മഹാത്മാക്കളുടെ ജീവിത ദർശനങ്ങളെപ്പറ്റി ഇടയ്ക്കിടെ കേട്ടുവരുന്ന ഒരു പ്രയോഗമുണ്ട്,'.....അദ്ദേഹത്തിന്റെ ദർശനങ്ങളുടെ പ്രസക്തി ഏറ്റവും വർധിച്ചിരിക്കുന്ന ഒരു സമയമാണിത്', അല്ലെങ്കിൽ, ‘മറ്റെന്നത്തെക്കാളും ഇന്ന് അദ്ദേഹത്തിന്റെ ദർശനങ്ങൾ പ്രസക്തമായിരിക്കുന്നു'. നാരായണ ഗുരുവിന്റെ കാര്യത്തിലാണെങ്കിൽ, ചതയദിനാഘോഷങ്ങൾക്കും സമാധി ദിനത്തിനും ശിവഗിരി ഘോഷയാത്രാ സമാപനത്തിനുമെല്ലാം നമ്മുടെ മത-രാഷ്രീയ മാർപാപ്പമാർ എല്ലാ വർഷവും ഉരുക്കഴിക്കുന്ന പല്ലവിയാണിത്. ഗാന്ധി, മാർക്സ്, വിവേകാനന്ദൻ, അംബേദ്‌കർ തുടങ്ങി അനേകം മഹത് വ്യക്തിത്വങ്ങളുടെ കാര്യത്തിലും, അവരുടെ പ്രസക്തി അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപാർട്ടികളാണെങ്കിൽ, തോറ്റവരും ജയിച്ചവരും ഒരുപോലെ ഇതുതന്നെ പാടിക്കൊണ്ടിരിക്കുന്നു - ഇടതുപക്ഷത്തിന്റെ പ്രസക്തി, വലതുപക്ഷത്തിന്റെ പ്രസക്തി, മതേതരത്വത്തിന്റെ പ്രസക്തി എന്നിങ്ങനെ. 'സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു' എന്ന വാർത്തപോലെ ഇവരുടെയൊക്കെ ദർശന പ്രസക്തി എന്നും നേട്ടത്തിൽ മാത്രം ക്ലോസ് ചെയ്യപ്പെടുന്നു!
എന്നാൽ, പ്രസക്തി വർദ്ധനവിൽ നിർവൃതി കൊള്ളുന്നവർ, മനപ്പൂർവ്വം വിസ്മരിക്കുന്ന ഒന്നുണ്ട്: ഈ ഉദ്‌ഘോഷങ്ങളൊക്കെയും നിശബ്ദമായി അടിവരയിടുന്നത് അവർ വിളിച്ചു കൂവുന്ന ദർശനത്തിന്റെ ഫലശൂന്യതയെയാണെന്ന്. വർഷാവർഷം ഇവ്വിധം പ്രസക്തി വർദ്ധിക്കേണ്ടിവരുന്ന ഒരു ദർശനമാകട്ടെ, മഹാത്മാവാകട്ടെ, പ്രസ്ഥാനമാവട്ടെ, വർഷാവർഷം പരിഹാസ്യമാവുക മാത്രമാണ് സംഭവിക്കുന്നത്.
പ്രസക്തി-മാഹാത്മ്യം വിളിച്ചുകൂവുന്നവർക്ക് അറിയാത്തതല്ല ഈ വൈപരീത്യം. പക്ഷേ, മത-രാഷ്ട്രീയ മാഫിയകൾ പ്രവർത്തിക്കുന്നത് അങ്ങനെയാണ്. സകലതിനേയും ഇടം മാറ്റി പ്രതിഷ്ഠിച്ചുകൊണ്ടും അനുയോജ്യമല്ലാത്ത അനുമോദനങ്ങൾ കല്പിച്ചുകൊടുത്തുകൊണ്ടും അവർ ഉത്തരവാദിത്തത്തിൽ നിന്നും വഴുതിമാറും. ഏതൊന്നിനെയാണോ പ്രസക്തിയുടെ പേരിൽ പ്രശംസിക്കുന്നത്, അതിന് ഏറ്റവും എതിരായി പ്രവർത്തിച്ചുപോന്നിട്ടുള്ളവർ, ഫലത്തിൽ അതിനെ കു-പ്രസക്തമാക്കി നിലനിറുത്തിപ്പോരുന്നവർ, അവർ തന്നെയാണ് ഈ പൊന്നാടയണിയിക്കൽ ഭംഗിയായി നിർവ്വഹിച്ചുപോരുന്നത്. It’s a great conspiracy.
സ്വയം തൊഴിൽ ഉറപ്പാക്കിയ പഴയ ആ രണ്ടു സുഹൃത്തുക്കളെപ്പോലെ- ഒരാൾ രാത്രി തെരുവിലിറങ്ങി നടന്ന് വീടുകളുടെ ജനലുകളില്ലെല്ലാം ടാർ തേച്ചുവെക്കും, പിറ്റേന്ന് ടാർ വൃത്തിയാക്കാനുണ്ടോ എന്ന് മറ്റെയാൾ അന്വേഷിച്ചിറങ്ങും!- സ്വന്തം തൊഴിലുറപ്പാണ് ഈ മാഫിയയുടെ ലക്ഷ്യം. അതിന് പ്രസക്തമാവുന്നത് ഗാന്ധിയെങ്കിൽ ഗാന്ധി, മാർക്‌സെങ്കിൽ മാർക്സ്, നാരായണഗുരുവെങ്കിൽ നാരായണഗുരു. അത്ര തന്നെ.
തങ്ങളുടേതല്ലാത്ത ഏതു മേഖലയിലേക്കും ഇറങ്ങിച്ചെന്നെന്നു വരുത്തി അവർ എവിടെയും തങ്ങളുടെ അധീശത്വം ഉറപ്പു വരുത്തും. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ കാണാനാകും അവർ ഇറങ്ങിച്ചെല്ലുകയല്ല ചെയ്യുന്നത്; അവർ ചെയ്യുന്നത് എന്തിനേയും ഏതിനേയും തങ്ങളുടെ മാഫിയാ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയെന്നതാണ്. അതേ പദാവലികളുപയോഗിച്ചുകൊണ്ട് അവർ ആ വിഷയത്തെ നേരിട്ടെന്നുവരും. തങ്ങൾ നടത്തിയ അതിക്രമണങ്ങളെ അവർ മൂടിവെക്കുന്നത് അങ്ങനെയാണ്.
നിഷ്ഫലമായ ജയഭേരികൾ
നമുക്കിവിടെ ഏറ്റവും പരിചിതമായ ഉദാഹരണങ്ങളിലൊന്ന് നാരായണഗുരുവാണ്:
നാരായണ ഗുരുവിനെ ഒരു സാമൂഹ്യ പ്രസക്തനിലേക്കു വെട്ടിച്ചുരുക്കിക്കൊണ്ട് അവതരിപ്പിക്കുന്നവരോട് - 'കർമ്മ നിരതനായ ജ്ഞാനി' എന്ന് വിശേഷിപ്പിച്ച റൊമെയ്ൻ റോളങ് അടക്കം - തല്ക്കാലം രാജിയായിക്കൊണ്ട് അവർ പറയുന്ന പ്രസക്തിയെന്തെന്ന്
ROMAIN ROLLAND |
വെറുതെയൊന്നു നോക്കാം. നാരായണ ഗുരു തന്റെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യങ്ങളെ സംഗ്രഹിച്ചുകൊണ്ടാണ് വിദ്യാഭ്യാസം മുതൽ സാങ്കേതിക പരിശീലനം വരെയുള്ള എട്ടോളം ലക്ഷ്യങ്ങളെ ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി പറഞ്ഞുകൊടുത്തത് എന്ന് വിചാരിക്കാമെന്നു തോന്നുന്നു. ജാതിഭേദം, മതദ്വേഷം, മദ്യപാനം ഇത്യാദി ദൂഷ്യങ്ങളും തീർത്ഥാടന ലക്ഷ്യസാക്ഷാത്ക്കാരത്തിലൂടെ സ്വയമേ കുറഞ്ഞുവന്നേക്കുമെന്ന് അദ്ദേഹം വിചാരിച്ചുകാണും.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കിൽ, സാക്ഷരതയും പൊതുവിദ്യാഭ്യാസവും കുറച്ചു മെച്ചപ്പെട്ടെങ്കിലും, ഉന്നത വിദ്യാഭ്യാസരംഗത്ത്, കേരളീയർ പിന്നിലാണെന്നാണ് കേട്ടു കേൾവി. ഇതെല്ലാം സ്ഥിതിവിവരക്കണക്കനുസരിച്ചുള്ളവയാണ്. ഇപ്പറഞ്ഞത് തെറ്റാണെങ്കിലും ശരിയാണെങ്കിലും നാരായണ ഗുരു ഉദ്ദേശിച്ച വിദ്യാഭ്യാസം കേവലം certificate-oriented ട്രെയിനിങ് ആയിരിക്കില്ലെന്ന് ഉറപ്പാണ്. വിദ്യാഭ്യാസ ചന്തയുടെ ഭാഗമായി നിലകൊള്ളാൻ ഒരു കൂട്ടം കച്ചവടക്കാർക്ക് നാരായണഗുരുവിന്റെ പേരുപയോഗിക്കാൻ സാധിച്ചു എന്നതിൽകവിഞ്ഞ പ്രയോജനമെന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. മൂല്യവത്തായ ഒരു ജീവിതത്തെ - a meaningful life - രൂപപ്പെടുത്താൻ സഹായകമായിട്ടില്ലാത്ത വിദ്യാഭ്യാസം എന്ത് വിദ്യാഭ്യാസമാണ്?
കുറച്ചുദിവസം വൃത്തിയും വെടിപ്പും നിഷ്കർഷിക്കപ്പെട്ടാൽ അത് ഒരുവന്റെ ദൈനം ദിന ജീവിതത്തിലേക്ക് ആർജ്ജിക്കപ്പെടും എന്നും സ്വാഭാവികമായി 'സ്വച്ഛമായിട്ടുള്ള' ഒരു സമൂഹം ഉരുത്തിരിയുമെന്നും തോന്നിയതിന്റെ ഭാഗമായാണ് തീർത്ഥാടനത്തിൽ 'വൃത്തി' ഒരു പ്രധാന വിഷയമായത്. എന്നാൽ നൂറു വർഷത്തിനിപ്പുറം 'വൃത്തി' ഇന്നുമൊരു അടിസ്ഥാനപ്രശ്നമായി നിലകൊള്ളുന്നു. നൂറു ശതമാനം സാക്ഷരത നേടിയെന്ന് ഊറ്റം കൊള്ളുന്ന ഒരു ജനതക്ക് കാര്യക്ഷമമായ ഒരു മാലിന്യ നിർമ്മാർജ്ജന പദ്ധതി പോലും ഇതുവരേക്കും കൊണ്ടുവരാനായിട്ടില്ല.
രോഗം വരാതെ സൂക്ഷിക്കുന്നതിൽ കൈകളുടെ ശുചിത്വം ഏറ്റവും പ്രധാനമെന്നറിഞ്ഞ്,(ഒന്നരവർഷം മുൻപ് ഈ ലേഖനം എഴുതുമ്പോൾ, സാനിറ്റൈസറും കൈകഴുകലും അവശ്യ ഘടകങ്ങളുടെ പട്ടികയിലേക്ക് കടന്നിരുന്നില്ല.) ബോധവൽക്കരണത്തിന്റെ ഭാഗമായി 'ഹാൻഡ് വാഷ് സോപ്പ്' പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ, 'മലയാളിയുടെ പുകഴ്‌പെറ്റ ശുചിത്വം' എന്ന വീമ്പിളക്കി എതിർത്തവരാണ് നാം. മറ്റു സംസ്ഥാനങ്ങളിലെ ശൗചാലയം ഇല്ലാത്ത മനുഷ്യർ പോലും ശൗചത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയാക്കുമ്പോൾ, മലയാളികൾ മിക്കവരും സോപ്പ് ഉപയോഗിക്കാറില്ല! ഇന്ന് നാം അത് ചെയ്യുന്നുണ്ടെങ്കിൽ അതിനു കാരണം ഹാൻഡ്‌വാഷ് ഉല്പ്പന്നങ്ങളുടെ മാർക്കറ്റിങ് മികവ് മാത്രമാണ്. (ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര ഗവൺമെൻറ് കേരളത്തിൽ നിർമ്മിച്ച് കൊടുത്ത ശൗചാലയങ്ങളുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായിരുന്നു എന്നത് ഒരു രസത്തിനെങ്കിലും ഓർക്കാവുന്നതാണ്.) പലതരം പനികളും മറ്റു സാംക്രമിക രോഗങ്ങളും ഏറ്റവും കുറഞ്ഞു നിന്ന മഴക്കാലം കഴിഞ്ഞ വർഷത്തെ (2018) പ്രളയത്തിനായിരുന്നു, നിപക്കു ശേഷം. മറ്റു പല ദുരിതങ്ങളും സൃഷ്ടിക്കപ്പെട്ടെങ്കിലും പ്രളയത്തിൽ കേരളം ഒരു വിധം വൃത്തിയാക്കപ്പെട്ടുവെന്നതാണ് സത്യം !. നമുക്കിടയിൽ ഇപ്പോൾ ഉണ്ടെന്നു വിചാരിക്കുന്ന ഈ വൃത്തി പോലും, ബോധപൂർവ്വം ആർജ്ജിച്ചെടുത്തതിനേക്കാൾ പ്രവാസ പരിചയത്തിന്റെ സ്വാധീനം മാത്രമാണ്.
മൊത്തം ജീവിതശൈലിയെ നാം വിദേശങ്ങളിൽ (പ്രത്യേകിച്ചും ഗൾഫ് നാടുകൾ) നിന്നും പകർത്തിയെങ്കിലും, പുറം പൂച്ചിന്റെ ഭാഗമായുള്ള അനുകരണമായിട്ടെങ്കിലും മാലിന്യ സംസ്കരണം നമുക്ക് വിദേശത്തു നിന്നും പകർത്താനായില്ല എന്നത്, സ്വച്ഛ സുന്ദരതയെപ്പറ്റിയുള്ള നമ്മുടെ അവബോധത്തിലെ കാര്യമായിട്ടുള്ള പോരായ്മകളെയാണ് കാണിക്കുന്നത്. ഒരു നൂറ്റാണ്ടു മുൻപേ അത് തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടുകൂടിയാണ് നാരായണ ഗുരു കുറച്ച് ക്ഷേത്രപതിഷ്ഠകൾ നടത്തിയത്. അയിത്തോച്ചാടനത്തിന്റെ ആദ്യപടിയായി വൃത്തിയേയും വെടിപ്പിനേയും അദ്ദേഹം എടുത്തുപറഞ്ഞതും.
അടുത്തതായി നാരായണ ഗുരു ഉൾപ്പെടുത്തിയത് ധാർമ്മികത അല്ലെങ്കിൽ ഭക്തിയെയായിരുന്നു. ധർമ്മനിഷ്ഠയെന്നത് ഏതെങ്കിലും വ്യായാമത്തിന്റേതുപോലുള്ള ചിട്ടവട്ടങ്ങളല്ലെന്നും, സഹജാവബോധത്തിന്റെ ഭാഗമായുള്ള ശ്രദ്ധയാണെന്നും- the spontaneous living - ധരിക്കാൻ കഴിയാഞ്ഞ ഒരു ജനത, അതിനെ നാട്ടുനടപ്പ് ഭക്തിയായി സ്വീകരിക്കുകയും ആ ഭക്തിയെ അന്ധമായിട്ടുള്ള ആചാരങ്ങളിലേക്ക് വെട്ടിച്ചുരുക്കുകയും ചെയ്തുവെന്നത് ഇനിയും ചരിത്രം പോലുമായിട്ടില്ല.
സംഘടിച്ചു ശക്തരാവുക എന്നതിന് രാഷ്ട്രീയമായ ശക്തിപ്രകടനം എന്ന് മാത്രമായി അർത്ഥാന്തരം സംഭവിച്ചു. വോട്ടു ബാങ്കിന്റെ കണ്ണികളാവുക എന്നതിനപ്പുറം എന്തിനുവേണ്ടി സംഘടിക്കണം എന്ന് ആർക്കും ഒരു നിശ്ചയവും ഉണ്ടായില്ല.
കൃഷിയുടെ കാര്യമാണെങ്കിൽ, കേരളനാട്ടിൽ ഇപ്പോൾ കേരം അത്രയൊന്നും തിങ്ങുന്നില്ല. യന്ത്ര സഹായമുള്ളതുകൊണ്ടും ബംഗാളികൾ പണിക്കുവരാൻ തുടങ്ങിയതുകൊണ്ടും മാത്രം അല്പം നെൽക്കൃഷി നടന്നുപോകുന്നു. ഇരുപതു വർഷത്തിന് ശേഷം ഇപ്പോഴുള്ള നെൽപ്പാടങ്ങളുടെ പകുതിയേ കാണൂ എന്ന് പറയപ്പെടുന്നു.
പിന്നെ വ്യാപാരം. ശുഭകരമല്ലാത്ത വ്യാപാരങ്ങളാണ് വളർന്നു വികസിച്ചത്. ഒന്ന് സ്വർണ്ണ വ്യാപാരം. കേരളത്തെ സംബന്ധിച്ച് ഈ ലോഹം ഇന്ന് അപകടകരമായ ഒരു മഞ്ഞ വ്യാധിയാണ്. പിന്നെ, അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന മദ്യവ്യവസായം. 2018 - 19 കാലയളവിൽ 14508 കോടി രൂപയുടെ മദ്യവില്പന നടത്തിക്കൊണ്ട് 'മദ്യം തൊട്ടവനെ പോലും നാറും' എന്ന് മുന്നറിയിപ്പ് നടത്തിയ നാരായണഗുരുവിന്റെ കേരളം ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നു. കേരള ഗവൺമെന്റിന്റെ 'സകലാശ്രയം' ഈ മദ്യവില്പനയാണ്! സർക്കാരിന്റെ തന്നെ കാർമ്മികത്വത്തിൽ നടക്കുന്ന മറ്റൊരു വ്യവസായം കൂടിയുണ്ട്- ലോട്ടറി വ്യാപാരം. നവോത്ഥാന വനിതാ മതിലിനെ ഓർമ്മിപ്പിക്കും വിധം കേരളത്തിലെ റോഡുകളിലെമ്പാടും സ്ത്രീ പുരുഷന്മാർ ലോട്ടറിടിക്കറ്റുകളുമായി വില്പനക്ക് വരി നില്ക്കുന്നു. വ്യാപാരത്തോടൊപ്പം മലയാളിയുടെ ധാർമ്മികാവബോധത്തേയും ഈ ലോട്ടറി താല്പര്യം ചോദ്യം ചെയ്യുന്നുണ്ട്. ഏകദേശം 10000 കോടി രൂപയാണ് ഒരു വർഷം പ്രബുദ്ധകേരളത്തിൽ നിന്നും ഖജനാവിലേക്കെത്തുന്നത്; അല്ലെങ്കിൽ സർക്കാർ വാറ്റിയെടുക്കുന്നത്.
ഇനി ജാതിക്കാര്യം. കേരളത്തിൽ വിപ്ലവത്തിന് മുളയെടുക്കാൻ പാകത്തിൽ സമൂഹത്തിലെ ജാതിവ്യവസ്ഥയെ ഉഴുതുമറിച്ച് പരുവപ്പെടുത്തിയെടുത്തത് നാരായണഗുരുവാണെന്ന് വിലയിരുത്തി തങ്ങളുടെ രാഷ്ട്രീയ സ്ഥാനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്ന വിപ്ലവജന്മികളുണ്ട്. കേരളത്തിൽ സംഭവിച്ചുവെന്ന് പറയപ്പെടുന്ന വിപ്ലവമെന്തെന്നു ചികഞ്ഞാൽ മനസ്സിലാവുക അതു കേരളോത്ഭവത്തെയും വെല്ലുന്ന ഐതിഹ്യമാണെന്നായിരിക്കും. സാമൂഹ്യാന്തരീക്ഷത്തിൽ നാമമാത്രമായ ചില മെച്ചപ്പെടലുകൾ( improvements) ഉണ്ടായിട്ടുണ്ടെന്നല്ലാതെ, റിവൊല്യൂഷൻ എന്ന് പറയാവുന്ന തരത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ലെന്നറിയാൻ ഒരു നൂറ്റാണ്ടിന്റെ മുഴുവൻ ചരിത്രത്തിലേക്ക് ഊളിയിടേണ്ടതില്ല; നാം ഓരോരുത്തരും നമ്മുടെ ഉള്ളിലേക്ക് ഒന്നൊളികണ്ണിട്ടു നോക്കിയാൽ മതി - ജാതിയും മതവും അധികാരക്കൊതികളും പ്രത്യയശാസ്ത്രങ്ങളും ഉപഭോഗാർത്തികളുമെല്ലാം ചേർന്ന്, തിളച്ചുമറിഞ്ഞു ആവിയും പുകയും വമിച്ചുകൊണ്ടിരിക്കുന്ന ആ പർവ്വതാഗ്നിയിലേക്ക്.
നമ്മുടെ പ്രസക്തി മാനദണ്ഡങ്ങൾ വിപരീതങ്ങളാൽ അങ്കനം ചെയ്യപ്പെട്ടവയാണ്. ഗാന്ധിയുടെ പ്രസക്തി ഉയരണമെങ്കിൽ ഗോഡ്‌സെ കടന്നുവരണം. അതുവരേക്കും ഗാന്ധിയെന്ന് ഉച്ചരിച്ചിട്ടില്ലാത്തവർ പോലും ഗാന്ധി സ്മൃതികളെക്കൊണ്ടും അഹിംസാവാഴ്ത്തുക്കളെക്കൊണ്ടും പുളകമണിയും. ദളിതർ ആക്രമിക്കപ്പെടുകയോ ഭരണഘടനാലംഘനമെന്നു വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും വാർത്ത വരികയോ വേണം, അംബേദ്ക്കർ അവതാരപുരുഷനാവും. നടേശമുഖത്തുനിന്ന് എന്തെങ്കിലും വിടുവായത്തമെഴുന്നള്ളണം, ധർമ്മപരിപാലന യോഗലക്ഷ്യങ്ങൾ ഉണർത്തപ്പെടുകയായി. സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ മാത്രമാണ് നാം സ്ത്രീസമത്വത്തിനുവേണ്ടി മുറവിളി കൂട്ടുക. മുതലാളിത്തമെന്നത് ലോകമെങ്ങും പടർന്നുകഴിഞ്ഞിട്ടും, അടക്കാനാവാത്ത ഒരു പ്രലോഭനം പോലെ ചിലപ്പോഴെങ്കിലും 'മാർക്സ് എന്നത്തേക്കാളും പ്രസക്തനായിരിക്കുന്നു' എന്ന് മുഴങ്ങിക്കേൾക്കാറുണ്ട്. ഓണമെത്തുമ്പോൾ, മാവേലി നാടുവാണ കാലത്തെ സമത്വസുന്ദര കേരളസ്തുതി പോലെയാണ് നമ്മുടെ കാര്യങ്ങളത്രയും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ നാരായണ ഗുരു തികഞ്ഞ പരാജയമാണെന്ന് പറയേണ്ടി വരും. ഈ പ്രസക്തി വാദ്യക്കാർ പക്ഷേ വിളിച്ചു പറയുക ഗുരുവിന്റെ പ്രസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ്! നാരായണഗുരു തികഞ്ഞ പരാജയമാണെന്ന് ഇവിടെ കുറിക്കാത്തത്, ജയപരാജയങ്ങൾ എണ്ണപ്പെടുന്ന ഒരു തലത്തിലല്ല നാരായണഗുരു നില കൊണ്ടിരുന്നത് എന്നതിനാലാണ്. സമൂഹത്തിലെ ചലനങ്ങളിൽ അദ്ദേഹം ഒരു രാസത്വരകം മാത്രമായാണ് വർത്തിച്ചിരുന്നത്; ഫല-നിഷ്ഫലങ്ങളിൽ വിറളി പിടിച്ചിരുന്ന ഒരു സാമൂഹ്യ പ്രതിബദ്ധനായിട്ടിരുന്നില്ല. റൊമെയ്ൻ റൊളാങ് വിളിച്ചതുപോലെ 'കർമ്മനിരതനുമല്ല'. ഗുരു സമൂഹത്തിലുണ്ടാക്കിയ ചലനങ്ങൾ വെറുമൊരു സാമൂഹ്യപ്രസക്തന്റെ ആദർശാധിഷ്ഠിത പ്രവർത്തനങ്ങളായിരുന്നില്ല. ഈ പ്രപഞ്ചത്തെയാകമാനം സാക്ഷീബോധമെന്ന് സാക്ഷാത്ക്കരിച്ച ഒരു സാന്നിധ്യം മാത്രമായി ഗുരു നമുക്കിടയിലൂടെ കടന്നുപോയപ്പോഴുണ്ടായ സ്വാഭാവിക അലയൊലികൾ മാത്രമായിരുന്നു അവ. വർത്തമാനത്തിനോട് മാത്രം പ്രതിബദ്ധനായിരിക്കുന്ന ഒരാൾക്കെവിടെയാണ് ജയവും പരാജയവും?
അപ്പോൾ പിന്നെ ഈ പ്രസക്തി ധോരണികളുടെ ഗൂഢാർത്ഥമെന്താണ്?
റിച്ചാർഡ് ബാകിന്റെ മിശിഹാ നടത്തുന്ന ഒരോർമ്മപ്പെടുത്തലുണ്ട്:
THE BEST WAY TO AVOID RESPONSIBILITY
IS TO SAY,
‘I HAVE GOT RESPONSIBILITIES.’
ഒരേസമയം തങ്ങളുടെ പ്രസക്തി ഉറപ്പുവരുത്തലും, വരുത്തിവെച്ച ദുരവസ്ഥകളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുള്ള മുഖപടം സൃഷ്ടിക്കലും.
വളരെ വലിയ കൊട്ടാരത്തിൽ കഴിയുന്ന ഒരാൾ ഇടക്കെപ്പോഴെങ്കിലും പിന്നാമ്പുറത്തെ വരാന്തയിൽ പ്രത്യക്ഷപ്പെട്ടുവെന്നു വെക്കുക. അയാൾ താമസിക്കുന്നത് ആ വരാന്തയിലാണ് എന്ന് വിളിച്ചു പറയുന്നതുപോലെയാണ് നാരായണ ഗുരുവിന്റെ ജീവിതം സമൂഹത്തിലെ പ്രശ്നങ്ങളിലിടപ്പെട്ടുകൊണ്ടായിരുന്നു എന്ന് വിചാരിക്കുന്നത്. അദ്ദേഹം കഴിഞ്ഞിരുന്നത് നിർമമതയുടെ ( non-attachment ), ശുദ്ധബോധത്തിന്റെ, ഊർജ്ജനടനങ്ങളിലായിരുന്നു എന്ന് ഊഹിക്കയെങ്കിലും ചെയ്യണമെങ്കിൽ ധ്യാനത്തിന്റെ പാതയിലേക്ക് ഒരു പദമെങ്കിലും എടുത്തുവെക്കാൻ ശ്രമിച്ചിട്ടുണ്ടാകണം. ആ ഊർജ്ജതലത്തിൽ, അരുണാചലത്തിൽ നിന്നും പുറത്തുകടക്കാതെ ധ്യാനനിരതനായി മാത്രം കഴിഞ്ഞുകൂടിയിരുന്ന രമണമഹർഷിയും, ഭാരതമൊന്നാകെ സഞ്ചരിച്ചുകൊണ്ടു ജീവിച്ച ശങ്കരനും, നിജാനന്ദം വിലസിക്കഴിഞ്ഞ ചട്ടമ്പിസ്വാമിയും ഒരേപോലെ 'കർമ്മനിരതരാണ്'; ഒരേപോലെ നിശ്ചലരുമാണ്. സ്ഥിതപ്രജ്ഞതയെന്നത് സാമൂഹ്യമായ 'വിവരാവകാശ' പരിധിയിൽ വരുന്നതല്ലെന്നോർക്കുക; വൈയക്തികമായി മാത്രം പങ്കിടുകയും അനുഭവിക്കുകയും സാധ്യമായ ഒന്നാണത്.
അദൃശ്യമായ പല രീതികളിലും നാം മേല്പ്പറഞ്ഞ ഉപജാപത്തിന്റെ ഭാഗമാവുന്നുണ്ട്; നമുക്ക് പരിചിതമായ, നമ്മുടെ ചിന്തകൾക്ക് മേൽക്കോയ്മ നേടാൻ സാധ്യമായ, ഏതെങ്കിലും പട്ടികയിലേക്ക് ഗുരുവിനെ വലിച്ചിഴച്ചുകൊണ്ട്. അങ്ങനെയാണ് നാരായണ ഗുരു ശങ്കരന്റെ ചാർച്ചക്കാരനാവുന്നത്; അങ്ങനെയാണ് ഗുരു അദ്വൈതിയും വിശിഷ്ടാദ്വൈതിയുമാകുന്നത്; അങ്ങനെയാണ് ഗുരു ഭക്തവേദാന്തിയാവുന്നത്; അങ്ങനെയാണ് ഗുരു ശൈവസിദ്ധാന്തിയാവുന്നത്; അങ്ങനെയാണ് ഗുരു 'അശരണ ജനത’യുടെ നവോത്ഥാന കവിയാവുന്നത്. മായാവതിയും sdpi-യും നാരായണ ഗുരുവിന്റെ ചിത്രം അവരുടെ പോസ്റ്ററുകളിൽ അച്ചടിക്കുന്നതുപോലെത്തന്നെയാണിതും.
മനനവൈകല്യങ്ങൾ
നാരായണ ഗുരുവിനെ അറിയുക എന്നതിനർത്ഥം അദ്ദേഹത്തിന്റെ കൃതികൾ ഹൃദിസ്ഥമാക്കുകയും ഒരു മനന വിദഗ്ദനാവുകയുമാണ് എന്ന് വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. ഒരു 'വർക്കലസ്വാമി' ഗണത്തിലേക്ക് കുടിയേറുക എന്നതിൽക്കവിഞ്ഞ യാതൊന്നും ഈ 'കൃതി-വൈദഗ്ദ്യം’ കൊണ്ട് ഉണ്ടാവാൻ പ്രയാസമാണ്. പൊതുകാര്യപ്രസക്തിയെന്നത് നാരായണഗുരുവിന്റെ ദുര്യോഗമാണ് എന്ന് വിലപിക്കുന്നവർ പോലും ഗുരുപ്രസക്തി തിരിച്ചറിയേണ്ടത് അദ്ദേഹത്തിന്റെ കൃതികളിലൂടെ മാത്രമാണെന്ന് ഊന്നിപ്പറയുമ്പോൾ, വീണ്ടും നമുക്ക് തെറ്റിപ്പോകുന്നു; അവർ ആ പറയുന്നത് തികഞ്ഞ ആത്മാർത്ഥതയോടെയായിരുന്നാൽ പോലും. അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന്യം കുറച്ചുകണ്ടുകൊണ്ടല്ല ഇതുപറയുന്നത്. അവ പക്ഷേ വെറും നിമിത്തങ്ങളാണ്, just excuses. അപൂർവ്വ സുന്ദരങ്ങളായ വഴിയോരക്കാഴ്ചകൾ. നമുക്ക് വിഷയമാവേണ്ടത് അദ്ദേഹം നടന്ന ബോധ പന്ഥാവുകളാണ്.
ആ കാഴ്ചഭംഗികൾ നമ്മുടേതെന്നപോലെ ആസ്വദിക്കണമെങ്കിൽ അദ്ദേഹം സഞ്ചരിച്ച അതേ വഴികളിലൂടെ (ഞാനതിനെ ധ്യാനം എന്നുതന്നെ വിളിക്കാൻ ഇഷ്ടപ്പെടുന്നു; ആത്മീയത, ആദ്ധ്യാത്മികത, സന്ന്യാസം എന്നീ പദങ്ങളെക്കാളും) നാമും നടന്നു നോക്കേണ്ടതുണ്ട്. അതിൽക്കുറഞ്ഞ യാതൊന്നും മതിയാകാതെ വരും. ഇനി വരുന്ന ആശയക്കുഴപ്പം, എന്താണ് ധ്യാനം എന്നതിലാണ്. ചിരകാലമായി ധ്യാനം എന്ന വാക്കിനു ചുറ്റിലും അടിഞ്ഞുകൂടിയിട്ടുള്ള സങ്കൽപ്പ മാറാലകളിൽ പെട്ടുകിടക്കാതെ, ധ്യാനം എന്നതിനെ വെറും സാമാന്യ ബോധം, common sense, എന്ന ശുദ്ധ സമീപനത്തിലൂടെയാണ് നാരായണ ഗുരു നടന്നു മുന്നേറിയത്. 'common sense' എന്നതിന് പൊതു സമീപനം എന്നല്ല അർത്ഥമാക്കുന്നത്; സ്വാഭാവിക പരിജ്ഞാനം എന്നാണ്. സ്വാഭാവികതയെന്നത് പൊതുവായി കാണപ്പെടുന്ന ഒന്നല്ല. common sense-ൽ മാത്രമാണ് ജീവിതത്തിനു സമഗ്ര സ്വഭാവം-totality- കൈവരുന്നുള്ളൂ. നാരായണ ഗുരുവിന്റെ ജീവിതത്തിലെ സമഗ്രതയെ സമഗ്രമായി സ്വീകരിക്കാൻ നമുക്കാകാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഏതെങ്കിലും ഒരു ഗണത്തിൽ പെടുത്താൻ നാം വ്യഗ്രത കാണിക്കുന്നത്. ഒരു പക്ഷേ ഈ അടിസ്ഥാന സമീപനത്തെ - the very fundamental approach - ഇനിയും തെറ്റി
ധരിക്കാൻ ഇടയുണ്ടെന്നു കരുതിയിട്ടാണോ നടരാജ ഗുരുവും നിത്യയും, 'നിഗൂഢാത്മകവാദി' (the mystic) എന്ന പേര് നാരായണ ഗുരുവിൽ നിന്നും കഴിയാവുന്നത്ര അകന്നു നില്ക്കണം എന്ന് ശ്രദ്ധ വെച്ചത്?
മിസ്റ്റിസിസം, മിസ്റ്റിക് എന്നീ വാക്കുകൾ ഒരുപക്ഷേ അവയുടെ ഉത്ഭവ സാഹചര്യങ്ങളിൽ നിന്നും മാറി, വളരെ വേഗം തന്നെ തികച്ചും പ്രായോഗികതയിലേക്ക് ചുവടുറപ്പിച്ചിട്ടുണ്ട്. മിസ്റ്ററി എന്ന വാക്കിന് ദുരൂഹത എന്നതിനേക്കാളും ഉപസംഹരിക്കപ്പെടാത്തത്, തീർപ്പുകല്പിക്കാനാവാത്തത് എന്നിങ്ങനെയുള്ള സുതാര്യതയാണുള്ളത്. അങ്ങനെയാണ് നെയ്ത്തുകാരനായി കഴിഞ്ഞ കബീർ ദാസും ചെരിപ്പുകുത്തിയായിരുന്ന രേയ്ദാസും മിസ്റ്റിക്കുകളെന്ന് അറിയപ്പെടുന്നത്. ഋഷി എന്ന് മനസ്സിലാക്കുകയാവും എളുപ്പം. പച്ചമലയാളത്തിൽ ഒരു ഗണത്തിലും പെടാതെ നില്ക്കുന്നയാൾ എന്നർത്ഥം. നാരായണ ഗുരുവിനെ ഒരു മിസ്റ്റിക് എന്ന് വിളിക്കണമെന്നുള്ള ശാഠ്യമല്ല. എന്നാൽ, മിസ്റ്റിക് തലം എന്ന് പൊതുവെ അറിയപ്പെടുന്ന NO-MIND എന്ന അവസ്ഥയിലൂടെയല്ലാതെ നാരായണ ഗുരുവിനെ സമീപിക്കാനാവില്ല എന്ന് ഓർമ്മിക്കുക മാത്രമാണിവിടെ.
ധ്യാനം കിളിർത്തുവരുന്നത് ഓരോ വ്യക്തിയിലും തീർത്തും അവന്റേതുമാത്രമായ ഒരു രീതിയിലായിരിക്കുമെങ്കിലും ധ്യാനം പങ്കുവെക്കപ്പടുന്നത് കഴിയാവുന്നത്ര ശാസ്ത്രീയ സ്വഭാവത്തോടുകൂടിയായിരിക്കണം. എങ്കിൽ മാത്രമേ ധ്യാനത്തിന് മതവും ആചാരങ്ങളും പ്രമാണങ്ങളും ആചാര്യന്മാരും ദൈവങ്ങളും തമ്മിലുള്ള അവിഹിതവേഴ്ചകളിൽ നിന്നൊഴിവാകാനും, ഭൂമിയുടെ ഏതു കോണിലുള്ളവനും ഭയാശങ്കകളേതുമില്ലാതെ പങ്കെടുക്കാവുന്ന ഒരാഘോഷമായി ധ്യാനത്തെ പരിപാലിച്ചു നിർത്താനും സാധ്യമാകൂ.
നടരാജ ഗുരുവും ഗുരു നിത്യയും, നിത്യയെങ്കിലും, ധ്യാനത്തെ സാമ്പ്രദായിക ആത്മീയ പരിസരത്തുനിന്നും വിടുവിച്ചുകൊണ്ടുള്ള പ്രായോഗിക ഗ്രാഹ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. (ഗുരു നിത്യയുടെ വ്യക്തി ജീവിതത്തിൽ അത്തരം സമീപനം വേണ്ടുവോളമുണ്ടാകാം, എന്നാൽ വളരെ അടുത്തിടപഴകിയിരുന്ന സൗഹൃദ വലയത്തിനപ്പുറം ആ സമീപനങ്ങൾ ശക്തി പ്രാപിച്ചിരുന്നുവെന്നു തോന്നിയിട്ടില്ല.) ഗുരുകുല പരിസരങ്ങളിൽ കണ്ടുവരുന്ന മനനങ്ങൾ കേവലം മനോ-വ്യായാമങ്ങൾ മാത്രമാണ് മിക്കവർക്കും. അതുകൊണ്ടു തുറക്കാതെ പോയത് നാരായണ ഗുരുവിലേക്കുള്ള ഒരു വലിയ കവാടമാണ്; കേവലം വാക്-വ്യായാമങ്ങൾക്കപ്പുറം.
ഗുരുവിന്റെ കൃതികൾക്ക് നാം പുതിയ പുതിയ മനന- വ്യാഖ്യാനങ്ങൾ ചമച്ചുകൊണ്ടിരിക്കും. പക്ഷേ നാല് ഇഷ്ടികകൾ ചേർത്ത് ഹോമകുണ്ഡമുണ്ടാക്കി മന്ത്രം ചൊല്ലി സമിത്തുക്കളും നെയ്യും അർപ്പിച്ചില്ലെങ്കിൽ ഇന്നും എന്തോ ഒരു വല്ലായ്കയാണ്! അഞ്ചാറു വർഷങ്ങൾക്ക് മുൻപ് വർക്കല ഗുരുകുലത്തിലെ ഒരു പ്രഭാതം ഓർമ്മ വരുന്നു. സുഹൃത്തുക്കളോടൊപ്പം ഒരു കൗതുകത്തിന് മാത്രമായി സന്ദർശിച്ചതായിരുന്നു അവിടം. ബുക്സ്റ്റാൾ തുറക്കാൻ സമയമായിട്ടില്ലാഞ്ഞതിനാൽ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. അപ്പോഴാണ് അവിടത്തെ മണ്ഡപത്തിൽ നടക്കുന്ന പതിവ് ഹോമം കാണാൻ സാധിച്ചത്. അതുവരേക്കും വൃത്തിയായി കിടന്നിരുന്ന ഒരു ഇടം, ഹോമത്തിനു ശേഷം, പൊടിയും ചകിരിനാരുകളും പോളിത്തീൻ കവറുകളും ധാന്യങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന കടലാസുകളും തീപ്പെട്ടി കൊള്ളികളും മറ്റും ചേർന്ന് അലങ്കോലമായി എന്നതാണ് സത്യം. അതിൽ പങ്കെടുത്തിരുന്നവരുടെ കാര്യം എന്തുമാവട്ടെ, എന്നാൽ പ്രധാന സാന്നിധ്യമായിരുന്ന മുനി നാരായണ പ്രസാദിന് അതിൽ യാതൊരു അസ്വാഭാവികതയും തോന്നിയില്ല എന്നത് ഞങ്ങളിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു. ഹോമമന്ത്രം മനനമാകുമ്പോൾ ആദ്യം കൊഴിഞ്ഞുപോകേണ്ടത് ഇഷ്ടികയും സമിത്തുക്കളുമൊക്കെയല്ലേ? ചുരുങ്ങിയ പക്ഷം അത് നടത്തപ്പെടുന്ന സൗന്ദര്യപശ്ചാത്തലമെങ്കിലും മാറേണ്ടതല്ലേ? സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും(totality) ഭാഗമായി ഉണ്ടാ വേണ്ടിയിരുന്ന മിനിമം ശ്രദ്ധയെങ്കിലും അതിനുണ്ടാവേണ്ടതല്ലേ?
ഒരുപക്ഷേ, സാഹചര്യങ്ങൾക്കതീതമായി
'കിളികളെയഞ്ചുമരിഞ്ഞു....അകം വിളങ്ങി' നില്ക്കുന്ന ആളാകാം മുനി നാരായണപ്രസാദ്. പക്ഷേ അദ്ദേഹത്തിനറിയാവുന്നതാണ് ഈ വരുന്ന ആളുകളൊന്നും തന്നെ ആ തലത്തിലെത്തിയിട്ടില്ലാത്തവരാണെന്ന്. ഹോമം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാവണമെങ്കിൽ, ഒരു പ്രവർത്തിയിൽ എങ്ങനെ total ആകാം എന്നതിനുള്ള ഒരു മാർഗ്ഗദർശനമായി അതിനെ മാറ്റുക എന്നതാണ്. അല്ലാത്തപക്ഷം ഒരാളുടെ പ്രകൃതത്തിൽ കയറിക്കൂടിയിട്ടുള്ള 'habitual unawareness'-നെ ദിവ്യ പരിവേഷം നല്കി ഒന്നുകൂടി ദൃഢപ്പെടുത്തുക മാത്രമാണ് സംഭവിക്കുന്നത്. ഇത് മനസ്സിലാകാത്ത വ്യക്തിയല്ല മുനി നാരായണപ്രസാദ്. പിന്നെന്തുകൊണ്ട് അത് തിരുത്തപ്പെടുന്നില്ല, എന്ന് ചോദിച്ചാൽ....തല്ക്കാലം ദൗർഭാഗ്യകരം എന്നേ പറയാനാവൂ. അതിപുരാതന കാലത്ത് മനുഷ്യൻ സൃഷ്ടിച്ചെടുത്ത മനോഹരമായ ഒരു 'self hypnosis technique' ആയ ഹോമത്തെ, ആധുനിക കാലത്തിനനുസൃതമായി എടുത്തുമാറ്റാനോ പരിഷ്‌ക്കരിക്കാനോ നാം ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം.
വാക്കുകളെ അവയുടെ വംശോല്പത്തികളും മൂലധാതുക്കളും ചികഞ്ഞു പിടിച്ച് അർത്ഥം കണ്ടെത്തി സംതൃപ്‍തിയടയുന്ന മനനകലക്കുള്ള പോരായ്മയെന്തെന്നാൽ, ഒന്ന്, അത് പലപ്പോഴും 'അറിഞ്ഞു' എന്ന വ്യാജമായ -pseudo - ഒരു പ്രതീതിയുണ്ടാക്കും. രണ്ട്, മനസ്സിന്റെ പഴകിപ്പതിഞ്ഞ പൊഴികളിലൂടെത്തന്നെ നാം ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും, പുതിയ പദാവലികളും ശാസ്ത്ര പിൻബലങ്ങളും മനഃശാസ്ത്ര ചിന്തകരുടെ ഉദ്ധരണികളുമായി. മൂന്ന്, മനസ്സെന്ന knowledge bank വികസിച്ചുകൊണ്ടേയിരിക്കും. അവബോധ കൂർമ്മതയുടെ അഭാവത്തിൽ ഈ knowledge bank, അറിയുക-knowing എന്ന ജീവന്റെ പ്രാഥമിക ധർമ്മത്തെ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുക.
(സാന്ദർഭികമായി പറയട്ടെ, ഗുരുവിന്റെ 'അറിവ്' എന്ന കൃതിയെ - 'a masterpiece of contemplative workmanship unrivalled in literature anywhere' എന്ന് നടരാജഗുരു എടുത്തുപറഞ്ഞ കൃതി - ഇംഗ്ളീഷിലേക്ക് മൊഴി മാറ്റിയപ്പോൾ, gnosis എന്നാണ് വിളിച്ചതെന്നാണ് ഓർമ്മ. പേര് എന്തുമാകട്ടെ, ആ കൃതിയിൽ ആദ്യന്തം പ്രയോഗിക്കപ്പെട്ടിട്ടുള്ളത് തത്വചിന്തയിലെ gnosis അല്ല; knowing ആണ്. knowing എന്നതിന് സമമായി, അറിയുക എന്ന ഒരു തലവാചകം അനുചിതമല്ലെന്നറിയാം. എന്നാൽ knowledge ഉം knowing ഉം തമ്മിൽ വേർതിരിച്ചറിയപ്പെടുമ്പോൾ, ആ കൃതിക്ക് വരുന്ന അവാച്യമായ ഒരു ഊർജ്ജമുണ്ട്, സ്ഫടിക സുതാര്യമായത്. ഈയുള്ളവന് പക്ഷേ ഈ 'knowing' ലഭ്യമായത് നാരായണ പരിസരത്തു നിന്നല്ല എന്നത് എടുത്തുപറയേണ്ടി വരുന്നു.)
'അറിവില്ലെന്നാലില്ലീ --
യറിയപ്പെടുമെന്നതുണ്ടിതെന്നാലും
അറിവൊന്നില്ലെന്നാലീ --
യറിവേതറിവിന്നതില്ലറിഞ്ഞീടാം.'
(അറിവ് ഒന്നിനെയും ആശ്രയിക്കാതെ സ്വതന്ത്രമായി എന്നും നിലനില്ക്കുന്നു; എന്നാൽ അറിയപ്പെടുന്നതുവരെ മാത്രമേ പ്രപഞ്ചത്തിനു സ്ഥിതിയുള്ളൂ.)
നാരായണ ഗുരുവിനെ പഠിക്കുന്നതിന്റെ ഭാഗമായിട്ടല്ലാതെ, 'അറിവ് ' എന്ന പേരിലുള്ള കൃതി പഠിക്കുന്നതിന്റെ ഭാഗമായിട്ടല്ലാതെ, സ്വതന്ത്രമായി നിലനില്ക്കുന്ന അറിവിനെ ഒരു നൊടിനേരത്തേക്കെങ്കിലും അനുഭവിക്കാനുള്ള ഒരു സാഹചര്യം ഒരു വ്യക്തിക്ക് ലഭ്യമായാൽ, നാം അറിയുന്നതുകൊണ്ടു മാത്രം ഉണ്ടായിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം എന്ന് ഒരാൾക്കു അനുഭവിക്കാനുള്ള സന്ദർഭമുണ്ടായാൽ, അതാണ് അറിവ് എന്ന കൃതിയിലെ ഈ ശ്ലോകം മുന്നോട്ടുവെക്കാനുള്ള ഏറ്റവും യോജ്യമായ മുഹൂർത്തം. അപ്പോൾ മാത്രമാണ് നാരായണഗുരു ഒരു 'enchanting invitation' ആകുന്നത്. ഗുരു തല്പരരായിട്ടുള്ളവർ ശരിക്കും ചെയ്യേണ്ടത് ഇത്തരം മുഹൂർത്തങ്ങൾ കൂടുതൽ കൂടുതൽ സൃഷ്ടിച്ചെടുക്കുക എന്നതാണ്. സാമ്പ്രദായികതയുടെ ദീർഘകാല ധൂളീപടലങ്ങൾ വീണുകിടക്കുന്ന പൂജാദി കർമ്മങ്ങളെ ആശ്രയിച്ച് ചുറ്റിത്തിരിഞ്ഞു സമയം കളയുന്നതേക്കാൾ, ഫലവത്തായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമാവുന്ന ശാസ്ത്ര സങ്കേതങ്ങൾ - മനഃശാസ്ത്രം, ന്യൂറോളജി, തുടങ്ങിയ നിരവധി മേഖലകൾ- തന്ത്ര, യോഗ, സെൻ(zen) തുടങ്ങിയ നിരവധി പരിശീലനങ്ങൾ, ആധുനിക ശാസ്ത്ര പശ്ചാത്തലത്തിൽ വേണ്ടവിധം ഉപയോഗപ്പെടുത്തിക്കൊണ്ട് കുറേക്കൂടി സാമാന്യ ബോധത്തോടെ നമുക്ക് മനോവ്യാപാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്. അപ്പോഴാണ് നാരായണഗുരു തുടങ്ങിയ ഏതു ഗുരുക്കന്മാരുടെയും ഉൾക്കാഴ്ചകൾ നമ്മുക്ക് വഴിവിളക്കുകളാവുന്നത്.
മെഡിറ്റേഷൻ റ്റെക്നിക്കുകൾ എന്ന് അറിയപ്പെടുന്ന എന്തും മെഡിറ്റേഷൻ, ധ്യാനം എന്തെന്ന് അനുഭവിപ്പിക്കാനുള്ളവയല്ല; ധ്യാനം എന്തല്ല എന്ന് മനസ്സിലാക്കിപ്പിക്കാനുള്ളവയാണ്. സംഭവിക്കുന്നത് നേതി-നേതികളാണ്. അനുഭവസത്യത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള പ്രമാണാനുമാനങ്ങൾ.
ധ്യാനത്തെപ്പറ്റിയുള്ള മനനം പോലും ധ്യാനമാവുന്നില്ലെന്നോർക്കുക.
എന്നാൽ, 'ആൾദൈവ കോലാഹലങ്ങളുടെ' വാർത്താ ധൂർത്തുകളിൽ അകപ്പെട്ട് ധ്യാനത്തെ പുച്ഛിച്ചുതള്ളുന്നവർ, ഓർത്തുവെക്കേണ്ടതുണ്ട്, മനനവിദഗ്ധരിൽ ഒട്ടുമിക്കപേർക്കും 'ദർശനമാല' വെറും ദർശനനൂലാമാലയാണെന്ന്.
മനസ്സിന്റെ മായികാപടലത്തിൽ നിന്നും ആത്മാംശത്തെ വേർതിരിച്ചറിയേണ്ടതുണ്ടെന്നും അതിനുവേണ്ടി ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ടെന്നും തോന്നാത്ത ഒരാൾക്ക്, ഈ പാതയിൽ പദം വെക്കുന്നവർക്കുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലുകളാണ് - continuous reminders - ആത്മോപദേശശതകം എന്ന് എങ്ങനെയാണ് ബോധ്യപ്പെടുക? അങ്ങനെയല്ലാത്തവരെ സംബന്ധിച്ച് വെറും നല്ല നടപ്പിന് വേണ്ടിയുള്ള ഉപദേശങ്ങളായിരിക്കുമവ. അല്ലെങ്കിൽ വാചകക്കസർത്തിനിടക്ക് ഉദ്ധരണികളാക്കാനും കൊള്ളാം. പറഞ്ഞുവന്നത് ഇതാണ്. ധ്യാനപന്ഥാവിൽ മാത്രമേ നാരായണ ഗുരുവിനു പ്രസക്തിയുള്ളൂ. ആ പ്രസക്തി നമുക്കറിയാവുന്ന 'രാഷ്ട്രീയ പ്രസക്തിയോ' 'സാമൂഹ്യ പ്രസക്തിയോ' ഒന്നുമല്ല; അത് സൗരഭ്യം പരത്തി വിടർന്നു നില്ക്കുന്ന ഒരു പുഷ്പത്തിന്റേതുപോലുള്ള existential significance ആണ്. അല്ലാതുള്ള എല്ലാ പ്രസക്തിവാഴ്ത്തുക്കളും ഒഴികഴിവുകളും കാപട്യങ്ങളും മാത്രമാണ്.
'അപര'വ്യാധി
വൈയക്തികമായിട്ടുള്ള -individual- ഗ്രാഹ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്തേടത്തോളം, സാമൂഹികതയിലേക്കുള്ള ആക്കം ഒരു വിലങ്ങുതടിയായി എല്ലായ്പ്പോഴും നമുക്ക് മുന്നിലുണ്ടായിരിക്കുന്നതായിരിക്കും. ബൗദ്ധികമായിട്ടുള്ള മാറ്റത്തിന് വേണ്ടിവരുന്ന ഏതു ശ്രമത്തിൽ നിന്നും നാം ഓടിയൊളിക്കുക 'അപരത്വം' എന്ന ഈ ഒഴികഴിവിലൂടെയാകും. അതുകൊണ്ടാണ്,'അവനവനാത്മ സുഖത്തിനാചരിക്കുന്നവ'യേക്കാളും പ്രാധാന്യം നാം 'അപരന്റെ സുഖത്തിന്' നല്കിപ്പോരുന്നതും രണ്ടു സുഖങ്ങളും ഒരിക്കലും സംഭവിക്കാതെ പോകുന്നതും. അവനവനെന്ന ആത്മബോധവും അതിന്റെ സൗഖ്യവും പരമപ്രധാനമായിരിക്കുമ്പോൾ അപരന്റെ സുഖത്തിനായുള്ള അന്തരീക്ഷമൊരുങ്ങുക മാത്രമാണ്. അപരനിൽ ഊന്നിക്കൊണ്ടുള്ള എന്തും ഒരു തരം ഗൂഡാലോചനക്കു സമമാണ്- a self conspiracy. അഹന്തയുടെ വിനയ മേലങ്കിയുടെ കനം വർദ്ധിക്കാനേ അതുപകരിക്കൂ.
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന് വായിക്കുമ്പോൾ ഉള്ളിന്നുള്ളിൽ നാം ആശ്വസിക്കുകയാണ് ചെയ്യുന്നത്; ഏതുമതമായാലും അതിനെ വേണ്ടെന്നു വെക്കേണ്ടതില്ലല്ലോ എന്ന്. മാത്രവുമല്ല നാരായണഗുരുവിനെ ഒരു വിട്ടുവീഴ്ചക്കാരനാക്കുകയും ചെയ്യുന്നു. 'തനിക്കു മതമില്ലെന്നു' നാരായണഗുരു പറഞ്ഞതിന്റെ എത്രാമത്തെയോ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്കുപോലും ഗുരു ഉദ്ദേശിച്ചത് 'F**K YOUR RELIGION, BE HUMAN' എന്നാണെന്നോർക്കാൻ ധൈര്യം വരുന്നില്ല. ഫരിസേയരെ ചാട്ടകൊണ്ടടിച്ചോടിച്ച ആശാരിച്ചെറുക്കനെപ്പോലെ, ‘നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്' എന്ന് പറഞ്ഞ നാരായണഗുരു ‘mind your own business’ എന്നുകൂടി ഉദ്ദേശിച്ചിരുന്നുവെന്ന് ധരിക്കാൻ, ഗുരുക്കന്മാർക്കും പെരുമാറ്റച്ചട്ടങ്ങൾ വിധിക്കുന്ന നമ്മുടെ സമൂഹ-സദാചാര മനസ്സുകൾ അനുവദിക്കുന്നില്ല. 'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്ന് വാശിപിടിച്ചപ്പോൾ, സഹോദരൻ അയ്യപ്പനെ ഒന്ന് മയപ്പെടുത്തിക്കൊണ്ടാണ് ഗുരു 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് പറഞ്ഞത്. നാം ഓരോരുത്തരും പക്ഷേ ഉറപ്പാക്കുന്നുണ്ട്, ആ ജാതിയും മതവും ദൈവവും ഏതായിരിക്കണമെന്ന്.
ആധുനിക ധ്യാന സങ്കേതങ്ങളോട് മുഖം തിരിക്കുന്നവരും, നാരായണ ഗുരുവിനെ so called ആത്മീയ കെണിയിൽ നിന്നും (മതാതീത ആത്മീയതയടക്കം) മാറ്റി പ്രതിഷ്ഠിക്കുന്നില്ലെങ്കിൽ, അറിഞ്ഞുകൊണ്ടല്ലെങ്കിലും ഫലത്തിൽ പ്രസക്തി ഗൂഢാലോചനയുടെ പ്രചാരകരായി മാറുകയാണ്.
ദൈവദശക വിലാപങ്ങൾ
പച്ച മലയാളത്തിൽ 'മനസ്സിനെ ഒരു വശത്തേക്ക് മാറ്റിവെക്കുക ആദ്യം' എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാത്ത യാതൊരു മനനവും ചുരുങ്ങിയത് മൂന്നു ഭാഷകളിലെങ്കിലും നിപുണനായിരുന്ന ഗുരുവിന്റെ കൃതികളുടെ അടുത്ത് വിലപ്പോവുകയില്ല. അതുകൊണ്ടാണ് ഗുരുതാല്പര്യം ഇന്നും 'നാരായണ മൂർത്തേ നാരായണ മൂർത്തേ' എന്ന വിലാപത്തിൽ ഒതുങ്ങി നിൽക്കുന്നത്.
ദൈവദശകത്തിന്റെ നൂറാം വർഷാഘോഷങ്ങളുടെ ഭാഗമായി നൂറ് ഭാഷകളിലേക്ക് ആ കൃതി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ആ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കപ്പെട്ടു. ആ പ്രാർത്ഥനയെ സംസ്ഥാനത്തിന്റെയോ മറ്റോ ഔദ്യോഗിക പ്രാർത്ഥനയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യങ്ങൾ ഉണർന്നുകേട്ടിരുന്നു. ആ ആവശ്യങ്ങൾ എവിടം വരെയായി എന്ന് അറിയില്ല. പരിതാപകരമായ വസ്തുത, അതിനു പിൻബലമായി പറയുന്നത് 'മതേതരത്വ'മാണെന്നതാണ്. രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഗൂഢ മധ്യസ്ഥതയിൽ, മതമേലാളൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പുമാത്രമാണ് മതേതരത്വമെന്ന ക്ളീഷേ എന്നിരിക്കേ, ദൈവദശകസ്തുതി വെറും അവഹേളനമായി അധഃപതിക്കുന്നു. ദൈവമെന്ന വാക്കുപോലും ഒരാളും 'മതേതരമായി' ധരിക്കുന്നില്ലെന്നോർക്കുക. അവരവർ കുടുങ്ങിക്കിടക്കുന്ന മതങ്ങൾക്കനുസരിച്ചേ ഓരോരുത്തരും ആ വാക്കിന്റെ അർത്ഥം ഗ്രഹിക്കൂ. ഇസ്ലാം വിശ്വാസിയായ ഒരാളെ സംബന്ധിച്ച് ദൈവമെന്ന പദം ഗ്രഹിക്കപ്പെടുന്നത് 'അല്ലാഹ്' എന്നാണ്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അത് 'കർത്താവ്' ആണ്, അല്ലെങ്കിൽ യേശുവാണ്.
നാരായണഗുരുവിന്റെ മറ്റു കൃതികളുമായി താരതമ്യപ്പെടുത്തിയാൽ, സ്തോത്രകാവ്യങ്ങളടക്കം, ഇത്തിരി മാറ്റു കുറഞ്ഞ കൃതിയായിട്ടാണ് ദൈവദശകത്തെ തോന്നിയിട്ടുള്ളത്. രണ്ടോ മൂന്നോ ശ്ലോകങ്ങൾ അതിമനോഹരം തന്നെ. എന്നാൽ, തുടക്കത്തിലുള്ള ഉപമകളും മറ്റും വെറും സാധാരണം, ഒരുപക്ഷേ ഗുരുവിന്റെ നിലവാരത്തിന് നിരക്കാത്തത്. നിർഭാഗ്യവശാൽ, ദൈവദശകസ്തുതിക്കാർ ആകൃഷ്ടരാവുന്നത് ഈ 'ആവി വൻ തോണി' കളിലാണ്. ഇത്തരക്കാരിലൊരാളാണ് രമേശ് നാരായണനിനെകൊണ്ട് ഇതിനെയൊരു വിലാപമാക്കി പാടിപ്പിച്ചത്. ദൈവദശകശാഠ്യങ്ങളത്രയും ശക്തി തെളിയിക്കാനുള്ള സംഘടനാപ്രവണതയിൽ കവിഞ്ഞ് മറ്റെന്തെങ്കിലുമാണെന്നു തോന്നുന്നില്ല. ഏതോ സന്ദർഭത്തിൽ, 'അതെഴുതിയ ആൾ ഇപ്പോഴില്ലല്ലോ' എന്ന് ഗുരു തന്നെ മറുപടി പറഞ്ഞതായി ഓർത്തുകൊണ്ട് സമാധാനിക്കുകയേ വഴിയുള്ളൂ.
(നാരായണ ഗുരുവിന്റെ ചില കൃതികളെങ്കിലും- ആത്മോപദേശശതകം, ദർശനമാല , അറിവ് എന്നിവ വിശേഷിച്ചും- ഓഷോയുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നാറുണ്ട്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ നാരായണ ഗുരു എന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നതിൽ, അപൂർവ്വ ചാരുതയാർന്ന, തീർത്തും നവ്യമായിട്ടുള്ള ഉൾക്കാഴ്ചകൾ ലഭ്യമാകുമായിരുന്നു നമുക്ക്.)
നർമ്മ പരിപാലനം
രാഷ്ട്രീയ ഉപജാപത്തിന്റെ ഭാഗമായിട്ടല്ലാതെ, നാരായണ ഗുരുവിനെ ദൈവതുല്യനായി ആരാധിച്ചുവരുന്ന ഒരു കൂട്ടം ആളുകളുണ്ട്. താരതമ്യേന ഉപദ്രവം കുറഞ്ഞവരാണവർ. ഏതെങ്കിലും ഒരു കളിക്കോപ്പു വേണമെന്നേ അവർക്കുള്ളൂ. തൽക്കാലം കൈവശമുള്ളത് നാരായണ ഗുരുവായതിനാൽ അതുകൊണ്ടു കളിക്കുന്നുവെന്നേയുള്ളൂ. മടുക്കുമ്പോൾ ഇടക്കെങ്കിലും അവർ മറ്റൊരു കളിക്കോപ്പു കണ്ടെത്തുകയോ വേറൊരെണ്ണത്തിനെ ഉൾപ്പെടുത്തുകയോ ചെയ്യും.
യുക്തിവാദിയെപ്പോലും ക്ഷേത്രപ്രതിഷ്ഠയാക്കുന്നത് സാർവ്വലൗകികമായിട്ടുള്ള ഒരു പ്രവണതയാണ്. ഈ പ്രവണതയോട് നേർക്കുനേർ യാതൊന്നും ചെയ്യാനാവില്ല. ചെയ്യേണ്ടതുമില്ല. നാരായണഗുരു ഉണ്ടായിരുന്നെങ്കിൽ ഒരു 'നർമ്മ പരിപാലന യോഗം' സ്ഥാപിക്കുമായിരുന്നു. അത്രക്കുണ്ട് തമാശകൾ. ഒരുപക്ഷേ ധർമ്മപരിപാലന യോഗത്തെക്കാളും അത്യാവശ്യവും ആധുനികവുമായിട്ടുള്ളത് നർമ്മ പരിപാലനയോഗമാണ്. നർമ്മത്തിൽ നിന്നും ധ്യാനത്തിലേക്കുള്ളത് എളുപ്പവഴികളാണ്. മാത്രവുമല്ല, ഉറങ്ങിക്കിടക്കുന്നവർ ഉണർത്തപ്പെടുക മറ്റെന്തിനേക്കാളുമേറെ കൂട്ടച്ചിരികളെക്കൊണ്ടായിരിക്കും; സത്യസന്ധമായിട്ടുള്ള പൊട്ടിച്ചിരികൾ.
വാർത്തയിലൊതുങ്ങുന്ന വർത്തമാനം
ഏതൊരു മഹാത്മാവും, അവർ ശ്രദ്ധയൂന്നിയിട്ടുള്ളത് പ്രജ്ഞയുടെ വളർച്ചാപരിണാമങ്ങളിലാണെങ്കിൽ വിശേഷിച്ചും, എല്ലായ്പ്പോഴും തിരിച്ചറിയപ്പെട്ടിട്ടുള്ളത്, അവരുടെ ജീവിതകാലഘട്ടത്തിനു ശേഷമാണ്. സമൂഹത്തിൽ അപ്പോഴുണ്ടാകുന്ന തിരിച്ചറിവാകട്ടെ, ആ വ്യക്തി ജീവിച്ചിരിപ്പില്ല എന്ന ആശാസത്തിന്മേലാണുതാനും. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി എല്ലായ്പ്പോഴും ഒരു വെല്ലുവിളിയായിരിക്കും. അയാൾക്ക് മേലെ വ്യാഖ്യാനങ്ങൾ നടത്താനാവില്ല, അയാളുടെ നിലപാടുകളിൽ തീർപ്പു കല്പിക്കാനാവില്ല എന്നതുകൊണ്ടൊക്കെത്തന്നെ. അയാളുടെ മരണശേഷമായിരിക്കും PRIEST & POLITICIANS MAFIA അയാളിൽ പ്രസക്തി കണ്ടെത്തുന്നത്. ഈ പ്രസക്തിയെന്നത് വാർത്താമൂല്യത്തിൽ കവിഞ്ഞ ഒന്നുമല്ല. just news value. ജീവിച്ചിരിക്കേ, അയാൾക്ക് ചുറ്റിലും സമൂഹാനുസാരിയായ ഒരു മാഫിയ ബലപ്പെടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയും അതിന്റെ ഭാഗമായതുകൊണ്ടായിരിക്കും.
ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ച് താമസിക്കേണ്ടി വരുമ്പോൾ- സമൂഹമെന്ന അവസ്ഥ - ഉടലെടുക്കുന്ന പ്രശ്‌നപരിഹാരത്തിന്, ഇതുവരെയുണ്ടായിട്ടുള്ള എല്ലാഗുരുക്കന്മാരെക്കാളും നൈപുണ്യം ശാസ്ത്ര സാങ്കേതിക മണ്ഡലം ആർജ്ജിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രവൈദഗ്ധ്യത്തെ നേരെ ചൊവ്വേ സ്വീകരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും തടയിടുന്നത് മേൽസൂചിപ്പിച്ച മാഫിയ മാത്രമാണ്. ഈ മാഫിയ താൽപര്യപ്പെടുന്നത് അവരെ 'logistics' വിദഗ്‌ധരായി അവതരിപ്പിക്കാനാണ്. computer algorithams പ്രാപിച്ച അപാരമായ വളർച്ച മാർക്സിനെപ്പോലും അപ്രസക്തമാക്കിക്കളഞ്ഞു, പിന്നെയാണ് 'there is no forest; only woods are there' എന്ന് ഓർമ്മപ്പെടുത്തിപ്പോന്ന ഗുരുക്കന്മാർ!
സമൂഹത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെടുന്ന യാതൊരു പ്രശ്നവും, പ്രകൃത്യാലുള്ള ദുരിതങ്ങളും ഇല്ലെന്നുവെക്കുക, എന്നിട്ടും പക്ഷേ ഈ ഭൂമിയിൽ താമസിക്കേണ്ടി വരുന്ന ഒരേയൊരു മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരുന്ന ചില വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികൾക്കു മുന്നിലാണ് ഈ ഗുരുക്കന്മാരൊക്കെയും നക്ഷത്ര ശൃംഗങ്ങളായി നിലകൊള്ളുന്നത്; നമ്മുടെ നടപ്പാതയിൽ ഒരു നിഴലിന്റെ പോലും പാടുവീഴ്ത്താതെ.
'if you meet buddha on the way, kill him' എന്ന് ഓർമ്മിപ്പിക്കുന്നത് വഴിയിലുള്ളവരോടാണ്, നടന്നുകൊണ്ടിരിക്കുന്നവരോടാണ്. ഭൂതകാലത്തിൽ കുത്തിയിരിക്കുന്നവർക്ക് സ്വയം സമാധാനിക്കാൻ പ്രസക്തിവാഴ്ത്തുക്കൾ കൂടിയേ തീരൂ.
ഓർമ്മകളുടെ മൃതസഞ്ചയത്തിൽ നീന്തിത്തുടിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന ബുദ്ധിജീവികൾ, നമ്മുടെ പ്രസക്തി നിശ്ചയിപ്പുകാർ, ഓർക്കാൻ പോലുമറയ്ക്കുന്ന മാനവചരിത്രത്തിന്റെ താളുകൾ മോടി പിടിപ്പിക്കാൻ, ഗുരുവിനെ, ഏതൊരു ഗുരുവിനേയും, ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ച്, ഗുരു അഗാധമാക്കികൊണ്ടിരിക്കുന്നത് ചരിത്രമാണ്; വർത്തമാനമല്ല.
നന്ദി
ReplyDeletelv unknown
DeleteSoo daring.
ReplyDeleteThe penetrating clarity.
Cutting sweet pie and showing the hidden poison.
Sharp...
Such blow!!...to the consciousness and unconscious hypocrisy of mankind.
A shower of understanding.
Thank you..
🙏🙏🙏💐💐💐💐
CHEERS DEAR !!!!
Deleteനല്ല നിരീക്ഷണങ്ങൾ...🤝
ReplyDeleteTHANK YOU. lv
Deleteഒന്നോടിച്ചു വായിച്ചു. മനസ്സിരുത്തി ഒന്നു കൂടെ വായിക്കണം.ആഴമുള്ള നല്ല എഴുത്ത്..
ReplyDeleteThank you ullas.
ReplyDeleteനല്ല, ആഴവും തെളിമയുമുള്ള നിരീക്ഷണങ്ങൾ
ReplyDeletethank you shijo. lv
Deleteഗുരു എന്ന വാക്കിലെ ‘ഗു’ എന്ന പദം അന്ധകാരത്തെയും ‘രു’ എന്ന പദം അതിൻ്റെ നിർമാർജനത്തെയും പ്രതിനിധാനം ചെയ്യുന്നു . അജ്ഞാനമാകുന്ന അന്ധകാരത്തെ നിർമാർജനം ചെയ്ത് ആത്മപ്രകാശത്തെ കാണിച്ചു തരുന്ന വ്യക്തിയാണ് ഗുരു . ഗുരുവിന്റെ നാവിൽ നിന്ന് ഉതിരുന്ന ഓരോ വാക്കും ശിഷ്യന്റെ മനസ്സിലെ ദുരഭിമാനത്തെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് . ഗുരുക്കന്മാരുടെ പേര് പറഞ്ഞു സ്വത്വരാഷ്ട്രീയം കളിച്ചു ധനവും അധികാരവും കൈവശപ്പെടുത്തുവാൻ ശ്രമിക്കുന്നവരാവട്ടെ ഗുരുവിനെ പോലും ഉപയോഗിച്ച് കേൾവിക്കാരായ അനുയായികളുടെ “ദുരഭിമാനത്തെ വളർത്തിയെടുക്കാൻ " ശ്രമിക്കുന്നവരാണ് . രണ്ടുകൂട്ടരും (ഗുരുക്കന്മാരും രാഷ്ട്രീയക്കാരും ) അക്ഷരാർത്ഥത്തിൽ എതിർചേരിയിൽ നിൽക്കുന്നവരാണെന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധിമാത്രമേ വേണ്ടൂ .ജനാധിപത്യം സ്വത്വരാഷ്ട്രീയത്തിന്റെ ബലാബലം പരീക്ഷിക്കുന്ന വേദി മാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആരെ ഉപയോഗിച്ചും അധികാരം നേടിയെടുക്കുക എന്നതിന്റെ ഭാഗമാണ് രാഷ്ട്രീയക്കാരുടെ ഗുരുഭക്തി .
ReplyDeleteആത്മജ്ഞാനം നേടുന്നതിനായി സ്വന്തം ശരീരവും മനസ്സും മാത്രമല്ല ആത്മാവിനെ തന്നെ ഗുരുവിങ്കൽ സമർപ്പണം ചെയ്യുന്നവർ മാത്രമാണ് യഥാർത്ഥ ശിഷ്യർ .ഗുരുക്കന്മാരുടെ പേരുപറഞ് ജയഘോഷം മുഴക്കുകയും ഭക്തിപ്രകടനം നടത്തുന്നതിലും മാത്രം ഒതുങ്ങുന്ന ഗുരുഭക്തർ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് . ഓരോ ഗുരുവും അവർ എത്തിച്ചേർന്ന ആത്മീയ ഔന്ന്യത്യത്തിലേക്ക് സഞ്ചരിച്ച എകാകിതയുടെ (Solitude ) , മൗനത്തിന്റെ (Silence) , ധ്യാനത്തിന്റെ (Meditation) ഒരു പാതയുണ്ട് . .ആ പാതയിലൂടെ സഞ്ചരിച്ച് ഏകാകിതയിലൂടെ , മൗനത്തിലൂടെ , ധ്യാനത്തിലൂടെ , ആത്മ സമർപ്പണത്തിലൂടെ ഗുരുവിൽ ജ്വലിക്കുന്ന അതേ അഗ്നിയെ അവനവന്റെ ആത്മാവിലേക്കു ഏറ്റുവാങ്ങുന്നവർ മാത്രമാണ് യഥാർത്ഥത്തിൽ ഗുരു കാണിച്ചു തന്ന പാത കാണുകയോ അതിലൂടെ സഞ്ചരിക്കുകയോ ചെയ്തിട്ടുള്ളൂ . അവർ മാത്രമാണ് യഥാർത്ഥത്തിൽ ഗുരുവിനെ മനസ്സിലാക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നുള്ളൂ .
ഓർക്കുക , (Meditation) ധ്യാനത്തിലൂടെ നേടിയെടുത്ത (Awareness) അവബോധവും, (intelligence) ബുദ്ധികൂർമതയും ഉപയോഗിച്ച് ഗുരുക്കന്മാർ വളരെ അധികം പ്രയത്നിച്ചാണ് മതത്തിലെയും സമൂഹത്തിലെയും സർവ്വവിധ ദുരാചാരങ്ങൾക്കും എതിരെ പോരാടിയത് . ആ പോരാട്ടം നിലനിർത്താൻ അതേ അവബോധവും ബുദ്ധികൂർമതയും ഉള്ള ആളുകൾക്ക് മാത്രമേ സാധിക്കൂ .
ശിഷ്യന്മാർ ഈ സന്ദേശം പൂർണമായി ഉൾക്കൊള്ളാത്തിടത്തോളം കാലം ഓരോ ഗുരുവും പണ്ഡിതന്മാർക്കും പുരോഹിതന്മാർക്കും ഗ്രന്ഥജ്ഞാനത്തിന്റെ പേരിൽ പരസ്പരം മത്സരിക്കാനും രാഷ്ട്രീയക്കാർക്ക് പ്രസക്തിമാഹാത്മ്യത്തെ പറ്റി പ്രസംഗിക്കാനും ശക്തിപ്രകടനങ്ങൾ നടത്തി അധികാരസ്ഥാനങ്ങൾക്ക് വേണ്ടി വടംവലി നടത്താനുമുള്ള ഒരു ഉപകരണം മാത്രമായിത്തീരും ...
👍❣❣
Deletevery deep and beautiful ariticle . loved it . thanks a lot
ReplyDeleteThanks dheeraj
Delete