Featured Post

Thursday, December 15, 2022

ഉണർവിലേക്കുള്ള പടവുകൾ - 34




ആദ്യമേ ഉടഞ്ഞ കപ്പ്

ഒരു തായ് ചി ഗുരു പറഞ്ഞ ഒരു വാക്യം ഈയിടെ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു - 'the glass is already broken'. അദ്ദേഹത്തിനോട് ചോദിക്കപ്പെട്ട ചോദ്യം ഇതാണ്: "സകലതും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സന്തോഷം എങ്ങനെയുണ്ടാവാനാണ്? വേർപാടും ദുഃഖവുമെല്ലാം, ഈ ലോകത്തേക്ക് വരുന്നതോടെ നമുക്കൊപ്പം കൂടുന്നു. സംഗതികളൊന്നുംതന്നെ നാം ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത് എന്ന് കാണുമ്പോൾ, നമുക്കെങ്ങനെ സുരക്ഷിതത്വം കണ്ടെത്താനാവും?” 

രാവിലത്തെ ചായ കുടിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ കയ്യിലെ ചില്ലുകോപ്പ  ഉയർത്തിക്കാണിച്ചുകൊണ്ട്, ചോദ്യം ഉന്നയിച്ച വ്യക്തിയോട് സ്നേഹപൂർവ്വം പറഞ്ഞു,"ഈ ചായക്കോപ്പ കണ്ടോ? എന്നെ സംബന്ധിച്ച് ഇത് ആദ്യമേ ഉടഞ്ഞതാണ്, already broken ". അദ്ദേഹം തുടർന്നു, "കാണാൻ ചന്തമുള്ള കപ്പാണിത്. ഞാൻ ഇതിൽ നിന്നുമാണ് കുടിക്കുന്നത്. എനിക്ക് കുടിക്കാനുള്ള പാനീയങ്ങൾ അത് നല്ലവണ്ണം ഉൾക്കൊള്ളുന്നു. ചിലപ്പോഴെല്ലാം ഇതിന്മേൽ സൂര്യപ്രകാശം വന്നു വീഴുമ്പോൾ, മനോഹരമായ മഴവിൽ ചിത്രങ്ങൾ ഉണ്ടായിവരുന്നു. ഇതിന്മേൽ വിരലുകളെക്കൊണ്ട് താളം പിടിക്കുമ്പോൾ, ദാ, നല്ല സ്വരങ്ങൾ ഉതിർന്നുവീഴുന്നു. എന്നാൽ, കാറ്റ് വന്ന്, ഷെൽഫിൽ നിന്നും അതിനെ തട്ടി താഴെയിടുമ്പോൾ, അല്ലെങ്കിൽ അബദ്ധത്തിൽ എന്റെ കൈ തട്ടി അത് നിലത്തു വീണുടയുമ്പോൾ, ഞാൻ പറയും,'അതെ, അതുതന്നെ' "

“ഈ ചില്ലു കപ്പ് ആദ്യമേ ഉടഞ്ഞതാണെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ ”, അദ്ദേഹം തുടർന്നു, "പിന്നീട് അതിനോടുത്തുള്ള ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെനിക്ക്. ഓരോ നിമിഷവും മറ്റൊന്നിനും ഇടയില്ലാത്ത വിധം സമൃദ്ധമായിരിക്കും, സമഗ്രമായിരിക്കും, പരിശുദ്ധമായിരിക്കും”.


ജീവിത നിഷേധിയായ ഒരു സമീപനമല്ല 'the glass is already broken' എന്നത്. അശുഭാപ്തിവിശ്വാസവുമല്ല. തികച്ചും സത്യസന്ധമായ ഒരു ഓർത്തെടുക്കൽ മാത്രമാണത്, a deep remembering. ഏറെ ആഴത്തിലുള്ള തിരിച്ചറിവ്. A deeper and wider perception of life. തീർച്ചയായും, നമുക്ക് ജീവിക്കാൻ സാധിക്കുക, കണ്ണ് കാത് തുടങ്ങിയ ഇന്ദ്രിയങ്ങൾ കൊണ്ടുതരുന്ന ഇത്തിരിപ്പോന്ന ഒരു കളിത്തട്ടിലാണ്. അതാണ് നമ്മുടെ വർത്തമാനം, the working desktop of daily life. 

കടന്നുപോകുന്ന ഒരു ഘോഷയാത്രയെ, തുറന്നിട്ട ഒരു ജനൽപാളിയിലൂടെ നോക്കിക്കാണുകയാണ് നാം. ജനൽപാളിക്ക് മുന്നിൽ നാം കാണുന്നത് കൊട്ടും കുരവയും ഉല്ലാസവുമാണ്. അല്ലെങ്കിൽ, ഒരു ശവഘോഷയാത്രയിലേതുപോലെ മൂക മുഖങ്ങളും മന്ത്രോച്ചാരണങ്ങളും. നമുക്കറിയാം ആ ഘോഷയാത്ര അല്പനേരം കഴിഞ്ഞാൽ ഓരോരുത്തരായി പിരിഞ്ഞുപോകുമെന്ന്. നമുക്കറിയാം ആദ്യമേ അത് വ്യക്തികൾ മാത്രമാണെന്ന്. സവിശേഷമായ രീതിയിൽ അവർ ഒന്ന് ചേരുമ്പോൾ അതിനു താല്ക്കാലികമായ ഒരു അർത്ഥം കൈവരിക മാത്രമാണ്; കാലിഡോസ്കോപ്പിലെ ചിത്രചാതുരി പോലെ. ആ ഘോഷയാത്ര വ്യക്തികളായി പിരിഞ്ഞു പോകുമ്പോൾ നാം ആശ്ചര്യപ്പെടുന്നില്ല. പിരിഞ്ഞുപോകുമെന്ന് അറിയാമെങ്കിലും ആ ഘോഷയാത്രയെ നമുക്ക് ആസ്വദിക്കാനാവുന്നുണ്ട്. സത്യത്തിൽ, താല്ക്കാലികമായ ഒരു ഒത്തുച്ചേരലാണ് എന്ന് അറിയുന്നതുകൊണ്ടാണ് നാം അതിനെ സവിശേഷമായി ആസ്വദിക്കുന്നത്. 

കണ്ണുകളെക്കൊണ്ട് കാണുന്നത് ജനൽപ്പാളിയിലൂടെയുള്ള ഒരു ചെറിയ ദൃശ്യമാണെങ്കിലും ആ ദൃശ്യത്തിന്റെ ഇടത്തും വലത്തും, അതിനു മുൻപും അതിനു ശേഷവും എന്തായിരിക്കുമെന്ന് ധാരണയുണ്ടാവുകയാണെങ്കിൽ, ആ ദൃശ്യത്തിനോടുള്ള നമ്മുടെ പ്രതികരണം തീർത്തും വ്യത്യസ്തമായിരിക്കും. ദൃശ്യങ്ങളോടും ശബ്ദങ്ങളോടും മറ്റ് ഇന്ദ്രിയചോദനകളോടുമുള്ള നിരന്തരമായ പ്രതികരണങ്ങളെയാണ് മൊത്തമായെടുത്ത് നാം ജീവിതമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിനജീവിതത്തിലെ ഒരു നിസ്സാര പ്രതികരണം പോലും ശീലത്തിൽക്കവിഞ്ഞ ഗഹനതയാവശ്യപ്പെടുന്നുണ്ട്. 


  
The first X-ray image,
“Hand mit Ringen” by Wilhelm Conrad Roentgen, 1895.
WELLCOME LIBRARY, LONDONCC BY 4.0
വൈദ്യശാസ്ത്രത്തെ മാറ്റിമറിച്ചത് അത്തരം ഗഹനമായ ഒരു നിമിഷമായിരുന്നു. കൃത്യമായി പറഞ്ഞാൽ 1895 നവംബർ 8 ന്. ജെർമൻകാരനായിരുന്ന വിൽഹെം കോൺറാഡ് റോന്റ്‌ജെൻ എക്സ്-റേ കണ്ടെത്തിയ നിമിഷം. തന്റെ ഭാര്യയുടെ സുന്ദരമായ കൈത്തലം, എല്ലിൻ കഷ്ണങ്ങൾ തൊട്ടുതൊടാതെ വെച്ചുണ്ടാക്കിയ, പുല്ലുമാന്തിപോലുള്ള ഒരു അവയവമാണെന്ന് അദ്ദേഹം തന്റെ എക്സ്-റേ ഫിലിമിൽ നിന്നും തിരിച്ചറിഞ്ഞു (ഒരു വിരലിൽ താൻ പ്രേമപൂർവ്വം അണിയിച്ച വിവാഹമോതിരത്തിന്റെ നിഴൽ പോലുമുണ്ടായിരുന്നു!). വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് അത് വിപ്ലവകരമായ ഒരു മുഹൂർത്തമായിരുന്നെങ്കിലും, റോന്റ്‌ജെന്റെ ജീവിതകാഴ്ചപ്പാടുകളിൽ അതെത്ര അവഗാഹമുണ്ടാക്കി എന്നറിയില്ല. എന്നന്നേക്കുമായെന്നോണം നാം ഏറെ പണിപ്പെട്ട് പരിപാലിച്ചുകൊണ്ടുവരുന്ന നമ്മുടെ ഈ ശരീരം 'already broken' ആയിട്ടുള്ള (വേറിട്ട പോത്തിനെപ്പോലെ) ഒരു എല്ലിൻ കൂടാണെന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്. 'remembering' എന്ന X-RAY കടത്തിവിടണമെന്നു മാത്രം. അത് ഇനിയും നാം കാണാത്ത വിധം 'already broken' ആണ് താനും. ആദ്യമേ ഉടഞ്ഞുപൊടിഞ്ഞിരിക്കുന്ന അവസ്ഥയിലേക്ക് ഈ ശരീരം തിരിച്ചുപോകുമ്പോൾ, അത് ആദ്യമേ മനസ്സിലാക്കിയിട്ടുള്ള ഒരാളിൽ അത്രയൊന്നും വെപ്രാളമോ അതിശയമോ ഉണ്ടാകാനിടയില്ല. കാലാവധി തീർന്ന ഒരു കെട്ടിടത്തിൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും, എൻജിനീയറിങ് ധാരണയുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ആ കെട്ടിടം 'ആദ്യമേ തകർന്നതാണ്'. പിന്നീട് 'ആ കെട്ടിടം തകർന്നുവീണു' എന്ന് കേൾക്കുമ്പോൾ അയാളിൽ ആശ്ചര്യം തോന്നാനിടയില്ലല്ലോ.

Wilhelm Conrad Roentgen
ഒരു രസതന്ത്രജ്ഞൻ, ചുരുങ്ങിയ പക്ഷം അയാളുടെ ലബോറട്ടറിയിലെങ്കിലും, പദാർത്ഥങ്ങളെ കാണുന്നത് നാം കാണുന്നത് പോലെയായിരിക്കില്ല. ഒരു ഡോക്ടർ തന്റെ മുന്നിലിരിക്കുന്ന രോഗിയെ കാണുന്നത് നാം കാണുന്ന കണ്ണുകളെക്കൊണ്ടായിരിക്കില്ല. അയാൾ പക്ഷേ മറ്റു സന്ദർഭങ്ങളിൽ വ്യക്‌തികളോട് ഇടപഴകുന്നത് സാധാരണപോലെയാകും. ഒരു റോഡിലൂടെ ആദ്യമായി ഡ്രൈവ് ചെയ്യുന്നയാൾ, ഒരു പക്ഷേ റോഡിന്റെ സൗകുമാര്യതയിലും വഴിയോരകാഴ്ചകളിലും മുഴുകിയിരിക്കുമ്പോൾ, ആ റോഡിന്റെ മുന്നോട്ടുള്ള സ്ഥിതിയെപ്പറ്റി ധാരണയുള്ള പരിചിതനായ ഒരു ഡ്രൈവർ ആ വഴി തെരഞ്ഞെടുത്തേക്കില്ല, അയാളറിയുന്നു ആ റോഡ് 'already broken' ആണെന്ന്.

വൈരാഗികളായിട്ടുള്ളവർ 'ഏദൻ മാംസ വസാദി' വിചാരം ചെയ്യുന്നത് എന്തിനെയെങ്കിലും അടിച്ചമർത്താൻ വേണ്ടിയല്ല, 'already broken' ആണെന്ന് ഓർമ്മിക്കുക മാത്രമാണ്. ബുദ്ധൻ തന്റെ ശിഷ്യന്മാരെ ശ്മശാനത്തിലേക്കയക്കാറുണ്ടായിരുന്നുവത്രെ. ബുദ്ധൻ ഉദ്ദേശിച്ചിട്ടുണ്ടാവുക ഇതു തന്നെയാകണം, അഭിനിവേശം കാണിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരം 'already broken' ആയിട്ടുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണെന്ന് മനസ്സിലാക്കാൻ അവർക്ക് അവസരമാവട്ടെ എന്ന്. 



എന്നാൽ ഈ സമീപനം ഒരു തരം ഓടിയൊളിക്കലിലേക്കും (escapism), ജീവിത നിഷേധത്തിലേക്കും പലപ്പോഴും വഴുതിപ്പോകുന്നുണ്ടെന്ന വസ്തുത കാണാതെ പോകരുത് പക്ഷേ. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം വേണ്ട വിധത്തിലല്ല ആ ഉൾക്കാഴ്ച സംഭവിച്ചിട്ടുള്ളതെന്നാണ്. 'ഇങ്ങനെയാണെങ്കിൽ പിന്നെ ഒന്നും വേണ്ട' എന്ന രീതിയിലുള്ള ബാലിശമായ പ്രതിഷേധമാണ് അത്തരം 'so called' വൈരാഗികളിൽ സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഉണർന്നുവരേണ്ടത് ഓരോ നിമിഷവും അതീവ മൂല്യവത്താണ് എന്നറിഞ്ഞുകൊണ്ടുള്ള സ്നേഹവും ജാഗ്രതയും ഉണർവുമാണ്. അതിനെയാണ് ജീവിതാഘോഷമെന്നറിയേണ്ടത്. ജീവിതമെന്നതിന് മറ്റെന്തെങ്കിലും അർത്ഥം നാം കല്പിക്കുന്നുണ്ടെങ്കിൽ, അത് യാഥാർഥ്യത്തിൽ നിന്നും ഓടിയൊളിക്കലാണ്, ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടൽ. 'already broken' എന്നറിയുന്നവർക്ക് 'ജീവിതത്തിലേക്ക് രക്ഷപ്പെടുക' എന്നേ ഉദ്ബോധിപ്പിക്കാനാവൂ.


                                                        






16 comments:

  1. amazing Dhyan tarpan ji

    ReplyDelete
  2. Involvement - attachment = detachment
    Involvement/ commitment/ dedication

    ReplyDelete
  3. ❤❤❤❤❤ chettan.. beautiful write up and reminder :)

    ReplyDelete
  4. Already broken എന്ന് ചിന്തിക്കുന്നവർക്ക് present നെ എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും എന്നത് കൂടി കണക്കിൽ എടുക്കണം. അല്ലെങ്കിൽ അവർ ആ broken ചിന്തയിൽ broken ആയി പോവില്ലേ. ഗുരുക്കന്മാരുടെ ആ ലെവലിലേക്ക് എത്താത്തവർ broken ചിന്ത ഏറ്റെടുത്താൽ പണി ആവില്ലേ🤔

    ReplyDelete
  5. ശ്രീജ, പ്രധാനമായും മനസ്സിലാക്കേണ്ടത് 'already broken' എന്നത് ഒരു ചിന്തയല്ല എന്നാണ്; അത് വീണ്ടുമൊരു ചിന്തയാകരുത്. It's an understanding. 'ഗുരു ലെവലിൽ എത്തിയതിനു ശേഷം അങ്ങനെയൊരു സമീപനം'...നേരെ തിരിച്ചാണ്. അങ്ങനെയൊരു ഗ്രാഹ്യം വന്നുകഴിയുമ്പോഴാണ് ഒരാൾ 'ഗുരു' (അയാളുടെത്തന്നെ)ആവുന്നത്. ഇനി അങ്ങനെയൊരു ചിന്ത വന്നതിനു ശേഷം ഒരാൾ 'broken' (വീണ്ടും) ആയിപ്പോകുന്നെങ്കിൽ, ഒരല്പം ബുദ്ധിയുണ്ടെങ്കിൽ, ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെല്ലാം താല്ക്കാലികമാണ്. ഒരാൾ 'already broken' എന്ന് ചിന്തിച്ചതിനു ശേഷം 'present' നെ ഉൾക്കൊള്ളുക എന്ന പ്രശ്നമേയില്ല. once he/she understands it, then the rest is present only. thank you for the response.lv

    ReplyDelete