Osho wings Osho waves

Featured Post

Wednesday, February 19, 2020

ഉണർവിലേക്കുള്ള പടവുകൾ - 3

                   



മന:പാഠമാക്കാനുള്ള കഴിവ് ആവശ്യമെങ്കിൽക്കൂടി, എന്തിനേയും മന:പാഠമാക്കാനുള്ള ത്വര അപകടകരമാണ്. 'കാണാതെ പഠിക്കുകയല്ല, മനസ്സിലാക്കി പഠിക്കുകയാണ് വേണ്ടത്' എന്ന് കാണാതെ പഠിച്ചു വന്ന അധ്യാപകരും രക്ഷിതാക്കളുമെല്ലാം നമ്മളോട് ഒരുപാട് പറഞ്ഞുപോന്നിട്ടുണ്ടെങ്കിലും, നമ്മളും മിക്കപ്പോഴും കാണാതെ പഠിച്ച്‌  എങ്ങനെയെങ്കിലും കടന്നുപോരികയാണ് ചെയ്തിട്ടുള്ളത്. 
ഓർമ്മശക്തിയളക്കുക എന്ന രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന നമ്മുടെ പരീക്ഷകളിൽ മന:പാഠങ്ങളെക്കൊണ്ട് പ്രയോജനമുണ്ടായേക്കാമെങ്കിലും, ജീവിതമെന്ന ഈ ‘ALWAYS-ON-LINE’ പ്രതിഭാസത്തിൽ മന:പാഠങ്ങൾക്ക് അത്ര വലിയ പ്രസക്തിയില്ലെന്നു മാത്രമല്ല, ആ പാഠങ്ങൾ ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മന:പാഠങ്ങൾ ഇന്നലെയുടെ മാത്രം പാഠങ്ങളാണ്; ഇന്നിന്റെയല്ല, ഈ നിമിഷത്തിന്റെയല്ല. 
'മനസ്സിലാക്കി പഠിക്കുക' എന്ന് നാം പ്രയോഗിച്ചു ശീലിച്ചുവെങ്കിലും, ആ പ്രയോഗത്തിനകത്ത് ഒരു വൈരുദ്ധ്യം ഒളിഞ്ഞു കിടപ്പുണ്ട്. മനസ്സിലായാൽ പിന്നെ പഠിക്കേണ്ടതില്ല. മനസ്സിലാകാത്തതിനെയാണ് നാം പഠിച്ചു പാഠമാക്കുന്നത്. ഇവിടെ മനസ്സിലാവുക എന്ന് പറയുന്നത് understanding (ഗ്രഹിക്കുക) എന്ന അർത്ഥത്തിലാണ്. മനസ്സ് മാറി നില്ക്കുമ്പോഴേ 'മനസ്സിലാവൽ' സംഭവിക്കുന്നുള്ളൂ. മനസ്സാകട്ടെ അങ്ങനെ എളുപ്പം മാറി നില്ക്കുന്നില്ലെന്നു മാത്രമല്ല, അത് അതിന്റെ പ്രഭാവം ഓരോ നിമിഷവും തെളിയിക്കാൻ തത്രപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ്, 'മനസ്സിലാക്കാനൊക്കെ വലിയ പാടാണ്, ഞാനിതു കാണാതെ പഠിച്ചോളാം' എന്ന് നാം പെട്ടെന്നങ്ങു തീരുമാനമെടുക്കുന്നത്.  
ഇനി ഈ കാണാതെ പഠിക്കുന്നതിൽ തന്നെ, എവിടെയെങ്കിലും നമുക്കൊരല്പം ബോധവാനാകേണ്ടി വന്നാൽ, മനസ്സ് അതിൽ നിന്നും വഴുതിമാറിക്കളയും. യാതൊരു വിധ ശ്രദ്ധയും ആവശ്യമില്ലാതെയുള്ളതിനെയാണ് മനസ്സ് ആദ്യമാദ്യം മന:പാഠമാക്കുക. അതുതന്നെ ഏറെ ആഴത്തിൽ പതിയുകയും ചെയ്യും. അതുകൊണ്ടുതന്നെ ആ പാഠങ്ങളത്രയും വേണ്ടാത്തിടത്തൊക്കെ കയറിവന്ന് ഇടങ്കോലിടും.
താഴ്ചയുള്ളേടത്തേക്ക് വെള്ളം അനായാസേന ഒഴുകിപ്പോകുന്നതുപോലെയാണ് ഇതും. ശ്രദ്ധയില്ലാത്തതിനെയൊക്കെ മനസ്സ് ഇടിച്ചുകയറി പാഠമാക്കിക്കളയും. മിക്ക പാഠങ്ങളും കാണാപാഠമാകുന്നത് നാം അറിയുന്നുപോലുമില്ല. ഇപ്പറയുന്നതൊന്നും കേവലം പുസ്തകപഠനത്തിന്റെയോ പരീക്ഷകളുടേയോ  സ്‌കൂൾ വിദ്യാർത്ഥികളുടേയോ മാത്രം കാര്യത്തിലല്ല. നമ്മുടെ ഓരോരുത്തരുടേയും ദൈനം ദിന ജീവിതത്തിലെ കാര്യങ്ങളാണിവ. രാവിലെ ഉറക്കമുണരുന്നത് മുതൽ, രാത്രി ഉറങ്ങിവീഴുന്നതു വരേക്കുമല്ല, ഉറക്കത്തിൽ പോലും നാം പാഠങ്ങൾ പഠിക്കുകയും പഠിച്ച പാഠങ്ങൾ വീണ്ടും ശീലിച്ചുകൊണ്ടിരിക്കുകയുമാണ്.
ശ്രദ്ധാപൂർവ്വമല്ലാതെ നാം ചെയ്യുന്ന ഏതൊരു പ്രവർത്തിയും, ഏതൊരു ചലനവും, നാം പരിചരിച്ചുകൊണ്ടിരിക്കുന്ന ഓരോ വിചാരവും, അശ്രദ്ധമായി നാം ഉച്ചരിക്കുന്ന ഓരോ വാക്കും നമ്മുടെ മനസ്സ് മന:പാഠങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്. എത്ര 'പഠിക്കാത്തവനും' ഇക്കാര്യത്തിൽ ഒന്നാമനാണ്; പഠിക്കുന്നവന്മാരെപ്പോലെത്തന്നെ. 
അതുകൊണ്ടാണ് നമ്മുടെ ചേഷ്ടകളിലും വാക്കിലും നോക്കിലും നടപ്പിലുമൊക്കെ ശീലങ്ങൾ മുന്തി നില്ക്കുന്നത്. ഓരോ ചുവടും വ്യത്യസ്തമാക്കാൻ കാലുകൾ വലിച്ചും തിരിച്ചും മുന്നോട്ടു വെക്കണം എന്നല്ല ഇപ്പറഞ്ഞതിനർത്ഥം. ശീലത്തെക്കാളുപരി ശരീരപ്രകൃതവും അതിനു കാരണമായിരിക്കുന്നുണ്ട്. എന്നാൽ ഓരോ ചുവടും വെറും ആവർത്തനമാകാതിരിക്കാൻ, പുറമേ അത് ആവർത്തനമെന്നു തോന്നുകയോ തോന്നാതിരിക്കുകയോ ചെയ്യട്ടെ, നാം ഒന്നു 'മനസ്സ്' വെച്ചാൽ മതി. നാം നടക്കുന്ന രീതികൾ മനഃപാഠമാക്കേണ്ടതില്ല, ശരീരം അനുവദിക്കുന്നതിനനുസരിച്ച് നടന്നാൽ മാത്രം മതിയല്ലോ.


നമ്മുടെ അംഗചലനങ്ങളിൽ, പെരുമാറ്റങ്ങളിൽ, കൂടുതൽ ശ്രദ്ധയുണ്ടാവാനായി ചില പുതുമകൾ വരുത്തേണ്ടതിനെപ്പറ്റി നിർദേശിച്ചുകാണാറുണ്ട്, പോസിറ്റീവ് ഉപദേശകർ. എന്നാൽ കേവലം മുഷിവ് മാറ്റുന്നതേക്കാളുപരി, അവബോധത്തെ കൂടുതൽ ഉണർവുള്ളതാക്കുക എന്ന ഉദ്ദേശ്യത്തോടെ, റഷ്യൻ മിസ്റ്റിക് ആയിരുന്ന ഗുർജിയെഫ് ആണ് തന്റെ ട്രാൻസ്ഫോർമേഷൻ സങ്കേതങ്ങളിൽ 'unlearning' -നെ പ്രധാനമായും ഉൾപ്പെടുത്തിയത്. ഉദാഹരണമായി, ശീലമില്ലാത്ത കൈ കൊണ്ട് ടൂത്ബ്രഷ്, കമ്പ്യൂട്ടർ മൗസ്, ടി.വി. റിമോട്ട് എന്നിവ പരീക്ഷിച്ചുനോക്കാവുന്നതാണ്. ഇക്കാലത്ത്, നമ്മുടെ  സ്മാർട്ട് ഫോണുകളിൽ, കോൾ, മെസ്സേജ്, ഗൂഗ്ൾ ക്രോം എന്നിവയുടെ ഐക്കണുകൾ ഇടയ്ക്കിടെ സ്ഥാനം മാറ്റി സെറ്റ് ചെയ്യാൻ പറയുന്നതും നമ്മുടെ മനഃപാഠങ്ങളെ ബഹിഷ്ക്കരിക്കാൻ വേണ്ടിയാണ്; നമ്മുടെ വിരലുകളുടെ ബോധപൂർവ്വമല്ലാത്ത ചലനങ്ങളെ തടയുന്നതിന് വേണ്ടി.
ബുദ്ധന്റെ ജീവിതത്തിലെ ഒരു സന്ദർഭം ഓഷോ പറഞ്ഞുകേട്ടിട്ടുണ്ട്: ഒരിക്കൽ ബുദ്ധനും ശിഷ്യനായ ആനന്ദനും കൂടി നടന്നു പൊയ്ക്കൊണ്ടിരിക്കെ, ഒരു പ്രാണിയോ ഈച്ചയോ മറ്റോ ബുദ്ധന്റെ മുഖത്ത് വന്നിരിക്കുകയും ബുദ്ധൻ പൊടുന്നനെ കൈ വീശിക്കൊണ്ട് അതിനെ മാറ്റിക്കളയുകയും ചെയ്തു. എന്നാൽ, രണ്ടു നിമിഷങ്ങൾക്ക് ശേഷം ബുദ്ധൻ സാവധാനം കൈ കൊണ്ടുവന്ന് മുഖത്തു നിന്നും ഈച്ചയെ മാറ്റുന്നതായി ആംഗ്യം കാണിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ അംഗചലനം വളരെ ബോധപൂർവ്വമായിരുന്നു. ഈച്ച പോയതിനു ശേഷവും രണ്ടാമത് കൈ കൊണ്ട് ആംഗ്യം കാട്ടിയത് എന്തിനെന്ന ആനന്ദന്റെ ചോദ്യത്തിന് ബുദ്ധൻ ഇങ്ങനെ പറഞ്ഞുവത്രേ, 'ആദ്യത്തെ തവണ ഞാൻ അത്ര ബോധവാനായിരുന്നില്ല. ആ കൈ വീശൽ അബോധത്തിലുള്ള ഒരു എടുത്തുചാട്ടമായിരുന്നു. രണ്ടാമത് കൈവീശിയത് അതിനെ തിരുത്തിക്കൊണ്ടാണ്.' പതിഞ്ഞുപോയ ഒരു പാഠത്തെ മായ്ച്ചുകളയുകയായിരുന്നു ബുദ്ധൻ. 
മനഃപാഠങ്ങൾ ഒട്ടും ആവശ്യമില്ലെന്നല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്. അവ നമ്മുടെ അവബോധത്തെ (awareness) കൂടുതൽ സൂക്ഷ്മമാക്കാനും സമ്പന്നമാക്കുവാനും സഹായിക്കുന്നതായിരിക്കണം. ഉണർവിനെതിർദിശയിൽ ചരിക്കുന്നതായിരിക്കരുത്. ബോധവാനായിരിക്കുക എന്ന് കേൾക്കുമ്പോൾ തന്നെ, ഇത് വളരെ ശ്രമകരമായ എന്തോ ആണെന്ന് ഒരു തെറ്റിദ്ധാരണ എങ്ങനെയോ നമ്മിൽ കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, 'മനുഷ്യനായാൽ തെറ്റുകളൊക്കെ സംഭവിക്കും, അത്രവലിയ കടും പിടുത്തത്തിന്റെ ആവശ്യമില്ല, ജീവിതത്തെ അത് കൃത്രിമമാക്കുകയേയുള്ളൂ', എന്നിങ്ങനെയുള്ള ന്യായീകരണങ്ങളും നാം എല്ലായ്പ്പോഴും കൂടെ കരുതാറുമുണ്ട്. വെളിച്ചം 'ഇത്രേം വെളിച്ചത്തിന്റെ ആവശ്യമില്ല' എന്ന് പറയുന്നതുപോലെയാണത്. സ്വതേയുള്ള പൊരുത്തക്കേടുകളുണ്ട് അതിൽ.
നാം അറിയുന്ന ഈ 'ഞാൻ' നിരവധി ജന്മങ്ങളുടെ ഒരു 'പാഠശേഖര'മായിരിക്കാം. നമ്മുടെ നൊടിയിട ശ്വാസം പോലും പഴയ പാഠങ്ങളുടെ ആവർത്തനമായിരിക്കാം. എന്നാൽ വെറുതെയെന്നോർക്കുകയേ വേണ്ടൂ - remembering, not memorising - ഈ ശ്വാസത്തെ അടുത്ത പാഠമാക്കാതിരിക്കാൻ നമുക്ക് എളുപ്പം സാധിക്കും. അത്രക്കുമായാൽ അടുത്ത ഏതെങ്കിലുമൊരു ചെയ്തിയെ വീണ്ടുമൊരു പാഠമാക്കാതിരിക്കാൻ നമുക്ക് അതിനേക്കാൾ എളുപ്പം സാധിക്കും. അങ്ങനെയങ്ങനെ പാഠങ്ങൾ കുറഞ്ഞുവരുമ്പോൾ, വൈകാതെത്തന്നെ നമ്മുടെ ചെയ്തികളിൽ - ജീവിതമെന്നറിയുക - പുതുമയുടെ ഗന്ധങ്ങൾ ഉണർന്നുവരാൻ തുടങ്ങും.  
ദൈനം ദിന ജീവിതത്തിലെ നിസ്സാരമെന്നു കരുതുന്ന ചെയ്തികളിലെല്ലാം കഴിഞ്ഞ കാല പാഠങ്ങളെ അതേപടി ആവർത്തിക്കുകയും, അതേസമയം വായന, എഴുത്ത്, മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങൾ, ധ്യാനം യോഗ തുടങ്ങിയ പരിശീലനങ്ങൾ എന്നിവയാണ് പ്രധാനം എന്ന് വിചാരിച്ച് അവയെ മാത്രം ഗൗരവത്തോടെ ചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അകത്ത്‌ വാ പിളർന്നു നില്ക്കുന്ന ഈ 'പഠിതാവിനെ' മാറ്റി നിർത്താതിരിക്കുവോളം എല്ലാ ചെയ്തികളും വെറും 'പാഠനിർമ്മിതി'കളാണ്. 
ജീവൻ എന്നതിന്, ബോധം എന്നതിന്, ഒരൊറ്റ അർത്ഥമേയുള്ളൂ എന്ന് പറയേണ്ടി വരും- പുതിയ ഒരു പാഠം പഠിക്കാതിരിക്കാനുള്ള ഉണർവ്. Being unaware is ok ; but just be aware, not to practice it. പുതിയ പാഠങ്ങളിൽ നിന്നും വെള്ളവും വളവും കിട്ടാതെ വരുമ്പോൾ പഴയ പാഠങ്ങൾ തനിയെ ഉണങ്ങിപ്പൊയ്ക്കോളും.
നിങ്ങൾ മറിക്കാൻ പോകുന്ന ഈ പേജ് പുതിയ രീതിയിൽ മറിക്കേണ്ടതില്ല, പക്ഷേ അത് മറ്റൊരു ആവർത്തനമായി ഓർമ്മകളിൽ കയറിക്കൂടാതിരിക്കാനെങ്കിലുമുള്ള ജാഗ്രത, അല്ലെങ്കിൽ അടുത്ത മൗസ് ക്ലിക്ക്, അല്ലെങ്കിൽ മൊബൈൽ സ്ക്രീനിലെ വിരൽ സ്പർശം വീണ്ടുമൊരു പാഠമാകാതിരിക്കട്ടെ. അങ്ങനെയെങ്കിൽ അടുത്ത പേജും അതിനടുത്ത പേജും നിങ്ങൾക്ക് പുതുമയേറിയ ഒരനുഭവമായിരിക്കും.
പുതിയ പുതിയ പേജുകൾ മറിക്കുകയല്ലാതെ മറ്റെന്താണ് ഈ ജീവിതത്തിൽ നമുക്ക് ചെയ്യാനുള്ളത്?























Sunday, January 19, 2020

ഉണർവിലേക്കുള്ള പടവുകൾ - 2

 



                                  നവ്യതയുടെ നിമിഷങ്ങൾ

ഒരു വർഷം കൂടി കടന്നുപോയതായി നാം എണ്ണുകയാണ്, കലണ്ടറുകളെ മുന്നിൽ വെച്ചുകൊണ്ട്. ഒരു പുതിയ വർഷം പിറവിയെടുക്കുന്നതായി നാം ആവേശം കൊള്ളുന്നു. 'പുതുവർഷവാഴ്ത്തുക്കളെക്കൊണ്ട്' നമ്മുടെ ഇൻബോക്സുകളും ഫോണുകളും നിറഞ്ഞുകവിയുന്നു. പുതുവർഷപ്പിറവിയുടെ ഭാഗമായി നാം വിശേഷപ്പെട്ട ആഘോഷങ്ങളും സൽക്കാരങ്ങളും സംഘടിപ്പിക്കുന്നു. പലതരത്തിലുള്ള പാരിതോഷികങ്ങൾ കൈമാറുന്നു. വർഷത്തിലെ അവസാന ദിവസം അവസാന നാഴികകൾ, അതിപ്രധാനമായ എന്തോ ചിലത് സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ  10, 9 ,8 ,7 ..........1 ,0 എന്നിങ്ങനെ ഉച്ചത്തിൽ കൗണ്ട് ഡൌൺ ചെയ്യുന്നു. wow! happy new year !!!

പക്ഷേ, ഇവയെല്ലാം തന്നെ കഴിഞ്ഞ വർഷവും ചെയ്തതാണ്, ഏകദേശം ഇതുപോലെയൊക്കെത്തന്നെ. അതിനു മുൻപും. അടുത്ത വർഷവും അതിനടുത്ത വർഷവും ഇതുപോലെത്തന്നെ നാം കൗണ്ട് ഡൌൺ ചെയ്തുകൊണ്ടിരിക്കും. പത്രങ്ങളും മാസികകളുമൊക്കെ കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളേയും  മറ്റും അയവിറക്കും. ഇവയും പക്ഷേ നാം എല്ലാവർഷവും കണ്ടു പോരാറുള്ളതാണ്. എല്ലാ പുതുവർഷത്തിനും നാം ചില പ്രതിജ്ഞകളെടുക്കും- new year resolutions. പുകവലി നിറുത്തുന്നത് മുതൽ ചില സവിശേഷ സംഗതികൾ നേടിയെടുക്കുന്നത് വരെ, ചില നേട്ടങ്ങൾ കൈവരിക്കുന്നത് വരെ, നാം പലതരം പ്രതിജ്ഞകൾ എടുക്കാറുണ്ട്.. എല്ലാ പ്രതിജ്ഞകളും പക്ഷേ പതിവ് പ്രതിജ്ഞകൾ മാത്രമാണ്. നാല് ദിവസമേ അവക്ക് ആയുസ്സുള്ളൂ. എല്ലാ പുതുവർഷപ്പിറവികളും അത്രതന്നെ പുതിയതല്ലാതായിത്തീരുന്നു. പിറന്നു വീഴുമ്പോഴേക്കും പുതിയ വർഷത്തിന്റെ പുതുമ നഷ്ടപ്പെടുകയായി. പുതുവർഷമെന്നല്ല, ആകാംക്ഷാപൂർവ്വം നാം കാത്തുകൊണ്ടിരുന്ന സകലതും ഏതു നിമിഷം മുതലാണ് പഴമയുടെ പൊടിയിൽ ആണ്ടുപോകാൻ തുടങ്ങിയതെന്ന് നമുക്ക് അറിയാൻ സാധിക്കുന്നില്ല.


വന്നു ചേരുന്ന സകലതിനേയും ഒരു നൊടിയിടയിൽ പഴയതായി അവതരിപ്പിക്കുകയും പുതിയതിനായി ആർത്തിയോടെ വാ പിളർന്ന് കാത്തിരിക്കുകയും ചെയ്യുന്ന ഒരു മഹാ യന്ത്രമുണ്ട് നമുക്കകത്ത്. അതിനെയാണ് നാം മനസ്സ് എന്ന് പറഞ്ഞുപോരുന്നത്. അതിലൂടെ കയറിപ്പോകുന്നതെന്തും പഴയതായിട്ടേ പുറത്തുവരൂ. മനുഷ്യനെന്ന ഈ പ്രതിഭാസം ഉരുവപ്പെട്ട അന്നു മുതലേ ഈ യന്ത്രം അങ്ങനെയാണ്. അതുകൊണ്ടാണ് കാത്തുകാത്തിരുന്ന എല്ലാ കസ്തൂരി മാമ്പഴങ്ങളും മടുപ്പിന്റെ കാക്ക കൊത്തിപ്പോകുന്നത്.


ഈ വസ്തുതയോട് സാധാരണയായി നാം രണ്ടു വിധത്തിലാണ് പ്രതികരിക്കാറുള്ളത്. ഓരോ നിമിഷവും പുതുമകൾ കണ്ടെത്തിക്കൊണ്ട്. പുതിയ വസ്തുക്കൾ, പുതിയ വസ്ത്രങ്ങൾ, പുതിയ പാർപ്പിടങ്ങൾ, പുതിയ വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ....എന്നിങ്ങനെ. അതല്ലെങ്കിൽ പുതിയതായിട്ടുള്ള സകലതിനേയും നിർബന്ധപൂർവ്വം നിരാകരിച്ചുകൊണ്ട്. പുതിയവയെല്ലാം കൃത്രിമമാണെന്നും കപടമാണെന്നും മൂല്യമില്ലാത്തതാണെന്നും മൂല്യമെല്ലാം പണ്ടുണ്ടായിരുന്നവക്കാണെന്നും ശാഠ്യം പിടിച്ചുകൊണ്ട് ആ വഴിയിലൂടെ ജീവിച്ചുപോകുന്നവർ. സാമൂഹ്യ പ്രസക്തർ മുതൽ സന്ന്യാസിമാർ വരെ പൊതുവെ ഇക്കൂട്ടത്തിൽ പെടുന്നവരാണ്. ഈ രണ്ടു കൂട്ടരും പക്ഷേ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത് മനസ്സെന്ന അച്ചുതണ്ടിനെ ആശ്രയിച്ചുകൊണ്ടുതന്നെയാണ്. ഒരു കൂട്ടർ വലത്തോട്ട് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ മറ്റേ കൂട്ടർ ഇടത്തോട്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. അത്ര തന്നെ. 


പുതുമകളെ മാത്രം തേടി നടക്കുന്നവർക്ക് അവ പഴയതായിപ്പോകുന്നതിനെ തടയാനാവുന്നില്ല. പഴമകളെ അള്ളിപ്പിടിക്കുന്നവർക്ക് പുതിയവയെ ആശ്രയിക്കാതെ നിവൃത്തിയുമില്ല. ഈ രണ്ടവസ്ഥകൾക്കുമിടയിൽ, ഇരുട്ട് നിറഞ്ഞ കയത്തിലേക്ക് വീണുപോകുന്നത് ജീവിതമെന്ന ഉണർവ്വാണ്, അതിന്റെ ആനന്ദമാണ്, അതിന്റെ സുതാര്യതയാണ്, അതിന്റെ സ്വാസ്ഥ്യമാണ്, അതിന്റെ സ്വരലയമാണ്.


നാം ചരിച്ചുകൊണ്ടിരിക്കുന്നത് പഴകിപ്പതിഞ്ഞ പൊഴികളിലൂടെയാണ്. എത്ര തന്നെ യാതന നിറഞ്ഞതായിരുന്നാലും, പരിചിതത്വം നമ്മിൽ ഉത്ക്കണ്ഠകൾ കുറക്കുന്നു. അപരിചിതമായവയാകട്ടെ, എത്ര തന്നെ സുന്ദരമായിരുന്നാലും ജാഗ്രതയുടെ, ശ്രദ്ധയുടെ, അവബോധത്തിന്റെ, ഉണർവിന്റെ ഉത്തരവാദിത്തം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പുതിയ ഒരു ഗാനത്തെ നാം 'old' ആക്കി മാറ്റിയതിനു ശേഷം 'gold' ആയി ഭാവന ചെയ്യുന്നത്. പഴമയെ, ജീർണ്ണതയെ എത്ര തന്നെ തള്ളിപ്പറഞ്ഞാലും പിന്നെയും പിന്നെയും നാം ആ വഴിക്കു തന്നെ സഞ്ചരിക്കുന്നത് വർത്തമാനം ( present ) എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ വേണ്ടി മാത്രമാണ്. ഉത്തരവാദിത്തമില്ലായ്ക (ഓരോ നിമിഷത്തോടും), നമ്മെ മുഷിവിന്റേയും മടുപ്പിന്റെയും ചാരം കൊണ്ട് മൂടിക്കളയുന്നു.



അമേരിക്കൻ എഴുത്തുകാരിയും നടിയും ഗായികയുമായിരുന്ന പോർഷ്യ നെൽസൺ -portia nelson- എഴുതിയ മനോഹരമായ ഒരു കവിതയുണ്ട്, 'അഞ്ച് അധ്യായങ്ങളിൽ ഒരാത്മകഥ' എന്ന പേരിൽ. ഈ ലോകത്ത്‌ ജീവിച്ചു മരിച്ചു പോയിട്ടുള്ളവരും ജീവിച്ചുകൊണ്ടിരിക്കുന്നവരുമായിട്ടുള്ള സകല മനുഷ്യരുടേയും ആത്മകഥയാണത്, അതിലെ അവസാന അദ്ധ്യായമൊഴികെ. ആ കവിത ഇങ്ങനെയാണ്:


അദ്ധ്യായം 1 
ഞാൻ നടക്കുന്ന വഴിയുടെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ അതിൽ വീണുപോകുന്നു...നിസ്സഹായയാണ് ഞാൻ.
ഞാൻ വീണത് എന്റെ കുഴപ്പം കൊണ്ടല്ല.
കാലങ്ങളായി, പുറത്തുകടക്കാനുള്ള 
ഒരു ഉപായം ആരാഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ.


അദ്ധ്യായം 2 
ഞാൻ അതേ വഴിയിലൂടെത്തന്നെ നടക്കുന്നു.
അതിന്റെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ ഭാവിക്കുന്നു, ഞാനതിനെ കാണുന്നില്ലെന്ന്.
ഞാൻ വീണ്ടുമതിൽ വീണുപോകുന്നു.
എനിക്കു വിശ്വസിക്കാനാകുന്നില്ല,
ഞാൻ വീണിരിക്കുന്നത് അതേ കുഴിയിൽത്തന്നെയാണെന്ന്.
എന്നാലും പക്ഷേ, അതെന്റെ കുറ്റം കൊണ്ടല്ല.
അതിൽ നിന്നും പുറത്തുകടക്കാൻ കാലം കുറേയെടുക്കുന്നു.

അദ്ധ്യായം 3 
ഞാൻ അതേ വഴിയിലൂടെത്തന്നെ നടക്കുന്നു.
അതിന്റെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ കാണുന്നുണ്ട്, അവിടെയൊരു കുഴിയുണ്ടെന്ന്.
എന്നിട്ടും പക്ഷേ ഞാനതിൽ വീണുപോകുന്നു....അതൊരു ശീലമാണ്.
എന്റെ കണ്ണുകൾ തുറന്നിരിപ്പുണ്ട്.
എനിക്കറിയാം ഞാൻ എവിടെയാണെന്ന്.
അത് എന്റെ കുറ്റമാണ്.
ഞാൻ ഉടൻ തന്നെ പുറത്തുകടക്കുന്നു.


അദ്ധ്യായം 4 
ഞാൻ അതേ വഴിയിലൂടെത്തന്നെ നടക്കുന്നു.
അതിന്റെ വശത്തായി ഒരു പടുകുഴിയുണ്ട്, ആഴമേറിയത്.
ഞാൻ അതിനെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്നു.


അദ്ധ്യായം 5 
ഞാൻ മറ്റൊരു വഴിയിലൂടെ നടക്കുന്നു.


അവസാനത്തെ ഈ അദ്ധ്യായം, വഴി മാറി നടക്കുകയെന്നത്, മനസ്സിന്റെ പതിവുകളിൽ നിന്നും മാറി നടക്കലാണ്. അത് ഭൂതവും ഭാവിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതല്ല. ആ വഴിയിൽ പഴയ വസ്തുവെന്നോ പുതിയ വസ്തുവെന്നോ ഇല്ല. നവീനമായ അനുഭൂതി മാത്രമേയുള്ളൂ. ആ അനുഭൂതിയിലൂടെ കടന്നുപോകുന്ന ഒരാളെ സംബന്ധിച്ച്, ഏതു നിമിഷവും പുതുവർഷപ്പിറവിയാണ്. ഏതു വർഷവും ഒരു മഞ്ഞുതുള്ളിയെപ്പോലെ നവീനമാണ്.

എങ്ങനെയാണ് മനസ്സിന്റെ പൊഴികളിൽ നിന്നും മാറി നിൽക്കുക എന്ന് ചോദിച്ചാൽ, ഏറ്റവും എളുപ്പം പ്രയോഗിച്ചുനോക്കാവുന്ന ഒരു മാർഗമുണ്ട്: നാം ഏർപ്പെട്ടിരിക്കുന്ന പ്രവർത്തി ഏതുമാകട്ടെ, ഒരൊറ്റ നിമിഷ ത്തേക്ക് സ്വയം ഓർക്കുകയും നിശ്ചലമാവുകയും ചെയ്യുക- SUDDEN STOP ! തീർത്തും നിശ്ചലം. മനസ്സെന്ന തുടർച്ചക്ക് ഒരു മുറിവ് സംഭവിക്കും. ആ നിമിഷം കാതിൽ വന്നു വീഴുന്ന ശബ്ദങ്ങളെ നാം യാതൊരു വിധത്തിലും വ്യാഖ്യാനിക്കുകയില്ല. ആ നിമിഷം കണ്ണിനു മുന്നിലെ കാഴ്ചകളെ വെച്ചുകൊണ്ട് നാം യാതൊരു ഉപസംഹാരവും(conclusions) നടത്തുകയില്ല. വിചാരങ്ങളില്ലാത്ത ആ ഒരൊറ്റ നിമിഷം നമുക്ക് നവമായിട്ടുള്ള ഒരനുഭൂതിയായിരിക്കും.


മനസ്സിന്റെ പതിവ് വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്നവരാണ്, ഒരു പ്രതിജ്ഞയെടുക്കാൻ ജനുവരി 1, അല്ലെങ്കിൽ ജന്മദിനം പോലുള്ള മറ്റേതെങ്കിലും വിശേഷം ദിവസം തുടങ്ങിയവ തെരഞ്ഞെടുക്കുന്നത്. അവർ തന്നെയാണ് നാല് ദിവസത്തിന് ശേഷം പതിവുകളുടെ പടുകുഴിയിൽ വീണു പോകുന്നതും. ആദ്യമാദ്യം ആ വീഴ്ചയുടെ ഉത്തരവാദിത്തം തന്റേതല്ലെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കും. അതിൽ നിന്നും കര കയറാൻ വേണമെങ്കിൽ ഈ നിമിഷം തന്നെ സാധിക്കുമെങ്കിലും അതിൽത്തന്നെ കഴിഞ്ഞുകൂടുന്നതിൽ രസം കണ്ടെത്തുന്നു. എപ്പോഴെങ്കിലും എങ്ങനെയൊക്കെയോ പുറത്തുകടന്നാലും പിന്നെയും ആ വഴിക്കുതന്നെ സഞ്ചരിച്ചുകൊണ്ട് എങ്ങനെയെങ്കിലും ഒരു വീഴ്ച തരപ്പെടുത്തും. ആ വീഴ്ചയിലും അതിൽ കഴിഞ്ഞുകൂടുന്നതിലും നാം രസിക്കാൻ തുടങ്ങുന്നു. താൻ തന്നെത്തന്നെ കബളിപ്പിക്കുകയാണെന്ന് അറിയുന്ന ഒരാൾ മാത്രം ആ വഴിയിൽ നിന്നും മാറി നടക്കുന്നു. ആ വഴി മാറി നടക്കലാണ് അയാളുടെ പുതുവർഷം. അയാൾക്കെന്തിനാണ് വിശേഷിച്ചൊരു പ്രതിജ്ഞ? അയാൾക്കെന്തിനാണ് വിശേഷിച്ചൊരു തിയതി? 
എന്തായിരിക്കണം തന്റെ പുതുവർഷപ്രതിജ്ഞ എന്ന് ഒരാൾ ഓഷോയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: " അങ്ങനെയൊരു പ്രതിജ്ഞ വേണമെന്നുണ്ടെങ്കിൽ അത് ഇതായിരിക്കട്ടെ- യാതൊരു പ്രതിജ്ഞയുമില്ലാതിരിക്കൽ. ജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ അഭിമുഖീകരിക്കുക. യാതൊരു പ്രമാണവുമില്ലാതിരിക്കലാണ് ഏറ്റവും മഹത്തായ പ്രമാണം, the golden rule."







Thursday, December 19, 2019

ഉണർവിലേക്കുള്ള പടവുകൾ - 1


സന്തോഷമെന്ന വഴി

സന്തോഷം തേടി നടന്ന ഒരു ചെറുപ്പക്കാരൻ, ഒരു രാത്രി വൃദ്ധനായ ഒരു ഫകീറിന്റെ വാതിലിൽ മുട്ടിയത്രേ. അദ്ദേഹം വാതിൽ തുറന്നുകൊണ്ടു ചോദിച്ചു," എന്ത് വേണം?"
ആ ചെറുപ്പക്കാരൻ ഫകീറിന്റെ കാൽക്കൽ വീണു പ്രണാമമർപ്പിച്ചുകൊണ്ടു പറഞ്ഞു,
"എന്താണ് സന്തോഷം? എന്താണ് സന്തോഷം?"

ആ വൃദ്ധൻ അകത്തു നിന്നും ഏതോ ഒരു പഴത്തിന്റെ രണ്ടു കഷ്ണങ്ങൾ എടുത്തുകൊണ്ടുവന്നു. എന്നിട്ടു പറഞ്ഞു," നോക്കൂ, ഇവ മാന്ത്രികമായ രണ്ടു പഴക്കഷ്ണങ്ങളാണ്. ഇതിൽ ആദ്യത്തെ കഷ്ണം കഴിച്ചാൽ നിങ്ങൾക്ക് സന്തോഷമെന്തെന്നു മനസ്സിലാവും. രണ്ടാമത്തെ പഴക്കഷ്ണം കഴിച്ചാൽ നിങ്ങൾ സന്തോഷവാനാകും. വേഗം പറയൂ, നിങ്ങൾക്കിതിൽ ഏതു വേണം? ഒന്നോർക്കുക, ഏതെങ്കിലും ഒന്ന് മാത്രമേ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയൂ. മാത്രവുമല്ല ഒരെണ്ണം കഴിച്ചുകഴിയുമ്പോഴേക്കും അടുത്തത് അപ്രത്യക്ഷമായിരിക്കും."

ആ ചെറുപ്പക്കാരൻ ഒരു നിമിഷം ശങ്കിച്ചു.
ഫകീർ പറഞ്ഞു," ഓർക്കുക, രണ്ടാമത്തെ പഴക്കഷ്ണം കഴിച്ചാൽ, സന്തോഷമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല. നിങ്ങളുടെ ഇഷ്ടം."

കുറച്ചു നേരം ആലോചിച്ചതിനു ശേഷം ചെറുപ്പക്കാരൻ പറഞ്ഞു," ആദ്യം ഞാൻ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു, എന്താണ് സന്തോഷമെന്ന്. എന്തെന്നാൽ, അതിനെപ്പറ്റി അറിയാതെ എങ്ങനെയാണ് സന്തോഷം കണ്ടെത്താനാവുക?"

വൃദ്ധനായ ആ ഫകീർ ഉറക്കെ ചിരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു," എനിക്ക് കാണാൻ കഴിയുന്നുണ്ട് എന്തുകൊണ്ടാണ് നിന്റെ അന്വേഷണം ഇത്രക്കും നീണ്ടുപോകുന്നതെന്ന്. നീ ഈ വഴിക്കു പോവുകയാണെങ്കിൽ, ഒരിക്കലും സന്തോഷം കണ്ടെത്താൻ പോകുന്നില്ല. വർഷങ്ങളോളമല്ല, അനേകം ജന്മങ്ങൾ തെരഞ്ഞാലും നീ  സന്തോഷം കണ്ടെത്താൻ പോകുന്നില്ല. എന്തുകൊണ്ടെന്നാൽ, സന്തോഷത്തെപ്പറ്റി അറിവുനേടലും സന്തോഷവാനാവലും ഒന്നല്ല. രണ്ടും പരസ്പരവിരുദ്ധമായ സംഗതികളാണ്. എന്നു മാത്രമല്ല, അത് കഷ്ടപ്പാടും കൂടിയാണ്. സന്തോഷത്തെപ്പറ്റി അറിയുകയും സന്തോഷവാനാവാതിരിക്കുകയുമെന്നത് കഷ്ടപ്പാടാണ്. ഈ കാരണം കൊണ്ടു തന്നെ മനുഷ്യൻ മരങ്ങളെക്കാളും ചെടികളെക്കാളും പക്ഷിമൃഗാദികളേക്കാളുമെല്ലാം കൂടുതൽ കഷ്ടപ്പാടനുഭവിക്കുന്നവനാണ്. എന്നാൽ അറിയാതിരിക്കലുമല്ല സന്തോഷം. അത് കഷ്ടപ്പാടിനെ അറിയാതിരിക്കൽ മാത്രമാണ്. സന്തോഷം കണ്ടെത്തുന്നത് നിങ്ങൾ അറിവിനേയും അജ്ഞതയേയും മറികടക്കുമ്പോഴാണ്. അജ്ഞതയെന്നത് കഷ്ടപ്പാടിനെ അറിയാതിരിക്കലാണ്. അറിവെന്നത് അതേപ്പറ്റി ബോധവാനാവലും. സന്തോഷമെന്നത് അറിവിൽ നിന്നും അജ്ഞതയിൽ നിന്നും സ്വതന്ത്രമായിരിക്കലാണ്."

"അറിവിനേയും അജ്ഞതയേയും മറികടക്കുകയെന്നാൽ മനസ്സിൽ നിന്നും സ്വതന്ത്രമാവുക എന്നാണർത്ഥം. മനസ്സിൽ നിന്നും സ്വതന്ത്രമാവുമ്പോൾ നാം നമ്മുടെ ആത്മസത്തയിലേക്കു തിരികെ വരുന്നു. അതു തന്നെയാണ് ആനന്ദം. അതു തന്നെയാണ് സ്വാതന്ത്ര്യം. അതു തന്നെയാണ് ദൈവികത."

'ചുറ്റിപ്പറ്റിയുള്ള' കാര്യങ്ങൾ അറിയാൻ വേണ്ടിയുള്ള ഒരു ഉപകരണമാണ് മനസ്സ്. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതിനു ശേഷം നമ്മുടെ അപേക്ഷകൾ വാങ്ങി വെക്കുകയും അകത്തേക്ക് കടത്തിവിടാതെ, സമാധാനിപ്പിച്ചുകൊണ്ടു നമ്മെ തിരികെ അയക്കുകയും ചെയ്യുന്ന ഒരു സെക്യൂരിറ്റി ജീവനെക്കാരനെപ്പോലെയാണ് അത് പ്രവർത്തിക്കുന്നത്. നമ്മുടെ അപേക്ഷകൾ അതിനപ്പുറം എത്താൻ പോകുന്നില്ല. പക്ഷേ അറിവുകൾ നമ്മിൽ വ്യാജമായ ഒരു സമാധാനം സൃഷ്ടിക്കുന്നു. അത് സന്തോഷത്തെപ്പറ്റിയാണെങ്കിൽ സന്തോഷമായെന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു. യഥാർത്ഥത്തിൽ ദുഃഖമില്ലെങ്കിലും ദുഃഖിതനാണെന്ന പ്രതീതി ജനിപ്പിക്കുന്നു.

മനസ്സിൽ (mind) നിന്നും സ്വതന്ത്രമാവുക എന്നാൽ ഏറെ കഷ്ടപ്പെട്ട് ഏതെങ്കിലും കഠിന സാധനകളോ കർക്കശമായ വ്യായാമ മുറകളോ തപശ്ചര്യകളോ അഭ്യസിച്ച് അതിനെ കീഴടക്കുക എന്നല്ല. മനസ്സിന്റെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് അതിനോടുള്ള ഏറ്റുമുട്ടലുകളാണ്. മനസ്സിൽ നിന്നും സ്വതന്ത്രമാവുക എന്നാൽ മനസ്സിനെ തീരെ 'മൈൻഡ്' ചെയ്യാതിരിക്കുക എന്ന് മാത്രമാണ്. മനസ്സിനെ 'മൈൻഡ്' ചെയ്യാതിരിക്കുമ്പോൾ മാത്രമേ മനസ്സെന്ന മെക്കാനിസത്തിന് (MIND), നേരെ ചൊവ്വേ പ്രവർത്തിക്കാനാവുകയുള്ളൂ. അത് വേണ്ടവിധം പ്രവർത്തിക്കുന്നതിനെയാണ് MINDFULLNESS എന്ന് പറഞ്ഞു പോരുന്നത്. 

നമ്മുടെ ജീവിതത്തിലെ എത്ര നിസ്സാരമെന്നു തോന്നുന്ന ഒരു പ്രവർത്തിപോലും സന്തോഷത്തെ കൊണ്ടുവരാൻ പ്രാപ്തമാണ്. ഉദാഹരണത്തിന് രാവിലെ എണീറ്റ് ബ്രഷ് ചെയ്യുന്ന ഒരു പ്രവർത്തി തന്നെയെടുക്കുക. മനസ്സിന്റെ ധാരാളം നൂലാമാലകളിൽ നിന്നുകൊണ്ട് നമുക്ക് ബ്രഷ് ചെയ്യാം. വർഷങ്ങളായി ചെയ്തുപോരുന്ന ഒരു ശീലത്തിന്റെ ഭാഗമായി മാത്രം. ആ ശീലത്തെ ഖണ്ഡിക്കാനുള്ള ശക്തിയില്ലാത്തതിന്റെ പേരിൽ ഒരാൾ ബ്രഷ് ചെയ്യുന്നു. ഇനി അതുമല്ലെങ്കിൽ വായ്‌നാറ്റത്തെ പ്രതി മറ്റുള്ളവർ എന്ത് വിചാരിച്ചേക്കാം എന്നാലോചിച്ചുകൊണ്ട് ഒരാൾക്ക് ബ്രഷ് ചെയ്യാൻ തീരുമാനമെടുക്കാം. ഇതെല്ലാം മനസ്സിന്റെ സ്വാധീനത്തിൽ പെട്ടുകൊണ്ടുള്ള തീരുമാനങ്ങളാണ്. ഇനി മനസ്സിന് അധീനപ്പെട്ടുകൊണ്ട് മറ്റൊരു തീരുമാനവും എടുക്കാവുന്നതാണ്. ബ്രഷ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാം. പൊതുവെ നാം ഇതിനെ മടി എന്ന് അറിഞ്ഞു പോരുന്നു. കൊച്ചു കുട്ടികളിലും മറ്റും മനസ്സിന്റെ ഈ പ്രവണതയാണ് കൂടുതൽ കണ്ടുപോരുന്നത്. എന്നാൽ ഇതൊന്നുമല്ലാതെ, ആ പ്രവർത്തിയുടെ ആവശ്യകതയും പ്രാധാന്യവും അറിയുന്നതിന്റെ ഭാഗമായി തന്റെ പല്ലുകളും വായും വൃത്തിയായി സൂക്ഷിക്കുന്നതിനായി ആ പ്രവർത്തിയിൽ ഒരാൾക്ക് സ്നേഹപൂർവ്വം പങ്കെടുക്കാം. യാതൊരു ധൃതിയും കൂടാതെ. യാതൊരു അലസതയും കൂടാതെ. മറ്റു യാതൊരു വിചാരവും കൂടാതെ. അപ്പോഴാണ് സന്തോഷമെന്ന അനുഭവം നിശബ്ദമായി, യാതൊരു കോലാഹങ്ങളുമില്ലാതെ നമ്മെ പൊതിയാൻ തുടങ്ങുന്നത്. ഇത് ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ ഏതൊരു പ്രവർത്തിയിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. ഒരൊറ്റ കാര്യമേ ഉറപ്പിക്കേണ്ടതുള്ളൂ: ആ പ്രവർത്തി ചെയ്യേണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് മനസ്സായിരിക്കരുത്. മുഴുവൻ ഉത്തരവാദിത്തവും നമ്മിലായിരിക്കണം. അങ്ങനെയുള്ള ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും മനസ്സിൽ നിന്നും ഒരകലം വ്യക്തമായി അറിയാൻ തുടങ്ങും. പിന്നീട്  മനസ്സിന്റെ സ്വരത്തേയും തന്റെ തീരുമാനത്തേയും തിരിച്ചറിയാൻ വിഷമമുണ്ടാവില്ല.

മനസ്സിനെ മറികടന്നുകൊണ്ട് സന്തോഷത്തെ അനുഭവിക്കുന്ന ഒരാളിൽ 'എങ്ങനെ?' എന്ന ചോദ്യം ഉദിക്കുന്നില്ല. അതിനർത്ഥം മുൻപ് എപ്പോഴെങ്കിലും അയാളിൽ അത്തരമൊരു ചോദ്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഇപ്പോൾ അതിനുത്തരം ലഭിച്ചിരിക്കുന്നു എന്നല്ല. ആ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. കുറേകൂടി കൃത്യമായി പറഞ്ഞാൽ, സന്തോഷമായിരിക്കുന്നവൻ ഓർക്കുന്നുപോലുമില്ല താൻ സന്തോഷമായിരിക്കുന്നുവെന്ന്. സന്തോഷത്തെപ്പറ്റി ചികഞ്ഞുകൊണ്ടിരിക്കുന്നവൻ എല്ലായ്പ്പോഴും 'എങ്ങനെ?' എന്ന് ആരാഞ്ഞുകൊണ്ടിരിക്കുന്നു.

ഏതാണ് സന്തോഷത്തിലേക്കുള്ള വഴിയെന്ന് ഒരാൾ ചോദിച്ചപ്പോൾ ഓഷോ പറഞ്ഞ ഉത്തരം ഒരു വല്ലാത്ത ഉൾക്കാഴ്ച സമ്മാനിക്കുന്നുണ്ട്. ഓഷോ പറഞ്ഞത് ഇങ്ങനെയായിരുന്നു," സന്തോഷത്തിലേക്ക് ഒരു വഴിയുമില്ല. സന്തോഷമാണ് വഴി."
( There is no way to happiness. Happiness is the way ) .





x

Saturday, October 5, 2019

ഇറങ്ങിപ്പോക്കുകൾ - 5 - walkouts to oneself ...

പശ്ചിമബംഗാളിലേക്കു തിരിക്കുമ്പോൾ പ്രധാനമായും ഉദ്ദേശിച്ചിരുന്നത് ശാന്തിനികേതൻ, ദക്ഷിണേശ്വർ, ബേലൂർ, കമാർപുക്കൂർ, ജയറാം ബട്ടി (ശ്രീ രാമകൃഷ്ണന്റെയും ശാരദാദേവിയുടെയും ജന്മസ്‌ഥലങ്ങൾ), എന്നിവയായിരുന്നു. പിന്നെ സുന്ദർബൻ. തിരിച്ചുവരുമ്പോൾ ബോധ്ഗയ, കാശി എന്നിങ്ങനെ. പക്ഷെ തികച്ചും അവിചാരിതമായി വീണുകിട്ടിയതായിരുന്നു, റാണിഗഞ്ചിലെ കൽക്കരിഖനി. പുളക് ലാഹിരിയുടെ ഒരു സുഹൃത്ത് മുഖേന 
madan da
- മദൻ ദാ- യാണ് അവസരമൊത്തത്. അവർ രണ്ടു പേരും അവിടത്തുകാരായിരുന്നു - അസ്സൻസോൾ. പിന്നെ കൂടെയുള്ളത്
സ്വാമി സംവിദ് പ്രേം.

pulak lahiri
അസ്സൻസോൾ പരിസരം മുഴുവനും തന്നെ ചാരം പൂണ്ടു നിൽക്കുകയാണെന്ന് തോന്നി. ഒരുപക്ഷേ ഇത്രത്തോളം സ്റ്റീൽപ്ലാന്റുകൾ ഒരുമിച്ച് മറ്റെവിടെയും ഉണ്ടാവാനിടയില്ല. തെർമൽ പവർപ്ലാന്റുകൾ മുതൽ മറ്റുള്ളവ വേറെയും. കൽക്കരിയുടെ സാമീപ്യം കൊണ്ടാകാം.
samvid prem
ഇന്ത്യയിൽ ഏറ്റവും ആദ്യം കൽക്കരി ഖനനം തുടങ്ങിയ സ്ഥലമാണ് റാണിഗഞ്ച്-1774ൽ. ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ആദ്യത്തെ കൽക്കരി ഖനനങ്ങളും ഏതാണ്ട് അതേ വർഷങ്ങളിലൊക്കെത്തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ആയിരത്തി അഞ്ഞൂറോളം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഈ കൽക്കരിപ്പാടം (raniganj coal fields) പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി പരന്നു  കിടക്കുന്നു. 
പുളക് ലാഹിരി, ശ്രമിച്ചുനോക്കാം എന്നേ പറഞ്ഞിരുന്നുള്ളൂ, അപ്പോഴേക്കും പക്ഷേ 'സോർബാ ദ ഗ്രീക്ക്' ചിത്രത്തിലെ രംഗങ്ങൾ എന്റെ മനസ്സിലൂടെ വന്നുപോയ്‌കൊണ്ടിരുന്നു. അലക്സിസ് സോർബയും പണിക്കാരും ലിഗ്‌നൈറ്റ് ഖനിയിൽ നിന്നും ഇറങ്ങിവരുന്ന രംഗം മറക്കാനാവില്ല. ആ ഖനി ഉപേക്ഷിക്കേണ്ടിവന്നതിനാലാണ് സോർബ മറ്റു പദ്ധതികൾ ആവിഷ്കരിക്കുന്നത്. കൽക്കരി ഖനിയുടെ ദൃശ്യങ്ങളുള്ള മറ്റൊരു സിനിമയും എന്റെ ഓർമ്മയിലുണ്ട്. അതു പക്ഷേ പ്രധാന സിനിമകളിൽ ഇടം പിടിച്ചിട്ടില്ലെന്നു തോന്നുന്നു - The Razor's Edge - Somerset Maugham - എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം .
ഏതായാലും കുറച്ചു സമയത്തിനുള്ളിൽ മദൻ ദാ വന്നു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. സേഫ്റ്റി ഹെൽമെറ്റു ധരിച്ച് ഖനിയുടെ 'പ്രവേശന ദ്വാര'ത്തിനു മുന്നിലെത്തിയപ്പോൾ - ഭൂമിക്കുള്ളിലേക്കുള്ള ഒരു ദ്വാരം തന്നെയായിരുന്നു അത് - ഒരു ബ്ലാക്ക് & വൈറ്റ് ലോകം - കൽക്കരിപ്പൊടികളും ഏതോ ഭൂതത്തിലേതെന്നു തോന്നിക്കുന്ന പഴകിയ റെയിൽപാളങ്ങളും. ഒരു പക്ഷേ, അന്തരീക്ഷം എത്ര വർണ്ണശബളമാക്കാൻ ശ്രമിച്ചാലും, പറ്റില്ലെന്നു വരുമോ! കറുത്ത രത്നങ്ങളുടെ - കൽക്കരിയെ വിശേഷിപ്പിക്കാറുള്ളത് കറുത്ത രത്നങ്ങളെന്നും പെട്രോളിയത്തെ വിശേഷിപ്പിക്കാറുള്ളത് കറുത്ത സ്വർണമെന്നുമാണ് - ശ്യാമപ്രഭാവത്തിൽ മറ്റു നിറങ്ങളെല്ലാം സ്വംശീകരിക്കപ്പെടുന്നതോ? വെറുതെ ഓർമ്മ വന്നു, കൊൽക്കത്ത എന്ന പേര്   നീറ്റുകക്കയിൽനിന്നുo (kali, kata )ഉണ്ടായതാണെന്നും,കാളിയുടെ കേളീരംഗം എന്ന അർത്ഥത്തിലുള്ള 'Kalikkhetrô' പരിണമിച്ചതാണെന്നുമൊക്കെ .

താഴേക്കിറങ്ങാൻ വേണ്ടി പ്ലാറ്റുഫോമിൽ കയറിനിന്നപ്പോൾ, ഒട്ടും സാങ്കേതിക മികവ് ഇല്ലാതിരുന്നിട്ടും (ഒരു താത്ക്കാലിക സംവിധാനം എന്നേ തോന്നുമായിരുന്നുള്ളൂ - ഒന്നുകിൽ 'അപ്‌നാ ദേശ്' കാ  തനതു മനോഭാവം അല്ലെങ്കിൽ കൽക്കരി ഖനികളുടെ പൊതുസ്വഭാവം) ഒരു 'ടൈം ട്രാവൽ' മെഷീനിൽ കയറിനിൽക്കുകയാണെന്നു സങ്കല്പിക്കാൻ മോഹം തോന്നി. വെറുതെ അങ്ങനെ കഴിഞ്ഞകാലത്തിലൂടെ പിന്നോട്ട് യാത്ര ചെയ്യുക. മനുഷ്യന്റെ എക്കാലത്തെയും തീരാമോഹമാണെന്നു തോന്നുന്നു. ശാസ്ത്ര സാഹിത്യകലാ മേഖലകളിൽ ടൈം ട്രാവൽ ഭാവനകൾ കുറച്ചൊന്നുമല്ല.
ആ ഭാവനകളുമായി  കാര്യമായി ഇടപഴകിയിട്ടില്ലെങ്കിലും, എന്നെ സമൂലം പിടിച്ചുകുലുക്കിയ ഒരു ചെറുകഥയുണ്ട് - സയൻസ് ഫിക്ഷൻ ലോകത്തെ ഒരതികായനെഴുതിയ (ROBERT. A. HEINLEIN)  "all you zombies". വിശേഷ വൈദഗ്ധ്യം വെറും പ്രാണികൾക്കു പറഞ്ഞിട്ടുള്ളതാണ്; മനുഷ്യനെന്നത് ഏതു പ്രവർത്തിയിലേക്കും വ്യാപാരിക്കാനാവുന്ന  അവബോധ കേന്ദ്രമാണെന്ന് ഓർമിപ്പിച്ച അമേരിക്കൻ എഴുത്തുകാരൻ ("A human being should be able to change a diaper, plan an invasion, butcher a hog, conn a ship, design a building, write a sonnet, balance accounts, build a wall, set a bone, comfort the dying, take orders, give orders, cooperate, act alone, solve equations, analyze a new problem, pitch manure, program a computer, cook a tasty meal, fight efficiently, die gallantly. Specialization is for insects.")  സ്ഥല കാല ചേരുവകളുടെ സങ്കീർണ്ണതയും, ഐൻസ്റ്റീൻ 'wormholes' എന്നുവിളിച്ച 'കുറുക്കുവഴി പ്രപഞ്ച'ങ്ങളും ഒരുപോലെ ഇടകലർന്ന്, തത്വമസി മനനത്തോളം ചെന്നെത്തുന്ന ഭാവനാസത്യങ്ങൾ (അങ്ങനെപ്രയോഗിക്കാമോ എന്നറിഞ്ഞുകൂടാ) പങ്കു വെക്കുകയാണ് 'all you zombies'.

ബാർ ടെൻഡർ ആയിട്ടുള്ള ഒരാൾ ഒരു ടൈം ട്രാവൽ മെഷിനിൽ കയറി കാലത്തിലൂടെ പിന്നിലേക്കു യാത്ര ചെയ്യുന്നതാണ് കഥ. തന്റെ തന്നെ പൂർവ്വജന്മങ്ങളേയും താൻ തന്നെ പുനർജ്ജനിക്കുന്നതുമായി അയാൾ അടുത്തറിയുന്നു. അതിലുമുപരി അയാൾ തിരിച്ചറിയുന്ന ചില സത്യങ്ങളുണ്ട്. ഒരുപക്ഷേ, കഥാപാത്രമെന്ന നിലയിൽ ആ സത്യങ്ങൾക്കുനേരെ അയാൾ നിസ്സംഗനാണെങ്കിലും, വായിക്കുന്നവരിലേക്ക് ആ സത്യങ്ങൾ കയറിവരുന്നത് കൂർത്ത മുനകളുമായാണ്.
കാലത്തിന്റെ ദ്വാരപ്രഹേളികകളിലൂടെ താൻ തന്നെ തന്റെ മുത്തച്ഛനായും തന്റെ തന്നെ കുഞ്ഞായും അമ്മയായുമൊക്കെ മാറിമറിഞ്ഞുവരുന്ന കാഴ്ച. 'സങ്കീർണമായ മനുഷ്യബന്ധങ്ങൾ ' എന്ന ക്ളീഷേകളെക്കൊണ്ടല്ല അതിനെ സമീപിക്കേണ്ടത്. അടിസ്ഥാനപരമായ ഊർജ്ജസംക്രമണസമസ്യകൾ - hyper dimensions - എന്ന വിനയം
michio kaku
കൊണ്ടായിരിക്കണം.
michio kaku എന്ന ശാസ്ത്രജ്ഞൻ 'world lines' എന്ന തന്മാത്രാ തത്വങ്ങളുടെ വെളിച്ചത്തിൽ ഈ ചെറുകഥയെ വിശകലനം ചെയ്യുമ്പോൾ, നിരൂപണമെന്നത് ഒരു ശാസ്ത്രകലയാണെന്ന് അടിവരയിടുന്നുണ്ടെന്നു തോന്നുന്നു. 

ഞങ്ങൾ നാലുപേരും കയറിനിന്നതിനു ശേഷം ഒരു ബട്ടൺ അമർത്തിയപ്പോൾ ഞങ്ങളെയും കൊണ്ട് ആ പ്ലാറ്റുഫോം താഴോട്ടു പോകാൻ തുടങ്ങി. അല്പമൊന്നു ആടിയുലഞ്ഞ്, ലോഹങ്ങൾ തമ്മിലുരസുമ്പോഴുണ്ടാവുന്ന ചില്ലറ മുറുമുറുപ്പുകളോടെ. ലോഹച്ചരടുകളുടെ ആയാസങ്ങൾ. ആധുനികമായ ലിഫ്റ്റും ക്യാബിനും സവിധാനങ്ങളുമല്ലാതിരുന്നത് നന്നായി. അങ്ങനെയായിരുന്നെങ്കിൽ ഒരുപക്ഷേ ഒരു കയത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാന്നെന്ന് ഇത്രക്കും ഗഹനതയോടെ അനുഭവിക്കാനാവില്ലായിരുന്നു. 625 അടി താഴേക്കാണ് സാവധാനം പൊയ്ക്കൊണ്ടിരുന്നത്. (അത്ര സാവധാനമൊന്നുമല്ലായിരുന്നാലും, ഞാൻ അതിനെ വളരെ സാവധാനമുള്ള ഒരു വീഴ്ചയായി അനുഭവിച്ചു എന്നതാണ് നേര്).
വീണുകൊണ്ടിരിക്കുക എന്നത്  മനോഹരമായ ഒരനുഭവം തന്നെയാണ് .
ഉയരമുള്ള മുളത്തലപ്പുകളിൽ നിന്ന്, വെളുത്ത മാർബിൾ തറയിലേക്ക് ഉതിർന്നുവീഴുന്ന ഉണക്കിലകൾ, കറങ്ങിക്കറങ്ങി സാവധാനം നിലത്തു പതിക്കുന്നത്, എത്ര കണ്ടാലാണ് മതിവരുക ! ഓഷോ കമ്മ്യൂണിൽ ,’ബുദ്ധാ ഗ്രൊവി’ൽ ഇരിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടമുള്ള ധ്യാനം മുളയിലകളുടെ ഈ വർഷ നൃത്തമാണ് . 

വീഴ്ച്ചകളിൽ ഒരല്പം ബോധം കലരുമ്പോൾ, അതിനു സമർപ്പണഛായ കൈവരുന്നു. പിന്നീട് ആ വീഴ്ചയിൽ നാം അനുഭവിക്കുക അഭയമാണ്, അമ്പരപ്പല്ല. കുറേ വർഷങ്ങൾക്കു മുൻപായിരുന്നു ഒരിക്കൽ ആഷാമേനോന് എഴുതിയപ്പോൾ, 'an abysmal falling into osho' എന്ന് ഞാൻ എന്റെ വർത്തമാനത്തെ നിർവചിച്ചത്. 'ഛന്ദസ്സുകൾ’-ൽ , ആ വാക്കുകൾ തന്നെയിപ്പോഴും പിന്തുടരുന്നുവെന്നു ആഷാമേനോൻ
aashamenon
പ്രതിവചിക്കുമ്പോൾ, ഞാനതിനെ ഇങ്ങനെയേ മനസ്സിലാക്കൂ ,"he too,in that falling, the very abysmal falling". ഓഷോവിലേക്കെന്നല്ല, മറ്റാരിലേക്കുമല്ല, തന്നിലേക്കു തന്നെ എന്നു പോലും പറയാനാവില്ല, പക്ഷേ വീഴാതിരിക്കുക അസാധ്യമാണ്. എത്ര നിഷേധിച്ചാലും, എത്ര തന്നെ സംശയിച്ചാലും, എത്ര തന്നെ അജ്ഞനായാലും, that falling is the very beat of existence. ബോധചേതനയുടെ ഹൃദയമിടിപ്. ആരിലും. ഏതിലും. ഛന്ദസ്സുകൾ എന്ന പദത്തിന് മറ്റെന്ത് ധ്വനികളാണുള്ളത് ?
ഈ കയത്തിലേക്കിറങ്ങിപ്പോകുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞുപോവുകയാണ്. Deeper, deeper…..and deeper...
ഈവെനിംഗ് മീറ്റിങ്ങുകളിൽ  ഓഷോയുടെ ശബ്ദത്തോടൊപ്പം എത്രയോ തവണ ആഴ്ന്നാഴ്ന്നു പോയിരിക്കുന്നു, എവിടേക്കെന്നില്ലാതെ. എന്റെ കാതുകളിൽ ആ ശ്രവണങ്ങൾ തുടരുകയാണിപ്പോഴും : 
Be silent ...
close your eyes ...
Feel as if you are frozen.
Enter in.
The deeper you can,
the more you will experience
your buddha-nature.
At the deepest point,
you are the ultimate reality –
immortal, eternal,
with all the blessings
that you can ever conceive of.
Don’t miss the opportunity.
It is the simplest thing in the world
to go in ... because it is your own home.
You need not even knock on the doors.
In fact there are no doors inside.
It is an open space, an open sky.
But to know this open sky
is to realize
the deathless principle of your existence.
Deeper, deeper, and deeper ...
Drink this life juice to your heart’s content.
And remember this peace, this silence,
this blissfulness.
Around the day,
whatever you are doing, don’t forget it.
Like an undercurrent,
let it remain there. 
And slowly, slowly
it will change your whole life structure.

ആ പ്ലാറ്റ്ഫോം താഴെയെത്തി മുട്ടിനിന്നപ്പോൾ ഇരുട്ട് മാത്രമായിരുന്നു ചുറ്റും . നിമിഷങ്ങളെടുത്തു കണ്ണ് തെളിയാൻ. മങ്ങിയ മഞ്ഞവെളിച്ചം. മെലിഞ്ഞുണങ്ങിയ രണ്ടു റെയിലുകൾ അകത്തേക്ക് വെട്ടിയിട്ടുള്ള തുരങ്കങ്ങളിലൂടെ എവിടേക്കോ കടന്നുപോകുന്നുണ്ട്. നാലരകിലോമീറ്റർ ദൂരെയാണത്രേ ഇപ്പോൾ ഖനനം നടക്കുന്നത്. ഈ പാടത്തിൽ (coal field), തൊണ്ണൂറിലധികം ഖനികളുണ്ട്. കുഴിച്ചുകൊണ്ടേയിരിക്കുകയാണവർ.


തൊട്ടടുത്ത് ഒരു ട്രാൻസ്‌ഫോർമർ ഇരുന്ന് മുരളുന്നുണ്ട്. കുഴിച്ചെടുക്കുന്ന കൽക്കരിക്കഷ്ണങ്ങളെ ട്രോളികളിൽ വലിച്ചുകൊണ്ടുവരുന്നതിനായി സ്റ്റീൽ റോപ്പുകളും ലിവറുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മണ്ണിൽനിന്നും ഒലിച്ചിറങ്ങുന്നതാകണം, ചെളിയും വെള്ളവും കെട്ടികിടപ്പുണ്ട്. ഇടക്കിടെ ഓരോരോ ട്രോളികൾ നിരങ്ങിവരും, കൽക്കരിയുമായി. സ്റ്റീൽ റോപ്പുകളുടെ സപ്പോർട്ടിങ് വീലുകൾ, കെട്ടിക്കിടക്കുന്ന  വെള്ളത്തെ സ്പർശിച്ചുകൊണ്ടു കറങ്ങിയപ്പോൾ അതീവ സുന്ദരമായ 'കോമൾ സ്വരങ്ങൾ '. എനിക്കുതോന്നി അതൊന്നു റെക്കോർഡ്‌ചെയ്യണമെന്ന്. റെക്കോർഡിങ്ങിനു ശ്രമിക്കുകയാണെന്ന് പുളക് ലാഹിരിക്ക് മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹം സംഗീതജ്ഞനാണ്. അദ്ദേഹത്തിന്റെ ശ്രവണ സൂക്ഷ്മതകൾ എനിക്ക് പരിചയമുള്ളതാണ്. അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോൾ, ആ കണ്ണുകളിൽ ആജ്ഞയും ഓർമ്മപ്പെടുത്തലും ഉണ്ടായിരുന്നു. ഞാൻ ആ ശ്രമത്തിൽ നിന്നും പിൻവലിഞ്ഞു. ആ മധുസ്വനങ്ങൾ എനിക്കിപ്പോഴും അനുഭവിക്കാൻ കഴിയുന്നത് അതുകൊണ്ടാവാം. അല്ലായിരുന്നുവെങ്കിൽ അവ ഡിജിറ്റൽ കോഡുകളായി ഏതെങ്കിലും ഫോൾഡറുകളിൽ അവഗണിക്കപ്പെട്ടേനെ.
ഇടക്കെപ്പോഴോ രണ്ടോ മൂന്നോ ആളുകൾ ട്രോളികളിൽ കയറി തുരങ്കത്തിൽ നിന്നും പുറത്തു വന്നു. ഖനനം കഴിഞ്ഞു വരുന്നവർ. ആ ഗുഹാനാഴികളിലൂടെ കുറച്ചുദൂരം മുന്നോട്ടു നടക്കാൻ പറ്റി. അവിടന്നങ്ങോട്ട് അനുവാദമില്ലായിരുന്നു.
അതിജീവനത്തിന്റെ ആദ്യനാളുകളിൽ പ്രകൃതിനിർമ്മിത ഗുഹകളിൽ നിവസിച്ചുപോന്നിട്ടുള്ള മനുഷ്യൻ എവിടം മുതലാണ് ഗഹ്വരങ്ങളിലും മണ്ണ് തുരക്കുന്നതിലും അനുരക്തനായത് എന്ന് കൃത്യമായി പറയാനായിട്ടില്ല. ഇതുവരേക്കും കണ്ടെത്തിയിട്ടുള്ള തുരങ്കങ്ങൾ വെച്ചുകൊണ്ട് ഏകദേശം അയ്യായിരം വർഷങ്ങളായി അവൻ തുരങ്കനിർമ്മാണത്തിൽ വ്യാപൃതനാണെന്ന് അനുമാനിക്കപ്പെടുന്നു. മണ്ണുമാന്തിക്കൊണ്ടുള്ള ശവസംസ്ക്കാരം ഏകദേശം ഒരു ലക്ഷം വർഷം മുൻപേ ചെയ്തുപോന്നിട്ടുണ്ടത്രേ! ഏതായാലും കേവലം ജൈവികമായ ഒരു ത്വരയുടെ ഭാഗമായി ഭൂമി തുരക്കുന്ന ജീവികളെപ്പോലെയല്ലാതെ, കൃത്യമായ ഏതോ ആവശ്യങ്ങൾക്ക് വേണ്ടി മണ്ണ് തുരന്നു തുരന്നു മുന്നേറിയ നാളുകൾ മനുഷ്യപരിണാമത്തിലെ സ്വതന്ത്രാവബോധത്തിന്റെ നാഴികക്കല്ലുകളായി എണ്ണപ്പെടുന്നുണ്ട്. ആകാശം മുട്ടുന്ന പർവ്വതാഗ്രങ്ങളെപ്പോലെത്തന്നെ അന്തമില്ലാത്ത ആഴങ്ങളും അവനെ പ്രലോഭിപ്പിച്ചു കാണില്ലേ?

തമോദ്വാരങ്ങൾ, സുഷിരമെന്നും വൃത്തമെന്നുമുള്ള പ്രതിഭാസങ്ങൾ അവന്റെ ചേതനയിലെ ഏതെല്ലാം അജ്ഞാത ലോകങ്ങളിലേക്കു പ്രകാശം വീഴ്ത്തിക്കാണില്ല? ജ്യാമിതിയുടെ ജൈവനാമ്പുകൾ. അന്ധകാരത്തിന്റെ കാണാവലയങ്ങൾ. അതുവരേക്കും അനുഭവിച്ചിട്ടില്ലാത്ത ശബ്ദവിന്യാസങ്ങൾ. പിന്നെയും എന്തെല്ലാമോ തന്റെ തുരങ്ക നിർമ്മാണങ്ങൾ അവനു സമ്മാനിച്ചു കാണും. 

'മേരി ദുക്കല് ദേ വിച്ച് ചോർണി' (എന്റെയുള്ളിൽ ഒരു മോഷ്ടാവ് കുടിയിരിക്കുന്നുണ്ട്) എന്ന് ബുല്ലേ ഷാ പാടിയത് പോലെ മനുഷ്യനകത്ത്, മാളം നിർമ്മിക്കുന്ന ഏതൊക്കെയോ മൃഗ ചോദനകൾ വസിക്കുന്നുണ്ടാവണം. പെരുച്ചാഴി മുതൽ വെട്ടാ വെളിയൻ വരെ. മണ്ണുകുഴച്ചുണ്ടാക്കിയ ഒരു വേട്ടാളൻ കൂടിന്റെ ആദ്യ ദർശനം അവനിൽ നിഗൂഢതയുടെ

പ്രാരംഭപ്രതീകങ്ങളിലൊന്നായിരിക്കണം- a mystery capsule. (കൃത്യമായും ഒരു വേട്ടാളൻ കൂടുപോലുള്ള ഒരു സംഗീതോപകരണം (xun) പാരിതോഷികമായി കിട്ടിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു- അനിൽ സരസ്വതിക്ക്‌ നന്ദി). ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ്സിൽ വേട്ടാളൻ ഒരു സുപ്രധാന പ്രതീകമാണെന്നോർക്കുക. വേട്ടാളൻ തുളച്ചുവിട്ട ഒരു മുളന്തണ്ടായിരിക്കണം അവന്റെ ശ്രവണപുടങ്ങളെ കുളിരണിയിച്ച ആദ്യ സ്വനങ്ങൾ സമ്മാനിച്ചത്.
സുഷിരവാദ്യങ്ങളിലേക്കുള്ള താല്പര്യം കേവലം നിലനിൽപ്പിന്റെ ഭാഗമായിരുന്നില്ല. ശ്രവണത്തിന്റെ പ്രഥമാങ്കുരങ്ങൾ, ഒരു ധ്യാനമെന്ന നിലയിൽ, സംഭവിച്ചിട്ടുള്ളത്‌ ചെറുത്തുനില്പിന്റേയും പലായനങ്ങളുടേയും ഇടയിലെവിടെയോ അവനിലേക്ക്‌ കയറിവന്ന സൂക്ഷ്മ ധ്വനികളിലൂടെയാകും. മരപ്പൊത്തുകളും ഗുഹാന്തരങ്ങളും പ്രതിധ്വനിപ്പിച്ച മുഴക്കങ്ങൾ. പൊള്ളയായ അസ്ഥിപഞ്ജരങ്ങളിൽ കാറ്റു പിടിച്ചപ്പോൾ ഉതിർന്നുവീണ മൃദു വരിശകൾ. 
Geissenklösterle ഗുഹകളിൽ നിന്നും ( ജർമ്മനി ) ഈയടുത്തകാലത്ത് കണ്ടെടുത്ത അസ്ഥികൊണ്ടുള്ള ഒരു ഫ്ലൂട്ട് ആണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംഗീതോപകരണമായി കണക്കാക്കുന്നത്.

അതിന്റെ പഴക്കം ഏകദേശം 43000 വർഷമാണത്രേ. ഇത് നടക്കുന്നത് ഹിമയുഗത്തിൽ ആണെന്നോർക്കുക. വൈജാത്യമാർന്ന മറ്റു ഗോത്രങ്ങളുമായി സംവദിക്കാനും അനേകം ഭൂവിസ്തൃതികളിലേക്കു പടർന്നുപെരുകാനും മനുഷ്യനെ സഹായിച്ചത് ഈ അസ്ഥിക്കുഴലുണ്ടാക്കിയ ആന്ദോളനങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു.

മൂന്നു മണികൾ മുഴങ്ങി. മുകളിൽ നിന്നും ആരോ ഇറങ്ങിവരാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. പ്ലാറ്റുഫോമിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നത് മുഴങ്ങുന്ന മണികളുടെ എണ്ണമനുസരിച്ചാണ്. ഒരു മണിയടിച്ചാൽ കൽക്കരിയുമായി ട്രോളി വരുന്നുണ്ടെന്നർത്ഥം. രണ്ടുമണിയടിച്ചാൽ ട്രോളി മുകളിൽ നിന്നും ഇറങ്ങുന്നുവെന്നർത്ഥം. അങ്ങനെയങ്ങനെ. 625 അടി ആഴമുള്ള തുരങ്കത്തിൽ മണികൾ മുഴങ്ങിയപ്പോൾ, പരിചയമില്ലാത്ത കാതുകൾക്ക് ദിശയറിയാൻ പാടാണ്. കനത്ത ഇരുട്ടിൽ, വിശേഷിച്ചും പ്രാചീനമായ തുരങ്കമുഖങ്ങളിൽ നിന്നും എന്ത് ശബ്ദം കേട്ടാലും ഒരു വേള, അത് വരുന്നത് നമുക്കകത്തുനിന്ന് തന്നെയോ എന്ന് തോന്നിപ്പോകും.
കൽക്കരി നിറച്ച ഒരു ട്രോളിക്കു പിന്നാലെ കൽക്കരിപുരണ്ട ദേഹങ്ങളുമായി ഒന്നുരണ്ടു പേർ കടന്നു വന്നു, ഭൂമിക്കടിയിലുള്ള ഏതോ ഒരിടത്തുനിന്നും വന്ന അന്യജീവികളെപ്പോലെ.

ഇത്തരമൊരു ഗുഹാപ്രവേശമുണ്ടായിട്ടുള്ളത് ചിപ്ലൂണിൽ വച്ചാണ്. അവിടെ അടുത്തുള്ള അലോരെ ഹൈഡ്രോ പവർ പ്ളാൻറ് സന്ദർശിച്ചപ്പോൾ. വളരെ വലിയ ഒരു മലയാണ്. പുറമേനിന്ന് ഒരു മാളം മാത്രമേ കാണാനാവൂ. ജീപ്പ് അകത്തേക്ക് കടന്നപ്പോൾ, മലക്കകത്തു മറ്റൊരുലോകം. രണ്ടു ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. മറ്റൊരു വശത്ത് ഒരു  ചായക്കട. ഒരു ബെഞ്ചിൽ ഇരുന്ന് ഒന്നു രണ്ടു പേർ പത്രം വായിക്കുന്നു. ഉള്ളിലേക്ക് കയറിച്ചെന്നപ്പോൾ ...നാലുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള നാലു വെർട്ടിക്കൽ ടർബൈനുകൾ കുത്തിനിർത്തിയിരിക്കുന്നു. നാല്പത്തിയാറു കിലോമീറ്റർ ദൂരെ ക്വയ്‌ന ഡാമിൽനിന്നാണ് ഈ ടർബൈനുകളിലേക്കു വെള്ളമെത്തുന്നത്. നിരവധി മുറികളും കണ്ട്രോൾ റൂമുകളും, എല്ലാം മല തുരന്നുണ്ടാക്കിയിരിക്കുന്നു. വായു സഞ്ചാരത്തിനുവേണ്ടി പതിനഞ്ചു  മീറ്റർ വ്യാസമുള്ള ഒരു ഫാൻ, മലയുടെ ഒരു ശിഖരത്തിൽ ദ്വാരമുണ്ടാക്കി ഫിറ്റു ചെയ്തിട്ടുണ്ട്. മറ്റൊരുവശത്തുകൂടെ അഞ്ചു കിലോമീറ്ററും പത്തുകിലോമീറ്ററും ദൈർഘ്യമുള്ള മറ്റു രണ്ടു തുരങ്കങ്ങളും കാണാവുന്നതാണ്. ആസ്വാദ്യമായിട്ടുള്ള എഞ്ചിനീയറിംഗ് വൈദഗ്ദ്യങ്ങൾ.

കൽക്കരി ഖനിയിൽ പക്ഷേ അത്തരം വൈദഗ്ദ്യങ്ങളോ വിസ്മയങ്ങളോ പ്രകടമല്ലായിരുന്നു. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം പ്രാചീനതയുടെ വൈകാരികാംശങ്ങൾ, ഒരു reliving എന്നോണം, ഈ അന്തരീക്ഷം നമുക്കൊരുക്കിത്തരുന്നത് . 

കുറേ സമയത്തിനു ശേഷം മദൻ ദാ ഞങ്ങളെ മുകളിലേക്കെത്തിച്ചു. ഇരുട്ടിന്റെ മാസ്മരികതയിൽ നിന്ന് വീണ്ടും വെളിച്ചത്തിന്റെ പോർമുഖങ്ങളിലേക്ക്. ഒരു തരം അകം നൂഴൽ. അകത്തുനിന്നും കുഴിച്ചെടുക്കപ്പെട്ട
കൽക്കരിക്കഷ്ണങ്ങൾ ദൂരെ കൊണ്ടുപോയി ശേഖരിക്കുന്നുണ്ട് . അവ അഗ്നിയാണത്രേ. കോടിക്കണക്കിനു വർഷങ്ങളുടെ അഗ്നി അതിൽ സുപ്തമായി കിടക്കുന്നു. ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ചു 30 കോടി വർഷങ്ങളാണ് കൽക്കരിയുടെ ചുരുങ്ങിയ പ്രായം. അവ പകരുന്ന ചൂടും വെളിച്ചവും കാലത്തിന്റെ എല്ലാ അതിരുകളേയും മായ്ച്ചുകളയുന്നു. പ്രാചീനത, ആധുനികത എന്നീ പദങ്ങൾക്ക് നമ്മുടെ ഉണർവിന്റെ ഏതോ തലങ്ങളിൽ വെച്ച് അവയുടെ അർത്ഥം നഷ്ടമാവുന്നുണ്ട്.
ഉണർവിനെക്കുറിച്ചു പറയുന്നേടത്തൊരിക്കൽ ഓഷോ ഉണർവിനെ  ഉപമിച്ചിട്ടുള്ളത് ചുട്ടു പഴുത്ത കൽക്കരിയെന്നാണ്, the burning coal.
ഇക്കാണുന്ന കൽക്കരിക്കഷ്ണങ്ങൾ വെറും കൽക്കരിയല്ല തന്നെ. മറ്റെന്തിനെയൊക്കെയോ അവ പ്രതിനിധാനം  ചെയ്യുന്നുണ്ട് ! 

കബീർ പാടിയിട്ടുണ്ട്, കുഴിച്ചു കുഴിച്ചു സ്വയം കുഴിച്ചുപോയെന്ന്.
ഏതായാലും ആനന്ദമെന്നത് ഖനിജമായിരിക്കില്ല, ഖനനമാവാനേ വഴിയുള്ളൂ.
*                             *   *
ആദ്യകാലങ്ങളിൽ, തുരങ്കങ്ങളുണ്ടാക്കി ആഴങ്ങളിലേക്ക് പോകാൻ ശ്രമിച്ചിരുന്നവരെ 'ഇറങ്ങിപ്പോകുന്നവർ' എന്ന് വിളിച്ച് സമൂഹത്തിന് പുറത്തു നിർത്തിയിരുന്നുവത്രേ. എനിക്ക് തോന്നുന്നു, ആകാശങ്ങൾ താണ്ടാൻ ശ്രമിച്ചിരുന്നവരേയും മാറ്റി നിർത്തിയിട്ടുണ്ടാകണം. വിലക്കുകൾക്ക് നന്ദി പറയുക; പ്രതിരോധങ്ങൾ പര്യവേക്ഷണങ്ങൾക്ക് ഊർജ്ജം പകർന്നിട്ടേയുള്ളൂ.

ഇറങ്ങിപ്പോക്കുകൾ തുടരുക തന്നെ ചെയ്യുന്നു, എല്ലാവരിലും, എക്കാലത്തും.