Osho wings Osho waves

Featured Post

Friday, April 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 68

 



                               
സർഗ്ഗാത്മകതയുടെ കണ്ണുകൾ


യഥാർത്ഥ ജീവിതത്തേക്കാൾ വാസ്തവികമാണ് കഥകളും ഭാവനയുമെല്ലാം എന്ന് തോന്നുന്ന സന്ദർഭങ്ങളുണ്ടാവാം. കഥകളേക്കാളും ഭാവനകളേക്കാളുമെല്ലാം അവാസ്തവികമാണ് കണ്ണിനു തൊട്ടു മുന്നിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങൾ എന്ന അവസ്ഥകളുമുണ്ടാവാം. എന്നാൽ തീരെ വാസ്തമല്ലെന്നറിയാമായിരുന്നിട്ടും യാഥാർഥ്യത്തെക്കാൾ ജൈവമായിരിക്കുന്ന നിമിഷങ്ങളുണ്ടാവാം. ആ നിമിഷങ്ങളെയാണ് സർഗ്ഗാത്മകതയുടെ നിമിഷങ്ങൾ എന്നറിയേണ്ടത്.


അത്തരം നിമിഷങ്ങൾ സവിശേഷമായ ഏതെങ്കിലും പ്രവൃത്തികളോട് ബന്ധപ്പെട്ട് നില്ക്കുന്നതല്ല. അതുകൊണ്ടുതന്നെ സർഗ്ഗാത്മകത എന്നത് കേവലം കലയുമായി ചേർന്നുകിടക്കുന്നതല്ല. ഏർപ്പെടുന്ന ഏതൊരു പ്രവൃത്തിയും എത്രത്തോളം കലാത്മകമായിരിക്കുന്നു എന്നതിനെ വെച്ചുകൊണ്ടാണ് അതിലെ സർഗ്ഗാത്മകതയെ വിലയിരുത്തേണ്ടത്. അല്ലെങ്കിൽ, അത് എത്രത്തോളം സർഗാത്മകമായിരിക്കുന്നു എന്നതിനെ വെച്ചുകൊണ്ടാണ് അതിലെ കാലാമൂല്യത്തെ വിലയിരുത്തേണ്ടത്. ഇനി, സർഗ്ഗാത്മകമായി യാതൊന്നിലും ഏർപ്പെടാതെയുമിരിക്കാം. ഒരുപക്ഷേ, അത്തരമൊരു സമീപനത്തെ വിളിക്കാൻ ഏറ്റവും മനോഹരമായ പേരാണ് 'സന്ന്യാസം'.



സർഗ്ഗാത്മകമെന്നോ കലയെന്നോ വിളിച്ചാലും, അതിൽ പൊതുവായി നിലകൊള്ളുന്നത് ആ  പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ വൈയക്തികമായ അഭാവമാണ്. 'When YOU disappears, creativity happens' എന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നത് അങ്ങനെയാണ്. ശരീരത്തിൽ അയാൾ നൂറു ശതമാനം സന്നിഹിതനായിരുന്നിട്ടും അയൾക്കെങ്ങനെയാണ് അപ്രത്യക്ഷമായിരിക്കാൻ സാധിക്കുക? 


സമ്പൂർണ്ണമായ പങ്കുചേരൽ. ഓഷോ പ്രയോഗിക്കുന്ന വാക്ക് 'totality' എന്നാണ്. ഒരു വ്യക്തി ഏതു പ്രവൃത്തിയിലും – വീണ്ടും ഓർമ്മിപ്പിക്കട്ടെ, ആ പ്രവൃത്തിയെന്നത് ചൂലെടുത്തു അടിച്ചുവാരുന്നത് മുതൽ സ്പേസ് മിഷൻ വരെ എന്തുമാകാം – സമ്പൂർണ്ണമായി പങ്കു ചേരുമ്പോൾ, അയാളിലെ വ്യക്തിത്വം തീരെ അപ്രത്യക്ഷമായിത്തീരുന്നു. എന്തുകൊണ്ടെന്നാൽ വ്യക്തിത്വമെന്നത് സാമൂഹികമായ ഒരു മേൽവസ്ത്രം മാത്രമാണ്. പ്രായോഗികമായ ചില നീക്കുപോക്കുകൾക്കുതകുന്നത്. ഒരു പ്രവൃത്തിയിൽ പങ്കുകൊള്ളലാകട്ടെ ഒരു ആരാധനാലയത്തിനുള്ളിലേക്ക് ഭക്ത്യാദരപൂർവ്വം പ്രവേശിക്കുന്നതുപോലെയും. പുറംപൂച്ചുകളെല്ലാം ഗേറ്റിൽ ഉപേക്ഷിക്കാതെ പ്രവേശനം സാധ്യമല്ലതന്നെ. ഒരു വ്യക്തി ഏതെങ്കിലും ഒരു പ്രവൃത്തിയിൽ മുഴുകിപ്പോകുമ്പോൾ, പലപ്പോഴും ബാഹ്യലോകത്തെപ്പറ്റി ബോധമില്ലാത്ത വിധം കാണപ്പെടുന്നത് അതുകൊണ്ടാണ്. ബാഹ്യലോകത്തെ വിസ്മരിക്കുക എന്നത് ഒട്ടും അഭിലഷണീയമായ ഒരു സംഗതിയല്ല എന്നും, അതല്ല സർഗ്ഗാത്മക പ്രവൃത്തിയുടെ മാനദണ്ഡം എന്നതും വേറെ കാര്യം.


ഒരു വ്യക്തി ധ്യാനത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത് - അയാളിലെ വ്യക്തിത്വത്തിന്റെ കൊഴിഞ്ഞുപോക്ക്. സർഗ്ഗാത്മകതയുമായി ധ്യാനം വേദി പങ്കിടേണ്ടുന്നത് ഇവിടെയാണ്. ഇവിടെ വെച്ചാണത്രേ ഹിതകരമല്ലാത്ത ഒരു ദിശാവ്യതിയാനം സംഭവിക്കുന്നത്. ധ്യാനത്തിലൂടെ കടന്നുവന്നവർ തങ്ങൾ എത്തിച്ചേർന്ന സർഗ്ഗാത്മകമായ ഊർജ്ജാവസ്ഥയെ നിത്യജീവിതത്തിലെ വൈവിധ്യമാർന്ന മറ്റു ചെയ്തികളിലേക്കു പടർത്തുന്നതിനു പകരം, സകല പ്രവൃത്തികളിൽ നിന്നും പിൻവലിയാൻ ശ്രമിക്കുന്നു. സർഗ്ഗാത്മകതയിലൂടെ കടന്നുവന്നവരാകട്ടെ അവരുടെ പ്രവൃത്തിയിൽ അവർ എത്തിച്ചേർന്ന ഉണർവിന്റെ ഉച്ചസ്ഥായിയിൽ നിന്നും കൂടുതൽ ആഴത്തിലേക്കോ ഉള്ളിലേക്കോ പ്രവേശിക്കുന്നതിന് പകരം, അതുപോലുള്ള കൂടുതൽ കൂടുതൽ പ്രവൃത്തികളിലേക്കു സ്വയം വിസ്മരിക്കാൻ ശ്രമിക്കുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ജീവിത സമീപനങ്ങളിൽ ഏറ്റവും പ്രകടമായി നില്ക്കുന്ന വ്യത്യാസം ഇതത്രേ.


ഇത്രയും പറയാൻ പ്രേരിപ്പിച്ചത് ഈയടുത്ത് കേൾക്കാനിടയായ ഒരു കഥയാണ് - 'കഥാനേരം' എന്ന തന്റെ യു ട്യൂബ് ചാനലിൽ ശ്രീ. ഗിരീശൻ എന്ന ചിത്രകാരൻ പങ്കുവെച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറേക്കാ പാട്ടുകൾ എന്ന സമാഹാരത്തിലെ, എം. വി. മോഹനൻ രചിച്ച ഒരു പാട്ടിനെയാണ് ഗിരീശൻ കഥയാക്കിയിരിക്കുന്നത് - 'ഏടിറങ്ങിയ ആന'.




അത്യാവശ്യം ചിത്രം വരക്കാൻ കഴിവുള്ള ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവന്റെ ചേട്ടന്റെ കണക്കു പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, വരയില്ലാത്ത ആ വെള്ളക്കടലാസുകൾക്കു മുന്നിൽ അവനു പിടിച്ചുനില്ക്കാനായില്ല. അവൻ അതിൽ ഒരു ആനയെ വരച്ചു. ചേട്ടനില്ലാത്ത നേരം നോക്കി കയ്യിൽ തടഞ്ഞതായിരുന്നു ഈ നോട്ടു ബുക്ക്. ആനയെ വരച്ചു തീരുന്നതിനു തൊട്ടു മുൻപ് ചേട്ടൻ കടന്നു വന്നു. ഇവൻ എന്തോ ഒപ്പിക്കുന്നുണ്ടെന്ന് ചേട്ടന് സംശയം തോന്നിയെങ്കിലും അവൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. കുറേ കഴിഞ്ഞ് ചേട്ടൻ വീണ്ടും പുറത്തേക്കു പോയപ്പോൾ, അനിയൻ ഓടിച്ചെന്ന് കണക്കു പുസ്തകം പരതിയെടുത്തു. താൻ വരച്ചുകൊണ്ടിരുന്ന ആനയുടെ ചിത്രം എങ്ങനെയെങ്കിലും ഒന്ന് മുഴുമിക്കാൻ കാത്തിരിക്കുകയായിരുന്നു അവൻ. എന്നാൽ പുസ്തകം മുഴുവനും തെരഞ്ഞിട്ടും. താൻ വരച്ച ആ ആനയെ അവനു കണ്ടെത്താൻ കഴിയുന്നില്ല. 


അവനു വെപ്രാളമായി. അവൻ കരച്ചിലായി. അപ്പോഴേക്കും ചേട്ടൻ കടന്നുവന്നു. അനിയന്റെ കള്ളം കയ്യോടെ പിടിച്ചു എന്ന ഭാവത്തിൽ ചേട്ടൻ. അനിയൻ പക്ഷേ കരഞ്ഞുകൊണ്ട് പറയുകയാണ്,'ചേട്ടാ, എന്റെ ആന ഏടിറങ്ങിപ്പോയിരിക്കുന്നു, ഒന്ന് കണ്ടെത്തിത്തരോ?' 

'അല്ലെങ്കിലും എനിക്കറിയാമായിരുന്നു, നീ എന്തോ ഒപ്പിക്കുന്നുണ്ടെന്ന്' എന്ന് പറഞ്ഞുകൊണ്ട് ചേട്ടനും ആ പുസ്തകം മുഴുവനും തെരഞ്ഞെങ്കിലും അനിയന്റെ ആനയെ കണ്ടെത്താൻ കഴിയുന്നില്ല. കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലായി. ഏടിറങ്ങിപ്പോയ ആനയെപ്രതി കുട്ടി വല്ലാതെ വിഷമിച്ചു.


അപ്പോഴാണ് 'എപ്പോ നോക്ക്യാലും ഇവന് കരച്ചിലും ബഹളവുമാണല്ലോ' എന്ന് പറഞ്ഞുകൊണ്ട് അമ്മ കടന്നുവന്നത്. 'ഇവൻ എന്റെ കണക്കുപുസ്തകമെടുത്ത് അതുമിതും കുത്തിവരച്ചിട്ട് ഇപ്പൊ കാണാനില്ല എന്ന് പറഞ്ഞുള്ള ബഹളമാണ്', ചേട്ടൻ പറഞ്ഞു. അപ്പോഴേക്കും അവൻ അമ്മയോട് കെഞ്ചി, 'അമ്മേ, എന്റെ ആന  ഏടിറങ്ങിപ്പോയിരിക്കുന്നു. ഒന്ന് കണ്ടെത്തിത്തായോ.'

അവസാനം, അവന്റെ കരച്ചിൽ നിർത്താനായി അമ്മ പറഞ്ഞു,'മോനേ, ഞാൻ നിനക്ക് വേറെ വലിയ വെള്ളപേപ്പർ തരാം. മോൻ അതിൽ വേറെ ആനയെ വരച്ചോ. കരയാതിരി.' അവനുണ്ടോ കരച്ചിൽ നിർത്തുന്നു. അവൻ പറഞ്ഞു,'വേണ്ട, എനിക്ക് വേറെ കടലാസ് വേണ്ട. എനിക്ക് ആ നോട്ടുബുക്കിലെ എട് തന്നെ വേണം. എന്റെ ആന ഏടിറങ്ങിപ്പോയിരിക്കുന്നു. എനിക്ക് എങ്ങനെയെങ്കിലും ആ ആനയെ കിട്ടിയാൽ മതി.'


'നിനക്കെന്താ ഇത്ര വാശി. വേറെ പേപ്പറിൽ വേറെയൊരു ആനയെ വരച്ചാലെന്താ?' അമ്മക്ക് അരിശം വരാൻ തുടങ്ങി.

കുട്ടി പറഞ്ഞു,'അമ്മേ, ആ ആനക്ക് ഞാൻ കണ്ണ് വരച്ചിട്ടില്ല. കണ്ണ് വരക്കുമ്പോഴേക്കുമാണ് ചേട്ടൻ കയറി വന്നത്. ചേട്ടൻ പോയിട്ട് വരക്കാമെന്ന് വെച്ചപ്പോൾ, അത് ഏടിറങ്ങിപ്പോയിരിക്കുന്നു. കണ്ണില്ലാതെ അത് എവിടെയെങ്കിലും ചെന്ന് വീഴില്ലേ? ഏതെങ്കിലും മരത്തിലോ മറ്റോ തലയിടിച്ചാലോ? രണ്ടു കണ്ണുകൾ വരച്ചുകൊടുത്തിട്ട് അത് എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ.' 



ബാല്യത്തിന്റെ വെറും നിഷ്ക്കളങ്കതയേക്കാളുപരി, സർഗ്ഗാത്മകതയുടെ, സൃഷ്ടികർമ്മത്തിന്റെ ഗജപ്രഭാവമായി ഈ കഥയെ ആസ്വദിക്കാൻ കഴിയുന്നവർക്കുള്ളതാണ് ഈ കുറിപ്പ്‌. ബോധത്തിന്റെ ആകാശച്ചെരിവുകളിൽ എവിടെയെങ്കിലും ഏടിറങ്ങിപ്പോയ ആ ആന ഇപ്പോഴും കളിച്ചു തിമിർത്തു നടപ്പുണ്ടാവും. പൂർണ്ണതയുടെ ദീപ്ത നിമിഷങ്ങളിൽ പിറവിയെടുത്ത ആ ആനക്ക് കരിക്കട്ടയിൽ വരച്ചുചേർത്ത കണ്ണുകളില്ലെങ്കിലും നല്ലതുപോലെ കാണാമത്രേ! അങ്ങനെയൊരു കുഞ്ഞ് ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽ, അവന്റെ അന്തർനേത്രങ്ങൾ ഇന്ന് നക്ഷത്രങ്ങളെപ്പോലെ പ്രഭ തൂകിയിട്ടുണ്ടാവും, തീർച്ച!


ഗിരീശൻ മാഷിന് നന്ദി. 


                                  






14 comments: