Featured Post

Wednesday, July 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 39


image credit - agsandrew / Adobe Stock
വിഷാദം : പുതിയ കാഴ്ചപ്പാടുകൾ

'ആരാണ് സന്തോഷമാഗ്രഹിക്കാത്തത്?' എന്ന പരസ്യവാചകം പോലെ ചോദിക്കാവുന്ന ഒന്നാണ്, 'ആരാണ് ഡിപ്രെഷൻ ആഗ്രഹിക്കാത്തത്?'. കേൾക്കുന്ന മാത്രയിൽ ഒരുപക്ഷേ സംശയത്തോടെ നെറ്റി ചുളിച്ചേക്കാമെങ്കിലും രണ്ടു കാര്യങ്ങൾ അങ്ങനെയൊരു ചോദ്യത്തിന് സാധുത നല്കുന്നുണ്ട്, വേണ്ടുവോളം.

ഒന്ന്, ഡിപ്രെഷൻ അനുഭവിക്കുന്നവരുടെ, അല്ലെങ്കിൽ ഡിപ്രെഷനിലൂടെ കടന്നുപോകുന്നവരുടെ എണ്ണത്തിലുള്ള അവിശ്വസനീയമായ വർദ്ധനവ്- ലോക ജനസംഖ്യയുടെ 4.3 % പേരും ഡിപ്രെഷനിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോൾ, 2015- 16 ലെ ദേശീയ മാനസികാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ ഇരുപതുപേരിൽ ഒരാൾ കാര്യമായ ഡിപ്രെഷൻ അനുഭവിക്കുന്നവരാണ്. 


രണ്ട്, ഡിപ്രെഷനെപ്പറ്റി ഏറ്റവും പുതിയ പഠനങ്ങൾ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ. ഡിപ്രെഷനെപ്പറ്റിയുള്ള ഏറ്റവും പുതിയ തീർപ്പുകൾ പ്രകാരം, 'ഡിപ്രെഷൻ എന്നത് വ്യത്യസ്തമായ ഒരു ബോധാവസ്ഥ മാത്രമാണ്' - an altered state of consciousness. British Journal for the Philosophy of Science ഈയിടെ പ്രസിദ്ധീകരിച്ച പഠനങ്ങളും, London School of Economics ലെ  Cecily Whiteley യുടെ  പ്രബന്ധങ്ങളും മുന്നോട്ടു വെക്കുന്നത് ഇത്തരം നിഗമനങ്ങളാണ്. 


ബോധവാനായ കാലം മുതൽ, വ്യത്യസ്തമായ ഒരു ബോധതലം ഏവരും എല്ലായ്പോഴും ആഗ്രഹിച്ചുപോരുന്നുണ്ട്. അതൊരുപക്ഷേ ബോധമെന്ന പ്രതിഭാസത്തിന്റെത്തന്നെ പ്രകൃതമാകാം. അതിന്റെ ഭാഗമായാണ് മനുഷ്യൻ എല്ലായ്‌പ്പോഴും ലഹരി പദാർത്ഥങ്ങൾക്കും ലഹരിക്ക്‌ സമമായ അവസരങ്ങൾക്കും പുറകെ ഓടിക്കൊണ്ടിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ നാം ചെയ്തുകൂട്ടുന്ന സകലതും, സർഗ്ഗാത്മക പ്രവർത്തികളും (ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾ അടക്കം) ഒരു പുതിയ ബോധതലത്തെ അനുഭവിക്കാനുള്ള അഭിവാഞ്ഛയല്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. 

ഈ അഭിവാഞ്ഛ ഏതെല്ലാം തരത്തിൽ നിറവേറ്റപ്പെടുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഭാവനകളിലൂടെയാകാം, താൻ ഏർപ്പെടുന്ന പ്രവൃത്തികളിൽ വൈകാരികമായി തന്മയപ്പെട്ടുകൊണ്ടാകാം. ലഹരി പദാർത്ഥങ്ങളുടെ സഹായത്താലാകാം. അതേസമയം, താൻ ഇഷ്ടപ്പെടാത്ത ഒരു സന്ദർഭത്തിൽ നിന്നും മാറിയൊളിക്കാനുള്ള പ്രവണത ഒരു പുതിയ ബോധതലത്തെ സ്വയമേ സൃഷ്ടിച്ചെടുക്കുന്നതുമാകാം. ഈ പ്രവണതയാകട്ടെ ഒരാളുടെ നാഡീമണ്ഡലത്തിൽ പ്രബലപ്പെടുമ്പോൾ, അത് ചാക്രികമായി ആവർത്തിക്കപ്പെടാം, അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷത്തിന്റെ ലാഞ്ചനകളെങ്കിലും ഉണ്ടായിവന്നാൽ, ഉടനെ അയാൾ അത്തരം അവസ്ഥയിലേക്ക് വീണുപോവുകയായി. (അതുകൊണ്ടാണ് സന്ധ്യയായിക്കഴിഞ്ഞാൽ പലരും 'ഡിപ്രെസ്സ്ഡ്' ആകുന്നത്. മൂടിക്കെട്ടിയ മഴക്കാലം പലരേയും ഡിപ്രെഷനിലേക്ക് തള്ളിയിടുന്നുണ്ട്.) ഡിപ്രെഷൻ എന്ന മാനസികാവസ്ഥയെ ഈ രീതിയിൽ മനസ്സിലാക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. 

‘ഒരു പരിധിവരേക്കും ഒരു 'learned emotional habit' ആണ് വിഷാദരോഗം’ എന്ന് കേൾക്കുമ്പോൾ അതിനെതിരെ എത്രയോ യുക്തികളും തെളിവുകളും നമുക്ക് മുന്നിൽ തെളിഞ്ഞുവന്നാലും, ഒന്നോർക്കുക, ആ വസ്തുതയാണ് ഡിപ്രെഷനെ മറികടക്കാനുള്ള സാധ്യതയായി മുന്നിൽ അവതരിക്കുന്നത്.


വിഷാദം മുറ്റി നില്ക്കുന്ന മാനസികാവസ്ഥ, യാതൊന്നിലും ഒരു താല്പര്യവും തോന്നാതിരിക്കുക, യാതൊരു പ്രവൃത്തിയിലും ഏർപ്പെടാൻ സാധിക്കാതിരിക്കുക, തുടർന്ന് വിശപ്പില്ലായ്മ, ഉറക്കത്തിൽ വരുന്ന അസ്വാസ്ഥ്യങ്ങൾ, അനാവശ്യമായ കുറ്റബോധം, ഒന്നിനും കൊള്ളാത്തയാളാണെന്നു തോന്നാൻ തുടങ്ങുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക, ആത്മഹത്യയോട്‌ സവിശേഷമായ മമത തോന്നാൻ തുടങ്ങുക എന്നിവയൊക്കെയാണ് Diagnostic Statistical Manual പ്രകാരമുള്ള ഡിപ്രെഷൻ ലക്ഷണങ്ങൾ. ഒരു കാര്യം ഉറപ്പാണ് വിഷാദം ബാധിക്കുമ്പോൾ, ലോകത്തെ നാം വേറൊരു വിധത്തിലാണ് അനുഭവിക്കുന്നത്- feeling ‘blue’. 

1960 മുതൽക്കേ മനോരോഗ ചികിത്സകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് വിഷാദരോഗമെന്നത് മസ്തിഷ്കത്തിലെ രാസപദാർത്ഥങ്ങളിലെ ഏറ്റക്കുറച്ചിൽ കൊണ്ട് സംഭവിക്കുന്നതാണെന്നാണ്. മനസ്സമ്മർദ്ദം കൂടിയ ജീവിതരീതികളും മറ്റും ആ രാസപദാർത്ഥങ്ങളുടെ സമതുലനാവസ്ഥയെ അവതാളത്തിലാക്കുന്നതിൽ കൂടുതൽ പങ്കുവഹിക്കുന്നു എന്ന സംഗതി പിൻബലമാവുകയും ചെയ്തു. അങ്ങനെയാണ് ഇന്നും, ലക്കും ലഗാനുമില്ലെന്നവണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന serotonin ആന്റി ഡിപ്രെസെന്റുകൾ പ്രചരിച്ചത്. ഇന്ന് ഏറ്റവും പുതിയ പഠനങ്ങൾ ഏറ്റു പറയുന്നു, serotonin സിദ്ധാന്തങ്ങൾക്ക് വേണ്ടത്ര ശാസ്ത്രസമ്മതിയില്ലെന്ന് !


വേറെയും ധാരാളം തിയറികളുണ്ട്, ketamine-ചികിത്സ, കൂടുതൽ അന്നജം നിറഞ്ഞ ഭക്ഷണം - carbo rich diet- കഴിക്കുന്നതിലൂടെ ഡിപ്രെഷനെ അകറ്റാം എന്നിങ്ങനെ. ഡിപ്രെഷനെ തടയുന്നതിനായി മയക്കുമരുന്നുകൾ വരെ പരീക്ഷണത്തിലുണ്ട്. എന്നാൽ മയക്കു മരുന്നുകൾ മറ്റൊരു ബോധാവസ്ഥക്കു കാരണമാവുകയേ ചെയ്യുന്നുള്ളൂ എന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുമ്പോൾ അബദ്ധവശാൽ ഒരുവൻ തന്റെ സ്വാഭാവിക ബോധാവസ്ഥയിലേക്ക് തിരിച്ചുവീഴാം എന്നു മാത്രമേയുള്ളൂവെന്നുമാണ്‌ ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാലിലേയോ കയ്യിലേയോ കോച്ചിപ്പിടിച്ച പേശികൾ എങ്ങനെയെങ്കിലുമൊക്കെ പഴയ സ്ഥിതിയിലേക്ക് വരും പോലെ. എല്ലാ പരീക്ഷണങ്ങളും, താല്ക്കാലികമായി 'തലവേദനകൾ' ഒഴിവാക്കിയേക്കാം എന്നല്ലാതെ ഡിപ്രെഷൻ എന്ന അവസ്ഥയെ മനസ്സിലാക്കുന്നതിലോ അതിനെ ബോധപൂർവ്വം മറികടക്കുന്നതിലോ കാര്യമായി സഹായകമാവുന്നില്ല.



ഒരു കാലിഡോസ്കോപ്പിലൂടെയുള്ള കാഴ്ചയെപ്പോലെയാണ് നമ്മുടെ മനോ-ശരീര വ്യവസ്ഥയുടെ വിളയാട്ടങ്ങൾ. വെറുതെയൊന്നു അനങ്ങിയാൽ മതി, കാലിഡോസ്കോപ്പിനകത്ത് വിസ്മയിപ്പിക്കും വിധം വ്യത്യസ്തമായ വർണ്ണചിത്രങ്ങൾ! ജീവിതത്തിന്റെ പ്രകൃതമനുസരിച്ച് കാലിഡോസ്കോപ്പിനെ അനങ്ങാതെ സൂക്ഷിച്ചു കൊണ്ടുനടക്കാനുമാവില്ല. ചില നേരങ്ങളിൽ അതിനകത്ത് തെളിയുന്ന വർണ്ണാഭമായ ചിത്രങ്ങളിൽ നാം സന്തോഷഭരിതരാകുന്നു, ചില നേരങ്ങളിൽ ചില ചിത്രങ്ങളിൽ നാം വിഷണ്ണരാകുന്നു. അത്ര തന്നെ. നിർഭാഗ്യവശാൽ, ഈ രണ്ടു സന്ദർഭങ്ങളിലും പക്ഷേ, ചിത്രങ്ങൾ കാണുന്നതാരാണെന്ന കാര്യം മാത്രം നാം ഓർക്കാറേയില്ല. പണ്ട് 'കള്ളനെ പിടി കിട്ടി, കള്ളനെ പിടി കിട്ടി' എന്ന് ജനകൻ ചാടിത്തുള്ളിയാനന്ദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'എല്ലാ കണ്ണുകൾക്കും പിന്നിലിരുന്ന് കാണുന്ന കണ്ണേത്?' എന്ന് ഉപനിഷത്തുക്കൾ ചോദിച്ചത് ഇയാളെപ്പറ്റിയായിരുന്നു. 'നാൻ യാർ?' എന്ന് കേൾവിപ്പെട്ടതും ഇയാളെപ്പറ്റിയായിരുന്നു.

വിഷാദത്തിലേക്ക് വീണുപോകുന്നവർ വിശേഷിച്ചും ചെയ്യേണ്ടത്– വീണുപോകുന്നതാണെങ്കിൽ, നമ്മുടെ സന്തോഷം പോലും ശുഭകരമല്ല എന്നതാണ് വാസ്തവം. അത്തരം നിമിഷങ്ങളെപ്പറ്റിയാണെന്നു തോന്നുന്നു ആൽഡസ് ഹക്സിലി പറഞ്ഞത്, 'ആളുകൾ കാട്ടിക്കൂട്ടുന്ന ആഹ്‌ളാദങ്ങളിൽ മുഷിപ്പിക്കുന്ന എന്തോ ഉണ്ട്, കാര്യമായിത്തന്നെ.'-- സ്വയം നിരീക്ഷിക്കാൻ പഠിക്കുക എന്നതാണ്. കുറേക്കൂടി കൃത്യമായ പ്രയോഗം ഓഷോ മുന്നോട്ടുവെക്കുന്ന 'witnessing' ആണ്, സാക്ഷിയാവൽ. 


നമ്മുടെ ശരീരത്തിലും മനസ്സിലുമൊക്കെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥകളെ ഒരു സാക്ഷിയെപ്പോലെ അറിഞ്ഞുകൊണ്ടേയിരിക്കുക. പ്രധാനപ്പെട്ട ഒരു സംഗതിയെന്തെന്നാൽ, ഈ സാക്ഷിയാവൽ ജീവിതത്തിൽ നിന്നും മാറിനിന്നുകൊണ്ട് സാധ്യമാവുന്ന ഒന്നല്ല; ജീവിതത്തിൽ ഊഷ്മളമായി പങ്കെടുത്തുകൊണ്ടേ അത് സാധിക്കൂ. ഒരാൾ താൻ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിനുത്തന്നെ സാക്ഷിയാവാൻ തുടങ്ങുമ്പോൾ, ഡിപ്രെഷൻ എന്ന് പറയുന്നപോലുള്ള അവസ്ഥകളിലേക്കു വീണു പോകില്ല എന്നല്ല, വീണുപോവുക എന്ന അബോധപ്രവണതയെ അയാൾക്ക് മറികടക്കാനാകും. അഥവാ വീണുപോയാൽത്തന്നെയും അപ്പോഴും അയാളുടെ witnessing തുടരുന്നുണ്ടെങ്കിൽ, അതിന്റെ തിക്തഫലങ്ങളിൽ പെട്ടുപോകാതെ കഴിവതും വേഗം തന്റെ സഹജതയിലേക്ക് തിരിച്ചുവരികയും ചെയ്യും.


ഓർക്കുക, ഉണർവിലേക്ക് - സാക്ഷിയാവുക എന്ന് തന്നെ - വീണുപോകാനാവില്ല; കടന്നുചെല്ലാനേ സാധിക്കൂ. ഇപ്പോൾ, ഈ നിമിഷം.


                                                          










18 comments:

  1. This comment has been removed by the author.

    ReplyDelete
  2. Highly relevant at present time giving hope and meaning to life 👍🏼

    ReplyDelete
  3. Actually I am trying to overcome depression. I dont know that how to be a witness. I think ... I need medicine . But... When i think about the side effect of medicine !!! shit...

    ReplyDelete
    Replies
    1. There are simple techniques for doing so. You need to explore different options. Not every techniques work for you, but definitely something will work for you. Once you got the idea, then you can do it by yourself. Best wishes! 😊

      Delete
  4. Awesome Write up Chettan♥️, Sajan

    ReplyDelete
  5. നിങ്ങളുടെ കണ്ണുകൾ തുറന്നുവെച്ചാൽ ജീവിതം ഒരു പഠനശാലയാണെന്ന് നിങ്ങൾക്ക് മനസിലാകും എന്ന് സാരം... നമ്മെ നാം തന്നെ അറിയുക... ഉണർവിലേക്കു സാക്ഷിയാവുക ❤️

    ReplyDelete
    Replies
    1. Ipparanjathra simple alla lekhanathinte saaram. 🥰🥰💖

      Delete
  6. 💙💙💙💙😌

    ReplyDelete