മനസ്സിലാക്കൽ എന്ന പ്രഹസനം
സ്ത്രീകളെപ്പറ്റിയുള്ള ഓഷോയുടെ ഒരു വാക്യം, എന്നുമെന്നും മനുഷ്യന് ആകർഷകമായ ഒരു വെല്ലുവിളിയായിത്തന്നെ തുടരും: "സ്ത്രീകളെ മനസ്സിലാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്; അവരെ സ്നേഹിക്കൂ."
ഈ വാക്യത്തെ കേവലം സ്ത്രീ സംബന്ധിയായ ഒരു പ്രസ്താവമെന്നതിലുപരി, വ്യക്തിബന്ധങ്ങളിലെ സങ്കീർണ്ണതകളെ അടുത്തറിയാനായി ഉപയോഗിക്കുകയാണെങ്കിലോ? ഒരുപക്ഷേ, രണ്ടു വ്യക്തികൾക്കിടയിലെ ഏറ്റവും വലിയ തെറ്റിദ്ധാരണ ഒഴിവായിക്കിട്ടും എന്നാണ് തോന്നുന്നത്.
രണ്ടു വ്യക്തികൾക്കിടയിൽ, വെറുതെയൊന്നു കാണുന്നതോടെത്തന്നെ പരസ്പരം ഉറപ്പിക്കപ്പെടുന്നൊരു ധാരണയുണ്ട് - അപ്പുറത്തുള്ളയാൾക്ക്, തന്നെ മനസ്സിലാവുമെന്നും, അപ്പുറത്തുള്ളയാളെ തനിക്കു മനസ്സിലാവുമെന്നും.
ആ ധാരണയിലാണ് പരസ്പര വിനിമയങ്ങൾ ആരംഭിക്കുന്നതുതന്നെ. തൊട്ടടുത്ത നിമിഷം അത് മറ്റൊരു പ്രതീക്ഷയിലേക്കും ശാഠ്യത്തിലേക്കും വഴിമാറുകയായി- അപ്പുറത്തുള്ളയാൾക്ക് തന്നെ മനസ്സിലാവുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രവുമല്ല, അപ്പുറത്തുള്ളയാൾ, തന്നെ മനസ്സിലാക്കിയേ തീരൂ.
ബന്ധങ്ങളിലെ മറ്റു മൂല്യങ്ങൾ - സ്നേഹമോ, പ്രണയമോ, ബഹുമാനമോ, എന്തിനധികം കോപം, ശത്രുത തുടങ്ങിയവ പോലും, പിന്നീട് വിലയിരുത്തപ്പെടുന്നത്, അപ്പുറത്തുള്ളയാൾക്ക് തന്നെ മനസ്സിലാക്കുന്നതിൽ വീഴ്ച്ച സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും! രണ്ടു വ്യക്തികളും എല്ലാ സംഭാഷണ വിനിമയങ്ങൾക്കടിയിലും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്, എവിടെയാണ് അപ്പുറത്തുള്ളയാൾക്ക് വീഴ്ച പറ്റുന്നതെന്നാണ്. അപ്പുറത്തുള്ളയാൾ അബദ്ധവശാൽ എല്ലാം മനസ്സിലായതുപോലെ പെരുമാറിക്കഴിഞ്ഞാൽ, പിന്നെ വ്യക്തികൾക്കിടയിലെ ഇമ്പം കുറയാൻ തുടങ്ങുകയായി. കുറച്ചു മുൻപ്, ഈ ലോകത്ത് എന്നെ ആരെങ്കിലും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ (എല്ലാവരും എന്നെ മനസ്സിലാക്കണം - ഞാൻ ആരെയും മനസ്സിലാക്കേണ്ടതില്ല!)
എന്ന് ആഗ്രഹിച്ചു കഴിഞ്ഞ വ്യക്തി, ആരോടെങ്കിലും ഒരിഷ്ടം തോന്നിയാൽ, ഇയാൾക്ക് മാത്രമേ എന്നെ മനസ്സിലാവാൻ സാധിച്ചിട്ടുള്ളൂ എന്ന് നിർവൃതിയടയുകയും, കുറച്ചു കഴിയുമ്പോൾ, തന്നെ മനസ്സിലാക്കുന്ന കാര്യത്തിൽ അയാൾക്ക് വീഴ്ചകൾ പറ്റുന്നുവെന്നതിൽ പരാതിപ്പെട്ടു വിതുമ്പുകയും, അതേ സമയം ഉള്ളിനുള്ളിൽ വിജയത്തിന്റെ മധുരം നുകരുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ.
മനസ്സിലാക്കൽ എന്ന ഈ നിസ്സഹായാവസ്ഥയിൽ ശരിക്കും പെട്ട് പോയ ഒരാൾക്കെങ്കിലും, അല്പം സാവകാശം കിട്ടാതിരിക്കില്ല, 'എന്താണ് ഈ മനസ്സിലാക്കൽ?' എന്ന് ചോദിക്കാൻ. മാത്രവുമല്ല, അയാൾക്ക് ഇങ്ങനെയും കൂടി ചോദിക്കാവുന്നതാണ്- 'പരസ്പരം മനസ്സിലാക്കാതെ വ്യക്തിബന്ധങ്ങൾ സാധ്യമാണോ? അല്ലെങ്കിൽ വ്യക്തിബന്ധങ്ങൾക്ക് പരസ്പരമുള്ള മനസ്സിലാക്കൽ അനിവാര്യമാണോ?' എന്ന് മുതലായിരിക്കണം മനുഷ്യർക്കിടയിൽ ഈ മനസ്സിലാക്കൽ ഇത്രക്കും അനിവാര്യമായിത്തീർന്നത്? ഒരുപക്ഷേ മനസ്സുണ്ടായത് മുതൽ? എന്നാണ് മനസ്സുണ്ടായത്? ഭാഷ ഉണ്ടായതുമുതൽ? ഭാഷയാണ് മനസ്സ് എന്ന് പറഞ്ഞാൽ, അല്ല എന്ന് തീർത്തു പറയാൻ സാധിക്കില്ല. ഈ സന്ദർഭത്തിലാണ്, ഴാങ് പോൾ സാർത്രിന്റെ ആത്മകഥയുടെ പേര് ‘WORDS’ എന്നാണെന്ന് ഓഷോ ഓർമ്മപ്പെടുത്തുന്നത്.
ഒരു വ്യക്തിയെ മനസ്സിലാക്കുക എന്ന് പറഞ്ഞാൽ - തരം കിട്ടിയാൽ നമ്മുടെ ഉപദേശികളെല്ലാം എപ്പോഴും ഉരുവിടുന്ന വാക്യമാണ്,'പരസ്പരം മനസ്സിലാക്കിക്കൊണ്ടുവേണം ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത്' എന്ന്) നാം എന്താണ് സത്യത്തിൽ ഉദ്ദേശിക്കുന്നത്? അയാളുടെ പേര് മുതൽ, അയാൾ സ്ത്രീയോ പുരുഷനോ, ബാലനോ വൃദ്ധനോ, സ്വദേശിയോ വിദേശിയോ എന്നൊക്കെ അറിയാം. പിന്നെ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ, രുചികൾ, അയാൾ ഇഷ്ടപെടുന്ന നിറങ്ങൾ, അയാളുടെ പ്രിയ സംഗീത രുചികൾ, അയാളുടെ മറ്റ് ഇഷ്ടാനിഷ്ടങ്ങൾ എന്നിവയൊക്കെ അറിയാം. അയാളുടെ ജോലി, വരുമാനം തുടങ്ങിയ സംഗതികൾ അറിയാം. അയാളുടെ മാനസിക നിലകളിൽ വരുന്ന മാറ്റങ്ങൾ (moods) ഏകദേശം ഊഹിക്കാം. വേറെ എന്താണ് ആ വ്യക്തിയെപ്പറ്റി അറിയാനാവുക? ഇത് ഏകദേശം ഒരു വാഹനത്തിന്റെ എല്ലാ യന്ത്രഭാഗങ്ങളേയും വേറെ വേറെ അഴിച്ചെടുത്ത് പരിചയപ്പെടുന്നതുപോലെയാണ്. അതുകൊണ്ടു പക്ഷേ വാഹനത്തെ ഓടിച്ചുകൊണ്ടുപോകുന്ന അനുഭവത്തെ അറിയാനാവില്ലല്ലോ.
അപ്പോൾ പിന്നെ എങ്ങനെയാണ് ഒരു വ്യക്തിയെ മനസ്സിലാക്കാൻ സാധിക്കുക? അയാളെ മനസ്സിലാക്കാൻ മറ്റെന്തെല്ലാമാണ് അറിയേണ്ടത്? അയാളുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടേയും ജീനോം മാപ് (genome map) അറിഞ്ഞാൽ പോലും അയാളെ മനസ്സിലായെന്നു പറയാൻ സാധിക്കുമോ?
ഒരു വ്യക്തിയെ മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അസ്തിത്വപരമായി (existentially) അത് സാധ്യമല്ലെന്നുള്ളതുകൊണ്ടാണ് അതിന്റെ ആവശ്യവുമില്ല എന്ന് വരുന്നത്. വീണു കിട്ടിയ രണ്ടു പൂമ്പാറ്റച്ചിറകുകൾ വെച്ചുകൊണ്ട് എന്താണ് 'butterfly effect' എന്നറിയാൻ സാധിക്കില്ലല്ലോ. അതുപോലെത്തന്നെയാണ് സാധ്യമായ എല്ലാ വിവരങ്ങളും (data) വെച്ചുകൊണ്ട്, മാറിക്കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമെന്ന ഒരു വ്യക്തിയെ അതുപോലെത്തന്നെയുള്ള മറ്റൊരു പ്രതിഭാസം കൊണ്ട് മനസ്സിലാക്കുക എന്ന പ്രഹസനം.
സ്നേഹം എന്നത് കേവലം ശരീര രസതന്ത്രത്തിന്റെ ആകെത്തുകയല്ല എന്ന് അറിയുമ്പോൾ മാത്രമാണ് 'അവരെ സ്നേഹിക്കുകയാണ് വേണ്ടത്' എന്ന് സ്ത്രീകളെപ്പറ്റി ഓഷോ പറയുന്നതിന്റെ പൊരുൾ മനസ്സിലാവൂ. അങ്ങനെയൊരു ചോദ്യം വന്ന അവസരം സ്ത്രീകളെപ്പറ്റിയായിപ്പോയി എന്നേ കരുതേണ്ടതുള്ളൂ. മറ്റേതൊരു വ്യക്തിയെപ്പറ്റിയും, മറ്റേതൊരു ജീവിയെപ്പറ്റിയും ഇതുതന്നെയാവണം സത്യാവസ്ഥ. ആരെയും മനസ്സിലേക്കേണ്ടതില്ല; അവരെ സ്നേഹിക്കൂ. സ്നേഹമെന്നത് ഇളകി നൃത്തം വെച്ചുകൊണ്ടിരിക്കുന്ന രണ്ട് ഊർജ്ജത്തിരകൾ തമ്മിലുള്ള പ്രതിസ്പന്ദനമാണ് - response. പരസ്പരം എന്താണ് മനസ്സിലാക്കാനുള്ളത്? എല്ലാ മനസ്സിലാക്കലുകളും പറിച്ചെടുത്ത പൂവിതളുകൾ പോലെ നിർജ്ജീവം. രണ്ടു വ്യക്തികൾ തമ്മിലുള്ളതോ, വിടർന്നു നില്ക്കുന്ന രണ്ടു പുഷ്പങ്ങൾ പ്രസരിപ്പിക്കുന്ന സൗരഭ്യം! ആ സൗരഭ്യങ്ങൾ തമ്മിൽ ഏതെല്ലാം തരത്തിൽ വിനിമയങ്ങൾ സാധ്യമാണോ, അതെല്ലാം സംഭവിക്കുക തന്നെ ചെയ്യും. അതേ സംഭവിക്കൂ. ആ അവസ്ഥയെ കുറിക്കാൻ പാരസ്പര്യം (synchronicity) എന്ന വാക്കായിരിക്കും ഉചിതം എന്ന് തോന്നുന്നു.
'ഓ, ഇതൊക്കെ പറയാൻ കൊള്ളാം. കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ ഈ വക വാചക കസർത്തുക്കളൊന്നും സാധ്യമല്ല' എന്നായിരിക്കും പൊതുവെ ഉണ്ടായി വരുന്ന അഭിപ്രായം. ഒരൊറ്റ കാര്യമേ ഓർക്കേണ്ടതുള്ളൂ- രണ്ടു വ്യക്തികൾക്കിടയിലുള്ള ബന്ധം എത്രത്തോളം ഉപരിപ്ലവമാണോ, 'മനസ്സിലാക്കൽ' അനിവാര്യമാകും. ഗുണം ചെയ്യുകയും ചെയ്യും. അവർ തമ്മിലുള്ള ബന്ധം എത്രത്തോളം ഊഷ്മളവും ആഴത്തിലുള്ളതുമാണോ, അവിടെ മനസ്സിലാക്കലിന് യാതൊരു പ്രസക്തിയുമില്ലാതെ വരികയും, ഒരുവേള അത്തരം 'unwanted data' ഒരു ഭാരമാവുകയും ചെയ്തേക്കാം.
വ്യക്തിബന്ധങ്ങളിൽ പരസ്പരമുള്ള മനസ്സിലാക്കൽ അനിവാര്യമല്ലേ എന്ന ചോദ്യത്തിന് മുൻപിൽ, 'ഒന്നുകിൽ ബന്ധം, അല്ലെങ്കിൽ മനസ്സിലാക്കൽ' എന്ന സത്യത്തെ ഓർക്കാൻ ധൈര്യം ലഭിക്കുന്നതോടെ വ്യക്തിബന്ധങ്ങളുടെ അസ്തിത്വമാനങ്ങൾ മാറുകയായി. അപ്പോഴവയെ ആത്മബന്ധങ്ങൾ എന്ന് വിളിക്കാം എന്ന് തോന്നുന്നു.



❤️
ReplyDelete💖💖
Delete❤️❤️
ReplyDelete💖💖
Deletelive with our understanding. The understanding, that it is only our understanding not others.... at leat this much understanding brings a little understanding about understanding🤣🤣
ReplyDelete