സാഹിത്യവായന പൊതുവെ കുറവായതുകൊണ്ടുതന്നെ, റോസി തമ്പിയുടെ 'റബ്ബോനി' കയ്യിലെടുത്തത് വെറുതെ ഒരു ‘നേരം പോക്ക്’ എന്ന നിലക്കായിരുന്നു- a tea time glimpse. പക്ഷേ വളരെ പെട്ടെന്നു തന്നെ അത് അത്ര എളുപ്പം പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്താൻതുടങ്ങി. ഒരുപാടു നാളുകൾക്കു ശേഷം ഒരു നോവൽ വായന സംഭവിച്ചത് അങ്ങനെയായിരുന്നു.
ബൈബിൾ സംബന്ധിയായി എനിക്കേറ്റവും ഇഷ്ടമുള്ള പദം 'ബൈബിൾ' എന്നത് തന്നെയാണ്. ശാബ്ദികമായി അതുണർത്തുന്ന ഒരു അന്തരീക്ഷമുണ്ട് - സ്നേഹത്തിന്റെയും ഓമനത്തത്തിന്റേയുമൊക്കെ. അസ്തിത്വസംബന്ധിയായി അത്രയൊന്നും ബൗദ്ധികമായ ഔന്നത്യം പുലർത്തിയിട്ടില്ലെങ്കിലും - പുതിയ നിയമത്തിലെ യേശു വിചാരങ്ങൾക്കാണ് ഉൾക്കാഴ്ചകളുടെ മേന്മയാവകാശപ്പെടാനുള്ളത്. ആ വാക്യങ്ങളോട് ഏറ്റവും നീതി പുലർത്തിയ തോമസ്സിന്റെ സുവിശേഷമാകട്ടെ, ബൈബിളിൽ ഉൾപ്പെടുത്തിയതുമില്ല! - ബൈബിളിനോട് തോന്നുന്ന സ്നേഹം, പൊടുന്നനെയെന്നോണം അതു നമ്മെ സവിശേഷമായ ആ അന്തരീക്ഷത്തിലേക്ക് ആനയിക്കുന്നു എന്നതാണ്. ലാളിത്യത്തിന്റെ, തീർത്തും ഭൗമികമായ ഒരു ജൈവികതയിലേക്ക്. വ്യത്യസ്തരായ ഒരുപാടാളുകളുടെ രചനകളായിട്ടും എല്ലാത്തിലും ശ്രുതി ചേർന്ന് നില്ക്കുന്ന ഭാഷാ സൗമ്യതയുണ്ട് ബൈബിളിലെമ്പാടും. ഒരുപക്ഷേ ബൈബിളിന്റെ ഭൂമിശാസ്ത്രം അത്തരമൊരു സമീകരണത്തിനു കാരണമാകുന്നുമുണ്ടാകാം. ഏതായാലും റബ്ബോനി അതേ ബൈബിൾ അന്തരീക്ഷത്തെ സംവഹിക്കുന്നു എന്നുള്ളതാണ് സന്തോഷകരമായ വസ്തുത.
എന്നാൽ ഇതിനേക്കാളൊക്കെ, ഈ രചനയോട് സ്നേഹവും ബഹുമാനവും തോന്നാൻ (വ്യക്തിപരമായി) മറ്റു ചിലതാണ് കാരണങ്ങൾ.
യേശുവിനോടൊപ്പം എന്നും കേട്ടുപോന്നിട്ടുള്ള ഒരു പേരാണ് യൂദാസ്. തുടക്കം മുതൽ തീരെ ബോധിച്ചിട്ടില്ലാത്ത ഒന്നായിരുന്നു, യൂദാസ് തന്റെ ഗുരുവിനെ വെറും മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു എന്നത്. എന്തെന്നാൽ, കേട്ടത് പ്രകാരം യേശു ഒട്ടും രഹസ്യമായിട്ടല്ല ജീവിച്ചിരുന്നത്. തീർത്തും സാധാരണക്കാരായ കുറച്ചാളുകളുടെ ഇടയിൽ ഇടപഴകി എന്നതൊഴികെ സവിശേഷമായ അജണ്ടകളോ എന്തെങ്കിലും പിടിച്ചടക്കാനുള്ള തത്രപ്പാടുകളോ അവന്റെ ജീവിതത്തിൽ ഉള്ളതായി കാണുന്നില്ല. ഒരു ഒറ്റിക്കൊടുപ്പിന്റെ ആവശ്യകത ഉണ്ടായിരുന്നതേയില്ല. പുറത്തുനിന്നും വരുന്ന ഏതെങ്കിലും കൊട്ടേഷൻ സംഘങ്ങളൊന്നുമല്ല യേശുവിനെ പൊക്കിക്കൊണ്ടുപോകാൻ വരുന്നത്. ആളെ കാണിച്ചുക്കൊടുക്കാനും സ്കെച്ചിടാനും മറ്റും ആരുടേയും സഹായം വേണ്ടിയിരുന്നില്ല. യേശുവിനെ തിരിച്ചറിയാതിരിക്കുന്ന പ്രശ്നമില്ല. മുപ്പതു വെള്ളിക്കാശ് ഒരു വലിയ തുകയായിരുന്നെങ്കിൽ നിസ്സാരമായ ഒരുകാര്യത്തിനു വേണ്ടി ഭരണകൂടം ഇത്രയും തുക ചെലവാക്കാൻ ന്യായമില്ല. യേശുവിന്റെ നീക്കങ്ങളെപ്പറ്റി അറിയാൻ വേണ്ടി യൂദാസിന് ചില്ലറ കൊടുത്ത് വശത്താക്കി എന്ന് പറയാനുമാവില്ല. യേശു നടന്നിരുന്നത് ഇന്നത്തെ തിരക്ക് പിടിച്ച ടെൽ അവീവിലോ മറ്റോ ആയിരുന്നില്ലല്ലോ. കുതിരപ്പുറത്ത് ഒന്ന് കറങ്ങിയാൽ പത്തു മിനിറ്റു കൊണ്ട് അറിയാവുന്നതേയുള്ളൂ യേശുവിന്റെ നീക്കങ്ങൾ. യേശുവിന്റ ശിഷ്യന്മാരിൽ വിവരമുണ്ടായിരുന്ന ഒരാൾ യൂദാസാണ് എന്നാണ് കേട്ടിട്ടുള്ളത്. അയാൾ ഒറ്റുകയാണെങ്കിൽ ഇതിലും പ്രയോജനകരമായ രീതിയിൽ വേണമായിരുന്നു. യേശു മാത്രമല്ലല്ലോ, യൂദാസും ഒരു ജൂതനായിരുന്നു. മൊത്തത്തിൽ ലാഭകരമല്ലാത്ത ഒന്നിനും, യൂദാസെങ്കിലും തുനിയുമെന്നു തോന്നുന്നില്ല.
ഭരണകൂടത്തിന് നേരെയുണ്ടായ നിസ്സാരമായ ഒരു തലവേദനയായിരുന്നു യേശു. ആൾക്കൂട്ടങ്ങൾക്ക് വഴങ്ങിക്കൊടുക്കുക എന്ന ഭരണപക്ഷ നയത്തിൽ സംഭവിച്ചുപോയ നേരിയ ചില ജാഗ്രതക്കുറവാണ് യേശുവിന്റെ കുരിശാരോഹണത്തിൽ കലാശിച്ചത്. അങ്ങനെയാണ് പിലാത്തോസിന് ഒരു രാഷ്ട്രീയക്കാരനായി കൈകഴുകേണ്ടി വന്നത്. ഭരണകൂടം ആവശ്യപ്പെടുന്ന ആരെ വേണമെങ്കിലും വകവരുത്തുക എന്നത് ഒരു കാലത്തും ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ടും പക്ഷേ യൂദാസും മുപ്പതു വെള്ളിക്കാശുമെല്ലാം കഥയിൽ ഇടം പിടിച്ചത് തീരെ ചേർന്നുപോകാത്ത ഗൂഢാലോചനയായി മനസ്സിൽ തങ്ങി നിന്നിരുന്നു, ആദ്യ ബൈബിൾ വായനയിൽത്തന്നെ.
റബ്ബോനി എന്ന നോവൽ, രാഷ്ട്രീയ ഗൂഢാലോചനകളുടെ പിന്നാമ്പുറങ്ങളിലേക്കു ദൃഷ്ടിയയക്കുന്നുണ്ട്, ചുരുങ്ങിയ വാക്കുകളിൽ ആണെങ്കിലും. യൂദാസിന്റെ ഒറ്റിക്കൊടുക്കൽ മുതൽ ക്രിസ്തുമതം വരേയ്ക്കും, പത്രോസിന്റെ കാർമ്മികത്വത്തിലുള്ള ഗൂഢാലോചനയുടെ (അബോധപരമായിട്ടെങ്കിലും) ഫലമാണ് എന്നത്, ആഘാതമേല്പിക്കാവുന്ന തിരിച്ചറിവാണ്. ആ ആഘാതത്തിന്റെ ധ്വനികൾ, നമുക്കിടയിൽ മുഴങ്ങുന്നില്ലെങ്കിൽ, എന്തിനേയും വിഴുങ്ങാനാവുന്ന priest & politician mafia യുടെ buffering effect നമ്മുടെയുള്ളിൽ എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു എന്ന് മനസ്സിലാക്കുക.
മഗ്‌ദലനയുടെ ജീവിതത്തെവച്ചുകൊണ്ട് പത്രോസും കൂട്ടരും നടത്തിയ കിംവദന്തികൾ, മഗ്ദലനയെ യേശുവിന്റെ ആത്മീയപരിസരത്തെ പ്രധാനിയാവുന്നതിൽ നിന്നും തടയാൻ നടത്തിയ ശ്രമങ്ങൾ, യൂദാസാണ് ഒറ്റിയതെന്നും അതിനെത്തുടർന്ന് അയാൾ പശ്ചാത്തപിച്ചുകൊണ്ട് തൂങ്ങിച്ചത്തെന്നും പറഞ്ഞു പരത്തൽ (ഒരു പക്ഷേ അതായിരിക്കാം ഭരണകൂടത്തിനും ആത്മീയ ദല്ലാൾമാർക്കുമിടയിൽ നടപ്പിൽ വരുത്തപ്പെട്ട ആദ്യത്തെ രാഷ്ട്രീയ അന്തർധാര!), പിന്നീട് മതശാഠ്യങ്ങളെകൊണ്ട് പൊറുതിമുട്ടിയ ജനതയുടെ നേരെ യേശുവിന്റെ പേരിൽ പരിഷ്കരിക്കപ്പെട്ട മതശാഠ്യങ്ങൾ നടപ്പിൽ വരുത്തൽ, തുടങ്ങി വലിയ ഒരളവിൽ ക്രിസ്തുമതത്തിന്റെ (ഏതു മതത്തിന്റേയും) അടിത്തറ പണിയപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുന്നുണ്ട് റോസി തമ്പി.
കുറച്ചുകൂടി അകത്തളങ്ങളിലേക്ക് നോവലിസ്റ്റ് കടന്നു ചെന്നിരുന്നെങ്കിൽ എന്ന് സ്വാഭാവികമായും ആഗ്രഹിച്ചു പോകും, റിച്ചാർഡ് ബാകിനെപ്പോലെ. ആത്മീയമായ ചില ഉൾക്കാഴ്ചകൾ, പ്രായോഗികതയിൽ നിന്നും തെന്നിമാറി മതമെന്ന പേരിലുള്ള കുത്സിത ചര്യകളിലേക്കു വീണുപോകുന്നതെങ്ങനെയെന്ന് വിശദമായി ആവിഷ്ക്കരിച്ചിരിക്കുന്നത് റിച്ചാർഡ് ബാക് ആണ് - ജോനാഥൻ സീഗളിന്റെ ഏറ്റവും പുതിയ പതിപ്പിൽ ചേർത്തിരിക്കുന്ന നാലാം അധ്യായത്തിൽ. അവബോധത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആരാധനയുടെ മയക്കത്തിലേക്ക് വീണുപോകാൻ വരി നില്ക്കുന്ന ഒരു ജനതയെ കാണിച്ചു തരുന്നുണ്ട് അദ്ദേഹം.
(അതേപ്പറ്റി മുൻപെഴുതിയ ഒരു ലേഖനമുണ്ട് - ലിങ്ക് കമന്റ് ബോക്സിൽ).
അനുയായിവൃന്ദങ്ങളുടെ മനോവ്യാപാരങ്ങൾ മിക്കപ്പോഴും അങ്ങനെയാണ്. അടിസ്ഥാനപരമായി അവർ ആൾക്കൂട്ടങ്ങൾ തന്നെ. ക്രൂശിക്കുക എന്നത് ആൾക്കൂട്ടത്തിന്റെ സ്ഥായിയായ പ്രവണതയാണ്. അതിനു പറ്റാതെ വരുമ്പോൾ, മനസ്സ് ആ പ്രതിസന്ധിയെ മറി കടക്കുന്നത് ആരാധിച്ചുകൊണ്ടാണെന്നു മാത്രം.
ഗുരുവിനും ശിഷ്യർക്കുമിടയിൽ ആരാധനക്കിടമില്ല. ഗുരുവിനും ശിഷ്യർക്കുമിടയിൽ ക്രൂശിക്കലിനുമിടമില്ല, യാതൊരു വിധത്തിലുമുള്ള ഒറ്റിനുമിടമില്ല. ശിഷ്യരുടെ മനസ്സ് ആ ദിശയിലൊന്നും ചരിക്കില്ലെന്നല്ല. മനസ്സുള്ളേടത്തോളം അത് എങ്ങനെ വേണമെങ്കിലും ചരിച്ചെന്നിരിക്കും. എന്നാൽ ഗുരുവിനെ സംബന്ധിച്ച് അതൊന്നും തന്നെ സ്പർശിക്കാൻ കെല്പുള്ളവയല്ല. ഗുരുവിന്റെ മുന്നിൽ ഒറ്റിക്കൊടുപ്പും ആരാധനയുമെല്ലാം പാവം ആളുകളുടെ നിസ്സഹായതയുടെ ഭാഗം മാത്രമാണ്. ഗുരുവിനും ശിഷ്യർക്കുമിടയിൽ സംഭവിക്കാനുള്ളത് ഗ്രാഹ്യമാണ് - the very understanding (of the unknowable).
യേശുവിന്റെ കുരിശുമരണം തന്നെ മറ്റൊരു കെട്ടുകഥയായിരുന്നു എന്ന് വിചാരിക്കാൻ ബലമേകുന്ന തെളിവുകൾ പലതുമുണ്ട്. കുരിശിലേറ്റൽ സാബത്തിന്റെ തലേന്നത്തേക്ക് നിശ്ചയിച്ചതും, ഇറക്കികൊണ്ടുവന്ന ശരീരം കല്ലറയിൽ നിന്നും കാണാതെ പോയതുമെല്ലാം സമാന്തരമായി നടന്ന മറ്റൊരു സാഹസികതയാണ്. അത്തരം സംഗതികളിലേക്കൊന്നും നോവൽ കടന്നു ചെല്ലുന്നില്ല. മനഃപൂർവ്വമാകാം.
അതേസമയം, കുരിശുമരണം വെറും കെട്ടുകഥയാവുന്ന മറ്റൊരു തലമുണ്ട്. ആ തലത്തിൽ യേശു വിലപിച്ചിട്ടില്ല. ആ തലത്തിൽ, യേശു തന്റെ പിതാവിനെ വിളിച്ച് പരാതി പറഞ്ഞിട്ടില്ല. ആ തലത്തിൽ യേശു ചിരിച്ചിട്ടേയുള്ളൂ. ആ തലത്തിലാണ് ശരീരത്തെ വെട്ടിനുറുക്കുമ്പോഴും അൽ- ഹില്ലജ് മൻസൂർ നിലക്കാതെ ആർത്തു ചിരിച്ചുകൊണ്ടിരുന്നത്. ആ തലത്തിലാണ് അസഹനീയ വേദനയിലും രമണ മഹർഷിയും നാരായണ ഗുരുവുമൊക്കെ മന്ദഹസിച്ചുകൊണ്ടു തിളങ്ങി നിന്നത്. ആ തലത്തിലാണ് വത്തിക്കാന്റെ വിഷപ്രയോഗം സമ്മാനിച്ച തീരാ വേദനയിൽ നിന്ന്കൊണ്ട് ഓഷോ 'നമസ്തേ'യുടെ അവബോധ ജ്വാലകൾ വാനോളം പടർത്തിയത്.
യഥാർത്ഥ ഒറ്റുകാർ യേശുവിനെ ക്ഷീണിതനും കുരിശിൽ തൂങ്ങിക്കിടക്കുന്നവനുമാക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ വിലാപത്തിന്റെ പ്രതിനിധിയാക്കുന്നു. യഥാർത്ഥ ഒറ്റുകാർ 'യേശു ചിരിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ ദുരിതത്തിന്റെ മേലങ്കിയണിയിപ്പിക്കുകയും ദുരിതത്തെ (suffering) ദുഃഖമെന്ന് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥ ഒറ്റുകാർ ആനന്ദത്തെ ഭയപ്പെടുന്നു; ആനന്ദത്തെ കാംക്ഷിക്കുന്നവർ പാപികളാണെന്നു വ്യഖ്യാനിച്ചു വിജയിക്കുകയും ചെയ്യുന്നു.
കുരിശിൽ കിടന്ന് ചിരിച്ചുവശാവാനാണ് ഗുരുക്കന്മാരുടെ വിധി. അത്രയ്ക്കുണ്ട് നാം അനുയായികളുടെ വകതിരിവില്ലായ്കകൾ. ഓഷോ പങ്കുവെച്ച ഒരു തമാശയുണ്ട്, യേശുവിനെക്കുറിച്ച്. ആദ്യം കേട്ടപ്പോൾ തോന്നിയത് ഓഷോ യേശുവിനെ കളിയാക്കിയതെന്നാണ്. കളിയാക്കാൻ കിട്ടുന്ന, അത് ആരെയായലും എവിടെയായാലും, ഒരവസരവും ഓഷോ വിട്ടുകളയാറില്ലല്ലോ. പിന്നീടാണ് മനസ്സിലായത് യേശു പത്രോസിനെ ട്രോളിയതാണെന്ന്. അതിങ്ങനെയാണ്:
യേശു കുരിശിൽ കിടക്കുന്നു. ചോര വാർന്നുകൊണ്ടിരിക്കുന്നുണ്ട്. നേരം ഇരുട്ടാൻ തുടങ്ങുന്നു. ചുറ്റും തടിച്ചുകൂടിയ ആളുകൾ മുഴുവനും പിരിഞ്ഞുപോയിട്ടില്ല.
പത്രോസ് പതിയെ അവിടെ നിന്നും മുങ്ങാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് ഒരു വിളി കേട്ടത് ,'പത്രോസ്'.
പത്രോസ് ഞെട്ടിത്തിരിഞ്ഞു. പരിചയമുള്ള സ്വരം. ഓ, യേശുവാണ് വിളിക്കുന്നത്! തനിക്കു തോന്നിയതായിരിക്കുമോ? പത്രോസ് മുൾക്കാടുകളിൽ ഒളിക്കാൻ ശ്രമിച്ചു. യേശുവിന്റെ ശബ്ദം വീണ്ടും,'പത്രോസ്, പത്രോസ്..'
പിരിഞ്ഞുപോകാൻ തുടങ്ങിയിരുന്ന ജനക്കൂട്ടം മുഴുവനും തിരിഞ്ഞു നിന്ന് കാതോർത്തു. പത്രോസ് മുൾക്കാട്ടിൽ നിന്നും പുറത്തേക്കു വന്നു.
യേശു വീണ്ടും വിളിച്ചു,'പത്രോസ്, പത്രോസ്....ഇങ്ങു വരൂ.'
പത്രോസിന്റെ കാലുകൾ വിറച്ചു. വിളികേൾക്കാൻ ശബ്ദം പൊങ്ങിയില്ല. അവന്റെ തൊണ്ട വരണ്ടുപോയി. അവനിൽ ഭയവും അവിശ്വാസ്യതയും ഇരച്ചു കയറി. യേശു ശരിക്കും ബോധത്തോടെയാണോ തന്റെ പേര് ഉച്ചരിക്കുന്നത്? താൻ തള്ളിപ്പറഞ്ഞതൊക്കെ വെറുതെയാകുമോ? അവരെങ്ങാനും ഇതറിഞ്ഞാൽ. പത്രോസിന്റെ കണ്ണിൽ ഇരുട്ട് കയറി. ജനക്കൂട്ടം മുഴുവനും വീർപ്പടക്കി കാത്തു നില്ക്കുകയാണ്. ആകാശത്തിനെതിരായി നിലകൊള്ളുന്ന മൂന്ന് വലിയ കുരിശുകൾ. അവയിലൊക്കെയും ചോര വാർന്നുകൊണ്ടിരിക്കുന്ന ദേഹങ്ങൾ. അതിലൊരാൾ തന്നെ പേരെടുത്തു വിളിക്കുന്നു. പത്രോസിനു തോന്നി താൻ ഇപ്പോൾ മരിച്ചുപോയേക്കുമെന്ന്. അപ്പോഴേക്കും യേശു വീണ്ടും വിളിച്ചു, 'പത്രോസ് ഇങ്ങടുത്തേക്ക് വരൂ.'
പത്രോസ് ഒരു കണക്കിന് യേശുവിനെ തൂക്കിയിട്ടിരുന്ന കുരിശിനടുത്തേക്ക് ചെന്നു. അവന്റെ കാലുകൾ കുഴഞ്ഞുപോയിരുന്നു. യേശുവിനു മുൻപിൽ അവന് എഴുന്നേറ്റു നില്ക്കാനായില്ല. അവൻ മുട്ടിൽ നിന്ന് യേശുവിനു നേരെ മുഖമുയർത്തി.
യേശു അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇത്രയും ഉയരത്തിൽ നിൽക്കുമ്പോൾ, അങ്ങ് ദൂരെ എനിക്ക് നിന്റെ വീട് കാണാൻ പറ്റുന്നുണ്ട്!!'
* * * *
ഗുരു എന്ന പ്രതിഭാസം ആൾക്കൂട്ടത്തിനു നേരെയുള്ള ഒരു ട്രോൾ ആണ്; എന്നുമെന്നും സമകാലീനമായിക്കൊണ്ടിരിക്കുന്ന നിശിതമായ ഒരു ഷാർപ് ട്രോൾ. അതിനപ്പുറമുള്ള എല്ലാ വ്യാഖ്യാനങ്ങളും ഗൂഢാലോചനയാണ്, ബോധരാഹിത്യത്തിന്റെ ഗൂഢാലോചന മാത്രം.
വ്യാഖ്യാനങ്ങൾ അവസാനിക്കുന്നേടത്താണ് മഗ്ദലനമാരുടെ കാൽപ്പെരുമാറ്റങ്ങൾ കേൾക്കുന്നത്. അവിടെയാണ് മീരയുടെ ചിലങ്കകൾ നൃത്തമുതിർക്കുന്നത്. അവിടെയാണ് റാബിയമാർ ആർത്തുചിരിച്ചുകൊണ്ട് ഹസന്റെ തലക്കിട്ട് മേടുന്നത്. റബ്ബോനി ഇഷ്ടപ്പെടുന്നത് 'നാഥാ, അങ്ങ് എന്നെ നയിക്കേണമേ' എന്ന് കേൾക്കാനല്ല. റബ്ബോനി ഇഷ്ടപ്പെടുന്നത് ,'ഹായ് റബ്ബോനി, ചിയേർസ്!' എന്ന് വീഞ്ഞ് പകരാനാണ്. അതിന് മഗ്ദലനമാരോളം സ്നേഹവും ധീരതയും മറ്റാർക്കാണുള്ളത്?
മഗ്ദലനയുടെ കാൽപ്പെരുമാറ്റങ്ങൾ ശുഭസൂചനയാണ്.
റോസി തമ്പിക്ക് നന്ദി.
സന്തോഷം.
ReplyDeletePolarities are necessary to exist anything... Jesus is there, then yudas must be there vice versa.
Wheather it is this way or that way...that is the way it is.
Whether he betrayed or not..
For novels, through novels..we can diig the facts..
Yudas always have to choose either for silver coins or death of his own soul.
till the
The day "Judas" become Jesus..
Beautiful naration.. A sip of RABBONI👍🏻👍🏻
mmm. zorbas and buddhas. lv
Deleteദലൈ ലാമയുടെ പ്രശസ്തമായ ഒരു വചനമുണ്ട് :
ReplyDelete"Do not try to use what you learn from Buddhism to be a Buddhist ; use it to be a better whatever-you-already-are".
ദലൈലാമയുടെ ഈ വാക്കുകളെ അന്വർത്ഥമാക്കുന്ന വിധം യേശുവിന്റെ യഥാർത്ഥ മഹത്വത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന zen ഉൾക്കാഴ്ച്ചകൾ അടങ്ങിയ ഈ ലേഖനത്തിനു ഒരായിരം നന്ദി .....
ബ്രഹ്മജ്ഞാനം ലഭിച്ചിട്ടുള്ള ഗുരുക്കന്മാരെ മനസ്സിലാക്കുന്നതിൽ കേവലം ഗ്രന്ഥപാണ്ഡിത്യം മാത്രമുള്ള പുരോഹിതന്മാർക്ക് മിക്കവാറും സംഭവിക്കാറുള്ള സമ്പൂർണ പരാജയത്തിന് മകുടോദാഹരണമാണ് യേശുവിനെ ക്രൂശിതൻ മാത്രമായി ചിത്രീകരിക്കുമ്പോൾ ഉണ്ടാവുന്നത്.
അത്തരമൊരു ചിത്രീകരണം മതം വളർത്താൻ ഉള്ള ഒരു sympathy മാർക്കറ്റിംഗ് ടൂൾ എന്ന നിലക്ക് ഉപകരിക്കുമെങ്കിലും യേശുവിന്റെ വ്യക്ത്തിത്വത്തിന്റെ മഹത്വത്തോട് യോജിക്കുന്നതല്ല. യേശുവിനെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏതൊരു intelligent ആയ വ്യക്ത്തിക്കും അംഗീകരിക്കാൻ പറ്റാത്തതാണ്, ജെറുസലേം ദേവാലയത്തിലേക്ക് ചാട്ടവാറുമായി കടന്നു ചെന്ന യേശുവിനെ, ക്രൂശിതൻ മാത്രമായിട്ടുള്ള ചിത്രീകരണ ശ്രമങ്ങൾ.
ഇതുണ്ടാക്കുന്ന sympathy മതത്തിന്റെ വളർച്ചക്ക് ആവശ്യമാണ് എന്നതിനാലും പാശ്ചാത്യ മതങ്ങൾ പൊതുവെ തങ്ങളുടെ മതത്തിന്റെ മാഹാത്മ്യം അളക്കുന്നത് അനുയായികളുടെ എണ്ണത്തിനെ അടിസ്ഥാനമാക്കിയിട്ടും ആവുന്നതുകൊണ്ടാവാം അവർ ഈ രീതി ഇന്നുവരെ തുടർന്ന് പോരുന്നത് .
പക്ഷെ സിമ്പതി ഉപയോഗിച്ചെങ്കിൽ സിമ്പതി ഉപയോഗിച്ചു, മതത്തിലേക്ക് കൂടുതൽ ആളുകളെ ചേർക്കാൻ സാധിച്ചാൽ മാത്രം മതി എന്ന പൗരോഹിത്യ അധികാര മോഹം, ഒരേ സമയം തച്ച് തകർക്കുന്നത് യേശുവിലെ ഗുരുവിനെയും വിപ്ലവകാരിയെയുമാണ്. കാരണം, ഗുരു ദുഃഖം അനുഭവപ്പെടുന്ന മനസ്സിനും ശരീരത്തിനും അതീതനാണ് .വിപ്ലവകാരിക്ക് ആരുടേയും സിമ്പതിയും ആവശ്യമില്ല . Sympathy അല്ല മാറ്റം(change) മാത്രമാണ് വിപ്ലവകാരിക്ക് ലഭിക്കാവുന്ന ഒരേയൊരംഗീകാരം.........(continued)
(......)
ReplyDeleteകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ ഗുരു സ്ഥിതപ്രജ്ഞാവസ്ഥ കൈവരിച്ച ഒരുവനാണ്. ഗീതയിൽ പറയപ്പെടുന്ന സ്ഥിതപ്രജ്ഞ ലക്ഷണങ്ങളിൽ ചിലതു ഇപ്രകാരം ആണ്:
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ |
വീതരാഗഭയക്രോധഃ സ്ഥിതധീര്മുനിരുച്യതേ || chapter 2 verse 56
‘ദുഃഖാനുഭവങ്ങളിൽ പതർച്ചയില്ലാത്തവനും സുഖാനുഭവങ്ങളിൽ ആഗ്രഹമില്ലാത്തവനും രാഗം ഭയം ക്രോധം എന്നിവയെ അകറ്റാൻ കഴിഞ്ഞവനും മൗനിയും ആയവൻ സ്ഥിതപ്രജ്ഞനെന്ന് പറയപ്പെടുന്നു.’
യേശുവിനു മുമ്പിൽ മാത്രമല്ല, തന്നെ സമീപിക്കുന്ന അല്ലെങ്കിൽ താൻ സമീപിക്കുന്ന ഏതൊരാൾക്കും നൽകാൻ തന്റെ കയ്യിൽ ജീവിതകാലം മുഴുവൻ കഴുകിയാലും തീരാത്ത ചീത്തപ്പേര് മാത്രമേ മഗ്ദലേന മറിയത്തിനു ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഇന്നുവരെ വായിച്ചറിഞ്ഞ മറിയം ഏർപ്പെട്ടിരുന്ന തൊഴിലിന്റെ ഈ പ്രത്യേകത കാരണം സദാചാരത്തിന്റെ മുഖംമൂടിയെ എന്നെന്നും പ്രാണന്റെ വില കൊടുത്തും സംരക്ഷിച്ച് പോന്നിരുന്ന പുരോഹിതന്മാർ മഗ്ദലേനകളെ തീണ്ടാപ്പാടകലെ അകറ്റി നിർത്തി പോന്നപ്പോൾ, തന്നിലെ എല്ലാ കുറവുകളേയും അംഗീകരിച്ചു തനിക്കുള്ളിലെ സത്യാന്വേഷിയുടെ ആത്മാർത്ഥതയെ മാത്രം നോക്കിക്കണ്ട്, തന്നെ കൈ പിടിച്ചു കൂടെ നടത്തിയ അദ്ദേഹത്തിന്റെ ആ പ്രതിച്ഛായാഭയം ഇല്ലായ്മ തന്നെ, സ്ഥിതപ്രജ്ഞത്വത്തിന്റെ തെളിവായി മറിയം കണക്കാക്കിയിരിക്കണം .
യേശുവിലെ ഗുരുവിനെ ശങ്കരാചാര്യരുടെ നിർവാണ ശതകത്തിലൂടെ നോക്കിക്കണ്ടാൽ,
"മനോ ബുധ്യഹങ്കാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വാ ന ച ഘ്രാണനേത്ര
ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം....."
ചാട്ടവാറടികൾകൊണ്ട് പുളഞ്ഞ ശരീരത്തിനും ശിഷ്യന്മാരാൽ ത്യജിക്കപ്പെട്ടതിന്റെയോ ആൾക്കൂട്ട നീതിന്യായ വ്യവസ്ഥയുടെ ദൈവനിന്ദകൻ എന്ന ആരോപണ ശരങ്ങളുടെയോ പോറലുകളേറ്റുവാങ്ങിയ മനസ്സിനും ഒക്കെ അതീതമായ എല്ലാവിധ വികാരങ്ങളും സെന്റിമെൻറ്സും നിലകൊള്ളുന്ന ബുദ്ധിക്കും അഹങ്കാരത്തിനും ചിത്തത്തിനും അതീതമായ ആനന്ദത്തിന്റെ സ്വരൂപമായ സാക്ഷീഭാവത്തിലാണ് ( The witnessing consciousness ) ഗുരു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു മാത്രമാണ് വേദനകൊണ്ടു പുളയുമ്പോഴും ക്രോധം എന്ന natural reaction പകരം കാരുണ്യം എന്ന response അദ്ദേഹത്തിൽ നിന്ന് ഉയർന്നത് ( "Father, forgive them; for they know not what they do" എന്ന തന്നെ ക്രൂശിക്കുന്നവക്ക് കൂടി വേണ്ടിയുള്ള പ്രാർത്ഥന ); ഹില്ലാജ് മൻസൂറിന്റെ ചിരി പോലെ, ഓഷോയുടെ നൃത്തംപോലെ ........ .
(continued)
(.....)
ReplyDeleteഅവിടെയാണ് കുരിശിൽ നേരിട്ട പീഡനത്തെ sentimental ചൂഷണത്തിന് വേണ്ടി ഉപയോഗിച്ച പുരോഹിതന്മാരുടെ പ്രസംഗങ്ങളെക്കാളും എത്രയോ നന്നായി യേശുവിനെ മനസ്സിലാക്കാൻ ഓഷോയുടെ ഈ joke നമ്മളെ സഹായിക്കുന്നതും.
യേശുവിന്റെ ക്രൂസിഫിക്കേഷനെ മതം വളർത്താനുള്ള sympathy മാർക്കറ്റിംഗ് ടൂൾ ആയും, പിൽക്കാലത്ത് ജൂതന്മാരെ കണ്ണിൽ ചോരയില്ലാതെ വേട്ടയാടുവാനും, വംശഹത്യ നടത്താനുമുള്ള ന്യായീകരണമായും ഉപയോഗിച്ച പൗരോഹിത്യ കുടിലതയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൂടിയാവണം, വത്തിക്കാൻറെ റേഡിയോആക്റ്റിവ് poisoning തന്ന തീരാവേദനയിൽ ഇഞ്ചിഞ്ചായി ശരീരം പിടഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒരിക്കൽപോലും ഓഷോ ദുഃഖിതനായ മുഖഭാവത്തോടെ തന്റെ ശിഷ്യന്മാർക്കു മുമ്പിൽ പ്രത്യക്ഷപെടാതിരുന്നത്. നാളെ ഓഷോയുടെ പാതയിലേക്ക് കടന്നു വരാനിടയുള്ള fanatic mindset ഉള്ളവർക്കും അവരുടെ ദുഷിച്ച മനോകാമനകൾക്കും ഓഷോയെ ഉപയോഗിച്ച് ഒരു ക്രിസ്ത്യൻ വേട്ട അസാധ്യമാക്കുക എന്ന ലക്ഷ്യവും ആ പുഞ്ചിരിക്കുണ്ടാവാം. ഇവിടെയാണ് ഓഷോയുടെ കാരുണ്യം യേശുവിനെ മറികടക്കുന്നത്. ഇവിടെയാണ് ഓഷോയുടെ ദീർഘവീക്ഷണം യേശുവിനെ ബഹുദൂരം പിന്നിലാക്കുന്നത്.
മഗ്ദലേനകളുടെ ഇന്നലെകളെ വെള്ളപൂശാൻ ശ്രമിക്കുന്നവർ, അവർ പോലും അറിയാതെ ചെയ്യുന്നത് സ്ത്രീകളെ സ്വന്തം ചാരിത്ര്യത്തിന്റെ മാത്രം സംരക്ഷകരാക്കി, അകത്തളങ്ങളിൽ മാത്രമായി തളച്ചിടാൻ വേണ്ടി, മതത്തെ പുരുഷാധിപത്യത്തിന്റെ ഒരു ചട്ടുകമാക്കി മാറ്റാൻ ശ്രമിക്കുന്ന പുരോഹിതന്മാരുടെ കരങ്ങൾക്ക് ശക്‌തിപകരലാണ്...അതു മനസ്സിലാക്കിക്കൊണ്ട് തന്നെ യാണ് ഓഷോ ലൈംഗീകമായി സ്വതന്ത്രകളായ തന്റെ സന്യാസിനിമാരെ, ഒരു മടിയും കൂടാതെ കൈപിടിച്ച് പരസ്യമായി തന്റെ കൂടെ തന്നെ നിർത്തിയത്. മനുഷ്യന്റെ അവബോധത്തെ ഉയർത്താനുള്ള ഇന്നലെകളിലെ എല്ലാ ഗുരുക്കന്മാരുടെയും ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് മഗ്ദലേനയടക്കം സ്വാതന്ത്രത്തെ അങ്ങേയറ്റം സ്നേഹിച്ച ഒരുപാട് സ്ത്രീകൾ നിശബ്ദമായി ഗുരുക്കന്മാർക്കൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, പുരുഷാധിപത്യത്തിനു വേണ്ടി നിലകൊണ്ട priest and politician mafia അവരെയെല്ലാം വിസ്‌മൃതിയുടെ പാതാളങ്ങളിലേക്കു ചവിട്ടി താഴ്ത്തി. ഇതിനെല്ലാം പകരമാവണം (അവർക്കെല്ലാമുള്ള ഒരു Tribute എന്നോണം) ഓഷോ തന്റെ കമ്മ്യൂണിലെ പ്രധാന ചുമതലകളെല്ലാം അങ്ങേയറ്റം സ്വതന്ത്രകളായ സ്ത്രീകളെ തന്നെ ഏല്പിച്ചത്. ലൈംഗീക സ്വാതന്ത്ര്യം ഉള്ള സ്ത്രീകളോട് ദൈവത്തിനു യാതൊരു അയിത്തവുമില്ലെന്നു നമ്മെ ഓർമ്മിപ്പിക്കാൻ .
Whether it be Krishna, Christ or Osho, every Buddha and his lifestyle is existence's own way of showing the middle finger to the priest and politician mafia.
കുറച്ചുകൂടി മികച്ച ഒരു ലോകത്ത്, യേശുവിനോടു നീതി പുലർത്തുന്ന പള്ളികൾ ഉണ്ടായി വരുമെങ്കിൽ, അവിടെ നമ്മൾ കാണുക കുരിശിൽ കിടക്കുന്ന യേശുവിനെ അല്ല. മറിച്ച്, തന്നിലെ സച്ചിദാനന്ദരൂപമായ പരമാത്മാവിനെ തിരിച്ചറിഞ്ഞതിന്റെ ഫലമായി ആനന്ദനൃത്തം ചവിട്ടുന്ന ഒരു യേശുവിനെ ആയിരിക്കും........(continued)
(......)അതുവരെ ഈ ലേഖനം നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും
ReplyDelete"യഥാർത്ഥ ഒറ്റുകാർ യേശുവിനെ ക്ഷീണിതനും കുരിശിൽ തൂങ്ങിക്കിടക്കുന്നവനുമാക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ വിലാപത്തിന്റെ പ്രതിനിധിയാക്കുന്നു. യഥാർത്ഥ ഒറ്റുകാർ 'യേശു ചിരിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുന്നു. യഥാർത്ഥ ഒറ്റുകാർ അവനെ ദുരിതത്തിന്റെ മേലങ്കിയണിയിപ്പിക്കുകയും ദുരിതത്തെ (suffering) ദുഃഖമെന്ന് പരിഭാഷപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥ ഒറ്റുകാർ ആനന്ദത്തെ ഭയപ്പെടുന്നു; ആനന്ദത്തെ കാംക്ഷിക്കുന്നവർ പാപികളാണെന്നു വ്യഖ്യാനിച്ചു വിജയിക്കുകയും ചെയ്യുന്നു."
യേശുവിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതിനായി Dr. Rosy Thambi ഒരു പുതിയ പുസ്തകം എഴുതി എന്നറിയുന്നതിൽ സന്തോഷം . Dr. Rosy Thambiക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
THANK DHEERAJ. YOUR COMMENT IS AS CONTEMPLATIVE AS THE BLOG, I HAD IN MIND WHEN IT WAS WRITTEN. lv
ReplyDelete