പരീക്ഷക്കു വരാത്ത പാഠങ്ങൾ
നാം വളർന്നു വരുന്നത് പാഠങ്ങളുടെ നടുവിലാണ്. നമുക്ക് പഠിക്കാനായി മറ്റുള്ളവർ ഒരുക്കിവെക്കുന്ന പാഠങ്ങളാണ് ചുറ്റിലും. പഞ്ചതന്ത്രം മുതൽ പഴംചൊല്ലുകൾ വരെ, ഉപനിഷത്തുകൾ മുതൽ ഉപാഖ്യാനങ്ങൾ വരെ, കടങ്കഥകൾ മുതൽ മുദ്രാവാക്യങ്ങൾ വരെ, പത്തു കല്പനകൾ മുതൽ മോട്ടിവേഷണൽ ഉദ്ധരണികൾ വരെ, നമ്മെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പാഠങ്ങളാണ് എങ്ങും.
ജീവിതത്തെ ഒരു പാഠശാലയായി മാത്രം കാണുന്ന ധാരാളം പേരുണ്ട്. അവരുടെ അഭിപ്രായത്തിൽ, പഠിച്ചുകൊണ്ടേയിരിക്കാനുള്ള മഹത്തായ അവസരമാണത്രേ ജീവിതത്തിലെ ഓരോ നിമിഷവും. (പഠിപ്പു കഴിഞ്ഞ് ജീവിക്കാൻ നേരമെവിടെ? എന്ന് ആരും ചോദിക്കരുത് !) കൂട്ടുകാരോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളായാലും ക്ളാസുമുറികളായാലും, യാത്രകളായാലും സൗഹൃദങ്ങളായാലും പ്രണയ-ദാമ്പത്യങ്ങളായാലും ജോലിസ്ഥലങ്ങളായാലും സമൂഹ മാധ്യമങ്ങളായാലും ആരാധനാ സ്ഥലങ്ങളായാലും ഒന്നും നാം പാഴാക്കരുതെന്നാണ് പറയുന്നത്. ഏതൊരിടത്തു നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകുമത്രേ! നാലക്ഷരം പഠിക്കേണ്ട കാലത്ത് ഉഴപ്പിനടന്നവർ പോലും ജീവിതമഹായാത്രയിലെ പാഠങ്ങളുടെ പിന്നാലെയാണ് മധ്യവയസ്സു മുതലെങ്കിലും. സത്യത്തിൽ, പാഠം പഠിക്കാൻ തുടങ്ങുന്ന വയസ്സിനെയാകണം മധ്യവയസ്സെന്ന് വിളിക്കേണ്ടത്. എന്തെന്നാൽ പിന്നെയങ്ങോട്ട് വാർദ്ധക്യമാണ്!
മനുഷ്യസംസ്കാരമെന്നതുതന്നെ (civilization) വെറുമൊരു പാഠശേഖരമല്ലാതെ മറ്റെന്താണ്? അതെ, കഴിഞ്ഞുപോയ പരീക്ഷക്ക്, നേരെ ചൊവ്വേ ഉത്തരമെഴുതാൻ പറ്റാതെ പോയ പാഠങ്ങളുടെ ഒരു വലിയ ശേഖരം.
എല്ലാ പാഠങ്ങളും അങ്ങനെയാണ്. ജീവിക്കുന്ന നിമിഷത്തിൽ ഉതകാത്തവ. ജീവിക്കേണ്ടുന്ന ഈ നിമിഷത്തിൽ നാം ഉല്സുകരായിരിക്കുന്നത് ജീവിക്കാനല്ല; എവിടെനിന്നോ കേട്ട് പഠിച്ചതോ, സ്വയം ഉണ്ടാക്കിവെച്ചതോ ആയ കുറേ പാഠങ്ങൾ, വർത്തമാന നിമിഷങ്ങൾക്കിടയിൽ കുത്തിത്തിരുകാനാണ്. അതുപോലെത്തന്നെ ഈ നിമിഷങ്ങളിൽ നിന്നും വേറെ ചില പാഠങ്ങൾ വകഞ്ഞെടുക്കാനും.
എത്ര നല്ല പാഠവും വെറും പഴയ പാഠമാണെന്ന് ഓർക്കാൻ നാം ഇഷ്ടപ്പെടുന്നില്ല! നാം അഭിമുഖീകരിക്കുന്ന ഈ ജീവിതമാകട്ടെ, ഈ നിമിഷം, ഈ നിമിഷം മാത്രം അനുഭവിക്കാവുന്നതും. ( ഈ നിമിഷം എന്ന് പറയുമ്പോൾ അത് ഭൂതവും ഭാവിയുമൊന്നും ഇല്ലാത്ത നീണ്ടു മെലിഞ്ഞു നീർക്കോലി പോലുള്ള ഒരു വർത്തമാന നിമിഷമല്ല. സാധ്യമായത്ര ആഴവും പരപ്പുമുള്ള സകല ഭൂതഭാവികളേയും ഉൾക്കൊണ്ടുകൊണ്ടുള്ള
ഒരു അനാദ്യന്ത വർത്തമാനമാണ് - the eternal present. അതിന്റെ അനന്ത പ്രകൃതത്തെ വേണമെങ്കിൽ കർട്ടനിട്ടു മൂടാനുള്ള സ്വാതന്ത്ര്യം മനുഷ്യ ബുദ്ധിക്കുള്ളതുകൊണ്ട് നാം മിക്കപ്പോഴും പേരിനുമാത്രമുള്ള ഒരു വർത്തമാനത്തെയാണ് കൈകാര്യം ചെയ്തുപോരുന്നതെന്നു മാത്രം .)
നാം വളർന്നു വരുന്നത്, നമ്മുടെ നാഡീവ്യവസ്ഥകൾ, സാമൂഹ്യ പെരുമാറ്റശീലങ്ങൾ,
സദാചാരമഹിമകൾ എന്നിവയുടെയെല്ലാം പാഠങ്ങളിലൂടെത്തന്നെയാണ്. എന്നാൽ ഈ പാഠങ്ങളെല്ലാം അക്ഷരമാലകളും വാക്കുകളും പോലെ മാത്രമാണ്. ഓർമ്മിച്ചുവെക്കേണ്ട വാക്യങ്ങളേയല്ല. അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ ചമക്കേണ്ടത് അതാതു നിമിഷങ്ങളെപ്രതിയാണ്. അതല്ലാത്ത പക്ഷം, ജീവിതമെന്നത് പിറ്റേന്ന് പുനഃ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ടീവി സീരിയൽ പോലെ തീരെ മുഷിപ്പനാകും. ഉറക്കം തൂങ്ങികളായവർ നേരം കൊല്ലാനായി അവക്ക് മുന്നിൽ കുത്തിയിരിക്കുന്നതുപോലെ, ജീവിതത്തിനു മുന്നിൽ നാം നമ്മുടെ തലേന്നത്തെ പാഠങ്ങളുമായി ഉറക്കം തൂങ്ങുന്നു.
പഠിച്ചുവെച്ച പാഠങ്ങളുടെ ഉപയോഗശൂന്യതയെ കാണിക്കുന്ന ആ സെൻ കഥ ഓർമ്മ വരുന്നു: ശിഷ്യന്മാരെ പ്രതി മത്സരിച്ചിരുന്ന രണ്ടു ഗുരുക്കന്മാർ. അവരിൽ ഒരാളുടെ ശിഷ്യൻ ഒരു ദിവസം മറ്റേ ഗുരുവിന്റെ ശിഷ്യനെ കണ്ടപ്പോൾ എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചതേയുള്ളൂ. അയാൾ പറഞ്ഞു, കാറ്റ് കൊണ്ടുപോകുന്നേടത്തേക്കു പോകുന്നുവെന്ന്. അതെന്തോ ഗുലുമാല് പിടിച്ച ആത്മീയ കീറാമുട്ടിയാകും എന്ന ധാരണയിൽ അയാൾ മൗനം പാലിച്ചു. ഗുരു ഇതറിഞ്ഞപ്പോൾ പറഞ്ഞു, കാറ്റില്ലെങ്കിൽ എങ്ങോട്ടു പോകും എന്ന് ചോദിക്കണമായിരുന്നു. പിറ്റേന്ന് ഈ ശിഷ്യൻ വീണ്ടും അതേ ചോദ്യം ചോദിച്ചു. അയാൾ പറഞ്ഞു, കാല് കൊണ്ട്പോകുന്നേടത്തേക്ക് പോകുന്നുവെന്ന്. ഗുരു ഇതറിഞ്ഞപ്പോൾ വീണ്ടും കോപിഷ്ഠനായി. കാലില്ലെങ്കിൽ എങ്ങോട്ട് പോകുമെന്ന് ചോദിക്കായിരുന്നില്ലേ എന്ന് പറഞ്ഞു. പിറ്റേന്ന് ഈ ചോദ്യം ചോദിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ചെന്ന ശിഷ്യന് അന്ന് ഉത്തരമായി ലഭിച്ചത് 'ഞാൻ കടയിലേക്ക് പോകുന്നു' എന്നാണ്. ഗുരു സമ്മാനിച്ച പാഠങ്ങളൊന്നും പ്രയോഗിക്കാനാവാതെ പതറി നില്ക്കുന്ന ശിഷ്യൻ നമ്മുടെ എക്കാലത്തേയും വർത്തമാനാവസ്ഥയാണ്.
ഒരു ചെകിട്ടത്തടിച്ചാൽ മറു ചെകിടും കാണിച്ചുകൊടുക്കുക, അഹിംസയാണ് പരമമായ ധർമ്മം, പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്, മൗനം വിദ്വാന് ഭൂഷണം, എന്നിങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്ന കാര്യത്തിലും ആളുകളോട് എങ്ങനെ സംസാരിക്കണമെന്ന കാര്യത്തിലും ദാമ്പത്യബന്ധങ്ങളുടെ കാര്യത്തിലും സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിലും എന്നുവേണ്ടാ, മുള്ളാനും പല്ലുതേക്കാനും വരെ വിശുദ്ധ ഗ്രന്ഥങ്ങൾ മുതൽ സിനിമാ ഡയലോഗുകൾ വരെ പിൻപറ്റുന്നവരാണ് നാം.
പാഠങ്ങളോടുള്ള ഈ ആർത്തി, ജീവിതത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള മനസ്സിന്റെ തന്ത്രങ്ങളുടെ ഭാഗമാണ്. ജീവിതത്തിലെ ഓരോ നിമിഷത്തിനോടുമുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഉപജാപം. റിച്ചാർഡ് ബാക് ഓർമ്മപ്പെടുത്തുന്നതുപോലെ - 'ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം, ഞാനാണ് ഉത്തരവാദി എന്ന് പറഞ്ഞുകൊണ്ടിരിക്കലാണ്.'
പാഠങ്ങളുണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമുണ്ട്. പലപ്പോഴും പല പാഠങ്ങൾക്കു പിന്നിലും നമ്മുടെ പ്രയത്ന നിക്ഷേപങ്ങളുണ്ടാവും. ഒരാൾ ഒരുപാട് നാൾ കഷ്ടപ്പെട്ട് ജീവിച്ചതിലൂടെ പഠിച്ച പാഠമാകാം. ഒരുപക്ഷേ ആ ഒരു പാഠത്തിന്റെ പേരിൽ അയാൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ടാകാം. അതോടെ അയാൾ വിചാരിക്കുന്നു ഈ പാഠം ഏറെ പ്രധാനപ്പെട്ടതാണെന്നും ഇത് എല്ലായിടത്തും എല്ലാവര്ക്കും പ്രയോജനം ചെയ്യുമെന്നൊക്കെ. അതുപോലെ മറ്റു പലവിധത്തിലും ഒരു വ്യക്തി അയാളുടെ പാഠങ്ങൾക്ക് അയാൾ കാര്യമായ വില കല്പിക്കുന്നുണ്ടാകാം. അങ്ങനെ വരുമ്പോൾ സംഭവിക്കുന്നത്… ജീവിതത്തിലെ സന്ദർഭങ്ങളൊക്കെയും ഈ പാഠത്തിൽ ഒതുങ്ങാത്തതാകും, അയാൾ പക്ഷെ ആ സന്ദർഭത്തെ ഈ പാഠത്തിന്റെ - തനിക്കു പ്രിയപ്പെട്ട പാഠത്തിന്റെ - പരിധിയിലേക്ക് വെട്ടിച്ചുരുക്കാൻ ശ്രമിക്കുന്നു. വാസ്തവത്തിൽ നമ്മുടെ ജീവിതത്തേക്കാൾ വലുതാണ് താൻ എന്നോ പഠിച്ചുവെച്ച പാഠങ്ങൾ എന്ന വിഡ്ഢിത്തത്തിലേക്ക് വീണുപോകുന്നു സംഗതികൾ. ഇവയൊക്കെയും നാം അറിയാതെത്തന്നെ സംഭവിച്ചുപോകുന്നതാണ്.
പരീക്ഷക്കു വരാത്ത പാഠങ്ങളോട്, വിശേഷിച്ചും മലയാളത്തിലേയും മറ്റും, സവിശേഷ മമത തോന്നാറുണ്ട്, ചെറിയ ക്ലാസ്സുകളിൽ. ഏതു ചോദ്യങ്ങൾ ചോദിച്ചാലും, താൻ കാണാതെ പഠിച്ച എന്തെങ്കിലുമൊക്കെ എഴുതി നിറക്കുക എന്ന പ്രവണത കാണാറുണ്ട് പല കുട്ടികളിലും. പേപ്പർ നോക്കുന്നവർ സഹതാപം കൊണ്ട് നാല് മാർക്ക് ഇട്ട് കൊടുത്തുവെന്നുമിരിക്കും. പക്ഷേ അതുകൊണ്ടായില്ലല്ലോ? ജീവിതത്തിലും അതുപോലെയാണ്. പഠിച്ചുവെച്ചത് പ്രകടിപ്പിയ്ക്കാനുള്ള അവസരമല്ല ജീവിതമെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി.
അപ്പോൾ ശാസ്ത്രമാകട്ടെ, സാഹിത്യമാകട്ടെ, മനുഷ്യൻ ഇതുവരേക്കും സ്വരൂപിച്ചു കൂട്ടിയിട്ടുള്ള വിജ്ഞാന ശേഖരങ്ങളാകട്ടെ അവയൊക്കെയും വെറും പാഠങ്ങളെന്ന രീതിയിൽ ഉപയോഗ ശൂന്യങ്ങളാണോ? പാഠങ്ങൾ പാഠങ്ങൾ മാത്രമാണ്. തന്റെ ഓരോ നിമിഷത്തേയും കൂടുതൽ വർത്തമാനോന്മുഖമാക്കുക എന്ന രീതിയിൽ ഉപയോഗപ്പെടുന്നില്ലെങ്കിൽ അവയത്രയും ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്നറിയുക. ആ ദുരുപയോഗത്തിന്റെ വിലയാകട്ടെ ജീവിതമെന്ന അമൂല്യമൂഹൂർത്തവും.





Wow
ReplyDelete💖💖
DeleteBeautiful
ReplyDelete💖💖
Delete👍👍
ReplyDelete💖💖
Delete♥️
Delete💖💖
Deleteഏന്തു കോണ്ടിങ്ങനെ എന്ന് നോക്കുമ്പോൾ.. മനുഷ്യൻ എന്നും കണ്ടും കേട്ടും പ്രതിപരവധിച്ചും ഉരുതിരിഞ്ഞു വന്ന പ്രതിഭാസങ്ങളുടെ ആകെത്തുകയാണ്.
ReplyDeleteഅതിന്റെ Ultimate effect is Memory.
So ആ മെമ്മറി മെക്കാനിസം almost auto പൈലറ്റ് മോഡിൽ ഓടികൊണ്ടിരിക്കുന്നു. Nonvoluntary ).. Ath evolitinte ഒരു latest invention ആണെന്നിരിക്കെ,
അതിനെ എങ്ങിനെ യൂസ് ചെയ്യാം എന്നത് മാത്രമാണ് ഇവിടെ ചെയ്യാവുന്നത്.
അഭ്യാസം, പഠനം എന്നതൊക്കെ വരുന്നത് ഈ, മെക്കാനിസത്തിനകത്തണ് .
So man become/ became man only because if this.
പറയാൻ ഇതെളുപ്പം ആണെങ്കിലും ഇന്ന് നമ്മളിൽ പലരും ഉണർന്എഴുനേറ്റ് പല്ല് തേക്കുന്നത് ഈ പാഠങ്ങളും പഠിപ്പിക്കളുകളും കൊണ്ടാണ് എന്നതാണ് വസ്തുത.
എവിടെ ലേഖനം വ്യക്തമാകുന്ന മേഖല ശരിയാണെന്നിരിക്കെ തന്നെ,... പഠനകളും പാഠയ് ങ്ങളും ഒഴിവാക്കാനാവുന്നതല്ല എന്ന് തോനുന്നു.
Learning and lessons cannot be avoided, should not be avoided. But the basic difference must be thr. Not memorising them, or Imitating them. Rather, remembering them can be thr, so that one can live his present, than Imitating his past. 💕💕
Delete