Featured Post

Sunday, January 10, 2021

ഉണർവിലേക്കുള്ള പടവുകൾ - 13

                 


വൈകാരികതയിലെ വ്യാജ നിർമ്മിതികൾ

നശ്വരത, അസ്ഥിരത, ക്ഷണികം എന്നീ അർത്ഥത്തിൽ impermanence എന്ന വാക്ക് ആത്‌മീയ / തത്വചിന്താ പശ്ചാത്തലങ്ങളിലെ സൗഹൃദ സംഭാഷണങ്ങളിൽ പോലും ധാരാളം കടന്നുവരുന്ന ഒന്നാണ്. നിത്യജീവിതത്തിൽ മിക്കപ്പോഴും നാം ആ പദം പ്രയോഗിക്കാറുള്ളത് നമ്മുടെ പ്രതീക്ഷകൾക്കോ ആഗ്രഹങ്ങൾക്കോ ഹാനി തട്ടുമ്പോഴാണ്. 'ജീവിതം ഇത്രയേയുള്ളൂ, ജീവിതത്തിൽ അനശ്വരമായി യാതൊന്നുമില്ല' എന്നൊക്കെ അല്പം ഉൾക്കാഴ്ചാഗർവ്വോടെ നാം തട്ടിവിടും. ഏതായാലും, ജീവിതത്തിന്റെ ക്ഷണികതയെപ്പറ്റിയുള്ള പരാമർശങ്ങൾക്ക് മിക്കപ്പോഴും ഒരു പരാതിയുടെ ചുവയാണ്. നമുക്ക് പിടികിട്ടാത്ത എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്, നിർഭാഗ്യവശാൽ സംഗതികൾ ക്ഷണികമായിപ്പോയി എന്ന മട്ട്. ആ മനോഭാവത്തെ സാധൂകരിക്കുന്ന സമീപനം തന്നെയാണ് ഇഹലോകജീവിതത്തിന്റെ നശ്വരതയെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ആത്മീയതയിലെ മിക്ക പ്രമാണഗ്രന്ഥങ്ങൾക്കുമുള്ളത്. ഈ വിഷയത്തെപ്പറ്റി താരതമ്യേന കൂടുതൽ ശാസ്ത്രീയമായി സമീപിച്ചെന്നു തോന്നുന്ന ബുദ്ധമതത്തിൽ പോലും, ക്ഷണികതയിലുള്ള ഊന്നൽ, തെറ്റിദ്ധാരണ (വൈകാരികമായി) ഉളവാക്കും വിധം അധികമാണെന്ന് തോന്നിയിട്ടുണ്ട്.


ഇഹലോക സുഖങ്ങൾക്കെതിരായുള്ള ഏറ്റവും പ്രധാന പോരായ്മയായി പറയപ്പെടുന്നത് അവയുടെ ക്ഷണികതയത്രേ! അല്ലാത്തപക്ഷം അവയെല്ലാം സ്വീകാര്യമായിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നില്ല. 'മുഴുവനും കിട്ടിയില്ലെങ്കിൽ എനിക്ക് വേണ്ട' എന്ന് കൊച്ചു കുട്ടികൾ വാശിപിടിക്കുന്നത് പോലെ. നാം ലക്ഷ്യമാക്കേണ്ടത് എന്നന്നേക്കുമായി, യാതൊരു മാറ്റവുമില്ലാതെ അനുഭവിക്കാവുന്ന ആനന്ദവും ശാന്തിയും സമാധാനവുമൊക്കെയത്രേ! കടയിൽ നിന്നും ഒരു ജോഡി ചെരുപ്പ് വാങ്ങുമ്പോൾ പോലും നടത്തുന്ന സാധാരണ കച്ചവട യുക്തി തന്നെയാണ് നാം ഇവിടെയും നടത്തുന്നത് - എത്ര നാൾ ഈടു നില്ക്കും?


നിത്യതക്കുള്ള ആർത്തിയും നിത്യവൃത്തിയിലുള്ള ആർത്തിയും ആർത്തി തന്നെയാണ്. ഈ ആർത്തി കൊണ്ടാണ് ക്ഷണികത എന്നതിനെ ജീവിതമെന്ന ഈ പ്രതിഭാസത്തിന്റെ അടിസ്ഥാന ഭാവം എന്ന് അറിയുന്നതിന് പകരം ഒരു പോരായ്മയെന്നോണം നാം നോക്കിക്കാണുന്നത്. ഈ പോരായ്മയെ നാം നമ്മുടെ അബോധവൃത്തികളിൽ (domain of unconsciousness) മറികടക്കുന്നത് കടന്നുപോകുന്ന സകലതിനേയും പിടിച്ചുവെച്ചുകൊണ്ടാണ്. സാധനസാമഗ്രികൾ മുതൽ സൂക്ഷ്മ വിചാരങ്ങൾ വരേയ്ക്കും പിന്നേക്കുവേണ്ടി നാം പിടിച്ചുവെക്കുന്നുണ്ട്. സാമഗ്രികളുടെ കാര്യത്തിൽ പ്രായോഗികമായ യുക്തികളാണ് പ്രയോഗിക്കപ്പെടുന്നത്. അപ്പോൾ പോലും നമ്മിലെ ഈ പ്രവണത പലപ്പോഴും യുക്തിരഹിതമായി പോകാറുണ്ടെന്നതാണ് സത്യം. അതുകൊണ്ടാണ്, യാതൊരാവശ്യവും വരാനില്ലെന്നുറപ്പായിട്ടും, അഥവാ എപ്പോഴെങ്കിലും ആവശ്യം വന്നാൽ തന്നെയും അന്ന് അത് എളുപ്പം ലഭ്യമാവുന്നതാണെന്ന് അറിയാമെങ്കിലും നിസ്സാരങ്ങളായ നിരവധി വസ്തുക്കളെ, വിലപ്പെട്ട സ്ഥലവും സമയവും മുടക്കി നാം സൂക്ഷിച്ചുകൊണ്ടിരിക്കുന്നത്.

സാധനസാമഗ്രികളുടെ കാര്യം അത്ര തന്നെ അപകടകരമല്ല, വൈകാരികതയുടെ കാര്യത്തിൽ പക്ഷേ അങ്ങനെയല്ല. വൈകാരികമായി നാം കടന്നുപോകുന്ന ഒരൊറ്റ അനുഭവത്തേയും നാം അവയുടെ പാട്ടിനു വിടാറില്ല. ഇവയും താല്ക്കാലികമാണ് എന്ന് ഉള്ളിനുള്ളിൽ നാം അറിയുന്നതുകൊണ്ടോ മറ്റോ, അവയെ കൈവിടാതിരിക്കാൻ നാം ചെയ്തുപോരുന്ന ഒരു പ്രവൃത്തിയാണ് 'വൈകാരികമായ വ്യാജ നിർമ്മിതികൾ'. 


ഉള്ളിനുള്ളിൽ നമുക്കറിയാം, നമ്മുടെ ഈ സന്തോഷം അടുത്ത നിമിഷം മാഞ്ഞുപോകുന്നതാണെന്ന്. നാം അതിനാൽ അതിന്റെ വൈകാരികമായ ഒരു കോപ്പിയെടുക്കും - a kind of emotional duplication. ഒരു ഫോട്ടോസ്റ്റാറ്റ് എടുത്ത് സൂക്ഷിക്കുന്നതുപോലെത്തന്നെ. എത്ര തന്നെ പ്രഗല്ഭമായ, 'ഒറിജിനലിനെ വെല്ലുന്ന', കോപ്പിയായാലും പക്ഷേ സന്തോഷത്തിന്റെ വ്യാജപതിപ്പ് മാത്രമേ ആകുന്നുള്ളൂ. സന്തോഷമെന്നത് തീർത്തും ജൈവികമായ ഒരു പങ്കുചേരലായിരിക്കുമ്പോൾ, നമ്മുടെ കൈവശമുള്ള ഈ പതിപ്പ് മൃതമായിട്ടുള്ള ഒരു മനോവ്യാപാരം മാത്രമാണ്, just a psychological entertainment. നാം ആശ്വസിക്കുന്നത് പക്ഷേ, യഥാർത്ഥ സന്തോഷം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോകുമ്പോൾ, ഈ വ്യാജനിർമ്മിതി കൂടുതൽ നേരം നിലനിൽക്കുന്നുണ്ടല്ലോ എന്നതാണ്.


ഏതു തരം വൈകാരികാനുഭവത്തിലും നമ്മുടെ പ്രതികരണം മിക്കവാറും ഇതേ വിധമാണ്. സങ്കടകരമായ അനുഭവമാണെങ്കിൽ, ദുഃഖിക്കുന്നതിനു പകരം, അതിന്റെ ഒരു കോപ്പിയെടുത്ത് ആ കോപ്പിയോട് നാം പ്രതികരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ദുഃഖം ദുരിതത്തിലേക്ക് (suffering) വഴിമാറുന്നു. (കൊച്ചുകുട്ടികളുടെ സങ്കടങ്ങൾ ദുരിതങ്ങളായി മാറാത്തത്, കോപ്പിയെടുക്കുന്നതിൽ അവർ ഇനിയും വൈദഗ്ദ്യം നേടിയിട്ടില്ല എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, കൗതുകം നിറഞ്ഞ ഒരു കാഴ്ച, അല്ലെങ്കിൽ പുതിയ ഒരു കളിക്കോപ്പ് അവരുടെ സങ്കടത്തെ അനായാസേന വഴി മാറ്റുകയായി). ജീവിതത്തിന്റെ ക്ഷണികഭാവമനുസരിച്ച്, ദുഃഖവും അടുത്ത അനുഭവത്തിലേക്ക് വഴിമാറേണ്ടതാണ്. നാം പിടിച്ചുവെച്ചിരിക്കുന്ന കോപ്പി പക്ഷേ ദുരിതമായി കൂടുതൽ കാലം അള്ളിപ്പിടിച്ചു നില്ക്കും. സന്തോഷം, ആനന്ദം തുടങ്ങി നമുക്ക് മമതയുള്ള അനുഭവങ്ങളുടെ കാര്യത്തിൽ, നാം ആവേശപൂർവ്വം വ്യാജ നിർമ്മിതികൾക്കു തിടുക്കം കൂട്ടുകയാണെങ്കിൽ, ദുഃഖം വേദന തുടങ്ങിയ അനുഭവങ്ങളുടെ കാര്യത്തിൽ, നമ്മുടെ പ്രതികൂല മനോഭാവം ഒന്നുകൊണ്ടുതന്നെ അതീവ പ്രാധാന്യത്തോടെ വ്യാജനിർമ്മിതികൾ എളുപ്പം സംഭവിച്ചു പോവുന്നു.


അസൂയ, കോപം, ഭയം, അനാസ്ഥ, ധൃതി തുടങ്ങി വൈകാരികമായ ഏതനുഭവവും അവയുടെ സ്വാഭാവികമായ വേഗത്തിന് (the pace of impermanence) വിടുകയാണെങ്കിൽ; അവയുടെ വ്യാജ നിർമ്മിതികളോട് പ്രതികരിക്കുന്നതിനു പകരം അവയിലൂടെ നേരിട്ട് കടന്നുപോവുകയാണെങ്കിൽ; ജൈവികമായി നാം കൂടുതൽ സമ്പന്നമാവുകയേയുള്ളൂ- ഒരു നദി കടന്നുപോകുമ്പോൾ, അതിന്റെ തീരങ്ങൾ സമ്പുഷ്ടമായിരിക്കുന്നതുപോലെ. 




'വിഷാദരോഗത്തിൽ നിന്നും എളുപ്പം വിടുതൽ നേടുന്നതെങ്ങനെ?' എന്ന ചോദ്യത്തിന് മറുപടിയായി ഓഷോ ഒരിക്കൽ പറഞ്ഞത്, 'don't get depressed about depression' (വിഷാദത്തെപ്പറ്റി വിഷാദം കൊള്ളാതിരിക്കൂ) എന്നാണ്. അങ്ങനെവരുമ്പോൾ, വിഷാദം നമ്മെ സ്പർശിക്കാതെ കഴിവതും വേഗം കടന്നുപോകുന്നത് നമുക്ക് അറിയാനാകും. ദേഷ്യത്തെപ്പറ്റി ദേഷ്യപ്പെടാതിരിക്കുമ്പോൾ, ദേഷ്യം അതിന്റെ ധർമ്മങ്ങൾ നിറവേറ്റിയതിനു ശേഷം ഒഴിഞ്ഞുപോകുന്നതറിയാനാവും. സന്തോഷത്തെപ്രതി സന്തോഷിക്കാതെ, സന്തോഷം വരുമ്പോൾ സന്തോഷിക്കുക മാത്രം ചെയ്യുകയാണെങ്കിൽ, സന്തോഷം അതിന്റെ ധർമ്മങ്ങൾ നിർവ്വഹിച്ചതിന് ശേഷം പോയ്മറയും. ഇവിടെയെല്ലാം impermanence എന്നതിനെ, തിക്താനുഭവങ്ങൾ വരുമ്പോൾ സമാധാനിക്കാനുള്ള ഒഴികഴിവാക്കുന്നതിനു പകരം, അസ്തിത്വത്തിന്റെ അടിസ്ഥാനസ്വഭാവം എന്ന് ബോധ്യപ്പെടുക മാത്രമാണ് ചെയ്യേണ്ടത്.

'കടന്നുപോകുന്നവരാവുക' എന്ന് യേശു പറയുന്നതും (തോമസിന്റെ സുവിശേഷം), 'തഥാഗതൻ' എന്ന് ബുദ്ധനെ വിശേഷിപ്പിക്കുന്നതും 'impermanence' എന്ന ഉൾക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ്. ക്ഷണികതയെ അപകടകരമായ ഒരു മുന്നറിയിപ്പുപോലെ ഓർമ്മിക്കുന്നതിനു പകരം, ഉത്തരവാദിത്തങ്ങളിൽ നിന്നും കഠിനപ്രയത്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള ഒഴികഴിവാക്കുന്നതിനു പകരം, ജീവിതമെന്ന ഈ അത്ഭുത പ്രതിഭാസത്തെ, അതിന്റെ എല്ലാ നിഗൂഡസൗന്ദര്യങ്ങളോടും കൂടി നിലനിർത്തുന്ന അടിസ്ഥാന പ്രകൃതം എന്നറിയുകയാണെങ്കിൽ...അങ്ങനെ അറിഞ്ഞപ്പോഴായിരുന്നു റിൽകെ എന്ന ജർമൻ കവി ഇങ്ങനെ കുറിച്ചത്:'Is not impermanence the very fragrance of our days?'- നമ്മുടെ ദിനങ്ങളെ സുരഭിലമാക്കുന്നത്‌ അവയുടെ ക്ഷണികതയല്ലെന്നുണ്ടോ?




                                                      
















9 comments:

  1. ഇന്നെത്തെ പ്രഭാതം ഈ ജ്ഞാനധ്യാനത്താൽ സമ്പന്നമായി. നന്ദി.❤️

    ReplyDelete
  2. കുറച്ച് വാക്കുകൾ. പൂന്തോട്ടം പോൽ സുന്ദരം.നല്ല ആഴമുള്ള ഉൾക്കാഴ്ചചയും. സുന്ദരം. ധ്യാനം


    ReplyDelete
  3. വൈകാരികതയുടെ സമ്പത്ത് ഉന്നുന്നത് ക്ഷണികതയിൽത്തന്നെ. മൗലികമായ ചിന്തയ്ക്ക് നമസ്കാരം!

    ReplyDelete