'വന്ത വേലൈ പാര്'
ഞാൻ ആരാണ്? നാൻ യാർ? who am I? എന്നീ ചോദ്യങ്ങളെല്ലാം ഏറ്റവും കൂടുതൽ ബന്ധപ്പെടുത്തിക്കണ്ടിട്ടുള്ളത് രമണമഹർഷിയുമായാണ്. ആത്മ വിചാരം എന്ന ഒരു ധ്യാന സങ്കേതമായിത്തന്നെ ഇന്ന് അത് വളരെയധികം പ്രചാരത്തിലുണ്ട്. ഏതൊരു മനുഷ്യനും ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കാതെ പോകുന്നില്ലത്രേ! ഒരുപക്ഷേ, കൃത്യമായും ഇങ്ങനെയൊരു ചോദ്യരൂപത്തിലാവണമെന്നില്ല, ഒട്ടും വ്യക്തമല്ലാത്ത ഒരുതരം ഉദ്വേഗമായി - a quest - എല്ലാവരും അങ്ങനെയെന്തെങ്കിലും അനുഭവിക്കുന്നുണ്ടാവണം. എന്തായാലും, രമണമഹർഷി നല്കിപ്പോന്നതിനേക്കാൾ പ്രാധാന്യം ആളുകൾ 'നാൻ യാർ?' എന്ന ചോദ്യത്തിന് നല്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം.
ഉദ്ധരിക്കാവുന്ന ധാരാളം വചനങ്ങളും ചൊല്ലുകളുമൊക്കെയുണ്ടെങ്കിലും, വ്യക്തിപരമായി, ഏറ്റവും മൂർച്ചയുള്ളത് എന്ന് തോന്നിയ, മഹർഷിയുടേതായ മറ്റൊരു വാക്യമാണ് - 'വന്ത വേലൈ പാര്'. സെൻ (Zen) ഗുരുക്കന്മാർ ഇടയ്ക്കു വല്ലപ്പോഴും പുറത്തെടുക്കാറുള്ള KATZU എന്ന് വിളിക്കുന്ന ഒരു തരം അലർച്ചയുണ്ട്; ശിഷ്യന്റെ കാതടപ്പിച്ചുകളയുമത്. കാത് മാത്രമല്ല, മനസ്സെന്ന വിചാരകോലാഹലത്തെ അപ്പാടെ അത് ഒരു നിമിഷം നിശ്ചലമാക്കിക്കളയും.
ഒരുപക്ഷേ, അതിനേക്കാൾ കൂർമ്മതയോടെ ഏതു നിമിഷവും ആർക്കും ഓർക്കാവുന്ന ഒരു വാക്യമാണ് - 'വന്ത വേലൈ പാര്’. 'എന്തിനാണോ വന്നത്, അത് ചെയ്യാൻ നോക്ക്' എന്നർത്ഥം.
പ്രശ്നങ്ങളും ദുരിതങ്ങളുമൊക്കെയായി എങ്ങനെയെങ്കിലും ഇത്തിരി സമാധാനം കിട്ടാൻ വേണ്ടി മഹർഷിയുടെ അടുക്കൽ വന്നു കയറിയതിനു ശേഷം, പിന്നെപ്പിന്നെ അവിടത്തെ ചിട്ടവട്ടങ്ങൾ പിടിക്കാതാവുക, മറ്റാളുകളുടെ കാര്യങ്ങളിൽ ഇടപെടുക, മഹർഷിയുടെത്തന്നെ ഇഷ്ടാനിഷ്ടങ്ങളിൽ കൈകടത്തുക എന്നിങ്ങനെയുള്ള കലാപരിപാടികൾ തുടങ്ങിയപ്പോൾ മഹർഷി അയാളോടായി പറഞ്ഞതാണ് 'വന്ത വേലൈ പാര്'.
അസാധാരണ സൗന്ദര്യമുള്ള ഒരു മനനവാക്യമായി ഉപയോഗപ്പെടുത്താവുന്നതാണ് ഇത്. നിത്യജീവിതത്തിലെ ഏറ്റവും നിസ്സാരമായ ഒരു വിരലനക്കം മുതൽ ആത്യന്തികമെന്നോ പാരമാർത്ഥികമെന്നോ തോന്നാവുന്ന ജീവിത ദർശനങ്ങൾക്ക് വരെ ഈയൊരു വാക്യത്തെ അവലംബമാക്കാവുന്നതാണ്.
ജീവിതത്തെ മായയെന്ന് എണ്ണുമ്പോഴോ, കർമ്മപാശങ്ങളെന്ന് നെടുവീർപ്പിടുമ്പോഴോ, എന്തിനു വന്നുവെന്നോ, എന്താണ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് എന്നോ വ്യക്തമല്ലാതെപോയതിന്റെ തിക്തഫലങ്ങൾ എന്ന് മനസ്സിലാക്കുകയാവും ഭേദം. നിർഭാഗ്യവശാൽ, നാം അത്തരം സന്ദർഭങ്ങളെ കൂടുതൽ തത്വചിന്താവല്ക്കരിച്ച് 'നമ്മുടേതും അത്ര മോശം കഷ്ടപ്പാടൊന്നുമല്ല' എന്ന് വരുത്തിത്തീർക്കാറാണ് പതിവ്.
എന്താണ് മായ എന്ന് നാരദൻ ചോദിച്ചതിനുള്ള ഉത്തരമായി മിക്കപ്പോഴും പറഞ്ഞു
കേൾക്കാറുള്ള ഒരു കഥയുണ്ട്: കൃഷ്ണൻ കുടിവെള്ളം ആവശ്യപ്പെടുകയും നാരദൻ തൊട്ടടുത്തുള്ള ഏതോ ഒരു വീട്ടിൽ നിന്നും വെള്ളം കൊണ്ടുവരാൻ പോയെന്നും പിന്നീട് ജീവിതത്തിൽ നിരവധി സംഭവങ്ങൾ അരങ്ങേറുകയും അദ്ദേഹം ധാരാളം ദുരിതങ്ങൾ അനുഭവിക്കുകയും പത്തുപന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം (നാരദന്റെ ബോധത്തിൽ) അദ്ദേഹം കൃഷ്ണനെ കണ്ടുമുട്ടിയപ്പോൾ കൃഷ്ണൻ വെള്ളമെവിടെ എന്ന് ചോദിച്ചെന്നുമാണ് കഥ.മായയിൽപ്പെടുക എന്നാൽ, ബോധധാരയിൽ വിള്ളലുണ്ടാവുക എന്ന് തന്നെയാണ്. ഇടമുറിയാതെ തുടരേണ്ടുന്ന അവബോധത്തിൽ നിന്നും തെന്നിമാറിക്കൊണ്ടാണ് നാം 'വന്ത വേലകൾ' മറന്നുപോകുന്നത്. ഇതിന്റെത്തന്നെ മറ്റൊരു സ്വഭാവമാണ് കർമ്മപാശങ്ങൾ എന്നതും. ബാക്കി കിടക്കുന്ന വേലകളാണവ- unfinished works. എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത് അവയെ മറന്നുകൊണ്ട് മറ്റെന്തിലൊക്കെയോ ഏർപ്പെടുക, പിന്നെ അവയേയും പാതിയിൽ വിട്ടുകൊണ്ട് മറ്റെന്തിലെങ്കിലും ഏർപ്പെടുക. അങ്ങനെയങ്ങനെ ബാക്കിവെച്ച വേലകളുടെ ഒരു മായികാജാലം നാം അറിയാതെത്തന്നെ നമ്മെ പൊതിയുകയായി.
വേണമെങ്കിൽ പറയാം, പണ്ട് യുദ്ധമുഖത്ത് വെച്ച് ഡിപ്രെസ്സ്ഡ് ആവാൻ തുടങ്ങിയ അർജ്ജുനനോട് കൃഷ്ണൻ ഓർമ്മിപ്പിച്ചതും 'വന്ത വേലൈ പാര്' എന്ന് തന്നെയായിരുന്നു. വികാരങ്ങളും വിചാരങ്ങളും പുറമെ നിന്ന് ആർജ്ജിച്ചു കൂട്ടിയിട്ടുള്ള ആശയങ്ങളും വിവരങ്ങളുമെല്ലാം ചേർന്ന് നമ്മെ അരണബുദ്ധിക്കാരാക്കുന്നത് - സത്യത്തിൽ അരണ അത്തരമൊരു ജീവിയാണോ എന്ന് അറിയില്ല. പല്ലിവർഗ്ഗത്തിന് spatial memory തീരെ കുറവാണെന്നു പറഞ്ഞുകേൾക്കുന്നു - നാം അറിയുന്നുപോലുമില്ലെന്നു മാത്രമല്ല, നാം അതിൽ അഭിമാനം കൊള്ളാൻ വിധം ബുദ്ധിശൂന്യരുമായിത്തീരുന്നു.
ഇനി നമുക്ക് തോന്നാം, 'വന്ത വേലൈ' എന്താണെന്ന് എങ്ങനെയാണ് അറിയാനാവുക? കൃത്യമായി പറഞ്ഞാൽ 'വന്ത വേലൈ' മറന്നുകൊണ്ട് മാത്രമേ അങ്ങനെയൊരു ചോദ്യം നമുക്ക് ചോദിക്കാനാവൂ. അല്ലാത്തപക്ഷം, ഉദ്ദേശിച്ച ചെയ്തികളിൽ വ്യാപൃതരായിരിക്കും നാം. ഇതൊരുപക്ഷേ പൊതുവെ അത്രയങ്ങു ബോധ്യപ്പെട്ടെന്നു വരില്ല. എന്തെന്നാൽ ആത്മീയമെന്നും, ജീവിതവിജയമെന്നും മറ്റും വിളിച്ചുകൊണ്ട് നാം ഏർപ്പെടുന്ന ചെയ്തികൾക്ക് ലഭിക്കുന്ന യുക്തിസഹമായ ബഹുമാനങ്ങളും അംഗീകാരങ്ങളും, കാഴ്ചവട്ടത്തില്ലാത്ത വേലകളെ വല്ലാതെ പരിപോഷിപ്പിക്കുന്നു.
അമൂർത്തങ്ങളായ ചെയ്തികളെപ്പറ്റി അത് തന്റെ വേലയാണോ, താൻ ഉദേശിച്ചത് ഇത് തന്നെയാണോ എന്നൊക്കെ ചോദിക്കുന്നതിനു പകരം, തന്റെ തീർത്തും വ്യക്തിപരമായ ചെയ്തികളിലേക്ക് ഈ ചൊല്ലിനെ വ്യാപരിപ്പിക്കുകയാണ് വേണ്ടത്. ശരിക്കും സെൻ - Zen - ജീവിതം. ‘Here Now’ എന്ന പ്രയോഗം വെറുമൊരു അലങ്കാരമല്ല. ഞാനിപ്പോൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്, ഈ വീട്ടിലേക്കു വന്നത് എന്തിനായിരുന്നു, എന്നിങ്ങനെ സാധ്യമായിട്ടുള്ള നിരവധി ചോദ്യങ്ങളോട് സത്യസന്ധമായി ഒരാൾ പ്രതികരിക്കുകയാണെങ്കിൽ അയാളുടെ അവബോധത്തിൽ കൈവരുന്ന തെളിമയാണത്.
നാം ഏതെങ്കിലും ഒരു വീട്ടിൽ അതിഥിയായി എത്തിയിരിക്കുന്നുവെന്നു വിചാരിക്കുക. അവിടത്തെ വീട്ടുകാർ പരസ്പരമോ മറ്റോ എന്തെങ്കിലും കശപിശകളിൽ ബഹളമുണ്ടാക്കാൻ തുടങ്ങിയാൽ, നാം പൊതുവെ അതിൽ അകപ്പെടാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. ആ മനോഭാവത്തോടെത്തന്നെ അവിടത്തെ ബഹളത്തെ തണുപ്പിക്കാനും ശ്രമിച്ചെന്ന് വരും. ആ വഴക്കിൽ കുത്തിക്കയറി കൂടുതൽ അലങ്കോലമാക്കുക എന്നതിനല്ല താൻ വന്നിരിക്കുന്നത് എന്ന് കൃത്യമായ ബോധമുണ്ട് നമുക്ക്. എന്തിനാണ് വന്നിരിക്കുന്നത് എന്ന് കൃത്യതയില്ലെങ്കിലും എന്തിനല്ല വന്നിരിക്കുന്നത് എന്നതിനെങ്കിലും കൃത്യതയുണ്ടായേ പറ്റൂ.
സെൻ - Zen - ചര്യകളിലേക്കു ജീവിതത്തെ വെട്ടിച്ചുരുക്കുകയാണെന്നും ജീവിതം നടപ്പിലും ഇരിപ്പിലും ഒതുങ്ങുന്നതല്ല എന്നും പെട്ടെന്ന് തോന്നാവുന്നതാണ്. എന്നാൽ, നേരെ തിരിച്ചാണ് മനസ്സിലാക്കേണ്ടത്: നടപ്പിലും ഇരിപ്പിലും ഊണിലും ഉറക്കത്തിലുമൊന്നും ഒതുങ്ങാത്ത ജീവിതമെന്ന പാരമിത സൗന്ദര്യത്തെ നാം നടപ്പിലേക്കെങ്കിലും ആനയിക്കാൻ ശ്രമിക്കുകയാണ്, ഊണിലും ഉറക്കത്തിലും അതിന്റെ അപാരതയെ അനുഭവിക്കാൻ ശ്രമിക്കുകയാണ്. അതിന് ഏറ്റവും എളുപ്പം ഏറ്റവും നിസാരമായ ചെയ്തിയിൽ 'വന്ത വേല'യെ (കൺ) പാർക്കുക എന്നതാണ്.
താൻ ഇരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരിക്കുക മാത്രം ചെയ്യുക. ഇനി ആ ഇരിപ്പിൽ കൂട്ടിച്ചേർക്കേണ്ട മറ്റു ചെയ്തികൾ ഓരോന്നായി ബോധപൂർവ്വം (സ്നേഹപൂർവ്വം എന്ന് വായിക്കുക) കൂട്ടിച്ചേർക്കുക. അങ്ങനെയങ്ങനെ അവരവരുടെ സാമർഥ്യത്തിനനുസരിച്ച് തങ്ങളുടെ ജീവിതത്തിൽ ഉൾച്ചേർക്കാവുന്ന ജീവിതമാനങ്ങൾക്കു - dimensions - പരിധിയില്ല. എന്നാൽ നേരത്തെ സൂചിപ്പിച്ച തെളിമയില്ലെങ്കിൽ, തെരുവിൽ തെണ്ടിത്തിരിയുന്നവനും ആത്മീയ സാധനകളിൽ ആനന്ദിക്കുന്നു എന്ന് വിചാരിക്കുന്നവനും ക്വാണ്ഡം മെക്കാനിക്സിൽ തലപുകയ്ക്കുന്നവനും തമ്മിൽ ഫലത്തിൽ ഭേദമെന്തുണ്ട്? എല്ലാവരും വഴിതെറ്റിയെത്തുന്നത് ഒരേ കവലയിലേക്കു തന്നെ.
✨✨🍃♥️♥️🙏🏽
ReplyDelete💞💞
Delete🙏🙏🙏🌹🌹🥰
Delete💕💕💕
DeleteOhh!!"" astonishing ✨🌸
ReplyDeleteJust like that..🌸✨
💕💕
Delete👌🙏🙏❤️
ReplyDelete💕💕
DeleteBeautiful
Delete💕💕
Deleteലോകം മുഴുൻ സുഖം പകരാൻ സ്നേഹദീപമേ മിഴി തുറക്കൂ
ReplyDeleteEllavarum pakshe kannu thurannirikkanamennu mathram 🥰
ReplyDeleteKATZU..... ❤🙏🏻
ReplyDelete💖💖
Delete💐🌺🌾❤🌹✨🌸🌷🦋🍁💖
ReplyDelete💖💖💖💗
Delete💐💐
Delete💞💞
Delete👍👍❤️
ReplyDelete💕💕💕
Deleteവന്ത വേലൈ പാര്.. ❤️
ReplyDelete💖💖
Delete