Osho wings Osho waves

Featured Post

Saturday, October 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 74


നശ്വരത അനശ്വരത

ജീവിതമൂല്യങ്ങളുടെ കാര്യത്തിൽ, ആത്മീയ ഉൾക്കാഴ്ചകളുടെ കാര്യത്തിൽ, ഇടയ്ക്കിടെ ഉയർന്നുകേൾക്കുന്ന പദാവലികളാണ് നശ്വരത, അനശ്വരത, നൈമിഷികം, കാലാതീതം എന്നിവ. ജീവിതത്തെപ്പറ്റിയുള്ള നമ്മുടെ ഏറ്റവും വലിയ പരാധീനത, ജീവിതത്തിലെ സുഖവും സന്തോഷവുമെല്ലാം വെറും നശ്വരങ്ങളാണെന്നതാണ്. ഇതേ മുറക്ക് നാം ചോദിക്കേണ്ടതാണ് - അപ്പോൾ ദുഃഖവും ദുരിതവും നശ്വരങ്ങളാവേണ്ടതല്ലേ? എന്തുകൊണ്ടോ നാം അങ്ങനെയല്ല പൊതുവേ വിചാരിക്കാറ്. ദുഃഖം വരുമ്പോൾ അതൊരു 'തീരാദുഃഖ'മായി കരുതാനാണ് നമ്മുടെ അഹന്ത ഇഷ്ടപ്പെടുന്നത്! അതേസമയം സുഖവും സന്തോഷവുമാകട്ടെ, 'ഇവയെല്ലാം ഏതുനിമിഷവും മാഞ്ഞുപോകാവുന്ന നശ്വര ഭാവങ്ങൾ' എന്ന് 'ശ്മശാന വൈരാഗി'കളെപ്പോലെ നാം ആത്മീയരാവുമെങ്കിലും, വാസ്തവത്തിൽ അതങ്ങനെത്തന്നെയാണെന്ന കാര്യം നാം ഓർക്കാറേയില്ല; അല്ലെങ്കിൽ ഓർക്കാൻ നാം ഇഷ്ടപ്പെടുന്നില്ല. ഒരു വശത്ത്, നശ്വരതയോടു പിണങ്ങി അത് അനശ്വരമാണെന്ന പോലെ ദുരിതമനുഭവിക്കുകയാണെങ്കിൽ, മറുവശത്ത്, നശ്വരമാണെന്നറിഞ്ഞിട്ടും അനശ്വരതയെ നാം ഗോപ്യമായി കാംക്ഷിക്കുന്നു. 

സന്തോഷങ്ങൾക്ക് എതിര് നില്ക്കുകയും അവയെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന നമ്മുടെ 'so called' മതാചാര്യന്മാരും, ഒട്ടു മിക്ക സെമിറ്റിക് മതങ്ങളും, അവരുടെ അനുയായികളെ നല്ല നടപ്പ് നടത്തുന്നത് 'നിങ്ങളുടെ ഈ സന്തോഷങ്ങളും സല്ലാപങ്ങളുമെല്ലാം വെറും നശ്വരങ്ങളാണെന്ന്’ പഴി പറഞ്ഞും, അതിനപ്പുറത്ത് വരാൻ പോകുന്നത് രക്ഷയില്ലാത്ത ദുരിതക്കയങ്ങളാണെന്ന് പേടിപ്പെടുത്തിയുമാണ്. മേല്പ്പറഞ്ഞ സന്തോഷങ്ങളെല്ലാം നശ്വരങ്ങളല്ലായിരുന്നുവെങ്കിൽ അവർക്ക് പരാതിയുണ്ടാകുമായിരുന്നോ എന്ന് അവരോടു ചോദിക്കാനാവില്ല; സ്വയം ചോദിക്കാനേ പറ്റൂ. സ്വർഗ്ഗവും നരകവും മദ്യപ്പുഴയും ഹൂറിമാരും പറുദീസയും കല്പതരുവുമെല്ലാം ഭാവനയിൽ പൊട്ടിമുളക്കുന്നത് നശ്വരതയോടുള്ള മുറുമുറുപ്പുകളിൽ നിന്നാണ്. അതേ മുറുമുറുപ്പുകൾ ഉള്ളിൽ പേറുന്നതുകൊണ്ട് വിശ്വാസികളും അനുയായികളുമായവർ ഇത്തരം ബാലിശ ഭാവനകളെ ഏതോ വലിയ സത്യങ്ങളാണെന്ന് കൊണ്ടാടി ജീവിതം കഴിക്കുന്നുവെന്നു മാത്രം.


ഏതായാലൂം നശ്വരതയും അനശ്വരതയും ഇന്നും ആത്മീയലോകത്തെ 'best seller' പദങ്ങളാണ്. മനുഷ്യന്റെ എല്ലാ ആർത്തികളേയും പുണ്യാഹം തളിച്ച് വിശുദ്ധമാക്കിക്കൊണ്ട്, പകരമായി അനശ്വരതയെ ആഗ്രഹിക്കാൻ പ്രലോഭിപ്പിക്കുകയാണ് നശ്വരതയെപ്പറ്റി വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നവർ ചെയ്യുന്നത്. ഇവയൊന്നും ആത്മീയതയേയല്ല; വെറും മൂന്നാംകിട മത വ്യാപാരങ്ങൾ മാത്രം.

അതേസമയം, യഥാർത്ഥത്തിൽ നശ്വരതയെ മനസ്സിലാക്കിയവരും അനശ്വരതയെ അറിഞ്ഞവരുമുണ്ട്. നിർഭാഗ്യവശാൽ അവർ മതങ്ങളാൽ/ ഇസങ്ങളാൽ/ വാദങ്ങളാൽ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകാം. ഉപനിഷത്തുക്കളുടെ കാലം മുതൽ ഇങ്ങോട്ട്, ഒരുപക്ഷേ ക്വാണ്ടം മെക്കാനിക്സിൽ മുഴുകിയിരിക്കുന്ന ചില ശാസ്ത്രജ്ഞർ വരെ, അനശ്വരത എന്തെന്ന് അറിഞ്ഞുപോരുന്ന ധാരാളം പേരുണ്ട്. നശ്വരത, അനശ്വരത എന്നീ പദങ്ങളെ അവർ പരാമർശിക്കുന്നത് തീർത്തും വ്യത്യസ്തമായ അർത്ഥത്തിലാണ്. അവർ നശ്വരതയെ സമയത്തിന്റെ അനിവാര്യ തലം എന്നറിയുമ്പോൾ, അനശ്വരതയെന്നത് സമയതലത്തിന് അതീതമായ അറിവിന്റെ തലമാണ്. 


നാം പക്ഷേ അനശ്വരത എന്ന് പറയുന്നത് നശ്വരതയുടെ വിപരീതമായാണ്. അതിനു കാരണമാകട്ടെ 'അവസാനിക്കാതിരുന്നെങ്കിൽ!' എന്ന ആർത്തിയും. സമയത്തിന് അതീതമായ അവസ്ഥയെപ്പറ്റി നാം തീരെ ബോധവാന്മാരേയല്ല. അങ്ങനെവരുമ്പോൾ നമ്മുടെ അനശ്വരതയെന്നത് 'ഇമ്മിണി വല്യ' നശ്വരത മാത്രമാണ്. അതിന്റെ അറ്റം നമ്മുടെ കാഴ്ചവട്ടത്തിൽ പെടുന്നില്ല എന്നേയുള്ളൂ.


ഉണർവെന്നത്, ധ്യാനാവബോധമെന്നത് സമയത്തെ മറികടന്നുകൊണ്ടുള്ള സ്വതന്ത്രാവബോധമാണ്. അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ സമയത്തിന്റെ തലത്തിലും പരിധികളില്ലാതെ വിഹരിക്കാനാവൂ. സമയതലത്തിൽ നിന്നും വിടുതൽ നേടിയിട്ടുള്ള ഒരാൾക്ക് മാത്രമേ, സമയത്തെ, കാലപരിണതികളെ, മാറിനിന്നുകൊണ്ട് കാണാൻ സാധിക്കുന്നുള്ളൂ. അങ്ങനെയൊരാൾ നശ്വരത എന്നുച്ചരിക്കുന്നത് എന്തിനെങ്കിലും എതിരുനിൽക്കുന്നതുകൊണ്ടോ മോക്ഷം കാംക്ഷിക്കുന്നതുകൊണ്ടോ അല്ല. അത് അയാളുടെ അനുഭവത്തിന്റെ സുതാര്യതയാണ് - witnessing clarity.



സ്വതന്ത്രാവബോധമുള്ള ഒരാൾക്ക് ഏതു ഡിമെൻഷനിലുമുള്ള (dimensions) സമയത്തെ അതാത് ഡിമെൻഷനിൽ അനുഭവിക്കാൻ സാധിക്കും. ഒരു പുഷ്പം വിടർന്നുവരുന്നതിനെ വേണമെങ്കിൽ ആ പുഷ്പ്പത്തിന്റെ അതേ തലത്തിൽ, അതേ വേഗതയിൽ അനുഭവിക്കാൻ സാധിക്കും. ഞൊടിയിടയിൽ പാറി വീഴുന്ന ഒരു ഉല്ക്കയെ, അതിനോടൊപ്പം സഞ്ചരിച്ചുകൊണ്ട് നിശ്ചലതയിലെന്നപോലെയും അനുഭവിക്കാനാവും.


അതുകൊണ്ടാണ് പറയുന്നത് വർത്തമാനമെന്നത് (present) സമയത്തിന്റെ ഭാഗമല്ലെന്ന്. ഭൂതവും ഭാവിയും മാത്രമേ സമയഗണനയിൽ പെടുന്നുള്ളൂ. അനശ്വരതയെന്നത്, ഒരിക്കലും കേടുവരാതിരിക്കുന്ന ഏതെങ്കിലും പദാർത്ഥങ്ങളെപ്പോലെയുള്ള സ്ഥിരതയല്ല. അത് തികച്ചും സമകാലീനമായിരിക്കുമ്പോഴുണ്ടാകുന്ന (being with the moment) ബോധാവസ്ഥയാണ്.


സമയബന്ധിതരായിരിക്കുന്ന നമുക്ക് പക്ഷേ, ഈ പ്രപഞ്ചത്തിലെ യാതൊരു ചലനത്തേയും സമകാലീനമായി അനുഭവിക്കാനാവുന്നില്ല. ഒന്നുകിൽ നാം ഏറെ പിന്നിലാണ്- lagging. അല്ലെങ്കിൽ ഭാവനകളിലോ വിചാരങ്ങളിലോ അകപ്പെട്ട്, നാം ധൃതിപിടിച്ചു മുന്നിൽ നീങ്ങുന്നു- leading. ഫലത്തിൽ നമുക്ക് (അനശ്വരതയുടെ) ഈ നിമിഷം എല്ലായ്‌പ്പോഴും അന്യംതന്നെ.


സ്വതന്ത്രാവബോധത്തെ പ്രാപിച്ച ആരെങ്കിലുമൊക്കെ നമ്മുടെ ചെയ്തികളിലെ പക്വതയില്ലായ്കയെ കാണുമ്പോൾ, 'ഇക്കാണിക്കുന്ന ആർത്തിയെല്ലാം വെറുതെയാണ്, നിങ്ങളീ വിചാരിക്കുന്ന സുഖവും സന്തോഷവുമെല്ലാം വെറും നശ്വര മൂല്യങ്ങളാണ്, അതിന് നൊടിയിട ആയുസ്സേയുള്ളൂ' എന്ന് സൗമ്യമായി ഓർമ്മപ്പെടുത്തുമ്പോൾ, അവർ ഏതെങ്കിലും തത്വചിന്ത അയവിറക്കുകയല്ല.

ഒരാൾ ഇടം വലം നോക്കാതെ റോഡ് ക്രോസ്സ് ചെയ്യുന്നു, എതിരെ നിന്നും ചീറിപ്പാഞ്ഞുവരുന്ന വാഹനത്തെ അയാൾ കാണുന്നില്ല. എന്നാൽ അതിനെ കാണാൻ കഴിയുന്ന സമീപസ്ഥനായ മറ്റൊരാളെ സംബന്ധിച്ച് സംഭവിക്കാൻ പോകുന്ന അപകടം ഒരു പ്രവചനമേയല്ല; കണ്മുന്നിലെ വർത്തമാന കാഴ്ചയാണ്. 


ഒന്നോർത്തുനോക്കൂ, മുപ്പതു വർഷത്തിന് ശേഷം വരാൻ പോകുന്ന ഒരു രോഗത്തേയോ, മരണത്തേയോ, മറ്റു ദുരവസ്ഥയേയോ, അതാതു സംഭവങ്ങളുടെ സമകാലീനതയിൽ അനുഭവിയ്ക്കാൻ കഴിയുന്ന ഒരാളെ സംബന്ധിച്ച്, നമ്മുടെ മുപ്പതു വർഷമെന്നത് മുപ്പതു മിനിറ്റു പോലെയോ മൂന്നു സെക്കന്റുപോലെയോ ആകാം. അങ്ങനെയുള്ള ഒരാൾ നമ്മുടെ ആർത്തിയും ആസക്തിയുമെല്ലാം കാണുമ്പോൾ ഇവയെല്ലാം കേവലം ക്ഷണഭംഗുരങ്ങളാണ് എന്ന് ഓർമ്മപ്പെടുത്തിയേക്കാം. അതുപക്ഷേ ആ ചെയ്തികൾക്കുമേലെയുള്ള നിരോധമായിട്ടല്ല. ആ സംഭവം നടക്കുന്ന യഥാർത്ഥ സമയതലത്തെ നമുക്ക് മനസ്സിലാക്കിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണ്. ആ ക്ഷണഭംഗുരതയെ അറിഞ്ഞുകൊണ്ട്, 'ഇത് സ്ഥിരമായിട്ടുള്ളതാണ്' എന്ന മൂഢവിചാരത്തോടെ അതിൽ മതിമറക്കുകയോ, ആ നിമിഷത്തിൽ ഉണർവ്വോടെ പങ്കെടുക്കുന്നതിന് പകരം, അതിൽ നിന്നും ഒഴിഞ്ഞുമാറുകയോ ചെയ്യാതിരിക്കാനാണ്.


ശങ്കരാചാര്യർ 'ഏദൻ മാംസാവസാദിവിചാരം' എന്ന് ഓർമ്മപ്പെടുത്തുമ്പോൾ, അത് സാധനാപഥത്തിലെ  ഒരു നിർദേശമായിട്ടല്ല സ്വീകരിക്കേണ്ടത്; നാം കഴിഞ്ഞുപോരുന്ന സമയതലത്തിലെ ഒരു വസ്തുതയായിട്ടാണ്. മാത്രവുമല്ല, അനശ്വരതയെന്നത് ബോധത്തിന്റെ അനുസ്യൂതതയാണെന്നും, ബാക്കിയെല്ലാം - ഈ പ്രപഞ്ചമെന്ന പ്രതിഭാസം പോലും - നശ്വരമാണെന്നും അറിയുമ്പോൾ, അപ്പോൾ മാത്രം, ആദ്യമായി ഒരാൾ ജീവിതമെന്നത് ഒരു ലീലയാണെന്ന് ബോധ്യപ്പെടുന്നു.


'ജ്ഞാനപ്പാന' ശ്രവിക്കേണ്ടത് ജീവിതത്തിന്റെ ഗതിവിഗതികളെയോർത്ത് ഉദാസീനനായി കുത്തിയിരുന്ന് മരണം വരിക്കാനായല്ല; ഇന്ദ്രിയങ്ങളെക്കൊണ്ട് നാം അനുഭവിക്കുന്നതെല്ലാം നശ്വരങ്ങളാണെന്നും, അറിഞ്ഞുകൊണ്ടേയിരിക്കുക എന്ന അനശ്വരാവസ്ഥയിലേക്കെത്തുന്നില്ലെങ്കിൽ ഒരുവൻ കലഹിച്ചു വശം കെടുകയേയുള്ളൂ എന്നും ഓർമ്മിക്കാനാണ്. 


ജീവിതനിഷേധികൾക്ക്, നശ്വരതയെപ്രതി പരിഭവിക്കാനും ഇതിനുപകരം അങ്ങേലോകത്ത് അവസാനിക്കാത്ത ആസക്തിവകകളെ സ്വപ്നം കാണാനുമേ കഴിയൂ. ഉണർവിലേക്ക് ഉണർന്നുകഴിഞ്ഞാൽ, നേരെ തിരിച്ചാണ് കാര്യങ്ങൾ - ശബ്ദം മൗനത്തെ കനപ്പിക്കുന്നതുപോലെ, നശ്വരമായ എന്തും നമ്മുടെ അനശ്വരാവബോധത്തെ സാന്ദ്രമാക്കുകയേയുള്ളൂ.