Featured Post

Tuesday, December 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 44

                             

                                     കൂപമണ്ഡൂകങ്ങളുടെ മഹാമേള


'കൂപമണ്ഡൂകം' എന്ന് സംസ്കൃതത്തിൽ വിളിച്ച് മാനനഷ്ടമുണ്ടാക്കിയതിന് ഏതെങ്കിലും ഒരു മാക്രി പ്രതികാരം ചെയ്യാൻ തീരുമാനിച്ചു എന്ന് വെക്കുക. ഒരു കിണറിൽ നിന്നും എത്ര വലിയ കിണറിലേക്ക് മാറിയാലാണ് പൊയ്‌പ്പോയ തന്റെ കുലമഹിമ വീണ്ടെടുക്കാനാവുക? എങ്ങാണ്ടോ കിടക്കുന്ന കടൽ എന്ന് പേരുള്ള ഒരു എമണ്ടൻ കിണറിൽ നിന്നും വന്നവനത്രേ തന്റെ വീട്ടുപേര് പറഞ്ഞ് അധിക്ഷേപിച്ചത്. എന്നാൽ പിന്നെ ആ കടൽക്കിണർ കണ്ടിട്ടുതന്നെ കാര്യം എന്ന് രണ്ടും കല്പിച്ച് ഇറങ്ങിയപ്പോഴാണ് തന്നെ അധിക്ഷേപിച്ചവനെപ്പറ്റി സഹതാപം തോന്നിയത്. അവനും മറ്റൊരു (വലിയ)കൂപ മണ്ഡൂകമത്രേ! ശരിക്കുപറഞ്ഞാൽ കൂപമണ്ഡൂകങ്ങൾ മാത്രമേയുള്ളൂ എന്ന് പറയേണ്ടി വരും. കിണറുകൾ അത്രക്കും എണ്ണമറ്റവയാണ്, ആഴത്തിലും പരപ്പിലും ഒന്നിനൊന്ന് വലിപ്പമാർന്നവ.

നാം വസിക്കുന്ന ഈ ലോകത്തെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തിഗതമായ കൊച്ചു കൊച്ചു അറിവുകളെ ചേർത്തും കൂട്ടിക്കലർത്തിയും എങ്ങനെയൊക്കെയോ നാം ഉണ്ടാക്കിയെടുക്കുന്നവയാണ്. അതിൽ വ്യക്തിഗതമായ അറിവുകൾക്ക് തന്നെ പ്രാമുഖ്യം. എന്നാൽ മറ്റുള്ളവരാൽ ആദ്യമേ ശേഖരിച്ചുവെച്ചിട്ടുള്ള ധാരാളം അറിവുകൾ നമ്മുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ടാണ് നാം നമ്മുടെ ധാരണാലോകം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് അങ്ങനെയേ സാധിക്കൂ. അങ്ങനെത്തന്നെയാണ് വേണ്ടതും. എന്നാൽ ഈ അറിവുശേഖരണം ആവശ്യപ്പെടുന്ന ചില വ്യവസ്ഥകളുണ്ട്. അവ തീരെ പാലിക്കപ്പെടാതെ വരുമ്പോൾ നാം നമ്മുടെത്തന്നെ അറിവുകളാൽ വഞ്ചിതരാവുകയേയുള്ളൂ. 

ഒന്നാമതായി, പുതിയ പുതിയ അറിവുകളെ സ്വംശീകരിച്ചെടുക്കുന്നതിനാവശ്യമായ വൈയക്തികമായ മേധാശക്തി - individual intelligence- ആവശ്യമുണ്ട്. രണ്ടാമതായി അവയെ അതേപടി സ്വീകരിക്കാനും വേർതിരിച്ചുനിർത്തുവാനുമുള്ള ജാഗ്രത. മൂന്നാമതായി, പുറമെ നിന്നും ലഭ്യമാകുന്ന അറിവുകളുടെ വിശ്വാസ്യതയോട് പുലർത്തേണ്ട വിവേചനബുദ്ധി. വിവേചന ബുദ്ധി പ്രായോഗിക്കാത്തേടത്തോളം സകലതും വ്യാജവാർത്തകളാണ്, ഫലത്തിൽ. (ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം 'CONFIRMATION BIAS' ആണെന്ന് മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും മറ്റും മുന്നറിയിപ്പ് തരുന്നു. 'CONFIRMATION BIAS' എന്നാൽ തങ്ങളുടെ ധാരണകളേയും വിശ്വാസങ്ങളേയും ശരി വെക്കുന്ന തരത്തിലുള്ള വിവരങ്ങളും ഉദാഹരണങ്ങളും ശേഖരിക്കുകയും, അവസാനം വ്യത്യസ്ത കാഴ്ചപ്പാടുകളോടും ധാരണകളോടും യാതൊരു തരത്തിലും സഹിഷ്ണുത പുലർത്താനാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

മനഃശാസ്ത്രജ്ഞനായ Peter Wason ആണ് ആദ്യമായി ഇങ്ങനെയൊരു ഭാഷാപ്രയോഗം കൊണ്ടുവന്നത്. ഏതായാലും ഇത് ഒരു പുതിയ പ്രവണതയോ പ്രശ്നമോ ആയി കാണാനാവില്ല. കണ്ടില്ലെന്നു നടിക്കാനാവാത്ത വിധം ഒരു വല്ലാത്ത സാമൂഹ്യ പ്രശ്നമായി ഇപ്പോഴിത് വളർന്നുവന്നിരിക്കുന്നുവെന്നു മാത്രം).

പിന്നെ, പ്രപഞ്ചമെന്നത് പരിധിയില്ലാത്തതായ ഒരു അനുഭവമാണെന്നും അവയിൽ നിന്നും വന്നുചേരുന്ന അറിവുകളെന്നത് തീരെ പരിമിതമാണെന്നുമുള്ള ബോധ്യം. എങ്കിൽ മാത്രമേ ശുഷ്ക്കമായ ചില വിവരങ്ങളെ (data) അടിസ്ഥാനപ്പെടുത്തി യാതൊരു ഉപസംഹാരങ്ങളും നടത്താതിരിക്കൂ. എങ്കിൽ മാത്രമേ  എല്ലാ അറിവുകളേയും താല്ക്കാലികമായ informations എന്ന നിലയിൽ കൈകാര്യം ചെയ്യാനുള്ള ധീരതയുണ്ടാവൂ.


കേവലം വ്യക്തിഗതമായ ഏതെങ്കിലും അനുഭവങ്ങളിലൂടെ പ്രപഞ്ചത്തെപ്പറ്റിയും ഈ ജീവിതത്തെപ്പറ്റിയുമെല്ലാം  മൊത്തമായി അറിയാമെന്ന് നാം വെറുതെ ധരിച്ചുപോകുന്നു; വെറും ശീലമാണത്.

'പലതുള്ളിപ്പെരുവെള്ളം' എന്ന് കേൾക്കുമ്പോൾ, അക്ഷരാർത്ഥത്തിൽ അത് വാസ്തവമായിരുന്നിട്ടും, പെരുവെള്ളമെന്നത് മറ്റൊരു പ്രതിഭാസമാണെന്ന കാര്യം നാം ഓർക്കുന്നേയില്ല. വ്യക്തിതലത്തിലുള്ള അനുഭവങ്ങളുടെ ആകെത്തുകയല്ല മൊത്തത്തിലുള്ള ജീവിതാനുഭവം. ജീവിതം കേവലം രേഖീയമായ ഒരു ലളിത ശ്രേണിയല്ല. ഒന്നും ഒന്നും രണ്ട് എന്ന കേവല സങ്കലനസമവാക്യവുമല്ല.


നാം ഓരോരുത്തരുമായി ഇട പഴകുമ്പോൾ, നമ്മുടെ ജീവിതാവബോധത്തിന്റെ ചക്രവാളം ഒരല്പം വികസിതമാകുന്നു, നമ്മുടെ പ്രപഞ്ച വീക്ഷണത്തിൽ പുതിയ ഒരിതൾ കൂടി പിറവിയെടുക്കുന്നു. സത്യമാണത്. എന്നാൽ പ്രായം ചെന്ന  ഒരാളിൽ 'എന്തുമാത്രം ആളുകളെ ഞാൻ കണ്ടിരിക്കുന്നു. ആ എന്നോടാണോ ....' എന്ന ഒരു മനോഭാവം പ്രബലമായി നില്ക്കുകയാണെങ്കിലോ? പരിതാപകരമാണ് കാര്യങ്ങൾ. 

ശരാശരി ഒരാൾ തന്റെ ജീവിതായുസ്സിൽ കണ്ടുമുട്ടുന്ന ആളുകളുടേയും മറ്റും ഒരു കണക്കെടുപ്പ് നടന്നിട്ടുണ്ട് ഈ അടുത്ത കാലത്ത്. അതിൻപ്രകാരം, ഒരു സാധാരണ അമേരിക്കക്കാരൻ തന്റെ ജീവിതായുസ്സിൽ ആകെ 611 ആളുകളുമായി മാത്രമേ പേരെടുത്ത് പറയാൻ വിധം ബന്ധം സ്ഥാപിക്കുന്നുള്ളൂവത്രേ. സാമൂഹികമായി അധികം ഇടപഴകുന്ന ഒരാളാണെങ്കിൽ ഏറിയാൽ 800 പേർ. അതായത്, 800 കോടി ജനങ്ങളുള്ള ഈ ലോകത്ത് അയാളുമായി അടുത്ത ബന്ധമുള്ളത് 0.00001 ശതമാനത്തിനോട് മാത്രം. അതായത് ഒരു A4 സൈസ് പേപ്പറിൽ ഒരു മുടിനാരിന്റെ വ്യാസമുള്ള ഒരു ബിന്ദുവായിരിക്കും അയാളുടെ ഇഹലോകബന്ധത്തിന്റെ വ്യാപ്തി.


നമുക്ക് തോന്നാം, പേരെടുത്തു പറയാവുന്ന ആളുകളുമായുള്ള ബന്ധം മാത്രമല്ല അയാളുടെ ലോകവിവരം നിശ്ചയിക്കുന്നത്. അപരിചതരുമായിപ്പോലും അയാൾ പേരിനെങ്കിലും ബന്ധം സ്ഥാപിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ കണ്ടുമുട്ടിയവർ കണ്ടുമുട്ടിയിട്ടുള്ള മറ്റുള്ളവരുടെയൊക്കെ സ്വാധീനം അയാളുടെ വീക്ഷണത്തിൽ നിഴലിക്കുന്നുണ്ടാകാം. ആ അപരിചിതരുടെ വാക്കുകളോ എഴുത്തോ മറ്റു പ്രവർത്തികളോ അയാളെ സ്വാധീനിക്കുന്നുണ്ടാകാം. എന്നാൽ പോലും പറയത്തക്ക വ്യത്യാസം വരുന്നില്ലത്രേ. ഒരു വ്യക്തി ദിവസവും പുതിയ മൂന്ന് വ്യക്തികളിൽ കൂടുതൽ ആളുകളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം വരുന്നില്ലത്രേ. അങ്ങനെ വന്നാൽ തന്നെയും 73 വർഷത്തിനുള്ളിൽ 80000 ആളുകളേ ആവുന്നുള്ളൂ. അതായത് 800 കോടി ജനങ്ങളുടെ 0.001%. ഒരാളോട് ഇടപെടുമ്പോൾ, ഓർക്കുക ഒരാൾക്ക് ഒരുലക്ഷം എന്ന കണക്കിൽ നാം പരിധിക്കു പുറത്താണെന്ന്. നാം ഓരോരുത്തരും പക്ഷേ സംശയലേശമെന്യേ വിചാരിക്കുന്നത് ലോകത്തെ നമുക്ക് ഒരുവിധം പിടികിട്ടിയിട്ടുണ്ടെന്നാണ്. 

നാല് പത്രവാർത്തകളുടെ തലക്കെട്ടുകൾ വായിക്കുമ്പോഴേക്കും, നാല് സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്കിപ്  ചെയ്യുമ്പോഴേക്കും നാം അതുമായി ബന്ധപ്പെട്ട ലോകത്തെ അറിഞ്ഞുകഴിഞ്ഞു എന്നാണ് അറിയാതെ വിചാരിച്ചു പോകുന്നത്, അത് എത്ര ദൂരെയുള്ള സ്ഥലമാണെങ്കിലും. മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുന്നതിനിടയിൽ നാം അതേപ്പറ്റി ഒരു അഭിപ്രായം ഉപസംഹരിച്ചുകഴിഞ്ഞിരിക്കും. 0.001 ശതമാനത്തെ അധികരിച്ചുകൊണ്ട് നാം തീർപ്പുകല്പിച്ചുകഴിഞ്ഞു, ലോകം പഴയതുപോലെയല്ല, നികൃഷ്ടരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്. അത്യാവശ്യ ഘട്ടത്തിൽ ഒരു അപരിചിതൻ ഒരു സഹായമായി വന്നു പെട്ടിട്ടുണ്ടെങ്കിൽ, ആ നിമിഷത്തിനോട്, ആ വ്യക്തിയോട് കൃതജ്ഞത തോന്നുന്നതിനു മുൻപേ, 'ലോകത്ത് ഇപ്പോഴും മനുഷ്യത്വം അവശേഷിച്ചിട്ടുണ്ട്. അല്ലെങ്കിൽ, ലോകം വിചാരിച്ചതുപോലെ അത്ര കരുണയില്ലാത്തതൊന്നുമല്ല' എന്ന് ഒരു പ്രസ്താവനക്ക് നാം മിക്കവാറും അടിപ്പെട്ടിട്ടുണ്ടാവും. ആധുനിക ഭാഷയിൽ പറഞ്ഞാൽ a kind of data addiction. 

 


മാധ്യമങ്ങൾ നമ്മുടെ മുന്നിൽ അപ്പപ്പോഴുള്ള ലോകത്തെ തുറന്നുവെക്കുന്നുവെന്ന് നാം വിചാരിക്കുന്നു. അവ പക്ഷേ ഒളിപ്പിക്കുന്നതിന്റെ കണക്കിനെപ്പറ്റി നാം ബോധവാന്മാരാകുന്നില്ല. തീവ്രവാദ പ്രവർത്തനങ്ങളുടെ ചെറിയ അനക്കങ്ങൾ പോലും അറിയിക്കുന്ന മാധ്യമങ്ങൾ പക്ഷേ, ദിവസവും 16000 കുഞ്ഞുങ്ങൾ മരണപ്പെടുന്നുണ്ടെന്ന കാര്യം മിണ്ടുകയേയില്ല. ഒരിടത്ത് ബോംബ് സ്ഫോടനത്തിൽ പത്തു പേർ മരണപ്പെട്ട കാര്യം നാം അറിയാതെ പോകില്ല. എന്നാൽ തണുപ്പിൽ മരണപ്പെട്ട 2000 പേരുടെ കണക്ക് പത്രങ്ങളുടെ മൂലയിൽ എവിടെയെങ്കിലും കണ്ടാലായി.


ബാഹ്യജീവിതത്തിൽ data യും statistics ഉം ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും അതിന്റെ ശുദ്ധവും പൂർണ്ണവുമായ ലഭ്യത ഒരു തീരാ വെല്ലുവിളിയാണ്. വ്യക്തിജീവിതത്തിലാകട്ടെ, അത് ലഭ്യമായാൽ പോലും, അതിൽ തീരെ ഒതുങ്ങുന്നതല്ല ജീവിതം. പ്രപഞ്ചത്തിന്റെ അപാരതയെന്ന സ്വഭാവത്തെ അറിയാൻ ശ്രമിക്കുന്നതിലൂടെ വ്യക്തിയിൽ സംഭവിക്കുന്ന ഒരു വിശ്രാന്തിയുണ്ട്, വർത്തമാനത്തിൽ നിന്നും കുതറിക്കൊണ്ട് ഭാവിയെ വെട്ടിപ്പിടിക്കാനുള്ള ത്വരയിൽ സംഭവിക്കുന്ന പൊടുന്നനെയുള്ള ഒരിടിവ്. ജീവിതത്തെപ്രതി അതിന് സ്റ്റാറ്റിസ്റ്റിക്സിൽ ഉൾക്കൊള്ളാനാവാത്തത്ര മൂല്യമുണ്ട്. 


                    *                           *                           *                               *


ഇനിയും വായിക്കാത്ത പുസ്തകങ്ങളുടെ ശേഖരം വായിച്ചുതീർന്നവയെക്കാൾ പ്രയോജനകരമെന്ന് ജപ്പാനിലുള്ളവർ. അവ 'എനിക്ക് യാതൊന്നുമറിയില്ല' എന്ന് ഓർമ്മിപ്പിക്കുന്നത്രേ. അവർ അതിനെ സ്നേഹപൂർവ്വം 'tsundoku' എന്ന് വിളിക്കുന്നു.


                                           

                                                                 





Monday, November 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 43


                                                 ശൂന്യതയുടെ പ്രസാദം

എന്ത് ചെയ്യണമെന്ന് ഒരു വ്യക്തതയുമില്ലാതിരിക്കുമ്പോൾ വെറുതെ എന്തെങ്കിലും ചെയ്തുനോക്കുക എന്നത് മനുഷ്യന്റെ സഹജ പ്രകൃതമാണ്. ചില സന്ദർഭങ്ങളിൽ- പണിശാലയിലോ, എങ്ങോട്ടുപോകണമെന്നറിയാതെ നില്ക്കുന്ന കവലയിലോ അതിന് പ്രസക്തിയുണ്ടായിട്ടുണ്ടാകാം. ചിലപ്പോഴെല്ലാം അത്തരം തീരുമാനങ്ങൾ ചില നേരായ വഴികളിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ടാകാം. അതേസമയം അപൂർവ്വമായെങ്കിലും, വെറുതെയിരിക്കുമ്പോൾ ഉണ്ടായ ചില തോന്നലുകൾ എന്തെങ്കിലും കുണ്ടാമണ്ടികളിൽ കൊണ്ടുപോയി ചാടിച്ചിട്ടുണ്ടാകും. ഒരുപക്ഷേ ഒരിക്കൽ ഭാഗ്യമായി തോന്നിച്ച ചില സംഗതികൾ 'ഏതു നേരത്താണാവോ അങ്ങനെ തീരുമാനിക്കാൻ തോന്നിച്ചത്' എന്ന പരിദേവനത്തിലേക്ക് പരിണമിക്കുന്ന അനുഭവങ്ങളാണ് ജീവിതത്തിൽ അധികവും, അധികം പേർക്കും.

എന്നാൽ നമ്മുടെ നിത്യ ജീവിതത്തിൽ ഇടക്കെങ്കിലും പ്രത്യക്ഷമാകുന്ന മറ്റൊരു അവസ്ഥയുണ്ട്, ഒരല്പം ശ്രദ്ധാപൂർവ്വം, സ്നേഹത്തോടെ, സ്വന്തം ജീവിതത്തെ സമീപിക്കുന്ന ഒരാളെ സംബന്ധിച്ച് വിശേഷിച്ചും: പ്രത്യേകിച്ച്  കുഴപ്പങ്ങളൊന്നുമില്ല, no confusion at all, നിത്യവൃത്തികൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ നടന്നുപോകുന്നു. ആരോഗ്യസ്ഥിതിയും ഓകെയാണ്. കൂടെ താമസിക്കുന്നവരുമായി, വീട്ടുകാരായാലും സൗഹൃദങ്ങളായാലും, യാതൊരു പൊരുത്തക്കേടുകളുമില്ല. സാമ്പത്തികമായി വലിയ വെല്ലുവിളികളില്ല. നാട്ടുനടപ്പ് ഭാഷയിൽ പറഞ്ഞാൽ, ടെൻഷനാകേണ്ടതായി യാതൊന്നുമില്ല. അതേസമയം 'excitement' നല്കുന്ന യാതൊരു അനുഭവവുമില്ല. എന്തിനധികം, മേലുദ്യോഗസ്ഥനിൽ നിന്നുമുള്ള അനാവശ്യമായ 'കർമ്മകാണ്ഡ'ങ്ങളുമില്ല; അങ്ങേര് കുറച്ചു നാളത്തേക്ക് എങ്ങോ പോയിരിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ ഒരല്പം ടെൻഷനെങ്കിലും എപ്പോഴുമുണ്ടായേനെ. കാര്യം, ടെൻഷൻ ഇഷ്ടമില്ലെങ്കിലും....ഇതിപ്പോൾ ..വെറുതെയിങ്ങനെ പൊങ്ങുതടിപോലെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്.


പതുക്കെപ്പതുക്കെ മുറുമുറുപ്പുകൾ ആരംഭിക്കുകയായി. എന്താണാവോ, 'ഒരിതില്ല'. എന്താണ് ആ 'ഇത്' എന്ന് കൃത്യമായി കണ്ടെത്താനുള്ള ഊർജ്ജമോ താല്പര്യമോ ത്രാണിയോ ഇല്ല. ഇന്ദ്രിയങ്ങളെല്ലാം കെണിയിലകപ്പെട്ട ഒരു ഇരയെപ്പോലെ ഞെളിഞ്ഞു മറിയാൻ തുടങ്ങും. പുതിയ പുതിയ ഡാറ്റാ  എൻട്രികൾക്കായി വിറളി പിടിക്കാൻ തുടങ്ങുകയാണവ. എന്തെന്നാൽ അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത്തരം സംഗതികൾക്കായാണ്. സംവേദനങ്ങൾ, അവയെ അതുവരേക്കുമുണ്ടായിട്ടുള്ള മറ്റുചില സംവേദനങ്ങളുമായി തട്ടിച്ചുനോക്കൽ, ഒരുപാട് മുൻപ് വന്നുകയറിയിട്ടുള്ള ഓർമ്മകളുമായി കൂട്ടിയിണക്കൽ, കുറേ കാലമായി കാത്തുകിടക്കുന്ന ആശയാഭിലാഷങ്ങളെ ഇതിൻപ്രകാരം ഒന്നുകൂടി തട്ടിയുണർത്തൽ എന്നിവയൊക്കെ ഇന്ദ്രിയങ്ങളുടെ ധർമ്മങ്ങളാണ്.


ഒന്നുകിൽ അവ കടുത്ത മുഷിവിന്റെ ഘോര മുഖം പുറത്തെടുക്കുകയായി. നാം പതിയെപ്പതിയെ മനഃപൂർവ്വം ചില പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ ശ്രമിച്ചുതുടങ്ങും. പണ്ടെല്ലാം അത് ചില സൗഹൃദങ്ങളിൽ ഒതുങ്ങിപ്പോയിരുന്നുവെങ്കിൽ, ഇന്ന് നാം ധാരാളം സാധ്യതകൾ തുറന്നുവെച്ചിട്ടുണ്ട്. ഷോപ്പിംഗ് മുതൽ സാഹസിക യാത്രകൾ വരെ. കോഫീ ചാറ്റ് മുതൽ മയക്കു മരുന്ന് പാർട്ടികൾ വരെ. പാർക്കിലോ ഷോപ്പിംഗ്‌ മാളിലോ ചെന്നുള്ള വായ്നോട്ടം മുതൽ പങ്കാളികളെ പരസ്പരം പങ്കുവെക്കൽ വരെ. ഇതൊന്നുമല്ലെങ്കിൽ നാല് സെൽഫിയെങ്കിലുമെടുത്ത് സോഷ്യൽ മീഡിയകളിൽ വൈറൽ ആക്കാനുള്ള ശ്രമമായി. ഒന്നും നടക്കുന്നില്ലെങ്കിൽ മനുഷ്യൻ ചിലപ്പോൾ സ്വയം ഭോഗത്തിലൂടെയോ മനഃപൂർവ്വം രതിയിലേർപ്പെട്ടുകൊണ്ടോ (അതായത് രതിസംബന്ധിയായ സ്നേഹമോ താല്പര്യമോ ജനിക്കാതെത്തന്നെ) അത്തരം നിർജ്ജീവമെന്നു വ്യാഖ്യാനിക്കപ്പെടുന്ന നിമിഷങ്ങളെ തള്ളിനീക്കുന്നു.


ഇനി മറ്റൊരു ദുരന്ത മുഖം കൂടിയുണ്ട്: പുറമേക്കുള്ള പ്രകടനപരതകൾ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് സാധ്യമല്ലാത്തവരുണ്ടാകാം. അവരിൽ ഇന്ദ്രിയങ്ങളെല്ലാം അവയുടെ കവാടങ്ങൾ കൊട്ടിയടക്കാൻ തുടങ്ങും. പിണങ്ങി മുഖം വീർപ്പിച്ച് 'എനിക്കൊന്നും വേണ്ട' എന്ന് വാശിപിടിച്ച് ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് ചെന്നിരിക്കുന്ന കുട്ടികളെപ്പോലെ. പതിയെപ്പതിയെ അവർ മിണ്ടാമുനികളായിത്തുടങ്ങും. പിന്നെപ്പിന്നെ ഒന്നനങ്ങാൻ പോലും ഊർജ്ജമില്ലാത്തതുപോലെയാകും. നാം അതിന് വിഷാദം, ഡിപ്രെഷൻ, മൂഡ്‌സ്വിങ്ങിങ് എന്നിങ്ങനെ കേട്ടാൽ കൊള്ളാമെന്നുതോന്നുന്ന പേരുകൾ നല്കി മുൻ‌കൂർ അംഗീകാരമെടുത്തിട്ടുണ്ട്.


മുഷിവിനെ മറികടക്കുന്ന മേല്പറഞ്ഞ രണ്ടു സമീപനങ്ങളും (ഇവിടെ പരാമർശിക്കാതെ പോയ മറ്റ് ഏതെങ്കിലും രീതികളുണ്ടെങ്കിൽ അവയും), അത് മുഷിവായി മാറുന്നതിനും തൊട്ടു മുൻപേ, വിശേഷിച്ച് യാതൊന്നുമില്ലാത്തതും അതേസമയം തീർത്തും സജീവമായിരിക്കുന്നതുമായ കുറച്ചു നിമിഷങ്ങളിലൂടെ ഏതൊരു വ്യക്തിയും കടന്നുപോകുന്നുണ്ടെന്ന്  കണിശമായി ഓർത്തുവെക്കുക. ഉണർവിന്റെ ഒളിവെട്ടങ്ങളാണ് അത്തരം നിമിഷങ്ങൾ.


ധ്യാനമെന്നും ആത്മീയമെന്നുമെല്ലാം പറഞ്ഞുപോരുന്ന അവസ്ഥകൾ സത്യത്തിൽ ഇതുപോലെയാണ് ആവേണ്ടത്. ഒരിളം കാറ്റിനെപ്പോലെ കടന്നുപോകുന്നത്. പ്രത്യേകിച്ചെവിടേയും തടഞ്ഞു നില്ക്കാതെ, ദുഃഖത്തിലോ ദുരിതത്തിലോ ആനന്ദാതിരേകത്തിലോ മതിമറക്കാതെയുള്ള തഥാത്വം, suchness. ഇത്തരം നിമിഷങ്ങളെ തിരിച്ചറിയുക എന്നതിലാണ് നാം ആദ്യം നമ്മോടുള്ള സ്നേഹത്തെ ഉറപ്പു വരുത്തേണ്ടത്. അതിനു ശേഷം ആ നിമിഷങ്ങളിൽ യാതൊരു ഇടപെടൽ നടത്താതിരിക്കുന്നതിലും; ആഹ്ലാദത്തിന്റേതായാലും മുഷിവിന്റേതായാലും. ശൂന്യതയുടെ പ്രസാദങ്ങളാണവ. Just recognize them, സ്വാഭാവികമായും അയാളിൽ കൃതാർത്ഥതയുടേതുപോലുള്ള ഒരു മന്ദസ്മിതം വിരിയും. And that's it. അവയെ എന്തെങ്കിലും ചെയ്തികളിലേക്കുള്ള കാരണങ്ങളായി ഉപയോഗിക്കാതിരിക്കുക.


ധ്യാനം എന്ന പേരിൽ നാം എന്ത് ചെയ്തികളിൽ ഏർപ്പെട്ടാലും, അടുക്കും ചിട്ടയോടെ ഏതൊരു വ്യായാമത്തിൽ ഏർപ്പെട്ടാലും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇത്തരം നിമിഷങ്ങൾ ഉണ്ടായിവരാൻ തുടങ്ങും. ഞാണിന്മേൽ കളിക്കാരന്റെ നടപ്പു പോലെയാണത്. അങ്ങോട്ടുമിങ്ങോട്ടും ബാലൻസ് ചെയ്തു ചെയ്ത് ഒരു നിമിഷം വരും, തീർത്തും സ്വതന്ത്രമായി ആ ചരടിന്മേൽ ഇളകാതെ നടന്നു നീങ്ങാൻ പറ്റുന്ന ഒരു നിമിഷം. എന്നാൽ അപ്പോഴേക്കും, ഒരാശങ്ക അയാളെ പിടികൂടും, അതോടെ വീഴുന്നില്ലെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കും, പിന്നെ അയാൾ ഒരു വശത്തേക്ക് ശരിക്കും വീഴാൻ പോകും. പിന്നെ സകല ശ്രമങ്ങളും ആവർത്തിക്കേണ്ടി വരും.



അത്തരം നിമിഷങ്ങളുണ്ടായാൽ മടുപ്പും മുഷിവുമെല്ലാം അടക്കിവെച്ച് എങ്ങനെയെങ്കിലും മിണ്ടാതിരിക്കണമെന്നാണോ? അല്ല, ഒരിക്കലുമല്ല. അങ്ങനെ ചെയ്‌താൽ ആത്യന്തികമായി അത് അടിച്ചമർത്തൽ (suppression) മാത്രമാണ്. ആ നിമിഷങ്ങളെ സ്നേഹപൂർവ്വം പരിപാലിക്കാൻ ശ്രദ്ധവെക്കാം. അതിനായി, ആന്തരികമായ ആ സവിശേഷ അവസ്ഥയെ ഒരു 'special emotional zone' (SEZ) എന്ന നിലയിൽ മാറ്റി നിർത്തികൊണ്ട് നമുക്ക് നിസ്സാരങ്ങളായ ചില ചെയ്തികളിൽ വ്യാപാരിക്കാവുന്നതാണ്; ഒരു കോമഡി സിനിമ കാണുകയോ, നാട്ടു വഴിയിലൂടെ അലസമായി നടക്കുകയോ മറ്റോ. അല്ലെങ്കിൽ അയൽക്കാരുമായി പേരിനൊരു gossiping. ഒരു സെക്യൂരിറ്റി ഗ്വാർഡിനെപ്പോലെ...പുറമെ അയാൾ എത്രയൊക്കെ തമാശ പറഞ്ഞാലും, ഇടക്കൊരു സിഗരറ്റു വലിച്ചാലും, അയാളുടെ ശ്രദ്ധ ഗേറ്റിലൂടെ ആരെല്ലാം വരുന്നുണ്ട്, പോകുന്നുണ്ട് എന്നതിലായിരിക്കും. അതുപോലെയായിരിക്കണം നമ്മുടെ ശ്രദ്ധയും; passive, but sincere.

ഇനി, ഇതൊന്നുമില്ലെങ്കിൽ, നാം ചെയ്തുപോരുന്ന നിസ്സാരങ്ങളായ പതിവ് ചെയ്തികളെ കൗതുകപൂർവ്വം നിരീക്ഷിക്കുക, ചായ കുടിക്കുന്നതും പത്രം വായിക്കുന്നതും കുളിക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം. അവയിലെല്ലാം അപൂർവ്വസുന്ദരങ്ങളായ സൗന്ദര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. വേണമെങ്കിൽ ചൈനക്കാരുടെ ഈ പഴമൊഴിയോർക്കുക: 


If you want to see something new, walk

the same path every day.


ഒന്നുമില്ലായ്കയുടെ നിമിഷങ്ങൾ പ്രസാദപൂർണ്ണമായിരിക്കും, തീർച്ച.  





Friday, October 20, 2023

ഉണർവിലേക്കുള്ള പടവുകൾ - 42

The Eye by Rene Magritte via Art Institute Chicago

അപരജീവിതം

The other is hell - അപരൻ നരകമാണ് - എന്ന് പറഞ്ഞത് സാർത്ര് ആയിരുന്നത്രെ. മറ്റുള്ള ഏതു തത്വചിന്താ പ്രസ്താവവും അത്രക്കങ്ങ് പിടികിട്ടീല എന്ന് തോന്നിപ്പിച്ചാലും ഈ

വാക്യം അങ്ങനെയല്ല. മിക്കവരും പെട്ടെന്ന് തന്നെ അതെയെന്ന് തലകുലുക്കിപ്പോകും. എന്തെന്നാൽ തന്റെ ഏറ്റവും പ്രിയപ്പെട്ടവരെപ്പറ്റി പോലും 'ഇതൊരു നരകമാണല്ലോ' എന്ന് ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടാകില്ല. 

അപരനെപ്രതിയാണ് നമ്മുടെ ജീവിതം ദുരിതമയമായിത്തീർന്നതെന്നോ നരകമായി മാറിയതെന്നോ തോന്നുമെങ്കിലും അപരനല്ല നമ്മുടെ നരകജീവിതത്തിലെ പ്രതി എന്ന് മനസ്സിലാക്കാൻ വളരെ വലിയ ആത്മാർത്ഥത ആവശ്യമുണ്ട്. അതങ്ങനെയാണെന്ന് പെട്ടെന്ന് മനസ്സിലാകാതിരിക്കാനുള്ള ഒരു കാരണം, അപരനെത്തന്നെയാണ് നാം നമ്മുടെ സന്തോഷത്തിന്റെയും സുഖജീവിതത്തിന്റെയുമെല്ലാം കാരണക്കാരനാക്കി നിയോഗിച്ചിട്ടുള്ളത് എന്നതാണ്. അപരന്റെ അഭിപ്രായത്തിലാണ് നമ്മുടെ ആനന്ദത്തിന്റെ താക്കോൽ നാം തിരുകിവെച്ചിരിക്കുന്നത്. അപരനാണ് നമ്മുടെ നിത്യജീവിതത്തിലെ നിസ്സാര സംഗതികൾക്കു പോലും അനുവാദം തരുന്നതും അനുമതി നിഷേധിക്കുന്നതും. നാം കണ്ണാടിയിൽ വെറുതെയൊന്ന് മുഖം നോക്കുമ്പോൾ പോലും ഉറപ്പുവരുത്തുന്നത് അപരന്റെ കാഴ്ചപ്പാടിൽ വലിയ കുഴപ്പങ്ങളൊന്നുമില്ലല്ലോ, അപരന്റെ കണ്ണുകളിൽ തന്റെ മുഖം അത്ര മോശമൊന്നുമല്ലല്ലോ എന്നാണ്.

ഈ അപരന് ഒരുപാട് തലങ്ങളുണ്ട്. കേവലം നമ്മുടെ മുന്നിൽ വന്നുപെടുന്ന പരിചയക്കാരോ വഴിപോക്കരോ, പരിചയമില്ലെങ്കിലും നാം നേരിടുന്ന സമൂഹമോ മാത്രമല്ല, നാം വളർന്നുവന്ന വീട്ടുപരിസരം മുതൽ, നമ്മുടെ അദ്ധ്യാപകരും നമ്മുടെ പ്രവൃത്തി മണ്ഡലവും, മതവും മതമില്ലായ്കയും രാഷ്ട്രീയ നിലപാടുകളും, നമ്മുടെ ഇച്ഛയും ഇച്ഛാഭംഗങ്ങളും തുടങ്ങി ഒട്ടു വളരെ വലിയ ഒരു നിരതന്നെ അപരന്മാരായി നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നുണ്ട്. കാണുന്നതും കേൾക്കുന്നതുമെല്ലാം അപരന് പ്രാധാന്യം കൊടുത്തുകൊണ്ട് നാം തലതിരിച്ചിടുന്നു, മിക്കപ്പോഴും. അങ്ങനെയാണ് 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവാക്യത്തെ 'അപരന് സുഖമാവുന്നതാണ് ആത്മസുഖമെന്ന്' നാം വിലകുറഞ്ഞ സന്മാർഗ്ഗ പാഠമാക്കി ഗ്രഹിച്ചുപോരുന്നത്. എല്ലാ മതങ്ങളും പരിശീലിപ്പിക്കുന്നത് 'അപരപാഠങ്ങളാണ്' - അങ്ങനെയാണ് സർവ്വശക്തനും സർവ്വവ്യാപിയുമായ ഒരു ദൈവത്തെ നാം നമ്മുടെ നിതാന്ത അപരനായി തൂണിലും തുരുമ്പിലും വാഴിക്കുന്നത്. 

അപരന്റെ അഭിപ്രായവും കൂടെയുള്ള ഗുഹാ വാസികളുടെ അംഗീകാരവും ഒരു ജീവന്മരണ പ്രശ്നമായി നിലനിന്നിരുന്ന ആയിരക്കണക്കിന് വർഷങ്ങളുടെ തലക്കനങ്ങൾ, അതൊരു സഹജപ്രകൃതമാണെന്ന സഹതാപത്തിലേക്ക് നമ്മെ തള്ളിയിടുന്നു. ന്യൂറോളജിസ്റ്റുകളും സമൂഹ ശാസ്ത്രജ്ഞരും മറ്റും ഇതിനെ വിളിക്കുന്നത് 'CAVEMAN EFFECT’ എന്നാണ്. ചുറ്റുപാടുകളുടെ അംഗീകാരത്തിന് ഇത്രയും പ്രാധാന്യം വന്നുപോയത് ഏറെ പഴയ ഒരു HANGOVER- ന്റെ  ഭാഗമായിട്ടാകാം.

ഗുഹാവാസം അവസാനിച്ചിട്ടും, മറ്റുള്ളവരുടെ അംഗീകാരം നിലനില്പിന് അത്യന്താപേക്ഷിതമല്ലാതായി മാറിയിട്ടും, ഉറക്കപിച്ചിലെന്നോണം നാം ആ ഹാങ്ങോവറിനെ പെരുപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഇപ്പോഴും. നാം സന്തോഷവാനാണോ, സംതൃപ്തനാണോ എന്നൊന്നും സ്വയം അറിയാനാവാത്ത സ്ഥിതിയായി. നമ്മുടെ വൈകാരിക ചാർട്ടുകളെല്ലാം പുറമെ നിന്ന് ആരെങ്കിലും വന്ന് ടിക് മാർക്ക് ചെയ്യാൻ കാത്തിരിക്കുകയാണ് നാം. ആരും വരുന്നില്ലെങ്കിൽ അവരെ ആകർഷിക്കാനുള്ള പെടാപാടുകളായി. ആരും വന്നില്ലെങ്കിൽ നിരാശയായി. തമാശയെന്തെന്നാൽ, എല്ലാവരും ഇതേ തിരക്കിൽ നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ്. ഇടക്കെപ്പോഴെങ്കിലും ഇതേ ആവശ്യമുള്ള രണ്ടാളുകൾ തമ്മിൽ പരോക്ഷമായ ഒരു കരാറിലെത്തുന്നു, പരസ്പരം അംഗീകരിച്ചുകൊള്ളാമെന്ന്, പരസ്പരം പുകഴ്ത്തിക്കൊള്ളാമെന്ന്. നാം അതിനെ വലിയ സ്നേഹമെന്നും സൗഹൃദമെന്നുമൊക്കെ വിളിച്ചുകൂവി നടക്കുന്നു.


എങ്ങനെ കൂടുതൽ സമൂഹപ്രീതി സമ്പാദിക്കാം എന്ന ചിന്തയുടെ ഭാഗമായാണ് നാം വാഴ്ത്തുന്ന മിക്ക സർഗ്ഗസൃഷ്ടികളും കലകളുമെല്ലാം പിറന്നുവീണത്, ചുരുങ്ങിയ പക്ഷം അവ പ്രചരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും അങ്ങനെയാണ്. വൈയക്തികത - INDIVIDUALITY - യിൽ ഊന്നിക്കൊണ്ടുള്ള ഏതൊരു ചുവടുവെപ്പും നിരുത്സാഹപ്പെടുകയോ എതിർക്കപ്പെടുകയോ ചെയ്യപ്പെട്ടു. ഒരാൾ സ്വസ്ഥമായി ഒരിടത്ത് മിണ്ടാതിരുന്നാൽ, അയാൾ ആരെയും ഗൗനിക്കാതെയും ആരെയും ഉപദ്രവിക്കാതേയും തന്റെ പാട്ടിന് ജീവിക്കാൻ തുടങ്ങിയാൽ, അയാൾ പിന്നെ സംശയ നിഴലിലായി, അയാൾ അഹങ്കാരിയായി, അയാൾ ഒന്നിനും കൊള്ളാത്തവനായി. 

അംഗീകാരങ്ങൾക്കു വേണ്ടിയുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടുകൊണ്ടേയിരുന്നു. അങ്ങനെ നാം ഇന്ന് സോഷ്യൽ മീഡിയയിൽ എത്തിനില്ക്കുന്നു. ആരും തിരിഞ്ഞുനോക്കാത്തപ്പോൾ വെറുതെ ഒന്ന് ഓരിയിടുകയെങ്കിലും ചെയ്യാമല്ലോ. ആരും നമ്മുടെ രൂപത്തെ നോക്കുന്നില്ലെങ്കിൽ, ഒരു സെൽഫിയെടുത്ത് നാം തന്നെ അപരനായി മാറി നിന്നുകൊണ്ട്, നമ്മെത്തന്നെ 'ഹായ്, കൊള്ളാം' എന്ന് പറയുന്ന പരിപാടി. മറ്റുള്ളവരെ പ്രശംസിക്കുന്നതിലൂടെയെങ്കിലും തനിക്കിത്തിരി പ്രാധാന്യം കിട്ടിയാലായി എന്ന് വിചാരിക്കുന്നവർ. സോഷ്യൽ മീഡിയ ഇത്തരം സകല കലാപരിപാടികൾക്കും കളമൊരുക്കുന്നു എന്നതാണ് നമ്മുടെ ആശ്വാസം. ജീവിതത്തിൽ ഒരിക്കലും ക്ലാസിക്കൽ സംഗീതം ആസ്വദിച്ചിട്ടില്ലാത്തവനും ആ മേഖലയിലെ ആരെങ്കിലും മരണപ്പെട്ടാൽ ഒരു പടം വെച്ച് ആദരാഞ്ജലി അർപ്പിച്ച്, താനും നിസ്സാരക്കാരനല്ല എന്ന് കാണിക്കാൻ എളുപ്പമായി. 

കൊച്ചു കുട്ടികളെപ്പോലും നാം സെൽഫി നരകത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടിരിക്കുന്നു. അവരവരുടേതു മാത്രമായ സന്തോഷങ്ങളും വേദനകളും കുസൃതികളുമൊക്കെയായി സ്വയം മറന്നുകഴിയേണ്ട ബാല്യത്തെ നാം പഠിപ്പിക്കുന്നത് എങ്ങനെ ഒരു ‘show piece’ ആയി മാറാം എന്നാണ്. എങ്ങാനും ഏതെങ്കിലും ഒരു കുട്ടി അല്പം പാടുകയോ ആടുകയോ താളം പിടിക്കുകയോ ചെയ്‌താൽ, അവനിലെ ആ കഴിവിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാനാവും വിധം ആസ്വാദ്യതയുടെ പാഠങ്ങളല്ല നാം അവനായി ഒരുക്കിക്കൊടുക്കുന്നത്. പ്രോത്സാഹനം എന്ന പേരിൽ നാം ആ കുട്ടിയിൽ ഇൻജെക്റ്റ് ചെയ്യുന്നത് അപരോന്മുഖത്വമാണ്; വാർത്തയായും  ഇൻസ്റ്റയായും, എഫ് ബി യായും ലൈക്കുകൾ എന്ന ഉപരിപ്ലവതയിലേക്ക് ആ കുഞ്ഞിനെ ആനയിക്കുകയായി. പിന്നെ പിരിവ്, ഫ്ളക്സ് ഇത്യാദികൾ വേറെ. ഭൗതികമായ സ്വയം പര്യാപ്തതക്കൊപ്പം വൈകാരികമായ സ്വയം പര്യാപ്തത - art of contentment- നമ്മുടെ കരിക്കുലത്തിൽ ഇടം പിടിക്കുന്നില്ല. നേരെചൊവ്വേ ഒരു കഥ പോലും ആസ്വദിക്കാൻ അറിയാത്തവരാണെങ്കിലും, കുടുംബശ്രീയിൽ പോലും സിനിമാപിടിത്തം സംഘടിപ്പിക്കാനാണ് നമുക്ക് താല്പര്യം. സെലിബ്രിറ്റി മാനിയ എന്നത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരേപോലെയാണ്.

 

കലകളാകട്ടെ, സമൂഹ മാധ്യമങ്ങളാകട്ടെ, പ്രദർശനങ്ങളാകട്ടെ, പ്രശസ്തിയാകട്ടെ ഒന്നിനേയും അന്ധമായി നിഷേധിക്കാനല്ല പറഞ്ഞുവരുന്നത്. സംതൃപ്തനായ ഒരാളും ഇതുപോലെയൊക്കെത്തന്നെയായിരിക്കും സമൂഹത്തിൽ പെരുമാറിപ്പോരുന്നത്. പക്ഷേ അയാളുടെ സംതൃപ്തിയും സന്തോഷവും കാഴ്ചക്കാരുടെ കയ്യിലായിരിക്കില്ല എന്ന് മാത്രം. കൈവരുന്ന പ്രശസ്തിയിൽ അയാൾ സന്തോഷിക്കുക തന്നെ ചെയ്യും, അങ്ങനെയാണ് വേണ്ടതും. ആ പ്രശസ്തിക്ക് പക്ഷേ അയാളുടെ ജീവിതത്തിനു മേൽ യാതൊരു മേൽക്കയ്യുമുണ്ടായിരിക്കില്ല.



സ്വന്തം ജീവിതത്തെ അപരന് - ബാഹ്യമായ ജീവിതസാഹചര്യങ്ങൾക്ക് - അധീനപ്പെടുത്തുമ്പോൾ, അത് നരകമായേ പറ്റൂ; അതിന് സ്വർഗത്തിന്റേതായ മോടിയുണ്ടായാലും. അവനവനിൽ പടുക്കപ്പെടുന്ന ജീവിതം എത്രതന്നെ ദുരിതമയമായാലും, അതിന്റെ വാതിലുകൾ സ്വർഗീയതയിലേക്കാണ് - HEAVEN OF UNDERSTANDING - ആത്യന്തികമായി തുറക്കപ്പെടുന്നത്. അപരനല്ല നരകമാവുന്നത്; അപരോന്മുഖത്വമാണ്. OTHER IS JUST AN EXCUSE.


                       *                             *                           *

ആശുപത്രിജീവനക്കാരുടെ അനാസ്ഥയുടെ ഭാഗമായി, ഒരിക്കൽ മുല്ല നാസിറുദീന്റെ ഭാര്യയുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടി. ഭാര്യ അപ്പോഴേക്കും ബഹളം വെക്കാൻ തുടങ്ങി. അവർ ഡോക്ടർമാരെയും ആശുപത്രിക്കാരേയും പറ്റി വായിൽ തോന്നിയതൊക്കെ വിളിച്ചുപറയാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ മുല്ലാ നാസിറുദീൻ പറഞ്ഞു, 'നീയിങ്ങനെ വിളിച്ചുകൂവാതെ. നിന്നെപ്പോലെയല്ല ഡോക്ടർമാരും മറ്റും. വിവരോം വിദ്യാഭ്യാസോം ഉള്ളവരാണ്. അവർ പറയുന്നത് ശരിയായിരിക്കും. നീ ശരിക്കും ചത്തിട്ടുണ്ടാകും. ഇല്ലെന്നുള്ളത് നിന്റെ വെറും തോന്നലാകും.'


                                                           











Thursday, October 5, 2023

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ - 7

                                                   

                                   നടനസായന്തനം 

നിഷ്ഠയോടെയുള്ള സാധനാപഥങ്ങളിലൊന്നും സഹജതയുടെ സൗരഭ്യമാർന്ന ഗ്രാഹ്യങ്ങളോ - understanding- പാഠങ്ങളോ അത്രയൊന്നും പ്രതീക്ഷിക്കുക വയ്യ. ഒന്നാമത്തെ പ്രശ്നം നാം എല്ലായ്‌പ്പോഴും അത്തരമെന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്നു എന്നതുതന്നെയാണ്. രണ്ടാമത്, അതിർത്തികളും വ്യവസ്ഥകളും കർക്കശമാക്കപ്പെട്ടിട്ടുള്ള അന്തരീക്ഷങ്ങളെ, മനസ്സ് മുഴുവനും തന്നെ കയ്യടക്കി വാഴുന്നുവെന്നതാണ്. ആകസ്മിതകളും മനാതീതമായ സന്ദർഭങ്ങളും ഒരുപക്ഷേ കൂടുതൽ വീണുകിട്ടുക, മുൻവിധികളോ മുന്നൊരുക്കങ്ങളോ ഇല്ലാത്ത സാധാരണ മുഹൂർത്തങ്ങളിലാകും.

 

അത്തരം മുഹൂർത്തങ്ങൾക്ക് യാതൊരു സാധ്യതയുമില്ലാതിരിക്കുമ്പോൾ, അനുഗ്രഹമെന്നോണം എങ്ങുനിന്നോ വീണുകിട്ടാവുന്ന ഉൾക്കാഴ്ചാ  നിമിഷങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ മാത്രം ഉണർവ്വും സർഗ്ഗവൈഭവും സൃഷ്ടിച്ചെടുക്കലാണ് പ്രധാനമായും ZEN നിർവ്വഹിക്കുന്നത്. യാതൊരു സവിശേഷതയുമില്ലാതെ കടന്നുപോകുന്ന സാധാരണ നിമിഷങ്ങളിലേക്ക് പൊടുന്നനെ ഇടിച്ചുകയറിക്കൊണ്ട് അത്തരം നിമിഷങ്ങളെ ഉൾക്കാഴ്ചകളുടെ മിന്നൽ ദ്യുതികൊണ്ട് എങ്ങനെ മാറ്റിമറിച്ചുകളയാം എന്നാണ് സെൻ  ഗുരുക്കന്മാർ തക്കം പാർക്കുക. എന്താണ് സംഭവിക്കുകയെന്ന് മനസ്സിന് പിടികിട്ടി വരുമ്പോഴേക്കും ശിഷ്യന്റെ ചേതനയെ ഗ്രാഹ്യങ്ങളുടെ മിന്നല്പിണരുകൾ എന്നന്നേക്കുമായി മാറ്റിമറിച്ചിരിക്കും. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നെങ്കിൽ അവർ അതിനെ 'സതോരി'എന്നും ബോധോദയമെന്നുമെല്ലാം വിളിക്കാറുണ്ട്.


ഊരും പേരും ഗുരുവും ആശ്രമവുമൊക്കെ പിന്നെയും ഒഴികഴിവുകളാണ്. ഉണർന്നിരിക്കുകയെന്നതാണ് ആത്യന്തികമായി ഒരു വ്യക്തിയുടെ നൈസർഗ്ഗികമായ ഉത്തരവാദിത്തം എന്ന് ഓർമ്മപ്പെടുത്തുകയല്ലാതെ ആശ്രമാദികൾക്ക് യാതൊന്നും നിർവ്വഹിക്കാനുമില്ല. മറ്റുചിലപ്പോഴാകട്ടെ, നാം ഒട്ടും തന്നെ ഉണർവിലല്ലാതിരുന്നിട്ടും, ചില സംഭവങ്ങളോ കാഴ്ചകളോ ശ്രവണങ്ങളോ (വാക്കുകളോ ഈണങ്ങളോ മറ്റോ) ഗന്ധങ്ങളോ വ്യക്തികളോ ഒരു സെൻ ഗുരുവിനെപ്പോലെ കർക്കശമാവാറുണ്ട്, അവരെപ്പോലെ നിലാവെളിച്ചം തൂകാറുണ്ട്, ചില രാസപരിണാമങ്ങൾക്ക് വഴിതെളിക്കുന്ന ത്വരഗങ്ങളെപ്പോലെ പെരുമാറാറുണ്ട്. അതേപ്പറ്റിയുള്ള ഓർമ്മകളിൽ നിറയുക സ്നേഹമോ നന്ദിയോ ഒന്നുമല്ല. അതേസമയം അവയെ പാടേ നിഷേധിച്ചുകൊണ്ട് അതെന്താണെന്ന് പറയാനും വയ്യ. എല്ലായ്പ്പോഴും നാം കുത്തിമറിഞ്ഞു കടന്നുപോയ്കൊണ്ടിരിക്കുന്ന മായാപടലങ്ങൾക്കിടക്ക് തെളിമകളുടെ ചില വിടവുകളാണവ, ഏറിയാൽ ഒരു മന്ദഹാസത്തിന്റെ നേരിയ അലകുകൾ …. അവിടെയുമിവിടെയും.




                                                       *                         *                          *

മുംബൈയിലേക്കെന്ന് പറഞ്ഞുകൊണ്ടാണ് നാട് വിട്ടതെങ്കിലും, എത്തിപ്പെട്ടത് മുംബൈയിൽ നിന്നും ഏകദേശം ഇരുനൂറ് കിലോമീറ്ററുകളോളം അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു. അവിടെയുള്ള പെട്രോ കെമിക്കൽ റിഫൈനറിയിൽ, ഒരു കോൺട്രാക്ടറോടൊപ്പം ഒരു കുഞ്ഞു ജോലി. ഓഷോവായന തുടങ്ങിയ കാലമായിരുന്നു. കൃത്യമായി പറഞ്ഞാൽ, ആ വായനയുടെ ഭാഗമായാണ് AVT യിലെ നല്ലൊരു ജോലി വേണ്ടെന്ന് വെച്ചിട്ട് കേരളത്തിന് പുറത്തേക്ക് ചേക്കേറിയത്. റിഫൈനറിയിലേക്ക് പോകാനും വരാനും കമ്പനി വക ഒരു പഴയ സ്‌കൂട്ടറുണ്ടായിരുന്നു. പരിചിതമല്ലാത്ത ഇടവഴികളിലൂടെയെല്ലാം മനഃപൂർവ്വം വഴിതെറ്റിപ്പോകാൻ സ്‌കൂട്ടർ വലിയ സഹായമായി. 


അങ്ങനെയങ്ങനെയാണ് പരിചയമില്ലാത്ത വഴികളെന്നാൽ നാം ഓർക്കാത്ത വഴികൾ എന്നേ അർത്ഥമുള്ളൂ എന്ന് മനസ്സിലായത്. നാം നടന്നിട്ടില്ലാത്ത വഴികളുണ്ടോ? നമ്മുടെ നാസിക അറിഞ്ഞിട്ടില്ലാത്ത ശ്വാസമേതുണ്ട്? ഗന്ധം? നമ്മുടെ കർണ്ണപുടങ്ങളിൽ സ്വകാര്യം പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും സ്വനധാതു? നമ്മളാരും തന്നെ പുതിയവരല്ലത്രേ! പഴയവരുമല്ല. വഴികൾ ഓർമ്മിപ്പിക്കുന്നത് ദൂരങ്ങളെയാകാം, എന്നാൽ അവ മന്ദഹസിക്കുന്നുണ്ട്, ആ ദൂരങ്ങളത്രയും ദാ ഇവിടെയാണെന്ന്.

ഓഷോ പറഞ്ഞ ഒരു കഥയുണ്ട്: പണ്ട് യോഗാചാര്യനായ പാതഞ്ജലിയും 'താവോ'ക്കാരനായ ലാവോത്സുവും കൂടി എങ്ങോട്ടേക്കോ പോവുകയായിരുന്നു. വഴിമധ്യേ ഒരു വലിയ പുഴ കടക്കേണ്ടതായി വന്നു. യോഗാചാര്യന് പുഴയൊക്കെ വെറും പുല്ല്! അദ്ദേഹം വെള്ളത്തിന് മീതെ കൂളായി നടന്ന് അക്കരെ കടന്നു. അക്കരെയെത്തിയപ്പോഴാണ് അറിയുന്നത് ലാവോത്സു അവിടെത്തന്നെ നില്ക്കുകയാണെന്ന്. പാതഞ്ജലി വിളിച്ചുപറഞ്ഞു, "Lao Tzu, come to the other shore."

ലാവോത്സു അതേ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്രേ, " This is the other shore."


'എല്ലാമേ നമ്മ വഴിതാൻ' എന്ന മട്ടിൽ ഏതു വളവും തിരിയും എന്നായപ്പോഴാണ്, ഒരു ദിവസം സന്ധ്യക്ക്‌, റിഫൈനറിയിൽ നിന്നും തിരിച്ചുവരുന്ന വഴി, എവിടെനിന്നോ താണ്ടി വരുന്ന എമണ്ടൻ പൈപ്പ് ലൈനിനു സമീപത്തു കൂടെ സ്കൂട്ടറോടിച്ചു പോകാമെന്നു വച്ചത്. കുറെ നാളായി കാണുന്നു, ഒരു മൂന്നു മീറ്ററെങ്കിലും വ്യാസമുള്ള ഒരു പൈപ്പ് ലൈൻ. ദൂരെയുള്ള ഏതോ അണക്കെട്ടിന്റെ സംഭരണിയിൽ നിന്നും റിഫൈനറിയിലേക്ക് വരുന്നതാകണം. 


പൈപ്പ് ലൈനുകൾ 'തുറന്ന ജീവിതം' നയിക്കുന്നവരെ സംബന്ധിച്ച് ഒരു തരം അത്താണിയാണ്. അവർക്ക് കയറിക്കിടക്കാൻ ഒരിടമായി. പൈപ്പുലൈനുകളുടെ തൂണുകൾക്കടിയിൽ അവരുടെ കുടുംബജീവിതമായി. ജോയിന്റുകളുടെ നട്ടും ബോൾട്ടും ഏതു വിധേനയും ലൂസാക്കിയാൽ വെള്ളം തെറിച്ചുവരും. ഇരുപത്തിനാലു മണിക്കൂറും അതങ്ങനെ നഷ്ടപ്പെടുമെങ്കിലും തങ്ങളുടെ നാമമാത്രമായ ആവശ്യങ്ങൾ ഉറപ്പുവരുത്തുക തന്നെ. 

ഈ പ്രദേശം പക്ഷേ വിജനമാണ്. ഇവിടത്തെ പൈപ്പ് ലൈനുകൾ ആ നിലക്ക് 'അനാഥരാണ്‌'. പൊട്ടിപ്പൊളിഞ്ഞ റോഡാണെങ്കിലും വിജനതയുടെ ഒരു സ്വാസ്ഥ്യമുണ്ട്. മാത്രവുമല്ല, പടിഞ്ഞാറ് ഭാഗം കാര്യമായി തടസ്സങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞുകിടപ്പാണ്. മാനം ചുവക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയാണ് ആ വഴിക്ക് തിരിയാൻ പൊടുന്നനെ ഒരു പ്രേരണയുണ്ടായത്.


ഒരല്പം മുന്നോട്ടുചെന്നപ്പോഴാണ് എരുമകളുടെ ഒരു കൂട്ടം വഴിമുടക്കിയത്. ചുരുങ്ങിയത് നൂറെണ്ണമെങ്കിലും കാണും. വേണ്ടവണ്ണം പുല്ലുമേഞ്ഞ് തുടുത്തുരുണ്ട എരുമകളുടെ നടത്തയിൽ തിരിച്ചുപോക്കിന്റെ ലാസ്യം. ഒട്ടും ധൃതിവെക്കാതെ അവ വിജനമായ വഴി മുഴുവനും കയ്യടക്കിക്കഴിഞ്ഞു. സ്‌കൂട്ടർ വശത്തേക്കൊതുക്കിയപ്പോഴാണ് കണ്ടത് അകലെ സൂര്യൻ ചെമന്നു വട്ടം വെച്ചിരിക്കുന്നു. പോകാനുള്ള തത്രപ്പാടിലാണ്. 


പൊട്ടിപ്പൊളിഞ്ഞ റോഡും വഴിയരികിലെ കാട്ടുമൊന്തകളും സ്വർണ്ണപ്രഭയണിഞ്ഞു. നിശ്ശബ്ദമായി കിടന്ന പൈപ്പ് ലൈൻ, സാവധാനം കടന്നുപോകുന്ന ഒരു ഗൂഡ്‌സ്‌ട്രെയിൻ പോലെ... ചെമ്മാനചേലിൽ അചേതനമെന്ന് കരുതപ്പെട്ടിരുന്നവക്കെല്ലാം ജീവസ്മിതം കൈവരുന്നു. എത്ര പെട്ടെന്നാണ് ഒരു ഇടവഴി തീർത്തും വ്യത്യസ്തമായ ടൈംസോണിലേക്ക് മുഖം തിരിച്ചത്! ഒരുപക്ഷേ ടൈംസോണുകൾ എല്ലായിടത്തും എല്ലാവിധത്തിലും ഇടകലർന്നുകിടപ്പാണ്. നാം നമ്മുടെ സൗകര്യാർത്ഥം ഏതെങ്കിലുമൊരെണ്ണത്തിനെ തെരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ, ലാപ്ടോപ്പിൽ തുറന്നുവെച്ചിരിക്കുന്ന നിരവധി വിൻഡോകളിൽ (windows) നിന്നും ഏതെങ്കിലുമൊന്നിനെ ക്ലിക്ക് ചെയ്ത് പണിയെടുക്കുന്നതുപോലെ.


എരുമക്കൂട്ടം റോഡുമുറിച്ചുകടന്ന് അവയുടെ വാസസ്ഥലത്തേക്ക് പോകുമെന്നായിരുന്നു വിചാരിച്ചത്. അവ പക്ഷേ കുറച്ചു മുന്നോട്ടു ചെന്ന് മറയാൻ തുടങ്ങുന്ന സൂര്യനേയും നോക്കി നില്പ്പാണ്. 'എരുമകൾക്കെന്തസ്തമയം?' എന്ന് നിരൂപിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഒരു കൊച്ചു പയ്യന്റെ ആർപ്പു വിളി കേട്ടത്. ഓ, അവനായിരുന്നു ഇവരുടെ ഇടയച്ചെറുക്കൻ. ഏറിയാൽ എട്ടു വയസ്സു പ്രായം. അവൻ പൈപ്പ് ലൈനിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. വലിയ ഒരു വടി ചുമലിൽ വെച്ച് രണ്ടു കൈകളും അതിനുമുകളിലൂടെ കോർത്തുകൊണ്ട് എത്രയോ കാലത്തെ പരിചയ സമ്പന്നനായ ഒരിടയനെപ്പോലെ അവൻ ഉറച്ച ചുവടുകൾ വെച്ചു. എരുമകളുടെ അസ്തമയകൗതുകത്തിൽ ഞാൻ അവനെ കാണാതെ പോയതായിരുന്നു.


അവൻ ആർത്തുവിളിക്കുന്നത് ചുവന്നുതുടുത്ത സൂര്യനെ കണ്ടിട്ടാണ് എന്ന് ഉറപ്പിക്കാൻ എനിക്ക് പിന്നെയും സമയമെടുത്തു. ഇടയന്മാർക്കാണ് അസ്തമയവും ഉദയവുമെല്ലാം എന്ന് ഓർക്കാൻ ഞാൻ വൈകിപ്പോയതാണ്. ഒട്ടും ധൃതിയില്ലാതെ, കാടായാലും പുല്മേടുകളായാലും വഴിത്താരകളായാലും അപാരതകളെ മാത്രം അഭിമുഖീകരിച്ചു ജീവിച്ചവർ ഇടയന്മാരായിരുന്നു. പിന്നെ കടലിനക്കരെ മീൻ പിടിക്കാൻ പോയവരും. മീൻ പിടിത്തക്കാരുടേത് പക്ഷേ ഇടയന്മാരെപ്പോലെ വിശ്രാന്തിയിറ്റുന്ന ജോലിയാവുമെന്ന് തോന്നുന്നില്ല.  ഒരുപക്ഷേ മനുഷ്യാവബോധത്തിന്റെ വളർച്ചാഘട്ടങ്ങളിൽ ഏറ്റവും കാതലായ സംഭാവനകൾ നല്കിയത്, ശാസ്ത്രമായാലും സംഗീതമായാലും, ഏകാന്തവിഹാരികളായിരുന്ന ഇടയന്മാരായിരുന്നുവെന്നതാണ് നേര്. ആത്മീയമണ്ഡലങ്ങളിലാകട്ടെ, ഇടയസാന്നിധ്യം പ്രമുഖമാണ്.


അവൻ പൈപ്പിനുമുകളിലൂടെയുള്ള നടത്തം നിർത്തി. അവനിപ്പോൾ സൂര്യനെനോക്കി ചാടിത്തുള്ളുകയാണ്. ഇടയ്ക്കിടെ സന്തോഷം കൊണ്ട് ആർത്തുവിളിക്കുന്നുമുണ്ട്. ഇടയനടരാജൻ ! അതോ വിടർന്നുപരിലസിച്ച കൃഷ്ണനാട്ടമോ? എരുമകളെല്ലാം അവയുടെ നടത്തം നിർത്തി സൂര്യനഭിമുഖമായി നിശബ്ദമായി നിലകൊള്ളുന്നു. അവർ തങ്ങളുടെ ഇടയനെ കാത്തു നില്ക്കുകയാണോ? അതോ ഈ അന്തിച്ചോപ്പിന്റെ മാസ്മരികതയിൽ അവയുടെ പതിവ് വഴികളെ മറന്നു പോയതോ? സൂര്യനും പോകാൻ മടിച്ചുനില്ക്കുകയാണോ? അസ്തമയം ഇത്ര സമയമെടുക്കാൻ വഴിയില്ലല്ലോ!


ആ ചെറുക്കന്റെ എണ്ണമയമുള്ള കവിൾത്തടങ്ങളിൽ സ്വർണ്ണനിഴലുകൾ ഇളകിമറിഞ്ഞു. അവന്റെ ആഹ്ളാദ ചിരികളിൽ നിഷ്ക്കളങ്കതയുടെ മഞ്ഞപ്പല്ലുകൾ ഇന്ദ്രജാലപ്രകടനങ്ങളായി. മുഷിഞ്ഞു പൊടിപറ്റിയ അവന്റെ പഴഞ്ചൻ വസ്ത്രങ്ങളിപ്പോൾ അരുണ പീതാംബരം. ഇമവെട്ടാതെ നിലകൊണ്ട എരുമക്കൂട്ടങ്ങളുടെ കാർവർണ്ണങ്ങൾക്ക് സാത്വികമായ ഏതോ പ്രഭാവങ്ങളുണ്ടിപ്പോൾ.  


ചാടിത്തുള്ളാനുള്ള എല്ലാ വാസനകളേയും അടക്കിപ്പിടിച്ചുകൊണ്ട് ഈയുള്ളവൻ വേലിയരികെ ഒതുങ്ങിനിന്നു. ഓഷോവായനയിൽ നൃത്തത്തെപ്പറ്റിയും കളിചിരികളെപ്പറ്റിയും വായിച്ചു തുടങ്ങിയതിന്റെ ലഹരി കയറിവരുന്ന ദിനങ്ങളായിരുന്നു. അപ്പോഴാണ് 'ദാ, ഇങ്ങനെയാണ് ആഘോഷിക്കുക, വലിയ വായിൽ വായിച്ചു ഞെളിയുന്നതല്ല അത്' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു കുഞ്ഞു ചെറുക്കൻ മുന്നിൽ വന്ന് തിമിർക്കുന്നത്. കുടിവെള്ളപ്പൈപ്പിനു മുകളിലെ കാളിയമർദ്ദനം. 

‘Red sky at night, shepherd’s delight’, എന്ന ചൊല്ല് പ്രസിദ്ധമാണ്. ആംഗലേയ ഭൂമിശാസ്ത്രത്തിൽ ഒരുപക്ഷേ വർണാഭമായ ആകാശം വിരളമായ ഒരു കാഴ്ചയാകാം. അങ്ങനെയാകാം ഇവ്വിധമൊരു ചൊല്ല് ഉണ്ടായിവന്നത്. ഭാരതീയ പരിസരത്തിൽ, കിഴക്കിന്റെ ഭൂമികയിൽ, തെളിഞ്ഞ ആകാശവും മോഹനമായ ഉദയാസ്തമയങ്ങളും അപൂർവാനുഭവങ്ങളല്ല. എന്നിട്ടും പക്ഷേ ഏതൊരു ഉദയവും അസ്തമയവും ഇനിയും പുതുമ വറ്റാത്ത ആത്മീയാനുഭവമാണ് മിക്കവർക്കും. ഫോട്ടോഗ്രാഫർമാർക്കറിയാം, എത്രയെടുത്താലും മതിവരാത്ത കാഴ്ചകളാണ് ഉദയവും അസ്തമയവുമെന്ന്.


ഉദയവും അസ്തമയവും എന്തോ ആകട്ടെ. തന്നിൽ വന്നു നിറയുന്ന ചില അഭൗമ സ്പന്ദങ്ങളെ അറിയാനും അനുവദിക്കാനും അതിനോട് പങ്കുചേരാനുമുള്ള ആ ധീരതയുണ്ടല്ലോ. ചൂളിപ്പോവുകയാണ് ഈ കാർവർണനു മുൻപിൽ. നൂറോ ഇരുനൂറോ മീറ്ററെങ്കിലും അകലെയായിരുന്നിട്ടും അവന്റെ കണ്ണുകളിലെ ആനന്ദത്തിന്റെ ജ്വാലകൾ എന്റെ ഭീരുത്വത്തിന്റെ കവചങ്ങളിൽ എവിടെയെല്ലാമാണ് പൊള്ളലേൽപ്പിക്കുന്നത്? 


മനുഷ്യൻ ആനന്ദത്തോളം ഭയപ്പെടുന്ന എന്തെങ്കിലുമുണ്ടോ? അവനറിയാം ആനന്ദം അവനെ ഒറ്റപ്പെടുത്തുമെന്ന്. ദുരിതങ്ങളെ താലോലിച്ചു നടക്കുന്നവർക്കിടയിൽ, ആനന്ദിക്കുന്നവൻ ശത്രുവാണ്. ഒറ്റപ്പെടലിനെ ഏകാന്തതയുടെ ആനന്ദനടനങ്ങളെക്കൊണ്ട് മറികടക്കാനാവുന്നില്ലെങ്കിൽ, അവൻ ദുരിതത്തിലേക്ക് വീണുകൊണ്ടേയിരിക്കും. സഹജമായ ജീവിതം - spontaneous living - കൈവിടാതിരിക്കുക എന്നതായിരിക്കും ഒരുവനിലെ  ധീരതയുടെ അളവുകോൽ.


തീർത്തും അപ്രതീക്ഷിതമായി വന്നുവീഴുന്ന ചില സാന്ദ്ര നിമിഷങ്ങളെ, അവ സന്തോഷത്തിന്റേതു തന്നെയാവണമെന്ന് ഒട്ടും നിർബന്ധമില്ല, നഷ്ടപ്പെടുത്താതിരിക്കാൻ അതീവ സൂക്ഷ്മമായ ഉണർവിന്റെ ആവശ്യമുണ്ട്. എന്തുകൊണ്ടെന്നാൽ 'സഹജം' എന്നത്, 'spontaneous living' എന്നത്, സാധാരണമായ - common - ഒന്നല്ല; natural ആയിട്ടുള്ള ഒന്നാണ്. Natural ആയിട്ടുള്ള ഏതൊന്നിനേയും പഠിച്ചെടുത്ത് വൈദഗ്ധ്യം നേടാനാവില്ല; അതിലേക്ക് സാവകാശം തിരിച്ചുചെല്ലാനേ കഴിയൂ. അസ്തിത്വത്തിന്റെ ഏറ്റവും ആഴമാർന്ന ബോധതലങ്ങളിലാണ് - intuitive zone - അതിന്റെ വിനിമയങ്ങൾ നടക്കുന്നത്. നിമിഷാർദ്ധങ്ങളെങ്കിൽ പോലും ഒരു ആയുസ്സിനെ മുഴുവനും സമ്പന്നമാക്കുവാൻ പ്രാപ്തമായിരിക്കുമത്.  



Savita Brandt എന്ന ഓഷോ സന്യാസിനി സമാഹരിച്ച ‘ENCOUNTERS WITH AN INEXPLICABLE MAN’ എന്ന പുസ്തകത്തിൽ പഞ്ചാബിയായിരുന്ന ഒരു സ്വാമി സത്യതീർഥ് പങ്കു വെച്ചിട്ടുള്ള ചേതോഹരമായ ഒരനുഭവമുണ്ട്: 1976- ൽ, പൂനാ കമ്മ്യൂണിൽ, ഓഷോയുടെ വസതിക്കുമുൻപിൽ താൽക്കാലിക ഗ്വാർഡ് ആയി കഴിയുക 

യായിരുന്നു അദ്ദേഹം. പ്രധാന ഗ്വാർഡ് ഉച്ചഭക്ഷണത്തിന് പോയ നേരം.

ഓഷോ ഭക്ഷണം കഴിക്കാനിരിക്കുന്ന കൊച്ചു വരാന്തക്കു മുന്നിലെ ഒരു സ്റ്റൂളിൽ വെറുതെ കുത്തിയിരിക്കലാണ് പ്രധാന പണി. ജൂൺ മാസത്തിലെ ഒരു ദിവസം. മൺസൂൺ തുടങ്ങിയിട്ടില്ല. അന്തരീക്ഷത്തിൽ വല്ലാത്ത ചൂടുണ്ട്. പെട്ടെന്നതാ ചെടി നനക്കുന്നവൻ സ്പ്രിങ്ക്ലെർ ഓൺ ചെയ്തിരിക്കുന്നു. വരാന്തക്കുമുന്നിലെ പുൽത്തകിടിയിലും പടർപ്പുചെടികളിലും മഴപോലെ പാറിവീഴുന്ന വെള്ളത്തുള്ളികൾ. സത്യതീർഥിനു പിടിച്ചുനിൽക്കാനായില്ല. ചുറ്റും നോക്കിയപ്പോൾ ആരുമില്ലതാനും. അദ്ദേഹം തന്റെ റോബ് ഊരിക്കളഞ്ഞ് നഗ്‌നനായി പുൽത്തകിടിയിലേക്കിറങ്ങി സ്പ്രിങ്ക്ലെർ മഴയിൽ ഡാൻസ് ചെയ്തു തിമിർത്തു. പൊടുന്നനെ ബാധിച്ച നൃത്തത്തിൽ അദ്ദേഹം മറന്നേപോയത്രേ. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് തോന്നി, ആരോ വരാന്തയിൽ നില്പ്പുണ്ടെന്ന്. നോക്കിയപ്പോഴുണ്ട് ഓഷോ വരാന്തയിൽ കൈകളുയർത്തി മന്ദഹസിച്ചു നില്ക്കുന്നു. ഓഷോ അദ്ദേഹത്തെ നോക്കി ഡാൻസ് ചെയ്യാൻ തുടങ്ങിയത്രേ. സാധാരണയായി തന്റെ പതിവ് തെറ്റിച്ച് ഓഷോ പുറത്തേക്കിറങ്ങാറില്ല. തനിക്കും ഓഷോക്കുമിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവാത്ത അവസ്ഥ. ഒന്നോ രണ്ടോ മിനിറ്റ് നേരത്തെ ഡാൻസിന് ശേഷം ഓഷോ ചിരിച്ചുകൊണ്ട് നമസ്‌തെ പറഞ്ഞ് അകത്തേക്ക് തിരിച്ചുപോയി.


അവാച്യമായ അത്തരം ഊർജ്ജസംക്രമണങ്ങൾ - ‘ശക്തിപഥ്’ എന്ന വാക്കുതന്നെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു - ഒരു ജീവിതത്തിന് മുഴുവനുമുള്ള ബോധപ്രവേഗങ്ങളാണ്. സൂക്ഷ്മമായ അത്തരം ഉണർവുകളെ 'ഭാഗ്യം' എന്ന് പരിഭാഷപ്പെടുത്താനേ നമുക്കാവൂ എന്ന് മാത്രം.


എന്റെയീ ഇടയനടരാജൻ എവിടെനിന്നെല്ലാമോ എല്ലായ്പ്പോഴും ഉറ്റുനോക്കിക്കൊണ്ടേയിരിക്കുന്നു. അവന്റെ അദൃശ്യ നയനങ്ങളിൽ നൃത്തത്തിന്റെ സ്വർണജ്വാലകൾ ഇപ്പോഴും ആരെയെല്ലാമോ മാടി വിളിക്കുന്നുണ്ട്. വർഷങ്ങളെത്രയായി. അവനിപ്പോഴും അതേ എട്ടു വയസ്സുകാരൻ. യാത്രകളിലെ ചില ദൃശ്യങ്ങളിൽ, ചില വായനകളിൽ, ചില ചലച്ചിത്രങ്ങളിൽ, ചില സംഭാഷണങ്ങളിൽ, ചില മൗനങ്ങളിൽ അവൻ പ്രസരിപ്പാർന്ന മുഖവുമായി ഇപ്പോഴും കടന്നുവരുന്നു. അവൻ ചിലപ്പോൾ അവഗണിക്കപ്പെട്ട പ്രാചീന ശില്പഭംഗികളിലെ മായാത്ത മന്ദസ്മിതങ്ങളാണ്. അവൻ ചിലപ്പോൾ പുല്ലാങ്കുഴലിൽ വിരലുകൾക്ക് വഴങ്ങാത്ത സരളിവരിശകളാണ്. ചിലപ്പോഴവൻ കാറ്റ് വീശുന്ന പൗർണ്ണമികളിൽ മേഘങ്ങൾക്ക് പിറകിലൂടെ ഓടിമറയുന്ന ചന്ദ്രമിഴിയാണ്.


ഒരിക്കൽ അവൻ കടന്നുവന്നത് OLD PATH WHITE CLOUDS - ലെ സ്വസ്തി എന്ന ഇടയച്ചെറുക്കനായിട്ടുതന്നെയായിരുന്നു. അവനായിരുന്നു ബുദ്ധന് കുശപ്പുല്ലുകൾ ശേഖരിച്ചു കൊടുത്തത്, സുഖകരമായി ആസനസ്ഥനാവാൻ. അവനെപ്പറ്റിയായിരുന്നു ഒരിക്കൽ ബുദ്ധൻ പറഞ്ഞത്: ' ഭിക്ഷുക്കളേ ശ്രദ്ധിച്ചു കേൾക്കുക. എരുമകളെ മേക്കുന്ന ഇടയച്ചെറുക്കൻ എങ്ങനെയാണോ അവന്റെ ഓരോ എരുമയേയും ശ്രദ്ധാപൂർവ്വം തിരിച്ചറിയുന്നത്, അതേപോലെ ഒരു ഭിക്ഷു അയാളുടെ സ്വന്തം ശരീരത്തിന്റെ എല്ലാ ആവശ്യങ്ങളേയും തിരിച്ചറിയുന്നു. ആ ഇടയച്ചെറുക്കൻ തന്റെ ഓരോ എരുമയുടെയും സ്വഭാവങ്ങളേയും രീതികളേയും അറിയുന്നതുപോലെ ഒരു ഭിക്ഷു അവന്റെ ശരീരത്തിന്റെയും സംസാരത്തിന്റെയും മനസ്സിന്റെയും ഏതേത് പ്രവണതകളാണ് ഉചിതമായതെന്നും ഏതെല്ലാമാണ് വിട്ടുകളയേണ്ടതെന്നും തിരിച്ചറിയുന്നു. ഒരിടയൻ അവന്റെ എരുമകളെ എങ്ങനെയെല്ലാമാണ് കുളിപ്പിച്ച് വൃത്തിയായി പരിപാലിക്കുന്നത്, അതേപോലെത്തന്നെ ഒരു ഭിക്ഷു അയാളുടെ ശരീരത്തേയും മനസ്സിനേയും അഭിലാഷങ്ങളിൽ നിന്നും മമത, കോപം, വെറുപ്പ് എന്നിവയിൽ നിന്നുമൊക്കെ മോചിപ്പിച്ച് വൃത്തിയായി പരിപാലിക്കുന്നു.'


ബുദ്ധന് മുൻപിൽ അന്നവൻ മിണ്ടാതെ കുത്തിയിരുന്ന് കേട്ടെങ്കിലും ഇപ്പോഴവൻ പിറുപിറുക്കുന്നത് കേൾക്കാനാവുന്നുണ്ട്,'നൃത്തം ചെയ്യാനറിയാത്തവർക്ക്, ആഘോഷമറിയാത്തവർക്ക്, ഇവയൊക്കെയും കടുത്ത സാധനാപാഠങ്ങളായിരിക്കും. അല്ലാത്തവർക്ക് അത് തികച്ചും സ്വാഭാവികമായ ഒരു കടന്നുപോക്കായിരിക്കും.' 

അസ്തമയം കടന്നുവരുന്ന വഴികളിൽ ഇപ്പോഴും സംതൃപ്തരായി തിരിച്ചുവരുന്ന എരുമകൾ സൂര്യനെ കൺപാർക്കുന്നു. അവയുടെ മിഴികളിലെ നിശ്ശബ്ദതകൾ  നന്ദിവാക്കുകളെക്കൊണ്ടുപോലും ഭഞ്ജിക്കപ്പെടാതിരിക്കാൻ ശ്രദ്ധവെക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക?


                                     

*                     *                       *


നാമാരും തന്നെ ഇവിടെ അപരിചിതരല്ലെന്നിരിക്കെ, ഈ പ്രപഞ്ച വാസത്തിലെ ആനന്ദാഘോഷങ്ങളൊക്കെയും നഷ്ടമാകുന്നതെങ്ങനെയാണ്? നമ്മുടെ നൃത്തച്ചുവടുകൾ അവയുടെ സ്വാഭാവിക ചടുലതകളിൽ നിന്നും തെന്നി മാറുന്നതെങ്ങനെയാണ്? ആരാണ്, എന്താണ് നമ്മെ പിന്നോട്ട് വലിക്കുന്നത്? എങ്ങനെയാണ് നാം സകലതും പിന്നേക്കു വെക്കുന്നത്? 


പിന്നേക്കു വെക്കുക എന്നത് അത്രക്കും ഒഴിച്ചുകൂടാത്തതാണെങ്കിൽ, ദുരിതങ്ങളെ പിന്നേക്കുവെക്കുക. അവ ശരിക്കും അഭിമുഖീകരിക്കേണ്ടവയാണെങ്കിൽ, അതേപടി നിലനിൽക്കുന്നുണ്ടാവും.  അല്ലാത്തപക്ഷം ആഘോഷത്തിന്റെ നിർമ്മലഹാസങ്ങളിൽ അവ മഞ്ഞിൻകണങ്ങളെപ്പോലെ ഇല്ലാതാവുകതന്നെ ചെയ്യുമത്രേ. 


‘DANCE YOUR WAY TO GOD’ എന്ന് പ്രകോപിപ്പിച്ചയാൾ അതുകൊണ്ടായിരിക്കണം സോർബയെ ബുദ്ധനോളം ഉയർത്തിയത്!














 



                                                        






Sunday, September 17, 2023

ഉണർവിലേക്കുള്ള പടവുകൾ - 41


                              പുതിയ ഭൂതവും പഴയ ഭാവിയും  


ഭൂതാവിഷ്ടർ എന്ന പേരിൽ പ്രസിദ്ധമായ ഒരു നോവലുണ്ട്; ദസ്തേവ്സ്കിയുടെ DEMONS എന്ന നോവലിന്റെ പരിഭാഷ. THE POSSESSED എന്നായിരുന്നു ഇംഗ്ലീഷ് പരിഭാഷക്കു ആദ്യം നൽകിയ പേര്. ഇപ്പോഴത് DEMONS എന്ന് പരിഷ്‍കരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യയശാസ്ത്രങ്ങളുടേയും ആശയശാഠ്യങ്ങളുടേയും ബാധ കയറിയവർ എന്ന അർത്ഥത്തിലാണ് നോവലിൽ വിവക്ഷിക്കപ്പെടുന്നതെങ്കിലും, കുറേകൂടി

വിശാലമായ അർത്ഥത്തിൽ ഭൂതകാലം പിടികൂടിയവർ എന്നാണ് മനസിലാക്കേണ്ടതെന്ന് തോന്നുന്നു. ഭൂതാവിഷ്ടർ എന്ന പ്രയോഗം ഒരു കൗതുകമുണർത്തുന്നുണ്ട് - ഭൂതകാലത്തിന്റെ ബാധ കയറാത്തവരായി നമ്മിൽ എത്ര പേരുണ്ട്?


കേവലം ഓർമ്മകളുടെ രൂപത്തിലല്ല ഭൂതകാലം നമ്മിൽ കുടികൊള്ളുന്നത്. നമ്മുടെ ശരീരവും മനസ്സും വിചാരങ്ങളും വികാരങ്ങളുമെല്ലാം ഒരർത്ഥത്തിൽ ഭൂതമാണ്. അറിയപ്പെടാത്ത ഏതോ ഭൂതകാലങ്ങളിൽ നിന്നും കൈമാറി കൈമാറി വീണ്ടും ജനിച്ചും പരിണമിച്ചുമൊക്കെ ഉണ്ടായിവന്നവ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളില്ലെല്ലാം ഭൂതകാലം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിറഞ്ഞു നില്പ്പുണ്ട്. നമ്മുടെ ഭക്ഷണരീതികളിൽ, നമ്മുടെ രുചിവ്യത്യാസങ്ങളിൽ, നമ്മുടെ വർണ്ണവിവേചനങ്ങളിൽ, നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളിൽ, നമ്മുടെ ആയുരാരോഗ്യ സൗഖ്യങ്ങളിൽ നിറയെ ഭൂതകാലമാണ്. നാം സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങളിൽ, നാം കണ്ടെത്തുന്ന ജീവനോപാധികളിൽ, നാം പുലർത്തുന്ന ജീവിതസമീപനങ്ങളിൽ എല്ലാം ഭൂതകാലമാണ്. ഒരർത്ഥത്തിൽ നാം ഭൂതത്തിന്റെ സന്തതികളാണ്. തീർത്തും ഭൂതാവിഷ്ടർ.


ആശയും ആഗ്രഹങ്ങളുമായി കലങ്ങിമറിയുന്ന സാധാരണക്കാർ മുതൽ അസാധാരണ ഭാവനാവിലാസങ്ങൾ പ്രകടിപ്പിക്കുന്ന മഹാപ്രതിഭകളും ഭൂതകാലത്തിന്റെ പിടിയിൽത്തന്നെ. എന്തുകൊണ്ടെന്നാൽ നമ്മുടെ ഭാവനകളത്രയും ഭാഷാപ്രാവീണ്യം മുതൽക്കുള്ള ഭൂതകാല ലക്ഷണങ്ങൾ മാത്രമാണ്. ശരിക്കു പറഞ്ഞാൽ നമ്മുടെ ഭാവിയെന്നത് നമ്മുടെ ഭൂതകാലത്തിന്റെ ഒരു പ്രക്ഷേപ (projection) മല്ലാതെ മറ്റെന്താണ്? ഒരുവേള നമ്മിൽ നിന്നും ഭാഷയെ എടുത്തുമാറ്റിയാൽ, നമ്മുടെ സങ്കല്പത്തിലുള്ള നീണ്ട ഭാവിയും, നമുക്ക് തൊട്ടു മുന്നിലുള്ള ഹ്രസ്വ ഭാവിയുമെല്ലാം പൊടുന്നനെ ഇല്ലാതെയാകും. അതുകൊണ്ടാണ് 'മിണ്ടാട്ടം മുട്ടിപ്പോകുന്ന' ഭീതിജനകമായ നിമിഷങ്ങളിലും അതുപോലെത്തന്നെ തീർത്തും അപ്രതീക്ഷിതമായ സന്ദർഭങ്ങളിലും മറ്റും നമ്മിലെ ഭാവിയും ഭൂതവും എങ്ങോട്ടോ മാഞ്ഞുപോകുന്നത്.

ഭൂതവും ഭാവിയും ഉണ്ടായിവന്നിട്ടുള്ളത് മനുഷ്യൻ എന്ന ജീവിവർഗ്ഗത്തിന്റെ ആവിർഭാവത്തോടെയാണ്. എന്തെന്നാൽ ഭൂതവും ഭാവിയും സവിശേഷമായ നോക്കിക്കാണലുകൾ മാത്രമാണ്, perceptions. മനുഷ്യന് മാത്രമേ അങ്ങനെ നോക്കിക്കാണാനുള്ള കഴിവുള്ളൂ. മറ്റു പല ജീവ ജാലങ്ങളും ഭൂതകാലം അനുഭവിക്കുന്നുണ്ടെന്ന് (ഓർമ്മകളുടെ മാത്രം രൂപത്തിൽ) തോന്നാം, പക്ഷേ അവർ അപ്പോഴും വർത്തമാനത്തിലാണ്, അവരത് അറിയുന്നില്ലെങ്കിലും. ഓർമ്മകളിൽ മുഴുകി (ഭാവനകളിലും) ചുറ്റുപാടുകളെ മറന്നു പോകുന്ന ഏതെങ്കിലും ജീവിയുണ്ടെന്നു തോന്നുന്നില്ല, മനുഷ്യനൊഴികെ.



ഭൂതത്തേയും ഭാവിയേയും പറ്റി പറയുമ്പോൾ, പൊതുവെ പറഞ്ഞുപോരുന്ന ഒരു രീതിയുണ്ട്, 'ഭൂതകാലമെന്നത് എന്നേ കഴിഞ്ഞുപോയിരിക്കുന്നു. ഭാവിയാകട്ടെ ഇനിയും വന്നിട്ടുമില്ല.' നാം അത് ഒരൊഴുക്കാൻ മട്ടിൽ പറഞ്ഞുപോവുന്നുണ്ടെങ്കിലും ഇതുരണ്ടും ഒട്ടും ബോധ്യമാവുന്ന സംഗതികളല്ല പൊതുവെ. ഉദാഹരണത്തിന്, രാവിലെ വന്ദേ ഭാരത് എക്സ്പ്രെസ്സിൽ കയറി കാസർഗോട്ടേക്ക് പോകുന്ന ഒരാളുടെ കാര്യമെടുക്കുക. കാസർഗോഡ്, അയാൾ എത്തുന്ന മുറക്ക് സൃഷ്ടിക്കപ്പെടുന്ന ഒരു പട്ടണമല്ല. അയാൾ അവിടെ എത്തുന്നതോടെയല്ല അവിടത്തെ ജനവാസങ്ങളും കെട്ടിടങ്ങളും പാലങ്ങളും റെയിൽവേയും മറ്റും. അത് എപ്പോഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അയാൾ വിട്ടുപോരുന്നതോടെ തിരുവനന്തപുരം നഗരം മാഞ്ഞുപോകുന്നുമില്ല. കനകക്കുന്നുകൊട്ടാരവും രാഷ്ട്രീയക്കാർ തമ്പടിച്ചിരിക്കുന്ന നിയമസഭയുമൊന്നും പുകപോലെ മാഞ്ഞുപോകുന്ന ഒരനുഭവമല്ല. എന്നാലും തിരുവനന്തപുരത്ത് ട്രെയിനിലിരിക്കുമ്പോൾ കാസർഗോഡ് അയാളെസംബന്ധിച്ച് ഒരു ഭാവിയനുഭവമാണ്; വിട്ടുപോകുന്നതോടെ തിരുവനന്തപുരം അയാളിലെ ഭൂതകാലമായിത്തീരുകയും ചെയ്യുന്നു.


മിക്കപ്പോഴും നമുക്ക് തോന്നുക മനുഷ്യജീവിതം നീണ്ടുനിവർന്നു നീങ്ങുന്ന ഒരു മണ്ണിരയെപ്പോലെയാണെന്നാണ് - ഒരറ്റത്തുനിന്നും ഭാവികാലമെന്ന മണ്ണിനെ അകത്താക്കിക്കൊണ്ട് മറ്റേയറ്റത്തുകൂടെ ഭൂതകാലമെന്ന മണ്ണിനെ പുറത്തുവിടുന്ന ഒരു പാവം ജീവി. അകത്താക്കുന്നതുവരേയെ ഭാവിക്ക് ആയുസുള്ളൂ. അതിനിടയിൽ ഉണ്ടെന്ന് തോന്നിക്കുന്ന പേരിനു മാത്രമുള്ള ഇടവേളയെയാണ് നാം വർത്തമാനമെന്ന് കൊട്ടിഘോഷിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയൊരു ഇടവേളയില്ലതന്നെ. എന്തെന്നാൽ ഭാവി ഭൂതമായി മാറാൻ സമയമെടുക്കുന്നില്ല. അങ്ങനെ വരുമ്പോൾ, സൂക്ഷിച്ചുനോക്കിയാൽ കാണാം, വർത്തമാനമെന്നു നാം വിചാരിക്കുന്നതത്രയും തൊട്ടുമുൻപത്തെ ഓർമ്മമാത്രമാണെന്ന്. ന്യൂറോളജി പ്രകാരവും അങ്ങനെത്തന്നെയാണ്. ഇഹലോകമെന്ന നമ്മുടെ അനുഭവത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ അനുഭവിപ്പിക്കുന്നതിന് ഒരു സെക്കന്റിന്റെ നേരിയ ഒരംശത്തിന്റെ കാല താമസമുണ്ട്. എട്ടു മിനിറ്റു മുൻപത്തെ സൂര്യനെയാണ് നാം കാണുന്നതെന്ന പോലെ ഒരു നൊടിയിട മുൻപത്തെ ലോകത്തെയാണ് നാം അനുഭവിച്ചുപോരുന്നത്. അതായത് നാം അറിയുന്നത് ഭൂതത്തെയാണെന്ന് സമ്മതിക്കാതെ വയ്യ.

മനുഷ്യൻ എക്കാലവും അവന്റെ ഭാവിയെപ്പറ്റി ഉത്സുകനായിരുന്നിട്ടുണ്ട്. അത്യന്താധുനിക ശാസ്ത്രവും അത് തുടരുന്നുണ്ട്. അങ്ങനെയാണ് ഈയടുത്ത് ക്വാണ്ടം മെകാനിക്സ് ഒരു നിഗമനം മുന്നോട്ടുവെച്ചത് - ഭാവിയാണ് അവന്റെ ഭൂതത്തെ സൃഷ്ടിക്കുന്നതെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഭാവി ഒരു നിമിഷാർദ്ധം കൊണ്ട് ഭൂതമായി പരിണമിക്കുകയല്ല. നാം കാണുന്ന മുഖം ഭാവിയുടെ വാലറ്റം മാത്രമാണെന്നും അത് അതിന്റെ വായ്ഭാഗത്തുകൂടെ നമുക്ക് കാണാനാകാത്ത നമ്മുടെ ഭൂതകാലത്തെ മുന്നോട്ടു തള്ളുകയുമാണെന്ന്. ഭൂതകാലത്തിന്റെ വായറ്റം മാത്രമേ നമുക്ക് കാണാനാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭാവിയുടെ വായ്ഭാഗത്തെയാണ് നാം ഭൂതമെന്നറിയുന്നത്!

അത്രവലിയ മാറ്റമൊന്നുമില്ല സംഗതികളുടെ കിടപ്പിൽ. പക്ഷേ ചില ചെറിയ മാറ്റങ്ങൾ നമ്മുടെ ധാരണകളെ കാര്യമായി സ്വാധീനിക്കാൻ പോന്നവയാണ്. ഇതുവരേക്കും നമ്മുടെ ധാരണ, സൂപ്പർ സ്റ്റാറിന്റെ മകൻ ഒരു സിനിമാ നടൻ തന്നെയാകാനാണ് വഴി എന്നായിരുന്നു. എന്നാൽ ക്വാണ്ടം മെക്കാനിക്സ് പ്രകാരം സൂപ്പർ സ്റ്റാറിന്റെ മകൻ സിനിമയിലേക്ക് വരാനുള്ള കാരണമായാണ് അയാളുടെ പിതാവ് സൂപ്പർ സ്റ്റാർ ആയതത്രേ ! 


ഒന്ന് കണ്ണടച്ച് തുറക്കുക. എത്ര പെട്ടെന്നാണ് നമ്മുടെ ഭാവിയത്രയും പഴയതായി മാറിയത്, ഭൂതമത്രയും ഏറ്റവും പുതിയതും!

ഇനിയും പുതിയ കാഴ്ചപ്പാടുകൾ പരിഷ്‌ക്കരിക്കപ്പെടുകയും പുതിയ വിസ്മയങ്ങൾ നിരത്തുകയും ചെയ്യും. എന്നാൽ ഓർക്കേണ്ടുന്നത് ഒന്നു മാത്രമാണ്, ഒരുപക്ഷേ പ്രാചീന ദർശനങ്ങൾ മുതൽ ക്വാണ്ടം മെക്കാനിക്സ് വരേയ്ക്കും നിത്യജീവിതത്തിൽ സംഗതമായിത്തീരുന്നത് ഇവിടെ മാത്രമാണ്: 

വർത്തമാനത്തിൽ ജീവിക്കുമ്പോൾ ഭൂതവും ഭാവിയും പുതിയതുമല്ല പഴയതുമല്ല. ഭൂതവും ഭാവിയും താത്‌ക്കാലികമായ ഭാഷാവ്യവഹാരങ്ങൾ മാത്രമാണ്, പ്രായോഗിക സൗകര്യത്തിനു വേണ്ടിയുള്ളത്. 


വർത്തമാനമെന്നത്, ഭാവി ഭൂതത്തിലേക്കു പരിണമിക്കുന്നതിനിടക്കുള്ള ഇടവേളയല്ല. മറിച്ച് വർത്തമാനം മാത്രമേയുള്ളൂ. ഒരറ്റത്തെ ഭൂതമെന്നും മറ്റേയറ്റത്തെ ഭാവിയെന്നും എണ്ണുന്നുവെന്നുമാത്രം. മാത്രവുമല്ല, വർത്തമാനം രേഖീയമായിട്ടുള്ളതുമല്ല. പൊതുവെ ജീവിതത്തെപ്പറ്റി നാം വിചാരിക്കുന്നതുപോലെ ഭൂതത്തിൽ നിന്നും ഭാവിയിലേക്ക് മുന്നോട്ടു സഞ്ചരിക്കുന്ന ഒന്നല്ല ജീവിതം. നമുക്കകത്തും പുറത്തും സംഭവിക്കുന്ന ധാരാളം ചലനങ്ങളെ നമ്മുടെ സഞ്ചാരമായി തെറ്റിദ്ധരിക്കുന്നു, അത്ര തന്നെ.


നിങ്ങൾ വായിക്കുന്ന ഈ പേജിന്റെ പിന്നിലുള്ള പേജിനെ ഭൂതകാലമായും ഇനിയും മറിക്കാത്ത പേജിനെ ഭാവിയായും കരുതാവുന്നതാണ്. എന്നാൽ തൊട്ടടുത്ത് മറ്റു ധാരാളം മാസികകൾ ഇരിപ്പുണ്ടെങ്കിൽ, ഇപ്പോൾ കണ്മുന്നിലുള്ള പേജിനെ മാത്രമല്ല, കയ്യിലിരിക്കുന്ന മാസികയെ മൊത്തമായി നാം വർത്തമാനമായി അറിയുന്നു. അല്ലാത്തപക്ഷം നമ്മുടെ വർത്തമാനത്തെ നാം ഒരൊറ്റ പേജിലേക്ക് ചുരുക്കുന്നു, അത്രമാത്രം. 


ഭൂതവും ഭാവിയും നമ്മുടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ മാത്രമാണ്. സ്വാതന്ത്ര്യം പക്ഷേ സ്വതന്ത്രമാവാനുള്ളതാണ്, അകപ്പെടാനുള്ളതല്ലല്ലോ!