Featured Post

Tuesday, May 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 17


  ആശയും ആവശ്യവും 


ചെറിയ ക്ലാസുകൾ മുതൽ കേൾവിയിൽ ആവർത്തിക്കപ്പെടുന്ന നിരവധി ആപ്തവാക്യങ്ങളിൽ ഒരെണ്ണമാണ് ബുദ്ധന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന 'ആശയാണ് എല്ലാ ദുഖത്തിനും കാരണം' എന്നത്. പാഠപുസ്തകളിൽ ഒതുങ്ങിയാൽ പോരെന്നു തോന്നിയിട്ടാവാം, രാഷ്ട്രീയക്കാരുടെ പോസ്റ്ററുകൾ തടയാനായി ചുറ്റുമതിലുകളിൽ എഴുതിപ്പിടിപ്പിക്കുന്ന തിരുവചനങ്ങൾക്കിടയിലും ഈ വാക്യത്തിന് മോശമല്ലാത്ത ഇടം ലഭിക്കുന്നുണ്ട്. ബുദ്ധനെ അറിയില്ലെങ്കിലും മേല്പറഞ്ഞ ബുദ്ധാ ക്യാപ്ഷൻ ഏവർക്കും സുപരിചിതമാണ് - ഹൃദിസ്ഥമാക്കപ്പെടുന്ന ഒരു പരസ്യ വാചകം പോലെ. 

ബുദ്ധന്റെ പേരിൽ ആരോപിക്കപ്പെട്ട ആ ആശയം, ഭാഗ്യവശാലോ നിർഭാഗ്യവശാലോ, ഗുരുക്കന്മാരിലോ അദ്ധ്യാപകരിലോ അത് ശ്രവിച്ചു പോന്ന നമ്മിലോ പ്രാവർത്തികമാക്കപ്പെട്ടില്ല. ആരിലും തന്നെ ആശകൾക്ക് ഒരു കുറവുമുണ്ടായില്ല, ദുഃഖങ്ങൾക്കും കുറവുണ്ടായില്ല. എന്നിട്ടും പക്ഷേ യാതൊരു സന്ദേഹവും കൂടാതെ 'ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം' എന്ന് അദ്ധ്യാപകർ നമ്മെ പഠിപ്പിച്ചുപോന്നു; നാം അതിനെ അക്ഷരം പ്രതി  മനഃപാഠമാക്കിപ്പോരുകയും ചെയ്തു. ആശകൊണ്ടാണോ ദുഖമുണ്ടാവുന്നതെന്ന് ആരും തന്നെ നോക്കാൻ പോയില്ല. അതെന്തുമാകട്ടെ, ഈ വാക്യം അപകടകരമായിത്തീരുന്ന ഒരു കാണാപ്പുറമുണ്ട് - (ദുഃഖത്തിന്റെ) ഉത്തരവാദിത്തത്തിൽ നിന്നും വഴുതിമാറാൻ നാം ഈ വാക്യത്തെ ഒരു വലിയ മറയാക്കുന്നു!

ദുഃഖമുണ്ടാവുന്നതുകൊണ്ടുമാത്രമാണ് നാം ആശകളെ സംശയിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ആശിച്ചുകൊണ്ടേയിരിക്കാമായിരുന്നു! വാസ്തവമെന്തെന്നാൽ, നാം ആശിച്ചുകൊണ്ടേയിരിക്കുകയാണ്; ഇടതടവില്ലാതെ. ആശയാണ് എല്ലാ ദുഃഖത്തിനും കാരണം എന്ന് ബുദ്ധൻ ഓർമ്മിപ്പിച്ചപ്പോൾ, ഉദ്ദേശിച്ചത് നിരന്തരമായ ഈ ആശിക്കലിനെയാണ് - desiring. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, എല്ലായ്‌പ്പോഴും ആശിച്ചുകൊണ്ടേയിരിക്കുന്ന മനസ്സെന്ന ഒരു വായാടിയെ, a non-stop chatterbox. നാം മനഃപൂർവം മറക്കാൻ ശ്രമിച്ച ഈ വാസ്തവത്തെ പരസ്യക്കാർ ഉപയോഗപ്പെടുത്തിയിരുന്നു- 'ദിൽ മാംഗേ മോർ'.

ബുദ്ധവചനത്തെ നാം വഴിതെറ്റിച്ചത് 'ആശിച്ചുകൊണ്ടേയിരിക്കുക' എന്നതിനെ ആശിക്കപ്പെടുന്ന വസ്തുവകകളിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ടാണ്. ആശകളെ നാം ആദ്യം നല്ലതെന്നും ചീത്തയെന്നും വേർ തിരിക്കും. സ്വാഭാവികമായും നല്ല ആശകൾ ഉണ്ടാവുന്നതിൽ തെറ്റില്ലെന്നും ചീത്ത ആശകളെക്കൊണ്ടാണ് ദുഃഖമുണ്ടാവുന്നതെന്നും വെറുതെയങ്ങു തീർപ്പാക്കും. പിന്നീട്, എന്തിനെയെങ്കിലും ആശിച്ചതിനു ശേഷം അതിനെ നേടിയെടുക്കാൻ ബുദ്ധിമുട്ടേണ്ടി വരുമ്പോൾ, അല്ലെങ്കിൽ അത് ലഭിക്കാതെ വരുമ്പോൾ, നമ്മുടെ മടിയേയോ, കഴിവില്ലായ്മയേയോ മറച്ചുവെക്കാൻ നാം ബുദ്ധനെ കൂട്ടുപിടിക്കും - 'അല്ലേലും ബുദ്ധൻ പറഞ്ഞിട്ടുണ്ട് 'ആശയാണ് എല്ലാ ദുഃഖത്തിനും കാരണം'. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യത തെളിയുമ്പോൾ, ബുദ്ധനെ അകറ്റി നിറുത്താൻ മറ്റു ചില ന്യായങ്ങളുണ്ട് നമുക്ക് -'ആഗ്രഹങ്ങളില്ലെങ്കിൽ ജീവിതത്തിന് അർത്ഥമെന്തുണ്ട്?', 'ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്'. സ്വയം ഒന്ന് ചോദിച്ചുനോക്കുകയേ വേണ്ടൂ - ആഗ്രഹങ്ങളാണോ ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്? ആഗ്രഹങ്ങളാണോ നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കേണ്ടത്? എങ്കിൽപ്പിന്നെ ‘നാം’ എന്ന ഈ അറിവിന്റെ  പ്രസക്തിയെന്താണ്?

 ജീവിതമെന്നത് നാം മുന്നോട്ടുകൊണ്ടുപോകേണ്ടതായിട്ടുള്ള ഒന്നല്ല. യാതൊന്നിനേയും ഗൗനിക്കാതെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തെ ജീവിതം എന്ന് നാം അറിയുന്നുവെന്നേയുള്ളൂ. വേണമെങ്കിൽ ഈ പോക്കിനെ അർത്ഥവത്താക്കാനുള്ള കഴിവും സ്വാതന്ത്ര്യവും നമുക്കുണ്ടെന്നു മാത്രം. അങ്ങനെയെങ്കിൽ, എല്ലായ്‌പ്പോഴും വെകിളിപിടിച്ചുകൊണ്ടിരിക്കുന്ന മനസ്സിന്റെ, 'ആശിക്കുക' എന്ന ഒരു പ്രവണതയെ ജീവിതത്തിന്റെ അർത്ഥമാക്കുന്നത് എന്തുമാത്രം വിവേക ശൂന്യമാണ്?

സാധാരണമായി നാം പറഞ്ഞുപോരുന്ന അർത്ഥത്തിൽ, ആശയോ അഭിലാഷമോ ദുഃഖകാരണമായിത്തീരുന്നത്, ഒരുപാട് പ്രയത്‌നിച്ചതിനു ശേഷവും, അതേപ്പറ്റി ഒരുപാട് ഭാവനയിൽ മുഴുകിയതിനു ശേഷവും അത് ലഭ്യമാകാതെ വരുമ്പോഴാണ്. അതിലുമേറെ ഓരോ ആശയും ദുഃഖകാരണമായിത്തീരുന്ന മറ്റൊരു സന്ദർഭമുണ്ട് - ആഗ്രഹിച്ചത് ലഭ്യമായിക്കഴിയുമ്പോൾ. ലഭ്യമായിക്കഴിഞ്ഞാൽ, എത്രയോ പെട്ടെന്നാണ് അതുവരേക്കും അതിനോട് തോന്നിയ ആർത്തിയും മറ്റും വറ്റി  വരണ്ടുപോകുന്നത്! മാത്രമോ, അത് നേടിയെടുക്കാനായി ശ്രമിച്ചതിലൂടെ നമ്മിൽ മുളയെടുത്ത അനേകം മറ്റാഗ്രഹങ്ങൾ, അത് കൈവന്നതിനുശേഷം അതിനെ സംരക്ഷിക്കാനും മറ്റും വേണ്ടിവന്ന മറ്റ് ഉദ്വേഗങ്ങളും ജാഗ്രതയും. പൂർത്തിയാക്കപ്പെട്ട അഭിലാഷത്തോട് ചേർന്നുകൊണ്ട് നാം അകപ്പെട്ടുപോയ കാണാക്കെണികൾ. അങ്ങനെ നോക്കുമ്പോൾ, നടക്കാതെപ്പോയ ആഗ്രഹങ്ങളേക്കാളും ദുഃഖകാരണമായിത്തീർന്നിട്ടുള്ളത് സഫലമാക്കപ്പെട്ട

ആഗ്രഹങ്ങളാണ്! സൂക്ഷ്മമായി, ആത്മാർത്ഥമായി സ്വയം നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്ന ഒന്നുണ്ട്: 'ഈ നിമിഷത്തെ ഞാൻ, ഇതുവരേക്കുമുള്ള എന്റെ ആഗ്രഹങ്ങളുടെ പരിണത ഫലങ്ങളാണ്'. ഇനിയും ആർക്കെങ്കിലും ഇത് ബോധ്യം വരുന്നില്ലെങ്കിൽ, അതുകാണിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളിൽ നാം എത്രത്തോളം ബോധശൂന്യരായിരുന്നു എന്ന് മാത്രമാണ്. ഇവിടെയാണ് മർഫിയുടെ (Edward A. Murphy) സൂക്തം ഏറെ പ്രസക്തിയാർജ്ജിക്കുന്നത് : എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ സൂക്ഷിക്കുക; അത് നടക്കാനിടയുണ്ട്!

സൂക്ഷിക്കാതെ ആഗ്രഹിച്ചുകൂട്ടിയതാണ് ഇക്കാണുന്ന എന്റെയീ ജീവിതമത്രയും ! അതിൽ ആഹ്ളാദത്തിന് എന്തെങ്കിലും വകയുണ്ടെങ്കിൽ പോലും അതിന് കാര്യമായി യോഗ്യതയില്ലെന്നറിയുക. ബോധപൂർവ്വമല്ലാതിരുന്നിട്ടും, അത്രയൊന്നും ക്ലേശകരമല്ലാത്ത ഒരു ജീവിതം (ക്ഷണികമാണെന്നറിഞ്ഞുകൊണ്ടുതന്നെ) വന്നുഭവിച്ചതിൽ. ഭാഗ്യം.

ആശകൾ നിറവേറിയാലും ഇല്ലെങ്കിലും, അതിനോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും നാം ഓടിയൊളിക്കുന്നതാണ് നമ്മുടെ പ്രധാന ദുഃഖകാരണം. സത്യത്തിൽ ഉത്തരവാദിത്തത്തിൽ നിന്നുമുള്ള ഈ രക്ഷപ്പെടലാണ് (അത് ആശ-നിരാശയെന്നല്ല, എന്തിനെ പ്രതിയുള്ളതും) നമ്മുടെ അസ്വാസ്ഥ്യമായി പരിണമിക്കുന്നത്. നാം അതിനെ ദുഃഖം എന്ന് പറഞ്ഞുപോരുന്നെങ്കിലും, അതിനെ കൃത്യമായി അറിയേണ്ടത് ദുരിതമെന്നാണ് - the suffering. ബുദ്ധൻ ദുഃഖമെന്ന് ഉദ്ദേശിച്ചത് ഈ ദുരിതത്തെയാണ്. തുടക്കത്തിൽ പരാമർശിച്ച ബുദ്ധവചനത്തെ ഇപ്രകാരം തിരുത്തി മനസ്സിലാക്കേണ്ടതാണെന്നു തോന്നുന്നു-'ആശിച്ചുകൊണ്ടേയിരിക്കുന്ന മനസ്സാണ് നമ്മുടെ എല്ലാ ദുരിതങ്ങൾക്കും കാരണം.' 

ദുഃഖത്തേയും ദുരിതത്തേയും കൃത്യമായി വേർ തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ദുഃഖമെന്നത് തികച്ചും ജൈവമായ ഒരു സന്ദർഭത്തിനോടുള്ള നൈസർഗികമായ ഒരു പ്രതിസ്പന്ദനമാകുമ്പോൾ (response), ദുരിതമെന്നത് വെറും മാനസികമായ ഊയലാട്ടങ്ങളോടുള്ള നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് - reactions. ദുഃഖം നമ്മെ കൂടുതൽ സംശുദ്ധമാക്കുകയും സുതാര്യമാക്കുകയും ചെയ്യുമ്പോൾ, ദുരിതങ്ങൾ നമ്മെ കലുഷമാക്കുകയും വിടാതെ പിടികൂടുകയും ചെയ്യുന്നു.

സ്വാഭാവികമായും നാം ചോദിക്കേണ്ടതുണ്ട് - നമ്മിൽ വന്നു നിറയുന്ന ആശകളെ നാം എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്? തീർച്ചയായും, അവയെ അടിച്ചമർത്തിയതുകൊണ്ട് കൂടുതൽ ദുരിതമല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. ആശകൾക്കു പിന്നാലെ പായുന്നതുപോലെത്തന്നെയാണത്. കുമിളകൾ ഉയർന്നുവന്നു പൊട്ടിപ്പോകുന്നത് പോലെ മനസ്സിന്റെ ഒരു ശീലമായി പൊന്തിവരുന്ന ആശകളെ തിരിച്ചറിയുകയും, നാം കൂടുതൽ ബോധപൂർവ്വം അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുക. അവിടെ വെച്ചാണ് ആശകൾ പലതും 'ആവശ്യം' എന്ന തലത്തിലേക്ക് ഉയർത്തപ്പെടുന്നത്. ഒരുപാടു വർഷങ്ങൾക്ക് ശേഷം സാഫലമാക്കപ്പെട്ടേക്കാവുന്ന ഒരു 'അഭിലാഷം' ആവശ്യമായിമാറിയിട്ടുണ്ടാകും. അതേ സമയം തൊട്ടടുത്ത നിമിഷത്തെ 'ആവശ്യം' പോലും ഉത്തരവാദിത്തമില്ലാത്തതിനാൽ (ability to respond), വെറും ആശയായി നിലകൊള്ളുന്നുമുണ്ടാകാം.


പ്രതി നാം തന്നെ. 

ആശയ്ക്ക് എന്ത് കാര്യമുണ്ടതിൽ?  








































12 comments:

  1. BUT AND STILL ARE DOUBLE PREPOSITIONS TO MAINTAIN THE FLAME OF DESIRES. ANYONE IS FREE TO DANCE WITH IT, BUT READY TO BURN WITH IT. (samjha ?)

    ReplyDelete
  2. 🙏🌻🌻🌻🌻🌻🎉🎈

    ReplyDelete
  3. ഇപ്പൊ കമെന്റ് ഇടാനൊരു ആശ
    മനുഷ്യന്റെ കരയാനും ചിരിക്കാനുമുള്ള കഴിവുപോലെ ഒരു കഴിവല്ലേ ആശിക്കൽ.

    ReplyDelete
    Replies
    1. yes dear.ആശിക്കാനുള്ള കഴിവ് മറ്റു പല കഴിവുകളെപ്പോലെ ഒന്നാണ് എന്ന് തന്നെ വെക്കുക,(അല്ലറ ചില്ലറ വിയോജിപ്പുകളുണ്ടെങ്കിലും തത്ക്കാലം വിടുന്നു). പ്രശ്നം നാം ആ കഴിവിനെ ഉപയോഗപ്പെടുത്തുകയാണോ, അതോ ആ function അതിന്റെ പാട്ടിന് ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണോ എന്നതാണ്. നമുക്കുള്ള ഏതു കഴിവും അങ്ങനെത്തന്നെ. ശ്രുതിമധുരമായ ഒരു ശബ്ദമുണ്ടെങ്കിലും ബോധപൂർവ്വം ഉപയോഗിക്കുമ്പോൾ മാത്രമേ സംഗീതമാവുന്നുള്ളു. അങ്ങനെയല്ലെന്നുണ്ടോ?

      Delete
  4. They say The captain of Titanic "desired" to procure even finer bottles of vine than that he already had in the ship while what he truly "needed" was a few more lifeboats.In a broad sense we all are similar to him.
    One can be called as truly intelligent if he/she is aware enough to recognize what is the actual need of the hour and clearly differentiate it from the desires and acts accordingly....Easier said than done....needs a lot of awareness.. Thank you for reminding us about something so vitally important ...

    ReplyDelete