Featured Post

Monday, February 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 46

                                                   
                                                    ഭാഗ്യനിർഭാഗ്യങ്ങൾ 

രാവിലെ എണീറ്റപ്പോഴേ കുറച്ചു വൈകി. അലാറം അടിച്ചിട്ടും വെറുതെയൊന്നു കണ്ണടച്ചതാണ്. അപ്പോഴേക്കും മുക്കാൽ മണിക്കൂർ പോയിക്കിട്ടി. ധൃതി പിടിച്ചു ഡ്രസ്സ് അയൺ ചെയ്യുന്നതിനിടിയിൽ കൈ പൊള്ളി. ഭാഗ്യം, വല്ലാതെ തിണർത്തില്ല. ഓ, പാന്റിന്റെ സിബ് കേടായി. ഇനി വേറൊരു പാന്റ് അയൺ ചെയ്തിട്ടു വേണം. സ്‌കൂട്ടർ സ്റ്റാർട്ടാക്കാൻ നോക്കുമ്പോഴാണ് ഓർമ്മ വന്നത് ഇന്നലെ പെട്രോൾ അടിക്കാൻ മറന്നിരുന്നു. പെട്രോൾ നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓർമ്മ വന്നത് മൊബൈൽ മറന്നു വെച്ച കാര്യം. മൊബൈൽ എടുക്കാൻ തിരിച്ചു ചെന്നപ്പോഴുണ്ട്, മാനേജർ മൂന്നു തവണ വിളിച്ചിരിക്കുന്നു. ഇനി അയാളുടെ വക വയറു നിറച്ചു കിട്ടും. ഇന്നൊരു ഭാഗ്യം കെട്ട ദിവസമാണ്! 
ഇതുപോലെ, ഇതൊരു ഭാഗ്യം കെട്ട ദിവസമാണ്,' 'എന്റേത് ഭാഗ്യമില്ലാത്ത ജന്മമാണ്'എന്നൊക്കെയും വിചാരിച്ചുപോകാത്തവർ ഉണ്ടാകുമോ? ലോകമെമ്പാടും അതങ്ങനെയാണ്. ജാതി-മത-ലിംഗ- രാഷ്ട്ര ഭേദമെന്യേ, ദരിദ്രനെന്നോ സമ്പന്നനെന്നോ ഭേദമില്ലാതെ, നാസ്തികനെന്നോ ആസ്തികനെന്നോ വ്യത്യാസമില്ലാതെ, ഭാഗ്യ- നിർഭാഗ്യ പരാമർശങ്ങൾ നാം ഇടതടവില്ലാതെ നടത്തിപ്പോരുന്നുണ്ട്.

ഭാഗ്യം എന്നതുകൊണ്ട് നാം എന്താണ് വാസ്തവത്തിൽ അർത്ഥമാക്കുന്നത്? ഭാഗ്യത്തെ (നിർഭാഗ്യത്തേയും) നാം വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായ അർത്ഥങ്ങളിലാണ് പ്രകടിപ്പിക്കാറുള്ളത്. 'ചാൻസ്' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നത് സർവ്വ സാധാരണമാണ്. 'സാഹചര്യം വച്ച് നോക്കുമ്പോൾ എനിക്ക് ആ ഇന്റർവ്യൂ ജയിക്കാൻ യാതൊരു സാധ്യതയുമില്ലായിരുന്നു, 'ഭാഗ്യം' കൊണ്ട് മാത്രമാണ് അത് കിട്ടിയത്'. 'അവസാന നിമിഷം വരെ ഞാനായിരുന്നു ഒന്നാം സ്ഥാനത്തു വന്നത്. അവസാന നിമിഷം പക്ഷേ കൈവിട്ടുപോയി. നിർഭാഗ്യമെന്നല്ലാതെ എന്തുപറയാൻ'. 

സംഭവ്യതയുടെ, അറിയാവുന്ന കണക്കുകൂട്ടലുകൾക്കുമപ്പുറത്ത് സംഭവിക്കുന്നവയെ നാം ഭാഗ്യ-നിർഭാഗ്യങ്ങളുടെ പട്ടികയിൽ പെടുത്തുന്നു. സംഭവ്യതയെപ്പറ്റി (probability) യാതൊരു ധാരണയുമില്ലാത്ത ഒരാളെ സംബന്ധിച്ച് ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ വിചാരിക്കപ്പെടുന്ന സംഗതികൾ, അതേപ്പറ്റി നല്ല ധാരണയുള്ള ഒരാളെ സംബന്ധിച്ച് അതങ്ങനെത്തന്നെയായിക്കൊള്ളണമെന്നില്ല. ഇനി ഒരു അപകടം നടന്നതിനെപ്പറ്റിയാണെന്നു വെക്കുക. അപകടം സംഭവിക്കുന്നത് എല്ലായ്പ്പോഴും അതീവ വേഗത്തിലാണ്. അതിൽ നിന്നും പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടതിനെ ഭാഗ്യമെന്ന് പറയുമ്പോൾ, നാം അർത്ഥമാക്കുന്നത്, ഏതോ ഒരു അദൃശ്യ ശക്തിയുടെ ഇടപെടൽ സംഭവിച്ചു എന്നാണ് . 'വഴിയരികിൽ ബസ് കാത്തു നിന്ന ഒരാൾക്ക്, അതുവഴി കടന്നുപോയ ഒരു വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ച് കാലിൽ വന്നിടിച്ചു പരിക്ക് പറ്റി' എന്ന് കേൾക്കുമ്പോൾ, അങ്ങനെയൊരു സാധ്യത തീരെയില്ലായിരുന്നു, പക്ഷേ എന്ത് ചെയ്യാം, 'വരാൻ വെച്ചത് വഴിയിൽ തങ്ങില്ലാല്ലോ' എന്ന് പറഞ്ഞുകൊണ്ട് നാം നെടുവീർപ്പിടാൻ ശ്രമിക്കും. നമുക്ക് അജ്ഞാതമായ എന്തോ ഒരു ശക്തി നമ്മുടെ ജീവിതത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം എന്ന് തന്നെയാണ് 'ഭാഗ്യം' എന്നതുകൊണ്ട് പലപ്പോഴും നാം ഉദ്ദേശിക്കുന്നത്. 

ഇനി മറ്റൊരു രീതിയിൽ നാം ഭാഗ്യത്തെ നോക്കിക്കാണുന്നുണ്ട് : ജന്മനാ നാം കൊണ്ടുവന്നിട്ടുള്ള 'സംഭവ്യതകളുടെ ഒരു ഭണ്ഡാരം'. ഒന്നുകിൽ ഒരാളുടെ ജീവിതം ഭാഗ്യം നിറഞ്ഞതാണ്. അയാൾ നല്ല കുടുംബത്തിൽ ജനിച്ചു. അയാൾക്ക് പേരും പ്രശസ്തിയും യാതൊരു കഷ്ടപ്പാടും കൂടാതെ വന്നുചേർന്നു. അയാൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. പ്രാരബ്ധങ്ങളില്ല. കാഴ്ചയിൽ പ്രൗഢിയും സൗന്ദര്യവും. പണത്തിനു പണം. പിന്നെ, നല്ല ഭാര്യ/ ഭർത്താവ്, കുട്ടികൾ ഇത്യാദി. അതല്ലെങ്കിൽ, അയാൾ ജന്മനാ നിർഭാഗ്യങ്ങളുടെ കുത്തകയാണ്. കഷ്ടപ്പാടും പ്രാരബ്ധവും. ആരോഗ്യപ്രശ്നങ്ങൾ. ദാരിദ്യ്രം. എന്നും വഴിക്കുവഴിയേ വന്നുചേരുന്ന ദുര്യോഗങ്ങൾ. സമൂഹത്തിലെ അവഗണനകൾ എന്നിങ്ങനെ. ഭാഗ്യവും നിർഭാഗ്യവും പൂർവ്വ നിശ്ചിതമായ ചില സംഗതികളാണ് എന്ന രീതിയിൽ നാം ആ വാക്കുകൾ ഉപയോഗിക്കുന്നു പലപ്പോഴും.
 

ഈ ഭാഗ്യവും നിർഭാഗ്യവും ശരിക്കും ഉണ്ടായിരിക്കുന്നുണ്ടോ? ഒരർത്ഥത്തിൽ ഉണ്ടായിരിക്കുന്നുണ്ട്. അത് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്. പക്ഷേ അപ്പോൾ നമുക്ക് ഭാഗ്യനിർഭാഗ്യങ്ങളെ മറ്റൊരു രീതിയിൽ മനസ്സിലാക്കേണ്ടി വരുമെന്ന് മാത്രം: ഭാഗ്യവും നിർഭാഗ്യവും നാം നമ്മെത്തന്നെ നോക്കിക്കാണുന്ന രീതികൾ മാത്രമാണ്. ഒന്നിലധികം സംഭവങ്ങളെ നമ്മുടെ മനസ്സ് കൂട്ടിയിണക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്തുകൊണ്ട് സൃഷ്ടിച്ചെടുക്കുന്ന പ്രതീതികൾ. അവ പക്ഷേ നമ്മുടെ പ്രവൃത്തികളിലും പെരുമാറ്റങ്ങളിലും സ്വാധീനം ചെലുത്തുന്നു. അവയുടെ ഫലങ്ങളും പ്രത്യാഘാതങ്ങളും നമുക്ക് നമ്മെത്തന്നെപ്പറ്റിയുള്ള കാഴ്ചപ്പാടുകളെ വീണ്ടും സ്വാധീനിക്കുന്നു. അവ വരുംവരായ്കകളെ പരോക്ഷമായെങ്കിലും സ്വാധീനിക്കുകതന്നെ ചെയ്യുന്നു....അങ്ങനെയങ്ങനെ… 
ഈ 'ഭാഗ്യ-നിർഭാഗ്യ' ചാക്രികതയെ ഭേദിക്കുന്നേടത്ത് നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഒരു കറുത്ത പൂച്ച മുന്നിൽ വഴി മുറിച്ചു കടന്നാൽ അതിനർത്ഥം നിർഭാഗ്യം വരാൻ പോകുന്നു എന്നല്ല, ആ പൂച്ച എങ്ങോട്ടോ പോവുകയാണ് എന്ന് മാത്രമാണ് എന്ന് മനസ്സിലാക്കാൻ ത്രാണിയുണ്ടാവുമ്പോഴേ ആ ചാക്രികത ഭേദിക്കപ്പെടൂ. അല്ലാത്തപക്ഷം എത്ര വേണമെങ്കിലും ഉദാഹരണങ്ങൾക്ക്, അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും, നിന്നുകൊടുക്കേണ്ടിവരും.
‘CONTINUOUSLY CHANGING MULTIDIMENSIONAL FLUX’ ആയിട്ടുള്ള ഈ ജീവിത പ്രഹേളികയിൽ, സംഗതികൾ എങ്ങനെയെല്ലാമാണ് കൂടിക്കലർന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയാനുള്ള യാതൊരു മാർഗവുമില്ല. സന്നദ്ധമായിരിക്കുന്ന ഒരു മനസ്സിന് മുൻപിൽ സാധ്യതകൾ കൂടുതലാണ് (Chances favors the prepared mind - Louis Pasteur) എന്നറിയുക. അതിനെ ഭാഗ്യമെന്നും നിർഭാഗ്യമെന്നുമെല്ലാം വ്യാഖ്യാനിക്കുന്നത് മനസ്സിന്റെ ശീലം മാത്രമാണ്. ചുരുങ്ങിയ പക്ഷം ആ ശീലം ഒരു അഡിക്ഷൻ ആവാതെയെങ്കിലും നോക്കേണ്ടതുണ്ട്. 

'താൻ ഭാഗ്യമില്ലാത്തവനാണ്; തന്റേത് ഭാഗ്യം കെട്ട ജന്മമാണ്' എന്നിങ്ങനെ തോന്നുക സർവ്വ സാധാരണമാണെങ്കിലും 'താൻ ഭാഗ്യവാനാണ്' എന്ന തോന്നൽ താരതമ്യേന കുറവാണ്. അഥവാ വല്ലപ്പോഴും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത്, 'ഹാവൂ, എങ്ങനെയെങ്കിലും രക്ഷപ്പെട്ടു, ഭാഗ്യമായി' എന്ന മട്ടിലായിരിക്കും. ജീവിതാവബോധം കുറഞ്ഞിരിക്കുമ്പോൾ, നിത്യജീവിതത്തിൽ നാം കൂടുതലായി എണ്ണിപ്പോരുന്നത് നിർഭാഗ്യത്തെയാണ്. അതേസമയം ജീവിതത്തിന്റെ ആഴവും വ്യാപ്തിയും അളക്കാവതല്ല എന്നറിയുന്ന ഒരാളെ സംബന്ധിച്ച്, ഭാഗ്യം മാത്രമേയുള്ളൂ. അയാളുടെ അവബോധ നിഘണ്ടുവിൽ നിർഭാഗ്യം എന്നൊന്നില്ലതന്നെ. ആ ഭാഗ്യം പക്ഷേ നിർഭാഗ്യമെന്ന ഒരു താരതമ്യത്തോട് വഴങ്ങുന്നതുമല്ല. അയാളിൽ നന്ദിപൂർവ്വകമായ ഒരു ആശ്ചര്യം മാത്രമേയുള്ളൂ; എത്ര വലിയ ബുദ്ധിമുട്ടുകൾക്കിടയിലും. ഉണർവ്വെന്ന് പറയുന്നത് മറ്റെന്തിനെയാണ്? 



                                                  *                     *                      *                     * 
ഒരൊറ്റ നിമിഷം കൊണ്ട് ഭാഗ്യവും നിർഭാഗ്യവും മാറി മറിഞ്ഞു വരാറുണ്ട്. ചിരിക്കാൻ വക നല്കുന്ന അത്തരമൊരു സംഭവമുണ്ടായി ഈയടുത്ത് ആസാമിൽ. നാലുപേർ ചേർന്ന് രാത്രിയിൽ കഷ്ടപ്പെട്ട് ഒരു ATM കടപുഴക്കി കൊണ്ട് വന്നു. അതുവരേക്കും അവർ ഭാഗ്യവാന്മാരായിരുന്നു. കൊണ്ടുവന്നതിനു ശേഷമാണ് അവർക്ക് മനസ്സിലായത് അവർ പൊക്കിയത് പാസ്ബുക്ക് പ്രിന്റിങ് മെഷീൻ ആയിരുന്നുവെന്ന്! കഷ്ടകാലം എന്ന് വിചാരിച്ചു നില്ക്കുന്ന നേരത്ത് പിന്നാലെ പോലീസെത്തി അവരെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്രേ! 

17 comments: