Osho wings Osho waves

Featured Post

Friday, July 17, 2026

ഉണർവിലേക്കുള്ള പടവുകൾ - 71

 



                                                   കർമ്മാവലോകനം 

മനുഷ്യൻ അവന്റെ വർത്തമാനത്തിൽ നിന്നും വഴുതിമാറിപ്പോയ ഏതോ നിമിഷത്തിലാകണം അവന്റെ ഭൂതകാലം അവനെ സ്വാധീനിക്കുന്നു എന്ന് അവന് തോന്നിത്തുടങ്ങിയത്. ആ പരിസരത്ത് എവിടെയോ വെച്ചാണ് കർമ്മ എന്ന കാഴ്ചപ്പാടിന്റെ ആവിർഭാവം. പിന്നീട് കർമ്മ എന്നത് ജീവിത സംബന്ധിയായ ഒരു വലിയ കാഴ്ച്ചപ്പാടായി വികസിച്ചു വന്നപ്പോൾ അതിന് ഒരു വല്ലാത്ത ദർശന ഗരിമയുണ്ടാവുകയും കർമ്മസിദ്ധാന്തം - law of karma - എന്ന പേരിൽത്തന്നെ ഒരു വലിയ സ്വാധീനശക്തിയായി മനുഷ്യന്റെ വിചാര - വികാര ലോകത്ത് ഇടം പിടിക്കുകയും ചെയ്തു. തന്റെ വർത്തമാനത്തിലെ (present) എല്ലാ ഐശ്വര്യത്തിന്റേയും ദുരിതത്തിന്റേയും കാരണങ്ങളെല്ലാം കഴിഞ്ഞുപോയ ഏതോ കാലങ്ങളിൽ സംഭവിച്ചു പോയ കർമ്മങ്ങളുടെ ബാക്കി പത്രങ്ങളാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ ഉപസംഹരിക്കപ്പെട്ടു. 


ന്യൂട്ടൺന്റെ ചലനസിദ്ധാന്തം പോലെത്തന്നെ 'equal and opposite reaction' പ്രഭാവമുള്ള മറ്റൊരു സിദ്ധാന്തമാണ് കർമ്മയും എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ന്യൂട്ടൺന്റെ സിദ്ധാന്തം പക്ഷേ ശാസ്ത്രീയമായി തെളിയിക്കാവുന്നതാണെങ്കിൽ, കർമ്മസിദ്ധാന്തം വെറും ഊഹാപോഹം മാത്രമായി അവശേഷിച്ചു. ഓഷോയുടെ അഭിപ്രായത്തിൽ ഒരു conspiracy theory. ഒരാളുടെ ചെയ്തികൾക്ക് അനുസൃതമായ ഫലങ്ങൾ നിത്യ ജീവിത സന്ദർഭങ്ങളിൽ ഉണ്ടാവുകയെന്നത് സിദ്ധാന്താനുസൃതമായ എന്തെങ്കിലുമല്ലെന്നും അത് കേവലം സാമാന്യബുദ്ധിക്ക് നിരക്കുന്ന സംഗതിയാണെന്നും സമ്മതിക്കാൻ വിമുഖരായവർ, അതിനെ പുണ്യം പാപം, ശരി തെറ്റ് എന്ന ദ്വന്ദ്വങ്ങളിലേക്ക് താഴ്ത്തിക്കെട്ടിയതോടെ കർമ്മസിദ്ധാന്തത്തിന് സാമാന്യജനങ്ങൾക്കിടയിൽ വലിയ സമ്മതിയുണ്ടായി.

ഇന്ന് കർമ്മ എന്ന സങ്കല്പം മിക്കവാറും ഒരു ഉല്പന്നം എന്ന നിലയിലേക്ക് മാറി ലോകവിപണിയിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു, പ്രസിദ്ധീകരണങ്ങളായും, പ്രഭാഷണങ്ങളായും, പരിഹാരക്രിയകളായും, പ്രത്യുപകാര സ്തുതികളായും മറ്റും മറ്റും.


കർമ്മയെ ഇഴ കീറി പരിശോധിച്ചിട്ടുണ്ട്, നമ്മുടെ പൗരാണികവും ആധുനികവുമായ കൃതികളത്രയും. സഞ്ചിത കർമ്മ, പ്രാരാബ്ധ കർമ്മ എന്നിങ്ങനെ. ഇതിഹാസങ്ങളിലെ ഒരുപാട് കഥാ മുഹൂർത്തങ്ങൾ കർമ്മയുടെ സ്വാധീനത്തെ ശരിവെക്കുന്ന തരത്തിലാണ്. അതേസമയം ആയിരക്കണക്കിന് വർഷത്തെ ഇരുട്ടാകട്ടെ, ഈ നിമിഷം തെളിക്കപ്പെടുന്ന ഒരു തരി വെട്ടത്തിൽ ഇല്ലാതാകുന്നതുപോലെയാണ് കർമ്മയും. അവബോധത്തിന്റെ വെളിച്ചത്തിൽ, മറ്റൊരു തരത്തിൽ പറഞ്ഞാൽ ‘ഉണർവ്വ്’ സംഭവിക്കുന്നതോടെ,  ഇല്ലാതാകുന്നതാണ് ഏതു കർമ്മയും. അതുവരേക്കും സംഭവിച്ചുപോയിട്ടുള്ളവയുടെ ഭൗതിക സാഹചര്യങ്ങൾ പഴയപടി ആയിത്തീരും എന്നല്ല, ഭൂതകാലത്തിനു വർത്തമാനത്തിനു മേൽ ചെലുത്താൻ കഴിയുന്ന മാനസികമായ (psychological) സ്വാധീനം തീരെ ഇല്ലാതാകും.


മനുഷ്യൻ കർമ്മ എന്നതിനെ, accumulated past, unfinished action എന്നെല്ലാം
മനസ്സിലാക്കിത്തുടങ്ങിയെങ്കിലും, അതിന്റെ ഉത്തരവാദിത്തം ഈ നിമിഷത്തിൽ ഏറ്റെടുക്കുന്നതിന് പകരം 'അത് തന്റെ കർമ്മമാണ്‌' എന്ന രീതിയിൽ കയ്യൊഴിയാൻ തുടങ്ങിയേടത്താണ് സംഗതികൾ വഴിതെറ്റിപ്പോയത്. എങ്ങനെയാണ് ഇത്തരം കർമ്മ നമ്മിൽ പ്രവർത്തിക്കാൻ തുടങ്ങുന്നത്? ഏറ്റവും അടിസ്ഥാനതലത്തിൽ നമ്മുടെ ശരീര - മനോ വ്യവസ്ഥയിൽ, നമ്മിലെ നാഡീവ്യവസ്ഥയിൽ, കർമ്മ കയറിക്കൂടുന്നത് എങ്ങനെയാണ്? അതിൽ നിന്നും, അത് എത്ര പഴക്കം ചെന്നതെങ്കിലും, കുമിഞ്ഞുകൂടിയ കർമ്മയിൽ നിന്നും നമുക്ക് വിടുതൽ നേടാനാവുമോ?


Abraham Maslow

നമ്മുടെ പുരാവൃത്തങ്ങളിൽ, ശരിതെറ്റുകൾ എഴുതിവെച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രഗുപ്തനുണ്ട്. അതുപോലെത്തന്നെ നമ്മെ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഏതോ ഒരു ശക്തിയെപ്പറ്റി ലോകമെമ്പാടുമുള്ള മനുഷ്യർ ഭാവനചെയ്തിട്ടുണ്ട്. ന്യൂറോളജിയോ മനഃശാസ്ത്രമോ വികസിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിലെ വിപ്ലവാത്മകമായ ഉൾക്കാഴ്ചയായിരുന്നു അവരുടെ ഭാവനകൾ എന്ന് കരുതുന്നതാവും ശരി. പിന്നീട് ബുദ്ധിസം അടക്കമുള്ള ദർശനങ്ങളിലും (നമ്മുടെ ചെയ്തികളെല്ലാം റെക്കോർഡ് ചെയ്യപ്പെടുന്ന അവബോധതലത്തെ ബുദ്ധിസം 'ആലയവിജ്ഞാനം' എന്ന് വിളിക്കുന്നു) ആധുനിക കാലത്തെ മനശ്ശാസ്ത്രപഠനങ്ങളിലും, ന്യൂറോളജിക്കൽ സമീപനങ്ങളിലും മറ്റും, നമ്മുടെ നാഡീവ്യവസ്ഥയിൽ കുടികൊള്ളുന്ന ഒരു തരം സാക്ഷീഭാവം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 


നമ്മുടെ മനോവ്യാപാരങ്ങൾ അപ്പാടെ സൂക്ഷ്മമായി രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു അവബോധതലമുണ്ട്, നമ്മുടെ ന്യൂറോളജിയിൽ. Karen Horney എന്ന മനഃശാസ്ത്രജ്ഞ ഉപയോഗിക്കുന്ന 'it registers' എന്ന പ്രയോഗത്തെ ഓഷോ ശരിവെക്കുന്നു. അതുപോലെത്തന്നെ Abraham Maslow യുടേതും. മനോവ്യാപാരങ്ങളെന്നല്ല, നിസാരമായ ഒരു വിരലനക്കം പോലും, അതീവ ഗുപ്തമായ ഭാഷയിൽ നമ്മുടെ അവബോധത്തിന്റെ ഏതോ ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അതിൽ ഓരോ ചലനത്തിന്റേയും escalated actions - ഒരു ചലനത്തെ തുടർന്നുവരേണ്ടുന്ന ചലനവും പ്രവചിക്കപ്പെടുന്നു. അവ തമ്മിൽ സ്വരച്ചേർച്ചയുണ്ടാവുമ്പോഴൊക്കെയും നമ്മിൽ 'കർമ്മ' സൃഷ്ടിക്കപ്പെടുകയായി. ഉദാഹരണത്തിലൂടെ വളരെ ലളിതമായി നമുക്കിത് മനസ്സിലാക്കാം.

മൂടി തുറന്ന് ടൂത്ത്പേസ്റ്റ് എടുത്തതിനു ശേഷം, മൂടി നാം തിരികെ അടച്ചുവെക്കുന്നു. എന്നാൽ തിരികെ അടക്കുമ്പോൾ അത് മുഴുവനായും അടച്ചില്ലെന്ന് വെക്കുക - പലപ്പോഴും പലരുടേയും സ്വഭാവമാണ്, തിരികെ അടക്കുമ്പോൾ അത് പാതിവഴിയിൽ വിട്ടുകളയുക എന്നത്. നാം ആ മൂടി തുറക്കുമ്പോൾ, നമ്മുടെ ന്യൂറോളജി രജിസ്റ്റർ ചെയ്യുന്ന നിരവധി പാരാമീറ്ററുകളുണ്ട് - അതിൽ പ്രയോഗിച്ച

Karen Horney


മർദ്ദം, അഴിച്ചെടുക്കാനെടുത്ത സമയം എന്നിങ്ങനെ. മാത്രവുമല്ല നമ്മുടെ നാഡീവ്യവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്, അതിനെ തിരികെ അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടതുണ്ടെന്നും, അങ്ങനെയെങ്കിൽ ഇതേ അളവിൽ മർദ്ദവും സമയവും നല്കേണ്ടതുണ്ടെന്നും. അതിനുശേഷം നാം ആ മൂടിയെ വേണ്ട രീതിയിൽ തിരികെ അടക്കാതെ വരുമ്പോൾ, ന്യൂറോളജിക്കലി പാതി വഴിയിൽ ഉപക്ഷേപിക്കപ്പെട്ട ഒരു വ്യാപാരമാണ് - an unfinished function. ഇത് ഒരു 'കർമ്മ'യായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. 


ഇവിടെ കർമ്മ രൂപാന്തരപ്പെട്ടത് ഒരു പ്രവൃത്തിയിലെ അവബോധത്തിന്റെ കുറവാണ്. ഇതേപ്പറ്റി ബോധവാനാവുകയാണെങ്കിൽ, അയാൾക്ക് വീണ്ടും ബോധപൂർവ്വം ആ പ്രവൃത്തിയെ മുഴുമിക്കാവുന്നതും ന്യൂറോളജിക്കലി രൂപപ്പെട്ട ആ കർമ്മയെ ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്. ഒരുപക്ഷേ ആ മൂടിയെ നാം മനഃപൂർവ്വം പാതി മാത്രം അടച്ചതാണെങ്കിലോ? അപ്പോഴും ബോധപൂർവ്വം ന്യൂറോളജിയിൽ മാറ്റം വരുത്തേണ്ടതാണ്.



നേരെ ചൊവ്വേ മൂടി അടക്കാഞ്ഞതിന്റെ പേരിൽ അത് ബാഗിലിട്ടതിനു ശേഷം യാത്രക്കിടയിൽ ഒരുപാടു ബുദ്ധിമുട്ടുകളുണ്ടാവുകയാണെങ്കിൽ - അതായത് പേസ്റ്റ് മുഴുവനും പുറത്തേക്കു വരികയും അത് കൂട്ടത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ തുടങ്ങിയ സാമഗ്രികളെ നശിപ്പിക്കാൻ ഇടവരുത്തുകയും അതേത്തുടർന്ന് പിറ്റേന്ന് രാവിലെ പുതിയ ഒരു വസ്ത്രം തേടിപ്പിടിക്കാൻ പോകേണ്ടിവരികയും അതേത്തുടർന്ന് ഇന്റർവ്യൂവിന് ഹാജരാകാൻ സമയത്തിനെത്താൻ പറ്റാതെ വരികയും മറ്റും മറ്റും അതിന്റെ സഞ്ചിത കർമ്മങ്ങളാണ്. ഈ സാഹചര്യത്തിലും അതിനെ തന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കാതെ ജോലി കിട്ടാഞ്ഞത് തന്റെ കർമ്മം എന്ന രീതിയിൽ വ്യാഖ്യാനിക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടു പോരുന്നത്. അതേ തുടർന്ന് നേർച്ചയായി, പ്രാർത്ഥനയായി, പ്രായശ്ചിത്തമായി അങ്ങനെയങ്ങനെ…


ഈ ഉദാഹരണം നിത്യജീവിതത്തിലെ ഏറ്റവും ലളിതമായ ഒന്നാണ്. കർമ്മയുടെ കേളീരംഗം ഈ പറയുന്നത്ര എളുപ്പമല്ല. അതീവ സങ്കീർണ്ണമായ വിധം അത് ജീവിതത്തിന്റെ മനോമണ്ഡലത്തിൽ കുഴുഞ്ഞുമറിഞ്ഞു കിടക്കുകയാണ് - നാം അതിനെ കണക്കിലെടുക്കുന്നെങ്കിൽ മാത്രം. എന്നാൽ അതിനു വഴിവെക്കുന്ന ന്യൂറോ സാദ്ധ്യതകൾ ഇവ്വിധം തന്നെയാണ്; അതെത്ര സങ്കീർണ്ണമായ തലത്തിലാണെങ്കിലും. കർമ്മയെ ന്യൂറോളജിക്കലി സ്വാധീനിക്കാൻ പറ്റാത്തെടത്തോളം, എല്ലാ ആത്മീയ സാധനകളും കർമ്മത്തിൽ excuses കണ്ടെത്തിക്കൊണ്ടിരിക്കും, തീർച്ച.


                                    



2 comments:

  1. Thought provoking.
    Loved the toothpaste cap example 👏🏼
    By the way there are many things in one's life, beyond normal explanation. For example, why and how a couple gets a handicapped child ? Is it because of the acts of husband or of wife or of both?
    Why in an earthquake so many , including innocent children die ?

    ReplyDelete
  2. Karma is not actually coming from past.
    It is the the understanding of timelessness.
    Whatever u r doing it is there in a sence as eternity and as the same way it is not there at all. Difficult to catch the mind like the line drawing on water it is there but it is not there

    Understanding of karma comes from the understanding of timelessness.

    Yes the writing is true in usual sense. We r escapist from the reality, hence everything interpreted as our favour..

    Karma is the culmination of timeless nees.
    Whatever is is.... Always isss..

    The article is so beautiful and crashing the spreading nonsense karmic bandage and bullshitts...🤣👍💐


    ReplyDelete