Featured Post

Thursday, August 13, 2020

ഉണർവിലേക്കുള്ള പടവുകൾ - 9

                                                            

painting by ROBERT GONSALVES


അതിർത്തി വിഭ്രാന്തികൾ  


ഭാരതീയ ദർശനങ്ങളിൽ കൂടെക്കൂടെ പറഞ്ഞുപോരാറുള്ള ഒരു ഉപമയുണ്ട്- മൺകുടത്തിനകത്തെ ആകാശം. ആത്മീയ പരിസരങ്ങളിൽ ഇപ്പോഴും ആ ഉപമ ഉദ്ധരിക്കപ്പെടാറുണ്ടെന്നു തോന്നുന്നു. എത്ര പുരാതനമായിട്ടുള്ളതാണെങ്കിലും, എന്നും ആധുനികമായി നിലകൊണ്ട് സംവദിക്കാനുള്ള സൂക്ഷ്മതയും സൗന്ദര്യവും അതിനുണ്ട് എന്നതുതന്നെയാണ് കാരണം; ദൈനം ദിന ജീവിതത്തിൽ അതിപ്പോഴും ഏറെ പ്രസക്തവുമാണ്.

ആകാശമെന്നാൽ, ഇടം - space. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു അതിർത്തിയെയാണ് നാം കുടം എന്ന ആകൃതിയായി അറിഞ്ഞുപോരുന്നത്. അങ്ങനെയൊരു അതിർത്തിയെ മെനഞ്ഞതുകൊണ്ടു മാത്രം, സാർവ്വികമായിട്ടുള്ള ഇടത്തെ നാം അകമെന്നും പുറമെന്നും വേർതിരിച്ചു പറയുന്നു. സ്പേസിന് സത്യത്തിൽ യാതൊരു വേർതിരിവുമുണ്ടായിട്ടില്ല. എന്നിട്ടും പക്ഷേ മൺകുടത്തെ പ്രതി വെറും പ്രായോഗികമായി, അതേ ഇടത്തെത്തന്നെ നാം രണ്ടാക്കി മാറ്റിയിരിക്കുന്നു. ഈ മൺപാത്രം ഉടഞ്ഞുപോയാലും സ്പേസിന് മാറ്റമൊന്നും വരുന്നില്ല. അപ്പോൾ നാം പക്ഷേ അതിനെയറിയുക 'വിശാലമായ ഇടം' എന്ന നിലയിലായിരിക്കും.
ഈ ഉപമ മലയാളത്തിൽ ഏറെ പരിചിതമായിട്ടുള്ളത് മറ്റൊരു വിധത്തിലാണ്- ഹരിനാമ കീർത്തനം വഴി. ഹരിനാമ കീർത്തനത്തിലെ പ്രയോഗം, 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരു ഇണ്ടലി'നെക്കുറിച്ചാണ്; അതേപ്പറ്റി മിണ്ടാതിരിക്കുകയാണത്രേ നല്ലത് ! അത്രക്കും ആഴത്തിലുള്ളതാണ് ആ വേർപിരിവുണ്ടാക്കിയിരിക്കുന്ന ബുദ്ധിമുട്ടുകൾ.
അതീവ ഗഹനമായിട്ടുള്ള ഈയൊരു ഉൾക്കാഴ്ചയെ, നിർഭാഗ്യവശാൽ, തീർത്തും ഉപരിപ്ലവമായ തലത്തിലാണ് പൊതുവെ വ്യവഹരിച്ചുപോരുന്നത്. സമൂഹത്തെ സംബന്ധിച്ച്, 'ഒന്നായ നീ' എന്നാൽ, വിശ്വാസികളായിട്ടുള്ളവർ യാതൊരുണർവ്വും കൂടാതെ ഉരുവിട്ടുപോരുന്ന 'എല്ലാമായ ദൈവം, സർവ്വവും ദൈവമാകുന്നു, ദൈവം സർവ്വ വ്യാപിയാണ്, തൂണിലും തുരുമ്പിലും ദൈവമുണ്ട്' എന്നിങ്ങനെയുള്ള നാട്ടുനടപ്പ് പ്രസ്താവങ്ങൾ മാത്രമാണ്. അതിനപ്പുറം എന്തെങ്കിലും അനുഭവിക്കാൻ വിശ്വാസം എന്ന മറ (veil) അനുവദിക്കില്ല. ഒരുപക്ഷേ, 'ഒന്നായ നീ' എന്ന പ്രയോഗത്തെ വിശ്വാസികൾ അവരുടേതായി കവർന്നെടുക്കുകയാണ് ചെയ്തത്. ധ്യാനത്തിന്റെ, ഉണർവിന്റെ ഭാഷ, 'ഒന്നായ ഞാൻ' എന്ന് അറിയലാണ്; 'ഒന്നായ ഞാൻ' എന്ന് പറയുക പോലുമല്ല.
പ്രയോഗിക ജീവിതത്തിൽ മൺകുടത്തിന്റെ സ്ഥാനത്ത്, വിഭജനത്തിനു നിമിത്തമായി വർത്തിക്കുന്നത് നമ്മുടെ മനസ്സാണ്. അപാരമായ അവബോധ സമുദ്രത്തിൽ, മനസ്സ് വന്ന് അതിനെ തെറ്റെന്നും ശരിയെന്നും, നല്ലതെന്നും ചീത്തയെന്നും, ആത്മീയമെന്നും ഭൗതികമെന്നും, അകമെന്നും പുറമെന്നും, സ്വന്തമെന്നും അന്യനെന്നും അപരനെന്നുമെല്ലാം അതിവേഗം ഭിന്നിച്ചുകളയും. അതേ മനസ്സുതന്നെ നമ്മെ ശരീരം, മനസ്സ്, അവബോധം, ഹൃദയം(വികാര കേന്ദ്രം) എന്നിങ്ങനെ വിഭജിക്കുന്നു. അതേ മനസ്സുതന്നെ നമ്മെ പൂർണ്ണതയിൽ (whole) നിന്നും അടർത്തിമാറ്റിക്കൊണ്ട് 'ഞാൻ' എന്ന് നിർവ്വചിക്കുന്നു; ‘മനുഷ്യനും പ്രകൃതിയും’ എന്ന് പറയുന്നതുപോലെയൊരു തമാശയാണ് 'ഞാനും'. ഈ വിഭജനങ്ങളുടെ സ്വാധീനം എത്രത്തോളം ആഴത്തിലാണ് നമ്മിൽ പതിഞ്ഞുകിടക്കുന്നതെന്ന് ഒരേകദേശ ധാരണയെങ്കിലും ഉണ്ടാവുമ്പോൾ മാത്രമേ 'ഒന്നായ നിന്നെ രണ്ടെന്നു കണ്ടതുകൊണ്ടുള്ള പൊല്ലാപ്പുകൾ' ഉണർവിലേക്കുള്ള പടവുകളാവുന്നുള്ളൂ.
 തൊട്ടു മുന്നിലുള്ള മുറ്റത്തെ, (ലോക്ക് ഡൌൺ കാലമായതിനാൽ നിലത്തേക്കിറങ്ങാത്തവരാണെങ്കിൽ, സ്വന്തം മേശപ്പുറമായാലും മതി) ഒരു നിമിഷനേരത്തേക്ക് ഒന്ന് നോക്കിക്കാണുക. അതിനു ശേഷം ഒരിടത്ത് നീണ്ട ഒരു വര വരക്കുക. ഇനി അതേ ഇടത്തെ വീണ്ടും നോക്കിക്കാണുക. എത്ര പെട്ടെന്നാണ് അതേ ഇടത്തെ നാം അപ്പുറമെന്നും ഇപ്പുറമെന്നും അറിയുന്നത്! തൊട്ടു പിന്നാലെ ഉണ്ടായിവരുന്ന താരതമ്യങ്ങൾ നിരീക്ഷിക്കുക; അപ്പുറം അത്ര വൃത്തിയുള്ളതല്ല, അപ്പുറത്താണ് പച്ചപ്പ്‌ കൂടുതൽ, എല്ലായ്പ്പോഴും തന്റെ കാൽ വിരൽ ഉളുക്കിയിട്ടുള്ളത് അപ്പുറത്തു വെച്ചാണ്, അല്ലെങ്കിൽ ഇപ്പുറത്തിനോട് ഒരു വല്ലാത്ത മമത അങ്ങനെയങ്ങനെ ആ വിഭജന ചിന്തകൾ പടരുകയായി. ഒരൊറ്റ നിമിഷം മുൻപ് വരേയ്ക്കും നമുക്കത് ഒരൊറ്റ മുറ്റമായിരുന്നു. 
ഒരു വലിയ ചതുരത്തെ, നാലായി തിരിച്ചതിനു ശേഷം ഓരോന്നിനെയും നാം ബെഡ്‌റൂം, അടുക്കള, കുളിമുറി, ഡ്രോയിങ് റൂം എന്നിങ്ങനെ പേര് വിളിച്ചു കഴിഞ്ഞാൽ പിന്നീട് ഓരോ ഇടവും നമ്മിലുണ്ടാക്കുന്ന വികാര വൈജാത്യങ്ങൾ നിരീക്ഷിച്ചുനോക്കുക. ഓരോ മുറിയോടും നമ്മുടെ ആഭിമുഖ്യങ്ങൾ എങ്ങനെയാണെന്ന് നിരീക്ഷിക്കുക. രസാവഹമാണത്. ഒരേ സ്പേസിനെ നാം ഇഷ്ടിക കെട്ടി തിരിച്ചെന്നേയുള്ളൂ. ഇത്തരം വിഭജനങ്ങൾ, തന്റെ വ്യക്തിത്വത്തിന്റെ തീർത്തും അദൃശ്യമായ തലങ്ങളിൽ അനവരതം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരാൾക്ക് താൻ 'ഒരു ഒറ്റപ്പെട്ട ദ്വീപ്' ആയി തോന്നിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
ഈ വിഭജനങ്ങളൊന്നും മനസ്സിന്റെ ഒരു കുറ്റകൃത്യമെന്ന നിലയിലല്ല നോക്കിക്കാണേണ്ടത്; അതിന്റെ പ്രകൃതമെന്ന നിലക്കാണ്. മാത്രവുമല്ല, പ്രായോഗികമായി അതിനു പ്രസക്തിയുണ്ട് താനും. അപ്പോൾ പിന്നെ ഹരിനാമ കീർത്തനകാരൻ സൂചിപ്പിച്ച 'ഇണ്ടൽ' ഉണ്ടാവുന്നതെവിടെയാണ്? ഈ വിഭജനങ്ങളെയെല്ലാം, സത്യമായി ധരിക്കുന്നു നാം. അവ താൽക്കാലികമായ സൗകര്യങ്ങൾ (facilitation) മാത്രമാണെന്ന കാര്യം നാം ഓർക്കുന്നേയില്ല. അതിനേക്കാളുപരി ബോധതലത്തിൽ ഇത്തരം വിഭജനങ്ങൾ സംഭവിക്കുന്നുണ്ടെന്നുപോലും നാം മിക്കപ്പോഴും അറിയുന്നില്ല. അതുകൊണ്ടാണ് പ്രകൃതിയെന്നതുകൊണ്ട് നമുക്കുചുറ്റുമുള്ള സസ്യജാലങ്ങൾ എന്ന് നാം അർത്ഥം കൊടുക്കുന്നത്. അതുകൊണ്ടാണ് മൃഗങ്ങളും മനുഷ്യരും എന്ന് പറയുമ്പോൾ ആവശ്യത്തിലധികം ദൂരം അതിനകത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്. അതുകൊണ്ടാണ് സചേതനങ്ങളെന്നും അചേതനങ്ങളെന്നും നാം നിസ്സങ്കോചം പ്രസ്താവിച്ചുപോരുന്നത്.
എപ്പോൾ മുതലാണ് ഈ ഒന്നായ പ്രപഞ്ചത്തെ, ഒന്നായ അറിവിനെ, ഒന്നായ അവബോധത്തെ (cosmic consciousness), നാം വേറെ വേറെയായി അനുഭവിക്കാൻ തുടങ്ങിയത്? നാം കാണുന്ന ഒരു പുഷപ്ത്തിനു മുന്നിൽ, വിചാരങ്ങളുടെ ഒരു ചില്ലുമതിൽ വന്ന് കാഴ്ചയുടെ ആഴത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മുടെ കാതിൽ വന്നു വീണ കിളിക്കൊഞ്ചൽ, വിചാരങ്ങളുടെ അരിപ്പകൊണ്ട് വികലമാക്കപ്പെടുന്നു. നാം അറിഞ്ഞു തുടങ്ങിയ ഗന്ധങ്ങൾ, വിചാരങ്ങളുടെ കെണികളിൽക്കുടുങ്ങി മലിനമാക്കപ്പെടുന്നു. ഒരുപക്ഷേ ശുദ്ധമായ സംവേദനമെന്നത് നാം മറന്നേപോയിരിക്കുന്നു. നിസ്സാരമായ ജാഗ്രതക്കുറവുകൊണ്ടുണ്ടായതാണത്. അങ്ങനെവരുമ്പോൾ ഓരോ ഇന്ദ്രിയവും കൊണ്ടുവരുന്ന സംവേദനങ്ങൾ തമ്മിൽ സമന്വയിക്കപ്പെടുന്നില്ല. അവയെ അടിസ്ഥാനമാക്കിക്കൊണ്ട് നാം ഏർപ്പെടുന്ന ഓരോ പ്രവർത്തിയും തമ്മിൽ മേളിക്കപ്പെടുന്നില്ല. ഓരോ പ്രവർത്തിയും പരസ്പരം വിരുദ്ധമായിത്തന്നെ നിലകൊള്ളുന്നു. ഒരേ സത്തയായി നിലകൊള്ളേണ്ട ഈ 'ഞാൻ', നിരവധി ഭിന്നങ്ങളായി എങ്ങനെയോ കഷ്ടപ്പെട്ട് കഴിഞ്ഞുകൂടുകയാണ്. ബാലമാസികയിലെ 'വേറിട്ട പോത്ത്' എന്ന കഥാപാത്രത്തെപ്പോലെ. എല്ലാ അവയവങ്ങളും പരസ്പരം തൊട്ടിട്ടില്ല, എന്നിട്ടും പക്ഷേ ഒരേ ശരീരമെന്നപോലെ നിലനിൽക്കുന്ന ഒരു പോത്ത് (ആ കഥാപാത്രത്തെ ഭാവനചെയ്തയാൾ പ്രശംസയർഹിക്കുന്നുണ്ട്). അതുകൊണ്ടുത്തന്നെ ഈ പ്രവൃത്തികളിൽ നിന്നും ഉരുത്തിരിയേണ്ടിയിരുന്ന ആനന്ദം എന്ന അവസ്ഥ നമുക്ക് അന്യമായിപ്പോവുകയും ചെയ്യുന്നു. 
നമ്മുടെ ശരീരാതിർത്തികളെപ്പറ്റിയുള്ള അവബോധം (proprioception) തീരെ ശുഷ്ക്കമാണെന്ന് അറിയുന്നത് ധ്യാനത്തിലെ ഒരു പ്രധാന പടവാണ്. നമ്മുടെ അസ്തിത്വമെന്നത്, (നമ്മുടേത് മാത്രമല്ല, സകല അസ്തിത്വങ്ങളും) കേവലം ശരീരത്തിൽ നിന്നും ആരംഭിക്കുന്നതല്ല. എല്ലാ അതിരുകളും താല്ക്കാലികം മാത്രമാണ്. ഈ ഊർജ്ജലീലാപ്രപഞ്ചത്തിൽ എവിടെയാണ് തുടക്കവും ഒടുക്കവും? അതിനെ അതേപടി അനുഭവിക്കുക -knowing- എന്നതിനെയാണ് understanding എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ഗ്രാഹ്യം 'സാധാരണക്കാർക്കു വഴങ്ങാത്ത ആത്മീയ രഹസ്യമൊന്നുമല്ല'. വെറും സാമാന്യ ബുദ്ധിയാണത്. just common sense! 
സ്വാതന്ത്ര്യത്തിന്റെ ആകാശതന്തുക്കൾകൊണ്ട് നിർമ്മിതമായിട്ടുള്ള അവബോധം, പല പല തട്ടുകളാക്കി optional ആയാണ് സ്വരൂപിക്കപ്പെട്ടിരിക്കുന്നത്. ഈ options ഉപയോഗപ്പെടുത്താൻ നാം മറന്നു പോവുകയാണ്. പകരം, നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബോധത്തിന്റെ ആ തട്ടുകളെ വീണ്ടും വീണ്ടും ഖണ്ഡങ്ങളാക്കി പരിശോധിച്ചുനോക്കാനാണ്. ഈ പ്രവർത്തി ആത്മാർത്ഥമായി ചെയ്യുകയാണെങ്കിലും ഒരാൾ ഏകതയിലേക്കു എത്തിച്ചേർന്നേക്കാം. തന്നോടുതന്നെയുള്ള സത്യസന്ധതയാണ് മാനദണ്ഡമെന്നു മാത്രം. ഈ ദിശയിലുള്ള ശ്രമത്തെയാണ് സയൻസ് എന്ന് വിളിക്കുന്നത്.
എന്നാൽ, ഇതേ സംഗതികളെ knowing എന്നതിന് പകരം knowledge ആയി സ്വീകരിക്കുമ്പോൾ (സാംസ്കാരിക - രാഷ്ട്രീയ മതങ്ങളെല്ലാം ചേർന്ന് പരസ്പര ധാരണയിലൂടെ കഠിനപ്രയത്‌നം ചെയ്തുകൊണ്ടിരിക്കുന്നത്, knowing എന്നതിന്റെ എല്ലാ സാദ്ധ്യതകളേയും നിഷേധിച്ചുകൊണ്ട്, knowledge നെ പകരം വെക്കാനാണ്) സംഭവിക്കുന്നത് നേരെ തിരിച്ചാണ്. ഒന്നായിട്ടുള്ളതിനെ രണ്ടെന്നു കാണുകയല്ല ; രണ്ടായി അനുഭവിക്കുന്നതിനെ ഒന്നാണെന്ന് ചിന്തിച്ചുറപ്പിക്കാനുള്ള ശ്രമം മാത്രമാണത്. അതാകട്ടെ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല. ജീവിതത്തിന്റെ അനാരോഗ്യം തുടങ്ങുന്നത് അവിടെനിന്നാണ്. തിരുത്തപ്പെടേണ്ടത് ഒന്നാമത്തെ കാൽവെപ്പാണ്. അവബോധത്തിലേക്കു വരുന്നയൊരാൾ അപ്പോൾ 'ഒന്നായ നീ' എന്ന് ഉച്ചരിക്കുകയല്ല ചെയ്യുക, 'ഒന്നായ ഞാൻ' - അഖിലം ഞാനിതെന്ന തോന്നൽ-  എന്ന് അറിയുകയാണ്. അയാൾ ശാന്തമായി മനസ്സിലാക്കും 'ഒന്നായ എന്നെ'യാണ് ആവശ്യത്തെപ്രതി താൻ രണ്ടോ അതിലധികമോ ആയി ഖണ്ഡിച്ചു കാണുന്നതെന്ന്. 
പിന്നീടുള്ള അവസ്ഥയെയാണ് ആനന്ദമെന്നോ സ്വാസ്ഥ്യമെന്നോ സ്വാതന്ത്ര്യമെന്നോ വിളിക്കേണ്ടത്. 
ഒന്നായിട്ടുള്ളതിനെ ചില കഥയില്ലായ്മയുടെ പേരിൽ പലതായി അറിയുകയെന്ന മനുഷ്യന്റെ വിഡ്ഢിത്തത്തെ കളിയാക്കിക്കൊണ്ടാണെന്നു തോന്നുന്നു, മുല്ല നസിറുദീൻ തന്റെ ഖബറിടത്തിൽ ഏറെ അർത്ഥവത്തായ ഒരു installation ചെയ്‌തുവെപ്പിച്ചത് ! തുർക്കിയിലെ മുല്ല ഖബർ ഒരു മൈതാനമാണെന്ന് പറയപ്പെടുന്നു. അതിനു നടുവിൽ വെറുതെ നിൽക്കുന്ന ഒരു വാതിൽ കട്ടിള. രണ്ടു കതകുകളും അടച്ചു താഴിട്ടു പൂട്ടിയിരിക്കുന്നു. മുല്ല അതിന്റെ താക്കോൽ തന്റെ മൃതദേഹത്തോടൊപ്പം വെപ്പിച്ചുവത്രെ ! ചുറ്റും ചുമരുകളില്ല. തുറസ്സു മാത്രം. എന്നിട്ടും പക്ഷേ ശീലമൊന്നുകൊണ്ടുമാത്രം നാമതിനെ വേർതിരിച്ചു സംരക്ഷിച്ചിരിക്കുന്നു. ജീവിതത്തോട് നാം ചെയ്തുകൊണ്ടിരിക്കുന്ന കോപ്രായങ്ങൾക്ക് ഇതിനേക്കാൾ മികച്ച ഒരു ആവിഷ്ക്കാരം എളുപ്പമല്ല. വർഷത്തിലൊരിക്കൽ അവിടെ ഒത്തുകൂടുന്നവർ, ആർത്തുചിരിച്ചാഘോഷിക്കാറുണ്ടെന്നു കേൾക്കാൻ വലിയ സന്തോഷമാണ്.
ഈ സ്മാരകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നറിയില്ല. അത് സംവഹിക്കുന്ന സത്യം, അതേക്കുറിച്ചറിയുന്നതിനെ അപ്രസക്തമാക്കിക്കളയുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. 



                                                    

6 comments: