കാലത്തിന്റെ ഉടമസ്ഥത അഥവാ സമകാലികം
പ്രാചീന മനുഷ്യൻ മുതൽ അത്യാധുനിക ശാസ്ത്രകാരന്മാർ വരെ കാലത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സകലർക്കും സമ്മതമായ ഒരു ഉപസംഹാരത്തിലെത്താൻ ഇനിയും സാധിച്ചിട്ടില്ല. കാലം ഇല്ലാത്തതാണെന്നും, നമ്മുടെ മാനസിക വ്യാപാരത്തിന്റെ ഭാഗമായുള്ള ഒരു മിഥ്യാഭ്രമം മാത്രമാണതെന്നുമുള്ള വാഗ്ധോരണികൾ ധാരാളമുണ്ടായെങ്കിലും, നമ്മുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കി നില്ക്കുന്ന ഒരു കാലത്തിന് യാതൊരു മാറ്റവും 'കാലം' വരുത്തിയിട്ടില്ല. കാലത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ജീവിതം നമ്മുടെ ചിന്തകളിൽ പോലും നമുക്ക് സാധ്യമല്ല തന്നെ. 'നല്ല കാല'വും 'കഷ്ടകാല'വുമെല്ലാം കാലത്തിനു നാം ചാർത്തിക്കൊടുക്കുന്ന വ്യക്തിത്വവിശേഷങ്ങളാണ്.
കാലം എന്ന സങ്കല്പത്തെ കേരളത്തിലെ സാധാരണക്കാരിലേക്കുപോലും കാവ്യാത്മകമായി ജനപ്രിയമാക്കിയ പ്രധാന വരികൾ ഒരുപക്ഷേ ഓ.എൻ.വി യുടെ നാടകഗാനത്തിലേതായിരിക്കണം (നാടകം - ഡോക്ടർ (1961) :
‘വരിക ഗന്ധർവ ഗായകാ വീണ്ടും
വരിക കാതോർത്തു നില്ക്കുന്നു കാലം’.
കാതോർത്തു നില്ക്കുന്ന ഒരു കാലത്തെ, കാലാകാലങ്ങളായി മനുഷ്യൻ അനുഭവിച്ചുപോരുന്നുണ്ട്. കാലം ഉണക്കാത്ത മുറിവുകളില്ലെന്നും, കാലം എല്ലാത്തിനും സാക്ഷിയാണെന്നുമെല്ലാം നാം നിത്യേനയെന്നോണം പറഞ്ഞുപോരുന്നതാണ്. കാലം ഇടം വലം നോക്കാതെ പ്രവഹിക്കുകയാണെന്നും, കാലം ആർക്കും ഒന്നിനും വേണ്ടിയും കാത്തുനില്ക്കാറില്ലെന്നും മറ്റും നമ്മുടെ സംഭാഷണങ്ങൾക്ക് തത്വചിന്തയുടെ മേമ്പൊടിയിടാൻ നാം ശ്രദ്ധിക്കാറുമുണ്ട്. 'മാറ്റം മാത്രമാണ് മാറ്റമില്ലാതെ നില്ക്കുന്നത്' എന്ന് ഉരുവിട്ടുകൊണ്ട് കാലത്തെ മാറ്റാൻ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ പാർട്ടികൾ പോലും, ഉറക്കപിച്ചിലെന്നോണം പറഞ്ഞുപോകുന്നു,'കാലം മാറിയിരിക്കുന്നു', 'ഇത് പഴയ കാലമല്ല' എന്നിങ്ങനെ.
'കാലത്തിന്റെ ചവറ്റുകുട്ട' എന്നെല്ലാം നാം വെറുതേ പ്രയോഗിക്കാറുണ്ടെങ്കിലും, കാലത്തെ ഒരു ചവറ്റുകുട്ടയെപ്പോലെയാണ് നാം മിക്കപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം. വേണ്ടതും വേണ്ടാത്തതുമെല്ലാം നാം കാലത്തിനുമേലെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഉത്തരം കിട്ടാതെ വിസ്മയിച്ചു നില്ക്കുമ്പോഴെല്ലാം കാലം എന്ന പ്രഹേളികയെ നാം തോളിലേറ്റി കൊണ്ടുവരും. ദൈവം, വിധി, ഭാഗ്യം എന്നിങ്ങനെ കൃത്യമായി പറയാനാവാത്ത കാര്യങ്ങളുടെ നിരയിലാണ് കാലവും. അനിശ്ചിതത്വങ്ങളുടെ നടുക്ക് കൂസലില്ലാതെ കടന്നുവരുന്നതുകൊണ്ടാകാം കാലത്തിന് അറുതിവരുത്തുന്നവനെ നാം 'കാലൻ' എന്ന് വിളിച്ചത്.
എല്ലാവരുടേയും 'കാലൻ' ഒന്നുതന്നെ (മരണം) എന്ന് നാം വിചാരിക്കുന്നെങ്കിലും, കാലം എല്ലാവർക്കും ഒരേപോലെയല്ല. എന്തിനധികം, ഒരാളുടെത്തന്നെ കാലം എല്ലായ്‌പ്പോഴും ഒരുപോലെയല്ല. രാവിലെ ഓഫീസിലേക്കിറങ്ങാൻ നില്കുമ്പോഴുള്ള കാലമല്ല തിരിച്ചു വീട്ടിലെത്തുമ്പോഴുള്ളത്. A T M-നു മുൻപിൽ കാത്തുനില്ക്കുന്നയാളുടെ കാലമല്ല അതിനകത്ത് കടന്ന് പണം എടുക്കുന്നയാളുടേത്. ഒരു നിമിഷം മുൻപ് പുറത്തു നിന്നിരുന്നയാൾ അതിനകത്തേക്ക് കയറുമ്പോൾ കാലത്തിന്റെ പ്രകൃതം പൊടുന്നനെ മാറിമറിയുന്നു. പെരുമാറ്റരീതികൾ (etiquettes), സംഭാഷണ ശൈലികൾ, വസ്ത്രധാരണ രീതികൾ എന്നിവയിലെല്ലാം, മാറിക്കൊണ്ടിരിക്കുന്ന 'കാലം' പ്രധാന ഘടകമാണ്. കാലത്തിനനുസരിച്ചാണത്രേ നാം കോലം കെട്ടേണ്ടത്! കാലത്തിനനുസരിച്ച് കോലം കെട്ടേണമോ വേണ്ടയോ എന്നത് ഓരോരുത്തരും തീരുമാനിക്കട്ടെ, എന്നാൽ കോലം കെട്ടുന്നതിനനുസരിച്ച് കാലവും മാറുന്നുണ്ടെന്ന് ഓർക്കാതെ പോകരുതെന്ന് മാത്രം.
കാലത്തെ മാറ്റിക്കൊണ്ടിരിക്കാൻ ആർക്കാണ് ഇത്ര ജാഗ്രത? മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തിനു പിന്നിൽ ശരിക്കും ആരാണ്? കച്ചവടക്കാർ? ശാസ്ത്രജ്ഞർ? ചെറുപ്പക്കാർ? പുതിയ തലമുറ അല്ലെങ്കിൽ ‘New G’? സിനിമാലോകം? എഴുത്തുകാർ? സാംസ്‌കാരിക നായകർ? പത്രങ്ങളും മാസികകളും? ടെലിവിഷൻ ചാനലുകൾ? സോഷ്യൽ മീഡിയ ഘോഷിക്കുന്നതുപോലെ 'ഇല്ല്യൂമിനേറ്റി'?
കാലത്തെ മാറ്റികൊണ്ടിരിക്കുന്നത് ആരാണ് എന്ന് ചോദിക്കേണ്ടത് ഒരൊറ്റ കാരണം കൊണ്ടാണ് - മാറുന്ന കാലത്തെ പ്രതിയാക്കിക്കൊണ്ടാണ്
ദൈനം ദിന ജീവിതത്തിൽ നാം വശം കെടുന്നത്. കാലത്തിന് അനുസരിച്ച് ജീവിക്കാൻ വേണ്ടിയാണ് നമ്മുടെ തത്രപ്പാടുകളൊക്കെയും. നമ്മുടെ ടെൻഷനുകളും അസംതൃപ്തികളും തുടർന്നുണ്ടാകുന്ന ദുരിതങ്ങളുമെല്ലാം.
നമുക്ക് വേണ്ടി - നമ്മെ ബുദ്ധിമുട്ടിക്കാനും സന്തോഷിപ്പിക്കാനും - ആരും തന്നെ കാലത്തെ മാറ്റുന്നില്ല. നമുക്ക് വേണ്ടി മറ്റാരും തന്നെ പുതിയ കാലത്തെ സൃഷ്ടിക്കുന്നുമില്ല. നാം ഓരോരുത്തരുമാണ് അവരവരുടെ കാലത്തെ സൃഷ്ടിച്ചെടുക്കുന്നത്. തികച്ചും മാനസികമായ ഒരു പ്രബല ശീലം. എല്ലാവരിലും ഈ ശീലമുള്ളതിനാൽ, പരസ്പരം ഒരു ഏകദേശധാരണയിൽ എല്ലാവരും എത്തിച്ചേരുന്നതുകൊണ്ട് നമ്മുടെ തോന്നലുകൾ സത്യമാണെന്ന് നാം ധരിച്ചു വശാവുന്നു എന്ന് മാത്രം.
നമുക്ക് ചുറ്റിലും നിമിഷം പ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഓർമ്മപ്പാളിയെയാണ് നാം കാലം എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നത്. ഓർമ്മകളോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ചേർന്ന് കുത്തിമറിയുമ്പോൾ, താരതമ്യങ്ങൾക്ക് ജീവൻ കൈവന്നതുപോലെ
തോന്നിപ്പോകുന്നു. അങ്ങനെയാണ് നമുക്ക് മുന്നിൽ പൊയ്‌പ്പോയ നീണ്ട കാലവും വരാൻ പോകുന്ന മഹാകാലവുമെല്ലാം നിവർന്നുകിടക്കുന്നത്. കാലവും സമയവുമെല്ലാം അതീവ സങ്കീർണ്ണമായ ശാസ്ത്രസമസ്യകളാണ്, ഭൗതികത്തിൽ. നിത്യജീവിതത്തിൽ പക്ഷേ, അതെപ്പറ്റി മനസിലാക്കുക എന്നത് അത്രതന്നെ സങ്കീർണ്ണമല്ല തന്നെ.നിത്യജീവിതത്തിൽ, സമകാലികം എന്നൊരു പ്രയോഗമുണ്ട്. സമകാലികമാവുക എന്നാൽ, കാലത്തിനോട് ചേർന്ന് പോവുക, ആധുനികനാവുക എന്നൊക്കെയാണ് നാം ശീലിച്ചു വന്ന അർത്ഥങ്ങൾ. കാലത്തിന് സമമായി നിലകൊള്ളുക എന്നാണ് അക്ഷരാർത്ഥം. കാലത്തിനു സമമായി നിലകൊള്ളുക എന്നാൽ, ഫലത്തിൽ കാലത്തിൽ നിന്നും സ്വതന്ത്രമായി നിലകൊള്ളുക എന്നാണ്. കാലത്തിൽ നിന്നും സ്വതന്ത്രമായിരിക്കുക എന്നാൽ, കാലമെന്ന തോന്നലുളവാക്കുന്ന 'ഭൂത- ഭാവി' താരതമ്യത്തിൽനിന്നും മാറി നില്ക്കുക എന്നാണ്; ഓർമ്മകളിൽ നിന്നും ആഗ്രഹങ്ങളിലേക്കുള്ള ചാഞ്ചാട്ടങ്ങൾ ഇല്ലാതിരിക്കൽ. കാലത്തിൽ നിന്നും മാറി നിന്നുകൊണ്ട്, സമകാലീനനായി, വീക്ഷിക്കുമ്പോൾ മാത്രമേ മാറ്റങ്ങളെ മാറ്റങ്ങളായി അനുഭവിക്കാൻ പറ്റൂ. അല്ലാത്തപക്ഷം അത് കഴിഞ്ഞകാലത്തിന്റെ ഏച്ചുകെട്ടലായോ ആഗ്രഹങ്ങളുടെ ഭാഗമായുള്ള അത്യുക്തികളായോ (exaggerations) നമ്മുടെ മുന്നിൽ അഴിഞ്ഞാടും; വകതിരിവില്ലാത്ത താരതമ്യങ്ങൾ. അപ്പോഴാണ് ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നത് 'ഇപ്പോഴത്തെ ഫാഷൻ' ആയതിന്റെ ഭാഗമായാണോ അതോ കൂടുതൽ മിഴിവും സൗകര്യവും തരുന്നതുകൊണ്ടാണോ എന്ന് വ്യക്തമാവുക. അപ്പോഴാണ് താൻ പണിയുന്ന വീട് കേവലം ഒരു പ്രദർശനവസ്തുവാണോ, സ്നേഹോഷ്മളമായ ഒരു വാസഗൃഹമാണോ എന്ന് വ്യക്തമാവുക.
കാലവും മനുഷ്യനും പരസ്പരം സംഘർഷം ഇല്ലാതെ ഒഴുകട്ടെ...
ReplyDeleteഉജ്വലം മനുവേട്ടാ ...
💕💕💕
Delete💓💓💓💓💓💓💯
ReplyDelete💕💕💕💕
DeleteGreat thoughts. 🙏
ReplyDelete💖💖💖💖💖💖
Delete🙏❤️💚🌹
ReplyDelete💕💕💕💕
DeleteAll depends on All ..
ReplyDelete💞💞💞
DeleteGreat insight!! Time exists only in comparison...if there is nothing to compare to, then nothing exists
ReplyDelete💞💞💞💞
Delete