മാലാഖയും നാലാമനും
സാങ്കേതികമായി 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന് നാം പറയുമെങ്കിലും, ആർട്ടിഫിഷ്യൽ എന്നൊന്നില്ലതന്നെ. എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആത്യന്തികമായി ഇന്റലിജൻസിന്റെ കൈവഴികളാണ്. അതങ്ങനയേ സാധിക്കൂ. ഈ പ്രപഞ്ച വിതാനീയതയുടെ ഉള്ളുകള്ളികൾ അടുത്തറിയുന്നതിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്വാണ്ടം മെക്കാനിക്‌സുമെല്ലാം പരസ്പരം കൈകോർക്കുമ്പോൾ, നാം നമ്മുടെ സൗകര്യാർത്ഥം ഗ്രഹിച്ചു ശീലിച്ചിട്ടുള്ള ഭൂത-ഭാവി-വർത്തമാനങ്ങളെല്ലാം അവയുടെ പതിവ് ശാഠ്യങ്ങൾ ഉപേക്ഷിച്ചുകളയുന്നു. അവക്കിടയിലെ വിഭജന രേഖകൾ അപ്രസക്തമാവുകയോ ദുർബലമാവുകയോ ചെയ്യുന്നു. ഭൂതവും ഭാവിയും പരസ്പരം അവയുടെ ഊഴം വെച്ചുമാറുന്നു. ഭാവി എപ്പൊഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു! ഭൂതമാകട്ടെ, ഭാവിയെപ്പോലെ പ്രവചനാതീതമായ മാറ്റങ്ങൾക്ക് വിധേയപ്പെട്ടുമിരിക്കുന്നു.
പുതിയ വർഷത്തെ വായനയിൽ ഏറ്റവും ഹൃദയസ്പർശിയായത്, ഓഷോ ഡയറിയായിരുന്നു. ഇത്തവണത്തെ ഡയറി മുഴുവനും ഓഷോ പങ്കുവെച്ച
കഥകളാണ് - Fables for the Flight. അതിനകത്തെ ഒരു കഥയിൽ ഓഷോ കൂട്ടിച്ചേർത്ത ഒരോർമ്മപ്പെടുത്തലുണ്ട് - നാം ആഗ്രഹിക്കുന്നതെന്തോ, നാം അന്വേഷിക്കുന്നതെന്തോ, അത് എപ്പോഴേ സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർഥ്യം.
പണ്ടൊരിക്കൽ ഒരു മാലാഖ ഭൂമിയിലേക്ക് ഇറങ്ങിവന്നുവത്രേ, മനുഷ്യനേയും, അവന്റെ പുകഴ്‌പെറ്റ ലോകത്തേയും നേരിട്ടറിയുവാനായി. മനുഷ്യനെപ്പറ്റി കേട്ടുപോന്നിട്ടുള്ള വാഴ്ത്തുക്കളും കഥകളും കുറേകാലമായി ആ മാലാഖയുടെ ആകാംക്ഷയെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഈ ഭൂമിയുടെ സൗന്ദര്യം മാലാഖയെ കുറച്ചൊന്നുമല്ല ഭ്രമിപ്പിച്ചത്. സൂര്യപ്രഭ തൂവി നില്ക്കുന്ന പർവ്വതശിഖരങ്ങളും ഇരുട്ടുമൂടിയ കാടുകളും, നൃത്തം വെക്കുന്ന കാറ്റും, മാരിവിൽ നിറമാർന്ന താഴ്വാരങ്ങളും, മഞ്ഞണിഞ്ഞ നിലങ്ങളും, പുതുമണ്ണിന്റെ വശ്യഗന്ധവും, വന്യവും സൗമ്യവുമായ ജന്തുജാലങ്ങളുമെല്ലാം മാലാഖയെ മോഹപരവശനാക്കി. എങ്ങും നിറഞ്ഞുതുളുമ്പുന്ന സൗന്ദര്യം മാത്രം. മാലാഖ മനുഷ്യനെ നേരിൽ കണ്ടപ്പോൾ, അവനിൽ ഭയഭക്തി പാരവശ്യമുണ്ടായി. മനുഷ്യാത്മാവിന്റെ ദിവ്യസംഗീതം അവന് നേരിട്ടനുഭവിക്കാൻ സാധിച്ചു. മനുഷ്യൻ എന്ന നിഗൂഢാത്ഭുതവുമായി മാലാഖ പൊടുന്നനെ പ്രണയത്തിൽ വീണു.
പ്രഭാതം വിടർന്നു, എന്നിട്ടും പക്ഷേ മാലാഖ തിരിച്ചുപോകാൻ മടിച്ചു. മനുഷ്യനും അവന്റെ ഈ ഭൂമിയും തിരിച്ചുപോകുന്നതിൽ നിന്നും മാലാഖയെ പിന്തിരിപ്പിച്ചു.എന്നിരുന്നാലും അവസാനം തിരിച്ചുപോകേണ്ട നിമിഷമായി, അവന്റെ കണ്ണുകളിൽ ബാഷ്പം നിറഞ്ഞു. ഭൂമിയിലെ ഈ സാഹസിക സന്ദർശനം അവസാനിപ്പിക്കുന്നതിന് മുൻപ്, സൗന്ദര്യത്താൽ അനുഗൃഹീതമായ ഈ ഭൂമിയെ വിട്ട് തന്റെ പതിവ് വാസസ്ഥലത്തേക്ക് തിരിച്ചുപോകും മുൻപ്, മനുഷ്യരിൽ ആരെയെങ്കിലുമൊക്കെ സഹായിക്കണമെന്ന് തോന്നി, അത്രയും ആനന്ദമായിരുന്നു അവനുള്ളിൽ.
അവൻ ചുറ്റുമൊന്നു നോക്കിയപ്പോൾ നാല് മനുഷ്യർ നടന്നുപോകുന്നത് കണ്ടു. അവൻ അവരെ സമീപിച്ചുകൊണ്ട് പറഞ്ഞു,"ഞാൻ വന്നത് നിങ്ങൾക്കോരോരുത്തർക്കും ഓരോ വരം നല്കാനാണ്."
ഭാഗ്യവശാൽ അവർ എല്ലാവരും തന്നെ ആത്മീയാന്വേഷകരായിരുന്നു.
ഒന്നാമത്തെയാൾ പറഞ്ഞു, "ദൂരെയിരിക്കുന്ന ദിവ്യസത്യത്തെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള കഠിന ശ്രമങ്ങൾ എനിക്ക് ദുരിതമല്ലാതെ മറ്റൊന്നും സമ്മാനിച്ചില്ല ഇതുവരെ. എനിക്ക് ഒരല്പം ആത്മീയ ശാന്തി നല്കിയാലും."
'ദുരിതവും കഷ്ടപ്പാടുമെല്ലാം പക്ഷേ ജീവിതത്തിലെ ആനന്ദങ്ങളിൽ പെട്ടതാണ്" മാലാഖ പറഞ്ഞു. ഇയാൾ ശരിക്കും എന്താണ് ആഗ്രഹിക്കുന്നതെന്ന് മാലാഖക്കു മനസ്സിലായില്ല.
"എനിക്ക് അല്പം സമാധാനം തരൂ", അയാൾ വാശി പിടിച്ചു. മാലാഖയപ്പോൾ അയാളെ ഒരു പശുവാക്കി മാറ്റി. ദൂരെയൊരിടത്ത് വിശാലമായ ഒരു പുൽമേട്ടിൽ, ഇളം പുല്ലുകൾ ഭക്ഷിച്ച് ശാന്തമായി മരുവുന്ന ഒരു പശു.
അല്പം നീരസത്തോടെ മാലാഖ രണ്ടാമത്തെയാളിന് നേരെ തിരിഞ്ഞു.
"ദൈവം പരിശുദ്ധനാണ്", അയാൾ പറഞ്ഞു,"ഞാൻ പക്ഷേ അങ്ങനെയല്ല. ദയവു ചെയ്ത് എന്നിൽ നിന്നും എല്ലാ മാലിന്യങ്ങളും, ആസക്തികളുടേയും ആഗ്രഹങ്ങളുടേയും വികാരങ്ങളുടേയും എല്ലാ മാലിന്യങ്ങളും, എടുത്തുമാറ്റിയാലും."
"അവ പക്ഷേ ജീവിതത്തിന്റെ അടിസ്ഥാന ശിലകളല്ലേ," മാലാഖ ചോദിച്ചു.
"എനിക്ക് പക്ഷേ ജീവിതമല്ല വേണ്ടത്, എനിക്ക് വേണ്ടത് പരിശുദ്ധിയാണ്." രണ്ടാമൻ ശാഠ്യം പിടിച്ചു.
അയാൾ അതും പറഞ്ഞുകൊണ്ട് കണ്ണുകളടച്ച് കാത്തുനിന്നു, തന്റെ ആഗ്രഹം സഫലീകരിക്കപ്പെടാനായി.
നൊടിയിടയിൽ, അയാൾ അങ്ങ് ദൂരെയുള്ള ഏതോ ഒരു ക്ഷേത്രത്തിലെ ഒരു മാർബിൾ പ്രതിമയായി പ്രത്യക്ഷപ്പെട്ടു.
മൂന്നാമത്തെയാൾ പറഞ്ഞു, "എനിക്ക് വേണ്ടത് പരിപൂർണ്ണതയാണ് - പെർഫെക്ഷൻ. അതിൽക്കുറഞ്ഞ യാതൊന്നും എനിക്കാവശ്യമില്ല."
അയാൾ ആ നിമിഷം തന്നെ അപ്രത്യക്ഷമായതല്ലാതെ യാതൊന്നും സംഭവിച്ചില്ല, എന്തെന്നാൽ ഭൂമിയിൽ പരിപൂർണ്ണമായ യാതൊന്നുമില്ലായിരുന്നു. അങ്ങനെയൊന്ന് സാധ്യവുമല്ലായിരുന്നു.
മാലാഖ നാലാമത്തെയാളിന് നേരെ തിരിഞ്ഞു,"എന്താണ് നിങ്ങളുടെ ആഗ്രഹം?"
സന്തോഷവാനായ അയാൾ പറഞ്ഞു,"എനിക്ക് യാതൊരു ആഗ്രഹവുമില്ല."
"യാതൊന്നുമില്ല?", മാലാഖ ചോദിച്ചു.
"യാതൊന്നുമില്ല, മനുഷ്യനാവുക, തീർത്തും ജീവനുള്ള ഒരു മനുഷ്യനാവുക എന്നതിൽക്കവിഞ്ഞ യാതൊരു ആഗ്രഹവും എനിക്കില്ല", അയാൾ പറഞ്ഞു.
മാലാഖയിൽ ആനന്ദം നിറഞ്ഞു കവിഞ്ഞു. അനുഗൃഹീതനായ ഈ മനുഷ്യനെ സ്നേഹത്തോടെ ആലിംഗനം ചെയ്തതിനു ശേഷം മാലാഖ പോയ്മറഞ്ഞു. ആ മനുഷ്യൻ സ്നേഹത്തിന്റെ ഗീതവുമാലപിച്ചുകൊണ്ട്, ആഹ്ളാദത്തിന്റെ നൃത്തച്ചുവടുകളുമായി മുന്നോട്ടു നീങ്ങുകയും ചെയ്തു.
കഥയുടെ ഇനിയുള്ള ഭാഗം ഓഷോയുടെ സമ്മാനമാണ്.
മാലാഖ സ്വർഗ്ഗത്തിൽ തിരിച്ചെത്തി. ദൈവം അവനെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു, "ഭൂമിയിൽ നീ ഇതുവരേക്കും എന്ത് ചെയ്യുകയായിരുന്നു? എന്റെ സൃഷ്ടികളിൽ എന്തെങ്കിലും ഏച്ചുകൂട്ടലുകൾ?"
മാലാഖ പറഞ്ഞു,"എന്നോട് ക്ഷമിക്കണം. ആ മനുഷ്യർക്ക് പക്ഷേ ആഗ്രഹങ്ങളുണ്ടായിരുന്നു. അവരുടെ ആഗ്രഹങ്ങൾ എന്തായിരുന്നുവോ, അവയെല്ലാം ഞാൻ സഫലമാക്കിക്കൊടുത്തിട്ടുണ്ട്."
"അതേതായാലും നന്നായി," ദൈവം പറഞ്ഞു, " എനിക്കതിൽ ദേഷ്യമൊന്നുമില്ല. ഞാൻ അന്വേഷിച്ചുവെന്നേയുള്ളൂ. ഇനി നിനക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടോ, പൂർത്തീകരിക്കാനായി?"
മാലാഖ പറഞ്ഞു, "എന്നെ ഭൂമിയിൽ നാലാമനായി തിരിച്ചയക്കൂ. എന്നെ തിരിച്ചയക്കൂ. എനിക്ക് ആ നാലാമനായി ജീവിക്കേണ്ടതുണ്ട്".
ദൈവം മന്ദഹസിച്ചുകാണണം.
ഓഷോ ഓർമ്മപ്പെടുത്തുന്നു, "അതാവശ്യപ്പെടേണ്ടതില്ല. എന്തെന്നാൽ നിങ്ങൾ ഓരോരുത്തരും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ, ആ നാലാമനാണ്. ആ ആഗ്രഹം എപ്പോഴേ നിറവേറിയിരിക്കുന്നു. ഇനിയും നിങ്ങൾ അതാഘോഷിക്കാത്തതെന്തേ? ഇനിയും നിങ്ങൾ നൃത്തം ചെയ്യാത്തതെന്തേ? ഇനിയും നിങ്ങൾ വിടർന്നു പരിലസിക്കാത്തതെന്തേ? നിറവേറപ്പെട്ട ആഗ്രഹമാണ് നിങ്ങൾ!
ഭൂമിയിലെ നാലാമൻ!


.jpg)


No comments:
Post a Comment