സ്വാത്മികത്തിൽ ഒരുപാട് പുസ്തകങ്ങൾ വരി നില്ക്കുമ്പോഴാണ് ഒരു പട്ടാളക്കാരി ഇടിച്ചുകയറി മുന്നോട്ടു വന്നത്. വരി തെറ്റിക്കുന്നതിൽ പട്ടാളക്കാരിയെന്ന നിലയ്ക്ക് സ്വതേ ഒരു ചേർച്ചക്കുറവുണ്ട്. അടക്കം കുറഞ്ഞാൽ പോലും അച്ചടക്കത്തിൽ വിട്ടുവീഴ്ച കാണിക്കാത്തവരാണ് പട്ടാളക്കാർ എന്നാണ് വെപ്പ്. അച്ചടക്കം പക്ഷേ അടക്കത്തോളം - inner discipline - പക്വമായിക്കഴിഞ്ഞാൽ, വരിയും അതിർത്തിയും ഔപചാരികതയുമെല്ലാം അവയുടെ ശാഠ്യങ്ങളഴിച്ചുവെക്കുന്നു; ഗ്രീൻറൂമിൽ തിരിച്ചെത്തി തന്റെ മേലാപ്പുകൾ അഴിച്ചുവെക്കുന്ന നടനെയോ നർത്തകിയെയോ പോലെ.
മാത്രവുമല്ല, വരി തെറ്റിച്ച് കടന്നുവന്നതിൽ ഈയുള്ളവന് എന്ത് ചെയ്യാൻ കഴിയും? സ്വാത്മികം 'എന്നെ' സ്നേഹിച്ച പുസ്തകങ്ങളുടെ കുശലം പറച്ചിലുകളാണ്; 'ഞാൻ' സ്നേഹിച്ച പുസ്തകങ്ങളേക്കാളുപരി.
പുസ്തകങ്ങൾക്ക് അവരുടേത് മാത്രമായ രീതികളുണ്ട്; അവരുടേത് മാത്രമായ ജീവിതമുണ്ട്; അവരുടേതായ ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. വ്യത്യസ്തങ്ങളായ കാലാവബോധമുണ്ട് പുസ്തകങ്ങൾക്ക്. തങ്ങളുടേത് മാത്രമായ ഒരു space-time dimension-ലാണ് പുസ്തകങ്ങൾ ജീവിച്ചുപോകുന്നത്. പുസ്തകം അതിന്റെ സ്ഥലകാല തലത്തിലേക്ക് അനുവാചകനെ ആനയിച്ചുകൊണ്ടുപോകുമ്പോഴാണ് വായന എന്നത് ഒരു വർത്തമാന പ്രതിഭാസമാവുന്നത്. അല്ലാത്തേടത്തോളം എത്രവലിയ ആധുനിക ആഖ്യാനവും വെറും അയവിറക്കലായിരിക്കും - മുഷിഞ്ഞതും നിർജ്ജീവവും.
വർത്തമാനതലത്തിലല്ലാതെ സംഭവിക്കുന്ന ഏതു വലിയ വായനയും സമയം കൊല്ലികൾ മാത്രമാണ്. അല്ലെങ്കിൽ പിന്നെ, അതിന്റെ പിന്നിൽ മറ്റു വല്ല ഉദ്ദേശ്യങ്ങളുമുണ്ടാകണം.
* * *
ജീവിതത്തിന്റെ ഉച്ചസ്ഥായികളിൽ, അപ്പോഴത്തെ വരിശകൾ മൗനത്തിന്റേതാണത്രേ, ഉണർവ്വോടെയിരിക്കുന്നുണ്ടെങ്കിൽ പിന്നെയെല്ലാം ഹൈകു സമാനമാണ്. സരളം. പൂർണ്ണചന്ദ്രനെപ്പോൽ ഉണർവ്വ്. തഥാത്വം. സമയാതീതം. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പോർക്കളത്തിൽ, ഭൂമിയിലെ ഏറ്റവും തണുപ്പു തിങ്ങിയ കാവല്മാടത്തിൽ, ഓരോ നിമിഷവും മരണത്തെ എതിർപ്പാത്തുകൊണ്ട് പദം വെക്കുക. ജാഗ്രത മുറ്റിയ ആ ശീതമുഹൂർത്തത്തെ ഒരു ഹൈകുവിനെപ്പോലെ അനുഭവിക്കാൻ സാധിക്കുക! സിയാച്ചിനിലെ സൈനികവൃത്തിക്കിടയിൽ ബാഷോ ഓർമ്മിക്കപ്പെടുക!
Wintry wind.
Patting a man
with a swollen face
'ഭാരതത്തിന്റെ മാരിവില്ലി'നെ, ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകളെ, പരിചയപ്പെടുത്തുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ താളുകൾക്കകത്തെ വിശദാംശങ്ങളിലേക്കു പോകുന്നേയില്ല. എന്നിട്ടും പക്ഷേ, കത്തി പിടിച്ച് കൊല്ലാനൊരുങ്ങി നിന്ന കശാപ്പുകാരന്റെ വിരലുകൾ നുണഞ്ഞ്‌കൊണ്ട് ജീവിതത്തിന്റെ വിഗതികളെ മാറ്റിപ്പിടിച്ച ഷേരു എന്ന മുട്ടനാടിനെ മറക്കുന്നതെങ്ങനെ? 32 വർഷം സൈനിക സേവനം അനുഷ്ഠിച്ച, വീർചക്ര ലഭിച്ച പെഡോങ്കി എന്ന കോവർകഴുത! പെഡോങ്കിയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അന്നേ ശ്രദ്ധയിൽ പെട്ടിരുന്നു. ഇവിടെ അതേപ്പറ്റി വിശദമായി വായിക്കാനാവുന്നതിൽ ഏറെ സന്തോഷം. നിത്യജീവിതത്തിൽ തങ്ങളോടൊപ്പം പങ്കുചേരുന്ന പക്ഷിമൃഗാദികൾ, കൃഷിയിടത്തിലെന്നപോലെ, രണഭൂമിയിലും അവനെ പിന്തുടരുന്നു. ഓർമ്മയിൽ തങ്ങി നില്ക്കുന്നത് സ്പീൽബെർഗിന്റെ War Horse എന്ന സിനിമയിലെ Joey എന്ന കുതിരയാണ്. നിസ്സഹായതയുടേയും നിവൃത്തിയില്ലായ്മയുടേയുമൊക്കെ നിഴലുകളുണ്ടെങ്കിലും, വ്യത്യസ്ത സ്പീഷിസുകൾ തമ്മിലുള്ള അവബോധ ഐക്യം അതീവ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാവേണ്ടതാണ്.
യുദ്ധം, സൈനികലോകം എന്നത് 'all inclusive' ആയിട്ടുള്ള മറ്റൊരു ജൈവപരിസ്ഥിതിയാണെന്ന വസ്തുത മനപ്പൂർവ്വം വിസ്മരിക്കപ്പെടാറുണ്ടെന്നു തോന്നുന്നു. യുദ്ധമുഖമെന്നത് കൊലയുടേതും നിലവിളികളുടേതും മാത്രമാണെന്ന് ധരിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ, അപക്വമായ, നിരുത്തരവാദപരമായ, സത്യസന്ധമല്ലാത്ത ഒരു ജനത അതിനുപിന്നിൽ കബ്ബളിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് അർത്ഥം. അത്തരമൊരു ജനത തന്നെയാണ് യുദ്ധങ്ങൾക്ക് കോപ്പുകൂട്ടികൊണ്ടിരിക്കുന്നത്- അത് എത്ര തന്നെ പരോക്ഷമായിരുന്നാലും- എന്ന് നാം ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വില്ലു കുലച്ചു കഴിഞ്ഞതിനു ശേഷം തന്റെ അഹിംസാവ്രതം ഉദ്ഘോഷിക്കുന്നവർ. ഏറെ പരിതാപകരവും പതിവായുമുള്ള ഒരു മനോഘടനയാണത്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ മനോഭാവത്തിന്റെ തിരയിളക്കങ്ങളുണ്ട്. അതുകൊണ്ടാണത്രേ, ജീവിതമെന്ന സങ്കീർണ്ണപ്രതിഭാസത്തെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുന്നതിന് ഗീതാകാരൻ യുദ്ധമുഖം തന്നെ തെരഞ്ഞെടുത്തത്.
യുദ്ധത്തെ നാം സാധാരണ കണ്ടുപോരുന്നതിൽ നിന്നും എത്രയോ വ്യത്യസ്തമായ രീതിയിലായിരുന്നു രമണമഹർഷി നോക്കിക്കണ്ടതെന്ന് അതിശയിപ്പിക്കുന്ന ഒരുസംഭാഷണ ശകലം, അമേരിക്കയിലെ കവയിത്രിയും
ACOSTA |
ഡോ. സോണിയ ചെറിയാൻ പ്രശംസ അർഹിക്കുന്നത് പ്രധാനമായും, അവർ ഒരുപക്ഷേ, മനഃപൂർവ്വമല്ലാതെ നിർവ്വഹിച്ചുപോന്ന മറ്റൊരു കാര്യത്തിലാണ്; അവരുടെ രചനാപാടവത്തിനു പുറമേ. പട്ടാളജീവിതം കേവലം ദുരിതങ്ങളുടേയും കർക്കശ്യങ്ങളുടേയും ധാർഷ്ട്യങ്ങളുടേയുമാണെന്ന പൊതുധാരണയെ എത്ര സൗമ്യമായാണ് അവർ തിരുത്തിക്കുറിക്കുന്നത്! നമ്മുടെ so called നിത്യജീവിതം പോലെത്തന്നെയാണ് സൈനിക ജീവിതവും. ഒരുപക്ഷേ നിത്യജീവിതത്തിനില്ലാത്ത ചില വൈശിഷ്ട്യങ്ങൾ ഉണ്ടുതാനും - കൂടുതൽ പങ്കാളിത്തം നിർബന്ധിക്കപ്പെടുന്നുണ്ടാകും, more intensity. പിന്നെ, ഉപരിപ്ലവമായെങ്കിലും 'dangerous living' എന്നതിനോട് കൂടുതൽ അടുത്തുനില്ക്കുന്ന ദിനചര്യകൾ, കൃത്യമായ ചിട്ടവട്ടങ്ങൾ പാലിക്കപ്പെടുമ്പോഴും ചുറ്റും കുമിഞ്ഞുകൂടി നില്ക്കുന്ന അപ്രവചനീയത, the very unpredictability. മനസ്സിനെ തീരെ കണക്കിലെടുക്കാതെ കടന്നുപോകുന്ന ആജ്ഞകളും തീരുമാനങ്ങളും. ബുദ്ധിയുണ്ടെങ്കിൽ, ഒരു zen ജീവിതമെന്നോണം ധ്യാനാത്മകമാക്കാം.
(സാധാരണ ജീവിത സന്ദർഭങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്!). ഓഷോയുടെ ദർശൻ ഡയറികളിലും മറ്റും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന പലരോടും അദ്ദേഹം നടത്തിയിട്ടുള്ള സംഭാഷണങ്ങളിൽ, സൈനിക വൃത്തിയെ 'utilize to encounter the mind' എന്ന് പറഞ്ഞുകേൾക്കാറുള്ളതിന്റെ സാംഗത്യങ്ങൾ ഇപ്പോഴാണ് കൂടുതൽ തെളിഞ്ഞുവരുന്നത്.
'വീരസ്വർഗ്ഗം' എന്നത് ഭാരതപശ്ചാത്തലത്തിലെങ്കിലും, യുദ്ധത്തിൽ മരണമടഞ്ഞതിനുശേഷമുള്ള ബഹുമതിയല്ല. 'totality' എന്ന ജീവിത സമീപനത്തിൽ 'സാക്ഷാത്കാരം സംഭവിച്ചേ തീരൂ; ശരിതെറ്റുകൾക്കതീതമായി' എന്ന് അടിവരയിട്ടുകൊണ്ടുള്ള ഒരു പ്രയോഗമാണത്. ഒരുപക്ഷേ ആ totality-യാകാം ദുര്യോധനനേയും സ്വർഗ്ഗത്തിലെത്തിച്ചത്. ‘BREAKING ALL BARRIERS’ എന്ന ബോധപരിണാമം, സീമാതീതമായിട്ടുള്ളത്.
സിയാച്ചിനിലെ മഞ്ഞിൻകിടങ്ങുകളിൽ ശരീരം ഉറഞ്ഞുപോയവരെപ്പറ്റി പറയുന്നേടത്ത് - വെടിമരുന്ന് മണക്കുന്ന ദൈവച്ചുമൽ - സോണിയ ചെറിയാൻ മുന്നോട്ടുവെക്കുന്ന ഒരു മനനമുണ്ട്:
'മരിച്ചവർക്ക് പ്രായം വെക്കുമോ?'മരിച്ചവർക്ക് ഏതായാലും പ്രായം വെക്കുന്നില്ല എന്ന് തന്നെ തോന്നുന്നു; ഉണ്ടെങ്കിൽത്തന്നെയും അവരതു കണക്കാണുന്നില്ലല്ലോ. കണക്കാക്കുന്നുവെങ്കിലല്ലാതെ പ്രായമെന്നതിന് പ്രസക്തിയെന്ത്?
മരണത്തിനെന്നതുപോലെത്തന്നെ ജീവിതത്തിനും പ്രായം വെക്കുന്നില്ല എന്ന് തോന്നുന്നു. ജീവിതം, ജീവൻ സമായാതീതമായ ഒരു പ്രതിഭാസമായാണ് അനുഭവപ്പെടുന്നത്. It is so at least, intellectually. അപ്പോൾ പിന്നെ എവിടെയാണ് പ്രായം കടന്നുവരുന്നത്? ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള നടപ്പ് പ്രായത്തിന്റേതാകണം. ജീവിതം അതിന്റെ പൂർണ്ണതയിൽ (totality) സാർത്ഥകമാവാത്തേടത്തൊക്കെ സമയം വന്ന് ഇടങ്കോലിടും. Time is an inevitable human interference.
ഈ ഓർമ്മക്കുറിപ്പുകളത്രയും കേവലം ഓർമ്മകളല്ലാതാവുന്നത്, ഉടനീളം നിറഞ്ഞുനില്ക്കുന്ന watchfulness ഒന്നുകൊണ്ടു മാത്രമാണ്. ഉദാഹരണങ്ങൾ നിരത്തുന്നതിനേക്കാളുപരി watching-നെ പറ്റി ഓഷോ പങ്കുവെച്ചിട്ടുള്ള മനോഹരമായ ഒരു കഥ എടുത്തെഴുതട്ടെ:
HASIDISM - ത്തിന്റെ കാരണക്കാരനായ Baal Shem ഒരപൂർവ്വ വ്യക്തിത്വമായിരുന്നു. പാതിരാത്രിയിൽ അദ്ദേഹം നദീതീരത്തു നിന്നും വരികയാണ്- അദ്ദേഹത്തിന്റെ പതിവായിരുന്നുവത്രേ അത്. എന്തെന്നാൽ രാത്രിയിൽ വിജനമായിരിക്കും നദീതീരം, തികച്ചും ശാന്തം. അദ്ദേഹം അവിടെ വെറുതെ ഇരിക്കും, ഒന്നും ചെയ്യാതെ. തന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കും, നിരീക്ഷിക്കാൻ ഉദ്വേഗപ്പെടുന്ന ഉള്ളിനുള്ളിലെ നിരീക്ഷകനെ നോക്കിക്കൊണ്ട്.
അദ്ദേഹം കടന്നുപോകാറുള്ളത്, ധനികനായ ഒരാളുടെ വീടിനു മുന്നിലൂടെയായിരുന്നു. അവിടത്തെ കാവൽക്കാരൻ എന്നും ഗേറ്റിൽ നോക്കിനില്ക്കാറുണ്ട്. അന്ന് ആ കാവൽക്കാരൻ ധൈര്യം സംഭരിച്ചുകൊണ്ട് മുന്നിൽ വന്ന് ചോദിച്ചു, 'നിങ്ങൾ എന്നും രാത്രിയിൽ നദീതീരത്തേക്കു പോകുന്നത് ഞാൻ കാണാറുണ്ട്. പലപ്പോഴും ഞാൻ നിങ്ങളെ പിന്തുടർന്നിട്ടുമുണ്ട്. നിങ്ങൾ പക്ഷേ എന്തെങ്കിലും ചെയ്യുന്നതായി കണ്ടിട്ടില്ല. നിങ്ങൾ വെറുതേ അങ്ങനെ കുത്തിയിരിക്കുന്നു. പാതിരാത്രിയാവുമ്പോൾ തിരിച്ചുപോരുന്നു. അത്രതന്നെ. സത്യത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?'
Baal shem പറഞ്ഞു,'എനിക്കറിയാം പലപ്പോഴും നിങ്ങൾ എന്നെ പിന്തുടരാറുണ്ടെന്ന്. രാത്രി അത്രക്കും നിശ്ശബ്ദമായിരിക്കുമ്പോൾ നിങ്ങളുടെ കാൽപ്പെരുമാറ്റം ഞാൻ കേൾക്കാതിരിക്കുന്നതെങ്ങനെ? ഞാൻ തിരിച്ചുപോകുമ്പോൾ നിങ്ങൾ ഗേറ്റിൽ പമ്മിയിരിക്കുന്നതും ഞാൻ കാണാറുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ ജിജ്ഞാസുവായിരിക്കുന്നതുപോലെത്തന്നെ, ഞാനും അറിയാനാഗ്രഹിക്കുന്നു,'സത്യത്തിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്?'
'ഞാനോ?', അയാൾ പറഞ്ഞു, 'ഞാൻ വെറുമൊരു വാച്ച്മാൻ'.
'ദൈവമേ, നിങ്ങളെനിക്ക് കൃത്യമായ വാക്ക് പറഞ്ഞുതന്നിരിക്കുന്നു - വാച്ച്മാൻ', Baal Shem പറഞ്ഞു, 'ഞാനും ശരിക്കും അത് തന്നെയാണ് - വാച്ച്മാൻ'.
'ഞാൻ പക്ഷേ ഈ കെട്ടിടങ്ങളിൽ ആരെങ്കിലുമൊക്കെ അതിക്രമിച്ചു കയറുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ പക്ഷേ ആ മണൽതിട്ടയിൽ എന്താണ് നോക്കുന്നത്?', അയാൾ ചോദിച്ചു, 'നോക്കാനായി വേറെ എന്താണ് അവിടെയുള്ളത്? മാത്രവുമല്ല അതുകൊണ്ട് നിങ്ങൾക്ക് എന്താണ് കിട്ടുന്നത്? എനിക്ക് ശംബളം കിട്ടുന്നുണ്ട്. നിങ്ങൾക്ക് പക്ഷേ ആര് എന്താണ് തരുന്നത്?'
Baal Shem പറഞ്ഞു, 'നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നത് പുറത്ത് ആരെങ്കിലും കടന്നുവരുന്നുണ്ടോ എന്നാണ്. എന്നാൽ ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് ഈ എന്നെത്തന്നെയാണ്. ഇതെല്ലാം നോക്കിക്കൊണ്ടിരിക്കുന്ന ഈ എന്നെ. നിങ്ങൾ പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുമ്പോൾ ഞാൻ അകത്തേക്ക് നോക്കുന്നു, അത്രതന്നെ. അതിൽ നിന്നും കിട്ടുന്ന ആനന്ദം ഒന്ന് വേറെത്തന്നെയാണ്. അതില്നിന്നുമുള്ള ഒരു നിമിഷത്തെ ആനന്ദത്തിനു മുൻപിൽ ലോകത്തെ മുഴുവൻ രത്‌നങ്ങളും ഒന്നുമല്ലാതാവും.'
വാച്ച്മാൻ പറഞ്ഞു, 'നാളെ മുതൽ ഞാനും നിങ്ങളുടെ കൂടെ വരുന്നുണ്ട്. എങ്ങനെയാണ് അകത്തേക്ക് നോക്കുക എന്ന് എനിക്കൊന്നു പഠിപ്പിച്ചുതരൂ. ചെറിയൊരു വ്യത്യാസമേ കാണുന്നുള്ളൂ. ഞാൻ പുറത്തേക്കു നോക്കുന്നു. നിങ്ങൾ അകത്തേക്ക് നോക്കുന്നു. ഇത്രനാൾ പുറത്തേക്കു നോക്കിയിട്ടും ഇതുപോലൊരനുഭവം എനിക്കുണ്ടായിട്ടില്ല. നോക്കുന്ന ദിശയുടെ പ്രശ്നം മാത്രമാണതെന്നു തോന്നുന്നു.'
ഓഷോ ഓർമ്മപ്പെടുത്തുന്നു,’There is only one step, and that step is of direction, of dimension’.ഈ പട്ടാളക്കാരിയും നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്, അതീവ സരളമായി, സ്നേഹത്തോടെ, ശ്രദ്ധയോടെ. ആർക്കെങ്കിലുമൊക്കെ കൗതുകം തോന്നിയേക്കാം - ഒരു പട്ടാളക്കാരിയായി, ഒരു ദന്തഡോക്ടറായി, ഒരമ്മയായി, ഒരു സ്ത്രീയായി, ഇവർ നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പറഞ്ഞവയൊന്നുമല്ലാതിരുന്നാലും അവർ നിരീക്ഷിച്ചുകൊണ്ടേയിരിക്കും.
ജീവശാസ്ത്രകാരന്മാർ സമ്മതിച്ചില്ലേലും, ജീവൻ എന്നതിന്റെ പ്രാഥമിക ലക്ഷണമായി എണ്ണപ്പെടുന്നത് ഈ നിരീക്ഷണമാണ് -- the very witnessing quality. ആത്യന്തികമായി അത് ബോധപ്രകൃതമാണെന്നറിയേണ്ടിയിരിക്കുന്നു. മനുഷ്യന്റെ കാര്യത്തിൽ ഈ നിരീക്ഷണങ്ങൾ വാക്കുകളിലേക്കോ മറ്റു ഇന്ദ്രിയവിനിമയങ്ങളിലേക്കോ സന്നിവേശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു മാത്രം.
പതിനാലു വർഷത്തെ പട്ടാളജീവിതത്തിൽ നിന്നും വിരമിക്കുന്ന ഒരു ചടങ്ങിനെപ്പറ്റിയുള്ള ഹൃദ്യമായ പരാമർശമുണ്ട് അവസാന അധ്യായത്തിൽ. അവരുടെ ഐഡന്റിറ്റി കാർഡ് നുറുങ്ങുകളാക്കുന്നതും അതിനു ശേഷം അവയെ കത്തിക്കുന്നതും. അവരുടെ കണ്ണുകൾ നിറഞ്ഞത് പതിനാലു വർഷത്തെ ഐഡന്റിഫിക്കേഷന്റെ ഭാഗമായല്ല എന്ന് വിചാരിക്കാനാണിഷ്ടം. അത്രമേൽ സമ്പുഷ്ടമായിരുന്നു - life affirmative - തന്റെ പട്ടാളജീവിതം എന്ന് ഒരു നിമിഷം കൃതജ്ഞത പൂണ്ടതുമാകാം. ഐഡന്റിഫിക്കേഷനുകൾ ഒന്നൊന്നായി നുറുങ്ങിപ്പോകുന്നത് നല്ലതുതന്നെ. നിരീക്ഷണത്തിന് കൂടുതൽ കൂടുതൽ സ്വാതന്ത്ര്യത്തിന്റെ സൗരഭ്യം കൈവരും.
പക്ഷേ ഇടക്കെങ്കിലും ആരെങ്കിലുമൊക്കെ ഇതേപ്പറ്റി തലപുകഞ്ഞിട്ടുണ്ട്, പണ്ടു മുതല്ക്കേ. അകത്താരാ? അകത്താരാ? (Who is in? Who is in?) എന്ന് ചിലരെങ്കിലും ചോദിച്ചുപോന്നിട്ടുണ്ട്. മിക്കപ്പോഴും പലരും അത് ചോദിക്കുന്നത് ഒട്ടു വളരെ അപരിചിതങ്ങളായ രീതികളിലായിരിക്കുമത്രേ! ഓർമ്മക്കുറിപ്പുകളെന്ന വ്യാജേന ഒരു പട്ടാളക്കാരിയും അതുതന്നെയാണ് ചോദിക്കുന്നത് - അകത്താരാ? അകത്താരാ? ഈ കുറിപ്പുകൾക്ക് 'മാരിവിൽമിഴിവു'ണ്ടായിരിക്കുന്നതും അതുകൊണ്ടുതന്നെ.
പട്ടാള ജീവിതത്തെക്കുറിച്ചും ഭാരതത്തിന്റെ സർവ്വവൈവിധ്യങ്ങളെ പറ്റിയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഷയിലുള്ള ഈ ഓർമ്മക്കുറിപ്പുകൾ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളായി തെരഞ്ഞെടുക്കപ്പെടട്ടെ എന്ന് ആശിക്കുകയാണ്. ഊർജ്ജസമ്പുഷ്ടങ്ങളായ നിരവധി മുഹൂർത്തങ്ങൾ കലാലയങ്ങളിൽ പങ്കുവെക്കപ്പെടട്ടെ. പ്രതികൂലമായ എല്ലാ സന്ദർഭങ്ങളേയും വിരൽ നൊടിയിലെന്നോണം തള്ളിക്കളഞ്ഞുകൊണ്ട് മുന്നേറിവന്ന ആ തമിഴ് പെൺകൊടി, ഇന്നവർ ഡോക്ടർ മേജർ നവിരാ അഗമേന്തി, എത്രയോ പേർക്ക് പ്രചോദനമാകാനുള്ളതാണ്! 'വൈകാശിമാസത്തിലെ കത്തിരിവെയിൽ പോലെ തെളിഞ്ഞ് ചിരിക്കുന്ന ആ തമിഴ് പൊണ്ണ്' ഇനിയുമിനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ. അവൾക്കു വേണ്ടി സോണിയ ചെറിയാൻ എടുത്തെഴുതിയ തിരുവള്ളുവർ പദങ്ങളിലൂടെ ഡോ. മേജർ നവിരാ അഗമേന്തി വീണ്ടും വീണ്ടും കടന്നുപോകട്ടെ. ഓരോ തവണ പോകുമ്പോഴും തിരുവള്ളുവർ ഉദ്ദേശിച്ച 'വിദ്യ'യുടെ അർത്ഥങ്ങൾ മാറി മാറി വരും, വരേണ്ടതുണ്ട്:
വിദ്യ നേടിയവന് ഏതു രാജ്യവും സ്വന്തം രാജ്യമത്രേ!
ഏതു നഗരവും സ്വന്തം നഗരമത്രേ!
....മറ്റുള്ള മുതലൊന്നും ധനമേയല്ല.
ഒരിക്കലും നശിക്കാത്ത ഒരേയൊരു ധനം വിദ്യയത്രേ!
തിരുവള്ളുവരുടെ 'വിദ്യ' knowing ആണ്; not knowledge. Pure knowing. അഭ്യസിച്ചെടുക്കുന്ന എല്ലാ വിദ്യകളും knowing-ലേക്ക് നയിക്കട്ടെ. എല്ലാ വിദ്യകളും knowing നെ കൂടുതൽ സമ്പന്നമാക്കാൻ ഉതകട്ടെ.
ഏത് അഗമേന്തിയാണ് പിന്നെ, നമ്മുടെ സ്വന്തം ഡോ. മേജർ നവിരാ അഗമേന്തിയല്ലാതാവുക?
ഏത് നഗരമാണ് നമ്മുടെ സ്വന്തം നഗരമല്ലാതാവുക?
ഏത് രാജ്യമാണ് നമ്മുടെ സ്വന്തം രാജ്യമല്ലാതാവുക?
ഉജ്വലമായ വിവരണം...പുസ്തകം അല്ല ഇത്, ജീവിതത്തിൽ നിന്നും പാറി വരുന്ന അറിയലുകളുടെ ഏടുകൾ...നന്ദി മനു ഏട്ടാ...
ReplyDelete💕💕💕
Delete✨👍
ReplyDelete🥰💕💕
DeleteBeautiful write up Dhyan👏👏👏
ReplyDeleteThank you 💕💕
Deleteവയനാകൾക്ക് ഇങ്ങനെയും അർത്ഥതലങ്ങൾ ഉണ്ടല്ലോ. Super
ReplyDeleteThank you 💕 💕💕
Deleteഎനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല 💓
ReplyDeleteYou already spoke more than enough. lv🥰💕
DeleteBeautiful Review.. knowing the heart of the writing!
ReplyDeleteThanks 💗
Delete