Featured Post

Tuesday, August 20, 2024

ഉണർവിലേക്കുള്ള പടവുകൾ - 51


ബുദ്ധിവൈഭവവും ഉൾപ്രേരണയും

പണ്ടു പണ്ട്, ഒരു ദിവസം ഒരു ബുൾബുൾ പക്ഷിയും മയിലും പരുന്തും ചേർന്ന് ഒരു മത്സരം നടത്തി, ആരാണ് ഒന്നാമനെന്ന് കണ്ടെത്താൻ. ബുൾബുൾ പറഞ്ഞു, "നമുക്ക് ഒരു പാട്ടു മത്സരം നടത്താം". എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ബുൾബുൾ മനോഹരമായി പാടി. മയിൽ പറഞ്ഞു, "ആർക്കാണ് തൂവലുകൾ മനോഹരമായി നിവർത്തിയാടാൻ പറ്റുക എന്ന് നോക്കാം". തീർച്ചയായും മയിലിനെപ്പോലെ കണ്ണഞ്ചിപ്പിക്കും വിധം പീലികൾ നിവർത്തി നൃത്തം ചെയ്യാൻ ആർക്കുമായില്ല. അപ്പോൾ പരുന്ത് പറഞ്ഞു,"ആർക്കാണ് ഏറ്റവും ഉയരത്തിൽ കൂടുതൽ നേരം പറക്കാനാവുക?" പറക്കലിന്റെ കാര്യത്തിൽ ആർക്കും പരുന്തിന്റെ ഏഴയലത്തുപോലും എത്താനായില്ല. ഇതെല്ലാം കണ്ടുകൊണ്ട് കണ്ണു മിഴിച്ചിരുന്ന മൂങ്ങ ഒന്നും പിടികിട്ടാതെ സ്വയം ചോദിച്ചു,"ആരാണിപ്പോൾ ഒന്നാമൻ?"

ബുൾബുളും മയിലും പരുന്തുമെല്ലാം പരസ്പരം നോക്കിയതല്ലാതെ മൂങ്ങയോട്‌ ഒരു മറുപടി പറയാൻ ആർക്കുമായില്ല.



പരുന്തും മയിലും മൂങ്ങയുമെല്ലാം മത്സരം കഴിഞ്ഞ് അവരുടെ പാട്ടിനു പോയെങ്കിലും നാം ആധുനികർ മൂങ്ങയുടെ ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. അങ്ങനെയത്രേ നാം ബുദ്ധി അളക്കാനുള്ള പരീക്ഷകളും പദ്ധതികളും (I Q പോലുള്ള നിരവധി ടെസ്റ്റുകളും മറ്റും) വീണ്ടും വീണ്ടും പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നത്. ആധുനിക മനഃശാസ്ത്രം കൂടുതൽ വികസിതമായിക്കൊണ്ടിരിക്കേ, അതുവരേക്കും ഉണ്ടാക്കിയെടുത്തിട്ടുള്ള ടെസ്റ്റുകളും മറ്റും തീരെ പരിമിതമോ ഉപയോഗശൂന്യമോ ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. 


ഒരാൾ ബുദ്ധിയുള്ളയാളാണെന്ന് പറയുമ്പോൾ കൃത്യമായും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്, ശാസ്ത്രത്തിന് വിശേഷിച്ചും. മിക്കപ്പോഴും നാം ചോദിച്ചുകൊണ്ടിരിക്കുന്നത് 'ആരാണ് ഏറ്റവും ബുദ്ധിമാൻ?' എന്നാണ്; എന്താണ് ബുദ്ധിവൈഭവമെന്ന ചോദ്യത്തെ, നാം ഒന്നുമറിയാത്ത പോലെ ഒഴിവാക്കുന്നു. എന്തെന്നാൽ, ബുദ്ധിവൈഭവമെന്നത് കേവലം ഏതെങ്കിലും ഒരുസന്ദർഭത്തെ പ്രതി, ഏതെങ്കിലും ഒരു പ്രവൃത്തി നൈപുണ്യത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെടുന്ന ഒന്നല്ല. ഏറ്റവും ബുദ്ധിമാൻ ആരാണ് എന്ന് ചോദിക്കുമ്പോൾ, വിശദമാക്കപ്പെട്ടില്ലെങ്കിലും ഉറപ്പാണ്, ഏതെങ്കിലും ഒരു സവിശേഷ സന്ദർഭത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന്. ജീവിതത്തെയാകമാനം അതിൽ കണക്കിലെടുക്കുന്നില്ലയെന്നുള്ളത് വ്യക്തമാണ്. ഏതായാലൂം ബുദ്ധിപരതയെപ്പറ്റി പുതിയ പുതിയ നിരീക്ഷണങ്ങളും നിർവ്വചനങ്ങളൂം വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് കൗതുകകരമാണ്.


ഈയടുത്ത് Nature Communications പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ബുദ്ധിമാന്മാരെപ്പറ്റിയുള്ള ധാരണകൾ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. ബെർലിനിലെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ Michael Schirner ഉം വിദ്യാർത്ഥികളും ചേർന്ന് നടത്തിയ Human Connectome Project-ൽ 1176 വ്യക്തികളെ പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ ബുദ്ധിയുള്ളവരെന്നു കരുതപ്പെടുന്ന (മനഃശാസ്ത്ര വിധി പ്രകാരം) വ്യക്തികൾ കാര്യങ്ങളെ അപഗ്രഥിക്കാൻ കൂടുതൽ സമയമെടുക്കുന്നുണ്ടത്രേ. കൂടുതൽ ബുദ്ധിയുള്ളവർ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുമെന്നായിരുന്നു ഇതുവരേക്കുമുള്ള ധാരണ. നിസ്സാരങ്ങളെന്നു തോന്നുന്ന പ്രശ്നങ്ങൾ അവർ പെട്ടെന്ന് പരിഹരിച്ചേക്കും, എന്നാൽ കൂടുതൽ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് കൂടുതൽ സമയം വേണ്ടിവരുന്നുണ്ടത്രേ. മാത്രവുമല്ല, തീരുമാനങ്ങൾ എടുക്കുന്നതിലോ മറ്റു പ്രവൃത്തികൾ ചെയ്യുന്നതിലോ വേഗത കൂടുന്നതിനനുസരിച്ച് കൃത്യതയിൽ കുറവ് വരുന്നുണ്ടത്രേ. മസ്തിഷ്ക വ്യാപാരങ്ങളുടെ സങ്കീർണ്ണങ്ങളായ ന്യൂറോ പ്രക്രിയകളെ അപഗ്രഥിക്കുന്ന ആ പ്രബന്ധത്തിന്റെ വിശദീകരണങ്ങൾ ഇവിടെ പ്രസക്തമല്ല. പക്ഷേ ആ പ്രബന്ധം നിശബ്ദമായി ആ ചോദ്യം വീണ്ടും ഉന്നയിക്കുന്നു, 'എന്തായിരിക്കണം ബുദ്ധിവൈഭവമെന്നാൽ?'


അത് കേവലം കൂടുതൽ മാർക്ക് വാങ്ങി, കൂടുതൽ ശമ്പളം കിട്ടുന്ന ജോലി സമ്പാദിച്ച്‌, കൂടുതൽ സുരക്ഷിതമായി, കൂടുതൽ ആരോഗ്യവാനായി, കൂടുതൽ കാലം ജീവിക്കുന്നതിനുള്ള ജാഗ്രതയാണോ? അതോ താൻ ജീവിച്ചിരിക്കെത്തന്നെ കൂടുതൽ തുക കിട്ടുന്ന ഒരു ഇൻഷുറൻസ് പോളിസിയെടുത്ത് ഞെളിഞ്ഞിരിക്കുന്നതാണോ? എല്ലാവർക്കും പറ്റിപ്പോകുന്ന അബദ്ധങ്ങളും പാളിച്ചകളും കണ്ടെത്തി ഓർത്തിരുന്ന് തന്റെ ജീവിതത്തിൽ അവയൊക്കെ ഒഴിവാക്കാൻ ബദ്ധപ്പാട് കാണിക്കുന്നതാണോ? ആരൊക്കെയോ പറഞ്ഞുപിടിപ്പിച്ചിട്ടുള്ള വിജയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ജീവിച്ചു തെളിയിക്കാൻ കഷ്ടപ്പെടുന്നതാണോ? അതോ ഇവയിലൊന്നിലും കഥയില്ലെന്നും സകലതും ഉപേക്ഷിച്ചു അലഞ്ഞുതിരിഞ്ഞു നടക്കുകയും, തനിക്കു തോന്നുന്ന ജാള്യത മറക്കാൻ അതിനെ സംന്യാസം, ആത്മീയത ഇത്യാദി പേരുകളെക്കൊണ്ട് പൊതിഞ്ഞുമൂടാൻ പാടുപെടുന്നതാണോ? അതോ, ജീവിതം ഇന്ന് കഴിഞ്ഞാൽ ഇന്നുകഴിഞ്ഞു, നാളെ ആര് കണ്ടു? എന്നിങ്ങനെയുള്ള ഉഴപ്പൻ ന്യായീകരണങ്ങളുമായി ഉത്തരവാദിത്തമില്ലാതെ 'വായിൽ തോന്നിയ'മാതിരി ജീവിക്കുന്നതാണോ? സകലമാന വിവരങ്ങളും ശേഖരിച്ചു ശേഖരിച്ചു ഒരു അതിസമർത്ഥ ഗൂഗിളീയനായി ശോഭിക്കുന്നതാണോ?


മേല്പറഞ്ഞ ചോദ്യങ്ങൾക്കൊക്കെയും അതെ എന്നോ അല്ല എന്നോ ഉത്തരം പറഞ്ഞാലും നാം ആരും തന്നെ അതിൽ സംതൃപ്തരാവില്ലെന്നതാണ് സത്യം. ബുദ്ധിവൈഭവം എന്നത് എന്തായിരിക്കണമെന്നതിന്റെ ചില സൂചനകൾ ആ അസംതൃപ്തിയിലാണുള്ളത്. ഒന്നാമതായി അത് ബാഹ്യമായ നിർവ്വചനങ്ങളിൽ ഒതുങ്ങുന്നില്ല എന്നതാണ്. അത് തികച്ചും വൈയക്തികമായ - individual - ഒരു ധീരതയാണ്. രണ്ടാമത്തെ സൂചന, അത് ഒന്നിലധികം മാനങ്ങളെ - dimensions - ഒരേപോലെ നോക്കിക്കാണാനും അവയിൽ നിന്നൊക്കെയും സ്വതന്ത്രനായി നിന്നുകൊണ്ട് അതാത് നിമിഷത്തെപ്രതി പ്രതികരിക്കാനുമുള്ള സന്നദ്ധതയാണ്.


നിത്യജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളെ വെച്ചുകൊണ്ട് നോക്കുമ്പോൾ ഏതെങ്കിലും ഒരു സംഗതിയിൽ നൈപുണ്യമുണ്ടായിരിക്കുക എന്നത് ഒരു പരിധി വരെയെങ്കിലും ആവശ്യമാണെന്ന് വരാം. മാത്രവുമല്ല, മിക്കവരും ജന്മനാ എന്തിലെങ്കിലുമൊക്കെ നൈപുണ്യമുള്ളവരാകും. അതുപക്ഷേ അയാളുടെ ബുദ്ധിസാമർഥ്യത്തിന്റെ ഒരു ചെറിയ അംഗചലനം മാത്രമേ ആകുന്നുള്ളൂ. ഒരാൾ കമ്പ്യൂട്ടർ പ്രോഗ്രാമിങിൽ അതി സമർത്ഥനായിരിക്കാം. എന്നിട്ടും പക്ഷേ മൊത്തം ജീവിതത്തെയെടുത്താൽ അയാൾ തീരെ സംതൃപ്തനല്ലെന്നു വന്നാൽ, ജീവിതത്തിലെ മറ്റു ഡിമെൻഷനുകളെ കണക്കിലെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അയാൾ സമർഥനല്ലെന്നു വരുന്നു. 


ജീവിതത്തിനു മുൻപിൽ മാതൃകാ പുരുഷന്മാരില്ലെന്നോർക്കുക. ആരുടേയും
ജീവിതം ഒരിക്കലും ആവർത്തിക്കപ്പെടുന്നുമില്ല. എത്ര അന്ധമായി അനുകരിക്കാൻ ശ്രമിച്ചിട്ടും ആരുടേയും ജീവിതം അവർത്തിക്കപ്പെടുന്നില്ല എന്നതാണ് കൗതുകകരമായ വസ്തുത. ഈ അദ്വിതീയത - uniqueness - ഒരാൾ സ്വയം ബോധ്യപ്പെടുന്നതോടെ അയാളിൽ മുന്തി നിന്നിരുന്ന താരതമ്യങ്ങളും അനുകരണങ്ങളും മാത്സര്യാദികളും എല്ലാം അടങ്ങാൻ തുടങ്ങുകയായി. എത്ര ചെറിയ അളവിലാണെകിൽ പോലും ഈ ബോധ്യപ്പെടലിനെയാകണം ഒരാളിലെ ബുദ്ധിവൈഭവമെന്നറിയേണ്ടത്. ബുദ്ധിയുദിക്കുന്നതോടെ അയാൾ സ്വാതന്ത്ര്യത്തിന്റെ നേർത്ത കിരണങ്ങൾ അനുഭവിക്കാൻ തുടങ്ങുകയായി. സ്വതന്ത്രമായ അവബോധത്തിലാണ് അയാളിലെ ഉൾപ്രേരണകൾ - intuitions - ഊഷ്മളമായി സ്പന്ദിക്കാൻ തുടങ്ങുക. അല്ലാത്തപ്പോഴെല്ലാം ഒരുവനിൽ ഉൾപ്രേരണകൾ പ്രവർത്തിക്കുക dangerous mode -ൽ മാത്രമായിരിക്കും, ജീവൻ രക്ഷാ ഉപാധി എന്ന നിലയിൽ. 



സ്വാതന്ത്ര്യത്തിൽ മുങ്ങി നിൽക്കുന്ന അവബോധത്തിൽ, ഒരു വ്യക്തി ഏർപ്പെടുന്ന ഏതൊരു ചെയ്തിയിലും - തീരെ നിസ്സാരമെന്നു തോന്നിക്കുന്ന ഒരു പ്രവൃത്തി മുതൽ അതിസങ്കീർണ്ണമായ ദൈവ കണ പരീക്ഷണങ്ങൾ വരേയ്ക്കും - അയാളുടെ ജീവിതം ജീവിതത്തിന്റെ അവസാന നിമിഷം എന്നതുപോലെ സാന്ദ്രമായിരിക്കും. ഉണർവിലേക്കുള്ള പടവുകളിൽ ഇത്തരം നിമിഷങ്ങളെ പരാമർശിക്കാറുള്ളത്, action of totality, dangerous living എന്നിങ്ങനെയാണ്. ബുദ്ധിവൈഭവത്തിന്റെ പാരമ്യ മുഹൂർത്തങ്ങളാണവ, ഉൾപ്രേരണകളുടെ അതീതസൗരഭ്യമുള്ളത്. 

അതുകൊണ്ടാണ് റിച്ചാർഡ് ബാക് ഇങ്ങനെ പറഞ്ഞുവെച്ചത് : 'We know nothing until intuition agrees'.

 

                                                    



18 comments:

  1. Remarkable analysis 👏🏼

    ReplyDelete
  2. മനോഹരവും സത്യസന്ധവുമായ ലേഖനം

    ReplyDelete
  3. 🌺 🌱
    🌴 🌺
    🌱 🌱
    🌷🌱
    🌱
    🍥🍥🍥🍥🍥
    🍥💞💕💞🍥
    🍥💞💖🍥
    🍥🍥🍥

    ReplyDelete
  4. "സ്വതന്ത്രമായ അവബോധത്തിലാണ് അയാളിലെ ഉൾപ്രേരണകൾ - intuitions - ഊഷ്മളമായി സ്പന്ദിക്കാൻ തുടങ്ങുക. അല്ലാത്തപ്പോഴെല്ലാം ഒരുവനിൽ ഉൾപ്രേരണകൾ പ്രവർത്തിക്കുക dangerous mode -ൽ മാത്രമായിരിക്കും, ജീവൻ രക്ഷാ ഉപാധി എന്ന നിലയിൽ". ,👌👍😇🙏

    ReplyDelete
  5. കാര്യങ്ങൾ അവതിരിപ്പിച്ചിരിക്കുന്നത് ആഴമേറിയ ഉൾക്കാഴ്ചയിൽ നിന്നാണ് എന്ന് സുവ്യക്തമാണ് ... നന്ദി

    ReplyDelete