Featured Post

Thursday, July 16, 2020

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 2


കഴിഞ്ഞ സ്വാത്മികം അപ്‌ലോഡ് ചെയ്തതിന്റെ പിറ്റേന്നായിരുന്നു സുഹൃത്തായ സുനിൽ ഒരു ഡോക്യുമെന്ററി അയച്ചുതന്നത് - journey of a book. ഓഷോ-ലൈബ്രറിയെപ്പറ്റിയുള്ളതാണ്. ഏറെ സാരവത്തായ ഒരു പ്രയോഗം. ഒരു പുസ്തകത്തിന്റെ പിറവി, യാത്ര / സഞ്ചാരം. അതിന് അനവധി മാനങ്ങളുണ്ട്.

ഒരു പുസ്തകത്തിന്റെ യാത്രയെന്നത് ഒരു world line പോലെയാണ്- വിശ്വ രേഖ ; അതിനൊരു തുടക്കമുണ്ടെന്ന് (വേണമെങ്കിൽ) പറയാം, പക്ഷേ അതിന് അവസാനമുണ്ടായിരിക്കുന്നില്ല. നിരവധി വായനക്കാരിലൂടെ അത് രേഖീയമായി / സ്ഥാനീയമായി സഞ്ചരിക്കുന്നുണ്ടാകാം. എന്നാൽ ഒരാളും വായിച്ചില്ലെങ്കിലും ഒരു പുസ്തകത്തിന്റെ സഹജമായിട്ടുള്ള ഉണർവ്- അക്ഷാംശവും രേഖാംശവും ഒരുമിച്ചു കടന്നുപോകുന്ന സമയാതീത ബിന്ദു (abscissa) വിലെന്നതുപോലെ, അത് ഈ നിമിഷത്തിൽ നിന്നും ഈ നിമിഷത്തിലേക്ക് നിരന്തരമായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. world line (ഈ ആശയം മുന്നോട്ടു വെച്ചത് ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു) സങ്കല്പമനുസരിച്ച്, ആ പുസ്തകം പൊടിഞ്ഞു മണ്ണിനോട് ചേർന്നാലും, അതിന്റെ യാത്രകൾ അവസാനിക്കുന്നില്ല. ഭൗതികമായും, അതിഭൗതികമായും.


പൗരസ്ത്യർ ഈ പ്രപഞ്ചത്തെ അറിഞ്ഞത് നാദപ്രപഞ്ചമായിട്ടായിരുന്നുവത്രേ. എങ്കിൽത്തന്നെ ആ നാദമത്രയും ശ്രവണസാധ്യമായിരുന്നുവെന്ന് (audible) വിചാരിക്കാൻ വയ്യ. ഏതായാലും ശാസ്ത്രം അതിന്റെ സൂക്ഷ്മജ്ഞാനങ്ങളിലേക്ക് ഇറങ്ങിപ്പോകെ, നാം അറിയുന്നതൊക്കെയും, ഈ അറിയുന്ന നാമടക്കം, വെറും തരംഗമേളനങ്ങളാണെന്ന് ഏറ്റുപറയുന്നു; ആ ശ്രുതികളും ധ്വനികളുമൊന്നും ഒരിക്കലും ഇല്ലാതാവുന്നില്ലെന്നും. അനശ്വരമായ ആ ഉണ്മയെ സൂചിപ്പിച്ചുകൊണ്ട് zen നടത്തിയ ഒരു മനോഹര പ്രയോഗമുണ്ട്: 'പൈൻ മരങ്ങളിലെ പ്രാചീന സംഗീതം' -- ancient music in the pines. ഒരു പുസ്തകത്തിനകത്തെ മൗനമത്രയും ഈ പ്രാചീന സംഗീതത്തിൽ ശ്രുതി ചേരുന്നതാണ്. വാക്കുകൾ കെട്ടിപ്പൊക്കുന്ന ആശയങ്ങൾ എന്തുമാകട്ടെ, എന്നാൽ ഭാഷയെന്ന പ്രതിഭാസം അതിനകത്തും പുറത്തുമായി സംവഹിക്കുന്ന ഒരു അദൃശ്യപ്രപഞ്ചമുണ്ട്, so mysterious. ആ പ്രപഞ്ചത്തോടുള്ള വിനിമയമാണ് പുസ്തകമെന്ന അനുഭവം. അതിന്റെ വിനിമയ സാധ്യതകളാണ് ഒരു പുസ്തകത്തിന്റെ യാത്രയെ സാർത്ഥകമാക്കുന്നത്.


 *                           *                             *                            

ഏതോ ഒരു പുസ്തകത്തിന്റെ നാലോ അഞ്ചോ ഏടുകൾ ഒരു തംബുരുവിന്റെ തന്ത്രികൾ പോലെ മുഴങ്ങിക്കൊണ്ടിരിക്കുക; അകത്തു നടക്കുന്ന സകലതും ആ മുഴക്കത്തിനോട് ഒത്തുനോക്കുക, സദാ. ശബ്ദസംബന്ധിയാണെങ്കിൽ ഇതിനെ 'മ്യൂസിക്കോഫീലിയ' എന്ന് വിളിക്കാമായിരുന്നു. എന്നാൽ ഈ മുഴക്കങ്ങളും ഒത്തുനോക്കലുമെല്ലാം 'നിശബ്ദമാണെങ്കിൽ', ഏതെങ്കിലും ഒരു അനുഭൂതി എന്നുപോലും പറയാനാവാത്ത അവസ്ഥയിലാണെങ്കിൽ, അതിനെ എന്തു പേര് വിളിക്കണമെന്നറിയില്ല. 

ഏഴാം ക്‌ളാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരു പാഠം ഈ അടുത്ത കാലം വരേയ്ക്കും സമ്മാനിച്ചത് അങ്ങനെയൊരു ട്യൂണിങ് ആയിരുന്നു - അറിയാനാവാത്ത എന്തോ ഒന്നിനോട് നിരന്തരമായി ശ്രുതി ചേർക്കൽ. (ഇപ്പോൾ ശുദ്ധ ശ്രുതിയായി എന്നല്ല, ആ ട്യൂണിങ് കൂടുതൽ നിശബ്ദമായി, കൂടുതൽ ആഴത്തിലേക്കിറങ്ങി സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കടന്നുപോകുന്ന കോലാഹലങ്ങളൊന്നും ഈയിടെയായി ആ പ്രവർത്തിയെ ഭംഗപ്പെടുത്താറില്ലെന്നു മാത്രം). 



താല്ക്കാലികമായി മലയാളമെടുക്കാൻ വന്ന ഒരു ടീച്ചർ ആദ്യമായി എടുത്ത പാഠം സിദ്ധാർത്ഥനെപ്പറ്റിയുള്ളതായിപ്പോയി - വിട വാങ്ങൽ. തുടക്കത്തിൽത്തന്നെ ടീച്ചർ പറഞ്ഞിരുന്നു, 'ഇത് നിങ്ങൾക്ക് പഠിക്കാൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.' 'ഉറപ്പില്ലെങ്കിൽ പിന്നെ ഞങ്ങളെയെന്തിന് കഷ്ടപ്പെടുത്തണം?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. പാഠം ആരംഭിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്ലാസ്സു മുഴുവനും ശാന്തമാവാൻ തുടങ്ങി. സിദ്ധാർത്ഥൻ കൊട്ടാരം വിട്ട് ഇറങ്ങിപ്പോകുന്ന രാത്രിയാണ് സന്ദർഭം. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന യശോധര, താൻ കണ്ട മൂന്നു സ്വപ്‌നങ്ങൾ സിദ്ധാർത്ഥനുമായി പങ്കുവെക്കുന്നു.  

ഒന്നാമത്തെ സ്വപ്നം, 'മേച്ചിൽപ്പുറങ്ങളിലൂടെ നടന്നുവരുന്ന ഭീമാകാരനായ ഒരു വെളുത്ത കാള. അതിന്റെ നെറ്റിയിൽ മിന്നുന്ന ഒരു രത്‌നമുണ്ടായിരുന്നു; ആകാശത്തുനിന്ന് അടർന്നുവീണ നക്ഷത്രം പോലെ, മഹാസർപ്പത്തിന്റെ നെറ്റിയിലെ മാണിക്യം പോലെയുള്ള വെളിച്ചം.........ആ കാളയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനൊടുവിൽ യശോധര മുന്നോട്ടു വരുന്നു. എന്നാൽ അവളേയും തട്ടിമാറ്റിക്കൊണ്ട് ആ കാള മുന്നോട്ടു കുതിക്കുന്നു....' 

ഓടിട്ട ക്ലാസ് മുറിയിൽ, സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനു വേണ്ടി തിരുകിവെച്ച ചില്ലിലൂടെ, ആ കാളയുടെ നെറ്റിയിലെ രത്‌നം പോലെ വെട്ടിത്തിളങ്ങുന്ന ഒരു പ്രകാശ ചതുരം ക്ലാസിന്റെ പടിഞ്ഞാറെ മൂലയിൽ വീണു. ആരുമറിയാതെ പാറി നടന്നിരുന്ന പൊടിപടലങ്ങൾ ആ രശ്മികളിൽ തട്ടി വിചിത്രമായ ഒരു സംഘനൃത്തത്തെപ്പോലെ പോലെ മാറി മറിയാൻ തുടങ്ങി.

ഇന്നോർക്കുമ്പോൾ, ആശ്ചര്യം തോന്നുന്നു... സ്ഥലകാലങ്ങൾ എത്ര ആഴത്തിലാണ് ഉൾച്ചേർന്നു കിടക്കുന്നത്! സ്ഥലോപരിതലത്തിൽ സംഭവിക്കുന്ന നിസ്സാരമായ വ്യതിയാനങ്ങൾ പോലും കാലത്തിന്റെ ഏതോ അഗാധതയിലേക്ക് എത്ര പെട്ടെന്നാണ് നമ്മെ എടുത്തുകൊണ്ടുപോകുന്നത്! കാലബോധത്തിൽ സംഭവിക്കുന്ന ഏതു ചലനങ്ങളും അതുപോലെത്തന്നെ. സ്ഥലത്തിന്റെ അതിവിദൂരതയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ സെക്കൻഡുകൾ പോലും വേണ്ടിവരുന്നില്ല. 

ചുരുങ്ങിയ നിമിഷങ്ങളിൽ, നിലാവിനോളം നേർത്ത ഒരു ഗന്ധത്താൽ (അതെ, അത് മൗനത്തിന്റെ ഗന്ധമാണ്) ക്ലാസിനകം നിറഞ്ഞു. മൗനത്തിന് സ്ഥലകാലനിബന്ധനകൾ ബാധകമല്ലെന്ന് തോന്നുന്നു.


യശോധരയുടെ രണ്ടാം സ്വപ്നം അസാധാരണമായ നാല് മനുഷ്യരെപ്പറ്റിയുള്ളതായിരുന്നു. അവർ ആകാശത്തിന്റെ അത്യുന്നതങ്ങളിൽ നിന്നും ഇറങ്ങി വന്നവരായിരുന്നത്രേ. അവർക്ക് നീണ്ട ദീക്ഷയുണ്ടായിരുന്നു. അവർ നഗരകവാടത്തിൽ പ്രവേശിച്ചപ്പോൾ, ഇന്ദ്രധ്വജം നിലം പതിച്ചുപോലും. കൊട്ടാരമുകളിലെ കൊടിമരം തകർന്നുവീണു. എന്നാൽ അതിന്റെ സ്ഥാനത്ത് മറ്റൊരു കൊടിയുയർന്നു. ആ കൊടിക്കൂറ, അതുവരെയില്ലാത്ത പുഷ്യരാഗപ്രഭ വിതറിയത്രേ, നാലുപാടും. അത് എല്ലാവരുടേയും ഉള്ളിലേക്ക് അവാച്യമായ ചില സന്ദേശങ്ങൾ അയച്ചു. അത് ചുറ്റിലും പൂക്കൾ വർഷിച്ചു; ഭൂമിയിൽ അതുവരേക്കും കണ്ടിട്ടില്ലാത്ത സൗന്ദര്യവും നിറവും മണവുമുള്ള പൂക്കൾ...


ടീച്ചറുടെ കയ്യിലെ പാഠപുസ്തകം ഏറെ പഴയതായിരുന്നു. എന്നാൽ ആ പഴമ ഏറെ വിശുദ്ധമായിരുന്നെന്നു തോന്നി. ആ പുസ്തകം ഞാൻ തൊട്ടിട്ടുണ്ട്, തുറന്നുനോക്കിയിട്ടുണ്ട്. അതിന്റെ ബൈൻഡിങ് അടർന്നുപോയിരിക്കുന്നു.  സാധാരണ എല്ലാവരും ചെയ്യാറുള്ളതുപോലെ അവർ തന്റെ പാഠപുസ്തകത്തിന് ചട്ടയിടാറില്ല. എന്നാൽ ഏടുകളൊന്നും അല്പം പോലും സ്ഥാനം തെറ്റിയിട്ടില്ല. കുറേശ്ശെയായി നിറം മങ്ങിയിട്ടുണ്ടെങ്കിലും യാതൊരു കുത്തിക്കുറിക്കലുകളോ മറ്റു പാടുകളോ ഉണ്ടായിരുന്നില്ല. ഏടുകളുടെ മൂലകൾ തീരെ മടങ്ങിയിട്ടുണ്ടായിരുന്നില്ല. പുരാതനമായ എന്തിനെയൊക്കെയോ ഉള്ളിൽ ഒതുക്കിവെച്ചിട്ടുണ്ടെങ്കിലും ആ ഏടുകൾ പുതുമയാർന്ന ഒരു മന്ദസ്മിതം പൊഴിക്കുന്നതുപോലെ. എന്റെയീ തോന്നലുകളെല്ലാം യശോധരയുടെ സ്വപ്നങ്ങളോടെ കൂടുതൽ കനം വെച്ചു. ചില നിമിഷങ്ങൾ അങ്ങനെയാണ്; അങ്ങനെയുള്ള നിമിഷങ്ങളിൽ പൂവിതളുകൾ പോലും വലിയ ആഘാതമേല്പിച്ചുകൊണ്ടാണ് നമ്മെ സ്പർശിക്കുക. ഒരുപക്ഷേ ഭാരമേറിയ ഒരു ചുറ്റികപ്രഹരം നമ്മിലുണ്ടാക്കുന്ന ക്ഷതം കുറച്ചുനാളുകൾക്കുള്ളിൽ മാഞ്ഞുപോയെന്നുവരാം. എന്നാൽ ഒരു ഇതൾ സ്പർശം ഉള്ളിലുണ്ടാക്കുന്ന ആഘാതം, അതൊരുപക്ഷേ അതേപടി നിലനിന്നുവെന്നുവരും, അതിന്റെ എല്ലാ മൃദുസാന്നിധ്യങ്ങളുമായി.


യശോധരയുടെ മൂന്നാം സ്വപ്നമാണ് ഏറെ ആകുലമാക്കിയത്- വെളുത്ത കാള മുക്രയിട്ടുകൊണ്ടു മേയുന്നു, കൊട്ടാരമുകളിൽ മറ്റൊരു കൊടിക്കൂറ പാറിക്കളിക്കുന്നു, വിചിത്രമായ ശബ്ദകോലാഹലങ്ങൾ .... അവരുടെ മെത്തയിൽ ഒഴിഞ്ഞുകിടക്കുന്ന തലയിണയും മേലുടുപ്പും. പിന്നെ ചിന്നിച്ചിതറികിടക്കുന്ന കാൽച്ചിലങ്കയും മറ്റാഭരണങ്ങളും മുല്ലപ്പൂക്കളും. എവിടെനിന്നോ അവൾ വ്യക്തമായി കേൾക്കുന്നു, 'നേരമായി, നേരമായി'....ദയനീയമായ ഒരു രോദനം പോലെ ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കുന്നു. അവളെ സമാധാനിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന സിദ്ധാർത്ഥൻ രാത്രി ഇനിയും വൈകുന്നതോടെ, കൊട്ടാരം വിട്ട് ഇറങ്ങിപ്പോകുന്നു. ഒരുപാട് ആത്മസംഘർഷങ്ങൾക്കു ശേഷം സിദ്ധാർത്ഥൻ സ്വയം പറയുന്നുണ്ട്,' ഞാൻ പോകുന്നു. അതെ, ഞാൻ പോകുന്നു.' 

പിന്നീട് ആ പാഠത്തിനെന്തു സംഭവിച്ചു എന്നോർമ്മയില്ല. ടീച്ചർ പിന്നീടുള്ള ദിവസങ്ങളിൽ ആ പാഠം മുഴുവിച്ചുവോ, അതോ ആ ടീച്ചർ മാറി മറ്റൊരു ടീച്ചർ വന്ന് സിലബസിലുള്ള പാഠങ്ങൾ തുടങ്ങിയോ...യാതൊന്നും ഓർക്കാനാവുന്നില്ല.

അതിനുമുൻപുള്ള ഏതോ ഒരു വർഷത്തെ പാഠപുസ്തകത്തിൽ 'ശ്രീബുദ്ധൻ' എന്ന പേരിലോ മറ്റോ ഒരു ചെറിയ പാഠം പഠിക്കാനുണ്ടായിരുന്നതാണ് ബുദ്ധനുമായി ബന്ധപ്പെട്ട ആകെയുള്ള ഓർമ്മ. സുഖാസനത്തിൽ മന്ദഹാസവുമായി ആലിൻ ചുവട്ടിലിരിക്കുന്ന ബുദ്ധന്റെ ചിത്രം ആ പാഠത്തിൽ വലതുവശത്തായി അച്ചടിച്ചിട്ടുണ്ടായിരുന്നു. അസാധാരണമാം വിധം നീണ്ട കാതുകൾ, പാതിയടഞ്ഞ മിഴികൾ, നെറുകയിൽ കെട്ടിവെച്ചിരിക്കുന്ന മുടി, ശിരസ്സിൽ ബാക്കിയുള്ള ഭാഗം മുഴുവനും കുനുകുനെയുള്ള മുടിച്ചുരുളുകൾ, ശരീരത്തിൽ അലസമെന്നു തോന്നും വിധം കിടക്കുന്ന മേൽമുണ്ട്. ഇതായിരുന്നു ആ ചിത്രം. എനിക്ക് കിട്ടിയ പഴയ പാഠപുസ്തകത്തിൽ, ആ ചിത്രത്തിന് മീതെ ആരോ മഞ്ഞ ക്രയോൺ തേച്ചുപിടിപ്പിച്ചിരുന്നു. 

അക്കാലത്തെ ഞങ്ങളുടെയെല്ലാം പാഠപുസ്തകങ്ങളിൽ സ്ഥിരമായി കാണാറുള്ള ഒരു കാഴ്ചയാണത്. എവിടെനിന്നെങ്കിലും ആരെങ്കിലും ക്രയോണുകളുടെ (ക്രയോൺ എന്ന വാക്ക് അബദ്ധത്തിൽപ്പോലും കേട്ടിട്ടുണ്ടായിരുന്നില്ല. ഞങ്ങൾക്കെല്ലാം ചായപ്പെൻസിൽ ആയിരുന്നു) പൊട്ടും പൊടിയും കൊണ്ടുവരും. ചുവപ്പും നീലയും മഞ്ഞയുമൊക്കെ. കിട്ടാവുന്ന സ്പീഡിൽ അവയെടുത്ത് പാഠപുസ്തകത്തിലെ എല്ലാ ചിത്രങ്ങളിലും തേച്ചുവെക്കും. അപൂർവ്വം ചിലർ ചെമ്പരത്തിപ്പൂവ്, മഷിക്കായ എന്നിവകൊണ്ടും 'കളറടിക്കാറുണ്ട്'. ഇതായിരുന്നു അക്കാലത്തെ പൊതുവെയുള്ള 'creativityയും ഹോബിയും’. നിറം കൊടുത്തിരിക്കുന്നത് കണ്ടാൽ, ആ ചിത്രത്തെ കാഴ്ചയിൽ നിന്നും മറക്കാൻ ശ്രമിച്ചതായാണ് തോന്നുക. സ്കെച്ച്പേനയൊക്കെ ഒരപൂർവ്വ പ്രതിഭാസമായിരുന്നു ഞങ്ങളെ സംബന്ധിച്ച്. 


എല്ലാ ദുഖങ്ങൾക്കും കാരണം ആശയാണെന്നും, ആലിൻ ചുവട്ടിൽ ധ്യാനത്തിൽ ഇരുന്നപ്പോഴാണ് ബുദ്ധന് ബോധോദയമുണ്ടായതെന്നും പാഠത്തിന്റെ ഒടുവിൽ കൊടുത്തിരുന്ന അഭ്യാസങ്ങളിൽ നിന്നും ഓർമ്മയിൽ കയറിപ്പറ്റിയിരുന്നു. പിന്നെ അഹിംസ എന്നൊരു വാക്കും. മറ്റു മഹാത്മാക്കൾക്കാർക്കും തന്നെ ബോധോദയം എന്ന വാക്ക് അനുവദിച്ചുകൊടുത്തിരുന്നില്ലെന്ന് പിന്നീടെപ്പോഴോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്തോ ഏതോ. ഒരു ആൽമരവും അതിനടിയിൽ മന്ദഹാസത്തോടെയിരിക്കുന്ന ഒരാളും. ഒരു പാഠത്തിൽ നിന്നും അത്രയൊക്കെ ധാരാളമത്രെ !


അങ്ങനെ പൊയ്ക്കൊണ്ടിരിക്കെയാണ് പഠിക്കാനില്ലാത്ത ഒരു പാഠം കയറി വന്ന് എവിടെയോ കോറി വരഞ്ഞ് പൊയ്ക്കളഞ്ഞത്. പരീക്ഷക്കില്ലാതിരുന്നിട്ടും ആ പാഠം മാത്രം ഇടയ്ക്കിടെ വായിക്കുക പതിവായിരുന്നു. യശോധരയുടെ സ്വപ്‌നങ്ങൾ. ' നേരമായി, നേരമായി' എന്ന് വായിക്കുമ്പോൾ, ഹൃദയം ഭീതിയാലെന്നവണ്ണം കൂടുതൽ വേഗത്തോടെ മിടിക്കാൻ തുടങ്ങും.

പുസ്തകാവബോധം എന്നൊരു സംഗതി കൈവന്നിട്ടില്ലാത്ത അക്കാലത്ത്, ആ പാഠത്തിന്റെ വിശദാംശങ്ങൾ; ആരാണ് എഴുതിയത്, ഏതു ഗ്രന്ഥത്തിൽ നിന്നുള്ളതാണ്, എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പോയില്ല. (ഈയടുത്ത് സുഹൃത്തായ കവിരാജിൽ നിന്നാണ് അറിഞ്ഞത്, 

'ഒരു വട്ടം കൂടി' എന്ന പേരിൽ പഴയ മലയാള പാഠപുസ്തകങ്ങൾ സമാഹരിച്ച് ഡി.സി.ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ടെന്ന്. വാങ്ങി നോക്കിയപ്പോൾ ഉറപ്പായി, ആ പാഠത്തിന്റെ യാതൊരു വിശദാംശവും അതിൽ കൊടുത്തിട്ടില്ലായിരുന്നു). വേനലവധിയുടെ കോലാഹലത്തിൽ കുറെ നാളത്തേക്ക് ആ പാഠം തീരെ മറന്നുപോവുകയും ചെയ്തു. അടുത്ത അധ്യയനവർഷം എല്ലാ പാഠപുസ്തകങ്ങളും മാറിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം വീണ്ടും ഈ പാഠം വായിച്ചുനോക്കണമെന്നു തോന്നിയപ്പോഴാണ് ഓർക്കുന്നത്, കഴിഞ്ഞ വർഷത്തെ പാഠപുസ്തകം തൂക്കിവില്പനയിൽ അകപ്പെട്ടുപോയെന്ന്. അതൊരു കുറ്റബോധമായി കിടന്നു. അതിന്റെ ഭാഗമായി മാത്രം ആ പാഠം വായിക്കണമെന്ന് ഒരു വല്ലാത്ത ആഗ്രഹം തോന്നും. പിന്നെപ്പിന്നെ കുറ്റബോധത്തിനൊരു കുറവ് വന്നപ്പോൾ, പഴയ ആ പാഠപുസ്തകം തെരഞ്ഞുനോക്കിയെങ്കിലും അത്രയെളുപ്പം കിട്ടുകയുണ്ടായില്ല. സത്യത്തിൽ, വായിക്കണമെന്ന ആഗ്രഹം അത്രതന്നെ കലശലായിരുന്നില്ല എന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. അല്ലെങ്കിൽ എങ്ങനെയെങ്കിലും എനിക്കാ പാഠപുസ്തകം കണ്ടെത്താമായിരുന്നില്ലേ?!

എന്നിട്ടും പക്ഷേ ചില നിമിഷങ്ങളിൽ എപ്പോഴോ 'നേരമായി, നേരമായി' എന്ന് ഉള്ളിൽ മുഴങ്ങും. ഉറങ്ങി വീഴുമ്പോൾ, കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും കളിക്കോപ്പുകൾ ഊർന്നുപോകുന്ന പോലെ, ആ നിമിഷം, ശരീരത്തിൽ നിന്നും എല്ലാ ഊർജ്ജവും ഊർന്നുപോകും. അതുവരെ ഏർപ്പെട്ടുകൊണ്ടിരുന്ന എല്ലാ പ്രവർത്തികളും നമ്മെ വിട്ടുപോകും. എങ്ങനെയെങ്കിലും ആ പാഠമൊന്നു കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നും. രണ്ടു ദിവസത്തേക്ക് ആരോടെങ്കിലുമൊക്കെ ചോദ്യവും അന്വേഷണവുമുണ്ടാകും. അത്ര തന്നെ. പിന്നെ കുറെ നാളത്തേക്ക് അതേപ്പറ്റി മറന്നുപോകും.


പത്താം ക്ലാസ്സിനു ശേഷമായിരുന്നു,'നേരമായി നേരമായി' എന്ന ഓർമ്മപ്പെടുത്തലിനെ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും വായനയിൽ ബുദ്ധസംബന്ധിയായ പലതും കടന്നുവരാൻ തുടങ്ങി. ജാതകകഥകൾ, ഗോസ്പൽ ഓഫ് ബുദ്ധ( paul carus), ഏതൊക്കെയോ ബുദ്ധ പഠനങ്ങൾ....ഇവയൊന്നും പക്ഷേ 'വിട വാങ്ങലിന്റെ' അടുത്തെത്തിയില്ല. മറ്റാരെയൊപ്പറ്റി വായിച്ചതുപോലെ. അങ്ങനെയിരിക്കെ ആ പാഠപുസ്തകത്തിലെ അതേ ഏടുകൾമാത്രം കയ്യിലെത്തിയ ഒരു സംഭവമുണ്ടായി. അതിന്റെ വിശദാംശങ്ങൾ ഇവിടെ അനുയോജ്യമല്ലാത്തതിനാൽ വിട്ടുകളയുന്നു. പിന്നെയും നാല് വർഷങ്ങൾ കഴിഞ്ഞാണ് 'നേരമായി, നേരമായി' എന്ന ഓർമ്മപ്പെടുത്തലിന്റെ സാംഗത്യമറിഞ്ഞത്- ഓഷോയിൽ നിന്ന്. ആ ലോകത്തുനിന്നാണ് ബോധോദയം എന്ന വാക്കുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നും, അതിലുമുപരി എന്താണുദ്ദേശിക്കേണ്ടതെന്നും മനസ്സിലായത്. 'നേരമായി, നേരമായി' എന്ന് കേൾക്കുമ്പോൾ ഇത്രയൊന്നും നടുങ്ങിയാൽ പോരത്രേ! മനസ്സിന്റെ ജീർണ്ണമതിലുകൾ അപ്പാടെ തകർന്നു വീഴേണ്ടതുണ്ട്. മുൻവിധികളുടേയും ഭാവനകളുടേയും ഊന്നുകൾ കൊണ്ട്, ഏറെ പണിപ്പെട്ടാണ് ആ മതിലിനെ വീഴാതെ കാത്തുസൂക്ഷിച്ചുപോരുന്നത് എന്നറിയാം. വീണാൽ എന്തുണ്ടാകുമോ എന്തോ? ഇത്ര പെട്ടെന്ന് അത് വീണുടഞ്ഞിട്ട്.... ഒരു വശത്തുനിന്നും ആ ഊന്നുകൾ ഊരിമാറ്റുമ്പോഴേക്കും മറ്റൊരു വശത്തുകൂടെ പിടിപ്പിക്കപ്പെട്ടിരിക്കും. പിന്നീടാണ് മനസ്സിലായത്, 'നേരമായി, നേരമായി' എന്നതിനെയാണ് 'now here' എന്ന് ഓഷോ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന്.

പിന്നെയും ഏഴെട്ടു വർഷം കഴിഞ്ഞാണ് 'ഏഷ്യയുടെ വെളിച്ചം' കയ്യിൽ കിട്ടുന്നത്. ശ്രീ. ശൂരനാട് രവി ചെയ്ത ഗദ്യ പരിഭാഷ. 1997-ൽ പ്രസിദ്ധീകൃതമായിരുന്നെങ്കിലും എന്തുകൊണ്ടോ എന്റെ ശ്രദ്ധയിൽ പെടാതെ പോയി. എഡ്വിൻ ആർനോൾഡിന്റെ കൃതിയെപ്പറ്റി, പലയിടത്തുനിന്നും കേട്ടിട്ടുണ്ടായിരുന്നെങ്കിലും വായിക്കാൻ മെനക്കെട്ടില്ല. ‘BOOKS I HAVE LOVED’ - ൽ ഓഷോ 'ഏഷ്യയുടെ വെളിച്ച'ത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും, മനസ്സിൽ വിചാരിച്ചത് 'വിടവാങ്ങലിനോളം വരില്ല ഏത് ആർണോൾഡും' എന്നാണ്. 

ആദ്യ രണ്ട്‌ പേജുകൾ കഴിഞ്ഞപ്പോഴേ തോന്നിയിരുന്നു, വിടവാങ്ങൽ ഇതേ വ്യക്തിയുടെ രചനയായിരിക്കുമെന്ന്. കുറച്ചുകൂടെ മുന്നോട്ടു ചെന്നപ്പോഴാണ് അറിഞ്ഞത്, 'വിടവാങ്ങൽ' light of asia-യിലെ ഒരധ്യായമാണെന്ന്. ഭാഷാസൗന്ദര്യം വെച്ചുകൊണ്ട് തോന്നിയിട്ടുള്ളത്, ആ പാഠം അന്നേ പരിഭാഷപ്പെടുത്തിയത് ശൂരനാട് രവി തന്നെയായിരിക്കണം എന്നാണ്. ആശ്ചര്യകരമായ ഒരു വ്യത്യാസമുള്ളത്, ഈയുള്ളവന്റെയുള്ളിൽ കയറിക്കൂടിയ 'നേരമായി, നേരമായി' എന്ന വാക്കുകൾ പാഠത്തിൽ 'സമയമായി, സമയമായി' എന്നായിരുന്നു. ശൂരനാട് രവി ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളതും 'നേരമായി നേരമായി' എന്നു തന്നെയാണ്. അറിയില്ല എന്റെയുള്ളിൽ സമയമെങ്ങനെയാണ് നേരമായി മാറിയതെന്ന്. ഏതായാലും സമയമെന്ന വാക്കിൽ സമയമേറെയുള്ളതുപോലെ ....നേരത്തിൽ അത്രതന്നെ നേരമുണ്ടെന്ന് തോന്നുന്നില്ല.

സിദ്ധാർത്ഥൻ പിറവിയെടുക്കുന്നതുമുതൽ ബുദ്ധനായതിനുശേഷം കൊട്ടാരം സന്ദർശിക്കുന്നതടക്കമുള്ളതടക്കമുള്ള എട്ടു സർഗ്ഗങ്ങളാണ് 'ഏഷ്യയുടെ വെളിച്ചം’. സൂക്ഷിച്ചു നോക്കുമ്പോൾ നമുക്കറിയാം എഡ്വിൻ ആർനോൾഡ് ഈ കൃതി രചിച്ചത്, അവസാന സർഗ്ഗത്തിൽ സൂചിപ്പിക്കുന്നത് പോലെ, ബുദ്ധഭഗവാനോടുള്ള അതിയായ പ്രേമത്തോടെയാണെന്ന്. ഒരുപക്ഷേ അശ്വഘോഷന്റെ 'ശ്രീബുദ്ധചരിതവും' അപ്രകാരത്തിലാകണം. ബുദ്ധൻ മനുഷ്യരാശിയോട് പങ്കുവെച്ച ധ്യാനദർശനങ്ങൾ, അവയർഹിക്കുന്ന സൂക്ഷ്മതയോടെയും സുതാര്യതയോടെയും ഈ പേജുകളിൽ പരാമർശിക്കപ്പെടുന്നില്ല; ആരാധനയുടെ പിൻബലത്തിൽ എഴുതപ്പെടുന്ന ഏതൊരു കൃതിയേയും പോലെ. എന്നിട്ടും പക്ഷേ ബുദ്ധജീവിതസംബന്ധിയായിട്ടുള്ള മറ്റേതൊരു കൃതിയെക്കാളും ഈ രചന ഹൃദയസ്പർശിയായിരിക്കുന്നത്, വിശേഷിച്ചും ധ്യാനം എന്ന പാതയിലേക്ക് കടന്നുവരുന്നവരെ സംബന്ധിച്ച്, ഇതുണർത്തിവിടുന്ന സ്നേഹസൗരഭ്യം കൊണ്ടാണ്; പടി കയറി വരുന്നവരെ ആനയിച്ചുകൊണ്ടുപോകുന്നതുപോലെ.

ബുദ്ധനെ, ധ്യാനത്തെ, ഓഷോയോളം ആരും തന്നെ സുതാര്യമാക്കിയിട്ടില്ല. ‘BUDDHA IS UPGRADED AFTER 2500 YEARS’ എന്നത്, ധ്യാനത്തിലേക്ക് പ്രവേശിച്ചിട്ടുള്ളവരെ സംബന്ധിച്ച് തീരെ അതിശയോക്തി കലരാത്ത ഒരു പ്രസ്താവമാണ്. സിദ്ധാർത്ഥ ഗൗതമനിൽ നിന്നും ബുദ്ധനെ പൂർണ്ണമായും പിഴുതുമാറ്റാൻ ഓഷോയോളം ആർക്കും സാധിച്ചിട്ടില്ല. ധ്യാനത്തിന്റെ ഭൂമിക അസ്തിത്വത്തോളം ആഴവും വിസ്തൃതിയുമാർന്നതാണെന്ന ഉൾക്കാഴ്ചയെ, അത്രക്കും നേരിട്ട്, ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപരിപ്പിക്കാൻ ബുദ്ധൻ തുടങ്ങി വെച്ച ശ്രമം സാർത്ഥകമായത് ഓഷോയിലാണ്. 


ധ്യാനത്തിലേക്ക് പ്രവേശിക്കാൻ മടികാണിക്കുന്നവർ, തങ്ങളുടെ വൈമുഖ്യത്തെ മറച്ചുപിടിക്കുന്നത്, ബുദ്ധനെ ആരാധിച്ചുകൊണ്ടും ബുദ്ധൻ ഉപയോഗിച്ചിരുന്ന ഭിക്ഷാപാത്രത്തെ വിഗ്രഹമാക്കിക്കൊണ്ടുമാണ്. ഒരു ഭിക്ഷാപാത്രത്തെ മുന്നിൽ വെച്ചുകൊണ്ട് നാം അതിനെ കാരുണ്യത്തിന്റെ രാഷ്ട്രീയഭാഷ്യങ്ങളെക്കൊണ്ട് അഭിഷേകം ചെയ്യും. ബോധോദയത്തിലെത്തിനിൽക്കുന്ന ഏവരോടും നാം പക തീർക്കുന്നത് അങ്ങനെയാണ്; അറിഞ്ഞും അറിയാതെയും. 

ബുദ്ധന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളവയും സംഭവിക്കാൻ സാധ്യതയുള്ളവയും കൂടി, ഓഷോ തന്റെ സ്നേഹഭാഷണങ്ങളിലുടനീളം ധാരാളം പങ്കുവെച്ചിട്ടുണ്ട്. ബുദ്ധൻ മുന്നോട്ടുവെച്ച ധ്യാന ദർശനങ്ങളെ, അതിന്റെ പരമ പരിശുദ്ധിയോടെ, എക്കാലത്തും സമകാലികമായി പ്രയോഗിക്കാവുന്ന വിധത്തിൽ പകർന്നു തന്നിട്ടുണ്ട് ഓഷോ. ധർമ്മപദ, വജ്രസൂത്ര സാരം, പ്രജ്ഞാ പാരമിതസൂത്ര, discipline of transcendence എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലുമായി എത്രയോ വോള്യങ്ങൾ !

ഓഷോയുടെ ലോകത്തേക്ക് കടന്നുകഴിഞ്ഞാൽ, (ധ്യാനിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ എന്നേ അർത്ഥമുള്ളൂ) ബുദ്ധനും ആ കാലവും നൊടിയിടയിൽ സമകാലികമായിത്തീരും. സാരനാഥിൽ ബുദ്ധനും ശിഷ്യരും ധ്യാനിക്കാൻ ഉപയോഗിച്ചിരുന്ന കെട്ടിടാവശിഷ്ടങ്ങൾ ആർക്കിയോളോജിക്കൽ ഡിപ്പാർട്ടുമെന്റ് പരിപാലിച്ചുപോരുന്നുണ്ട്. ഒരുവേള, ആ സമുച്ചയത്തിലെ ഇഷ്ടിക ഗന്ധങ്ങൾ നമുക്ക് ചിരപരിചിതമാണെന്നു തോന്നിപ്പോയാൽ, അതിൽ യാതൊരു നിഗൂഢാത്ഭുതവുമില്ലെന്ന് അറിയുക. സമയാതീതമെന്നത് തികച്ചും സാധാരണമായിട്ടുള്ള ഒരവസ്ഥയാണ്. സമയമാണ് നാം സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അതുകൊണ്ടാണ് സമയത്തിൽ വർത്തിക്കാൻ നമുക്കിത്ര പാടുപെടേണ്ടി വരുന്നത്. സമയാതീതം ആശ്ചര്യകരമാവുന്നത് അതിപരിചിതത്വം കൊണ്ടാണ്; അപരിചിതത്വം കൊണ്ടല്ല. നാം ശരിക്കും ആശ്ചര്യപ്പെടേണ്ടത് സമയത്തെപ്രതിയായിരിക്കണമെന്നു തോന്നുന്നു.

പിന്നെയും നാലോ അഞ്ചോ വർഷം കഴിഞ്ഞുകാണും OLD PATH WHITE CLOUDS (THICH NHAT HANH) കയ്യിൽ വന്നുചേരാൻ.


അശ്വഘോഷനും ആർനോൾഡിനും കഴിയാഞ്ഞത് THICH NHAT HANH

സാധിച്ചെടുത്തിട്ടുണ്ട്. ബുദ്ധന്റെ ജീവിതത്തെ ഏറെ വിശദാശംങ്ങളോടെ വീണ്ടെടുത്തിട്ടുണ്ട് അദ്ദേഹം. അതോടൊപ്പം ധ്യാനഭൂമികയുടെ പ്രധാന്യവും. OLD PATH എന്നും WHITE CLOUDS എന്നുമുള്ള പേരുകൾ തന്നെ വ്യത്യസ്തങ്ങളായ രണ്ടു ധ്രുവങ്ങളെ ഒരുമിച്ചവതരിപ്പിക്കുന്നതിന്റെ സൂചനകളാണ്. അതിലുമുപരി അദ്ദേഹത്തിന്റെ ഭാഷയാകട്ടെ, zen സൗന്ദര്യവും സുതാര്യതയും കൃത്യതയും ചേർന്ന് നില്ക്കുന്നത്. ബുദ്ധജീവിത സംബന്ധിയായി
അതുവരേക്കുമുണ്ടായിട്ടുള്ള ഏതൊരു കൃതിയേയും OLD PATH WHITE CLOUDS അനായാസം പിന്നിലേക്ക് തള്ളിക്കളഞ്ഞു. വായന വഴങ്ങുന്നവർക്ക് ഏറ്റവും എളുപ്പം 'emotional zero calibration' നടത്താൻ ഏറ്റവും പറ്റിയ ഒരു രചനയാണത്.

ഇതൊക്കെയാണെങ്കിലും, ഞാൻ ഇപ്പോഴും 'വിടവാങ്ങൽ' വായിക്കുന്നു. പിന്നെയും പിന്നെയും. 'നേരമായി, നേരമായി' എന്ന് ഹൃദയമിടിപ്പിന്റെ ഗഹനമായ ധ്വനികളറിയുന്നു; ആദ്യമായി കേൾക്കുന്നതുപോലെ. പ്രണാമം. സകലരോടും. സകലതിനോടും. പക്ഷേ എനിക്കറിയാം അത് തുടങ്ങിവന്നത് ശ്രീ. ശൂരനാട് രവിയിൽ നിന്നാണെന്ന്.














9 comments: