Featured Post

Monday, May 31, 2021

ഉണർവിലേക്കുള്ള പടവുകൾ - 18


                                    മത്സരം : അദൃശ്യമായ മഹാമാരി


കുഞ്ഞുനാൾ മുതൽ, വളർന്നു വയസ്സായി മരിച്ചുപോകുന്നതു വരേയ്ക്കും ചുറ്റുമെമ്പാടും കേട്ടുകൊണ്ടിരിക്കുന്ന പല്ലവിയാണ് ജീവിതത്തിന്റെ വിജയവും പരാജയവും. ഈ പല്ലവിയുടെ ഹിപ്നോട്ടിക് ഊന്നലുകളാണ് L K G കുട്ടിയോട് പോലും 'വലുതാകുമ്പോൾ ആരാകണം?' എന്ന ചോദ്യം. ആരെങ്കിലും ആയേ തീരൂ, അല്ലെങ്കിൽ താൻ തോറ്റുപോകും (മറ്റുള്ളവരുടെ മുൻപിൽ) എന്ന ധാരണ അവനിൽ വേരു പിടിക്കുകയാണ് . 'എനിക്ക് ഞാൻ ആയാൽ മതി' എന്ന് പഠിച്ചു പറയുന്ന കുട്ടിപോലും അനാവശ്യമായ, മിഥ്യാ-മത്സരത്തിന്റെ ഇരയാവുന്നുവെന്നതാണ് സത്യം.

മനുഷ്യനെ ബാധിച്ചിട്ടുള്ള മഹാമാരിയാണ് 'വിജയം'- success - എന്ന് പറഞ്ഞത് തത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്ന വില്യം ജെയിംസ് ആയിരുന്നു. ജയ - പരാജയങ്ങൾ എന്ന പ്രയോഗങ്ങളിലൂടെയല്ലാതെ യാതൊന്നിനേയും നോക്കിക്കാണാൻ കഴിയാത്ത വണ്ണം നമ്മുടെ ഇന്ദ്രിയങ്ങളൊക്കെയും 
രോഗഗ്രസ്തമായിത്തീർന്നിരിക്കുന്നതിനെയാണ് അദ്ദേഹം ഓർമ്മപ്പെടുത്തുന്നത്. അതായത്, നമ്മുടെ ഇന്ദ്രിയങ്ങളിൽ മത്സരത്തിന്റെ വിഷപടലങ്ങൾ അപായകരമായ അളവിൽ കയറിക്കൂടിയിരിക്കുന്നു.

ഈ മഹാമാരിയെ പണ്ട് മുതൽക്കേ തിരിച്ചറിഞ്ഞിട്ടുളള ധാരാളം പേരുണ്ട്. ഉപനിഷത് ഋഷിമാർ മുതൽ ലാവോത്സുവും ബുദ്ധനും യേശുവും മഹാവീരനും കബീറും ഐസക് ന്യൂട്ടണും ഐൻസ്റ്റീനുമെല്ലാം അവരിൽ പെടുമെങ്കിലും ജീവിതത്തിൽ വിജയിച്ചവരായി അവരെ നാം അംഗീകരിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആ പേരുകൾ വല്ലപ്പോഴും നാം ശ്രദ്ധിക്കുന്നുണ്ടെങ്കിൽത്തന്നെ, അത് മിക്കവാറും ആ പേരുകൾക്ക് ലഭ്യമായിട്ടുള്ള പ്രശസ്തിയും മഹത്വവും കൊണ്ടാണ്; അവർ ഈ ജീവിതത്തെ അർത്ഥവത്താക്കിയ ഉൾക്കാഴ്ചകളിൽ  ആകൃഷ്ടരായതുകൊണ്ടല്ല. 

വിജയത്തിന് നാം മുൻകൂട്ടി തയ്യാറാക്കി വെക്കുന്ന മാനദണ്ഡങ്ങളുണ്ട്. ഒരു ഘട്ടത്തിൽ അത് സമ്പത്തും പ്രശസ്തിയുമാണെങ്കിൽ, മറ്റൊരു ഘട്ടത്തിൽ അത് ആരോഗ്യവും സൗന്ദര്യവുമാണ്. ഒരു ഘട്ടത്തിൽ അത് ബഹുമാന്യതയും അംഗീകാരവുമാണെങ്കിൽ, മറ്റൊരു ഘട്ടത്തിൽ അത് ഇണയെ കണ്ടെത്തുന്നതിലും പ്രീതിപ്പെടുത്തുന്നതിലുമുള്ള പ്രാഗല്ഭ്യമാണ്. നാല് വയസ്സുള്ളപ്പോഴും എൺപതു വയസ്സുള്ളപ്പോഴും ട്രൗസറിൽ മൂത്രമൊഴിക്കുന്നില്ലെങ്കിൽ 'വിജയമെന്ന്' കണക്കാക്കപ്പെടുമ്പോൾ, എഴുപതാം വയസ്സിലും കാറോടിക്കാൻ കഴിയുന്നതാണ് ജീവിത വിജയമെന്ന് വിചാരിക്കുന്നവരുണ്ട്. നമുക്ക് വേണ്ടി വിജയമാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് നാം അനുമതി കൊടുക്കുന്ന ചുറ്റുപാടുകളാണ്. ഫലത്തിൽ, നമ്മുടെ മാനദണ്ഡങ്ങളെല്ലാം നമ്മുടെ പരിമിതിയെ അനുസരിച്ചുള്ളതാണെന്നു വരുന്നു.

ജയപരാജയങ്ങളെപ്പറ്റിയുള്ള നമ്മുടെ മാനദണ്ഡങ്ങളിൽ ബുദ്ധനും കൂട്ടരും ഒതുങ്ങുന്നില്ലെന്നു മാത്രമല്ല, അവർ മത്സരത്തിൽ (ഇല്ലാത്ത മത്സരം) പങ്കുചേരുന്നുമില്ല എന്നതാണ് വാസ്തവം.

ഒരു സംഗതിയെ മത്സരത്തിന്റെ ഭാഗമാക്കണമെന്നുണ്ടെങ്കിൽ, അത് വിജയിച്ചുവെന്നോ പരാജയപ്പെട്ടുവെന്നോ എണ്ണിയാൽ മതി. അങ്ങനെയൊരു മത്സരം യഥാർത്ഥത്തിൽ ഉണ്ടായിരിക്കുന്നുണ്ടോ എന്നത് വിഷയമേയല്ല. വിജയവും പരാജയവും ജീവന്മരണ പ്രശ്‌നമായിരുന്ന അതിദീർഘമായ ഒരു ഭൂതകാലം മനുഷ്യനുണ്ടായിരുന്നു. (ഒരു പക്ഷേ, ഗർഭധാരണം മുതൽ തന്നെ ഈ മത്സരാഭിമുഖ്യം ഉടലെടുത്തിട്ടുണ്ടെന്നു വെക്കുക) അതിന്റെ ബാക്കിയിരിപ്പാകാം സകലതിനേയും മത്സരത്തിലേക്ക് വെട്ടിച്ചുരുക്കി, താൻ ഒന്നിനും കൊള്ളാത്തവനല്ല എന്ന് തന്റെ ഗോത്രത്തെ ബോധ്യപ്പെടുത്താനുള്ള ത്വര.


രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതറിയാതെ 29 വർഷങ്ങളോളം ഫിലിപ്പീൻസിലെ കാടുകളിൽ ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്തുപോന്ന  ഒരാളുണ്ട് - ജപ്പാൻകാരനായ ഹിരൂ ഒനോദ. 1945 ആഗസ്തിൽ യുദ്ധമവസാനിച്ചിട്ടും അതെ പറ്റിയുള്ള അറിയിപ്പൊന്നും കിട്ടാഞ്ഞതിനാൽ ലെഫ്റ്റനന്റ് ഇന്റലിജൻസ് ഓഫീസറായിരുന്ന ഒനോദയും അയാളുടെ കീഴിലുണ്ടായിരുന്ന മറ്റു മൂന്നു സൈനികരും 29 വർഷങ്ങളോളം ശത്രുക്കൾക്കെതിരെ ജാഗ്രത പാലിക്കുകയും, ശത്രുക്കളെന്നു ധരിച്ച് തദ്ദേശവാസികളായ കുറേയാളുകളെ കൊന്നുകളയുകയും ചെയ്തു. ഒടുവിൽ ജപ്പാൻ അധികാരികൾ അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തുകയും യുദ്ധം എപ്പോഴേ അവസാനിച്ചുവെന്ന് അറിയിക്കുകയും നാട്ടിലേക്കു മടങ്ങണമെന്ന് അഭ്യർത്ഥിക്കുകയുമുണ്ടായി. 1974 മാർച്ചിൽ അന്നത്തെ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന ഫെർഡിനൻറ് മാർക്കോസിന് മുൻപിൽ തന്റെ ആയുധങ്ങൾ തിരിച്ചേല്പിച്ച്‌ സ്വതന്ത്രനാവുന്ന ഒനോദായുടെ ചിത്രം 'മറക്കാനാവാത്ത നൂറു മിലെനിയം ചിത്ര'ങ്ങളിൽ ഒരെണ്ണമായി ചില പത്രങ്ങളെങ്കിലും
തെരഞ്ഞെടുത്തിട്ടുണ്ട്, 2000 ജനുവരിയിൽ.
അവസാനിച്ച യുദ്ധം അറിയാതെപ്പോയതാണ് ഒനോദായുടെ കാര്യത്തിൽ സംഭവിച്ചതെങ്കിൽ, ഇല്ലാത്ത പന്തയത്തിൽ മത്സരിച്ചുകൊ ക്കൊണ്ടിരിക്കുന്നവരാണ് നാം മനുഷ്യർ; വിശേഷിച്ചും ജീവിതത്തിന്റെ ആന്തരികത -interiority- യെ കണക്കിലെടുത്താൽ. 

ജീവിതം വിജയിക്കാനുള്ളതാണെന്ന് പറയാൻ തുടങ്ങിയ അന്ന് തന്നെ ഇക്കാണുന്ന വിജയങ്ങളെല്ലാം നിരർത്ഥകമാണെന്നും സ്വന്തം മനസിനെയാണ് ജയിക്കേണ്ടത്, സ്വന്തം ഇന്ദ്രിയങ്ങളെയാണ് ജയിക്കേണ്ടത്, ഇഹത്തെയല്ല അഹത്തെയാണ് ജയിക്കേണ്ടത്, 'പര'ത്തെയാണ് ജയിക്കേണ്ടത് എന്നിങ്ങനെയുള്ള ആത്മീയ ധോരണികളും ഉദ്ബോധിപ്പിക്കപ്പെട്ടു പോന്നിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും ഈ ഉദ്ബോധനങ്ങൾക്കു പിന്നിലുള്ളത് നേരെ ചൊവ്വേ വിജയിക്കാൻ പറ്റാത്തതിലുള്ള അപകർഷതയാണെന്ന്. ഈ ഉദ്ബോധകരൊന്നും തന്നെ ജയപരാജയങ്ങൾക്ക് ആധാരമാവുന്ന മത്സരം വെറും മിഥ്യയാണെന്ന് തിരിച്ചറിയുന്നില്ല.

വിജയമെന്ന് നാം എണ്ണിപ്പോരുന്നവയെ പരിശോധിച്ചുനോക്കാൻ ധൈര്യമുണ്ടായാൽ, ഒരു കാര്യം വളരെ എളുപ്പം വ്യക്തമാവും. വിജയമെന്ന് നാം ധരിച്ചുവെച്ചവയൊക്കെയും ഓരോരോ കെണികളായിരുന്നുവെന്ന്; എന്തെന്നാൽ, തൊട്ടുമുന്നത്തെ വിജയങ്ങളായിരുന്നു നമ്മുടെ മുന്നോട്ടുള്ള നീക്കങ്ങളെയെല്ലാം നിയന്ത്രിച്ചുകൊണ്ടിരുന്നത്. ഓരോ വിജയവും അടുത്ത ഒരുപാട് വിജയങ്ങളെ അത്യന്താപേക്ഷിതമാക്കിക്കൊണ്ട് നമ്മെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരുപക്ഷേ, വേദനയുണ്ടാക്കിയിട്ടുണ്ടാവാമെങ്കിലും, നമുക്ക് കൂടുതൽ സ്വാതന്ത്ര്യം സമ്മാനിച്ചിട്ടുണ്ടാവുക പരാജയങ്ങളായിരിക്കാം. പാരാജയമായിരിക്കാം, തീർത്തും പുതിയതായ മറ്റൊരു ദിശയിലേക്ക് നമ്മെ നയിച്ചിട്ടുണ്ടാവുക. പരാജയങ്ങളായിരിക്കാം, വിദൂരസ്ഥമായ ഒരു കയത്തിൽ നിന്നും നമ്മെ രക്ഷിച്ചിട്ടുണ്ടാവുക. വിജയത്തേക്കാളേറെ പരാജയമായിരിക്കാം നാം അകപ്പെട്ടിരിക്കുന്ന ഈ മിഥ്യാ - മത്സരത്തെപ്പറ്റി നമ്മെ ബോധ്യപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക. വിജയം പൊതുവെ നമ്മെ കൂടുതൽ കൂടുതൽ അന്ധമാക്കുകയേയുള്ളൂ. എന്തിനെപ്പറ്റിയും വാഗ്വാദങ്ങളിൽ സമർത്ഥനായ ഒരു വ്യക്തി, ആ കാര്യത്തിൽ 'successful' ആയതുകൊണ്ട് മാത്രം, വാദിച്ചു ജയിച്ചുകൊണ്ടേയിരിക്കുകയും, തനിക്കു സംഭവിച്ചുപോകുന്ന തെറ്റുകൾ മനസ്സിലാക്കാൻ ഇട വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.  അങ്ങനെവരുമ്പോൾ, വിജയിച്ചുമുന്നേറിക്കൊണ്ടിരിക്കുന്നുവെന്നു വിചാരിക്കുന്ന ഒരാൾ ഏറെ വൈകിയാണ് താൻ വന്നെത്തിയത് തികഞ്ഞ പരാജയത്തിലാണെന്ന് അറിയാൻ പോകുന്നത്. വിജയത്തിനെതിരെ പരാജയത്തെയാണ് കാംക്ഷിക്കേണ്ടത് എന്നല്ല പറഞ്ഞുവരുന്നത്. നാം അകപ്പെട്ടിരിക്കുന്ന ‘മത്സരം’ എന്ന മിഥ്യാബോധത്തെ

ഓർമ്മപ്പെടുത്തുന്നില്ലെങ്കിൽ, ഏതൊരു വിജയവും ആത്യന്തികമായി പരാജയമാണ്; ഓർമ്മപ്പെടുത്തുന്നുവെങ്കിൽ പല പരാജയങ്ങളും വിജയത്തേക്കാൾ മഹത്തരവുമാണ്.

‘NOTHING FAILS LIKE SUCCESS’ എന്ന ഓർമ്മപ്പെടുത്തൽ കേവലം ഒരു 'success quote' അല്ലെന്നുവരുന്നത്, ഈ സന്ദർഭത്തിലാണ്. ഇല്ലാതിരുന്ന ഒരു മത്സരത്തിൽ വിജയിച്ചുമുന്നേറുവാൻ വേണ്ടിയാണ് താൻ തന്റെ സന്തോഷവും സമാധാനവുമെല്ലാം വേണ്ടെന്നുവെച്ചത് എന്ന തിരിച്ചറിവിലേക്കാണ് മേല്പറഞ്ഞ വാക്യം ഒരുവനെ എടുത്തെറിയുന്നത്; ജയപരാജയങ്ങളെവെച്ചുകൊണ്ട് മാത്രം പടുത്തുയർത്തിയിട്ടുള്ള ഒരു സമൂഹക്രമത്തിൽ ഈ പ്രസ്താവം ഒരു വലിയ ചുറ്റിക പ്രഹരമാണ്, a hammer on the rock.

സ്വാഭാവികമായും ഈ സന്ദർഭത്തിൽ ഉയർന്നുവരുന്ന ഒരു സംശയമുണ്ട് - വിജയിക്കാനല്ലെങ്കിൽ ഒരു പ്രവൃത്തി ചെയ്യുന്നതെന്തിനാണ്? പരാജയപ്പെടാനായി ഒന്നും ചെയ്യാനാവില്ലല്ലോ. ജയ-പരാജയങ്ങളെ അകറ്റി നിർത്താനായി, യാതൊന്നും ചെയ്യാതെ ജീവിക്കാനുമാവില്ല. 

ഒരൊറ്റ കാര്യമേ ചെയ്യേണ്ടതുള്ളൂ- ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അതിന്റെ ഫലത്തിൽ കവിഞ്ഞ യാതൊരു ജയവും പരാജയവും ഇല്ലെന്നോർക്കുക. ജയ-പരാജയങ്ങൾ എന്ന വാക്കുകൾ ഒരു പ്രവൃത്തിയുടേയും  പരിസരത്തുപോലും ഇല്ലെന്നുറപ്പാക്കുക. അപ്പോൾ, അപ്പോൾ മാത്രം, ആ പ്രവൃത്തിയിൽ നമുക്ക് മുൻപത്തേക്കാൾ ആർജ്ജവത്തോടെ, ബോധപൂർവ്വം പങ്കെടുക്കാൻ സാധിക്കും. നമ്മുടെ ധാരണക്കപ്പുറം വ്യത്യസ്ത ഫലം നല്‌കിയ ആ പ്രവൃത്തി മിക്കപ്പോഴും ജയ-പരാജയങ്ങൾക്കപ്പുറം, സന്തോഷത്തിനും സന്താപത്തിനുമപ്പുറം, ചില ഗ്രാഹ്യങ്ങൾ പകർന്നിട്ടുണ്ടാകും, the very understanding ; തീർച്ച.  



                                                            

                                                    



9 comments: