Featured Post

Friday, January 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 45


                     സീസറിനുള്ളതും ദൈവത്തിനുള്ളതും

'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുത്തേക്കുക' എന്ന യേശുവചനത്തിന്റെ യഥാർത്ഥ പശ്ചാത്തലം എന്തെങ്കിലുമാകട്ടെ, ബൈബിളിന്റെയും മതത്തിന്റെയുമെല്ലാം കുഴഞ്ഞുമറിഞ്ഞ പരിസരങ്ങളിൽ നിന്നും എടുത്തുമാറ്റിയാൽ, ജീവിതത്തെ കൂടുതൽ സഹജമാക്കുവാനുള്ള സൗമ്യമായ സൂചനകൾ നല്കിപ്പോരുന്നുണ്ട് ആ പ്രയോഗം. എത്രയോ ദൂരെ നിന്നും കടന്നു വരുന്ന വിളക്കുമാടങ്ങളുടെ തെളിച്ചങ്ങൾ പോലെ, തീരമണയാനോ ദിക്കുകൾ ഉറപ്പുവരുത്താനോ സഹായമേകുന്നവ.

ഇവിടെ നമുക്ക് സീസറിനെ ശരീരമെന്നും, (കാണാമറയത്തിരിക്കുന്ന) ദൈവത്തെ  മനസ്സെന്നും വിളിക്കാമെന്ന് വെക്കുക. ശരീരത്തിന് വേണ്ടത് ശരീരത്തിനും മനസ്സിന് വേണ്ടത് മനസ്സിനും കൊടുത്താൽ, ഒട്ടുമിക്കവാറും പുകിലുകൾ ഒഴിഞ്ഞുകിട്ടും. അവക്ക് വേണ്ടതാവട്ടെ തീരെ നിസ്സാരങ്ങളായവ. 


ശരീരത്തിന് വേണ്ടത് എന്തെല്ലാമാണ്? കുറച്ചു ഭക്ഷണം. അതാകട്ടെ ഒരല്പം സ്നേഹവും ലാളിത്യവും  കലർന്നതായിരിക്കണം. അതിനപ്പുറമുള്ള ഭക്ഷണ ത്വരകളെല്ലാം, ശരീരത്തിന്റെ ആവശ്യങ്ങളെന്താണെന്ന് അറിയാതെയുള്ള കാട്ടിക്കൂട്ടലുകളാണ്. അങ്ങനെവരുമ്പോൾ ആഹാരത്തിന്റെ പ്രധാന ചേരുവയായിരിക്കേണ്ട സൗന്ദര്യാത്മകത ഇല്ലാതെ പോകുന്നു. അതോടെ സംതൃപ്തി എന്ന പ്രധാന മൂല്യം നഷ്ടമാവുന്നു. പിന്നെ സകലതും അമിതമാവുകയായി. ഭക്ഷണം ഒരുപക്ഷേ രോഗകാരണമാവുകയായി.


ശരീരത്തിന് മറ്റെന്തൊക്കെയാണ് ആവശ്യം? സംതൃപ്തിയേകുന്ന വസ്ത്രം, ഇടയ്ക്കു വല്ലപ്പോഴും ചുറ്റുപാടുകളുമായും, മറ്റാളുകളുമായുള്ള ഇടപഴകലുകൾ. ഇടയ്ക്കു വല്ലപ്പോഴും പ്രണയത്തിൽ മുങ്ങിയ ഒരല്പം രതി, സ്നേഹപൂർവ്വമുള്ള ഒരാലിംഗനം. അതുപോലെത്തന്നെ സ്വസ്ഥമായ ഉറക്കം, കായികമായ അധ്വാനമോ വ്യായാമമോ മറ്റോ. ഒരല്പം ക്ഷീണം, വിശ്രമം.


മനസ്സിനോ? മനസ്സിനാവശ്യം തുറസ്സായ പരിസരങ്ങളിലൂടെ ഒരല്പം അലസഗമനം, ആരോടെങ്കിലുമൊക്കെ എന്തെങ്കിലും തമാശ പറഞ്ഞു ചിരിക്കൽ, പേരിനൊരു പരദൂഷണം - നിരുപദ്രവകരമായത്, മേമ്പൊടിയെന്നപോലെ ഇത്തിരി പ്രശംസയും അംഗീകാരവും, കുറേ നേരത്തെ മൗനം, കുറച്ചു പാട്ടും സംഗീതവും, നല്ലതെന്തെങ്കിലും വായിക്കേണ്ടതുണ്ട്- ഒരു പേജെങ്കിലും. ഭാഗ്യവശാൽ ഇത്തരം ആവശ്യങ്ങൾ എളുപ്പം നേടിയെടുക്കാൻ ഇക്കാലത്ത് സോഷ്യൽ മീഡിയകൾ സഹായകമാണ്.


ഇപ്പറഞ്ഞവയത്രയും ഒരു പട്ടിക പ്രകാരം ചട്ടപ്പടി പാലിച്ചുപോരേണ്ട നിർദ്ദേശങ്ങളല്ല. ശരീരത്തിനേയും മനസ്സിനേയും ഏറെ പ്രിയമുള്ള സുഹൃത്തുക്കളെപ്പോലെ പരിഗണിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ്. ശരീരവും മനസ്സും രണ്ടു വ്യത്യസ്ത വ്യവസ്ഥകൾ തന്നെയാണ്; അവക്ക് അവയുടേത് മാത്രമായ ആവശ്യകതകളുണ്ട്. എത്ര വലിയ ജോലിത്തിരക്കുകൾക്കിടയിലും, പരാധീനതകൾക്കിടയിലും സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും നിസ്സാരങ്ങളായ ഇത്തരം ചില ആവശ്യങ്ങൾ - പലരുടെയും ജീവിത പശ്ചാത്തലങ്ങൾക്കനുസരിച്ച് ആ ആവശ്യങ്ങളിലൊക്കെയും വ്യത്യാസങ്ങളുണ്ടാകാം - പരിഗണിക്കപ്പെടുകയാണെങ്കിൽ, ജീവിതം പൊതുവെ സുഗമമായിരിക്കും, എത്രയൊക്കെ ബുദ്ധിമുട്ടുകൾക്കിടയിലും, ജലോപരിതലത്തിൽ തെന്നിനീങ്ങുന്ന തോണികണക്കെ സൗമ്യമായി അത് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കും. 


from pexel.com

നിർഭാഗ്യവശാൽ, ആദർശങ്ങളുടെ പേരിലും മതവിശ്വാസങ്ങളുടെ ഭാഗമായും നാം അധികം പേരും ചെയ്തു പോരുന്നത്, ശരീരത്തിൻെറയും മനസ്സിന്റെയും അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കുകയോ, അടിച്ചമർത്തുകയോ ആണ്. അതിലൂടെ ഉണ്ടായിവരുന്ന ദുരിതങ്ങളെയെല്ലാം ഇല്ലാത്ത സ്വർഗ്ഗത്തിന്റെയോ അനുഭൂതിയുടെയോ പേരിൽ പരസ്പരം പ്രകീർത്തിക്കുന്നു. പാപബോധങ്ങളും കുറ്റബോധങ്ങളുമെല്ലാം സംഘടിതമായ സ്ഥാപനവൽക്കരണത്തിന് ഇടയാകുന്നത് അങ്ങനെയാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും വൈകാരികമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുമ്പോൾ, അവയുടെ ആവശ്യങ്ങൾ മൊത്തം ജീവിതത്തെ ചാമ്പലാക്കും വിധം ആളിക്കത്താൻ തുടങ്ങും. നാമമാത്രമായവ അവശ്യഘടകമെന്നോണം പെരുമാറാൻ തുടങ്ങും. 

ആവശ്യങ്ങൾക്കുപരി സൗഹൃദപരമായ പരിഗണനകൾ ആവശ്യമില്ലാത്ത  ഒരു സീസറും ഇന്നേവരെ ലോകത്തുണ്ടായിട്ടില്ല. തൊട്ടുതലോടലുകൾ ആവശ്യമില്ലാത്ത ഒരൊറ്റ ദൈവത്തേയും മനുഷ്യൻ ഇന്നേവരെ സൃഷ്ടിച്ചിട്ടുമില്ല. അവർക്കാവശ്യമുള്ളതൊന്നും നിഷേധിക്കപ്പെടാതിരിക്കട്ടെ. 


യേശുവചനത്തിന്റെ പിന്നാമ്പുറങ്ങളിലൊന്നും, പ്രധാനപ്പെട്ട ഒരു അനുബന്ധ വിചാരം പരാമർശിക്കപ്പെട്ടു കണ്ടിട്ടില്ല. നമുക്ക് പക്‌ഷേ അതൊഴിവാക്കാനാവില്ല. അതായത്, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ പറയുമ്പോൾ, രണ്ടിനെയും മറികടന്നുനില്ക്കുന്ന ഒരാളുടെ അദൃശ്യ സാന്നിധ്യം പരോക്ഷമായി പരാമർശിക്കപ്പെടുന്നുണ്ട്. ശരീരത്തിനും മനസ്സിനും ആവശ്യമുള്ളതിനെ നിവർത്തിച്ചുകൊടുക്കുന്നയാൾ..അയാൾ ആരാണ്? അയാൾ ശരീരവുമല്ല, മനസ്സുമല്ല. 


തൊട്ടുപിന്നിൽ നിലകൊള്ളുന്ന ഈ ആളെപ്പറ്റി വ്യക്തത വരാത്തേടത്തോളം ( അയാൾ ആരെന്നും എന്തെന്നുമല്ല, ശരീരത്തേയും മനസ്സിനേയും മാറിനിന്നറിയുന്ന ഒരനുഭവ കേന്ദ്രം - a knowing hub - ഉണ്ടെന്നുള്ള ബോധ്യം മാത്രമാണത്. ആരാണ് ഞാൻ? എന്താണ് ഞാൻ? നാൻ യാർ? എന്നതെല്ലാം ആത്മീയമെന്നും തത്വചിന്തയെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുകയും കൂടുതൽ കൂടുതൽ മനോവ്യായാമങ്ങളിലേക്ക് കൊണ്ടുചെല്ലുകയുമേ സംഭവിക്കുന്നുള്ളൂ ) ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങളെന്തെന്ന് കൃത്യമായി അറിയാനാവില്ല. എന്ന് മാത്രമല്ല, ഏറെയും തെറ്റിദ്ധരിക്കപ്പെടുകയേയുള്ളൂ. ശരീരത്തിന്റേതിനെ മനസ്സിന്റേതെന്നും, മനസ്സിന്റേതിനെ ശരീരത്തിന്റേതെന്നും ധരിച്ചുപോകും. അതിലുമുപരി അവയുടെ ആവശ്യങ്ങളെയെല്ലാം നാം നമ്മുടേതെന്നു ധരിച്ചുപോകും.

തെറ്റിദ്ധരിക്കപ്പെടുന്ന ആവശ്യങ്ങളാണ് ആശയും അഭിലാഷങ്ങളുമെല്ലാം. ആവശ്യങ്ങൾ എപ്പോഴെങ്കിലും എങ്ങനെയെങ്കിലും നിവർത്തിക്കപ്പെടാമെന്നിരിക്കെ, ആശയും അഭിലാഷങ്ങളും ഒന്നിനുപുറകെ ഒന്നൊന്നായി മാറിക്കൊണ്ടിരിക്കുകയേയുള്ളൂ.

'ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ നിവർത്തിക്കുക എന്നൊരു പരിപാടി മാത്രമേ നമുക്കുള്ളൂ?' എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. തീർച്ചയായും അല്ല. 'നാം/ ഞാൻ' എന്ന് നാം അറിഞ്ഞുപോരുന്ന ആ പ്രതിഭാസത്തിന് അതിന്റേതായ ആവശ്യവുമില്ല, അഭിലാഷവുമില്ല. അതിനു പക്ഷേ ചേതനാപരമായ ഒരു നീൾച്ചയുണ്ട് - a longing. ആ longing-നെ സാക്ഷാത്‌കരിക്കും വിധം അത് വിവിധ ദിശകളിലേക്കും സന്ദർഭങ്ങളിലേക്കും നമ്മുടെ ശരീരത്തേയും മനസ്സിനേയും കൊണ്ടുപോകാൻ ശ്രമിക്കുന്നു. തീർത്തും സ്വാഭാവികമായ, നിശബ്ദമായ ആ വളർച്ചയിലാണ് നിസ്സാരങ്ങളായ കാരണങ്ങളെക്കൊണ്ട് ശരീരവും മനസ്സും ഇടങ്കോലിടാൻ സാധ്യതയുള്ളത്.


‘EASY IS RIGHT’എന്ന് ലാവോത്സു പറയുമ്പോഴും, സഹജതയുടെ വഴികൾ എന്ന് കബീർ ഓർമ്മപ്പെടുത്തുമ്പോഴും, മധ്യമാർഗ്ഗം എന്ന് ബുദ്ധന്റെ പേരിൽ പരാമർശിക്കപ്പെടുമ്പോഴുമെല്ലാം, അർത്ഥമാക്കുന്നത് ഈയൊന്നുതന്നെയാണ്: ശരീരത്തിന്റെയും മനസ്സിന്റെയും അടിസ്ഥാന പ്രവണതകളെ അവഗണിച്ചേക്കരുത്. അവ നമ്മുടെ മഹാപ്രയാണത്തിൽ മാർഗ്ഗതടസ്സമാവുകയേയുള്ളു. 



                                                     *                               *                              *


ഒരു സർദാർജി തന്റെ കടുത്ത വിഷാദരോഗിയായ ഭാര്യയെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോയി. മണിക്കൂറുകളുടെ കൺസൾട്ടിങ്ങിനു ശേഷം സൈക്കോളജിസ്റ്റ് സർദാർജിയെ അകത്തേക്ക് വിളിച്ചു. സൈക്കോളജിസ്റ്റ് പറഞ്ഞു: 'നോക്കൂ മിസ്റ്റർ, നിസ്സാരമാണ് കാര്യം. നിങ്ങളുടെ ഭാര്യക്ക് കാര്യമായ യാതൊരു പ്രശ്നവുമില്ല. ദിവസവും പക്ഷേ ഇങ്ങനെയൊരു സംഗതിയാവശ്യമുണ്ട്' എന്ന് പറഞ്ഞുകൊണ്ട് സൈക്കോളജിസ്റ്റ് സർദാർജിയുടെ ഭാര്യയെ കാര്യമായി ഒന്ന് ആലിംഗനം ചെയ്തു. സൈക്കോളജിസ്റ്റ് തുടർന്നു, 'നിസ്സാരങ്ങളായ ഇത്തരം ആവശ്യങ്ങളെ അവഗണിക്കുന്നതുകൊണ്ട് എന്തുമാത്രം പ്രശ്നങ്ങളാണ് ഉണ്ടാവുന്നതെന്നോ?'


സർദാർജി പറഞ്ഞു,'സെർജി, ബുധനും വെള്ളിയുമൊഴികെ ബാക്കിയെല്ലാ ദിവസവും മുടങ്ങാതെ ഞാൻ ഇവരെ കൊണ്ടുവരുന്നതാണ്. ആ രണ്ടു ദിവസവും ബോസ് സ്ഥലത്തുണ്ടാവാത്തതിനാൽ, കടയിൽ നിന്നും എനിക്ക് ഇറങ്ങാനാവില്ല.'





10 comments: