Featured Post

Friday, April 19, 2024

ഉണർവിലേക്കുള്ള പടവുകൾ - 47



ബന്ധങ്ങളിലെ വൈകാരിക സ്വയം പര്യാപ്തത

കൂടെയുള്ളവർക്ക്, തന്നെ ആവശ്യമുണ്ടോ എന്ന് തരം കിട്ടുമ്പോഴെല്ലാം പരിശോധിച്ചുനോക്കുന്നവരാണ് നാം ഒട്ടു മിക്കവരും. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, താൻ ഒഴിവാക്കാനാവാത്ത ഒരു സേവകനാണ് (indispensable) എന്ന് വരുത്തിത്തീർക്കുക എന്ന പ്രവണത സാധാരണമായി കാണാറുണ്ട്. അത് അയാളുടെ നിലനില്പിന്റെ ഭാഗമാണെന്നും ജീവിതപ്രശ്നമാണെന്നും എല്ലാവർക്കും മനസ്സിലാവും. ഒരു പരിധിവരെ അത് അനുവദിച്ചുകൊടുക്കാൻ പൊതുവെ ആർക്കും സാധിക്കാറുമുണ്ട്. എന്നാൽ വ്യക്തിബന്ധങ്ങളിൽ താൻ indispensable ആണോ എന്ന് (wanting to be needy) നോക്കിക്കൊണ്ടേയിരിക്കുക എന്നത് ബന്ധങ്ങളിലെ ഊഷ്മളതയെ ബാധിക്കുന്ന ഒന്നാണ്. 

ഇണയെ സംബന്ധിച്ച് താൻ ഒഴിവാക്കാനാവാത്തയാളാണോ എന്ന്
നോക്കിക്കൊണ്ടേയിരിക്കുക എന്ന ശീലം പൊതുവേ സ്ത്രീകളിലാണ് പ്രബലമായി കണ്ടുപോരുന്നതെന്ന് പറയാറുണ്ടെങ്കിലും പുരുഷന്മാരിലും അതിനു കുറവൊന്നുമില്ല എന്നതാണ് വാസ്തവം. പുരുഷന്മാരിൽ പക്ഷേ തീരെ പരോക്ഷമായിട്ടാവാം അത് പ്രകടിപ്പിക്കപ്പെടുന്നത്. ചുരുങ്ങിയ പക്ഷം, തന്റെ അഭാവത്തിൽ ഭാര്യയോ കാമുകിയോ തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടോ എന്ന് ഒളിഞ്ഞുനോക്കുന്നവരാണ് പുരുഷന്മാരും. തന്റെ മേൽ possessive ആയിട്ടുള്ള കാമുകിയെപ്പറ്റി പുറമെ പരാതി പറയുമെങ്കിലും ഉള്ളിനുള്ളിൽ സന്തോഷിക്കുന്നവരാണ് അധികവും. എന്തുകൊണ്ടെന്നാൽ മറ്റുള്ളവർ തങ്ങളുടെ മേൽ നടത്തിപ്പോരുന്ന ആശ്രയത്തെയാണ് പൊതുവെ നാം സ്നേഹമെന്ന് വ്യവഹരിച്ചുപോരുന്നത്. കാലാകാലങ്ങളായി സർവ്വരും ചെയ്തുപോരുന്നു എന്നതുകൊണ്ട് തെറ്റിധാരണകൾ സാധൂകരിക്കപ്പെടുന്നില്ല. ആശ്രിതത്വത്തെ മറികടന്നുകൊണ്ട്, സ്വാതന്ത്ര്യത്തിൽ നിക്ഷിപ്തമായ സ്നേഹമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്, ഓരോ വ്യക്തിയും ബോധപൂർവ്വം ഏറ്റെടുക്കേണ്ടുന്നത്.


താനില്ലെങ്കിൽ തന്റെ സ്ഥാനം മറ്റ് ആരെങ്കിലും കവർന്നെടുക്കും എന്നാണ് എല്ലാവരും ഭയപ്പെടുന്നത്, പൊതുവെ സ്ത്രീകൾ വിശേഷിച്ചും. തന്നെ ആർക്കും ആവശ്യമില്ലെങ്കിൽ താൻ പിന്നെ എന്തിനു ജീവിക്കണം എന്നാണ് അടിസ്ഥാനപരമായി എല്ലാവരും ചിന്തിക്കുന്നത്. നാം പക്ഷേ ഓർക്കാതെ പോകുന്ന ഒരു കാര്യം, ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പരിപാലിക്കപ്പെടുന്ന ഏതൊരു ബന്ധവും ആത്യന്തികമായി ഒരു കച്ചവട കരാർ - a  business deal - മാത്രമാണെന്ന വസ്തുതയാണ്. ആവശ്യങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ വളരെ ഊഷ്മളമായി തോന്നാവുന്ന ആ ബന്ധം പക്ഷേ ആവശ്യം കഴിയുന്നതോടെ ഒരു ബാധ്യതയായി മാറുകയും, പിന്നീട് ആ ബന്ധത്തിന്റെ പരിപാലനം മുറുമുറുപ്പും മുഷിച്ചിലുമൊക്കെയായി പരിണമിക്കുകയും ചെയ്യും.


ഇത് കേവലം ഭാര്യ - ഭർതൃ, കാമുകീ - കാമുക ബന്ധങ്ങളിൽ മാത്രമല്ല സംഭവിക്കുന്നത്. കുഞ്ഞുകുട്ടി മുതൽ മരണാസന്നനായി കിടക്കുന്ന ഒരാളുടെ കാര്യത്തിൽ പോലും ഓരോ പെരുമാറ്റ ഘട്ടങ്ങൾക്കും നാം പരിധികൾ നിശ്ചയിക്കുന്നുണ്ട്, അതിനപ്പുറം സകലതും ഒരു മാറാപ്പാണ്. ഒരു നവജാത ശിശു പോലും ഉറക്കം നഷ്ടപ്പെടുത്തും വിധം വാശി പിടിച്ചു കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നോ രണ്ടോ ദിവസം ഓകെ. അതിനപ്പുറം പോകുമ്പോൾ സ്വന്തം അമ്മയ്ക്കും സ്വൈരക്കേടായി തോന്നാൻ  തുടങ്ങും. കുഞ്ഞുങ്ങളുടെ കാര്യത്തിൽ മറ്റുള്ളവരുടെ സഹായം ചോദിക്കാതെ തന്നെ ലഭ്യമായെന്നു വരും. പക്ഷേ ദാമ്പത്യത്തിൽ ആരേയും സഹായത്തിന് വിളിക്കാനാവില്ലല്ലോ. കെട്ടുമാറാപ്പുകളായിരിക്കരുത് സ്നേഹത്തിന്റെ അളവുകോലായിരിക്കേണ്ടത്. ആശ്രിതത്വത്തിന്റെ പേരിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഏതൊരു ബന്ധവും അപക്വതയെ വിളിച്ചോതുന്നതാണ്.

വൈകാരികമായി needy ആയിരിക്കുന്നവരിൽ നിശബ്ദമായി ഉടലെടുക്കുന്ന ഒന്നാണ് അസൂയ. അവർ എല്ലായ്പോഴും തന്നെപ്രതി മാത്രം വിചാരം കൊണ്ടിരിക്കുന്നവരാകും. എത്രയായാലും മതിവരുന്നില്ല എന്ന് അവർ വിറളിപിടിച്ചുകൊണ്ടിരിക്കും. സ്നേഹത്തിന്റെ ഒരു തരിയെങ്കിലും ബാക്കി വന്നാൽ അത് മറ്റാരെങ്കിലും അടിച്ചുമാറ്റിയാലോ എന്ന് അവർ ഭയം കൊള്ളുന്നു.


വ്യക്തിബന്ധങ്ങളിൽ, സ്നേഹവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള വ്യഗ്രതയോളം മടുപ്പുളവാക്കുന്ന സംഗതികൾ ഉണ്ടോ എന്ന് സംശയമാണ്. ഒരു കൊച്ചു കുട്ടിയുടെ കാര്യത്തിൽ പോലും പരിധി കഴിഞ്ഞാൽ മടുപ്പാണ്. പിടിച്ചുപറ്റാനുള്ളതല്ല സ്നേഹം, എടുത്തുനല്കാനുള്ളതാണ്. വൈകാരികമായ സ്വയം പര്യാപ്തതയാണ് സത്യത്തിൽ ഒരു വ്യക്തിയെ ആകർഷകമാക്കുന്നത്. അതേസമയം ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വൈകാരികമായ ആശ്രിതത്വത്തിൽ അപ്പുറത്തുള്ളയാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ, ഉറപ്പാക്കുക, അറിയാതെത്തന്നെ ആ ബന്ധത്തിന് പിന്നിൽ ചില ആവശ്യങ്ങളുടെ deal ഉറപ്പിക്കപ്പെടുന്നുണ്ടെന്ന്. പോകെപ്പോകെ രണ്ടു യാചകർ പരസ്പരം പിടിച്ചുപറിക്കുന്നതുപോലെയായിപ്പോകും ആ ബന്ധം.


വൈകാരികമായ സ്വയം പര്യാപ്തതയാണ് അയാളിലെ ആത്മാർത്ഥതയുടെ - authenticity - യുടെ തെളിവായി നിലകൊള്ളുക. ഒരു ബന്ധത്തിനോട് അയാൾ / അവൾ പുലർത്തുന്ന ഉത്തരവാദിത്തം ആ സ്വയം പര്യാപ്തതയാണ്. അതാണ് അയാളുടെ contribution. മാറ്റുവാക്കുകളിൽ പറഞ്ഞാൽ സ്വയം പര്യാപ്തമായ ആ തലത്തെയാണ് aloneness - ഏകാകിത്വം- എന്ന് പറയുന്നത്. ഓഷോ എല്ലായ്പോഴും ഓർമ്മപ്പെടുത്തുന്നതാണ് alone ആയിരിക്കാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ഒരു ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കൂ എന്ന്. നിർഭാഗ്യവശാൽ ബന്ധങ്ങളിലേക്ക് ഉറ്റു നോക്കുന്നവർ മിക്കവരും lonely ആയവരാണ്. 


loneliness - ഒറ്റപ്പെടൽ - ഒരിക്കലും മറ്റുള്ളവരാൽ നികത്തപ്പെടുന്നതല്ല. താല്ക്കാലികമായ ഒരു വേദനാസംഹാരിയെപ്പോലെ, തന്റെ ഒറ്റപെടലിനെ ഇത്തിരി നേരത്തേക്ക് മറക്കാൻ മറ്റുള്ളവരുടെ ഇടപെടൽ സഹായിച്ചുവെന്നു വരാം. മറ്റ് നേരമ്പോക്കുകളോ ഹോബിയോ സഹായിച്ചുവെന്ന് വരാം. ആത്യന്തികമായി പക്ഷേ അയാൾ തന്റെ ഒറ്റപ്പെടലിൽ ബുദ്ധിമുട്ടുക തന്നെ ചെയ്യും. ഒറ്റപ്പെടലിൽ നിന്നും ഏകാകിയിലേക്കുള്ള പരിണാമം ഉണർവിന്റേതാണ്. തന്നിൽത്തന്നെ നിറഞ്ഞുവരേണ്ടുന്ന സ്നേഹത്തിന്റെയാണ്. സ്വീകാരത്തിന്റേതാണ്.


ഏകാകിയായ ഒരു വ്യക്തി ഒരിക്കലും വിചാരിക്കുന്നില്ല, മറ്റുള്ളവർക്ക് തന്നെ ആവശ്യമുണ്ടോ എന്ന്.അയാൾ / അവൾ ഒരിക്കലും വിചാരിക്കുന്നില്ല തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആരെല്ലാമാണെന്ന്. അവർ ഓർക്കാൻ ശ്രമിക്കുക താൻ ആർക്കെങ്കിലും എപ്പോഴെങ്കിലും യഥാർത്ഥ സുഹൃത്തായി വർത്തിച്ചിട്ടുണ്ടോ എന്നായിരിക്കും. തന്റെ ആപത്ഘട്ടങ്ങളിൽ എത്ര പേർ സഹായിക്കാൻ എത്തി എന്ന കണക്കെടുക്കുന്നതിനു പകരം അവർ ഓർത്തുനോക്കുക  തന്റെ സൗഹൃദങ്ങളിലെ ആപത്ഘട്ടങ്ങളിൽ താൻ എപ്പോഴെങ്കിലും പിൻവലിഞ്ഞു നിന്നിട്ടുണ്ടോ എന്നായിരിക്കും.

സ്വയം പര്യാപ്തത എന്നത് മറ്റാരെയും ആവശ്യമില്ല എന്ന അർത്ഥത്തിലല്ല. സ്വയം പര്യാപ്തത എന്നത് മറ്റൊരു വ്യക്തിയുമായി വൈകാരികമായ പങ്കിടലിന് ആവശ്യമായ മിനിമം യോഗ്യതയാണെന്നു മനസ്സിലാക്കുക. അത് ഒരു തരത്തിൽ emotional independence കൂടിയാണ്. Independence -ൽ ആണ് interdependence സാധ്യമാകുന്നത്. സഹ വർത്തിത്വം. സഹവർത്തിത്വമെന്നത് പരസ്പരമുള്ള പിടിച്ചുപറിയല്ല; പരസ്പരമുള്ള പങ്കിടലാണ്, സ്നേഹപാരസ്പര്യം. അതില്ലാത്തേടത്തോളം, വ്യക്തിബന്ധമെന്നത് പരോൾ പോലും ലഭിക്കാത്ത ശിക്ഷാവിധിയാണത്രേ!








22 comments:

  1. Valuable information, thank you dear friend

    ReplyDelete
  2. Beautifully explained! 👌🏻🥰❤️👍🏻🙏 Thanks so much Dhyan!

    ReplyDelete
  3. 💐💐💐💐💐💐💐💐

    ReplyDelete
  4. Well written

    ReplyDelete
  5. Well written

    ReplyDelete
  6. Thanks ssss swamiji

    ReplyDelete
  7. ഒറ്റപ്പെടലിൽ നിന്നും ഏകാകിയിലേക്കുള്ള പരിണാമം ഉണർവിന്റേതാണ്. തന്നിൽത്തന്നെ നിറഞ്ഞുവരേണ്ടുന്ന സ്നേഹത്തിന്റെയാണ്. സ്വീകാരത്തിന്റേതാണ്.❤️

    ReplyDelete