Osho wings Osho waves

Featured Post

Friday, May 17, 2019

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ - 6 - മന്ദഹാസത്തിന്റെ പൊരുൾ

സെൻ - zen എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് ‘മൗനമന്ദഹാസ’ത്തിലൂടെയാണ് (ഗുരു നിത്യ). zen - ധ്യാനം - ഇന്നോളം നേരെചൊവ്വേ അറിഞ്ഞില്ലെങ്കിലും, മൗനമന്ദഹസിച്ചുകൊണ്ടു നിത്യ ഉണർത്തിവിട്ട അലകൾ, വെറുതേ കിടന്നിരുന്ന ഒരു ജലാശയത്തിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞോണം, ഇനിയും നിലക്കാതെ തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രീ ഡിഗ്രിക്കു ശേഷം മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്സിന് ചേർന്നപ്പോൾ, നിത്യയുടെ മൗനമന്ദഹാസത്തെ പ്രണയിച്ച ഒരു സുഹൃത്തിനെ കിട്ടിയെനിക്ക്- ഒരു മി.ജോളി ഡേവിഡ്. അവന്റെ zen പ്രണയവും മറ്റും അറിഞ്ഞു വന്നത് പിന്നെയും കുറച്ചു നാളുകൾക്കു ശേഷമായിരുന്നു. അവൻ പക്ഷേ ആദ്യമായി പരിചയത്തിലേക്കു കടന്നുവന്നത് ഒരു സെൻ സന്ദർഭമെന്നോണമാണ്; ഒരു സെൻ പ്രഹരമായി; അതി പ്രാചീനമായ ഏതോ സെൻ മുഹൂർത്തത്തെ, യന്ത്രങ്ങളും ശബ്ദകോലാഹലങ്ങളും കരിയും  പുകയും ഗ്രീസും ഓയിലുമെല്ലാം നിറഞ്ഞ ഒരു പണിശാലയുടെ ചാരം മൂടിയ അന്തരീക്ഷത്തിലേക്ക് പുനഃ പ്രതിഷ്ഠിച്ചതുപോലെ, like an anecdote happened in an ancient zen monastery.
ജോളി ഡേവിഡിനെ ഞാൻ ആദ്യമായി കാണുന്നത് വർക്ക്-ഷോപ്പിന്റെ പ്രാക്റ്റിക്കൽ  ക്‌ളാസിൽ വച്ചായിരുന്നു. ഒരു പക്ഷേ അതിനു തൊട്ടു മുൻപത്തെ ദിവസമോ മറ്റോ അവൻ ക്ലാസിൽ വന്നിട്ടുണ്ടായിരുന്നിരിക്കാം, ഞാൻ പക്ഷേ അയാളെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. ആറടിയിൽ കൂടുതൽ ഉയരം. തടിയൻ എന്ന് വിളിക്കാൻ മാത്രം വണ്ണം. ഒരു മന്ദഹാസം എല്ലായ്പ്പോഴും മുഖത്തുള്ളതുപോലെ. ഒന്ന് കുലുങ്ങിക്കുലുങ്ങിയുള്ള നടപ്പ്. പിന്നീട് പലപ്പോഴും ഞാൻ അവനെ 'ദാവീദ് മാപ്പിള' എന്ന് കളിയാക്കാറുണ്ടായിരുന്നു.
ചിരിക്കുമ്പോൾ  മിക്കപ്പോഴും ജോളി ഡേവിഡ്, താഴത്തെ ദന്തനിരകൾ ഒരു വശത്തേക്ക് തെറ്റിച്ചു പിടിക്കാറുണ്ട്. ഒഴിഞ്ഞു പോകാൻ മടിച്ച ഒരു കുസൃതിക്കുരുന്ന് അവനിലെവിടെയോ പതുങ്ങിയിരിപ്പുണ്ടെന്നു തോന്നും അത് കാണുമ്പോൾ. ഒട്ടും ധൃതിയില്ലാത്ത ചലനങ്ങൾ.
ആദ്യത്തെ വർക് ഷോപ് ക്ലാസ്സിൽ ഞാനടങ്ങുന്ന ഗ്രൂപ്പിന് കിട്ടിയത് smithy യായിരുന്നു- കൊല്ലന്റെ ആല. എനിക്കാകെ സന്തോഷമായി. എന്തെന്നാൽ ചുട്ടു പഴുത്ത ഇരുമ്പ്. ചുറ്റികയെടുത്തടിച്ച്‌ പതം വരുത്തി വേണ്ട രൂപത്തിലാക്കുക. ചെറിയവയസ്സുള്ളപ്പോൾ പലപ്പോഴും, വീടിനടുത്തുണ്ടായിരുന്ന കൊല്ലന്റെ ആലയിൽ ഈ കാഴ്ച കൊതിയോടെ കണ്ടുനിന്നിട്ടുണ്ട്.
അടിച്ചു പതം വരുത്തിയതിനു ശേഷം, കൊല്ലൻ ആ ഇരുമ്പ് കഷ്ണത്തെ ഒരു കൊടിലുകൊണ്ടെടുത്തു പച്ചവെള്ളത്തിലേക്കിടും. ആ ഇരുമ്പു കഷ്ണമപ്പോൾ 'ശൂ ശൂ ..' എന്ന് കരയും. ഏറെ കൗതുകം പകർന്നിരുന്ന ഒരു കാഴ്ച്ചയായിരുന്നു അത്. പഴുത്ത ഇരുമ്പിനു മോഹിപ്പിക്കുന്ന നിറമാണ്; അസ്തമയസൂര്യന്റേതുപോലെ. മധുരകോമളമായ ഏതോ പഴത്തെ  ഓർമ്മിപ്പിച്ചതുകൊണ്ടാവണം 'പഴുക്കുക' എന്ന് ഇരുമ്പിനെ പറ്റിയും പറഞ്ഞുപോന്നത്. പഴുത്ത ഇരുമ്പിനു ഏതു മാസ്മരിക ഗന്ധമാണോ ഉള്ളത്! Tom Tykwer-ന്റെ സിനിമയിലെ -perfume; the story of a murderer- ഘ്രാണ-ജിജ്ഞാസുവായ ആ ബാലനെ (Jean-Baptiste Grenouille) ഓർമ്മ വരുന്നു.
അഗ്നിസ്ഫുലിംഗങ്ങൾ കൗതുകമുണർത്താത്ത ഏതെങ്കിലും ബാല്യമുണ്ടാവുമോ? ഒരു പക്ഷേ 'തീ കൊണ്ട് കളിക്കരുത്' എന്ന ചൊല്ലുണ്ടായത്  ഈ ബാല്യകൗതുകം ഉണ്ടാക്കിക്കൂട്ടിയ അപകടങ്ങളിൽ നിന്നാകാം. ഈർക്കിലിന്റെ അറ്റത്തു തീ പിടിപ്പിച്ചു വെറുതേ അങ്ങോട്ടുമിങ്ങോട്ടും ചുഴറ്റുകയെന്നത് തരം കിട്ടുമ്പോഴൊക്കെയും കുട്ടിക്കാലം കാട്ടിക്കൂട്ടിയിരുന്ന ചെയ്തികളിൽ ഒന്നാണ്. ആ ചെയ്തികൾ ഉപസംഹരിക്കപ്പെടുക മുതിർന്നവരുടെ ശകാരവർഷങ്ങളോടെയായിരിക്കും.


മനുഷ്യന്റെ വളർച്ചാ ഘട്ടത്തിൽ ലക്ഷക്കണക്കിന് വർഷങ്ങൾ അഗ്നിയെപ്പറ്റി ഉദ്വേഗപ്പെട്ടു കഴിഞ്ഞിട്ടുണ്ടത്രേ. അഗ്നിയെ വരുതിയിലാക്കിയ നിമിഷം മനുഷ്യസംസ്കാരയാത്രയിലെ ഏറ്റവും പ്രധാന നാഴികക്കല്ലായിരിക്കണം. ഇന്നും ഒട്ടുമിക്ക മനുഷ്യരിലുമുള്ള തീയിനോടുള്ള കൗതുകം ഒരു 'cave man hang over' ആയാണ് മനഃശാസ്ത്രത്തിൽ കരുതിപ്പോരുന്നത്. അഗ്നിയെ നിയന്ത്രിക്കാനുള്ള കഴിവ് ഒരു മനുഷ്യന്റെ പക്വതയുടെ/ പ്രാപ്തിയുടെ  മാനദണ്ഡമായി എണ്ണപ്പെട്ടിരുന്നു. മാംസഭക്ഷണത്തിന്റെ പാചകാവശ്യങ്ങൾ മാത്രമല്ല, വാസസ്ഥാനത്തിന്റെ അതിർത്തിസംരക്ഷണവും - പ്രധാനമായും മൃഗങ്ങളിൽ നിന്ന് - തീ കൊണ്ട് നിവൃത്തിക്കപ്പെട്ടിരിക്കാം. (ഇന്നും, 'borders are protected by firing..'.).വേണ്ടപ്പോൾ തീയുണ്ടാക്കാനും ആവശ്യം കഴിഞ്ഞാൽ അണക്കാനുമുള്ള കഴിവ് നമ്മുടെ നാഡീ-വ്യവസ്ഥകളിൽ ഒരു ന്യൂറോ- പ്രോഗ്രാമായി എന്നേ സ്ഥിരപ്പെട്ടുകഴിഞ്ഞു. ഈ പ്രോഗ്രാം നേരെ ചൊവ്വേ ഇൻസ്റ്റാൾ ചെയ്യപ്പെടാതെ പോകുന്ന വ്യക്തികളിൽ, എന്തിനേയും തീ കൊളുത്താനുള്ള താല്പര്യം ഏറിനിൽക്കുന്നുവെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ പക്ഷം. അവരതിനെ പറഞ്ഞു പോരുന്നത് pyromania എന്നാണ്. pyromania യുടെ ഭാഗമല്ലെങ്കിലും, മനുഷ്യരിൽ ഒട്ടുമിക്ക പേരും ഇന്നും കനലുകളിലും ജ്വാലകളിലും ദീപനാളങ്ങളിലും കൗതുകം കൊള്ളുന്നവരാണ്. അമേരിക്കയിൽ മാത്രം ഒരു വർഷത്തെ മെഴുകുതിരി വിപണി 200 കോടിയിൽ പരം ഡോളറിന്റേതാണെന്ന കാര്യം അത്യാധുനികന്റെ 'fire orientation' നെ സൂചിപ്പിക്കുവാനായി പറഞ്ഞു കേൾക്കാറുണ്ട്; അതുപോലെത്തന്നെ വികസിത രാജ്യങ്ങളിൽ പോലും, പഴയകാല നെരിപ്പോടുകൾ, ഇന്നും ഗൃഹാന്തരീക്ഷമൊരുക്കുന്നതിൽ പ്രധാന സ്ഥാനം വഹിക്കുന്നുവെന്നതും. ശൈത്യത്തിൽ കേവലം 'room temperature' മെയ്ന്റയിൻ ചെയ്യാനല്ല അവ സ്ഥാപിക്കുന്നത്; അവനാഗ്രഹിക്കുന്നത് വെറും 'virtual heat' അല്ല. അതിനു മറ്റു ധാരാളം സംവിധാനങ്ങളുണ്ട്. തീനാളങ്ങളുടെ, എരിയുന്ന കനലുകളുടെ സാന്നിധ്യം മനുഷ്യനെ ഇന്നും അവന്റെ സ്വന്തം ഗുഹയിലേക്ക് തിരിച്ചെത്തിക്കുന്നുവത്രേ - coming home. അഭയത്തിന്റെ സ്നേഹോഷ്മളത, അമ്നിയോട്ടിക് ദ്രവത്തിലെ ഊഷ്മളമായ ആ 'നാരായണത്തിന്റെ' വിദൂര സ്മൃതികൾ...മനുഷ്യൻ അഗ്നിപ്രിയനാണ്; ഒരു ഉപഭോക്താവിലുമേറെ. അവന്റെ പുരാവൃത്തങ്ങളൊക്കെയും ആഗ്നേയങ്ങളാണ്; ഭൗതികമായാലും ബൗദ്ധികമായാലും.
ഓരോരുത്തർക്കും കിട്ടിയ ഇരുമ്പുകഷ്ണങ്ങൾ ആലയിലേക്കിട്ടു കാത്തിരിക്കുകയാണ് ഞങ്ങൾ. കുറേകഴിഞ്ഞപ്പോൾ അവ ചെമന്നു തുടുത്തു. അതിനെ ചുറ്റികകൊണ്ടടിച്ച്‌ ഒരു ഉളിയുണ്ടാക്കണം. പത്തോ പതിനഞ്ചോ പ്രഹരം കഴിയുമ്പോഴേക്കും അതിന്റെ ചെമപ്പ് മങ്ങിയിരിക്കും. പിന്നെയും അതിനെ ആലയിലേക്കിടണം. ഇടയ്ക്കിടെ കയ്യിലുണ്ടായിരുന്ന കൊടിലുകൊണ്ടു ഞങ്ങളതിനെ തിരിച്ചും മറിച്ചുമിടും. വെറുതേയാണ്. അപ്പോഴേക്കും പക്ഷേ  ഈ കൊടിലും മൂത്തു പഴുത്തിട്ടുണ്ടാകും.
പരുവപ്പെട്ടുവരുന്ന ഉളിയേയും കാത്തിരിക്കുന്ന ഇടവേളയിൽ സൊറ പറഞ്ഞു സമയം കളഞ്ഞു ഞങ്ങൾ. ഞാൻ അതുവരേക്കും പരിചയപ്പെട്ടിട്ടില്ലാതിരുന്ന ജോളി ഡേവിഡ്, അവന്റെ പഴുത്തു തിളങ്ങിയ കൊടിലുമായി എന്റെ നേരെ നടന്നു വരുന്നുണ്ട്. പുതിയ ഒരു കളിപ്പാട്ടം കിട്ടിയതുപോലെ പോലെ അവന്റെ മുഖത്ത് ഒരു വല്ലാത്ത തിളക്കം. താഴത്തെ ദന്തനിരകൾ അവൻ അല്പം തെറ്റിച്ചു പിടിച്ചിട്ടുണ്ട്. അവന്റെ ചുണ്ടുകളിൽ കുസൃതി നിറയുന്നു.
എനിക്കടുത്തെത്തിയപ്പോൾ അവൻ ആ കൊടിൽ മുന്നോട്ടു നീട്ടി എന്റെ പള്ളയിലമർത്തി. നീണ്ടുകിടക്കുന്ന പണിശാല മൊത്തം എന്റെ നിലവിളി മുഴങ്ങി. ഷർട്ടിനോടൊപ്പം ശരീരത്തിന്റെ തൊലിയും പൊള്ളിയടർന്നപ്പോൾ 'ശൂ..' എന്ന് കേട്ടിട്ടുണ്ടാവുമോ? ഏതായാലും എന്റെ 'primal scream' ൽ  ആ 'ശൂ' ആസ്വദിക്കപ്പെടാതെ പോയി.
സാറന്മാരും മറ്റും ഓടിവന്നു. നല്ല 'ചുട്ടു നീറ്റ'മുണ്ടെങ്കിലും എന്റെ കണ്ണീരൊഴുക്ക് പൊടുന്നനെ നിലച്ചു. അസാധാരണമായ ഒരു 'സ്പേസ്' സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, നൊടിയിടയിൽ. ഒരു കൊക്കൂണിനകം ഇങ്ങനെയായിരിക്കുമോ! നിജ ശൂന്യമായ ഒരു ക്യാപ്സ്യൂൾ യൂണിവേഴ്‌സ് ! ശൂന്യതയുടെ ആ അസാധാരണ മാധുര്യം, ആരും കാണാതെ ഞാൻ ഒറ്റക്ക് നുണഞ്ഞു.
ചുറ്റും കൂടിയവർ എന്നെ പരിചരിക്കുമ്പോഴും ജോളി ഡേവിഡിന്റെ കണ്ണുകളിലെ തെളിമ എന്നെ അതിശയിപ്പിച്ചിരുന്നു. അവന്റെ ദന്തനിരകൾ അവൻ പൂർവ്വസ്ഥിതിയിലാക്കിയില്ല. മായാൻ മടിച്ചുനിന്ന മന്ദസ്മിതം അവനെ കൂടുതൽ നിഷ്ക്കളങ്കനാക്കി. അധ്യാപകർ അവനെ ശകാരിച്ചുവെന്നു തോന്നുന്നു, ഇവനൊക്കെ എന്ത് ജാതി മൃഗമാണെന്ന മട്ടിൽ. അവൻ പക്ഷേ അനങ്ങാതെ നിന്നു, മൗനമന്ദഹാസവുമായി.
എന്റെ പോളിയെസ്റ്റർ ഷർട്ടിന്റെ പള്ളയിൽ വലിയ ഒരു ദ്വാരം വീണിരുന്നു. ദേഹത്ത് വലിയ ഒരു പോള പൊന്തി. മരുന്ന് പുരട്ടലും കാര്യങ്ങളുമായി പത്തു മിനിറ്റിനകം സ്ഥിതി ശാന്തമായി. ജോളി ഡേവിഡ്, താൻ മെരുക്കിയെടുക്കുന്ന ഇരുമ്പുകഷ്ണവുമായി ആലക്കരികിൽ. എന്നിൽ മറ്റുവികാരങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നത് എന്നെത്തന്നെ അതിശയിപ്പിച്ചു. എന്റെ ശരീരത്തിൽ ഒരു തീപൊള്ളലുണ്ടായിരിക്കുന്നു എന്നതൊഴിച്ചാൽ മറ്റെന്താണ് സംഭവിച്ചിട്ടുള്ളത്? ഒന്നുമില്ല. അഥവാ സംഭവിച്ചുവെന്ന് വിചാരിക്കുകയാണെങ്കിൽ....സ്വച്ഛതയുടെ ഒരു ശല്കം എന്നെ ഒന്നാകെ പൊതിഞ്ഞിരിക്കുന്നു! ഞാൻ ജോളി ഡേവിഡിനെ നോക്കി ചിരിച്ചു. അവനും. അവൻ ഒരു സോറി പോലും പറയാൻ തുനിഞ്ഞില്ല. ഭാഗ്യം. അങ്ങനെയെന്തെങ്കിലും അവനിൽ നിന്നും പൊട്ടിവീണേക്കരുതേ എന്നുണ്ടായിരുന്നു എന്നിൽ. ചില നിമിഷങ്ങളിൽ ചില ഔപചാരികതകൾ എത്ര പെട്ടെന്നാണ് ആ സന്ദർഭത്തെ അലങ്കോലമാക്കുക! അതേ സമയം ചില നിമിഷങ്ങളിൽ പല ഔപചാരികതകളും അനിവാര്യമാണുതാനും. സഹജാവബോധത്തെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.  
ഈ ബഹളത്തിനിടയിൽ അവന്റെ പേര് ജോളി ഡേവിഡ് ആണെന്ന് ഞാൻ അറിഞ്ഞിരുന്നു. സന്തോഷം. തികച്ചും സാധാരണമായി ഒരു പ്രാക്റ്റിക്കൽ ക്‌ളാസ് അവസാനിച്ചു.
വരും ദിവസങ്ങളിൽ 'ദാവീദു മാപ്പിളയുമായി' വല്ലാത്ത സൗഹൃദത്തിലായി. അഞ്ചെട്ടു ദിവസങ്ങൾക്കുള്ളിൽ എന്റെ പൊള്ളൽ ഉണങ്ങി വേദന മാറി. തുടരെത്തുടരെ സിഗരറ്റു വലിക്കുമായിരുന്നു അവൻ. സാവധാനമുള്ള കുലുങ്ങി നടത്തം കണ്ടാൽ അല്പം അലസനാണെന്നു തോന്നിപ്പിക്കുമായിരുന്നുവെങ്കിലും അവന്റെ ചെയ്തികളിൽ അസാധാരണമായ പെർഫെക്ഷൻ മുന്തി നിന്നു. ലബോറട്ടറി ആവശ്യങ്ങൾക്കായി, ഹാക്ക് സോ ബ്ലേഡിന്റെ കഷ്ണം കൊണ്ട് ഒരു കത്തിയുണ്ടാക്കേണ്ടതുണ്ടായിരുന്നു ഞങ്ങൾക്ക്. ജോളി ഡേവിഡിന്റെ കത്തി മാത്രം ഒരു കലയായിരുന്നു. മനോഹരമായ ഷേപ്പ് വരുത്തിയതിനു ശേഷം വെളുത്ത നിറത്തിലുള്ള ഇലക്ട്രിക്ക് വയർ കൊണ്ട് ഭംഗിയായി ചുറ്റി, അറ്റം സോൾഡർ ചെയ്ത് ഉറപ്പിച്ച പിടിയുമായി ആ കത്തി, ഞങ്ങളുടെ അഹന്തകളിൽ എവിടെയെല്ലാമോ ചില പോറലുകൾ ഏല്പിച്ചു.
ബാഹ്യമായ വൃത്തിവെടിപ്പുകളെയൊന്നും അവൻ കാര്യമാക്കിയില്ലെന്നു തോന്നുന്നു. പക്ഷേ, അവന്റെ പഠനോപകരണങ്ങളൊക്കെയും ശ്രദ്ധാപൂർവം പരിപാലിക്കപ്പെട്ടിരുന്നു. സ്റ്റഡി ലീവിന്റെ സമയത്ത്, ഞങ്ങളെല്ലാവരും കുറച്ചു ചോദ്യോത്തരങ്ങൾ എങ്ങനെയെങ്കിലും തട്ടിക്കൂട്ടാൻ ശ്രമിക്കുമ്പോൾ, ഒരുവർഷം മുഴുവൻ എഴുതിയെടുത്ത നോട്ടു ബുക്ക്, കൂടുതൽ ഭംഗിയാക്കാനായി  വടിവൊത്ത കയ്യക്ഷരത്തിൽ പകർത്തിയെഴുതുകയായിരുന്നു ജോളി ഡേവിഡ്; യാതൊരു തിടുക്കവുമില്ലാതെ.
ഇടയ്ക്കു വല്ലപ്പോഴും എന്തെങ്കിലും വായിച്ചിരുന്നതായി അറിയാമെങ്കിലും, ഞങ്ങൾ തമ്മിൽ പുസ്തക സംബന്ധിയായ യാതൊരു സംസാരവും ഉണ്ടാവാറില്ലായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ക്‌ളാസിൽ വെച്ച്, ഞാൻ മൗനമന്ദഹാസം വായിച്ചുകൊണ്ടിരിക്കുമ്പോൾ, പിന്നിൽ നിന്നും അവനതു തട്ടിപ്പറിച്ചു. ഞാൻ പറഞ്ഞു, "തിരിച്ചു തന്നേക്കണേ."
ഒരാഴ്ചക്ക് ശേഷം വൈകീട്ട് ക്‌ളാസ്സു കഴിഞ്ഞു തിരിച്ചു പോകാൻ നേരം, കോളേജ് ഗേറ്റിൽ വച്ച് ജോളി ഡേവിഡ് എന്റെ തുണി ബാഗ്‌ വാങ്ങി അവന്റെ തോളിലിട്ടു.
എന്നിട്ട് എന്നെ മുന്നിൽ നിർത്തി ചോദിച്ചു," ധ്യാനത്തിന്റെ പൊരുളെന്താണ്?"
എന്നിൽ നിന്നും മറുപടിയൊന്നും പ്രതീക്ഷിച്ചായിരുന്നില്ല അവന്റെ ചോദ്യം.
അവൻ തോളിൽ നിന്നും ബാഗ് എടുത്തു താഴെ വെച്ച്, മന്ദഹസിച്ചു; ദന്തനിരകൾ ഒരു വശത്തേക്ക് തെറ്റിച്ചുകൊണ്ടുതന്നെ. എന്നിട്ടവൻ വീണ്ടും ചോദിച്ചു, " അതെങ്ങനെ സാക്ഷാത്കരിക്കാം?"
അവൻ ആ ബാഗെടുത്തു തോളിലിട്ടുകൊണ്ടു ഹോസ്റ്റൽ ഗെയ്റ്റിന് നേരെ നടന്നു.
ആ മൂന്നുവർഷങ്ങളിൽ, അത്രക്കും തെളിമ നിറഞ്ഞ ഒരു സായാഹ്നം വേറെയുണ്ടായില്ല. 'മൗനമന്ദഹാസത്തിലെ' അവന്റെ ഏറ്റവും പ്രിയപ്പെട്ട കഥയേതെന്നു കാണിച്ചതായിരുന്നു അവൻ- ഹോട്ടേയ്യുടെ കഥ.
'സന്തോഷവാനായ ചൈനാക്കാരൻ 'അല്ലെങ്കിൽ 'ചിരിക്കുന്ന ബുദ്ധൻ'- laughing buddha, എന്ന് അറിയപ്പെട്ടിരുന്ന ഒരു സെൻ മാസ്റ്ററായിരുന്നു ഹോട്ടേയ്. താങ്ങ് രാജവംശകാലഘട്ടത്തിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എല്ലായ്‌പോഴും ഒരു ചാക്ക്‌ പിന്നിൽ തൂക്കിയിട്ടും കൊണ്ട് നടന്നിരുന്ന ഹോട്ടേയ്ക്, താൻ ഒരു സെൻ മാസ്റ്റർ എന്ന് വിളിക്കപ്പെടണമെന്നോ തനിക്കു ചുറ്റും ശിഷ്യന്മാരുണ്ടാവണമെന്നോ ഒട്ടും ആഗ്രഹമില്ലായിരുന്നു.
അദ്ദേഹം ചെയ്തിരുന്നത്, തന്റെ ചാക്കുമായി കണ്ണിൽ കാണുന്ന വഴികളിലൂടെയെല്ലാം നടക്കും. ഭിക്ഷയായി കിട്ടുന്ന അണ്ടിപ്പരിപ്പും മധുരപലഹാരങ്ങളും പഴങ്ങളും മറ്റും തന്റെ ചാക്കിൽ ശേഖരിക്കും. വഴിമധ്യേ തന്റെ ചുറ്റും കൂടുന്ന കുട്ടികൾക്ക് അവയെല്ലാം വിതരണം ചെയ്യും.
എപ്പോഴെങ്കിലും ധ്യാനത്തിൽ താല്പര്യമുള്ള ആരെയെങ്കിലും കണ്ടാൽ അദ്ദേഹം കൈനീട്ടിക്കൊണ്ടു പറയും,"ഒരു രൂപ തരൂ."

ഒരിക്കൽ വഴിയിൽ വെച്ച് മറ്റൊരു സെൻ മാസ്റ്റർ എതിരെ വന്നപ്പോൾ, അയാൾ ഹോട്ടേയ് യോട് ചോദിച്ചു," എന്താണ് ധ്യാനത്തിന്റെ പൊരുൾ?"
ഹോട്ടേയ് ഉടനെ തന്റെ ചാക്കെടുത്തു താഴെയിട്ടു നേരെ നിന്ന് മന്ദഹാസം പൊഴിച്ചു.
മറ്റെയാൾ അപ്പോൾ വീണ്ടും ചോദിച്ചു," ശരി. അതെങ്ങനെ സാക്ഷാത്കരിക്കും?"
ഹോട്ടേയ് ബാഗെടുത്തു തോളിലിട്ട് വീണ്ടും തന്റെ വഴിക്കു നടന്നു പോയി.
ഇന്ന് ലോകം മുഴുവനും പ്രചാരത്തിലിരിക്കുന്ന ചിരിക്കുന്ന ബുദ്ധപ്രതിമകൾ ഹോട്ടേയ് യുടേതാണ്. ലോകത്ത് ഇത്രയും മനുഷ്യരെ വെറുതെ ചിരിപ്പിച്ചിട്ടുള്ള മറ്റൊരു മനുഷ്യനുമുണ്ടായിട്ടില്ലെന്ന് ഓഷോ.


ജോളി ഡേവിഡ് തിരിച്ചു നടന്നു പോയ ആ സായാഹ്നത്തിൽ, എന്റെ മനസ്സ്, ചിരിക്കുന്ന ബുദ്ധനുമായുള്ള അവന്റെ രൂപ സാദൃശ്യം വെറുതെ സങ്കല്പിച്ചു നോക്കി. കുടവയറുണ്ട്. ഉയരക്കൂടുതലുണ്ടെന്നു തോന്നുന്നു. തല മുണ്ഡനം ചെയ്‌താൽ ഒരു വിധം ഓകെയായി. കൈകൾ മേലോട്ടുയർത്തി കുത്തിയിരുന്ന് ഉറക്കെ ചിരിക്കുന്ന കുടവയറനായ ബുദ്ധന്റെ രുപം ഇടയ്ക്കിടെ ജോളി ഡേവിഡിന്റെ മുഖവുമായി മിന്നിമറഞ്ഞു പോയി. നല്ല തമാശ തന്നെ !
ഞാൻ എന്റെ പള്ളയിൽ തൊട്ടു നോക്കി. അവൻ കൊടിൽ പഴുപ്പിച്ചു പൊള്ളിച്ച ആ ഭാഗം തിണർത്തു കിടക്കുന്നു, സൗമ്യമായി. ആ വടുവിനോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. ഹോട്ടേയ് നീട്ടിയ ഒരു മധുരപലഹാരം പോലെ; ഒരു സെൻ പാരിതോഷികം.
പരീക്ഷയിൽ നല്ല മാർക്ക് നേടിയ ജോളി ഡേവിഡിന്, വളരെ വേഗം ഏതോ ലൈറ്റ് ഹൌസിൽ ജോലി ലഭിച്ചുവെന്ന് കേട്ടിരുന്നു. ആയിടക്കാണെന്നു തോന്നുന്നു, അവനൊരു പുതുവത്സരാശംസാകാർഡ് അയച്ചത്- ഇരുണ്ട കടൽമുഖത്ത് നങ്കൂരമിട്ടു കിടക്കുന്ന ഒരു കപ്പലിന്റെ ചിത്രം.  മൊബൈലും വാട്സ്ആപ്പുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വാർത്തകളെല്ലാം വല്ലപ്പോഴുമേ അറിഞ്ഞിരുന്നുള്ളൂ. അഥവാ സൗകര്യങ്ങളുണ്ടായിരുന്നാലും ജോളി ഡേവിഡ് വല്ലപ്പോഴും മിണ്ടിയാലായി.
ജോലി ലഭിക്കും മുൻപ്, അവനെ അവസാനമായി കണ്ടപ്പോൾ, അവന്റെ ചുണ്ടുകൾ വിളറി വെള്ളനിറമായിപ്പോയിരുന്നു. തുടരെത്തുടരെയുള്ള സിഗരറ്റു വലികൊണ്ടാണത്രേ - ചെയിൻ സ്‌മോക്കിങ്. എനിക്കെന്തോ വല്ലായ്ക തോന്നി. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നാൽ നമ്മുടെ കൈകാലുകളിലെ ചർമ്മം ഇതുപോലെ ചീർത്തു വെളുക്കാറുണ്ട്. ഉറക്കത്തിൽ എപ്പോഴൊക്കെയോ എന്റെ ചീർത്തു വെളുത്ത ചർമ്മത്തെ മീനുകൾ വന്നു കൊത്തിത്തിന്നു. ചില നിമിഷങ്ങളിൽ അവനെ പ്രതി എന്നിൽ ഉത്ക്കണ്ഠകൾ വന്നു മറഞ്ഞുപോയി. പതിയെപ്പതിയെ എന്റെ ആകാംക്ഷകളെല്ലാം മങ്ങിമറഞ്ഞു. 'ദാവീദ് മാപ്പിളയെ' ഓർക്കുമ്പോഴെല്ലാം എന്റെ വിരലുകൾ അവൻ സമ്മാനിച്ച വടുവിലേക്കു നീങ്ങും, ഒരു കുശലാന്വേഷണമെന്നോണം.
മൂന്നോ നാലോ മാസങ്ങൾക്കു ശേഷമായിരുന്നു ആ വാർത്ത കേട്ടത്- ജോളി ഡേവിഡ് ഒരു കുളത്തിൽ വീണു മരിച്ചത്രേ ! രാത്രിയിൽ സംഭവിച്ച ഒരു അപകടമരണം ! ഞാൻ വിശദാംശങ്ങൾ ആരാഞ്ഞില്ല.
ഒരു ഭാണ്ഡം താഴെയെടുത്തിട്ട് അവൻ അവന്റെ വഴിക്കു നടന്നു പോയി എന്ന് വിചാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. വഴികൾ തന്നെ ലക്ഷ്യങ്ങളാണെന്നിരിക്കേ, സാക്ഷാത്കരിക്കാൻ മാത്രം എന്താണുള്ളത് ?

മന്ദസ്മിതങ്ങൾ ബുദ്ധത്വത്തിന്റേതാണ്. അറിയാതെയെങ്കിലും നാം എല്ലാവരിലും അവ വിടരാറുമുണ്ട്. അറിഞ്ഞുകൊണ്ടെങ്കിൽ അതിന്റെ സൗരഭ്യവുമാസ്വദിക്കാമെന്നു മാത്രം. ആ സൗരഭ്യങ്ങൾ സർവ്വതിനേയും ചൂഴ്ന്നു നില്ക്കുന്നവയാണ്, അറിഞ്ഞാലും ഇല്ലെങ്കിലും. അതിന്റെ മാനങ്ങൾ - dimensions - വേറെയാണ്. അതുകൊണ്ടാണ് ഓരോ സൃഷ്ടിയും, അത് അചേതനമെന്ന് കാണപ്പെട്ടാലും, ഒരു അജ്ഞേയ സരസ്സാവുന്നത്; അഭൗമസൗന്ദര്യമിറ്റുന്ന ഒരു സ്വർണ്ണപുഷ്പമാവുന്നതും- golden flower of an unknowable pool. ഇതളുകൾ പൊഴിയുന്നതുകൊണ്ടോ, ഞെട്ടിൽ നിന്നും അടർന്നു പോവുന്നതുകൊണ്ടോ ആ സൗരഭ്യം ഇല്ലാതാവുന്നില്ല.

ജോളി ഡേവിഡ്,
ഇവയത്രയും നിനക്കുള്ളതാണ്;
ഈ സ്വർണ്ണപുഷ്പസ്മൃതികൾ.

* * * * *
the more I meditate,
the more likely it is
that nothing will happen!

                                                                maneesha james
                                                                (osho sammasati)


Saturday, May 11, 2019

അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ-5- സ്മൃതി ദേവഹംസം

'ജലനിധി തന്നിലുയർന്നിടും തരംഗാവലിയതുപോലെ ...' പരിചയപ്പെട്ടിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ആത്മോപദേശ ശതകത്തിന്റെ പൊട്ടും പൊടിയും മനസ്സിലിനിയും ബാക്കി കിടപ്പുണ്ടെന്നറിഞ്ഞപ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി. അതിനു മുൻപിലുള്ളതോ ശേഷമുള്ളതോ ആയ വരികളൊന്നും പൊങ്ങിവന്നില്ല. ഒരുപക്ഷേ ഓർക്കാൻ ശ്രമിക്കാതെ ശാന്തനായിരുന്നാൽ തനിയേ ഉണർന്നുവരുമായിരിക്കാം. എന്നാൽ ഉള്ളിൽ ഇങ്ങനെയൊരു തിരയിളക്കം സംഭവിക്കാൻ നിമിത്തമായത്, തൊട്ടുമുൻപ് കാതിൽ വന്നു തട്ടിയ രണ്ടു-നാലു വാക്കുകളായിരുന്നു എന്ന് ബോധ്യപ്പെടാൻ കുറച്ചു നിമിഷങ്ങളെടുത്തു- 'BREATH IN, BREATH OUT'.
ഏകദേശം എട്ടു വർഷങ്ങൾക്കു മുൻപാണ്. ഓഷോ
ഓഡിറ്റോറിയത്തിന് ( ഓഷോ ഇന്റർനാഷണൽ മെഡിറ്റേഷൻ റിസോർട്, പൂന) മുൻപിൽ, അടുത്ത വിപസ്സനയിൽ പങ്കെടുക്കാനായി കാത്തിരിക്കുന്നു. ഓഡിറ്റോറിയത്തിന് മുൻപിൽ വെറുതേ ഇങ്ങനെ ഇരിക്കാൻ രസമാണ്, ശിശിരത്തിൽ വിശേഷിച്ചും. ഇവിടെ നിർമ്മിച്ചിട്ടുള്ള ആഴം കുറഞ്ഞ തടാകത്തിലേക്ക്, അടുത്തുള്ള മരങ്ങളിൽ നിന്ന് ഇടതടവില്ലാതെ ഇലകൾ പൊഴിഞ്ഞുകൊണ്ടിരിക്കും. നാം അനുഭവിക്കുക ഒരു വല്ലാത്ത അനായാസതയാണ്. ഇലകളും തടാകവും ഒരുതരം വിനോദത്തിലേർപ്പെട്ടതുപോലെ. ഇലകൾ നിസ്സഹായരായി അടർന്നുവീഴുകയല്ല; ഇളം കാറ്റിൽ ആനന്ദിച്ചുകൊണ്ട് അവ ജലത്തിലേക്ക് ചാടി വീഴുകയാണന്നേ തോന്നൂ. ജലപ്പരപ്പിൽ വീഴുന്ന ഇലകളൊക്കെയും കാറ്റിന്റെ ഗതിയനുസരിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടക്കും. ഈ ഇലവർഷം നമുക്കൊരു സ്നേഹസ്നാനമാണ്, a leaf bath, so refreshing.
തൊട്ടപ്പുറത്തുള്ള ഗസ്റ്റ് ഹൌസിൽ നിന്നും ഇറങ്ങി വന്ന രണ്ടു സ്ത്രീകൾ വിശ്രാന്തിയുടെ ഈ അന്തരീക്ഷത്തിൽ ഉദ്വേഗത്തിന്റെ പൊടികൾ പാറിച്ചുകൊണ്ട് ധൃതിയിൽ നടന്നുപോയി. അവരുടെ സംസാരത്തിൽ, ആകെ കുഴപ്പം, എന്ത് ചെയ്യണമെന്നറിയില്ല, സങ്കീർണ്ണത, കൺഫ്യൂഷൻ എന്നിത്യാദി പതിവ് വിഭവങ്ങൾ തന്നെ. അവരുടെ കടന്നുപോക്കുണ്ടാക്കിയ 'കാലാവസ്ഥാമാറ്റം' എന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും, ഇലവർഷത്തിന്റെ സമൃദ്ധിയിൽ നിന്നും പിൻവലിയാൻ എളുപ്പമായിരുന്നില്ല.

ആ സ്ത്രീകളുടെ കാലൊച്ചകൾ അകന്നു കഴിഞ്ഞപ്പോഴായിരുന്നു, കനത്ത ശബ്ദത്തിൽ ഇങ്ങനെ കേട്ടത്-' BREATH IN ….. BREATH OUT….. nothing else to do, right?' കാതകലത്തിൽ ഇരുന്നിരുന്ന ആ ആളെ ശ്രദ്ധിച്ചത് അപ്പോഴായിരുന്നു. അയാൾ എന്നെ നോക്കി മന്ദഹസിച്ചു. ഞാനും. അയാളുടെ ചോദ്യത്തിന് ഞാൻ സമ്മതം മൂളിയെന്നു അയാൾ വിചാരിച്ചു കാണുമോ? എനിക്കുറപ്പില്ല ശ്വാസം എടുക്കുകയും വിടുകയുമല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന്!. എന്നെ സംബന്ധിച്ച് കുറച്ചു കാര്യങ്ങളൊന്നുമല്ല ചെയ്യാൻ കിടക്കുന്നത്.

BREATH IN  BREATH OUT എന്ന പ്രയോഗത്തിന്റെ ആഘാതം ഇത്രക്കും അഗാധമായെതെന്താണാവോ ...may be a kind of synchronisation? ഞാനിരിക്കുന്നത് നിസ്സാരമായൊരു ജലസംഭരണിയുടെ സമീപത്തല്ല, ഒരു സമുദ്രതീരത്താണെന്ന പ്രതീതിയിലേക്ക് എളുപ്പം വീണുപോയി. അത്രക്കും
ഭീമാകാരമായിരുന്നു ഉള്ളിലുണ്ടായ ചലനം. ഞാൻ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ കണ്ണുകളടച്ച്‌ നിശ്ചലനായിരിക്കുകയായിരുന്നു. അദൃശ്യമായ എന്തിനെയോ ആഗിരണം ചെയ്യാൻ ശ്രമിക്കുന്നത് പോലെ അയാളുടെ നാസികാഗ്രങ്ങൾ ജാഗ്രപ്പെട്ടിരുന്നു.



തിരമാലകൾ ഉയർന്നുപൊങ്ങുന്നതും ശ്വസന
താളവും തമ്മിൽ അതിപ്രാചീനമായ ചില പൊരുത്തങ്ങൾ സംഭവിക്കുന്നുണ്ട്, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും. ജീവിവർഗത്തിനു മാത്രമായി പരിമിതപ്പെടുത്തപ്പെട്ട ഒരു പ്രക്രിയയാണ് ശ്വസോച്ഛാസമെന്നത് നമ്മുടെ ബാലിശമായ ശിക്ഷണമെന്നേ കരുതാനാവൂ, വിശേഷിച്ചും ഈ ബൃഹത് പ്രപഞ്ചം മുഴുവനും ശ്വസിച്ചുകൊണ്ടിരിക്കുന്നത് പോലെയെന്ന് ഭൗതിക സൈദ്ധാന്തികന്മാർ സംശയിക്കാൻ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത്. (ഒരു സെക്കൻഡിൽ ഏകദേശം മൂന്നു ലക്ഷത്തോളം തവണ ഒരു ഊർജ്ജകണിക അതിന്റെ സ്വരൂപം മാറ്റികൊണ്ടിരിക്കുമത്രേ - കണികയായും തരംഗമായും. നമ്മുടേത്, വ്യത്യസ്തമായ ഒരു സമയബോധമായിരുന്നെങ്കിൽ ജഡമെന്നു തോന്നുന്ന ഈ ദ്രവ്യപ്രപഞ്ചവും അതിവേഗം സ്പന്ദിക്കുന്ന ഒരു ജീവിയെപ്പോലെ കാണപ്പെടുമായിരുന്നു!) ഒരു പക്ഷേ വളരെ പണ്ടത്തെ പൗരാണിക സമൂഹത്തിന് തീരെ ആശ്ച്ചര്യജനകമായിരിക്കില്ല അത്യന്താധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ ആത്യന്തിക നിഗമനങ്ങൾ, സ്ട്രിംഗ് തിയറി പ്രകാരമുള്ള തരംഗ ചലനങ്ങളും; 'ഒന്നായ നിന്നെ രണ്ടെന്നു കണ്ട്' ശീലിച്ചു വശക്കേടായ നമുക്ക് പക്ഷേ അവയെല്ലാം നവീനങ്ങളായ ശാസ്ത്ര മുന്നേറ്റമായേക്കാമെങ്കിലും.
 (നൂറു വർഷം മുൻപ് ഐൻസ്റ്റീൻ പ്രവചിച്ച ഒരു ശ്വാസ-നിശ്വാസത്തിന്റെ ഊഷ്‌മള തരംഗമാണ്,130 കോടി പ്രകാശവർഷങ്ങൾക്കിപ്പുറം, നാം ഈയടുത്ത് കണ്ടെത്തി ആഘോഷിച്ചത്-LIGO (Laser Interferometer Gravitational-Wave Observatory). ഒരു അഡ്വാൻസ്ഡ് ഗ്രാവിറ്റേഷനൽ വേവ് ഡിറ്റക്ടർ- LIGO India- ഇന്ത്യയിലും പ്രവർത്തനമാരംഭിക്കുന്നുവെന്ന് കേൾക്കുന്നത് ആഹ്ലാദകരമാണ്.)
പ്രത്യക്ഷത്തിൽ ഒരാവശ്യവുമില്ലാതെ എന്നിൽ ഒരു വലിയ നെടുവീർപ്പുയർന്നു. ദൈർഘ്യമേറിയ ഒരു ശ്വാസവും അതിനേക്കാൾ ദൈർഘ്യമേറിയ ഒരു നിശ്വാസവും. എത്രയോ കാലങ്ങളായി വരണ്ടുണങ്ങിക്കിടക്കുന്ന മണ്ണിലേക്ക് മഴത്തുള്ളികൾ പതിക്കുമ്പോഴെന്നപോലെ ശരീരകോശങ്ങളിലെല്ലാം പുതുജീവൻ നിറയുന്നത് ഞാൻ അറിയുന്നു. അതുപോലെത്തന്നെ അടുത്ത നിമിഷം അവയിൽ ഉണർവിന്റെ നനവിനെ ബാക്കിയാക്കിക്കൊണ്ട് ശ്വാസം മുഴുവനും ഒഴിഞ്ഞു പോകുന്നതും. അതിന്റെ വേഗത്തോടൊപ്പമാണ് ഞാനുമിപ്പോൾ. വേഗതയിലെ ഈ ഐക്യപ്പെടൽ വല്ലപ്പോഴുമേ സംഭവിക്കാറുള്ളൂ. എന്നിൽ ഉണർവ് നിറയുന്നു. അടുത്ത നിമിഷം അതിനെ ഏറ്റിക്കൊണ്ടുവന്ന ശ്വാസം സൗമ്യമായി പിൻവലിയുന്നു. പിന്നെയും പിന്നെയും.

അയാൾ ഇപ്പോഴും കണ്ണടച്ചിരിക്കുകയാണ്. അയാളുടെ വാക്കുകൾ എന്നിൽ അസാധാരണമായ ചില തിരയിളക്കങ്ങൾ ഉണ്ടാക്കിയെങ്കിലും, മനസ് എത്രയും പെട്ടെന്ന് അതിന്റെ ബാലിശമായ പതിവ് യുക്തികളിലേക്കു വീണു. 'ഈ ശ്വാസവും നിശ്വാസവുമൊന്നും നാം ചെയ്യേണ്ടതായിട്ടില്ലല്ലോ. അവയങ്ങനെ തനിയേ സംഭവിച്ചോളും'.
സകലതും അങ്ങനെ തനിയേ സംഭവിക്കുന്നത് തന്നെയാണ്. ജീവിതത്തിന്റെ, ഈ അസ്തിത്വത്തിന്റെ, അടിസ്ഥാന ഭാവമായിരിക്കുന്നത്‌ സംഭവങ്ങളാണ്, mere happenings. അതിന്റെ കർത്തൃത്വമാരോപിക്കപ്പെടുന്നേടത്താണ് നമ്മുടെ മായാപ്രവേശം തുടങ്ങുന്നത്. തീരെ നിസ്സാരമെന്നു തോന്നിക്കുന്ന ഒരു കൊച്ചു സംഭവത്തിൽ പോലും നിരവധി മാനങ്ങൾ-dimensions- അടങ്ങിയിരിക്കേ, നാം അവയെ വെട്ടിച്ചുരുക്കി നിസ്സാരമാക്കാൻ തുടങ്ങുമ്പോൾ കർതൃത്വം പ്രബലമാവുകയാണ്. നീളം, വീതി എന്നതു പോലെ ആ മാനങ്ങളെ അളന്നുകുറിക്കുമ്പോഴാണ് ഒരു പ്രവർത്തി ചെയ്തത് 'ഞാൻ' എന്ന് നമുക്ക് തോന്നാൻ തുടങ്ങുക. അല്ലാത്ത പക്ഷം, ആദിയും അവസാനവുമില്ലാത്ത ഒരു സംഭവം മാത്രമാണത്, just another happening. ഉവ്വ്, എനിക്ക് പിടി കിട്ടുന്നുണ്ട്, breath in, breath out എന്ന് പറയുന്നതിലൂടെ, just be aware of them എന്ന് മാത്രമാണ് അയാൾ ഉദേശിച്ചത്‌. എത്ര പ്രബലമായ ചെയ്തിയും ഒരു happening മാത്രമാണത്രെ. do it, and be aware that it is just happening !
ഏതെല്ലാമോ മാനങ്ങൾ വിചിത്ര 'തരംഗാവലിയായി' എന്നിൽ മാറി മറഞ്ഞു. ഇലകളുടെ പെരുവർഷത്തിൽ മുഴുകി മനസ്സ് ഒരുവിധം ശാന്തമായതായിരുന്നു. അപ്പോഴാണ് ഈ വക 'കഠിന പ്രയോഗങ്ങൾ' മനസ്സിനെ ഇളക്കി മറിക്കുന്നത്. ഇന്നത്തെ എന്റെ വിപസ്സന കുളമായതു തന്നെ. അല്ലെങ്കിലും വലിയ ബുദ്ധിമുട്ടുള്ള ഒരു കലാപരിപാടിയാണ് വെറുതെയിങ്ങനെ ഉണർന്നിരിക്കുകയെന്നത്. വേണമെങ്കിൽ ശ്വാസം ശ്രദ്ധിക്കാമത്രേ! ആ ശ്വാസം തന്നെയാണ് ഇപ്പോൾ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്!

അന്നത്തെ വിപസ്സന വിചാരിച്ചപോലെത്തന്നെ, എന്നെ ഒരു പരുവമാക്കി. മനസ്സ് എന്ത് വേണമെങ്കിലും ചെയ്തേക്കട്ടെ എന്ന് വിചാരിച്ചിട്ടും പിന്നെയും പിന്നെയും അത് അതിന്റെ തിമിംഗല മുഖങ്ങൾ പുറത്തെടുത്തു. ഉള്ളിൽ ഞാൻ വെറുതെ പിറുപിറുത്തു, ‘അയാളുടെ ഒരു ശ്വാസമെടുക്കലും മണ്ണാങ്കട്ടയും’. വെറുതെയാണ്. അയാളില്ലെങ്കിൽ ഞാൻ വേറെയാരുടെയെങ്കിലും വാക്കുകൾ പിടിച്ചെടുത്തേനേ. വാക്കുകളില്ലെങ്കിൽ ഏതെങ്കിലും ദൃശ്യങ്ങൾ. പിന്നെ അതിനെപ്പിടിച്ചു വാക്കുകൾ ചമക്കാമല്ലോ. ഇതിൽ ഒട്ടും പുതുമയില്ല; ഈ മുറുമുറുപ്പിൽ പോലും.
ഒരു മണിക്കൂറിനു ശേഷം ഹാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ, അയാൾ അങ്ങ് ദൂരെ നടന്നു പോകുന്നത് കണ്ടു. അയാളുടെ അസാധാരണമായ ഉയരവും നടപ്പിലെ 'ഉപേക്ഷയും' (ഉപേക്ഷയും അവബോധവും ഒന്നുതന്നെ), ഒരു ഒട്ടക വിഹാരത്തിന്റെ പ്രാചീന പ്രതീതിയുണർത്തി.  

അന്ന് രാത്രി, 'who is in?' എന്ന നാല് ദിവസത്തെ കോഴ്സിന് പങ്കെടുക്കാൻ ചെന്നപ്പോൾ അയാളുമുണ്ടായിരുന്നു. കോഴ്സ് തുടങ്ങുന്നതിനു മുൻപേ നടന്ന പരിചയപ്പെടലിൽ അയാളുടെ പേര് ദേവഹംസ എന്നാണെന്ന് അറിഞ്ഞു. ആസ്ട്രിയക്കാരൻ. കോഴ്സിന് ചേർന്നിരുന്ന പത്തിരുപതു പേർക്കിടയിൽ അയാളുടെ സാന്നിധ്യം മാത്രം തീർത്തും വേറിട്ടുനിന്നു, ആകാരവടിവിലെ പ്രാചീനത കൊണ്ടും അയാളിൽ മുറ്റി നിന്ന നിശ്ശബ്ദതകൊണ്ടും.
'who is in?' എന്നത് ഒരു zen method ആണ്. രണ്ടുപേർ മുഖത്തോടു മുഖം കണ്ണുകളിലേക്കു നോക്കിയിരുന്നുകൊണ്ട് ഏർപ്പെടുന്ന ചോദ്യവും മറുപടികളും. തമാശയായി പറയാമെങ്കിൽ ഒരു 'സെൻ അന്യോന്യം'. തുടർച്ചയായി നാല് ദിവസം. അസാധാരണമായ ഒരു ക്രിസ്റ്റലീകരണമാണ് നമ്മിൽ സംഭവിക്കുക. ഒരു പങ്കാളി 'who is in?' എന്ന് ചോദിക്കുമ്പോൾ മറ്റെയാൾ, അയാൾ ആ നിമിഷം എന്താണോ അത് പ്രകടമാക്കുവാൻ ശ്രമിക്കുക. വാക്കുകകളേയും ഭാഷയെയുമെല്ലാം മറികടന്നുപോകുന്ന അപൂർവ്വ സുന്ദര മുഹൂർത്തങ്ങൾ ഇഷ്ടം പോലെ സംഭവിക്കുന്ന ഏറെ ഊർജ്ജവത്തായ ഒരു മെഡിറ്റേറ്റീവ് റ്റെക്നിക്. ഓരോ അഞ്ചു മിനിറ്റിലും ചോദിക്കുന്ന ആളുടെയും ഉത്തരം പറയുന്ന ആളുടെയും ഊഴം മാറിമാറിവരും.
പലപ്പോഴും ഞങ്ങൾ മിക്കവരും സ്വയം പ്രകടിപ്പിക്കാൻ തക്കം പാർത്തുകൊണ്ടിരിക്കെ, തന്റെ അടുത്ത ഊഴത്തിൽ എന്തെല്ലാം നുണകൾ പറഞ്ഞ്, കേൾക്കുന്നയാളെ impress ചെയ്യിക്കാം എന്ന് മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരിക്കെ- ശ്രോതാവ് നിർജ്ജീവമായ ഒരു ചുമരിനെപ്പോലെ നിലകൊള്ളുകയാണ് വേണ്ടതെന്ന് നിർദ്ദേശമുണ്ടെങ്കിലും, രണ്ടുപേർക്കുമറിയാം, പരസ്പരം ജിജ്ഞാസുക്കളാണെന്ന്- (മനസ്സിന്റെ ഇത്തരം തയ്യാറെടുപ്പുകൾക്കും കണക്കുക്കൂട്ടലുകൾക്കുമാണ് പ്രധാനമായും ക്രിസ്റ്റലീകരണം സംഭവിക്കുന്നത്. കോഴ്സ് മുന്നോട്ട് പോകുന്തോറും നമ്മുടെ ഇത്തരം ത്വരകളെല്ലാം കുറഞ്ഞുകുറഞ്ഞ് വളരെ spontaneous ആവാൻ തുടങ്ങും നമ്മുടെ പ്രതികരണങ്ങൾ. പിന്നെപ്പിന്നെ നാം 'ഇപ്പോൾ ഇവിടെ 'എന്തായിരിക്കുന്നുവോ അതിനെ പ്രകടമാക്കുവാൻ മനസ്സിനെ ഉപയോഗപ്പെടുത്തുക മാത്രം എന്ന അവസ്ഥയിലേക്ക് സംഗതികൾ മാറിമറിയും.) ദേവഹംസ മാത്രം തന്റെ മൗനത്തിന്റെ സഹജമായ ഗഹനതയുമായി ഞങ്ങളെ ഓരോരുത്തരേയും അഭിമുഖീകരിച്ചു. അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയിരിക്കുക എന്നത് കലപിലകൂട്ടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ മനസ്സുകൾക്ക് ഭീതിജനകമായ ഒരു വെല്ലുവിളിയായി. സംസാരിക്കാനുള്ള അയാളുടെ ഊഴത്തിൽ, അയാളുടെ നീലക്കണ്ണുകൾ ഏതോ വിദൂര ഗഹ്വരത്തിൽ നിന്നും കാലങ്ങളുടെ എത്രയോ അടരുകൾ മറികടന്ന് പുറത്തേക്കു വന്ന് നമ്മെ ദർശിക്കുന്നതായി അനുഭവപ്പെട്ടു.(ഒരുപക്ഷേ, പല മടക്കുകൾ വീണ അയാളുടെ കൺപോളകളും ഏറെ ആഴത്തിലായിരുന്ന കൺതടങ്ങളും ഞങ്ങളുടെ തോന്നലുകളെ സാധൂകരിച്ചുവെന്നുവേണം കരുതാൻ.) കണ്ണാടിക്കു മുൻപിൽ, തന്റെ പ്രതിബിംബം കണ്ട് ചിറകടിച്ചു വെപ്രാളപ്പെടുന്ന ഒരു പക്ഷിയെപ്പോലെ, അയാളുടെ നിശ്ചലതക്ക് മുൻപിൽ ഞങ്ങൾ ചകിതരായി.
ഈ കോഴ്സ് സംഭവിച്ചിരുന്നത് ഒരു വലിയ ഹാളിലായിരുന്നു. രാവിലെ നാലരക്ക് തുടങ്ങുന്ന പ്രവർത്തികൾ അവസാനിക്കുക രാത്രി പതിനൊന്നരക്കാണ്. അതിനിടയിൽ ഉച്ചഭക്ഷണത്തിനു മാത്രം ഒന്നരമണിക്കൂർ വിശ്രമിക്കാൻ കിട്ടും. അപ്പോൾ തന്നെയും ആ ഹാളിന്റെ ചുറ്റുവട്ടത്തു നിന്നും പുറത്തുപോകുവാൻ അനുവാദമുണ്ടായിരുന്നില്ല. ഈ നാലു ദിവസമാകട്ടെ, കോഴ്സിന്റെ ഭാഗമായിട്ടല്ലാതെ ആരോടും ഒന്നും സംസാരിക്കുവാനും പാടില്ല. ഇതേ ഹാളിൽ തന്നെയാണ് അവരവരുടെ ബെഡുകൾ ശരിപ്പെടുത്തി ഉറങ്ങേണ്ടിയിരുന്നതും. ഓരോത്തരും അവരവരുടെ മാത്രം ജീവിതം ജീവിച്ചുകൊണ്ടിരുന്നു, പരസ്പരം യാതൊരു ആശയവിനിമയവുമില്ലാതെ. എന്നിട്ടും പക്ഷേ ഓരോരുത്തരുടേയും വ്യക്തിത്വങ്ങൾ അവിടവിടെ മുഴച്ചു നിന്നു, അദൃശ്യമായിരുന്നിട്ടും അഹന്തയുടെ അരികുകൾ പരസ്പരം അലോസരപ്പെടുത്തി. ആകാരസവിശേഷത ഏറ്റവും മുന്തി നിന്നത് ദേവഹംസയിലായിരുന്നിട്ടും അയാൾ ഞങ്ങൾക്കിടയിൽ abscent ആയിരുന്നുവെന്നുവേണം പറയാൻ, process-ൽ ഒഴികെ. ഹാളിന്റെ ഏതോ ഒരു മൂലയിൽ ദേവഹംസ തന്റെ പ്രാചീന- മൗന- സൗരഭ്യങ്ങളുമായി ജീവിച്ചുപോന്നത് ആരും അറിഞ്ഞതുപോലുമില്ലെന്നു തോന്നുന്നു.


രണ്ടാമത്തെ ദിവസം ഉച്ചനേരത്തെ ഒഴിവുസമയത്ത്, കെട്ടിടത്തിന് പുറത്തുള്ള ഒരു മരച്ചുവട്ടിൽ ഞാൻ വിശ്രമിക്കാനിരുന്നപ്പോഴായിരുന്നു കൗതുകകരമായ ആ കാഴ്ച കണ്ടത്- കറുപ്പ് നിറമുള്ള കെട്ടിടത്തിന്റെ ചുമരിനോട് ചേർന്ന് ദേവഹംസ തന്റെ പതിവു വ്യായാമങ്ങൾ ചെയ്യുന്നു. മെറൂൺ നിറത്തിലുള്ള ഒരു ബെർമുഡ മാത്രമാണ് അയാൾ ധരിച്ചിട്ടുള്ളത്. തിളക്കമാർന്ന കറുത്ത ചുമരിനെതിരായി അയാളുടെ വെളുത്തു വടിവൊത്ത ശരീരം ആഹ്ലാദകരമായ ഒരു ഫോട്ടോഗ്രാഫിക് ചേരുവയായി. ആറര അടിയോളം പൊക്കമുള്ള അയാൾ രണ്ടു കൈകളും കാലുകളും ഇരുവശത്തേക്കും നിവർത്തി കണ്ണുകളടച്ചു നിന്നപ്പോൾ ഡാവിഞ്ചിയുടെ  Vitruvian Man പുനരവതരിച്ചതു പോലെ. അതേ പേശികളും അനുപാതങ്ങളും. അയാളുടെ വ്യായാമമുറകൾക്കിടയിൽ എപ്പോഴോ അയാൾ കൈകൾ കൂപ്പി നില്ക്കുന്നത് കണ്ടു. ഒരു വിശ്വാസിയാവാൻ ഇടയില്ല. അയാൾക്ക്‌ മുൻപിലുണ്ടായിരുന്ന ഒരു ചെറിയ തടാകത്തിൽ മൂന്ന് ആമ്പൽ മൊട്ടുകൾ കൂമ്പി
നില്പ്പുണ്ടായിരുന്നു, അയാളുടെ കൂപ്പുകൈകളോട് പ്രതിവാദ്യമർപ്പിക്കുന്നതുപോലെ; അല്ലെങ്കിൽ തിരിച്ചുമാവാം.
അയാളുടെ പ്രാർത്ഥനാപരിസരം - അങ്ങനെ വിചാരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്- സ്വച്ഛമായിരിക്കട്ടെ എന്ന് കരുതി ഞാൻ അവിടെ നിന്നും പിൻവാങ്ങി.
നാലു ദിവസത്തെ കോഴ്സ് കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം, കോഴ്സിൽ പങ്കെടുത്തവരുടെ ഒരു കൂടിച്ചേരൽ ഉണ്ടായിരുന്നു. ഒരു തരം feedback gathering. ഡിന്നറിനു ശേഷം വൈകിയ ഒരു രാത്രിയിലായിരുന്നു അത്. ദേവഹംസയും വന്നിരുന്നു. അയാൾ പക്ഷേ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലായിരുന്നു. മനോഹരമായ വെൽവെറ്റ് മെറൂൺ ജാക്കറ്റിനടിയിൽ കടൽനീല വർണ്ണത്തിലുള്ള ഫുൾ സ്ലീവ് ടീ ഷർട്ട്. ചന്ദന നിറത്തിലുള്ള ബോഡി ഫിറ്റ് ജീൻസ്‌. കമ്മ്യൂണിൽ സാധാരണയായി ഉപയോഗിക്കാറുള്ള മെറൂൺ ഷാൾ അയാൾ കൈത്തണ്ടയിൽ തൂക്കിയിട്ടുണ്ട്. ഹാളിൽ എത്തിയതിനു ശേഷം ദേവ ഹംസ എല്ലാവരോടുമായി നമസ്‌തെ പറഞ്ഞ് ഒരിടത്തിരുന്നു. അയാളുടെ സൗന്ദര്യത്തിന് അന്ന് വല്ലാത്ത ഒരാകർഷണീയതയുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളിലെ അതിസുന്ദരനായ ഒരു കാമുകനെപ്പോലേ...അയാൾ എല്ലാവരേയും നോക്കി ചിരിച്ചു. കോഴ്സിനെപ്പറ്റിയുള്ള സ്വന്തം അനുഭവത്തെക്കുറിച്ച് എന്തോ പറയാൻ തുടങ്ങിയെങ്കിലും അയാൾക്കത്‌ മുഴുമിക്കാനായില്ല. പകരം, ബാഷ്പം നിറഞ്ഞ കണ്ണുകൾ മറയ്ക്കാനായി അയാൾ തല കുനിക്കുകയാണ് ചെയ്തത്. അയാളുടെ കഴുത്തിൽ സ്വർണ്ണനിറത്തിലുള്ള ഒരു ആഭരണമുണ്ടായിരുന്നു, അതിനറ്റത്ത് ഒരു വലിയ ലോക്കറ്റും. ആ ലോക്കറ്റിൽ പകുതിഭാഗവും നീല നിറത്തിലുള്ള ഒരു കടൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. കടലിന്റെ അപാരതയിൽ നീന്തിപ്പോകുന്ന ഒരു ഹംസം. അയാളുടെ ലോക്കറ്റിലെ കടലിനും ഹംസത്തിനും അവാച്യമായ പല മാനങ്ങളും കൈവന്നു. ചുമർച്ചിത്രത്തിലെ വനാന്തരത്തിലേക്ക് അപ്രത്യക്ഷമായ ചിത്രകാരനേയും രാജാവിനേയും പോലെ, ആ ലോക്കറ്റിലെ തിരമാലകൾക്ക് ജീവൻ വെക്കുകയും വെള്ളിച്ചിറകുള്ള ഒരു ഹംസം അവക്ക് മുകളിലൂടെ ചക്രവാളത്തിനപ്പുറത്തേക്ക് ഉല്ലാസപൂർവ്വം തെന്നി നീന്തുകയും ചെയ്യുന്ന ഒരു ചിത്രം എന്നിലൂടെ മിന്നി മറഞ്ഞു പോയി.
ഹാളിലെ സ്വർണ്ണപ്രകാശത്തിൽ അയാൾ തലകുനിച്ചിരുന്നപ്പോൾ, കുറേ സെക്കന്റുകളോളം ഹാളിൽ വല്ലാത്ത നിശബ്ദത നിറഞ്ഞു. കോഴ്സിലെ അനുഭവങ്ങളെപ്പറ്റി കാര്യമായിത്തന്നെ സംസാരിച്ചുകളയാം എന്ന് വിചാരിച്ച് വന്ന പലരുടേയും വാക്കുകൾ ആ നിശബ്ദതയിൽ മരവിച്ചുപോയി. എല്ലാവരും ചുരുങ്ങിയ വാക്കുകളിൽ പേരിനു മാത്രം എന്തെങ്കിലും പറഞ്ഞു. പിരിഞ്ഞു പോകുമ്പോൾ പരസ്പരാലിംഗനവും അഭിവാദ്യങ്ങളും ഉണ്ടായെങ്കിലും, മിക്കവരും ദേവഹംസയോട് നിറഞ്ഞ സ്നേഹത്തിൽ നമസ്തേ പറഞ്ഞു. ദേവഹംസയാകട്ടെ ഒരു കുഞ്ഞിന്റെ പ്രസന്നതയോടെ എല്ലാവരുടെയും നമസ്തേ സ്വീകരിച്ചുകൊണ്ട് പ്രത്യഭിവാദ്യം ചെയ്തു.

പിറ്റേന്നത്തെ പ്രാതലിന് ദേവഹംസയും ഒപ്പമുണ്ടായിരുന്നു. പ്രാതൽ കഴിച്ചുകഴിയുന്നതു വരേയ്ക്കും അയാൾ തന്റെ പ്ലേറ്റിലും ഫോർക്കിലും കത്തിയിലും മാത്രം ശ്രദ്ധിച്ചു. എവിടേക്കും നോക്കിയതുപോലുമുണ്ടായില്ലെന്നു തോന്നുന്നു. സ്വച്ഛമായി ഒരാൾ ഭക്ഷണം കഴിക്കുന്നത് നോക്കിയിരിക്കാൻ രസമാണ്. സ്വച്ഛമല്ലാത്തപ്പോൾ, ഏതു ഭോജനവും ഒരുതരം ആക്രമണമാണ്.

പ്രാതൽ കഴിഞ്ഞപ്പോൾ ഞാൻ ദേവഹംസയെ നോക്കി ചിരിച്ചു. അപ്പോഴേക്കും പ്രാതലിന്റെ സമയം കഴിഞ്ഞതിനാൽ ആ പരിസരത്തു നിന്നും എല്ലാവരും പിരിഞ്ഞുപോയിരുന്നു. സോർബ ( ഓഷോ കമ്മ്യൂണിലെ ഭക്ഷണശാലയുടെ പേരാണത്) യിൽ ഞാനും ഹംസയും മാത്രം. "ഇരുപതു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ഇവിടെയെത്തുന്നത്", ഹംസ പറഞ്ഞുതുടങ്ങി," ഓഷോ ശരീരം വിട്ടുപോയതിന്റെ പിറ്റേന്ന് പോയതാണ്. പിന്നെ ഇപ്പോഴാണ് വരുന്നത്. പുറമെ ഒരുപാട് മാറിയിരിക്കുന്നു- I mean the place. but space is same."
"ആദ്യമായി വന്നതെപ്പോഴായിരുന്നു?", ഞാൻ ചോദിച്ചു. ഹംസ മൗനത്തിൽ കുതിർത്തെടുത്ത വാക്കുകളെക്കൊണ്ട് തന്റെ പ്രയാണത്തിന്റെ ചില രേഖാചിത്രങ്ങൾ പങ്കുവെച്ചു. ഓരോ വാക്കുകൾക്കും വാക്യങ്ങൾക്കും ശേഷം ഒരുപാടുനേരം എനിക്ക് കാത്തിരിക്കേണ്ടതായി വന്നു. പക്ഷേ എന്നിലെ ഉദ്വേഗങ്ങളെ ഇല്ലാതാക്കിയ ഇന്ദ്രജാലം അയാളുടെ വാക്കുകളോ മൗനമോ എന്ന് തീർച്ചയില്ല.
ദേവഹംസ ജനിച്ചത് ആസ്ട്രിയയിലെ ഒരു ഗ്രാമത്തിലായിരുന്നു. കുടുംബപശ്ചാത്തലത്തിലെ അസ്വാരസ്യങ്ങൾ കാരണം പെട്ടെന്ന് ജോലി സംഘടിപ്പിക്കാനായി butchery-യിൽ (നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഇറച്ചിവെട്ട്) ബിരുദാനന്തര ബിരുദം നേടി രാജ്യത്തു നിന്നും പുറത്തുകടന്നു. നേരെ വന്നെത്തിയത് ഡൽഹിയിൽ. ഡൽഹിയിലെത്തിയ ദേവഹംസ ആദ്യം ചെയ്തത് തബല പഠിക്കലായിരുന്നുവത്രെ! ഡൽഹിയിൽ വന്നപ്പോൾ കൗതുകം തോന്നിച്ച ആദ്യ കാഴ്ച ഒരു ഭജൻ കച്ചേരിയായിരുന്നു. അന്ന് മുതൽ ഭജനയും തബലയുമായി കുറച്ചു വർഷങ്ങൾ കഴിഞ്ഞു. ഹംസയുടെ നാക്കിൽ നിന്നും തീൻ താളത്തിന്റെയും രൂപ്കതാളത്തിന്റെയുമൊക്കെ വായ്ത്താരികൾ ഉതിർന്നു. കുറേ ഹിന്ദി പദങ്ങളും. ഇനിയും മറന്നിട്ടില്ലാത്ത ഒന്ന് രണ്ടു ഭജനുകൾ.
തബലയുടെ വായ്ത്താരികൾ ഉരുവിട്ടതിനു ശേഷം കുറേ നിമിഷങ്ങൾ അയാൾ മിണ്ടാതിരുന്നു. ഞാനും.

ജീവിതം ആഘോഷിക്കാൻ ഗോവയിലെത്തിയ ദേവഹംസ എങ്ങനെയോ മുക്കുവരുമായി ജീവിതം പങ്കിടാൻ തുടങ്ങി. അവരോടൊപ്പം മീൻ പിടിക്കാൻ കടലിൽ പോകും. ഇതു നടക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്.
"ഒരു രാത്രിയിൽ നടുക്കടലിൽ വെച്ചാണ് ആദ്യമായി ഞാൻ ഓഷോയുടെ പേര്‌ കേൾക്കുന്നത്‌. ഒരു മുക്കുവനിൽ നിന്ന്‌. അന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നത് രജനീഷ് എന്നായിരുന്നു. ആ പേര് കേട്ടതും എന്നിൽ സംഭവിച്ചത് ഒരു വേലിയേറ്റമായിരുന്നു. എങ്ങനെയെങ്കിലും ഒന്ന് കരക്കെത്തിയാൽ മതിയെന്നായി. പിറ്റേന്ന് കരക്കെത്തിയതും നേരെ വിട്ടു പൂനയിലേക്ക്. ഓഷോ പൂനയിൽ വന്ന് താമസിക്കാൻ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. കുറച്ചു വർഷങ്ങൾക്കു ശേഷം ഓഷോ അമേരിക്കയിലേക്ക് പോയപ്പോൾ ഞാനും അമേരിക്കയിലേക്ക് പോയി. അദ്ദേഹം തിരിച്ചുവന്നപ്പോൾ ഞാനും തിരിച്ചുവന്നു. പിന്നെ പൂനയിൽ നിന്നും പുറത്തുകടന്നത് ഓഷോ പോയതിന്റെ പിറ്റേന്നാണ്‌. ഓഷോയുടെ തിരോധാനം എന്നിലുണ്ടാക്കിയ ശൂന്യതക്കു ഈ ഭൂമിയോളം വലിപ്പമുണ്ടായിരുന്നു."
ദേവഹംസ കുറേ നേരം കണ്ണുകൾ അടച്ചിരുന്നു. അതിനിടയിൽ പഴയ സുഹൃത്തായ ഒരു സ്ത്രീ വന്ന് ഹംസയെ ആലിംഗനം ചെയ്തു. അയാളുടെ കവിളുകൾ സ്നേഹം കൊണ്ട് ചുവന്നു. ഹംസ തുടർന്നു,'ഓഷോ പോയത് നന്നായെന്ന് തോന്നി എനിക്ക്. അല്ലെങ്കിൽ ഒരിക്കലും എന്നിലെ ശൂന്യതയെ ഞാൻ തിരിച്ചറിയില്ലായിരുന്നു. എനിക്ക് തോന്നി അതിനു ശേഷമാണ് ഓഷോ എന്നിൽ ശരിക്കും പ്രവർത്തിക്കാൻ തുടങ്ങിയതെന്ന്. എന്നിലെ ഭീരുത്വത്തേയും അഹന്തയേയും അവബോധമില്ലായ്മയേയുമെല്ലാം പെട്ടെന്നുപെട്ടെന്നു തിരിച്ചറിയാൻ തുടങ്ങി ഞാൻ. ഇപ്പോൾ എനിക്ക് തോന്നുന്നു ആ ശൂന്യത മുഴുവനും കൃതജ്ഞത കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന്. not specifically towards anybody, not specifically for anything. just gratitude. that's all.'
ഞാൻ പരിചയപ്പെടുമ്പോൾ ദേവ ഹംസ ജീവിച്ചിരുന്നത് മൊറോക്കോ മരുഭൂമിയുടെ ഒരറ്റത്താണ്. അറ്റ്ലാന്റിക് സമുദ്രത്തോട്‌ ചേർന്നുള്ള ഭാഗത്ത്. അവിടെ കടലിൽ സർഫിങ്(കൂറ്റൻ തിരമാലക്കൾക്കടിയിലെ സ്നാനം) ആസ്വദിച്ചുകൊണ്ട് കഴിയുന്നു. സർഫിങിൽ താല്പര്യമുള്ള ആരെങ്കിലും വന്നാൽ ചിലപ്പോൾ സഹായിക്കാറുണ്ട്‌.
"മൊറോക്കോ തെരഞ്ഞെടുക്കാൻ?" ഞാൻ ചോദിച്ചു.
"ഉം", ഹംസ പറഞ്ഞു," ഇന്ത്യയിൽത്തന്നെ കഴിയാമായിരുന്നു. എന്നാൽ അത്രക്കും അപകടകാരികളായ തിരമാലകളുള്ള സമുദ്രം ഇന്ത്യയിലില്ല. അറ്റ്ലാന്റിക്കിലെ തിരമാലകൾ ഭീമാകാരങ്ങളാണ്. പോരാത്തതിന് ഒരു മാസത്തിൽ ഇരുപത്താറു ദിവസമെങ്കിലും കൊടുങ്കാറ്റുണ്ടാകും അവിടെ. അവിടത്തെ ഭൂമിശാസ്ത്രം അങ്ങനെയാണ്. A dangerous living hub. അതുകൊണ്ടു തന്നെ ആൾത്താമസവും കുറവാണ്."
ദേവ ഹംസ എന്റെ രണ്ടു ചുമലിലും
കൈവെച്ചുകൊണ്ടു പറഞ്ഞു ,"നാം അറിയുന്ന നിശബ്ദതയൊന്നും നിശബ്ദതയല്ല. ഭീമാകാരനായഒരു തിരമാല നമ്മെ വന്നു മൂടുമ്പോൾ, അതിനടിയിൽ ഒരു നിമിഷനേരത്തെ നിശബ്ദതയുണ്ട്. ആ നിശബ്ദത ഈ പ്രപഞ്ചത്തോളം പ്രാചീനമാണ്, വിശുദ്ധവും-ancient silence under a giant wave. ആ തിരമാലകൾക്കടിയിൽ ഇടയ്ക്കിടെ ദേവഹംസ ഇല്ലാതെയാവും. തള്ളപ്പക്ഷിയുടെ ചിറകിനടിയിൽ ഒളിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ….ഞാനപ്പോൾ എന്താണ് ചെയ്യുക? BREATH IN ... BREATH OUT,  BREATH IN ... BREATH OUT..."
ഒരു നിമിഷം എന്നെ ഉറ്റുനോക്കിയതിനു ശേഷം ദേവ ഹംസ ചോദിച്ചു," do you think anything else is there to do?"
പിറ്റേന്ന് രാവിലെ തിരിച്ചുപോകാൻ നേരം ദേവഹംസയെ തെരഞ്ഞപ്പോൾ   അയാൾ ആ പഴയ ചുമരരികിൽ അയാളുടെ വ്യായാമങ്ങളിലായിരുന്നു. ഞാൻ കാണുമ്പോൾ അയാൾ കൈകൾ കൂപ്പി നിശ്ചലനായി നിൽപ്പുണ്ട്. അയാൾക്കഭിമുഖമായി നിന്നിരുന്ന ആമ്പൽമൊട്ടുകൾ മൂന്നും പൂർണ്ണമായും വിടർന്നുകഴിഞ്ഞിരുന്നു.
'വെളിയിലിരുന്നു വിവർത്തമിങ്ങു കാണും .......തരംഗാവലിയതുപോലെ അഭേദമായ് വരേണം'. ഓ, ഹാർഡ് ഡിസ്ക് സെർച്ചിങ്ങിലായിരുന്നു!  തെളിഞ്ഞു വരാൻ ഒരാഴ്ചയെടുത്തെന്നു മാത്രം. ജലനിധിയേയും അലകളേയും അഭേദമായി അറിഞ്ഞാലും തിരമാലകൾ ഉണ്ടാകാതിരിക്കുന്നില്ല. നാം പക്ഷേ  അവക്കുമുകളിലൂടെ തെന്നിനീങ്ങാൻ പഠിച്ചിരിക്കും, അവയോടൊപ്പം നീന്തിത്തുടിക്കാനും. yes, the surfing.
just breath out ...breath in.
Namaste deva hamsa!
Namaste!
---------------------------------------------------------------------------------


“Waves are there: you simply allow. You simply allow yourself to move with them, not against them. You become part of them. Then tremendous happiness happens. That is the whole art of surfing: moving with the waves- not against, with them - so much so that you are not different from them. Surfing can become a great meditation. It can give you glimpses of the inner because it is not a fight, it is a let-go. Once you know that even waves can be enjoyed - and that can be known when you look the whole phenomenon from the centre.”

                                     OSHO





 



Tuesday, April 16, 2019

Gibberish lessons: practicals first



It was January 2000, the beginning of another millennium (of course, it’s counting only), my first visit to Osho International Meditation Resort, Pune. Many celebrations were happening all around. Small stickers and photos and other items had been in display for free pick up and distribution, in front of the bookshop. Buddha hall was see -through, music and silence always spreading in the air from there, as part of the meditations. A white swan in a near by pool enjoyed its dervish whirling for the exhilarating rhythms of Sufi music.Wearing a loose robe, I am also, part of a maroon flock. For a few moments, I found myself that I am in an altogether different universe. But very soon, I felt that it’s an ancient space and so familiar to me.

It was next day already that I participated in a meditation called Gibberish. That word was not foreign to me at all, as I had read it many times in a few of Osho’s books, and had the impression that I knew Gibberish. But when I started doing it, I understood the difference between experiencing something directly and thinking of experiencing it through words or imagination.

Even though Osho says, that making these nonsensical sounds is quite common in everybody’s childhood, after that one hour meditation, I understood that, Gibberish is not just a childhood habit, but that it has been effectively adapted into our daily activities and living situations in many ways. The only difference is that, we are not conscious of it. Because of our unconsciousness, although a certain relief is felt, we have missed a wonderful opening into a realm of silence and awareness.
All such situations of ‘practical gibberish’ went through my mind and automatically, found their place in the ‘jigsaw puzzle’ of understanding. I would like to share two such lessons here.

Mani’s magic

When I started my job as a site supervisor in electrical engineering projects, I had a freaky ‘JABBAR’, a technician in our team of workers, who did magic with Gibberish.(I call him Jabbar now, by the name of the Sufi master who  used this as a technique. It is said that the word Gibberish comes from his name.)

In those days, I hadn’t heard this word (or jabbar’s name). Even the boy who was using this trick was not aware of anything like it. He and his workmates were doing this habitually, whenever many difficulties arose in material moving, cable laying, panel board installations etc.
One evening, when I came back to the office after finishing a day’s duty in a faraway site, I was instructed to rush to another site and carryout the breakdown jobs which had already been started. It was in a coconut oil factory.

A fire had broken out in one of the cable alleys, and one unit of the factory had been cut off from production. Those cable alleys were chocked up with oily coconut waste, and when some short circuit happened, fire had broken out and burned all electrical cables. Our job was to replace the burned cables and reconnect them to the main panel boards.

It was already 10 o’ clock at night, everybody felt exhausted. All of them had been working hard since early morning and nobody was in the mood of continuing. Some people even said, they were unwell. Somebody else had some urgency why they had to go home. Somebody was sleepy, another was very hungry and many such reasons.

After listening to them carefully, I told them, “we will go home after laying three more cables only.” They understood that no excuse was going to work. Then two people from the group came to me and whispered, “Call that boy. Without him nothing is going to work at this late hour. He will do the magic.” They came up with this advice, seeing that I was a new supervisor who didn’t have enough experience.

I accepted their suggestion and called that boy to lead the cable laying. His name was Mani. On the promise that once all the three cables are in place, we could retire for the day, they were in hurry to finish it as quickly as possible.

Mani came forward and appointed his work mates to different positions along the cable. It was a heavy cable, around two hundred and fifteen meters long. All twenty people stood in line from one end to the other with Mani in middle. Mani clapped his hands once and everybody became silent immediately. No laziness, no tiredness, no urgency to go home, no hopelessness about the difficulty of the task, no different ideas, nothing.

All of them (me included), became utterly receptive for something to happen. Then Mani started doing Gibberish like, ‘SHASHTATATATUTTA PASHETUVITITTA TIHURIITARAE LUKUSSITTUAEREERE SUTUTU TSUTUTU VIKICHUCHU TATTATA TATTATA……..’ and its speed and tone went on increasing. May be after 40 or 50 seconds, he made a loud shout, “LIFT”. It was like a ‘silent explosion’.

Such a heavy and long cable was lifted immediately and was carried by twenty- one people, in total silence. It had to be taken through a very narrow chamber and many hurdles were there. But none of them spoke or made any unnecessary noise. A clear-cut communication was happened among them naturally. After some time a loud applause arose to celebrate: the cable had reached the other end!
I stood in awe like a small child watching a magic show. All cables were placed in their position without any hustle and bustle. And we all retired soon afterwards.

From that day on Mani became my special friend, and as a supervisor I used to give him many privileges as a gift for his Gibberish. Actually, it was a gift exchange for something unknown that felt magical to me.

Pachilapazhukila

That very evening, after I had done Gibberish in the Buddha Hall for the first time, some of the doubts I had, about one of our childhood games, became clear to me. It was as if a sheath of sunlight had glittered through a cluster of trees and fell on my face. I said to myself, ‘games are not just games, but the game of encounters (of consciousness)’.

I understand that the ‘games’ are a kind of milestones in the evolution and growth of human culture and civilization. They show how intelligent the civilization is, vibrant with imagination, interactive, creative, mature and receptive towards individuality.

One of the fascinating games of our childhood (in Kerala) was ‘KUTTIYUM KOLUM’- Boy and Cane. All over India, this game was played under different names, like ‘Gilli-danda’ in north India. According to Wikipedia, this game was originated around 2500 years ago. And it is said, that a similar game called Lippa is being played in Italy too. The main structure of the game is like cricket (which has by now replaced it, except may be in some remote areas). Instead of a ball, a small stick is used, and batting is done with a longer one.

As I was growing up, I started noticing that there is something foolish about the game. Because, in the end, both teams had to undergo a punishment: one representative of the losing team has to run a distance, which is fixed by the winners, shouting ‘pachilapazhukila pachilapazhukila’, in a single breath, as fast as possible. Once the breath is broken, he has to run another distance from that point on.

The foolishness I felt was, along with the loser, also a representative of the winners also had to run the entire distance in order to check  whether the runner breaks the breath or not. Sometimes two or three people would run together with loser to check. In a way both are punished!

But there was a wonderful thing that always happened in the end; all enmity, discord and conflict was immediately dissolved and both the teams were ready to have a fresh beginning. We used to interchange the participants too. In many other type of games the enmity used to remain till the next game was won, may be till the next day.

Now I feel, or understand, that all antagonism was dissolved through a kind of Gibberish. All friction and rivalry must have been emptied through Gibberish. Bypassing the language region in brain, those emotions were not allowed to manifest. Everybody else also is almost holding their breath to find out whether the runner is breaking his breath. When the runner shouts ‘pachilapazhukila pachilapazhukila’ so fast, all participants also going through the same Gibberish.

(Only after many years I could understand that the mantra ‘pachilapazhukila’ was actually two words- pacha ila, pazhutha ila. It means, green leaf, yellow leaf. Apparently, it doesn’t have any relevance, or meaning, to the situation. It’s just a Gibberish exercise.)

That evening in Pune, it became clear to me that it is not that the game is foolish; rather, I was foolish, not to be able to understand the inner games, the inner games of Gibberish.

Something else came to mind: Perhaps, this is not only true about Gibberish but about most meditations; they use an activity that has naturally evolved, techniques we must have had a natural tendency for, like dancing, shaking, whirling. We must have gone through the practical lessons first. Then only, it seems, it becomes significant with the ongoing life. If they were invented merely out of the blue, they would probably not work as well.



                          "GIBBERISH IS 
                          ONE OF THE MOST SCIENTIFIC WAYS
                          TO CLEAN YOUR MIND"

                          OSHO


This article was published in OSHO ONLINE MAGAZINE:

https://www.oshonews.com/2019/04/06/gibberish-lessons-practicals-first/




THANKS TO YOGA PUNYA, THE EDITOR OF THE MAG. AND THE AUTHOR OF 'ON THE EDGE: LIVING WITH AN ENLIGHTENED MASTER.
punya.eu (http://punya.eu/)