Osho wings Osho waves

Featured Post

Monday, August 5, 2019

ഇറങ്ങിപ്പോക്കുകൾ - 3 - walkouts to oneself ...

കോഴ്സ് കഴിഞ്ഞു കിട്ടിയ ഒഴിവുദിനങ്ങളിലായിരുന്നു പോക്കറ്റ് മണിയുണ്ടാക്കാം എന്നു പറഞ്ഞ്, അടുത്ത സുഹൃത്തുക്കളിലൊരാൾ- ജിജോയ് വാസുദേവൻ- ഒരു പ്രലോഭനവുമായ് വന്നത്.(അലഞ്ഞു തിരിഞ്ഞു നടക്കാൻ പറ്റിയ കൂട്ടുകളിലൊരാളായിരുന്നു ജിജോയ്. അവയേക്കാളെല്ലാമുപരി അവനു വേണ്ടി സൂക്ഷിച്ചിട്ടുള്ള ഫോൾഡർ മറ്റു രണ്ടു കാര്യങ്ങളാലാണ്. 1992-ൽ ഗുരു നിത്യയെ കാണാൻ വേണ്ടി പോകുമ്പോൾ, അതിരാവിലെ തൃശൂർ ബസ് സ്റ്റാൻഡ് വരേയ്ക്കും എന്നെ അനുഗമിച്ചതിന്. പിന്നെ ഹെർബേറിയം എന്ന പുസ്തകത്തിലൂടെ ആഷാമേനോനെ പരിചയപ്പെടുന്നതിൽ ഒരു നിമിത്തമായതിന്. നന്ദി ജിജോയ്.) പോക്കറ്റ് മണി എന്തിനാണ്? ഏതെങ്കിലും പുസ്തകം വാങ്ങാമല്ലോ. എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അവനു നല്ല നിശ്ചയമായിരുന്നു.
jijoy

അവൻ ആദ്യമേ സംഘടിപ്പിച്ചിട്ടുണ്ട്, അലങ്കാരച്ചെടികളുടേയും ഫലവൃക്ഷത്തൈകളുടേയും വിശദ വിവരങ്ങളടങ്ങിയ 'പ്രൈസ് ലിസ്റ്റ്'. ഈ ലിസ്റ്റ് കാണിച്ച്‌ ഓരോ വീടുകളിൽനിന്നും ഓർഡറെടുക്കുന്നു. ഒരു മാസത്തിനുശേഷം മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽനിന്നും (!!!) നേരിട്ട് വിതരണം ചെയ്യുന്നു. ലിസ്റ്റിൽ കാണിച്ചിരിക്കുന്നത് വലിയ വിലയാണെങ്കിലും, ഇപ്പോൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ചില്ലറ ഡിസ്‌കൗണ്ടുകൾ ഉണ്ട്. മണ്ണുത്തിയെന്നുകേട്ടാൽ ആളുകളുടെ കൃഷിഞെരമ്പിൽ ചോര തിളക്കണമത്രേ! ഉം ...തിളച്ചതുതന്നെ. തിളച്ചാലും തിളച്ചില്ലേലും ഈ പാവം സഹയാത്രികനെന്ത്? രണ്ടു പുസ്തകം വാങ്ങാൻ കാശൊത്താലായി. അത്ര തന്നെ .
അങ്ങനെ ഒരു ദിവസം ഞങ്ങൾ തൃശൂർക്കുള്ള ബസിൽ കയറി പുതിയ സംരംഭത്തിന് നാന്ദി കുറിച്ചു. കണിമംഗലത്തിനു തൊട്ടു മുൻപുള്ള ഒരു സ്ഥലമെത്തിയപ്പോൾ ഇറങ്ങാൻ ആജ്ഞ കിട്ടി. അവിടെയിറങ്ങി കിഴക്കോട്ടു കയറിപ്പോയ ഒരു റോഡിലൂടെ നടത്തം. കുറേ ദൂരം ചെന്നപ്പോൾ എന്റെ തൊഴിൽ ദാതാവിനു ഒരുൾവിളിയുണ്ടായി - ദാ, ആ കാണുന്ന വീട്ടിൽ നിന്നു തുടങ്ങാം. ഓ, ഉത്തരവ്! അങ്ങനെയായിക്കൊള്ളട്ടെ.

വളരെ പഴയ ഒരു നമ്പൂതിരി ഗൃഹം. ചെറിയതാണെങ്കിലും പഴമ കൊണ്ടും വെട്ടിയൊതുക്കാതെ നിർത്തിയ പച്ചപ്പടർപ്പുകളെകൊണ്ടും സമൃദ്ധമായ ഒരു ഭവനം. വെയിൽ  മൂക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഒൻപതു മണിക്ക് മുൻപുള്ള വെയിൽ, ഭംഗിയൊരുക്കാത്ത ഏതെങ്കിലും ഗൃഹാന്തരീക്ഷങ്ങളുണ്ടോ? ആ വീടിന്റെ പടിപ്പുരയിലെ സ്വച്ഛമായ നിഴലിൽ വെറുതെയങ്ങനെ ഇരുന്ന് ...ജീവിതം മുഴുവനുമങ്ങു ഇരുന്നു കഴിച്ചുകൂട്ടിയാലോ എന്നു തോന്നിപ്പോകും. തഴച്ചു വളർന്നു നിൽക്കുന്ന ഈ പച്ചപ്പുകൾക്കിടയിലേക്കാണ് ഇവന്റെയൊരു ശാസ്ത്രനാമച്ചെടികൾ. ഏതായാലും അവിടെ നിന്നും ഓർഡറൊന്നും കിട്ടിയില്ല. ഭാഗ്യം.

പിന്നെയും കുറേ മുന്നോട്ടു നടന്നപ്പോഴാണ് ശ്രദ്ധിച്ചത് ഈ പരിസരം ഏറെ ശാന്തസുന്ദരമാണല്ലോ എന്ന്. വെറും അര മണിക്കൂർ ദൂരത്തു ഇത്രയും മനോഹരമായ
ഇടവഴികളോ! എന്നെ പറ്റിക്കാൻ എന്റെ ആശാൻ ഒന്നു രണ്ടു വീടുകളിൽ കൂടി കയറിനോക്കിയെങ്കിലും ആരുടേയും കൃഷി ഞെരമ്പ്‌ തുടിച്ചില്ല . അപ്പോഴേക്കും പക്ഷേ ഞങ്ങൾ രണ്ടുപേരും അപരിചിതമായ ആ വഴിനടത്തയിൽ വിശ്രാന്തരാവാൻ തുടങ്ങിയിരുന്നു. എന്തോന്ന് ഓർഡറും പ്രൈസ് ലിസ്റ്റും? നടക്കുക തന്നെ.
'when you walk, arrive with each step.' എന്ന്‌ ഓർമ്മിപ്പിക്കുന്നത് thich nhat hanh ആണ്. അന്നു പക്ഷേ ഈ പേരുകളൊന്നും കേട്ടിട്ടില്ലായിരുന്നുവെങ്കിലും, വിശേഷിച്ച്‌ ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത ഓരോ പദം വെപ്പിലും ഒരെത്തിച്ചേരലിന്റെ വിശ്രാന്തിയിറ്റുന്നത് അറിയാതിരുന്നിട്ടില്ല. അപരിചിതമായ വഴികൾ എപ്പോഴും ഒരു 'enchanting invitation' ആണ്.
നടന്നു പോകുന്നതിന്റെ സൗന്ദര്യം ആദ്യം ശ്രദ്ധയിൽ കയറിക്കൂടിയത് എപ്പോഴാണെന്ന് കൃത്യമായോർമ്മയുണ്ടെനിക്ക് - 1986 ൽ . കൃഷ്ണമൂർത്തി (ജെ .കെ ) ദേഹമുപേക്ഷിച്ചതിന്റെ തൊട്ടു പിന്നത്തെ കലാകൗമുദി വാരികയിൽ
അദ്ദേഹത്തിന്റെ സായാഹ്‌ന നടത്തത്തിന്റെ ഒരു ബ്ലാക്ക് & വൈറ്റ്ചിത്രമുണ്ടായിരുന്നു. ആ ചിത്രത്തിന് എത്രയോ മാനങ്ങൾ (dimensions) ഉണ്ടായിരുന്നുവെന്നോ!
ഒരു സായാഹ്നത്തിന്റെ സർവ്വ വിശ്രാന്തികളും സൗമ്യതകളും എത്തിച്ചേരലുകളുമെല്ലാം എഴുന്നു നിന്നിരുന്നുവെന്നു തോന്നി കൃഷ്ണമൂർത്തിയുടെ ആ ഒഴുകി നീങ്ങലിൽ.
ഓഷോ, ഗാർഡനിൽ നടക്കുന്നതിന്റെ തീരെ ഹ്രസ്വമായ വീഡിയോ കണ്ടിട്ടുണ്ട്; വീണുകിടക്കുന്ന ഇലകൾ പോലും അറിഞ്ഞെന്നു വരില്ല. അതീവ ലോലമായ പദചലനങ്ങൾ. ഒരു 'beauty pageant'ലെ പൂച്ചനടകൾക്ക് (cat walk) പോലും എന്തെങ്കിലും സൗന്ദര്യം തോന്നുന്നത് ആ ചുവടുകളെ ചൂഴ്ന്നു നില്ക്കുന്ന awareness ഒന്നുകൊണ്ടു മാത്രമാണ്. ആത്യന്തികമായി, എല്ലാവരും നടക്കുന്നത് അവരവരിലേക്കു തന്നെയാണ്; നാം അറിയുന്നുണ്ടത്, ഓർക്കാറില്ലെങ്കിലും.
വെയിലിനു ചൂട് കൂടി വന്നു. ദേഹത്ത് വിയർപ്പു പൊടിയാൻ തുടങ്ങി. ഞങ്ങളുടേത്, ഏറെ ശ്രദ്ധ കൊടുത്തുകൊണ്ടുള്ള ഒരു തരം 'സാധനാ പദ'ങ്ങളൊന്നും ആയിരുന്നില്ല. തമാശകൾ പറഞ്ഞ് ഉറക്കെ ചിരിച്ച്‌ ....പക്ഷേ  ഞങ്ങളുടെ ചിരികളത്രയും സ്വാഭാവിക നിശബ്ദതയെ കനപ്പിച്ചതേയുള്ളൂവെന്നു തോന്നി; ഇടക്കെപ്പോഴോ മുഴങ്ങിക്കേട്ട 'കൊക്കരക്കോ'യടക്കം. ലേറ്റായാലെന്ത്, ലേറ്റസ്റ്റായൊന്നു കൂവിക്കളയാം എന്നു വിചാരിച്ചതായിരിക്കണം ആ പൂവൻ. a 'belated cock a doodle doo'. മറന്നുപോയ ഒരാശംസ പോലെ.
രണ്ടു മണിക്കൂറിലധികമായി നടക്കാൻ തുടങ്ങിയിട്ട്. കുടിക്കാൻ അല്പം വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു. എല്ലാ ഗൃഹാമുഖങ്ങളും മിക്കവാറും അടഞ്ഞു  കിടന്നു. അപ്പോഴാണ് കുറച്ചു ദൂരെ തുറന്നു കിടക്കുന്ന ഒരു പടിപ്പുര കണ്ണിൽപെട്ടത്. പടിപ്പുരമുന്നിലെത്തിയപ്പോൾ, അങ്ങ് ദൂരെ വീടിന്റെ അകത്തളത്തിൽ ചാരുകസാലയിൽ കാലു നീട്ടിവെച്ചു വിശ്രമിക്കുന്ന ഗൃഹനാഥൻ. വീട്ടകത്തിന്റെ ഇരുട്ടിലും അദ്ദേഹം ധരിച്ചിരുന്ന മുണ്ടിന്റെ കസവിനു വല്ലാത്ത സ്വർണ്ണത്തിളക്കമുണ്ടായിരുന്നപോലെ! ദാഹക്കൂടുതൽക്കൊണ്ടു തോന്നിയതാവാം. ഞങ്ങളല്പം ശങ്ക അഭിനയിച്ചപ്പോൾ, അദ്ദേഹം ആംഗ്യം കാട്ടി, അകത്തേക്ക് വരാനായി.
ഒരു ക്രിസ്ത്യൻ ഭവനമായിരുന്നു അത്. ഏതോ 'തെക്കൻ അച്ചായനായിരുന്നുവോ'...ഓർക്കുന്നില്ല. ഏതായാലും പഴമയും പ്രൗഢിയും ഇണങ്ങിനിന്ന ആ വലിയ നാലുകെട്ടിന് ചേർന്ന രൂപമായിരുന്നു അദ്ദേഹത്തിന്റേത്; അല്പം കനത്ത ശബ്ദവും. സ്നേഹമുണ്ടായിരുന്നു വാക്കുകളിൽ. ആദ്യം വെള്ളം ചോദിച്ചു വാങ്ങി. സ്റ്റീൽ മൊന്തകളിൽ നല്ല തണുത്ത വെള്ളം അകത്തു ചെന്നപ്പോൾ ഞങ്ങളിൽ ഉറങ്ങിക്കിടന്ന 'നിക്ഷിപ്ത കച്ചവട താല്പര്യങ്ങൾ' ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. നമ്മുടെ സഖാവ് പ്രൈസ് ലിസ്റ്റെടുത്തു. വീണ്ടും ശാസ്ത്ര നാമങ്ങൾ. മണ്ണുത്തി. കാർഷിക സർവ്വകലാശാല. ഡിസ്‌കൗണ്ട്. ഓർഡർ .

അദ്ദേഹം ഞങ്ങളുടെ പ്രൈസ് ലിസ്റ്റ് വാങ്ങി സ്നേഹപൂർവ്വം പരിശോധിച്ചു. പല ചെടികളുടേയും പ്രഖ്യാപിത വിലകൾ മനസ്സിരുത്തി വായിച്ചു. പ്രൈസ് ലിസ്റ്റിൽ നിന്നും മുഖമുയർത്തുമ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് ഒരു മന്ദസ്മിതം പ്രത്യക്ഷപ്പെട്ടിരുന്നു. ഓർഡറെടുത്തോളൂ എന്നെങ്ങാനുമാണോ ? 'സെയിൽസ് ഒരു കലയാണ്. an intuitive art. എവിടെ കയറണം, ആരോട് ചോദിക്കണം ചോദിക്കരുത് എന്നൊക്കെ അറിയാൻ ഏതോ ഒരിന്ദ്രിയം വേണമത്രേ!'. "ഈ ഒരൊറ്റ ഓർഡർ തന്നെ നമ്മുടെ പോക്കറ്റ് മണിക്ക് ധാരാളമായി" എന്ന മട്ടിൽ സഖാവ് സജ്ജമായെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു,"കുട്ടികളേ, നിങ്ങളുടെ ശ്രമം കൊളളാം. നിങ്ങളിതിൽ കൊടുത്തിരിക്കുന്ന വില കുറച്ചു  കൂടുതൽ അല്ലെന്നുണ്ടോ? മണ്ണുത്തിക്കപ്പുറം എനിക്ക് വലിയൊരു നഴ്‌സറിയുണ്ട്. ദിവസവും മൂന്നോ നാലോ ട്രക്ക് നിറയെ ചെടികൾ മറ്റു സ്റ്റേറ്റുകളിലേക്കു കയറ്റിപ്പോകുന്നുമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ എത്രയാണ് വിലയിട്ടിരിക്കുന്നതെന്ന് അറിയണമെന്ന് തോന്നിയത്."

ഭാഗ്യം കൊണ്ട്, അദ്ദേഹത്തിന്റെ മുൻപിൽ ഉരുണ്ടുകളിക്കാൻ അവസരം തരാതെ, അദ്ദേഹം തന്നെ സഹായിച്ചു; ഇടതടവില്ലാതെ സംസാരിച്ചുകൊണ്ട്. " ഇവിടെത്തന്നെ എനിക്ക് നാലര ഏക്കറോളം പൈനാപ്പിൾ കൃഷിയുണ്ട്. വരൂ,നമുക്കു കാണാം ". അദ്ദേഹം പുറത്തേക്കിറങ്ങി. പിന്നാലെ ജാള്യതയിൽ കുതിർന്ന് രണ്ട് തൊഴിലന്വേഷകരും. പൈനാപ്പിൾ കൃഷിയെപ്പറ്റിയും, അതിന്റെ വെള്ളം നന, വളം, വിളവെടുപ്പ് എന്നിവയെപ്പറ്റിയും വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു. ആ കൃഷിയിടം ഞങ്ങൾ ചുറ്റിനടന്നു കണ്ടു. തിരിച്ച്‌ അകത്തേക്ക് കയറിവന്നപ്പോൾ അദ്ദേഹം ഭാര്യയെ വിളിച്ചു പറഞ്ഞു,"എടീ, ഈ കുട്ടികൾക്ക് ഒരു പൈനാപ്പിൾ എടുത്തുകൊടുക്ക്."
അപ്പോഴാണ് കണ്ണിൽ പെട്ടത്, തൊട്ട മുറിയിൽ കുന്നുകൂടികിടക്കുന്ന പൈനാപ്പിൾ ശേഖരം. ഇവയൊക്കെ രണ്ടാം തരമത്രേ. വലിപ്പക്കുറവും മറ്റും. ഒന്നാം തരം പൈനാപ്പിളുകൾ കയറ്റിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു പൈനാപ്പിൾ എടുത്തുതന്നു. ഇറങ്ങിപ്പോരും മുൻപ് അദ്ദേഹത്തെ നോക്കി ചിരിച്ചപ്പോൾ, ആ ചിരിയിൽ നന്ദിയല്ലാതെ, ചമ്മലിന്റെ അംശമേതുമില്ലെന്നു ഞങ്ങൾ ഉറപ്പു വരുത്തിയിരുന്നു.
തിരിച്ചിറങ്ങി നടന്നപ്പോൾ അല്പം വേഗം കൂട്ടി. അദ്ദേഹത്തിന്റെ കൺവെട്ടത്തുനിന്നു കഴിവതും വേഗം ദൂരേക്കു...കയ്യിലിരുന്ന പൈനാപ്പിളിന്റെ ഗന്ധം വിശപ്പിന്റെ ആക്കം കൂട്ടിയെന്നു തോന്നുന്നു. ഉച്ചയായി. വിയർക്കുന്നുണ്ട്. ചൂട് കൂടുതലാണ്. ഇവിടെ എവിടെയെങ്കിലും ഒരു ചായക്കടയെങ്കിലും കാണാതിരിക്കില്ല. വഴിയിലൊരാളോട് തിരക്കിയപ്പോൾ റെയിൽക്രോസിനടുത്തു ഒരു ചെറിയ കടയുള്ള കാര്യം പറഞ്ഞു. അടുത്തെത്തിയപ്പോഴാണ് ഓർത്തത് അന്ന് ഞായറാഴചയാണെന്ന്. ചായക്കട അടഞ്ഞുകിടക്കുകയായിരുന്നു. ഏതെങ്കിലും കടയിൽ കയറുമ്പോൾ ഒരു കത്തി സംഘടിപ്പിച്ചു പൈനാപ്പിൾ ചെത്തിക്കഴിക്കാം എന്നായിരുന്നു പ്ലാൻ.
കുറച്ചു നേരത്തേക്ക് വിശപ്പ് വലിയ ജ്വാലകളുയർത്തി ആളിക്കത്തി. പിന്നെപ്പിന്നെ സാവധാനം അത് ചെറിയ കനലുകളിലേക്ക് ശമിച്ചു. ആ കനലുകൾ വീണ്ടും വീണ്ടും മിന്നിത്തെളിയുന്നതിനെ ഞങ്ങൾ മറികടന്നത് വിടുവായത്തങ്ങൾ പറഞ്ഞു ചിരിച്ചുകൊണ്ടായിരുന്നു. ചിരി വിശപ്പിനെ കൂട്ടുമോ കുറയ്ക്കുമോ? രണ്ടും ചെയ്യില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ വിശപ്പിനെ കുറേക്കൂടി സ്നേഹപൂർവ്വം സമീപിക്കാൻ ചിരി സഹായിച്ചേക്കാം .
ചിരിയോളം വലിയ സാധനയില്ല. 'be a lamp unto yourself' എന്ന ബുദ്ധസൂക്തത്തെ, 2500 വർഷങ്ങൾക്കു ശേഷം,'be a joke unto yourself ' എന്ന് ഓഷോ upgrade ചെയ്യുമ്പോൾ, ചിരിയുടെ ധ്യാനതലങ്ങളാണ് വീണ്ടെടുക്കപ്പെടുന്നത്. ഈ അസ്തിത്വത്തെ ആകെപ്പാടെ ഒരു cosmic joke എന്ന് തിരിച്ചറിയുമ്പോൾ ചിരി എന്നത് പരമമായ ധർമ്മമെന്ന തലത്തിലേക്ക് ഉയർത്തപ്പെടുന്നുണ്ട്; പുഷ്പസൗരഭ്യമെന്നപോലെ .
  
റെയിൽപ്പാളവും കടന്ന് (ഒല്ലൂർ - തൃശൂർ) മെയിൻ റോഡിലൂടെ. ഞായറാഴ്ചയായതിനാലാവാം വാഹനങ്ങൾ തീരെ കുറവായിരുന്നു. കയ്യിലൊരു പൈനാപ്പിൾ ഉണ്ടായിരുന്നിട്ടും കഴിക്കാൻ പറ്റാതെ, വിശന്നു തളർന്ന് ...പൈനാപ്പിളിന്റെ കൂമ്പിൽ പിടിച്ചു പൊക്കിയെടുത്തപ്പോൾ അതിന് ഒരു പൂച്ചക്കുഞ്ഞിന്റെ നിസ്സംഗഭാവം. പൈനാപ്പിൾ തന്നനുഗ്രഹിച്ചവന് ഒരു കത്തി കൂടി  തരാമായിരുന്നില്ലേ ? ഇത് ഒരു മാതിരി ...

വഴിയരികിൽ ഒരു ക്ഷേത്രവും ചെറിയ ഒരു ക്ഷേത്രക്കുളവും. അടുത്ത് കണ്ട ഒരു ബോർഡിൽനിന്നും സ്ഥലം തൃക്കൂർ ആണെന്നറിഞ്ഞു. തൃക്കൂർ. ഒല്ലൂരിനടുത്ത് തൃക്കൂർ. ഉള്ളിലെവിടെയോ എന്തോ തെളിഞ്ഞുവരാൻ മെനക്കെടുന്നുണ്ട്.
ക്ഷേത്രക്കുളത്തിനടുത്ത് മരത്തണലിൽ വിശ്രമിക്കാനിരുന്നു. വിശ്രമമൊന്നുമല്ല. ഈ പൈനാപ്പിൾ എങ്ങനെ അകത്താക്കാം എന്ന 'ചിന്തൻ ബൈഠക്ക്'. പൈനാപ്പിളിനെ ഒരിടത്തേക്ക് നീക്കി വെച്ചു. 'ഈ പൈനാപ്പിൾ ഇല്ലായിരുന്നുവെങ്കിൽ നമുക്ക് ഇത്രക്കും വിശപ്പ് തോന്നില്ലായിരുന്നു'. സമയം മൂന്നു കഴിഞ്ഞിരിക്കുന്നു. രാവിലെ  എട്ടരയ്ക്ക് നടന്നു തുടങ്ങിയതാണ്. കുറച്ചു പച്ചവെള്ളം മാത്രമേ ഇതുവരേക്കും അകത്തു ചെന്നിട്ടുള്ളൂ. tom hanks ന്റെ ( cast away,the movie ) ഫുട്ബോൾ സുഹൃത്തിന്റെ സ്ഥാനമാണ് ഈ പൈനാപ്പിളിനിപ്പോൾ. ഞങ്ങളുടെ പശി- പരിദേവനങ്ങളൊന്നും അത് കേട്ടില്ലെന്നു നടിച്ചു.

ക്ഷേത്രക്കുളത്തിനടുത്ത് ഉയരത്തിൽ പണിതുയർത്തിയിരുന്ന ഒരു മുറിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ (ഞങ്ങളേക്കാൾ പ്രായവും പക്വതയും തോന്നിച്ചിരുന്ന ഒരാൾ) ഇറങ്ങി വന്നു. അയാൾ അടുത്തേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി- ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. സാധാരണ ശാന്തിമാരിൽ കണ്ടുപോരാത്ത ചില വിശേഷങ്ങളുണ്ടായിരുന്നു അയാളുടെ പെരുമാറ്റത്തിൽ. ഉയർന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ഒരാളെപ്പോലെ തോന്നിച്ചു. കഴിക്കാനും കളയാനും വയ്യാത്ത ഞങ്ങളുടെ കഷ്ടസ്ഥിതി അയാൾ മനസ്സിലാക്കിയിരുന്നുവെന്നു തോന്നുന്നു. അദ്ദേഹം ഞങ്ങൾക്കൊരു കത്തി കൊണ്ടുത്തന്നു. "ആവശ്യം കഴിഞ്ഞു തിരിച്ചേല്പിച്ചാൽ മതി ", അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം വീണുകിട്ടിയ ദിവ്യായുധം! അരികുകളുടേയും മൂർച്ചകളുടേയുമെല്ലാം ലോഹപ്രസക്തികൾ! നിസ്സഹായതയുടെ ഏതെല്ലാം കടുത്ത നിമിഷങ്ങളിലൂടെയാകണം ലോഹങ്ങളും ആയുധങ്ങളും ഉപകരണങ്ങളുമൊക്കെ സംസ്കരിക്കപ്പെട്ടു വന്നിട്ടുള്ളത്! ഈയൊരു കഷ്ണം പൈനാപ്പിളിൽ, നാം ഇതുവരേക്കും നടന്നു കൂട്ടിയ വഴികളെല്ലാം അദൃശ്യമായ ഏതോ ലിപികളിൽ സംക്ഷേപിതമായിക്കിടക്കുന്നുവോ!
അതിഗഹനമായ ഏതോ രസമുകുളങ്ങളെക്കൊണ്ടായിരുന്നു ആ പൈനാപ്പിൾ രുചിക്കപ്പെട്ടത്. ചില അനുഭവങ്ങൾ അങ്ങനെയാണ്. സോഫ്ട്‍വെയറായി ഇൻസ്റ്റാൾ ചെയ്യപ്പെട്ട് ഹാർഡ്‌വെയറിന്റെ ഭാഗമായിത്തീരുന്നവ. the factual memory.

ക്ഷേത്രക്കുളത്തിനിപ്പോൾ കൂടുതൽ തെളിമയുണ്ട്. വെയിൽ ചാഞ്ഞു വരാൻ തുടങ്ങുന്നു. മരങ്ങളുടെ നിഴലും. അപാരമായ ഒരു നിറവിൽ കത്തി തിരിച്ചേല്പിക്കപ്പെടുന്നു. കയ്യും മുഖവും കഴുകി വീണ്ടും നടക്കാൻ തുടങ്ങുന്നു. ദാ, എനിക്കോർമ്മ വന്നു, ഇത് തൃക്കൂർ ആണ്. സ്വാമി രംഗനാഥാനന്ദ ജനിച്ച സ്ഥലം .

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു പ്രൊഫെസ്സർ അയ്യപ്പൻ സാറിൽ നിന്നും രംഗനാഥാനന്ദയെപ്പറ്റി ആദ്യമായി കേട്ടത്. രംഗനാഥാനന്ദ റഷ്യ സന്ദർശിച്ചു തിരിച്ചുപോരുമ്പോൾ ക്രൂഷ്ചേവ്, ഓർത്തുവെക്കാൻ ഒരു സമ്മാനം ആവശ്യപ്പെട്ടുവത്രേ. അദ്ദേഹം അപ്പോൾ തന്നെ തന്റെ കാവി വസ്ത്രത്തിന്റെ കോന്തലയിൽ നിന്നും ഒരു നാര്പൊട്ടിച്ചെടുത്തു ക്രൂഷ്‌ചേവിനു നല്കി -ആ അപൂർവ്വനിമിഷത്തിന്റെ ഓർമ്മക്കായി ! (ഈ സംഭവത്തെപ്പറ്റി ആധികാരികമായ റിപ്പോർട്ടുകളൊന്നും എനിക്കിതുവരെ കിട്ടിയിട്ടില്ല.)

ക്രൂഷ്ചേവ് അതെങ്ങനെയായിരിക്കും സൂക്ഷിച്ചു വെച്ചിട്ടുണ്ടാവുക? ആ നിമിഷത്തേയും, പാവനമായ ആ പാരിതോഷികത്തേയും ( എനിക്കേറ്റവും ഇഷ്ടമുള്ള ആ ഹൈക്കു ഞാനിവിടെ ഓർമ്മിക്കട്ടെ : mind is the buddha, no-mind is the way.) അതേപടി പരിപാലിക്കുന്നതിൽ ക്രൂഷ്ചേവ് വിജയിച്ചിട്ടുണ്ടെങ്കിൽ (ഒരു പക്ഷേ, തങ്ങളുടെ ആയുധപ്പുരകളോ ഇരുമ്പുമറകളോ ഇത്രയും വെല്ലുവിളി ഉയർത്തിക്കാണില്ല,അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ) അദ്ദേഹം ഈ ഭൂമിയിൽ നിന്നും തിരോഭവിച്ചിട്ടുണ്ടാവുക, വീണ്ടുമൊരു ക്രൂഷ്‌ചേവിയൻ ബോധ-ശരീര ചേരുവകളിലേക്കായിരിക്കില്ല. 

സ്വാമിജിയുടെ ETERNAL VALUES FOR A CHANGING SOCIETY ഞാൻ മറിച്ചുനോക്കുക മാത്രം ചെയ്തിട്ടുണ്ട്. വെറുമൊരു അനങ്ങാസ്വാമിയല്ല ഇദ്ദേഹമെന്നും അവിശ്വസനീയമാം വിധം ഊർജ്ജസ്വലനും നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ളവനും മറ്റുമാണെന്നൊക്കെ കേട്ടിട്ടുണ്ട്. ബർമ്മയിൽ നിന്നുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലെ ദാരുണ സംഭവങ്ങളെപ്പറ്റിയും അവിടെയുമിവിടെയും വായിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തെപ്പറ്റി കാര്യമായി ഒന്നുമറിയില്ലെന്നു സാരം. എന്നിട്ടും പക്ഷേ അദ്ദേഹം ഈ ഗ്രാമത്തിലായിരുന്നു ജനിച്ചുവളർന്നതെന്ന് ഓർക്കാൻ ഒരു സുഖം .
സ്വാമി രംഗനാഥാനന്ദയെപ്പറ്റി വിശദമായറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സമാധിക്കു ശേഷം 2005 ൽ ഡി. വിജയമോഹൻ എഴുതിയ ജീവചരിത്രത്തിൽ നിന്നാണ്. വെറും ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ രംഗനാഥാനന്ദ പിന്നീട് ലോകം മുഴുവൻ ശാഖകളുള്ള ശ്രീ രാമകൃഷ്ണ മിഷൻന്റെ തലപ്പത്തെത്തിയെന്ന് കേട്ടപ്പോൾ വിശേഷിച്ചൊന്നും തോന്നിയില്ല. സംന്യാസമെന്നത് ഒരുദ്യോഗമല്ലല്ലോ, പ്രമോഷലബ്ധിയിൽ ഉയർച്ചയുടെ പടവുകൾ താണ്ടിയെന്നു ഊറ്റം കൊള്ളാൻ. ഇദ്ദേഹത്തിന്റെ ഭാഷണങ്ങളേവയും ‘വേദാന്ത സാരത്തെ ശാസ്ത്രസമ്മതിക്കൊപ്പം അവതരിപ്പിക്കുക’ എന്നുള്ളതായിരുന്നു. so-called ആത്‌മീയ പരിസരത്തിലെ പഴയ ന്യൂ ജി തരംഗം. ലോകമെമ്പാടും ധാരാളം ശ്രോതാക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. നോബൽ സമ്മാനിതനായിട്ടുള്ള ഡോ.എസ്.ചന്ദ്രശേഖർ അടക്കമുള്ളവരോട്, ഒരേ വേദിയിൽ, ശാസ്ത്ര സമ്മതികളും വേദാന്ത വിയോജിപ്പുകളും ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചയാൾ. അന്നന്നത്തെ ഏറ്റവും പുതിയ ശാസ്ത്ര തത്വ പുസ്തകങ്ങൾ എല്ലായ്‌പോഴും അദ്ദേഹത്തിന്റെ വായനയിൽ ഇടം പിടിച്ചിരുന്നുവത്രേ .

ഇതൊക്കെയാണെങ്കിലും മറ്റു മിക്ക ആത്‌മീയ ആചാര്യന്മാരെപോലെത്തന്നെ സ്വാമി രംഗനാഥാനന്ദയുടെ പ്രഭാഷണ സാരങ്ങളും സമത്വ- സ്വച്ഛ- സുന്ദരമായ ഒരു സമൂഹ നിർമ്മിതിയിൽ ഊന്നിക്കൊണ്ടായിരുന്നുവെന്നു തോന്നുന്നു, വെറും കമ്മ്യൂണിസ്റ്റു ഗുരുക്കന്മാരെപ്പോലെ. വ്യക്ത്യധിഷ്ഠിതം എന്ന് തോന്നിക്കാവുന്ന (individual) വാക് -പ്രയോഗങ്ങൾ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും മനസ്സിലാവും അവരുടെ ആശയായുധങ്ങൾ ഏവയും ദിശയൂന്നിയിരിക്കുന്നത് വ്യക്ത്യധിഷ്ഠിതമായ വർത്തമാന യാഥാർഥ്യത്തിലേക്കല്ല, സമൂഹത്തിന്റെ ശോഭന ഭാവിയിലേക്കാണെന്ന്.
ഇവിടെയാണ് ആത്‌മീയത എന്നു പോലും വിളിക്കേണ്ടതില്ലാത്ത യഥാർത്ഥ ആത്‌മീയ അന്വേഷണങ്ങളുടെ ലോകത്ത്‌ ഇത്തരം സ്വാമിമാർ പിൻബെഞ്ചിലേക്ക് തള്ളപ്പെടുന്നത്. ഓഷോ, കൃഷ്ണമൂർത്തി, രമണ മഹർഷി തുടങ്ങിയവർ (ഈ നിരയിൽ വളരെയധികം പേരുകളില്ലെന്നോർക്കുക), അവരിൽത്തന്നെ വിശേഷിച്ചും ഓഷോ--കൃഷ്ണമൂർത്തിയും രമണ മഹർഷിയുമൊന്നും ഓഷോയോളം പ്രകോപിപ്പിച്ചിട്ടില്ല സുപ്ത സമൂഹത്തെ--സാമൂഹികം മാത്രമെന്ന് തോന്നിക്കാവുന്ന ഭാഷണങ്ങൾ നടത്തുമ്പോഴും ഉൾകാഴ്‌ചാ മുനകളൊക്കെയും തിരിച്ചുവെച്ചിരിക്കുന്നത് വ്യക്തിയിലേക്കാണെന്നു കാണാൻ കഴിയും. transformation, that alchemical change, വ്യക്തിയിൽ മാത്രമല്ലേ സാധ്യമാവുക? സമൂഹത്തിൽ വെറും മെച്ചപ്പെടുത്തലുകളേ നടക്കൂ. just improvements.
ഏതായാലും ഇഹലോകപരതയിൽ രംഗനാഥാനന്ദ കാണിച്ചിട്ടുള്ള ചുറുചുറുക്ക് നമ്മെ ആഹ്ലാദം കൊള്ളിക്കുക തന്നെ ചെയ്യും. ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത് തികച്ചും spontaneous എന്ന് തോന്നിക്കും വിധമാണ്. അത് ബർമ്മയിൽ നിന്നുള്ള പലായനമാകട്ടെ, ( ആ പലായനത്തെപ്പറ്റി, 1942 ഏപ്രിൽ 10 ന്, ദി ബോംബെ ക്രോണിക്കിളിൽ രംഗനാഥാനന്ദ എഴുതിയ ഒരു ലേഖനത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വിജയമോഹൻ തന്റെ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുണ്ട്. പട്ടിണിയും കോളറയും മൃതദേഹങ്ങളും വിലാപങ്ങളും മാത്രം നിറഞ്ഞ ആ പലായനകുറിപ്പുകൾ ഇന്നും സമകാലികമാണ്, റോഹിൻഗ്യൻ അഭയാർത്ഥി പ്രവാഹങ്ങളുടെ സങ്കീർണ രാഷ്ട്രീയ തീവ്രവാദ പശ്ചാത്തലത്തിൽ. ഇനിയും അവസാനിക്കാത്ത, അവസാനിക്കാനിടയില്ലാത്ത അഭയാർത്ഥിപ്പലായനങ്ങൾ, ലോകമെങ്ങും ?

ഈ സ്വാമിജി കടന്നുപോന്നിട്ടുള്ള ഏറ്റവും കാഠിന്യമേറിയ ആത്‌മീയ സാധനകൾ ഒരു പക്ഷേ, ഈ  അയനങ്ങളാവാം.) 
ഇന്ത്യാ - പാക് വിഭജനകാലത്തെ കറാച്ചി ദിനങ്ങളാകട്ടെ, അമ്പത്തിയൊന്നു രാഷ്ട്രങ്ങളിൽ (ഇന്ത്യയടക്കം) അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളാവട്ടെ ലോകമെമ്പാടും അദ്ദേഹം നടത്തിയ സംരംഭ സംഘാടനങ്ങളാവട്ടെ, വോളിബോൾ, ഗുസ്തി, നീന്തൽ തുടങ്ങിയ കായിക പ്രണയങ്ങളാവട്ടെ, വൈമാനിക സാഹസങ്ങളാവട്ടെ (അലഹബാദിൽ ഒരിക്കൽ ഒരു ആർമി ചടങ്ങിൽ രണ്ടായിരം അടി ഉയരത്തിൽ ഇദ്ദേഹം ഗ്ലൈഡർ പറത്തി, സമ്മർ സോൾട്ടെടുത്തു ആർമി ഉദ്യോഗസ്ഥരെ മുഴുവൻ അമ്പരപ്പിച്ചുവത്രേ), അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രസരിച്ചു നില്പുള്ള ഒരു ലീലാപരതയുണ്ട്, the very playfulness. ഏതു വേദാന്ത പാണ്ഡിത്യത്തേക്കാളും സ്വാമി രംഗനാഥാനന്ദയുടെ ആത്‌മീയ ഔന്നിത്യം (അല്ലെങ്കിൽ ആഴം) സംവേദനം ചെയ്യപ്പെടുന്നത് ഈ playfulness-ലൂടെയാണ്.
സംന്യാസിയായിരുന്നില്ലെങ്കിൽ താങ്കൾ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് ഇദ്ദേഹം ഉത്തരം പറഞ്ഞത് 'ഒരു പക്ഷേ, രാഷ്ട്രീയത്തിൽ എന്തെങ്കിലും പ്രധാന പദവിയിൽ എത്തുമായിരുന്നിരിക്കും' എന്നാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ സാമൂഹ്യപ്രസക്തികൾ അത് ശരി വക്കുകയും ചെയ്തേക്കാം. അദ്ദേഹത്തിന്റെ കൃതികളിലൂടെ കാര്യമായി കടന്നുപോയിട്ടില്ലെങ്കിലും, തോന്നിയിട്ടുള്ളത്, സംന്യാസികളേക്കാളുപരി സാമൂഹ്യ പ്രവർത്തകർക്കു ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കുറേ പഠിക്കാൻ ഉണ്ടാകും എന്നാണ്.

നടന്നു നടന്ന് ഞങ്ങൾ പെരുവനം ഗ്രാമത്തിലെത്തി. സന്ധ്യ. സമയം ആറു കഴിഞ്ഞിരിക്കുന്നു. ഏറെ പുരാതനമായ പെരുവനം ക്ഷേത്രം അതിന്റെ മൗന ഗരിമയിലൂടെ പ്രാചീനതയെ ഈ നിമിഷത്തിലേക്കാനയിക്കുന്നുണ്ട്. പുകൾപെറ്റ മേളപ്പെരുക്കങ്ങളുടെ ഈ ഗ്രാമം ശാന്തമാണ്. ഇവിടെ എവിടെയോ ആണ് കുട്ടൻമാരാരുടെ വസതി. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ അവസാന ദിവസം എല്ലാവർഷവും അദ്ദേഹത്തിലെ മേളപ്രമാണിത്തം ആസ്വദിച്ചിട്ടുണ്ട്. അതുപോലുള്ള എത്രയോ കലാപ്രമാണികൾക്ക് പെരുവനം ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം.


തായംകുളങ്ങര ജംഗ്ഷനെത്തി. ഹാവൂ, ഒരു ചായക്കട തുറന്നിരുപ്പുണ്ട്. ചായയും സുഖിയനും മുന്നിൽ. മധുരസ്നേഹാമൃത ഗോളങ്ങൾ. അല്ലേലും എന്റെ സുഖിയൻ പ്രണയം സുഹൃത്തുക്കൾക്കിടയിൽ ഒരു വർത്തമാനമായിരുന്നു. പോളിടെക്‌നിക് കാന്റീനിലെ ബാലേട്ടനും അതേറ്റു പിടിച്ചിരുന്നു.

ഇന്ന് പക്ഷേ ആ വിഭവത്തോട് അളവിൽ കവിഞ്ഞ പ്രിയമൊന്നുമില്ല .
ആഹാ, രസനയിൽ എന്തെല്ലാം പരിണാമങ്ങളാണ്!


Tuesday, July 16, 2019

ഇറങ്ങിപ്പോക്കുകൾ - 2 - walkouts to oneself ...

മധ്യപ്രദേശിലേക്കു കടക്കുന്ന പ്രധാന റെയിൽപ്പാളത്തിനു  കുറുകേ ചെറിയ ഒരു ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ഛത്തീസ്‌ഗഡിലെത്തിയത്. കൃത്യമായി പറഞ്ഞാൽ റായ്‌ഗഡിൽ. റെയിൽവേസ്റ്റേഷനിൽ നിന്നും ആറേഴു കിലോമീറ്റർ ദൂരെയുള്ള ഒരു തെർമൽ പവ്വർ സ്റ്റേഷന്റെ പിന്നാമ്പുറത്തായിരുന്നു ഈ ടണൽ നിർമ്മാണം. സ്റ്റേഷനിലെത്തുമ്പോഴേ അന്തരീക്ഷം മൂകമാണ്. കൽക്കരിധൂമങ്ങൾ കിലോമീറ്ററുകൾ വ്യാസത്തിലുള്ള ഒരു വലിയ പ്രദേശത്തെ മുഴുവനും ചാരമണിയിച്ചിരിക്കുന്നു. വിളറിവെളുത്തു കിടക്കുന്ന കൃഷിയിടങ്ങൾ. കൽക്കരിഗന്ധം നിറഞ്ഞ വായു. ഇൻഡസ്ട്രിയൽ പരിസരങ്ങളും ഫാക്ടറികളും റീഫൈനറികളും മറ്റും പരിചിതമായിരുന്നതിനാൽ ഈ അന്തരീക്ഷ വ്യതിയാനങ്ങളൊന്നും എന്നിൽ അമ്പരപ്പുളവാക്കിയില്ല.
മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞിരുന്നു. കേരളത്തിലേയോ മുംബൈയിലേയോ പോലെയല്ല മധ്യേന്ത്യ മുതൽ വടക്കോട്ട്. മഞ്ഞുകാലമെന്നല്ല, ഋതുഭേദങ്ങൾ ഏറെ പ്രകടമാണവിടം. ചൂടായാലും തണുപ്പായാലും. എത്ര കഠിനമായാലും മഞ്ഞുകാലമാണെനിക്കിഷ്ടം. കട്ടിയുള്ള വസ്ത്രങ്ങളും ഷാളുകളും മറ്റും പുതച്ച്‌, തന്നിലേക്കു തന്നെ ചുരുണ്ടുകൂടാൻ പറ്റിയ സമയമാണത്. വിശ്രമിക്കാൻ സമയമുണ്ടെന്നാകിൽ പിന്നെ പറയാനുമില്ല.

ഡിസംബർ അവസാനമാകണം, അല്ലെങ്കിൽ ജനുവരിയുടെ തുടക്കം. ഏറെ വൈകിയ ഒരു രാത്രി, ഒന്നരയോടടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതുണ്ടായിരുന്നു. മുംബൈ ഓഫീസിൽനിന്നും വരുന്ന ഒരു സ്റ്റാഫിനെ സ്വീകരിക്കേണ്ടതുണ്ട് .
അര മണിക്കൂർ നേരത്തെ സ്റ്റേഷനിലെത്തി. സ്റ്റേഷൻ താരതമ്യേന ശാന്തമാണ്. നാലഞ്ചു സൈക്കിൾ റിക്ഷക്കാരും ഒന്നോ രണ്ടോ ഓട്ടോ ഡ്രൈവർമാരും പുറത്തുണ്ട്. ആറേഴു ചുമട്ടു തൊഴിലാളികളുണ്ട് അകത്ത്. ട്രാക്കുകൾക്ക് ദൂരെ മാറി, സ്റ്റേഷനുകൾ താവളമാക്കിയവർ ചപ്പുചവറുകൾ കൂട്ടിയിട്ടു തീ കായുന്നുണ്ട്. മിക്കവരും അവിടവിടങ്ങളിൽ ചടഞ്ഞുകൂടിയിരുപ്പാണ്. മഫ്ളറും മങ്കിക്യാപ്പുമാണ് ഒഴിച്ചുകൂടാനാവാത്ത വസ്ത്ര വിഭവങ്ങൾ. തണുപ്പുതന്നെ തണുപ്പ്.
മഞ്ഞും ശൈത്യവുമെല്ലാം ഇഷ്ടമാണെന്നു പറയുമ്പോൾ അതിത്രയും അസഹനീയമാകാമെന്ന് ഓർത്തില്ല. ഇഷ്ടമാണെന്നു പറയുമ്പോഴും ഉള്ളിന്നുള്ളിൽ അതിനു ചില വ്യവസ്ഥകൾ ഉണ്ടായിരുന്നതായി ഞാനിപ്പോൾ കണ്ടെത്തുന്നു. പരസ്യങ്ങളിലെ ഓഫറുകൾ പോലെയാണ് ഇഷ്ടാനിഷ്ടങ്ങളും - conditions applied. പെട്ടെന്നു കണ്ണെത്താത്ത, മനസ്സിന്റെ ഏതോ ചില കോണുകളിൽ നക്ഷത്രചിഹ്നവുമിട്ടു പതുങ്ങികിടപ്പുണ്ടാവുമവ. ഇഷ്ടം പോലെ സമയവും ചുരുണ്ടുകൂടാനൊരിടവും ചൂട് പകരാൻ അത്യാവശ്യം വസ്ത്രങ്ങളും വയറു നിറയെ ഭക്ഷണവും കിട്ടുകയാണെങ്കിൽ ആരാണ് പിന്നെ ശൈത്യം ഇഷ്ടപ്പെടാതിരിക്കുക?
ഉറങ്ങാൻ പറ്റാതെ വന്നാൽ തണുപ്പിനു തലക്കനം കൂടും. ഇവന്മാർക്കൊന്നും ഈ പാതിരാവണ്ടിയല്ലാതെ മറ്റൊന്നും കിട്ടിയില്ലേ? ബാക്കിയുള്ളവനെ ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ..... ഒരു ടീ സ്റ്റാള് പോലും തുറന്നിരിപ്പില്ല. ആരൊക്കെയോ ചിലർ കമ്പിളികൊണ്ടു മൂടിപ്പുതച്ചു കിടപ്പുണ്ട്, പാർസൽ പാക്കേജുകൾ കൂട്ടിയിട്ടതുപോലെ. അങ്ങനെയെന്തെങ്കിലും കയ്യിൽ കരുതാമായിരുന്നു. വെറും സ്വെറ്ററും ഷാളുമൊന്നും പോരാതെ വന്നു. അപ്പോഴാണ് 'യാത്രക്കാരുടെ ശ്രദ്ധക്ക്' വെളിപാട് ലഭിച്ചത് - ട്രെയിൻ ഒരു മണിക്കൂറു കൂടി വൈകുമത്രേ!
ആ അരുളപ്പാട് ഏതായാലും നന്നായി. ട്രെയിൻ ദാ ഇപ്പോഴെത്തുമെന്നും, വരുന്നവനെയും കൂട്ടി, ഒരു റിക്ഷ പിടിച്ച്‌, എത്രയും പെട്ടെന്ന് മുറിയിലെത്തി കിടന്നുറങ്ങാമെന്നുള്ള പ്രതീക്ഷയെ എവിടെ നിന്നോ വന്ന ഒരു സ്റ്റേഷൻ മാസ്റ്റർ ഒറ്റ ഞൊടിക്കു ഉടച്ചുകളഞ്ഞിരിക്കുന്നു! സന്മനസ്സില്ലെങ്കിലും സമാധാനം കൈവന്നിരിക്കുന്നു!
പ്രതീക്ഷകളില്ലാതായാൽസമാധാനമാണ് പിന്നെ. പ്രതീക്ഷയാണെന്നു തോന്നുന്നു മനസ്സിനുള്ള മൃഷ്ടാന്നം. മനസ്സിന് അതിന്റെ കൈകാലുകൾ വിസ്തരിച്ചു നീട്ടി പിടിമുറുക്കാനുള്ള സാധ്യതകളാണ് പ്രതീക്ഷകൾ. തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും എന്ന തോന്നലുള്ളേടത്തോളം മനസ്സ് പത്തി വിടർത്തി നില്ക്കുകയേയുള്ളൂ. പ്രതീക്ഷകളൊഴിഞ്ഞ്, തീർത്തും നിസ്സഹായമാണ് അവസ്ഥയെന്ന് ബോധ്യപ്പെട്ടാൽ, അതു പിന്നെ പത്തി മടക്കി മാളത്തിലേക്ക് വലിയും. ആ നിസ്സഹായത ബോധ്യപ്പെടും വരേയ്ക്കും, അതിശയോക്തിയുടെ വിളയാട്ടമായിരിക്കും, അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും.
ഏതായാലും മനസ്സൊന്നു മാറി നിന്നപ്പോൾ, എനിക്കു മനസ്സിലായി, തൊട്ടു മുൻപ് വരെ താൻ പെരുപ്പിച്ചു കാണിച്ചു അനുഭവിച്ചത്ര തണുപ്പൊന്നുമില്ലെന്ന്. ഒരു സ്വെറ്ററും മഫ്ളറും കൊണ്ട് മെരുക്കാവുന്നതേയുള്ളൂ. എന്നാലും പക്ഷേ എവിടെയും ഒരിടത്തു് ഇരിക്കാനാവില്ല . സ്റ്റേഷനിലെ ഇരിപ്പിടങ്ങളെല്ലാം ഗ്രാനൈറ്റ് പാകിയിട്ടുള്ളതാണ്. വല്ലാത്ത തണുപ്പായിരിക്കും. പിന്നെയുള്ളത് ഇരുമ്പു ബെഞ്ചുകൾ. തണുപ്പായിട്ടും ചിലരൊക്കെ അതിൽ കയറിക്കിടന്നു സുഖനിദ്ര പൂകിയിരിക്കുന്നു.
പ്ലാറ്റഫോമിന്റെ ഒരറ്റത്തേക്കു നടന്നു. അധികം വെളിച്ചമില്ലാത്തിടത്തേക്ക്. അവിടെ നിന്ന് നോക്കിയാൽ എന്തെല്ലാമോ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം. നേരിയ വെളിച്ചവും മഞ്ഞും കൂടിച്ചേർന്നപ്പോൾ, ജലച്ചായചിത്രങ്ങളിലേതുപോലെ അമൂർത്ത രൂപങ്ങളായി അവ. ആ ദൃശ്യങ്ങളിൽ നിന്നും പിൻവാങ്ങി തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴായിരുന്നു, കാതിൽ അസാധാരണമായെന്തോ മുഴങ്ങുന്നുണ്ടെന്നു തോന്നിയത്.
"ഉവ്വ് , പുല്ലാങ്കുഴൽ സ്വനം "
എത്രയോ ദൂരെ നിന്ന് നേർത്തു നേർത്തു വരുന്ന പുല്ലാങ്കുഴൽ വീചികൾ. കാതുകളെ എനിക്ക് വിശ്വസിക്കാമോ! പലപ്പോഴും നാം കേൾക്കുന്ന പല ശബ്ദങ്ങളും നമ്മുടെ വ്യാഖ്യാനങ്ങളാണ്. നമ്മുടെ എന്ന് വച്ചാൽ, വിശേഷിച്ചും മസ്തിഷ്കത്തിന്റെ നാഡീ ശൃംഖലയൊരുക്കുന്ന ഭ്രമശ്രവണങ്ങൾ- auditory illusions. മനുഷ്യപരിണാമത്തിന്റെ തിക്കും തിരക്കിനുമിടയിൽ രണ്ടറ്റത്തും കുറേ ശബ്ദതരംഗങ്ങളെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. നമ്മുടെ ശ്രവണ പരിധികൾ 20 hz നും 20000 hz നും
ഇടയിൽ നിശ്ചയിക്കപ്പെട്ടപ്പോൾ, രണ്ടറ്റത്തും അതിരിനോടടുത്തു വരുന്ന ശബ്ദങ്ങളെ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ മസ്തിഷ്ക്കം കുറച്ചു കഷ്ടപ്പെടുന്നു.  അതിന്റെ ഭാഗമാണ് ഇത്തരം മിഥ്യാശ്രവണങ്ങൾ മിക്കവയും. (സംവിധായകൻ ബ്ലെസിയുടെ 'ഭ്രമരം' ഒരു നല്ല പ്രയോഗമാണ്). 
കാറ്റുള്ളപ്പോൾ തുളകളുള്ള ഇരുമ്പു തൂണുകളും മറ്റും ഇതുപോലുള്ള ശബ്ദം പുറ പ്പെടുവിക്കുന്നതു കൺസ്ട്രക്ഷൻ  സൈറ്റുകളിൽ പരിചിതാനുഭവമാണ്. ഇത് അതൊന്നുമല്ല. ഇനി, musicophelia, bio phelia എന്നതുപോലെ, is there any fluto phelia ? ഞാൻ അല്പം കൂടെ മുന്നോട്ടിറങ്ങി നടന്നു. ആരോ പുല്ലാങ്കുഴൽ വായിക്കുന്നതാണ്. റെയിൽവേ ട്രാക്കുകൾക്കു സമീപത്തുകൂടി ഞാൻ പതിയെ നടന്നു. പ്ലാറ്റ്ഫോമിനുശേഷം മിക്കയിടത്തും ഇരുട്ടായിരുന്നു. വല്ലപ്പോഴും ഒരു ഇലക്ട്രിക് പോസ്റ്റ് കണ്ടാലായി. മുന്നോട്ടു നടക്കുന്തോറും ആ ശബ്ദം കൂടുതൽ തെളിഞ്ഞു തെളിഞ്ഞു വന്നു. ആരോ ഒരു ഹിന്ദി ഭജൻ ആലപിക്കുകയാണ്, പുല്ലാങ്കുഴലിലൂടെ. തെളിമയുള്ള വായന. പ്രാഗൽഭ്യം വ്യക്തമാക്കുന്ന ലയം. 'this little flute of a reed' എന്ന് ടാഗോർ സ്വയം നിർവചിച്ചത് വെറുതേ ഓർമ്മയിൽ .
റെയിൽപ്പാളത്തിൽ പാകിയിട്ടുള്ള കരിങ്കൽക്കഷ്ണങ്ങൾക്കു മീതെ കൂടി കഴിവതും ശബ്ദമുണ്ടാക്കാതെ മുന്നോട്ടു നടന്നു. എന്നിട്ടും പക്ഷേ, ഷൂവിനടിയിൽ ആ കരിങ്കൽക്കഷ്ണങ്ങൾ ഉണ്ടാക്കിയ മുറുമുറുപ്പുകൾ, ആ വേണുഗാനത്തെ അവിടവിടെ ഞെരിച്ചുകളയുന്നുണ്ടോയെന്നു സംശയം. പാതിരാത്രിയിൽ, തീരെ പ്രതീക്ഷിക്കാത്ത ഒരവസരത്തിൽ, കാതിൽ വന്നു വീണ ഒരു പുല്ലാങ്കുഴൽ സ്വരം ഇത്രക്കൊക്കെ കൗതുകം ജനിപ്പിക്കേണ്ടതുണ്ടോ എന്ന് തോന്നാവുന്നതാണ്. അതിനൊരു പശ്ചാത്തലമുണ്ട് പക്ഷേ.


ചെറിയ ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ കൂടെയുണ്ടായിരുന്ന ഒരു കമ്പമായിരുന്നു പുല്ലാങ്കുഴൽ. എന്തുകൊണ്ടൊക്കെയോ ഔപചാരിക പഠനമൊന്നും സാധ്യമായില്ല. എങ്കിലും ഒന്നോ രണ്ടോ ഓടക്കുഴലുകൾ എപ്പോഴും കൂടെയുണ്ടാവാറുണ്ട്. അങ്ങനെയിരിക്കെയാണ്, ഇങ്ങോട്ടെത്തുന്നതിനു മുൻപ് 'ബാംസുരി' പഠനത്തിന് ഒരു ഗുരുവിനെ കിട്ടിയത്. പാട്നയിൽ നിന്നുള്ള ഒരു മുജ്‌തഫാ ഹുസൈൻ. പഠനം ഏതാനും മാസങ്ങളേ ഉണ്ടായുള്ളൂവെങ്കിലും, അദ്ദേഹമുണർത്തിവിട്ട മൗനസ്ഫുലിംഗങ്ങൾ തെളിഞ്ഞു തന്നെ കിടക്കുകയായിരുന്നു ഉള്ളിൽ. കാര്യമായ പ്രയോജനമില്ലാതിരുന്നിട്ടും ഒരാഴ്ച യിൽ കൂടുതലുള്ള ഏതു യാത്രയിലും 'flute kit' ലഗേജിനൊപ്പമുണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും അത് അനാവശ്യമായി തോന്നിയിട്ടുമുണ്ട്. പക്ഷേ, പുല്ലാങ്കുഴൽ, ബാംസുരി, വെറുമൊരു മുളന്തണ്ട്, ഒരു സംഗീതോപകരണം മാത്രമല്ലല്ലോ. ഒട്ടും സംഗീതാഭിരുചികൾ ഇല്ലാത്തവർക്കു പോലും പുല്ലാങ്കുഴൽ ഒരു വശ്യാനുഭവമാണെന്നു തോന്നുന്നു. സംഗീതത്തേക്കാളുപരി അതെന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നുണ്ട് - reminding. എത്ര പെട്ടെന്നാണ് അതു നമ്മെ ഏകാന്തതയുടെ പ്രാചീന സന്നിധിയിലേക്കു കൂട്ടിക്കൊണ്ടുപോവുക!  

"പുല്ലാങ്കുഴലിന്നകം പൊള്ളയാണ്. അന്വേഷിയായിട്ടുള്ള ഒരാളും ഇതുപോലിരിക്കും. അകം പൊള്ളയായിരിക്കട്ടെ, ശൂന്യമായിരിക്കട്ടെ, അസ്തിത്വത്തിന് ഉള്ളിലൂടൊഴുകാനാവും വിധം. എങ്കിലേ അസ്തിത്വത്തിന്  നിങ്ങളിലൂടെ ഒരു ഗാനമാലപിക്കാനാവൂ. ഒരു ഗാനമാലപിക്കാൻ അസ്തിത്വം എല്ലായ്‌പോഴും സന്നദ്ധമാണ്. നാം പുല്ലാങ്കുഴലുകളാവുകയേ വേണ്ടൂ.....പുല്ലാങ്കുഴലാവുക, ഒരു മുളന്തണ്ട്, ഒരഗാധസമർപ്പണം, ഒരു പരിപൂർണ്ണ ശൂന്യത ."  ഓഷോയുടെ ഈ വരികളെല്ലാം ശ്രദ്ധയിൽ പെടുന്നത് പിന്നെയും കുറേ കഴിഞ്ഞാണ്.
റെയിൽപ്പാളങ്ങളുടെ ഓരം ചേർന്ന് ഇരുട്ടിലേക്കു നടന്നു. വിചാരിച്ചതിലും ദൂരമുണ്ട്. ശബ്ദമൊഴിഞ്ഞ രാത്രിയായതിനാലും അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാലും ആവൃത്തി കുറഞ്ഞ ആ ബാംസുരി ശ്രുതികൾ ഏറെ ദൂരം സഞ്ചരിക്കുന്നതാകും. ഏകദേശം അര കിലോമീറ്ററെങ്കിലും നടന്നുകാണും. ചെറിയ ഒരു പൊന്തക്കാട്ടിൽനിന്നാണ് ശബ്ദം വരുന്നത്. കേൾക്കാൻ മനോഹരമാണ്. ഒരുവിധം അടുത്തെത്തിയപ്പോൾ ഞാൻ നടത്തം നിർത്തി. കാൽപ്പെരുമാറ്റങ്ങൾ അവരുടെ സാധനക്കു വിഘ്‌നമാവരുതല്ലോ.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം, അവർ ആരുടെയോ സാന്നിധ്യം സംശയിച്ചുവെന്നു തോന്നുന്നു...ആലാപനം പൊടുന്നനെ നിലച്ചു. ദൂരെയുള്ള ഒരു വഴിവിളക്കിന്റെ ഇത്തിരി വെട്ടം ആ സാധനാകുടീരത്തിലേക്കു നിലാവൊരുക്കുന്നുണ്ടായിരുന്നു. മാപ്പപേക്ഷിച്ചുകൊണ്ട് ഞാൻ അവർക്കിടയിലേക്കു കയറിച്ചെന്നു. ഒരു വൃദ്ധനും പതിനഞ്ചിനുമേൽ പ്രായം തോന്നിക്കാവുന്ന ഒരു ചെറുപ്പക്കാരനുമാണ്. ആ വൃദ്ധൻ അവനെ പഠിപ്പിക്കുകയാണോ അതോ ആസ്വാദനം മാത്രമോ? അറിയില്ല. ഏറെ പരിതാപകരമായ ജീവിതാവസ്ഥകളിൽ നിന്നാണ് അവരെന്ന് ഒറ്റ നോട്ടത്തിലറിയാൻ കഴിയും. ഗോത്ര വർഗ്ഗത്തിൽ പെട്ടവർ തന്നെയാകണം. ധാരാളം ഗോത്രവർഗ്ഗക്കാരുള്ള സ്ഥലമാണ്. പേരിനു മാത്രം വസ്ത്രം. മഞ്ഞും തണുപ്പുമൊന്നും അവർക്ക് ഏശുന്നില്ല.
ചെറുപ്പക്കാരൻ മാത്രം ഒന്നു ചിരിച്ചു. വെളിച്ചം കുറവായിരുന്നിട്ടും അവന്റെ ആ മന്ദഹാസത്തിൽ മുഖം കൂടുതൽ തെളിഞ്ഞതുപോലെ. എന്നാൽ അവന്റെ ഗുരു (ഞാൻ അങ്ങനെത്തന്നെ നിരൂപിക്കട്ടെ), വൃദ്ധനായ ആ മനുഷ്യൻ കടുത്ത മൗനം പാലിച്ചു. എന്റെ പ്രവേശനം ഒരതിക്രമണമായി അദ്ദേഹത്തിനു തോന്നിയിരിക്കണം. ഒരർത്ഥത്തിൽ ശരിയായിരുന്നു താനും. എനിക്കത് ഒഴിവാക്കാമായിരുന്നു.
ആ വൃദ്ധന്റെ ഇരുണ്ടു മെലിഞ്ഞ കൈകൾക്കുള്ളിൽ ഒരു കൊച്ചോടക്കുഴൽ, ശ്രുതി ചേരാൻ സന്നദ്ധമായി ഉണർന്നിരിക്കുന്നത് കാണാനായി. അദ്ദേഹം എന്നെ നോക്കിയതുപോലുമില്ലെന്നു തോന്നുന്നു. കൈകൾ കൂപ്പി വീണ്ടും മാപ്പു പറഞ്ഞ് ഞാൻ തിരിച്ചിറങ്ങി. ഒരു തീർത്ഥാടനത്തിൽ നിന്നെന്നപോലെ, പ്രസാദപൂർണം.
ഗോത്രവർഗ്ഗ പശ്ചാത്തലമായിരുന്നെങ്കിൽക്കൂടി അദ്ദേഹം ആലപിച്ചിരുന്നത് നാടോടി ഈണങ്ങളായിരുന്നില്ല. എന്റെ പരിചയത്തിൽ, ആ ഈണങ്ങൾക്ക് ഔപചാരികമായ രാഗശുദ്ധിയുണ്ടായിരുന്നു. ആർക്കറിയാം ആരെല്ലാം എന്തെല്ലാമാണെന്ന്. എനിക്കിപ്പോൾ ആകെ അറിയാവുന്നത് എന്റെ ഹൃദയത്തിൽ പ്രകാശമാനമായ എന്തോ ഒന്ന് നിറഞ്ഞു നിറഞ്ഞു
വരുന്നുണ്ട് എന്നു മാത്രമാണ്. After all, if not a passing wave of gratitude, what this life is all about ?


തിരിച്ചു നടക്കുമ്പോൾ എന്നിലുണ്ടായിരുന്ന ആശങ്ക, ഞാൻ തടസ്സപ്പെടുത്തിയ അവരുടെ പുല്ലാങ്കുഴൽ സാധന അവർ തുടരാതിരിക്കുമോ എന്നായിരുന്നു. തിരിച്ചു പ്ലാറ്റഫോമിലേക്കു കയറും മുൻപ് എന്റെ കാതുകൾ ആ മധുരസ്വനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയോ, അതോ എന്റെ ഭ്രമശ്രവണമോ?


*    * *     * * *     *
'old path white clouds' എന്ന മനോഹരമായ ബുദ്ധ ജീവിത ആഖ്യായികയിൽ -Thich Nhat Hanh - ഇങ്ങനെ ഒരു രംഗമുണ്ട്: സർഗാത്മകതയിലേക്ക് പദം വെക്കുന്നവർ എല്ലായ്‌പോഴും ഓർത്തുവെക്കേണ്ടുന്ന ഒന്ന്:


വാരണാസിയിൽ നിന്ന് രാജഗേഹത്തിലേക്കുള്ള യാത്രയിൽ, ബുദ്ധൻ ഒരു വനാന്തരത്തിൽ വിശ്രമിച്ചു ധ്യാനിക്കുകയായിരുന്നു. ധ്യാനത്തിൽ നിന്നുണർന്ന ബുദ്ധനെ സംഗീതോപകരണങ്ങൾ കൈവശമുണ്ടായിരുന്ന നാലഞ്ചു ചെറുപ്പക്കാർ സമീപിച്ചു. അവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയെ തിരക്കി നടക്കുകയായിരുന്നു. ബുദ്ധൻ അവരോടു ചോദിച്ചു,"പറയൂ സുഹൃത്തുക്കളേ. ഈ നിമിഷത്തിൽ ഏതാണ് കൂടുതൽ നല്ലത്? ഓടിപ്പോയ ഒരു പെൺകുട്ടിയെ തെരഞ്ഞു കണ്ടെത്തുന്നതോ അതോ സ്വയം കണ്ടെത്തുന്നതോ?"
അപ്രതീക്ഷിതമായ ആ ചോദ്യത്താലും ബുദ്ധന്റെ ശാന്തവും പ്രഭാപൂർണ്ണവുമായ സാന്നിധ്യത്താലും ആ ചെറുപ്പക്കാർ പെട്ടെന്നുതന്നെ സമർപ്പിതരായി. ബുദ്ധനവരോട് ഈ നിമിഷത്തിന്റെ അർത്ഥ സമ്പൂർണ്ണതയെപ്പറ്റിയും, എല്ലായ്‌പോഴും ഭാവിയിലോ ഭൂതത്തിലോ മാത്രം കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന നമ്മുടെ മനസ്സ്, എങ്ങനെയാണ് യഥാർത്ഥ ജീവിതത്തെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും വിശദമായി സംസാരിച്ചു. അവരത് അതീവ ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തു. സൂര്യപ്രകാശമേറ്റ് തിളങ്ങി നില്ക്കുന്ന പച്ചിലകളിലേക്കും, നേരിയ കാറ്റിൽ അവ ഇളകിയാടുന്നതിന്റെ സൗന്ദര്യത്തിലേക്കും, ഈ നിമിഷത്തിൽ നമുക്കു ചുറ്റിലും ഊർജ്ജസമ്പുഷ്ടമായിരിക്കുന്ന ജീവിതത്തിലേക്കും ബുദ്ധൻ അവരുടെ ശ്രദ്ധയെ ക്ഷണിച്ചു.
സംസാരത്തിനൊടുവിൽ വലതുവശത്തിരുന്നിരുന്ന ഒരു ചെറുപ്പക്കാരനോട് ബുദ്ധൻ പറഞ്ഞു," നിങ്ങളുടെ കൈവശം ഒരു പുല്ലാങ്കുഴൽ കാണുന്നുവല്ലോ. ഞങ്ങൾക്കുവേണ്ടി അല്പമെന്തെങ്കിലും വായിക്കാമോ ?"
അല്പം ലജ്ജയോടെയാണെങ്കിലും ആ ചെറുപ്പക്കാരൻ പുല്ലാങ്കുഴൽ വായിച്ചു. പുറമേക്ക് വന്ന ശബ്ദത്തിൽ മുഴുവനും ഹതാശനായ ഒരു പ്രണയിയുടെ വേദനയായിരുന്നു. ബുദ്ധൻ ആ ചെറുപ്പക്കാരനിൽ നിന്നും ശ്രദ്ധ തിരിച്ചതേയില്ല. അയാൾ തന്റെ പുല്ലാങ്കുഴൽ നിലത്തുവച്ചപ്പോൾ അവിടമെങ്ങും മൂകമായതുപോലെ. കുറച്ചു നേരത്തേക്ക് ആരും സംസാരിച്ചില്ല. പെട്ടെന്ന്, ആ ചെറുപ്പക്കാരൻ എഴുന്നേറ്റുവന്ന് തന്റെ പുല്ലാങ്കുഴൽ ബുദ്ധനുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു," പൂജ്യനായ മുനിവര്യനേ, ഞങ്ങൾക്കു വേണ്ടി അങ്ങ് ഇതൊന്നു വായിച്ചാലും."
ബുദ്ധൻ മന്ദഹസിച്ചു. കൂടെയുണ്ടായിരുന്ന മറ്റു ചെറുപ്പക്കാരെല്ലാവരും ഉറക്കെച്ചിരിച്ചു- 'ഞങ്ങളുടെ ഈ സുഹൃത്ത് ഇങ്ങനെയൊരു വിഡ്ഢിയായിപ്പോയല്ലോ. ഏതെങ്കിലും സന്ന്യാസി പുല്ലാങ്കുഴൽ വായിക്കുമോ?'


എന്നാൽ അവരെ അതിശയിപ്പിച്ചുകൊണ്ട് ബുദ്ധൻ ആ പുല്ലാങ്കുഴൽ കയ്യിലെടുത്തു. ആഴത്തിലുള്ള കുറച്ചു ശ്വാസമെടുത്തതിനു ശേഷം ബുദ്ധൻ ആ പുല്ലാങ്കുഴൽ ചുണ്ടോടടുപ്പിച്ചു. വർഷങ്ങൾക്കുമുൻപ് കപിലവസ്തുവിലെ തന്റെ കൊട്ടാരത്തിൽ, ഒരു പൗർണമി രാത്രിയിൽ താൻ പുല്ലാങ്കുഴൽ വായിച്ച രംഗം ഒരു നിമിഷനേരത്തേക്ക് ബുദ്ധന്റെ മനസ്സിലൂടെ കടന്നുപോയി....ബുദ്ധനെ ശ്രവിച്ചുകൊണ്ടു മഹാപജാപതിയും ഭാര്യ യശോധരയും ...
ബുദ്ധന്റെ പുല്ലാങ്കുഴലിലൂടെ അതീവ ലോലമായ മധുരനാദം പുറത്തേക്കൊഴുകി. മുഴുവൻ അന്തരീക്ഷത്തേയും കവർന്നുകൊണ്ട് അത് അതീന്ദ്രീയ നാദപ്രപഞ്ചമായി, സർവ്വതിനേയും ദിവ്യനാദമായി പരിണമിപ്പിച്ചുകൊണ്ട്. ഒന്നിനു പകരം ഒരു പതിനായിരംപേർ വേണുഗാനമുതിർക്കുന്നതുപോലെ. സർവ്വ പ്രപഞ്ചവും അതീവ ചാരുതയാർന്ന ശബ്ദവിന്യാസങ്ങളായി മാറാൻ തുടങ്ങി. പക്ഷിമൃഗാദികൾ, എന്തിനധികം, കാറ്റുപോലും ശ്വാസമടക്കിപ്പിടിച്ച്‌ ആ നാദപ്രപഞ്ചത്തിന്‌ ചെവിയോർത്തു. ആ ആരണ്യകം മുഴുവനും ശാന്തിയുടേയും അദ്‌ഭുതങ്ങളുടേയും അപാരതയിൽ മുങ്ങി നിന്നു. ബുദ്ധനു ചുറ്റുമിരുന്ന ആ ചെറുപ്പക്കാർ, വനം, വൃക്ഷലതാദികൾ, ബുദ്ധൻ, സർവതിനോടും സർവരോടുമുള്ള സൗഹൃദം, വേണുഗാനം എന്നിങ്ങനെ വർത്തമാന ജീവിതത്തെ അനന്തമായ ആനന്ദാനുഭൂതിയായി അനുഭവിച്ചു. ബുദ്ധൻ പുല്ലാങ്കുഴൽ താഴെ വെച്ചിട്ടും ആ ഗാനനിർഝരി നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. 
അവരെല്ലാവരും അവർ അന്വേഷിച്ചു നടന്ന ആ സുന്ദരിയായ ചെറുപ്പക്കാരിയെ പറ്റിയോ അവൾ അപഹരിച്ചുകൊണ്ടുപോയ അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയോ ഓർത്തതേയില്ല. കുറെ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
പിന്നീട് , പുല്ലാങ്കുഴൽ കൈമാറിയ ആ ചെറുപ്പക്കാരൻ പറഞ്ഞു," അങ്ങ് എത്ര അദ്‌ഭുതാവഹമായാണ് വായിക്കുന്നത്! ഇത്ര മനോഹരമായ പുല്ലാങ്കുഴൽ വായന ഞാൻ ഇത് വരേക്കും കേട്ടിട്ടില്ല. അങ്ങ് ആരിൽനിന്നുമാണ് പഠിച്ചത് ? എന്നെ അങ്ങ് പഠിപ്പിക്കുമോ? എന്നെ ശിഷ്യനായി സ്വീകരിക്കാമോ ?"
ബുദ്ധൻ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു," ചെറിയ കുട്ടിയായിരിക്കുമ്പോൾ പഠിച്ചതാണ്. എന്നാൽ, കഴിഞ്ഞ ഏഴു വർഷമായി ഞാൻ പുല്ലാങ്കുഴൽ സ്പർശിച്ചിട്ടേയില്ല. എന്നിരുന്നാലും മുൻപെന്നത്തേക്കാളും മനോഹരമായ ശബ്ദത്തിൽ എനിക്കു വായിക്കാൻ കഴിഞ്ഞു."
"ഗുരോ ,അതെങ്ങനെ സാധ്യമാണ് ? ഏഴു വർഷമായി പരിശീലിക്കാതിരുന്നിട്ടും അങ്ങേക്കെങ്ങനെ മുൻപത്തേക്കാളും മനോഹരമായി വായിക്കാൻ കഴിയുന്നു ?"
ബുദ്ധൻ പറഞ്ഞു ,"പുല്ലാങ്കുഴൽ വായിക്കുകയെന്നത് പരിശീലനത്തെ മാത്രം ആശ്രയിച്ചുനില്ക്കുന്നതല്ല. പണ്ടത്തേക്കാളും നന്നായി ഞാനിപ്പോൾ വായിക്കുന്നത്, ഞാനിപ്പോൾ എന്റെ യഥാർത്ഥ ഉണ്മയെ കണ്ടെത്തിയിരിക്കുന്നു എന്നതുകൊണ്ടാണ്. ആദ്യം നിങ്ങൾ സൗന്ദര്യത്തിന്റെ പാരമ്യതയെ സ്വന്തം ഹൃദയത്തിൽ കണ്ടെത്താതെ, കലയിൽ നിങ്ങൾക്ക് ഉത്തുംഗതയെ പ്രാപിക്കാനാവില്ല. ശരിക്കും ഭംഗിയായി നിങ്ങൾക്കു പുല്ലാങ്കുഴൽ വായിക്കണമെന്നുണ്ടെങ്കിൽ, ഉണർവിന്റെ പാതയിൽ നിങ്ങൾ നിങ്ങളുടെ ഉണ്മയെ കണ്ടെത്തേണ്ടിയിരിക്കുന്നു."

ഈ രംഗം വായിക്കുമ്പോഴൊക്കെയും (ഒരു പക്ഷേ ഇത്രയധികം തവണ മറ്റൊരു പുസ്തകവും ഞാൻ വായിച്ചിട്ടില്ല) കുറ്റിക്കാട്ടിലെ ഇരുട്ടിലിരുന്ന് പുല്ലാങ്കുഴൽ വായിച്ച ആ വൃദ്ധനും ചെറുപ്പക്കാരനും എന്റെ മുന്നിലൂടെ മിന്നി മറഞ്ഞു പോകും.

*     * * *     *
വീണ്ടും അനൗൺസ്‌മെന്റ്- കുറച്ചു സമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ എത്തിച്ചേരുമത്രേ! കുറച്ചുസമയമായാലെന്ത്? കൂടുതൽ സമയമായാലെന്ത്? പ്ലാറ്റുഫോം ഏതായാലെന്ത്?
രാത്രിയുടെ ആ അർദ്ധയാമമപ്പാടെ തഥാത്വത്തിന്റെ തണുപ്പണിഞ്ഞിരിക്കുന്നു. suchness. ഇരുണ്ട വെളിച്ചത്തിൽ അവ്യക്തമായി കാണുന്ന റെയിൽപ്പാളങ്ങൾ
ഇരുവശത്തേക്കും നീണ്ടുകിടക്കുന്നു, എങ്ങും അവസാനിക്കാത്തതുപോലെ. സത്യത്തിൽ അവ നിശ്ചലമായി നിലകൊള്ളുകയാണ്; ദൂരങ്ങൾ താണ്ടുന്നവർക്ക് സൗകര്യമേകിക്കൊണ്ട്. എവിടെനിന്നോ ഒഴുകിവരുന്ന ആ പുല്ലാങ്കുഴൽ സ്വനങ്ങൾ പ്രാചീനതയുടെ ബുദ്ധസ്പന്ദങ്ങളുമായി കടന്നുപോകുന്നു: ഞാൻ ആരെയാണ് കാത്തുനിൽക്കുന്നത്?

Thursday, June 27, 2019

ഇറങ്ങിപ്പോക്കുകൾ - 1 - walkouts to oneself ...




ആദ്യമായി മനസ്സിൽ തങ്ങിനിന്ന ഹൈകു ബാഷോയുടെതായിരുന്നു (matsuo basho). ഗുരു നിത്യയുടേതെന്നായിരുന്നു ഉള്ളിൽ പതിഞ്ഞത്. അത്രക്കും ഹൃദ്യമായിരുന്നു ആ മൊഴിമാറ്റം.
‘പൊട്ടക്കുളത്തിലേക്കെടുത്തു ചാടുന്ന 
പച്ചത്തവള 
പ്ലാപ് 
ഇരുട്ടത്തൊരു നടത്തം 
ആകാശത്തൊരു കൊള്ളിമീൻ 
എവിടെ നിന്നോ
ഒരു കൊറ്റിവിളിക്കുന്നു.’

ലോകമെങ്ങും പ്രസിദ്ധമായത് ആദ്യത്തെ മൂന്ന് വരികളായിരുന്നു. പിന്നീട് വന്ന വരികളത്രയും (ബാഷോയുടേത്) ജലോപരിതലത്തിലുണ്ടായ ആ നിശബ്ദ തരംഗങ്ങളായി നിലകൊണ്ടു; നിലകൊള്ളുന്നു. നിത്യ പക്ഷേ മുഴുവൻ പദങ്ങളേയും നാലു വരികളിൽ ഒപ്പിയെടുത്തു. നിശബ്ദതയുടെ നിത്യമായ ആവാഹനം, the silent invocation .
പച്ചത്തവള മുങ്ങിത്തെറിപ്പിച്ചമൗനത്തിനു, അനുസ്വരമായാണോ 'ഇരുട്ടത്തൊരു നടത്ത'മുണ്ടായത് ! അതോ പൂരകമോ! ഏതായാലും ആദ്യ വായന മുതൽ ഇരുട്ടത്തൊരു നടത്തവും എവിടെ നിന്നോ കാതിൽ വന്നു വീണ കൊറ്റിയുടെ വിളിയും ഒരു വല്ലാത്ത പ്രലോഭനമാണിപ്പോഴും. എങ്ങാനും കണ്ണു മിഴിച്ചിരിക്കുന്ന ഒരു ദൈവമുണ്ടെങ്കിൽ, എപ്പോഴുമെപ്പോഴും ഈയുള്ളവനെ ഈ പ്രലോഭനത്തിനടിമയാക്കേണമേ! 

ഇരുളിലേക്കുള്ള നടവഴികളിൽ ഏകാന്തത (aloneness) യുടെ ധ്രുവ നക്ഷത്രങ്ങൾ മിന്നിനിൽപ്പുണ്ടാവും, എല്ലായ്പ്പോഴും. നിയതമാണവ .

                                                 1      

തൊണ്ണൂറുകളുടെ അവസാനങ്ങളിലാണ്. മഹാരാഷ്ട്രയിലൊരിടത്ത്, മുംബൈയിൽ നിന്നും ഏകദേശം ഒരു നൂറ്റമ്പതു കിലോമീറ്റർ ദൂരെ, കുറച്ചു മാസങ്ങളോളം താമസിക്കേണ്ടതായി വന്നു. നിവൃത്തിയില്ലായ്മ  കൊണ്ടുണ്ടായ വാസങ്ങളാണ്. ഒട്ടും സുഖപ്രദമല്ലാത്ത 'വീട്ടു പരിസരങ്ങൾ'. തൊട്ടടുത്തുകൂടെയായിരുന്നു ഗോവയിലേക്കുള്ള NH 17 കടന്നുപോയിരുന്നത്. സദാ വാഹനപ്രളയം. അധികം ദൂരത്തല്ലാതെ ചില സ്റ്റീൽ ഫാക്ടറികളുണ്ടായിരുന്നതുകൊണ്ട്, സ്റ്റീൽ റോളുകളും അസംസ്കൃത വസ്തുക്കളും കയറ്റിവന്ന വലിയ വലിയ ട്രക്കുകൾ നിരത്തുവക്കിൽ മിക്കപ്പോഴും വരിനിന്നു. അന്തരീക്ഷത്തിൽ ഇരുമ്പുഗന്ധങ്ങളും അഴുക്കും പൊടിയും. പിന്നെ ഉറക്കച്ചടവും ക്ഷീണവും മുറ്റിനിന്ന മുഖവുമായി ട്രക്ക് ഡ്രൈവർമാരും ക്ലീനെർമാരും മറ്റും മറ്റും. സ്പെയർ പാർട്ട്‌സ് കടകൾ, വർക്ക് ഷോപ്പുകൾ, സർദാർജിമാരുടെ ദാബകൾ. പിന്നെപ്പിന്നെ ആ ‘ഇക്കോ സിസ്റ്റത്തെ' സ്വയം പര്യാപ്തമാക്കാൻ വേണ്ടുന്നതായ സകലതും.

കടകളുടേയും  ദാബകളുടേയും മറ്റു കെട്ടിടങ്ങളുടേയും ഇടയിലെപ്പോഴെങ്കിലുമൊക്കെ ചെറിയ ചില ഇടവഴികളുണ്ടാവും. ഒരു തരം തുറവുകളാണവ. ആ തുറവുകൾ  ചെന്നുനിന്നത് ഓരോരോ ഗ്രാമത്തിലേക്കായിരുന്നു. ആ ഇടവഴികളിലൂടെ നടന്നുചെന്നാൽ വ്യത്യസ്തമാണെല്ലാം. സൗകര്യങ്ങളില്ല. മനുഷ്യവാസങ്ങൾ ഏറെ പരിമിതം. അവരുടെ ഭാഷയും പ്രകൃതവുമൊക്കെ തീർത്തും വ്യത്യസ്തം. നേരെ ചൊവ്വേ വേലയും കൂലിയുമൊന്നുമില്ലാത്തവർക്ക്  നിർബന്ധപൂർവം ഇത്തരം ഇടങ്ങൾ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ മിക്കപ്പോഴും അതത്ര ആസ്വാദ്യകരമാവാറില്ല. എനിക്ക് ആകെയുണ്ടായിരുന്ന ആശ്വാസം തൊട്ടടുത്തുള്ള ദേശീയ പാതയുടെ ഇരമ്പം ഇപ്പുറത്തേക്കു തീരെ കുറവായിരുന്നു എന്നതു മാത്രമാണ്.

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം  മാത്രമേ ഞാൻ ആ മുറിയിൽ തങ്ങാറുള്ളൂ. മറ്റു ദിവസങ്ങളിലെല്ലാം ഓരോരോ സുഹൃത്തുക്കൾ വിളിക്കുമ്പോൾ അവരുടെ കൂടെ പോകും. രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും സൗഹൃദങ്ങളും വർത്തമാനങ്ങളുമെല്ലാം വല്ലാതെ മടുത്തിട്ടുണ്ടാകും. വീണ്ടും തന്റെ ഒറ്റമുറിയിലേക്ക്. ഒരു പക്ഷേ, മിക്കവയോടും വളരെ പെട്ടന്നുതന്നെ മടുപ്പു തോന്നിയിരുന്ന നാളുകളായിരുന്നു അവ.
സ്നേഹിക്കുകയാണെങ്കിൽ, മടുപ്പ്- boredom - ഒരു നല്ല വികാരം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. അത് നമ്മെ നമ്മിലേക്കു തന്നെ വീണ്ടും വീണ്ടും തിരിച്ചുകൊണ്ടുവരും, like a bouncing ball. അതേ സമയം മടുപ്പിനെ ശ്രദ്ധിക്കാതെ വിടുകയാണെങ്കിലോ, പിന്നെ നാം നഷ്ടപ്പെടാൻ തുടങ്ങുകയായി, ഒന്നിൽനിന്നും മറ്റൊന്നിലേക്ക്. അവിടെനിന്നും മറ്റൊന്നിലേക്ക്. അങ്ങനെയങ്ങനെ...
മുറിയിലെനിക്കുണ്ടായിരുന്നത് വളരെ കുറച്ചു പുസ്തകങ്ങളാണ്. മിക്കവയും പലതവണ വായിച്ചിട്ടുള്ളത്. അവയെ പിന്നെയും മറിച്ചുനോക്കും. മടുപ്പ് പിന്നെയും. അടുത്ത ദിവസം മുതൽ പണിസ്ഥലത്തുനിന്നും മറ്റാരുടെയെങ്കിലും കൂടെ എവിടേക്കെങ്കിലും പോകും. രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം തിരിച്ചു മുറിയിലെത്തും. മുറിയിലെത്തിയാൽ ... തിടം വെക്കാൻ തുടങ്ങുന്നത് ... മടുപ്പോ  മൗനമോ ? രണ്ടായാലും 'ഇതു കുറച്ചധികമാണ്' എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലാത്തവർ ഉണ്ടാകുമോ? ആ 'അധിക ഭാരം' പക്ഷേ അവ കൊണ്ടു വന്നിരുന്ന പാരിതോഷികങ്ങളുടേതാണെന്നു നാം അറിയാതിരിക്കില്ല. 

ഹോളിയോടനുബന്ധിച്ചായിരുന്നു മുംബൈയിലെ ചില സുഹൃത്തുക്കളെ കാണാൻ പോയത്. അത്രക്കും ദൂരം യാത്ര ചെയ്‌ത്‌ പോകുന്നത്, യാത്രാസൗകര്യങ്ങൾ തീരെ മോശമായിരുന്നിട്ടും, സൗഹൃദ സന്ദർശനമായിട്ടായിരുന്നില്ല. osho times മാഗസിൻ ലഭിക്കണമെങ്കിൽ അന്ന് അതു വരേയ്ക്കും പോകണമായിരുന്നു.

അന്നു രാത്രി ,പതിവുപോലെത്തന്നെ , വേണ്ടവിധം ഉറങ്ങാനായില്ല. മദ്യപരുടെ ഇടയിൽ 'misfit’ ആയിരുന്നിട്ടും, അവരുടെ ബഹളങ്ങളിൽ നിന്നും ഞാൻ മാറിനിൽക്കാറില്ല.
പിറ്റേന്ന് ഹോളിയായിരുന്നു. നേരം വെളുക്കാൻ തുടങ്ങുമ്പോഴായിരുന്നു മുറിയിൽ ബഹളമൊഴിഞ്ഞത്. ഉറക്കത്തിലേക്ക് വീഴുമ്പോഴേക്കും ആരോ വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നതും മുഖത്തേക്കു ചായമെറിഞ്ഞത് ഏതോ പരിചയക്കാരൻ. അവൻ എല്ലാവരേയും ചായം കലക്കിയ വെള്ളം കൊണ്ട് കുളിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ട ദേഷ്യം മുഴുവനും ഞങ്ങൾ ഹോളി ആഘോഷത്തിലേക്ക് വഴിമാറ്റി.

വെറുതേ ഒരു പങ്കു ചേരലാണ്. ജനാവലികൾ അവരുടെ മടുപ്പകറ്റുന്നത് (അമർഷങ്ങളകറ്റുന്നതും), പോരാട്ടങ്ങളിലൂടെ മാത്രമല്ല; ആഘോഷങ്ങളിലൂടെയും കൂടെയാണ്. അതുകൊണ്ടാണ് മിക്ക ഉത്സവാഘോഷങ്ങളേയും ആഘോഷങ്ങളെന്നു വിളിക്കാൻ തോന്നാത്തത്. പകരം വെക്കലുകളാണ് മിക്കവയും, just substitutions. പകയുടേയും മത്സരങ്ങളുടേയും.

ഉച്ചക്കുശേഷം തിരിച്ചുപോരാനൊരുങ്ങിയപ്പോൾ രണ്ടു സുഹൃത്തുക്കൾ കൂടെ വന്നു. അത്രയൊന്നും അടുപ്പക്കാരല്ലാതിരുന്നിട്ടും അവർക്കെന്തോ എനിക്കൊപ്പം വരണമെന്നു തോന്നി. അവരുടെ വരവിൽ ഞാൻ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ഞാനറിയുന്നുണ്ടായിരുന്നു മൗനത്തിന്റെ ഒരു നനുത്ത നിഴൽ എന്നെ സ്പർശിക്കാൻ തുടങ്ങിയത്.
ഹോളിദിവസം ഉച്ച കഴിഞ്ഞുള്ള ലോക്കൽ ട്രെയിൻ യാത്ര സൗമ്യതയുടേതാണ്. സാധാരണദിവസത്തേക്കാളും ശാന്തമായിരിക്കും നാം ദർശിക്കുന്ന മുഖങ്ങളൊക്കെയും. കയ്യിലും മുഖത്തും മുടിയിലും വസ്ത്രങ്ങളിലുമെല്ലാം ഇപ്പോഴും പലനിറം ചായങ്ങൾ പറ്റിയിരിക്കും. ആരുമതത്ര ഗൗനിക്കാറില്ല. കുറച്ചു മണിക്കൂറുകൾക്കെങ്കിലും തെരുവുകൾക്കൊക്കെയും ഒരുതരം 'ലെറ്റ്-ഗോ' ഛായയാണ്.

ട്രെയിൻ പൻവേലിലെത്തിയപ്പോഴാണ് കൂട്ടത്തിലൊരാൾ പറഞ്ഞത് അടുത്തുള്ള 'കർണാല ' പക്ഷിസങ്കേതത്തിലേക്കു നടക്കാമെന്ന്. ഞങ്ങൾ മൂന്നു പേരും അങ്ങോട്ടു നടക്കാൻ തുടങ്ങി. പേരിനൊരു പക്ഷിസങ്കേതം മാത്രമാണത് . താരതമ്യേന ചെറിയ ഒരു മലയും താഴ്വാരവും. നിബിഢവനമൊന്നുമല്ലെങ്കിലും പട്ടണവാസികൾക്കു ആശ്വാസമേകാവുന്ന പച്ചപ്പ്‌ തന്നെ. ആഘോഷദിവസമായതിനാൽ അധികമാരും സന്ദർശനത്തിനുണ്ടായില്ല. കുറേ ദൂരം നടന്നു കയറിയിട്ടും ഒരൊറ്റ പക്ഷിയെപ്പോലും കണ്ടതുമില്ല. വനസാന്നിധ്യം പക്ഷേ എന്നിലെ മൗനത്തിനു ഘനം പകർന്നു.  
കാട്ടിൽ നിന്നും തിരിച്ചിറങ്ങി വന്നപ്പോൾ കൂടെയുള്ളവർ എന്നോടൊപ്പമുള്ള യാത്ര അവിടെ വച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചു. യാതൊരു വിരോധം കൊണ്ടുമല്ല. എന്നിലെ മാറ്റങ്ങൾ അവരിലേക്ക്‌ സംവദിക്കപ്പെട്ടു എന്നേ ഞാൻ വിചാരിച്ചുള്ളൂ. ചിരിച്ചുകൊണ്ട് ഞാൻ അവർക്കു സമ്മതം മൂളി. ഞാൻ എന്റെ മുറിയിലേക്കു തിരിച്ചു.
മുറിയിലെത്തിയപ്പോൾ, മുഷിപ്പിക്കുന്നവയായിരുന്നു കാഴ്ച്ചകളത്രയും. ചുറ്റുവട്ടത്ത് താമസിക്കുന്നവരെല്ലാവരും ഭാംങ്ങും മറ്റു മദ്യങ്ങളും സേവിച്ചു കൂത്താടിയതിന്റെ ചിത്രങ്ങൾ. ചായങ്ങൾ കലക്കിയൊഴിച്ച്‌ അലങ്കോലപ്പെട്ടു കിടക്കുന്ന വരാന്തയും മുറ്റവും. എന്നെ ചായത്തിൽ കുളിപ്പിക്കുവാൻ ആശിച്ചുവന്നവർ, മുറി അടഞ്ഞുകിടക്കുന്നതു കണ്ടപ്പോൾ, ദേഷ്യം തീർക്കാൻ പീച്ചാംകുഴലിൽ ചായം നിറച്ച്‌ വെന്റിലേറ്ററിലൂടെ മുറിക്കകം 'അലങ്കരിച്ചിരുന്നു'. ചുമരിലും നിലത്തുമെല്ലാം നീലവർണ്ണങ്ങൾ. മുറിക്കകത്തുണ്ടായിരുന്ന സാധന സാമഗ്രികൾക്കു മേലെയും നിറയെ ചായം ഒലിച്ച പാടുകൾ.
മുറിതുറന്ന് അകത്തു കയറിക്കിടക്കാൻ തിടുക്കമായിരുന്നു എന്നിൽ. തലേന്നത്തെ ഉറക്കച്ചടവുകൊണ്ടല്ല. ചില നിമിഷങ്ങൾ അങ്ങനെയാണ്.
ഒരു കൂറ്റൻ തിരമാല പോലെയോ, വലിയ ഒരു മേഘക്കൂട്ടത്തിന്റെ നിഴൽ അടുത്തടുത്തു വരുന്നതു പോലെയോ ആണ് ചിലപ്പോഴൊക്കെയും മൗനം നമ്മിലേക്കു കയറിവരിക. (ബാല്യത്തിൽ കേട്ടു ഭയന്നിട്ടുള്ള കഥകളിൽ ഒരു ആനറാഞ്ചിപ്പക്ഷിയുണ്ട്. ആ പക്ഷി വരുമ്പോൾ അതിന്റെ കൂറ്റൻ ചിറകുകൾ ആകാശത്തിൽ ഇരുട്ട് നിറച്ചുകൊണ്ടിരിക്കുമത്രേ.)  മിക്കപ്പോഴും അതിന്റെ കാലൊച്ചകൾ ഏറെ ദൂരെ നിന്നേ നമുക്ക് കേൾക്കാറാകും. അത്തരം നിമിഷങ്ങളിൽ വഴങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളൂ. നാം ഇച്ഛിച്ചാലും ഇല്ലെങ്കിലും ഒരു ഋതുവിനെപ്പോലെ അതു നമ്മെ കടന്നുപോകും. ആ ഋതുവിനെ അടുത്തു പരിചയിക്കുകയാണെങ്കിൽ, ഏറെ ആസ്വദിക്കാമെന്നു മാത്രം. ഇന്ന് അടുത്ത സുഹൃത്തുക്കൾക്കിടയിൽ അത്തരം നിമിഷങ്ങളെപ്പറ്റി പരാമർശിക്കേണ്ടിവരുമ്പോൾ 'like a vipassana climate' എന്നു പറഞ്ഞാൽ ധാരാളമായി. എന്നാൽ അന്നൊന്നും ധ്യാനവും മറ്റും അല്പം പോലും പരിചയപ്പെട്ടിട്ടില്ലായിരുന്നു. എന്താണീ സംഭവിക്കുന്നതെന്ന് തന്നോടുതന്നെയും പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ. ഇന്നെനിക്കറിയാം അളവിൽ കവിഞ്ഞ ശ്രദ്ധയാണ് അത്തരം നിമിഷങ്ങൾക്ക് ഞാൻ നല്കിപ്പോന്നിരുന്നതെന്ന്. ഒരു പക്ഷേ, ആ മൗനമുഹൂർത്തങ്ങളെ ചെയ്തികളിലേക്കു വ്യാപരിപ്പിക്കാൻ കഴിയാതെ പോയതും അതുകൊണ്ടാവും. പലപ്പോഴും ഇങ്ങനെയൊക്കെയാകും ഈ മുഹൂർത്തങ്ങളെ മടുപ്പിന്റേതെന്നു നാം തെറ്റായി ധരിച്ചുപോരാറുള്ളത്.
കുറേ നേരം കണ്ണടച്ചുകിടന്നുകൊണ്ടു സ്വയം വിചാരിച്ചു താൻ ഉറങ്ങുകയാന്നെന്ന്. പക്ഷേ തികഞ്ഞ ഉണർവാണ് ഉള്ളിൽ. വെറുതേയിങ്ങനെ ഉണർന്നു കിടക്കൽ. രാത്രിയായിട്ടും ലൈറ്റ് ഓൺ ചെയ്യാൻ തോന്നിയില്ല. ഇരുട്ടിൽ ശബ്ദമുണ്ടാക്കാതെ പെരുമാറി. സ്വന്തം മുറിയിൽ ഒരു മോഷ്ടാവിനെപ്പോലെ, പാത്തും പതുങ്ങിയും. മുറി പൂട്ടി മുറ്റത്തേക്കിറങ്ങി. ഹൈവേയിലെത്തി ഏതോ ഒരു ദാബയിൽനിന്നും ദാലും റൊട്ടിയും കഴിച്ചു തിരിച്ചു നടന്നു.
നടന്നത് പക്ഷേ മുറിയിലേക്കായിരുന്നില്ല. കുറേ കഴിഞ്ഞപ്പോഴാണ് ഓർത്തത്, മുറിയിലേക്കുള്ള തിരിവ് കഴിഞ്ഞുപോയിരിക്കുന്നുവെന്ന്. മുന്നോട്ടു തന്നെ നടന്നു. ഒരു വിധം ഇരുട്ടുണ്ട് വഴിയിലെങ്ങും. കുറേ ചെന്നപ്പോൾ ഗ്രാമവസതികൾ. ഹോളിയുടെ ആഘോഷത്തിമിർപ്പുകൾ തണുത്തു ശാന്തമാവാൻ തുടങ്ങിയിരിക്കുന്നു. അവയെ കടന്നു പോയപ്പോൾ വഴിവിളക്കുകൾ പിന്നെ തീരെയില്ല. നിശബ്ദത. രണ്ടു വശത്തും കുറ്റിച്ചെടികളും മരങ്ങളും ധാരാളം. ഇത്രനാളും അടുത്തുണ്ടായിട്ടും ഇങ്ങനെയൊരിടത്തെ അനുഭവിച്ചില്ലല്ലോ! ആ വഴി അവസാനിച്ചത് വിശാലമായി കിടക്കുന്ന വയലിലേക്കായിരുന്നു. അടുത്തിടെ വിളവു കഴിഞ്ഞു കിടക്കുന്നവ. ബാജ്‌റിയോ അതോ കടല കടുക് പരിപ്പ് തുടങ്ങിയവയോ ആയിരിക്കും.
മേഘങ്ങളൊഴിഞ്ഞ് പൂർണചന്ദ്രൻ അനാവൃതമായിക്കൊണ്ടിരിക്കുന്നു. ഒരു വല്ലാത്ത വയൽപരപ്പു തന്നെ. വേലിയേറ്റത്താലാകണം, പാടങ്ങളിൽ നനവുണ്ട്. വർഷത്തിലെ ഏറ്റവും പ്രഭാവമുള്ള പൗർണ്ണമിയാണിത്. സ്വാഭാവികമായും ഏറ്റവും ശക്തമായ വേലിയേറ്റവും. മൺപാതയിൽ കാലികൾ മേഞ്ഞു നടന്നതിന്റെ അടയാളങ്ങളുണ്ട്. ചാണകവും മറ്റും.
അതിവിശാലമായ ഒരിടത്ത്, രാത്രിയിൽ, പൂർണചന്ദ്രനു താഴെ തനിച്ചാവുക ! നമുക്കകത്തും ചില വേലിയേറ്റങ്ങളുണ്ടാവും. അറിയില്ല അതിനെ എന്തു പേരു വിളിക്കണമെന്ന്.
കൃഷിയിടങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു. പതിയെപ്പതിയെ ഉപ്പുപാടങ്ങൾ തെളിഞ്ഞു വരവായി. വേലിയേറ്റ സമയത്ത്‌ ഉപ്പുവെള്ളം കയറുന്നതിനായി ഒരുക്കി നിർത്തിയിരിക്കുന്ന ഉപ്പു തളങ്ങൾ. പലതിലും വെള്ളം നിറയാൻ തുടങ്ങിയിരിക്കുന്നു. ആദ്യമായിട്ടായിരുന്നു ഞാൻ ഉപ്പു പാടങ്ങൾക്കരികിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ചു കൂട്ടിയ ഉപ്പു പരലുകളുടെ വൻ കൂമ്പാരങ്ങൾ വഴിയരികിൽ കാണാൻ തുടങ്ങി. മുന്നോട്ടു ചെല്ലുന്തോറും ഭീമാകാരങ്ങളായ ഉപ്പുകൂമ്പാരങ്ങൾ, വെണ്ണക്കൽ ശല്കങ്ങളെക്കൊണ്ടുള്ള ധവളസ്തൂപങ്ങൾ, വെളുത്ത പിരമിഡുകളെപ്പോലെ ...പൂർണ്ണചന്ദ്രപ്രഭയിൽ ആ തേജോസ്‌തൂപങ്ങൾ മന്ദഹാസം പൊഴിച്ചുകൊണ്ടു നിലകൊണ്ടു, വിശേഷിച്ചൊന്നുമില്ലാതെ. കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല അവക്ക് എത്രത്തോളം ഉയരമുണ്ടായിരുന്നുവെന്ന്. മാസ്മരികമായ ചില അന്തരീക്ഷങ്ങളിൽ എല്ലാ ദ്രവ്യമാനങ്ങളും അവയുടെ പരിധികൾ ലംഘിക്കുന്നു. സത്യത്തിൽ ഐന്ദ്രികമായ ചില ഭ്രമങ്ങൾ സംഭവിക്കുന്നുവെന്നല്ല എനിക്കു തോന്നുന്നത്. ആനുഭൂതിക തീവ്രതകളിൽ സാരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുവെന്നു ധരിച്ചാൽ മതി .
ഉപ്പുപരലുകളുടെ ആ പിരമിഡുകൾക്കടുത്തു ചെന്നപ്പോൾ, എന്റെ ഉയരം തീരെ കുറഞ്ഞുപോയതുപോലെ. കുറഞ്ഞു കുറഞ്ഞ്.. ...അറിയില്ല ...ഒരു ശരീരിക്ക് എത്രത്തോളം ചെറുതാവാനാകും? കാഴ്‌ചക്കുമപ്പുറത്ത്, വെറുതെ സങ്കല്പിച്ചു നോക്കാവുന്നത്ര ചെറിയ ഒരു ഉപ്പുതരിയോളം?  കണ്ണെത്താദൂരത്തുള്ള ഒരു ദൈവകണത്തോളം? ഞാനെന്ന ഈ അനുഭൂതിക്ക്‌, അനുഭവത്തിന്, എന്നിലെ ബോധത്തിന് എത്രത്തോളം വലിപ്പമാർജ്ജിക്കാനാവും? ഈ ഉപ്പുപാടങ്ങളോളം? ഉപ്പുപാടങ്ങളും കൃഷിയിടങ്ങളും, അപ്പുറത്തുണ്ടെന്ന് ഊഹിച്ചെടുക്കാവുന്ന ഗ്രാമങ്ങളും ഒക്കെച്ചേർന്ന് അങ്ങ് ചക്രവാളത്തോളം? ചക്രവാളത്തിന്റെ അരികുകളിൽ തുടങ്ങി വാർത്തുളാകാശത്തിലൂടെ സഞ്ചരിച്ച്‌ ഇപ്പുറത്ത് ആകാശം വന്നുമുട്ടുന്നേടത്തോളം വലിപ്പം? അതിനോടൊപ്പം അടിയിലേക്ക് ഭൂമിയുടെ മറുഭാഗത്തേയും കവർന്ന്, ഹൊ ,പിന്നെയും ആകാശം തന്നെ !  ആരാണ് പറഞ്ഞത് പ്രപഞ്ചത്തിനു ഗോളാകൃതിയാണെന്ന്? അവിശ്വസനീയമായ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയപ്പെടുന്ന ഈ പ്രപഞ്ചത്തിന് എന്തോന്ന് ആകൃതി ! പക്ഷേ നേരെ മുകളിൽനിന്ന് പൂർണചന്ദ്രൻ നെറുകയിലേക്ക് സ്വർണ്ണപ്രഭ തൂവിയപ്പോൾ, അതുവരേക്കും പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ട ഈ 'ഞാനി'ന്റെ അരികുകൾ മുഴുവനും ആ പ്രഭയിൽ ഒലിച്ചുപോയതുപോലെ. കേന്ദ്രത്തിൽ ഉണ്ടെന്നുറപ്പിച്ചിരുന്ന അച്ചുതണ്ട് ഊർന്നുപോയപ്പോൾ ഒരു ദ്വാരം മാത്രം അവശേഷിച്ചുവോ? താൻ തന്നെ തിരോഭവിച്ച കയത്തിലേക്ക്, തന്റെ തന്നെ അഭാവത്തിലേക്ക്, തനിക്കു തന്നെ എത്തിനോക്കാമോ?
van gogh - moon
എന്നിലെവിടെയോ ചില താളം തെറ്റലുകളുണ്ടാവുന്നതുപോലെ !
യുക്തിയുടെ വടങ്ങൾകൊണ്ട് സ്വയം ചുറ്റിവരിഞ്ഞു തുലനപ്പെടുത്താൻ ശ്രമിച്ചു- 'ഹേയ്, പ്രതീതിയാണെല്ലാം. പ്രതീതി മാത്രം'. 
ആ ദൃശ്യങ്ങളെ മുഴുവനും ഞാൻ യുക്തിയുടെ വരുതിയിലാക്കാൻ ശ്രമിച്ചു. 'ഒന്നുമില്ല. പലയിടത്തായി കുറേ ഉപ്പുകൂനകൾ. ചുറ്റും കാണുന്നത് ഉപ്പു ശേഖരിക്കാനായി ഒരുക്കിയിട്ട പാടങ്ങൾ. കുറേക്കൂടി മുന്നോട്ടു പോയാൽ ഒരു ചെറിയ കപ്പൽച്ചാലുണ്ട്. ദൂരെ, ഏറെ ഉയരത്തിൽ കാണുന്ന ആ രൂപം, ആ കപ്പൽച്ചാലിൽനിന്നു തുടങ്ങുന്ന ഒരു റബ്ബർ കൺവെയറാണ്, കിലോമീറ്ററുകൾ നീളമുള്ളത്. പകൽ സമയത്തു് അതിന്റെ ഒരറ്റം ഞാൻ കണ്ടിട്ടുണ്ട്. കപ്പലിൽ വരുന്ന ഇരുമ്പയിരുകൾ അപ്പുറത്തുള്ള സ്റ്റീൽ ഫാക്ടറിയിലേക്കെത്തിക്കുന്നത് ഈ കൺവെയറാണ്. എന്തോ കാരണം കൊണ്ട് ഇപ്പോഴത് ചലിക്കാതെ നിൽക്കുന്നതിനാൽ അവിടെ ഇരുട്ടും മൂകതയുമാണെന്നേയുള്ളൂ. പിന്നെ മുകളിൽ. ചന്ദ്രനെന്ന ഒരു ഗോളം. സൂര്യപ്രകാശം അതിൽ തട്ടി തിരിച്ചുവരുന്നതാണത്രേ. ദാ, ഇപ്പുറത്ത് വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടങ്ങൾ. കുറേ ചീവീടുകളും മറ്റും കരയുന്നുണ്ട്. മറ്റെന്താണിതിൽ?’
ശരിയാണ്. മറ്റൊന്നുമില്ല. മറ്റൊന്നുമില്ല. എന്റെ കാതുകളിൽ എന്റെ തന്നെ ശ്വാസത്തിന്റെ പോക്കുവരവുകൾ. പിന്നെയുമുണ്ട്. എന്റെ തന്നെ ഹൃദയമിടിപ്പുകൾ. പിന്നെ…... കൺപോളകളെകൊണ്ട് എന്റെയീ കണ്ണുകളെ മൂടിയിട്ടാലോ? അപ്പോഴും ചന്ദ്രൻ ഇതുപോലെത്തന്നെ തിളങ്ങി നില്പുണ്ടാവുമോ? അതോ, ഞാൻ കണ്ണ് തുറക്കുമ്പോൾ മാത്രം തെളിയുന്നതാണോ ഞാനീക്കാണുന്നതെല്ലാം, ഒരു സ്‌ക്രീനിലെന്നോണം? 
എന്റെ കാതുകൾ അടഞ്ഞുപോയാലും ഈ ചീവീടുകളുടെ ശബ്ദം ഇതുപോലെത്തന്നെ ഇവിടെ മുഴങ്ങിക്കേൾക്കുമോ? അതോ ഞാൻ കേൾക്കുന്നത്കൊണ്ടു മാത്രം ഉണ്ടാകുന്നതോ? ഞാനില്ലെങ്കിലും ഈ ഉപ്പുപാടങ്ങൾ ..ഇതുപോലെത്തന്നെ ....? അറിയുന്നതുകൊണ്ടു മാത്രം ഉണ്ടെന്നു തോന്നുന്ന ലോകം?
എവിടെയോ ചിന്തകൾ മുറിഞ്ഞു പോയി. 
ഞാനറിയുന്നുണ്ടായിരുന്നു മുറിഞ്ഞു പോയ ചിന്തകളെ കൂട്ടിയോജിപ്പിക്കുവാൻ  മനസ് തത്രപ്പെടുന്നത്. പക്ഷേ എനിക്കെന്തു ചെയ്യാൻ കഴിയും!
ആ വെളുത്ത പിരമിഡുകൾക്കിടയിലൂടെ തിരിച്ചു നടക്കാൻ തുടങ്ങിയത് എപ്പോഴാണാവോ. ഒരു പക്ഷേ പെട്ടെന്നുതന്നെയായിരിക്കും. അല്ലെങ്കിൽ കുറേ കഴിഞ്ഞായിരിക്കും. ആനുഭൂതികമായ ചില ആഴങ്ങളെ സമയം കൊണ്ടെങ്ങനെ അളക്കാൻ കഴിയും? മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും മികച്ച  അളവുപകരണമാണ് സമയം. സംശയമില്ല. പലപ്പോഴും പക്ഷേ നാമതിനെ വേണ്ടാത്തിടത്തും ഉപയോഗിക്കുകയാണ്. ദൂരത്തെ ഏതെങ്കിലും പാത്രങ്ങളെക്കൊണ്ട് അളക്കാനാവില്ലല്ലോ. 
മാത്രവുമല്ല, എന്തിനെയാണെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം അളന്നാൽ മതിയല്ലോ. അളവിന്റെ കലയാണ് ശാസ്ത്രം; ബോധപൂർവ്വം അളക്കുമ്പോൾ മാത്രം. എന്നാൽ അതൊരു ചാപല്യമാവുമ്പോഴോ, അതിനെയാണത്രേ നാം മനസ്സ്, yes, the chattering mind- എന്ന് വിളിക്കുന്നത്. ഒരാവശ്യവുമില്ലാത്തപ്പോഴും അത് സകലതിനെയും അളന്നുകൊണ്ടിരിക്കും; അതിന്റെ ഭാഗമായാണ് നമ്മുടെ നിരീക്ഷണങ്ങളിലെ സാമ്യങ്ങളും വ്യത്യാസങ്ങളും താരതമ്യങ്ങളുമെല്ലാം. അനാവശ്യമായി, ബോധപൂർവ്വമല്ലാതെ നടക്കുന്ന അളവുകളൊക്കെയും നമ്മിലെ സ്വതന്ത്ര ഇടങ്ങളുടെ, the inner space, കയ്യേറ്റങ്ങളാണ്. ഇന്നോളം സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ കയ്യേറ്റമാണ് സമയം.The ultimate addiction.
തിരിച്ചു നടക്കുമ്പോൾ കൃഷിയിടങ്ങൾക്കപ്പുറത്ത്, ദൂരെയേതോ ഗ്രാമത്തിൽനിന്ന് ബാന്റുവാദ്യത്തിന്റെ നേർത്ത ശീലുകൾ കേൾക്കുന്നുണ്ടായിരുന്നു. ഹോളിയുടെ അവശേഷിപ്പുകളാണ്. ഹാർമോണിയത്തിന്റേതുപോലെത്തന്നെയാണ് ബാന്റുവാദ്യവും. ദൂരെനിന്നു കേൾക്കുകയാണെങ്കിൽ, അവ ഏതോ ചില സ്നേഹതരംഗങ്ങളെ ഉണർത്തിവിടും. ഏതോ വിദൂരതകളെ അവ വിളിച്ചുകൊണ്ടുവരും. ആ ശീലുകൾ എനിക്കേറെ പരിചിതമായിട്ടുള്ളതാണ്.

വെസാവ്ച്ചി പാരൂ നെസ്‌ലീ ഗോ 
നെസ്‌ലീ ഗോ നവ്വാ സാരാ 
ജാവൂ ചൽ ഗോ ബന്ധ്രാലാ ഗോ പാരൂ 
ദരിയെച്ചേ പുഞ്ചേലാ  
(ഏറ്റവും പുതിയ വസ്ത്രമണിഞ്ഞുകൊണ്ട് , സമുദ്രപൂജക്കെത്തുവാൻ, ഗ്രാമത്തിലെ ഓരോ പെൺകിടാവിനേയും ക്ഷണിക്കുകയാണ് - മീൻപിടിത്തക്കാരനായ ആ യുവാവ്. ആഘോഷത്തിനുള്ള പ്രണയാഹ്വാനങ്ങൾ) 

തിരികെ വരുമ്പോഴേക്കും ഗ്രാമം മുഴുവനും ഉറക്കത്തിലാണ്ടു കഴിഞ്ഞിരുന്നു.
താമസിച്ചിരുന്ന കെട്ടിടത്തിന് തൊട്ടു മുൻപിൽ ഒരു വലിയ തടാകമുണ്ട്, ഗ്രാമീണരുടെ ആവശ്യങ്ങൾക്കായി. അതിനു ചുറ്റും ആഴ്ചയിൽ ഒരു ദിവസം ചന്തയുണ്ടാവും. ചന്ത കഴിഞ്ഞതിന്റെ പിറ്റേന്ന് തടാകത്തിനു ചുറ്റും സവാളയുടേയും വെളുത്തുള്ളിയുടേയും ചുവന്നതും വെളുത്തതുമായ തൊലികൾ വിതറിക്കിടപ്പുണ്ടാവും. ആരോ മനഃപൂർവം അലങ്കരിച്ചിട്ടതുപോലെ. ദൂരെ നിന്നും വന്നിട്ടുള്ള കച്ചവടക്കാർ ചിലർ അവിടെത്തന്നെ കിടന്നുറങ്ങുന്നുണ്ടാവും. അവരുടെ കുട്ടികളും ഓമനകളായ പൂച്ചകളും നായ്ക്കളും ഒരുമിച്ചുറങ്ങുന്ന കാഴ്ച്ച എന്നിൽ വല്ലാത്ത സന്തോഷം നിറക്കാറുണ്ട്. 
ഹോളിയായതുകൊണ്ടാകണം, രണ്ടു ദിവസം മുൻപ് ചന്ത കഴിഞ്ഞിട്ടും ഉള്ളിത്തൊലികൾ അതേമട്ടിൽ വൃത്തിയാക്കാതെ കിടക്കുന്നു. നിലാവിൽ ആ മാലിന്യങ്ങൾ പക്ഷേ തടാകത്തിന്റെ മാറ്റു കൂട്ടുകയാണ് ചെയ്തത്, ഏറ്റവും പുതുമയാർന്ന ഏതോ ആഭരണങ്ങളെന്നോണം.
മുറിയിലെത്തിയപ്പോൾ ഹോളിയാഘോഷത്തിന്റെ 'അലങ്കോലങ്ങൾ' അതേപടി. എന്നാൽ ചിതറിത്തെറിച്ച ആ നിറപ്പാടുകൾക്കെല്ലാം, ചുമരിൽ പതിഞ്ഞു കിടപ്പുള്ള പല നിറത്തിലുള്ള കൈപ്പത്തികൾക്കും, എന്തെന്നില്ലാത്ത മിഴിവ് കൈവന്നിരിക്കുന്നു.

വാതിൽ തുറന്നപ്പോൾ ഒരു വലിയ പാളി നിലാവ് മുറിയിലേക്കു വീണു. കൈ നിറയെ ആഹ്ലാദം നിറച്ച സമ്മാനങ്ങളുമായി അപ്രതീക്ഷിതമായി ഒരതിഥിയെത്തിയതുപോലെ.
വെളുക്കാൻ നേരമിനിയും  ബാക്കിയുണ്ടാകണം.
ബാക്കി വന്ന രാത്രി ഞാൻ കതകടച്ചില്ല.
ആ മുറി വിട്ടു പോരും വരേക്കും, ചായങ്ങൾ ചിതറിത്തെറിച്ച്‌ 'അലങ്കോലപ്പെട്ട' ചുമരുകളത്രയും ഞാൻ വൃത്തിയാക്കിയതുമില്ല.