Featured Post

Sunday, July 12, 2020

ഉണർവിലേക്കുള്ള പടവുകൾ - 8

ചിരി: ഒരു ആത്മീയ സാധന


'സ്വയം ഒരു ദീപമാവുക' എന്ന പ്രസ്താവം, 2500 വർഷങ്ങൾക്ക് ശേഷമാണ് 'സ്വയം ഒരു ഫലിതമാവുക' - Be a joke unto yourself - എന്ന് പരിഷ്‌ക്കരിക്കപ്പെട്ടത്. അതിനു പിന്നിലെ ഉൾക്കാഴ്ച, 'പുതിയതായി ഒരു ദീപത്തെ തെളിയിച്ചെടുക്കേണ്ടതില്ല; ഉള്ളിന്നുള്ളിൽ തെളിഞ്ഞുനില്ക്കുന്ന നാളത്തിന്റെ പ്രകാശത്തെ പുറത്തേക്ക് അനുവദിച്ചാൽ മാത്രം മതി ' എന്ന ബോധ്യമാണ്. അകത്തെ പ്രകാശരശ്മികൾ തടഞ്ഞുനിർത്തപ്പെടുന്നത്, അബോധപരമായി നാം ചുറ്റിലും കെട്ടിപ്പൊക്കിയുണ്ടാക്കിയ മതിലുകളെക്കൊണ്ടാണ്- അഹങ്കാരത്തിന്റെ മതിലുകൾ, അഭിനിവേശത്തിന്റെ മതിലുകൾ, മാത്സര്യത്തിന്റെ മതിലുകൾ, താരതമ്യത്തിന്റെ, അസൂയയുടെ, ഗൗരവത്തിന്റെ, സദാചാരത്തിന്റെ, ലിംഗ വിവേചനത്തിന്റെ, ദേശീയതയുടെ, രാഷ്ട്രീയകാഴ്ചപ്പാടുകളുടെ, വിശ്വാസങ്ങളുടെ, തുടങ്ങി സൂക്ഷ്മവും അദൃശ്യവുമായിട്ടുള്ള നിരവധി മതിലുകൾ. ഈ മതിലുകളോരോന്നും ഉയർന്നുവരുന്നതോടൊപ്പം തന്നെ, അതിനെ എങ്ങനെ തകർക്കാം എന്നും മനുഷ്യൻ ചിന്തിച്ചുപോന്നിട്ടുണ്ട്. എത്ര തന്നെ അവ്യക്തമാണെങ്കിലും, അമൂർത്തമാണെങ്കിലും ആ നിലക്കുള്ള അന്വേഷണം ഒരൊറ്റ ജീവിതത്തിലും നടക്കാതെ പോകുന്നില്ല. എന്നാൽ ഇവയൊന്നും കാര്യമായി ഫലസിദ്ധി പ്രാപിക്കാറില്ലെന്നതാണ് സത്യം.


നമ്മുടെ സന്തോഷവും സ്വാതന്ത്ര്യവും, നാം കഴിഞ്ഞുപോരുന്ന ചുറ്റുപാടുകളും, നാം ഇടപഴകുന്ന വ്യക്തിത്വങ്ങളുമായൊക്കെ ഇഴചേർന്നു കിടക്കുന്നുവെങ്കിലും, അവക്കെല്ലാം പരിമിതമായ ഒരളവിൽ മാത്രമേ നമ്മെ സഹായിക്കാൻ സാധിക്കൂ. ആ പരിധി വരേയ്ക്കും അവയെല്ലാം ഒരുപക്ഷേ വലിയ പങ്കു വഹിച്ചേക്കാം. എന്നാൽ അതിനപ്പുറം നമ്മുടെ അന്വേഷണങ്ങളെ സംഗതമാക്കുന്നത് വൈയക്തികമായ (individual) സംതൃപ്തികളും - contentment - സമീപനങ്ങളുമാണ്. ഈ ബോധ്യത്തിലേക്കു വരുന്നതിനെയാണ്, തന്റെ സന്തോഷവും സ്വാതന്ത്ര്യവും തന്റെ മാത്രം ഉത്തരവാദിത്തമാണ് എന്ന് ബോധ്യപ്പെടുന്നതിനെയാണ്, അവബോധപരമായ ഉണർച്ച (awakening) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ശ്രദ്ധാപൂർവ്വം ഏർപ്പെടുന്ന പ്രവർത്തികളെ പൊതുവായി 'ധ്യാനം' എന്ന് പറഞ്ഞുപോരുന്നു.


ഇവ്വിധം ധ്യാനത്തിൽ ഏർപ്പെടുമ്പോഴാണ് നമുക്ക് അല്‌പാല്‌പമായി തെളിഞ്ഞു വരിക, ഉള്ളിനുള്ളിലെ പ്രകാശത്തെ തടഞ്ഞു നിർത്തുന്ന മതിലുകൾ ഏതൊക്കെയെന്ന്. അപ്പോൾ പിന്നെ അതിലോരോന്നിനേയും പ്രത്യേകം പ്രത്യേകം എടുത്ത് നിരീക്ഷിക്കാവുന്നതാണ്. ഉദാഹരണമായി, അടക്കിവെച്ച കോപമാണ് നമ്മിൽ മുന്തി നില്ക്കുന്നതെങ്കിൽ, അതിനെ തനിക്കോ മറ്റുള്ളവർക്കോ അപകടകരമല്ലാത്ത വിധം ഒഴിച്ചുകളയാനും, ഇനി കോപം അടിഞ്ഞുകൂടാതിരിക്കാനും എന്ത് ചെയ്യണം എന്ന ദിശയിൽ നമുക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിക്കും. വ്യത്യസ്തമായ സമീപനങ്ങൾക്കനുസരിച്ച് വിവിധങ്ങളായ ധാരാളം സങ്കേതങ്ങൾ ഇതിനായി ഓരോരുത്തർക്കും ഉപയോഗപ്പെടുത്താവുന്നതുമാണ്.


എന്നാൽ, ഓരോ മതിലിനേയും പ്രത്യേകമെടുത്ത് പരിശോധിച്ച് അതിനെ മറി കടക്കേണ്ടതെങ്ങനെയെന്നെല്ലാം ആലോചിച്ചു തീരുമാനിക്കുന്നതേക്കാൾ, അവയെ ഒന്നടങ്കം തകർത്തു കളയാവുന്ന ഒരു in-built മെക്കാനിസം നാം എല്ലാവരിലുമുണ്ട്. അതിന്റെ പേരാണ് ചിരി. ചിരിക്കുന്ന മൃഗം എന്ന രീതിയിൽ മനുഷ്യനെ


നിർവ്വചിക്കുമ്പോൾ, സ്വതേ നമുക്ക് ശീലമായിട്ടുള്ള, 'മൃഗങ്ങളേക്കാൾ മുകളിൽ' എന്ന രീതിയിലാണ് മിക്കപ്പോഴും മനസ്സിലാക്കപ്പെടുന്നത്; ചിരി എന്ന പ്രതിഭാസത്തിന്റെ ആഴവും പരപ്പും, ബോധപരിണാമത്തിൽ (evolution) അതിന്റെ അഭൗമ സ്ഥാനം, എന്നീ തലങ്ങൾ നമുക്ക് വിട്ടു പോകുന്നുണ്ട്.

പരിണാമശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സസ്തനികളുടെ പിറവിയോടൊപ്പം ചിരിയുടെ മുകുളങ്ങൾ രൂപപ്പെട്ടുതുടങ്ങിയെന്നാണ്. എന്നാലും മനുഷ്യനിലെത്തുമ്പോൾ ചിരി എന്ന പ്രതിഭാസത്തിന് അനുപമമായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. 'false alarm' സിദ്ധാന്തം തുടങ്ങിയ വാദങ്ങൾ ചിരിയുടെ ഉത്പത്തിയെ പരാമർശിക്കുമ്പോൾ ഡോ. വി.എസ്. രാമചന്ദ്രനെപ്പോലുള്ളവർ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും, അതിനേക്കാൾ ഒരടി കൂടി പിന്നിലേക്ക് നിന്ന് പറയാൻ കഴിയും, ഒരേ ജീവിത സന്ദർഭത്തിന്റെത്തന്നെ ഒന്നിലധികം ബോധ-  വൈകാരിക തലങ്ങളെ (dimensions) ഒന്നിച്ചു കാണാനുള്ള ശ്രമത്തിൽ നിന്നാണ് (witnessing) ചിരി ഉത്ഭവിക്കുന്നതെന്ന്. 


പരസ്പരം വിരുദ്ധമായ രണ്ടു സന്ദർഭങ്ങളെ ഒന്നിച്ചു നോക്കിക്കാണാൻ കഴിയുക - മിക്കപ്പോഴും ഇവയിൽ ഏതെങ്കിലുമൊരു തലത്തിൽ പെട്ടുകിടക്കുകയാവും ഈ നിരീക്ഷകൻ - എന്നുവെച്ചാൽ, ആ രണ്ടു സന്ദർഭങ്ങളേയും അയാൾ മറികടക്കുന്നുവെന്നാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ നാമ്പുകളാണിവ. ചിരി എന്ന പ്രതിഭാസം നമ്മുടെ വികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്നതല്ല; അത് നമ്മുടെ ആത്യന്തിക ഗ്രാഹ്യവുമായി -understanding- ചേർന്ന് നില്ക്കുന്നതാണ്‌, ഒരു പുഷ്പത്തിൽ സൗരഭ്യം സന്നിഹിതമായിരിക്കുന്നതുപോലെ.


അതുകൊണ്ടാകാം, ബോധപ്രാപ്തിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്- ബോധപ്രാപ്തിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആത്യന്തിക സ്വാതന്ത്ര്യമാണ്- ചിരിയെപ്പറ്റി ധാരാളം കഥാഖ്യാനങ്ങൾ നിലനിന്നു പോന്നത്. ബോധോദയത്തെ തുടർന്ന് ബോധിധർമ്മൻ ഏഴു ദിവസം തുടർച്ചയായി ചിരിച്ചത്രേ! സെൻ ഗുരുക്കന്മാർ മുതൽ നമ്മുടെ നാറാണത്തു ഭ്രാന്തൻ വരേയ്ക്കും ചിരി ഒരു സാർവലൗകിക പശ്ചാത്തലമാണ്, തിരിച്ചറിവിന്റേയും സ്വാതന്ത്ര്യത്തിന്റെയും. ശാസ്ത്രം ഇത്രയൊക്കെ വളർന്നിട്ടും, ചിരി സംഭവിക്കുന്നത് എങ്ങനെയെന്ന് ന്യൂറോളജി വിദഗ്ധർക്ക് ഇനിയും തൃപ്തികരമായ വിധം വിശദീകരിക്കാനായിട്ടില്ലെന്നത്, ഈ പ്രതിഭാസത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നതാണ്.

ചിരിയുടെ മാത്രം സ്വഭാവങ്ങൾ എടുത്തു പരിശോധിച്ചാൽ, ചിരിയെ പല തരത്തിൽ വർഗീകരിക്കാനാവും. വെറുമൊരു ഇളിഭ്യൻ ചിരി മുതൽ ബുദ്ധസ്മിതം വരേയ്ക്കും. ഏതു തരം ചിരിയും പക്ഷേ ചെറിയ അളവിലെങ്കിലും നമ്മെ സ്വതന്ത്രരാക്കുന്നുണ്ടെന്നതാണ് സത്യം; കാപട്യത്തിന്റെ രാഷ്ട്രീയ ചിരിയൊഴികെ. എന്നാൽ, കൂടുതൽ പരിഷ്കൃതരാവുന്നുവെന്ന ഭാവേന, സ്വാഭാവികമായ ചിരി നമുക്ക് വലിയ അളവിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നു. നേരെ ചൊവ്വേ ചിരിക്കാൻ സാധിക്കാത്തവരുടെ എണ്ണം അവിശ്വസനീയമാം വിധം വലുതാണ്, ലോകമെങ്ങും. ഒരുപക്ഷേ intelligents-നു പകരം information-നെ ആശ്രയിക്കാൻ തുടങ്ങിയതോടെയാകണം, ചിരി നമ്മിൽ ശുഷ്‌കിക്കാൻ തുടങ്ങിയത്. പതുക്കെപ്പതുക്കെ അത് നമ്മുടെ ശരീരത്തെയൊന്നാകെ മരവിപ്പിക്കാൻ തുടങ്ങുന്നു. നമ്മുടെ ശരീരം ചിരിയിൽ പങ്കുകൊള്ളേണ്ടതെങ്ങനെയെന്ന് മറന്നുപോകുന്നു. പിന്നെപ്പിന്നെ, ചിരി വരേണ്ട സന്ദർഭമാണിതെന്ന്‌ 'intellectually' മനസ്സിലാക്കിക്കൊണ്ട്, ഒന്ന് ചിരിച്ചെന്ന് വരുത്തുക മാത്രം ചെയ്യുന്നു. ചിരികൾ വറ്റിപ്പോകുന്ന 'മരുഭൂമികൾ ഉണ്ടാകുന്നത്' ഇവ്വിധമാണ്. ഈ വരൾച്ചക്ക് ആക്കം കൂട്ടുന്നവയാണ് നമ്മുടെ 'ബുദ്ധിജീവി സാംസ്കാരിക' വിശ്വാസങ്ങളും മറ്റും.


ഇവിടെയാണ് ഒരു ഫലിതത്തിന്റെ / തമാശയുടെ പ്രസക്തി. അത് നമ്മെ ചിരിക്കാൻ പ്രാപ്തരാക്കുന്നു. ശരീരം മറന്നു കളഞ്ഞ ചിരിയുടെ ഭാഷ അത് തിരികെ കൊണ്ടുവരുന്നു. അഹന്തയുടെ എല്ലാ മതിലുകളെയും അത് ദുർബലമാക്കുന്നു. അത് നമ്മെ കൂടുതൽ കൂടുതൽ 'സഹജ'മാക്കുന്നു-spontaneous. അത് നമ്മെ ഒരു സന്ദർഭത്തിന്റെ ഇരയാകുന്നതിനു പകരം, അതിനെ മറികടന്നുനില്ക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കുന്നു. അത് നമ്മെ കഴിഞ്ഞുപോയതോ വരാനിരിക്കുന്നതോ ആയ ഏതൊരു സാഹചര്യത്തേയും simulate ചെയ്യാൻ പ്രാപ്തരാക്കുന്നു. അത്, നമ്മുടെ വിശ്വാസം തുടങ്ങിയ ചങ്ങലയുടെ കണ്ണികൾ രാകി മുറിച്ചുകൊണ്ടിരിക്കും. ഒരു ദിവസം നാമറിയാതെത്തന്നെ ആ ചങ്ങലക്കണ്ണികൾ പൊട്ടിയിരിക്കും. 


ചിരിക്കുക, ഉള്ളു തുറന്ന് ചിരിക്കുക മാത്രം ചെയ്യുക. ചിരിയുടെ മുൻപിൽ പിടിച്ചു നില്ക്കാൻ കഴിയുന്ന സാധനകളില്ല. വൈകാതെ, സ്വയം ഒരു തമാശയാണെന്ന് തിരിച്ചറിയുന്ന സന്ദർഭം വരും. ഈ പ്രപഞ്ചം, അതിലെ ആകസ്മികതകൾ, വരും വരായ്കൾ, യുക്തി ശാഠ്യങ്ങൾ, യുക്തി രാഹിത്യങ്ങൾ, പ്രതീക്ഷക്കു യാതൊരു വകയുമില്ലെന്നറിഞ്ഞിട്ടും പ്രതീക്ഷകളിൽ മാത്രം ജീവിക്കുന്ന നാം. ഒരു ദിവസം നാം അറിയുക തന്നെ ചെയ്യും ഈ 'ഞാൻ' എന്നതിനോളം വലിയ ഒരു തമാശയില്ലെന്ന്. ഒരു പക്ഷേ അത് തിരിച്ചറിയുന്ന നിമിഷം ചിരി നിർത്താൻ പാടുപെട്ടേക്കാം, ബോധിധർമ്മനെപ്പോലെ. സ്വയം ഒരു ഫലിതമാവുകയെന്നത്, എന്നന്നേക്കും ആധുനികമായി നിലകൊള്ളുന്ന ഒരു മനന വാക്യമാണ്, ഒരു New Gen mantra challenge !

ഈയടുത്ത് വായിച്ച ഒരു ആഫ്രിക്കൻ നാടോടിക്കഥ -Christopher Buice എന്ന ക്രിസ്ത്യൻ പാതിരി പങ്കുവെച്ചത്- ഇവിടെ ഓർമ്മിക്കട്ടെ.


ഒരു ഗ്രാമത്തിനു നടുവിലൂടെ പട്ടണത്തിലേക്ക് പോകുന്ന ഒരു നെടുനീളൻ റോഡുണ്ടായിരുന്നു. ഒരു ദിവസം അസാധാരണമായ ഒരു സംഭവമുണ്ടായി. അവരുടെ ദൈവം ഗ്രാമത്തിലൂടെ നടക്കാനിറങ്ങി. സുന്ദര വസ്ത്രങ്ങൾ ധരിച്ച ഒരു ദേവതയായിരുന്നു അവർ. അവർ മനോഹരമായ ഒരു തൊപ്പിയും ധരിച്ചിട്ടുണ്ടായിരുന്നു. ആളുകൾ എല്ലാവരും അദ്‌ഭുതപരതന്ത്രരായി മിഴിച്ചു നില്ക്കേ അവർ സാവധാനം അകലേക്കകലേക്കു നടന്നു മറഞ്ഞു.

'എത്ര സുന്ദരിയായ ദേവതയാണവർ!,' ഒരാൾ പറഞ്ഞു,'അവർ തലയിൽ വെച്ചിട്ടുള്ള നീല തൊപ്പിയും മനോഹരം തന്നെ.'

അത് കേട്ട്, റോഡിനപ്പുറം നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു,'ദേവത സുന്ദരിയൊക്കെത്തന്നെ. എന്നാൽ അവരുടെ തലയിലുണ്ടായിരുന്ന തൊപ്പി നീലയല്ല, ചുവപ്പായിരുന്നു.'

'ആര് പറഞ്ഞു? അവരുടെ തൊപ്പി നീലയായിരുന്നു', അയാൾ വിട്ടില്ല.

അപ്പോൾ അപ്പുറത്തു നിന്നിരുന്ന സ്ത്രീക്കൊപ്പം മറ്റാളുകളും ചേർന്നു. അവർ ഒന്നടങ്കം പറഞ്ഞു,'അല്ല, അവരുടെ തൊപ്പി ചുവപ്പായിരുന്നു.'

ശബ്ദം കൂടിയപ്പോൾ, ഈ പക്ഷത്തും ആളു കൂടി. അവർ എല്ലാവരും ചേർന്ന് വാദിച്ചു,'അതു നീല തൊപ്പിയായിരുന്നു.'

അങ്ങനെയങ്ങനെ റോഡിന്റെ ഇരുവശത്തുമുള്ള ആളുകൾ തമ്മിൽ കശപിശയായി, വാക്കേറ്റമായി, ഉന്തും തള്ളുമായി, അങ്ങേയറ്റം ശത്രുക്കളായി. അവർ, തമ്മിൽ കാണാതിരിക്കാനായി റോഡിനു നടുക്ക് ഒരു വലിയ മതിൽ പണിതു. ഇരു പക്ഷവും രണ്ടു രാജ്യങ്ങളെപ്പോലെ ശത്രുക്കളായി ജീവിച്ചുപോന്നു, തലമുറകളായി. അവർ ഇരുകൂട്ടർക്കും അവരുടേതായ ദേവതയുണ്ടായിരുന്നു, നീല തൊപ്പി ധരിച്ച ദേവതയും ചുവന്ന തൊപ്പി ധരിച്ച ദേവതയും.

നിരവധി വർഷങ്ങൾക്കു ശേഷം ഒരു ദിവസം, ദേവത വീണ്ടും ഗ്രാമത്തിലൂടെ സന്ദർശനം നടത്തി. ഇത്തവണ അവർ റോഡിനു നടുക്കുള്ള മതിലിലൂടെ സാവധാനം നടന്നുനീങ്ങി. ആളുകൾ ഇരുവശത്തുനിന്നും ആകാംക്ഷാപൂർവ്വം ആർത്തിരമ്പി. അവർ അവരോട് അഭ്യർത്ഥിച്ചു, 'അവിടുന്ന്, ഞങ്ങൾ തമ്മിലുള്ള വഴക്കൊന്നു തീർത്തു തരണം.'

'എന്തു വഴക്ക്?' അവർ ചോദിച്ചു.

ഒരാൾ മുന്നോട്ടു വന്നു പറഞ്ഞു,' ഒരുപാട് വർഷങ്ങൾക്കു മുൻപ് അവിടുന്ന് ഇതുവഴി കടന്നു പോയപ്പോൾ, ഏതു നിറത്തിലുള്ള തൊപ്പിയാണ് ധരിച്ചിരുന്നത്? ഇപ്പുറത്തുള്ളവർ പറയുന്നു, അങ്ങ് ധരിച്ചിരുന്നത് നീല തൊപ്പിയാണെന്ന്. റോഡിനപ്പുറമുള്ളവർ പറയുന്നു, അങ്ങയുടേത് ചുവന്ന തൊപ്പിയായിരുന്നെന്ന്.'

ദേവത ഒരു നിമിഷം ഓർത്തെടുക്കാൻ ശ്രമിച്ചു. അവർ പറഞ്ഞു,' എന്റെ ഓർമ്മ ശരിയാണെങ്കിൽ, ഞാൻ അന്ന് ധരിച്ചിരുന്നത് രണ്ടു നിറമുള്ള തൊപ്പിയായിരുന്നു, ഒരു വശം നീലയും മറുവശം ചുവപ്പും.' അവർ മന്ദഹസിച്ചുകൊണ്ട് നടന്നു മറഞ്ഞു.'

റോഡിനിരുവശത്തും ഒരു വല്ലാത്ത നിശബ്ദത.

ആളുകൾ എല്ലാവരും സ്തബ്ധരായി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം എവിടെനിന്നോ ഏതോ ഒരു കുട്ടി ചിരിക്കാൻ തുടങ്ങി. അതുകേട്ട് വേറെയും കുട്ടികൾ ചിരിക്കാൻ തുടങ്ങി. അവരിൽ നിന്നും ആളുകളിലേക്ക്‌ ആ ചിരി പടർന്നു. റോഡിനിരുവശവും എല്ലാവരും ചേർന്ന് ചിരിയോടു ചിരി. കുറച്ചു കഴിഞ്ഞപ്പോൾ, ചിരിയുടെ ശക്തിയിൽ റോഡിനു നടുക്കുള്ള ആ മതിൽ ഇളകാൻ തുടങ്ങി. ആളുകൾ ചിരിച്ചുകൊണ്ടേയിരുന്നു. അവസാനം ആ മതിൽ നിലം പൊത്തിയത്രെ !

അവരുടെ ഇടയിൽ പറഞ്ഞുപോരാറുള്ളത്, എല്ലാ മതിലുകളും വിഡ്ഢിത്തത്തിന്റെ മതിലുകളാണെന്നാണ്; ചിരികൊണ്ട് തകർന്നു പോകുന്നവ !






 


4 comments: