Featured Post

Wednesday, December 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 33


click for english google translation


പുളിക്കുന്ന മുന്തിരി

ജീവിതത്തിൽ ഒരിക്കലെങ്കിലും തത്വചിന്തകരാവാത്തവർ ആരും തന്നെ ഉണ്ടാവാനിടയില്ല. പിടികിട്ടായ്മകളെപ്പറ്റി അഭിപ്രായപ്രകടനം നടത്താനുള്ള ത്വര അത്രക്കും പ്രബലമാണ് നാം എല്ലാവരിലും. ജീവിതത്തെക്കുറിച്ച്, ജനനവും മരണവും അതിനിടയിലുള്ള നിസ്സഹായതകളൂം ഒക്കെ ചേർന്നുള്ള ജീവിതമെന്ന മഹാപ്രതിഭാസത്തെക്കുറിച്ച്, ഒരു അഭിപ്രായമെങ്കിലും പറയാതെ, ഒരു ഉപസംഹാരവാക്യമെങ്കിലും ഉരുവിടാതെ ആരുടേയും ജീവിതത്തിലെ ഒരാഴ്ചയും കടന്നുപോകുന്നില്ല. നാം പറഞ്ഞു പോകുന്ന ഏതൊരു അഭിപ്രായവും തൊട്ടടുത്ത നിമിഷം നാം മാറ്റിയിട്ടുണ്ടാകും, ബുദ്ധിയുണ്ടെങ്കിൽ! (ഇനി കുറേക്കൂടി ബുദ്ധിയുണ്ടെങ്കിലോ, അപ്പോൾ പിന്നെ മുൻകൂട്ടിയുള്ള അഭിപ്രായങ്ങൾ തീരെ ഉണ്ടാവില്ലത്രേ!). എന്നിട്ടും വാക്കുമാറാതെ പിടിച്ചുനില്ക്കാനായുള്ള തത്രപ്പാട് കുറച്ചൊന്നുമല്ല. അഥവാ അഭിപ്രായം മാറ്റിയേ തീരൂ എന്ന് വന്നാൽ, ആ സാഹചര്യത്തെ തനിക്കനുകൂലമാകും വിധം വ്യാഖ്യാനിച്ച് വ്യഖ്യാനിച്ച്‌ ഒരു വഴിക്കാകും. ഇതൊന്നും കേൾക്കാൻ തയ്യാറായി ആരുമില്ലെങ്കിൽ പോലും സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ച് വശം കെടും.

ആരുടെയെങ്കിലും ഒരു മരണവാർത്ത എത്തിയാൽ മതി, നൊടിയിടയിൽ നാം 'സർവ്വസംഗ പരിത്യാഗിയും' 'വൈരാഗി'യുമൊക്കെയായി മാറും. 'ജീവിതം ഇത്രയേയുള്ളൂ' എന്നൊരു കമന്റും. അതോടെ നാം പക്വതയുടെ ഏതൊക്കെയോ ഔന്നത്യങ്ങളിലേക്ക് യോഗ്യരാവുകയായി. ഇത്തരം ഒരു പ്രവണതയുടെ ഭാഗമായാണ്, 'ദാർശനിക' പ്രസ്താവങ്ങളുള്ള രചനകൾക്ക് (പഴയകാല സിനിമ പാട്ടുകളാണ് മികച്ച ഉദാഹരണം) ജനപ്രീതി കൈവരുന്നത്. 


നിസ്സാരങ്ങളായ (നിസ്സാരങ്ങളല്ലാത്തവയും) നിത്യാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങളെ മൊത്തത്തിൽ ഉപസംഹരിക്കാനുള്ള ത്വര നമ്മിലെ ധൃതിയുടേതാണ്; ഇല്ലാത്ത പ്രാധാന്യം ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള മനസ്സിന്റെ വെപ്രാളത്തിന്റേതാണ്. ഓരോ സന്ദർഭത്തിലും കൂടിക്കലർന്നു കിടക്കുന്ന സംഗതികൾ നമ്മുടെ പരിചിത യുക്തികൾക്കും നമ്മുടെ ആഗ്രഹങ്ങൾക്കും വഴങ്ങുന്നതായിരിക്കില്ല മിക്കപ്പോഴും. അവയെ നമ്മുടെ (മനസ്സിന്റെ) വരുതിക്കകത്താക്കാനുള്ള ഉദ്വേഗമാവാം നമ്മെ ഒരു conclusion-നിലേക്കു തള്ളി വിടുന്നത്. മാത്രവുമല്ല, തെറ്റായാലും ശരിയായാലും conclude ചെയ്യപ്പെട്ട ഒരു സന്ദർഭത്തെപ്രതി നാം ബോധവാന്മാരായി തുടരേണ്ടതില്ലല്ലോ; ആ പണി കഴിഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതുപോലെ. പലപ്പോഴും നമ്മുടെ അഭിപ്രായങ്ങൾ രൂപപ്പെടുന്നത് തെറ്റായ കാരണങ്ങളിൽ നിന്നുമാണുതാനും.  

അഹന്ത - unnecessary neurological malfunctions or pop - up malware എന്നേ ഉദ്ദേശിക്കുന്നുള്ളൂ- യാണ് അനിശ്ചിതമായതിനെ സുനിശ്ചിതമാക്കാൻ പ്രേരിപ്പിക്കുന്നതും സുനിശ്ചിതവും നിസ്സാരവുമായതിനെ പിടികിട്ടാത്തതും സങ്കീർണ്ണവുമായി അവതരിപ്പിക്കുന്നതും.


അഹന്തയേയും അഭിപ്രായത്തിന്മേലുള്ള അള്ളിപ്പിടുത്തത്തേയുമെല്ലാം പരാമർശിക്കുന്ന ഒരു ഈസോപ്പുകഥയുണ്ട് - പുളിക്കുന്ന മുന്തിരിയുടെ കഥ. 


മുന്തിരി പഴുത്തു നില്ക്കുന്നതു കണ്ടപ്പോൾ കുറുക്കനൊരു മോഹം, അതൊന്ന് പറിച്ചു തിന്നണമെന്ന്. അവൻ ചാടി നോക്കി. എത്തുന്നില്ല. അവസാനം ആ ശ്രമം ഉപേക്ഷിച്ചു തിരിഞ്ഞു നടക്കുമ്പോഴുണ്ട്, കാട്ടുമൊന്തയിൽ പതുങ്ങിയിരുന്ന മുയലിന്റെ ഒരു കുനുഷ്ട് ചോദ്യം, 'എന്തു പറ്റി ചേട്ടാ?'. കുറുക്കൻ പറഞ്ഞു,'ഓ, ആർക്കു വേണം ഈ പുളിക്കുന്ന മുന്തിരി?'

ഒരു പക്ഷേ, ഈസോപ്പിന്റെയും പഞ്ചതന്ത്രം കഥകളുടേയും കാലഘട്ടത്തിൽ മനുഷ്യന്റെ ഗർവ്വും പൊങ്ങച്ചങ്ങളുമെല്ലാം ഇപ്പോഴുള്ളത്ര  സങ്കീർണ്ണമായിരുന്നിരിക്കില്ല. പൊങ്ങച്ചങ്ങളിൽ പോലും നിഷ്കളങ്കതയുടെ ഒളിവെട്ടങ്ങൾ അവിടവിടെ തങ്ങി നിന്നിട്ടുണ്ടാകാം. തന്റെ അഹന്തകളെ ഒളിപ്പിക്കുന്നതിലും, അവയെ വിനയം, എളിമ, സൗഹൃദം, സഹായം, കാരുണ്യം എന്നീ പേരുകളിൽ പുറത്തെടുക്കുന്നതിലും ഇന്ന് നാം പക്ഷേ എത്രയോ മുന്നോട്ടു പോയിരിക്കുന്നു. ഇവിടെയാണ് കാലാനുസൃതമായി ഓഷോ പുതുക്കിപ്പണിഞ്ഞ അതേ കഥ, കൂടുതൽ മനോഹരവും ആനുകാലികവും മൂർച്ചയേറിയതുമാവുന്നത്. ഓഷോയുടെ അഭിപ്രായത്തിൽ ഈസോപ്പ് പറഞ്ഞ കഥ പകുതിയേ ആവുന്നുള്ളൂ. മാത്രവുമല്ല മനുഷ്യന്റെ ഈഗോ അത്രയെളുപ്പം പിടിതരുന്നതുമല്ലത്രേ. 


ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറം ഓഷോ പൂർത്തിയാക്കിയ ആ കഥ ഇങ്ങനെയാണ്:

“കുറുക്കൻ വീണ്ടും വീണ്ടും ചാടി നോക്കി. മുന്തിരിക്കുലയിലേക്ക് കയ്യെത്തുന്നില്ല. ഒരു ഒന്നൊന്നര ഇഞ്ച് കൂടി ഉയരമുണ്ടായിരുന്നെങ്കിൽ സംഗതി നടക്കുമായിരുന്നു. ഇനിയിപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം? എങ്ങനെയാണ് ഈ മുന്തിരിക്കുല കൈക്കലാക്കുക എന്നാലോചിച്ച് നടക്കുമ്പോഴായിരുന്നു മുയൽ മുന്നിൽ വന്നു പെട്ടത്. 

മുയലിനു സ്വതേയുള്ള ഒരു പരിഹാസച്ചിരിയുണ്ട്‌. മുയൽ ചോദിച്ചു,' എന്ത് പറ്റി ചേട്ടാ? മുന്തിരി കയ്യെത്തുന്നില്ലേ?'

'ഓ, അത് പുളിക്കുന്ന മുന്തിരിയാണന്നേ. ആർക്കുവേണം ഇതൊക്കെ?', കുറുക്കൻ പറഞ്ഞു.


അവന്റെ മനസ്സിൽ പക്ഷേ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ, എങ്ങനേയും ആ മുന്തിരി കൈക്കലാക്കണം. ഉപായങ്ങളാലോചിച്ച് നടക്കുന്നതിനിടയിലാണ് വനാതിർത്തി അവസാനിക്കുന്നേടത്ത് ഒരു ജിംനേഷ്യം സെന്ററിന്റെ ബോർഡ് കണ്ടത്. 'ശരീരപുഷ്ടിക്കും ഉയരവും വണ്ണവും കൂട്ടുന്നതിനും - ജിംനേഷ്യത്തിലേക്ക് സ്വാഗതം.' കൈകളുയർത്തി രണ്ടു കാലിൽ മസിൽ വീർപ്പിച്ചു നില്ക്കുന്ന ഒരു കുറുക്കൻ, ബോർഡിൽ നിന്നും അവനെ നോക്കി പുഞ്ചിരിച്ചു. അവൻ നേരെ അകത്തേക്ക് കയറിച്ചെന്നു. 

'കഷ്ടി ഒരു ഒന്നര ഇഞ്ച് ഉയരം കൂട്ടാൻ സാധിക്കുമോ?', കുറുക്കൻ ചോദിച്ചു.

"അതിനെന്താണ്? അതൊക്കെ എളുപ്പമല്ലേ. ഒരു നാല് ദിവസം പണിയെടുത്താൽ ഒന്നരയല്ല, രണ്ടിഞ്ചും അതിലധികവും കൂട്ടാം. മാത്രവുമല്ല, ശക്തിയുമുണ്ടാകും", ജിംനേഷ്യം സെന്ററിന്റെ ഉടമ പറഞ്ഞു.


കുറുക്കൻ നാലഞ്ചു ദിവസം രാപ്പകൽ എക്സർസൈസ് ചെയ്തു. ഉയരം കൂടിയെന്ന് കണ്ടപ്പോൾ ഒരൊറ്റ പോക്ക് പോയി കാട്ടിലേക്ക്. നേരെ ചെന്ന് മുന്തിരിക്കുലയുടെ നേരെ ഒരൊറ്റ ചാട്ടം. ആദ്യ ചട്ടത്തിൽത്തന്നെ മുന്തിരി കൈയിൽ! ആർത്തിയോടെ മുന്തിരിയെടുത്തു വായിലിട്ടപ്പോഴുണ്ട്, മുന്തിരിക്ക് വല്ലാത്ത പുളി!

കുറുക്കൻ മുന്തിരി ചാടിപ്പറിക്കുന്നതു കാണാൻ കുറേ മൃഗങ്ങൾ ചുറ്റും കൂടി നിന്നിരുന്നു. തന്റെ പുളിച്ച മുഖം മറച്ചുവെച്ചുകൊണ്ട് കുറുക്കൻ എല്ലാവരോടുമായി പറഞ്ഞു,'ഞാൻ ആദ്യം വിചാരിച്ചത് ഈ മുന്തിരിക്ക് വല്ലാത്ത പുളിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല. എന്തൊരു മധുരമാണ് ഈ മുന്തിരിക്ക്!' “


ജീവിതത്തെ സത്യസന്ധമായി സമീപിക്കാനും അനുഭവിക്കാനും നമ്മുടെ അഹന്ത നമ്മെ ഒരിക്കലും അനുവദിക്കില്ല. പുളിയെ പുളിയെന്നു സ്വീകരിക്കാനും മധുരത്തെ മധുരമെന്നു ആസ്വദിക്കാനും നമ്മുടെ മുൻവിധികൾ, നമ്മുടെ അഭിപ്രായ ശാഠ്യങ്ങൾ, നമ്മെ സമ്മതിക്കില്ല. സമൂഹത്തിൽ ഉണ്ടെന്നു വിചാരിക്കുന്ന പ്രതിച്ഛായ, സകലതിനേയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിച്ച്‌ അവതരിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ പ്രതിച്ഛായയെ പ്രതി ജീവിച്ചുപോരുമ്പോൾ, ജീവിതം ഏറിയാൽ എരിവോ പുളിയോ മധുരമോ നിറഞ്ഞതു മാത്രമേ ആകൂ; വെറും ഒരു ബേക്കറി ഉത്പന്നത്തിന്റെ നിലവാരം. ജീവിതത്തിന് അതിനേക്കാൾ മൂല്യമുണ്ടെന്ന് അറിയണമെങ്കിൽ അത് സത്യസന്ധമായി (തന്നോടു തന്നെ) ജീവിച്ചുതന്നെയാകണം. അത് കേവലം രസമുകുളങ്ങളിലോ ചടുലവാക്യങ്ങളിലോ ഒതുങ്ങിനിൽക്കുന്നതല്ലെന്ന് അപ്പൊഴേ മനസ്സിലാവൂ. സാർത്ഥകമായ ഒരു ജീവിതം എന്നാൽ അവസാനമായി എത്തിച്ചേരുന്ന ഏതെങ്കിലും ഒരു രസബിന്ധുവല്ല; മുൻകൂട്ടി എത്തിച്ചേരുന്ന ഒരു ഉപസംഹാരവുമല്ല, നമ്മുടെയോ ചുറ്റുമുള്ളവരുടേയോ ഏതെങ്കിലും അഭിപ്രായവുമല്ല. ഒരോ നിമിഷവും ഉത്തരവാദിത്തത്തോടെ, അർത്ഥപൂർണ്ണമായി - meaningful - നിറവേറ്റേണ്ടുന്ന ചുവടുവെപ്പുകളാണ്, the very 'amness'.

നമുക്കകത്ത് അഭിപ്രായങ്ങളും ഉപസംഹാരങ്ങളും മുൻവിധികളും  ഉരുത്തിരിയുന്ന നിമിഷങ്ങളെ സൗമ്യമായി നിരീക്ഷിച്ചുനോക്കുക; അവയെ തിരുത്തേണ്ടിവരുമ്പോൾ നമുക്കകത്ത് സംഭവിക്കുന്ന സമ്മർദ്ദങ്ങളേയും. അസാധാരണമായ ഒരു ലാളിത്യവും വിശ്രാന്തിയും പൊടുന്നനെയെന്നോണം നമ്മെ വലയം ചെയ്യുന്നത് കാണാം; കടുത്ത പനി വന്ന് പൊടുന്നനെ ഒഴിഞ്ഞുപോകുന്നതുപോലെ. ഒരുപക്ഷേ, ഉണർവിലേക്കുള്ള പടവുകളിൽ ഒന്നാമത്തേതാകുമത്.


                                    




                                                        







14 comments:

  1. "ജീവിതത്തെ സത്യസന്ധമായി സമീപിക്കാനും അനുഭവിക്കാനും നമ്മുടെ അഹന്ത നമ്മെ ഒരിക്കലും അനുവദിക്കില്ല.
    പുളിയെ പുളിയെന്നു സ്വീകരിക്കാനും മധുരത്തെ മധുരമെന്നു ആസ്വദിക്കാനും നമ്മുടെ മുൻവിധികൾ, നമ്മുടെ അഭിപ്രായ ശാഠ്യങ്ങൾ, നമ്മെ സമ്മതിക്കില്ല".

    So simple but intense..

    Thank you for sharing 🍂🍃🎶
    .

    ReplyDelete
  2. അഹന്ത ഒരു necessary evil ആണെന്ന് തോന്നുന്നു. അതിന്റെ flip side ആയ inferiority ആണ് കൂടുതൽ ഭീകരം.
    നല്ല കുറിപ്പ്👍

    ReplyDelete
    Replies
    1. thank you sreeja. അത് individuality യുടെ സ്വാഭാവികമായ ഒരു റിഫ്ലക്ഷൻ ആണ്. തിരിച്ചറിയാതിരിക്കുന്നേടത്തോളമാണ് അത് ഒരു വയ്യാവേലി പൊല്ലാപ്പാവുന്നത്. എനിക്കതിനെ evil എന്ന് വിളിക്കാൻ പോലും ഇഷ്ടമില്ല. evil എന്നത് മത മാഫിയക്കാരുടെ ടെർമിനോളജി ആണ്. തിരിച്ചറിഞ്ഞാൽ അത് പിന്നെ അഹന്തയേയല്ല. പക്ഷേ തിരിച്ചറിയൽ ഒരു വലിയ challenging പണിയാണെന്നു മാത്രം. Because, അതിന്റെ വരവ് തീർത്തും സങ്കീർണ്ണമാണ്. unpredictable. still, taking that challenging is worth. lv

      Delete
  3. Nobody is accepting our weakness .I mean I doing everything this attitudes we have to change.

    ReplyDelete
  4. Cannot remember the number of times i fooled myself thinking that i have realized that ego is just another thought. Just a few moments of joy and Mr. Ego is again back😄..just anoyher hallucination on the way..

    ReplyDelete
    Replies
    1. Beloved sreekanth, embrace ego. Most of the times, enmity towards the ego makes more troubles than the ego as it is. Once you accept it, it simply melts away. Then we may understand that staying away itself is the ego. good luck. thank you.

      Delete
  5. ബിന്ദു ടിജിDecember 29, 2022 at 7:11 PM

    ഓരോ മരണവും ജീവിച്ചിരിക്കുന്നവരെ തത്വ ചിന്തകർ ആക്കും ... ഓരോ മരണവും ജീവിച്ചിരിക്കുന്നവർക്ക് ഒരു പാഠ മാണ് ...

    ജീവിതം എന്നാൽ ഓരോ നിമിഷവും ജീവിക്കുക മാത്രമാണ് ...

    ReplyDelete
  6. You are simply an amazing observer Manu chettan ❤️ and what a sharp communication! 😊

    ReplyDelete