'പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കഥകളെക്കൊണ്ടാണ്; ആറ്റങ്ങളെക്കൊണ്ടല്ല.' എന്ന പ്രസ്താവനയെ (Muriel Rukeyser-അമേരിക്കൻ കവയിത്രി) കുറച്ചു കൂടി ആത്മാർത്ഥമായി
പരിശോധിച്ചാൽ ഇങ്ങനെ മാറ്റിപ്പറയേണ്ടിവരും, '(നാം നമ്മുടെ) പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് നുണകളെക്കൊണ്ടാണ്; സത്യത്താലല്ല.' ഓർക്കുക, യഥാർത്ഥ പ്രപഞ്ചം എന്നൊന്നില്ല. 'നമ്മുടെ പ്രപഞ്ചം' മാത്രമേയുള്ളൂ. 'നാം', 'ഞാൻ' എന്നിടത്തുനിന്നാണ് നമ്മുടെ പ്രപഞ്ചസൃഷ്ടി തുടങ്ങുന്നതു തന്നെ. ഈ ഞാൻ തന്നെയാണ് 'സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും'. പക്ഷേ കുഴപ്പമാരംഭിക്കുന്നത് എവിടെനിന്നെന്നുവെച്ചാൽ, ഈ 'ഞാൻ' ഒരു വലിയ നുണയാണെന്നതാണ്.
ഒരു പക്ഷേ പ്രജ്ഞ, അവബോധം (awareness) എന്ന നിലയിലേക്ക് പരിണമിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ നുണ കൂടുതൽ വേരൂന്നുകയുണ്ടായെങ്കിലും, അപ്പോൾ മുതൽ തന്നെ ഇത് വെറും നുണയാണോ അല്ലയോ എന്ന സംശയവും ഉണ്ടായിവന്നു എന്നുവേണം മനസ്സിലാക്കാൻ. മനുഷ്യൻ നടത്തിയിട്ടുള്ള ഏതൊരു സർഗാത്മക പ്രവൃത്തിയും ആത്യന്തികമായി ഞാൻ എന്ന നുണയുടെ മേലുള്ള സംശയമുന്നയിക്കലായിരുന്നു. എന്തുകൊണ്ടെന്നാൽ, അതുവരേക്കുമുള്ള 'ഞാനി'ന്റെ മുകളിൽ കയറിനിന്നുകൊണ്ടാണ് ഏതൊരു സർഗാത്മക പ്രവർത്തിയും സംഭവിച്ചിട്ടുള്ളത്, സംഭവിക്കുന്നത്.
ആ സംശയത്തിന്റെ ചിഹ്നങ്ങളാണ് ഉപനിഷത്തിലെ 'നേതി നേതി' കൾ മുതൽ ഉള്ളിയടർത്തുന്നതിന്റെ ഉപമകൾ വരെ. (കുട്ടികൾക്ക് വേണ്ടിയുണ്ടാക്കിയതാണെങ്കിലും എന്നെ സംബന്ധിച്ച് ഈ കടങ്കഥ ഏറെ ഹൃദ്യവും അർത്ഥവത്തുമാണ്: അകത്താരാ അകത്താരാ,
അടുക്കളേലമ്മിണിക്കുട്ടി. ആയിരം അറതുറന്നകത്തെത്തിനോക്കീപ്പോ,
അറയില്ല മറയില്ല, ആളുമില്ല).
ഉണ്ടെന്നു തോന്നുന്ന ഞാൻ, നിരവധി തലങ്ങളിലുള്ള ശരീര- മനോ വ്യാപാരങ്ങളുടെ ഫലമായുണ്ടാവുന്ന ഒരു പ്രതീതി മാത്രമാണ് എന്ന് മനസ്സിലാക്കപ്പെടുന്നു. ആധുനികരായ ന്യൂറോളജിസ്റ്റുകളാവട്ടെ പണ്ടുമുതല്ക്കുള്ള സത്യാന്വേഷകരാവട്ടെ, എല്ലാവരും ഈ ഒരു കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്- ഞാൻ എന്നുള്ളത് ഒരു പ്രതീതി മാത്രമാണ്; അത് 'ഇല്ലാത്ത ഞാൻ ' (non-existent I) ആണ് എന്ന കാര്യത്തിൽ.
ന്യൂറോളജിസ്റ്റുകൾ 'ഞാൻ' എന്ന തോന്നലിനെ ആദ്യം മസ്തിഷ്ക്കത്തിലേക്കു ചുരുക്കുന്നു. പിന്നെ മസ്തിഷ്‌കത്തിൽ തന്നെ ചെറിയ ഒരു ഭാഗത്തേക്ക്. അതിനുശേഷം ആ കുഞ്ഞു പ്രദേശം, മൊത്തം നാഡീ-മനോ -ശരീര വ്യവസ്ഥയുമായി ഏതെല്ലാം തരത്തിൽ ഇടപെടലുകൾ നടത്തുന്നുവെന്നും അങ്ങനെയാണ് ഞാൻ എന്ന പ്രതീതി ജനിക്കുന്നതെന്നുമൊക്കെ കണ്ടെത്തി സമാധാനിക്കുകയാണ് ഒരു ന്യൂറോളജിസ്റ്റ്. അതേസമയം സത്യാന്വേഷിയെന്നു വിചാരിച്ചു നടക്കുന്നവരാകട്ടെ നിർവാണാഷ്ടകത്തിലേതുപോലെ (ശങ്കരൻ), ' ഞാൻ മനസ്സോ ബുദ്ധിയോ അഹങ്കാരമോ ചിത്തമോ ഒന്നുമല്ല; ഞാൻ കണ്ണ് മൂക്ക് തുടങ്ങിയ അഞ്ച് ഇന്ദ്രിയങ്ങളുമല്ല; ഞാൻ ഭൂമി വായു തുടങ്ങിയ അഞ്ചു ധാതുക്കളുമല്ല ' എന്നിങ്ങനെ വകഞ്ഞു വകഞ്ഞ് അവസാനം ഞാൻ ശുദ്ധ ബോധമാണ് എന്ന് ഉപസംഹരിച്ചുകളയുന്നു. ഞാൻ വിചാരിക്കുന്നില്ല നിർവാണാഷ്ടകം ചൊല്ലിയപ്പോൾ ശങ്കരൻ അതവിടെ ഉപസംഹരിച്ചുവെന്ന്. എന്നാൽ അതിനെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവർ കേവലം വാചികമായ, ആശയതലത്തിലുള്ള ഉപസംഹാരമാണ് നടത്തുന്നത്; ശാസ്ത്രജ്ഞരായാലും സ്ഥിതിയിതുതന്നെ. ഉപസംഹാരങ്ങൾ എല്ലായ്പ്പോഴും നുണയായി ഭവിക്കുന്നത് കേവലം പ്രയോഗസമർത്ഥ്യത്തിലെ പോരായ്മകളെക്കൊണ്ടല്ല, ആത്യന്തികമായുള്ള വൈരുധ്യത്തെക്കൊണ്ടാണ്. കേവല വർത്തമാനം - the eternal present - മാത്രമായിരിക്കുന്ന ഈ അസ്തിത്വത്തിൽ ഉപസംഹാരമെന്നത് അസാധ്യമാണ്. എന്നാൽ പ്രയോഗികതയിലാകട്ടെ അതിന് താല്ക്കാലികമായി അതീവ പ്രാധാന്യമുണ്ട് താനും.
ഞാൻ എന്നത് ഒരു ഉപസംഹാരമാണ്. പ്രായോഗികമായിട്ടുള്ള ഒരു സൗകര്യം മാത്രമാണത് (fact but not the truth). ആ അർത്ഥത്തിൽ അത് അനിവാര്യവുമാണ്. എന്നാൽ പ്രായോഗികതയിൽ - ജൈവികമായുള്ള അതിജീവനം എന്ന് മനസ്സിലാക്കുക - ഊന്നിക്കൊണ്ടുള്ള ഒരു വ്യവസ്ഥയിൽ ഞാൻ എന്നതിനെ ആത്യന്തിക യാഥാർഥ്യമായി തോന്നാനുള്ള സാധ്യതയാണ് മുന്തി നില്ക്കുന്നത്. പ്രതീതിക്കാണ് പ്രാമുഖ്യം. ഈ പ്രഹേളികയെയാണ് സെൻ ഗുരുവായിരുന്ന Ikkyu ഇങ്ങനെ പ്രകാശിപ്പിച്ചത്:
only one koan matters - you.
ഉപസംഹാരത്തിനു വഴങ്ങാത്ത - അതിരുകളില്ലാത്ത - ഒന്നിനെ വെട്ടി മുറിച്ച്, അതിനെ 'ഞാൻ നീ' അല്ലെങ്കിൽ 'അത് ഇത് ' അതുമല്ലെങ്കിൽ 'അകം പുറം' എന്നിങ്ങനെ രണ്ടാക്കി ഉപസംഹരിക്കുന്ന പ്രഹേളിക തന്നെയായിരുന്നു ഹരിനാമകീർത്തനകാരന്റെ 'രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ട'ലും. ആ വഴിക്കു നോക്കിയാൽ നാം ഉണ്ടാക്കിയെടുത്തിട്ടുള്ള എല്ലാ നാമങ്ങളും (nouns) മേല്പറഞ്ഞ ഇണ്ടലിനെ വർധിപ്പിക്കുന്നതാണ്. ഏതൊരു നാമവും ഒരു പ്രതിഭാസത്തെ അതിന്റെ ക്രിയാത്മകമായ അസ്തിത്വത്തിൽ നിന്നും അടർത്തിമാറ്റി വ്യാജമായ (virtual) ഒരു ഉണ്മക്ക് ഇടം കൊടുക്കുന്നു. നാം പിന്നെ പിന്തുടരുക ആ വ്യാജ പതിപ്പിനെയാണ്. ഓഷോ അതുകൊണ്ടാണ് ഓർമ്മപ്പെടുത്തുന്നത് ഒരു വൃക്ഷത്തെ tree എന്നല്ല വിളിക്കേണ്ടത്, treeing എന്നായിരിക്കണമെന്ന്. ഒരു പുഴയെ river എന്നല്ല, rivering എന്നായിരിക്കണമെന്ന്.
എല്ലാ നാമങ്ങളും കൂടുതൽ അടുത്തുനിൽക്കുന്നത് നുണയോടാണ്.
ഞാൻ എന്ന് ഒരാൾ വ്യവഹരിക്കാൻ തുടങ്ങുന്നത് ഏതു പ്രതീതിയാലാണോ, അതേ പ്രതീതികൊണ്ടുതന്നെയാണ് ഒരു വസ്തുവിൽ, ഒരു ജീവിയിൽ, അതിന്റെ വൈയക്തികമായ നിലനിൽപ്പിന് ഒരു കേന്ദ്രമുണ്ടെന്ന് തീർപ്പു കല്പിക്കുന്നതും ആ കേന്ദ്രത്തെ ആത്മാവ് എന്ന് വിളിക്കുന്നതും. നമ്മുടെ വ്യവഹാരത്തിൽ വരുന്ന സകലതിനും സംശയമേതും കൂടാതെ നാം ഒരാത്മാവിനെ സംഭാവന ചെയ്യുന്നു. അങ്ങനെയാണ് ഇക്കാണുന്ന പ്രപഞ്ചത്തിനും ഒരാത്മാവുണ്ട്, ഒരു നാഥനുണ്ട് എന്നൊക്കെ വിചാരിച്ചു സമാധാനിക്കുന്നത്.
ആത്മാവ് എന്നൊന്ന് ഉണ്ടോ ഇല്ലയോ എന്നത് തികച്ചും വ്യത്യസ്‌തമായ ഒരു വിഷയമാണ്. ഇവിടെ അത് നുണയായിരിക്കുന്നത് ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കൽപ്പിച്ചു എന്നതുകൊണ്ടല്ല; അറിയാത്ത ഒന്നിനെ അറിയുന്നതായി ഭാവിക്കുന്നു എന്നതിനാലാണ്. ആ നുണയുടെ പുറത്താണ് ബാക്കിയുള്ളതെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ആത്മാവ് പരിശുദ്ധമാണ്, ആത്മാവ് നശിക്കുന്നില്ല, അനേകം ആത്മാവുകളെ കവർന്നു നില്ക്കുന്ന ഒരു പരമാത്മാവുണ്ട്, ആ പരമാത്മാവുമായി വിലയിക്കലാണ് ഓരോ ആത്മാവിന്റെയും ലക്‌ഷ്യം, ആത്മാവ് മാത്രമാണ് സത്യം, ബാക്കിയെല്ലാം നുണയാണ്, സത്യത്തെ കണ്ടെത്താൻ വേണ്ടിയാണ് നാം ജനിച്ചിരിക്കുന്നത് എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര നുണകൾ നാം പണിതുകൂട്ടിയിട്ടുണ്ട്. അതിനു ശേഷം, ആ ആത്മാവിനെ പരമാത്മാവിൽ എങ്ങനെ വിലയിപ്പിക്കാം, എങ്ങനെ ദൈവത്തെ കണ്ടെത്താം, അതിനുള്ള മാർഗ്ഗ നിർദേശങ്ങൾ, അത്തരം മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കികൊണ്ട് മതങ്ങൾ, പിന്നെ അവയെ പ്രചരിപ്പിക്കാനും അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കാനുമായുള്ള പുരോഹിത സന്നാഹങ്ങൾ, പിന്നെ അതുപോലുള്ള മറ്റു നുണകളുമായുള്ള വിയോജിപ്പുകളും വൈരങ്ങളും പോരാട്ടങ്ങളും…... നുണകൾ വൈറസ്സുകളെപ്പോലെ എല്ലായ്പ്പോഴും പെരുകിക്കൊണ്ടേയിരിക്കുന്നു. വലിയൊരളവിൽ നമ്മുടെ ചരിത്രമെന്നത് നുണകളുടെ ചരിത്രമാണ്; ആ ചരിത്രം തന്നെയും വലിയൊരളവിൽ നുണയുമാണ്!
വിശാലമായ അർത്ഥത്തിൽ ആത്മ സംബന്ധിയായ അന്വേഷണാദി ചെയ്തികളെയെല്ലാം (നുണയെ അടിസ്ഥാനമാക്കി നാം മെനഞ്ഞെടുത്ത ചെയ്തികൾ) ചേർത്ത് നാം ആത്മീയത എന്ന് പറഞ്ഞു പോരുന്നു. ആത്മീയത എല്ലായ്പ്പോഴും വളരെ ജാഗരൂകമാണ്, അതൊരിക്കലും നുണയാണെന്ന് തെളിയിക്കപ്പെടാതിരിക്കാൻ വേണ്ടി. അതുകൊണ്ടുതന്നെ , സ്നേഹം, നന്മ, ഭൂതദയ, സമഭാവന, പരോപകാരം, മതേതരത്വം തുടങ്ങി എല്ലാവിധ പൈങ്കിളി മൂല്യങ്ങളേയും ചേർത്തുപിടിച്ചുകൊണ്ട് അത് സത്യത്തിന്റെ മേക്കപ്പിട്ടു നില്ക്കും. ആത്മീയത എന്ന നുണ മറ്റു പരശ്ശതം നുണകളെ ജനിപ്പിക്കും. അതിന് സ്വസ്ഥമായി അടങ്ങിയിരിക്കാനാവില്ല. അതെല്ലായ്‌പ്പോഴും മത്സരത്തിലും പോരാട്ടത്തിലുമാണ്. അതെല്ലായ്‌പ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത് വിജയത്തെപ്പറ്റിയാണ്. പക്ഷേ ഉള്ളിനുള്ളിൽ നുണയാണെന്നുള്ള മിന്നൊളി നമ്മെക്കൊണ്ട് പറയിക്കുക 'സത്യമേവ ജയതേ' എന്നാണ്. ജയാപജയങ്ങളുടെ ലോകത്ത് സത്യത്തിനെന്തു കാര്യം?
'FROM PERSONALITY TO INDIVIDUALITY' എന്ന പുസ്തകത്തിൽ ഓഷോ മനോഹരമായ ഒരു കഥ പങ്കുവെക്കുന്നുണ്ട്:
സത്യത്തേയും നുണയേയും ഒരുമിച്ച് ഭൂമിയിലേക്കയച്ച ദിവസം, അവർ അവരുടെ ആദ്യരാത്രി ആഘോഷിക്കുകയായിരുന്നു. പക്ഷേ സത്യത്തെ കണ്ടതും നുണ വല്ലാതെ അമ്പരന്നുപോയി. എന്തെന്നാൽ അവൾക്ക് (നുണക്ക്) കാലുകൾ ഇല്ലായിരുന്നു. അവൾ എന്ത് ചെയ്തെന്നു വച്ചാൽ, സത്യം നല്ല ഉറക്കത്തിലായ നേരത്ത്, സത്യത്തിന്റെ രണ്ടു കാലുകളും മുറിച്ചെടുത്തുകൊണ്ട് ഓടിമറഞ്ഞു.
അന്നുമുതൽ, മോഷ്ടിച്ചെടുത്ത കാലുകളിൽ നുണ ഓടിക്കൊണ്ടിരിക്കുകയാണത്രേ. സത്യമാകട്ടെ, അവന്റെ മോഷണം പോയ കാലുകൾക്കുവേണ്ടി നുണയുടെ പിന്നാലെ ഓടാൻ ശ്രമിക്കുന്നു. കാലുകൾ നഷ്ടപ്പെട്ട അവനു പക്ഷേ നുണയെ എങ്ങനെ കണ്ടെത്തി പിടിക്കാനാവും?
സത്യം, എത്ര വലിയ സത്യമായാലും നിസ്സഹായനാണ്. നുണയാകട്ടെ, നുണയായിരുന്നിട്ടും വലിയ ശക്തിശാലിയാണെന്ന് വിചാരിക്കുന്നു. ഓഷോ പറയുന്നു, 'ഞാൻ വിചാരിക്കുന്നില്ല സത്യത്തിന് അതിന്റെ കാലുകൾ എന്നെങ്കിലും മടക്കികിട്ടുമെന്ന്. ഒന്നാമതായി, അവൻ എങ്ങനെയാണ് നുണയെ പിടിക്കാൻ പോകുന്നത്? നുണ അവനേക്കാൾ എത്രയോ മുൻപിലാണ്!’.
നമ്മുടെ ജീവിതത്തെ മൊത്തമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം തന്നെ ഉണ്ടാക്കിയെടുത്ത നുണകളാണ്. ഒരുതരം 'back seat driving' ആണത്. സ്റ്റീയറിങ് നമ്മുടെ കയ്യിലാവാം, പക്ഷേ പോകേണ്ട വഴികൾ നിശ്ചയിച്ചിരിക്കുന്നത് പിൻസീറ്റിലിരിക്കുന്നയാളാണ്.
ആത്മീയത നുണയായിരിക്കുന്നത് പിൻസീറ്റിലിരിക്കുന്ന മറ്റു ചില ധാരണകൾ അതിനെ നിയന്ത്രിക്കുന്നു എന്നതിനാലാണ്. നാം നമ്മിൽ നിന്നുതന്നെ വ്യത്യസ്തമായ ഒരു ജീവിതം ജീവിക്കാൻ ശ്രമിക്കുന്നു. നമ്മുടെ തോന്നലുകൾ ആദ്യമേതന്നെ ശരിയെന്നും തെറ്റെന്നും നല്ലതെന്നും ചീത്തയെന്നും ഭൗതികമെന്നും ദൈവികമെന്നുമെല്ലാം നാം ലേബലിട്ടു വെച്ചിരിക്കുന്നു. നമ്മുടെ ദൈനം ദിനചെയ്തികളെ പിന്നെ നാം ആ ലേബലുകളുമായി ഒത്തുനോക്കുന്നു. അടുത്ത ശ്രമം അതിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനാണ്. അത് എങ്ങനെ പരിഹരിക്കാം എന്നതിനും മുൻകൂട്ടി വെച്ചിട്ടുള്ള മാർഗങ്ങളുണ്ട്. അവ നിർദ്ദേശിക്കാനും ഉപദേശിക്കാനുമെല്ലാം വിശുദ്ധഗ്രന്ഥങ്ങളേയോ ആചാര്യന്മാരെയോ നേതാക്കളേയോ നാം തന്നെ അനുവദിച്ചുകൊടുത്തിട്ടുണ്ട്. നമുക്ക് ഉപദേശം ലഭിക്കുന്നു നാം ജീവിക്കേണ്ടത് വിശേഷപ്പെട്ട ചില കർമ്മങ്ങൾ ചെയ്തുകൊണ്ടാണെന്ന്. നമുക്ക് ഉപദേശം ലഭിക്കുന്നു നമുക്ക് സമാധാനമില്ലാത്തത് നാം ചില തെറ്റുകൾ ചെയ്തുപോയതുകൊണ്ടാണെന്ന്. ഇനി പറയത്തക്ക തെറ്റുകൾ കണ്ടെത്താനായില്ലെങ്കിൽ കൂടി നാം പരസ്പരം പറ്റിക്കാനായി കടമെടുത്തിട്ടുള്ള മറ്റൊരു ആശയമുണ്ട്- അഹന്ത. മറ്റൊന്നും ഫലിക്കാതെ വരുമ്പോൾ കുറ്റബോധം ഏറ്റവും എളുപ്പം ഫലിക്കാനുള്ള ഒറ്റമൂലിയാണ് അഹന്ത. അവബോധപരമായി തീരെ താഴേക്കിടയിലുള്ളവരിൽ പാപബോധമായിരുന്നുവെങ്കിൽ, സംസ്കാരസമ്പന്നർക്കിടയിൽ അത് അഹന്തയാണ്. (ഞാൻ, ആത്മാവ് എന്നീ പ്രതീതികളുടെ ഒരു വികലമായ പതിപ്പുമാത്രമാണ് അഹന്തയും. നാം പക്ഷേ അവയെ സത്യമായെണ്ണുന്നു.)
നമ്മിൽ കുറ്റബോധത്തിന്റെ വിത്തുകൾ വേഗത്തിൽ മുളയെടുത്ത് പടർന്നുപന്തലിക്കുകയായി. പിന്നെ അതിനെ പലിശ സഹിതം മറികടക്കാനായി നാം പരോപകാരം, സേവനം, കാരുണ്യം എന്നീ മൂല്യങ്ങളെ അനുകരിക്കുകയായി. വെറും അനുകരണമെന്നതുകൊണ്ടു തന്നെ അവയും ഫലത്തിൽ നുണയാണ്. ഉള്ളിനുള്ളിൽ നമുക്കറിയാം പുറമെ നാം കാരുണ്യം പൊഴിക്കുകയാണെങ്കിലും അകത്ത് ദേഷ്യവും അസംതൃപ്തികളും സംശയങ്ങളും തിളക്കകുകയാണെന്ന്. അപ്പോൾ പിന്നെ അവയെ അമർത്തിവെക്കുവാൻ പ്രാർത്ഥനകളായി, ജപങ്ങളായി, ഗ്രന്ഥപാരായണങ്ങളായി .... നുണകൾ നമ്മെ അന്വേഷണമെന്ന ഒരു വലിയ പ്രഹേളികയിലേക്ക് തള്ളിവിടുന്നു. നുണയെ സംബന്ധിച്ച് ഇവയെല്ലാം അതിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്.
ഇത്രയും പറയുമ്പോൾ സ്വാഭാവികമായും നമ്മിലുണരുന്ന ഒരു സംശയമുണ്ട്- ഇക്കാലമത്രയും മനുഷ്യൻ ഉണ്ടാക്കിയെടുത്തിട്ടുള്ള ശാസ്ത്രവും കലയും കവിതയും മറ്റു തലങ്ങളിലുള്ള അനേകം ഉൾക്കാഴ്ചകളും അനേകം കൃതികളും ആത്മീയ അറിവുകളും ....സകലതും നുണയാണോ? അവ ഫലശൂന്യമാണോ?
ഓഷോ പറഞ്ഞ ആ കഥയുടെ അനുബന്ധമായി അദ്ദേഹം ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നുണ്ട്: ഏതൊരു നുണയിലും സത്യത്തിന്റെ എന്തെങ്കിലുമൊരംശം ഉണ്ടാവാതിരിക്കില്ല. ഈ കഥയുടെ കാര്യത്തിലാണെങ്കിൽ, നുണയുടെ കാലുകൾ സത്യത്തിന്റേതാണ്! മനുഷ്യരാശി ഉണ്ടാക്കിയെടുത്തു എന്നു നാം പറയുന്ന ഈ ജ്ഞാനസമ്പത്തെല്ലാം മോഷ്ടിച്ചെടുത്ത സത്യത്തിന്റെ കാലുകളാണ്. അവയെ ഉപയോഗപ്പെടുത്തണമെങ്കിൽ ആ കാലുകൾ നമ്മുടേതല്ലെന്നറിഞ്ഞുകൊണ്ട് അവയെ സത്യത്തിനു തിരിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അവയെ അപ്പാടെ നിരാകരിച്ചുകൊണ്ട് നാം മറ്റു ചില നുണകളിൽ അകപ്പെടേണ്ടതില്ല.
നാം കട്ടെടുത്തിട്ടുള്ള ഈ കാലുകളത്രയും, ഈ ജ്ഞാന സാഗരമത്രയും, knowledge ആണ്. അവ നമ്മുടെ 'knowing' ആകുന്നില്ല. നമ്മുടെ സ്വന്തം knowing ആകാത്തേടത്തോളം ഫലത്തിൽ അവ നുണതന്നെയാണ്, ഫലശൂന്യമാണ്.
അപ്പോൾ നാമിനി എന്താണ് ചെയ്യേണ്ടത്?
കട തുറക്കുമ്പോൾ, ആദ്യമായി ഡിജിറ്റൽ വെയിങ് മെഷീനുകളിൽ 'zero calibration' ഉറപ്പു വരുത്തുന്നതുപോലെ, ഇടക്കൊക്കെ നമുക്ക് നമ്മുടെ സിസ്റ്റത്തേയും കാലിബ്രേറ്റ് ചെയ്യാവുന്നതാണ്. അതിനു പക്ഷേ വീണ്ടും യാതൊന്നും പുറമെ നിന്നും കടം കൊണ്ടേക്കരുത്. ആ കാലിബ്രേഷൻ നടത്തേണ്ടത് സത്യസന്ധതയെന്ന സഹജാവബോധം കൊണ്ടായിരിക്കണം - simple common sense.
ആ സഹജാവബോധം പ്രയോഗിക്കപ്പെടുമ്പോഴാണ് നാം കരുതലോടെ പൊതിഞ്ഞുകെട്ടി വെച്ചിട്ടുള്ള നുണയുടെ ഉള്ളിത്തോലുകൾ ഓരോരോ പാളികളായി അടർന്നുവീഴാൻ തുടങ്ങുക. അപ്പോഴാണ്, നാം നമ്മിലുള്ള സകലതിനേയും അതേപടി അംഗീകരിക്കാൻ തുടങ്ങുക- കോപത്തേയും കാപട്യത്തേയും അത്യാഗ്രഹത്തെയും അഹന്തയേയും അക്രമവാസനയെയും അഭിലാഷങ്ങളേയും ആസക്തികളെയുമെല്ലാം. സഹജമായി ജീവിക്കാൻ തുടങ്ങുമ്പോഴാണ് ജീവിത സന്ദർഭങ്ങളിൽ നാം സത്യസന്ധമായി പങ്കുചേരാൻ തുടങ്ങുക. അപ്പോൾ വീണ്ടും വീണ്ടും നമ്മിലെ നുണകളുടെ കട്ടിപിടിച്ച ആവരണങ്ങളെപ്പറ്റി നാം കൂടുതൽ കൂടുതൽ ബോധവാനാവുകയും അവയെ അനായാസം പൊളിഞ്ഞുപോകാൻ അനുവദിക്കുകയും ചെയ്യും. പൊളിയുടെ പാളികളെല്ലാം ഓരോന്നായി അടർന്നുപോയിപ്പോയി അവസാനം കണ്ടെത്താനായി ആരുമുണ്ടാവില്ലത്രേ. 'I AM' എന്നതിലെ 'amness' മാത്രം അവശേഷിച്ചേക്കാമത്രേ!.
നമുക്ക് ഏറെ പരിചിതമായിട്ടുള്ള പദങ്ങളെക്കൊണ്ടുതന്നെ ഈ സമീപനത്തെ ഒരു പേരിട്ടുവിളിക്കണമെങ്കിൽ, അങ്ങനെ നിർബന്ധമെങ്കിൽ മാത്രം, ഇതിനെയാണ് ആത്മീയമായി ജീവിക്കുക എന്ന് പറയുക; ആത്മീയതയിൽ ജീവിക്കലല്ല. (ഓർമ്മപ്പെടുത്തട്ടെ, ഒരു നുണയെ തുണ്ടം തുണ്ടമാക്കി അതിൽ ചില തുണ്ടം സത്യമാണ് എന്ന് പറയുന്നതുപോലെയാണ് മതാതീത ആത്മീയത, നവ ആത്മീയത, സ്ത്രൈണ ആത്മീയത, പൗരസ്ത്യ ആത്മീയത, ഇടതുപക്ഷ ആത്മീയത എന്നീ ആധുനിക പ്രയോഗങ്ങൾ. ഇവയെല്ലാം തന്നെ വെറും സാമൂഹികതയിൽ മുങ്ങി നില്ക്കുന്നവയാണ്. എത്രതന്നെ വൈയക്തികമെന്നു- individual - തോന്നിക്കുന്ന പദപ്രയോഗങ്ങൾ നടത്തിയാലും അവയൊന്നും തന്നെ സമൂഹമെന്ന പ്രഥമ കെട്ടുപാടുകളിൽ നിന്നും വിടുതൽ നേടിയിട്ടില്ല.) സത്യസന്ധമായി - തന്നോടുതന്നെ - ജീവിക്കുക എന്ന് മാത്രമേ അതിനർത്ഥമുള്ളൂ. ആത്മീയത എന്നത് സമൂഹം കല്പിച്ചുവെച്ചിട്ടുള്ള ഒരു കൂട്ടം നിർവ്വചനങ്ങളാണ്. ആത്മീയമായി ജീവിക്കലാകട്ടെ, അതാത് നിമിഷത്തെ മുൻ നിർത്തിക്കൊണ്ടുള്ള ഒരാളുടെ പ്രതികരണങ്ങളാണ്. ആത്മീയത ഒരാൾക്ക് മൃതമായിട്ടുള്ള സുരക്ഷിതത്വം നല്കുന്നുവെങ്കിൽ, സത്യസന്ധമായ ജീവിതം സാഹസികതകൾ നിറഞ്ഞതാണ്. അതിന്റെ പൂർണ്ണമായുള്ള ഉത്തരവാദിത്തം തന്നിൽ മാത്രം നിക്ഷിപ്തമാണ്.
പൂർണ്ണമായ ഉത്തരവാദിത്തത്തിന്റെ ഏതൊരു നിമിഷവും നമുക്ക് പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ മഹാകാശം സമ്മാനിക്കുന്നു. അപ്പോഴാണ് നാമറിയുക, എണ്ണമറ്റ പ്രതീതികളിൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു എന്നതുപോലും നമ്മുടെ മറ്റൊരു പ്രതീതിയായിരുന്നെന്ന്. സ്വാഭാവികമായും നമുക്ക് തോന്നാവുന്ന മറ്റൊരു സംഗതിയുണ്ട്: ഇവിടെ പരാമർശിക്കപ്പെടുന്ന ഈ പ്രതീതികൾ, ഇല്യൂഷൻസ്, മിഥ്യാവബോധങ്ങൾ, നുണകൾ ഇവയൊക്കെ ഒരാളുടെ ജീവിതത്തിൽ സ്വയമേ സംഭവിച്ചുപോകുന്നവയല്ലേ? അതിനയാളെ കുറ്റപ്പെടുത്താനൊക്കുമോ?
തീർച്ചയായും അയാളെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, അയാൾക്ക് അയാളെത്തന്നെ ന്യായീകരിക്കാനാവില്ല. വളർച്ച എന്നതുതന്നെ അർത്ഥമാക്കുന്നത് മിഥ്യാപടലങ്ങളെ മറികടക്കുക എന്നതാണ്. സംവേദനത്വം ഒരുക്കുന്ന അതേ ഇന്ദ്രിയങ്ങളാണ് മിഥ്യാബോധവും സൃഷ്ടിക്കുന്നതെന്നിരിക്കെ, എല്ലാ ഇന്ദ്രിയങ്ങളുടേയും സംവേദനങ്ങൾ ഏകോപിക്കപ്പെടുമ്പോൾ, തീർത്തും വ്യത്യസ്തമായ ഒരു ഗ്രാഹ്യം സംഭവിക്കുന്നു. പക്ഷേ ഈ ഗ്രാഹ്യത്തിന് ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്ന് പങ്കുചേരുക- participation- എന്നതാണ്. ഇതിനെ മറ്റൊരു രീതിയിൽ 'encountering oneself' എന്നും പറയാം. എല്ലാ രജ്ജു സർപ്പ വിഭ്രാന്തികളും സമീപസ്ഥമായ എൻകൗണ്ടറിങ്ങിലൂടെ മാഞ്ഞുപോകുന്നു. കേവലം ഇന്ദ്രിയചോദനകളിൽ ഒതുങ്ങിനില്ക്കാത്ത സങ്കീർണ്ണമായ മാനങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ multi-dimensional ആയിട്ടുള്ള participation ജീവിതം ആവശ്യപ്പെടുന്നുണ്ട്; total. ബാഹ്യമായ ചുറ്റുപാടുകളും സമൂഹവും അയാളെ പിടിച്ചുവെക്കാൻ ശ്രമിക്കുന്നതും നിയന്ത്രിക്കുന്നതും വഴിതെറ്റിക്കുന്നതുമെല്ലാം ജീവിതത്തിനോടുള്ള സമ്പൂർണ്ണമായ പങ്കുചേരലിനെയാണ്. എന്നിട്ടും പക്ഷേ ഉത്തരവാദിത്തം അയാളുടേത് മാത്രമാണ്. എന്തുകൊണ്ടെന്നാൽ ആത്യന്തികമായി ഈ പങ്കുചേരലും സ്വതന്ത്രനാവലുമെല്ലാം ഉള്ളിനുള്ളിൽ നടക്കേണ്ടവയാണ്. ‘I celebrate myself’ എന്ന് നമുക്കുവേണ്ടി മറ്റൊരാൾക്ക് പറയാനാവില്ലല്ലോ.
നാം ഒരിക്കലും സ്വതന്ത്രരല്ലാതിരുന്നിട്ടില്ല. ആനന്ദമെന്ന അവസ്ഥ നമ്മിൽ നിന്നും ഒരിക്കലും മാറിനിന്നിട്ടില്ല, അസ്തിത്വപരമായി അത് സാധ്യവുമല്ല. നമ്മുടെ ഈ അന്വേഷണവും സാധനകളുമെല്ലാം ഒരു തെറ്റിദ്ധാരണയുടെ, ഒരു നുണയുടെ പേരിൽ തുടങ്ങിപ്പോന്നവയായിരുന്നു. അതൊരു നുണയായിരുന്നെന്നും വെറും പ്രതീതിയായിരുന്നെന്നും തിരിച്ചറിയപ്പെടുന്ന നിമിഷം ഒരാൾ സ്വാതന്ത്ര്യത്തിന്റെ അപാരതയറിയുന്നു. ഉള്ളിന്റെയുള്ളിൽ നാമത് അറിയുന്നുണ്ട്; അതേപ്പറ്റി നാം ബോധവാന്മാരല്ലെന്നേയുള്ളൂ. (ഇതെഴുതുന്ന ആൾ അടക്കം.) അതറിയുന്ന ആ പ്രതിഭാസത്തെയാണ് നാം ജീവൻ എന്ന് വിളിച്ചുപോരുന്നത്.
അതീവ സരളവും അതേസമയം അതിഗഹനവുമായ ഇത്തരം ഉൾക്കാഴ്ചകൾ സെന്നിലാണ് ഏറ്റവും മനോഹരമായി അവതരിപ്പിക്കപ്പെട്ടു കണ്ടിട്ടുള്ളത്. ഇത്തരം തിരിച്ചറിവുകളെ ത്വരിപ്പിക്കുന്നതിനായി ഗുരുക്കന്മാർ ചില തമാശകൾ ഉപയോഗപ്പെടുത്താറുണ്ട്. ചിലപ്പോളവ ‘കുലുമാല്’ പിടിച്ച ചോദ്യങ്ങളായിരിക്കും. അവയെയാണ് പൊതുവെ കൊവാനുകൾ (koan) എന്ന് വിളിക്കാറ്.
ഒരിക്കൽ റികോ എന്ന ശിഷ്യൻ ഗുരു നാൻസനോട്, കുട്ടിത്താറാവിന്റെ കൊവാനെപ്പറ്റി പറയാനാവശ്യപ്പെട്ടു. ആ കൊവാൻ ഇങ്ങനെയായിരുന്നു: ഒരിക്കൽ ഒരാൾ ഒരു താറാക്കുഞ്ഞിനെ ഒരു കുപ്പിക്കുള്ളിലാക്കി. കുപ്പിയുടെ കഴുത്തിലൂടെ അതിനു ഭക്ഷണവും വെള്ളവും കൊടുത്തുകൊണ്ട് അതിനെ പാലിച്ചുപോന്നു. കുറേനാളുകൾക്കു ശേഷം താറാക്കുഞ്ഞു വളർന്നു വലുതായപ്പോൾ അതിനു പുറത്തേക്കിറങ്ങാൻ പറ്റാതായി. ചോദ്യമെന്തെന്നാൽ, കുപ്പിയെ പൊട്ടിക്കാതെയും താറാക്കുഞ്ഞിനെ കൊല്ലാതെയും അതിനെ എങ്ങനെ പുറത്തേക്കെടുക്കാം?
അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം നാൻസെൻ അലറിവിളിച്ചു, 'റികോ !'
റികോ പരിഭ്രമത്തോടെ തലയുയർത്തി നോക്കി.
നാൻസെൻ ഉച്ചത്തിൽ കയ്യടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു,' നോക്കൂ, താറാക്കുഞ്ഞ് പുറത്താണ് !'
താറാക്കുഞ്ഞ് കുപ്പിക്കകത്ത് അകപ്പെട്ടിരിക്കുകയാണെന്നും അതിനെ പുറത്തെടുക്കുക എന്നത് വളരെ വിഷമം പിടിച്ച പണിയാണെന്നുമുള്ള നമ്മുടെ തെറ്റിദ്ധാരണകളെ ഒരു സ്ഫടികപാത്രം പൊട്ടിച്ചുകളയുന്നത്ര ലാഘവത്തോടെയും പൊടുന്നനെയും ഉടച്ചുകളയുകയാണ് നാൻസെൻ. മനുഷ്യൻ കാലാകാലങ്ങളായി ചെയ്തുപോരുന്ന എല്ലാത്തരം ആത്മീയാഭ്യാസങ്ങളേയും മഹാവിഡ്ഢിത്തം എന്ന് വിളിക്കുന്ന മൂർച്ചയേറിയ സത്യസന്ധതയും സുതാര്യതയും ആ കൊവാനിലുണ്ട്. 'the goose is out' എന്ന പ്രയോഗം സെന്നിന്റെ ലോകത്തു മാത്രമല്ല, ജീവിതസംബന്ധിയായ എല്ലാ പ്രഹേളികകളേയും ധീരമായി അഭിമുഖീകരിക്കുന്നു.
ആത്യന്തികമായി ഒരാൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ഓഷോയുടെ ഉത്തരം ഇങ്ങനെയായിരുന്നു:
"just be".