'ജീവിതമെന്നത് കൃതാർത്ഥതയുടേയും ആനന്ദത്തിന്റേയും ഒരലയല്ലെങ്കിൽ, മറ്റെന്താണ്?' എന്ന് വായിച്ചത് രണ്ടുവർഷം മുൻപ് ഇറങ്ങിയ 'ഇദം പാരമിതം' എന്ന നോവലിൽ (വി. ജി. തമ്പി) ആയിരുന്നു. ആ വാക്യത്തെ ഇനിയും ചുരുക്കണമെന്നു വന്നാൽ, യാതൊരു അർത്ഥ ശോഷണവും വരാതെ ഇങ്ങനെ പറയാം - ജീവിതമെന്നത് കൃതാർത്ഥതയുടെ ഒരലയാണ്. ഇത് ആലോചിച്ചു കൂട്ടി വകഞ്ഞെടുക്കേണ്ട ഏതെങ്കിലും വാക്യമൊന്നുമല്ല. ജീവിത സമീപനത്തിലുള്ള നിസ്സാരമായ ഒരു വ്യത്യാസം കൊണ്ട് സംഭവിക്കാവുന്ന ഒരു യാഥാർഥ്യമാണ്.
ഓഷോ പങ്കുവെച്ചിട്ടുള്ള ഒരു ഫലിതമുണ്ട്: ഒരിക്കൽ LKG ക്ലാസ്സിൽ ഒരു ആൺകുട്ടി എഴുന്നേറ്റ് നിന്ന് ഒന്നിനുപോകാനുള്ള ആംഗ്യം കാണിച്ചു. ക്‌ളാസ് ടീച്ചർ പറഞ്ഞു, 'ഓകെ, വേഗം പോയിട്ട് വാ.'
കുറച്ചു സമയത്തിന് ശേഷം ആ കുട്ടി തന്നെ വീണ്ടും എണീറ്റ് നിന്ന് ഒന്നിന് പോകണമെന്ന് പറഞ്ഞു. ചെറിയ കുട്ടിയല്ലേ എന്ന് കരുതി ടീച്ചർ പൊയ്ക്കോളാൻ അനുമതി കൊടുത്തു. അവൻ പക്ഷേ അല്പ നേരം കഴിഞ്ഞ് വീണ്ടും എണീറ്റ് നിന്ന് വിരൽ ഉയർത്തിപ്പിടിച്ചു, ഒന്നിന് പോകണമെന്ന് പറഞ്ഞുകൊണ്ട്.
ഇത്തവണ പക്ഷേ ടീച്ചർക്ക് എന്തോ സംശയം തോന്നി. ക്ലാസ്സിലെ മോണിറ്റർ പയ്യനോട് ടീച്ചർ പറഞ്ഞു, 'നീ ഇവന്റെ കൂടെയൊന്നു ചെല്ലൂ. ഇവൻ പല തവണയായി കൂടെക്കൂടെ മൂത്ര മൊഴിക്കാനെന്നും പറഞ്ഞ് പുറത്തുപോകുന്നു. ഒന്ന് നോക്കീട്ടു വരൂ.'
രണ്ടുപേരും കൂടി പുറത്തുപോയി വന്നപ്പോൾ ടീച്ചർ ചോദിച്ചു, 'അവൻ എന്തിനാണ് ഇടയ്ക്കിടെ ഒന്നിന് പോകുന്നത്?' മോണിറ്റർ പയ്യൻ പറഞ്ഞു,'ടീച്ചറേ, അവൻ അവന്റെ നിക്കർ തിരിച്ചാണ് ഇട്ടിരുന്നത്. സിബ് തുറക്കുമ്പോൾ അവന്റെ സുന കാണുന്നില്ലായിരുന്നു. നിക്കർ തിരിച്ചിട്ടതോടെ പ്രശ്നം തീർന്നു.'
കലശലായ മൂത്ര ശങ്കയുണ്ടായിരുന്നിട്ടും, അതിനുള്ള സൗകര്യമുണ്ടായിരുന്നിട്ടും, നിക്കർ തിരിഞ്ഞു കിടക്കുകയാണെന്നു തിരിച്ചറിയാത്തതുകൊണ്ടു മാത്രം അനാവശ്യമായി കഷ്ടപ്പെടുന്ന കുട്ടിയെപ്പോലെ, തല തിരിഞ്ഞു കിടക്കുന്ന നമ്മുടെ ജീവിത വീക്ഷണം ഒന്ന് കൊണ്ട് മാത്രം വെറുതെ നാം ദുരിതമനുഭവിക്കുകയാണെന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നു. അല്ലായിരുന്നുവെങ്കിൽ കൃതാർത്ഥത കൊണ്ട് ധന്യമാകുമായിരുന്നുവത്രേ ജീവിതം.
കൃതാർത്ഥതയെന്നത് നമ്മുടെ ആഗ്രഹപൂർത്തീകരണത്തിനു ശേഷമോ, നമ്മിൽ സന്തോഷം നിറയുമ്പോൾ മാത്രമോ ഉണ്ടായി വരുന്ന ഒരു വികാരമല്ല. നാം കടന്നു പോകുന്ന ജീവിതമെന്ന ഈ മഹാപ്രതിഭാസത്തിന്റെ ആഴപ്പരപ്പുകളെപ്പറ്റി ചെറിയ ഒരു ധാരണയെങ്കിലും വരുമ്പോൾ സംഭവിക്കുന്ന ഒരു ബോധ്യമാണ് - a deep understanding.
സുൻഡോക്കു - Tsundoku - എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജാപ്പനീസ് സമീപനമുണ്ട്. അവർ, വായനയോടുള്ള താല്പര്യത്തിന്റെ ഭാഗമായി പുസ്തകങ്ങൾ വാങ്ങി വെക്കുകയും അതേസമയം എല്ലാവരേയും പോലെ അവയിൽ മിക്കവയും വായിക്കാതെ വരികയും ചെയ്യുമ്പോൾ, തന്റെ സ്വന്തം ബുക്ക് ഷെൽഫിനു മുന്നിൽ നമ്രശിരസ്കരാവാറുണ്ടത്രേ! വായന നടക്കാതെ വന്നതിൽ അവർ സ്വയം കുറ്റപ്പെടുത്താറില്ല. വായിച്ചുതീർക്കാനുള്ള പുസ്തകങ്ങളെപ്രതി അവർ വെപ്രാളപ്പെടാറില്ല. ഇത്ര ദിവസത്തിനുള്ളിൽ താൻ ഇവയെല്ലാം വായിച്ചുതീർത്തുകളയും എന്ന അനാവശ്യ പ്രതിജ്ഞയെടുക്കുകയോ വീണ്ടും കുറ്റബോധത്തിനുള്ള വഴിയൊരുക്കുകയോ ചെയ്യാറില്ല. പകരം, അവർ തങ്ങളുടെ ബുക്ക് ഷെൽഫിനു മുന്നിൽ നിന്നുകൊണ്ട് താൻ ഇതുവരേക്കും വായിച്ചു തീർത്തിട്ടുള്ള പുസ്തകങ്ങൾ എത്രയോ കുറവാണെന്നും, ഇനിയും എത്രയോ അറിവുകൾ താൻ അറിയാനിരിക്കുന്നു എന്നും സ്വയം ബോധ്യപ്പെടുക മാത്രം ചെയ്യുന്നു.
വായിക്കുവാൻ സാധിച്ച നാലും മൂന്ന് ഏഴ് പുസ്തകങ്ങളെപ്പറ്റി അവർ കൃതാർത്ഥരാവുന്നു. വായിക്കാത്തവയാണെങ്കിലും തന്റെ മുന്നിലിരിക്കുന്ന മറ്റു ധാരാളം പുസ്തകങ്ങളോട് അവരിൽ വല്ലാത്ത സ്നേഹവും ബഹുമാനവും ജനിക്കുന്നു. അവയുടെ സാന്നിധ്യത്തിൽ അവരിൽ വിശ്രാന്തി നിറയുന്നു.
വായിക്കപ്പെടാത്ത ഓരോ പുസ്തകവും നിങ്ങളുടെ കഴിവുകേടിനെയല്ല ഓർമ്മപ്പെടുത്തുന്നത്; ഇനിയും സജീവമായിക്കിടക്കുന്ന ഒരു അവസരമാണത്. നിങ്ങളുടെ ബുക്ക് ഷെൽഫിൽ വായിക്കപ്പെട്ടിട്ടില്ലാത്ത ഓരോ പുസ്തകവും ഇനിയും തുറന്നിട്ടില്ലാത്ത ഓരോ വാതിലാണ്; ഏതു നിമിഷവും തുറക്കാൻ സാധിക്കുന്നത്. അവയെപ്രതി കൃതാർത്ഥരാവുക എന്നല്ലാതെ മറ്റെന്താണ് ചെയ്യാനുള്ളത്?!
സുൻഡോക്കു എന്ന ഈ സമീപനം കേവലം പുസ്തകങ്ങളുടെ കാര്യത്തിൽ മാത്രം ഒതുക്കാവുന്നതല്ല. ജീവിതത്തിന്റെ ഏതു സന്ദർഭത്തിലും സുൻഡോക്കു സാധ്യമാണ്. ഭൗതികമായ നേട്ടങ്ങൾ എത്രതന്നെ കൈവരിച്ചാലും, അതിന് യാതൊരു അറ്റവുമില്ലെന്ന് മനസ്സിലാക്കുമ്പോൾ, താൻ നേടിയെടുത്തതൊന്നും നേട്ടങ്ങളല്ലെന്നും, സ്വന്തമാക്കാനുള്ള ത്വര വിഡ്ഢിത്തത്തിൽ കുറഞ്ഞ യാതൊന്നുമല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ട് വിനമ്രനാവുന്ന നിമിഷം സുൻഡോക്കുവിന്റെതാണ്. പ്രശസ്തിയുടെ സ്വർണ്ണസിംഹാസനങ്ങളിൽ കയറിയിരിക്കുമ്പോഴും, അജ്ഞേയതയുടെ കാണാവരമ്പുകൾക്കു മുൻപിൽ ഒരുവൻ സ്വയം തലകുനിക്കുന്നുവെങ്കിൽ ആ നിമിഷം സുൻഡോക്കുവിന്റെതാണ്. വ്യക്തിബന്ധങ്ങളിൽ, മനസിലാക്കുക എന്നത് അസാധ്യമാണെന്നും, നിസ്സഹായതയാണ് സ്നേഹബന്ധങ്ങളുടെ അടിസ്ഥാന ഭാവമെന്നും ഒരുവൻ തിരിച്ചറിയുന്ന നിമിഷം സുൻഡോക്കുവിന്റെതാണ്. അബദ്ധത്തിലെങ്കിലും ഒരുവൻ തന്റെ തന്നെ മൗനത്തിലേക്കു അടിതെറ്റി വീഴുമ്പോൾ, താൻ തനിക്കുതന്നെ എത്രയോ അപരിചിതനാണ് എന്ന് തിരിച്ചറിയുന്നത് സുൻഡോക്കുവാണ്. ‘എന്താണ് ധ്യാനം’ എന്ന് മനസ്സിലാക്കി വരുമ്പോൾ, അതു പിന്നീട് ‘എന്തല്ല ധ്യാനം’ എന്ന മിഴിവുകളിലേക്ക് വഴി തുറക്കുമ്പോൾ അത് സുൻഡോക്കുവിന്റെ നിമിഷങ്ങളാണ്.
സുൻഡോക്കുവെന്നത് സമുദ്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതുപോലെയാണ്. ഇറങ്ങിയിറങ്ങിച്ചെല്ലുന്തോറും കാഴ്ചാതീതമായ അതിരുകളിലേക്ക് നാം നഷ്ടപ്പെടുന്നു. നീലനിറത്തിൽ കാണുന്നതാണ് ആകാശം എന്ന് കരുതി പറന്നുചെല്ലുമ്പോൾ, അപാരതയിൽ നാം അപ്രത്യക്ഷമാവുന്നു. അറിയുന്നു എന്ന് വിചാരിക്കുന്ന യാതൊന്നിനേയും ഒട്ടും അറിയില്ല എന്ന് തിരിച്ചറിയുന്നു നാം. സുൻഡോക്കുവിലേക്ക് ഉൾച്ചേർക്കാവുന്ന ജീവിത മുഹൂർത്തങ്ങൾ നിരവധിയാണ്. സ്വന്തം ബുക്ക് ഷെൽഫിൽ നാം തന്നെ വാങ്ങിവെച്ചിട്ടുള്ള സ്വന്തം പുസ്തകങ്ങളിൽ മിക്കവയും വായിച്ചിട്ടില്ലാത്തതുപോലെ, വായിച്ചവയിൽത്തന്നെ മിക്കവയും ഒട്ടും ഗ്രഹിക്കാൻ സാധിച്ചിട്ടില്ല എന്നതുപോലെ, ഗ്രഹിക്കാൻ സാധിച്ചവയാകട്ടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ലാത്തതുപോലെ, തൊട്ടു മുന്നിൽ നിൽക്കുന്ന വ്യക്തി, എത്രയോ വർഷങ്ങളായി ഒന്നെന്ന പോലെ ഇടപഴകിപ്പോന്ന വ്യക്തി, ഇനിയും ഒരു 'terra incognita' (അജ്ഞാത ദ്വീപ്) ആണെന്നറിയുമ്പോൾ ശിരസ്സ് നമിക്കുക. ഞാൻ ഞാൻ എന്ന് ഇതുവരേക്കും അറിഞ്ഞുപോന്ന ഈ ഞാൻ അജ്ഞേയമായ മറ്റൊരു ഭൂഖണ്ഡമാണെന്ന് മനസ്സിലാക്കുമ്പോൾ സ്വയം നമിക്കുക. ഇത് സുൻഡോക്കുവാണ്: ജീവിതമെന്നത് കൃതാർത്ഥയുടെ പിടികിട്ടാപ്രകടനങ്ങളാണെന്ന തിരിച്ചറിവ്.



.jpg)