Featured Post

Sunday, September 17, 2023

ഉണർവിലേക്കുള്ള പടവുകൾ - 41


                              പുതിയ ഭൂതവും പഴയ ഭാവിയും  


ഭൂതാവിഷ്ടർ എന്ന പേരിൽ പ്രസിദ്ധമായ ഒരു നോവലുണ്ട്; ദസ്തേവ്സ്കിയുടെ DEMONS എന്ന നോവലിന്റെ പരിഭാഷ. THE POSSESSED എന്നായിരുന്നു ഇംഗ്ലീഷ് പരിഭാഷക്കു ആദ്യം നൽകിയ പേര്. ഇപ്പോഴത് DEMONS എന്ന് പരിഷ്‍കരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യയശാസ്ത്രങ്ങളുടേയും ആശയശാഠ്യങ്ങളുടേയും ബാധ കയറിയവർ എന്ന അർത്ഥത്തിലാണ് നോവലിൽ വിവക്ഷിക്കപ്പെടുന്നതെങ്കിലും, കുറേകൂടി

വിശാലമായ അർത്ഥത്തിൽ ഭൂതകാലം പിടികൂടിയവർ എന്നാണ് മനസിലാക്കേണ്ടതെന്ന് തോന്നുന്നു. ഭൂതാവിഷ്ടർ എന്ന പ്രയോഗം ഒരു കൗതുകമുണർത്തുന്നുണ്ട് - ഭൂതകാലത്തിന്റെ ബാധ കയറാത്തവരായി നമ്മിൽ എത്ര പേരുണ്ട്?


കേവലം ഓർമ്മകളുടെ രൂപത്തിലല്ല ഭൂതകാലം നമ്മിൽ കുടികൊള്ളുന്നത്. നമ്മുടെ ശരീരവും മനസ്സും വിചാരങ്ങളും വികാരങ്ങളുമെല്ലാം ഒരർത്ഥത്തിൽ ഭൂതമാണ്. അറിയപ്പെടാത്ത ഏതോ ഭൂതകാലങ്ങളിൽ നിന്നും കൈമാറി കൈമാറി വീണ്ടും ജനിച്ചും പരിണമിച്ചുമൊക്കെ ഉണ്ടായിവന്നവ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളില്ലെല്ലാം ഭൂതകാലം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിറഞ്ഞു നില്പ്പുണ്ട്. നമ്മുടെ ഭക്ഷണരീതികളിൽ, നമ്മുടെ രുചിവ്യത്യാസങ്ങളിൽ, നമ്മുടെ വർണ്ണവിവേചനങ്ങളിൽ, നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളിൽ, നമ്മുടെ ആയുരാരോഗ്യ സൗഖ്യങ്ങളിൽ നിറയെ ഭൂതകാലമാണ്. നാം സൃഷ്ടിച്ചെടുക്കുന്ന ബന്ധങ്ങളിൽ, നാം കണ്ടെത്തുന്ന ജീവനോപാധികളിൽ, നാം പുലർത്തുന്ന ജീവിതസമീപനങ്ങളിൽ എല്ലാം ഭൂതകാലമാണ്. ഒരർത്ഥത്തിൽ നാം ഭൂതത്തിന്റെ സന്തതികളാണ്. തീർത്തും ഭൂതാവിഷ്ടർ.


ആശയും ആഗ്രഹങ്ങളുമായി കലങ്ങിമറിയുന്ന സാധാരണക്കാർ മുതൽ അസാധാരണ ഭാവനാവിലാസങ്ങൾ പ്രകടിപ്പിക്കുന്ന മഹാപ്രതിഭകളും ഭൂതകാലത്തിന്റെ പിടിയിൽത്തന്നെ. എന്തുകൊണ്ടെന്നാൽ നമ്മുടെ ഭാവനകളത്രയും ഭാഷാപ്രാവീണ്യം മുതൽക്കുള്ള ഭൂതകാല ലക്ഷണങ്ങൾ മാത്രമാണ്. ശരിക്കു പറഞ്ഞാൽ നമ്മുടെ ഭാവിയെന്നത് നമ്മുടെ ഭൂതകാലത്തിന്റെ ഒരു പ്രക്ഷേപ (projection) മല്ലാതെ മറ്റെന്താണ്? ഒരുവേള നമ്മിൽ നിന്നും ഭാഷയെ എടുത്തുമാറ്റിയാൽ, നമ്മുടെ സങ്കല്പത്തിലുള്ള നീണ്ട ഭാവിയും, നമുക്ക് തൊട്ടു മുന്നിലുള്ള ഹ്രസ്വ ഭാവിയുമെല്ലാം പൊടുന്നനെ ഇല്ലാതെയാകും. അതുകൊണ്ടാണ് 'മിണ്ടാട്ടം മുട്ടിപ്പോകുന്ന' ഭീതിജനകമായ നിമിഷങ്ങളിലും അതുപോലെത്തന്നെ തീർത്തും അപ്രതീക്ഷിതമായ സന്ദർഭങ്ങളിലും മറ്റും നമ്മിലെ ഭാവിയും ഭൂതവും എങ്ങോട്ടോ മാഞ്ഞുപോകുന്നത്.

ഭൂതവും ഭാവിയും ഉണ്ടായിവന്നിട്ടുള്ളത് മനുഷ്യൻ എന്ന ജീവിവർഗ്ഗത്തിന്റെ ആവിർഭാവത്തോടെയാണ്. എന്തെന്നാൽ ഭൂതവും ഭാവിയും സവിശേഷമായ നോക്കിക്കാണലുകൾ മാത്രമാണ്, perceptions. മനുഷ്യന് മാത്രമേ അങ്ങനെ നോക്കിക്കാണാനുള്ള കഴിവുള്ളൂ. മറ്റു പല ജീവ ജാലങ്ങളും ഭൂതകാലം അനുഭവിക്കുന്നുണ്ടെന്ന് (ഓർമ്മകളുടെ മാത്രം രൂപത്തിൽ) തോന്നാം, പക്ഷേ അവർ അപ്പോഴും വർത്തമാനത്തിലാണ്, അവരത് അറിയുന്നില്ലെങ്കിലും. ഓർമ്മകളിൽ മുഴുകി (ഭാവനകളിലും) ചുറ്റുപാടുകളെ മറന്നു പോകുന്ന ഏതെങ്കിലും ജീവിയുണ്ടെന്നു തോന്നുന്നില്ല, മനുഷ്യനൊഴികെ.



ഭൂതത്തേയും ഭാവിയേയും പറ്റി പറയുമ്പോൾ, പൊതുവെ പറഞ്ഞുപോരുന്ന ഒരു രീതിയുണ്ട്, 'ഭൂതകാലമെന്നത് എന്നേ കഴിഞ്ഞുപോയിരിക്കുന്നു. ഭാവിയാകട്ടെ ഇനിയും വന്നിട്ടുമില്ല.' നാം അത് ഒരൊഴുക്കാൻ മട്ടിൽ പറഞ്ഞുപോവുന്നുണ്ടെങ്കിലും ഇതുരണ്ടും ഒട്ടും ബോധ്യമാവുന്ന സംഗതികളല്ല പൊതുവെ. ഉദാഹരണത്തിന്, രാവിലെ വന്ദേ ഭാരത് എക്സ്പ്രെസ്സിൽ കയറി കാസർഗോട്ടേക്ക് പോകുന്ന ഒരാളുടെ കാര്യമെടുക്കുക. കാസർഗോഡ്, അയാൾ എത്തുന്ന മുറക്ക് സൃഷ്ടിക്കപ്പെടുന്ന ഒരു പട്ടണമല്ല. അയാൾ അവിടെ എത്തുന്നതോടെയല്ല അവിടത്തെ ജനവാസങ്ങളും കെട്ടിടങ്ങളും പാലങ്ങളും റെയിൽവേയും മറ്റും. അത് എപ്പോഴേ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അയാൾ വിട്ടുപോരുന്നതോടെ തിരുവനന്തപുരം നഗരം മാഞ്ഞുപോകുന്നുമില്ല. കനകക്കുന്നുകൊട്ടാരവും രാഷ്ട്രീയക്കാർ തമ്പടിച്ചിരിക്കുന്ന നിയമസഭയുമൊന്നും പുകപോലെ മാഞ്ഞുപോകുന്ന ഒരനുഭവമല്ല. എന്നാലും തിരുവനന്തപുരത്ത് ട്രെയിനിലിരിക്കുമ്പോൾ കാസർഗോഡ് അയാളെസംബന്ധിച്ച് ഒരു ഭാവിയനുഭവമാണ്; വിട്ടുപോകുന്നതോടെ തിരുവനന്തപുരം അയാളിലെ ഭൂതകാലമായിത്തീരുകയും ചെയ്യുന്നു.


മിക്കപ്പോഴും നമുക്ക് തോന്നുക മനുഷ്യജീവിതം നീണ്ടുനിവർന്നു നീങ്ങുന്ന ഒരു മണ്ണിരയെപ്പോലെയാണെന്നാണ് - ഒരറ്റത്തുനിന്നും ഭാവികാലമെന്ന മണ്ണിനെ അകത്താക്കിക്കൊണ്ട് മറ്റേയറ്റത്തുകൂടെ ഭൂതകാലമെന്ന മണ്ണിനെ പുറത്തുവിടുന്ന ഒരു പാവം ജീവി. അകത്താക്കുന്നതുവരേയെ ഭാവിക്ക് ആയുസുള്ളൂ. അതിനിടയിൽ ഉണ്ടെന്ന് തോന്നിക്കുന്ന പേരിനു മാത്രമുള്ള ഇടവേളയെയാണ് നാം വർത്തമാനമെന്ന് കൊട്ടിഘോഷിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെയൊരു ഇടവേളയില്ലതന്നെ. എന്തെന്നാൽ ഭാവി ഭൂതമായി മാറാൻ സമയമെടുക്കുന്നില്ല. അങ്ങനെ വരുമ്പോൾ, സൂക്ഷിച്ചുനോക്കിയാൽ കാണാം, വർത്തമാനമെന്നു നാം വിചാരിക്കുന്നതത്രയും തൊട്ടുമുൻപത്തെ ഓർമ്മമാത്രമാണെന്ന്. ന്യൂറോളജി പ്രകാരവും അങ്ങനെത്തന്നെയാണ്. ഇഹലോകമെന്ന നമ്മുടെ അനുഭവത്തെ നമ്മുടെ ഇന്ദ്രിയങ്ങൾ അനുഭവിപ്പിക്കുന്നതിന് ഒരു സെക്കന്റിന്റെ നേരിയ ഒരംശത്തിന്റെ കാല താമസമുണ്ട്. എട്ടു മിനിറ്റു മുൻപത്തെ സൂര്യനെയാണ് നാം കാണുന്നതെന്ന പോലെ ഒരു നൊടിയിട മുൻപത്തെ ലോകത്തെയാണ് നാം അനുഭവിച്ചുപോരുന്നത്. അതായത് നാം അറിയുന്നത് ഭൂതത്തെയാണെന്ന് സമ്മതിക്കാതെ വയ്യ.

മനുഷ്യൻ എക്കാലവും അവന്റെ ഭാവിയെപ്പറ്റി ഉത്സുകനായിരുന്നിട്ടുണ്ട്. അത്യന്താധുനിക ശാസ്ത്രവും അത് തുടരുന്നുണ്ട്. അങ്ങനെയാണ് ഈയടുത്ത് ക്വാണ്ടം മെകാനിക്സ് ഒരു നിഗമനം മുന്നോട്ടുവെച്ചത് - ഭാവിയാണ് അവന്റെ ഭൂതത്തെ സൃഷ്ടിക്കുന്നതെന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഭാവി ഒരു നിമിഷാർദ്ധം കൊണ്ട് ഭൂതമായി പരിണമിക്കുകയല്ല. നാം കാണുന്ന മുഖം ഭാവിയുടെ വാലറ്റം മാത്രമാണെന്നും അത് അതിന്റെ വായ്ഭാഗത്തുകൂടെ നമുക്ക് കാണാനാകാത്ത നമ്മുടെ ഭൂതകാലത്തെ മുന്നോട്ടു തള്ളുകയുമാണെന്ന്. ഭൂതകാലത്തിന്റെ വായറ്റം മാത്രമേ നമുക്ക് കാണാനാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഭാവിയുടെ വായ്ഭാഗത്തെയാണ് നാം ഭൂതമെന്നറിയുന്നത്!

അത്രവലിയ മാറ്റമൊന്നുമില്ല സംഗതികളുടെ കിടപ്പിൽ. പക്ഷേ ചില ചെറിയ മാറ്റങ്ങൾ നമ്മുടെ ധാരണകളെ കാര്യമായി സ്വാധീനിക്കാൻ പോന്നവയാണ്. ഇതുവരേക്കും നമ്മുടെ ധാരണ, സൂപ്പർ സ്റ്റാറിന്റെ മകൻ ഒരു സിനിമാ നടൻ തന്നെയാകാനാണ് വഴി എന്നായിരുന്നു. എന്നാൽ ക്വാണ്ടം മെക്കാനിക്സ് പ്രകാരം സൂപ്പർ സ്റ്റാറിന്റെ മകൻ സിനിമയിലേക്ക് വരാനുള്ള കാരണമായാണ് അയാളുടെ പിതാവ് സൂപ്പർ സ്റ്റാർ ആയതത്രേ ! 


ഒന്ന് കണ്ണടച്ച് തുറക്കുക. എത്ര പെട്ടെന്നാണ് നമ്മുടെ ഭാവിയത്രയും പഴയതായി മാറിയത്, ഭൂതമത്രയും ഏറ്റവും പുതിയതും!

ഇനിയും പുതിയ കാഴ്ചപ്പാടുകൾ പരിഷ്‌ക്കരിക്കപ്പെടുകയും പുതിയ വിസ്മയങ്ങൾ നിരത്തുകയും ചെയ്യും. എന്നാൽ ഓർക്കേണ്ടുന്നത് ഒന്നു മാത്രമാണ്, ഒരുപക്ഷേ പ്രാചീന ദർശനങ്ങൾ മുതൽ ക്വാണ്ടം മെക്കാനിക്സ് വരേയ്ക്കും നിത്യജീവിതത്തിൽ സംഗതമായിത്തീരുന്നത് ഇവിടെ മാത്രമാണ്: 

വർത്തമാനത്തിൽ ജീവിക്കുമ്പോൾ ഭൂതവും ഭാവിയും പുതിയതുമല്ല പഴയതുമല്ല. ഭൂതവും ഭാവിയും താത്‌ക്കാലികമായ ഭാഷാവ്യവഹാരങ്ങൾ മാത്രമാണ്, പ്രായോഗിക സൗകര്യത്തിനു വേണ്ടിയുള്ളത്. 


വർത്തമാനമെന്നത്, ഭാവി ഭൂതത്തിലേക്കു പരിണമിക്കുന്നതിനിടക്കുള്ള ഇടവേളയല്ല. മറിച്ച് വർത്തമാനം മാത്രമേയുള്ളൂ. ഒരറ്റത്തെ ഭൂതമെന്നും മറ്റേയറ്റത്തെ ഭാവിയെന്നും എണ്ണുന്നുവെന്നുമാത്രം. മാത്രവുമല്ല, വർത്തമാനം രേഖീയമായിട്ടുള്ളതുമല്ല. പൊതുവെ ജീവിതത്തെപ്പറ്റി നാം വിചാരിക്കുന്നതുപോലെ ഭൂതത്തിൽ നിന്നും ഭാവിയിലേക്ക് മുന്നോട്ടു സഞ്ചരിക്കുന്ന ഒന്നല്ല ജീവിതം. നമുക്കകത്തും പുറത്തും സംഭവിക്കുന്ന ധാരാളം ചലനങ്ങളെ നമ്മുടെ സഞ്ചാരമായി തെറ്റിദ്ധരിക്കുന്നു, അത്ര തന്നെ.


നിങ്ങൾ വായിക്കുന്ന ഈ പേജിന്റെ പിന്നിലുള്ള പേജിനെ ഭൂതകാലമായും ഇനിയും മറിക്കാത്ത പേജിനെ ഭാവിയായും കരുതാവുന്നതാണ്. എന്നാൽ തൊട്ടടുത്ത് മറ്റു ധാരാളം മാസികകൾ ഇരിപ്പുണ്ടെങ്കിൽ, ഇപ്പോൾ കണ്മുന്നിലുള്ള പേജിനെ മാത്രമല്ല, കയ്യിലിരിക്കുന്ന മാസികയെ മൊത്തമായി നാം വർത്തമാനമായി അറിയുന്നു. അല്ലാത്തപക്ഷം നമ്മുടെ വർത്തമാനത്തെ നാം ഒരൊറ്റ പേജിലേക്ക് ചുരുക്കുന്നു, അത്രമാത്രം. 


ഭൂതവും ഭാവിയും നമ്മുടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ മാത്രമാണ്. സ്വാതന്ത്ര്യം പക്ഷേ സ്വതന്ത്രമാവാനുള്ളതാണ്, അകപ്പെടാനുള്ളതല്ലല്ലോ!




22 comments:

  1. Mayalokam, the illusion called world

    ReplyDelete
  2. 🌺💐🌺💐🍂💐🍂💐

    ReplyDelete
  3. Very interesting....

    ReplyDelete
  4. ഭൂതാവിഷ്ടർ ❤️

    ReplyDelete