Featured Post

Saturday, August 19, 2023

ഉണർവിലേക്കുള്ള പടവുകൾ - 40

 

Image Credit : Singularity Hub
                      
                            അർത്ഥത്തിന്റെ അർത്ഥവ്യാപ്തി


'ഇതിന്റെയെല്ലാം അർത്ഥമെന്താണ്?' എന്നത് മനുഷ്യൻ ഇന്നേവരെ ചോദിച്ചുപോന്നിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും പ്രാചീനമായ ഒന്നാകണം,  സിദ്ധാർത്ഥ രാജകുമാരനെപ്പോലെത്തന്നെ. ഇതുവരേക്കും അതിനൊരു ഉത്തരം കിട്ടിയിട്ടില്ലെങ്കിലും നാം ഇനിയും ആ ചോദ്യമിങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും. സ്വന്തം ജീവിതത്തെ കുറേക്കൂടി വലിയ കാൻവാസിൽ നോക്കിക്കാണുമ്പോൾ 'ജീവിതത്തിന് ഒരർത്ഥവുമില്ല' എന്ന് വളരെ എളുപ്പം ഉപസംഹരിച്ചുകളയുക സർവ്വസാധാരണമാണ്. 


'ജീവിതത്തിന് എന്ത് അർത്ഥമുണ്ട്?' എന്ന് സ്വയം അനുതപിക്കുമ്പോഴോ പരാതി പറയുമ്പോഴോ വാസ്തവത്തിൽ നാം അർത്ഥമാക്കുന്നത് ജീവിതം അർത്ഥപൂർണ്ണമാകുന്നില്ല എന്ന് തന്നെയാണ്. എന്നാൽ, നാം പോലും അറിയാതെ, വളരെ പെട്ടെന്ന് നമ്മിലൊരു വീഴ്ച സംഭവിക്കുന്നുണ്ട്; വാക്കുകളുടേയും ആശയങ്ങളുടേയും ആഗ്രഹങ്ങളുടേയും പടുകുഴിയിലേക്ക്; അർത്ഥമെന്ന നിർജ്ജീവമായ ഒരു സങ്കല്പത്തിലേക്ക്. അതായത് അർത്ഥപൂർണ്ണമാകുന്നില്ല എന്ന തിരിച്ചറിവിൽ നിന്ന് കേവലം അർത്ഥത്തിലേക്കുള്ള അധഃപതനം - seeking meaningfulness, but falling unto meaning. അങ്ങനെയാണ് ജീവിതത്തിന് നിശ്ചിതമായ ഒരർത്ഥം നാം കല്പിച്ചു നല്കുന്നത്. ധനികനായി അറിയപ്പെടുക, ഏതെങ്കിലും വിധത്തിൽ പ്രശസ്തനാവുക, ഏതുവിധേനയും അസുഖങ്ങളില്ലാതിരിക്കുക, ചുറ്റുവട്ടത്തുള്ളവരേക്കാളും കൂടുതൽ അധികാരവും ശക്തിയും നേടിയെടുക്കുക, എല്ലാവരും പ്രശംസിക്കും വിധം സൗന്ദര്യമുള്ളയാളാവുക, മറ്റെല്ലാവരേക്കാളും അറിവുള്ളവനാവുക എന്ന് തുടങ്ങി ധാരാളം ആഗ്രഹങ്ങൾ ജീവിതത്തിന്റെ അർത്ഥമായി നാം സ്വീകരിച്ചുപോകുന്നു. ഇപ്പറഞ്ഞതൊന്നും അത്രയെളുപ്പം സാധ്യമല്ലെന്നു കാണുമ്പോൾ, നാം മറ്റൊരു വിധത്തിൽ അർത്ഥമുണ്ടാക്കിയെടുക്കും - ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ഭാഷയിൽ, ആത്മപീഡയുടെ രീതിയിൽ, സ്വയം സഹതപിച്ചുകൊണ്ട്, തന്നെക്കാൾ വലിയ കഷ്ടപ്പാടുള്ളവൻ ആരുമില്ലെന്ന് തോന്നിപ്പിച്ചുകൊണ്ട്, ഏറ്റവും കൊടിയ നിന്ദിതരും പീഡിതരും തങ്ങളാണെന്ന് ലോകത്തെ ധരിപ്പിച്ചുകൊണ്ട്. താരതമ്യേനെ എളുപ്പമെന്നു തോന്നുന്നതുകൊണ്ടാണ് മനുഷ്യ മനസ്സ് ഈ രീതി അവലംബിക്കുന്നത്. മാത്രവുമല്ല, ഒരുപക്ഷേ കൂടുതൽ ജനസമ്മതി ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കുമാണല്ലോ. 

ഇണയെ കണ്ടെത്തുന്നതും കുടുംബജീവിതം ഏച്ചുകെട്ടുന്നതു പോലും ഉഴറി നടക്കുന്ന ഒരുവന്റെ/ ഒരുവളുടെ ജീവിതത്തിന് 'ഒരർത്ഥം' ഉണ്ടാക്കികൊടുക്കാനാണ്! ഇവയൊന്നും തന്നെ ബോധപൂർവ്വം തെരഞ്ഞെടുത്ത് ജീവിച്ചുപോകുന്നു എന്ന് അർത്ഥമില്ല, അബോധത്തിൽ മുഴുകി കടന്നുപോകുന്ന നമ്മുടെ ദൈനം ദിന ജീവിതത്തെ പരിശോധിച്ചാൽ, അത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നത് മേല്പറഞ്ഞതുപോലുള്ള ഏതെങ്കിലും അർത്ഥത്തെ അധികരിച്ചായിരിക്കും എന്നാണെന്നു മാത്രം. 


ശരിക്കുപറഞ്ഞാൽ, വെറുതെയിങ്ങനെ ലക്കും ലഗാനുമില്ലാതെ കഴിഞ്ഞുകൂടുന്നതിനേക്കാളും നല്ലതല്ലേ ഏതെങ്കിലും ഒരു ലക്ഷ്യത്തെ സ്ഥാപിച്ചുകൊണ്ട് അതിനു നേരെ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് സമൂഹം മുഴുവനും ചോദിക്കുന്നത്. നിർഭാഗ്യവശാൽ മിക്കപ്പോഴും നമുക്ക് പറയാൻ തോന്നുക 'അതേ' എന്നാണുതാനും. ജീവിതം അർത്ഥപൂർണ്ണമാവുക എന്നത്, കേവലം വ്യക്തിയിൽ മാത്രം അധിഷ്ഠിതമായ ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് മുതൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്.

നമ്മുടെ സങ്കല്പത്തിലുള്ള ഏതൊരു അർത്ഥത്തിന്റെയും ശുഷ്കിച്ച അതിരുകളിൽ ഒതുങ്ങിനില്ക്കുന്ന നിശ്ചിതമായ ഒരു സംഭവപരമ്പരയല്ല ജീവിതം. അത് ഒരേസമയം നിരവധി അർത്ഥതലങ്ങൾ (significant dimensions) പരസ്പരം പ്രതിസ്പന്ദിച്ചുകൊണ്ട് സംഭവിച്ചുകൊണ്ടേയിരിക്കുന്ന ജൈവികമായ, ഒരു അനിശ്ചിത പ്രതിഭാസമാണ്. ജീവിതത്തെ ഒരു അർത്ഥത്തിലേക്ക് തളക്കാൻ ശ്രമിക്കുന്നത്, ആകാശത്തെ കുപ്പിയിലാക്കാൻ ശ്രമിക്കുന്നതുപോലെത്തന്നെയാണ്. ജീവിതത്തിന്റെ പ്രകൃതത്തെപ്പറ്റി ഏകദേശ ധാരണയുണ്ടാകുന്നതോടെ അത്തരമൊരു വ്യർത്ഥശ്രമത്തിന് ഒരുവൻ മുതിരുകയില്ലെന്നു മാത്രം.


സത്യത്തിൽ, ജീവിതത്തിനുമേലെ എന്തെങ്കിലുമൊക്കെ അർത്ഥം ആരോപിക്കപ്പെടുന്നതുകൊണ്ടാണ് ജീവിതത്തിന് അർത്ഥമില്ലായ്ക അനുഭവപ്പെടാൻ തുടങ്ങുന്നത് തന്നെ. അർത്ഥവും അർത്ഥമില്ലായ്കയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളത്രേ. അർത്ഥങ്ങൾ ആരോപിക്കപ്പെടുന്നതോടെ അർത്ഥമില്ലായ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങുകയായി. അർത്ഥമില്ലായ്കയുടെ ലാഞ്ചനകൾ കാണാൻ തുടങ്ങുന്നതോടെ നാം പുതിയ പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ തുടങ്ങുകയോ, മുൻപേയുള്ള അർത്ഥങ്ങളുടെ അതിർത്തികളും വ്യാപ്തികളും വർധിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യും. വീണ്ടും ഒന്നിനും അർത്ഥമില്ലായ്ക! അങ്ങനെയങ്ങനെ അവസാനം ആത്യന്തികമായി അർത്ഥമില്ലായ്കയിൽ മൂക്കിടിച്ചുനില്ക്കുമ്പോഴേക്കും കാലം കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് 'ജീവിതം ഇത്രയേയുള്ളൂ' എന്ന് ഒരു നാട്ടു നടപ്പ് വായ്ത്താരിയിൽ ജീവിതത്തിന് നാം (അർദ്ധ)വിരാമമിടും.


സാമൂഹികമായ ഒരു ശാഠ്യത്തിന്റെ ഭാഗമാണ് എന്തിനും ഏതിനും പ്രായോഗികമായ അർത്ഥമുണ്ടായേ തീരൂ എന്നുള്ളത്. പ്രായോഗികമായി പ്രയോജനമില്ലാത്തതൊന്നിനും സാമൂഹികമായ സമ്മതിയോ അംഗീകാരമോ കിട്ടാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ നമ്മുടെ മനസ്സു് സമൂഹത്തിന്റെയോ മറ്റുള്ളവരുടേയോ അംഗീകാരത്തെയാണ്, നമ്മുടെ മുന്നിൽ അർത്ഥമായി അവതരിപ്പിക്കുന്നത്. മറ്റുള്ളവരുടെ അംഗീകാരം ഇല്ലാതെപോകുമ്പോൾ, അതുവരെ ഉണ്ടായിരുന്ന എല്ലാ അർത്ഥങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് അർത്ഥശൂന്യമായിത്തീരുന്നു; ഒരൊറ്റ നിമിഷം കൊണ്ട് വിലയിടിഞ്ഞു മൂക്ക് കുത്തി വീഴുന്ന ഷെയർ മാർക്കറ്റ് പോലെ. 


ധനമുണ്ടാവുന്നതും സൗന്ദര്യമുണ്ടാവുന്നതും പ്രശസ്തിയുണ്ടാവുന്നതുമൊന്നും ജീവിതത്തിൽ ഒഴിവാക്കേണ്ടതെന്നല്ല; ഇവയൊന്നും തന്നെ ജീവിതത്തെ meaningful ആക്കിത്തീർക്കാനുതകുന്ന 'ഗ്യാരന്റീഡ് ഐറ്റംസ്' അല്ല എന്ന് ഓർക്കണമെന്ന് മാത്രം. സകലതും ഉപേക്ഷിച്ച് വിജനമായ ഒരിടത്ത് ഗുഹാവാസം നടത്തിയാലും അതുപോലെത്തന്നെയാണ്. ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ വേണ്ടി ഒന്നിന് പകരം മറ്റൊന്ന് എന്ന രീതി  സഹായകമാവില്ല. മറിച്ച്, ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് നാം തെരഞ്ഞെടുക്കുന്നതെന്തിനേയും ജീവിതത്തെ അർത്ഥപൂർണ്ണമാക്കും വിധം ഉപയോഗപ്പെടുത്തുകയെന്നതാണ് ആവശ്യമായിട്ടുള്ളത്. അല്ലാത്തപക്ഷം, എവറസ്റ്റിന്റെ നെറുകയിലെത്തിയാലും, റോക്കറ്റിലേറി ചൊവ്വയിലെത്തിയാലും തൊട്ടടുത്ത നിമിഷം നമുക്കത് അർത്ഥശൂന്യമായിത്തീരും. സർവ്വസംഗപരിത്യാഗിയായെന്ന് വിചാരിച്ച് ആൽവൃക്ഷച്ചുവട്ടിൽ ധ്യാനസ്ഥനായാലും അർത്ഥശൂന്യത തന്നെ ബാക്കിവരും.  


അർത്ഥത്തേയും അർത്ഥശൂന്യതയേയും മറികടന്നുകൊണ്ട് നില്ക്കുന്നതാണ് അർത്ഥപൂർണ്ണത - meaningfulness. അർത്ഥം മറ്റാരുടെയോ അംഗീകാരത്തെ ആശ്രയിച്ചു നില്ക്കുമ്പോൾ, അർത്ഥം മുന്നിൽ കെട്ടിയിട്ട ഒരു എല്ലിൻ കഷ്ണത്തെപ്പോലെ  ഭാവിയിൽ ഊയലാടുമ്പോൾ, അർത്ഥം സുഖ സൗകര്യങ്ങളേയും ആഹ്ളാദങ്ങളേയും മാത്രം കണക്കിലെടുക്കുമ്പോൾ, അർത്ഥപൂർണ്ണത എന്നത് ഈ നിമിഷത്തിൽ മാത്രം നിക്ഷിപ്തമായ ഒന്നാണ്. അത് ചെയ്യുന്ന പ്രവൃത്തിയിലോ, അതാത് നിമിഷത്തിലോ മാത്രം സാക്ഷാത്ക്കരിക്കപ്പെടുന്നതാണ്. മറ്റാരുടെയും അഭിപ്രായങ്ങൾ അത് കണക്കിലെടുക്കുന്നുപോലുമില്ല. എന്തുചെയ്യുന്നു എന്നതിനപ്പുറം എങ്ങനെ ചെയ്യുന്നു എന്നതിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണത്. 


ഒരു തമാശ കേട്ടിട്ടുണ്ട്: ഒരിക്കൽ തൊണ്ണൂറു വയസ്സ് കഴിഞ്ഞ ഒരു മുത്തച്ഛനേയും കൊണ്ട് പേരക്കുട്ടികളും മറ്റും ഒരു സിനിമക്ക് പോയത്രേ. സിനിമ നടക്കുന്നതിനിടയിൽ എല്ലാവരും ചോക്കലേറ്റ് വായിലിട്ടു ചവക്കാൻ തുടങ്ങി. മുത്തച്ഛനും കൊടുത്തു ഒരു ചോക്കലേറ്റ്. കുറച്ചു കഴിഞ്ഞപ്പോൾ മുത്തച്ഛൻ സീറ്റിൽ നിന്നിറങ്ങി ഇരുട്ടിൽ എന്തോ പരതാൻ തുടങ്ങി. സിനിമ കാണുന്നതിനിടയിൽ ആളുകൾക്ക് ശല്യമായപ്പോൾ, അവർ മുത്തച്ഛനു നേരെ ബഹളം വെച്ചു. പേരക്കുട്ടികൾ പറഞ്ഞു, 'മുത്തച്ഛൻ എന്താണ് ചെയ്യുന്നത്? സീറ്റിൽ കയറിയിരിക്കൂ.' മുത്തച്ഛൻ പറഞ്ഞു,'എന്റെ ചോക്കലേറ്റ് താഴെ വീണുപോയി.' കുട്ടികൾ പറഞ്ഞു,'അതിനെന്താ മുത്തച്ഛാ, വേറെ ചോക്കലേറ്റു താരാമല്ലോ. പോയത് പൊയ്‌ക്കോട്ടെ.'

'അതല്ല', മുത്തച്ഛൻ പറഞ്ഞു, 'ആ ചോക്കലേറ്റിനകത്ത് എന്റെ ഒരു പല്ലുണ്ട്!'


പൂർവ്വനിശ്ചിതമായ അർത്ഥങ്ങളൊക്കെയും സമൂഹം നമുക്ക് വെച്ച് നീട്ടുന്ന ചോക്കലേറ്റുകൾ മാത്രമാണ്. ഉണർവിന്റെ, ബോധത്തിന്റെ, ആത്മഗ്രാഹ്യത്തിന്റെ നിറവുകളില്ലാത്തപ്പോൾ, സംതൃപ്തിയെന്നത്, അർത്ഥപൂർണ്ണതയെന്നത്, ചോക്കലേറ്റിനൊപ്പം അടർന്നുപോകുന്ന വെപ്പുപല്ലുകളെപ്പോലെ, ജീവിതത്തിൽനിന്നും പൊയ്‌പ്പോവുക തന്നെ ചെയ്യും.


                                           



18 comments:

  1. Until awareness rises most of us are destined to be entrapped by the shadows ?

    ReplyDelete
  2. Super dear💕💕

    ReplyDelete
  3. ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു നാം തെരഞ്ഞെടുക്കുന്നതെന്തിനെയും ജീവിതത്തെ അർത്ഥപൂർണ്ണമാക്കും വിധം ഉപയോഗപ്പെടുത്തുക ❤️

    ReplyDelete
  4. The treasure within.

    ReplyDelete
  5. "Rather than putting your energy into being special, put your whole energy into being yourself.
    Just find yourself, because in trying to be special you are running further and further away from yourself."
    OSHO
    ❤💞🙏🙏❤💞

    ReplyDelete