അവബോധം എന്ന വാക്കിനേക്കാൾ ഒരുപക്ഷേ 'awareness' എന്ന വാക്കായിരിക്കാം ഇന്ന് നമുക്ക് കൂടുതൽ പരിചയം. ധ്യാനം എന്ന സമീപനത്തെ പ്രാർത്ഥന, ഭക്തി, സമർപ്പണം, ദൈവഭയം എന്നീ പതിവ് രീതികളിൽ നിന്നും ഒരല്പം വ്യത്യസ്ഥമായിക്കണ്ട്, ശാസ്ത്രീയം എന്ന് പറയാനാവും വിധം അവതരിപ്പിക്കാൻ ശ്രമിച്ചത് മുതൽ - അതിലെ പ്രധാന നാഴികക്കല്ലാണ് ബുദ്ധൻ - അവബോധം അല്ലെങ്കിൽ 'awareness' എന്ന പ്രയോഗം ആത്മീയതയിൽ ഗൗരവം പേറി നിന്നു. ധ്യാനം എന്ന വാക്കിനേക്കാൾ 'മെഡിറ്റേഷൻ' എന്ന വാക്ക് കൂടുതൽ ജനസമ്മതി നേടിയതുപോലെ 'awareness' എന്ന വാക്ക് ഇന്നിപ്പോൾ യോഗ - ധ്യാന പരിശീലകർ, മോട്ടിവേഷണൽ ജോലിക്കാർ, കൗൺസിലിങ് വിദഗ്ദർ (വിദഗ്‌ദരല്ലാത്തവരും) രണ്ടാമതൊന്നാലോചിക്കാതെ എടുത്തുപയോഗിക്കുന്നുണ്ട്. അതിനേക്കാൾ കൗതുകം, ഇത്തരം വാക്കുകൾ ഒട്ടും വേണ്ടിവന്നിട്ടില്ലാത്ത ഭക്തി- ഭജനക്കാർ മുതൽ, യാതൊന്നും ആലോചിക്കാതെ, സകലതിനേയും വെറുതെയിങ്ങനെ ചേർത്തുപിടിച്ചാൽ മതി എന്ന് താലോലിച്ചുകൊണ്ട് സമാധാനിപ്പിക്കുന്നവർ വരെ 'awareness' എന്ന് തന്നെ ഇടയ്ക്കിടെ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ശരിക്കും സന്തോഷമുള്ള സംഗതിയാണത്. അല്പം ബോധം വെച്ച് മനുഷ്യനായ നാൾ മുതൽ എന്താണീ ബോധം എന്ന് നേരിട്ടും അല്ലാതേയും പല വിധത്തിൽ അവൻ ചോദിച്ചു വന്നിട്ടുണ്ട്. ഇന്നും, ആത്മീയ ഗുരുക്കന്മാർക്ക് പുറമേ ശാസ്ത്രജ്ഞരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദഗ്ധരുമെല്ലാം ഇടതടവില്ലാതെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, 'What is Awareness? What is consciousness?' എന്നെല്ലാം.
‘Money is what money does’ എന്നതുപോലെത്തന്നെ നിർവ്വചിക്കേണ്ടിവരുന്നവയുടെ കൂട്ടത്തിലുള്ളതാണ് അവബോധവും. ഇലക്‌ട്രിസിറ്റി എന്താണെന്നു ചോദിച്ചാൽ അത് ഏതെല്ലാം ഉപകരണങ്ങളിലൂടെ പ്രവഹിക്കുന്നുവോ, അപ്പോഴുണ്ടാകുന്ന ഫലത്തിന്റെ സ്വഭാവത്തിലൂടെ മാത്രമേ അതേപ്പറ്റി മനസ്സിലാക്കാൻ സാധിക്കൂ എന്നതുപോലെ. എന്താണ് അവബോധം എന്നത് അത് നിർവ്വഹിക്കുന്ന പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ലാതെ വ്യക്തമാക്കാൻ കഴിയില്ല തന്നെ. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, Aware ആയിക്കൊണ്ട് മാത്രമേ awareness എന്തെന്ന് ഗ്രഹിക്കാൻ കഴിയൂ. ഇത്രയും വർഷങ്ങളായി അനേകമാളുകൾ ശ്രമിച്ചിട്ടും മതിയാംവണ്ണം വ്യക്തമാക്കാൻ സാധിക്കാത്ത ഒരു സംഗതിയെ ഈ ചെറിയ കുറിപ്പിൽ വ്യക്തമാക്കാം എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സാധാരണയായി നാമെല്ലാം awareness എന്ന് പ്രയോഗിക്കുമ്പോൾ വാസ്തവത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കുക എന്നത് മാത്രമാണ്. Awareness- ഉം Consciousness-ഉം തമ്മിലുള്ള വ്യത്യസമെന്തെന്ന് ഇവിടെ പരിശോധിക്കാതെ വിടുന്നു, തത്ക്കാലം.
സാധാരണയായി awareness എന്ന് പറയുമ്പോൾ നാം ഉദ്ദേശിക്കുക, എന്തിനെയെങ്കിലും പറ്റി ബോധമുണ്ടാവുക, അതിനെ അറിയുക - knowing - എന്നിങ്ങനെയാണ്. ഹിന്ദിയിൽ ഇതിനെ അവർ 'ധ്യാൻ' എന്ന് പറയും. നടവഴിയിൽ കുണ്ടും കുഴിയുമുണ്ടെങ്കിൽ, 'ധ്യാൻ രഖോ' എന്ന് പറയും പോലെ. ഇനി, aware ആവുക എന്ന് പറഞ്ഞാൽ ജാഗ്രത പാലിക്കുക എന്നൊരു അർത്ഥമുണ്ട്. അവിടെയത് ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം പോരാ, അതേപ്പറ്റി എപ്പോഴും ഓർത്തിരുന്നേക്കണം.
അതേസമയം ഒരു വസ്തുവിനെപ്പറ്റി ബോധവാനാവുക എന്നതിൽക്കവിഞ്ഞ്,
അതേപ്പറ്റി മാത്രം ബോധവാനാവുക എന്ന സ്ഥിതിയുണ്ടായാൽ, ഫലത്തിൽ അത് 'unaware' ആയതുപോലെയായി. Aware ആയിരിക്കേ ആവശ്യത്തിന് മാത്രം ആ പ്രത്യേക വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുക തന്നെ വേണം. അതേസമയം ആ ഒരിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കേ മറ്റെല്ലാ സംഗതികളും മറന്നതുപോലെയാണെന്ന് വച്ചാൽ അത് അവബോധത്തിലെ കുറവ് തന്നെയാണ്. ഇവിടെയാണ് പറയുന്നത് ധ്യാനമെന്നാൽ ഏകാഗ്രചിത്തനാവുകയെന്നല്ല അർത്ഥമെന്ന്.
Aware ആവുക എന്നുവച്ചാൽ സകലതും ഓർമ്മിച്ചുകൊണ്ടിരിക്കുക എന്നാണോ? ഒട്ടും തന്നെ അല്ല. അതേസമയം awareness- ൽ ഓർമ്മ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏതെങ്കിലും ഒന്നിനെ ഓർമ്മിക്കുക എന്ന് പറയുമ്പോൾ, വർത്തമാനത്തിൽ നിന്നും (present) മാറി ഏതോ ഒന്നിനെപ്പറ്റിയുള്ള ഓർമ്മയുടെ പുറകെ പോവുക എന്നായി. അതേസമയം വർത്തമാനാവസ്ഥയിൽ നിന്നും തെല്ലും മാറാതെ ഒരോർമ്മയെ ആ അവസ്ഥയിലേക്ക് കൂട്ടിച്ചേർക്കുക എന്നത് awareness എന്ന ധർമ്മത്തിന്റെ വിസ്താരമാണ്; ഒരു കേന്ദ്രബിന്ദുവിൽ നിന്നും എല്ലാ ദിശയിലേക്കും വെളിച്ചം പരന്നു പരന്നു പോകുന്നതുപോലെ. Memory എന്ന വാക്കിനേക്കാളും Remembering എന്ന വാക്കാണ് ഇവിടെ അനുയോജ്യം.
ഏറ്റവും പരിചിതമായ സന്ദർഭത്തെ എടുത്തുകൊണ്ട് അവബോധത്തിന്റെ പ്രവൃത്തി പരിധികളെ എളുപ്പം മനസിലാക്കാമെന്നു തോന്നുന്നു:
അടുക്കളയിൽ പാൽ തിളപ്പിക്കാൻ വെച്ചിരിക്കുന്നുവെന്നു വിചാരിക്കുക. അപ്പോഴാണ് കാളിങ് ബെൽ കേട്ടത്. ഒന്നുപോയി വാതിൽ തുറന്നു വരാനുള്ള സമയമുണ്ടെന്ന് ഉറപ്പായതിനാൽ വാതിലിനടുത്തേക്കു പോയി. വീട്ടുകാരനായിരുന്നു. വാതിൽ തുറന്നു കൊടുത്ത് തിരിച്ചു പോകാൻ നേരം മൊബൈൽ റിങ് ചെയ്യുന്നു. അപ്പുറത്ത് എവിടെയോ വെച്ചിരുന്ന മൊബൈൽ എടുത്ത് സംസാരിക്കാൻ തുടങ്ങുമ്പോഴായിരുന്നു അടുപ്പത്ത് പാൽ തിളച്ചു പൊങ്ങിപ്പോകുന്ന ശൂ ശൂ ശബ്ദം കേട്ടത്! ഫോൺ വന്നപ്പോൾ പാൽ അടുപ്പത്തുള്ള കാര്യം ഒരു സെക്കൻഡ് നേരത്തേക്ക് മറന്നു.
ഇവിടെ അവബോധമെന്നത് രണ്ടുമൂന്ന് കാര്യങ്ങളെ വർത്തമാനാവസ്ഥയിൽ മാത്രം കൈകാര്യം ചെയ്യാനുള്ള ശ്രമമാണ്. പാൽ തിളച്ചുപൊങ്ങാനുള്ള സമയത്തെപ്പറ്റിയുള്ള ജാഗ്രത, അതിനെ കൈവിടാതെത്തന്നെ തീർത്തും വ്യത്യസ്തമായ, ശബ്ദം എന്ന ഡിമെൻഷനിൽ നാം കാളിങ് ബെല്ലിനോട് പ്രതികരിക്കുന്നു. വാതിൽ തുറന്നുകൊടുക്കുമ്പോഴും അകത്തേക്ക് പ്രവേശിക്കുന്ന വീട്ടുകാരനോട് തലയാട്ടുമ്പോഴും പാലിനെപ്പറ്റിയുള്ള ശ്രദ്ധ സജീവമാണ്. അപ്പോഴേക്കും മറ്റൊരു ഡിമെൻഷനിലാണ് മൊബൈൽ ഫോൺ റിങ് ചെയ്യുന്നതും സംസാരിക്കുന്നതും. പാലിനെപ്പറ്റിയും അകത്തേക്ക് കയറുന്ന വീട്ടുകാരനെപ്പറ്റിയും നാം ശ്രദ്ധാലുവാണ്. പക്ഷേ, ഒരു നിമിഷനേരത്തേക്ക് പാൽ തിളക്കാനുള്ള സമയത്തെപ്പറ്റിയുള്ള ഓർമ്മിക്കൽ (remembering) കൈവിട്ടുപോകുന്നു. ബോധമെന്നത് തൈലധാരപോലെ അനായാസം നിർഗ്ഗളിക്കുന്നതാകണം എന്ന് പണ്ടുമുതല്ക്കേ പറഞ്ഞുപോരുന്നത് ഈ പശ്ചാത്തലത്തിലാണ്. നമ്മുടെ അവബോധം ഒരു നിമിഷനേരത്തേക്കു മുറിഞ്ഞുപോയിരിക്കുന്നു.
ഡ്രൈവ് ചെയ്യുമ്പോൾ, ആക്സിലേറ്റർ അമർത്തുന്നതും ഹോൺ മുഴക്കുന്നതും ഇൻഡിക്കേറ്റർ ഓൺ ചെയ്യുന്നതും ബ്രേക്ക് ചവിട്ടുന്നതും പുറമെയുള്ള കാഴ്ചകൾ ആസ്വദിക്കുന്നതും സ്റ്റീരിയോവിൽ പാട്ടു കേൾക്കുന്നതും ഒപ്പം അടുത്തിരിക്കുന്ന ആളോട് സംസാരിക്കുന്നതും aware ആയിരിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ പറ്റിയ മറ്റൊരു സന്ദർഭമാണ്. ഇതിൽ ഏതെങ്കിലും ഒരു കാര്യത്തിൽ നാം ഉടക്കിപ്പോയാൽ പിന്നെ എല്ലാം കുഴപ്പത്തിലാകുന്നു. അതേസമയം, ഇവയൊക്കെയും എങ്ങനെയെങ്കിലുമൊരുവിധം ഒപ്പിച്ചെടുക്കുകയും ഡ്രൈവിംഗ് എന്ന പ്രവൃത്തി ആസ്വദിക്കാൻ സാധിക്കാതെയുമിരുന്നാൽ, നമുക്ക് പറയാം അയാൾ വേണ്ടത്ര aware അല്ലെന്ന്. ജിദ്ദു കൃഷ്ണമൂർത്തി പങ്കുവെച്ച ഒരു നർമ്മമുണ്ട്: അദ്ദേഹം ഒരിക്കൽ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, ഡ്രൈവ് ചെയ്യുന്നയാളും കൂടെയുണ്ടായിരുന്നയാളും അവബോധത്തെപ്പറ്റിയുള്ള ഗൗരവമായ ചർച്ചയിലായിരുന്നു. പെട്ടെന്ന് കാർ, വഴി മുറിച്ചു കടന്ന ഒരു ആടിനെ ഇടിച്ചിട്ടു. പക്ഷേ ഇതൊന്നുമറിയാതെ അവർ അവബോധത്തെപ്പറ്റിയുള്ള അവരുടെ സംഭാഷണം തുടർന്നുകൊണ്ടേയിരുന്നുവത്രേ!
അവബോധമെന്നത് നിരവധി ഡിമെൻഷനുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ -ഭൂതമെന്നോ ഭാവിയെന്നോ വ്യത്യാസമില്ലാതെ- വർത്തമാനാവസ്ഥയിൽ സജീവമായി നിലനിർത്തിക്കൊണ്ട് പ്രതികരിക്കാനും അതേ സമയം അതിൽ നിന്നും മാറിനിന്നെന്നപോലെ ആസ്വദിക്കാനുമുള്ള ആർജ്ജവമാണ്. ധ്യാനമാകട്ടെ, നമ്മുടെ ശരീരത്തേയും മനസ്സിനേയും അവയുടെ സ്വാഭാവികമായ പ്രവർത്തനങ്ങളിലേക്ക് അനുവദിച്ചുകൊടുക്കുന്നതിനുള്ള നൈപുണ്യമാർജ്ജിക്കലും - knack. അപ്പോൾ, അപ്പോൾ മാത്രം, awareness അതിന്റെ പാരമ്യതയിൽ പരിലസിച്ചേക്കുമത്രേ.






Thankyou Tarpan I got the correct answer dear..💝
ReplyDelete🙏💕💕
DeleteBeautiful
Delete💕💕💕
Deleteഅവബോധം എന്നത് തീർച്ചയായും ഗഹനമായ ഒരു വിഷയമായിരിക്കെ തന്നെ അതിനെ കുറിച്ചുള്ള എല്ലാ അപഗ്രതനങ്ങളും അതിനുള്ളിൽ നിലനിൽക്കുന്നു എന്നതുകൊണ്ടും അതിനാൽ ഉണ്ടായേകാവുന്ന പരിമിതികൾ മാറ്റിനിർത്തിയാൽ,..
ReplyDeleteസാധാരണ നാം പറയുന്ന, കരുതി പോരുന്ന awareness അല്ലെങ്കിൽ അവബോധം എന്നത് ഓരോ ജീവകോശത്തിന്റെയും തനതു സ്വഭാവ സവിശേഷത ആണ്. തീ യിന് ചൂടും പ്രകാശവും എന്നപോലെ ഒരു കോശത്തിനും അതിന്റെതായ തനതു സ്വഭാവം. ആതിന്റെ ഒരു collectiveness അതിന്റെ memory വർത്തിക്കുന്നു എന്ന് കണക്കാക്കം.
ഈ മെമ്മറി എന്നത് സ്ഥിരം ഒരു loop process ആയി മാറുന്നു എന്നതിൽ നിന്നാണ് ഒരു വസ്തുവിന് ഒരു സവിശേഷ സ്വഭാവം വന്നു ചേരുന്നത്.
മനസ്സ് എന്നത് ഒരേ സമയം ഒരു വസ്തുവും വസ്തുതയും ആയിരിക്കുന്നത് കൊണ്ടു multiple loop proceess കൈവരികാനുള്ള സാധ്യതകൾ ഉടലെടുക്കുന്നു.
ഇതിന്റെ റിവേഴ്‌സ് process ആണല്ലോ നാം ഇന്ന് പറഞ്ഞുപോരുന്ന A I... Artificial intelligence. Or.. In a more practical way artificial memory process.
ഇവിടെ പറയുന്ന ഉദാഹരണങ്ങളിലേതു പോലെ അവബോധം എന്നത് ഓർമിക്കലുകൾ അല്ല എന്ന് തോനുന്നു, multi diamensional activities/ simoultaneous memories എന്നത് നിരന്തര അഭ്യാസവുമായി ബന്ധപ്പെട്ട ഒന്നാണ്. മനസിന്റെ വളർത്തിയെടുക്കപെട്ട ഒരു പരിശീലനം. Skill.
"*ബോധമെന്നത് തൈലധാരപോലെ അനായാസം നിർഗ്ഗളിക്കുന്നതാകണം*"എന്നത് അവബോധത്തിന്റെ continuity യെ സൂചിപ്പിക്കന്നതാകുമെകിലും അവബോധത്തെ സൂചിപ്പിക്കാനുതകുന്നില്ല എന്ന് തോന്നുന്നു.
, (Even though that is not the intention here.)
അവബോധം എന്നത് കൃത്യമായ നിർവചനങ്ങളിൽ ഒതുങ്ങുതതല്ല എന്ന്പൂർണ്ണ ബോധം നിലനിർത്തി അതിനെ വിശകലനം ചെയ്ത രീതി സ്തുതിയാർഹമാണ്. വായനക്കിടയിലൂടെ അവബോധത്തിന്റെ ചെറു നാമ്പുകൾ അതിന്റെ ഉൾതരിപ്പുകൾ സമ്മാനിക്കാൻ കഴിയുന്ന പ്രതിഭ സമ്പന്നമായ എഴുത്തുകൾക്കു നന്ദി. 🙏
May I know who is this? lv to share more. Pl cl if you don't mind. 💞💞💞
ReplyDelete