Osho wings Osho waves

Featured Post

Sunday, July 3, 2022

സ്വാത്മികം: എന്നെ സ്നേഹിച്ച പുസ്തകങ്ങൾ - 4

                                               click for english google translation



ജീവിതത്തിലെ മൂല്യവത്തായിട്ടുള്ള സകലതും - സത്യം, സ്നേഹം, ആനന്ദം, സൗന്ദര്യം എന്നിങ്ങനെ - അനിർവ്വചനീയതയുടെ (inexplicability) ഓരോരോ ഇതളുകളാണ്. ഓരോ ഇതളിനെ തൊടുമ്പോഴും അറിയുമ്പോഴും തോന്നിപ്പോവുക, ആ ഇതൾതന്നെയാണ് മുഴുവൻ പുഷ്പവുമെന്നാണ്. അതുകൊണ്ടാണ് പലപ്പോഴും നമുക്ക് പറയേണ്ടി വരുന്നത് സത്യമെന്നത് ജീവിതം തന്നെയാണ്, ജീവിതം സ്നേഹമാകുന്നു, ജീവിതത്തിന്റെ മറ്റൊരു പേരാണ് ആനന്ദം, ജീവിതമെന്നത് സൗന്ദര്യാനുഭൂതിയുടെ അപാരതയാണ് എന്നൊക്കെ. 

ജീവിതമെന്ന പുഷ്പത്തിന്റെ ഒരുപക്ഷേ ഏറ്റവും സമഗ്രമായ ഇതളാണ് trust എന്നത്. 'trust' ന് തുല്യമായ ഒരു മലയാള പദം കണ്ടെത്താനാവാത്തതിൽ ക്ഷമിക്കുക. വിശ്വാസ്യത, വിശ്വസ്തത എന്നെല്ലാം മാറ്റിയും മറിച്ചും ഉപയോഗിച്ചുപോരാറുണ്ടെങ്കിലും വ്യക്തിപരമായി തൃപ്തി വരാത്തതിനാൽ, 'trust' എന്ന് തന്നെ പ്രയോഗിക്കുകയാണ്. കുറച്ചെങ്കിലും അർത്ഥവത്തായ പരിഭാഷയെന്നു തോന്നിയിട്ടുള്ളത് 'ശ്രദ്ധ' എന്ന ഹിന്ദി വാക്കാണ്. മലയാളത്തിൽ ഒരല്പം വ്യത്യസ്ത അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിച്ചു പോരുന്നതെങ്കിലും അടിത്തട്ടിൽ അർത്ഥസാക്ഷാത്ക്കാരം സംഭവിക്കുന്നുണ്ടെന്നു പറയാം. 

അവബോധം (awareness) തന്നെയാണ് trust. trust ഉണ്ടായിരിക്കുമ്പോൾ അവബോധമില്ലാതിരിക്കുന്നതെങ്ങനെ? 'awareness' അതിന്റെ ശൃംഗത്തെ പ്രാപിക്കുമ്പോൾ 'let-go' സംഭവിക്കാതിരിക്കുന്നതെങ്ങനെ? 'awareness' ഉം 'let-go' യും ഒരു ജീവിതാനുഭവത്തെ, ദൈനം ദിന ജീവിതത്തിലെ ഏറ്റവും നിസ്സാരമായ അനുഭവത്തെത്തന്നെ, ചൂഴ്ന്നു നില്ക്കുമ്പോൾ, ഒരു പുഷ്പത്തിൽ നിന്നുയരുന്ന സൗരഭ്യമെന്നോണം സംഭവിക്കുന്നതാണ് 'സാക്ഷിയാവൽ’ - witnessing. ഫലത്തിൽ, trust തന്നെയാണ് സാക്ഷിയാവൽ എന്നു പറയേണ്ടി വരും, അറിയേണ്ടി വരും.

ഇവിടെ, സ്വാത്മികം എന്ന പദത്തെ 'trust' ലേക്ക് ആനയിക്കുകയാണ്; നന്ദിപൂർവ്വം. സ്വാത്മികം സത്യമാണ്, സ്വാത്മികം അറിവാണ്, ആനന്ദമാണ്. സ്വാത്മികം സ്നേഹമാണ്, സൗന്ദര്യമാണ്. സ്വാത്മികം ശ്രദ്ധയാണ് - trust.

തീർത്തും അപ്രതീക്ഷിതമായി ശ്രദ്ധയുടെ മറ്റൊരു ഇതൾ വിടർന്നതുകൊണ്ടാണ്, 'എന്നെ സ്നേഹിച്ച പുസ്തകങ്ങളിൽ' മോജുദ് കടന്നുവന്നത്, വരി തെറ്റിച്ചുകൊണ്ടെന്നോണം. പക്ഷേ, ഒരിതൾ പോലും ഒരിക്കലും അസ്ഥാനത്താവുന്നില്ലല്ലോ. അതൊരിക്കലും സമയം തെറ്റിച്ചുകൊണ്ട് മിഴിതുറക്കുന്നില്ല. അങ്ങനെ തോന്നിപ്പോകുന്നെങ്കിൽ...വെറും ശീലമാണത്. കാലങ്ങളായി നാം ശീലിച്ചെടുത്ത ധൃതിയും അക്ഷമയും കൊണ്ട് മാത്രം തോന്നിപ്പോകുന്നത്.

'വിവരണാതീത ജീവിതവുമായി ഒരു മനുഷ്യൻ' എന്ന പേരിൽ ഓഷോ പങ്കുവെച്ച ഒരു സൂഫി കഥ (WISDOM OF SANDS); ഒരിക്കലും മറക്കാനാവാത്തത്. സ്വാമി ആനന്ദ് ഉത്സവ് (മുംബൈ) ആയിരുന്നു ഈ കഥ ഒരു സ്‌പെഷ്യൽ പതിപ്പായി ഇറങ്ങിയിട്ടുള്ള വിവരം ധരിപ്പിച്ചത്. വൈകാതെത്തന്നെ അത് കൈവശം വന്നു ചേരുകയും ചെയ്തു. വർഷങ്ങൾ കുറേയായിട്ടും ആ പഴയ പുസ്തകം ഇന്നും പുതുമ മങ്ങാതെ മന്ദഹസിച്ചുകൊണ്ടിരിക്കുന്നു.


                                     *                          *                            *

ഒരിക്കൽ ഒരിടത്ത് മോജുദ്‌ എന്ന് പേരായ ഒരാളുണ്ടായിരുന്നു. പട്ടണത്തിലെ ഒരു കാര്യാലയത്തിൽ ചെറിയ ഒരു ജോലിയുമായി അയാൾ ജീവിച്ചുപോന്നു. അളവുതൂക്കങ്ങളുടെ പരിശോധകനായാണ് അയാൾ മിക്ക ദിവസവും തന്റെ ജോലി അവസാനിപ്പിച്ചിരുന്നത്. ഒരു ദിവസം തന്റെ വീടിനടുത്തുള്ള തോട്ടത്തിലൂടെ നടന്നുകൊണ്ടിരിക്കെ, മിന്നിത്തിളങ്ങുന്ന പച്ചപ്പട്ടു വസ്ത്രത്തിൽ സൂഫികളുടെ ദിവ്യപ്രവാചകനായ ഖിദ്ർ അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഖിദ്ർ പറഞ്ഞു, "അനുഗൃഹീതനായവനേ, നീ നിന്റെ ജോലി ഉപേക്ഷിക്കുക. മൂന്നു ദിവസത്തിനുള്ളിൽ നദീ തീരത്ത്‌ വന്ന് എന്നെ കാണുക." എന്നിട്ട് ഖിദ്ർ അപ്രത്യക്ഷനായി.

മോജുദ് ശങ്കിച്ചു വിറച്ചുകൊണ്ട് തന്റെ മേലുദ്യോഗസ്ഥനെ ചെന്നു കണ്ട് താൻ ജോലി ഉപേക്ഷിക്കുകയാണെന്നു പറഞ്ഞു. പട്ടണത്തിലെ എല്ലാവരും ഇതേപ്പറ്റി കേൾക്കുകയും 'പാവം മോജുദ്! അവനു വട്ടായി!' എന്ന് പരിതപിക്കുകയും ചെയ്തു. എന്നാൽ, അവന്റെ ജോലിക്കുവേണ്ടി മറ്റു ധാരാളം പേർ കാത്തു നിന്നിരുന്നതിനാൽ, വൈകാതെത്തന്നെ അവർ അയാളെ മറന്നുകളഞ്ഞു.

പറഞ്ഞ ദിവസം തന്നെ മോജുദ് ഖിദ്‌റിനെ നദീ തീരത്ത് പോയി കണ്ടു. ഖിദ്ർ അയാളോട് പറഞ്ഞു," നീ നിന്റെ വസ്ത്രങ്ങൾ പറിച്ചുകളഞ്ഞ് നദിയിലേക്കു ചാടുക. ആരെങ്കിലും നിന്നെ രക്ഷിച്ചേക്കാം." തനിക്കു ഭ്രാന്താണോ എന്ന് സംശയം തോന്നിയെങ്കിലും മോജുദ് ആജ്ഞ പോലെ പ്രവർത്തിച്ചു.

നീന്താൻ അറിയാമായിരുന്നതുകൊണ്ട് അയാൾ മുങ്ങിപ്പോയില്ല. എന്നാൽ ഒരുപാട് ദൂരം അയാൾ ഒരു പൊങ്ങുതടിപോലെ ഒഴുകിപ്പോയി. അതിനിടയിൽ ഒരു മുക്കുവൻ അയാളെ തന്റെ വഞ്ചിയിലേക്കു വലിച്ചുകയറ്റി. മുക്കുവൻ പറഞ്ഞു,"വിഡ്ഡീ! ഒഴുക്ക് അതിശക്തമാണ്. ഇതിനിടയിൽ നീയിവിടെ എന്തെടുക്കുവാണ്?"

മോജുദ് പറഞ്ഞു, "സത്യത്തിൽ എനിക്കറിയില്ല."

"നിങ്ങൾക്ക് വട്ടാണ്", മുക്കുവൻ പറഞ്ഞു," എന്നാലും ഞാൻ നിങ്ങളെ നദിക്കക്കരെയുള്ള എന്റെ പുല്ലുമേഞ്ഞ കുടിലിലേക്ക് കൊണ്ടുപോകാം. നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്കാം."

മോജുദ് വിദ്യാഭ്യാസമുള്ളവനാണെന്നു കണ്ടെത്തിയപ്പോൾ മുക്കുവൻ അയാളിൽ നിന്നും എഴുത്തും വായനയും അഭ്യസിച്ചു. പകരമായി അയാൾ മോജുദിന് ഭക്ഷണം നല്കി. മോജുദാകട്ടെ മുക്കുവനെ അയാളുടെ പണികളിൽ സഹായിക്കുകയും ചെയ്തു.

കുറച്ചു മാസങ്ങൾക്കു ശേഷം, ഖിദ്ർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ പ്രത്യക്ഷപ്പെട്ടത് മോജുദിന്റെ മെത്തക്കരികിലാണ്. ഖിദ്ർ പറഞ്ഞു, "എഴുന്നേറ്റ് ഇപ്പോൾത്തന്നെ മുക്കുവനെ വിട്ടു പോവുക. അത് വെറുതെയാവില്ല."

മോജുദ് പെട്ടെന്നുതന്നെ എണീറ്റ് മുക്കവനെപ്പോലെ വേഷം ധരിച്ച്, നടന്നു നടന്ന് പ്രധാന വീഥിയിലെത്തി.

നേരം വെളുത്തുവരുംനേരം ഒരു കൃഷിക്കാരൻ തന്റെ കഴുതപ്പുറത്ത് ചന്തയിലേക്കു പോകുന്നത് കണ്ടു.

"നിങ്ങൾ പണി അന്വേഷിക്കുകയാണോ?" കൃഷിക്കാരൻ ചോദിച്ചു," എന്തുകൊണ്ടെന്നാൽ, സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാനും മറ്റും എനിക്കൊരാളെ ആവശ്യമുണ്ടായിരുന്നു."

 

മോജുദ് അയാളെ പിന്തുടർന്നു. ഏകദേശം രണ്ടുവർഷത്തോളം അയാൾ കൃഷിക്കാരന് വേണ്ടി പണിയെടുത്തു. ഇക്കാലയളവിൽ അയാൾ കൃഷിയെപ്പറ്റിയല്ലാതെ മറ്റൊന്നിനെപ്പറ്റിയും പഠിച്ചില്ല.

ഒരു ദിവസം മോജുദ് പഞ്ഞി കടഞ്ഞുകൊണ്ടിരിക്കുമ്പോൾ ഖിദ്ർ പ്രത്യക്ഷപ്പെട്ടു. ഖിദ്ർ പറഞ്ഞു," ഈ ജോലിവിട്ട് മൊസൂൾ പട്ടണത്തിലേക്കു പോവുകയും സമ്പാദ്യം ഒരു തുകൽ കച്ചവടക്കാരാനാവാൻ ഉപയോഗിക്കുകയും ചെയ്യുക."


മോജുദ് അതനുസരിച്ചു. 


മൊസൂളിൽ മോജുദ് ഒരു തുകൽ കച്ചവടക്കാരനായി അറിയപ്പെട്ടു. അടുത്ത മൂന്നു വർഷത്തേക്ക് അയാൾ തന്റെ വ്യാപാരത്തെ അടിക്കടി മെച്ചപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ, ഖിദ്ർ ഒരിക്കലും പ്രത്യക്ഷപ്പെടുകയുണ്ടായില്ല.

അയാൾ ഒരുപാട് പണം സമ്പാദിച്ചുകൂട്ടിയിരുന്നു. ആ പണം കൊണ്ട് അയാൾ വലിയ ഒരു വീട് വാങ്ങണമെന്ന് ആഗ്രഹിച്ചു. ആ നിമിഷം അയാൾക്ക് മുന്നിൽ ഖിദ്ർ പ്രത്യക്ഷപ്പെട്ടു. ഖിദ്ർ പറഞ്ഞു, "നിങ്ങളുടെ പണം മുഴുവനും എനിക്ക് തരിക. ഈ പട്ടണം വിട്ട് അങ്ങ് ദൂരെ സമർഖണ്ഡിലേക്കു പോവുക. അവിടെ നിങ്ങൾ ഒരു പലചരക്കു വ്യാപാരിയോടൊപ്പം പണിയെടുക്കുക."

മോജുദ് അപ്രകാരം പ്രവർത്തിച്ചു. 

ഇപ്പോൾ അയാൾ യാതൊരു ശങ്കക്കും ഇട നല്കാത്ത വിധം അതീന്ദ്രിയമായ കഴിവുകൾ പ്രകാശിപ്പിക്കുവാൻ തുടങ്ങി. അയാൾ രോഗികളുടെ അസുഖം ഭേദമാക്കി. ഒഴിവു സമയങ്ങളിലെല്ലാം അയാൾ കടയിൽ തന്റെ കൂടെയുള്ളവരെ സഹായിച്ചു. അജ്ഞേയമായവയെപ്പറ്റിയുള്ള അയാളുടെ അറിവുകൾക്ക് ആഴമേറിവന്നു.


പുരോഹിതരും തത്വജ്ഞാനികളുമെല്ലാം അയാളെ സന്ദർശിച്ചുകൊണ്ടിരുന്നു. അവർ ചോദിച്ചു, "ആരിൽ നിന്നുമാണ് നിങ്ങൾ ഇതെല്ലാം പഠിച്ചെടുത്തത്?"

"അത് പറയാൻ ബുദ്ധിമുട്ടാണ്", മോജുദ് പറഞ്ഞു.

അയാളുടെ ശിഷ്യന്മാർ ചോദിച്ചു, "അങ്ങ് അങ്ങയുടെ ജോലി തുടങ്ങിയത് എങ്ങനെയാണ്?"

മോജുദ് പറഞ്ഞു, "ഒരു ചെറിയ ഓഫീസ് ശിപായിയായി."

"അങ്ങ് കടുത്ത ആത്മീയ സാധനകൾക്കായി സ്വയം വിട്ടുകൊടുക്കുകയായിരുന്നോ?"

"അല്ല, ഞാൻ സ്വയം വിട്ടു കൊടുക്കുക മാത്രമായിരുന്നു."


അവർക്ക് അയാളെ മനസ്സിലായില്ല.


ആളുകൾ അയാളെ അയാളുടെ ജീവിത കഥ എഴുതുവാനായി സമീപിച്ചു.

"നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?" അവർ ചോദിച്ചു.


"ഞാൻ നദിയിലേക്കു ചാടി. ഒരു മുക്കുവനായിത്തീർന്നു. ഒരു ദിവസം പാതിരാത്രിയിൽ, അയാളുടെ പുൽക്കുടിലിൽ നിന്നും ഇറങ്ങിപ്പോന്നു. അതിനുശേഷം ഞാനൊരു കൃഷിക്കാരന്റെ കയ്യാളായി. പഞ്ഞി കടഞ്ഞു 

കൊണ്ടിരിക്കെ ഞാൻ വേഷം മാറി മൊസൂളിലേക്കു പോയി. അവിടെ ഞാനൊരു തുകൽ കച്ചവടക്കാരനായി. അവിടെ നിന്നും ഞാൻ കുറച്ചു പണം സമ്പാദിച്ചിരുന്നു. ഞാൻ പക്ഷേ അതെല്ലാം ദാനം ചെയ്തു. എന്നിട്ടു ഞാൻ സമർഖണ്ഡിലേക്കു പോയി. അവിടെ ഞാൻ ഒരു പലചരക്കു വ്യാപാരിക്കൊപ്പം പണിയെടുത്തു. അങ്ങനെ ഞാനിതാ, ഇപ്പോൾ, ഇവിടെ."


"എന്നാൽ വിവരിക്കാനാവാത്ത ഈ പെരുമാറ്റങ്ങളൊന്നും നിങ്ങൾക്ക് കിട്ടിയിട്ടുള്ള അസാധാരണവും അതിശയിപ്പിക്കുന്നതുമായ പാരിതോഷികങ്ങളെപ്പറ്റി യാതൊന്നും പറയുന്നില്ലല്ലോ", അവർ ചോദിച്ചു.


"അതങ്ങനെയാണ്", മോജുദ് പറഞ്ഞു. 


  *                                   *                                   *                                  *


കഥകൾ കഥകളാകുന്നത് അവ ജീവിക്കപ്പെടുമ്പോഴാണ്; കഥകളിലെ വിസ്മയങ്ങളും അവിശ്വസനീയതകളും ജീവിതത്തിന്റെ സ്ഥായീഭാവങ്ങളാണെന്ന് ബോധ്യപ്പെടുമ്പോൾ. തിരിച്ചും പറയാം - കഥകൾ വെറും കഥകളല്ലാതാവുന്നത് അവ ജീവിക്കപ്പെടുമ്പോഴാണ്. ആകസ്മികതകൾ  കേവലം ആകസ്മികതകളല്ലെന്നറിയുമ്പോൾ...അവയ്ക്കിടയിലെ നൈരന്തര്യതകൾ നമുക്ക് പിൻപറ്റാനാവാതെ വരുമ്പോൾ നാം അവയെ ഒറ്റക്കും തെറ്റക്കുമുള്ള സംഭവങ്ങളായി എണ്ണുന്നുവെന്നു മാത്രം. 

മോജുദ് മനുഷ്യജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഓഷോ ഓർമ്മപ്പെടുത്തുമ്പോൾ, കഥയായും കഥയല്ലാതായും മാറിമാറി വേഷമിടുന്ന ബോധമണ്ഡലം, ഒരൊറ്റ ടേക്കിൽ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഏതൊരു ജീവിതവും സിംഗിൾ ടേക്കിലാണ് അവതരിപ്പിക്കപ്പെടുന്നത്; നമ്മുടേതടക്കം. എന്നാലും ഇടയ്ക്കുള്ള ചെറിയ ഒരു സീൻ മാത്രമേ നാം കണ്ടുപോകാറുള്ളൂ. അതിന്റെയാകട്ടെ തുടക്കവും ഒടുക്കവും നമുക്ക് അറിയുകയേയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടോ എന്നുപോലും നമുക്കറിയില്ല. എന്നിട്ടും നാം, ഇടയിൽ കടന്നുപോകുന്ന സന്ദർഭങ്ങളോടും ഇടപെടേണ്ടിവരുന്ന വസ്തുവകകളോടും വ്യക്തികളോടുമെല്ലാം ആത്യന്തികമെന്നോ വാസ്തവമെന്നോ ഉള്ള ഭാവത്തിൽ പെരുമാറിപ്പോരുന്നു. വാസ്തവികതയിൽ അഭിരമിച്ചുകൊണ്ടുള്ള നമ്മുടെ ഈ സമീപനം നമ്മുടെ സകല ധാരണകളേയും വികലമാക്കിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തെ അതിന്റെ സമഗ്രതയിൽ, അതിന്റെ സഹജതയിൽ അനുഭവിച്ചുകൊണ്ടേയിരിക്കാനുള്ള സാധ്യതകളെല്ലാം അതുകൊണ്ടുതന്നെ ഊർന്നുപോകുന്നു.


                        *                          *                          *


ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്ന് ബെർട്ടോലുചിയുടെ (Bernardo Bertolucci) THE LAST EMPEROR ആണ്. ആ സിനിമയിലെ ഏറ്റവും അവസാന രംഗം അനുവാചകനെ അസാധാരണമാം വിധം പിടിച്ചു കുലുക്കുന്നുണ്ട്; ഒരു പക്ഷേ,  താൻ കണ്ടുകൊണ്ടിരിക്കുന്ന സിനിമയിൽ നിന്നു തന്നെ. വിലക്കപ്പെട്ട നഗരത്തിലെ - forbidden city - ആ അവസാന ചക്രവർത്തി, തടവറയിൽ നിന്നും മോചിതനായതിനു ശേഷം ഒരു വിനോദയാത്രികനായി, ഒരു വഴിപോക്കനെപ്പോലെ വീണ്ടും കൊട്ടാരം സന്ദർശിക്കാനായി എത്തുന്നു. ടൂറിസ്റ്റുകളായ മറ്റുള്ളവരോടൊപ്പം അയാളും (Pu Yi) അവസാന ചക്രവർത്തിയെപ്പറ്റിയുള്ള ടൂറിസ്റ്റു ഗൈഡിന്റെ വാക്കുകൾ നിസംഗം ശ്രവിക്കുന്നുണ്ട്:

 'അധികാരമേൽക്കുമ്പോൾ അയാൾക്ക് മൂന്നു വയസ്സ് മാത്രമായിരുന്നു പ്രായം.1967-ൽ അയാൾ മരണപ്പെട്ടു.'

അറുപതു വർഷത്തെ സംഭവബഹുലമായ തന്റെ ജീവിതത്തെ - ഒരുപക്ഷേ ആ കാലയളവിലെ ലോകത്തെ മൊത്തമായെടുത്താലും പ്രധാന സംഭവങ്ങളിലൊന്ന് തന്റെ ജീവിതമാവും എന്നാണ് അയാൾ ധരിച്ചുവെച്ചിരുന്നത്, മറ്റെല്ലാവരേയും പോലെ - എത്ര അനായാസമാണ് വെറും രണ്ടു വാചകങ്ങളിൽ സംഗ്രഹിച്ചത്! 

ബാഹ്യജീവിതം എല്ലായ്‌പ്പോഴും അങ്ങനെയാണ്. എത്ര തന്നെ സംഭവബഹുലമായതിനേയും സംഗ്രഹിച്ചുവരുമ്പോൾ രണ്ടോ മൂന്നോ വാക്യങ്ങളേ കാണൂ. ജനിച്ചതെപ്പോഴെന്നും മരണപ്പെട്ടതെപ്പോഴെന്നും. ഇവയ്ക്കിടയിൽ സംഭവിച്ച എന്തിനെപ്പറ്റിയെങ്കിലും വെറുതെ എന്തെങ്കിലും പറയാം എന്നു മാത്രം. അതേ സമയം ആന്തരിക ജീവിതം അങ്ങനെയല്ല. ഒരിടത്ത് അനങ്ങാതെ കുത്തിയിരുന്നാലും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ അതിന്റെ സൂചനകൾ യാതൊന്നുമില്ലാതിരുന്നാലും. എന്നിട്ടും പക്ഷേ, എന്താണ് സംഭവിച്ചതെന്ന് പറയാനേ സാധിക്കില്ല.

കുറേക്കൂടി കൃത്യമായി പറഞ്ഞാൽ, അനങ്ങാതിരിക്കുകയാണേൽ സംഭവ്യതകളുടെ സാധ്യതകൾ കൂടുതലാണ്. എന്തുകൊണ്ടെന്നാൽ മാനസിക തലത്തിലുള്ള ഏതൊരു ചലനവും ഒരുതരം ദിശാഭ്രമമത്രേ ! 


2500 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു കൊട്ടാരസന്ദർശനമുണ്ടായിട്ടുണ്ട്. രാജകുമാരനായിരുന്ന സിദ്ധാർത്ഥൻ ആറോ എട്ടോ വർഷങ്ങൾക്കു ശേഷം തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്ക് ഒരു ഭിക്ഷാം ദേഹിയായി നടന്നു വന്നു. ഭാര്യയായിരുന്ന യശോധര തന്റെ പ്രിയതമനായിരുന്നവനോട് ഒരു ചോദ്യം ചോദിച്ചു: ’അങ്ങ് ഞങ്ങളെയെല്ലാം വിട്ടുപോയതുകൊണ്ട് എന്താണ് നേടിയെടുത്തത്? നേടിയതെന്തുമാകട്ടെ, ഇവിടെ ഈ കൊട്ടാരത്തിലിരുന്നുകൊണ്ട് അത് നേടിയെടുക്കുക സാധ്യമല്ലായിരുന്നോ?' ബുദ്ധ സംഹിതകളിൽ യശോധരയെപ്പറ്റി അത്രയൊന്നും പരാമർശങ്ങളില്ലാത്തതിനാൽ ആ സംഭാഷണത്തിന്റെ കാര്യമായ വിശദാംശങ്ങൾ ലഭ്യമല്ല. എന്നിട്ടും പക്ഷേ, ആ ചോദ്യത്തിന് മുൻപിൽ ബുദ്ധൻ സമർപ്പിച്ച മൗനം മനുഷ്യന്റെ പ്രജ്ഞാപദങ്ങളിൽ ഇന്നും പ്രകാശം പൊഴിച്ച് നില്പുണ്ട്; ഒരു ദീപസ്തംഭമായി. അതിനുശേഷം ഭിക്ഷുണിയായി ജീവിച്ച യശോധരയിൽ നിന്നും ആ ചോദ്യം എത്രയും വേഗം അപ്രത്യക്ഷമായിക്കാണും; ഉത്തരത്തിനായി അലയുന്നതിനു പകരം. തെളിമയുടെ നനുത്ത മഞ്ഞുവീഴ്ചകളിൽ ആ ചോദ്യം സ്‌നേഹപൂർവം അലിഞ്ഞുപോയിക്കാണും.

ജീവിതത്തെ വിശ്വരേഖകൾ - WORLD LINES - എന്ന ഒരു പദ്ധതിയിലൂടെ സമീപിച്ചത് ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു. ഈ പ്രപഞ്ചം ഊർജ്ജ നാരുകൾ കൊണ്ട് നെയ്തുണ്ടാക്കിയതാണെന്ന (സ്ട്രിംഗ് തിയറി) സങ്കല്പത്തേക്കാളും എന്തുകൊണ്ടും ഊഷ്മളമായിരിക്കുന്നു ഐൻസ്റ്റീനിന്റെ വിശ്വരേഖാപ്രയോഗം. (ഐൻസ്റ്റീനോടുള്ള ഇഷ്ടം കൊണ്ടാണത്രേ ജോർജ് ഗാമോവ് അദ്ദേഹത്തിന്റെ ആത്മകഥക്ക്‌ 'my world line' എന്ന് പേരിട്ടത്. പക്ഷേ പേരിൽ മാത്രമേ ആ ഗഹനതയുള്ളൂ, രചനയിലില്ല എന്നാണ് വായിച്ചുനോക്കിയപ്പോൾ തോന്നിയിട്ടുള്ളത്.) ആരുടേയും ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. ഓരോ തന്മാത്രയും ഓരോ ആറ്റവും മറ്റു രൂപ-ഭാവങ്ങളിലൂടെ തങ്ങളുടെ പ്രയാണം തുടരുന്നുണ്ടത്രേ. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ വേൾഡ് ലൈൻ (multidimensional) വരച്ചെടുക്കുകയാണെങ്കിൽ, തിരശ്ചീന രേഖകളേക്കാളും പ്രസക്തമായി നിലകൊള്ളുക ലംബീയ (വെർട്ടിക്കൽ) രേഖകളാവും. അങ്ങനെ വരുമ്പോൾ, വെറുതെ ഒരിടത്ത് കുത്തിയിരുന്ന് ജീവിച്ച ഒരാളുടെ വേൾഡ് ലൈൻ ഗ്രാഫ് ഒരുപക്ഷേ ലോകസഞ്ചാരിയായ ഒരുവന്റേതിനേക്കാളും സമ്പന്നമാവാം.  


തിരശ്ചീന തലത്തിൽ കറങ്ങിത്തിരിഞ്ഞുനടക്കുന്ന ഒരാൾ വശം കെടുന്നത്, അയാളുടെ ചലനങ്ങൾ നിഷ്കളങ്കമല്ലാത്തതിനാലാണ്. നിരവധി ലക്ഷ്യങ്ങളുടേയും അഭിലാഷങ്ങളുടേയും ഗൂഢമായ നീലഛവികൾ അയാളുടെ കാല്പ്പാടുകളിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്. ഓഷോ പ്രയോഗിക്കുന്നത് 'becoming' എന്നാണ്. എല്ലായ്‌പ്പോഴും എന്തൊക്കെയോ ആയിത്തീരാനുള്ള ത്വര. അയാൾ തേടുന്നത് 'importance' ആണ്. താൻ impotent അല്ലെന്ന് ഉറപ്പുവരുത്താനുള്ള ജൈവികമായ തിടുക്കം പോലെ, തന്റെ ഗോത്രത്തിൽ, തന്റെ സഹവാസങ്ങളിൽ താൻ ഒഴിച്ചുകൂടാനാവാത്ത ഒരാളാണ് എന്ന് വരുത്തിത്തീർക്കാനുള്ള - എങ്കിൽ മാത്രമേ തനിക്കും തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും അവശ്യമായിട്ടുള്ള സംരക്ഷണം ഉറപ്പാവുകയുള്ളൂ - ഗാഢമായ ശീലങ്ങളുടെ നീൾച്ചയാകാം, അയാൾ 'ആയിത്തീരാൻ' കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിലെ വാസ്തവമെന്തെന്നാൽ, അയാൾ അതിനുവേണ്ടി ബാഹ്യമായി, അക്ഷരാർത്ഥത്തിൽ ശ്രമിക്കുകയാണെങ്കിൽ, ആ ശ്രമത്തിലെ വ്യർത്ഥതകൾ അയാൾക്ക് വെളിവാകാനുള്ള സാധ്യതകൾ ഏറെയാണ്; സ്വപ്നത്തിൽ നിന്നും ഉണർന്നെണീക്കാനാണെങ്കിൽ, പേടിസ്വപ്നമാണ് അതിന് കൂടുതൽ സാധ്യതയൊരുക്കുന്നത് എന്നതുപോലെ. അതേസമയം, ബാഹ്യമായ ശ്രമങ്ങൾ കൂടാതെ, മനോവ്യാപാരങ്ങളിൽ മാത്രം അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, a kind of virtual living, അയാൾ ആ അബോധയത്നം തുടർന്നുകൊണ്ടേയിരിക്കും, എത്ര ജന്മങ്ങൾ വേണമെങ്കിലും. മതങ്ങൾ, അതുപോലെത്തന്നെ പ്രത്യയശാസ്ത്ര യുക്തി ശാഠ്യക്കാരും, വാഗ്‌ദാനം ചെയ്യുന്നത് ഇപ്പറഞ്ഞ virtual ജീവിതമാണ്. പൊള്ളയായ ഒരു വ്യാജ നിർമ്മിതി.


അതേസമയം, ഒരാൾ വിശ്വരേഖാ ഗ്രാഫിലെ വെർട്ടിക്കൽ ആക്സിസിനോട് ചേർന്നുപോവുകയാണെങ്കിൽ, അതായത് അയാൾ ജീവിക്കുന്നത് തന്റെ സ്വതസിദ്ധമായ ഗ്രാഹ്യത്തിൽ നിന്നും വ്യതിചലിക്കാതെയാണെങ്കിൽ, തന്നോടുതന്നെ സത്യസന്ധമായിട്ടാണെങ്കിൽ, അയാളിൽ സമയത്തിന്റെ ലാഞ്ചനകൾ (lingering time) തീരെ കുറവാണെങ്കിൽ, അയാളുടെ ജീവിതത്തെ 'ഉണ്മ' എന്ന് അറിയാവുന്നതാണ്. അത് 'ആയിരിക്കുക' എന്ന ഇടവിടാതുള്ള അനുഭവമാണ് - Being. അതിനർത്ഥം സ്ഥല-കാലങ്ങളിൽ അയാൾ ഒരൊറ്റ ബിന്ദുവിൽ തുടരേണ്ടതുണ്ട് എന്നല്ല. ബാഹ്യമായ സഞ്ചാരങ്ങൾ, ജീവിതത്തെ പ്രതി പറയുകയാണെങ്കിൽ, കായികവും മാനസികവും വൈകാരികവുമായ ഏതൊരു സഹവർത്തിത്വവും, എത്രതന്നെ വിശാലമാവട്ടെ, എത്രതന്നെ വൈവിധ്യമാർന്നതാവട്ടെ, അസ്തിത്വപരമായി അയാളുടെ നിലനിൽപ്പ് ഒരൊറ്റ ബിന്ദുവിലെന്നപോലെയാവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അയാളുടെ വിശ്വരേഖാ അക്ഷങ്ങൾ അയാളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ അസ്തിത്വത്തെ ഏതു നിമിഷം അടയാളപ്പെടുത്തിയാലും അത് വെർട്ടിക്കൽ ആക്സിസിനോട് ഒന്നുചേർന്ന് പോകുന്നതായിരിക്കും. പല സന്ദർഭങ്ങളിലും ഓഷോ vertical living എന്ന് തന്നെ (HARI OM TAT SAT) പരാമർശിച്ചിട്ടുണ്ട്. 

Becoming- ൽ ഒരാൾ തനിക്കില്ലാത്ത importance (ഇത്രയും വലിയ ഈ കാണാപ്രപഞ്ചത്തിൽ ഒരു ജീവിക്ക്, ഒരു മനുഷ്യന് എന്ത് പ്രാധാന്യമുണ്ടാവാനാണ്? ഇക്കാണുന്നതൊക്കെയും നിനക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്ന ബിബ്ലിക്കൽ വിഡ്ഢിത്തം ഒരുപക്ഷേ മനുഷ്യന്റെ അടിസ്ഥാനപരമായ അപഭ്രംശമാകാം; the basic knowledge aberration) കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, Being- ൽ അയാൾ തൻ്റെ ഉണ്മയുടെ significance അറിഞ്ഞുകൊണ്ടേയിരിക്കുകയാണ്. അയാൾ കൂടുതൽ കൂടുതൽ വിശ്രാന്തിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. His world line is getting enriched and enriched.

പ്രപഞ്ചത്തിലെ സകലതും significant ആണ്. 

യാതൊന്നും important അല്ല താനും.


ആളുകൾ അയാളെ അയാളുടെ ജീവിത കഥ എഴുതുവാനായി സമീപിച്ചു.

"നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?" അവർ ചോദിച്ചു.


"ഞാൻ നദിയിലേക്കു ചാടി. ഒരു മുക്കുവനായിത്തീർന്നു. ഒരു ദിവസം പാതിരാത്രിയിൽ, അയാളുടെ പുൽക്കുടിലിൽ നിന്നും ഇറങ്ങിപ്പോന്നു. അതിനുശേഷം ഞാനൊരു കൃഷിക്കാരന്റെ കയ്യാളായി. പഞ്ഞി കടഞ്ഞുകൊണ്ടിരിക്കെ ഞാൻ വേഷം മാറി മൊസൂളിലേക്കു പോയി. അവിടെ ഞാനൊരു തുകൽ കച്ചവടക്കാരനായി. അവിടെ നിന്നും ഞാൻ കുറച്ചു പണം സമ്പാദിച്ചിരുന്നു. ഞാൻ പക്ഷേ അതെല്ലാം ദാനം ചെയ്തു. എന്നിട്ടു ഞാൻ സമർഖണ്ഡിലേക്കു പോയി. അവിടെ ഞാൻ ഒരു പലചരക്കു വ്യാപാരിക്കൊപ്പം പണിയെടുത്തു. അങ്ങനെ ഞാനിതാ, ഇപ്പോൾ, ഇവിടെ."


മോജുദിന്റെ വിശ്വരേഖാപദങ്ങൾ പരിശോദിച്ചാൽ, തിരശ്ചീന ജീവിതം എത്രയോ ശുഷ്കമാണ്. നാലും മൂന്ന് ഏഴുവരികൾ. മിഷിയോ കാക്കു എന്ന ശാസ്ത്രകാരൻ വിശദീകരിക്കുന്നതിനനുസരിച്ച് (HYPERSPACE), തിരശ്ചീന തലത്തിൽ പോലും അതിന് പരിമിതികളുണ്ട്. ചില ബഫർ സോണുകളുണ്ട്. ആ മേഖലയിലേക്ക് നമുക്ക് സഞ്ചരിക്കാനാവില്ല. അതേസമയം അയാളുടെ (മോജുദ്) വെർട്ടിക്കൽ ലിവിങ് പരിധികളില്ലാത്തതാണ്. Existentially boundless. ആ പരിധിയില്ലായ്മയിൽ എവിടെ വെച്ചും അയാൾ അനുഭവിക്കുന്നത് 'ഇപ്പോൾ, ഇവിടെ'യാണ്. 'trust' എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഏതു നിമിഷത്തിലും ഉദ്‌ഘോഷിക്കാവുന്ന 'ഇപ്പോൾ, ഇവിടെ' യാണ്; പുറമേക്കുള്ള ഉദ്‌ഘോഷം അതിന്റെ പ്രകൃതമല്ലെങ്കിലും. 'ഇപ്പോൾ, ഇവിടെ' എന്ന അവസ്ഥ സ്വയം ഉദ്ഘോഷിച്ചുകൊണ്ടിരിക്കും, സൗരഭ്യം നിറഞ്ഞ പരാഗരേണുക്കൾ പോലെ സൂക്ഷ്മമായ ഊർജ്ജപ്രസരണങ്ങൾ. ആ അവസ്ഥയുടെ നിശബ്ദത പോലും ആഘോഷത്തിന്റെ ധ്വനികൾ പരത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ചുറ്റുമുള്ളവർ മോജുദിനോട് ഇങ്ങനെ ചോദിക്കാൻ ഉത്സുകരാവുന്നത്,"നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു?"


'അജ്ഞേയസരസ്സിലെ സ്വർണ്ണപുഷ്പങ്ങൾ' എന്ന ലേഖനങ്ങളിൽ (http://dhyantarpan.blogspot.com/2018/12/1.html) പരാമർശിക്കപ്പെട്ടിട്ടുള്ള ചില വ്യക്തിത്വങ്ങൾ, ലാൽചന്ദും ദേവ ഹംസയും മറ്റും, തിരശ്ചീനവും ലംബീയവുമായ ജീവിതങ്ങളിൽ സമ്പന്നരാണ്; ഒരു പക്ഷേ മോജുദിനെപ്പോലെത്തന്നെ. അല്ലെങ്കിൽ, നമ്മുടെയെല്ലാം ജീവിതങ്ങൾക്ക് എവിടെയാണ് കുറവുള്ളത്? കുറവുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തിരശ്ചീന പെരുമാറ്റങ്ങളുടെ കുറവല്ല. അത് സംഭവ വികാസങ്ങളുടെ കുറവല്ല. അത് മറ്റുപലരുടേയും ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ തോന്നുന്ന 'താരതമ്യേന'യുള്ള കുറവല്ല. അത് അവബോധപരമായ അനുസ്യൂതതയുടെ, continuum, കുറവാണ്. 

ചിന്നിച്ചിതറിക്കിടക്കുന്ന വിവര ശകലങ്ങൾ… ഏതോ കലാപ ഭൂമിയുടെ ദൂരക്കാഴ്ചയിലേതുപോലെ… അലകും പിടിയും വേർപെട്ട് ചോര വറ്റിയ ഭൂതകാല ദൃശ്യങ്ങൾ….എത്തും പിടിയും കിട്ടാത്ത മോഹഭംഗങ്ങൾ … 

നമ്മുടെ ബോധമണ്ഡലം ഒരു കലാപഭൂമികയാണ്, ആനുഭൂതികമായ നൈരന്തര്യതയില്ലാതെ വരുമ്പോൾ. 

നമ്മുടെ ബോധമണ്ഡലം മൃതമായ ഒരു ഡേറ്റാ ശേഖരമാണ്; സമ്യക്കായ സാമഞ്ജസ്യമില്ലാതെ വരുമ്പോൾ. 

ഇതിനേക്കാളൊക്കെ കൃത്യമായും സർവ്വസമഗ്രമായും ഇങ്ങനെ പറയാം: നമ്മുടെ ബോധമണ്ഡലം ഓർമ്മകൾക്കും ഭാവനകൾക്കുമിടയിൽ ഭ്രാന്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന വികലമായ ഏതോ ഒരു വ്യവസ്ഥാഭ്രമമാണ്; യുക്തിയുടെ കഠിനമായ പുറം തോട് പൊട്ടിച്ചുകൊണ്ട് trust എന്ന ഒരു അങ്കുരം സംഭവിക്കുന്നില്ലായെങ്കിൽ. 

ജീവൻ എന്ന പ്രതിഭാസത്തിൽ, അവബോധം എന്ന പ്രതിഭാസത്തിൽ, അങ്ങനെയൊരു നാമ്പ് കിളിർത്തുവരാതെ വയ്യ. എന്നിട്ടും പക്ഷേ എങ്ങനെയാണ് നമ്മിൽ അത് സംഭവിക്കാതെ പോകുന്നത്? ഏതായാലും ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല അതിനുള്ള ഉത്തരം. സഹജതയെ ഹനിച്ചുകൊണ്ടുള്ള ഒരു ജീവിതത്തിൽ trust ന് മുളയെടുക്കാൻ നന്നേ ബുദ്ധിമുട്ടാണ്. പൂർണ്ണപ്രാപ്തമല്ലാത്ത ഒരു പ്രവൃത്തിയിൽ (in the abscence of action of totality) അതിന്റെ അങ്കുരങ്ങൾക്ക് ശക്തി പോരാതെ വരുന്നു. തുടക്കത്തിൽ trust വെറുമൊരു തോന്നലാണത്രേ, just a feeling. അത് തന്റെ ഉണ്മയായി- being - മാറുന്നതിന് ചില കാലാവസ്ഥാ ഘടകങ്ങൾ അനിവാര്യമാണ് - സത്യസന്ധത, സ്വീകാര്യത, തെളിമ എന്നിങ്ങനെ. അല്ലാത്തപക്ഷം ഏറെ സാധ്യതയുള്ളത് trust എന്നത് വെറും വിശ്വാസം (belief) എന്ന നിലയിലേക്ക് കുരുടിച്ചുപോകാനാണ്. ഒരുപക്ഷേ, ഈ ഘടകങ്ങളെയെല്ലാം ചേർത്ത് 'സ്വാതന്ത്ര്യം' എന്ന ഒരൊറ്റ മൂല്യമായും മനസ്സിലാക്കാവുന്നതാണ്. ആ സ്വാതന്ത്ര്യം പക്ഷേ ഒരാൾ സ്വയമേവ എടുത്തു പ്രയോഗിക്കേണ്ടതാണെന്നു മാത്രം.

  

                                                *                      *                     *


മോജുദിന് മുന്നിൽ (മോജുദ് എന്ന പേരിന് 'സ്വയം  സന്നിഹിതനായിരിക്കുന്നവൻ' എന്നാണർത്ഥം) ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന 'ഖിദ്ർ', നാം എല്ലാവരിലും ഉണർന്നിരിക്കുന്ന വഴികാട്ടിയാണ്. ഉപമകളും പ്രതീകപ്രയോഗങ്ങളും ദഹിക്കാത്തവരുണ്ടെങ്കിൽ, സ്വയം പ്രഭാവിതമായിരിക്കുന്ന ഒരു ഊർജ്ജസംവിധാനത്തിന്റെ ചലനോന്മുഖത എന്ന് മനസ്സിലാക്കുക, the very intrinsic longing. അത്യാവശ്യമായിട്ടുള്ള ഘട്ടങ്ങളിൽ അത് നമുക്ക് അനുഭവവേദ്യമാവുക അത്രക്കും പ്രത്യക്ഷഭാവത്തിലാണ്; പുറത്തുനിന്നും ഏതോ ഒരാൾ നമ്മുടെ മുന്നിൽ വന്നുനിന്നതുപോലെ. 


ആ വഴികാട്ടിയുടെ നിർദ്ദേശങ്ങൾക്ക് നമ്മുടെ കൈകാലുകൾ തടസ്സമാകാതിരിക്കട്ടെ. ഒരുപക്ഷേ, അത്രമാത്രമേ ഈ ജീവിതത്തിൽ നമുക്ക് ശ്രദ്ധിക്കേണ്ടതായുള്ളൂ. ആ വഴികാട്ടി നമ്മെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഇടയ്ക്കിടെ പറിച്ചെറിഞ്ഞുകൊണ്ടിരിക്കും. ഒരിടത്തും പൊറുതി തുടങ്ങാൻ ആ ഊർജ്ജം നമ്മെ അനുവദിച്ചേക്കില്ല. ഒരുവേള, ആന്തരികമായെങ്കിലും അങ്ങനെയാണ്. മനസ്സിന്റെ ജഡത്വമാണ് ഏതൊരു നിമിഷത്തേയും 'കഴിയാതിരുന്നെങ്കിൽ!, അല്ലെങ്കിൽ, ഒന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കിൽ!' എന്ന് നമ്മെക്കൊണ്ട് ആശിപ്പിക്കുന്നത്. ചലനാത്മകത എന്നത് ജീവൻ എന്ന പ്രതിഭാസത്തിന്റെ പ്രഥമ ഭാവമായിരിക്കേ, നാം ശാന്തമായി അനുചരിക്കുക മാത്രമേ വേണ്ടതുള്ളൂ; 'ചരൈവേതി ചരൈവേതി' എന്ന ബുദ്ധസൂക്തം പോലെ. 

ഓഷോയുടെ വാക്കുകൾ ഇങ്ങനെയാണ്:

“Whenever you are settling the inner guide will unsettle you again. Whenever you are settling the Master will unsettle you again. Because you are not to be allowed to settle anywhere before God, hence constant unsettling. All are stations on the Way. You can have an overnight stay but by the morning you have to leave.

With a Master you can never settle forever in anything. The Master has to go on changing you. The moment you feel now your roots are getting deep into the soil, you will be uprooted. The moment you feel,”Now I have learnt this work and I am doing it efficiently”,your work will be changed - because that is not the purpose when you live in a Buddhafield. The purpose is to constantly keep you insecure so one day you learn the beauty of uncertainty, so one day you forget about settling and the very pilgrimage becomes your goal. When the journey itself is the goal, then your life is the life of a sannyasin.”

OSHO, The Wisdom of the Sands vol 2 # 1


Yes, the beauty of uncertainty. സുനിശ്ചിതമായതെല്ലാം മൃതസൗന്ദര്യമാണ്. അനിശ്ചിതത്വത്തിന്റെ പ്രസന്നത. അനിശ്ചിതത്വത്തിൽ പ്രസാദവാനായി നിലകൊള്ളുക. പരിശീലനത്തിലൂടെയല്ലാതെ, പരിപക്വതയിലൂടെ മാത്രം സ്വായത്തമായേക്കാവുന്ന ഒന്ന്.


                                                    *                      *                        *


ഈ കഥയെ അധികരിച്ചു സംസാരിക്കുന്നതിനിടയിൽ ഓഷോ പങ്കു വെക്കുന്ന മറ്റൊരു ഫലിതമുണ്ട്:

നിരീശ്വര വാദിയായ ഒരാൾ ഒരിക്കൽ ഒരു പാറമുനമ്പിലൂടെ നടന്നുകൊണ്ടിരിക്കേ താഴേക്കു വഴുതി വീണു. താഴേക്കു താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കേ, ഒരു കൂർത്ത പാറയിലെ വിളുമ്പിൽ അയാൾക്ക് കഷ്ടിച്ച് പിടിത്തം കിട്ടി. പാറയിടുക്കിൽ അള്ളിപ്പിടിച്ചു ഞാന്ന് കിടന്നാടുമ്പോൾ, അയാൾ തിരിച്ചറിഞ്ഞു, താൻ എത്ര ദുർഘടം പിടിച്ച ഒരവസ്ഥയിലാണെന്ന്. താഴേക്കു നോക്കിയപ്പോൾ കൂർത്തുമൂർത്ത പരുക്കൻ പാറകൾ..കണ്ണെത്താത്തേടത്തോളം. പോരാത്തതിന് കടുത്ത തണുപ്പും. എങ്ങനെയെങ്കിലുമൊക്കെ കയറിവരാം എന്ന യാതൊരു പ്രതീക്ഷയും കാണുന്നില്ല. പാറവിളുമ്പിലെ അയാളുടെ പിടി അയഞ്ഞു തുടങ്ങുകയാണ്.


"എന്നാൽ പിന്നെ ," അയാൾ വിചാരിച്ചു," ഇനി ദൈവത്തിനു മാത്രമേ എന്നെ രക്ഷിക്കാനാവൂ. ഞാൻ ഒരിക്കലും ദൈവത്തിൽ വിശ്വസിച്ചിട്ടില്ല. ഒരു പക്ഷേ എന്റെ ധാരണ തെറ്റാണെങ്കിലോ! എനിക്കിനി നഷ്ടപ്പെടാൻ എന്തുണ്ട്?" അയാൾ ഉറക്കെ വിളിച്ചു,"ദൈവമേ! നിങ്ങൾ ഉണ്ടായിരിക്കുന്നുണ്ടെങ്കിൽ, എന്നെ രക്ഷിക്കുക. ഞാൻ നിങ്ങളിൽ വിശ്വസിച്ചോളാം." എങ്ങു നിന്നും യാതൊരു ഉത്തരവും വന്നില്ല. അയാൾ വീണ്ടും അലറി വിളിച്ചു," ദൈവമേ പ്ലീസ്. നിങ്ങൾ രക്ഷിക്കുകയാണെങ്കിൽ ഇനി മുതൽ ഞാൻ നിങ്ങളിൽ വിശ്വസിച്ചോളാം."


പെട്ടെന്ന് മേഘങ്ങൾക്കിടയിൽ നിന്ന് ഒരു അശരീരി കേട്ടു." ഓ, നീയൊന്നും വിശ്വസിക്കാൻ പോകുന്നില്ല. എനിക്കറിയാം നിന്നെയൊക്കെ."

അയാൾക്ക് അതിശയമായി. ആ അമ്പരപ്പിൽ പാറയറ്റത്തെ പിടിത്തം വിട്ടുപോകുമായിരുന്നു. " ദൈവമേ പ്ലീസ്. ഞാൻ ഉറപ്പായിട്ടു പറയുന്നു, നിങ്ങൾക്ക് തെറ്റി. ഞാൻ വിശ്വസിക്കുക തന്നെ ചെയ്യും !"


"ഇല്ലേയില്ല. നീ വിശ്വസിക്കാനൊന്നും പോകുന്നില്ല. എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് പറയാറ്.”


അയാൾ വീണ്ടും വീണ്ടും ദൈവത്തോട് അപേക്ഷിച്ചു.


അവസാനം ദൈവം പറഞ്ഞു,"എന്നാൽ ശരി, ഞാൻ നിന്നെ രക്ഷിക്കാം....നിന്റെ പിടിത്തം വിട്ടോളൂ."


"പിടിത്തം വിടാനോ?", അയാൾ ആക്രോശിച്ചു,"നിങ്ങൾ വിചാരിക്കുന്നത് എനിക്ക് വട്ടാണെന്നാണോ?"


'പിടിത്തം വിടുക' എന്നത് നാം മിക്കവർക്കും സാധ്യമേയല്ലാത്ത

ഒന്നാണ്. ദൈനം ദിന യുക്തികളുടെ കാണാച്ചരടുകൾകൊണ്ട് നാം നമ്മെത്തന്നെ നിത്യവും ഭദ്രമാക്കി കെട്ടിവെച്ചുകൊണ്ടിരിക്കും. യുക്തികളുടെ ചതുർബലങ്ങളെക്കൊണ്ട് - ഭൗതികത്തിലെ അതേ ബലങ്ങൾ - നിർമ്മിതമായിരിക്കുന്ന മനോ-ശരീര വ്യവസ്ഥയിൽ നിന്നും മറ്റൊരു സമീപനം പ്രതീക്ഷിക്കാനാവില്ല. എന്തുതന്നെ സംഭവിച്ചാലും നാം മാറ്റി പിടിക്കുക  മാത്രമേ ചെയ്യൂ; ഒരു കയ്യിൽ നിന്നും മറ്റേ കയ്യിലേക്ക്; ഒരു യുക്തിയിൽ നിന്നും മറ്റൊരു യുക്തിയിലേക്ക്; ഒരു നിലപാടിൽ നിന്ന് മറ്റൊരു നിലപാടിലേക്ക്....സുരക്ഷിതത്വം എല്ലായ്‌പ്പോഴും നാം ഉറപ്പാക്കിക്കൊണ്ടിരിക്കും. പക്ഷേ നാം ഓർക്കാതെ പോകുന്നത്, ഓർക്കാൻ ഇഷ്ടപ്പെടാത്തത്, നാം അള്ളിപ്പിടിച്ചിരിക്കുന്ന ഈ യുക്തികളൊക്കെയും ഒരു വലിയ അയുക്തിയുടെ പാറ വിളുമ്പുകൾ മാത്രമാണെന്നതാണ്. നാം ആർജ്ജിച്ചുകൂട്ടുന്ന അറിവുകളൊക്കെയും - knowledge, informations - നമ്മുടെ തെറ്റിദ്ധാരണകളെ ശക്തിപ്പെടുത്താനുള്ള കോൺക്രീറ്റുചേരുവകൾ മാത്രമാണ്. നമ്മുടെ പാദുകപൂജകളും വിശുദ്ധഗ്രന്ഥ ജപങ്ങളുമെല്ലാം എങ്ങനെയെങ്കിലും 'പിടിത്തം' വിടാതിരിക്കാനുള്ള ഹിപ്നോട്ടിക് ഉപായങ്ങൾ മാത്രമാണ്. 

"അങ്ങ് കടുത്ത ആത്മീയ സാധനകൾക്കായി സ്വയം വിട്ടുകൊടുക്കുകയായിരുന്നോ?"

"അല്ല, ഞാൻ സ്വയം വിട്ടു കൊടുക്കുക മാത്രമായിരുന്നു."

അവർക്ക് അയാളെ മനസ്സിലായില്ല.




ആളുകൾക്ക് എങ്ങനെ മനസ്സിലാവാനാണ്. അവർക്ക് / നമുക്ക്, ഏറിവന്നാൽ മനസ്സിലാവുക എന്തിനെങ്കിലും വേണ്ടി വിട്ടുകൊടുക്കുക എന്നതാണ്. ഒന്നിനും വേണ്ടിയല്ലാതെയുള്ള യാതൊന്നും ഈ ജീവിതത്തിൽ പൊതുവേ നമുക്കറിവുള്ളതല്ല. എത്ര തന്നെ പരോക്ഷമായതാണെങ്കിലും, പ്രതിഫലം, ലക്‌ഷ്യം, ഉദ്ദേശ്യം, എന്നിവയെക്കൂടാതെ നമ്മുടെ മനോ-ശരീര  വ്യവസ്ഥ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എത്രയോ പഴയ വേർഷൻ ആണ്. പുതിയ വിൻഡോസ് അപ്‌ഡേഷൻ നാം ബോധപൂർവ്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഈ അപ്‌ഡേഷൻ സംഭവിക്കുന്നത് trust എന്ന അദൃശ്യ വേദികയിലാണ്. ആ വേദികയിലാണ് സ്വാതന്ത്ര്യം എന്ന മൂല്യം ആഘോഷിക്കപ്പെടുന്നത്. അല്ലെങ്കിൽ, ഈ അപ്ഡേഷൻ സംഭവിക്കുന്നത് സ്വാതന്ത്ര്യം എന്ന വേദികയിലാണ്. trust എന്ന സൗരഭ്യമാണ് വേദിയിലെമ്പാടും ആഘോഷിച്ചു തിമിർക്കുന്നത്.


'Life Never Goes Wrong' എന്നത് പകർത്തുവാൻ പറ്റിയ ഒരു ഉദ്ധരണിയോ പ്രസ്താവമോ അല്ല. തീർത്തും സ്വകാര്യമായ ഒരു ഗ്രാഹ്യമാണത്, തികച്ചും വൈയക്തികമായ - individual- ഒരു ബോധ്യം. വാക്കുകളുടെ മൂശയിലേക്കൊഴിച്ചു അർത്ഥ സ്വരൂപങ്ങൾ മെനഞ്ഞെടുക്കുക അസാധ്യമാണ് മിക്കപ്പോഴും, ബോധ്യങ്ങളുടെ കാര്യത്തിൽ. മറ്റുള്ളവരോട് വിനിമയം ചെയ്യുക എന്നത് പോകട്ടെ, താൻ തന്നെ ശീലിച്ചു വശായിട്ടുള്ള യുക്തിഭദ്രതകളോട് ചേർന്നുപോവുകപോലുമില്ല അവ. താൻ തന്നെ അതുവരേക്കും കെട്ടിയുണ്ടാക്കിയ പാഠങ്ങളുടേയും അനുഭവങ്ങളുടേയുമെല്ലാം കോട്ടമതിലുകൾ ഒരു കാർട്ടൂൺ ചിത്രത്തിലെന്നോണം നിശബ്ദം ചിതറിയുടയുന്നത് തനിക്കു തന്നെ കാണാനാകും. ഉദാഹരണസഹിതമുള്ള നൂറു നൂറു ചോദ്യങ്ങൾ നമ്മുടെ മുന്നിൽ തലയുയർത്തി നില്ക്കും. അവക്ക് മുന്നിൽ നിശ്ശബ്ദനാവുകയേ വഴിയുള്ളൂ. അപ്പോഴും പക്ഷേ, സൗമ്യമായ ഒരു ജ്വാല, ശോഭയോടെ തെളിഞ്ഞുനില്ക്കുന്നത് അവനവനു മാത്രം അറിയാൻ പറ്റിയാലായി. അറിഞ്ഞില്ലെങ്കിലും ആ ദീപനാളം അങ്ങനെത്തന്നെ എരിയുന്നുണ്ടാകും. അതനുഭവിക്കാതിരിക്കുമ്പോഴത്തെ അവസ്ഥയെയാണ് നാം ദുരിതമെന്നറിയുന്നത് - suffering. അതറിയാതിരിക്കുക എന്നത് ചെയ്യാൻ പാടില്ലാത്തതായ ഒരു തെറ്റോ പാപമോ അല്ല. നമ്മുടെ പ്രകൃതത്തിൽ നാം ആർജ്ജിച്ചെടുത്ത ധൃതിയും ആർത്തികളും മറ്റുമായി സ്വാഭാവികമായി സംഭവിച്ചു പോകുന്ന ഒരു ‘വിഡ്ഢിത്തം’ എന്ന് മാത്രമേ അതേപ്പറ്റി പറയാനാവൂ. ദീപം തെളിഞ്ഞുകൊണ്ടിരിക്കുമ്പോഴും, കണ്ണുകളടച്ചുപിടിച്ചതുകൊണ്ടുമാത്രം താൻ അന്ധനാണെന്നു വിചാരിക്കുകയും, നടക്കുമ്പോൾ എവിടെയെങ്കിലുമൊക്കെ മൂക്കിടിക്കുകയും തടഞ്ഞുവീഴുകയും ചെയ്യു ന്നതുപോലുള്ള ബാലിശമായ അബദ്ധങ്ങൾ. 


Life Never Goes Wrong. 

ഒരുപക്ഷേ അബദ്ധങ്ങളിലൂടെയെങ്കിലും കണ്ണുകൾ തുറക്കപ്പെടുകയാണെങ്കിലോ! കാണാപ്രപഞ്ചത്തോളം വിസ്തൃതമായ ഈ ജീവിതത്തിലെ സംഭവ്യതകളും സാധ്യതകളുമെല്ലാം അങ്ങനെയാണ്. കാര്യകാരണങ്ങളും ശരിതെറ്റുകളും യുക്തായുക്ത വിചാരങ്ങളുമെല്ലാം കേവലം വ്യാവഹാരിക ലോകത്തിലെ നിഴലനക്കങ്ങൾ മാത്രം. വ്യവഹാരികതയുടെ ലോകത്താകട്ടെ യുക്തിക്കാണ് പ്രാധാന്യമേറെയും. 

നമുക്കറിയാം, 

എപ്പോഴെങ്കിലും നാം സ്വയം വിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ… 

ആ നിമിഷങ്ങളെല്ലാം അങ്ങനെയാണെന്ന്. 

Trust-ന്റെ സൗരഭ്യം പുരണ്ടിട്ടുള്ള നിമിഷങ്ങളെല്ലാം അങ്ങനെയാണ്. അവയെപ്പറ്റി എന്താണ് പറയാനാവുക?

                                        


(Illustrations
originally done by
Ma Prem Pujan)

Tuesday, June 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 28





ഒഴിഞ്ഞ തോണി


എത്ര തവണ കേട്ടാലും മതിവരാത്ത ഒന്നാണ് സെൻ മാസ്റ്ററായിരുന്ന Lin Chi യുടെ ജീവിതത്തിലെ ഒഴിഞ്ഞ തോണിയുടെ കഥ:

സമയം കിട്ടുമ്പോഴെല്ലാം, രാത്രിനേരങ്ങളിൽ വിശേഷിച്ചും, അടുത്തുപ്രദേശത്തുണ്ടായിരുന്ന വിശാലമായ ഒരു തടാകത്തിൽ, തോണിയിൽ കയറിയിരുന്ന് വെറുതേ ഇങ്ങനെ വിശ്രമിക്കുക ലിൻ-ചി യുടെ പതിവായിരുന്നു. തടാകത്തിൽ വേറെയും തോണികൾ കിടപ്പുണ്ട്. ഒരു രാത്രി അദ്ദേഹം കണ്ണുകളടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ തോണിയിന്മേൽ മറ്റൊരു തോണി വന്ന് ഇടിക്കുകയുണ്ടായി. ലിൻ ചി യുടെ തോണി ഇളകിയാടി. പെട്ടെന്നുണ്ടായ ഇടിയുടെ ആഘാതത്തിൽ ലിൻ  ചി തോണിയിൽ നിന്നും തെറിച്ചു വീഴേണ്ടതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം അങ്ങനെ സംഭവിച്ചില്ലന്നേയുള്ളൂ.

ലിൻ ചി കണ്ണ് തുറന്നത് ആളിക്കത്തുന്ന കോപത്തോടെയായിരുന്നു. ഏതവനാണ് തന്റെ തോണിയിന്മേൽ മറ്റൊരു തോണി കൊണ്ട് വന്ന് ഇടിച്ചത്? ഇവനൊന്നും കണ്ണ് കണ്ടു കൂടെ? തന്റെ ഈ തോണി മറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു? തോണിക്ക് കേടുപാടുകൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. വേണ്ടിവന്നാൽ തോണി കൊണ്ടുവന്ന് ഇടിച്ചയാളുടെ മൂക്കിനിട്ട് ഒന്ന് കൊടുക്കാൻ തയ്യാറായിക്കൊണ്ടുതന്നെയാണ് ലിൻ ചി കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ പക്ഷേ മുന്നിലുണ്ടായിരുന്നത് ഒരു ഒഴിഞ്ഞ തോണിയായിരുന്നു. കാറ്റിൽ ആടിയുലഞ്ഞു വന്ന ഒരു തോണി, തന്റെ തോണിയിൽ വന്ന് വെറുതെ മുട്ടിയതാണ്. ലിൻ ചി യുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചത് ആ തോണിയായിരുന്നു. ഒരു ഒഴിഞ്ഞ തോണി ലിൻ ചി യുടെ ഗുരുവായിത്തീർന്നു.


ഒഴിഞ്ഞ തോണി, ജീവിതയാഥാർഥ്യത്തെ പ്രതി ഒരു പ്രതീകമാണ്. ഏതു നിമിഷവും ഏതു സന്ദർഭത്തിലും ഓർമ്മിക്കാവുന്ന ഒരു പ്രതീകം. ജീവിതത്തിലെ ഏതു മുഹൂർത്തമാണ് വെറും ഒഴിഞ്ഞ തോണിയല്ലാതുള്ളത്? ലിൻ ചി യുടെ കഥയിലേതുപോലെ ദേഷ്യം  ഇരച്ചു കയറി വരുന്ന സാഹചര്യങ്ങളിൽ അതിനെ തിരിച്ചറിയാൻ വളരെ എളുപ്പമായേക്കാം. നാം കോപം കൊണ്ട് നിറയുന്നത് മിക്കവാറും കണ്ണുകളടച്ചു - അബോധത്തിലോ മുൻവിധികളിലോ അന്ധനായി - കഴിയുന്നതുകൊണ്ടാണ്. പലപ്പോഴും നാം വിചാരിക്കുന്നത് നാം ധ്യാനിക്കുകയാണ് എന്നാണ്; നമ്മുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണത്രേ !

കണ്ണുകൾ തുറന്നു നോക്കുമ്പോഴേ കാണാനാവൂ, മുന്നിൽ വന്നു നില്ക്കുന്ന ഏതു സന്ദർഭവും കേവലം ഒരു യാദൃശ്ചിക സംഭവമാണെന്ന്; പൊള്ളയായത്; a mere happening. ആ തോണിയിൽ ആരും തന്നെ ഉണ്ടായിരിക്കുന്നില്ല. ആരും തന്നെ അതിനെ തുഴഞ്ഞുകൊണ്ടുവന്ന് നമുക്ക് പ്രതിബന്ധം സൃഷ്ടിച്ചിരിക്കുകയല്ല. ഒരല്പം കൂടി വ്യക്തമായി നോക്കുകയാണെങ്കിൽ, ഏതെങ്കിലും ഒരാൾ കോപത്താൽ ജ്വലിച്ചുകൊണ്ട് മുന്നിൽ വന്നു നിന്നാൽ പോലും, അയാളേയും കാറ്റിൽ ഉലഞ്ഞാടി വന്ന വെറുമൊരു തോണിയാണെന്നു കാണാൻ സാധിക്കും. Again, a mere happening. അങ്ങനെ വരുമ്പോൾ ആരോടാണ് നാം അതേ നാണയത്തിൽ തിരിച്ചടിക്കുക? നമുക്കകത്ത് നുരഞ്ഞുവന്ന കോപത്തെ നാം എവിടെയാണ് കാലിയാക്കുക? മുന്നിലുള്ളത് വെറും ഒഴിഞ്ഞ ഒരു തോണിയാണെന്നുള്ള തിരിച്ചറിവ്, നിർജ്ജീവമായ ഒരു വസ്തുവാണെന്നുള്ള തിരിച്ചറിവ്, പ്രതികരിക്കാനുള്ള തന്റെ ത്വര വെറും മുൻവിധി കൊണ്ട് ഉണ്ടായതാണെന്ന തിരിച്ചറിവ്, നമ്മിലുയർന്നുവന്ന ഊർജ്ജപ്രവാഹത്തിന്റെ ഗതിയെ അകത്തേക്ക് തന്നെ തിരിച്ചുവിടുന്നു. ട്രാൻസ്ഫോർമേഷന്റെ നിമിഷങ്ങളാണവ. ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്തവ.


ഇവിടെ, വെറും ഉപരിപ്ലവ തലത്തിൽ നിന്നുകൊണ്ടുതന്നെ, തികച്ചും പ്രായോഗികമായി മറ്റൊരു ചോദ്യം ചോദിക്കാവുന്നതാണ്. ഒഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും തന്റെ തോണിയിൽ മറ്റൊരു തോണി വന്ന് ഇടിച്ചാലുള്ള പ്രത്യാഘാതത്തെ എങ്ങനെ നേരിടണം? 

വെറും ഒഴിഞ്ഞ തോണിയാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ. ആ തിരിച്ചറിവ് സമ്മാനിക്കുന്ന തെളിമ ചെറുതല്ല. ആ തെളിമയിൽ നിന്ന് കൊണ്ട് അയാൾക്ക് മുന്നോട്ട് പോകാം. വഴിതെറ്റി വന്നിടിച്ച തോണിയെ തള്ളിമാറ്റാം. തന്റെ തോണിക്കു വല്ല കേടുപാടുകളും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് പരിഹാരങ്ങൾ നിശ്ചയിക്കാം. മാത്രവുമല്ല ഒരുപക്ഷേ, കാറ്റിൽ ഒരു തോണി ആടിയുലഞ്ഞുവന്ന് ഇടിക്കാനുള്ള സാധ്യത മുന്നിൽ കാണാമായിരുന്നുവോ എന്ന് ഓർത്തുനോക്കാം. അത്രതന്നെ.

തോണിയിൽ ആളുണ്ടായിരുന്നുവെങ്കിലോ? അയാൾ മനഃപൂർവ്വം ഇടിച്ചതാണെങ്കിലോ? അപ്പോഴും അയാൾക്ക് തിരിച്ചറിയാം: ഒരൊഴിഞ്ഞ തോണിയെ തുഴഞ്ഞുകൊണ്ട് മറ്റൊരു ഒഴിഞ്ഞ തോണി! അയാളിൽ ബോധമോ സമചിത്തതയോ ഒഴിഞ്ഞിരിക്കുന്നു! അയാളിൽ കോപമോ വെറുപ്പോ മറ്റു വികാരങ്ങളോ ആണ് നിറഞ്ഞിരിക്കുന്നത്. ഏതൊക്കെയോ യാദൃശ്ചികതകളാണ് അയാളെക്കൊണ്ട് അങ്ങനെയൊക്കെ പ്രവർത്തിപ്പിക്കുന്നത്. ഈ തിരിച്ചറിവ് നമ്മിലുണ്ടാക്കുന്ന സുതാര്യത, ആ സന്ദർഭത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വെളിപ്പെടുത്തും.


ഇനി വേറെ ചില ആളുകളുണ്ട്: കണ്ണ് തുറന്നിരിക്കുമ്പോൾത്തന്നെ ഒരു ഒഴിഞ്ഞ തോണി വന്ന് അബദ്ധത്തിൽ മുട്ടിയാൽ, അതിനോടും തട്ടിക്കയറുന്നവർ. വാതിലിലോ മേശയുടെ മൂലയിലോ കാലൊന്നു തട്ടിയാൽ, ദേഷ്യത്താൽ മേശയെ മറിച്ചിടാൻ ശ്രമിക്കുന്നവരോ, വാതിലിനിട്ട് ഒരു ചവിട്ടു കൊടുക്കുന്നവരോ ഉണ്ട്. ഒരു സ്ക്രൂ ഡ്രൈവർ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, സ്ക്രൂ ശരിയാം വണ്ണം തിരിയുന്നില്ലെങ്കിൽ, സ്ക്രൂ ഡ്രൈവറിനെ വലിച്ചെറിയുന്നവരുണ്ട്. പച്ചക്കറി നുറുക്കുമ്പോൾ കത്തിക്ക് മൂർച്ച പോരെന്നും പറഞ്ഞ് കത്തിയെ വലിച്ചെറിയുന്നവരുണ്ട്. അതുവരേക്കും നമ്മുടെ പാദങ്ങളെ സംരക്ഷിച്ചുപോന്ന പാദരക്ഷകളെ നിർദാക്ഷിണ്യം അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്നവരുണ്ട്. എന്തിലും ഏതിലും തങ്ങൾക്കെതിരായ ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ട് എന്ന മട്ടിലാണ് അവർ പെരുമാറിപ്പോരുന്നത്. തൂണിലും തുരുമ്പിലും ദൈവമിരിപ്പുണ്ടോ എന്ന കാര്യത്തിൽ അവർ സംശയിച്ചെന്നു വരാം. എന്നാൽ, ജീവനില്ലാത്ത ഒരു സ്ക്രൂ ഡ്രൈവർ പോലും തനിക്കെതിരാണെന്ന കാര്യത്തിൽ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഏതു ജീവിത സന്ദർഭത്തിലും സ്വയം പ്രകടിപ്പിച്ചുകൊണ്ട് അവർ മുന്തി നിൽപ്പുണ്ടാവും. ഒന്നുകിൽ അഹങ്കാരിയെന്നോണം. അതുമല്ലെങ്കിൽ വിനയത്തെ പ്രദർശിപ്പിച്ചുകൊണ്ട്. അവർ ഒരിക്കലും സാധാരണപോലെ (normal) പെരുമാറുന്നില്ല. താവോയിസത്തിൽ ഇത്തരക്കാർക്ക് വേണ്ടിയും 'ഒഴിഞ്ഞ തോണി' എന്ന പ്രതീകത്തെ ഉപയോഗിക്കാറുണ്ട്. അല്പം അർത്ഥഭേദമുണ്ടെന്നു മാത്രം. ഇത്തരം സന്ദർഭത്തിൽ അവർ പറയാറുള്ളത്, ‘ഒരു ഒഴിഞ്ഞ തോണിയായിരിക്കുന്നതിനു പകരം തോണിയിൽ നിങ്ങൾ (you) കയറിക്കൂടിയിരിക്കുന്നു’ എന്നാണ്. 'ഞാൻ' എന്ന് നാം കൊട്ടിഘോഷിച്ചുകൊണ്ടു നടക്കുന്നത് ഒരു അനധികൃത കൈയേറ്റക്കാരനെയാണെന്നു ചുരുക്കം. സ്വാഭാവികമായ അസ്തിത്വത്തിൽ 'ഞാനും നീയു'മെവിടെ? സംഭാഷണ വിനിമയോപാധിയായിട്ടുള്ള രണ്ടു പദങ്ങൾ എന്നതിനപ്പുറം അവക്ക് എന്ത് സ്ഥാനമുണ്ട്?



ഈ മനനത്തെ ഇങ്ങനെ ഉപസംഹരിക്കാവുന്നതാണ്: ബാഹ്യമായിട്ടുള്ളതെന്തും ഒഴിഞ്ഞ തോണികളാണ്. അവയിൽ ഒരു കർത്താവിനെ (doer) നാം സങ്കല്പിച്ചെടുക്കുന്നതാണ്. അല്ലാത്തപക്ഷം സകലതും, ഒരു വ്യക്തിയടക്കം, മറ്റൊരു happening മാത്രം. ആന്തരികമായിട്ടുള്ളതാകട്ടെ, അതായത് 'ഞാൻ' എന്ന് നാം അറിയുന്നത്, എല്ലായ്‌പ്പോഴും ഒരു ഒഴിഞ്ഞ തോണിയായിരിക്കട്ടെ. 'ഞാൻ' നിറഞ്ഞു നില്ക്കുമ്പോഴെല്ലാം നാം ഒഴിഞ്ഞ തോണികളല്ലാതായിത്തീരുന്നു. ശ്രമകരമായ ഒരു അഭ്യാസമായല്ല ഈ പ്രതീകത്തെ / ഈ ഉപമയെ സമീപിക്കേണ്ടത്; മറിച്ച്, സൗമ്യമായ, സാർത്ഥകമായ ഒരു ഓർത്തെടുക്കലായിരിക്കട്ടെ 'ഒഴിഞ്ഞ തോണി'; a cheerful remembering.






                                              


Thursday, June 2, 2022

ആൾക്കൂട്ടം : ഒരു വ്യക്തിവിചാരണ




ഓരോ വ്യക്തിയും ഓരോ ആൾക്കൂട്ടമാണെന്ന് സംശയലേശമെന്യേ വ്യക്തമാക്കിത്തന്നത് ഓഷോയായിരുന്നു. ഒരാൾക്കൂട്ടത്തിന് ലഹളയിൽക്കവിഞ്ഞ് യാതൊന്നും ചെയ്യാനുമാവില്ലെന്നും. അതുകൊണ്ടാണ് മനുഷ്യരാശിയുടെ ഇന്നോളമുള്ള സമൂഹ ജീവിതം, അത് ഓർക്കാൻ അറപ്പുളവാക്കും വിധം ബീഭത്സമായിരുന്നിട്ടും, തെല്ലും അതിശയിപ്പിക്കാത്തത്. ഇനിയും മുന്നോട്ടുള്ള ജീവിതം - ഭാവി ചരിത്രം - ഒട്ടും അതിശയിപ്പിക്കാൻ പ്രാപ്തമല്ലാത്തതും അതുകൊണ്ടുതന്നെ. ലഹളയിൽക്കവിഞ്ഞ് മറ്റൊരു വിധത്തിലും ആൾക്കൂട്ടത്തിനു പെരുമാറാനാവില്ല. ആൾക്കൂട്ടത്തിന്റെ ഏറ്റവും പ്രബലമായ സ്വഭാവം, ആൾക്കൂട്ടത്തെ ആൾക്കൂട്ടമായിത്തന്നെ നിലനിർത്തുക എന്നതാണ്; എന്ത് വിലകൊടുത്തും. ഈ ആൾക്കൂട്ടപരിപാലനം നടപ്പിലാക്കിപ്പോരുന്നത് രണ്ടു ദല്ലാളുമാരിലൂടെയാണ് - മതവും രാഷ്ട്രീയവും. പണ്ടുമുതൽക്കേ അതങ്ങനെയാണ്. അതങ്ങനെയാവാനേ വഴിയുള്ളൂ. ആൾക്കൂട്ടമെന്ന പ്രവണതയിൽ നിന്നും സ്വയമേ ഉരുത്തിരിഞ്ഞുവരുന്ന ഉപായങ്ങളാണവ. മനുഷ്യൻ ആൾക്കൂട്ടമായി നിലനിൽക്കുന്നേടത്തോളം ഈ രണ്ടു ദല്ലാൾമാരും കർമ്മനിരതരായിരിക്കും. 

ആൾക്കൂട്ടത്തിന് ഒരേയൊരു ശത്രുവേയുള്ളൂ- വ്യക്തി. വ്യക്തിക്കാകട്ടെ ആൾക്കൂട്ടം ഒരു ശത്രൂവല്ലതാനും. അയാളെ സംബന്ധിച്ച് ആൾക്കൂട്ടം ഒരു മിത്രവുമല്ല, ഒരുപരിചയക്കാരൻ പോലുമല്ല. എന്തുകൊണ്ടെന്നാൽ വ്യക്തിയെന്നത് ബോധത്തിന്റെ തെളിവായിരിക്കുമ്പോൾ, ആൾക്കൂട്ടമെന്നത് അബോധത്തിന്റെ നിയതസ്വഭാവമായി നിലകൊള്ളുകയാണ്. ആൾക്കൂട്ടത്തിന് വ്യക്തിയോട് ശത്രുത തോന്നുന്നത് അപകർഷതയുടെ ഭാഗമായിട്ടുകൂടിയാണ്. ഒരുപക്ഷേ കൂട്ടമായി നില്ക്കുക എന്നത് വംശത്തിന്റെ അതിജീവനത്തിനു അത്യാവശ്യമാണെന്ന ജീവശാസ്ത്രപരമായ ആജ്ഞ മനുഷ്യന്റെ ഓരോ കോശത്തിലും ഇനിയും ത്രസിക്കുന്നുണ്ടാകാം. അവൻ ഇനിയും അവന്റെ ഗുഹാവാസത്തിൽ നിന്നും മാനസികമായി പുറത്തുവന്നിട്ടില്ല, the CAVEMAN hangover. ആദിമ കാലത്ത് ഏതു നിമിഷവും അവന്റെ ജീവൻ ഭീഷണിയിലായിരുന്നെങ്കിൽ, ഇന്നവൻ കുറേക്കൂടി സുരക്ഷിതനും സ്വതന്ത്രനുമാണെന്ന വസ്തുത ഉപരിപ്ലവമായി മാത്രമേ അവനിലൂടെ കടന്നുപോയിട്ടുള്ളൂ. അവനിപ്പോഴും സംശയാലുവും ഭീതിതനുമാണ്. അവൻ ഇനിയും വിശ്രാന്തനാവാൻ മാത്രം പക്വത ആർജ്ജിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എന്ന മൂല്യം അവനിൽ അപകർഷതയും അരക്ഷിതത്വവും ജനിപ്പിക്കുന്നു. ജീവിതത്തിലെ സുപ്രധാന വെല്ലുവിളികളൊക്കെയും തനിച്ച് നേരിടേണ്ടുന്ന ഒരവസ്ഥയിലേക്ക് സ്വാതന്ത്ര്യം അവനെ കൊണ്ടെത്തിക്കുന്നു. ജീവശാസ്ത്രപരമായി അവന്റെ നാഡീവ്യവസ്ഥയത്രയും സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടികൊണ്ടിരിക്കുമെങ്കിലും മറുവശത്ത് സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏറ്റെടുക്കേണ്ടിവരുന്ന ഉത്തരവാദിത്തം, സ്വതന്ത്രനാവുന്നതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കും. ‘വ്യക്തി’യെന്ന് നാം തെറ്റിദ്ധരിച്ചു പോരുന്ന ‘ആൾക്കൂട്ട’ത്തിൽ ഉയിരെടുക്കുന്ന ഈ കലഹമാണ് യഥാർത്ഥ ആൾക്കൂട്ടങ്ങളുടെ ലഹളയും കലാപവുമൊക്കെയായി അവതരിക്കുന്നത്. 

ഫ്രഞ്ച് ചിന്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും മറ്റുമായിരുന്ന ഗുസ്താവ് ലെ ബോ (Charles-Marie Gustave Le Bon), തന്റെ പ്രശസ്തമായ ‘The Crowd’ എന്ന കൃതിയിൽ ആൾക്കൂട്ടത്തെ തരം തിരിച്ചിരിക്കുന്നത് പ്രധാനമായും രണ്ടായിട്ടാണ് - Heterogeneous crowds, Homogeneous crowds - വിജാതീയ ആൾക്കൂട്ടവും സജാതീയ ആൾക്കൂട്ടവും. വിജാതീയ ആൾക്കൂട്ടത്തിൽ രണ്ടു തരക്കാരുണ്ട്: പേരില്ലാത്തവരും പേരുള്ളവരും. കവലയിലെ ആൾക്കൂട്ടം പേരില്ലാത്തവരാണ് - Anonymous crowds. അതേസമയം നിയമസഭ / ലോക സഭ സാമാജികർ, മധ്യസ്ഥർ വിധികർത്താക്കൾ എന്നിവരെല്ലാം പേരുള്ള ആൾക്കൂട്ടമാണ്. (നമ്മുടെ സംസ്ഥാനത്തെ നിയമസഭാ ആൾക്കൂട്ടം കാട്ടിക്കൂട്ടിയ വിക്രിയകളുടെ കേസ് ഇനിയും കോടതിയിലാണെങ്കിലും അവരും, ഒരു പക്ഷേ കോടതിയിലെത്തിയില്ലെങ്കിലും അവരെക്കാളും ഒട്ടും മോശമല്ലാത്തവരും, ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നോർത്ത് പുളകം കൊള്ളുന്ന ഒരു വലിയ ആൾക്കൂട്ടമത്രേ നാം!) സജാതീയ ആൾക്കൂട്ടത്തിൽ പെടുന്നവർ - 1. രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ 2. വിവിധ തരം തൊഴിൽ വർഗങ്ങൾ, നമ്മുടെ നാട്ടിലെ ജാതികൾ 3. മധ്യവർഗം, കാർഷിക വർഗം എന്നിങ്ങനെയുള്ളവർ. വിവിധ തരം വിഭാഗങ്ങളുടെ പൊതുസ്വഭാവങ്ങളെപ്പറ്റി ഗുസ്താവ് ലെ വിശദീകരിക്കുന്നുണ്ടെങ്കിലും
കൂടുതലും പാശ്ചാത്യ സമൂഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണങ്ങളാണത് എന്നാണ് തോന്നിയിട്ടുള്ളത്. മാത്രവുമല്ല എല്ലാ വിഭാഗങ്ങളിലും പൊതുവായും ഇടകലർന്നും നിലനിൽക്കുന്ന പലതരം പ്രവണതകളുണ്ടുതാനും.  

അതേ സമയം ആൾക്കൂട്ടത്തെ ഓഷോ തരം തിരിച്ചിരിക്കുന്നത് കൂടുതൽ അടിസ്ഥാനപരമായാണ്. ലോകത്തെ ഏതൊരു സമൂഹത്തേയും ഉൾപ്പെടുത്താനാവും വിധം: ആൾക്കൂട്ടം (mob), സമൂഹം (crowd), സംഘം (organization) എന്നിങ്ങനെ. ഇതിൽ മൂന്നിലും പെടാതിരിക്കുന്നവരെയാണ് 'ജനങ്ങൾ' (people) എന്ന് അറിയേണ്ടത്. മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളുടേയും ഇരകളാണിവർ. ഇന്നല്ലെങ്കിൽ നാളെ അവർ ആൾക്കൂട്ടത്തിന്റെ ഭാഗമായിത്തീരുന്നു. ആൾക്കൂട്ടമല്ലാതിരിക്കുമ്പോൾ ഒരുപക്ഷേ അവർ 'സമൂഹ'ത്തിന്റെ ഭാഗമായി നിലകൊള്ളാം. എന്നാൽ ഏതു നിമിഷവും അവർ ആൾക്കൂട്ടത്തിനോട് ചേർന്നുപോകാവുന്നതാണ്. കുറേക്കൂടി ഉയർന്നവരെന്നും സംസ്കാരമുള്ളവരെന്നുമൊക്കെ തോന്നിപ്പിക്കുന്നവരാണ് സംഘങ്ങൾ. സംഘമാകട്ടെ, എത്ര നല്ല ഉദ്ദേശ്യശുദ്ധിയോടു കൂടിയതായിരുന്നാലും, ആത്യന്തികമായി അവർ ആൾക്കൂട്ടത്തിന്റെയും സമൂഹത്തിന്റേയുമൊക്കെ എല്ലാ വിവേകശൂന്യതയും പേറുന്നവയാണ് ; നമ്മുടെ ചുറ്റുമുള്ള പ്രതികരണത്തൊഴിലാളികളായ സാംസ്കാരിക നായകരെപ്പോലെത്തന്നെ!
 
A Pinting by Nicolas Poussin

സ്വയം അടിച്ചമർത്തപ്പെട്ട ആൾക്കൂട്ടങ്ങളാണ് എല്ലാ സംഘങ്ങളും. അവ രാഷ്ട്രീയസംഘങ്ങളാകട്ടെ (സംഘടനകൾ), ആത്മീയ സംഘങ്ങളാകട്ടെ, സാംസ്കാരിക സംഘങ്ങളാകട്ടെ, ആൾക്കൂട്ടത്തെ അടിവയറ്റിൽ വഹിക്കുന്നുണ്ട്. അതുകൊണ്ടാണവർ തങ്ങളുടെ പ്രവർത്തനമഹിമകളെ സംഘബലം കൊണ്ട് അളന്നുനോക്കുന്നത്. അതുകൊണ്ടാണ് അവരുടെ ആത്യന്തികമായ പ്രവൃത്തി നിർവ്വഹണം, operation, ആൾക്കൂട്ടങ്ങളുടെ അപകർഷതയെ പോഷിപ്പിച്ചുകൊണ്ടായിരിക്കുന്നത്. (മതപരിസരങ്ങളാണെങ്കിൽ അപകർഷതയുടെ സ്ഥാനത്ത് പാപബോധമായിരിക്കുമെന്നു മാത്രം-guilt). 
ഏതൊരു സംഘടനക്കും അവരുടെ അണികളെ അപകർഷതയുടെ ലായങ്ങളിൽ തളച്ചിട്ടേ പറ്റൂ. എന്തെന്നാൽ അപകർഷതയിലാണ് അക്രമം മുളയെടുക്കുന്നത്; അപകർഷതയുടെ കീറത്തുണികൾക്കൊണ്ടാണ് അവർ പ്രതിരോധത്തിന്റെ കച്ചമുറുക്കുന്നത്; അപകർഷതയുടെ അരിവാൾ മുറിവുകളെക്കൊണ്ടാണ് അവർ വിധേയത്വത്തിന്റെ വിളവെടുപ്പ് നടത്തുന്നത്. അപകർഷതകളുടെ നീണ്ട ദണ്ഡുകളുടെ അറ്റത്താണ് നാളെയെന്ന പ്രതീക്ഷയുടെ എല്ലിൻ കഷ്ണങ്ങൾ തൂക്കിയിട്ടിരിക്കുന്നത്. അതിനെ കണ്ടുകൊണ്ട് അവർ എത്ര വേണമെങ്കിലും നടന്നുകൊണ്ടേയിരിക്കും! ആൾക്കൂട്ടത്തിന് അതിന്റെ അപകർഷതയെ മറികടക്കാൻ, കൂടുതൽ അംഗീകാരവും പ്രാധാന്യവും കിട്ടിയേ തീരൂ. മത - രാഷ്ട്രീയ സംഘടനകൾ സകലതിനേയും വാർത്തയാക്കുന്നത് അതുകൊണ്ടാണ്. എന്നാൽ അതുകൊണ്ടുതന്നെയാണ്, വാർത്തയാകേണ്ട പലതും അങ്ങനെയല്ലാതെ പോകുന്നതും. ഉഷ്ണക്കാറ്റേറ്റ്‌ ചത്തുപോകുന്ന ജനങ്ങൾ, അതിശൈത്യം സഹിക്ക വയ്യാതെ മരിച്ചുപോകുന്നവർ, യൂണിയൻ കാർബൈഡ്പോലുള്ള ദുരന്തങ്ങൾ, എൻഡോസൾഫാൻ ഇരകൾ എന്നിങ്ങനെ അർഹിക്കുന്ന വാർത്താപ്രാധാന്യം ലഭിക്കാതെ പോകുന്നത് ജനങ്ങൾക്കാണ്; ആൾക്കൂട്ടത്തിനല്ല. പരിഹാരങ്ങൾ ഒന്നും ഉണ്ടാവാതെ നോക്കുകയും വാർത്തക്കുള്ള സ്രോതസ്സുകൾ അടഞ്ഞുപോവാതെ നോക്കുകയും ചെയ്യേണ്ടത് രാഷ്ട്രീയത്തിന്റെ ബാധ്യതയാണ്. അവരത് ഭംഗിയായി നിർവ്വഹിക്കുന്നുമുണ്ട്. 

ആൾക്കൂട്ടത്തിന് നിസ്സാരമായ എന്തെങ്കിലും മതി, അതു വാർത്തയാവുകയും ചർച്ചയാവുകയും ചെയ്യും. എന്തെന്നാൽ, അതിശയോക്തിയെന്നത്, നന്മയായാലും തിന്മയായാലും, ഏതൊരു ആൾക്കൂട്ടത്തിന്റെയും അടിസ്ഥാനപ്രകൃതമാണ്. കലാപമെന്നത് കേൾക്കാതെപോയവരുടെ ഭാഷയാണെന്ന് മാർട്ടി ലൂഥർ കിംഗ് നടത്തിയിട്ടുള്ള ഒരു പ്രസ്താവമാണ് (A riot is the language of the unheard-Martin Luther King, Jr.). ‘A riot is the language of the OVERHEARD’ എന്ന് തിരുത്തുകയായിരിക്കും നല്ലത്. അതിശയോക്തി പുരണ്ട
കേൾവിയിലൂടെയല്ലാതെ ഒരൊറ്റ കലാപവും പടർന്നിട്ടില്ല, ഉത്ഭവിച്ചിട്ടുമില്ല. 

ഈ മൂന്നിലും പെടാതെ കഴിഞ്ഞുപോകുന്ന - ബോധപൂർവ്വം മാറിനില്ക്കുന്നവരല്ല - 'ജനങ്ങൾ' എന്ന അവസ്ഥ തീർത്തും പരിതാപകാരമെന്നേ പറയേണ്ടൂ. എന്നാൽ തന്നിലെ വൈയക്തികത - INDIVIDUALITY - ഒന്നുകൊണ്ടുമാത്രം യാതൊന്നിലും പെടാതെ (പെട്ടുപോകാതെ ഒഴിഞ്ഞുമാറുന്നതല്ല) ജീവിക്കുന്നവരുണ്ടെങ്കിൽ , അങ്ങനെയുള്ളവരെയാണ് വ്യക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇപ്പറയുന്ന വ്യക്തിയാണ് ആൾക്കൂട്ടത്തിന് ഏറ്റവും ശത്രുവായി കാണപ്പെടുന്നത്. അവനിലെ സ്വാതന്ത്ര്യം ആൾക്കൂട്ടമെടുക്കുക തങ്ങളോടുള്ള അവഹേളനമായാണ്. അവന്റെ ആഘോഷം ആൾക്കൂട്ടത്തെ സംബന്ധിച്ച് അവർക്കു നേരെയുള്ള പ്രകോപനമാണ്. ആൾക്കൂട്ടത്തിന് ആകെ അറിയാവുന്ന ഭാഷ പ്രതിരോധത്തിന്റേതാണ്. (സഖാവ് എന്നതിന് ചുരുട്ടിയ മുഷ്ടിയുടെ ഇമോജിയാണ് ഇക്കാലത്ത് ഉപയോഗിച്ചുപോരുന്നത് എന്ന് ഓർമ്മവരുന്നു). വ്യക്തിയുടെ ഭാഷയാകട്ടെ ആനന്ദത്തിന്റേതും. 
 
ആൾക്കൂട്ടങ്ങൾ ഒരു വശത്ത് പിടിച്ചു പറിക്കുമ്പോൾ, സംഘങ്ങൾ ഇപ്പുറത്ത് സഹായവും സഹാനുഭൂതിയുമായി അരങ്ങു വാഴും. ആൾക്കൂട്ടങ്ങൾ സഹായം കൊണ്ട് പൊറുതിമുട്ടിക്കുമ്പോൾ, സംഘങ്ങൾ നിശബ്‌ദമായി അവരുടെ പേരിൽ അംഗീകാരവും പ്രശസ്തിയും സമ്പത്തും കവർന്നെടുത്തുകൊണ്ടിരിക്കും; ആത്യന്തികമായി സ്വാതന്ത്ര്യവും. ആൾക്കൂട്ടവും സംഘങ്ങളും പരസ്പരം സംതുലനം ഉറപ്പുവരുത്തുന്നതിൽ ജാഗരൂകരാണ്. 
അതേസമയം വ്യക്തിയാകട്ടെ തന്റെ ആനന്ദം പങ്കു വെക്കുക മാത്രമേ (sharing)
ചെയ്യുന്നുള്ളൂ; പുറമേ നിന്ന് അതെത്ര ശ്രമകരമായ ചെയ്തിയെന്നു കാണപ്പെട്ടാലും. വ്യക്തിയുടെ ആഘോഷമെന്നത്, ഒരു സൗരഭ്യമെന്നോണം സൗമ്യമായി പ്രസരിക്കുന്നതാണെങ്കിൽ, ആൾക്കൂട്ടത്തിന്റെ ആഘോഷമെന്നത് പ്രച്ഛന്നമായിട്ടുള്ള പ്രതിഷേധങ്ങളാണ്; മാത്സര്യങ്ങൾ നിറഞ്ഞതും. അതങ്ങനെയല്ലെന്നും കേവലം നിഷ്ക്കളങ്കമായ സന്തോഷങ്ങളാണവയെന്നും പറഞ്ഞു പറ്റിക്കാനുള്ള ദൗത്യം സംഘങ്ങളുടേതാണ്. നിഷ്കളങ്കമായ ആൾക്കൂട്ടങ്ങൾ എന്നൊന്നില്ലതന്നെ. സമാധാനപ്രിയരായ ആൾക്കൂട്ടമെന്നതും. അത്തരം പ്രയോഗങ്ങൾ തന്ത്രപൂർവ്വമുള്ള വിരുദ്ധോക്തികളാണ് - oxymorons. 

ഇനി നമ്മൾ ഏതെടുത്താലും - ആൾക്കൂട്ടം, സമൂഹം, സംഘം - അവയിൽ ഈ മൂന്നു വിഭാഗങ്ങളും കൂടിയും കുറഞ്ഞും കുടികൊള്ളുന്നതായി കാണാവുന്നതാണ്. മാത്രവുമല്ല, മതങ്ങളാകട്ടെ രാഷ്ട്രീയസംഘടനകളാകട്ടെ, ഇവയിലൊക്കെയും മേൽപ്പറഞ്ഞ ചേരുവകൾ വ്യത്യസ്തങ്ങളാണെന്നു കാണാം. ആൾക്കൂട്ടങ്ങളുടെ പ്രകൃതത്തിൽ ഊന്നി നില്ക്കുന്ന മതങ്ങളുണ്ട്, സമൂഹമെന്ന ചട്ടക്കൂട് പരിപാലിക്കുന്ന മതങ്ങളുണ്ട്, വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കർക്കശമായി ഇടപെടാത്ത മതങ്ങളുണ്ട്. ഇതുപോലെത്തന്നെ വ്യത്യസ്ത പ്രകൃതങ്ങൾ പ്രാമുഖ്യം പുലർത്തുന്നവ തന്നെയാണ് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും. രാഷ്ട്രീയ പാർട്ടികൾ പക്ഷേ ഈ മൂന്നു പ്രകൃതങ്ങളും അവസരത്തിനൊത്ത് മാറ്റി പ്രയോഗിക്കുന്നവരാണ്. അവരെ സംബന്ധിച്ച് മതം ഏതുമാകട്ടെ, ആശയം ഏതുമാകട്ടെ, ദുരന്തം ഏതുമാകട്ടെ, സമൂഹമാകട്ടെ, സംഘമാകട്ടെ, തങ്ങളുടെ അധികാര സുരക്ഷയെ കണക്കിലെടുത്തുകൊണ്ട് ഏതു നിറത്തിലുമുള്ള കുപ്പായമിടാനും തയ്യാറാണവർ. നെപ്പോളിയൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: "It was by becoming a Catholic," said Napoleon to the Council of State, "that I terminated the Vendéen war.† By becoming a Mussulman that I obtained a footing in Egypt. By becoming an Ultramontane that I won over the Italian priests, and had I to govern a nation of Jews I would rebuild Solomon's temple."
 
മതങ്ങൾക്ക് അത് അത്ര തന്നെ എളുപ്പമല്ലെന്ന് മാത്രം. 

ആൾക്കൂട്ടത്തിൽ ഊന്നിനിൽക്കുന്ന മതങ്ങളും സംഘടനകളും കൂടുതൽ ആക്രമവാസനയുള്ളവയാകും. അവയായിരിക്കും മറ്റു മതങ്ങളുടെ നേർക്ക്, അല്ലെങ്കിൽ മറ്റു രാഷ്ട്രീയ സംഘടനകളുടെ നേർക്ക് കൂടുതൽ അധീശത്വം പുലർത്താൻ ശ്രമിക്കുക. സമൂഹ പ്രവണത പുലർത്തുന്നവ കൂടുതൽ കൗശലവും കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടാണ് നിലനിൽക്കുക. അവയുണ്ടാക്കുന്ന സ്വാധീനം സൂക്ഷ്മമായ തലത്തിലാണ്. ബൗദ്ധികമായി ഔന്നത്യം പുലർത്തുന്ന, വൈയക്തികയെ കൂടുതൽ ബഹുമാനിക്കുന്ന (individual oriented) ഏതൊരു മതമാകട്ടെ, രാഷ്ട്രീയ / സാംസ്കാരിക സംഘടനയാകട്ടെ (അങ്ങനെയൊന്നുണ്ടെങ്കിൽ), ആൾക്കൂട്ട സ്വഭാവമുള്ള മറ്റു സംഘടനകളുടെ / മതങ്ങളുടെ മുൻപിൽ പിടിച്ചു നില്ക്കാൻ പാടാണ്. ഒന്നുകിൽ അവർക്ക് പൂർണ്ണമായും വൈയക്തികതയിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ, തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചകൾ ചെയ്ത് ആൾക്കൂട്ടത്തിന്റെ സ്വഭാവവൈകൃതങ്ങളിലേക്കു വീണുപോവുകയോ ചെയ്യാം. സാധാരണയായി രണ്ടാമത് പറഞ്ഞതാണ് സംഭവിച്ചുപോരുന്നത്. 

നിർജ്ജീവമെന്ന പോലെ ജീവിച്ചുപോകുന്ന ജനങ്ങളെ ആൾക്കൂട്ടത്തിലേക്ക് പരിണമിപ്പിക്കുന്ന പണിയാണ് മത-രാഷ്ട്രീയ മാഫിയ വാസ്തവത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് വർത്തയാകേണ്ട പലതും വാർത്തയാകാതെ പോയതിനുശേഷം, അല്ലെങ്കിൽ അതർഹിക്കുന്ന പരിഗണന നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനു ശേഷം, ആൾക്കൂട്ട പരിണാമം സാധ്യമായതിനു ശേഷം മാത്രം അതിന് എന്തെന്നില്ലാത്ത വാർത്താപ്രാധാന്യം കൈവരുന്നത്. ബാബരി മസ്‌ജിദും മലബാർ ലഹളയും നമ്മുടെ മൂക്കിന് താഴെയുള്ള ഉദാഹരണങ്ങളാണ്. ചെറിയ ആൾക്കൂട്ടത്തിൽ ഒതുങ്ങി നിന്ന് കെട്ടു പോകുമായിരുന്ന പ്രശ്നം രാഷ്ട്രീയമായ ഇടപെടലുകളിലൂടെ ഒരു വലിയ ജനസമൂഹത്തെ രണ്ടു ചേരിയിലുള്ള ആൾക്കൂട്ടമായി പരിണമിപ്പിക്കാൻ എടുത്ത സമയമാണ് യഥാർത്ഥ ബാബരി മസ്‌ജിദ്‌. അതുപോലെത്തന്നെ, അംബേദ്‌കറും ആർ.സി.മജൂംദാർ തുടങ്ങിയ പ്രഗത്ഭ ചരിത്ര പണ്ഡിതന്മാരും കേരളത്തിലെത്തന്നെ പല പ്രമുഖരും വെറും വർഗീയ ലഹളയെന്ന് തുറന്നുകാട്ടിയതിനു ശേഷവും, മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്ന് പാഠപുസ്തകങ്ങളിൽ അച്ചടിച്ച് വരാൻ ഇടയാക്കിയത് ആൾക്കൂട്ട പ്രവണത താരതമ്യേന കുറഞ്ഞ ഒരു സമൂഹത്തെ വോട്ടുബാങ്ക് ജോലിക്കാരും മതിപ്പു കല്പിക്കുന്നില്ല എന്നതിനുദാഹരണമാണ്. ഈയിടെയായി ആ ലഹളയ്ക്ക് കൈവന്നിട്ടുള്ള വാർത്താപ്രാധാന്യവും ഇരുപക്ഷത്തുമുള്ള ആൾക്കൂട്ടമേൽക്കോയ്മയിലെ വടം വലികൾ മാത്രമാണ്. 

ആൾക്കൂട്ടങ്ങളിൽ നിന്നും ഇതിൽക്കവിഞ്ഞൊന്നും പ്രതീക്ഷിക്ക വയ്യ. ഇവയൊക്കെയും കേവലം പ്രതിപ്രവർത്തനങ്ങളാണ് - reactions; പെട്ടെന്നുള്ളതായാലൂം പിന്നീടുള്ളതായാലും. അതേ സമയം നമുക്ക് വേണ്ടിയിരുന്നത് പ്രതികരണങ്ങളാണ് - responses. ഒരു സമൂഹത്തെ സംബന്ധിച്ചാണെങ്കിൽ responses എന്നത് കൂടുതൽ ശാസ്ത്രീയമായിരിക്കും, കൂടുതൽ വാസ്തവികമായിരിക്കും. അതുപക്ഷേ, ആൾക്കൂട്ടവും, അതിന്റെ ഭാഗമായിരിക്കേ അതിനെത്തന്നെ തങ്ങളുടെ ഉപജീവനമാക്കി കഴിയുന്ന ആചാര്യ / നേതൃത്വ / സാംസ്കാരിക നായകത്വ വർഗ്ഗങ്ങൾ, സമ്മതിച്ചുതരില്ല (ആൾക്കൂട്ടങ്ങളിലൂടെ). മാത്രവുമല്ല, അത് നിറവേറാനുള്ള അവസരം സൃഷ്ടിച്ചു തരികയുമില്ല. എന്തെന്നാൽ, ആൾക്കൂട്ടത്തിലധിഷ്ഠിതമായ ഒരു വ്യർത്ഥ ശ്രമത്തെ നാം ജനാധിപത്യമെന്ന ഓമനപ്പേരിട്ടുകൊണ്ടു പരിരക്ഷിച്ചുപോരുന്നുണ്ട്. ശാസ്ത്രസാങ്കേതികതയിൽ അധിഷ്ഠിതമായ ഒരു പ്രവർത്തിമണ്ഡലത്തിൽ (functionality) ജനാധിപത്യത്തിനും മറ്റു ആധിപത്യങ്ങൾക്കുമെല്ലാം സ്ഥാനമെവിടെയാണ്? 

ആൾക്കൂട്ടങ്ങളെപ്പോഴും ഭൂതകാലത്തിൽ ഊറ്റം കൊള്ളുന്നവയാണ്; ഭാവിയെപ്പറ്റി അതിശയഭാവന ചെയ്യുന്നവയും. സംസ്കൃതിയും രക്തസാക്ഷിത്വവും സ്വർഗ്ഗവും സോഷ്യലിസവുമെല്ലാം ടെലിവിഷൻ സീരിയലുകളെപ്പോലെ അന്ത്യമില്ലാതെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കും, ആൾക്കൂട്ടങ്ങളെ. അവ വിശുദ്ധ ഗ്രന്ഥങ്ങളേയും മാനിഫെസ്റ്റോകളേയും പരാമർശിച്ചുകൊണ്ടേയിരിക്കും, അവയിലെ ഉദ്ധരിണികളുടെ കൃത്യതയെപ്പറ്റി തർക്കിച്ചുകൊണ്ടേയിരിക്കും. ഒരു വ്യക്തിക്ക് പക്ഷേ ഇവയൊന്നും ജീവിതാവശ്യമായി ഭവിക്കുന്നില്ല. അവനെ സംബന്ധിച്ച് വെറും ആർഭാടങ്ങൾ മാത്രമാണവ, വേണമെങ്കിൽ മറിച്ചുനോക്കാവുന്നവ. ആൾക്കൂട്ടത്തിന്റെ സൗന്ദര്യ സങ്കല്പങ്ങൾ ഭൂതകാലത്തിലധിഷ്ഠിതമായ, അല്ലെങ്കിൽ അതിനെ പോറലേല്പിക്കാത്ത ശീലങ്ങൾ മാത്രമാണ്. വ്യക്തിയുടേതാകട്ടെ, അവന്റെ വർത്തമാനത്തിലധിഷ്ഠിതമായ അനുഭൂതിയെ അനുസരിച്ചുള്ള പ്രതികരണങ്ങൾ മാത്രമാണ്.
 

മനുഷ്യന്റെ ഇതുവരേക്കുമുള്ള ചരിത്രം കലാപങ്ങളുടെ കഥകളൂം കണക്കുകളും മാത്രമായിരിക്കേ, മുന്നോട്ടും അതുതന്നെയാവുമെന്നാണോ? സവിശേഷമായ ഒരു മാറ്റത്തിനുള്ള സാദ്ധ്യതകൾ കാണുന്നില്ല. അതേ സമയം, രണ്ടു കാര്യങ്ങൾ ചില പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. അതായത്, അത്തരത്തിൽ പൊടുന്നനേയുള്ള ഒരു മാറ്റം സംഭവിക്കുകയാണെങ്കിൽ, അതിനു കാരണമാവുക ശാസ്ത്രവും വാണിജ്യവുമായിരിക്കും. രാഷ്ട്രീയക്കാരുടേയും മതനേതാക്കളുടേയും വികൃത ഹസ്തങ്ങൾ ദുർബ്ബലമാവാൻ തുടങ്ങുന്നു. ഈ രണ്ടു മേഖലകളിലും അവരുടെ സ്വാധീനം കുറഞ്ഞുവരാൻ തുടങ്ങുന്നതോടെ, മനുഷ്യന്റെ ജീവിതത്തിൽ വൈയക്തികതയുടെ - individuality - ഊർജ്ജപ്രസാരണം വർദ്ധിച്ചുവരാൻ സാധ്യതയുണ്ട്. അവനിതുവരേക്കും അനുഭവിച്ചു വന്നത് ഒരു ആൾക്കൂട്ടത്തിന്റെ മുഴുവൻ അസ്വാസ്ഥ്യങ്ങളായിരുന്നുവെങ്കിൽ, ഇനിയങ്ങോട്ട് അവൻ തികച്ചും വ്യക്തിപരമായ മടുപ്പും അർത്ഥമില്ലായ്‌മയും നേരിടാൻ തുടങ്ങും. ആൾക്കൂട്ടത്തിൽ നിന്നും സമൂഹത്തിലേക്കും സംഘത്തിലേക്കും മറിച്ചും തിരിച്ചുമെല്ലാം മാറി മാറി വേഷമിടുന്നതിനു പകരം അവൻ ഈ മുഷിഞ്ഞ ആവർത്തനത്തിൽ നിന്നും ഒരു 'വ്യക്തി' എന്ന തലത്തിലേക്ക് തെറിച്ചുപോകാനുള്ള സാധ്യതകൾ ഏറിവരാൻ ഇടയുണ്ട്; പരിചിതമായ ഓർബിറ്റിൽ നിന്നും തെറിച്ചു പോകുന്ന ഒരു ഇലെക്ട്രോണിനെപ്പോലെ. ഒരുപക്ഷേ, അപ്പോഴും കലാപങ്ങളൊടുങ്ങണമെന്നില്ല. ആ കലാപങ്ങൾ പക്ഷേ ഇതുപോലെ അക്രമത്തിന്റെയോ വിനാശത്തിന്റേതോ ആയിരിക്കില്ല. അതൊരുപക്ഷേ സർഗ്ഗാത്മകതയുടേതാകാം, in all dimensions. അന്ന് ഏറ്റവും മുഷിഞ്ഞതും അർത്ഥശൂന്യവുമായ വാക്കുകളിലൊന്ന് വിപ്ലവമെന്നതാകാം - revolution. അവിടെയാണ് ഓഷോ മുന്നോട്ടു വെക്കുന്ന മറ്റൊരു വാക്കിന്റെ സൗന്ദര്യം ഒരു ഹിമവൽശൃംഗം പോലെ തിളങ്ങിനിൽക്കുന്നത് 
 - the rebellion. 
A rebellious Man. 
A Zorba the Buddha. 




Saturday, May 28, 2022

ഉണർവിലേക്കുള്ള പടവുകൾ - 27



രക്ഷപ്പെടാൻ ഇടമില്ല തെല്ലും


ജീവിതത്തിൽ നിന്നും രക്ഷപ്പെടുക എന്നത്, ഒരുപക്ഷേ എല്ലാവരും എല്ലാവരേയും വിമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. ആത്മീയപാതയിൽ ചരിക്കുന്നവർക്കെതിരെ 'നിങ്ങൾ ജീവിതത്തിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുകയാണ്' എന്ന് ഭൗതികവാദികളും യുക്തിവാദികളുമൊക്കെ കളിയാക്കുമ്പോൾ, 'നിങ്ങളും ജീവിതത്തിൽ നിന്നും ഓടിയൊളിക്കുകയാണ്, ജീവിതം യുക്തിയിലോ ഭൗതികതയിലോ ഒതുങ്ങി നില്ക്കുന്നതല്ല' എന്ന് ആത്മീയരും പുച്ഛിച്ചുതള്ളും. 

ESCAPISTS - കളുടേതാണ് ലോകം. നമ്മുടെ എല്ലാ ചെയ്തികളേയും ശ്രദ്ധിച്ചു നോക്കിയാൽ  മനസ്സിലാവുന്ന ഒന്ന്, നാം എല്ലാ ചെയ്തികളേയും, രക്ഷപ്പെടാനുള്ള ഉപാധിയാക്കുന്നു എന്നതാണ്. കടൽത്തീരത്ത് കാറ്റു കൊള്ളുന്നതാകട്ടെ, വാഹനത്തിൽ യാത്ര ചെയ്യുന്നതാകട്ടെ, പത്രം വായിക്കുന്നതാകട്ടെ, മറ്റാളുകളുമായുള്ള സൗഹൃദമാകട്ടെ, പത്മാസനത്തിലിരുന്ന് മനപ്പൂർവ്വം കണ്ണടക്കുന്നതാകട്ടെ, നിസ്കാരമാകട്ടെ, ജപമാകട്ടെ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതാകട്ടെ സകല പ്രവൃത്തികളുടേയും പിന്നാമ്പുറങ്ങളിൽ ത്രസിക്കുന്നത്, തന്നിൽ നിന്നു തന്നെ, ജീവിതത്തിൽ നിന്നു തന്നെ, രക്ഷപ്പെടാനുള്ള അദൃശ്യമായ ത്വരകളാണ്. 



അതുകൊണ്ടാണ് യാതൊരു പ്രവൃത്തിയും സംതൃപ്തിയുടെ - contentment - നിറവ് സമ്മാനിക്കാത്തത്. ഒട്ടു മിക്കവാറും സന്ദർഭങ്ങളിൽ പല ചെയ്തികളും ഏറിയാൽ അല്പം ശമനമുണ്ടാക്കിയേക്കാം - satisfaction. Satisfaction എന്നത് വൈകാരികമായ ഒരു സാമൂഹ്യ മാനദണ്ഡമാണ് - a social scale. പരസ്പര ധാരണയുടെ പുറത്തുകയറി നടന്നുവരുന്ന ഒരു വികാരം. ഏർപ്പെടുന്ന ഒരു പ്രവൃത്തി തികച്ചും വൈയക്തികമാണോ (individual) അതോ സമൂഹോന്മുഖമാണോ (society oriented) എന്ന് തിരിച്ചറിയാൻ, ആ പ്രവൃത്തി നമ്മെ സംതൃപ്തരാക്കുകയാണോ കേവലം satisfied ആക്കുകയാണോ എന്ന് നിരീക്ഷിച്ചാൽ മതി. സംതൃപ്‍തി നല്കാത്ത ഏതു പ്രവൃത്തിയും ജീവിതത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ്. ഇവിടെ പ്രവൃത്തി എന്ന് പറയുമ്പോൾ, കേവലം ചെയ്തി - activity- എന്നല്ല അർത്ഥമാക്കുന്നത്. പ്രവൃത്തി എന്നാൽ, അനങ്ങാതിരിക്കുന്നു എന്ന് നാം വിചാരിക്കുമ്പോൾ പോലും, നാം നിവൃത്തിച്ചുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണോ, അത്തരം മനോ വൃത്തികളെക്കൂടിയാണ് ഉദ്ദേശിക്കുന്നത്. പ്രവൃത്തിയിലല്ല കാര്യം, പ്രവൃത്തികളെ ഒഴിവാക്കാനുമാവില്ല. പ്രവൃത്തി കേവലം ഒരു പ്രവൃത്തി മാത്രമാണ്. അതിനെ സംതൃപ്തമായ രീതിയിൽ സമീപിക്കണോ, സ്വയം രക്ഷപ്പെടാനുള്ള ഉപാധിയാക്കണോ എന്ന് നിശ്ചയിക്കുന്നതിലാണ് ബുദ്ധിയിരിക്കുന്നത്.


മനുഷ്യന്റെ ഇതുവരേക്കുമുള്ള ബൗദ്ധികവും ഭൗതികവുമായ വികാസങ്ങളൊക്കെയും അവനെ തന്നിൽ നിന്നുതന്നെ രക്ഷപ്പെടാൻ സഹായിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയിരുന്നു. സാങ്കേതികതയാകട്ടെ, ആത്മീയതയാകട്ടെ, വ്യക്തിബന്ധങ്ങളാവട്ടെ, സകലതും മയക്കുമരുന്നിന് പകരമെന്നോണം അവനെ അല്പനേരത്തേക്കെങ്കിലും രക്ഷപ്പെടാൻ സഹായിച്ചുപോന്നു. എന്നാൽ പുതിയ കാലം, വിശേഷിച്ചും കംപ്യൂട്ടറുകളുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഈ യുഗം, കൂടുതൽ ആശാവഹമാവുന്നത്, രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നതിനു പകരം അവനെ കൂടുതൽ സത്യസന്ധനാകാൻ നിർബന്ധിക്കുന്നു എന്നതുകൊണ്ടാണ്. ഒരുപക്ഷേ പഴയകാല മനുഷ്യരേക്കാളും അവൻ അസ്വസ്ഥനായി കാണപ്പെടുന്നുണ്ടെങ്കിൽ, അവൻ കൂടുതൽ

വെളിപ്പെടുന്നതുകൊണ്ടാണ്. അവന് ഒളിക്കാനുള്ള താവളങ്ങൾ കുറഞ്ഞുകുറഞ്ഞു വന്നിരിക്കുന്നു. പരിധിയിൽക്കവിഞ്ഞ ജനസംഖ്യാവർദ്ധനവും, ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും, പാരിസ്ഥിതികമായ വെല്ലുവിളികളും, ചീഞ്ഞളിഞ്ഞ പ്രത്യയ ശാസ്ത്രങ്ങളും, വിഡ്ഢിത്തം നിറഞ്ഞ മതസ്വാധീനങ്ങളും എല്ലാം ചേർന്ന്, ഇതുവരേക്കും അവൻ ഒളിച്ചുകഴിയാൻ ഉപയോഗപ്പെടുത്തിയിരുന്ന താവളങ്ങളുടെയെല്ലാം മേൽക്കൂരകൾ അലങ്കോലപ്പെടാൻ തുടങ്ങിയിരിക്കുന്നു.

ആധുനികതയുടെ അനുഗ്രഹമെന്തെന്നാൽ, ആധുനികത കൊണ്ടുവരുന്ന ആകുലതകളുടെ അനുഗ്രഹം എന്നുതന്നെ മനസ്സിലാക്കുക, രക്ഷപ്പെടാനുള്ള ഇടങ്ങളെ അത് ചെറുതാക്കിക്കൊണ്ടുവരുന്നതോടൊപ്പം, അവനെ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിർബന്ധിക്കുന്നു എന്നതാണ്; കേവലം വയറ്റിപ്പിഴപ്പിന്റെതല്ല, വൈകാരികതക്കപ്പുറം 'ജീവിതസംതൃപ്തിയുടെ'. (സൗഹൃദസംഭാഷണങ്ങൾക്കിടക്ക് 'ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ ഇടമൊന്നുമില്ല' എന്ന് ഓർമ്മിപ്പിച്ച സുഹൃത്തിന് നന്ദി.)

 പണ്ടുകാലത്ത്, ബ്രഹ്മചര്യം ഗാർഹസ്ഥ്യം വാനപ്രസ്ഥം സംന്യാസം എന്നിങ്ങനെ വ്യക്തമായ ഘട്ടങ്ങളായാണ് ജീവിതത്തെ സമീപിച്ചിരുന്നതെങ്കിൽ - ഏതൊരു സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനും ഇത്തരം നാല് ഘട്ടങ്ങളുണ്ടായിരുന്നുവെന്നോർക്കുക - ആധുനികത അവനെ നിർബന്ധിക്കുന്നത് ഒരൊറ്റ സ്പാനിൽ ഈ നാല് ഘട്ടങ്ങളേയും അനുഭവിക്കാനാണ്. അക്കാലങ്ങളിൽ അവൻ തന്നിൽ നിന്നും രക്ഷപ്പെട്ട് രക്ഷപ്പെട്ട് സന്യാസത്തിൽ എത്തുമ്പോഴാണ് സ്വയം അഭിമുഖീകരിക്കാൻ അല്പമെങ്കിലും പ്രാപ്തി നേടിയിരുന്നത്. ആധുനിക ജീവിതത്തിൽ, ഓരോ ഘട്ടത്തിലും അവന് സ്വയം അഭിമുഖീകരിച്ചേ പറ്റൂ. പണ്ടുകാലത്ത് സന്യാസമെന്നത് postponement-ന്റെ നിവൃത്തിയില്ലാത്ത അറ്റമായിരുന്നുവെങ്കിൽ, ആധുനികതയിൽ ജീവിതത്തെ പിന്നേക്കു വെക്കാനുള്ള സാദ്ധ്യതകൾ തീരെ കുറവാണ്. പണ്ടത്തെ ജീവിതങ്ങളിൽ, അവസാനയാമങ്ങളിലാണ് 'ഒന്നിലും കാര്യമില്ല', 'അർത്ഥശൂന്യമാണ്‌ എല്ലാം', 'നൈമിഷികമാണ് സകലതും' എന്നൊക്കെ അറിയാൻ തുടങ്ങിയിരുന്നതെങ്കിൽ, ആധുനിക മനുഷ്യൻ ഈ യാഥാർഥ്യങ്ങളെല്ലാം ഏറെ നേരത്തെത്തന്നെ മനസ്സിലാക്കാൻ തുടങ്ങുന്നു. പണ്ടുകാലത്ത് മനുഷ്യന് ഓരോന്നും പരീക്ഷിച്ചറിയാൻ കാലമേറെയെടുത്തിരുന്നെങ്കിൽ - വൈകാരികതയിലെ മിഥ്യാധാരണകൾ പരുവപ്പെടണമെങ്കിൽ ഗാർഹസ്ഥ്യത്തിന്റെ ചുമതലകളും പരീക്ഷണങ്ങളും വെല്ലുവിളികളും ആവശ്യമായിരുന്നു. ഗർഹസ്ഥ്യമെന്നപേരിൽ താൻ കാട്ടിക്കൂട്ടിയിരുന്ന ബഹളങ്ങളൊക്കെയും അനാവശ്യമായിരുന്നു എന്നറിയുന്നത് വ്യാധികളുടേയും നിസ്സഹായതകളുടേയും വാനപ്രസ്ഥത്തിൽ. സംന്യാസമെന്നത് ബാക്കിയവശേഷിച്ച ഇത്തിരി ആരോഗ്യം കൊണ്ട് മഹത് വാണികൾ അയവിറക്കി കഴിഞ്ഞുകൂടുന്ന വഴിത്തണലായിരുന്നു - ഇന്ന് അവൻ ഓരോ ദിവസവും അവനിലെ അസംതൃപ്തികളെ തിരിച്ചറിയാനും  സ്വയം ഏറ്റുപറയാനും പ്രാപ്തി നേടിയിരിക്കുന്നു.

ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ പണ്ടത്തെപ്പോലെ എളുപ്പമല്ല എന്ന് മനുഷ്യൻ ഏറ്റുപറയാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ് പൊള്ളയായ പൊങ്ങച്ച സുഖങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ആധുനിക മനുഷ്യൻ സ്വാസ്ഥ്യത്തിന്റേതായ ലാളിത്യങ്ങളെ ആശ്ലേഷിക്കുന്നു എന്നത്. റിലാക്‌സേഷൻ എന്ന പദം സർവ്വ സാധാരണമായിരിക്കുന്നു എന്നത്, അവൻ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്നു എന്നതിന്റെ ലക്ഷണമാണ്.

വിശ്രാന്തിയനുഭവിക്കാത്തവൻ എങ്ങനെയാണ് ജീവിതമെന്തെന്നറിയുന്നത്? ജീവിതമെന്ന വെല്ലുവിളിയിൽ, അതിനെ അഭിമുഖീകരിച്ചുകൊണ്ട് വിശ്രാന്തിയനുഭവിക്കാനുള്ള കഴിവിനെയാണ് ആഘോഷമെന്ന് വിളിക്കുന്നത്.


ആ ആഘോഷത്തെ ധ്യാനമെന്നു വിളിക്കുന്നു. കാപട്യങ്ങളുടെ അഴുകിയ മാംസപിണ്ഡത്തിനുള്ളിൽ ഒളിച്ചിരുന്ന് കൊണ്ട്, ധ്യാനം ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലാണ് എന്ന് വിളിച്ചുകൂവിയവരോട്, 'ധ്യാനം ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലല്ല, ജീവിതത്തിലേക്കുള്ള രക്ഷപ്പെടലാണ്' എന്ന് ഓർമ്മിപ്പിച്ച മിസ്റ്റിക് ആധുനികനായിത്തന്നെ തുടരും; എന്നും. എന്തുകൊണ്ടെന്നാൽ, ജീവിതത്തിൽ നിന്നും രക്ഷപ്പെടാനായി മറ്റൊരു ഇടമില്ലല്ലോ!




                                                


                                            


Friday, April 29, 2022

ഉണർവിലേക്കുള്ള പടവുകൾ - 26

                                                 click for english google translation


ആർഭാട വിചാരങ്ങൾ


ശ്രീ കൺ േഠശ്വരം പത്മനാഭപ്പിള്ള ശബ്ദതാരാവലി തയ്യാറാക്കിയതിനു ശേഷംചട്ടമ്പിസ്വാമികളെ കാണിച്ചപ്പോൾ, ചട്ടമ്പി സ്വാമികൾ അതൊന്നു മറിച്ചുനോക്കിയതിനു ശേഷം 'ആർഭാടമില്ലെങ്കിലും കൊള്ളാം' എന്ന് പറഞ്ഞു തിരിച്ചുകൊടുത്തുവത്രേ!- കേട്ടുകേഴ്വിയാണ്. പത്മനാഭപ്പിള്ള പിന്നീടാണ് മനസ്സിലാക്കിയത് 'ആർഭാടം' എന്ന വാക്ക് വിട്ടുപോയിരിക്കുന്നെന്ന്. ആകസ്മികമെങ്കിലും 'ആർഭാടം' എന്ന വാക്കു തന്നെ സ്വാമിയുടെ കണ്ണിൽ പെട്ടല്ലോ. 'ആർഭാട'ത്തിന് നാം പൊതുവെ വിചാരിക്കുന്നതിൽ കൂടുതൽ പ്രാധാന്യം നിത്യജീവിതത്തിൽ ഉണ്ടെന്നതാണ് സത്യം.

ശബ്ദതാരാവലിയിൽ ആർഭാടം എന്ന വാക്കിന് കൊടുത്തിരിക്കുന്ന അർത്ഥം, 'ആഡംബരം' എന്നതിന് പുറമേ, 'ഒച്ചപ്പാട്' 'ബഹളം' എന്നൊക്കെയാണ്. മലയാളത്തിൽ ആ വാക്കിന്റെ അർത്ഥച്ചുവകൾ പൊങ്ങച്ചം, അനാവശ്യം, സ്വീകാര്യമല്ലാത്തത്, ഹുങ്ക് എന്നിങ്ങനെയാണ്. LUXURY എന്ന ഇംഗ്ളീഷ് പദത്തിന്റെ കാര്യത്തിലും കാര്യമായ അർത്ഥവ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്; 'സമൃദ്ധി' എന്നതിൽ നിന്നും ആസക്തി, കാമം തുടങ്ങി വ്യഭിചാരം എന്ന നിലയിലേക്ക് വരെ ലോകമെമ്പാടും ആർഭാടം വലിച്ചിഴക്കപ്പെടുന്നു. 'ഒച്ചപ്പാട്', 'ബഹളം' എന്നീ  അർത്ഥങ്ങളിൽ വിദൂരമായേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും, ആർഭാടം എന്ന വാക്ക് നാം മനുഷ്യരുടെയുള്ളിൽ മിക്കപ്പോഴും ഒച്ചപ്പാടും ബഹളവുമൊക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുതരം തീരാകലഹം. ഇവിടെ ഈ വിഷയം തെരഞ്ഞെടുക്കുന്നതും അതുകൊണ്ടുതന്നെ.

രാഷ്ട്രീയക്കാരെപ്പോലെത്തന്നെ, അവസരവാദപരമായി പ്രയോഗിക്കുന്നതുകൊണ്ടാണ് 'ആർഭാടം' എന്ന വാക്ക് ഒരു ചർച്ചാവിഷയമായി മാറുന്നത്. സ്വന്തം കാര്യം വരുമ്പോൾ ആ വാക്കിനെ 'സമൃദ്ധി' എന്ന അർത്ഥത്തിൽ - അതിൽ എന്തിത്ര തെറ്റിരിക്കുന്നു? എന്ന് മറുചോദ്യം - പ്രയോഗിക്കുകയും അതേ സമയം മറ്റുള്ളവരുടെ കാര്യത്തെപ്രതി 'അനാവശ്യം, ഹുങ്ക്' എന്ന അർത്ഥത്തിൽ പ്രയോഗിക്കാൻ തിടുക്കം കാണിക്കുകയുമാണ് സാധാരണയായി സംഭവിക്കുന്നത്. 


'വെറുതെയൊന്ന് യാത്ര ചെയ്യാൻ കോടികൾ വിലപിടിപ്പുള്ള ഇത്രയും വലിയ കാറിന്റെ ആവശ്യമെന്താണ്' എന്ന് ഒരു സൈക്കിൾ യാത്രക്കാരന് തോന്നുന്നുണ്ടെങ്കിൽ, കാൽനടയായി പോകുന്നയാൾ (നിവൃത്തിയില്ലായ്മ കൊണ്ട്) സൈക്കിൾ യാത്രക്കാരനെപ്പറ്റി വിചാരിക്കുന്നത് സൈക്കിൾ ഒരു ആർഭാടമാണെന്നാണ്. സൈക്കിൾ യാത്രക്കാരൻ ചോദിക്കുന്നു, 'തന്റെ ഈ പാവം സൈക്കിൾ ഒരു ആവശ്യം മാത്രമല്ലേ?'. എന്നാൽ അയാളുടെ വശത്തുകൂടെ ചീറിപ്പാഞ്ഞുപോയ 'ആഡംബര' കാറിന്റെ ഉടമ 'തന്റെ ഈ പാവം കാർ ഒരു ആവശ്യം മാത്രമല്ലേ?' എന്ന് ചോദിച്ചാൽ, സൈക്കിൾ യാത്രക്കാരൻ പക്ഷേ സമ്മതിച്ചു തരില്ല.


ജീവിക്കാൻ അത്യാവശ്യം ഇത്ര സൗകര്യങ്ങളൊക്കെ മതി എന്ന് കൊട്ടാരവാസിയായ ഒരാൾ വിചാരിക്കുമ്പോൾ (അതിനേക്കാൾ വലിയ മാളികകൾ വെറും ആർഭാടമത്രേ!) ഒരു സാധാരണക്കാരൻ വിചാരിക്കുന്നത് 'ഒട്ടനവധി ആളുകൾ കിടപ്പാടമില്ലാതെ കഷ്ടപ്പെടുമ്പോൾ, ഒരു കൊട്ടാരസദൃശമായ ഈ വീട് വെറും ആർഭാടമാണ്‌' എന്നാണ്. അതേസമയം കൂരയിൽ വസിക്കുന്ന ഒരാൾ ഇതേ ചോദ്യം സാധാരണക്കാരനോട് ചോദിക്കുകയാണെങ്കിൽ, അയാളത് സമ്മതിച്ചുതരില്ല. അയാൾ വിചാരിക്കുന്നത് വെറും രണ്ടു മുറികളും ഒരു അടുക്കളയുമുള്ള ഈ വീട് അത്യാവശ്യത്തിനുള്ളത് മാത്രമാണെന്നാണ്. ഇതിലെവിടെയാണ് ആർഭാടം? അതേസമയം തെരുവിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് ഒരു കൂര പോലും ആർഭാടമാണ്. എന്തിനധികം, ഒരാൾ കുറച്ചധികം സ്ഥലം കൈവശമാക്കി (ആർഭാടം) എന്ന് പറഞ്ഞുകൊണ്ട് ഫുട്പാത്തുകളിൽ കിടന്നുറങ്ങുന്നവർ തമ്മിൽ അടിപിടി കൂടുന്നത് കണ്ടിട്ടുണ്ട്.


തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള അർത്ഥങ്ങളിൽ മുൻപന്തിയിലുള്ള രണ്ടു പദങ്ങളാണ് ആർഭാടവും ലാളിത്യവും. ഒരു സൂഫി കഥയുണ്ട്:





ഒരിടത്ത് പ്രസിദ്ധനായ ഒരു സൂഫി ഗുരു കുടിൽകെട്ടി താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യം ഗ്രാമങ്ങളിലെമ്പാടും ചർച്ചാവിഷയമായിരുന്നു, വിനയവും. അങ്ങനെയിരിക്കേ ഒരു ദിവസം ഒരു യാചകൻ ഭിക്ഷക്കായി ഈ ഗുരുവിന്റെ കുടിലിനു മുന്നിലെത്തി. ഗുരു യാചകനെ അകത്തേക്കു ക്ഷണിച്ചു. അകത്തു കടന്ന യാചകൻ പക്ഷേ അമ്പരന്നുപോയി. സൂഫിഗുരുവിന്റെ കുടിൽ പുറമെ നിന്ന് കാണുന്നതുപോലെയൊന്നുമല്ല അകത്ത്. വർണ്ണശബളമായ വെൽവെറ്റ് പരവതാനികളെക്കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് നിലം മുഴുവനും. കുടിലിന്റെ പായകൾ വലിച്ചുകെട്ടിയിരിക്കുന്നത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ കുറ്റികളിൽ. വെള്ളിപ്പാത്രങ്ങളും ചഷകങ്ങളും. മുത്തുകൾ കൊണ്ടലങ്കരിച്ച മച്ച്. കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങൾ. മാത്രവുമല്ല, ഈ ഗുരുവാകട്ടെ ധരിച്ചിരിക്കുന്നത് വിലകൂടിയ പട്ടുവസ്ത്രങ്ങൾ. പാദുകങ്ങൾ സ്വർണ്ണം പൂശിയിട്ടുള്ളത്.

യാചകൻ പൊടുന്നനെ അസ്വസ്ഥനായി. അയാളുടെ മുഖം കറുത്തു. അയാൾ എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി. ഗുരു ചോദിച്ചു, 'എന്ത് പറ്റി? നിങ്ങളുടെ മുഖം വല്ലാതായല്ലോ!' യാചകൻ പൊട്ടിത്തെറിച്ചു,'നിങ്ങൾ ഇത്രക്കും ചതിയനും കപടതയുള്ളവനുമാണെന്ന് വിചാരിച്ചില്ല. ഇത്രക്കും ആർഭാടത്തിൽ കഴിയുന്ന നിങ്ങളാണോ ഒരു സൂഫി?' ഗുരു ചോദിച്ചു,'ഒരു സൂഫിയാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? പറഞ്ഞാലും.' യാചകൻ പറഞ്ഞു,'നിങ്ങൾ ഇങ്ങനെ സ്വർണ്ണ പാദുകവുമണിഞ്ഞു സിംഹാസനത്തിൽ ഇരിക്കുകയല്ല വേണ്ടത്. ഈ ഞാനൊക്കെ ജീവിക്കുന്നത് പോലെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ഭിക്ഷയെടുത്ത് കിട്ടുന്നതുകൊണ്ടു എവിടെയെങ്കിലും കിടന്നുറങ്ങി ലളിതമായി ജീവിക്കേണ്ടവനാണ്. ആർഭാടങ്ങൾ നിങ്ങളെ ആസക്തനാക്കുകയാണ്.' 

'അങ്ങനെയാണോ വേണ്ടത്? എങ്കിൽ ഞാനിതാ നിങ്ങളോടൊപ്പം വരുന്നു' എന്ന് പറഞ്ഞു കൊണ്ട് ഗുരു യാചകനൊപ്പം കുടിലിൽ നിന്നും ഇറങ്ങി നടന്നു; സ്വർണക്കുറ്റികൾ നാട്ടിയ, പരവതാനികൾ വിരിച്ച ആ കുടിലിന്റെ കതക് അടയ്ക്കാൻ പോലും മെനക്കെടാതെ, തന്റെ സ്വർണ്ണ പാദുകങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചുകൊണ്ട്, നഗ്നപാദനായി. കുറച്ചു ദൂരം നടന്നപ്പോൾ യാചകൻ വീണ്ടും അസ്വസ്ഥനായി. ഗുരു ചോദിച്ചു,' എന്ത് പറ്റി?'

യാചകൻ പതിയെ പറഞ്ഞു,' ഞാൻ എന്റെ ഭിക്ഷാപാത്രം നിങ്ങളുടെ കുടിലിൽ മറന്നുവെച്ചു. അതെടുത്തിട്ടു വരാം.'




ആർഭാടമെന്ന പദത്തിന്റെ അർത്ഥത്തെ വക തിരിക്കുന്നത് ആസക്തിയും ആർത്തിയുമൊക്കെയാണ്; ആർഭാടത്തെ ചുറ്റിപ്പറ്റിയുള്ള വസ്തുവകകളല്ല. അടിയിൽ ഊറിക്കിടക്കുന്ന ആസക്തി ഒരു ഭിക്ഷാപത്രത്തെപ്പോലും ആർഭാടമാക്കി മാറ്റിക്കളയുന്നു. അത് ഒരു കുടിലിന്റെ ലാളിത്യത്തെ മലിനമാക്കിക്കളയുന്നു. അത് ഒരു രമ്യഹർമ്യത്തിന്റെ സൗന്ദര്യത്തെ മലീമസമാക്കുന്നു. പരിപാലിക്കപ്പെടുന്ന ലാളിത്യവും ദാരിദ്ര്യവും അവജ്ഞയുളവാക്കുന്നതാണ്, കൊട്ടിഘോഷിക്കപ്പെടുന്ന ആഡംബരവും സമ്പത്തും പോലെത്തന്നെ.

നമ്മുടെ ആർഭാടത്തെ ആവശ്യമെന്നു വാദിച്ചുറപ്പിച്ചു, മറ്റുള്ളവരുടെ ആവശ്യത്തെ ആർഭാടമാക്കി വ്യാഖ്യാനിക്കാനുള്ള പ്രവണത കേവലം ആർത്തിയാണ്, അജ്ഞതയാണ്; അതിന്റെ കാരണങ്ങൾ എന്തൊക്കെയാണേലും. അത്തരം അജ്ഞരാണ് റോൾസ് റോയ്‌സ് കാറുകളുടെ കണക്കെടുത്ത് നിർവൃതിയടയുന്നത്.

ആർഭാടത്തെപറ്റിയുള്ള ആ സ്തുതിപ്രഖ്യാപനത്തെ ഓർക്കാതെ വയ്യ -'മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്.' ആർഭാടമെന്നതിനുള്ള പര്യായങ്ങളാണ് തിരുവചനങ്ങളും മറ്റും. ആഘോഷിക്കാനുള്ള ത്രാണിയെന്ന് സാരം. അത് ക്വാളിറ്റിയുടെ തലമാണ്, കണക്കുകളുടെ നിർജ്ജീവ താരതമ്യങ്ങളുടേതല്ല- quantity.

ആർഭാടമെന്ന പദത്തിന്റെ (ലാളിത്യത്തിന്റെയും) ഉടമസ്ഥാവകാശം സമൂഹാഭിപ്രായത്തിൽ നിന്നും തികച്ചും വ്യക്തിപരമായ ഉത്തരവാദിത്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോൾ മാത്രമേ ആ പദത്തിന് പ്രകൃത്യാനുസാരിയായ ഒരു അർത്ഥം കൈവരികയുള്ളൂ. ആ അർത്ഥം സമൃദ്ധിയുടെയും ആഘോഷത്തിന്റെയും പങ്കുവെക്കലിന്റെയുമൊക്കെയാണ്. അസ്തിത്വമെന്നത് ആർഭാടം നിറഞ്ഞ, വൈവിധ്യമാർന്ന, സമൃദ്ധമായ ഒരു ജൈവ പ്രതിഭാസമാണെന്ന തിരിച്ചറിവാണത്. നാം ആ ആഘോഷത്തിലേക്ക് പങ്കുചേരാൻ തുനിയുകയേ വേണ്ടൂ. അല്ലാത്തപ്പോൾ, നാം അകത്തേക്കിറക്കുന്ന ഒരു കഴിഞ്ചു ശ്വാസം പോലും വെറും ആർഭാടമെന്ന് (നിഷേധാർത്ഥത്തിൽ) അറിയേണ്ടി വരും. അതായത് നാം അതിന് യോഗ്യമല്ലെന്നു സാരം. ആഘോഷത്തിന് യോഗ്യത നേടുമ്പോഴോ, അതിസങ്കീർണ്ണവും ബൃഹത്തുമെന്നു തോന്നിക്കുന്ന ഈ മഹാപ്രപഞ്ചവും ജീവിതവുമെല്ലാം ലളിതങ്ങളായ ഊർജ്ജപ്രഹർഷങ്ങൾ മാത്രം.

 

                                                      




 




















Saturday, March 26, 2022

ഉണർവിലേക്കുള്ള പടവുകൾ - 25

                                          click for english google translation


ഡിസൈഡോഫോബിയ - ന്യൂറോളജിക്കപ്പുറം


നിരവധി ഫോബിയകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നല്ല ഡിസൈഡോഫോബിയ - തീരുമാനങ്ങളെടുക്കാനുള്ള ഭയം. സൂക്ഷ്‌മമായി ശ്രദ്ധിച്ചാൽ മനസ്സിലാവും, ഒരു പക്ഷേ മറ്റെല്ലാ ഫോബിയകൾക്കും ഡിസൈഡോഫോബിയയുമായി ഒരകന്ന ബന്ധമെങ്കിലും ഉണ്ടായിരിക്കുന്നുണ്ടെന്ന്. എന്തെന്നാൽ, തീരുമാനങ്ങളെടുക്കാനുള്ള ഭയം,   'ജീവിക്കാനുള്ള ഭയം' തന്നെയാണ്. സ്വയം തീരുമാനങ്ങളെടുക്കാതിരിക്കുമ്പോൾ, തീരുമാനങ്ങളെടുക്കാൻ ഭയക്കുന്നവർ ഓർക്കാതെപോകുന്നു, നമ്മുടെ ജീവിതത്തെ സംബന്ധിച്ച് മറ്റാരൊക്കെയോ തീരുമാനങ്ങളെടുക്കുന്നുണ്ടെന്ന്, എവിടെയെല്ലാമോ മറ്റെന്തൊക്കെയോ തീരുമാനിക്കപ്പെടുന്നുണ്ടെന്ന്.


മറ്റു ഫോബിയകളൊക്കെയും, ചില നാഡീ വ്യവസ്ഥാ തകരാറുകൾ, രക്തത്തിൽ കലരുന്ന രാസാഗ്നികളുടെ ഏറ്റക്കുറച്ചിലുകൾ, ശൈശവത്തിലോ മറ്റോ കടന്നുപോയിട്ടുള്ള അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ചെടുത്ത പ്രതികരണ ശീലങ്ങൾ എന്നീ കാരണങ്ങളെക്കൊണ്ടായിരിക്കുമ്പോൾ, ഡിസൈഡോഫോബിയ എന്നത് അത്രതന്നെ നാഡീ ശൃംഖലയിൽ ബന്ധിതമല്ല. അത് കേവലം ഹോർമോൺ അളവുകളെ ആശ്രയിച്ചുനില്ക്കുന്നതല്ല. അത് കഴിഞ്ഞ കാല അനുഭവങ്ങളിൽ അധിഷ്ഠിതമല്ല. ഇപ്പറഞ്ഞവക്കൊന്നിനും ഡിസൈഡോഫോബിയയിൽ യാതൊരു പങ്കുമില്ലെന്നല്ല. എന്നാൽ മറ്റു ഫോബിയകളെ അപേക്ഷിച്ച്, ഡിസൈഡോഫോബിയയെ മറികടക്കാൻ എളുപ്പമാണ്, ഈ നിമിഷം, ഇവിടെ, അതേപ്പറ്റി ഒരല്പം ധാരണയുണ്ടെങ്കിൽ. മറ്റേതൊരു ഫോബിയയെക്കാളും ഈയൊരു ഫോബിയയെ അതിജീവിക്കേണ്ടത് അത്യാവശ്യമാണുതാനും.


നാം പലപ്പോഴും കേൾക്കാറുള്ളതാണ്, അല്ലെങ്കിൽ പറയാറുള്ളതാണ് - 'ഒരു പുതിയ ജീവിതം തുടങ്ങാൻ തന്നെ തീരുമാനിച്ചു' എന്ന്. ഒന്നുകിൽ ആരെയെങ്കിലും കൂടെ കൂട്ടിയിട്ടുണ്ടാകാം, അല്ലെങ്കിൽ ഏതെങ്കിലും അഡിക്ഷൻ (addiction), മദ്യപാനമോ മറ്റോ, അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടാകാം. പക്ഷേ അയാളുടെ ജീവിതത്തെ പുതിയതാക്കുന്നത് അയാൾ ഏർപ്പെടാൻ പോകുന്ന പുതിയ പ്രവൃത്തികളോ പുതിയ ജീവിത സാഹചര്യങ്ങളോ അല്ല. അതിനിടയാക്കിയ അയാളുടെ തീരുമാനമാണ്. എന്തിനധികം, അതിരാവിലെ എണീക്കാൻ തീരുമാനിച്ചതിനു ശേഷം, രണ്ടു ദിവസം അതിനു സാധിച്ചു കഴിഞ്ഞാൽ, നാം ഉടനേ വീമ്പു പറയാൻ തുടങ്ങും, 'രാവിലെ എണീക്കാൻ സാധിച്ചില്ലേൽ ആ ദിവസം പിന്നെ ഒന്നിനും കൊള്ളില്ല!'. വാസ്തവത്തിൽ, എണീറ്റതിനു ശേഷം ഏർപ്പെടുന്ന പ്രവൃത്തിയേക്കാളും, അത് യോഗയോ ധ്യാനമോ സംഗീതമോ വ്യായാമമോ ആകട്ടെ, നമ്മിൽ സന്തോഷം നിറക്കുന്നത് നമ്മുടെ ഒരു തീരുമാനം അനായാസം പ്രാവർത്തികമാക്കപ്പെടുന്നു എന്നതിലാണ്.


ഒരു തീരുമാനമെടുക്കുമ്പോഴാണ്, ബോധപൂർവ്വം തീരുമാനിക്കുമ്പോൾ മാത്രം - അത് എത്ര തന്നെ നിസ്സാരമായ ഒരു കാര്യത്തെപ്രതിയാകട്ടെ -  ഒരു വ്യക്തിയുടെ ബോഡി- മൈൻഡ് മെക്കാനിസം, അയാളുടെ ഊർജ്ജ സ്വരൂപം, ഒരൊറ്റ മണ്ഡലമായി പ്രവർത്തിക്കാൻ തുടങ്ങുന്നത്. അപ്പോൾ മാത്രമാണ് അതുവരേക്കും ഛിന്ന - ഭിന്നമായി കുടികൊള്ളുന്ന അയാളുടെ ചേതന ഏകാത്മകമായി - integrated - പ്രവർത്തിക്കാൻ തുടങ്ങുന്നത്. ശരീര-മനോ വ്യവസ്ഥയിലെ ആ ഏകതയാണ് അയാളിൽ പുതുമയായി അനുഭവപ്പെടുന്നത്. അതിനെയാണ് അയാൾ ആനന്ദമായി അറിയുന്നത്. മറ്റു ജീവജാലങ്ങളുടെയെല്ലാം സന്തോഷമെന്ന വികാരം അവയുടെ ഇന്ദ്രിയപരിധിയിൽ ഒതുങ്ങിനിൽക്കേ, മനുഷ്യനിലാണ് ഇന്ദ്രിയങ്ങളെ മറികടന്നുകൊണ്ട് ആനന്ദമെന്ന തലത്തിലേക്ക് അത് ഉയർന്നുപൊങ്ങുന്നത്. അക്കാര്യത്തിൽ അതിപ്രധാന പങ്കു വഹിക്കുന്നത് 'നിശ്ചയോന്മുഖത' - decisiveness- ആയതുകൊണ്ട്, 'മനുഷ്യൻ മനുഷ്യനാവുന്നത് തീരുമാനമെടുക്കുന്നതോടെയാണ്' എന്ന് പറഞ്ഞു പോരുന്നു.


തീരുമാനങ്ങളുടെ കാര്യത്തിൽ മനുഷ്യൻ പക്ഷേ എന്നും വിമുഖനാണ്‌. പഴയ തലമുറകൾ അതിൽ നിന്നും രക്ഷപ്പെട്ടിരുന്നത് മുൻതലമുറക്കാരെ- മാതാപിതാക്കളേയും ഗുരുക്കന്മാരെയും നേതാക്കന്മാരെയും- തീരുമാനങ്ങളെടുക്കാൻ ഏല്പിച്ചുകൊണ്ടായിരുന്നു. അവർക്കും അത് ഏറെ സഹായകരമായി - മറ്റുള്ളവർക്ക് വേണ്ടി തീരുമാനങ്ങളെടുക്കാൻ മെനക്കെടുന്നതിലൂടെ, തങ്ങളുടെ സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവായികിട്ടുമല്ലോ. പുതിയ തലമുറയാകട്ടെ, (അവർ എന്നും 'ന്യൂ-ജി' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു പോരുന്നു) തീരുമാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നത്, തീരുമാനങ്ങളൊന്നും എടുക്കാതെ വിട്ടുകൊണ്ടാണ് - just drifting. ഒരു പൊങ്ങുതടി പോലെ
അഭിനയിച്ചുകൊണ്ട്. അപ്പോഴും അവരുടെ ജീവിതത്തിൽ തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നുണ്ട്. അതുപക്ഷേ മറ്റുള്ളവർ എടുത്തവയാണെന്നു മാത്രം. അതുകൊണ്ടുതന്നെ ഫലത്തിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിൽ വ്യത്യാസമില്ലാതെ വരുന്നു. ഒരുപക്ഷേ, ഈയൊരു പ്രകൃതത്തിൽ മാത്രമാകാം 'ജനറേഷൻ ഗ്യാപ്' തീരെ സംഭവിക്കാതെ പോകുന്നത്!

'തീരുമാനങ്ങളൊന്നും എടുക്കേണ്ടതില്ല' (ജീവിതം ഒരൊഴുക്കാണ്, അത് തനിയെ സംഭവിക്കുന്നതാണ് എന്നൊക്കെയാണ് അതിനു കണ്ടെത്തുന്ന ന്യായങ്ങൾ) എന്ന നിലപാടിൽ കുഴപ്പമുണ്ടാകുമായിരുന്നില്ല, അത് ബോധപൂർവ്വമുള്ള മറ്റൊരു തീരുമാനമാണെങ്കിൽ മാത്രം. അല്ലാത്തപക്ഷം അത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഓടിയൊളിക്കലാണ്.


ഇത്തരം ഓടിയൊളിക്കലിന് നാം കണ്ടെത്തുന്ന മറ്റു പല ഒഴികഴിവുകളുമുണ്ട്. അതിലൊന്നാണ് ശരിതെറ്റുകൾക്ക് കൊടുക്കുന്ന അമിത പ്രാധാന്യം. തെറ്റിപ്പോകുമോ എന്ന പേടിയിൽ തീരുമാനമെടുക്കാതിരിക്കൽ. ജീവിതത്തെ ഒരല്പം വിസ്തരിച്ചു പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ, ആത്യന്തികമായി ഏതൊരു തീരുമാനവും തെറ്റുമാണ് ശരിയുമാണ്. നിസ്സാരമായ ഒരു ശരിയുടെ ശാഠ്യത്താലാകാം ജീവിതത്തിന്റെ ഒരു വലിയ തുറവ് (opening) സംഭവിക്കാതെ പോകുന്നത്. അതുപോലെത്തന്നെ, ഒരു തെറ്റിന്റെ ഭാഗമായാകാം തിരിച്ചറിവുകളുടെ ഉന്നതമായ ഒരു ശൃംഖത്തിലേക്ക് നാം ആനയിക്കപ്പെടുന്നത്. ആർക്കറിയാം, ജീവിതം തികച്ചും അജ്ഞേയമായ ഒരു പ്രതിഭാസം തന്നെയാണ്. തൊട്ടു മുന്നിലുള്ള നിമിഷത്തെ വെച്ചുകൊണ്ട് പ്രതികരിക്കുക (responding) മാത്രമേ നമുക്ക് സാധ്യമായിട്ടുള്ളൂ.


നമ്മുടേതല്ലാത്ത തീരുമാനം കൊണ്ട് വന്നുചേരുന്ന ഏതു സൗഭാഗ്യവും പൊള്ളയാണ്. ഏറിയാൽ ഭൗതികമായ നേട്ടങ്ങളുണ്ടായെന്നു വരാം. അത് നമ്മെ സംതൃപ്തരാക്കുന്നില്ല- contented. എന്നാൽ നമ്മുടെ തീരുമാനം കൊണ്ട് വന്നു ചേരുന്ന ഏതൊരു ആഘാതത്തിനുള്ളിലും സംതൃപ്തിയുടേതായ ഒരു കൊച്ചു പാരിതോഷികമെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും, തീർച്ച. ജീവിതത്തിൽ സുപ്രധാനമെന്ന് ഒരാൾ കരുതുന്ന സംഗതിയിലെങ്കിലും മുഴുവൻ തീരുമാനവും അയാളുടേത് മാത്രമായിരിക്കട്ടെ. അപ്രധാനമായവയിലെല്ലാം മറ്റുള്ളവരുടെ അഭിപ്രായത്തെ അപ്പടി സ്വീകരിച്ചാലും ഒരുപക്ഷേ വലിയ കുഴപ്പമുണ്ടായെന്നു വരില്ല. എങ്കിൽ മാത്രമേ ജീവിതത്തിന്റെ വിജയവും പരാജയവും അയാൾക്ക് മാത്രം നിശ്ചയിക്കാൻ സാധിക്കൂ. അല്ലാത്ത പക്ഷം ഏതോ ട്രെൻഡുകളുടെ വലയിൽ കുടുങ്ങി ശ്വാസം മുട്ടുക മാത്രമായിരിക്കും വിധി.


Decisiveness വളർത്തിക്കൊണ്ടുവരാൻ അടുത്ത ദിവസത്തേക്ക് പ്ലാൻ ചെയ്യാനാവില്ല. അത് ഇപ്പോൾ, ഈ നിമിഷം തുടങ്ങേണ്ടതാണ്. നിസ്സാരമായ തീരുമാനങ്ങളിലൂടെ. playful ആയിക്കൊണ്ട് മാത്രം. അടുത്ത രണ്ടു മണിക്കൂർ നേരത്തേക്ക് whatsapp നോക്കില്ലെന്ന് വെറുതെ ഒന്ന് തീരുമാനിക്കുക. അപ്പോഴായിരിക്കും ഓർമ്മ വരിക, OMG! പ്രധാനപ്പെട്ട ഒരു മെസ്സേജ് കാത്തിരിക്കുകയായിരുന്നെന്ന്. സാധ്യമെങ്കിൽ, അടുത്ത രണ്ടു മണിക്കൂർ നേരത്തേക്ക് തീരുമാനത്തിൽ നിന്നും വ്യതി ചലിക്കാതിരിക്കുക. ഇതിനോടൊപ്പം മറ്റൊരു സംഗതി കൂടി ശ്രദ്ധിക്കേണ്ടതുണ്ട് - തീരുമാനത്തിൽ നിന്നും വ്യതിചലിക്കില്ലെന്നത് വെറുമൊരു ശാഠ്യമായിക്കൂടാ. അങ്ങനെ വന്നാൽ ഇത് വെറും mind power exercise ആയിപ്പോകും. അങ്ങനെവന്നാൽ ഓരോ പരാജയവും നമ്മിൽ അപകർഷതയോ കുറ്റബോധമോ നിറയ്ക്കും. ഏതൊരു തീരുമാനത്തിന് പിന്നിലുമുള്ള മനോ ലീലകൾ, mind games നമ്മുടെ നിരീക്ഷണത്തിന്റെ ഭാഗമാകേണ്ടതുണ്ട്. അപ്പോഴേ അത് തികച്ചും നിശ്ശബ്ദവും spontaneous response -ഉം ആകുന്നുള്ളൂ. ഏതൊരു തീരുമാനത്തിന്റെയും ഭാഗമായി വരുന്ന പ്രത്യാഘാതങ്ങളെ പുതുമയോടെ സ്വീകരിക്കുക. അതിനനുസരിച്ച്‌ പുതിയ പുതിയ തീരുമാനങ്ങൾ എടുത്തുകൊണ്ടേയിരിക്കുകയും ചെയ്യുക. അപ്പോഴാണ് 'ജീവിതം ആഘോഷിക്കുക' എന്ന് പറയുന്നതിലെ പൊരുൾ പിടി കിട്ടാൻ തുടങ്ങുക.

നമ്മുടെ പുരാവൃത്തങ്ങളിലെ, ഇതിഹാസങ്ങളിലെ കഥാപാത്രങ്ങൾ മിക്കവരും തീരുമാനങ്ങൾ എടുക്കുന്നതിൽ മടി കാണിച്ചിരുന്നവരല്ല; ശരിതെറ്റുകൾക്കപ്പുറം. അതുകൊണ്ടാണ് ഇതിഹാസങ്ങളൊക്കെയും ഇതിഹാസങ്ങളായിരിക്കുന്നത്; life affirmative.