Featured Post

Thursday, October 22, 2020

ഓ, സോർബാ.. !!

                                                       click for english google translation



കസൻദ് സാക്കിസിൻ്റെ പേര് നോബൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടത് 1957-ലായിരുന്നു. അദ്ദേഹം മരണപ്പെട്ട അതേ വർഷം തന്നെ. ഒറ്റ വോട്ടിൻ്റെ വ്യത്യാസത്തിൽ പക്ഷേ ആ വർഷത്തെ നോബൽ സമ്മാനിക്കപ്പെട്ടത് കമ്യൂവിനാണ് - Albert Camus. കമ്യൂ പരസ്യമായി തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു, തന്നെക്കാളും നൂറുമടങ്ങ് അർഹനായിട്ടുള്ളത് കസൻദ് സാക്കിസാണെന്ന്. അടുത്ത കുറേ വർഷങ്ങളിൽ ഒൻപതു തവണയാണ് സാക്കിസിൻ്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പക്ഷേ ആ പേര് അവസാന നിമിഷം പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. 

അസീസിയിലെ ഫ്രാൻസിസ്, ക്രൈസ്റ്റ് റിക്രൂസിഫൈഡ്‌, റിപ്പോർട്ട് റ്റു ഗ്രേകോ തുടങ്ങിയ രചനകളിലൂടെ ഏറെ പ്രശസ്തികൈവരിച്ച സാക്കിസ് ‘ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭന’ത്തിലൂടെ വിവാദങ്ങളുയർത്തുകയും ചെയ്തിരുന്നു.


first edition of Zorba the Greek

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും അദ്ദേഹത്തെ വെറും നോവലിസ്റ്റിൽ നിന്നും മാറ്റി നിർത്തുന്നത് 'സോർബ ദ ഗ്രീക്ക്' തന്നെയാണ്. ഓഷോ ബുദ്ധനോട് ചേർത്തുവച്ച അതേ സോർബ. 

ഈ ഗ്രീക്കുകാരനെ സാക്കിസ് കണ്ടെത്തുന്നത് ക്രീറ്റിലേക്കുള്ള (Crete) ഒരു കപ്പൽ യാത്രയിലാണ്. ഉപേക്ഷിക്കപ്പെട്ട ഒരു ലിഗ്നൈറ്റ് ഖനി വീണ്ടും തുറക്കാനുള്ള പുറപ്പാടിലായിരുന്നു അയാൾ. സംസാരിച്ചു തുടങ്ങി നിമിഷങ്ങൾക്കകം സോർബയിൽ ആകൃഷ്ടനായ അയാൾ, സോർബയേയും തൻ്റെ കൂടെ കൂട്ടുന്നു. പിന്നീടങ്ങോട്ട് ആഘോഷമാണ്. തമാശകളും ചിരിയും മദ്യവും പ്രേമസല്ലാപങ്ങളും നൃത്തവും സംഗീതവുമൊക്കെയായി സോർബ ജീവിച്ചു തിമിർക്കുകയാണ്. അയാളുടെ ബോസ് - സാക്കിസ് - പക്ഷേ, തൻ്റെ അസ്തിത്വപരമായ ആശയക്കുഴപ്പങ്ങളും ആവലാതികളുമായി ഒതുങ്ങിക്കൂടാൻ ശ്രമിച്ചു. പുസ്തകങ്ങളിലും മറ്റും തൻ്റെ വൈമുഖ്യങ്ങളെ അയാൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കുമ്പോഴും സോർബയുടെ ആഹ്ളാദങ്ങൾ അദ്ദേഹത്തെ കൗതുകം കൊള്ളിക്കുന്നുണ്ട്. 


ആഘോഷിക്കപ്പെടാത്തതായിട്ടുള്ള ഒറ്റ നിമിഷവും സോർബയുടെ ജീവിതത്തിലില്ല. ആഘോഷമെന്നത് സോർബയെ സംബന്ധിച്ച് ദൈനം ദിന ജീവിതത്തിലെ എന്തെങ്കിലും വിശേഷപ്പെട്ട ഒരു പ്രവൃത്തിയല്ല. സോർബക്കത് ജീവിതത്തിലെ പങ്കുകൊള്ളലാണ്, the very participation. അതാകട്ടെ തീവ്രാഭിനിവേശത്തോടെ തൻ്റെ ജീവിതത്തിലെ അവസാന നിമിഷം ഇതാണെന്നമട്ടിൽ. ഒരിക്കൽ ഒരു കുഗ്രാമത്തിലെത്തിപ്പെട്ട സോർബ, അവിടെ ആൽമണ്ട് വൃക്ഷത്തൈ  വച്ചുപിടിപ്പിക്കുന്ന ഒരു വൃദ്ധനെ കണ്ടു. ഏറെ പ്രായം ചെന്നതും മുതുകുവളഞ്ഞു വേച്ചുവേച്ചു നടക്കുന്നതുമായ ഒരു വൃദ്ധൻ. "അപ്പൂപ്പൻ ആൽമണ്ട് തൈ നടുന്നുവോ?" എന്ന സോർബയുടെ ചോദ്യത്തിന് ആ വൃദ്ധൻ പറഞ്ഞ മറുപടി ''മകനേ, ഞാൻ ജീവിക്കുന്നത് ഞാൻ ഒരിക്കലും മരിക്കില്ലെന്നുവിചാരിച്ചുകൊണ്ടാണ്" എന്നായിരുന്നു. സോർബ പറഞ്ഞു, "ഞാനാകട്ടെ തൊട്ടടുത്ത നിമിഷം മരിക്കാൻ പോവുകയാണെന്നമട്ടിലും. "



ഊണും ഉറക്കവുമുപേക്ഷിച്ചുകൊണ്ട് സോർബ, ഖനിയിൽ പണിയിൽ മുഴുകും. പുറത്തുവന്നാൽ ചിരിയും തമാശകളും. പിന്നെ അല്പം മദ്യവും തൻ്റെ സന്തൂരിയും നൃത്തവും. ഇടക്ക് സമയം കിട്ടുമ്പോൾ സമീപത്തുള്ള അറുപതുവയസ്സുകാരി 'ബോബൊലീന'യുമൊത്തുള്ള ശൃംഗാരം. ഇതിനിടയിൽ പുസ്തകങ്ങളിലും മറ്റും മുഴുകിക്കഴിയുന്ന തൻ്റെ ബോസിനെ സോർബ ഓർമിപ്പിക്കുന്നുണ്ട്, ജീവിതം ജീവിക്കാനുള്ളതാണെന്ന്. തൻ്റെ ബോസിനുവേണ്ടി ഒരു പ്രണയമൊപ്പിച്ചുകൊടുത്തു സോർബ. പക്ഷേ തണുപ്പനായ ഈ ബോസിനുണ്ടോ വല്ലതും ശരിയാവുന്നു ? 

അവരുടെ ഖനി കുഴിക്കൽ വിഫലമായി. സോർബ അപ്പോഴേക്കും അടുത്ത 'കലാപരിപാടികൾ' തുടങ്ങി വച്ചിരുന്നു. കടലിനോട് ചേർന്ന്, ഒരു കുന്നിൻമുകളിലുണ്ടായിരുന്ന ക്രിസ്ത്യൻ മഠത്തിൻ്റെ വകയിലുള്ള ഒരു കാട് ചുളുവിലക്കടിച്ചെടുത്തു. അതിലെ മരങ്ങൾ മുറിച്ചു വില്ക്കുക ! ആ മരങ്ങൾ


zorba with bouboulina
താഴെയിറക്കിക്കൊണ്ടുവരാൻ സോർബ ഒരു റോപ്-വേ ഉണ്ടാക്കാൻ തുടങ്ങി. അതിനുവേണ്ട കേബിളും മരക്കുറ്റികളും മറ്റും ദൂരെ പോയി പോലും സംഘടിപ്പിച്ചു കൊണ്ടുവന്നു. ഒരുപാട് ദിവസത്തെ പ്രയത്നങ്ങൾക്കൊടുവിൽ റോപ്-വേ തയ്യാറായി. അന്നാട്ടിലെ ജനങ്ങൾക്കതൊരു അത്ഭുതക്കാഴ്ചയായിരുന്നു. ഒരുപാടു ജനങ്ങൾ തടിച്ചുകൂടിയിരുന്നു അതിൻ്റെ ഉദ്ഘാടനത്തിന്. ആ മഠത്തിലെ പാതിരിമാരും അന്നാട്ടിലെ മാന്യമഹാന്മാരും. ഉദ്ഘാടനമഹാമഹത്തിന് മാറ്റുകൂട്ടുവാൻ സോർബ ആട്ടിറച്ചിയും മദ്യവുമൊക്കെ തയ്യാറാക്കിയിരുന്നു. എന്നാൽ ആദ്യത്തെ മൂന്നുനാലു മരത്തടികൾ ഇറക്കാൻ ശ്രമിച്ചപ്പോഴേക്കും സോർബയുടെ റോപ്-വേയെല്ലാം കടപുഴകി തെറിച്ചുപോയി. അവിടെ കൂടിയിരുന്നവരെല്ലാം ഭയന്ന് ഓടിപ്പോവുകയും ചെയ്തു. ആ കടൽത്തീരത്തു സോർബയും ബോസും മാത്രമായി. "ബോസ്, ഇത്ര ഗംഭീരമായ ഒരു തകർച്ച അങ്ങ് ഇതിനുമുൻപ് കണ്ടിട്ടുണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് സോർബ ഒരു കഷ്ണം ഇറച്ചിയെടുത്തു രുചിച്ചു. പിന്നെ പറയാൻ തുടങ്ങിയത് ആ ഇറച്ചിയുടെ രുചിമേന്മകളെകുറിച്ചായിരുന്നു ! 


ബോസിന്, സോർബയിലെ സഹജാവബോധത്തെ - spontaneity- പ്പറ്റി പൂർണ്ണബോധ്യം വന്ന ഒരു നിമിഷമായിരുന്നു അത്. ആ നിമിഷമാണദ്ദേഹം സോർബയോടാഗ്രഹം പ്രകടിപ്പിക്കുന്നത്, തനിക്കും നൃത്തം ചെയ്യണമെന്ന്. ‘സോർബ ദ ഗ്രീക്ക്’ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാനാവാത്ത രംഗമായിരിക്കും ആ നൃത്തം. സോർബയായി അഭിനയിച്ച Antony Quinn -ഉം അതുപോലെതന്നെയാണ്. സോർബയ്ക്കിന്നും ആൻ്റണിയുടെ മുഖമാണ്. 

 

എളുപ്പം സംഗ്രഹിക്കാനാവാത്ത ജീവിതമാണ് സോർബയുടേത്- larger than the life. അതുകൊണ്ടുതന്നെയാണ് സോർബയുടെ നിമിഷങ്ങളെ പകർന്നുതരുവാൻ നോവലിസ്റ്റിന് ഇത്രയും പേജുകൾ വേണ്ടിവന്നതും. നോവലത്രയും നിറഞ്ഞുനിൽക്കുന്ന സോർബയുടെ സംഭാഷണങ്ങളിൽ ഓരോ വാക്കും, സാധാരണമനുഷ്യൻ്റെ (ബുദ്ധിജീവികളടക്കം) ജീവിതസമീപനത്തെ വിമർശ്ശിച്ചുകൊണ്ടുള്ള ചുറ്റികപ്രഹരങ്ങളാണ്. ആ വാക്കുകളുടെ മൂർച്ചകൊണ്ടുതന്നെ, ഇൻറർനെറ്റിൽ Zorba Quotes ഇന്നും ഏറെ തെരയപ്പെട്ടുകൊണ്ടിരിക്കുന്നു. 

 

zakis


ബുദ്ധവചനങ്ങളും അതുപോലുള്ള ആത്മീയകൃതികളുമായി കഴിയുന്ന ബോസിന് വിദ്യയഭ്യസിക്കാത്ത സോർബയുടെ വാക്കുകൾ വെളിപാടുകളായിരുന്നു. "ഞാൻ യാതൊരു കുഴപ്പങ്ങളും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല" എന്നു പറഞ്ഞപ്പോൾ സോർബയുടെ മറുപടി ഇങ്ങനെയായിരുന്നു,’ജീവിതമെന്നത് കുഴപ്പങ്ങളാണ്. മരണം മാത്രമേ അങ്ങനെയല്ലാതുള്ളൂ. ജീവനോടിരിക്കുകയെന്നാൽ നിങ്ങളുടെ അരപ്പട്ടയഴിച്ചു കുഴപ്പങ്ങളിലേക്കിറങ്ങുകയെന്നുതന്നെയാണ്. "

ആശങ്കാകുലനായി നില്ക്കുന്ന തൻ്റെ ബോസിന് ഒരിക്കൽ സോർബ നല്കിയ മറുപടി ഏറെ പ്രസിദ്ധമാണ്, '’നിങ്ങൾക്കെല്ലാമുണ്ട് ഒന്നൊഴികെ: വട്ട്. മനുഷ്യനായാൽ ഒരല്പം വട്ടുണ്ടാകണം. അല്ലെങ്കിൽ, തന്നെ ബന്ധിച്ചിരിക്കുന്ന കയർ മുറിക്കാനും സ്വതന്ത്രനാവാനും അവൻ ഒരിക്കലും ധൈര്യപ്പെടുകയില്ല. "


ഓഷോ ഏറെ ഇഷ്ടപെട്ട ഒരു പ്രസ്താവമാണിത്. 1978 -ലായിരുന്നു തൻ്റെ നവമാനവ ദർശനത്തെ ഓഷോ Zorba the Buddha എന്ന് വിളിച്ചത്. ‘സോർബ ദ ഗ്രീക്’ എന്നു പറയേണ്ടിടത്തുപോലും അദ്ദേഹം ‘സോർബ ദ ബുദ്ധ’ എന്നാണ് പറഞ്ഞുപോകാറുള്ളത്. ഓഷോയുടെ ആ പ്രഖ്യാപനത്തിനുശേഷം, ഓഷോ കമ്മ്യൂണിലും മറ്റും റെസ്റ്റോറൻ്റുകൾക്കും മറ്റുപല ആഘോഷാവസരങ്ങൾക്കും സോർബ ദ ബുദ്ധ എന്ന പേരാണ് നല്കിപ്പോരാറുള്ളത്. ബുദ്ധന്മാരെ ഓഷോ ഗൗനിക്കുന്നതേയില്ല. ഓഷോയെ സംബന്ധിച്ചേടത്തോളം സോർബയാണെല്ലാം; ജീവിതത്തിൻ്റെ ഊർജ്ജാടിത്തറ. ബുദ്ധനെന്നത് - ബുദ്ധത്വമെന്നത്- സ്വാഭാവികമായ ഒരു പരിണതിയത്രേ; ഒരു പുഷ്പത്തിന്റെ സൗരഭ്യമെന്നോണം. എന്നാൽ (നമുക്കകത്തെ) സോർബയെ - Zorbahood - നമുക്ക് കാത്തുസംരക്ഷിക്കേണ്ടിയിരിക്കുന്നു. മത-രാഷ്ട്രീയ-സമൂഹ മാഫിയ എല്ലായ്‌പ്പോഴും സോർബയെ അടിച്ചമർത്തികൊണ്ടിരിക്കുകയാണ്. ഒരു വ്യക്തി, ജീവിതത്തിൽ പങ്കുകൊള്ളുന്നതിനെ അവർ ഭയക്കുന്നു. എന്തെന്നാൽ എത്ര നിസ്സാരമായ ഒരു പങ്കുകൊള്ളലും ഒരു വലിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഒറ്റ സമൂഹവും സ്വാതന്ത്യ്രത്തോളം മറ്റൊന്നിനെയും ഭയപ്പെടുന്നില്ല. 


നോവലിലുടനീളം ബുദ്ധനെന്ന പദം പ്രത്യക്ഷപ്പെടുന്നുണ്ട്. സോർബയുടെ ബോസ് തൻ്റെ സന്ദിഗ്ധതകളിൽ നിന്നും രക്ഷപ്പെടാറുള്ളത് ബുദ്ധവചനങ്ങളിൽ മുഖം പൂഴ്ത്തിക്കൊണ്ടായിരുന്നു; ബുദ്ധ-പ്രതിപത്തിയുള്ള മിക്കവരേയും പോലെത്തന്നെ. (ബുദ്ധനും ധ്യാനവും മറ്റ് ആത്മീയ ശ്രദ്ധകളും സകലരും ഉപയോഗപ്പെടുത്താറുള്ളത് ജീവിതത്തിൽ നിന്നും ഓടിയൊളിക്കുന്നതിനുള്ള ഒഴികഴിവായിട്ടാണ്. ഓഷോയായിരുന്നു കൃത്യമായി ഓർമ്മപ്പെടുത്തിയത്, 'ധ്യാനം' ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലല്ല; ജീവിതത്തിലേക്കുള്ള രക്ഷപ്പെടലാണെന്ന്.) പക്ഷേ അദ്ദേഹം -കസൻദ് സാക്കിസ്- അറിയാതെപോയി, ബുദ്ധനിലേക്കുള്ള മാർഗ്ഗമാണ് തൻ്റെ മുന്നിലുള്ള സോർബയെന്ന് !

സോർബയെ സംബന്ധിച്ച്‌ പങ്കുകൊള്ളലിൻ്റെ പാരമ്യമായിരുന്നത് (the totality of participation) നൃത്തമായിരുന്നു. നൃത്തത്തിൽ ഒഴിച്ചുകൂടാനാവാത്തത് തൻ്റെ സന്തൂരിയും. ഒരു പക്ഷേ, സന്തൂരിയോളം മറ്റൊന്നിനെയും സോർബ പ്രണയിച്ചിട്ടില്ല. ഉള്ളിൻ്റെയുള്ളിൽ താൻ ശ്രവിച്ചുകൊണ്ടിരുന്ന ഒരാദിമധ്വനിയെന്നോണം, സോർബ തൻ്റെ സന്തൂരിയെ എല്ലായ്‌പ്പോഴും കൂടെ കൊണ്ടുനടന്നു. സോർബ ഈ ജീവിതത്തെ അറിഞ്ഞിരുന്നത് നൃത്തത്തിലൂടെയായിരുന്നെന്ന് തോന്നിപ്പോകും. ഇങ്ങനെയൊരു സംഭാഷണമുണ്ട് സോർബയും ബോസും തമ്മിൽ: 

ബോസ് : “സോർബ, മൂന്നുതരം മനുഷ്യരുണ്ട്. ഒന്നാമത്തേത്, തിന്നുക, കുടിക്കുക, ഇണചേരുക, ധനികരാകുക, പ്രശസ്തരാകുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിചാരിക്കുന്നവർ. മറ്റൊരു കൂട്ടരുണ്ട് - സ്വന്തം ജീവിതം ജീവിച്ചുതീർക്കുക എന്നതായിരിക്കരുത് തങ്ങളുടെ ജീവിത ലക്ഷ്യം എന്ന് വിചാരിക്കുന്നവർ. അവർക്ക് മറ്റുള്ളവരുടെ ജീവിതമാണ് തങ്ങളുടെ ജീവിതം. അവർ മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിലും അവരെ സ്നേഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതിലും ആനന്ദിച്ചു നടക്കുന്നു. അവസാനമായി വേറൊരു തരം ആളുകളുണ്ട്; ഈ മുഴുവൻ പ്രപഞ്ചത്തിൻ്റെയും ജീവിതം ജീവിക്കുന്നവർ- മനുഷ്യരുടേയും മൃഗങ്ങളുടേയും മരങ്ങളുടേയും നക്ഷത്രങ്ങളുടേയും തുടങ്ങി സകലതിൻ്റെയും. നാമെല്ലാം ഒന്നല്ലേ...... നാമെല്ലാം ഒരേ പോരാട്ടം നടത്തുന്നവരല്ലേ?..... ദ്രവ്യത്തെ ഊർജ്ജമാക്കിമാറ്റാനുള്ള പോരാട്ടം..... "

സോർബ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു;''ബോസ്, എൻ്റെ തലയിലേക്ക് ഇതൊന്നും എളുപ്പം കയറില്ല. ഇവയൊന്നും എനിക്ക് പിടികിട്ടുന്ന കാര്യങ്ങളല്ല. നിങ്ങൾക്ക് ഈ പറഞ്ഞതിനൊക്കെയും നൃത്തം ചെയ്യാമോ? എങ്കിലെനിക്കു മനസ്സിലാവും. "


തൻ്റെ കഥാപാത്രം തനിക്കുതന്നെ ഗുരുവാകുക! സാക്കിസിനു പക്ഷേ ആ ഗുരുവിനെ എത്രത്തോളം സ്വാംശീകരിക്കാൻ കഴിഞ്ഞെന്നറിയില്ല. ഓഷോ അഭിപ്രായപ്പെട്ടിട്ടുള്ളത് കസൻദ് സാക്കിസ് ഇപ്പോഴും അവസരം നഷ്ടപ്പെടുത്തിയെന്നാണ്. 'എഴുത്തുകാരുടെ ദുര്യോഗ'മെന്നുകരുതുക - a kind of writers syndrome. താൻ നഷ്ടപ്പെടുത്തിയ അവസരത്തിന്റെ പ്രസക്തിയെപ്പറ്റി ഏതായാലും അദ്ദേഹത്തിന് ഊഹിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. എന്നിരുന്നാലും ഒരു നോവലിസ്റ്റ് എന്ന നിലയിൽ അയാൾ നിർഭാഗ്യവാനെന്ന് പറയാൻ തോന്നുന്ന മറ്റൊരു സംഗതിയുണ്ട്- തന്റെ സൃഷ്ടിയായ ഒരു കഥാപാത്രം മനുഷ്യാവബോധത്തിന്റെ എക്കാലത്തേയും സമസ്യയായിട്ടുള്ള 'ദ്വൈത'ത്തിന്റെ (dichotomy) - ദ്രവ്യവും ചേതനയും, ആത്മാവും ശരീരവും, ഭൗതികതയും ആത്മീയതയും, ആസക്തിയും വൈരാഗ്യവും എന്നിങ്ങനെ ഒരു നൂറുകൂട്ടം ദ്വൈതങ്ങളുടെ നടുക്ക് അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞ് അവശനാവുകയെന്ന മനുഷ്യന്റെ ബൗദ്ധിക ചരിത്രം - അഴിഞ്ഞുപോക്കിൽ, ഉൾക്കാഴ്ചയുടെ ദീപശിഖയായി ബുദ്ധനോടൊപ്പം ഉയർത്തപ്പെടുക എന്ന അപൂർവ്വ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ കസൻദ് സാക്കിസിന് ഭാഗ്യമുണ്ടായില്ല. എത്ര നോബൽ സമ്മാനങ്ങൾ കിട്ടിയാലാണ് ആ ആനന്ദത്തിന് പകരമാവുക! മനുഷ്യബോധത്തിന്റെ ഈ ദ്വൈതത്തെ പ്രതി തലപുകഞ്ഞ്, ജീവിതം ഹോമിച്ചെന്ന് വിളിച്ചുകൂവുന്ന എഴുത്തുകാർ, ചിന്തകർ, വിപ്ലവകാരികൾ, ശാസ്ത്രജ്ഞർ തുടങ്ങിയുള്ള ഒരാൾക്കും തങ്ങളുടെ സമസ്യയുടെ പരിഹാരത്തിന്റെ നേർക്ക് സമർപ്പിക്കപ്പെട്ട ഈ ഉൾക്കാഴ്ചയെ കണ്ടെന്നു നടിക്കാൻ പോലും ഭയമാണ്; എന്തെന്നാൽ, വിലപിക്കുമെങ്കിലും തങ്ങളുടെ ഉപജീവനം ഇതേ ദ്വൈതത്തെ ആശ്രയിച്ചാണ്. 


ഓഷോയുടെ 'സോർബ ദ ബുദ്ധ' എന്ന പ്രഖ്യാപനം അത്യന്താധുനികതയുടെ ഉപനിഷദ് മന്ത്രമാണ്. 'ഓം മണി പത്മേ ഹൂം' എന്ന തിബത്തൻ മന്ത്രത്തെപ്പോലെത്തന്നെ, എല്ലാ

വൈരുധ്യങ്ങളേയും ബോധത്തിന്റെ ഒരേ പത്മ ദളത്തിൽ ഒരുമിപ്പിക്കുന്നത്. സോർബ അല്ലെങ്കിൽ ബുദ്ധ, ഇതിൽ ഒന്നിനെ മാത്രം തെരഞ്ഞെടുക്കേണ്ടി വന്നാൽ, താൻ തെരഞ്ഞെടുക്കുക സോർബയെയാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഓഷോ; സോർബ കൂടുതൽ സ്വതന്ത്രനത്രേ, അവന് ഏതു നിമിഷവും ബുദ്ധനാകാവുന്നതേയുള്ളൂ. 

തന്റെ ഇരുപത്തിയൊന്ന് ലോക രാഷ്ട്രങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിലാണ്  ഓഷോ, സോർബയുടെ ദേശമായ ക്രീറ്റിൽ (ഗ്രീസിലെ ഒരു സ്ഥലം) കുറച്ചു ദിവസം തങ്ങാൻ തീരുമാനിച്ചത്. അവിടെ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ഒരു ചോദ്യത്തിന്- കസൻദ് സാക്കിസിൽ തല്പരനായതുകൊണ്ടാണോ അങ്ങ് ഇവിടം സന്ദർശിക്കാൻ തീരുമാനിച്ചത്?' - ഓഷോ നല്കിയ ഉത്തരം 'സോർബ ദ ബുദ്ധ' എന്ന പദ സംയോജനത്തിന്റെ പ്രസക്തി നമ്മുടെ ചിന്താശീലങ്ങൾക്ക് അത്രയെളുപ്പം വഴങ്ങുന്നതല്ലെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. ഓഷോയുടെ മറുപടി ഇങ്ങനെയായിരുന്നു: 'എനിക്ക് ശേഷം എന്റെ ബോധനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്റെ ആകെയുള്ള ശ്രദ്ധ ഞാൻ ഇവിടെയുള്ളപ്പോൾ എന്റെ ആളുകൾക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ്. ഞാൻ ആഗ്രഹിക്കുന്നത് അവർ പൂർണ്ണതയിലെത്തിയവരാകണമെന്നാണ്- സോർബ ദ ബുദ്ധ!' 


‘I WILL NOT LEAVE YOU UNLESS YOU BECOME COMPLETE. I WILL HAUNT YOU’ എന്ന് ഓഷോ മുന്നറിയിപ്പ് തരുമ്പോൾ, ഓർമ്മ വെക്കുക, ഓഷോ നമ്മെ വിടാതെ പിടികൂടുന്നത് ഒരു സോർബയായാണ്; ഒരു സോർബയാവാനാണ്. ബുദ്ധനും ബോധോദയവുമൊക്കെ സ്വാഭാവിക പരിണതികൾ മാത്രം. അതേപ്പറ്റി എന്തിത്ര ഗൗനിക്കാനിരിക്കുന്നു !

ഏതായാലും ഏതോ ചില ഒളിവെട്ടങ്ങൾ - സോർബ എന്ന ബുദ്ധനിൽ നിന്ന് - സാക്കിസിനെ സ്പർശിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഓർത്തഡോക്സ്‌ ചർച്ച്‌ നിരസിച്ചതിനെത്തുടർന്ന് സാക്കിസിൻ്റെ മൃതദേഹം സംസ്കരിക്കപ്പെട്ടത് ഏതോ പുറമ്പോക്കിലായിരുന്നത്രേ. തൻ്റെ സ്മാരകശിലയിൽ അദ്ദേഹം ഇങ്ങനെ എഴുതിവെപ്പിച്ചിരുന്നു: "I hope nothing, I fear nothing, I am free. "

സോർബയുടെ മരണശേഷം കുറേ കഴിഞ്ഞാണ് സാക്കിസ്- സോർബയുടെ ബോസ് - സോർബയുടെ മരണവാർത്തയും മറ്റും കേൾക്കുന്നത്; ഒരു അപരിചിതനിൽ നിന്ന്. സോർബയുടെ നാടും വീടും തെരഞ്ഞുപിടിച്ചു എത്തിപെട്ടപ്പോൾ, സോർബ തൻ്റെ ബോസിനുവേണ്ടി, ഭാര്യയുടെ പക്കൽ ഒരു പാരിതോഷികം ഏല്പിച്ചിട്ടുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കൽ തൻ്റെ ബോസ് വരാതിരിക്കില്ല എന്ന് ഉറപ്പുകൊടുത്തുകൊണ്ട് - തൻ്റെ സന്തൂരി!

'ജീവിതം ആഘോഷമാണ്, ഓരോ നിമിഷവും 

എന്നോർമ്മപ്പെടുത്തികൊണ്ട്. 

ധ്വനിസാന്ദ്രമായി നിലകൊള്ളുന്ന പ്രാചീന തന്ത്രികൾ, 

ഒരു നർത്തകൻ്റെ ചുവടുകൾക്ക് കാതോർത്തെന്നോണം. '


ഓ, സോർബാ.. !!





23 comments:

  1. This comment has been removed by the author.

    ReplyDelete
  2. മനോഹരം..💐✨️✨️✨️✨️

    ReplyDelete
  3. It's for the first time that I read such a version.Marvellous.

    ReplyDelete
  4. What a nice review. I wonder why people are not reading this.

    ReplyDelete
  5. Very nicely you explained about zorba dear .. missing that wildness😉😀

    ReplyDelete
  6. I was a "Misfit" among my cool friends , because they hated the Mystic within me. They called me mad for being spiritual . I was again a "Misfit" among my Spiritual friends , because they hated the Zorba within me. They called me a hypocrite for being a fun loving person . In order to keep on enjoying my life I had to keep two separate group of friends who never met each other. Then someone introduced me to Osho and his friends . wow finally a place where I can be myself without being judged , what a great relief it is to be oneself.... Thank you Osho for everything and thank you Tharpanji for this beautiful blog....

    ReplyDelete
    Replies
    1. 'just be', that's the fundamental message given by osho.
      lv dear.

      Delete
  7. മനുഷ്യനായാൽ ഒരല്പം വട്ടുണ്ടാകണം. അല്ലെങ്കിൽ, തന്നെ ബന്ധിച്ചിരിക്കുന്ന കയർ മുറിക്കാനും സ്വതന്ത്രനാവാനും അവൻ ഒരിക്കലും ധൈര്യപ്പെടുകയില്ല..

    Simply be.. Nice write up

    ReplyDelete
  8. ഹൃദയസ്പർശിയായ നിരീക്ഷണം. 🙏🏻💚❤️

    ReplyDelete
  9. 🙏🏽🙏🏽🙏🏽🙏🏽🥀🥰🍃💜🕊️💓💞

    ReplyDelete