Featured Post

Thursday, April 9, 2020

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 1


പുസ്തകം എന്ന പ്രതിഭാസത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളവയിൽ ഏറ്റവും ഹൃദ്യമായി തോന്നിയിട്ടുള്ളത് കാൾ സാഗന്റെ (കാറൽ സേഗൻ എന്നാണ് ശരിയായ ഉച്ചാരണം എന്ന് തോന്നുന്നു)  വാക്കുകളാണ്: 'എന്തുമാത്രം വിസ്മയകരമായ ഒരു സംഗതിയാണ് ഒരു പുസ്തകമെന്നത്! മൃദുവായ മരപ്പാളികൊണ്ടുള്ള ഒരു പരന്ന പ്രതലം. അതിനു മേലെ ഇരുണ്ട നിറത്തിൽ അങ്ങനെയുമിങ്ങനെയുമൊക്കെ വരഞ്ഞുകോറിയിരിക്കുന്ന കുനുകുനുപ്പുകൾ. എന്നാൽ അതിലേക്കൊന്നു നോക്കുകയേ വേണ്ടൂ, നിങ്ങൾ മറ്റൊരാളുടെ മനസ്സിനകത്ത് കയറിക്കഴിഞ്ഞു....... ഒരുപക്ഷേ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ മരിച്ചുമണ്ണടിഞ്ഞുപോയ ഒരാളുടെ മനസ്സിനകത്ത്. മനുഷ്യന് ഇന്ദ്രജാലം കാണിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഒരു പുസ്തകമെന്നത്.'
carl sagan
പുസ്തകത്തോടുള്ള പ്രേമം കേവലം വിജഞാനദാഹം കൊണ്ട് മാത്രമാവണമെന്നില്ല. ചുരുങ്ങിയ പക്ഷം ഈയുള്ളവന്റെ കാര്യത്തിൽ അങ്ങനെയല്ല. വായന ഒരു ശീലമായതുകൊണ്ടുമല്ല. ഇപ്പറഞ്ഞ ദാഹവും ശീലവുമൊന്നും സ്വന്തം കാര്യത്തിൽ തീരെ പ്രബലമല്ല. എന്നിട്ടും പക്ഷേ പുസ്തകങ്ങളെ നോക്കി നില്ക്കാനും തൊട്ടു തലോടാനുമൊക്കെ ഒരു വല്ലാത്ത ഇഷ്ടം. അജ്ഞാതമായ ഏതോ ഒരു ലോകം ഏതൊരു പുസ്തകത്തിനകത്തും പതുങ്ങിയിരിപ്പുണ്ടെന്ന് ചെറുപ്പം മുതല്ക്കേയുള്ള തോന്നലാണ്. 
നീളവും വീതിയും മാത്രമുള്ള ഒരൊറ്റ പ്രതലത്തിൽ (one dimension) നിലകൊള്ളുന്ന ഒരുപാട് ഏടുകൾ കൂട്ടിത്തുന്നിയതാണെങ്കിലും, ഒരുപക്ഷേ മനുഷ്യന് അനുഭവവേദ്യമായിട്ടുള്ള എല്ലാ മാനങ്ങളും (multi dimensions) സംവഹിക്കാൻ സാധ്യമായിട്ടുള്ളതാണ് ഏതൊരു പുസ്തകവും. അതിൽ അടക്കിവെച്ചിട്ടുള്ള തലങ്ങളുടെ വൈവിധ്യങ്ങൾക്കനുസരിച്ചാണ് അത് 'കാലത്തെ അതിജീവിക്കുന്ന' പുസ്തകമാവുന്നത്. ഏതൊരു 'പൊട്ട' പുസ്തകത്തിനകത്തും മേല്പ്പറഞ്ഞ നിഗൂഢ തലങ്ങൾ പതുങ്ങിക്കിടപ്പുള്ളതായി അനുഭവിക്കുമ്പോൾ, സംഭവിക്കുന്നത് കേവലം വാചിക ഭാഷക്കതീതമായ ഒരു വിനിമയമാണ്.
പുസ്തകവുമായി ഇടപഴകുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് സ്വയം കൃത്യത വരാതിരുന്ന കുറേ കാലം. ഓഷോയുടെ ലോകത്തിലേക്ക് ഇടറിവീണതിനുശേഷമാണ് പുസ്തകം എന്ന പ്രതിഭാസത്തെത്തന്നെ ഓഷോ മാറ്റി നിർവ്വചിച്ചത്. 'A BOOK IS A LOVE AFFAIR ' എന്ന പ്രസ്താവം ഉള്ളിലുണ്ടാക്കിയ സുതാര്യതക്ക് അളവുകളില്ല. (ഒരു മനുഷ്യന് സാധ്യമാകാവുന്നതിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ചുതീർത്തിട്ടുള്ള ഓഷോയുടെ ലൈബ്രറിയുടെ യു ട്യൂബ് വീഡിയോ ക്ലിപ്പ് കാണാതെ പോകരുത്.) അതെ, പുസ്തകങ്ങളോടുള്ള പ്രേമമല്ല, പുസ്തകമെന്നതുതന്നെ ഒരു പ്രേമസല്ലാപമാണ്, അജ്ഞേയമായിട്ടുള്ള ഏതോ പ്രതിഭാസങ്ങളോടുള്ള സ്നേഹസംവാദങ്ങൾ.
പാഠപുസ്തകങ്ങൾക്കു പുറമെ മറ്റേതെങ്കിലും പുസ്തകങ്ങളുമായുള്ള ബന്ധം തുടങ്ങിയത് മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു. ക്ലാസ് ടീച്ചറായിരുന്ന സിസ്റ്റർ ക്രിസ്റ്റീന - തീരെ ഉയരം കുറവായിരുന്ന അവർ സ്കൂൾ മുഴുവനും അറിയപ്പെട്ടിരുന്നത് കുഞ്ഞിസ്റ്റ് എന്നായിരുന്നു- യുടെ ആവശ്യപ്രകാരം അച്ഛൻ വാങ്ങിക്കൊണ്ടുതന്നതായിരുന്നു, 'ഞാനൊരു ശാസ്ത്രജ്ഞനാകും' എന്നോ മറ്റോ പേരിൽ സി.ജി.ശാന്തകുമാർ കുട്ടികൾക്ക് വേണ്ടി എഴുതിയ ഒരു ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം. ബ്രെഡ്‌ സ്‌ലൈസിന്റെ വലിപ്പത്തിൽ ഉള്ള ഒരു കുട്ടിപ്പുസ്തകം. പരിഷത്തിന്റെ എംബ്ലം
പോലെത്തന്നെ ഓർബിറ്റുകളുടേയും ഇലെക്ട്രോണുകളുടേയുമൊക്കെ രേഖാചിത്രം കവറിൽ. ഓർബിറ്റും ഇലെക്ട്രോണുകളുമെല്ലാം അന്നൊക്കെ നാക്കിനു വഴങ്ങാത്ത വാക്കുകളായിരുന്നെങ്കിലും, ചിത്രത്തിലേക്ക് നോക്കുമ്പോഴൊക്കെയും തലക്കു ചുറ്റും എന്തെല്ലാമോ ചുറ്റിത്തിരിയുന്നെന്ന ഒരു തോന്നലുണ്ടായിരുന്നുവെന്ന് ഇന്നും ഓർക്കാനാവുന്നുണ്ട്.
ഏതായാലും പുസ്തകം ഉള്ളിൽ പതിഞ്ഞത് ഒരു കഷ്ണം ബ്രെഡിന്റെ രൂപത്തിലായിരുന്നു. (ഒരു ചേട്ടനും അനിയത്തിയും കൂടി അവരുടെ ബ്രേക്ഫാസ്റ്റിനുള്ള ബ്രെഡിൽ പൂപ്പൽ കണ്ടതിനെ ചുറ്റിപ്പറ്റിയാണ് ആ പുസ്തകം തുടങ്ങുന്നത് എന്നതും ഒരു കാരണമായി വർത്തിച്ചിരിക്കാം.) പുസ്തകം കാണുമ്പോഴൊക്കെയും പതുപതുത്ത ബ്രെഡിൻ പാളികൾ  മനസ്സിൽ വരാറില്ല, എന്നാൽ വരിവരിയായിരിക്കുന്ന ബ്രെഡ് സ്‌ലൈസുകൾ കാണുമ്പോൾ വൃത്തിയായി അടുക്കിവെച്ചിട്ടുള്ള പുസ്തകങ്ങളാണ് ഓർമ്മ വരിക. ഏതെല്ലാമോ ബോധസ്പന്ദങ്ങളുടെ അടരുകളെ ഉള്ളടക്കിവെച്ചിട്ടുള്ള ഗ്രന്ഥശേഖരം. മോഡേൺ ബ്രെഡിന്റെ പാക്കിൽ ചിതറിക്കിടക്കുന്ന ബ്രെഡ് ചതുരങ്ങളുടെ കാഴ്ച, അസാധാരണമായ ഒരു പുസ്തകസമൃദ്ധിയാണ് ഇന്നുമെനിക്ക്.
പുസ്തകപ്രിയരായിട്ടുള്ള മിക്കവരും (നല്ല വായനക്കാർ എന്നർത്ഥമില്ല) അനുഭവിച്ചുപോരുന്ന ഒന്നുണ്ട്: പുസ്തകങ്ങളുമായുള്ള ചില വിചിത്ര ബന്ധങ്ങൾ. പുസ്തകങ്ങളുടെ അകം എങ്ങനെയുമാകട്ടെ, ഭാഷയോ വിഷയമോ ശൈലിയോ ഒന്നും പ്രസക്തമല്ല, ചില പുസ്തകങ്ങളുമായി അസാധാരണമായ ഒരു ബന്ധം ഉണ്ടായി വരും. ചിലപ്പോൾ അത് നാം ഇഷ്ടപ്പെടാത്ത പുസ്തകമാകാം. വളരെ ഇഷ്ടപ്പെടുന്ന പുസ്തകവുമായി ഒരു പക്ഷേ അത്ര ആഴമുള്ള ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. ഇപ്പറയുന്നത് കേവലം ഇഷ്ടാനിഷ്ടങ്ങളുടെ കാര്യമല്ല. ചില പുസ്തകങ്ങളുമായി സൂക്ഷ്മമായ ചില വിനിമയങ്ങൾ സംഭവിക്കുന്നുണ്ടാകും. ഒരുപക്ഷേ ആ പുസ്തകം തുറന്നു വായിച്ചിട്ടുപോലുമുണ്ടാവണമെന്നില്ല. എന്നിട്ടും പക്ഷേ പലതവണ വായിച്ചിട്ടുള്ള പുസ്തകങ്ങൾക്കില്ലാത്ത ചില സംവേദനത്വങ്ങൾ ഇവയുമായി സംഭവിക്കാറുണ്ട്. അപൂർവ്വം സന്ദർഭങ്ങളിൽ നാം കടന്നുപോകേണ്ട വരികളും വാക്കുകളും ഏതൊക്കെയെന്ന് അവ നമ്മോട് നിശബ്ദമായി സൂചിപ്പിക്കും. വെറുതെ എടുത്തുനോക്കുമ്പോൾ നമുക്കു വേണ്ടി കാത്തുകിടക്കുന്നതെന്ന പോലെ അതിലെ വാക്കുകൾ ഉണർന്നിരിപ്പുണ്ടാവും.
അത്ര പരന്ന വായനക്കാരനല്ലാതിരുന്നിട്ടും ഇത്തരം കുറേ പുസ്തകങ്ങളുണ്ട് എന്നെ സ്നേഹിച്ചവരായി; പലപ്പോഴും ഞാൻ അത്രതന്നെ അവരെ സ്നേഹിച്ചിട്ടില്ലായിരിക്കാം. എന്നിട്ടും പക്ഷേ അവർ എന്നെ വല്ലാതെ സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. എന്തിനധികം, ഞാൻ ഇഷ്ടപ്പെടാത്ത പുസ്തകങ്ങൾ പോലുമുണ്ട്, എന്നെ സ്നേഹിക്കുന്നവരായി. 
പല പുസ്തകങ്ങളും എന്നെത്തേടി വന്നവയാണ്, ആശ്ചര്യമുണർത്തിയ ഒരു അതിഥിയെപ്പോലെയോ, മറ്റേതോ ലോകത്തുനിന്നും ആരോ കൊടുത്തുവിട്ട ഒരു പാരിതോഷികം പോലെയോ. എന്നെ സ്നേഹിച്ച പുസ്തകങ്ങളൊക്കെയും ഏതെല്ലാമോ ആക്സ്മിതകളെ ചൂഴ്ന്നു നില്ക്കുന്നവയാണ്. അത്തരം ചില പുസ്തകങ്ങളെക്കുറിച്ചുള്ള അല്പം വീണ്ടു വിചാരങ്ങളാണ് ഈ കുറിപ്പുകൾ.
പരസ്പരം വല്ലാത്ത ഇഷ്ടം തോന്നിയ ഒരുപാട് പുസ്തകങ്ങളെ, വിശേഷിച്ചും ഓഷോ പുസ്തകങ്ങൾ, കൃഷ്ണമൂർത്തിയുടെ പുസ്തകങ്ങൾ, ഗുരു നിത്യയുടെ പുസ്തകങ്ങൾ എന്നിവയെ മനപ്പൂർവ്വം ഒഴിവാക്കിയിട്ടുണ്ട്; ഉഭയസമ്മതപ്രകാരം. ചില പുസ്തകങ്ങളെ, അവയിലെ ആക്സ്മിതകളുടെ രഹസ്യാത്മകത കാരണം വേണ്ടെന്നു വെച്ചിട്ടുണ്ട്. പലതും മറന്നുപോകാനിടയുണ്ട്. എനിക്കുറപ്പുണ്ട്, മറന്നുപോയ പുസ്തകങ്ങളൊന്നും എന്നോട് പരിഭവിക്കില്ലെന്ന്. മാത്രവുമല്ല, അവയൊന്നും എന്നന്നേക്കുമായിട്ടുള്ള മറവികളുമല്ലെന്ന് എനിക്കറിയാം. എപ്പോഴാണോ ശരിക്കും സന്നിഹിതരാവേണ്ടത് അവർ അവരുടെ വാക്കും മൗനവുമായി ഉള്ളിനുള്ളിൽ തെളിഞ്ഞുവരിക തന്നെ ചെയ്യും. 
ഒരു പുസ്തകത്തിന്മേലേക്ക് നിങ്ങൾ സ്നേഹപൂർവ്വം നോക്കിയിട്ടുണ്ടോ? പുസ്തകം ഒരിക്കലും ഉറങ്ങുന്നില്ല, എത്രയോ നൂറ്റാണ്ടുകളായി ഒരിക്കൽ പോലും തുറക്കപ്പെട്ടിട്ടില്ലെന്നാലും, അത് ഉണർന്നിരിപ്പാണ്; ആർക്കും വേണ്ടിയല്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ…എത്ര വലിയ ഇരുട്ടിലും, ജീർണ്ണതയുടെ ഏതു വലിയ പൊടിക്കൂമ്പാരത്തിനകത്തും അവ ഉണർന്നുതന്നെയിരിക്കുകയാണ്. ചിതലും വെള്ളിമീനുകളും തിന്നു തീർക്കുമ്പോഴും, ഊഷ്മവ്യതിയാനങ്ങളിൽ മഞ്ഞക്കുമ്പോഴും, പ്രായാധിക്യത്താൽ വഴക്കം നഷ്ടപ്പെട്ട് പൊടിഞ്ഞു നുറുങ്ങാൻ തുടങ്ങുമ്പോഴും അവയുടെ ഉണർവ്വ് ലേശം പോലും മങ്ങിപ്പോകുന്നില്ല…...ഉണർവിന്റെ, ഉണർവിന്റെ മാത്രം അടരുകളാണവ. 


                                                           1
പഴയ ലക്കം പൂമ്പാറ്റയും ബാലരമയും ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്ന യുറീക്കയും മാത്രമായിരുന്നു അക്കാലത്തെ എക്സ്ട്രാ വായനകൾ. വായനയോട് അത്ര വലിയ കമ്പമില്ലാതിരുന്നിട്ടും പുസ്തകങ്ങളെ കുറിച്ച് കേൾക്കാൻ വലിയ താല്പര്യമുണ്ടായിരുന്നു; പുസ്തകങ്ങളുടെ പേരുകളും ഗ്രന്ഥകർത്താക്കളുടെ പേരുകളും മറ്റും. വായനയിൽ താല്പര്യമുണ്ടെന്നും അന്നത്തെ പരിതസ്ഥിതിയിൽ, എന്നെ സംബന്ധിച്ച് അവയുടെ ലഭ്യത അത്രതന്നെ എളുപ്പമല്ലായിരുന്നു എന്നും തോന്നിയതിനാലാകാം ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ദിവസം ഏറെ പ്രിയമുള്ള

ജെന്നി ടീച്ചർ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി ഒരു പുസ്തകമെടുത്തു കയ്യിൽ തന്നത്- പരിഷത്ത് പ്രസിദ്ധീകരിച്ച 'എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്?'. തിളങ്ങുന്ന അക്ഷരങ്ങളുള്ള  അതിന്റെ കവർ മറിച്ചുനോക്കാൻ തന്നെ പേടിയായിരുന്നു. വിലപിടിപ്പുള്ള പുസ്തകമെങ്ങാനും നമ്മുടെ കയ്യിൽ നിന്നും കേടുപറ്റിയാൽ ... ചിന്തിക്കാൻ കൂടി വയ്യ. കുറച്ചു നാളുകൾക്കു ശേഷം അത് തിരിച്ചു കൊടുക്കുന്നതുവരേക്കും (വായിക്കാതെത്തന്നെ) തീരെ സമാധാനമുണ്ടായിരുന്നില്ല. പാവം ജെന്നിടീച്ചർ. അന്ന് അവരോട് പറയാതെ പോയ നന്ദി ഇവിടെ പ്രകടിപ്പിക്കട്ടെ.
പിന്നെയും ഒന്നോ രണ്ടോ വർഷം കഴിഞ്ഞായിരുന്നു സ്വന്തമായി ഒരു പുസ്തകം വാങ്ങൽ നടത്തിയത്. ക്രിസ്ത്യൻ സ്‌കൂൾ ആയിരുന്നതിനാൽ വർഷത്തിൽ ഒരു തവണയെങ്കിലും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളുമായി ഒരു വാൻ  വന്നു നില്ക്കുക പതിവായിരുന്നു. അത്തവണ ഞാനും ഒരു പുസ്തകം വാങ്ങാൻ തീരുമാനിച്ചു. വലിയ എമണ്ടൻ പുസ്തകങ്ങളുമുണ്ടായിരുന്നുവെങ്കിലും ഒരു ചെറിയ പുസ്തകമായിരുന്നു കണ്ണിലുടക്കിയത്. ആദ്യം നോക്കിയത് വിലയാണ്. നീല

ട്രൗസറിനകത്തെ പോക്കറ്റിന്‌ അത് എഫൊർടബ്ൾ ആയിരുന്നു - 50 പൈസ. പുസ്തകത്തിന്റെ പേര് 'മാർ തോമായുടെ സുവിശേഷം.' വിവർത്തനം ആനി തയ്യിൽ.
മാർ തോമാ ആരെന്നോ സുവിശേഷത്തിന്റെ വിശേഷമെന്തെന്നോ അറിയില്ലായിരുന്നു. മറിച്ചു നോക്കിയപ്പോൾ ഈശോ പറഞ്ഞ രഹസ്യ വാക്കുകളാണെന്ന് എഴുതിക്കണ്ടു. അത്ര തന്നെ. പാഠപുസ്തകങ്ങൾക്കും
aani thayyil
നോട്ടുപുസ്തകങ്ങൾക്കുമിടയിലായിരുന്നു ഒന്നുരണ്ടു വർഷത്തേക്ക് മാർ തോമായുടെ വാസം. വല്ലപ്പോഴും കയ്യിൽ തടയുമ്പോഴൊക്കെ വെറുതെ മറിച്ചു നോക്കുമെന്നല്ലാതെ വിശേഷിച്ചൊന്നും തോന്നിയിരുന്നില്ല.
ആ രണ്ടു വർഷങ്ങൾക്കിടയിൽ ഉള്ളിലുടക്കി നിന്നത് ഒരേയൊരു വാക്യമായിരുന്നു. 42-ാമത് വാക്യം - ‘കടന്നുപോകുന്നവരാവുക’. ‘കവി ഉദ്ദേശിച്ചത്’ എന്തെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്നിട്ടും പക്ഷേ എന്തോ ഒരു ആകർഷണം ആ വാക്യത്തോടു മാത്രം തോന്നിയിരുന്നു. അല്ലറ ചില്ലറ മറ്റു വാക്യങ്ങൾ പലപ്പോഴായി ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും - 'അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും വെറുത്തുകൊണ്ട് എന്റെ വഴിയേ കുരിശെടുക്കാത്തവർ എനിക്കർഹനല്ല'; 'മനുഷ്യൻ തിന്നുന്ന സിംഹം അനുഗൃഹീതനാകുന്നു, ആ സിംഹം മനുഷ്യനായിത്തീരും. സിംഹം തിന്നുന്ന മനുഷ്യൻ ശപിക്കപ്പെട്ടവനാകുന്നു, ആ മനുഷ്യൻ സിംഹമായിത്തീരും.' എന്നിങ്ങനെ -  ഈ പുസ്തകം വെറും നിർവികാരിയായി ചുറ്റുവട്ടത്ത് കഴിഞ്ഞുകൂടി.
എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്, ഈ സുവിശേഷത്തിലെ വാക്യങ്ങളൊന്നും അതേപടി സ്കൂളിന്റെയോ പള്ളികളുടെയോ മതിലുകളിലോ സന്മാർഗ ക്ലാസ്സുകളിലെ ബ്ലാക്ക്ബോർഡിന്റെ തലപ്പത്തോ എഴുതപ്പെടാത്തതെന്തെന്ന്. മാർ തോമായുടെ സുവിശേഷത്തിന് മാത്രം ഒരു തരം 'രണ്ടാം കുടി' ട്രീറ്റ്മെൻറ്! പക്ഷേ അത്തരം വിചാരങ്ങളൊക്കെയും വളരെ വേഗം മറവിയിലേക്കു പോകും. പിന്നീട് പൂജ വെപ്പിനോ മറ്റോ മേശ വലിപ്പ് വൃത്തിയാക്കുമ്പോഴാണ് ഈ പുസ്തകം വീണ്ടും ചില സംശയങ്ങളുമായി കയ്യിൽ തടയുക.
ബൈബിൾ പരിചയപ്പെടുന്നത്‌ പിന്നെയും നാലു വർഷത്തിന് ശേഷമാണ്. പ്രീഡിഗ്രിക്കാലത്താണെന്നു തോന്നുന്നു. നമ്മുടെ പുസ്തക താല്പര്യവും സാമ്പത്തിക കമ്മിയും മുതലെടുക്കാൻ നടന്നിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ഇടയ്ക്കു വല്ലപ്പോഴും കള്ളുകുടി തുടങ്ങിയ വട്ടച്ചെലവിന് കാശൊപ്പിക്കാൻ ആശാൻ ഏതെങ്കിലും പുസ്തകങ്ങൾ എവിടെന്നൊക്കെയോ അടിച്ചുമാറ്റി കൊണ്ടുവന്ന് ആകർഷകമായ 'തള്ളു പടി' ഓഫർ ചെയ്യാറുണ്ട്. (ഈ പഹയൻ തന്നെയാണ് ആദ്യമായി ചെറിയ നാല് ഓഷോ പുസ്തകങ്ങൾ വാങ്ങിത്തന്നത് എന്നത് പറയാതെ വയ്യ! മുൻപെഴുതിയ ഒരു ബ്ലോഗിൽ അവനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്). അങ്ങനെയാണ് ആദ്യമായി ഒരു ബൈബിൾ കയ്യിലെത്തുന്നത്. പിന്നെയാണ് സുവിശേഷങ്ങളെപ്പറ്റി ചെറുതായെന്തെങ്കിലുമൊക്കെ അറിയുന്നത് തന്നെ.
ബൈബിളിലെ സുവിശേഷങ്ങളിൽ കാണുന്ന പോലെയുള്ള വാചകക്കസർത്തുകളൊന്നും തോമസ് നടത്തിയിട്ടില്ല. യേശു പറഞ്ഞതിലെ കാമ്പുള്ള കാര്യങ്ങൾമാത്രം ഒന്നു മുതൽ നൂറ്റിപ്പതിനാലുവരെ അക്കമിട്ടു നിരത്തിവെച്ചു. സമീപനത്തിലുള്ള ആ വ്യത്യാസം ഏറെ മതിപ്പു പകരുന്നതാണ്. ആ സമീപനത്തിലെ ധീരത സംശയമെന്യേ


വെളിപ്പെടുത്തുന്നുണ്ട്, വെറും 'സംശയതോമ'യല്ല ആ വാക്യങ്ങളെ ഹൃദയത്തിൽ ഒപ്പിയെടുത്തതെന്ന്. തോമസിൽ ആരോപിതമായ സംശയം ഭീരുക്കളുടേതായിരുന്നുവെന്നു വേണം വിചാരിക്കാൻ. തോമസിന് മാത്രമേ സന്ദേഹമെന്ന മുറിവിൽ തൊട്ടു നോക്കാൻ കഴിഞ്ഞുള്ളു, മറ്റാരേക്കാളും. സന്ദേഹത്തെ  ധീരമായി നേരിടുമ്പോഴാണത്രേ ഒരുവൻ തന്റെ തന്നെ സന്ദേഹത്തെയും സന്ദേഹിക്കാൻ തുടങ്ങുന്നത്. അയാൾ സ്വന്തം സന്ദേഹത്തെ സന്ദേഹം കൊണ്ടുതന്നെ നേരിടുമ്പോൾ, ആ ഏറ്റുമുട്ടലിൽ ഉയിർക്കൊള്ളുന്നത് TRUST-ന്റെ
ഊർജ്ജസ്ഫുലിംഗങ്ങളാണ്. പക്ഷേ വിശ്വാസത്തിനു (belief) മേലേക്ക് കടന്നു ചെല്ലാൻ കെല്പില്ലാതിരുന്ന ഭീരു സഭ, അദ്ദേഹത്തിന്റെ സംശയ പട്ടം മനഃപൂർവ്വം നിലനിർത്തിക്കൊണ്ടുപോന്നെന്നു മാത്രം.
പിന്നേയും കുറച്ചു വർഷങ്ങൾ കഴിഞ്ഞ്, ആദ്യമായി കേട്ട ഓഷോ കാസറ്റിലായിരുന്നു, ഓഷോ ഈ 'കടന്നുപോകുന്നവരെ'പ്പറ്റി പറഞ്ഞു കേട്ടത്. തഥാഗതൻ എന്ന വാക്കിന്റെ ആഴങ്ങളെ വെളിപ്പെടുത്തുകയായിരുന്നു ഓഷോ. well gone. സുഗമമായി കടന്നുപോകുന്നവൻ. സുഗമമായ കടന്നുപോക്ക്‌ ബോധപ്രാപ്തിയുണ്ടായവന് മാത്രം സാധ്യമായിട്ടുള്ളതാണ്. ആ വാക്കിന്റെ അനുരണനങ്ങൾ പെട്ടെന്നൊന്നും അവസാനിച്ചില്ല. കുറെ നാളുകൾക്കു ശേഷം തോമസ്സിന്റെ സുവിശേഷം ആദ്യമായി പുറത്തെടുത്തത് അന്നായിരുന്നു. അന്നെനിക്ക് തോന്നി,  ആ പുസ്തകം അസാധാരണമായി ഉണർന്നിരിക്കുകയാണെന്ന്. അതിനു ശേഷം പെട്ടെന്നു കാണാൻ കിട്ടുന്നേടത്തായി അതിന്റെ സ്ഥാനം. വീട് വിട്ടു നില്ക്കേണ്ടി വന്നപ്പോഴെല്ലാം മറ്റു പുസ്തകങ്ങളുടെ കൂടെ തോമസ്സിന്റെ സുവിശേഷവും ഉണ്ടാവാറുണ്ട്. 1998-ൽ മുംബൈയിലേക്ക്‌ പോയപ്പോഴും കൈവശം വെച്ച മൂന്നു നാല് പുസ്തകങ്ങളുടെ കൂടെ, ഒരു കാർന്നോരുടെ മട്ട്, ഗൗരവം പൂണ്ട് മാർ തോമയും.
ബോംബെയിലെത്തിയതിനു ശേഷം പൂനയിലുള്ള കമ്മ്യൂണിൽ നിന്നും ഓഷോ പുസ്തകങ്ങളുടെ കാറ്റലോഗ് വരുത്തി വായിച്ചു നോക്കിയപ്പോഴാണ് ചുറ്റിലും വെള്ളി നക്ഷത്രങ്ങൾ മിന്നി നിറഞ്ഞത്. എഴുപതുകളിൽത്തന്നെ ഓഷോ ഈ സുവിശേഷത്തെ അധികരിച്ച് സംസാരിച്ചിരിക്കുന്നു!- mustard seed എന്ന പുസ്തകം. പടിഞ്ഞാറുനിന്നുള്ള ഒരുപാടാളുകളെ (ദിൽരൂപ വാദകനായ ഗോപാലിനെയടക്കം), ഓഷോയിലേക്കാകർഷിച്ച പ്രധാന പുസ്തകങ്ങളിൽ ഒന്നാണിത്- my way, the way of white clouds പോലെത്തന്നെ. mustard seed കയ്യിലെത്തിയതിനു ശേഷം പരിഭാഷപ്പെടുത്താൻ തുടങ്ങിയതായിരുന്നു. കുറച്ചു പേജുകൾ കഴിഞ്ഞതിനു ശേഷമാണ് അറിഞ്ഞത്, മറ്റാരോ അത് ആദ്യമേ ചെയ്തുവെച്ചിട്ടുണ്ടെന്ന്. 
ഈ സുവിശേഷത്തിന് സെൻ സ്വരൂപമാണ്. സെന്നിന്റെ സൂക്ഷ്മ സൗരഭ്യമാണ്  ഇതിലെ വാക്കുകൾക്കു ചുറ്റിലും. ഹൈകുവിന്റെയത്ര വന്നില്ലെങ്കിലും കുറുക്കിയ വാക്കുകൾക്ക് മോഹനമായ മൂർച്ചകളുണ്ട്; അവ നമ്മെ മുറിപ്പെടുത്തുന്നുണ്ട് എവിടെയെല്ലാമോ.. നാം പക്ഷേ സ്നേഹപൂർവ്വം അതിനു നിന്നുകൊടുക്കുക തന്നെ ചെയ്യുന്നു. സാധാരണ ബൈബിൾ സുവിശേഷങ്ങൾ യേശുവിനെ പുതപ്പിച്ചിട്ടുള്ള ദീനദയാലുവിന്റെ മേലങ്കി ഈ സുവിശേഷത്തിൽ യേശു വലിച്ചെറിഞ്ഞിരിക്കുന്നു; ധ്യാനത്തെ സ്പർശിച്ചറിഞ്ഞ ഒരു സെൻ മാസ്റ്ററുടെ കർക്കശ്യത്തോടെ.


'കടന്നുപോകുന്നവരാവുക' എന്ന ഒരൊറ്റ വാക്യത്തിന്- ആ വാക്യത്തെ
വിദൂരസ്ഥമായെങ്കിലും  അഭിമുഖീകരിക്കാൻ പ്രാപ്തിയേകിയത് ഓഷോ മാത്രമായിരുന്നു- ആ വാക്യത്തെ ഒട്ടും കലർപ്പില്ലാതെ കൈമാറിയ മാർ തോമാക്ക്, ഈജിപ്തിലെ നാഗ് ഹമാദി മലയിടുക്കുകളിൽ നിന്നും ഈ സുവിശേഷ ചുരുളുകളെ കണ്ടെത്തിയ കർഷകർക്ക്, ആദ്യമായി ഈ വാക്കുകളെ മലയാളത്തിലേക്ക് പകർത്തിയ ശ്രീ ആനി തയ്യിലിന്...ഈ സ്വാത്മികം.


                                   


കുറച്ച് വർഷങ്ങൾക്ക് മുൻപ്, ഓഷോയുടെ ഏറ്റവും അടുത്ത സഹചാരികളിൽ ഒരാളായ ലാഹെരുഭായ് ഫോണിൽ. 'വൈകീട്ട് ഓഫീസിലേക്ക് വരൂ',അദ്ദേഹം പറഞ്ഞു. അദ്ദേഹം എഴുതിയ 'BLESSED MOMENTS WITH OSHO'  എന്ന ഓർമ്മക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ നടക്കുന്ന സമയമായിരുന്നു അത്. അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമായിരിക്കുമെന്ന് ഞാനും കരുതി. വ്യക്തിപരമായി വളരെ chaotic മൂഡിലായിരുന്ന ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയപ്പോൾ, കുശലം ചോദിക്കലോ മുഖവുരയോ കൂടാതെ അദ്ദേഹം നേരെ കാര്യത്തിലേക്കു കടന്നു. അദ്ദേഹം പറഞ്ഞു,'കടന്നുപോവുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. അതു പക്ഷേ ബോധപൂർവ്വമായിരിക്കണം. being conscious. മറ്റു യാതൊന്നും നമ്മുടെ കൈകളിലല്ല. ചുറ്റുപാടുകളെല്ലാം അവയുടെ പാട്ടിന് മാറിമറിഞ്ഞുകൊണ്ടിരിക്കും. but we can be conscious. and that's all.' 
ഞാൻ പെട്ടെന്നു തന്നെ തിരിച്ചിറങ്ങി. 


എല്ലാ സുവിശേഷങ്ങളേയും ഒരൊറ്റ വാക്യത്തിലൊതുക്കാവുന്നതാണ്:
'കടന്നുപോകുന്നവരാവുക'. 
ബാക്കിയെല്ലാം വിശദീകരണങ്ങളാൽ നേർപ്പിച്ചവയാണ്.
വെറുതെ കഴിഞ്ഞുപോകാനാണെങ്കിൽ വിശദീകരണങ്ങളത്രേ നല്ലത്!





                                                

11 comments:

  1. ✨️മനോഹരം.. ഹൃദ്യം...
    ഈ സ്വാത്മികം.. ✨✨

    സ്നേഹാദരം 🙏

    ReplyDelete
  2. മനോഹരമായ രചന.

    ReplyDelete
  3. വാചകങ്ങൾക്ക് ഒപ്പം ഞാനും എൻ്റെ School പഠനകാലത്തിലേയ്ക്ക് പോയി. മതിലിൽ എഴുതി വെച്ച വാക്കുകൾ വായിച്ച്, കവി എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയാത്ത കാലം. ശരിയ്ക്കും ഓഷോയാണ് ഇത്തരം വാക്കുകളിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിച്ചതും, ചിന്തിപ്പിച്ചതും. Love This

    ReplyDelete
    Replies
    1. CHEERS DEAR !! THANKS FOR YOUR LOVELY RESPONSE. lv

      Delete
  4. നന്ദി. സ്നേഹം.ഉമ്മ

    ReplyDelete
  5. നന്ദി. സ്നേഹം.ഉമ്മ

    ReplyDelete