നമ്മുടെ സംസ്കാര പദാവലികളിൽ എത്ര പെട്ടെന്നാണ് പുതിയ പുതിയ പ്രയോഗങ്ങളും പേരുകളുമെല്ലാം ചേർക്കപ്പെടുന്നത്! fitness culture, gym culture, nightlife culture, page 3 culture, food culture, counselling culture എന്നിങ്ങനെ ഓരോ മേഖലയെടുത്താലും ഒരുപാട് ശീലങ്ങളെ നാം culture എന്ന് വിളിച്ചുകൊണ്ട് പരിപോഷിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ ഇത്തരം 'so-called life style culture' കളുടെയെല്ലാം പൊതുസ്വഭാവം 'കൊട്ടിഘോഷിക്കലാണ്’ എന്ന് പറയേണ്ടി വരും, നിർഭാഗ്യവശാൽ.
ഒരുപക്ഷേ, ഇത്തരം കൾച്ചറുകളുടെ ഭാഗമായി ഏറ്റവും സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്നത് ഫിറ്റ്നസ് സെന്ററുകൾ ആണെന്ന് തോന്നുന്നു, multi cuisine ഭക്ഷണശാലകൾക്കു ശേഷം.. എന്തുമാവട്ടെ, മനുഷ്യർ വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്, ഒരുവേള അത്യാവശ്യവുമാണ്. നമ്മുടെ നിത്യ വൃത്തികളിൽ ആവശ്യത്തിന് വേണ്ട ശാരീരിക അധ്വാനങ്ങൾ പോരാഞ്ഞിട്ടാണോ മറ്റോ, ഗ്രാമങ്ങളിലേക്ക് പോലും ഹൈ - ഫൈ ഫിറ്റ്നസ് സെന്ററുകൾ കടന്നുവരാൻ തുടങ്ങിയിട്ടുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ഉന്മേഷാവസ്ഥക്ക് ഇത്തരം വ്യായാമങ്ങൾ അത്യാവശ്യമാണ് എന്ന പൊതുബോധം നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്നു എന്ന്, ഫിറ്റ്നസ് സെന്ററുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, അങ്ങനെയങ്ങ് ഉറപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ആശുപത്രികളുടെ ബാഹുല്യം, സമൂഹത്തിന്റെ ഉയർന്ന ആരോഗ്യസ്ഥിതിയെയാണ് കാണിക്കുന്നത് എന്ന് വാദിക്കാനാവില്ലല്ലോ.
ഫിറ്റ്നസ് എന്ന പ്രയോഗം പ്രചാരമാർജ്ജിക്കുന്നത് ലോകമഹായുദ്ധങ്ങളോടെയായിരുന്നു. യുദ്ധങ്ങളായിരുന്നു ഒരുവന്റെ ഫിറ്റ്നസ്-നെ അവശ്യമാക്കിത്തീർത്തത്; സ്വന്തം സുസ്ഥിതിയോടുള്ള സ്നേഹ (self love) ത്തിന്റെ ഭാഗമായി ഒരാൾ സ്വയം സ്വീകരിച്ചിരുന്ന ജീവിത സമീപനമായിരുന്നില്ല അത്. അതായത്, ഫിറ്റ്നസ് എന്നത്, എന്തിനധികം ആരോഗ്യമെന്നതുപോലും, പുറമെയുള്ള ആരുടേയോ ആവശ്യമായിരിക്കുന്നു. other orientation - അപരോന്മുഖത്വം - സ്വന്തം സൗഖ്യത്തിൽ പോലും കയറിപ്പറ്റിയിരിക്കുന്നു!
Fitspiration എന്നത് സുപരിചിതമായ ഒരു പ്രയോഗമാണെന്നോർക്കുക. അതായത്, സ്വന്തം ഫിറ്റ്നസ് നില നിർത്താൻ, മറ്റാരിൽ നിന്നെങ്കിലും - അത് സെലിബ്രിറ്റി നടീ നടന്മാരിൽ നിന്ന് തന്നെ വേണം - പ്രചോദനം നേടുക. നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യമെന്നത്, ആരൊക്കേയോചേർന്ന് നമ്മുടെ അഭിലാഷങ്ങളേയും അഭിനിവേശങ്ങളേയും കരുവാക്കിക്കൊണ്ട് മോഹിപ്പിച്ചെടുക്കുന്ന, അംഗീകാരവും ലാഭവും ഉറപ്പാക്കുന്ന മറ്റൊരു ഉല്പന്നം എന്ന നിലയിലേക്കാണ് ഫിറ്റ്നസ് സംസ്കാരം വികസിപ്പിച്ചുകൊണ്ടുവന്നത്. നമ്മുടെ ആരോഗ്യം നമ്മെക്കാളേറെ, മറ്റാരുടെയോ ഉപജീവനോപാധിയാണെന്നർത്ഥം. അല്ലെങ്കിലും, fitness എന്ന വാക്കിന് പിന്നാലെ 'fitness for what' എന്ന ചോദിക്കാൻ തോന്നുക സ്വാഭാവികം.
Other orientation മനുഷ്യന്റെ മാറാവ്യാധിയായി മാറിയതോടെ, യോഗ തന്ത്ര തുടങ്ങിയ ആത്മീയ സാധനകൾ പോലും 'fitness culture' ന്റെ show off ഭ്രമങ്ങളിലേക്കു വീണു പോയി. മരുന്നുകളിൽ 'ആയുർവേദിക്' ടാഗ് പോലെ, ആയുർവേദിക് ജിംനേഷ്യം, യോഗിക് ഫിറ്റ്നസ് എന്നീ പ്രയോഗങ്ങൾ അവതരിക്കാൻ സമയമായി.
ഫിറ്റ്നസ് രംഗത്തെ പ്രയോഗങ്ങൾ ഓർത്തുനോക്കുക - work out, calorie / fat burning, shedding weight എന്നിവയിലൊന്നും തന്നെ self love ന്റെയോ സൗഖ്യത്തിന്റെയോ ലാഞ്ചനകൾ പോലും കണ്ടെത്താനാവില്ല. ജിംനേഷ്യം തുടങ്ങിയ വ്യായാമ സൗകര്യങ്ങൾ നല്ലതല്ലെന്നോ കൊള്ളില്ലെന്നോ അല്ല പറഞ്ഞുവരുന്നത്. സ്വാത്മ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത ഏതൊരു വ്യായാമവും ആത്യന്തികമായി ഒരു ശിക്ഷ (punishment) യെന്നോണമാണ് അനുഭവസ്ഥമാവുക. ജിം മേറ്റ്സ് ഫലിതങ്ങളിൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലെ ഷോ ഓഫ് നിലനിർത്താൻ പാട് പെടുന്നതാണ് മുഖ്യ വിഷയം. ‘I’m torn between cardio and pizza..’ എന്നത് നിർദോഷമായ ഒരു തമാശയാണെങ്കിലും, നിശബ്ദമായി നടക്കുന്ന കലഹങ്ങളുടെ ചിത്രങ്ങളുണ്ടതിൽ.
ഇപ്പറഞ്ഞതൊന്നും കേവലം ഫിറ്റ്നസ് സെന്ററുകളെപ്പറ്റിയോ, ഫിറ്റ്നസിനോടോപ്പം, മാർഷ്യൽ ആർട്സ്, യോഗ ഇത്യാദി പരിശീലനങ്ങളെപ്പറ്റിയോ നടത്തുന്ന വിമർശനങ്ങളല്ല; നാം ശീലിച്ചെടുത്ത അപരോന്മുഖതയും പ്രദർശനപരതയും, മഹത്തരമായ ഏതു സന്ദർഭത്തിലും അവനെ അപഹാസ്യനാക്കിക്കളയുന്നു എന്നോർമ്മപ്പെടുത്തുക മാത്രമാണ്.
ഫിറ്റ്നസ് എന്ന ആശയം ഉദ്ഭവിച്ചുവന്നത് എങ്ങനെയുമാകട്ടെ, സമൂഹത്തിന്റെ മുന്നോട്ടുപോക്കിൽ അനിവാര്യമായിട്ടുള്ള അനേകം മാറ്റങ്ങളുടെ ഭാഗമാണവയെന്നെല്ലാം സമാധാനിക്കാം. കേവലം പേരുകൾ മാറ്റിയതുകൊണ്ടോ, ചെയ്തികളുടെ രീതികൾ മാറ്റിയതുകൊണ്ടോ, തീർത്തും പുതിയതെന്നവകാശപ്പെട്ടുകൊണ്ട് പകരം എന്തെങ്കിലും കൊണ്ടുവന്നതുകൊണ്ടോ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകാൻ പോകുന്നില്ല.
മറിച്ച്, നമ്മുടെ ജീവിത സമീപനത്തിൽ ഒരു ചെറിയ ട്വിസ്റ്റ്, ഒരു ചെറിയ മാറിനില്ക്കൽ; അതൊരുപക്ഷേ നമ്മുടെ ഫിറ്റ്നസ് സങ്കല്പത്തെയാകമാനം മാറ്റിമറിച്ചെങ്കിലോ? സാമ്യം തോന്നിയ ഒരു പദം 'വിറ്റ്നസ്സ്' ആണ്.
Being a witness to everything we do, to everything we are, to everything we go through.
സാക്ഷിയാവൽ. ഉണർവിലേക്കുള്ള പടവുകളിൽ ഏറ്റവും ആദ്യത്തേത്; അവസാനത്തേതും.
സാക്ഷിയാവുക എന്ന പ്രയോഗം ഒരുപക്ഷേ പൊതുവെ തോന്നിക്കുക, നാം സാക്ഷിയാണ് എന്ന് ഭാവന ചെയ്യുക എന്നാകാം. എന്നാൽ അങ്ങനെയല്ല, നാം എല്ലായ്‌പ്പോഴും ഒരു സാക്ഷിയായാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയുകയാണ്. ചുരുങ്ങിയ പക്ഷം, നമ്മുടെ ശരീര മനോ നാഡീ വ്യവസ്ഥ അതിന്റെ പാരമ്യതയിൽ പ്രവർത്തിക്കുമ്പോഴുള്ള
സഹജാവസ്ഥയാണത്. ഒരു തവണയെങ്കിലും അത് തിരിച്ചറിഞ്ഞാൽ, പിന്നെ അതേപ്പറ്റി ഓർക്കുക കൂടി വേണ്ടതില്ല. ഇപ്പോഴും ചോദിക്കാം, 'അതെങ്ങനെ തിരിച്ചറിയാം?' എന്ന്. അത് സവിശേഷമായ എന്തെങ്കിലും ക്രിയകളിലൂടെ തിരിച്ചറിയാൻ പറ്റുന്ന ഒന്നല്ല. അത് ഏതു വിധേനയും ഉണ്ടാക്കിയെടുക്കേണ്ട എന്തെങ്കിലുമല്ല. എന്നാൽ ചില ധ്യാന സങ്കേതങ്ങളിലൂടെ 'ഓ, സർവദാ ഉണർന്നിരിക്കുന്ന ഒന്നിനെ നാം മിക്കപ്പോഴും അറിയാതെപ്പോകുന്നുവല്ലോ' എന്ന് മനസ്സിലാക്കാൻ സാധിച്ചേക്കാം. അതിലുമുപരി, ഏറ്റവും എളുപ്പമായ സന്ദർഭങ്ങൾ, നമ്മുടെ മേല്പറഞ്ഞ ഫിറ്റ്നസ് തുടങ്ങിയ ലൈഫ് സ്റ്റൈൽ മുഹൂർത്തങ്ങളെ ഒരല്പം സ്നേഹത്തോടെ സമീപിക്കുക എന്നതാണ്; സൗഖ്യത്തേക്കാളുപരി ആ ചെയ്തികൾക്ക് പിന്നിൽ മറ്റു യാതൊരു ലാഭേച്ഛകളുമില്ലാതിരിക്കട്ടെ. തികഞ്ഞ ലീലാപരതയോടെ - playfulness - ഏതൊരു ചെയ്തിയിലും പങ്കെടുക്കുമ്പോൾ, നമ്മിലെ സാക്ഷി അതിന്റെ കണ്ണുകൾ മുഴുവനും തുറക്കും.
ഒരുപക്ഷേ 'workout' നു പകരം അവ 'work in' ആയി മാറിയാലോ? കത്തിച്ചുകളയാൻ ശ്രമിക്കുന്ന അനാവശ്യ ഊർജ്ജവും കൊഴുപ്പുമെല്ലാം തനിയേ കുറഞ്ഞുവന്നോളും, നമുക്കകത്ത് കുത്തിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകളെല്ലാം എരിഞ്ഞുപോവുകയാണെങ്കിൽ. ഫിറ്റ്നസ് എന്നത് നിത്യജീവിതത്തിന്റെ ഒരു ചെറിയ സ്ലോട്ടിന്റെ മാത്രം ആവശ്യകതയെങ്കിൽ, (being a) WITNESS എന്നത് മൊത്തം ജീവിതത്തിനോടുള്ള ധ്യാന സമീപനമാണ്; the essential one. Witnessing Quality നമ്മുടെ ജീവിതത്തിൽ പ്രഭ പരത്താൻ തുടങ്ങുമ്പോൾ, ഫിറ്റ്നസിങ്ങും മറ്റും സ്വാഭാവികമായി ചേർക്കപ്പെടാവുന്നതാണ്. ഫിറ്റ്നസ്സിനു വേണ്ടി പുറമേ നിന്നും നാം പ്രചോദിതരാവണമെന്നിരിക്കേ, സാക്ഷിയാവുക എന്നതിന് നമുക്ക് നമ്മോട് ഒരല്പം ഇഷ്ടമുണ്ടാവണമെന്നേയുള്ളൂ.





👍...
ReplyDelete💗💗
Delete💖💖💖
ReplyDelete👌
ReplyDelete👍🙏
ReplyDelete