Featured Post

Friday, November 6, 2020

ഉണർവിലേക്കുള്ള പടവുകൾ - 12

 


                    ആസ്വാദനത്തെപ്പറ്റി ഒരു ആസ്വാദനം

നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കല എന്ന വാക്ക് ഇന്ന് ഏറ്റവും കൂടുതൽ ഉച്ചരിക്കപ്പെടുന്നത് കലാരംഗത്തിന് പുറത്താണ്. ജീവന കലയാണ് അതിൽ പ്രധാനം, Art of living. ഓരോ പ്രവർത്തിക്കു മുന്നിലും Art എന്ന് ചേർത്തുകൊണ്ടുള്ള ടൈറ്റിലുകൾ ധാരാളമാണിന്ന് - Art of Dying, Art of Loving, Art of War, Art of marketing, Art of giving, Art of talking, Art of seeing, Art of love making, Art of parenting എന്നിങ്ങനെ എത്രയോ പ്രയോഗങ്ങളും അവയെ പ്രതിപാദിക്കുന്ന കൃതികളുമുണ്ട്. ഇവയിൽ ഒട്ടു മിക്കവയും Art of marketing എന്ന ഗണത്തിൽ പെടുത്താവുന്നവയാണ്; പ്രതിപാദ്യ വിഷയവുമായി നീതി പുലർത്തുന്നവ തീരെ ചുരുക്കം.

വിശേഷപ്പെട്ട ചില പ്രവൃത്തികളെ  - സംഗീതം, ചിത്രമെഴുത്ത്, അഭിനയം, നൃത്തം എന്നിങ്ങനെ - ആദ്യമേ തന്നെ കല എന്ന് പേരിട്ട് വെച്ചിരിക്കുന്നതുകൊണ്ട് അവ എത്രത്തോളം കലാപരമാകുന്നുണ്ട് എന്നൊരു വീണ്ടുവിചാരം പൊതുവെ സംഭവിക്കാറില്ല. അതുപോലെത്തന്നെ ആ പട്ടികയിൽ പെടാത്ത ചെയ്തികൾ എന്തുകൊണ്ട് കലാപരമായിക്കൂടാ എന്ന വിചാരവും പൊതുവെ സംഭവിക്കാറില്ല. 

ഏതൊരു പ്രവൃത്തിയും കല എന്ന തലത്തിലേക്ക് പ്രവേശിക്കുന്നത് ആസ്വാദനം എന്ന പ്രഥമ കവാടത്തിലൂടെയാണ്. ഏതു കലയുടെയും അടിസ്ഥാന ഭാവമായി വർത്തിച്ചിട്ടുള്ളത് ആസ്വാദനമാണ്. ആസ്വദിക്കാനുള്ള കഴിവാണ് കലയായി പരിണമിക്കുന്നതെന്നു പറയാം. ആസ്വദിക്കാനുള്ള കഴിവെന്നു വരുമ്പോൾ, അതിൽ ഒരു പ്രവൃത്തിയും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല. ഒരു സന്ദർഭവും മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നില്ല.

ഒരു സന്ദർഭത്തെ, അതിൽ ഏതു പ്രവൃത്തിയും ഉൾപ്പെടാം, ആസ്വദിക്കുന്നതിനുള്ള സാമർഥ്യം... അത് പരിശീലിച്ചെടുക്കേണ്ട ഒരു വൈദഗ്ദ്യമല്ല, മറിച്ച് ആർജ്ജിച്ചെടുക്കേണ്ട ഒരു പാടവമാണ്, a knack. ഈ knack -ന് നമ്മുടെ ദൈനം ദിന ജീവിതത്തിൽ സാരമായ പ്രാധാന്യമുണ്ട്. എന്തെന്നാല്‍, ആ knack ആണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്, അതാണ് ജീവിതത്തെ ആസ്വാദ്യകരമാക്കുന്നത്; കല എന്ന വാക്കിനോട് പ്രത്യേക മമതയുള്ളവരാണെങ്കിൽ, അതാണ് ജീവിതത്തെ കലാപരമാക്കുന്നത് എന്ന് പറയാം; ജീവിതത്തെ സർഗ്ഗാത്മകമാക്കുന്നത്. അതല്ലാതെ, സംഗീതവുമായി കഴിഞ്ഞതുകൊണ്ടോ, സർഗാത്മകം എന്ന് വിളിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും പ്രവൃത്തിയുമായി കഴിഞ്ഞതുകൊണ്ടോ ജീവിതം കലയാകുന്നില്ല.


കലയുടേയോ ആസ്വാദ്യതയുടേയോ സൂക്ഷ്‌മതലങ്ങളെ വിശദമായി പരിശോധിക്കാൻ സ്ഥലപരിമിതിയുള്ളതുകൊണ്ടുതന്നെ, നമുക്ക് പരിചിതമായിട്ടുള്ള ഒരു സന്ദർഭത്തിലേക്ക് നേരിട്ട് കടക്കാം. ആസ്വാദനം, കല എന്നൊക്കെ പറയുമ്പോൾ ആദ്യം ഉയരുന്ന വിമർശനം, 'ജീവിതത്തിന്റെ കടുത്ത യാഥാർഥ്യങ്ങളിൽ' ഈ വാക്കുകളെല്ലാം പുറം പൂച്ചുകളായിത്തീരുന്നു എന്നതാണ്. അത്രതന്നെ കടുത്തതല്ലാത്ത ഒരു സന്ദർഭത്തെ നമുക്ക് ഉദാഹരണമായെടുക്കാം.

നാം ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തുനില്ക്കുകയാണെന്നു കരുതുക. സ്വാഭാവികമായും ഒരു ബസ് സ്റ്റോപ്പ് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് യാതൊരു പ്രാധ്യാന്യവും കല്പിക്കുന്നില്ല. നമ്മുടെ അടിയന്തിരസ്ഥിതി എന്താണെന്ന് അവിടെ നില്ക്കുന്ന മറ്റുള്ളവർക്കോ വരാൻ പോകുന്ന ബസ്സിനോ പ്രശ്നമല്ല. നാം ആകുലപ്പെടുന്ന പ്രശ്നത്തെ ഗൗനിക്കുകപോലും ചെയ്യാതെ തൊട്ടടുത്ത് നില്ക്കുന്നവർ നാലാംകിട തമാശകൾ പറഞ്ഞു ചിരിക്കുന്നു! നാട്ടുനടപ്പ് ഭാഷയിൽ പറഞ്ഞാൽ, 'ബാക്കിയുള്ളവർ ഇവിടെ ടെൻഷനടിച്ചു ചാവുകയാണ്'. അല്ലെങ്കിൽ 'ബോറടിച്ചു ചത്തു'. ബസ്സാണെങ്കിൽ ഒരുകാലത്തും സമയത്തിനെത്തില്ല. ഇതിനിടയിൽ ഓഫീസിൽ നിന്നോ മറ്റോ വരുന്ന ഫോൺ കോളുകൾ. അപ്പോഴാണ് ഓർമവന്നത്, ഒരു പ്രധാന പേപ്പർ എടുക്കാൻ മറന്നുപോയെന്ന്! 

ഈ സന്ദർഭത്തിലാണ് ഒടുക്കത്തെ ആസ്വാദനവും കലയും!


നമുക്ക് ഇതിനെ തിരിച്ചു സമീപിക്കാം- ഈ സന്ദർഭത്തിലല്ലെങ്കിൽ പിന്നെന്തിനാണ് ആസ്വാദനവും കലയും? എല്ലാം കൊണ്ടും നമുക്ക് അനുകൂലമായ സന്ദർഭമെങ്കിൽ, ആദ്യമേ അത് ആസ്വദിക്കപ്പെടുന്നുണ്ടാകും, ഉപരിപ്ലവമായെങ്കിലും. നമ്മിൽ അല്പമെങ്കിലും സാവകാശമുണ്ടെങ്കിൽ, നാം എന്തെങ്കിലുമൊക്കെ ആസ്വദിക്കുന്നുണ്ടാകും. ചുരുങ്ങിയത്, ഒഴിവാക്കി വിട്ട വാട്സ് ആപ് ഫലിതങ്ങളെങ്കിലും. 


നമുക്ക് തീരെ പ്രതികൂലമായ സന്ദർഭങ്ങളിലാണ് ഈ knack അവശ്യമെന്ന്തോന്നിയേക്കാമെങ്കിലും, അനുകൂലമായ സന്ദർഭങ്ങളാണ് അത് ശീലിച്ചെടുക്കാൻ നല്ലത്. അതിനായി ആദ്യം മനസ്സിരുത്തേണ്ടത്, ഈ സന്ദർഭത്തോട് നമുക്ക് മുൻവിധിയോടെയുള്ള യാതൊരു വിയോജിപ്പുമില്ല എന്നതാണ്. ജീവിതസന്ദർഭങ്ങളൊന്നും തന്നെ നമ്മുടെ വരുതിയിൽ നില്ക്കുന്നതല്ല; അങ്ങനെ ആവുകയുമരുത്. അടുത്തതായി നമുക്ക് ഉറപ്പുവരുത്താം, ഈ സന്ദർഭത്തെ വേണമെന്നോ വേണ്ടെന്നോ വെക്കാനുള്ള നമ്മുടെ കഴിവിനെ നാം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്; അതായത്, മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതുകൊണ്ട് നാം തീരുമാനിച്ചുറപ്പിച്ചതാണ് ബസ് കാത്തു നില്ക്കുക എന്നത്. എന്നുവച്ചാൽ,  അടുത്ത പതിനഞ്ചു മിനിറ്റു നേരത്തേക്കെങ്കിലും കൂടെക്കൂടെ സമയമെത്രയായി എന്ന് നോക്കേണ്ടതില്ല. ബസ് കാത്തു നില്ക്കുന്ന പത്തു മിനിറ്റു നേരം അറിയാതെപ്പോവുകയെന്നാൽ, പത്തു മിനിറ്റു നേരത്തെ നമ്മുടെ ജീവിതം അറിയാതെപ്പോയി എന്നാണെന്ന് ഓർക്കാവുന്നതാണ്. ഇത്രയുമാവുമ്പോഴേക്കും നാം ബസ് സ്റ്റോപ്പിലെ ആൾക്കൂട്ടത്തിൽനിന്നും മാനസികമായി മാറി നിന്നിട്ടുണ്ടാകും. മാറിനില്ക്കപ്പെടുന്നതോടെയാണ് ആസ്വാദനത്തിനുള്ള കളമൊരുങ്ങുന്നത്. (മാറിനില്ക്കാനാവാതെ, ഒരു ചുഴിയിലകപ്പെട്ടെന്നോണം സൃഷ്ടിക്കപ്പെടുന്നവയാണ് ലോകത്തുള്ള ഭൂരിപക്ഷം കലാസൃഷ്ടികളും. അതുകൊണ്ടുതന്നെയാണ് അവ രോഗാതുരമെന്ന് എണ്ണപ്പെടുന്നത്.)


ഒരു പദമെങ്കിലും മാറി നില്ക്കപ്പെട്ടാൽ, ഇനി നമുക്ക് ആ സന്ദർഭത്തെ അല്പാല്പമായി ആസ്വദിച്ചുതുടങ്ങാം. ആസ്വാദനത്തിന്റെ സാദ്ധ്യതകൾ പരിധിയില്ലാത്തതാണ്. നമുക്ക് ചുറ്റുമുള്ള ആളുകളുടെ സംഭാഷണങ്ങൾ മുതൽ, നമുക്ക് ചുറ്റുമുള്ള വാഹന ശബ്ദങ്ങൾ വരെ നമ്മുടെ ആസ്വാദനത്തിനു പാത്രമാക്കാം. നമ്മുടെ നാസിക പിടിച്ചെടുക്കുന്ന വിവിധ ഗന്ധങ്ങളെ ശ്രദ്ധിക്കാം. ചുറ്റുവട്ടത്തുമുള്ള നിരവധി നിറങ്ങൾ. നമ്മുടെ പരിസരങ്ങളിൽ രുപപ്പെടുന്ന വൈവിധ്യമാർന്ന പാറ്റേണുകൾ; ഓർക്കുക, ആസ്വദിക്കുക എന്നാൽ ഇഷ്ടപ്പെടുക എന്നല്ല അർത്ഥം, അവയിൽ സ്വയം മറന്നുപോവുക എന്നുമല്ല. ആസ്വദിക്കുക എന്നാൽ അതേപ്പറ്റി ബോധവാനാവുക എന്ന് മാത്രമാണ്. (നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രയോഗിക്കേണ്ടി വരുന്നത് അവയുമായി നാം വ്യവഹരിക്കേണ്ടി വരുമ്പോൾ മാത്രമാണ്.) നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടുവരുന്ന എല്ലാ സംവേദനങ്ങളേയും ഒരു ഒഴികഴിവാക്കുക, അവക്ക് പിന്നിൽ ഉണർന്നിരിക്കുന്ന 'ഞാൻ' എന്ന സെർവറിനെ അനുഭവിച്ചറിയുന്നതിനായി. അപ്പോൾ നമുക്ക് സ്നേഹപൂർവ്വം കാണാൻ കഴിയും ഒരു ബസ് സ്റ്റോപ്പിൽ കുറച്ചാളുകൾക്കിടയിൽ, ധൃതിപ്പെടുന്ന മനസ്സുമായി അക്ഷമനായി ബസ് കാത്തു നില്ക്കുന്ന നമ്മെത്തന്നെ. ഇതാണത്രേ ഈ ലോകജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ മുഖാമുഖം; the ultimate encounter.


ഈ മുഖാമുഖത്തിന്റെ knack സ്വായത്തമാക്കിക്കഴിഞ്ഞാൽ, ഏതൊരു സന്ദർഭത്തിലും, അത് എത്ര തന്നെ മുഷിപ്പനായിക്കൊള്ളട്ടെ, എത്ര തന്നെ ഭീതിജനകമായിക്കൊള്ളട്ടെ, എത്ര തന്നെ നിസ്സഹായമായിക്കൊള്ളട്ടെ; അത് സന്തോഷത്തിന്റേതാവട്ടെ, കോപത്തിന്റേതാവട്ടെ, ഭീരുത്വത്തിന്റേതാവട്ടെ,  വളരെ പെട്ടെന്ന് തന്നെ ആ സാഹചര്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും നാം അകലം വീണ്ടെടുക്കുകയും, നമ്മിൽത്തന്നെ കൂടുതൽ സംതുലിതമായി ചുവടുറപ്പിക്കുകയും ചെയ്യും. ഇപ്പോഴാണ് നമുക്ക് ആ സാഹചര്യത്തിൽ  യഥാർത്ഥത്തിൽ പങ്കെടുക്കാൻ സാധ്യമാവുക. കൂടുതൽ പങ്കാളിയാകുന്നതോടെ ആസ്വാദ്യതയുടെ കൂടുതൽ തലങ്ങൾ വിടർന്നുവരുന്നു. ഓർക്കുക, ആസ്വദിക്കുക എന്ന വാക്കിന്റെ പ്രധാന അർത്ഥം രുചിച്ചു നോക്കുക എന്നാണ്. 

ആസ്വാദ്യതയുടെ പാഠങ്ങൾ നമുക്ക് നമ്മിൽ നിന്ന് തന്നെ തുടങ്ങാവുന്നതാണ്, ഏതു നിമിഷവും. ഏതു സമയത്തും. അതിനുള്ള പഠന സാമഗ്രികൾ നമ്മിൽ സമൃദ്ധമാണ്. നമ്മുടെ ശ്വസന താളങ്ങൾ, നമ്മുടെ ശരീര സംവേദനങ്ങൾ, നമ്മിലെ വികാര വ്യതിയാനങ്ങൾ, നമ്മുടെ വിചാര വ്യാപാരങ്ങൾ. അങ്ങനെവരുമ്പോൾ, ഉണർവിന്റെ മറ്റൊരു പേരാണ് ആസ്വാദനം.


തീർത്തും വർത്തമാനത്തിൽ മാത്രം സംഭവ്യമായ ഒന്നാണ് ഈ ആസ്വാദനം. അതുകൊണ്ടാണ്, ജീവിതം (life) ഒരു കലയാവാതിരിക്കുമ്പോൾ, ജീവനം (living) ഒരു കലയാവുന്നത്. ഈ കലയുടെ മൂലധാതുവാകട്ടെ ആസ്വാദന പാടവവും.




                                                  

























11 comments:

  1. ...✨️👇🌷🌷💐💐👇✨️✨️
    തീർത്തും വർത്തമാനത്തിൽ മാത്രം സംഭവ്യമായ ഒന്നാണ് ഈ ആസ്വാദനം. അതുകൊണ്ടാണ്, ജീവിതം (life) ഒരു കലയാവാതിരിക്കുമ്പോൾ, ജീവനം (living) ഒരു കലയാവുന്നത്. ഈ കലയുടെ മൂലധാതുവാകട്ടെ ആസ്വാദന പാടവവും.

    ReplyDelete
  2. വളരെ ലളിതമായി പറഞ്ഞു തന്നു. നന്ദി

    ReplyDelete
  3. 🌹🌹🥀🥀🍂💥💥☘🌱🍁🌈🌈🌈

    ReplyDelete
  4. കൈപിടിച്ചു നടത്തുന്ന എഴുത്തനുഭവം ♥️

    ReplyDelete