Featured Post

Saturday, April 15, 2023

ഉണർവിലേക്കുള്ള പടവുകൾ - 36


ആശയങ്ങളുടെ അധിനിവേശങ്ങൾ 


ഒരു ദിവസം മുല്ലാ നസിറുദീൻ വല്ലാതെ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. അയാളുടെ മുഖത്ത്, ഒരെത്തും പിടിയും കിട്ടാത്ത ഭാവങ്ങൾ. ഇടയ്ക്കിടെ അയാൾ ഓരോരോ സാധന സാമഗ്രികൾ പൊക്കിമാറ്റിയും മറ്റും എന്തോ പരതുന്നുണ്ട്. അതിനിടയിൽ ഒരു പരിചയക്കാരൻ മുറിയിലേക്ക് കയറിവന്നു. അയാൾ ചോദിച്ചു, 'എന്ത് പറ്റി മുല്ലാ? എന്തെങ്കിലും കാണാതെ പോയോ?' മുല്ലാ നസിറുദ്ദീൻ നിരാശയോടെ പറഞ്ഞു,'ജീവിതം വഴിമുട്ടി നില്ക്കുകയാടോ.' 'എന്തെങ്കിലും ആപത്തോ മറ്റോ ...?' അയാൾ ചോദിച്ചു. 'ഇതിലും വലിയ ആപത്ത് ഇനി എന്ത് സംഭവിക്കാനാണ്?', മുല്ല തുടർന്നു,'ജീവിത ലക്‌ഷ്യം എഴുതിവെക്കുന്ന ഒരു മരക്കഷ്ണമുണ്ടായിരുന്നു. അത് കാണാനില്ല. ജീവിതം ഇനി മുന്നോട്ടെങ്ങനെയാണെന്ന് ഒരു പിടിയുമില്ല !'

സദ് വചനങ്ങളും, പ്രചോദന വാക്യങ്ങളുമെല്ലാം (inspirational quotes) നമ്മുടെ ദൈനം ദിന ജീവിതത്തിലെ അവശ്യ ചേരുവകളിൽ ഒന്നായി മാറിയിരിക്കുന്നു. പത്രങ്ങളിലും മാസികകളിലും, വലിയ വലിയ ഓഫീസു കവാടങ്ങളിലും എന്നുവേണ്ട സമൂഹ മാധ്യമ പ്രൊഫൈലുകളിലടക്കം 'ഇന്നത്തെ ചിന്താ വിഷയ'ങ്ങളുടെ ബാഹുല്യമാണ്. ഉദ്ധരണികൾക്കു മാത്രമായി എത്രയാണ് വെബ്‌സൈറ്റുകൾ! അതെപ്പറ്റി മാത്രമുള്ള ആയിരക്കണക്കിന് പുസ്തകങ്ങളും. മനുഷ്യജീവിതത്തെ നയിക്കുന്നത് ആശകൾ (നിർഭാഗ്യവശാൽ) മാത്രമല്ല, ആശയങ്ങളും കൂടിയാണ്. മിക്കപ്പോഴും ആശകൾ പോലും കയറിക്കൂടിയിട്ടുള്ളത് ആശയങ്ങൾ വഴിയാണ്. 


ആശയങ്ങൾക്ക് ചിലപ്പോൾ വഴികാട്ടികളാകാൻ പറ്റിയെന്നു വരും. അതിനപ്പുറം അവ അശക്തമാണ്. അതിനപ്പുറം അവ നമ്മെ ഭരിക്കാൻ പാടുള്ളതുമല്ല. ഭൗതികേതരമായ കാര്യങ്ങളാണെങ്കിൽ വിശേഷിച്ചും. എന്തുകൊണ്ടെന്നാൽ ആശയങ്ങൾ എല്ലായ്പോഴും മറ്റാരുടേയോ ആണ്. അവ മറ്റാരുടേയോ മസ്തിഷ്കത്തിൽ ഉപസംഹരിക്കപ്പെട്ട വാക്കുകളാണ്. രൂപപ്പെടുന്ന നിമിഷത്തിൽ ആ ആശയത്തിന് അയാളുടെ ജീവിതത്തിൽ എന്തെങ്കിലും സാംഗത്യമുണ്ടായിട്ടുണ്ടാകാം, അല്ലെങ്കിൽ അയാൾ അത് ആ നിമിഷത്തിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിച്ചതാകാം. അതിൽ അയാളുടെ ഭാഷാപ്രാവീണ്യമോ പരിമിതികളോ തീർച്ചയായും നിഴലിക്കുന്നുണ്ടാകും. മറ്റൊരാളുടെ ജീവിതത്തിൽ, മറ്റൊരു സന്ദർഭത്തിൽ ആ ആശയത്തിന് കാര്യമായ പ്രസക്തി ഉണ്ടാവണമെന്നില്ല, അയാൾ ആ ആശയത്തെ ജീവിക്കാൻ മെനക്കെടാതെ അതിന്റെ പുറം തോടായ വാക്കുകളെ മാത്രം കവർന്നെടുക്കുമ്പോൾ.

കേവലം വിവരമാത്ര പ്രസക്തമായ ആശയങ്ങളെപ്പറ്റിയല്ല ഇവിടെ

പരാമർശിക്കുന്നത്. ആ വിവരങ്ങളത്രയും ആശയങ്ങളേക്കാളുപരിവസ്തുതകളാണ് - informations. തികച്ചും ജൈവമായിട്ടുള്ള -spontaneous-

സന്ദർഭങ്ങളെ ആശയങ്ങളായി മൃതമാക്കി മസ്തിഷ്കത്തിലേക്ക് ഒരു

ശാഠ്യമായി സ്വാംശീകരിക്കുന്നതിനെപ്പറ്റിയാണ്, ആശയങ്ങളുടെ

അധിനിവേശങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചിത്രശലഭം

എന്ന ചേതോഹരമായ അനുഭവത്തെ നോട്ടുപുസ്തകത്തിനകത്തുവെച്ച്

കൊന്നുകളഞ്ഞതിനുശേഷം  മൃതമായ അതിന്റെ ചിറകുകൾ

കാണിച്ചുകൊണ്ട് 'ഇതാണ് ചിത്രശലഭം' എന്ന് പറയുന്നതുപോലെയാണ്

മസ്തിഷ്ക്കത്തിലേക്ക് വലിച്ചുകയറ്റപ്പെടുന്ന ആശയങ്ങൾ.


നാം അകത്തു കയറ്റിവെച്ചിരിക്കുന്ന സദ് വാക്യങ്ങളും

ഉപദേശസാരങ്ങളും മറ്റും ജീവനില്ലാത്ത ചിത്രശലഭങ്ങളാണ്.

ഉപയോഗശൂന്യമായ പുസ്തകത്താളുകൾ അലങ്കരിക്കുക എന്ന

വിഡ്ഢിത്തത്തിനേ അതുപകരിക്കൂ. അഹിംസ, ശത്രുവിനെ

സ്നേഹിക്കുക, പരസഹായം ചെയ്യുക, വിനയപൂർവ്വം പെരുമാറുക,

അന്യന്റെ മുതൽ ആഗ്രഹിക്കാതിരിക്കുക, എന്നിങ്ങനെ

നൂറുകണക്കിന് ആശയങ്ങൾ നിർദ്ദേശങ്ങളായും സന്മാർഗ

ശാഠ്യങ്ങളായും നിത്യജീവിതത്തിന്റെ കഴുത്തു ഞെരിക്കുന്നുണ്ട്.

സദാചാരപരമായ വിശ്വാസങ്ങളായും മതപരമായ

അനുശാസനങ്ങളായും മാത്രമല്ല ഇത്തരം ആശയങ്ങൾ

ഊട്ടിയുറപ്പിക്കപ്പെടുന്നത്. പുരോഗമന വാദികളെന്നും

അവിശ്വാസികളെന്നും അവകാശപ്പെടുന്നവർ പോലും

'സ്വാർത്ഥതയരുത്', ജീവിക്കുന്നതിനായി പോരാടുക,

പോരാടുന്നതിനായി ജീവിക്കുക’, 'സമത്വം, സാഹോദര്യം,

മതേതരത്വം’ എന്നിങ്ങനെയുള്ള ആശയങ്ങളിൽ

കടിച്ചുതൂങ്ങുന്നതു കാണാം. ഇപ്പറയുന്ന ആശയങ്ങൾക്കല്ല കുഴപ്പം.

ഇവയിലൊന്നും പറയത്തക്ക കുഴപ്പങ്ങളുണ്ടാവണമെന്നില്ല. എന്നാൽ

ഇപ്പറയുന്ന ആശയങ്ങളുടെ കൈയേറ്റങ്ങൾ, വ്യക്തി ജീവിതത്തിൽ

സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ഏറെ സൂക്ഷ്മങ്ങളാണ്. 

ഒന്നാമതായി, ഒരു സാധാരണ വ്യക്തി ഇങ്ങനെയൊന്നുമല്ല എന്നതാണ്
യാഥാർഥ്യം. അവനിൽ അക്രമവാസനയുണ്ട്, ചുരുങ്ങിയ പക്ഷം അക്രമങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കാനെങ്കിലുമുള്ള വാസനയുണ്ട്. അവനിൽ അഹങ്കാരമുണ്ട്. അവനിൽ ആർത്തിയുണ്ട്. അവനിൽ ആലസ്യമുണ്ട്. അവനിൽ അഭിനിവേശങ്ങളുണ്ട്. അവനിൽ ശത്രുവിനോട് അടങ്ങാത്ത ദേഷ്യമുണ്ട്. അവൻ സ്വാർത്ഥനാണ്. അവന് അവന്റേതെന്നു ധരിച്ചുവശായ ജാതിയോടും മതത്തിനോടുമുള്ളത്ര മമത മറ്റു മതങ്ങളോടുണ്ടായിരിക്കുന്നില്ല. എന്നാൽ, അവനിലെ സത്യാവസ്ഥക്കെതിരായ ഒരു ആശയത്തെ അവന്റെ മനോ-ശരീര വ്യവസ്ഥയിലേക്ക് നിർബന്ധപൂർവ്വം (അത് എത്ര തന്നെ സൂക്ഷ്മമായാലും സൗമ്യമായാലും) കയറ്റിവിടുമ്പോൾ, അവന്റെ സത്തയിൽ ഒരു വിള്ളൽ സംഭവിക്കുന്നുണ്ട്. അവന്റെ അന്തരംഗങ്ങളിൽ കലഹങ്ങൾ ആരംഭിക്കുകയായി. ആ കലഹങ്ങൾ പുറത്തുചാടാതിരിക്കാനാണ് പിന്നീടുള്ള അവന്റെ ശ്രമങ്ങളത്രയും. സദാ ഇങ്ങനെയൊരു കരുതലുള്ളതിനാൽ തനിച്ചായിരിക്കുമ്പോൾ പോലും അവന് സ്വതന്ത്രനാവാനോ സ്വസ്ഥനാവാനോ സാധിക്കുന്നില്ല, എന്തെന്നാൽ ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ അവനിലെ കലഹങ്ങളത്രയും പുറത്തറിയും. സാമൂഹികമായ സമ്മതിയെ അത്ര പെട്ടെന്ന് വേണ്ടെന്നു വെക്കാനാവില്ലല്ലോ.

വ്യക്തിപരവും സാമൂഹികവുമായ സ്വൈര ജീവിതത്തിന് ഇത്തരം ആശയങ്ങളെല്ലാം സഹായകമായെന്നു വരാം. വളർന്നുവരുന്ന കുട്ടികളിൽ ഇത്തരത്തിലുള്ള അവബോധം വളർന്നുവരേണ്ടത് ആവശ്യവുമാണ്. എന്നാൽ നാമമാത്രമായ ആശയങ്ങളായല്ല; അവബോധപരമായ വളർച്ചയുടെ പ്രതിഫലനമായി. അല്ലാത്തപ്പോൾ, ആശയങ്ങൾ ചെലുത്തുന്ന നിർബന്ധവും അവരുടെ സ്വാഭാവിക വളർച്ചയും തമ്മിൽ നിരന്തരമായ കലഹങ്ങളായിരിക്കും ഫലം. അതാണ് നാം അനുഭവിക്കുന്ന ഈ ലോകം ഇത്രയും കലുഷിതമായിരിക്കുന്നതിനു കാരണം. ജീവിതത്തിലെ ഓരോരോ ഇഷ്ടാനിഷ്ടങ്ങളിലും, സ്വന്തം ജീവിത പങ്കാളിയെ മുതൽ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിൽ വരെയും, നമ്മുടെ തീരുമാനങ്ങളത്രയും അപക്വമായിത്തീരുന്നത് പ്രധാനമായും ഇങ്ങനെയാണ്. ബോംബുകൾ നിർമ്മിക്കുന്ന കൈകൾ തന്നെ സമാധാനത്തിന്റെ അരിപ്രാവുകളെ പറത്തുമ്പോൾ, ബോംബുകളെ മറന്നുകൊണ്ട് നാം ഹർഷപുളകിതരാവുന്നത്, നമ്മിൽ കാരണമില്ലാതെ കയറിക്കൂടിയിട്ടുള്ള ഒരു ആശയത്തിന് സമ്മതി ലഭിക്കുന്നത് കൊണ്ടാണ്. വേണ്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ നമുക്ക് സാധിക്കാതെ പോകുന്നത് ഇടങ്കോലിട്ടു നില്ക്കുന്ന ആശയങ്ങൾ കാരണമാണ്. 

സദ്‌വചനങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്ന തിരുത്തലുകളൊക്കെയും, സ്വാഭാവികമായും ഒരു വ്യക്തിയിൽ സംഭവിക്കുമായിരുന്നു, ആശയങ്ങളുടെ ബാഹ്യമായ ഇടപെടലുകളില്ലായിരുന്നുവെങ്കിൽ. ഇതിപ്പോൾ, സ്വാഭാവികതയെ (spontaneous living), ബലികഴിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ്, ജീവിതം മുഴുവനും. ആശയങ്ങളുടെ ഇത്തരം അധിനിവേശങ്ങളുടെ ഉത്തരവാദിത്തം സമൂഹത്തിനാണെന്നു ധരിക്കുന്നതാണ് ഈ സന്ദർഭത്തിലെ ഒന്നാമത്തെ തെറ്റ്. സമൂഹമെന്നൊന്ന് ഇല്ലായിരുന്നെങ്കിൽ പോലും വളർന്നുവരുന്ന ഒരു വ്യക്തിയിൽ  ഒരുപാട് നിശ്ചിത വാക്യങ്ങൾ -conclusions-കുമിഞ്ഞുകൂടുമായിരുന്നു. 


'സ്വതന്ത്രമായ ഒരു മനസ്സ്' ഓരോ വ്യക്തിയുടേയും
ഉത്തരവാദിത്തമാണ്, ആത്യന്തികമായി. എത്ര വൈകിയ വേളയിൽ
പോലും, സ്വാതന്ത്ര്യത്തെപ്പറ്റി ഒരാൾ ബോധവാനാകുന്നതോടെ,
തന്റെ ചെയ്തികളിലും വാക്കുകളിലും പ്രതികരണങ്ങളിലും
പെരുമാറ്റങ്ങളിലുമെല്ലാം കടന്നുവരുന്ന മുൻധാരണകളെ
തിരിച്ചറിയാൻ തുടങ്ങുക, അവ നല്ലതെന്നോ ചീത്തയെന്നോ

ഭേദമില്ലാതെ. ആ ധാരണകളൊന്നും തന്റേതല്ലെന്നു

മനസ്സിലാക്കുന്നതോടെ അവയോരോന്നും

കൂടൊഴിഞ്ഞുപോവുകയായി. അവയോടു 'bye' പറയാനുള്ള

ആർജ്ജവമുണ്ടായിരിക്കണമെന്നു മാത്രം.

     
















10 comments:

  1. നിരർഥകങ്ങളായ ആശയങ്ങൾ പലപ്പോഴും മനുഷ്യമനസ്സിനും അവനുതന്നെയും തടവറയൊരുക്കുന്നു. നല്ല ഒരു ചിന്തയാണ് താങ്കൾ അവതരിപ്പിച്ചത്.

    ReplyDelete
  2. 🙏🙏🙏❤️💚🧡💙💛💜

    ReplyDelete