Osho wings Osho waves

Featured Post

Tuesday, August 19, 2025

ഉണർവിലേക്കുള്ള പടവുകൾ - 62


pic by Gerd Altmann, pixabay

                                 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : 

                           അനുഗ്രഹവും ആശങ്കയും


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പ്രയോഗം ഒരർത്ഥത്തിൽ ഒരു വിരുദ്ധോക്തിയാണ് - Oxymoron. എന്തെന്നാൽ ആർട്ടിഫിഷ്യൽ ആയിട്ടുള്ളതിനൊന്നിനും ഇന്റലിജന്റ് ആയിരിക്കാൻ സാധ്യമല്ല. ഇന്റലിജന്റ് ആയവയാകട്ടെ ആർട്ടിഫിഷ്യൽ അല്ലതാനും. അപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെപ്പറ്റി ആദ്യം നമുക്ക് ചോദിക്കേണ്ടി വരിക, അത് ആർട്ടിഫിഷ്യൽ ആണോ ഇന്റലിജന്റ് ആണോ എന്ന് തന്നെയാണ്.

‘Unnatural cannot happen’ എന്ന ഓഷോ പ്രയോഗമാണ് ആദ്യം ഓർക്കേണ്ടത്. അതൊക്കെ വെറും 'ആർട്ടിഫിഷ്യൽ' എന്ന പുച്ഛ മനോഭാവം അതോടെ തീർന്നുകിട്ടും. ഉപ്പ് എന്ന കേട്ടാൽ ഒരു പ്രകൃതി വിഭവം എന്ന് വിചാരിക്കുന്നവർക്ക് 'സോഡിയം ക്ലോറൈഡ്' എന്ന് കേൾക്കുമ്പോഴുണ്ടാവുന്ന 'ആർട്ടിഫിഷ്യൽ വിരക്തി' പോലെയാണ് ഇതും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ മുങ്ങിനിന്നുകൊണ്ട് മാത്രമേ ഇന്ന് ആർക്കും അതിനെ വിമർശിക്കുക പോലും ചെയ്യാനാവൂ. (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിനെപ്പറ്റിയുള്ള ആശങ്കകളെപ്പറ്റി ചോദിച്ചാൽ, അതിനെ ശരിവെക്കുന്ന കാഴ്ചപ്പാടുകൾ കൂടുതലും പങ്കുവെക്കുക AI സൈറ്റുകളാണ്!)


1956-ൽ John McCarthy ആ പ്രയോഗം നടത്തിയത് തീർത്തും കമ്പ്യൂട്ടർ അധിഷ്ഠിതമായ ചില പരിഷ്‌ക്കാരങ്ങളെ വേർതിരിച്ചറിയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നെങ്കിലും, സമൂഹത്തിന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞത് 'ആർട്ടിഫിഷ്യൽ' എന്ന വാക്കിലാണ്; ഇന്റലിജൻസ് എന്നതേക്കാളും. എത്രതന്നെ കൃത്രിമമെന്നു തോന്നിയാലും 'ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്' ന്റെ പിന്നാമ്പുറത്ത്, അതൊരു ബുദ്ധിപരമായ ചുവടുവെപ്പാണെന്ന് സ്വാഗതം ചെയ്യാൻ ചിലരെങ്കിലും മടികാണിക്കുന്നുണ്ടോ?


ചിലരല്ല, ഒട്ടുവളരെ പേരും അതിനെതിരെ നെറ്റി ചുളിച്ചെന്നിരിക്കും. അതൊരു ‘caveman’ ഹാങ്ഓവറാണ്. പതിവ് വിട്ട് പുതിയ രീതിയിൽ ഒരു കല്ല് കൂർപ്പിച്ച് ആയുധമുണ്ടാക്കിയപ്പോഴും അതുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെപ്പറ്റി അന്നത്തെ ഗുഹാന്തരീക്ഷങ്ങൾ കലഹിച്ചിട്ടുണ്ടാകും. പുതിയ തരം ശിലായുധത്തിൽ 'അഡിക്ട്' ആയിപ്പോകുന്ന യുവതയെപ്പറ്റി അന്നത്തെ ഗോത്രമൂപ്പന്മാർ ആകുലപ്പെട്ടിട്ടുണ്ടാകും. ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറത്ത്, തീവണ്ടി കണ്ടുപിടിക്കപ്പെട്ടപ്പോഴും, പാടങ്ങളിൽ ട്രാക്ടർ ഇറങ്ങിയപ്പോഴും, ഓഫീസുകളിൽ കംപ്യൂട്ടറുകൾ അവതരിക്കപ്പെട്ടപ്പോഴും, എന്തിനധികം ഡിജിറ്റൽ ക്യാമെറകൾ രംഗത്തിറങ്ങിയപ്പോൾ വരെ പ്രതിഷേധിക്കാൻ വലിയ തോതിൽ ആളുകളുണ്ടായിരുന്നുവെന്നത് ലജ്ജയോടെ മാത്രമേ ഓർക്കാനാവൂ. 



മസ്തിഷ്കത്തെ അധിഷ്ഠിതമാക്കിയ, വികാരവിചാരങ്ങൾക്കു സമം കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉണ്ടാക്കിക്കൊണ്ട് അവയെ നിസ്സാരങ്ങളായ ഉപകരണങ്ങൾ മുതൽ അതീവ സങ്കീർണ്ണങ്ങളായ 'brain simulation' അല്ലെങ്കിൽ 'computational neuroscience' വരെ ഉപയോഗപ്പെടുത്തുക എന്നതാണ് 'AI' ചെയ്തു തുടങ്ങിയിട്ടുള്ളതും കൂടുതൽ ആഴത്തിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതും. അതുകൊണ്ടുണ്ടാകാവുന്ന ലാഭനഷ്ടങ്ങൾ സ്വാഭാവികമായും ചർച്ചയിൽ വരികതന്നെ ചെയ്യും. സമൂഹമെന്ന 'പേടിത്തൊണ്ടൻ' വ്യവസ്ഥയുടെ പ്രകൃതമാണത്.  

നിലവിലുള്ള സമൂഹ വ്യവസ്ഥയിൽ തകിടം മറിയലുകൾ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. നിർഭാഗ്യവശാൽ, സമൂഹം ഭയപ്പെടുന്നത്, തീർത്തും ഉപരിപ്ലവമായ സംഗതികളിൽ സംഭവിക്കാവുന്ന മാറ്റങ്ങളെയാണ്. ഒരുപാടാളുകൾക്ക് ജോലി നഷ്ടമാവും; വാർത്തകളാകട്ടെ, സർഗ്ഗാത്മക സൃഷ്ടികളാകട്ടെ, കണ്ടുപിടിത്തങ്ങളാകട്ടെ, വ്യാജന്മാരെക്കൊണ്ട് ലോകം നിറയും, അധികാര കേന്ദ്രീകരണം എളുപ്പമാകും, സാമ്പത്തികമായ അസമത്വം അസാധാരണമാം വിധം വർധിക്കും, മനുഷ്യർക്കിടയിലുള്ള ജാതി - വർണ്ണ വിവേചനങ്ങൾ വർധിക്കും, പാരിസ്ഥിതികമായ ആഘാതങ്ങൾ വർധിക്കും, ന്യൂക്ലിയർ മുതലായ മരകായുധങ്ങളുടെ ദുരുപയോഗ സാധ്യത, മനുഷ്യരുടെ മാനസികാരോഗ്യത്തിലുണ്ടാകാവുന്ന തകരാറുകൾ, 'മനുഷ്യത്വം' എന്ന മൂല്യത്തിലുണ്ടാവുന്ന വീഴ്ചകൾ, സ്വകാര്യതയിലുണ്ടാവുന്ന കടന്നുകയറ്റങ്ങൾ, ഡിഡിജിറ്റലൈസേഷന് മനുഷ്യന് മേൽ കൈവരാവുന്ന മേൽക്കൈ, confirmation bias എന്നിങ്ങനെ ഒട്ടു വളരെ വെല്ലുവിളികൾ. 


ശരിക്കു പറഞ്ഞാൽ പുതിയ അപകടങ്ങളൊന്നും തന്നെ സംഭവിക്കാനില്ലെന്നാണ്.
ഏതോ ഒരു വാനരൻ രണ്ടു കാലിൽ നില്ക്കാനും നടക്കാനും തുടങ്ങിയ അന്നു മുതലുള്ളവ തന്നെ. അതിന്റെ വ്യാപ്തി ഒരല്പം കൂടുതലുണ്ടാവാമെന്നു മാത്രം.


നമ്മുടെ രാഷ്ട്രീയക്കാർ ഇപ്പോഴും 'സാധാരണക്കാർ, നിരക്ഷരർ' തുടങ്ങിയ പതിവ് പല്ലവികളുമായി സാധാരണക്കാരേയും നിരക്ഷരരേയും വെറുപ്പിക്കാനിടയുണ്ട്. ലോകം പക്ഷേ, artificial super intelligence, artificial general intelligence (AGI), collective super intelligence, conversational swarms, augmented mentality എന്നീ ഘട്ടങ്ങളിലേക്ക് ചെന്നെത്തിയിരിക്കുന്നു.


നിലവിലെ സാഹചര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെയൊന്നും ലഘൂകരികരിക്കുക എന്ന ലക്‌ഷ്യം ഈ കുറിപ്പിനില്ല. ആ ബുദ്ധിമുട്ടുകൾ താല്ക്കാലികം (അവ എത്രതന്നെ നീണ്ടുനിന്നാലും) മാത്രമെന്നും, കേവലം സാമൂഹികതയിൽ നിന്നും ഉയർന്നു നിന്ന് കൊണ്ട്, മനുഷ്യൻ എന്ന സ്പീഷീസിന് കൈവരുന്ന അവബോധവളർച്ചയെ കണക്കിലെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ശരിക്കും ഒരനുഗ്രഹം തന്നെയെന്നും സൂചിപ്പിക്കുക മാത്രമാണിവിടെ.


ഇന്റലിജന്റ്‌സ് അഥവാ ബോധം എന്നത് എന്തെല്ല എന്ന് മനുഷ്യരാശി ഒന്നടങ്കം മനസ്സിലാക്കാൻ പോകുന്ന ഒരു സാഹചര്യം ഒരുപക്ഷേ ഇതാദ്യമാണ്. ഇതുവരേക്കും അത്തരം ഗ്രാഹ്യങ്ങൾ, 'നേതി നേതി' കൾ ഉച്ചരിക്കാൻ ധൈര്യപ്പെട്ട കുറച്ചു മാത്രം ആളുകൾക്ക് അവകാശപ്പെട്ടതായിരുന്നുവെങ്കിൽ, ഇന്ന് തങ്ങളുടെ ധാരണകൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ നാം സകലരും നിർബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതുവരേക്കും നാം കൊട്ടിഘോഷിച്ചുനടന്ന പ്രതിഭകളും സർഗ്ഗാത്മകതയെന്ന് ഊറ്റം കൊണ്ട സൃഷ്ടികളുമെല്ലാം ജീവനില്ലാത്ത കേവലം കമ്പ്യൂട്ടറുകൾക്ക് തട്ടിക്കൂട്ടാനുള്ളതേയുള്ളൂ എന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അധികം വൈകാതെത്തന്നെ, സ്നേഹം, സഹാനുഭൂതി എന്നിവയുടെ പേരിൽ നാം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ മുഖപടങ്ങൾ AI കംപ്യൂട്ടറുകൾ വലിച്ചുകീറാൻ പോകുന്നു. ചുരുക്കിപ്പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നമ്മിലെ ഇക്കാണുന്ന ഇന്റലിജൻസ് ഒന്നും ഇന്റലിജൻസ് അല്ല എന്ന് വെളിപ്പെടുത്തുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിൽ, ഒന്നുമറിയാത്ത ഒരു കുട്ടി 'രാജാവ് നഗ്നനാണ്' എന്ന് വിളിച്ചുപറഞ്ഞതുപോലെ, നിന്റെയൊന്നും ബുദ്ധി ഒരു ബുദ്ധിയല്ല എന്ന് വിളിച്ചുപറഞ്ഞു തുടങ്ങുന്നു. കേൾക്കാൻ ത്രാണിയുള്ളവർ കേൾക്കട്ടെ. അല്ലാത്തവർ മാറിയിരുന്ന് അവരവരുടെ വിഡ്ഢിത്തങ്ങളിൽ മുഴുകട്ടെ. 

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മിലെ ആർട്ടിഫിഷ്യൽ ആയിട്ടുള്ള സകലതിനെയും വെളിപ്പെടുത്തുമ്പോൾ, സ്വാഭാവികമായും സംഭവിക്കുന്ന മറ്റൊന്നുണ്ട്, എന്താണ് മൗലികമായ ബുദ്ധിയെന്ന കാര്യത്തിലുള്ള വ്യക്തത. കൊട്ടിഘോഷിക്കപ്പെട്ട അനാസക്തികൾ പോലും മനുഷ്യന് മുഷിയാൻ തുടങ്ങും. ത്യജിക്കലോ പരിഗ്രഹിക്കലോ അല്ല, അറിയുക എന്നത് മാത്രമാണ് കാര്യം- pure

pic. by Riaan beylefeld, Pexels
knowing; ഒരുപക്ഷേ അത് മാത്രമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കാത്തതായി ഉണ്ടാവുകയുള്ളൂ. 'Understanding is love', 'Understanding is compassion' എന്നീ  ബുദ്ധസൂക്തങ്ങളിലേക്കു നാം കൂടുതൽ അടുക്കുകയാണ്. അതിൽക്കുറഞ്ഞതെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. 


ഇപ്പോഴത്തെ നമ്മുടെ ബുദ്ധിയെല്ലാം 'ആർട്ടിഫിഷ്യൽ' എന്ന് പറയാമെങ്കിൽ, എങ്ങനെയാണ് നമുക്ക് മൗലികമായ ബുദ്ധിയുടെ സോഫ്റ്റ്‌വെയർ നിർമ്മിച്ചെടുക്കാനാവുക? സാധ്യമല്ല തന്നെ. Artificial people create artificial intelligence, while enlightened people live intelligently.


ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏറ്റവും കൗതുകകരമായ സംഗതി, അതിന്റെ വിജയപാരമ്യം അതിന്റെ പരാജയവും കൂടിയാണെന്നതാണ്. എന്തെന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇന്റലിജന്റ് ആവാനാണ്. അത് എപ്പോഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! ഈ പ്രപഞ്ചത്തിലെ ഏതൊരു ജീവകണികയും, ഏതൊരു മനുഷ്യനും - the very potential of being in the multidimensional presence -  അതിന്റെ പാരമ്യമാണ്.


ചില പരാജയങ്ങൾ അങ്ങനെയാണ്; വിജയത്തേക്കാൾ മധുരമുള്ളത്.


                                                         



















8 comments:

  1. Yes... 👌Yes.. And Yes.. 👍🌹🌹

    ReplyDelete
  2. ഒരു in depth വിശദീകരണം അല്ലെങ്കിലും limited space ൽ നിന്നുകൊണ്ട് നടത്തിയ മികച്ച അവലോകനം. Congrats

    ReplyDelete
    Replies
    1. Artificial people create artificial intelligence, while enlightened people live intelligently... You nailed it.! 😍

      Delete
  3. ഉൾക്കാഴ്ച ശക്തം

    ReplyDelete
  4. മനോഹരം 💞

    ReplyDelete