോൾ മനസ്സിലാകും ഒരിക്കലും അത്തരം അഭിവാദ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടരുതെന്ന്. ചില പവിത്രതകൾ അങ്ങനെയാണ്. അതിലെ വിനിമയങ്ങൾ അതീവ സൂക്ഷ്മങ്ങളാണ്.


തികച്ചും കൃതാർത്ഥത നിറയുന്ന സന്ദർഭങ്ങളിൽ തനിയെ സംഭവിക്കേണ്ടതാണവ. ഇനി ചില സാമൂഹിക പെരുമാറ്റരീതികളുടെ ഭാഗമായിട്ടാണെങ്കിൽ, അതിൽ പങ്കുകൊള്ളുന്ന രണ്ടു വ്യക്തികളും അതിലെ ആത്മവിശുദ്ധിയോട് തീർത്തും നീതി പുലർത്തുക തന്നെ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഉത്തരേന്ത്യൻ സന്ദർഭങ്ങളിൽ ഇന്നുകാണുന്ന പോലെ, അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ആചാര്യന്മാരുടെ സമ്മേളന സ്റ്റേജുകളിൽ കാണാറുള്ളത് പോലെ, ഒരു കയ്യിൽ മൊബൈലുമായി ഗുരു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഏതവനൊക്കെയോ വന്നു കാലിൽ തൊട്ടിട്ടു പോകുന്നു. തൊടുന്നവനാണെങ്കിൽ, 'ഓ, ഇനിയിപ്പോൾ ഇങ്ങേരുടെ കാലിൽ തൊടാത്തതിന്റെ പേരിൽ നമുക്ക് കിട്ടാനുള്ളതിൽ കുറവ് വരേണ്ട' എന്ന് വിചാരിച്ചു കൊണ്ട് മരവിച്ച കൈകളോടെ തൊട്ടെന്നു വരുത്തുന്നു. അത്ര തന്നെ.

പാദപ്രണാമങ്ങൾ വേണമെന്ന് വാശി പിടിക്കുന്നവർക്ക്, അതിന്റെ സ്വത്വ ശുദ്ധികൾ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. അതിനെ അന്ധമായി എതിർക്കുന്നവർക്കോ, സന്തോഷ് പണ്ഡിറ്റിനെ പോലും നേരിടാൻ സാധിക്കുന്നുമില്ല. അവധിക്കാല വിനോദങ്ങൾ എന്ന് പറയും പോലെ, അഴിമതിക്കാല വിവാദങ്ങൾ മാത്രമാണിവയെല്ലാം. 


                                  *                                *                               *


ഒരിക്കൽ, ഈജിപ്തിൽ ഒരാൾ ഒരു ഗുരുവിനെ അന്വേഷിച്ചു പുറപ്പെട്ടു. നാലുദിവസത്തെ തുടർച്ചയായ യാത്ര വേണ്ടിവന്നു അയാൾക്ക് ആ ഗുരുവിൻ്റെ താമസസ്ഥലം കണ്ടെത്താൻ. ജീവിതരഹസ്യം കണ്ടെത്താനുള്ള ഒടുങ്ങാത്ത ത്വരയായിരുന്നു അയാളിൽ. അവസാനം അയാൾ ഗുരുസന്നിധിയിലെത്തിയപ്പോൾ ഗുരു ധ്യാനത്തിലായിരുന്നു. കൂടെ ചെറുപ്പക്കാരനായ ഒരു ശിഷ്യനും. ഇയാൾ ചെന്നപാടേ സർവ്വാംഗ പ്രണാമങ്ങളർപ്പിച്ചു. 


പക്ഷേ ഗുരുവും ശിഷ്യനും ഇതൊന്നും കണ്ടതേയില്ല. അയാൾ വീണ്ടും വീണ്ടും പ്രണാമങ്ങളർപ്പിച്ചു. പക്ഷേ, ആരുമത് ഗൗനിച്ചില്ല. അയാൾ ആകെ വിവശനായി. ഒടുവിൽ ചെറുപ്പക്കാരനായ ശിഷ്യൻ്റെ അടുത്തുചെന്ന് കാതിൽ ഇങ്ങനെ മന്ത്രിച്ചു, "നാലുദിവസത്തെ യാത്രചെയ്തു വരികയാണ്. ഇന്നുതന്നെ തിരിച്ചു പോകേണ്ടിയിരിക്കുന്നു. ജീവിതരഹസ്യമെന്തെന്ന് എത്രയും വേഗം പറഞ്ഞുതന്നാലും. "

കണ്ണുതുറക്കാതെതന്നെ ശിഷ്യൻ പറഞ്ഞു: 

"ജീവിതം തീരെ ചെറുതാണ്. പ്രണാമങ്ങളർപ്പിച്ചു സമയം കളയാതെ, ഇരുന്ന് ധ്യാനിക്കാൻ നോക്ക്. . . "


        





11 comments:

  1. വർത്തമാനനിമിഷത്തിൽ നാം എത്രത്തോളം ഉണർന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്.❤️

    ReplyDelete
  2. ഈ... ഉൾക്കാഴ്ച്ച. ..... കാലികമായ .....ഈ... ആഭാസകരുടെ കണ്ണുകൾ തുറപ്പിക്കട്ടെ

    ReplyDelete
  3. 🌹🌹🌹🌹🌹🌹🌹🌹

    ReplyDelete