Osho wings Osho waves

Featured Post

Monday, September 2, 2019

ഇറങ്ങിപ്പോക്കുകൾ - 4 - walkouts to oneself ...



വർഷങ്ങൾക്കു മുൻപ് ഒരു പാലക്കാടൻ ഞായറാഴ്ച്ച. സുഹൃത്തിനോടൊപ്പം വെറുതേ നേരം പോക്കാൻ ഇറങ്ങിയതായിരുന്നു. ബസ് സ്റ്റാന്റിനരികെ വർത്തമാനം പറഞ്ഞു നില്കുമ്പോഴായിരുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും ഹോൺ കേട്ടത്. "പഴനിയിലേക്കുള്ള വണ്ടിയാണ് ", അവൻ പറഞ്ഞു. അവനതു പറഞ്ഞു തീരും മുൻപേ ഞങ്ങൾ ഓട്ടം തുടങ്ങിയിരുന്നു. ട്രെയിൻ ഇളകിത്തുടങ്ങിയിരുന്നുവെങ്കിലും ഒരുവിധം കയറിപ്പറ്റി.
പാലക്കാടു നിന്നും പഴനിയിലേക്കുള്ള നേരോ ഗ്വേജ്. ഇടക്ക് നിർത്തിവെച്ചിരുന്നുവെങ്കിലും ഇപ്പോൾ പുനരാരംഭിച്ചുവെന്നു കേൾക്കുന്നു. ബ്രോഡ് ഗ്വേജ്‌ ആക്കികൊണ്ട്‌.

നിറം കൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ പോലെ. പെയിന്റ് അടിക്കാത്ത, നേരെചൊവ്വേ മെയ്ന്റനൻസ് നടത്താത്ത, ഒരു റെയിൽ ശകടം.
കംപാർട്‌മെന്റിൽ ഞങ്ങളൊഴികെ ആരുമില്ലായിരുന്നു. ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ സമയം കിട്ടിയിരുന്നില്ല. ടിക്കറ്റെടുത്തിരുന്നെങ്കിൽ പക്ഷേ ട്രെയിനുമായി ഒരു സ്വരപ്പൊരുത്തമില്ലാതെ പോയേനെ. ഔപചാരികത ഒട്ടും തന്നെ ആവശ്യമില്ലാതെ വന്നപ്പോൾ ആ കംപാർട്മെന്റ് 'ഞങ്ങളുടെ സ്വന്തം' എന്നു തോന്നിച്ചു.


ഇതുപോലെ, കളിക്കോപ്പു പോലുള്ള ട്രെയിൻ കണ്ടിട്ടുള്ളത് ഊട്ടിയിൽ, ഫേൺഹില്ലിൽ പോയപ്പോഴായിരുന്നു, ഗുരു നിത്യയെ കാണാൻ. ഇരുപത്തേഴു വർഷങ്ങൾക്കു മുൻപ്, ഒരു സെപ്റ്റംബറിൽ. മേട്ടുപ്പാളയത്തു നിന്നുള്ള നീലനിറത്തിലുള്ള ആ ട്രെയിൻ, ഗുരുകുലത്തിനടുത്തുകൂടെ ചുറ്റിവളഞ്ഞു പോകുന്നത് സ്വപ്നസദൃശമായ ഒരു കാഴ്ചയായിരുന്നു അന്നെനിക്ക്. നീട്ടിവിളിച്ചുള്ള ഒരു പക്ഷിക്കരച്ചിൽ പോലെയായിരുന്നു അതിന്റെ ഹോൺ. 'ഫേൺഹില്ലുകൾ' മുഴുവനും അതിന്റെ ധ്വനികൾ ഏറ്റുപിടിച്ചിരിക്കും. ഏതോ ഒരു വീഡിയോ ദൃശ്യം വീണ്ടും വീണ്ടും പ്രത്യക്ഷപെടുന്നതുപോലെ  എല്ലാ ദിവസവും കൃത്യസമയത്ത് ആ കാഴ്ച ആവർത്തിക്കപ്പെട്ടു. ഒന്നോ രണ്ടോ തവണ .
പാലക്കാടിന് ശേഷം സ്റ്റേഷനുകൾ മിക്കവയും ഓരോരോ  മരച്ചുവടുകളായിരുന്നു. നാമമാത്രമായ കെട്ടിടങ്ങൾ ഉണ്ടായിരുന്നിരിക്കാം. ആകാശത്തിനു കീഴെ മനുഷ്യന്റെ ആദ്യത്തെ കൂരകൾ മരച്ചുവടുകളായിരിക്കണം. ഇന്നും, എത്ര തന്നെ അത്യന്താധുനിക കൊട്ടാര സമുച്ചയത്തിൽ നിന്നിറങ്ങി വന്നാലും, ഏതൊരു മനുഷ്യനും, ഏതു ജീവിക്കും, മരച്ചുവട്, അഭയ സന്നിഭമാണ്. ഒരു പക്ഷേ ആ സംതൃപ്തിക്കു പിറകിലും ഒരു 'cave man' എലമെന്റ് തന്നെയാവും പ്രവർത്തിക്കുന്നുണ്ടാവുക. എന്നാലും എനിക്കിഷ്ടം സംസ്കൃതിയുടെ ഒരു നീണ്ട ശീലത്തേക്കാളുപരി അഗാധമായിട്ടുള്ള ചില ജൈവ വിനിമയങ്ങൾ ഒരു മരവുമായി സംഭവിക്കുന്നുണ്ടെന്ന് ബോധിക്കാനാണ്.
മൂന്നോ നാലോ സ്റ്റേഷനുകൾ ഇടക്കുണ്ടായിരുന്നതായി ഓർമയുണ്ട്. പുതുനഗരം, കൊല്ലങ്കോട്, മീനാക്ഷിപുരം എന്നിങ്ങനെ ...... എല്ലാ സ്റ്റേഷനുകളിലും ഒഴിവു ദിനത്തിന്റെ ഛായകൾ പ്രകടമായിരുന്നു. കംപാർട്‌മെന്റിന്റെ വാതിലിൽ ചാരിനിന്ന് യാത്ര ചെയ്യാൻ രസമാണ്. ഒരുപാടു ദൃശ്യങ്ങൾ വെറുതെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും. ഒറ്റ ദൃശ്യത്തിലും കണ്ണുകൾ ഉടക്കാതിരിക്കാൻ എളുപ്പമാണ്, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ.

If you missed the train I'm on
You will know that I am gone
You can hear the whistle blow a hundred miles..
Justin Timberlake, Carey Mulligan, എന്നിവർ ചേർന്ന് പ്രസിദ്ധമാക്കിയ (അവരല്ല അതുണ്ടാക്കിയതെങ്കിലും ), ആ നാടൻ പാട്ടിനോടൊപ്പമല്ലാതെ ഒറ്റ ട്രെയിൻ യാത്രയും എനിക്കോർക്കാൻ പറ്റാറില്ല. ട്രെയിനുകൾ ഉണ്ടാക്കിയിട്ടുള്ള പ്രതിഛായകൾ അകന്നു പോക്കിന്റെതാണല്ലോ. അവയുതിർക്കുന്ന വിസിലുകൾക്ക് ദൂരങ്ങളുടെ സ്പന്ദനങ്ങളുണ്ട്...പാസഞ്ചർ ട്രെയിനുകളുടെ ഹോൺ,  ആവൃത്തി കുറഞ്ഞ 'മയൂര ഷഡ്ജങ്ങളാണ്'. അവയ്ക്കുമുണ്ട് വിരഹത്തിന്റെ തൊണ്ടയിടർച്ചകൾ.

Away from home, away from home
 Away from home, away from home...
 Lord, I'm five hundred miles away from home..
പൊള്ളാച്ചിയെത്തിയത്രേ. സുഹൃത്ത് പറഞ്ഞു ഇറങ്ങാമെന്ന്. ഇറങ്ങി. ധരിച്ചുവെച്ചിരുന്നതുപോലെയൊന്നുമല്ല പൊള്ളാച്ചി സ്റ്റേഷൻ. നല്ല വൃത്തിയുണ്ട്. പൊള്ളാച്ചി എന്ന പേര് കേട്ടിട്ടുണ്ടാവുക നന്നേ ചെറുതിലെ പഴനിയാത്രയിലാവണം, അച്ചനമ്മമാരുടെ കൂടെ. ആ യാത്രയിൽ ആകെ മനസ്സിൽ അവശേഷിച്ച ചിത്രം പൊള്ളാച്ചി സ്റ്റാൻഡിൽ, ചുവന്ന നിറമുള്ള ഒരു ബസിന്റെ റേഡിയേറ്ററിന്റെ മൂടി വിറച്ചുകൊണ്ടിരിക്കുന്നതായിരുന്നു. സ്റ്റാർട്ട് ചെയ്തിട്ടുള്ള ആ ബസിൽ കറുത്ത് തടിച്ച ഒരു കൊമ്പൻമീശക്കാരൻ ഡ്രൈവറുമുണ്ടായിരുന്നു. അയാളുടെ കൊമ്പൻ മീശയും തുറിച്ച കണ്ണുകളും ഉണ്ടാക്കിയ ഭയം, വിറച്ചുകൊണ്ടിരിക്കുന്ന ആ തകരപ്പാട്ടയിലേക്കു സംക്രമിപ്പിച്ചിരുന്നു, എന്റെ മനസ്സ്.

'പൊഴിൽ വായ്ച്ചി' - പ്രകൃതി സമ്പത്തിന്റെ ഭൂപ്രദേശം - യാണത്രേ പൊള്ളാച്ചിയായത്. ആകാം. തമിഴ്‌നാടിന്റെ പൊതുവായ കാലാവസ്ഥയിൽ നിന്നും അല്പം മാറ്റമുണ്ടിവിടം. ജലസമൃദ്ധിയുണ്ട്. അതുകൊണ്ടുതന്നെ കൃഷിയും.
ഈ അടുത്ത കാലത്തു പൊള്ളാച്ചി എന്നെ ആഹ്ലാദം കൊള്ളിച്ചത്, ഏതോ ഒരു പ്രൈവറ്റ് ഫാക്ടറിയുടെ പരസ്യം കൊണ്ടായിരുന്നു. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളിൽ, പ്രധാനപ്പെട്ട ഒരു യൂണിറ്റ് അവരാണ് നിർമിച്ചുകൊടുക്കുന്നത്.  
ടൗണിലൂടെ കുറച്ചു നടന്നു. വൃത്തിയുള്ള നിരത്തുകൾ. ഒരു നല്ല റെസ്റ്ററെന്റ് കണ്ടെത്തി ശാപ്പാട് കഴിച്ചു. ഏതെങ്കിലും കാഴ്ചകൾ കാണണമെന്നൊന്നും ഉണ്ടായിരുന്നില്ല. ഉദ്വേജനങ്ങളില്ലാത്ത  മാനസികാവസ്ഥ യാത്രയിൽ നല്ലതാണ് .. എല്ലായ്‌പോഴും അതങ്ങനെ ആവാറില്ലെന്നതാണ് സത്യം. എന്നാലും നമ്മുടെ ഈ ഇത്തിരിപ്പോന്ന മനസുകളേക്കാൾ വലുതാണ് യാത്രയെന്ന ...പ്രതിഭാസമെന്നോ വിളിക്കേണ്ടത്!, ultimately it's a happening only. എത്ര തന്നെ പ്ലാൻഡ് ആയിരുന്നാലും. ഒന്നു പദം വെക്കുകയേ വേണ്ടൂ. യാത്ര യാത്രികനെ ഏറ്റെടുക്കുക തന്നെ ചെയ്യും.

യാത്രയുടെ ഈ പ്രഭാവത്തെപ്പറ്റി പറയുമ്പോൾ റിച്ചാർഡ് ബാക്-ന്റെ മാസ്റ്റർ ഷിമോദ പറഞ്ഞ ആ കഥ എങ്ങനെ ഓർക്കാതിരിക്കും! 'ഇല്ല്യൂഷൻസ്'ന്റെ ആദ്യപേജുകളിൽ അദ്ദേഹത്തിന്റെ തന്നെ കൈപ്പടയിൽ ആ വരികൾ നമുക്ക് കാണാവുന്നതാണ്:
       

ഹതാശരായ ആ ആൾക്കൂട്ടത്തോട് മാസ്റ്റർ ഒരു കഥ പറഞ്ഞു -
"ഒരിക്കൽ ഒരിടത്തു്, വലിയ ഒരു തെളിനീർ പുഴയുടെ അടിത്തട്ടിൽ, കൊച്ചു പ്രാണികളുടെ ഒരു ഗ്രാമമുണ്ടായിരുന്നു. അവർക്കു മുകളിലൂടെ പുഴ നിശബ്ദമായി ഒഴുകിക്കൊണ്ടേയിരുന്നു. അവർ ചെറുപ്പക്കാരാകട്ടെ, മുതിർന്നവരാകട്ടെ, പണക്കാരോ പാവപ്പെട്ടവരോ ആകട്ടെ, നല്ലതോ ചീത്തയോ ആകട്ടെ, ഒഴുക്ക് അതിന്റെ പാട്ടിനു പൊയ്ക്കൊണ്ടിരുന്നു; തന്റെ സ്ഫടികതുല്യമായ ഹൃദയനൈർമല്യമല്ലാതെ അതിനു മറ്റൊന്നും അറിയില്ലായിരുന്നു.
ഓരോ പ്രാണിയും, പുഴയുടെ അടിത്തട്ടിലെ മുനപ്പുകളിലും ചുള്ളിക്കമ്പുകളിലും പാറക്കഷ്ണങ്ങളിലുമൊക്കെ തങ്ങളാലാവും വിധം അള്ളിപ്പിടിച്ചു കഴിഞ്ഞുകൂടി. അള്ളിപ്പിടിക്കലായിരുന്നു അവരുടെ ജീവിതരീതി. മാത്രവുമല്ല, ഒഴുക്കിനെ ചെറുക്കാനായിരുന്നു അവർ ജനിച്ച നാൾ മുതൽ പഠിച്ചുവന്നതും.

എന്നാൽ ഒരുദിവസം ഒരു പ്രാണി പറഞ്ഞു," ഈ അള്ളിപ്പിടിത്തം എനിക്കു മതിയായിരിക്കുന്നു. എന്റെ കണ്ണുകൾകൊണ്ട് എനിക്ക് കാണാൻ കഴിയില്ലെങ്കിലും, ഞാൻ വിശ്വസിക്കുന്നു എവിടേക്കാണ് പോകുന്നതെന്ന് ഈ ഒഴുക്കിനറിയാമെന്ന്. ഞാൻ പിടി വിടാൻ പോവുകയാണ്. അത് (ഒഴുക്ക്), എന്നെ എവിടേക്കെങ്കിലും ഒഴുക്കിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ. അള്ളിപ്പിടിത്തം കൊണ്ട് ഞാൻ മടുത്തു ചാവുകയേയുള്ളൂ."

മറ്റു പ്രാണികൾ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു "വിഡ്ഡീ ! പിടിത്തം വിടുകയോ? നീ ആരാധിക്കുന്ന ആ ഒഴുക്കുണ്ടല്ലോ, അത് നിന്നെ എടുത്തെറിയും. നിന്നെയതു പാറകൾക്കു നേരെ മലർത്തിയടിക്കും. ഒന്നു മുഷിയാൻ തുടങ്ങും മുൻപേ നിന്റെ പണി കഴിഞ്ഞിട്ടുണ്ടാകും!"
എന്നാൽ ഈ പ്രാണി അവരെയൊന്നും വകവച്ചതേയില്ല. അവൻ ഒന്നു നെടുവീർപ്പിട്ടതിനു ശേഷം കൈകാലുകൾ അയച്ചു, പിടി വിട്ടു. പിടി വിട്ടതും അവൻ എടുത്തെറിയപ്പെട്ടു. ഒഴുക്കവനെ പാറയിൽ മലർത്തിയടിച്ചു.
എന്നാലും കുറച്ചു കഴിഞ്ഞപ്പോൾ, അവൻ വീണ്ടും എവിടെയും അള്ളിപ്പിടിക്കാതായപ്പോൾ, ഒഴുക്കവനെ അടിത്തട്ടിൽ നിന്നും മുകളിലേക്കെത്തിച്ചു. പിന്നീടവന് മുറിവ്ചതവുകളൊന്നുമുണ്ടായില്. മുന്നോട്ടൊഴുകിച്ചെല്ലുന്തോറും, മറ്റുപ്രാണികൾ (അവർക്ക് അവൻ അപരിചിതനായിരുന്നു), ആർത്തു നിലവിളിച്ചു,"ഒരത്ഭുതം കാണൂ, ശരിക്കും നമ്മെപ്പോലെയുള്ള ഒരാൾ, അവൻ പക്ഷേ വെള്ളത്തിന് മീതെ പറക്കുന്നു! നമ്മെ എല്ലാവരേയും രക്ഷിക്കാൻ വന്ന മിശിഹയാണവൻ! അവനെ കാണൂ".
ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന ആ പ്രാണി പറഞ്ഞു,"ഞാൻ മിശിഹായൊന്നുമല്ല. നമ്മെ ഇങ്ങനെ പൊക്കിക്കൊണ്ടുപോകുന്നത് പുഴക്ക് വലിയ സന്തോഷമാണ്, പിടി വിടാൻ നമുക്ക് ധൈര്യമുണ്ടെങ്കിൽ മാത്രം. ഈ പര്യടനമാണ് നമ്മുടെ യഥാർത്ഥ ജീവിത ദൗത്യം, ഈ സാഹസികത."
അവർ പക്ഷേ കൂടുതൽ ഉച്ചത്തിൽ ആർത്തുനിലവിളിച്ചതേയുള്ളൂ. പാറകളോട് കൂടുതൽ അള്ളിപ്പിടിച്ചുകൊണ്ട് അവർ ഉറക്കെ  നിലവിളിച്ചു, "രക്ഷകാ!". ഒരുവട്ടം കൂടി നോക്കുമ്പോഴേക്കും അവൻ പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നീടവർ രക്ഷകനെപ്പറ്റിയുള്ള ഇതിഹാസകഥകൾ മെനഞ്ഞുകൊണ്ട് ജീവിതം തള്ളിനീക്കി .”
ഒരു പ്രവാഹമാണ് യാത്ര. നീണ്ടതെന്നോ ഹ്രസ്വമെന്നോ ഭേദമില്ലതിന്‌. ആ പ്രവാഹത്തിൽ എത്ര കണ്ട്നമുക്ക് പൊങ്ങിക്കിടക്കാൻ കഴിയുന്നുവോ, അത്രകണ്ട് അതിൽ പങ്കുചേരാനും കഴിയും. ആസ്വദിക്കാനും.

സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. ഒട്ടും തിരക്കില്ല. ഒറ്റയാളുമില്ലെന്നതാണ് സത്യം. ഇപ്പോൾ പോയ ട്രെയിൻ ഇനി നാലിനോ നാലരക്കോ ആണ് പഴനിയിൽ നിന്ന് തിരിച്ച് വരിക. സ്റ്റേഷനിലെ ബെഞ്ചിൽ കയറിക്കിടന്ന് ഒരൊറ്റ ഉറക്കം.
പിന്നീടും, എത്രയോ റെയിൽവേ സ്റ്റേഷനുകളിൽ എത്രയോ തവണ ഉറങ്ങിത്തീർത്തിട്ടുണ്ട്! ജംഷഡ്‌പുർ ടാറ്റ നഗർ സ്റ്റേഷൻ. നല്ല തിരക്കുള്ള സ്റ്റേഷനാണ്.
SAJEEV
സജീവ് - ആക്റ്റ് ലാബ്- വന്ന് തിരിച്ചു പോയ ദിവസം (രണ്ടു വർഷങ്ങൾക്ക് മുൻപ്, 'be oceanic' വായിച്ചതിനു ശേഷം 'now here ' എന്ന ഓഷോ ഉൾക്കാഴ്ച ആദ്യമായി പങ്കുവെച്ചത് സജീവുമായിട്ടായിരുന്നു. അതിന്റെ hangover അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല.) ഉച്ച മുതൽ സന്ധ്യ വരെ, പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ കിടന്നുറങ്ങി. നല്ല തിരക്കിനിടയിൽ ഒരു തിരക്കുമില്ലാതെ ഇങ്ങനെ മയങ്ങിക്കിടക്കാൻ ഒരു രസമാണ്. പുറത്തെ ബഹളം എത്രത്തോളം സൂക്ഷ്മമായി അറിയാൻ പറ്റുന്നുവോ അത്രതന്നെ നമുക്കകത്തെ  ബഹളവും അറിയാൻ കഴിഞ്ഞേക്കും. അറിയുക-knowing- എന്നതിലാണ് കാര്യം, അകത്തായാലും പുറത്തായാലും.

മധ്യപ്രദേശിലെ KANDVA  സ്റ്റേഷൻ. കടുത്ത വേനൽകാലമായിരുന്നു അപ്പോൾ. അമ്പതിനോടടുത്ത് ഡിഗ്രി ചൂടുള്ള സമയം. തലേന്നത്തെ ഉറക്കച്ചടവുള്ളതുകൊണ്ടും മറ്റും, ഉഷ്ണത്തിൽ തളർന്നുകിടക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ആ മയക്കത്തിൽ, അകത്തു മുഴുവനും ഓഷോ ആ സ്റ്റേഷനെ പറ്റി പറഞ്ഞു കേട്ടിട്ടുള്ള സംഭവങ്ങളായിരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള യാത്രകൾക്കിടയിൽ അദ്ദേഹം മിക്കപ്പോഴും വിശ്രമിക്കാറുള്ള ഒരു സ്റ്റേഷനായിരുന്നു അത് .


റായിഗഡിലെ പണികളെല്ലാം അവസാനിപ്പിച്ച് KUCHWADA യിലേക്ക് (ഓഷോ ജനിച്ച സ്ഥലം) പോകും വഴിയായിരുന്നു ബിലാസ്പുർ സ്റ്റേഷനിൽ ഒരു പകൽ മുഴുവനും തങ്ങേണ്ടി വന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ. കുറച്ചു വായിച്ചും ബാക്കിയുള്ള സമയം മുഴുവനും ഉറങ്ങിയും കഴിച്ചുകൂട്ടി. വലിയ ഒരു സ്റ്റേഷൻ. ഇന്ത്യൻ റയിൽവേയുടെ പ്രധാന നൂറ് സ്റ്റേഷനുകളിൽ ഒന്നാണിത്. ഞാൻ കിടന്നതിന്ന് തൊട്ട് ഒരു മാർബിൾ ഫലകമുണ്ടായിരുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ
 ഓർമ്മക്കായിട്ടുള്ളതായിരുന്നു അത്. 1900 -ൽ ടാഗോറും അദ്ദേഹത്തിന്റെ ഭാര്യയും ഈ സ്റ്റേഷനിൽ ആറു മണിക്കൂറോളം ചെലവഴിച്ചിട്ടുണ്ടത്രേ ! (പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്, ടാഗോറിന്റെ DECEPTION എന്ന പേരിലുള്ള ഒരു കവിതയായിരുന്നു അത്. അതിലാണ് അദ്ദേഹം ഈ സ്റ്റേഷനെപ്പറ്റി പറഞ്ഞിട്ടുള്ളത്).

പഴനിയിൽ നിന്നുള്ള ട്രെയിനിൽ കയറുവാനായി കുറച്ചാളുകൾ തയ്യാറായി നില്പുണ്ടായിരുന്നു. അവരുടെ ബഹളം കേട്ടാണ് ഉണർന്നത്. ട്രെയിൻ എത്തി. അത്ര തിരക്കൊന്നുമില്ല. വാതിൽക്കൽ നിന്നുകൊണ്ട് തന്നെ യാത്ര. വെയിൽ പെട്ടെന്ന് മങ്ങിയിരുന്നത് പോലെ ... കുറച്ചു കച്ചവടക്കാർ..പച്ചക്കറിയും മറ്റും ...വശങ്ങളിൽ നിന്നു കുട്ടികളും ആളുകളും കൈവീശിക്കാണിച്ചു. ഞാൻ തിരിച്ചും. എനിക്കേറെ ഇഷ്ടമാണ് അപരിചിതരോട്, കുട്ടികളോട് വിശേഷിച്ചും, കൈവീശിക്കാണിക്കാൻ. 

സമതലങ്ങൾ ,തോടുകൾ, പ്രായം ചെന്ന മരങ്ങൾ ...മുന്നിലൂടെ ദൃശ്യങ്ങൾ മാറിക്കൊണ്ടേയിരുന്നു. മരങ്ങളെക്കൊണ്ടോ മറ്റോ അല്പം ഇരുട്ട് കൂടിയ ഒരു കൃഷിസ്ഥലം. ഒരു കൂറ്റൻ പാറയുടേതുപോലുള്ള കടുത്ത നിഴൽ മൂടിയ ഒരിടം. എന്തായിരുന്നു അത്? പെട്ടെന്ന്പൊയ്ക്കളഞ്ഞല്ലോ.....രണ്ടു കൊച്ചു കുട്ടികൾ ചിരിച്ചുകൊണ്ട് കൈവീശി. നന്നായി ഇരുണ്ട മുഖമായിരുന്നു ആ കുട്ടികളുടേത്. പെൺകുട്ടിയുടേത് വിശേഷിച്ചും. പ്രകാശം തീരെ കുറഞ്ഞ ആ പശ്ചാത്തലത്തിൽ ആ കുട്ടിയുടെ പല്ലുകൾക്ക് ഒരു വല്ലാത്ത വെണ്മ. ആ മൊത്തം ദൃശ്യത്തിൽ നിന്നും എന്റെ നാഡീ - മനോ മണ്ഡലത്തിലേക്ക് വെണ്മയുറ്റ ഒരു ദന്തനിര മാത്രം കയറിപ്പറ്റി. പൂർണ്ണമാവാത്ത കാഴ്ചകൾ ബാക്കിയിടുന്ന ആവേഗങ്ങളാണിവ. ക്ലോസ് ചെയ്യാത്ത ചില വിൻഡോകളെപോലെ ഡെസ്ക്ടോപ്പിലവ എപ്പോഴും ഉണർന്നു കിടക്കും. 
കാഴച്ചകളിൽ മാത്രമല്ല, എല്ലാ ഇന്ദ്രിയസംവേദനങ്ങളിലും ഇത്തരം അപൂർണതകൾ സംഭവിക്കാറുണ്ട്. മനസ്സിന്റെ അതിക്രമണങ്ങൾ, അല്ലാതെന്തു പറയാൻ? സംഗീതലോകത്തു പ്രവർത്തിക്കുന്നവർ വിശേഷിച്ചും അനുഭവിക്കാറുള്ള ഒരു അവസ്ഥയുണ്ട് - ear looping. ഏതെങ്കിലും ഒരു ഈണമോ താളമോ വരിയോ മറ്റോ എപ്പോഴും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. oliver sacks -ന്റെ musicophelia എന്ന സമാഹാരത്തിൽ ഇത്തരം വൈവിധ്യമാർന്ന അനുഭവങ്ങളുടെ നിരവധി വിവരണങ്ങളുണ്ട്. ശ്രദ്ധയിലെ അപൂർണ്ണത കൊണ്ടാണത്രേ ഇത് സംഭവിക്കുന്നത്. ന്യൂറോളജിക്കൽ വിശദീകരണമല്ല . ധ്യാനസാധനകളുടെ ലോകത്ത് ഇതേപ്പറ്റി അങ്ങനെയാണ് പറയുന്നത്.
multidimensional ആയിട്ടുള്ള ഒരു ജൈവിക പ്രതിഭാസത്തിൽ ഏതെല്ലാം തലങ്ങളിൽ ഇതുപോലെ എത്രയോ സ്പന്ദ ജാലകങ്ങൾ - impulse windows - അലക്ഷ്യമെന്നോണം തുറന്നുകിടപ്പുണ്ടാവും ! ബോധപൂർവ്വമുള്ള ഒരു closing command-നു കാത്തുകിടക്കുകയാണവ. ഒരു പക്ഷെ, ആ ആജ്ഞ ലബ്ധമാവുക മറ്റേതോ തലത്തിൽ, എപ്പോഴോ ഉണ്ടായേക്കാവുന്ന, ഒരു ആകസ്മിക സംഭവം കൊണ്ടാകാം. ഒരു നോക്കുകൊണ്ടോ സ്പർശം കൊണ്ടോ വാക്കുകൊണ്ടോ ആകാം. വെറും സാന്നിധ്യം കൊണ്ടുമാകാം, ഒരു രാസത്വരഗത്തെപ്പോലെ. സത്‌സംഗം എന്ന പദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അത് ഈ  അനുപൂരകത്വത്തിന്റേതാണ്.

ഇതേ അവസ്ഥ മറ്റൊരുരീതിയിലും സംഭവ്യമാണ്. സംവേദനത്വത്തിന്റെ ഏതൊക്കെയോ തുറവുകൾ (openings, channels), ചില നാഡീ വ്യവസ്ഥകൾ, അറിയാതെ സംഭവിച്ചേക്കാവുന്ന ചില ആജ്ഞകളെകൊണ്ട് അടഞ്ഞു പോവുക. ആ പൊഴികൾ പിന്നീട് തുറന്നു കിട്ടണമെങ്കിൽ, കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ജ്ഞാനികളായ ആർക്കെങ്കിലും ആ opening command ലഭ്യമാകാവുന്ന അന്തരീക്ഷങ്ങൾ നിർദ്ദേശിക്കാനോ സൃഷ്ടിക്കാനോ കഴിഞ്ഞേക്കും . എങ്കിൽപ്പോലും 'probable' എന്നേ പറയാനൊക്കൂ. അവിടെയാണ് ഓഷോ നമ്മെ പ്രലോഭിപ്പിക്കുന്നത്," more probability for an accident when you are moving on a highway " എന്ന്.
പുരാണങ്ങളിൽ സുലഭമായിട്ടുള്ള 'അഹല്യാമോക്ഷങ്ങൾ' എല്ലാം തന്നെയും എന്നെ സംബന്ധിച്ചു്, ഊർജദളങ്ങൾ കൂമ്പിപ്പോകുന്നതിന്റെയും വിടർന്നുവരുന്നതിന്റെയും കഥനങ്ങളാണ്.
       
ആറോ ഏഴോ വർഷങ്ങൾക്കു ശേഷമായിരുന്നു ആ ഒരനുഭവം പൂർണ്ണമായത്, അതിന്റെ സൂക്ഷ്മാവബോധ തലങ്ങളിൽ. ഛത്തർപുർ സിറ്റിയിൽനിന്ന് ഖജുരാഹോവിലേക്കുള്ള ബസ്സ് യാത്ര. ഖജുരാഹോ എത്താറായപ്പോൾ കുറെ സീറ്റുകൾക്ക് മുൻപിലിരുന്നിരുന്ന ഒരാൾ എണീറ്റ് പിന്നിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു , "ചൗസത് യോഗിനി (64 യോഗിനി ) മന്ദിർ, ബാക്കി കുച്ച് നഹിം ". കുറച്ചു സെക്കന്റുകൾക്കു ശേഷമായിരുന്നു ഞാൻ മനസ്സിലാക്കിയത്‌ അയാൾ സംസാരിച്ചത് എനിക്ക് മുന്നിലിരുന്ന മറ്റാരോടോ ആയിരുന്നെന്ന്. പക്ഷേ  ആ പേര് എന്നിലെവിടെയോ തറഞ്ഞു കൊണ്ടതുപോലെ.

ഖജുരാഹോവിലെത്തി പകൽമുഴുവനും അവിടുത്തെ ക്ഷേത്രങ്ങളും ശില്പ വിസ്മയങ്ങളുമെല്ലാം 'ഒന്നോടിച്ചുകണ്ടു', നാളെയും മറ്റന്നാളുമൊക്കെ സമയമെടുത്തു കാണാമെന്നു കരുതി. തണുപ്പുകാലം കഴിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. വൈകീട്ട് അഞ്ചായപ്പോഴേക്കും സുഖ സന്ധ്യ. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോഴായിരുന്നു വീണ്ടും ആ വാക്കുകൾ ഉള്ളിൽ മുഴങ്ങിയത് -ചൗസത് യോഗിനി മന്ദിർ.
ഒന്നു രണ്ടു പേരോട് വഴി ചോദിച്ചപ്പോൾ അവർ കാണിച്ച ആംഗ്യഭാവത്തിൽനിന്നും മനസ്സിലായി ഇതത്ര പ്രാധാന്യമുള്ള സ്ഥലമൊന്നുമല്ലെന്ന്. അവർ കാണിച്ച ദിശയിലൂടെ വെറുതെ നടന്നു, ഇതു തന്നെയാണ് വഴി എന്നുറപ്പില്ലാതെ. വഴി തെറ്റായിരുന്നാലും കുഴപ്പമില്ലായിരുന്നു. ഇരുട്ടുവീഴാൻ തുടങ്ങിയ വഴിയിലൂടെ നടക്കാനുള്ള രസം. ഖജുരാഹോ ക്ഷേത്രഗോപുരങ്ങളുടെ അറ്റം ഈ വഴിയിൽ നിന്നു കാണാൻ ഒരു വിശേഷ ഭംഗിയുണ്ട്.
ഒരു പത്തു മിനുട്ടു നടക്കാനേ ഉള്ളുവെന്നാണ് ഓർമ. വളരെ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു മണ്ഡപം. ഇതു തന്നെയാകണം ആ യോഗിനി മന്ദിരം. ഏറെ പഴക്കമുള്ള ഒരു ക്ഷേത്രാവശിഷ്ടം. കണക്കുകൾ പ്രകാരം ഖജുരാഹോവിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണിത്. ദുർഗയുടെ 64 ഭാവങ്ങളോ! 64 യോഗിനികൾ ഏതൊക്കെയോ എന്തൊക്കെയോ. ഒന്നും അറിയണമെന്നുണ്ടായിരുന്നില്ല. തമോഗർത്തമെന്നു പറയുന്നതുപോലെ ഒരു തമോമണ്ഡപമെന്നു വിളിക്കാമോ? നിശബ്ദത. എന്റെ നാസികയിലെ ശ്വസോച്ഛാസങ്ങളെപ്പോലും, ആ പ്രാചീന മൗന മണ്ഡപം, വലിച്ചെടുത്തു വിഴുങ്ങിക്കളയുന്നു...അസ്തമയം കഴിഞ്ഞതിനു ശേഷം ബാക്കിവന്ന ഒരല്പം വെളിച്ചം ഇരുട്ടിനെ കൂടുതൽ സാന്ദ്രമാക്കി. മനസ്സിനകത്തു വിചാരങ്ങൾ ശക്തി ചോർന്നു കുഴഞ്ഞു വീഴുന്നതുപോലെ. ശക്തമായ കാറ്റിൽ ഇലകൾ പൊഴിഞ്ഞ് ഒരു മരം നഗ്നമാവുകയാണ്.
താഴെ നിന്നു തന്നെ കാണാവുന്നതാണ്, അറുപത്തിനാല് പ്രതിഷ്ഠാപീഠങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഒന്നോ രണ്ടോ ദുർഗാശില്പങ്ങളുണ്ട്. രാവിലെയോ മറ്റോ ആരോ സന്ദര്ശിച്ചതിന്റെ ബാക്കിയായി തുളസിയിലകളും ചെമ്പരത്തിയിതളുകളും വീണുകിടപ്പുണ്ട്. വിശ്വാസികളാരെങ്കിലും പ്രാർത്ഥിച്ചതാകാം. മുകളിലേക്കു കുറച്ചു പടവുകളുണ്ട്. ഓരോ പടവും സാവധാനമേ കയറാനാവൂ. ധൃതിപ്പെടാറുള്ള ആ ഉപകരണം അകത്തു നിശ്ചലമായിക്കിടക്കുന്നു. ഒന്ന്...രണ്ട് .......മൂന്ന് ..........നാല് .................അഞ്ച് ..... ..............ആറ് ........ആറാമത്തെ പടിയിൽനിന്നും കാലെടുമ്പോഴേക്കും എന്റെ കാതുകളിൽ വന്നുവീണത് ഒരലർച്ചയായിരുന്നു. കർണപുടങ്ങളിൽ  അമ്പേറ്റതുപോലെ. വേദന. ശരീരം തീർത്തും നിശ്ചലമായിരുന്നിട്ടും ഞാനറിയുന്നുണ്ടായിരുന്നു, ഞാനപ്പാടെ വിറകൊള്ളുകയായിരുന്നെന്ന്. അതിപ്രാചീനതയിൽ ഉറഞ്ഞുപോയ ഒരു പ്രാരംഭ ജീവിയെപ്പോലെ ശരീരം, ഭയത്തിന്റെ ലാവയിൽ ഉറഞ്ഞു പോയെന്നു തോന്നുന്നു. ശരീരത്തിന് ചുറ്റും വിറയലുകളാണ്. തരംഗങ്ങൾ. അദൃശ്യമായ ഊർജതരംഗങ്ങൾ. പ്രളയോപമം. ആ അലർച്ചയുടെ പ്രകമ്പനങ്ങൾ പ്രാചീനതയുടെ അതിരുകളിൽ തട്ടി വീണ്ടും വീണ്ടും തിരിച്ചുവന്നുകൊണ്ടിരുന്നു.
കുറേ സെക്കന്റുകൾക്കു ശേഷമാണ് കഴുത്തു തിരിക്കാനുള്ള ധൈര്യമുണ്ടായത്. എനിക്കു പുറകിൽ, റോഡിനപ്പുറത്തു, ഏറിയാൽ ഒരു പത്തു മീറ്റർ ദൂരം, ഒരു കറുത്ത രൂപം. മനുഷ്യൻ തന്നെയാണ്. ഒരലർച്ചക്കുശേഷം അയാൾ ചിരിക്കുകയാണ്. ശബ്ദമില്ലാതെ. കരി വാരി തേച്ചതുപോലുള്ള കറുപ്പ്. പൂർണ നഗ്നൻ. നീണ്ടുകിടക്കുന്ന കറുത്തിടതൂർന്ന മുടിച്ചുരുളുകൾ.  ഒത്ത ശരീരം. 
ഓ, ഭയപ്പെടുത്തുന്ന ഈ രൂപത്തിൽനിന്ന് ഇത്രക്കും വശ്യമായ ചിരിയോ! അസാധാരണമാം വിധം വെളുപ്പാർന്ന ദന്തനിരകൾ ......................................
……………………………………………………..
എന്നിൽ നിന്ന് എന്തോ ഒന്ന് ഇഴഞ്ഞിറങ്ങിപ്പോകുന്നുവെന്നത് ഞാനറിയുന്നുണ്ട്. ഭയം. അതെ ഭയം അഴിഞ്ഞുപോകുന്നു. തന്റെ മാളമുപേക്ഷിച്ച്‌ ഇറങ്ങിപ്പോകുന്ന ഒരു ഇഴജന്തുവിനെപ്പോലെ, ഭയം ശങ്കിച്ച് ശങ്കിച്ച് ഒഴിഞ്ഞുപോവുകയാണ്.
എന്റെ ശരീരം അനങ്ങിയില്ല.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു പാറയോട് ചേർത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കൂടാരത്തിലേക്കു (അപ്പോൾ മാത്രമായിരുന്നു ഇങ്ങനെയൊരു കൂടാരം അവിടെയുണ്ടായിരുന്നതായി ഞാൻ കാണുന്നത്) കയറിപ്പോയി.

കുറേ നിമിഷത്തേക്ക് ശരീരം ചലനത്തിനു വഴങ്ങിയില്ല. ചലിക്കാമെന്നായപ്പോൾ ഞാൻ ബാക്കിയുള്ള പടികൾ കയറിയതുമില്ല . സാവധാനം പിന്നോട്ട് തന്നെ പടിയിറങ്ങി, നന്ദിപൂർവം.നന്ദിയെന്തിനെന്നറിയില്ല. ആരോടുമെന്നറിയില്ല. നാഡീതന്തുക്കളിലൊക്കെയും അവാച്യമായ അയവുകൾ. ഇരുട്ടിൽ, പാദങ്ങൾ പതിയുന്നത് വീണുകിടക്കുന്ന പൂവിതളുകളിലേക്കെന്ന പോലെ. കനം കൂടിയ ഷൂവിനെയും കടന്ന് ആ സ്നേഹ മൃദുത്വങ്ങൾ പാദങ്ങളിലേക്ക്..... കൃതാർത്ഥതയുടെ സുമസ്വീകാരങ്ങൾ ...


മെയിൻ റോഡിലേക്ക് നടന്നെത്തും വരേയ്ക്കും പ്രകാശം പൊഴിച്ച ആ ദന്തനിരകൾ എന്നെ പിന്തുടർന്നുവന്നു.

* * * *

entanglement എന്ന വാക്ക് അസന്തുഷ്ടിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, കെട്ടുപാടുകൾ എന്ന അർത്ഥത്തിൽ , 'quantam entanglement' എന്ന പ്രയോഗം എന്നിൽ ആഹ്ലാദം ചൊരിയുന്നു. നിതാന്ത ശൂന്യതയിലുള്ള സ്നേഹവിനിമയങ്ങളല്ലാതെ മറ്റെന്താണ് ആ ഊർജ്ജകണങ്ങൾ തമ്മിൽ? കണങ്ങൾ തമ്മിലെന്നപോലെ, 'space -time  entanglement' എന്നൊന്ന് ഇല്ലാതിരിക്കുമോ?

ഏതെല്ലാമാണ് ആദ്യ രണനങ്ങളെന്നും ഏതെല്ലാമാണ് അനുരണനങ്ങളെന്നും ആർക്കറിയാം? അതീതങ്ങളിൽ ആദിമധ്യാന്തങ്ങൾക്ക് പ്രസക്തിയെന്തുണ്ട്?

ഒരു പൊള്ളാച്ചിയാത്ര  പൂർണ്ണമായത് അന്നായിരുന്നു. 

അടുത്ത രണ്ടു ദിവസവും ഖജുരാഹോ ശില്പങ്ങളുടെ വിശദമായ ദർശനങ്ങളൊന്നും നടന്നില്ല. വെറുമൊരു ടൂറിസ്റ്റിനെപ്പോലെ ആ പരിസരങ്ങളിൽ ചുറ്റിക്കറങ്ങി. ക്ഷേത്ര സമുച്ചയത്തിലുള്ള പുൽമൈതാനത്ത് ആകാശം നോക്കി കിടന്നും, വഴിയരികിലെ കച്ചവടക്കാരുമായി ചങ്ങാത്തം കൂടിയും, അവരുടെ കയ്യിലുള്ള പുതിയ ശില്പങ്ങളെയും ആഭരണങ്ങളേയും മറ്റും പുരാതനമാക്കാൻ 'ഒരു കൈ സഹായിച്ചും' തമാശ്ശകൾ ആസ്വദിച്ചും കഴിച്ചുകൂട്ടി. ഈ ക്ഷേത്രങ്ങളും ശില്പങ്ങളുമൊന്നും നമുക്കൊട്ടും അപരിചിതമല്ലല്ലോ എന്ന മട്ട്.
അതിനുശേഷം ചൗസാത് യോഗിനി ക്ഷേത്രത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് തോന്നിയില്ല. 

രണ്ടു വർഷം മുൻപാണെന്നു തോന്നുന്നു, സ്വാമി രാമയുടെ ജീവചരിത്രം വായിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത് ഈ ക്ഷേത്രത്തിൽ വച്ചാണത്രേ. Too esoteric. ഭാവനയുടെ ആധിക്യം വല്ലാതെയുണ്ടെന്നു തോന്നി. ഇതേ സമയത്തുതന്നെയായിരുന്നു, സ്വാമി ജഗദീഷ് ഭാരതി ഫേസ്‌ബുക്കിൽ ഈ ക്ഷേത്രത്തിന്റെ ഒരു ഫോട്ടോയിട്ടത്. ഓഷോയെ പറ്റിയുള്ള സിനിമയുടെ ഷൂട്ടിങിലായിരുന്നു അദ്ദേഹം. ഓഷോ ഏറെ ഇഷ്ടപ്പെട്ടിരുന്നുവത്രേ ഇവിടം. ഓഷോയുടെ ഖജുരാഹോ പ്രണയങ്ങളെപ്പറ്റി ധാരാളം വായിച്ചിട്ടുണ്ട്. പക്ഷെ ഈ ക്ഷേത്രത്തെപ്പറ്റി ഓഷോ എവിടെയും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നില്ല. ഹിന്ദി പ്രഭാഷണങ്ങളിൽ എവിടെയെങ്കിലും കാണുമായിരിക്കും.


നിരവധി മാനങ്ങളിൽ (dimensions ) വിടർന്നുകിടക്കുന്ന, ജീവിതമെന്നു നാം വിളിച്ചുപോരുന്ന, ഈ 'jigsaw puzzle', സ്വയമേവ പരിഹരിക്കപ്പെടുക തന്നെ ചെയ്യും. അതിനോടു പങ്കു ചേരുകയാണെങ്കിൽ, അതിനെയാണല്ലോ നാം ആനന്ദമെന്നു വിളിക്കുന്നത്.

Have a nice game!

Monday, August 5, 2019

ഇറങ്ങിപ്പോക്കുകൾ - 3 - walkouts to oneself ...

കോഴ്സ് കഴിഞ്ഞു കിട്ടിയ ഒഴിവുദിനങ്ങളിലായിരുന്നു പോക്കറ്റ് മണിയുണ്ടാക്കാം എന്നു പറഞ്ഞ്, അടുത്ത സുഹൃത്തുക്കളിലൊരാൾ- ജിജോയ് വാസുദേവൻ- ഒരു പ്രലോഭനവുമായ് വന്നത്.(അലഞ്ഞു തിരിഞ്ഞു നടക്കാൻ പറ്റിയ കൂട്ടുകളിലൊരാളായിരുന്നു ജിജോയ്. അവയേക്കാളെല്ലാമുപരി അവനു വേണ്ടി സൂക്ഷിച്ചിട്ടുള്ള ഫോൾഡർ മറ്റു രണ്ടു കാര്യങ്ങളാലാണ്. 1992-ൽ ഗുരു നിത്യയെ കാണാൻ വേണ്ടി പോകുമ്പോൾ, അതിരാവിലെ തൃശൂർ ബസ് സ്റ്റാൻഡ് വരേയ്ക്കും എന്നെ അനുഗമിച്ചതിന്. പിന്നെ ഹെർബേറിയം എന്ന പുസ്തകത്തിലൂടെ ആഷാമേനോനെ പരിചയപ്പെടുന്നതിൽ ഒരു നിമിത്തമായതിന്. നന്ദി ജിജോയ്.) പോക്കറ്റ് മണി എന്തിനാണ്? ഏതെങ്കിലും പുസ്തകം വാങ്ങാമല്ലോ. എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അവനു നല്ല നിശ്ചയമായിരുന്നു.
jijoy

അവൻ ആദ്യമേ സംഘടിപ്പിച്ചിട്ടുണ്ട്, അലങ്കാരച്ചെടികളുടേയും ഫലവൃക്ഷത്തൈകളുടേയും വിശദ വിവരങ്ങളടങ്ങിയ 'പ്രൈസ് ലിസ്റ്റ്'. ഈ ലിസ്റ്റ് കാണിച്ച്‌ ഓരോ വീടുകളിൽനിന്നും ഓർഡറെടുക്കുന്നു. ഒരു മാസത്തിനുശേഷം മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽനിന്നും (!!!) നേരിട്ട് വിതരണം ചെയ്യുന്നു. ലിസ്റ്റിൽ കാണിച്ചിരിക്കുന്നത് വലിയ വിലയാണെങ്കിലും, ഇപ്പോൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ചില്ലറ ഡിസ്‌കൗണ്ടുകൾ ഉണ്ട്. മണ്ണുത്തിയെന്നുകേട്ടാൽ ആളുകളുടെ കൃഷിഞെരമ്പിൽ ചോര തിളക്കണമത്രേ! ഉം ...തിളച്ചതുതന്നെ. തിളച്ചാലും തിളച്ചില്ലേലും ഈ പാവം സഹയാത്രികനെന്ത്? രണ്ടു പുസ്തകം വാങ്ങാൻ കാശൊത്താലായി. അത്ര തന്നെ .
അങ്ങനെ ഒരു ദിവസം ഞങ്ങൾ തൃശൂർക്കുള്ള ബസിൽ കയറി പുതിയ സംരംഭത്തിന് നാന്ദി കുറിച്ചു. കണിമംഗലത്തിനു തൊട്ടു മുൻപുള്ള ഒരു സ്ഥലമെത്തിയപ്പോൾ ഇറങ്ങാൻ ആജ്ഞ കിട്ടി. അവിടെയിറങ്ങി കിഴക്കോട്ടു കയറിപ്പോയ ഒരു റോഡിലൂടെ നടത്തം. കുറേ ദൂരം ചെന്നപ്പോൾ എന്റെ തൊഴിൽ ദാതാവിനു ഒരുൾവിളിയുണ്ടായി - ദാ, ആ കാണുന്ന വീട്ടിൽ നിന്നു തുടങ്ങാം. ഓ, ഉത്തരവ്! അങ്ങനെയായിക്കൊള്ളട്ടെ.

വളരെ പഴയ ഒരു നമ്പൂതിരി ഗൃഹം. ചെറിയതാണെങ്കിലും പഴമ കൊണ്ടും വെട്ടിയൊതുക്കാതെ നിർത്തിയ പച്ചപ്പടർപ്പുകളെകൊണ്ടും സമൃദ്ധമായ ഒരു ഭവനം. വെയിൽ  മൂക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഒൻപതു മണിക്ക് മുൻപുള്ള വെയിൽ, ഭംഗിയൊരുക്കാത്ത ഏതെങ്കിലും ഗൃഹാന്തരീക്ഷങ്ങളുണ്ടോ? ആ വീടിന്റെ പടിപ്പുരയിലെ സ്വച്ഛമായ നിഴലിൽ വെറുതെയങ്ങനെ ഇരുന്ന് ...ജീവിതം മുഴുവനുമങ്ങു ഇരുന്നു കഴിച്ചുകൂട്ടിയാലോ എന്നു തോന്നിപ്പോകും. തഴച്ചു വളർന്നു നിൽക്കുന്ന ഈ പച്ചപ്പുകൾക്കിടയിലേക്കാണ് ഇവന്റെയൊരു ശാസ്ത്രനാമച്ചെടികൾ. ഏതായാലും അവിടെ നിന്നും ഓർഡറൊന്നും കിട്ടിയില്ല. ഭാഗ്യം.

പിന്നെയും കുറേ മുന്നോട്ടു നടന്നപ്പോഴാണ് ശ്രദ്ധിച്ചത് ഈ പരിസരം ഏറെ ശാന്തസുന്ദരമാണല്ലോ എന്ന്. വെറും അര മണിക്കൂർ ദൂരത്തു ഇത്രയും മനോഹരമായ
ഇടവഴികളോ! എന്നെ പറ്റിക്കാൻ എന്റെ ആശാൻ ഒന്നു രണ്ടു വീടുകളിൽ കൂടി കയറിനോക്കിയെങ്കിലും ആരുടേയും കൃഷി ഞെരമ്പ്‌ തുടിച്ചില്ല . അപ്പോഴേക്കും പക്ഷേ ഞങ്ങൾ രണ്ടുപേരും അപരിചിതമായ ആ വഴിനടത്തയിൽ വിശ്രാന്തരാവാൻ തുടങ്ങിയിരുന്നു. എന്തോന്ന് ഓർഡറും പ്രൈസ് ലിസ്റ്റും? നടക്കുക തന്നെ.
'when you walk, arrive with each step.' എന്ന്‌ ഓർമ്മിപ്പിക്കുന്നത് thich nhat hanh ആണ്. അന്നു പക്ഷേ ഈ പേരുകളൊന്നും കേട്ടിട്ടില്ലായിരുന്നുവെങ്കിലും, വിശേഷിച്ച്‌ ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത ഓരോ പദം വെപ്പിലും ഒരെത്തിച്ചേരലിന്റെ വിശ്രാന്തിയിറ്റുന്നത് അറിയാതിരുന്നിട്ടില്ല. അപരിചിതമായ വഴികൾ എപ്പോഴും ഒരു 'enchanting invitation' ആണ്.
നടന്നു പോകുന്നതിന്റെ സൗന്ദര്യം ആദ്യം ശ്രദ്ധയിൽ കയറിക്കൂടിയത് എപ്പോഴാണെന്ന് കൃത്യമായോർമ്മയുണ്ടെനിക്ക് - 1986 ൽ . കൃഷ്ണമൂർത്തി (ജെ .കെ ) ദേഹമുപേക്ഷിച്ചതിന്റെ തൊട്ടു പിന്നത്തെ കലാകൗമുദി വാരികയിൽ
അദ്ദേഹത്തിന്റെ സായാഹ്‌ന നടത്തത്തിന്റെ ഒരു ബ്ലാക്ക് & വൈറ്റ്ചിത്രമുണ്ടായിരുന്നു. ആ ചിത്രത്തിന് എത്രയോ മാനങ്ങൾ (dimensions) ഉണ്ടായിരുന്നുവെന്നോ!
ഒരു സായാഹ്നത്തിന്റെ സർവ്വ വിശ്രാന്തികളും സൗമ്യതകളും എത്തിച്ചേരലുകളുമെല്ലാം എഴുന്നു നിന്നിരുന്നുവെന്നു തോന്നി കൃഷ്ണമൂർത്തിയുടെ ആ ഒഴുകി നീങ്ങലിൽ.
ഓഷോ, ഗാർഡനിൽ നടക്കുന്നതിന്റെ തീരെ ഹ്രസ്വമായ വീഡിയോ കണ്ടിട്ടുണ്ട്; വീണുകിടക്കുന്ന ഇലകൾ പോലും അറിഞ്ഞെന്നു വരില്ല. അതീവ ലോലമായ പദചലനങ്ങൾ. ഒരു 'beauty pageant'ലെ പൂച്ചനടകൾക്ക് (cat walk) പോലും എന്തെങ്കിലും സൗന്ദര്യം തോന്നുന്നത് ആ ചുവടുകളെ ചൂഴ്ന്നു നില്ക്കുന്ന awareness ഒന്നുകൊണ്ടു മാത്രമാണ്. ആത്യന്തികമായി, എല്ലാവരും നടക്കുന്നത് അവരവരിലേക്കു തന്നെയാണ്; നാം അറിയുന്നുണ്ടത്, ഓർക്കാറില്ലെങ്കിലും.
വെയിലിനു ചൂട് കൂടി വന്നു. ദേഹത്ത് വിയർപ്പു പൊടിയാൻ തുടങ്ങി. ഞങ്ങളുടേത്, ഏറെ ശ്രദ്ധ കൊടുത്തുകൊണ്ടുള്ള ഒരു തരം 'സാധനാ പദ'ങ്ങളൊന്നും ആയിരുന്നില്ല. തമാശകൾ പറഞ്ഞ് ഉറക്കെ ചിരിച്ച്‌ ....പക്ഷേ  ഞങ്ങളുടെ ചിരികളത്രയും സ്വാഭാവിക നിശബ്ദതയെ കനപ്പിച്ചതേയുള്ളൂവെന്നു തോന്നി; ഇടക്കെപ്പോഴോ മുഴങ്ങിക്കേട്ട 'കൊക്കരക്കോ'യടക്കം. ലേറ്റായാലെന്ത്, ലേറ്റസ്റ്റായൊന്നു കൂവിക്കളയാം എന്നു വിചാരിച്ചതായിരിക്കണം ആ പൂവൻ. a 'belated cock a doodle doo'. മറന്നുപോയ ഒരാശംസ പോലെ.
രണ്ടു മണിക്കൂറിലധികമായി നടക്കാൻ തുടങ്ങിയിട്ട്. കുടിക്കാൻ അല്പം വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു. എല്ലാ ഗൃഹാമുഖങ്ങളും മിക്കവാറും അടഞ്ഞു  കിടന്നു. അപ്പോഴാണ് കുറച്ചു ദൂരെ തുറന്നു കിടക്കുന്ന ഒരു പടിപ്പുര കണ്ണിൽപെട്ടത്. പടിപ്പുരമുന്നിലെത്തിയപ്പോൾ, അങ്ങ് ദൂരെ വീടിന്റെ അകത്തളത്തിൽ ചാരുകസാലയിൽ കാലു നീട്ടിവെച്ചു വിശ്രമിക്കുന്ന ഗൃഹനാഥൻ. വീട്ടകത്തിന്റെ ഇരുട്ടിലും അദ്ദേഹം ധരിച്ചിരുന്ന മുണ്ടിന്റെ കസവിനു വല്ലാത്ത സ്വർണ്ണത്തിളക്കമുണ്ടായിരുന്നപോലെ! ദാഹക്കൂടുതൽക്കൊണ്ടു തോന്നിയതാവാം. ഞങ്ങളല്പം ശങ്ക അഭിനയിച്ചപ്പോൾ, അദ്ദേഹം ആംഗ്യം കാട്ടി, അകത്തേക്ക് വരാനായി.
ഒരു ക്രിസ്ത്യൻ ഭവനമായിരുന്നു അത്. ഏതോ 'തെക്കൻ അച്ചായനായിരുന്നുവോ'...ഓർക്കുന്നില്ല. ഏതായാലും പഴമയും പ്രൗഢിയും ഇണങ്ങിനിന്ന ആ വലിയ നാലുകെട്ടിന് ചേർന്ന രൂപമായിരുന്നു അദ്ദേഹത്തിന്റേത്; അല്പം കനത്ത ശബ്ദവും. സ്നേഹമുണ്ടായിരുന്നു വാക്കുകളിൽ. ആദ്യം വെള്ളം ചോദിച്ചു വാങ്ങി. സ്റ്റീൽ മൊന്തകളിൽ നല്ല തണുത്ത വെള്ളം അകത്തു ചെന്നപ്പോൾ ഞങ്ങളിൽ ഉറങ്ങിക്കിടന്ന 'നിക്ഷിപ്ത കച്ചവട താല്പര്യങ്ങൾ' ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. നമ്മുടെ സഖാവ് പ്രൈസ് ലിസ്റ്റെടുത്തു. വീണ്ടും ശാസ്ത്ര നാമങ്ങൾ. മണ്ണുത്തി. കാർഷിക സർവ്വകലാശാല. ഡിസ്‌കൗണ്ട്. ഓർഡർ .

അദ്ദേഹം ഞങ്ങളുടെ പ്രൈസ് ലിസ്റ്റ് വാങ്ങി സ്നേഹപൂർവ്വം പരിശോധിച്ചു. പല ചെടികളുടേയും പ്രഖ്യാപിത വിലകൾ മനസ്സിരുത്തി വായിച്ചു. പ്രൈസ് ലിസ്റ്റിൽ നിന്നും മുഖമുയർത്തുമ്പോൾ, അദ്ദേഹത്തിന്റെ മുഖത്ത് ഒരു മന്ദസ്മിതം പ്രത്യക്ഷപ്പെട്ടിരുന്നു. ഓർഡറെടുത്തോളൂ എന്നെങ്ങാനുമാണോ ? 'സെയിൽസ് ഒരു കലയാണ്. an intuitive art. എവിടെ കയറണം, ആരോട് ചോദിക്കണം ചോദിക്കരുത് എന്നൊക്കെ അറിയാൻ ഏതോ ഒരിന്ദ്രിയം വേണമത്രേ!'. "ഈ ഒരൊറ്റ ഓർഡർ തന്നെ നമ്മുടെ പോക്കറ്റ് മണിക്ക് ധാരാളമായി" എന്ന മട്ടിൽ സഖാവ് സജ്ജമായെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു,"കുട്ടികളേ, നിങ്ങളുടെ ശ്രമം കൊളളാം. നിങ്ങളിതിൽ കൊടുത്തിരിക്കുന്ന വില കുറച്ചു  കൂടുതൽ അല്ലെന്നുണ്ടോ? മണ്ണുത്തിക്കപ്പുറം എനിക്ക് വലിയൊരു നഴ്‌സറിയുണ്ട്. ദിവസവും മൂന്നോ നാലോ ട്രക്ക് നിറയെ ചെടികൾ മറ്റു സ്റ്റേറ്റുകളിലേക്കു കയറ്റിപ്പോകുന്നുമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ എത്രയാണ് വിലയിട്ടിരിക്കുന്നതെന്ന് അറിയണമെന്ന് തോന്നിയത്."

ഭാഗ്യം കൊണ്ട്, അദ്ദേഹത്തിന്റെ മുൻപിൽ ഉരുണ്ടുകളിക്കാൻ അവസരം തരാതെ, അദ്ദേഹം തന്നെ സഹായിച്ചു; ഇടതടവില്ലാതെ സംസാരിച്ചുകൊണ്ട്. " ഇവിടെത്തന്നെ എനിക്ക് നാലര ഏക്കറോളം പൈനാപ്പിൾ കൃഷിയുണ്ട്. വരൂ,നമുക്കു കാണാം ". അദ്ദേഹം പുറത്തേക്കിറങ്ങി. പിന്നാലെ ജാള്യതയിൽ കുതിർന്ന് രണ്ട് തൊഴിലന്വേഷകരും. പൈനാപ്പിൾ കൃഷിയെപ്പറ്റിയും, അതിന്റെ വെള്ളം നന, വളം, വിളവെടുപ്പ് എന്നിവയെപ്പറ്റിയും വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു. ആ കൃഷിയിടം ഞങ്ങൾ ചുറ്റിനടന്നു കണ്ടു. തിരിച്ച്‌ അകത്തേക്ക് കയറിവന്നപ്പോൾ അദ്ദേഹം ഭാര്യയെ വിളിച്ചു പറഞ്ഞു,"എടീ, ഈ കുട്ടികൾക്ക് ഒരു പൈനാപ്പിൾ എടുത്തുകൊടുക്ക്."
അപ്പോഴാണ് കണ്ണിൽ പെട്ടത്, തൊട്ട മുറിയിൽ കുന്നുകൂടികിടക്കുന്ന പൈനാപ്പിൾ ശേഖരം. ഇവയൊക്കെ രണ്ടാം തരമത്രേ. വലിപ്പക്കുറവും മറ്റും. ഒന്നാം തരം പൈനാപ്പിളുകൾ കയറ്റിപ്പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു പൈനാപ്പിൾ എടുത്തുതന്നു. ഇറങ്ങിപ്പോരും മുൻപ് അദ്ദേഹത്തെ നോക്കി ചിരിച്ചപ്പോൾ, ആ ചിരിയിൽ നന്ദിയല്ലാതെ, ചമ്മലിന്റെ അംശമേതുമില്ലെന്നു ഞങ്ങൾ ഉറപ്പു വരുത്തിയിരുന്നു.
തിരിച്ചിറങ്ങി നടന്നപ്പോൾ അല്പം വേഗം കൂട്ടി. അദ്ദേഹത്തിന്റെ കൺവെട്ടത്തുനിന്നു കഴിവതും വേഗം ദൂരേക്കു...കയ്യിലിരുന്ന പൈനാപ്പിളിന്റെ ഗന്ധം വിശപ്പിന്റെ ആക്കം കൂട്ടിയെന്നു തോന്നുന്നു. ഉച്ചയായി. വിയർക്കുന്നുണ്ട്. ചൂട് കൂടുതലാണ്. ഇവിടെ എവിടെയെങ്കിലും ഒരു ചായക്കടയെങ്കിലും കാണാതിരിക്കില്ല. വഴിയിലൊരാളോട് തിരക്കിയപ്പോൾ റെയിൽക്രോസിനടുത്തു ഒരു ചെറിയ കടയുള്ള കാര്യം പറഞ്ഞു. അടുത്തെത്തിയപ്പോഴാണ് ഓർത്തത് അന്ന് ഞായറാഴചയാണെന്ന്. ചായക്കട അടഞ്ഞുകിടക്കുകയായിരുന്നു. ഏതെങ്കിലും കടയിൽ കയറുമ്പോൾ ഒരു കത്തി സംഘടിപ്പിച്ചു പൈനാപ്പിൾ ചെത്തിക്കഴിക്കാം എന്നായിരുന്നു പ്ലാൻ.
കുറച്ചു നേരത്തേക്ക് വിശപ്പ് വലിയ ജ്വാലകളുയർത്തി ആളിക്കത്തി. പിന്നെപ്പിന്നെ സാവധാനം അത് ചെറിയ കനലുകളിലേക്ക് ശമിച്ചു. ആ കനലുകൾ വീണ്ടും വീണ്ടും മിന്നിത്തെളിയുന്നതിനെ ഞങ്ങൾ മറികടന്നത് വിടുവായത്തങ്ങൾ പറഞ്ഞു ചിരിച്ചുകൊണ്ടായിരുന്നു. ചിരി വിശപ്പിനെ കൂട്ടുമോ കുറയ്ക്കുമോ? രണ്ടും ചെയ്യില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ വിശപ്പിനെ കുറേക്കൂടി സ്നേഹപൂർവ്വം സമീപിക്കാൻ ചിരി സഹായിച്ചേക്കാം .
ചിരിയോളം വലിയ സാധനയില്ല. 'be a lamp unto yourself' എന്ന ബുദ്ധസൂക്തത്തെ, 2500 വർഷങ്ങൾക്കു ശേഷം,'be a joke unto yourself ' എന്ന് ഓഷോ upgrade ചെയ്യുമ്പോൾ, ചിരിയുടെ ധ്യാനതലങ്ങളാണ് വീണ്ടെടുക്കപ്പെടുന്നത്. ഈ അസ്തിത്വത്തെ ആകെപ്പാടെ ഒരു cosmic joke എന്ന് തിരിച്ചറിയുമ്പോൾ ചിരി എന്നത് പരമമായ ധർമ്മമെന്ന തലത്തിലേക്ക് ഉയർത്തപ്പെടുന്നുണ്ട്; പുഷ്പസൗരഭ്യമെന്നപോലെ .
  
റെയിൽപ്പാളവും കടന്ന് (ഒല്ലൂർ - തൃശൂർ) മെയിൻ റോഡിലൂടെ. ഞായറാഴ്ചയായതിനാലാവാം വാഹനങ്ങൾ തീരെ കുറവായിരുന്നു. കയ്യിലൊരു പൈനാപ്പിൾ ഉണ്ടായിരുന്നിട്ടും കഴിക്കാൻ പറ്റാതെ, വിശന്നു തളർന്ന് ...പൈനാപ്പിളിന്റെ കൂമ്പിൽ പിടിച്ചു പൊക്കിയെടുത്തപ്പോൾ അതിന് ഒരു പൂച്ചക്കുഞ്ഞിന്റെ നിസ്സംഗഭാവം. പൈനാപ്പിൾ തന്നനുഗ്രഹിച്ചവന് ഒരു കത്തി കൂടി  തരാമായിരുന്നില്ലേ ? ഇത് ഒരു മാതിരി ...

വഴിയരികിൽ ഒരു ക്ഷേത്രവും ചെറിയ ഒരു ക്ഷേത്രക്കുളവും. അടുത്ത് കണ്ട ഒരു ബോർഡിൽനിന്നും സ്ഥലം തൃക്കൂർ ആണെന്നറിഞ്ഞു. തൃക്കൂർ. ഒല്ലൂരിനടുത്ത് തൃക്കൂർ. ഉള്ളിലെവിടെയോ എന്തോ തെളിഞ്ഞുവരാൻ മെനക്കെടുന്നുണ്ട്.
ക്ഷേത്രക്കുളത്തിനടുത്ത് മരത്തണലിൽ വിശ്രമിക്കാനിരുന്നു. വിശ്രമമൊന്നുമല്ല. ഈ പൈനാപ്പിൾ എങ്ങനെ അകത്താക്കാം എന്ന 'ചിന്തൻ ബൈഠക്ക്'. പൈനാപ്പിളിനെ ഒരിടത്തേക്ക് നീക്കി വെച്ചു. 'ഈ പൈനാപ്പിൾ ഇല്ലായിരുന്നുവെങ്കിൽ നമുക്ക് ഇത്രക്കും വിശപ്പ് തോന്നില്ലായിരുന്നു'. സമയം മൂന്നു കഴിഞ്ഞിരിക്കുന്നു. രാവിലെ  എട്ടരയ്ക്ക് നടന്നു തുടങ്ങിയതാണ്. കുറച്ചു പച്ചവെള്ളം മാത്രമേ ഇതുവരേക്കും അകത്തു ചെന്നിട്ടുള്ളൂ. tom hanks ന്റെ ( cast away,the movie ) ഫുട്ബോൾ സുഹൃത്തിന്റെ സ്ഥാനമാണ് ഈ പൈനാപ്പിളിനിപ്പോൾ. ഞങ്ങളുടെ പശി- പരിദേവനങ്ങളൊന്നും അത് കേട്ടില്ലെന്നു നടിച്ചു.

ക്ഷേത്രക്കുളത്തിനടുത്ത് ഉയരത്തിൽ പണിതുയർത്തിയിരുന്ന ഒരു മുറിയിൽ നിന്നും ഒരു ചെറുപ്പക്കാരൻ (ഞങ്ങളേക്കാൾ പ്രായവും പക്വതയും തോന്നിച്ചിരുന്ന ഒരാൾ) ഇറങ്ങി വന്നു. അയാൾ അടുത്തേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി- ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. സാധാരണ ശാന്തിമാരിൽ കണ്ടുപോരാത്ത ചില വിശേഷങ്ങളുണ്ടായിരുന്നു അയാളുടെ പെരുമാറ്റത്തിൽ. ഉയർന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ഒരാളെപ്പോലെ തോന്നിച്ചു. കഴിക്കാനും കളയാനും വയ്യാത്ത ഞങ്ങളുടെ കഷ്ടസ്ഥിതി അയാൾ മനസ്സിലാക്കിയിരുന്നുവെന്നു തോന്നുന്നു. അദ്ദേഹം ഞങ്ങൾക്കൊരു കത്തി കൊണ്ടുത്തന്നു. "ആവശ്യം കഴിഞ്ഞു തിരിച്ചേല്പിച്ചാൽ മതി ", അദ്ദേഹം പറഞ്ഞു.
അവസാന നിമിഷം വീണുകിട്ടിയ ദിവ്യായുധം! അരികുകളുടേയും മൂർച്ചകളുടേയുമെല്ലാം ലോഹപ്രസക്തികൾ! നിസ്സഹായതയുടെ ഏതെല്ലാം കടുത്ത നിമിഷങ്ങളിലൂടെയാകണം ലോഹങ്ങളും ആയുധങ്ങളും ഉപകരണങ്ങളുമൊക്കെ സംസ്കരിക്കപ്പെട്ടു വന്നിട്ടുള്ളത്! ഈയൊരു കഷ്ണം പൈനാപ്പിളിൽ, നാം ഇതുവരേക്കും നടന്നു കൂട്ടിയ വഴികളെല്ലാം അദൃശ്യമായ ഏതോ ലിപികളിൽ സംക്ഷേപിതമായിക്കിടക്കുന്നുവോ!
അതിഗഹനമായ ഏതോ രസമുകുളങ്ങളെക്കൊണ്ടായിരുന്നു ആ പൈനാപ്പിൾ രുചിക്കപ്പെട്ടത്. ചില അനുഭവങ്ങൾ അങ്ങനെയാണ്. സോഫ്ട്‍വെയറായി ഇൻസ്റ്റാൾ ചെയ്യപ്പെട്ട് ഹാർഡ്‌വെയറിന്റെ ഭാഗമായിത്തീരുന്നവ. the factual memory.

ക്ഷേത്രക്കുളത്തിനിപ്പോൾ കൂടുതൽ തെളിമയുണ്ട്. വെയിൽ ചാഞ്ഞു വരാൻ തുടങ്ങുന്നു. മരങ്ങളുടെ നിഴലും. അപാരമായ ഒരു നിറവിൽ കത്തി തിരിച്ചേല്പിക്കപ്പെടുന്നു. കയ്യും മുഖവും കഴുകി വീണ്ടും നടക്കാൻ തുടങ്ങുന്നു. ദാ, എനിക്കോർമ്മ വന്നു, ഇത് തൃക്കൂർ ആണ്. സ്വാമി രംഗനാഥാനന്ദ ജനിച്ച സ്ഥലം .

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു പ്രൊഫെസ്സർ അയ്യപ്പൻ സാറിൽ നിന്നും രംഗനാഥാനന്ദയെപ്പറ്റി ആദ്യമായി കേട്ടത്. രംഗനാഥാനന്ദ റഷ്യ സന്ദർശിച്ചു തിരിച്ചുപോരുമ്പോൾ ക്രൂഷ്ചേവ്, ഓർത്തുവെക്കാൻ ഒരു സമ്മാനം ആവശ്യപ്പെട്ടുവത്രേ. അദ്ദേഹം അപ്പോൾ തന്നെ തന്റെ കാവി വസ്ത്രത്തിന്റെ കോന്തലയിൽ നിന്നും ഒരു നാര്പൊട്ടിച്ചെടുത്തു ക്രൂഷ്‌ചേവിനു നല്കി -ആ അപൂർവ്വനിമിഷത്തിന്റെ ഓർമ്മക്കായി ! (ഈ സംഭവത്തെപ്പറ്റി ആധികാരികമായ റിപ്പോർട്ടുകളൊന്നും എനിക്കിതുവരെ കിട്ടിയിട്ടില്ല.)

ക്രൂഷ്ചേവ് അതെങ്ങനെയായിരിക്കും സൂക്ഷിച്ചു വെച്ചിട്ടുണ്ടാവുക? ആ നിമിഷത്തേയും, പാവനമായ ആ പാരിതോഷികത്തേയും ( എനിക്കേറ്റവും ഇഷ്ടമുള്ള ആ ഹൈക്കു ഞാനിവിടെ ഓർമ്മിക്കട്ടെ : mind is the buddha, no-mind is the way.) അതേപടി പരിപാലിക്കുന്നതിൽ ക്രൂഷ്ചേവ് വിജയിച്ചിട്ടുണ്ടെങ്കിൽ (ഒരു പക്ഷേ, തങ്ങളുടെ ആയുധപ്പുരകളോ ഇരുമ്പുമറകളോ ഇത്രയും വെല്ലുവിളി ഉയർത്തിക്കാണില്ല,അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ) അദ്ദേഹം ഈ ഭൂമിയിൽ നിന്നും തിരോഭവിച്ചിട്ടുണ്ടാവുക, വീണ്ടുമൊരു ക്രൂഷ്‌ചേവിയൻ ബോധ-ശരീര ചേരുവകളിലേക്കായിരിക്കില്ല. 

സ്വാമിജിയുടെ ETERNAL VALUES FOR A CHANGING SOCIETY ഞാൻ മറിച്ചുനോക്കുക മാത്രം ചെയ്തിട്ടുണ്ട്. വെറുമൊരു അനങ്ങാസ്വാമിയല്ല ഇദ്ദേഹമെന്നും അവിശ്വസനീയമാം വിധം ഊർജ്ജസ്വലനും നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ളവനും മറ്റുമാണെന്നൊക്കെ കേട്ടിട്ടുണ്ട്. ബർമ്മയിൽ നിന്നുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലെ ദാരുണ സംഭവങ്ങളെപ്പറ്റിയും അവിടെയുമിവിടെയും വായിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തെപ്പറ്റി കാര്യമായി ഒന്നുമറിയില്ലെന്നു സാരം. എന്നിട്ടും പക്ഷേ അദ്ദേഹം ഈ ഗ്രാമത്തിലായിരുന്നു ജനിച്ചുവളർന്നതെന്ന് ഓർക്കാൻ ഒരു സുഖം .
സ്വാമി രംഗനാഥാനന്ദയെപ്പറ്റി വിശദമായറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സമാധിക്കു ശേഷം 2005 ൽ ഡി. വിജയമോഹൻ എഴുതിയ ജീവചരിത്രത്തിൽ നിന്നാണ്. വെറും ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ രംഗനാഥാനന്ദ പിന്നീട് ലോകം മുഴുവൻ ശാഖകളുള്ള ശ്രീ രാമകൃഷ്ണ മിഷൻന്റെ തലപ്പത്തെത്തിയെന്ന് കേട്ടപ്പോൾ വിശേഷിച്ചൊന്നും തോന്നിയില്ല. സംന്യാസമെന്നത് ഒരുദ്യോഗമല്ലല്ലോ, പ്രമോഷലബ്ധിയിൽ ഉയർച്ചയുടെ പടവുകൾ താണ്ടിയെന്നു ഊറ്റം കൊള്ളാൻ. ഇദ്ദേഹത്തിന്റെ ഭാഷണങ്ങളേവയും ‘വേദാന്ത സാരത്തെ ശാസ്ത്രസമ്മതിക്കൊപ്പം അവതരിപ്പിക്കുക’ എന്നുള്ളതായിരുന്നു. so-called ആത്‌മീയ പരിസരത്തിലെ പഴയ ന്യൂ ജി തരംഗം. ലോകമെമ്പാടും ധാരാളം ശ്രോതാക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. നോബൽ സമ്മാനിതനായിട്ടുള്ള ഡോ.എസ്.ചന്ദ്രശേഖർ അടക്കമുള്ളവരോട്, ഒരേ വേദിയിൽ, ശാസ്ത്ര സമ്മതികളും വേദാന്ത വിയോജിപ്പുകളും ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചയാൾ. അന്നന്നത്തെ ഏറ്റവും പുതിയ ശാസ്ത്ര തത്വ പുസ്തകങ്ങൾ എല്ലായ്‌പോഴും അദ്ദേഹത്തിന്റെ വായനയിൽ ഇടം പിടിച്ചിരുന്നുവത്രേ .

ഇതൊക്കെയാണെങ്കിലും മറ്റു മിക്ക ആത്‌മീയ ആചാര്യന്മാരെപോലെത്തന്നെ സ്വാമി രംഗനാഥാനന്ദയുടെ പ്രഭാഷണ സാരങ്ങളും സമത്വ- സ്വച്ഛ- സുന്ദരമായ ഒരു സമൂഹ നിർമ്മിതിയിൽ ഊന്നിക്കൊണ്ടായിരുന്നുവെന്നു തോന്നുന്നു, വെറും കമ്മ്യൂണിസ്റ്റു ഗുരുക്കന്മാരെപ്പോലെ. വ്യക്ത്യധിഷ്ഠിതം എന്ന് തോന്നിക്കാവുന്ന (individual) വാക് -പ്രയോഗങ്ങൾ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും മനസ്സിലാവും അവരുടെ ആശയായുധങ്ങൾ ഏവയും ദിശയൂന്നിയിരിക്കുന്നത് വ്യക്ത്യധിഷ്ഠിതമായ വർത്തമാന യാഥാർഥ്യത്തിലേക്കല്ല, സമൂഹത്തിന്റെ ശോഭന ഭാവിയിലേക്കാണെന്ന്.
ഇവിടെയാണ് ആത്‌മീയത എന്നു പോലും വിളിക്കേണ്ടതില്ലാത്ത യഥാർത്ഥ ആത്‌മീയ അന്വേഷണങ്ങളുടെ ലോകത്ത്‌ ഇത്തരം സ്വാമിമാർ പിൻബെഞ്ചിലേക്ക് തള്ളപ്പെടുന്നത്. ഓഷോ, കൃഷ്ണമൂർത്തി, രമണ മഹർഷി തുടങ്ങിയവർ (ഈ നിരയിൽ വളരെയധികം പേരുകളില്ലെന്നോർക്കുക), അവരിൽത്തന്നെ വിശേഷിച്ചും ഓഷോ--കൃഷ്ണമൂർത്തിയും രമണ മഹർഷിയുമൊന്നും ഓഷോയോളം പ്രകോപിപ്പിച്ചിട്ടില്ല സുപ്ത സമൂഹത്തെ--സാമൂഹികം മാത്രമെന്ന് തോന്നിക്കാവുന്ന ഭാഷണങ്ങൾ നടത്തുമ്പോഴും ഉൾകാഴ്‌ചാ മുനകളൊക്കെയും തിരിച്ചുവെച്ചിരിക്കുന്നത് വ്യക്തിയിലേക്കാണെന്നു കാണാൻ കഴിയും. transformation, that alchemical change, വ്യക്തിയിൽ മാത്രമല്ലേ സാധ്യമാവുക? സമൂഹത്തിൽ വെറും മെച്ചപ്പെടുത്തലുകളേ നടക്കൂ. just improvements.
ഏതായാലും ഇഹലോകപരതയിൽ രംഗനാഥാനന്ദ കാണിച്ചിട്ടുള്ള ചുറുചുറുക്ക് നമ്മെ ആഹ്ലാദം കൊള്ളിക്കുക തന്നെ ചെയ്യും. ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത് തികച്ചും spontaneous എന്ന് തോന്നിക്കും വിധമാണ്. അത് ബർമ്മയിൽ നിന്നുള്ള പലായനമാകട്ടെ, ( ആ പലായനത്തെപ്പറ്റി, 1942 ഏപ്രിൽ 10 ന്, ദി ബോംബെ ക്രോണിക്കിളിൽ രംഗനാഥാനന്ദ എഴുതിയ ഒരു ലേഖനത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വിജയമോഹൻ തന്റെ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുണ്ട്. പട്ടിണിയും കോളറയും മൃതദേഹങ്ങളും വിലാപങ്ങളും മാത്രം നിറഞ്ഞ ആ പലായനകുറിപ്പുകൾ ഇന്നും സമകാലികമാണ്, റോഹിൻഗ്യൻ അഭയാർത്ഥി പ്രവാഹങ്ങളുടെ സങ്കീർണ രാഷ്ട്രീയ തീവ്രവാദ പശ്ചാത്തലത്തിൽ. ഇനിയും അവസാനിക്കാത്ത, അവസാനിക്കാനിടയില്ലാത്ത അഭയാർത്ഥിപ്പലായനങ്ങൾ, ലോകമെങ്ങും ?

ഈ സ്വാമിജി കടന്നുപോന്നിട്ടുള്ള ഏറ്റവും കാഠിന്യമേറിയ ആത്‌മീയ സാധനകൾ ഒരു പക്ഷേ, ഈ  അയനങ്ങളാവാം.) 
ഇന്ത്യാ - പാക് വിഭജനകാലത്തെ കറാച്ചി ദിനങ്ങളാകട്ടെ, അമ്പത്തിയൊന്നു രാഷ്ട്രങ്ങളിൽ (ഇന്ത്യയടക്കം) അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളാവട്ടെ ലോകമെമ്പാടും അദ്ദേഹം നടത്തിയ സംരംഭ സംഘാടനങ്ങളാവട്ടെ, വോളിബോൾ, ഗുസ്തി, നീന്തൽ തുടങ്ങിയ കായിക പ്രണയങ്ങളാവട്ടെ, വൈമാനിക സാഹസങ്ങളാവട്ടെ (അലഹബാദിൽ ഒരിക്കൽ ഒരു ആർമി ചടങ്ങിൽ രണ്ടായിരം അടി ഉയരത്തിൽ ഇദ്ദേഹം ഗ്ലൈഡർ പറത്തി, സമ്മർ സോൾട്ടെടുത്തു ആർമി ഉദ്യോഗസ്ഥരെ മുഴുവൻ അമ്പരപ്പിച്ചുവത്രേ), അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രസരിച്ചു നില്പുള്ള ഒരു ലീലാപരതയുണ്ട്, the very playfulness. ഏതു വേദാന്ത പാണ്ഡിത്യത്തേക്കാളും സ്വാമി രംഗനാഥാനന്ദയുടെ ആത്‌മീയ ഔന്നിത്യം (അല്ലെങ്കിൽ ആഴം) സംവേദനം ചെയ്യപ്പെടുന്നത് ഈ playfulness-ലൂടെയാണ്.
സംന്യാസിയായിരുന്നില്ലെങ്കിൽ താങ്കൾ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് ഇദ്ദേഹം ഉത്തരം പറഞ്ഞത് 'ഒരു പക്ഷേ, രാഷ്ട്രീയത്തിൽ എന്തെങ്കിലും പ്രധാന പദവിയിൽ എത്തുമായിരുന്നിരിക്കും' എന്നാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ സാമൂഹ്യപ്രസക്തികൾ അത് ശരി വക്കുകയും ചെയ്തേക്കാം. അദ്ദേഹത്തിന്റെ കൃതികളിലൂടെ കാര്യമായി കടന്നുപോയിട്ടില്ലെങ്കിലും, തോന്നിയിട്ടുള്ളത്, സംന്യാസികളേക്കാളുപരി സാമൂഹ്യ പ്രവർത്തകർക്കു ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും കുറേ പഠിക്കാൻ ഉണ്ടാകും എന്നാണ്.

നടന്നു നടന്ന് ഞങ്ങൾ പെരുവനം ഗ്രാമത്തിലെത്തി. സന്ധ്യ. സമയം ആറു കഴിഞ്ഞിരിക്കുന്നു. ഏറെ പുരാതനമായ പെരുവനം ക്ഷേത്രം അതിന്റെ മൗന ഗരിമയിലൂടെ പ്രാചീനതയെ ഈ നിമിഷത്തിലേക്കാനയിക്കുന്നുണ്ട്. പുകൾപെറ്റ മേളപ്പെരുക്കങ്ങളുടെ ഈ ഗ്രാമം ശാന്തമാണ്. ഇവിടെ എവിടെയോ ആണ് കുട്ടൻമാരാരുടെ വസതി. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ അവസാന ദിവസം എല്ലാവർഷവും അദ്ദേഹത്തിലെ മേളപ്രമാണിത്തം ആസ്വദിച്ചിട്ടുണ്ട്. അതുപോലുള്ള എത്രയോ കലാപ്രമാണികൾക്ക് പെരുവനം ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ടാവണം.


തായംകുളങ്ങര ജംഗ്ഷനെത്തി. ഹാവൂ, ഒരു ചായക്കട തുറന്നിരുപ്പുണ്ട്. ചായയും സുഖിയനും മുന്നിൽ. മധുരസ്നേഹാമൃത ഗോളങ്ങൾ. അല്ലേലും എന്റെ സുഖിയൻ പ്രണയം സുഹൃത്തുക്കൾക്കിടയിൽ ഒരു വർത്തമാനമായിരുന്നു. പോളിടെക്‌നിക് കാന്റീനിലെ ബാലേട്ടനും അതേറ്റു പിടിച്ചിരുന്നു.

ഇന്ന് പക്ഷേ ആ വിഭവത്തോട് അളവിൽ കവിഞ്ഞ പ്രിയമൊന്നുമില്ല .
ആഹാ, രസനയിൽ എന്തെല്ലാം പരിണാമങ്ങളാണ്!


Tuesday, July 16, 2019

ഇറങ്ങിപ്പോക്കുകൾ - 2 - walkouts to oneself ...

മധ്യപ്രദേശിലേക്കു കടക്കുന്ന പ്രധാന റെയിൽപ്പാളത്തിനു  കുറുകേ ചെറിയ ഒരു ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ഛത്തീസ്‌ഗഡിലെത്തിയത്. കൃത്യമായി പറഞ്ഞാൽ റായ്‌ഗഡിൽ. റെയിൽവേസ്റ്റേഷനിൽ നിന്നും ആറേഴു കിലോമീറ്റർ ദൂരെയുള്ള ഒരു തെർമൽ പവ്വർ സ്റ്റേഷന്റെ പിന്നാമ്പുറത്തായിരുന്നു ഈ ടണൽ നിർമ്മാണം. സ്റ്റേഷനിലെത്തുമ്പോഴേ അന്തരീക്ഷം മൂകമാണ്. കൽക്കരിധൂമങ്ങൾ കിലോമീറ്ററുകൾ വ്യാസത്തിലുള്ള ഒരു വലിയ പ്രദേശത്തെ മുഴുവനും ചാരമണിയിച്ചിരിക്കുന്നു. വിളറിവെളുത്തു കിടക്കുന്ന കൃഷിയിടങ്ങൾ. കൽക്കരിഗന്ധം നിറഞ്ഞ വായു. ഇൻഡസ്ട്രിയൽ പരിസരങ്ങളും ഫാക്ടറികളും റീഫൈനറികളും മറ്റും പരിചിതമായിരുന്നതിനാൽ ഈ അന്തരീക്ഷ വ്യതിയാനങ്ങളൊന്നും എന്നിൽ അമ്പരപ്പുളവാക്കിയില്ല.
മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞിരുന്നു. കേരളത്തിലേയോ മുംബൈയിലേയോ പോലെയല്ല മധ്യേന്ത്യ മുതൽ വടക്കോട്ട്. മഞ്ഞുകാലമെന്നല്ല, ഋതുഭേദങ്ങൾ ഏറെ പ്രകടമാണവിടം. ചൂടായാലും തണുപ്പായാലും. എത്ര കഠിനമായാലും മഞ്ഞുകാലമാണെനിക്കിഷ്ടം. കട്ടിയുള്ള വസ്ത്രങ്ങളും ഷാളുകളും മറ്റും പുതച്ച്‌, തന്നിലേക്കു തന്നെ ചുരുണ്ടുകൂടാൻ പറ്റിയ സമയമാണത്. വിശ്രമിക്കാൻ സമയമുണ്ടെന്നാകിൽ പിന്നെ പറയാനുമില്ല.

ഡിസംബർ അവസാനമാകണം, അല്ലെങ്കിൽ ജനുവരിയുടെ തുടക്കം. ഏറെ വൈകിയ ഒരു രാത്രി, ഒന്നരയോടടുത്ത് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതുണ്ടായിരുന്നു. മുംബൈ ഓഫീസിൽനിന്നും വരുന്ന ഒരു സ്റ്റാഫിനെ സ്വീകരിക്കേണ്ടതുണ്ട് .
അര മണിക്കൂർ നേരത്തെ സ്റ്റേഷനിലെത്തി. സ്റ്റേഷൻ താരതമ്യേന ശാന്തമാണ്. നാലഞ്ചു സൈക്കിൾ റിക്ഷക്കാരും ഒന്നോ രണ്ടോ ഓട്ടോ ഡ്രൈവർമാരും പുറത്തുണ്ട്. ആറേഴു ചുമട്ടു തൊഴിലാളികളുണ്ട് അകത്ത്. ട്രാക്കുകൾക്ക് ദൂരെ മാറി, സ്റ്റേഷനുകൾ താവളമാക്കിയവർ ചപ്പുചവറുകൾ കൂട്ടിയിട്ടു തീ കായുന്നുണ്ട്. മിക്കവരും അവിടവിടങ്ങളിൽ ചടഞ്ഞുകൂടിയിരുപ്പാണ്. മഫ്ളറും മങ്കിക്യാപ്പുമാണ് ഒഴിച്ചുകൂടാനാവാത്ത വസ്ത്ര വിഭവങ്ങൾ. തണുപ്പുതന്നെ തണുപ്പ്.
മഞ്ഞും ശൈത്യവുമെല്ലാം ഇഷ്ടമാണെന്നു പറയുമ്പോൾ അതിത്രയും അസഹനീയമാകാമെന്ന് ഓർത്തില്ല. ഇഷ്ടമാണെന്നു പറയുമ്പോഴും ഉള്ളിന്നുള്ളിൽ അതിനു ചില വ്യവസ്ഥകൾ ഉണ്ടായിരുന്നതായി ഞാനിപ്പോൾ കണ്ടെത്തുന്നു. പരസ്യങ്ങളിലെ ഓഫറുകൾ പോലെയാണ് ഇഷ്ടാനിഷ്ടങ്ങളും - conditions applied. പെട്ടെന്നു കണ്ണെത്താത്ത, മനസ്സിന്റെ ഏതോ ചില കോണുകളിൽ നക്ഷത്രചിഹ്നവുമിട്ടു പതുങ്ങികിടപ്പുണ്ടാവുമവ. ഇഷ്ടം പോലെ സമയവും ചുരുണ്ടുകൂടാനൊരിടവും ചൂട് പകരാൻ അത്യാവശ്യം വസ്ത്രങ്ങളും വയറു നിറയെ ഭക്ഷണവും കിട്ടുകയാണെങ്കിൽ ആരാണ് പിന്നെ ശൈത്യം ഇഷ്ടപ്പെടാതിരിക്കുക?
ഉറങ്ങാൻ പറ്റാതെ വന്നാൽ തണുപ്പിനു തലക്കനം കൂടും. ഇവന്മാർക്കൊന്നും ഈ പാതിരാവണ്ടിയല്ലാതെ മറ്റൊന്നും കിട്ടിയില്ലേ? ബാക്കിയുള്ളവനെ ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ..... ഒരു ടീ സ്റ്റാള് പോലും തുറന്നിരിപ്പില്ല. ആരൊക്കെയോ ചിലർ കമ്പിളികൊണ്ടു മൂടിപ്പുതച്ചു കിടപ്പുണ്ട്, പാർസൽ പാക്കേജുകൾ കൂട്ടിയിട്ടതുപോലെ. അങ്ങനെയെന്തെങ്കിലും കയ്യിൽ കരുതാമായിരുന്നു. വെറും സ്വെറ്ററും ഷാളുമൊന്നും പോരാതെ വന്നു. അപ്പോഴാണ് 'യാത്രക്കാരുടെ ശ്രദ്ധക്ക്' വെളിപാട് ലഭിച്ചത് - ട്രെയിൻ ഒരു മണിക്കൂറു കൂടി വൈകുമത്രേ!
ആ അരുളപ്പാട് ഏതായാലും നന്നായി. ട്രെയിൻ ദാ ഇപ്പോഴെത്തുമെന്നും, വരുന്നവനെയും കൂട്ടി, ഒരു റിക്ഷ പിടിച്ച്‌, എത്രയും പെട്ടെന്ന് മുറിയിലെത്തി കിടന്നുറങ്ങാമെന്നുള്ള പ്രതീക്ഷയെ എവിടെ നിന്നോ വന്ന ഒരു സ്റ്റേഷൻ മാസ്റ്റർ ഒറ്റ ഞൊടിക്കു ഉടച്ചുകളഞ്ഞിരിക്കുന്നു! സന്മനസ്സില്ലെങ്കിലും സമാധാനം കൈവന്നിരിക്കുന്നു!
പ്രതീക്ഷകളില്ലാതായാൽസമാധാനമാണ് പിന്നെ. പ്രതീക്ഷയാണെന്നു തോന്നുന്നു മനസ്സിനുള്ള മൃഷ്ടാന്നം. മനസ്സിന് അതിന്റെ കൈകാലുകൾ വിസ്തരിച്ചു നീട്ടി പിടിമുറുക്കാനുള്ള സാധ്യതകളാണ് പ്രതീക്ഷകൾ. തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും എന്ന തോന്നലുള്ളേടത്തോളം മനസ്സ് പത്തി വിടർത്തി നില്ക്കുകയേയുള്ളൂ. പ്രതീക്ഷകളൊഴിഞ്ഞ്, തീർത്തും നിസ്സഹായമാണ് അവസ്ഥയെന്ന് ബോധ്യപ്പെട്ടാൽ, അതു പിന്നെ പത്തി മടക്കി മാളത്തിലേക്ക് വലിയും. ആ നിസ്സഹായത ബോധ്യപ്പെടും വരേയ്ക്കും, അതിശയോക്തിയുടെ വിളയാട്ടമായിരിക്കും, അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും.
ഏതായാലും മനസ്സൊന്നു മാറി നിന്നപ്പോൾ, എനിക്കു മനസ്സിലായി, തൊട്ടു മുൻപ് വരെ താൻ പെരുപ്പിച്ചു കാണിച്ചു അനുഭവിച്ചത്ര തണുപ്പൊന്നുമില്ലെന്ന്. ഒരു സ്വെറ്ററും മഫ്ളറും കൊണ്ട് മെരുക്കാവുന്നതേയുള്ളൂ. എന്നാലും പക്ഷേ എവിടെയും ഒരിടത്തു് ഇരിക്കാനാവില്ല . സ്റ്റേഷനിലെ ഇരിപ്പിടങ്ങളെല്ലാം ഗ്രാനൈറ്റ് പാകിയിട്ടുള്ളതാണ്. വല്ലാത്ത തണുപ്പായിരിക്കും. പിന്നെയുള്ളത് ഇരുമ്പു ബെഞ്ചുകൾ. തണുപ്പായിട്ടും ചിലരൊക്കെ അതിൽ കയറിക്കിടന്നു സുഖനിദ്ര പൂകിയിരിക്കുന്നു.
പ്ലാറ്റഫോമിന്റെ ഒരറ്റത്തേക്കു നടന്നു. അധികം വെളിച്ചമില്ലാത്തിടത്തേക്ക്. അവിടെ നിന്ന് നോക്കിയാൽ എന്തെല്ലാമോ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം. നേരിയ വെളിച്ചവും മഞ്ഞും കൂടിച്ചേർന്നപ്പോൾ, ജലച്ചായചിത്രങ്ങളിലേതുപോലെ അമൂർത്ത രൂപങ്ങളായി അവ. ആ ദൃശ്യങ്ങളിൽ നിന്നും പിൻവാങ്ങി തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴായിരുന്നു, കാതിൽ അസാധാരണമായെന്തോ മുഴങ്ങുന്നുണ്ടെന്നു തോന്നിയത്.
"ഉവ്വ് , പുല്ലാങ്കുഴൽ സ്വനം "
എത്രയോ ദൂരെ നിന്ന് നേർത്തു നേർത്തു വരുന്ന പുല്ലാങ്കുഴൽ വീചികൾ. കാതുകളെ എനിക്ക് വിശ്വസിക്കാമോ! പലപ്പോഴും നാം കേൾക്കുന്ന പല ശബ്ദങ്ങളും നമ്മുടെ വ്യാഖ്യാനങ്ങളാണ്. നമ്മുടെ എന്ന് വച്ചാൽ, വിശേഷിച്ചും മസ്തിഷ്കത്തിന്റെ നാഡീ ശൃംഖലയൊരുക്കുന്ന ഭ്രമശ്രവണങ്ങൾ- auditory illusions. മനുഷ്യപരിണാമത്തിന്റെ തിക്കും തിരക്കിനുമിടയിൽ രണ്ടറ്റത്തും കുറേ ശബ്ദതരംഗങ്ങളെ വെട്ടിച്ചുരുക്കിയിട്ടുണ്ട്. നമ്മുടെ ശ്രവണ പരിധികൾ 20 hz നും 20000 hz നും
ഇടയിൽ നിശ്ചയിക്കപ്പെട്ടപ്പോൾ, രണ്ടറ്റത്തും അതിരിനോടടുത്തു വരുന്ന ശബ്ദങ്ങളെ വ്യാഖ്യാനിക്കുന്ന കാര്യത്തിൽ മസ്തിഷ്ക്കം കുറച്ചു കഷ്ടപ്പെടുന്നു.  അതിന്റെ ഭാഗമാണ് ഇത്തരം മിഥ്യാശ്രവണങ്ങൾ മിക്കവയും. (സംവിധായകൻ ബ്ലെസിയുടെ 'ഭ്രമരം' ഒരു നല്ല പ്രയോഗമാണ്). 
കാറ്റുള്ളപ്പോൾ തുളകളുള്ള ഇരുമ്പു തൂണുകളും മറ്റും ഇതുപോലുള്ള ശബ്ദം പുറ പ്പെടുവിക്കുന്നതു കൺസ്ട്രക്ഷൻ  സൈറ്റുകളിൽ പരിചിതാനുഭവമാണ്. ഇത് അതൊന്നുമല്ല. ഇനി, musicophelia, bio phelia എന്നതുപോലെ, is there any fluto phelia ? ഞാൻ അല്പം കൂടെ മുന്നോട്ടിറങ്ങി നടന്നു. ആരോ പുല്ലാങ്കുഴൽ വായിക്കുന്നതാണ്. റെയിൽവേ ട്രാക്കുകൾക്കു സമീപത്തുകൂടി ഞാൻ പതിയെ നടന്നു. പ്ലാറ്റ്ഫോമിനുശേഷം മിക്കയിടത്തും ഇരുട്ടായിരുന്നു. വല്ലപ്പോഴും ഒരു ഇലക്ട്രിക് പോസ്റ്റ് കണ്ടാലായി. മുന്നോട്ടു നടക്കുന്തോറും ആ ശബ്ദം കൂടുതൽ തെളിഞ്ഞു തെളിഞ്ഞു വന്നു. ആരോ ഒരു ഹിന്ദി ഭജൻ ആലപിക്കുകയാണ്, പുല്ലാങ്കുഴലിലൂടെ. തെളിമയുള്ള വായന. പ്രാഗൽഭ്യം വ്യക്തമാക്കുന്ന ലയം. 'this little flute of a reed' എന്ന് ടാഗോർ സ്വയം നിർവചിച്ചത് വെറുതേ ഓർമ്മയിൽ .
റെയിൽപ്പാളത്തിൽ പാകിയിട്ടുള്ള കരിങ്കൽക്കഷ്ണങ്ങൾക്കു മീതെ കൂടി കഴിവതും ശബ്ദമുണ്ടാക്കാതെ മുന്നോട്ടു നടന്നു. എന്നിട്ടും പക്ഷേ, ഷൂവിനടിയിൽ ആ കരിങ്കൽക്കഷ്ണങ്ങൾ ഉണ്ടാക്കിയ മുറുമുറുപ്പുകൾ, ആ വേണുഗാനത്തെ അവിടവിടെ ഞെരിച്ചുകളയുന്നുണ്ടോയെന്നു സംശയം. പാതിരാത്രിയിൽ, തീരെ പ്രതീക്ഷിക്കാത്ത ഒരവസരത്തിൽ, കാതിൽ വന്നു വീണ ഒരു പുല്ലാങ്കുഴൽ സ്വരം ഇത്രക്കൊക്കെ കൗതുകം ജനിപ്പിക്കേണ്ടതുണ്ടോ എന്ന് തോന്നാവുന്നതാണ്. അതിനൊരു പശ്ചാത്തലമുണ്ട് പക്ഷേ.


ചെറിയ ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ കൂടെയുണ്ടായിരുന്ന ഒരു കമ്പമായിരുന്നു പുല്ലാങ്കുഴൽ. എന്തുകൊണ്ടൊക്കെയോ ഔപചാരിക പഠനമൊന്നും സാധ്യമായില്ല. എങ്കിലും ഒന്നോ രണ്ടോ ഓടക്കുഴലുകൾ എപ്പോഴും കൂടെയുണ്ടാവാറുണ്ട്. അങ്ങനെയിരിക്കെയാണ്, ഇങ്ങോട്ടെത്തുന്നതിനു മുൻപ് 'ബാംസുരി' പഠനത്തിന് ഒരു ഗുരുവിനെ കിട്ടിയത്. പാട്നയിൽ നിന്നുള്ള ഒരു മുജ്‌തഫാ ഹുസൈൻ. പഠനം ഏതാനും മാസങ്ങളേ ഉണ്ടായുള്ളൂവെങ്കിലും, അദ്ദേഹമുണർത്തിവിട്ട മൗനസ്ഫുലിംഗങ്ങൾ തെളിഞ്ഞു തന്നെ കിടക്കുകയായിരുന്നു ഉള്ളിൽ. കാര്യമായ പ്രയോജനമില്ലാതിരുന്നിട്ടും ഒരാഴ്ച യിൽ കൂടുതലുള്ള ഏതു യാത്രയിലും 'flute kit' ലഗേജിനൊപ്പമുണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും അത് അനാവശ്യമായി തോന്നിയിട്ടുമുണ്ട്. പക്ഷേ, പുല്ലാങ്കുഴൽ, ബാംസുരി, വെറുമൊരു മുളന്തണ്ട്, ഒരു സംഗീതോപകരണം മാത്രമല്ലല്ലോ. ഒട്ടും സംഗീതാഭിരുചികൾ ഇല്ലാത്തവർക്കു പോലും പുല്ലാങ്കുഴൽ ഒരു വശ്യാനുഭവമാണെന്നു തോന്നുന്നു. സംഗീതത്തേക്കാളുപരി അതെന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നുണ്ട് - reminding. എത്ര പെട്ടെന്നാണ് അതു നമ്മെ ഏകാന്തതയുടെ പ്രാചീന സന്നിധിയിലേക്കു കൂട്ടിക്കൊണ്ടുപോവുക!  

"പുല്ലാങ്കുഴലിന്നകം പൊള്ളയാണ്. അന്വേഷിയായിട്ടുള്ള ഒരാളും ഇതുപോലിരിക്കും. അകം പൊള്ളയായിരിക്കട്ടെ, ശൂന്യമായിരിക്കട്ടെ, അസ്തിത്വത്തിന് ഉള്ളിലൂടൊഴുകാനാവും വിധം. എങ്കിലേ അസ്തിത്വത്തിന്  നിങ്ങളിലൂടെ ഒരു ഗാനമാലപിക്കാനാവൂ. ഒരു ഗാനമാലപിക്കാൻ അസ്തിത്വം എല്ലായ്‌പോഴും സന്നദ്ധമാണ്. നാം പുല്ലാങ്കുഴലുകളാവുകയേ വേണ്ടൂ.....പുല്ലാങ്കുഴലാവുക, ഒരു മുളന്തണ്ട്, ഒരഗാധസമർപ്പണം, ഒരു പരിപൂർണ്ണ ശൂന്യത ."  ഓഷോയുടെ ഈ വരികളെല്ലാം ശ്രദ്ധയിൽ പെടുന്നത് പിന്നെയും കുറേ കഴിഞ്ഞാണ്.
റെയിൽപ്പാളങ്ങളുടെ ഓരം ചേർന്ന് ഇരുട്ടിലേക്കു നടന്നു. വിചാരിച്ചതിലും ദൂരമുണ്ട്. ശബ്ദമൊഴിഞ്ഞ രാത്രിയായതിനാലും അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാലും ആവൃത്തി കുറഞ്ഞ ആ ബാംസുരി ശ്രുതികൾ ഏറെ ദൂരം സഞ്ചരിക്കുന്നതാകും. ഏകദേശം അര കിലോമീറ്ററെങ്കിലും നടന്നുകാണും. ചെറിയ ഒരു പൊന്തക്കാട്ടിൽനിന്നാണ് ശബ്ദം വരുന്നത്. കേൾക്കാൻ മനോഹരമാണ്. ഒരുവിധം അടുത്തെത്തിയപ്പോൾ ഞാൻ നടത്തം നിർത്തി. കാൽപ്പെരുമാറ്റങ്ങൾ അവരുടെ സാധനക്കു വിഘ്‌നമാവരുതല്ലോ.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം, അവർ ആരുടെയോ സാന്നിധ്യം സംശയിച്ചുവെന്നു തോന്നുന്നു...ആലാപനം പൊടുന്നനെ നിലച്ചു. ദൂരെയുള്ള ഒരു വഴിവിളക്കിന്റെ ഇത്തിരി വെട്ടം ആ സാധനാകുടീരത്തിലേക്കു നിലാവൊരുക്കുന്നുണ്ടായിരുന്നു. മാപ്പപേക്ഷിച്ചുകൊണ്ട് ഞാൻ അവർക്കിടയിലേക്കു കയറിച്ചെന്നു. ഒരു വൃദ്ധനും പതിനഞ്ചിനുമേൽ പ്രായം തോന്നിക്കാവുന്ന ഒരു ചെറുപ്പക്കാരനുമാണ്. ആ വൃദ്ധൻ അവനെ പഠിപ്പിക്കുകയാണോ അതോ ആസ്വാദനം മാത്രമോ? അറിയില്ല. ഏറെ പരിതാപകരമായ ജീവിതാവസ്ഥകളിൽ നിന്നാണ് അവരെന്ന് ഒറ്റ നോട്ടത്തിലറിയാൻ കഴിയും. ഗോത്ര വർഗ്ഗത്തിൽ പെട്ടവർ തന്നെയാകണം. ധാരാളം ഗോത്രവർഗ്ഗക്കാരുള്ള സ്ഥലമാണ്. പേരിനു മാത്രം വസ്ത്രം. മഞ്ഞും തണുപ്പുമൊന്നും അവർക്ക് ഏശുന്നില്ല.
ചെറുപ്പക്കാരൻ മാത്രം ഒന്നു ചിരിച്ചു. വെളിച്ചം കുറവായിരുന്നിട്ടും അവന്റെ ആ മന്ദഹാസത്തിൽ മുഖം കൂടുതൽ തെളിഞ്ഞതുപോലെ. എന്നാൽ അവന്റെ ഗുരു (ഞാൻ അങ്ങനെത്തന്നെ നിരൂപിക്കട്ടെ), വൃദ്ധനായ ആ മനുഷ്യൻ കടുത്ത മൗനം പാലിച്ചു. എന്റെ പ്രവേശനം ഒരതിക്രമണമായി അദ്ദേഹത്തിനു തോന്നിയിരിക്കണം. ഒരർത്ഥത്തിൽ ശരിയായിരുന്നു താനും. എനിക്കത് ഒഴിവാക്കാമായിരുന്നു.
ആ വൃദ്ധന്റെ ഇരുണ്ടു മെലിഞ്ഞ കൈകൾക്കുള്ളിൽ ഒരു കൊച്ചോടക്കുഴൽ, ശ്രുതി ചേരാൻ സന്നദ്ധമായി ഉണർന്നിരിക്കുന്നത് കാണാനായി. അദ്ദേഹം എന്നെ നോക്കിയതുപോലുമില്ലെന്നു തോന്നുന്നു. കൈകൾ കൂപ്പി വീണ്ടും മാപ്പു പറഞ്ഞ് ഞാൻ തിരിച്ചിറങ്ങി. ഒരു തീർത്ഥാടനത്തിൽ നിന്നെന്നപോലെ, പ്രസാദപൂർണം.
ഗോത്രവർഗ്ഗ പശ്ചാത്തലമായിരുന്നെങ്കിൽക്കൂടി അദ്ദേഹം ആലപിച്ചിരുന്നത് നാടോടി ഈണങ്ങളായിരുന്നില്ല. എന്റെ പരിചയത്തിൽ, ആ ഈണങ്ങൾക്ക് ഔപചാരികമായ രാഗശുദ്ധിയുണ്ടായിരുന്നു. ആർക്കറിയാം ആരെല്ലാം എന്തെല്ലാമാണെന്ന്. എനിക്കിപ്പോൾ ആകെ അറിയാവുന്നത് എന്റെ ഹൃദയത്തിൽ പ്രകാശമാനമായ എന്തോ ഒന്ന് നിറഞ്ഞു നിറഞ്ഞു
വരുന്നുണ്ട് എന്നു മാത്രമാണ്. After all, if not a passing wave of gratitude, what this life is all about ?


തിരിച്ചു നടക്കുമ്പോൾ എന്നിലുണ്ടായിരുന്ന ആശങ്ക, ഞാൻ തടസ്സപ്പെടുത്തിയ അവരുടെ പുല്ലാങ്കുഴൽ സാധന അവർ തുടരാതിരിക്കുമോ എന്നായിരുന്നു. തിരിച്ചു പ്ലാറ്റഫോമിലേക്കു കയറും മുൻപ് എന്റെ കാതുകൾ ആ മധുരസ്വനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയോ, അതോ എന്റെ ഭ്രമശ്രവണമോ?


*    * *     * * *     *
'old path white clouds' എന്ന മനോഹരമായ ബുദ്ധ ജീവിത ആഖ്യായികയിൽ -Thich Nhat Hanh - ഇങ്ങനെ ഒരു രംഗമുണ്ട്: സർഗാത്മകതയിലേക്ക് പദം വെക്കുന്നവർ എല്ലായ്‌പോഴും ഓർത്തുവെക്കേണ്ടുന്ന ഒന്ന്:


വാരണാസിയിൽ നിന്ന് രാജഗേഹത്തിലേക്കുള്ള യാത്രയിൽ, ബുദ്ധൻ ഒരു വനാന്തരത്തിൽ വിശ്രമിച്ചു ധ്യാനിക്കുകയായിരുന്നു. ധ്യാനത്തിൽ നിന്നുണർന്ന ബുദ്ധനെ സംഗീതോപകരണങ്ങൾ കൈവശമുണ്ടായിരുന്ന നാലഞ്ചു ചെറുപ്പക്കാർ സമീപിച്ചു. അവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയെ തിരക്കി നടക്കുകയായിരുന്നു. ബുദ്ധൻ അവരോടു ചോദിച്ചു,"പറയൂ സുഹൃത്തുക്കളേ. ഈ നിമിഷത്തിൽ ഏതാണ് കൂടുതൽ നല്ലത്? ഓടിപ്പോയ ഒരു പെൺകുട്ടിയെ തെരഞ്ഞു കണ്ടെത്തുന്നതോ അതോ സ്വയം കണ്ടെത്തുന്നതോ?"
അപ്രതീക്ഷിതമായ ആ ചോദ്യത്താലും ബുദ്ധന്റെ ശാന്തവും പ്രഭാപൂർണ്ണവുമായ സാന്നിധ്യത്താലും ആ ചെറുപ്പക്കാർ പെട്ടെന്നുതന്നെ സമർപ്പിതരായി. ബുദ്ധനവരോട് ഈ നിമിഷത്തിന്റെ അർത്ഥ സമ്പൂർണ്ണതയെപ്പറ്റിയും, എല്ലായ്‌പോഴും ഭാവിയിലോ ഭൂതത്തിലോ മാത്രം കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന നമ്മുടെ മനസ്സ്, എങ്ങനെയാണ് യഥാർത്ഥ ജീവിതത്തെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും വിശദമായി സംസാരിച്ചു. അവരത് അതീവ ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തു. സൂര്യപ്രകാശമേറ്റ് തിളങ്ങി നില്ക്കുന്ന പച്ചിലകളിലേക്കും, നേരിയ കാറ്റിൽ അവ ഇളകിയാടുന്നതിന്റെ സൗന്ദര്യത്തിലേക്കും, ഈ നിമിഷത്തിൽ നമുക്കു ചുറ്റിലും ഊർജ്ജസമ്പുഷ്ടമായിരിക്കുന്ന ജീവിതത്തിലേക്കും ബുദ്ധൻ അവരുടെ ശ്രദ്ധയെ ക്ഷണിച്ചു.
സംസാരത്തിനൊടുവിൽ വലതുവശത്തിരുന്നിരുന്ന ഒരു ചെറുപ്പക്കാരനോട് ബുദ്ധൻ പറഞ്ഞു," നിങ്ങളുടെ കൈവശം ഒരു പുല്ലാങ്കുഴൽ കാണുന്നുവല്ലോ. ഞങ്ങൾക്കുവേണ്ടി അല്പമെന്തെങ്കിലും വായിക്കാമോ ?"
അല്പം ലജ്ജയോടെയാണെങ്കിലും ആ ചെറുപ്പക്കാരൻ പുല്ലാങ്കുഴൽ വായിച്ചു. പുറമേക്ക് വന്ന ശബ്ദത്തിൽ മുഴുവനും ഹതാശനായ ഒരു പ്രണയിയുടെ വേദനയായിരുന്നു. ബുദ്ധൻ ആ ചെറുപ്പക്കാരനിൽ നിന്നും ശ്രദ്ധ തിരിച്ചതേയില്ല. അയാൾ തന്റെ പുല്ലാങ്കുഴൽ നിലത്തുവച്ചപ്പോൾ അവിടമെങ്ങും മൂകമായതുപോലെ. കുറച്ചു നേരത്തേക്ക് ആരും സംസാരിച്ചില്ല. പെട്ടെന്ന്, ആ ചെറുപ്പക്കാരൻ എഴുന്നേറ്റുവന്ന് തന്റെ പുല്ലാങ്കുഴൽ ബുദ്ധനുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു," പൂജ്യനായ മുനിവര്യനേ, ഞങ്ങൾക്കു വേണ്ടി അങ്ങ് ഇതൊന്നു വായിച്ചാലും."
ബുദ്ധൻ മന്ദഹസിച്ചു. കൂടെയുണ്ടായിരുന്ന മറ്റു ചെറുപ്പക്കാരെല്ലാവരും ഉറക്കെച്ചിരിച്ചു- 'ഞങ്ങളുടെ ഈ സുഹൃത്ത് ഇങ്ങനെയൊരു വിഡ്ഢിയായിപ്പോയല്ലോ. ഏതെങ്കിലും സന്ന്യാസി പുല്ലാങ്കുഴൽ വായിക്കുമോ?'


എന്നാൽ അവരെ അതിശയിപ്പിച്ചുകൊണ്ട് ബുദ്ധൻ ആ പുല്ലാങ്കുഴൽ കയ്യിലെടുത്തു. ആഴത്തിലുള്ള കുറച്ചു ശ്വാസമെടുത്തതിനു ശേഷം ബുദ്ധൻ ആ പുല്ലാങ്കുഴൽ ചുണ്ടോടടുപ്പിച്ചു. വർഷങ്ങൾക്കുമുൻപ് കപിലവസ്തുവിലെ തന്റെ കൊട്ടാരത്തിൽ, ഒരു പൗർണമി രാത്രിയിൽ താൻ പുല്ലാങ്കുഴൽ വായിച്ച രംഗം ഒരു നിമിഷനേരത്തേക്ക് ബുദ്ധന്റെ മനസ്സിലൂടെ കടന്നുപോയി....ബുദ്ധനെ ശ്രവിച്ചുകൊണ്ടു മഹാപജാപതിയും ഭാര്യ യശോധരയും ...
ബുദ്ധന്റെ പുല്ലാങ്കുഴലിലൂടെ അതീവ ലോലമായ മധുരനാദം പുറത്തേക്കൊഴുകി. മുഴുവൻ അന്തരീക്ഷത്തേയും കവർന്നുകൊണ്ട് അത് അതീന്ദ്രീയ നാദപ്രപഞ്ചമായി, സർവ്വതിനേയും ദിവ്യനാദമായി പരിണമിപ്പിച്ചുകൊണ്ട്. ഒന്നിനു പകരം ഒരു പതിനായിരംപേർ വേണുഗാനമുതിർക്കുന്നതുപോലെ. സർവ്വ പ്രപഞ്ചവും അതീവ ചാരുതയാർന്ന ശബ്ദവിന്യാസങ്ങളായി മാറാൻ തുടങ്ങി. പക്ഷിമൃഗാദികൾ, എന്തിനധികം, കാറ്റുപോലും ശ്വാസമടക്കിപ്പിടിച്ച്‌ ആ നാദപ്രപഞ്ചത്തിന്‌ ചെവിയോർത്തു. ആ ആരണ്യകം മുഴുവനും ശാന്തിയുടേയും അദ്‌ഭുതങ്ങളുടേയും അപാരതയിൽ മുങ്ങി നിന്നു. ബുദ്ധനു ചുറ്റുമിരുന്ന ആ ചെറുപ്പക്കാർ, വനം, വൃക്ഷലതാദികൾ, ബുദ്ധൻ, സർവതിനോടും സർവരോടുമുള്ള സൗഹൃദം, വേണുഗാനം എന്നിങ്ങനെ വർത്തമാന ജീവിതത്തെ അനന്തമായ ആനന്ദാനുഭൂതിയായി അനുഭവിച്ചു. ബുദ്ധൻ പുല്ലാങ്കുഴൽ താഴെ വെച്ചിട്ടും ആ ഗാനനിർഝരി നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. 
അവരെല്ലാവരും അവർ അന്വേഷിച്ചു നടന്ന ആ സുന്ദരിയായ ചെറുപ്പക്കാരിയെ പറ്റിയോ അവൾ അപഹരിച്ചുകൊണ്ടുപോയ അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയോ ഓർത്തതേയില്ല. കുറെ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.
പിന്നീട് , പുല്ലാങ്കുഴൽ കൈമാറിയ ആ ചെറുപ്പക്കാരൻ പറഞ്ഞു," അങ്ങ് എത്ര അദ്‌ഭുതാവഹമായാണ് വായിക്കുന്നത്! ഇത്ര മനോഹരമായ പുല്ലാങ്കുഴൽ വായന ഞാൻ ഇത് വരേക്കും കേട്ടിട്ടില്ല. അങ്ങ് ആരിൽനിന്നുമാണ് പഠിച്ചത് ? എന്നെ അങ്ങ് പഠിപ്പിക്കുമോ? എന്നെ ശിഷ്യനായി സ്വീകരിക്കാമോ ?"
ബുദ്ധൻ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു," ചെറിയ കുട്ടിയായിരിക്കുമ്പോൾ പഠിച്ചതാണ്. എന്നാൽ, കഴിഞ്ഞ ഏഴു വർഷമായി ഞാൻ പുല്ലാങ്കുഴൽ സ്പർശിച്ചിട്ടേയില്ല. എന്നിരുന്നാലും മുൻപെന്നത്തേക്കാളും മനോഹരമായ ശബ്ദത്തിൽ എനിക്കു വായിക്കാൻ കഴിഞ്ഞു."
"ഗുരോ ,അതെങ്ങനെ സാധ്യമാണ് ? ഏഴു വർഷമായി പരിശീലിക്കാതിരുന്നിട്ടും അങ്ങേക്കെങ്ങനെ മുൻപത്തേക്കാളും മനോഹരമായി വായിക്കാൻ കഴിയുന്നു ?"
ബുദ്ധൻ പറഞ്ഞു ,"പുല്ലാങ്കുഴൽ വായിക്കുകയെന്നത് പരിശീലനത്തെ മാത്രം ആശ്രയിച്ചുനില്ക്കുന്നതല്ല. പണ്ടത്തേക്കാളും നന്നായി ഞാനിപ്പോൾ വായിക്കുന്നത്, ഞാനിപ്പോൾ എന്റെ യഥാർത്ഥ ഉണ്മയെ കണ്ടെത്തിയിരിക്കുന്നു എന്നതുകൊണ്ടാണ്. ആദ്യം നിങ്ങൾ സൗന്ദര്യത്തിന്റെ പാരമ്യതയെ സ്വന്തം ഹൃദയത്തിൽ കണ്ടെത്താതെ, കലയിൽ നിങ്ങൾക്ക് ഉത്തുംഗതയെ പ്രാപിക്കാനാവില്ല. ശരിക്കും ഭംഗിയായി നിങ്ങൾക്കു പുല്ലാങ്കുഴൽ വായിക്കണമെന്നുണ്ടെങ്കിൽ, ഉണർവിന്റെ പാതയിൽ നിങ്ങൾ നിങ്ങളുടെ ഉണ്മയെ കണ്ടെത്തേണ്ടിയിരിക്കുന്നു."

ഈ രംഗം വായിക്കുമ്പോഴൊക്കെയും (ഒരു പക്ഷേ ഇത്രയധികം തവണ മറ്റൊരു പുസ്തകവും ഞാൻ വായിച്ചിട്ടില്ല) കുറ്റിക്കാട്ടിലെ ഇരുട്ടിലിരുന്ന് പുല്ലാങ്കുഴൽ വായിച്ച ആ വൃദ്ധനും ചെറുപ്പക്കാരനും എന്റെ മുന്നിലൂടെ മിന്നി മറഞ്ഞു പോകും.

*     * * *     *
വീണ്ടും അനൗൺസ്‌മെന്റ്- കുറച്ചു സമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ എത്തിച്ചേരുമത്രേ! കുറച്ചുസമയമായാലെന്ത്? കൂടുതൽ സമയമായാലെന്ത്? പ്ലാറ്റുഫോം ഏതായാലെന്ത്?
രാത്രിയുടെ ആ അർദ്ധയാമമപ്പാടെ തഥാത്വത്തിന്റെ തണുപ്പണിഞ്ഞിരിക്കുന്നു. suchness. ഇരുണ്ട വെളിച്ചത്തിൽ അവ്യക്തമായി കാണുന്ന റെയിൽപ്പാളങ്ങൾ
ഇരുവശത്തേക്കും നീണ്ടുകിടക്കുന്നു, എങ്ങും അവസാനിക്കാത്തതുപോലെ. സത്യത്തിൽ അവ നിശ്ചലമായി നിലകൊള്ളുകയാണ്; ദൂരങ്ങൾ താണ്ടുന്നവർക്ക് സൗകര്യമേകിക്കൊണ്ട്. എവിടെനിന്നോ ഒഴുകിവരുന്ന ആ പുല്ലാങ്കുഴൽ സ്വനങ്ങൾ പ്രാചീനതയുടെ ബുദ്ധസ്പന്ദങ്ങളുമായി കടന്നുപോകുന്നു: ഞാൻ ആരെയാണ് കാത്തുനിൽക്കുന്നത്?