Featured Post

Wednesday, December 29, 2021

ഉണർവിലേക്കുള്ള പടവുകൾ - 24

                            

പശ്ചാത്താപത്തിന്റെ കലഹ പശ്ചാത്തലങ്ങൾ

മതവിശ്വാസമെന്നതിന്റെ ഉത്ഭവത്തോടെയാണ് തെറ്റ് (mistake) എന്നതിന് 'പാപം' എന്ന് അർത്ഥഭേദം സംഭവിക്കാൻ തുടങ്ങിയത്. നേരെ തിരിച്ചും ഒരു പരിധി വരെ ശരിയായിരിക്കാം - വെറും തെറ്റിനെ പാപം എന്ന് കാണാൻ തുടങ്ങുന്നത് മുതൽക്കാണ് വിശ്വാസവും മതവുമെല്ലാം ഉത്ഭവിക്കാൻ തുടങ്ങിയത്. എങ്ങനെയായാലും, സമൂഹമായി ജീവിക്കാൻ തുടങ്ങിയതുമുതൽ പാപം, കുറ്റബോധം, പ്രായശ്ചിത്തം, പശ്ചാത്താപം, ക്ഷമ (forgiveness) എന്നീ സങ്കൽപ്പങ്ങൾക്ക് ചുറ്റിലുമാണ് മനുഷ്യൻ പ്രധാനമായും കറങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ തവണ കറങ്ങി വരുമ്പോഴും അവനു തോന്നുന്നത് താൻ വളർന്നുകൊണ്ടിരിക്കുന്നുവെന്നോ, മുന്നോട്ടുള്ള യാത്രയിൽ താൻ ഏറെ ദൂരം പിന്നിട്ടിരിക്കുന്നുവെന്നോ ആണ്, സത്യമതല്ലെങ്കിലും.


മനുഷ്യന്റെ സഹജ പ്രകൃതമാണ് തെറ്റുകൾ പറ്റിപ്പോവുക എന്നത്. പലപ്പോഴും അത് തെറ്റായിരുന്നുവെന്നറിയുകയും അതിനെ തിരുത്താൻ സാധിക്കുന്നതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം ഇനി അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുകയെന്നതും അവന്റെ സഹജതയിൽ വരുന്നതാണ്. ഒരു വ്യക്തി വളർന്നു വരുന്നത് അത്തരത്തിലാണ്. എന്നാൽ ജീവശാസ്ത്രപരമായി സഹജമല്ലാത്ത ഒന്നാണ് കുറ്റബോധം. അത് പുറമെ നിന്ന് ആരോപിക്കപ്പെടുന്നതാണ്. ശീലിച്ചെടുക്കുന്നതാണ്. അതുകൊണ്ടാണ് ഒരേ പ്രവൃത്തി ഒരു സമൂഹത്തിലുള്ളവരിൽ കുറ്റബോധം സൃഷ്ടിക്കുമ്പോൾ മറ്റൊരു സമൂഹത്തിലുള്ളവർക്ക് അതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തത്. അതുകൊണ്ടാണ് ഒരു കാലഘട്ടത്തിൽ കുറ്റബോധം സൃഷ്ടിച്ചിരുന്ന ഒരു പ്രവൃത്തി, മറ്റൊരു കാലഘട്ടത്തിൽ തികച്ചും സ്വാഭാവികമെന്നോ പുരോഗമനപരമെന്നോ കരുതപ്പെടുന്നത്. 


തെറ്റുകൾ പറ്റുക എന്നത് വളർച്ചയിലെ സ്വാഭാവികതയെന്ന് എടുക്കാനാവാതെ വരുമ്പോൾ, പ്രായശ്ചിത്തത്തിനും മാപ്പിനുമെല്ലാം ഇല്ലാത്ത പ്രാധാന്യം കൈവരുന്നു. 'To err is human, to forgive divine' എന്നെല്ലാം ഘോഷിക്കാൻ തുടങ്ങുന്നു. തെറ്റ് മാനുഷികമെങ്കിൽ, മാപ്പ് നല്കലും മാനുഷികമാവേണ്ടതല്ലേ? മാപ്പു നൽകുക എന്നത് ദൈവികമാണെങ്കിൽ, തെറ്റു പറ്റുക എന്നതും ദൈവികമാണെന്ന് കരുതേണ്ടി വരും. ഒരുപക്ഷേ, മനുഷ്യന്റെ വളർച്ചയിൽ 'തെറ്റ്, ശരി' എന്നീ സങ്കല്പങ്ങളിലാണെന്നു തോന്നുന്നു ഏറ്റവും കൂടുതൽ തെറ്റ് പറ്റിപ്പോയിട്ടുള്ളത്.


മാപ്പു നല്കുക എന്നത് ഇത്രക്കും ദൈവികമായിട്ടുള്ളതാണെങ്കിൽ സ്വയം മാപ്പു നൽകിയാൽ പോരെ? അവിടെ നമ്മുടെ മനസ്സ് പുറത്തെടുക്കുക മറ്റൊരു അടവാണ് - പശ്ചാത്തപിക്കൽ. വെറും പശ്ചാത്തപിക്കലല്ല. തെറ്റിനു വിലയിട്ടതിനു ശേഷം അതിന്റെ ഇരട്ടി വിലയുള്ള പീഢ സ്വയം ഏറ്റെടുക്കൽ. പെട്ടെന്നു തോന്നിപ്പോവുക, പറ്റിപ്പോയ തെറ്റിന്റെ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഒരാൾ പ്രായശ്ചിത്തത്തിലൂടെ ചെയ്യുന്നതെന്നാണ്. നേരെ തിരിച്ചാണ് വാസ്തവം. ചെയ്തുപോയ തെറ്റിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വഴുതിമാറാനുള്ള ഉപാധിയായാണ് പശ്ചാത്താപത്തെ വരിക്കുന്നത്. 


ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാത്തത്, തനിക്ക് മാറേണ്ടി വരുന്നു എന്നതുകൊണ്ടാണ്. താൻ ഇതുവരേക്കും ധരിച്ചുവെച്ചിരുന്നവ അപ്പാടെ മാറ്റിപ്പണിയേണ്ടി വരുന്നു. താൻ ഇതുവരേക്കും പടുത്തുയർത്തിയിട്ടുള്ള പ്രതിഛായകൾ നൊടിയിടയിൽ ഉടഞ്ഞു വീഴും. തനിക്കുണ്ടെന്ന് വിചാരിച്ചിരുന്ന പ്രാധാന്യവും (self importance) ബഹുമാനവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതെയാകും. അപ്പോൾ പിന്നെ പ്രതിഛായകൾക്കു കാര്യമായ കോട്ടം വരുത്താതെ സന്ദർഭത്തിൽ നിന്നും തടിയൂരുക എന്ന പരിപാടിയാണ് പശ്ചാത്താപം കൊണ്ട് നാം നേടാൻശ്രമിക്കുന്നത്. പശ്ചാത്താപം 'തെറ്റ്' എന്ന അർത്ഥത്തിലല്ല ഇവിടെ പരാമർശിക്കുന്നത്. മറിച്ച് അതിലെ വിവേകമില്ലായ്‌മയും പതിയിരിക്കുന്ന മനോ കാപട്യങ്ങളും ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ. 


പശ്ചാത്താപത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ, തെറ്റിനെ പാപമെന്നു പരിഭാഷപ്പെടുത്തിയ മതങ്ങൾ ഒന്നിനൊന്നു മത്സരിച്ചുവരികയായിരുന്നു. സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് അവയുടെ ആണിക്കല്ലെന്ന് തോന്നും വിധമാണ് പശ്ചാത്താപത്തിനു കൊടുത്തിരിക്കുന്ന പ്രധാന്യം. അതേസമയം കൗതുകകരമായ സംഗതിയെന്തെന്നാൽ, മിക്ക മതപശ്ചാത്തലങ്ങളിലും, ഇസ്ലാമാകട്ടെ, ക്രിസ്തുമതമാകട്ടെ, യഹൂദമതമാകട്ടെ, ഗ്രീക്കുകാരുടെ metanoia യാകട്ടെ, പശ്ചാത്താപത്തിനുപയോഗിക്കുന്ന വാക്കുകളുടെയെല്ലാം അർത്ഥം തിരിച്ചുപോക്ക് - returning - എന്നാണ്. എന്തിനധികം, പശ്ചാത്താപം എന്ന പദത്തിന്റെ തന്നെ ധ്വനി 'പിന്നോട്ട് പോവുക' എന്നാണ്.


അങ്ങനെയെങ്കിൽ, പശ്ചാത്താപം കൊണ്ട് ഉദ്ദേശിക്കുന്നത്, തെറ്റെന്ന് വിചാരിക്കുന്ന ആ പ്രവൃത്തി ചെയ്യുന്നതിന് തൊട്ടു മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോവുക എന്ന് മാത്രമാണ്. ഒരു കവലയിൽ നിന്നും നാം തെറ്റായ ഏതോ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപക്ഷേ അതിന്റെ ഭാഗമായി കുറച്ചു നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകാം. ഇനി ആകെ ചെയ്യാനുള്ളത് ആ കവലയിലേക്കു തിരിച്ചുനടക്കുക എന്നതാണ്. അതിനുശേഷം തീരുമാനിക്കാം ഏതാണ് ശരിക്കും പോകേണ്ട വഴിയെന്ന്.

തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതിന്റെ പേരിൽ നമുക്ക് ഒരല്പം ജാള്യതയോ വിഷമമോ തോന്നാം. അതുപക്ഷേ, ഏതെങ്കിലും വിശ്വാസത്തിന്റെയോ പ്രതിച്ഛായയുടെയോ പേരിലല്ല തോന്നേണ്ടത്; വെറും സാമാന്യ ബോധത്തിന്റെ പേരിൽ - just common sense. ഉണർവോടെയിരിക്കേണ്ടിയിരുന്ന നാം ഒരു നിമിഷ നേരത്തേക്ക് ഉറങ്ങിപ്പോയല്ലോ എന്ന് ഓർക്കുന്നതുപോലെ. ആ ഒരൊറ്റ തിരിച്ചറിവുകൊണ്ട് സംഭവിക്കേണ്ടത് ഇനിയത് ആവർത്തിക്കാതിരിക്കാനുള്ള ഉണർവ്വാണ്‌. ഉണർന്നിരിക്കാൻ നാം അത്രതന്നെ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പശ്ചാത്താപത്തിന്റെ പേരിലോ, അതിരുകവിഞ്ഞ ക്ഷമായാചനത്തിന്റെ പേരിലോ മുഖം പൂഴ്ത്താൻ തക്കം പാർക്കുന്നത്. അതല്ലെങ്കിൽ, മറ്റേതെങ്കിലും ഉപഹാരങ്ങളിലൂടെയോ, തങ്ങൾക്കും മതിയായ നാശനഷ്ടങ്ങൾ സംഭവിച്ചു എന്ന് വരുത്തിതീർത്തുകൊണ്ടോ അപ്പുറത്തുള്ളയാളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്.

മുൻകോപത്തിന്റെ ഭാഗമായി ഒരാളെ നാം അധിക്ഷേപിക്കുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്തുവെന്ന് വിചാരിക്കുക. കോപമടങ്ങിയതിനു ശേഷം നമുക്ക് മനസ്സിലായി, തന്റെ ചെയ്തികൾ തെറ്റായിപ്പോയെന്ന്. ആ അവസ്ഥയിൽ നമുക്ക് തോന്നുന്ന വിഷമമോ, മുൻകോപത്തിനു അടിമപ്പെട്ടുപോയി എന്നതിലുള്ള തിരിച്ചറിവോ നമുക്കു ആ വ്യക്തിയുമായി പങ്കുവെക്കാം. സാമാന്യമായ പെരുമാറ്റ രീതികളുടെ ഭാഗമായി നമുക്കയാളോട് മാപ്പുചോദിക്കാം. അയാൾ നമുക്ക് ചെവി കൊടുക്കുകയോ, ആ സംഭവത്തിന് മുൻപുണ്ടായിരുന്ന അതേ മനോ നിലയിലേക്ക് തിരിച്ചുവരികയോ ചെയ്തില്ലെന്ന് വരാം. പക്ഷേ നമുക്ക് വരാവുന്നതാണ്. ഇനി അതുപോലുള്ള സന്ദർഭങ്ങളെപ്രതി ജാഗ്രത പാലിക്കാവുന്നതാണ്. പുറത്തുചാടാൻ തക്കം പാർത്തുകിടക്കുന്ന കോപത്തിന്റെ ശേഖരത്തെപ്പറ്റി നമുക്ക് ബോധാവാനാകാം. അതിനു പകരം, ശയനപ്രദക്ഷിണം നടത്തിയതുകൊണ്ടോ, മണിക്കൂറുകളോളം മുട്ടുകുത്തിനിന്ന് കഷ്ടപ്പെട്ട് പ്രാർത്ഥിച്ചതുകൊണ്ടോ, മുൾചൂലുകൊണ്ട് സ്വയം പ്രഹരിച്ചതുകൊണ്ടോ നൂറായിരം സോറി പറഞ്ഞതുകൊണ്ടോ നാം തിരിച്ചുവരാനോ ശരിയായ ദിശയിലൂടെ യാത്ര തുടരാനോ പോകുന്നില്ല.


തെറ്റുപറ്റലും പശ്ചാത്തപിക്കലും മനസ്സിന്റെ കേളീരംഗങ്ങളായി മാറുകയാണത്രേ; ദ്വൈതത്തിൽ മാത്രം കഴിഞ്ഞുപോകുന്ന ഒരു ഉഭയജീവിയെപ്പോലെ. തന്റെ മുൻകോപത്തെ പ്രതി എല്ലായ്‌പോഴും പശ്ചാത്താപ വിവശനായി നടന്ന ഒരാളോട് ഓഷോ നിർദേശിച്ചത്, മുൻകോപത്തെ ഉപേക്ഷിക്കാനല്ല; പശ്ചാത്താപത്തെ നിർത്താനാണ്. പശ്ചാത്തപിക്കാനുള്ള അവസരം തെറ്റുചെയ്യാനുള്ള (മുൻകോപത്തിനുള്ള) മൗനാനുവാദമായാണ് മനസ്സ് മനസ്സിലാക്കുന്നത്. ആ ചാക്രികതയിലാണ് തെറ്റുകൾ സംഭവിക്കാനുള്ള സാധ്യതകൾ കുടികിടക്കുന്നത്. ബോധപൂർവ്വം ആ ചാക്രികതക്ക് ഭംഗം വരുത്താത്തേടത്തോളം നാം നമ്മുടെ തെറ്റുകളെ പരോക്ഷമായി ആഘോഷിച്ചുകൊണ്ടിരിക്കും; തെറ്റിലൂടെ കൈവന്ന വാർത്താപ്രാധാന്യത്തെ മാപ്പുപറയുന്നതിലൂടെ മഹത്വവല്ക്കരിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ.


                                           






 


11 comments: